കുപ്രസിദ്ധ “വേശ്യ” അവളുടെ നാശം
“ജനങ്ങളേ, യാഹിനെ സ്തുതിപ്പിൻ! രക്ഷയും മഹത്വവും ബലവും നമ്മുടെ ദൈവത്തിനുള്ളതാകുന്നു, എന്തുകൊണ്ടെന്നാൽ അവന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവയാകുന്നു. എന്തുകൊണ്ടെന്നാൽ തന്റെ ദുർവൃത്തികൊണ്ടു ഭൂമിയെ ദുഷിപ്പിച്ച മഹാവേശ്യയുടെമേൽ അവൻ ന്യായവിധി നടത്തിയിരിക്കുന്നു, തന്റെ അടിമകളുടെ രക്തത്തിന് അവളുടെ കൈയിൽനിന്ന് പകരംചോദിച്ചിരിക്കുന്നു.”—വെളിപ്പാട് 19:1, 2.
1.മഹാവേശ്യ “ഭൂമിയിലെ രാജാക്കൻമാരു”മായി ദുർവൃത്തിയിലേർപ്പെട്ടിരിക്കുന്നതെങ്ങനെ, ഇത് എന്തിൽ കലാശിച്ചിരിക്കുന്നു?
നമ്മൾ ചർച്ചചെയ്തുകൊണ്ടിരുന്നതെല്ലാം ഗുരുതരംതന്നെയാണ്. എന്നിരുന്നാലും, വെളിപ്പാട് 17:2 “ഭൂമിയിലെ രാജാക്കൻമാരു”മായുള്ള മഹാവേശ്യയുടെ ദുർവൃത്തിയെക്കുറിച്ചും പറയുന്നുവെന്ന് നാം കുറിക്കൊള്ളേണ്ടതാണ്. അവൾക്ക് ഒരു വീഴ്ച അനുഭവപ്പെട്ടിരിക്കുന്നുവെങ്കിലും അവൾ ഇപ്പോഴും വളരെയധികമായി ലോകത്തിന്റെ ഒരു സുഹൃത്താണ്. അവൾ തന്റെ ഹീന ലക്ഷ്യങ്ങൾ നേടുന്നതിന് ലൗകിക ഭരണാധികാരികളെ വശത്താക്കാൻ ശ്രമിക്കുന്നു. (യാക്കോബ് 4:4) മഹാബാബിലോനും രാഷ്ട്രീയഭരണാധികാരികളും തമ്മിലുള്ള അവിഹിതവേഴ്ചകൾ ഉൾപ്പെടുന്ന ഈ ആത്മീയ വേശ്യാവൃത്തി ശതലക്ഷക്കണക്കിന് നിർദ്ദോഷികളുടെ അകാലമരണത്തിൽ കലാശിച്ചിരിക്കുന്നു! മഹാവേശ്യ ഒന്നാം ലോകമഹായുദ്ധത്തിലെ പോരാട്ടത്തിൽ ഇരുപക്ഷങ്ങളിലും ഉൾപ്പെട്ടിരുന്നത് മഹാമോശമായിരുന്നു, എന്നാൽ രണ്ടാം ലോകമഹായുദ്ധത്തോടുള്ള ബന്ധത്തിൽ അവളുടെ പാപങ്ങൾ തീർച്ചയായും “ആകാശത്തോളംതന്നെ കുന്നിച്ചിരിക്കുന്നു”! (വെളിപ്പാട് 18:5) നമ്മൾ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്?
2.(എ) ഫ്രാൻസ് വോൺ പേപ്പൻ ജർമ്മനിയിലെ ഭരണാധികാരിയാകാൻ അഡോൾഫ് ഹിററ്ലറെ സഹായിച്ചതെങ്ങനെ, ഒരു മുൻ ജർമ്മൻചാൻസലർ ആ പേപ്പൽ പ്രഭുവിനെ വർണ്ണിച്ചതെങ്ങനെ? (ബി) നാസിസംസ്ഥാനവും വത്തിക്കാനുംതമ്മിലുള്ള കോൺകൊഡാററിൽ ഏതു രണ്ടു വകുപ്പുകൾ രഹസ്യമായി സൂക്ഷിച്ചിരുന്നു? (അടിക്കുറിപ്പു കാണുക)
2 ശരി, ഒരൊററ ദൃഷ്ടാന്തമെടുത്താൽ, സ്വേച്ഛാധികാരിയായിരുന്ന അഡോൾഫ് ഹിററ്ലർ ജർമ്മനിയിലെ ചാൻസലർ-ഏകാധിപതി ആയതെങ്ങനെയാണ്? അത് പാപ്പായുടെ ഒരു പ്രഭുവിന്റെ രാഷ്ട്രീയ ഉപജാപം നിമിത്തമായിരുന്നു, അയാളെ മുൻ ജർമ്മൻ ചാൻസലർ കർട്ട് വോൺ ഷ്ളീചെർ വർണ്ണിച്ചത് “ഈസ്ക്കരിയോത്താ യൂദാ വിശുദ്ധനായിരിക്കുന്ന തരത്തിലുള്ള ദ്രോഹി” എന്നാണ്. അയാളുടെ പേർ ഫ്രാൻസ് വോൺ പേപ്പൻ എന്നായിരുന്നു, അയാൾ കമ്മ്യൂണിസത്തെ എതിർക്കുന്നതിനും ഹിററ്ലറിന്റെ കീഴിൽ ജർമ്മനിയെ ഏകീകരിക്കുന്നതിനും വേണ്ടി കാത്തലിക്ക് ആക്ഷനേയും വ്യാവസായികനേതാക്കളെയും സംഘടിപ്പിച്ചു. ഒരു ഒററിക്കൊടുക്കലിന്റെ ഭാഗമെന്ന നിലയിൽ വോൺ പേപ്പൻ വൈസ്ചാൻസലറാക്കപ്പെട്ടു. നാസിസംസ്ഥാനവും വത്തിക്കാനും തമ്മിൽ ഒരു ഉടമ്പടി ഉണ്ടാക്കാൻ ഹിററ്ലർ പേപ്പന്റെ നേതൃത്വത്തിൽ റോമിലേക്ക് ഒരു സംഘത്തെ അയച്ചു. “ഇപ്പോൾ ജർമ്മൻഭരണകൂടത്തിന് അതിന്റെ തലപ്പത്ത് കമ്മ്യൂണിസത്തെ വിട്ടുവീഴ്ചയില്ലാതെ എതിർക്കുന്ന ഒരു മനുഷ്യനുള്ളതിൽ താൻ എത്ര സന്തുഷ്ടനാണെ”ന്ന് പയസ് 11-ാമൻ പാപ്പാ ജർമ്മൻ സന്ദേശവാഹകരോട് പറയുകയും 1933 ജൂലൈ 20-ാം തീയതി വത്തിക്കാനിലെ ഒരു വിപുലമായ ചടങ്ങിൽ (പെട്ടെന്നുതന്നെ പന്ത്രണ്ടാം പീയൂസ് പാപ്പാ ആയിത്തീരാനിരുന്ന) കാർഡിനൽ പസേലി കോൺകൊഡാററ് ഉടമ്പടിയിൽ ഒപ്പു വെക്കുകയും ചെയ്തു.a
3.(എ) നാസിസംസ്ഥാനവും വത്തിക്കാനും തമ്മിലുള്ള കോൺകൊഡാററിനെക്കുറിച്ച് ഒരു ചരിത്രകാരൻ എന്തെഴുതി? (ബി) വത്തിക്കാനിലെ ആഘോഷവേളയിൽ ഫ്രാൻസ് വോൺ പേപ്പന് ഏതു ബഹുമതി കൊടുക്കപ്പെട്ടു? (സി) നാസികൾ ആസ്ത്രിയയെ കൈവശപ്പെടുത്തിയതിൽ ഫ്രാൻസ് വോൺ പേപ്പൻ എന്തു റോൾ അഭിനയിച്ചു?
