പഠനലേഖനം 20
ഇന്ന് ആരാണ് ‘വടക്കേ രാജാവ്?’
“ഒടുവിൽ അവൻ അന്തരിക്കും, അവനെ സഹായിക്കാൻ ആരുമുണ്ടാകില്ല.”—ദാനി. 11:45.
ഗീതം 95 വെളിച്ചം കൂടുതൽക്കൂടുതൽ തെളിഞ്ഞുവരുന്നു
പൂർവാവലോകനംa
1-2. ഈ ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?
ഈ വ്യവസ്ഥിതിയുടെ അവസാനനാളുകളിലാണു നമ്മൾ ജീവിക്കുന്നത് എന്നതിനു മുമ്പെന്നത്തെക്കാൾ കൂടുതൽ തെളിവുകൾ നമുക്ക് ഇപ്പോഴുണ്ട്. ദൈവരാജ്യത്തെ എതിർക്കുന്ന എല്ലാ ഗവൺമെന്റുകളെയും യഹോവയും യേശുക്രിസ്തുവും നശിപ്പിക്കുന്നതിന് ഇനി അധികം സമയമില്ല. അതു നടക്കുന്നതുവരെ, വടക്കേ രാജാവും തെക്കേ രാജാവും തമ്മിലുള്ള യുദ്ധം തുടരും, മാത്രമല്ല അവർ ദൈവജനത്തോടും പോരാടും.
2 ഈ ലേഖനത്തിൽ, ദാനിയേൽ 11:40–12:1-ലെ പ്രവചനം നമ്മൾ ചർച്ച ചെയ്യും. ഇപ്പോഴത്തെ വടക്കേ രാജാവ് ആരാണെന്നും വരാൻപോകുന്ന പ്രതിസന്ധികളെ എങ്ങനെ ധൈര്യത്തോടെ നേരിടാമെന്നും നമ്മൾ കാണും.
പുതിയ ഒരു വടക്കേ രാജാവ് രംഗത്ത് വരുന്നു
3-4. ഇന്ന് ആരാണ് വടക്കേ രാജാവ്? വിശദീകരിക്കുക.
3 സോവിയറ്റ് യൂണിയൻ 1991-ൽ തകർന്നപ്പോൾ, അതിന്റെ കീഴിലുണ്ടായിരുന്ന ദൈവജനത്തിനു “ചെറിയൊരു സഹായം” ലഭിച്ചു, അഥവാ കുറച്ച് കാലത്തേക്കു സ്വാതന്ത്ര്യം ലഭിച്ചു. (ദാനി. 11:34) അങ്ങനെ അവർക്കു സ്വതന്ത്രമായി പ്രസംഗപ്രവർത്തനം നടത്താൻ കഴിഞ്ഞു. പെട്ടെന്നുതന്നെ, സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാജ്യങ്ങളിലെ പതിനായിരക്കണക്കിന് ആളുകൾ സന്തോഷവാർത്തയുടെ പ്രചാരകരായി. എന്നാൽ കുറച്ച് വർഷങ്ങൾക്കു ശേഷം റഷ്യയും സഖ്യകക്ഷികളും പുതിയ വടക്കേ രാജാവായി രംഗത്ത് വന്നു. കഴിഞ്ഞ ലേഖനത്തിൽ പഠിച്ചതുപോലെ, ഒരു ഗവൺമെന്റ് വടക്കേ രാജാവോ തെക്കേ രാജാവോ ആയിരിക്കണമെങ്കിൽ, അതു മൂന്നു കാര്യങ്ങൾ ചെയ്യണം: (1) ദൈവജനത്തിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ വിധത്തിൽ ഇടപെടണം, (2) യഹോവയുടെയും യഹോവയുടെ ജനത്തിന്റെയും ശത്രുവാണെന്നു പ്രവർത്തനങ്ങളിലൂടെ കാണിക്കണം, (3) എതിരാളിയായ രാജാവുമായി യുദ്ധം ചെയ്യണം.
