പാഠം 26
ഇത്രയധികം കഷ്ടപ്പാടും ദുരിതവും ഉള്ളത് എന്തുകൊണ്ട്?
ദുരിതങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ ഇങ്ങനെ ചോദിച്ചേക്കാം: “എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്?” ബൈബിൾ അതിന് ഉത്തരം തരുന്നുണ്ട്. അത് അറിയുന്നത് നമുക്ക് ആശ്വാസം തരും.
1. സാത്താൻ തിന്മയ്ക്ക് തുടക്കംകുറിച്ചത് എങ്ങനെയാണ്?
പിശാചായ സാത്താൻ ദൈവത്തിനെതിരെ ധിക്കാരത്തോടെ പ്രവർത്തിച്ചു. മറ്റുള്ളവരെ ഭരിക്കാനായിരുന്നു സാത്താന്റെ ആഗ്രഹം. അതുകൊണ്ട് സാത്താൻ ആദ്യമനുഷ്യരായ ആദാമിനെയും ഹവ്വയെയും സ്വാധീനിച്ച് വശത്താക്കി ദൈവത്തിനെതിരെ തിരിച്ചു. (ഉൽപത്തി 3:1-5) ഹവ്വയ്ക്കു കിട്ടേണ്ടിയിരുന്ന പല നന്മകളും യഹോവ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് സാത്താൻ തെറ്റിദ്ധരിപ്പിച്ചു. ദൈവത്തെ അനുസരിക്കാതിരുന്നാൽ മനുഷ്യർക്കു കൂടുതൽ സന്തോഷം കിട്ടും എന്നാണ് സാത്താൻ സൂചിപ്പിച്ചത്. ഹവ്വയോട് അവൾ മരിക്കില്ല എന്നു പറഞ്ഞുകൊണ്ട് സാത്താൻ ആദ്യത്തെ നുണ പറഞ്ഞു. അതുകൊണ്ട് ബൈബിൾ സാത്താനെ “നുണയനും നുണയുടെ അപ്പനും” എന്നു വിളിക്കുന്നു.—യോഹന്നാൻ 8:44.
2. എന്തു ചെയ്യാനാണ് ആദാമും ഹവ്വയും തീരുമാനിച്ചത്?
യഹോവ കൊടുക്കാൻ മനസ്സുള്ള ദൈവമാണ്. ആദാമിനും ഹവ്വയ്ക്കും യഹോവ ഒരു നന്മയും കൊടുക്കാതിരുന്നില്ല. ഏദെൻ തോട്ടത്തിലെ ഒരു മരത്തിൽനിന്ന് ഒഴികെ എല്ലാ മരങ്ങളിൽനിന്നും അവർക്ക് കഴിക്കാമായിരുന്നു. (ഉൽപത്തി 2:15-17) എന്നാൽ ദൈവം വിലക്കിയ മരത്തിലെ പഴം പറിച്ച് തിന്നാൻ അവർ തീരുമാനിച്ചു. ഹവ്വ “പഴം പറിച്ച് തിന്നു” എന്ന് ബൈബിൾ പറയുന്നു. പിന്നീട് ആദാമിനും കൊടുത്തു. (ഉൽപത്തി 3:6) അങ്ങനെ അവർ രണ്ടുപേരും ദൈവത്തോട് അനുസരണക്കേടു കാണിച്ചു. ഒന്നു ചിന്തിക്കുക: ആദാമും ഹവ്വയും പൂർണരായ മനുഷ്യരായിരുന്നു. അതായത്, അവർക്ക് നമ്മളെപ്പോലെ തെറ്റു ചെയ്യാനുള്ള സ്വാഭാവികമായ ചായ്വ് ഇല്ലായിരുന്നു. എന്നിട്ടും അവർ മനഃപൂർവം ദൈവത്തോട് അനുസരണക്കേടു കാണിച്ചു. അങ്ങനെ അവർ പാപികളായിത്തീർന്നു. ശരിയും തെറ്റും തീരുമാനിക്കാനുള്ള ദൈവത്തിന്റെ അവകാശം തങ്ങൾ അംഗീകരിക്കുന്നില്ല എന്നാണ് അവർ ആ പ്രവൃത്തിയിലൂടെ തെളിയിച്ചത്. അവരുടെ തീരുമാനം അവർക്ക് വലിയ ദുരിതങ്ങളാണ് വരുത്തിവെച്ചത്.—ഉൽപത്തി 3:16-19.
3. ആദാമിന്റെയും ഹവ്വയുടെയും അനുസരണക്കേടിന്റെ ഫലമായി എന്തു സംഭവിച്ചു?