3 ഒരു ചരിത്രകാരൻ എഴുതുന്നു: “[വത്തിക്കാനുമായുള്ള] കോൺകൊഡാററ് ഉടമ്പടി ഹിററ്ലറിന് ഒരു വൻ വിജയമായിരുന്നു. അത് അയാൾക്ക് പുറംലോകത്തുനിന്ന് ആദ്യത്തെ ധാർമ്മികപിന്തുണ നേടിക്കൊടുത്തു, അതും ഏററവും ഉയർന്ന കേന്ദ്രത്തിൽനിന്ന്.” വത്തിക്കാനിലെ ചടങ്ങുകളിൽ പസേലി പേപ്പന് ഗ്രാൻഡ് ക്രോസ് ഓഫ് ദ ഓർഡർ ഓഫ് പയസ് എന്ന ഉയർന്ന പേപ്പൽ ബഹുമതി കൊടുക്കുകയുണ്ടായി.b ആസ്ത്രിയായുടെ നാസി കീഴടക്കലിന് സഭാപിന്തുണ നേടാൻ “ഒരു നല്ല കത്തോലിക്കനായുള്ള തന്റെ കീർത്തിയെ” പേപ്പൻ എങ്ങനെ കൂടുതലായി ഉപയോഗിച്ചുവെന്ന് 1948-ൽ പ്രസിദ്ധപ്പെടുത്തിയ ദ ഗാദറിംഗ് സ്റേറ എന്ന തന്റെ പുസ്തകത്തിൽ വിൻസ്ററൻ ചർച്ചിൽ പറയുന്നുണ്ട്. ഹിററ്ലറുടെ ജൻമദിനത്തെ ആദരിച്ചുകൊണ്ട് സ്വസ്ഥികാപതാക പറപ്പിക്കണമെന്നും പള്ളിമണികളടിക്കണമെന്നും നാസി സ്വേച്ഛാധികാരിക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും കാർഡിനൽ ഇന്നിററ്സർ 1938-ൽ ആജ്ഞാപിക്കുകയുണ്ടായി.
4, 5.(എ) വത്തിക്കാന്റെ മേൽ ഭയങ്കര രക്തപാതകം സ്ഥിതിചെയ്യുന്നതെന്തുകൊണ്ട്? (ബി) ജർമ്മൻ കത്തോലിക്കാ ബിഷപ്പൻമാർ ഹിററ്ലർക്ക് തുറന്ന പിന്തുണ കൊടുത്തതെങ്ങനെ?
4 അതുകൊണ്ട് വത്തിക്കാന്റെ മേൽ ഭയങ്കര രക്തപാതകം സ്ഥിതിചെയ്യുന്നുണ്ട്! മഹാബാബിലോന്റെ ഒരു പ്രമുഖഭാഗമെന്ന നിലയിൽ അത് ഹിററ്ലറെ അധികാരത്തിലേററുന്നതിനും അയാൾക്കു ധാർമ്മികപിന്തുണ നേടിക്കൊടുക്കുന്നതിനും ഗണ്യമായി സഹായിച്ചു. അയാളുടെ ക്രൂരകൃത്യങ്ങൾക്ക് മൗനാനുവാദം കൊടുക്കുന്നതിൽ വത്തിക്കാൻ പിന്നെയും മുന്നോട്ടുപോയി. നാസി ഭീകരതയുടെ നീണ്ട ദശാബ്ദത്തിൽ, നാസി ഭരണകൂടത്തിന്റെ മഹത്വത്തിനു വേണ്ടി ശതസഹസ്രക്കണക്കിനു കത്തോലിക്കാപടയാളികൾ പോരാടി മരിച്ചപ്പോഴും ഹിററ്ലറിന്റെ ഗ്യാസ്ചേമ്പറുകളിൽ ദശലക്ഷക്കണക്കിന് മററു ഹതഭാഗ്യർ കൊല ചെയ്യപ്പെട്ടപ്പോഴും റോമൻ പോണ്ടിഫ് മൗനം ദീക്ഷിക്കുകയായിരുന്നു.
5 ജർമ്മനിയിലെ കത്തോലിക്കാ ബിഷപ്പൻമാർ ഹിററ്ലറിന് തുറന്ന പിന്തുണ പോലും കൊടുത്തു. ജർമ്മനിയുടെ അന്നത്തെ യുദ്ധകാല പങ്കാളിയായിരുന്ന ജപ്പാൻ പേൾഹാർബറിൽ ഹീനമായ ആക്രമണം നടത്തിയ ദിവസംതന്നെ ദി നൂയോർക്ക് റൈറസിൽ ഈ വാർത്ത വന്നു: “ഫുൽഡായിൽ സമ്മേളിച്ച ജർമ്മൻ കാത്തലിക്ക് ബിഷപ്പൻമാരുടെ കോൺഫറൻസ് എല്ലാ ദിവ്യ ശുശ്രൂഷകളുടെയും ആരംഭത്തിലും അവസാനത്തിലും വായിക്കേണ്ട ഒരു പ്രത്യേക ‘യുദ്ധപ്രാർത്ഥന’ അവതരിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു. ജർമ്മൻ ആയുധങ്ങൾക്കു വിജയവും, സകല പടയാളികളുടെയും ജീവനും ആരോഗ്യത്തിനും മഹത്തായ സംരക്ഷണവും കൊടുത്തനുഗ്രഹിക്കാൻ പ്രാർത്ഥന ദൈവസഹായം അഭ്യർത്ഥിച്ചു. കുറഞ്ഞപക്ഷം മാസത്തിലൊരിക്കൽ ‘കരയിലും കടലിലും ആകാശത്തുമുള്ള’ ജർമ്മൻപടയാളികളെ സൂക്ഷിക്കാനും ഓർമ്മിക്കാനും ഒരു പ്രത്യേക ഞായറാഴ്ച പ്രസംഗത്തിൽ ബിഷപ്പൻമാർ പിന്നെയും വൈദികരെ ഉദ്ബോധിപ്പിച്ചു.”
6.വത്തിക്കാനും നാസികളും തമ്മിൽ ആത്മീയ ദുർവൃത്തിയില്ലായിരുന്നെങ്കിൽ ഏതു കഠിനയാതനയിൽനിന്നും ക്രൂരതകളിൽനിന്നും ലോകം ഒഴിവാക്കപ്പെടുമായിരുന്നു?
6 വത്തിക്കാനും നാസികളും തമ്മിൽ പ്രേമബന്ധം ഇല്ലായിരുന്നെങ്കിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട ബഹുലക്ഷം പടയാളികളുടെയും സിവിലിയൻമാരുടെയും “ആര്യേതര”രായിരുന്നതുകൊണ്ട് കൊലചെയ്യപ്പെട്ട 60 ലക്ഷം യഹൂദൻമാരുടെയും, യഹോവയുടെ ദൃഷ്ടിയിൽ അത്യന്തം വിലപ്പെട്ട, അഭിഷിക്തരിലും “വേറെ ആടുകളിലും”പെട്ടവരായി വലിയ ക്രൂരതകൾ സഹിച്ച തന്റെ ആയിരക്കണക്കിനു സാക്ഷികളുടെയും കഠിനവേദന ലോകത്തിൽ ഒഴിവാക്കപ്പെട്ടേനെ; എന്നാൽ അനേകം സാക്ഷികൾ നാസി തടങ്കൽപാളയങ്ങളിൽ മരണമടഞ്ഞു.—യോഹന്നാൻ 10:10, 16.
വേശ്യയുടെ അടുത്തുനിന്നുള്ള വീക്ഷണം
7.അപ്പോസ്തലനായ യോഹന്നാൻ മഹാവേശ്യയുടെ ഒരു അടുത്ത വീക്ഷണത്തെ വർണ്ണിക്കുന്നതെങ്ങനെ?
7 വെളിപ്പാടിലെ പ്രവചനത്തിൽ അടുത്തതായി ഇതൾവിരിയുന്ന ദർശനം എത്ര ഉചിതമാണ്! 17-ാം അദ്ധ്യായം 3 മുതൽ 5 വരെയുള്ള വാക്യങ്ങളിലേക്കു തിരിയുമ്പോൾ യോഹന്നാൻ ആ ദൂതനെക്കുറിച്ച് ഇങ്ങനെ പറയുന്നതായി നാം കണ്ടെത്തുന്നു: “അവൻ എന്നെ ആത്മാവിന്റെ ശക്തിയിൽ ഒരു മരുഭൂമിയിലേക്കു കൊണ്ടുപോയി. ഏഴു തലയും പത്തു കൊമ്പുമുണ്ടായിരുന്ന, ദൂഷണനാമങ്ങൾ നിറഞ്ഞ, കടുംചുവപ്പു നിറമുള്ള, ഒരു കാട്ടുമൃഗത്തിൻമേലിരിക്കുന്ന ഒരു സ്ത്രീയെ ഞാൻ കണ്ടു. സ്ത്രീ ധൂമ്രവർണ്ണവും കടുംചുവപ്പും ധരിച്ചിരുന്നു, പൊന്നും വിലയേറിയ കല്ലും രത്നങ്ങളും അണിഞ്ഞിരുന്നു, അവളുടെ കൈയിൽ മ്ലേച്ഛതകളും അവളുടെ ദുർവൃത്തിയുടെ അശുദ്ധകാര്യങ്ങളും നിറഞ്ഞ ഒരു സ്വർണ്ണ പാനപാത്രവുമുണ്ടായിരുന്നു. അവളുടെ നെററിയിൽ ഒരു നാമം, ഒരു മർമ്മം, എഴുതപ്പെട്ടിരുന്നു: ‘വേശ്യകളുടെയും ഭൂമിയിലെ മ്ലേച്ഛകാര്യങ്ങളുടെയും മാതാവായ മഹാബാബിലോൻ.’”
8.(എ) മഹാവേശ്യ തന്നെ തിരിച്ചറിയിച്ചുകൊണ്ട് തന്റെ പൊൻപാനപാത്രത്തിൽ എന്തു വഹിക്കുന്നു? (ബി) മഹാബാബിലോൻ ആലങ്കാരികമായി “ധൂമ്രവർണ്ണവും കടുംചുവപ്പും” ധരിച്ച് “പൊന്നും വിലയേറിയ കല്ലും രത്നങ്ങളും” അണിഞ്ഞിരിക്കുന്നതെങ്ങനെ?
8 ഇവിടെ യോഹന്നാൻ മഹാബാബിലോനെ അടുത്തുനിന്നു കാണുന്നു. അവൾ യഥാർത്ഥത്തിൽ ആ മരുഭൂമിയിൽ, അവിടെ വസിക്കുന്ന കാട്ടുമൃഗങ്ങളുടെ ഇടയിൽത്തന്നെ, ഉള്ളവളാണ്. ഈ മഹാവേശ്യ തന്റെ പാനപാത്രത്തിൽ എന്തു വഹിക്കുന്നുവെന്നതിനാൽ വ്യക്തമായി തിരിച്ചറിയപ്പെടുന്നു, അത് വഞ്ചനാത്മകമായി പുറമേ വിലപ്പെട്ടതായി കാണപ്പെടുന്നുവെങ്കിലും. ദൈവത്തിന്റെ നിലപാടിൽ വെറുക്കത്തക്ക ഒരു ദ്രാവകമാണ് അവൾ കുടിക്കുന്നത്. ലോകവുമായുള്ള അവളുടെ സഖിത്വം, അവളുടെ വ്യാജോപദേശങ്ങൾ, അവളുടെ ധാർമ്മിക അനുവദനീയത, രാഷ്ട്രീയശക്തികളുമായുള്ള അവളുടെ കാമലീലകൾ—ഇവയൊന്നും “സർവഭൂമിയുടെയും ന്യായാധിപതി”യായ യഹോവ പൊറുക്കുന്നതല്ല. (ഉൽപ്പത്തി 18:22-26; വെളിപ്പാട് 18:21, 24) ഹാ എത്ര സുന്ദരമായി അവൾ തന്നേത്തന്നെ അണിയിച്ചൊരുക്കുന്നു! അവൾ ബാഹ്യമോടിയുള്ള ശിൽപ്പവിദ്യയോടും ചിത്രവേലയുള്ള കണ്ണാടിജനാലകളോടുംകൂടിയ ഗംഭീര കത്തീഡ്രലുകൾക്കും ആഭരണാലംകൃത പഗോഡകൾക്കും വാട്ടുകൾക്കും കാലപ്പഴക്കത്താൽ ബഹുമാനിതമായ ക്ഷേത്രങ്ങൾക്കും ദേവാലയങ്ങൾക്കും കീർത്തിപ്പെട്ടവളാണ്. മഹാവേശ്യ വെച്ച ശൈലീകൃത ഫാഷനുകൾക്കനുസൃതമായി അവളുടെ പുരോഹിതൻമാരും സന്യാസിമാരും കടുംചുവപ്പും ധൂമ്രവർണ്ണവും കടുംമഞ്ഞയുമായ വിലയേറിയ അങ്കികൾ അണിഞ്ഞിരിക്കുന്നു.—വെളിപ്പാട്17:1.
9.മഹാബാബിലോന് രക്തപാതകത്തിന്റെ ഏതു നീണ്ട ചരിത്രമുണ്ട്, യോഹന്നാൻ അവളെക്കുറിച്ചുള്ള തന്റെ വർണ്ണന ഉചിതമായി അവസാനിപ്പിക്കുന്നതെങ്ങനെ?