4 ഇന്ന് വടക്കേ രാജാവ് റഷ്യയും സഖ്യകക്ഷികളും ആണെന്നു പറയാവുന്നതിന്റെ കാരണങ്ങൾ നോക്കാം. (1) ദൈവജനത്തിന്റെ പ്രവർത്തനങ്ങളിൽ അവർ ശ്രദ്ധേയമായ വിധത്തിൽ ഇടപെട്ടിട്ടുണ്ട്, അവർ പ്രസംഗപ്രവർത്തനം നിരോധിക്കുകയും അവരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ആയിരക്കണക്കിനു സഹോദരങ്ങളെ ഉപദ്രവിക്കുകയും ചെയ്തു. (2) അവരുടെ ആ പ്രവർത്തനങ്ങൾ അവർ യഹോവയെയും യഹോവയുടെ ജനത്തെയും വെറുക്കുന്നെന്നു കാണിക്കുന്നു. (3) അവർ തെക്കേ രാജാവായ ആംഗ്ലോ-അമേരിക്കൻ ലോകശക്തിയുമായി യുദ്ധം ചെയ്യുന്നു. റഷ്യയും സഖ്യകക്ഷികളും വടക്കേ രാജാവായി പ്രവർത്തിച്ചത് എങ്ങനെയാണെന്നു നമ്മൾ തുടർന്ന് പഠിക്കും.
അവർ പരസ്പരം പോരാട്ടം തുടരുന്നു
5. ദാനിയേൽ 11:40-43-ൽ ഏതു കാലയളവിനെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്, ആ കാലത്ത് എന്താണു സംഭവിക്കുന്നത്?
5 ദാനിയേൽ 11:40-43 വായിക്കുക. പ്രവചനത്തിന്റെ ഈ ഭാഗം, അവസാനകാലത്ത് നടക്കാനിരിക്കുന്ന സംഭവങ്ങളുടെ ഒരു ചുരുക്കം പറഞ്ഞുതരുന്നു. വടക്കേ രാജാവും തെക്കേ രാജാവും തമ്മിലുള്ള പോരാട്ടത്തെക്കുറിച്ചാണ് പ്രധാനമായും ഈ ഭാഗം പറയുന്നത്. ദാനിയേൽ മുൻകൂട്ടിപ്പറഞ്ഞതുപോലെ, അവസാനകാലത്ത് തെക്കേ രാജാവ് വടക്കേ രാജാവുമായി “കൊമ്പു കോർക്കും,” അഥവാ അവനോട് “ഏറ്റുമുട്ടും.”—ദാനി. 11:40, അടിക്കുറിപ്പ്.
6. രണ്ടു രാജാക്കന്മാർ എങ്ങനെയാണ് പരസ്പരം ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നത്? വിശദീകരിക്കുക.
6 വടക്കേ രാജാവും തെക്കേ രാജാവും ലോകാധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടം തുടരുകയാണ്. ഉദാഹരണത്തിന്, രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം സംഭവിച്ച കാര്യങ്ങൾ ഒന്നു നോക്കുക. സോവിയറ്റ് യൂണിയനും സഖ്യകക്ഷികളും യൂറോപ്പിന്റെ പല ഭാഗങ്ങളിലും ആധിപത്യം സ്ഥാപിച്ചു. അപ്പോൾ തെക്കേ രാജാവ് എന്തു ചെയ്തു? മറ്റു ചില രാജ്യങ്ങളുമായി സഖ്യം ചേർന്ന് വടക്കേ രാജാവിനെതിരായി ഒരു അന്താരാഷ്ട്ര സൈനികസഖ്യം രൂപീകരിച്ചു. നാറ്റോ എന്നായിരുന്നു അതിന്റെ പേര്. അതുപോലെ ആയുധശേഖരത്തിന്റെയും സൈന്യബലത്തിന്റെയും കാര്യത്തിൽ മികച്ചുനിൽക്കാൻ വടക്കേ രാജാവും തെക്കേ രാജാവും പരസ്പരം മത്സരിക്കുന്നു. ആഫ്രിക്കയിലെയും ഏഷ്യയിലെയും ലാറ്റിൻ അമേരിക്കയിലെയും രാജ്യങ്ങളിൽ നടന്ന യുദ്ധങ്ങളിൽ തെക്കേ രാജാവിന്റെ ശത്രുക്കളെ വടക്കേ രാജാവ് സഹായിച്ചു. ഇനി, ഈ അടുത്തകാലത്ത് റഷ്യയുടെയും സഖ്യകക്ഷികളുടെയും കാര്യം നോക്കിയാൽ, അവരും കൂടുതൽക്കൂടുതൽ ശക്തരായിരിക്കുന്നു. തെക്കേ രാജാവുമായി അവർ സൈബർ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നു. തങ്ങളുടെ സാമ്പത്തികവ്യവസ്ഥയും രാഷ്ട്രീയഘടനയും തകർക്കാൻ കമ്പ്യൂട്ടർ പ്രോഗ്രാമുകൾ ഉപയോഗിക്കുന്നെന്ന് ഇവർ പരസ്പരം കുറ്റപ്പെടുത്തുന്നു. ഇനി, ദാനിയേൽ മുൻകൂട്ടിപ്പറഞ്ഞതുപോലെ വടക്കേ രാജാവ് ദൈവജനത്തിനുമേലുള്ള ആക്രമണം തുടരുകയും ചെയ്യുന്നു.—ദാനി. 11:41.
വടക്കേ രാജാവ് “അലങ്കാരദേശത്ത്” പ്രവേശിക്കുന്നു
7. ഏതാണ് ‘അലങ്കാരദേശം?’
7 വടക്കേ രാജാവ് ‘അലങ്കാരദേശത്ത് പ്രവേശിക്കുമെന്ന്’ ദാനിയേൽ 11:41 പറയുന്നു. ആ ദേശം ഏതാണ്? പുരാതനകാലത്ത് ഇസ്രായേലായിരുന്നു “എല്ലാ ദേശങ്ങളിലുംവെച്ച് ഏറ്റവും മനോഹരമായ ദേശമായി” കരുതപ്പെട്ടിരുന്നത്. (യഹ. 20:6) എന്നാൽ സത്യാരാധനയുടെ കേന്ദ്രമായിരുന്നു എന്നതാണ് ഇസ്രായേലിനെ കൂടുതൽ മനോഹരമാക്കിയത്. എ.ഡി. 33-ലെ പെന്തിക്കോസ്ത് മുതൽ ‘അലങ്കാരദേശം’ ഭൂമിയിലെ ഏതെങ്കിലും ഒരു പ്രത്യേക സ്ഥലമല്ല, അങ്ങനെയായിരിക്കാൻ കഴിയുകയുമില്ല. കാരണം യഹോവയുടെ ജനം ഭൂമിയിൽ എല്ലായിടത്തും ചിതറിക്കിടക്കുകയാണല്ലോ. പകരം, ഇന്ന് ‘അലങ്കാരദേശം’ എന്ന് പറയുന്നത് യഹോവയുടെ ജനത്തിന്റെ പ്രവർത്തനമണ്ഡലമാണ്. അതിൽ സഭായോഗങ്ങളിലൂടെയും വയൽശുശ്രൂഷയിലൂടെയും അവർ യഹോവയെ ആരാധിക്കുന്നത് ഉൾപ്പെടുന്നു.
8. വടക്കേ രാജാവ് എങ്ങനെയാണ് “അലങ്കാരദേശത്ത്” പ്രവേശിച്ചിരിക്കുന്നത്?
