യഹോവ നമ്മുടെ സങ്കേതം
“യഹോവേ, നീ തലമുറതലമുറയായി ഞങ്ങളുടെ സങ്കേതമായിരിക്കുന്നു.”—സങ്കീ. 90:1, വിശുദ്ധ സത്യവേദ പുസ്തകം, MMV.
1, 2. ഈ വ്യവസ്ഥിതിയെക്കുറിച്ച് ദൈവവദാസർക്ക് എന്തു തോന്നുന്നു, അവർക്ക് ഒരു വാസസ്ഥാനമുള്ളത് ഏത് അർഥത്തിൽ?
ഈ ലോകം നിങ്ങളുടെ വീടുപോലെ നിങ്ങൾക്കു തോന്നുന്നുണ്ടോ? ആ ഗൃഹാന്തരീക്ഷവും സ്വസ്ഥതയും നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടോ? ഇല്ല എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ നിങ്ങൾക്കു മാത്രമല്ല ആ അഭിപ്രായമുള്ളത്. കാലമിന്നോളം യഹോവയെ ഹൃദയപൂർവം സ്നേഹിച്ചിട്ടുള്ളവർക്കെല്ലാം തങ്ങൾ ഈ വ്യവസ്ഥിതിയിൽ അന്യരും പരദേശികളും ആണെന്നാണ് തോന്നിയിട്ടുള്ളത്. ഉദാഹരണത്തിന്, കനാൻദേശത്ത് കൂടാരങ്ങളിൽനിന്നു കൂടാരങ്ങളിലേക്ക് മാറിമാറി പാർത്ത ദൈവത്തിന്റെ വിശ്വസ്തദാസന്മാർ ‘ദേശത്തു തങ്ങൾ അന്യരും പ്രവാസികളും മാത്രമാണെന്ന് സമ്മതിച്ചുപറഞ്ഞു.’—എബ്രാ. 11:13.
2 സമാനമായി, ‘സ്വർഗത്തിൽ പൗരത്വമുള്ള’ ക്രിസ്തുവിന്റെ അഭിഷിക്താനുഗാമികൾ ഈ വ്യവസ്ഥിതിയിൽ തങ്ങളെത്തന്നെ “അന്യരും പ്രവാസികളു”മായി വീക്ഷിക്കുന്നു. (ഫിലി. 3:20; 1 പത്രോ. 2:11) ക്രിസ്തുവിന്റെ ‘വേറെ ആടുകളെ’ സംബന്ധിച്ചിടത്തോളം, ക്രിസ്തു “ലോകത്തിന്റെ ഭാഗമല്ലാത്തതുപോലെതന്നെ അവരും ലോകത്തിന്റെ ഭാഗമല്ല.” (യോഹ. 10:16; 17:16) അതിനർഥം ദൈവജനത്തിന് ഒരു വാസസ്ഥാനം അഥവാ ‘സങ്കേതം’ ഇല്ല എന്നല്ല. വാസ്തവത്തിൽ, മറ്റെങ്ങും ലഭിക്കാത്ത സുരക്ഷിതത്വവും ഊഷ്മളതയും നിറഞ്ഞ ഒരു ‘സങ്കേതം’ നമുക്കുണ്ട്. നമ്മുടെ വിശ്വാസനേത്രങ്ങളാൽ മാത്രമേ അത് അനുഭവവേദ്യമാകൂ. മോശ യഹോവയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “കർത്താവേ, നീ തലമുറതലമുറയായി ഞങ്ങളുടെ സങ്കേതമായിരിക്കുന്നു.” (സങ്കീ. 90:1) എങ്ങനെയാണ് പുരാതന നാളിലെ തന്റെ വിശ്വസ്തദാസർക്ക് യഹോവ ഒരു ‘സങ്കേതം’ ആയിരുന്നത്? എങ്ങനെയാണ് തന്റെ നാമം വഹിക്കുന്ന ജനത്തിന് ഇന്ന് അവൻ ഒരു ‘സങ്കേതം’ ആയിരിക്കുന്നത്? ഭാവിയിൽ താൻ മാത്രമായിരിക്കും ഏകസങ്കേതം എന്ന് യഹോവ തെളിയിക്കുന്നത് എങ്ങനെയായിരിക്കും?