9 എന്നാൽ അവളുടെ രക്തദാഹമാണ് ഏററം നിന്ദ്യം. യഹോവക്ക് അതുസംബന്ധിച്ച് അവളുമായി ഒരു ദീർഘകാല കണക്കു തീർക്കാനുണ്ട്. അവൾ രക്തദാഹികളായ ആധുനികകാലത്തെ സ്വേച്ഛാധിപതികളെ പിന്താങ്ങിയിട്ടുണ്ടെന്നുമാത്രമല്ല, അവളുടെ രക്തച്ചൊരിച്ചിലിന്റെ വെറുക്കത്തക്ക ചരിത്രം നൂററാണ്ടുകളിൽ പിമ്പോട്ടു നീണ്ടുപോകുകയുംചെയ്യുന്നു, മതയുദ്ധങ്ങളിലൂടെയും മതവിചാരണകളിലൂടെയും, കുരിശുയുദ്ധങ്ങളിലൂടെയും അപ്പോസ്തലൻമാരിൽ ചിലരുടെ രക്തസാക്ഷിമരണവും കർത്താവാം യേശുക്രിസ്തുവായ, ദൈവത്തിന്റെ സ്വന്തം പുത്രന്റെ വധവും വരെ മാത്രമല്ല, അതിലുമപ്പുറം പിമ്പോട്ടുപോകുന്നു. (പ്രവൃത്തികൾ 3:15; എബ്രായർ 11:36, 37) കുറേക്കൂടെ അടുത്ത വർഷങ്ങളിൽ ഫയറിംഗ് സ്ക്വാഡിനാലും തൂക്കിക്കൊലയാലും മഴുവിനാലും ശിരച്ഛേദനയന്ത്രത്താലും വാളിനാലും കാരാഗൃഹങ്ങളിലെയും തടങ്കൽപാളയങ്ങളിലെയും മനുഷ്യത്വരഹിതമായ പെരുമാററത്താലും യഹോവയുടെ സാക്ഷികളിൽ നടത്തിയ കൊലകളും ഇതിനോടെല്ലാം കൂട്ടുക. “വിശുദ്ധൻമാരുടെ രക്തവും യേശുവിന്റെ സാക്ഷികളുടെ രക്തവും കുടിച്ച് സ്ത്രീ മത്തയായിരിക്കുന്നത് ഞാൻ കണ്ടു!” എന്നു പറഞ്ഞുകൊണ്ട് യോഹന്നാൻ തന്റെ വർണ്ണന അവസാനിപ്പിക്കുന്നത് അതിശയമല്ല.—വെളിപ്പാട് 17:6.
‘സ്ത്രീയുടെയും കാട്ടുമൃഗത്തിന്റെയും മർമ്മം’
10.(എ) മഹാവേശ്യ ഇന്നോളം യഹോവയുടെ സാക്ഷികളെ പീഡിപ്പിച്ചിരിക്കുന്നതെങ്ങനെ? (ബി) മഹാബാബിലോനിലെ വൈദികർ ഏതു തരം നേതാക്കളാണ്?
10 യോഹന്നാൻ താൻ കണ്ടതിൽ “വലിയ അതിശയത്തോടെ അതിശയിച്ചു.”! ഇന്നു നാമും അതിശയിക്കുന്നു! 1930-കളിലും 1940-കളിലും “മഹാവേശ്യ” യഹോവയുടെ വിശ്വസ്തസാക്ഷികളെ പീഡിപ്പിക്കാനും നിരോധിക്കാനും കാത്തലിക്ക് ആക്ഷനെയും രാഷ്ട്രീയ ഉപജാപത്തെയും ഉപയോഗിച്ചു. ഇന്നോളം, മഹാബാബിലോൻ വേണ്ടത്ര സ്വാധീനം ചെലുത്താൻ കഴിയുന്നിടത്തെല്ലാം ദൈവരാജ്യത്തിന്റെ മഹത്തായ പ്രത്യാശ ഘോഷിക്കുന്ന യഹോവയുടെ സാക്ഷികളുടെ വേലയെ തടസ്സപ്പെടുത്തുന്നതിലും നിയന്ത്രിക്കുന്നതിലും തെററിദ്ധരിപ്പിക്കുന്നതിലും തുടരുകയാണ്. മഹാവേശ്യയുടെ മതസ്ഥാപനങ്ങളിൽ സഹസ്രലക്ഷങ്ങളെ അടിമകളായി വെച്ചിരിക്കുന്നതിനാൽ അവളുടെ വൈദികർ ‘കുരുടൻമാരായ, കുരുടൻമാരുടെ നേതാക്ക’ളായി സേവിക്കുകയാണ്, അവരെ നാശക്കുഴിയിലേക്കു നയിച്ചുകൊണ്ടുതന്നെ. ഈ കുപ്രസിദ്ധവേശ്യക്ക് ഒരിക്കലും അപ്പോസ്തലനായ പൗലോസിനോടു ചേർന്നുകൊണ്ട് “ഞാൻ സകല മനുഷ്യരുടെയും രക്തംസംബന്ധിച്ച് നിർമ്മലതയുള്ളവൾ എന്നതിനു നിങ്ങളെ സാക്ഷിയാക്കുന്നു” എന്ന് പറയാൻ സാദ്ധ്യമല്ല.—മത്തായി 15:7-9, 14; 23:13; പ്രവൃത്തികൾ 20:26.
11, 12.കുപ്രസിദ്ധ വേശ്യയെ ചുമക്കുന്ന “കടുംചുവപ്പുള്ള കാട്ടുമൃഗ”ത്തിന്റെ മർമ്മം എന്താണ്, യഹോവയുടെ സാക്ഷികൾക്ക് 1942-ൽ ഈ മർമ്മത്തെസംബന്ധിച്ച് എന്തു പ്രകാശനം ലഭിച്ചു?
11 യോഹന്നാന്റെ ആശ്ചര്യം കണ്ടുകൊണ്ട് ദൂതൻ അവനോടിങ്ങനെ പറഞ്ഞു: “നീ ആശ്ചര്യപ്പെട്ടതെന്തിന്? സ്ത്രീയുടെയും ഏഴു തലയും പത്തു കൊമ്പുമുള്ളതായി അവളെ ചുമക്കുന്ന കാട്ടുമൃഗത്തിന്റെയും മർമ്മം ഞാൻ നിന്നോടു പറയാം.” (വെളിപ്പാട് 17:7) ഈ “കാട്ടുമൃഗം” എന്താണ്? അന്നേക്ക് 600-ൽപരം വർഷംമുമ്പ് ദാനിയേൽപ്രവാചകൻ ദാർശനിക മൃഗങ്ങളെ കണ്ടിരുന്നു, അവ ഇവിടെ ഭൂമിയിലുള്ള “രാജാക്കൻമാരെ” അഥവാ രാഷ്ട്രീയഭരണാധിപത്യങ്ങളെ പ്രതിനിധാനംചെയ്യുന്നുവെന്ന് അവന് വിശദീകരിച്ചുകൊടുക്കപ്പെട്ടിരുന്നു. (ദാനിയേൽ 7:2-8, 17; 8:2-8, 19-22) യോഹന്നാൻ ഇവിടെ അങ്ങനെയുള്ള ഒരു സംയുക്ത ഭരണാധിപത്യത്തെ—“കടുംചുവപ്പുള്ള ഒരു കാട്ടുമൃഗത്തെ”യാണ് ദർശനത്തിൽ കാണുന്നത്. അത് 1920-ൽ ലോകരംഗത്തു പ്രത്യക്ഷപ്പെട്ടതും, 1939-ൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ നിഷ്ക്രിയത്വത്തിന്റെ ഒരു അഗാധത്തിലേക്കു മുങ്ങിയതുമായ മനുഷ്യനിർമ്മിത സർവരാജ്യസഖ്യമാണ്. എന്നാൽ “സ്ത്രീയുടെയും കാട്ടുമൃഗത്തിന്റെയും മർമ്മം” എന്താണ്?