8 അവസാനകാലത്ത് വടക്കേ രാജാവ് പല വട്ടം “അലങ്കാരദേശത്ത്” പ്രവേശിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, നാസി ജർമനി വടക്കേ രാജാവായിരുന്ന കാലത്ത്, പ്രത്യേകിച്ചും രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്ത്, ദൈവജനത്തെ ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്തുകൊണ്ട് “അലങ്കാരദേശത്ത്” പ്രവേശിച്ചു. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ്, സോവിയറ്റ് യൂണിയൻ വടക്കേ രാജാവായപ്പോഴും ദൈവജനത്തെ ഉപദ്രവിക്കുകയും അവരെ നാടു കടത്തുകയും ചെയ്തുകൊണ്ട് “അലങ്കാരദേശത്ത്” പ്രവേശിച്ചു.
9. ഈ അടുത്ത കാലത്ത് റഷ്യയും സഖ്യകക്ഷികളും എങ്ങനെയാണ് “അലങ്കാരദേശത്ത്” പ്രവേശിച്ചിരിക്കുന്നത്?
9 ഇനി, ഈ അടുത്ത കാലത്ത് റഷ്യയും സഖ്യകക്ഷികളും “അലങ്കാരദേശത്ത്” പ്രവേശിച്ചു. എങ്ങനെ? 2017-ൽ ഇപ്പോഴത്തെ ആ വടക്കേ രാജാവ് യഹോവയുടെ ജനത്തിന്റെ പ്രവർത്തനം നിരോധിക്കുകയും നമ്മുടെ ചില സഹോദരങ്ങളെ ജയിലിലാക്കുകയും ചെയ്തു. നമ്മുടെ എല്ലാ പ്രസിദ്ധീകരണങ്ങളും അതുപോലെ പുതിയ ലോക ഭാഷാന്തരവും നിരോധിച്ചു. റഷ്യയിലെ നമ്മുടെ ബ്രാഞ്ചോഫീസും രാജ്യഹാളുകളും സമ്മേളനഹാളുകളും കണ്ടുകെട്ടുകയും ചെയ്തു. ഈ സംഭവങ്ങളൊക്കെ നടന്നുകഴിഞ്ഞപ്പോൾ, റഷ്യയും സഖ്യകക്ഷികളും ആണ് വടക്കേ രാജാവെന്നു 2018-ൽ ഭരണസംഘം പറഞ്ഞു. എന്നാൽ കഠിനമായ ഉപദ്രവം നേരിടുമ്പോഴും യഹോവയുടെ ജനം മനുഷ്യഗവൺമെന്റുകൾക്ക് എതിരെ യുദ്ധം ചെയ്യാനോ അതിനെ അട്ടിമറിക്കാനോ ഒന്നും ശ്രമിക്കുന്നില്ല. അതിനു പകരം ‘ഉയർന്ന പദവികളിലുള്ള എല്ലാവർക്കും വേണ്ടി പ്രാർഥിക്കാനുള്ള’ ബൈബിളിന്റെ ഉപദേശം നമ്മൾ അനുസരിക്കുന്നു. നമ്മുടെ ആരാധനാസ്വാതന്ത്ര്യത്തെ ബാധിക്കുന്ന തീരുമാനങ്ങൾ അവർ എടുക്കാൻ സാധ്യതയുണ്ടെങ്കിൽ വിശേഷിച്ചും നമ്മൾ അങ്ങനെ ചെയ്യും.—1 തിമൊ. 2:1, 2.
വടക്കേ രാജാവ് തെക്കേ രാജാവിനെ കീഴടക്കുമോ?
10. വടക്കേ രാജാവ് തെക്കേ രാജാവിനെ കീഴടക്കുമോ? വിശദീകരിക്കുക.
10 ദാനിയേൽ 11:40-45-ലെ പ്രവചനം പ്രധാനമായും വടക്കേ രാജാവിന്റെ പ്രവർത്തനത്തെക്കുറിച്ചാണു പറയുന്നത്. അവൻ തെക്കേ രാജാവിനെ കീഴടക്കും എന്നാണോ ഇതിനർഥം? അല്ല. അർമഗെദോൻ യുദ്ധത്തിൽ യഹോവയും യേശുവും എല്ലാ ഗവൺമെന്റുകളെയും നശിപ്പിക്കുന്നതുവരെ തെക്കേ രാജാവ് “ജീവനോടെ” ഉണ്ടായിരിക്കും. (വെളി. 19:20) നമുക്ക് അത് ഉറപ്പിച്ചു പറയാൻ കഴിയുന്നത് എന്തുകൊണ്ട്? ദാനിയേലിലെയും വെളിപാടിലെയും പ്രവചനങ്ങൾ എന്താണ് പറയുന്നത് എന്നു നമുക്കു നോക്കാം.