യഹോവ കഴിഞ്ഞ കാലത്തെ ദൈവദാസർക്ക് ഒരു ‘സങ്കേതം’
3. സങ്കീർത്തനം 90:1-ലെ വാങ്മയചിത്രത്തിന്റെ ഉപമേയവും ഉപമാനവും സമാനതയും എന്താണ്?
3 ബൈബിളിലെ ഒട്ടേറെ വാങ്മയചിത്രങ്ങളുടെ കാര്യത്തിലെന്നപോലെതന്നെ സങ്കീർത്തനം 90:1-നും ഒരു ഉപമേയവും ഉപമാനവും സമാനതയും ഉണ്ട്. ഇവിടെ യഹോവയെ ഒരു വാസസ്ഥാനത്തോട് താരതമ്യപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് ഉപമേയം യഹോവയാണ്. ഉപമാനമായി വരുന്നത് ‘സങ്കേതം’ അഥവാ വാസസ്ഥാനം. യഹോവയ്ക്ക് ഒരു വാസസ്ഥാനവുമായി ധാരാളം സമാനതകളുണ്ട്. ഉദാഹരണത്തിന്, യഹോവ തന്റെ ജനത്തിന് സംരക്ഷണമേകുന്നു. ഇത് യഹോവ സ്നേഹത്തിന്റെ മൂർത്തിമദ്ഭാവമാണ് എന്ന വസ്തുതയുമായി യോജിപ്പിലാണ്. (1 യോഹ. 4:8) അവൻ സമാധാനത്തിന്റെ ദൈവവുമാണ്, തന്റെ വിശ്വസ്തരെ അവൻ ‘നിർഭയം വസിക്കുമാറാക്കുന്നു.’ (സങ്കീ. 4:8) ദൃഷ്ടാന്തത്തിന് അബ്രാഹാം മുതലുള്ള വിശ്വസ്തരായ ഗോത്രപിതാക്കന്മാരുമായി അവൻ ഇടപെട്ട വിധം നമുക്കു നോക്കാം.
4, 5. ദൈവം അബ്രാഹാമിന് ഒരു ‘സങ്കേതം’ ആയിത്തീർന്നത് എങ്ങനെ?
4 യഹോവ അബ്രാഹാമിനോട് പിൻവരുന്നപ്രകാരം പറഞ്ഞപ്പോഴുള്ള അബ്രാഹാമിന്റെ മനോവികാരം നമുക്ക് ഊഹിക്കാനേ കഴിയൂ: “നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും . . . വിട്ടു പുറപ്പെട്ടു ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക.” അതു കേട്ട് അബ്രാഹാമിന് ആശങ്ക തോന്നിയെങ്കിൽത്തന്നെ യഹോവ അടുത്തതായി പറഞ്ഞ വാക്കുകളിൽ അവയെല്ലാം അലിഞ്ഞ് ഇല്ലാതായി: “ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; . . . നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും.”—ഉല്പ. 12:1-3.