12 ദൈവസഹായത്താൽ യഹോവയുടെ സാക്ഷികൾക്ക് 1942-ൽ ആ മർമ്മംസംബന്ധിച്ച് പ്രകാശനം ലഭിച്ചു. അന്ന് രണ്ടാം ലോകമഹായുദ്ധം ഉഗ്രമായി നടന്നുകൊണ്ടിരിക്കുകയായിരുന്നു, അത് ശക്തി പ്രാപിച്ച് അർമ്മഗെദ്ദോനായിത്തീരുമെന്ന് അനേകർ വിചാരിച്ചു. എന്നാൽ യഹോവക്ക് മറെറാരു ആശയമാണുണ്ടായിരുന്നത്! അവന്റെ സാക്ഷികൾ ഇനിയും വളരെയധികം വേലചെയ്യേണ്ടതുണ്ടായിരുന്നു. അവരുടെ പുതിയലോക ദിവ്യാധിപത്യ സമ്മേളനങ്ങൾ 1942 സെപ്ററംബർ 18-20-വരെ നടന്നു. ഒഹായോവിലെ ക്ലീവ്ലണ്ടിൽ നടന്ന മുഖ്യസമ്മേളനത്തിൽ വാച്ച്ടവർ സൊസൈററി പ്രസിഡണ്ടായിരുന്ന നാഥാൻ എച്ച്. നോർ “സമാധാനം—അതിന് നിലനിൽക്കാൻ കഴിയുമോ?” എന്ന പബ്ലിക്ക് പ്രസംഗം നടത്തി. ഐക്യനാടുകളിലെ വേറെ 51 സ്ഥലങ്ങൾ മുഖ്യ നഗരത്തോട് ബന്ധിക്കപ്പെട്ടു. അതിൽ അദ്ദേഹം “കടുംചുവപ്പുള്ള കാട്ടുമൃഗ”ത്തെക്കുറിച്ചു പറയുന്ന വെളിപ്പാട് 17:8 പുനരവലോകനം ചെയ്യുകയുണ്ടായി, അത് “ഉണ്ടായിരുന്നതും, എന്നാൽ ഇല്ലാത്തതും, ഇനി അഗാധത്തിൽനിന്നു കയറി നാശത്തിലേക്കു പോകാനിരിക്കുന്നതും” ആണെന്നുതന്നെ. 1920 മുതൽ 1939 വരെ സർവരാജ്യസഖ്യം “ഉണ്ടായിരുന്നു”വെന്ന് അദ്ദേഹം പ്രകടമാക്കി. ഇപ്പോൾ സഖ്യത്തിന്റെ ചരമം നിമിത്തം അത് “ഇല്ലാത്ത” അവസ്ഥയിലെത്തി. എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം രാഷ്ട്രങ്ങളുടെ ഈ സഖ്യം അഗാധത്തിൽനിന്നു കയറിവരും. ആ ബൈബിളധിഷ്ഠിതപ്രവചനം നിവർത്തിച്ചോ? സത്യമായും നിവർത്തിച്ചു! 1945-ൽ അന്താരാഷ്ട്ര “കാട്ടുമൃഗം” അതിന്റെ നിഷ്ക്രിയത്വത്തിന്റെ അഗാധത്തിൽനിന്ന് ഐക്യരാഷ്ട്രങ്ങൾ എന്ന നിലയിൽ പുറത്തുവന്നു.
13.മഹാബാബിലോൻ യു.എൻ. “കാട്ടുമൃഗ”വുമായുള്ള തന്റെ വേശ്യാസമാന നടപടികൾ തുടർന്നിരിക്കുന്നതെങ്ങനെ?
13 മഹാബാബിലോൻ തന്റെ വീഴ്ചയാൽ ദുർബലയായെങ്കിലും അവൾ യു.എൻ. “കാട്ടുമൃഗവു”മായി അവളുടെ വേശ്യാസമാന നടപടികൾ തുടർന്നിരിക്കുന്നു. ദൃഷ്ടാന്തത്തിന്, 1965 ജൂണിൽ യു.എന്നിന്റെ 20-ാം ജൻമദിനം ആഘോഷിക്കുന്നതിന്, ലോക ജനസംഖ്യയുടെ പകുതിയെ പ്രതിനിധാനംചെയ്യുന്നതായി പറയപ്പെടുന്ന, ക്രിസ്തീയവും അക്രിസ്തീയവുമെന്നു വിളിക്കപ്പെടുന്ന ലോകത്തിലെ ഏഴു പ്രമുഖ മതശാഖകളിൽനിന്നുള്ള വൈദികസ്ഥാനികർ സാൻഫ്രാൻസിസ്ക്കോയിൽ സമ്മേളിക്കുകയുണ്ടായി.c അതേവർഷംതന്നെ പോൾ ആറാമൻ പാപ്പാ യു.എന്നിനെ “ഐക്യത്തിന്റെയും സമാധാനത്തിന്റെയും അവസാനത്തെ പ്രത്യാശ” എന്നു വർണ്ണിച്ചു. “ഐക്യരാഷ്ട്രങ്ങൾ സമാധാനത്തിന്റെയും നീതിയുടെയും പരമോന്നതവേദിയായി എക്കാലവും നിലകൊള്ളു”മെന്ന തന്റെ പ്രത്യാശ ജോൺ പോൾ രണ്ടാമൻ പാപ്പാ പിന്നീട് പ്രകടമാക്കുകയുണ്ടായി. 1986-ൽ യു.എന്നിന്റെ അന്താരാഷ്ട്രസമാധാനവർഷത്തെ പിന്താങ്ങുന്നതിൽ നേതൃത്വമെടുത്തത് വ്യാജമതലോകസാമ്രാജ്യമായിരുന്നു. എന്നാൽ അവരുടെ മതപരമായ പ്രാർത്ഥനകളോടുള്ള പ്രതികരണമായി യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും കൈവന്നോ? അശേഷമില്ല! യു.എന്നിലെ അധികമധികം അംഗരാഷ്ട്രങ്ങൾ തങ്ങൾക്ക് മഹാവേശ്യയോട് യഥാർത്ഥസ്നേഹമില്ലെന്ന് പ്രകടമാക്കുകയാണ്.
വേശ്യയുടെ കഥ കഴിക്കുന്നു
14.യു.എൻ. “കാട്ടുമൃഗ”ത്തിന് ഏതു പ്രത്യേകസേവനം അനുഷ്ഠിക്കാനുണ്ട്, ദൈവത്തിന്റെ ദൂതൻ ഇതിനെ വർണ്ണിക്കുന്നതെങ്ങനെ?
14 തക്ക സമയത്ത് “കടുംചുവപ്പുള്ള കാട്ടുമൃഗം”തന്നെ നാശത്തിലേക്കു പോകേണ്ടതാണ്. എന്നാൽ ഇതു സംഭവിക്കുന്നതിനുമുമ്പ്, ദൈവജനത്തിൻമേലുള്ള അതിന്റെ അന്തിമ മൃഗീയ ആക്രമണത്തിനു മുമ്പുതന്നെ യു.എൻ. മൃഗത്തിന് ഒരു പ്രത്യേകസേവനമനുഷ്ഠിക്കാനുണ്ട്. യഹോവ ‘കാട്ടുമൃഗത്തിന്റെയും അതിന്റെ സൈന്യവൽകൃതകൊമ്പുകളുടെയും ഹൃദയങ്ങളിൽ തന്റെ ചിന്ത’ ഇട്ടുകൊടുക്കുന്നു. ഫലമെന്താണ്? ദൈവത്തിന്റെ ദൂതൻ ഉത്തരം പറയുന്നു: “നീ കണ്ട പത്തു കൊമ്പും കാട്ടുമൃഗവും വേശ്യയെ വെറുക്കുകയും അവളെ ശൂന്യയും നഗ്നയുമാക്കി അവളുടെ മാംസളഭാഗങ്ങൾ തിന്നുകളയുകയും അവളെ തീകൊണ്ടു പൂർണ്ണമായി ദഹിപ്പിക്കുകയുംചെയ്യും.” “അവൾ തന്നെത്താൻ മഹത്വീകരിക്കുകയും നിർല്ലജ്ജമായ ആഡംബരത്തിൽ ജീവിക്കുകയും” ചെയ്തിരുന്നുവെങ്കിലും ഇപ്പോൾ ഇതെല്ലാം പിമ്പോട്ടടിക്കുന്നു. അവളുടെ ഗംഭീര മതസൗധങ്ങളും വിപുലമായ വസ്തുവകകളും അവളെ രക്ഷിക്കുകയില്ല. ദൂതൻ പ്രഖ്യാപിക്കുന്നതുപോലെ, “അതുകൊണ്ടാണ് ഒരു ദിവസത്തിൽതന്നെ അവളുടെ ബാധകൾ വരുന്നത്, മരണവും വിലാപവും ക്ഷാമവുംതന്നെ; അവൾ പൂർണ്ണമായും തീകൊണ്ടു ദഹിപ്പിക്കപ്പെടും, എന്തുകൊണ്ടെന്നാൽ അവളെ ന്യായംവിധിച്ച യഹോവയാം ദൈവം ശക്തനാകുന്നു.”—വെളിപ്പാട് 17:16, 17; 18:7, 8.