11. ദാനിയേൽ 2:43-45 എന്താണു സൂചിപ്പിക്കുന്നത്? (പുറംതാളിലെ ചിത്രം കാണുക.)
11 ദാനിയേൽ 2:43-45 വായിക്കുക. ദൈവജനത്തിനുമേൽ സ്വാധീനമുള്ള മനുഷ്യഗവൺമെന്റുകൾ ഒന്നിനു പുറകേ ഒന്നായി വരുന്നതിനെക്കുറിച്ച് ദാനിയേൽ പ്രവാചകൻ പറയുന്നു. ലോഹംകൊണ്ടുള്ള വലിയ ഒരു പ്രതിമയുടെ വിവിധ ഭാഗങ്ങളായിട്ടാണ് അവയെ വിവരിച്ചിരിക്കുന്നത്. അതിലെ അവസാനത്തെ ഗവൺമെന്റിനെ പ്രതിമയുടെ ഇരുമ്പും കളിമണ്ണും കലർന്ന പാദംകൊണ്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. പാദം ആംഗ്ലോ-അമേരിക്കൻ ലോകശക്തിയാണ്. ദൈവരാജ്യം മനുഷ്യഗവൺമെന്റുകളെ തകർക്കുമ്പോൾ ആംഗ്ലോ-അമേരിക്കൻ ലോകശക്തി നിലവിൽ ഉണ്ടായിരിക്കുമെന്ന് ആ പ്രവചനം സൂചിപ്പിക്കുന്നു.
12. കാട്ടുമൃഗത്തിന്റെ ഏഴാമത്തെ തല എന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നത്, അതു ശ്രദ്ധേയമായിരിക്കുന്നത് എന്തുകൊണ്ട്?
12 കാലാകാലങ്ങളിൽ യഹോവയുടെ ജനത്തിനുമേൽ സ്വാധീനം ചെലുത്തുന്ന ഗവൺമെന്റുകളെക്കുറിച്ച് യോഹന്നാൻ അപ്പോസ്തലനും പറയുന്നുണ്ട്. ഏഴു തലയുള്ള ഒരു കാട്ടുമൃഗത്തെ ഉപയോഗിച്ചാണ് യോഹന്നാൻ ഈ ഗവൺമെന്റുകളെ ചിത്രീകരിക്കുന്നത്. കാട്ടുമൃഗത്തിന്റെ ഏഴാമത്തെ തല ആംഗ്ലോ-അമേരിക്കൻ ലോകശക്തിയെ പ്രതിനിധാനം ചെയ്യുന്നു. കാട്ടുമൃഗത്തിന് പുതിയ തലകളൊന്നും വളരുന്നില്ലെന്നു ശ്രദ്ധിക്കുക. ക്രിസ്തുവും സ്വർഗീയ സൈന്യവും ആ കാട്ടുമൃഗത്തെ നശിപ്പിക്കുന്ന സമയത്ത് അതിന്റെ ഏഴാമത്തെ തല ഭരണത്തിലുണ്ടായിരിക്കുമെന്ന് ഇതു സൂചിപ്പിക്കുന്നു.b—വെളി. 13:1, 2; 17:13, 14.
വടക്കേ രാജാവ് ഇനി എന്താണ് ചെയ്യാൻ പോകുന്നത്?
13-14. ‘മാഗോഗ് ദേശത്തെ ഗോഗ്’ ആരാണ്, ദൈവജനത്തെ ആക്രമിക്കാൻ അവനെ പ്രേരിപ്പിക്കുന്നത് എന്തായിരിക്കാം?