5 അപ്രകാരം പറഞ്ഞുകൊണ്ട് അബ്രാഹാമിന്റെയും സന്തതിപരമ്പരകളുടെയും സുരക്ഷിതസങ്കേതമായിരിക്കുക എന്ന ഉത്തരവാദിത്വം യഹോവ സ്വയം ഏറ്റെടുത്തു. (ഉല്പ. 26:1-6) ആ വാഗ്ദാനം യഹോവ പാലിച്ചു. ഉദാഹരണത്തിന്, ഈജിപ്തിലെ ഫറവോനും ഗെരാർരാജാവായ അബീമേലെക്കും സാറായെ തൊടാതെയും അബ്രാഹാമിനെ അപായപ്പെടുത്താതെയുമിരിക്കാൻ അവൻ ഇടപെട്ടു. യിസ്ഹാക്കിനെയും റിബെക്കയെയും സമാനമായ വിധത്തിൽ അവൻ സംരക്ഷിച്ചു. (ഉല്പ. 12:14-20; 20:1-14; 26:6-11) യഹോവയെക്കുറിച്ച് തിരുവെഴുത്ത് ഇങ്ങനെ പറയുന്നു: “അവരെ പീഡിപ്പിപ്പാൻ അവൻ ആരെയും സമ്മതിച്ചില്ല; അവരുടെ നിമിത്തം അവൻ രാജാക്കന്മാരെ ശാസിച്ചു: എന്റെ അഭിഷിക്തന്മാരെ തൊടരുതു, എന്റെ പ്രവാചകന്മാർക്കു ഒരു ദോഷവും ചെയ്യരുതു എന്നു പറഞ്ഞു.”—സങ്കീ. 105:14, 15.
6. യിസ്ഹാക്ക് യാക്കോബിനോട് എന്തു ചെയ്യാനാണ് ആവശ്യപ്പെട്ടത്, യാക്കോബിന് എന്തു തോന്നിയിട്ടുണ്ടാകാം?
6 ആ പ്രവാചകന്മാരിൽ അബ്രാഹാമിന്റെ കൊച്ചുമകനായ യാക്കോബും ഉൾപ്പെടുന്നു. യാക്കോബിനുവേണ്ടി ഒരു വധുവിനെ കണ്ടെത്തേണ്ട സമയമായപ്പോൾ അവന്റെ പിതാവായ യിസ്ഹാക്ക് അവനോടു പറഞ്ഞു: “നീ കനാന്യ സ്ത്രീകളിൽനിന്നു ഭാര്യയെ എടുക്കരുതു. പുറപ്പെട്ടു പദ്ദൻ-അരാമിൽ നിന്റെ അമ്മയുടെ അപ്പനായ ബെഥൂവേലിന്റെ വീട്ടിൽ ചെന്നു നിന്റെ അമ്മയുടെ സഹോദരനായ ലാബാന്റെ പുത്രിമാരിൽനിന്നു നിനക്കു ഒരു ഭാര്യയെ എടുക്ക.” (ഉല്പ. 28:1, 2) യാക്കോബ് ഒട്ടും അമാന്തിക്കാതെ അപ്പൻ പറഞ്ഞതുപോലെ ചെയ്തു. കനാനിൽ സ്വന്തം കുടുംബത്തിന്റെ തണലിൽനിന്ന് നൂറുകണക്കിനു മൈലുകൾ അകലെയുള്ള ഹാരാൻ ദേശത്തേക്ക് അവൻ യാത്രയായി. യാത്ര ഒറ്റയ്ക്കായിരുന്നിരിക്കാനാണ് സാധ്യത. (ഉല്പ. 28:10) ‘എത്രകാലം ഞാൻ വീട്ടുകാരെ പിരിഞ്ഞ് നിൽക്കേണ്ടിവരും? അമ്മാവനും വീട്ടുകാരും എന്നെ സന്തോഷത്തോടെ സ്വീകരിച്ച് ദൈവഭയമുള്ള ഒരു പെൺകുട്ടിയെ എനിക്ക് വിവാഹം ചെയ്തുതരുമോ?’ അവന്റെ മനസ്സിൽ ഉത്കണ്ഠകൾ നിറഞ്ഞിരിക്കാം. എന്നാൽ മനസ്സിനെ മഥിക്കുന്ന ആ ചിന്തകളെല്ലാം പെട്ടെന്നുതന്നെ മാഞ്ഞുപോകുമായിരുന്നു. യാക്കോബ് യാത്ര ചെയ്ത് ബേർ-ശേബയിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള ലൂസ് എന്ന പട്ടണത്തിലെത്തി. അവിടെവെച്ച് എന്താണു സംഭവിച്ചത്?