ആദാമും ഹവ്വയും പാപം ചെയ്തപ്പോൾ അവർ അപൂർണരായിത്തീർന്നു. അവരുടെ പാപവും അപൂർണതയും പിന്നീടുള്ള തലമുറകൾക്കും കൈമാറി. ആദാമിനെക്കുറിച്ച് ബൈബിൾ പറയുന്നത് ഇങ്ങനെയാണ്: ‘ഒരു മനുഷ്യനിലൂടെ പാപവും പാപത്തിലൂടെ മരണവും ലോകത്തിൽ കടന്നു. അങ്ങനെ മരണം എല്ലാ മനുഷ്യരിലേക്കും വ്യാപിച്ചു.’—റോമർ 5:12.
നമ്മൾ ഇന്ന് ദുരിതങ്ങൾ അനുഭവിക്കുന്നത് പല കാരണങ്ങൾ കൊണ്ടാണ്. നമ്മുടെ തെറ്റായ തീരുമാനങ്ങൾ, മറ്റുള്ളവരുടെ തെറ്റായ തീരുമാനങ്ങൾ, അപ്രതീക്ഷിതമായ സംഭവങ്ങൾ എന്നീ കാരണങ്ങളാലൊക്കെ നമുക്കു ദുരിതങ്ങൾ വന്നേക്കാം.—സഭാപ്രസംഗകൻ 9:11 വായിക്കുക.
ആഴത്തിൽ പഠിക്കാൻ
ഇന്നത്തെ കഷ്ടപ്പാടുകൾക്കും ദുരിതങ്ങൾക്കും കാരണക്കാരൻ ദൈവമല്ലെന്നു പറയുന്നത് എന്തുകൊണ്ടാണ്? നമ്മൾ ദുരിതങ്ങളും കഷ്ടപ്പാടുകളും അനുഭവിക്കുമ്പോൾ ദൈവത്തിന് എന്താണ് തോന്നുന്നത്? നമുക്കു നോക്കാം.
4. ആരാണ് നമ്മുടെ ദുരിതങ്ങൾക്ക് കാരണക്കാരൻ?
ഈ ലോകത്തെ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് ദൈവമാണ് എന്നാണ് പലയാളുകളും വിശ്വസിക്കുന്നത്. അതു സത്യമാണോ? വീഡിയോ കാണുക.
യാക്കോബ് 1:13; 1 യോഹന്നാൻ 5:19 എന്നീ വാക്യങ്ങൾ വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
ദുരിതങ്ങൾക്കും കഷ്ടപ്പാടുകൾക്കും ഉത്തരവാദി ദൈവമാണോ?
5. സാത്താൻ ഭരണം തുടങ്ങിയതിനു ശേഷം എന്താണ് സംഭവിച്ചിരിക്കുന്നത്?
ഉൽപത്തി 3:1-6 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
സാത്താൻ പറഞ്ഞ നുണ എന്തായിരുന്നു?—4, 5 വാക്യങ്ങൾ കാണുക.
മനുഷ്യരിൽനിന്ന് നന്മ പിടിച്ചുവെക്കുന്ന ഒരു ദൈവമാണ് യഹോവ എന്ന് സാത്താൻ സൂചിപ്പിച്ചത് എങ്ങനെയാണ്?
മനുഷ്യർക്ക് സന്തോഷത്തോടെ ജീവിക്കാൻ യഹോവയുടെ ഭരണം ആവശ്യമില്ലെന്ന് സാത്താൻ എങ്ങനെയാണ് സൂചിപ്പിച്ചത്?
സഭാപ്രസംഗകൻ 8:9 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
സാത്താൻ ഈ ലോകത്തെ ഭരിക്കാൻ തുടങ്ങിയതുമുതൽ എന്ത് സംഭവിച്ചിരിക്കുന്നു?
പൂർണമനുഷ്യരായിരുന്ന ആദാമും ഹവ്വയും പറുദീസയിലാണ് ജീവിച്ചിരുന്നത്. എന്നാൽ അവർ സാത്താന്റെ വാക്കുകേട്ട് യഹോവയെ ധിക്കരിച്ചു
അവരുടെ ധിക്കാരത്തിന്റെ ഫലമായി ലോകം പാപവും ദുരിതവും മരണവും കൊണ്ട് നിറഞ്ഞിരിക്കുന്നു
ദൈവം പാപവും ദുരിതവും മരണവും ഇല്ലാതാക്കും. മനുഷ്യർ വീണ്ടും പൂർണരാകും, പറുദീസയിൽ എന്നേക്കും ജീവിക്കും
6. നമ്മൾ ദുരിതം അനുഭവിക്കുമ്പോൾ യഹോവയ്ക്ക് വിഷമം തോന്നുന്നു
നമ്മൾ ദുരിതം അനുഭവിക്കുന്നതു കാണുമ്പോൾ യഹോവയ്ക്ക് എന്തു തോന്നും? നമ്മളെ സഹായിക്കുമോ? ദാവീദ് രാജാവും അപ്പോസ്തലനായ പത്രോസും എഴുതിയത് നോക്കുക. സങ്കീർത്തനം 31:7; 1 പത്രോസ് 5:7 എന്നീ വാക്യങ്ങൾ വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
നമ്മൾ അനുഭവിക്കുന്ന ദുരിതവും കഷ്ടപ്പാടും യഹോവ കാണുന്നുണ്ടെന്നും നമുക്കുവേണ്ടി കരുതുന്നുണ്ടെന്നും മനസ്സിലാക്കിയപ്പോൾ നിങ്ങൾക്ക് എന്താണ് തോന്നിയത്?