13 യഹസ്കേൽ 38:10-23-ലെ പ്രവചനം വടക്കേ രാജാവിന്റെയും തെക്കേ രാജാവിന്റെയും അവസാനം അടുക്കുന്ന സമയത്ത് എന്തു സംഭവിച്ചേക്കാം എന്ന് നമുക്കു ചില സൂചനകൾ തരുന്നുണ്ട്. യഹസ്കേലിലെ ആ പ്രവചനവും ദാനിയേൽ 2:43-45; 11:44–12:1; വെളിപാട് 16:13-16, 21 എന്നീ വാക്യങ്ങളിലെ പ്രവചനവും ഒരേ കാലഘട്ടത്തെയും ഒരേ സംഭവങ്ങളെയും കുറിച്ചാണു പറയുന്നതെന്ന് തോന്നുന്നു. അങ്ങനെയാണെങ്കിൽ ഭാവിയിൽ പിൻവരുന്ന കാര്യങ്ങൾ നടക്കുമെന്നു നമുക്കു പ്രതീക്ഷിക്കാം.
14 മഹാകഷ്ടത തുടങ്ങി കുറച്ച് സമയം കഴിഞ്ഞ് ‘ഭൂമിയിൽ എല്ലായിടത്തുമുള്ള രാജാക്കന്മാർ’ രാഷ്ട്രങ്ങളുടെ ഒരു സഖ്യം ഉണ്ടാക്കും. (വെളി. 16:13, 14; 19:19) രാഷ്ട്രങ്ങളുടെ ആ കൂട്ടത്തെയാണ് ‘മാഗോഗ് ദേശത്തെ ഗോഗ്’ എന്ന് തിരുവെഴുത്തുകൾ വിളിക്കുന്നത്. (യഹ. 38:2) രാഷ്ട്രങ്ങളുടെ ഈ കൂട്ടം ദൈവജനത്തെ പൂർണമായി തുടച്ചുനീക്കുക എന്ന ലക്ഷ്യത്തിൽ ഒരു അവസാന ആക്രമണം നടത്തും. അതിന് അവരെ പ്രേരിപ്പിക്കുന്നത് എന്തായിരിക്കും? ഈ കാലഘട്ടത്തെക്കുറിച്ചുള്ള ദർശനത്തിൽ, യോഹന്നാൻ അപ്പോസ്തലൻ ദൈവത്തിന്റെ ശത്രുക്കളുടെമേൽ അസാധാരണ വലുപ്പമുള്ള ആലിപ്പഴങ്ങൾ മഴപോലെ പെയ്യുന്നതു കണ്ടു. ദൈവജനം അറിയിക്കുന്ന ശക്തമായ ന്യായവിധിസന്ദേശം ആയിരിക്കാം യോഹന്നാൻ കണ്ട ആ ആലിപ്പഴങ്ങൾ അർഥമാക്കുന്നത്. ദൈവജനത്തെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുക എന്ന ലക്ഷ്യത്തിൽ അവരെ ആക്രമിക്കാൻ മാഗോഗിലെ ഗോഗിനെ പ്രേരിപ്പിക്കുന്നത് ആ ന്യായവിധിസന്ദേശം ആയിരിക്കാം.—വെളി. 16:21.
15-16. (എ) ദാനിയേൽ 11:44, 45 ഏതു സംഭവങ്ങളെക്കുറിച്ചായിരിക്കാം പറയുന്നത്? (ബി) വടക്കേ രാജാവിനും മാഗോഗിലെ ഗോഗിന്റെ ഭാഗമായ മറ്റു രാഷ്ട്രങ്ങൾക്കും എന്തു സംഭവിക്കും?