7. ഒരു സ്വപ്നത്തിലൂടെ ദൈവം യാക്കോബിന് എന്ത് ഉറപ്പു നൽകി?
7 ലൂസ് പട്ടണത്തിൽവെച്ച് യഹോവ യാക്കോബിന് സ്വപ്നത്തിൽ പ്രത്യക്ഷനായി ഇങ്ങനെ പറഞ്ഞു: “ഇതാ, ഞാൻ നിന്നോടുകൂടെയുണ്ടു; നീ പോകുന്നേടത്തൊക്കെയും നിന്നെ കാത്തു ഈ രാജ്യത്തേക്കു നിന്നെ മടക്കിവരുത്തും; ഞാൻ നിന്നെ കൈവിടാതെ നിന്നോടു അരുളിച്ചെയ്തതു നിവർത്തിക്കും.” (ഉല്പ. 28:15) ദയാനിർഭരമായ ആ വാക്കുകൾ യാക്കോബിനെ എത്രയധികം ആശ്വസിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്തിട്ടുണ്ടാകണം! ദൈവത്തിന്റെ ആ വാഗ്ദാനം എങ്ങനെ നിറവേറുമെന്ന് അറിയാനുള്ള ആകാംക്ഷയോടെ മുന്നോട്ടു ചുവടുവെക്കുന്ന യാക്കോബിനെ നിങ്ങൾക്ക് കാണാനാകുന്നുണ്ടോ? മറ്റൊരു ദേശത്ത് സേവിക്കാനായി നിങ്ങൾ ഇപ്പോൾ വീട്ടിൽനിന്ന് അകലെ താമസിക്കുകയാണോ? എങ്കിൽ യാക്കോബിന്റെ വികാരങ്ങൾ ഏറെക്കുറെ നിങ്ങൾക്കു മനസ്സിലാകും. യഹോവ നിങ്ങൾക്കായി കരുതുന്നുവെന്ന് ഇതിനോടകം നിങ്ങൾ രുചിച്ചറിഞ്ഞിട്ടുണ്ടാകും.
8, 9. യഹോവ യാക്കോബിന് ഒരു ‘സങ്കേതം’ ആണെന്നു തെളിഞ്ഞത് എങ്ങനെ, അതിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
8 ഹാരാനിലെത്തിയ യാക്കോബിനെ അവന്റെ അമ്മാവനായ ലാബാൻ ഹൃദ്യമായി വരവേറ്റു. പിന്നീട് ലേയയെയും റാഹേലിനെയും അവന് ഭാര്യമാരായി നൽകി. എന്നിരുന്നാലും, കാലം കടന്നുപോയതോടെ ലാബാൻ യാക്കോബിനെ ചൂഷണം ചെയ്യാൻ തുനിഞ്ഞു. അയാൾ പത്തു പ്രാവശ്യം അവന്റെ “പ്രതിഫലം മാറ്റി.” (ഉല്പ. 31:41, 42) പക്ഷേ യാക്കോബ് ഈ അനീതികളെല്ലാം സഹിച്ചുനിന്നു. യഹോവ തനിക്കായി തുടർന്നും കരുതുമെന്ന വിശ്വാസം അവനുണ്ടായിരുന്നു. ആ വിശ്വാസം അസ്ഥാനത്തായില്ല, യഹോവ വാക്കു പാലിച്ചു. കനാനിലേക്കു മടങ്ങിയെത്താൻ ദൈവം യാക്കോബിനോടു പറഞ്ഞ സമയമായപ്പോഴേക്കും ഒരു ഗോത്രപിതാവായിത്തീർന്നിരുന്ന യാക്കോബിന്, ‘വളരെ ആടുകളും ദാസീദാസന്മാരും ഒട്ടകങ്ങളും കഴുതകളും ഉണ്ടായിരുന്നു.’ (ഉല്പ. 30:43) ഹൃദയംനിറഞ്ഞ നന്ദിയോടെ യാക്കോബ് ഇങ്ങനെ പ്രാർഥിച്ചു: “അടിയനോടു കാണിച്ചിരിക്കുന്ന സകലദയയ്ക്കും സകലവിശ്വസ്തതയ്ക്കും ഞാൻ അപാത്രമത്രേ; ഒരു വടിയോടുകൂടെ മാത്രമല്ലോ ഞാൻ ഈ യോർദ്ദാൻ കടന്നതു; ഇപ്പോഴോ ഞാൻ രണ്ടു കൂട്ടമായി തീർന്നിരിക്കുന്നു.”—ഉല്പ. 32:10.