7. മനുഷ്യർ അനുഭവിക്കുന്ന എല്ലാ ദുരിതങ്ങളും ദൈവം ഇല്ലാതാക്കും
യശയ്യ 65:17; വെളിപാട് 21:3, 4 എന്നീ വാക്യങ്ങൾ വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
മനുഷ്യർ അനുഭവിക്കുന്ന എല്ലാ കഷ്ടപ്പാടുകളും ദൈവം ഇല്ലാതാക്കും. ഇക്കാര്യം നമ്മളെ ആശ്വസിപ്പിക്കുന്നത് എന്തുകൊണ്ട്?
നിങ്ങൾക്ക് അറിയാമോ?
സാത്താൻ പറഞ്ഞ ആദ്യത്തെ നുണ യഹോവയ്ക്കെതിരെയുള്ള ഒരു ദൂഷണം ആയിരുന്നു. സത്യസന്ധനും സ്നേഹനിധിയും ആയ ഒരു ഭരണാധികാരി എന്ന യഹോവയുടെ സത്പേര് സാത്താൻ ദുഷിപ്പിച്ചു. എന്നാൽ പെട്ടെന്നുതന്നെ മനുഷ്യരുടെ ദുരിതങ്ങളൊക്കെ പരിഹരിക്കുമ്പോൾ തന്റെ ഭരണമാണ് ഏറ്റവും നല്ലതെന്ന് യഹോവ തെളിയിക്കും. യഹോവ തന്റെ പേരിനു വന്നിരിക്കുന്ന നിന്ദ നീക്കും, പേര് പരിശുദ്ധമാക്കും. യഹോവയുടെ പേര് പരിശുദ്ധമാകുന്നതാണ് ഈ പ്രപഞ്ചത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം.—മത്തായി 6:9, 10.
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “ഈ കഷ്ടപ്പാടൊക്കെ ദൈവംതന്നെ വെച്ചിരിക്കുന്നതാ.”
നിങ്ങൾ എന്ത് ഉത്തരം പറയും?
ചുരുക്കത്തിൽ
ലോകത്തിലെ ദുരിതങ്ങൾക്കുള്ള പ്രധാന ഉത്തരവാദികൾ പിശാചായ സാത്താനും ആദ്യമനുഷ്യരായ ആദാമും ഹവ്വയും ആണ്. നമ്മൾ അനുഭവിക്കുന്ന ദുരിതങ്ങൾ കാണുമ്പോൾ യഹോവയ്ക്ക് വളരെ വിഷമം തോന്നുന്നു. പെട്ടെന്നുതന്നെ ഈ ദുരിതങ്ങളെല്ലാം യഹോവ ഇല്ലാതാക്കും.
ഓർക്കുന്നുണ്ടോ?
ഹവ്വയോടു പിശാചായ സാത്താൻ പറഞ്ഞ നുണ എന്താണ്?
ആദാമിന്റെയും ഹവ്വയുടെയും ധിക്കാരം കാരണം നമുക്ക് എന്താണ് സംഭവിച്ചത്?
ദുരിതങ്ങൾ അനുഭവിക്കുമ്പോൾ യഹോവ നമ്മളെ കരുതുമെന്ന് എങ്ങനെ അറിയാം?
കൂടുതൽ മനസ്സിലാക്കാൻ
പാപത്തിന് ബൈബിൾ നൽകുന്ന നിർവചനം നോക്കാം.
ഏദെൻ തോട്ടത്തിൽവെച്ച് പിശാചായ സാത്താൻ ദൈവത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വായിക്കുക.
“ദൈവം കഷ്ടപ്പാട് അനുവദിക്കുന്നത് എന്തുകൊണ്ട്?” (വെബ്സൈറ്റിലെ ലേഖനം)
ബുദ്ധിമുട്ടേറിയ ഒരു ചോദ്യത്തിനുള്ള തൃപ്തികരമായ ഉത്തരം മനസ്സിലാക്കാം.
ജീവിതത്തിൽ ദുരിതങ്ങൾ മാത്രം കണ്ടു വളർന്ന ഒരു വ്യക്തി എന്താണ് പഠിച്ചതെന്നു നോക്കാം.