15 ശക്തമായ ന്യായവിധി സന്ദേശത്തെയും ദൈവത്തിന്റെ ശത്രുക്കളുടെ അവസാന ആക്രമണത്തെയും കുറിച്ച് തന്നെയായിരിക്കാം ദാനിയേൽ 11:44, 45-ൽ (വായിക്കുക.) മറ്റു വാക്കുകളിൽ വിവരിച്ചിരിക്കുന്നത്. “കിഴക്കുനിന്നും വടക്കുനിന്നും ഉള്ള വാർത്തകൾ” വടക്കേ രാജാവിനെ അസ്വസ്ഥനാക്കുമെന്നും ‘അനേകരെ കൊന്നുമുടിക്കുക’ എന്ന ഉദ്ദേശ്യത്തിൽ അവൻ ‘മഹാക്രോധത്തോടെ ഇറങ്ങിത്തിരിക്കുമെന്നും’ ദാനിയേൽ പറയുന്നു. ഇവിടെ ‘അനേകർ’ എന്നു പറയുന്നത് യഹോവയുടെ ജനമായിരിക്കാം. ദൈവജനത്തിനു നേരെയുള്ള അവസാന ആക്രമണത്തെക്കുറിച്ചായിരിക്കാം ദാനിയേൽ ഇവിടെ പറയുന്നത്.c
16 മറ്റു ലോകരാഷ്ട്രങ്ങളോടു ചേർന്ന് വടക്കേ രാജാവ് നടത്തുന്ന ഈ ആക്രമണം സർവശക്തനായ ദൈവത്തെ കോപിപ്പിക്കും. അത് അർമഗെദോൻ യുദ്ധത്തിന് തിരികൊളുത്തും. (വെളി. 16:14, 16) ആ യുദ്ധത്തിൽ മാഗോഗിലെ ഗോഗിലെ മറ്റു രാഷ്ട്രങ്ങളുടെ കൂടെ വടക്കേ രാജാവും അന്തരിക്കും. “അവനെ സഹായിക്കാൻ ആരുമുണ്ടാകില്ല.”—ദാനി. 11:45.
17. ദാനിയേൽ 12:1-ൽ പറഞ്ഞിരിക്കുന്ന “മഹാപ്രഭുവായ” മീഖായേൽ ആരാണ്, മീഖായേൽ ഇപ്പോൾ എന്തു ചെയ്യുന്നു, സമീപഭാവിയിൽ എന്തു ചെയ്യും?
17 വടക്കേ രാജാവും കൂടെയുള്ള ഗവൺമെന്റുകളും എങ്ങനെ നശിപ്പിക്കപ്പെടുമെന്നും നമ്മൾ എങ്ങനെ രക്ഷപ്പെടുമെന്നും ദാനിയേൽ പ്രവചനത്തിലെ തൊട്ടടുത്ത വാക്യം കൂടുതൽ വിവരങ്ങൾ തരുന്നുണ്ട്. (ദാനിയേൽ 12:1 വായിക്കുക.) എന്താണ് ഈ വാക്യത്തിന്റെ അർഥം? ഇപ്പോൾ ഭരണം നടത്തുന്ന നമ്മുടെ രാജാവായ ക്രിസ്തുയേശുവിന്റെ മറ്റൊരു പേരാണു മീഖായേൽ. 1914-ൽ സ്വർഗത്തിൽ രാജ്യം സ്ഥാപിതമായതുമുതൽ മീഖായേൽ ദൈവജനത്തിനു വേണ്ടി ‘നിൽക്കുകയാണ്.’ പെട്ടെന്നുതന്നെ അർമഗെദോൻ യുദ്ധത്തിൽ ശത്രുക്കളെ നശിപ്പിക്കാനായി മീഖായേൽ “എഴുന്നേൽക്കും.” ആ യുദ്ധത്തോടെ, മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ‘കഷ്ടതയുടെ കാലം’ എന്ന് ദാനിയേൽ വിളിക്കുന്ന കാലഘട്ടം അവസാനിക്കും. വെളിപാടിൽ രേഖപ്പെടുത്തിയിരിക്കുന്ന യോഹന്നാന്റെ പ്രവചനം ഈ കാലത്തെ വിളിക്കുന്നത് “മഹാകഷ്ടത” എന്നാണ്.—വെളി. 6:2; 7:14.