9 യഹോവയെക്കുറിച്ചുള്ള മോശയുടെ വാക്കുകൾ എത്ര സത്യമാണ്: “കർത്താവേ, നീ തലമുറതലമുറയായി ഞങ്ങളുടെ സങ്കേതമായിരിക്കുന്നു.” (സങ്കീ. 90:1) യഹോവ ഇന്നും അങ്ങനെതന്നെയാണ്. എന്തുകൊണ്ടെന്നാൽ അവൻ ‘മാറിക്കൊണ്ടിരിക്കുന്ന നിഴൽപോലെയല്ല; അവൻ മാറ്റമില്ലാത്തവനാണ്.’ അവൻ തന്റെ വിശ്വസ്തദാസർക്ക് ഊഷ്മളതനിറഞ്ഞ ഒരു സുരക്ഷിതസങ്കേതമായി നിലകൊള്ളുന്നു. (യാക്കോ. 1:17) അത് എങ്ങനെയെന്ന് നമുക്കു നോക്കാം.
യഹോവ ഇന്ന് നമ്മുടെ ‘സങ്കേതം’
10. യഹോവ തന്റെ ജനത്തിന്റെ സങ്കേതമായി തുടരുന്നു എന്ന് നമുക്ക് ഉറപ്പുള്ളത് എന്തുകൊണ്ട്?
10 ഇങ്ങനെയൊന്നു ചിന്തിക്കുക: ഒരു ആഗോള അധോലോക സംഘത്തിനെതിരെ കോടതിയിൽ നിങ്ങൾ സാക്ഷിപറയാൻ പോകുകയാണ്. അതിന്റെ തലവൻ അതീവബുദ്ധിശാലിയും, ശക്തനും നിഷ്ഠുരനും ആയ ഒരു കൊലയാളിയും നുണയനും ആണ്. കോടതിയിൽനിന്നു പുറത്തിറങ്ങുമ്പോഴുള്ള നിങ്ങളുടെ മാനസികാവസ്ഥ എന്തായിരിക്കും? നിങ്ങൾ സുരക്ഷിതനാണെന്നു തോന്നുമോ? തീരെ സാധ്യതയില്ല. നിങ്ങൾ സംരക്ഷണം ആവശ്യപ്പെടുമെന്നുള്ളതിന് സംശയമില്ല. യഹോവയ്ക്കുവേണ്ടി സാക്ഷ്യം പറയുകയും യഹോവയുടെ മുഖ്യശത്രുവും ദുഷ്ടനും ആയ സാത്താനെ സധൈര്യം തുറന്നുകാട്ടുകയും ചെയ്യുന്ന ദൈവദാസന്മാരുടെ അവസ്ഥ ഇതു നന്നായി വരച്ചുകാട്ടുന്നു. (വെളിപാട് 12:17 വായിക്കുക.) പക്ഷേ സാത്താന് അവരുടെ വായടയ്ക്കാനായിട്ടുണ്ടോ? ഇല്ല. യഥാർഥത്തിൽ ദൈവജനം ആത്മീയമായി തഴയ്ക്കുകയാണ്! അതിന് ഒരേയൊരു വിശദീകരണമേ ഉള്ളൂ: യഹോവ ഇപ്പോഴും നമ്മുടെ ‘സങ്കേതമാണ്,’ നമ്മുടെ സുരക്ഷിതവാസസ്ഥാനമാണ്, വിശേഷിച്ചും ഈ അന്ത്യനാളുകളിൽ. (യെശയ്യാവു 54:14, 17 വായിക്കുക.) എന്നാൽ സാത്താന്റെ പ്രലോഭനങ്ങൾക്കു വശംവദരായി നാം ആ വാസസ്ഥാനത്തിനു പുറത്തു പോകുന്നപക്ഷം യഹോവ നമ്മുടെ സങ്കേതമായിരിക്കില്ല.