15.വേശ്യയുടെ രാഷ്ട്രീയജാരൻമാരും വൻ ബിസിനസ് മാടമ്പികളും അവളുടെ മരണത്തോട് എങ്ങനെ പ്രതികരിക്കും?
15 അവളുടെ രാഷ്ട്രീയ ജാരൻമാർ അവളുടെ മരണത്തെക്കുറിച്ച് വിലപിക്കുകയും “മഹാനഗരമേ, ബലമുള്ള നഗരമായ ബാബിലോനെ, കഷ്ടം, കഷ്ടം, എന്തുകൊണ്ടെന്നാൽ ഒരു മണിക്കൂർ കൊണ്ടു നിന്റെ ന്യായവിധി വന്നെത്തിയിരിക്കുന്നു!” എന്ന് ഉൽക്രോശിക്കുകയും ചെയ്യും. അതുപോലെതന്നെ, അവളോടുകൂടെ സത്യസന്ധമല്ലാത്ത ലാഭങ്ങളുണ്ടാക്കിയ വൻ ബിസ്സിനസ് മാടമ്പികൾ “‘കഷ്ടം, കഷ്ടം, . . . എന്തുകൊണ്ടെന്നാൽ ഒരു മണിക്കൂർകൊണ്ട് ഇത്ര വലിയ സമ്പത്ത് നശിപ്പിക്കപ്പെട്ടല്ലോ’ എന്നു പറഞ്ഞുകൊണ്ട് കരയുകയും വിലപിക്കുകയും ചെയ്യും!”—വെളിപ്പാട് 18:9-17.
16.ദൈവത്തിന്റെ ജനം മഹാവേശ്യയുടെ നാശത്തോട് എന്തു പ്രതികരണം കാട്ടും, വെളിപ്പാട് ഇതിനെ സ്ഥിരീകരിക്കുന്നതെങ്ങനെ?
16 ഏതായാലും ദൈവത്തിന്റെ സ്വന്ത ജനത്തിന്റെ പ്രതികരണമെന്തായിരിക്കും? അവരെല്ലാം ദൂതന്റെ ഈ വാക്കുകളിൽ ഉൾപ്പെടുന്നു: “സ്വർഗ്ഗവും, കൂടാതെ, വിശുദ്ധൻമാരായ നിങ്ങളും, അപ്പോസ്തലൻമാരായ നിങ്ങളും പ്രവാചകൻമാരായ നിങ്ങളും അവളെ ചൊല്ലി സന്തോഷിക്കട്ടെ, എന്തുകൊണ്ടെന്നാൽ ദൈവം നിങ്ങൾക്കുവേണ്ടി അവളെ നീതിന്യായപരമായി ശിക്ഷിച്ചിരിക്കുന്നു!” യഹോവയുടെ വിശുദ്ധനാമത്തെ വീണ്ടുമൊരിക്കലും നിന്ദിക്കാതിരിക്കാൻ സത്വരമായ വീശലോടെ മഹാബാബിലോൻ വലിച്ചെറിയപ്പെടും. മഹാവേശ്യയുടെ നാശം യഹോവയുടെ സ്തുതിക്കായി ആഘോഷവും ജയഗീതങ്ങളും ആവശ്യമാക്കിത്തീർക്കും. ഹല്ലേലുയ്യാ സംഘഗാനപരമ്പരയിൽ ആദ്യത്തേതായി ഈ സന്തോഷകരമായ പല്ലവി മുഴങ്ങും: “ജനങ്ങളേ, യാഹിനെ സ്തുതിപ്പിൻ! രക്ഷയും മഹത്വവും ബലവും നമ്മുടെ ദൈവത്തിനുള്ളതാകുന്നു, എന്തുകൊണ്ടെന്നാൽ അവന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവയാകുന്നു. എന്തുകൊണ്ടെന്നാൽ തന്റെ ദുർവൃത്തികൊണ്ടു ഭൂമിയെ ദുഷിപ്പിച്ച മഹാവേശ്യയുടെമേൽ അവൻ ന്യായവിധി നടത്തിയിരിക്കുന്നു, തന്റെ അടിമകളുടെ രക്തത്തിന് അവളുടെ കൈയിൽനിന്ന് പകരം ചോദിച്ചിരിക്കുന്നു.”—വെളിപ്പാട് 18:20-19:3
17.മഹാവേശ്യയുടെ നിർമ്മാർജ്ജനത്തിനുശേഷം ദൈവത്തിന്റെ ന്യായവിധിക്രിയകൾ പൂർത്തീകരണത്തിലേക്കു നീങ്ങുന്നതെങ്ങനെ?
17 “രാജാധിരാജാവും കർത്താധികർത്താവു”മായ ക്രിസ്തുയേശു അർമ്മഗെദ്ദോനിൽ “സർവശക്തനായ ദൈവത്തിന്റെ ക്രോധകോപത്തിന്റെ മുന്തിരിച്ചക്ക്” ചവിട്ടുമ്പോൾ ദൈവത്തിന്റെ ന്യായവിധിപ്രവർത്തനങ്ങൾ സത്വരം പൂർത്തീകരണത്തിലേക്കു നീങ്ങും. അവിടെ അവൻ ദുഷ്ട ഭരണാധിപൻമാരെയും ഭൂമിയിലെ സാത്താന്റെ സ്ഥാപനത്തിൽ ശേഷിച്ച മറെറല്ലാവരെയും നിർമ്മാർജ്ജനംചെയ്യും. ശവംതീനിപ്പക്തികൾ അവരുടെ ശവങ്ങൾ കൊത്തിവിഴുങ്ങും. (വെളിപ്പാട് 16:14, 16; 19:11-21) നമ്മുടെ ഭൂമിയിൽനിന്ന് അവിശുദ്ധവും മലിനവും ദൂഷകവുമായ സകലവും നീക്കംചെയ്യുന്നതിനുള്ള ദൈവത്തിന്റെ നിയമിതസമയം അടുത്തിരിക്കുന്നതിൽ നാം എത്ര സന്തുഷ്ടരായിരിക്കണം!
18.വെളിപ്പാടുപുസ്തകത്തിന്റെ മഹത്തായ പരകോടി എന്താണ്?