നിങ്ങളുടെ പേര് “പുസ്തകത്തിൽ” കാണുമോ?
18. നമുക്കു ഭാവിയിലേക്കു ധൈര്യത്തോടെ നോക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
18 നമുക്കു ധൈര്യത്തോടെ ഭാവിയിലേക്ക് നോക്കാൻ കഴിയും. കാരണം യഹോവയെയും യേശുവിനെയും സേവിക്കുന്നവർ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഈ കഷ്ടതയുടെ കാലത്തെ അതിജീവിക്കുമെന്ന് ദാനിയേലും യോഹന്നാനും ഉറപ്പു തരുന്നു. അതിജീവിക്കുന്നവരുടെ പേരുകൾ പുസ്തകത്തിൽ ‘എഴുതിയിട്ടുണ്ടായിരിക്കുമെന്ന്’ ദാനിയേൽ പറയുന്നു. (ദാനി. 12:1) ആ പുസ്തകത്തിൽ നമ്മുടെ പേര് എഴുതണമെങ്കിൽ നമ്മൾ എന്തു ചെയ്യണം? അതിന്, ദൈവത്തിന്റെ കുഞ്ഞാടായ യേശുവിൽ വിശ്വാസമുണ്ടെന്ന് നമ്മൾ വ്യക്തമായി തെളിയിക്കണം. (യോഹ. 1:29) ദൈവത്തിന് ജീവിതം സമർപ്പിക്കുകയും സ്നാനപ്പെടുകയും ചെയ്യണം. (1 പത്രോ. 3:21) കൂടാതെ, യഹോവയെക്കുറിച്ച് പഠിക്കാൻ നമ്മുടെ കഴിവിന്റെ പരമാവധി മറ്റുള്ളവരെ സഹായിച്ചുകൊണ്ട് ദൈവരാജ്യത്തെ പിന്തുണയ്ക്കുന്നെന്നു കാണിക്കണം.
19. നമ്മൾ ഇപ്പോൾ എന്തു ചെയ്യണം, എന്തുകൊണ്ട്?
19 ഇപ്പോഴാണ് യഹോവയിലും യഹോവയുടെ വിശ്വസ്തദാസർ അടങ്ങുന്ന സംഘടനയിലും ഉള്ള നമ്മുടെ വിശ്വാസം ശക്തമാക്കാനുള്ള സമയം. ഇപ്പോഴാണ് ദൈവരാജ്യത്തെ പിന്തുണയ്ക്കാനുള്ള സമയം. നമ്മൾ അങ്ങനെ ചെയ്യുന്നെങ്കിൽ ദൈവരാജ്യം വടക്കേ രാജാവിനെയും തെക്കേ രാജാവിനെയും നശിപ്പിക്കുമ്പോൾ നമ്മൾ രക്ഷപ്പെടും.
ഗീതം 149 ഒരു വിജയഗീതം
a ഇന്ന് ആരാണ് ‘വടക്കേ രാജാവ്,’ അവൻ എങ്ങനെയായിരിക്കും ‘അന്തരിക്കുന്നത്?’ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അറിയുന്നതു നമ്മുടെ വിശ്വാസം ശക്തമാക്കും, പെട്ടെന്നുതന്നെ സംഭവിക്കാനിരിക്കുന്ന മഹാകഷ്ടതയുടെ സമയത്തെ പരിശോധനകൾക്കായി അതു നമ്മളെ ഒരുക്കും.
b ദാനിയേൽ 2:36-45-നെയും വെളിപാട് 13:1, 2-നെയും കുറിച്ച് കൂടുതൽ അറിയാൻ 2012 ജൂൺ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 7-19 പേജുകൾ കാണുക.
c കൂടുതൽ വിവരങ്ങൾക്ക് 2015 മെയ് 15 ലക്കം വീക്ഷാഗോപുരത്തിന്റെ 29, 30 പേജുകൾ കാണുക.