11. ഗോത്രപിതാക്കന്മാരിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
11 ഗോത്രപിതാക്കന്മാരിൽനിന്നു പഠിക്കാൻ നമുക്ക് മറ്റൊരു പാഠമുണ്ട്. കനാൻ ദേശത്താണ് അവർ പാർത്തിരുന്നതെങ്കിലും ദേശനിവാസികളുടെ ദുഷ്ടവും അസാന്മാർഗികവും ആയ നടപടികൾ വെറുത്തിരുന്നതിനാൽ അവർ ആ ജനതയോട് അകലം പാലിച്ചു. (ഉല്പ. 27:46) ചെയ്യാവുന്നതും ചെയ്യരുതാത്തതും ആയ കാര്യങ്ങളുടെ ഒരു നീണ്ട പട്ടിക അവർക്ക് ആവശ്യമില്ലായിരുന്നു. പകരം തത്ത്വങ്ങളാണ് അവരെ നയിച്ചത്. യഹോവയെയും അവന്റെ വ്യക്തിത്വത്തെയും കുറിച്ചുള്ള അറിവുതന്നെ അവർക്ക് മതിയായതായിരുന്നു. ദൈവം അവരുടെ വാസസ്ഥാനമായിരുന്നതിനാൽ ലോകവുമായി ആകുന്നത്ര അടുക്കാനല്ല പകരം കഴിയുന്നത്ര അകലാനാണ് അവർ ശ്രമിച്ചത്. നമുക്കുവേണ്ടി എത്ര നല്ല മാതൃകയാണ് അവർ വെച്ചത്! സഹവാസവും വിനോദവും തിരഞ്ഞെടുക്കുന്ന കാര്യത്തിൽ വിശ്വസ്തരായ ഈ ഗോത്രപിതാക്കന്മാരെ അനുകരിക്കാൻ നിങ്ങൾ ശ്രമിക്കാറുണ്ടോ? ഖേദകരമെന്നു പറയട്ടെ, സാത്താന്റെ ലോകത്തിലെ ജീവിതം ‘വലിയ കുഴപ്പമില്ല’ എന്ന മട്ടിലാണ് ക്രിസ്തീയസഭയിൽ ചിലരുടെയെങ്കിലും പോക്ക്. നിങ്ങളുടെ മനസ്സിലും അങ്ങനെ എന്തെങ്കിലും തോന്നുന്നുണ്ടെങ്കിൽ അതേക്കുറിച്ചു പ്രാർഥിക്കുക. ഈ ലോകം സാത്താന്റെയാണെന്ന് ഓർക്കുക. അവന്റെ സ്വാർഥവും സ്നേഹരഹിതവുമായ ആത്മാവാണ് അതിൽ വ്യാപരിക്കുന്നത്.—2 കൊരി. 4:4; എഫെ. 2:1, 2.
12. (എ) തന്റെ ആത്മീയകുടുംബത്തിനായി യഹോവ കരുതുന്നത് എങ്ങനെ? (ബി) ഈ കരുതലുകളെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു?