18 വെളിപ്പാടുപുസ്തകത്തിന്റെ പരകോടി അതാണോ? അല്ല, അതായിട്ടില്ല! എന്തെന്നാൽ 1,44,000 പേരുടെ സ്വർഗ്ഗത്തിലേക്കുള്ള പുനരുത്ഥാനം പൂർത്തിയാകുമ്പോൾ കുഞ്ഞാടിന്റെ കല്ല്യാണം നടക്കുന്നു. അവന്റെ “മണവാട്ടി” ഭർത്താവിനായി അണിഞ്ഞൊരുങ്ങി “പുതിയ ആകാശത്തിൽ” അവരോധിക്കപ്പെടുന്നു. ‘സകലവും പുതുതാക്കുക’യെന്ന യഹോവയുടെ ഉദ്ദേശ്യം നിറവേററുന്നതിൽ തന്റെ മണവാളന്റെ തുണയാളിയെന്ന നിലയിൽ അവൾ അവിടെനിന്ന് ആലങ്കാരികമായി ഇറങ്ങുന്നു. സർവശക്തനായ യഹോവയാം ദൈവം തന്റെ മഹത്വത്താൽ പ്രഭാപൂരിതമാക്കുന്ന പുതിയ യരൂശലേമാകുന്ന വിശുദ്ധ നഗരത്തിന്റെ ആത്മീയമായ മനോഹാരിതയാണ് മണവാട്ടിക്കുള്ളത്. കുഞ്ഞാടാണ് അതിന്റെ വിളക്ക്. (വെളിപ്പാട് 21:1-5, 9-11, 23) അതുകൊണ്ട് ഇവിടെയാണ് വെളിപ്പാട് അതിന്റെ മഹത്തായ പരകോടിയിലെത്തുന്നത്, അപ്പോൾ യഹോവയുടെ നാമം വിശുദ്ധീകരിക്കപ്പെടുന്നു, ക്രിസ്തുയേശുവാകുന്ന കുഞ്ഞാടും അവന്റെ മണവാട്ടിയാകുന്ന പുതിയ യരുശലേമും ചേർന്ന്, അനുസരണമുള്ള മനുഷ്യവർഗ്ഗത്തിന് ഭൗമിക പരദീസയിലെ നിത്യജീവൻ കൊടുത്ത് അനുഗ്രഹിക്കാൻ പുറപ്പെടുന്നു.
19.(എ) മഹാബാബിലോനിൽനിന്നു പുറത്തുവരുന്നതിനു പുറമേ, രക്ഷക്ക് മറെറന്തുകൂടെ ആവശ്യമാണ്? (ബി) ഏതു അടിയന്തിരമായ ക്ഷണം ഇപ്പോഴും ലഭ്യമാണ്, നമ്മുടെ പ്രതികരണം എന്തായിരിക്കണം?
19 നിങ്ങൾ വ്യാജമതത്തിന്റെ കാപട്യം സംബന്ധിച്ച് ഉണരുകയും മഹാബാബിലോനിൽനിന്ന് പുറത്തുപോരികയും ചെയ്തിട്ടുണ്ടോ? നിങ്ങൾ യേശുക്രിസ്തുവിലൂടെ സ്നാപനത്തിലേക്കു നയിക്കുന്ന മുഴുഹൃദയത്തോടുംകൂടിയ സമർപ്പണത്തിൽ യഹോവയാം ദൈവത്തിങ്കലേക്ക് വരുന്ന കൂടുതലായ നടപടി സ്വീകരിച്ചിരിക്കുന്നുവോ? രക്ഷക്ക് ഇതും അത്യന്താപേക്ഷിതമാണ്! യഹോവയുടെ അന്തിമ ന്യായവിധിനിർവഹണത്തിനുള്ള നിയമിതസമയം അടുത്തുവരുമ്പോൾ പ്രചോദകമായ അടിയന്തിരതയോടെ ഈ ക്ഷണം പ്രതിദ്ധ്വനിക്കുന്നു: “‘വരിക!’ എന്ന് ആത്മാവും മണവാട്ടിയും പറഞ്ഞുകൊണ്ടിരിക്കുന്നു.” ആ ആഹ്വാനത്തിനു ചെവികൊടുക്കുന്ന എല്ലാവരും തങ്ങളുടെ ജീവനെ യഹോവക്കു സമർപ്പിക്കുകയും മററുള്ളവരോട് പിന്നെയും “വരിക!” എന്നു പറയുന്നതിൽ തീക്ഷ്ണത പ്രകടമാക്കുകയും ചെയ്യട്ടെ. അതെ, “ദാഹിക്കുന്ന ഏവനും വരട്ടെ; ഇച്ഛിക്കുന്ന ഏവനും ജീവജലം സൗജന്യമായി സ്വീകരിക്കട്ടെ.” (വെളിപ്പാട് 22:17) ക്ഷണം ഇപ്പോഴും ലഭ്യമാണ്. നിങ്ങൾ യഹോവയുടെ സമർപ്പിതരും സ്നാനമേററവരുമായ ജനത്തിലെ ഒരാൾ എന്ന നില സ്വീകരിക്കുകയും ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൻമുമ്പാകെ ആ നില നിലനിർത്തുകയുമാണെങ്കിൽ, തീർച്ചയായും നിങ്ങൾ സന്തുഷ്ടനായിരിക്കും. നിയമിതസമയം നിങ്ങൾ വിചാരിച്ചേക്കാവുന്നതിനേക്കാൾ ഏറെ അടുത്തിരിക്കുകയാണ്! അതെ, വെളിപ്പാടിന്റെ മഹത്തായ പരകോടി സമീപിച്ചിരിക്കുകയാണ്! (w89 4/15)
ഈ വാരത്തിലെ വീക്ഷാഗോപുര അദ്ധ്യയനത്തിന്റെ ഒടുവിൽ അദ്ധ്യയനനിർവാഹകൻ പിൻവരുന്ന പ്രമേയത്തിന്റെ വായന ആവശ്യപ്പെടുകയും നൽകപ്പെടുന്ന ചോദ്യങ്ങളുടെ സഹായത്തോടെ അതു പുനരവലോകനം ചെയ്യുകയും വേണം. ഇത് 1988-ലെ യഹോവയുടെ സാക്ഷികളുടെ “ദിവ്യനീതി” ഡിസ്ട്രിക്ററ് കൺവെൻഷനിൽ “കുപ്രസിദ്ധ ‘വേശ്യ’—അവളുടെ വീഴ്ചയും നാശവും” എന്ന പ്രസംഗത്തിന്റെ ഒടുവിൽ ലോകവ്യാപകമായി അവതരിപ്പിക്കപ്പെട്ട പ്രമേയമാണ്.
[അടിക്കുറിപ്പുകൾ]
a പ്രകടമായ കാരണങ്ങളാൽ കോൺകൊഡാററിന്റെ രണ്ടു വകുപ്പുകൾ ആ കാലത്തു രഹസ്യമായി സൂക്ഷിച്ചിരുന്നു, ഇത് സോവ്യററ് യൂണിയനെതിരെയുള്ള ഒരു പൊതു മുന്നണിയെയും ഹിററ്ലറിന്റെ സൈന്യത്തിൽ ചേർക്കപ്പെട്ടിരുന്ന കത്തോലിക്കാ പുരോഹിതൻമാരുടെ കർത്തവ്യങ്ങളെയും കുറിച്ചു പറയുന്നതായിരുന്നു. അങ്ങനെയുള്ള സൈന്യത്തിൽചേർക്കൽ അപ്പോഴും ജർമ്മനിക്കു ബാധകമായിരുന്ന വേഴ്സായി ഉടമ്പടിയുടെ (1919) ഒരു ലംഘനമായിരുന്നു; ഈ വകുപ്പിനെക്കുറിച്ചുള്ള പൊതു അറിവ് വേഴ്സായി ഒപ്പിട്ട മററുള്ളവരെ അസഹ്യപ്പെടുത്തുമായിരുന്നു.