12 സാത്താന്റെ കുടിലതന്ത്രങ്ങളെ ചെറുത്തുനിൽക്കണമെങ്കിൽ യഹോവ ഭൂമിയിലെ തന്റെ ആത്മീയകുടുംബത്തിന്, തന്നെ വാസസ്ഥാനമാക്കിയിരിക്കുന്നവർക്ക്, ഒരുക്കിയിരിക്കുന്ന ആത്മീയകരുതലുകൾ നാം പൂർണമായി ഉപയോഗപ്പെടുത്തണം. ഈ കരുതലുകളിൽ ക്രിസ്തീയയോഗങ്ങളും കുടുംബാരാധനയും ഉൾപ്പെടുന്നു. കൂടാതെ, ജീവിതത്തിലെ വെല്ലുവിളികളുമായി മല്ലടിക്കേണ്ടിവരുമ്പോൾ നമ്മെ ആശ്വസിപ്പിക്കാനും താങ്ങാനുമായി ദൈവം ആക്കിവെച്ചിരിക്കുന്ന ‘മനുഷ്യരാകുന്ന ദാനങ്ങൾ’ എന്നു വിശേഷിപ്പിച്ചിരിക്കുന്ന ഇടയന്മാരും ആ കരുതലിന്റെ ഭാഗമാണ്. (എഫെ. 4:8-12) വർഷങ്ങളോളം ഭരണസംഘാംഗമായിരുന്ന ജോർജ് ഗാംഗസ് സഹോദരൻ എഴുതി: “(ദൈവജനത്തോടൊപ്പം) ആയിരിക്കുമ്പോൾ വീട്ടിൽ കുടുംബത്തോടൊപ്പം ആയിരിക്കുന്നതുപോലെയാണ് എനിക്കു തോന്നുക.” നിങ്ങൾക്ക് അങ്ങനെ തോന്നാറുണ്ടോ?
13. എബ്രായർ 11:13-ൽ നിന്ന് എന്തു സുപ്രധാനപാഠമാണ് നമുക്കു പഠിക്കാനുള്ളത്?
13 ഗോത്രപിതാക്കന്മാരിൽനിന്ന് നമുക്കു പകർത്താനാകുന്ന മറ്റൊരു ഗുണമാണ് ചുറ്റുമുള്ള ആളുകളിൽനിന്ന് വ്യത്യസ്തരായിരിക്കാൻ അവർ കാണിച്ച ധൈര്യം. ആദ്യഖണ്ഡികയിൽ കണ്ടതുപോലെ, ദേശത്ത് തങ്ങൾ അന്യരും പ്രവാസികളും മാത്രമാണെന്ന് അവർ പരസ്യമായി സമ്മതിച്ചുപറഞ്ഞു. (എബ്രാ. 11:13) മറ്റുള്ളവരിൽനിന്ന് വ്യത്യസ്തരായിരിക്കാൻ നിങ്ങൾ തീരുമാനിച്ചുറച്ചിരിക്കുന്നുവോ? അങ്ങനെ ചെയ്യുക എല്ലായ്പോഴും എളുപ്പമല്ല എന്നതു ശരിതന്നെ. എന്നാൽ ദൈവത്തിന്റെ സഹായത്താലും സഹക്രിസ്ത്യാനികളുടെ പിന്തുണയാലും നിങ്ങൾക്ക് അതിനാകും. ഇക്കാര്യത്തിൽ നിങ്ങൾ തനിച്ചല്ലെന്ന് ഓർക്കുക. യഹോവയെ സേവിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഒരു പോരാട്ടം നടത്തേണ്ടതുണ്ട്! (എഫെ. 6:12) എന്നാൽ യഹോവയിൽ ആശ്രയിക്കുകയും അവനെ സങ്കേതമാക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം, വിജയം സുനിശ്ചിതമായ ഒരു പോരാട്ടമാണ് അത്.
14. യഹോവയുടെ ദാസന്മാർ കാത്തിരുന്ന “നഗരം” ഏതാണ്?