b ജർമ്മനിയിലെ ന്യൂറംബർഗ്ഗിൽ 1940-കളുടെ ഒടുവിൽ യുദ്ധ കുററവാളികളായി വിചാരണചെയ്യപ്പെട്ട നാസികളിൽ ഫ്രാൻസ് വോൺ പേപ്പൻ ഉൾപ്പെട്ടിരുന്നു. അയാൾ കുററവിമുക്തനാക്കപ്പെട്ടു, എന്നാൽ പിന്നീട് ഒരു നിർനാസിവൽക്കരണകോടതിയിൽ നിന്ന് കടുത്ത ശിക്ഷ ഏററുവാങ്ങി. കുറേക്കൂടെ കഴിഞ്ഞ് 1959-ൽ അയാൾ ഒരു പേപ്പൽ പ്രിവിചാമ്പർലെയിൻ ആക്കപ്പെട്ടു.
c ഈ കൂടിവരവിനെക്കുറിച്ച് പോൾ ആറാമൻ പാപ്പാ ഇങ്ങനെ പറഞ്ഞു: “ഇരുപതു വർഷം മുമ്പ് ഐക്യരാഷ്ട്രങ്ങളുടെ ചാർട്ടറിൽ ഒപ്പുവെച്ചതിനെ അനുസ്മരിക്കുന്ന ചടങ്ങുകളിൽ സമാധാനത്തിനായുള്ള ഒരു മതസമ്മേളനം ഉൾപ്പെടുത്തിയിരിക്കുന്നത് യഥാർത്ഥത്തിൽ എത്ര ശരിയും ഉചിതവുമാണ്.”
[11-ാം പേജിലെ ചതുരം]
പാപ്പായുടെ മൗനം
ഫ്രാൻസ് വോൺ പേപ്പൻ—അയാളുടെ ജീവിതവും കാലങ്ങളും എന്ന എച്ച്. ഡബ്ലിയു. ബഡ്ള്-റയന്റെ 1939-ൽ പ്രസിദ്ധപ്പെടുത്തിയ പുസ്തകത്തിൽ പാപ്പായുടെ കീഴിലെ ആ പ്രഭു കുടില തന്ത്രങ്ങളിലൂടെ ഹിററ്ലറെ അധികാരത്തിലേററിയതിനെയും നാസികളുമായുള്ള വത്തിക്കാന്റെ കോൺകൊഡാററുടമ്പടിക്ക് ആലോചന നടത്തിയതിനെയും സവിസ്തരം വർണ്ണിക്കുന്നു. യഹൂദൻമാരും യഹോവയുടെ സാക്ഷികളും മററു ചിലരും ഉൾപ്പെട്ടിരുന്ന ഭയങ്കര കൂട്ടക്കൊലകളെ സംബന്ധിച്ച് ഗ്രന്ഥകാരൻ ഇങ്ങനെ പറയുന്നു: “പസേലി [പയസ് 12-ാമൻ പാപ്പാ] മൗനം പാലിച്ചതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ പശ്ചിമ ജർമ്മൻകാരുടെ ഒരു വിശുദ്ധ ജർമ്മൻസാമ്രാജ്യത്തിനുവേണ്ടിയുള്ള പേപ്പന്റെ പദ്ധതിയിൽ അയാൾ വത്തിക്കാൻ വീണ്ടും ലൗകികാധികാരത്തിലിരിക്കുന്ന കാലത്ത് ഒരു ശക്തമായ ഭാവികത്തോലിക്കാസഭയെ കണ്ടു . . . അതേ പസേലി തന്നെയാണ് ഇപ്പോൾ ദശലക്ഷക്കണക്കിന് ദേഹികളുടെമേൽ ആത്മീയ സ്വേച്ഛാധികാരം പ്രയോഗിക്കുന്നത്, എന്നാൽ ഹിററ്ലറിന്റെ ആക്രമണത്തെയും പീഡനത്തെയും കുറിച്ച് ഒരു അടക്കംപറച്ചിൽ പോലും ഉണ്ടായില്ല. . . . ഞാൻ ഈ വരികൾ എഴുതുമ്പോൾ മൂന്നു ദിവസത്തെ സംഹാരം നടന്നുകഴിഞ്ഞിരുന്നു, പോരാട്ടത്തിലെ കക്ഷികളുടെ ദേഹികൾക്കുവേണ്ടി വത്തിക്കാനിൽനിന്ന് യാതൊരു പ്രാർത്ഥനയും നടത്തപ്പെട്ടില്ല, അവരിൽ പകുതിയും കത്തോലിക്കരാണ്. ഈ മനുഷ്യർ സകല ഭൗമികസ്വാധീനവും ഉരിയപ്പെട്ട് കണക്കുചോദിക്കുന്ന ദൈവമുമ്പാകെ നിൽക്കുമ്പോൾ കണക്കുചോദ്യം ഭയങ്കരമായിരിക്കും. അവരുടെ സമാധാനമെന്തായിരിക്കും? യാതൊന്നുമില്ലായിരിക്കും!”
[15-ാം പേജിലെ ചതുരം]
വത്തിക്കാന്റെ ഉൾപ്പെടൽ
വത്തിക്കാൻ 1988-ലേക്ക് 618 ലക്ഷം ഡോളറിന്റെ റക്കോഡ് കമ്മി പ്രതീക്ഷിക്കുന്നുവെന്ന് 1988 മാർച്ച് 6-ലെ ദി ന്യൂയോർക്ക് റൈറംസ് റിപ്പോർട്ടുചെയ്തു. പത്രം ഇങ്ങനെ പറഞ്ഞു: “ബാങ്കോ ആംബ്രോസിയാനോയുടെ കടക്കാർക്ക് 25 കോടി ഡോളറോടടുത്ത് കൊടുക്കാമെന്ന് 1984-ൽ ചെയ്ത ഒരു വാഗ്ദാനം മുഖ്യചെലവിൽ ഉൾപ്പെട്ടിരിക്കാനിടയുണ്ട്. മിലാൻബാങ്കിന്റെ 1982-ലെ തകർച്ചക്കുമുമ്പ് വത്തിക്കാന് ആ ബാങ്കുമായി അഗാധമായ ബന്ധമുണ്ടായിരുന്നു.” ആ അപവാദത്തിൽ വളരെ ആഴത്തിൽ ഉൾപ്പെട്ടിരുന്നതുനിമിത്തം ഇററാലിയൻ കോടതികളിൽ വിചാരണചെയ്യപ്പെടുന്നതിന് ഒരു അമേരിക്കൻ ആർച്ച് ബിഷപ്പ് ഉൾപ്പെടെ മൂന്ന് ഉയർന്ന വത്തിക്കാൻ ഉദ്യോഗസ്ഥൻമാരെ അധികാരികൾക്കു വിട്ടുകൊടുക്കുന്നതിന് സ്ഥിരമായി വത്തിക്കാൻ വിസമ്മതിച്ചിരിക്കുന്നു!
[21-ാം പേജിലെ ചിത്രങ്ങൾ]
വോൺ പേപ്പനോടും ഹിററ്ലറോടുംകൂടെ വത്തിക്കാൻ ഭയങ്കര രക്തപാതകത്തിൽ പങ്കുവഹിക്കുന്നു
[കടപ്പാട്]
UPI/Bettmann Newsphotos
UPI/Bettmann Newsphotos
[15-ാം പേജിലെ ചിത്രങ്ങൾ]
ദൈവരാജ്യത്തെ ശുപാർശചെയ്യുന്നതിനു പകരം പാപ്പാമാർ യു.എന്നിനെ ‘സമാധാനത്തിന്റെ അവസാനപ്രത്യാശ’യായി പ്രഖ്യാപിച്ചു