14 അബ്രാഹാമിനെ അനുകരിച്ചുകൊണ്ട് സമ്മാനത്തിന്മേൽ ദൃഷ്ടി പതിപ്പിക്കുക എന്നതാണ് മറ്റൊരു മുഖ്യസംഗതി. (2 കൊരി. 4:18) “ദൈവംതന്നെ ശിൽപ്പിയും നിർമാതാവും ആയിരിക്കുന്ന, യഥാർഥ അടിസ്ഥാനങ്ങളുള്ള നഗരത്തിനായി അവൻ കാത്തിരിക്കുകയായിരുന്നു” എന്ന് അപ്പൊസ്തലനായ പൗലോസ് എഴുതി. (എബ്രാ. 11:10) മിശിഹൈകരാജ്യമായിരുന്നു ആ “നഗരം.” അബ്രാഹാം പക്ഷേ ആ “നഗര”ത്തിനായി കാത്തിരിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ ഒരു അർഥത്തിൽ നാം അതിനായി ഇന്ന് കാത്തിരിക്കേണ്ടതില്ല. കാരണം, അത് ഇപ്പോൾ സ്വർഗത്തിൽ ഭരണം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്തിന്, ഉടൻതന്നെ അത് ഭൂഗ്രഹത്തിന്റെ പരിപൂർണനിയന്ത്രണം ഏറ്റെടുക്കുമെന്ന് വർധിച്ചുവരുന്ന തെളിവുകൾ സൂചിപ്പിക്കുന്നു. ആ രാജ്യം നിങ്ങൾക്ക് ഒരു യാഥാർഥ്യമാണോ? ജീവിതത്തെ നിങ്ങൾ നോക്കിക്കാണുന്ന വിധത്തെയും വർത്തമാനലോകത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടിനെയും നിങ്ങളുടെ മുൻഗണനകളെയും അതു സ്വാധീനിക്കുന്നുണ്ടോ?—2 പത്രോസ് 3:11, 12 വായിക്കുക.
അന്ത്യം അടുത്തുവരവെ നമ്മുടെ യഥാർഥ ‘സങ്കേതം’
15. ഈ ലോകത്തിൽ ആശ്രയിക്കുന്നവരുടെ ഭാവി എന്താണ്?
15 സാത്താന്റെ ലോകത്തിന്റെ അന്ത്യം അടുത്തുവരവെ ‘ഈറ്റുനോവ്’ അത്യന്തം തീവ്രമാകും. (മത്താ. 24:7, 8) മഹാകഷ്ടത്തിന്റെ സമയത്ത് അവസ്ഥകൾ അങ്ങേയറ്റം മോശമാകുകതന്നെചെയ്യും. അടിസ്ഥാനസൗകര്യങ്ങളും പൊതുസേവനവ്യവസ്ഥയും താറുമാറായിട്ട് ആളുകൾ കൊടുംഭീതിയിലാകും. (ഹബ. 3:16, 17) പരിഭ്രാന്തരായി അവർ “ഗുഹകളിലും പർവതങ്ങളിലെ പാറക്കെട്ടുകളിലും” ഒളിയിടങ്ങൾ തേടും. (വെളി. 6:15-17) എന്നിരുന്നാലും, അക്ഷരീയഗുഹകൾക്കോ പർവതസമാന രാഷ്ട്രീയ, വ്യാപാര സംഘടനകൾക്കോ യാതൊരു സംരക്ഷണവും നൽകാനാവില്ല.
16. ക്രിസ്തീയസഭയെ നാം എങ്ങനെ കാണണം, എന്തുകൊണ്ട്?
16 എന്നാൽ ദൈവജനം അപ്പോഴും തങ്ങളുടെ ‘സങ്കേതമായ’ യഹോവയുടെ സംരക്ഷണം ആസ്വദിക്കും. പ്രവാചകനായ ഹബക്കൂക്കിനെപ്പോലെ അവർ “യഹോവയിൽ ആനന്ദിക്കും,” തങ്ങളുടെ “രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.” (ഹബ. 3:18) ആ പ്രക്ഷുബ്ധനാളുകളിൽ ഏതൊക്കെ വിധങ്ങളിലായിരിക്കും യഹോവ യഥാർഥ ‘സങ്കേതം’ ആയിത്തീരുന്നത്? നമുക്ക് കാത്തിരുന്നു കാണാം. എന്നാൽ ഒരു കാര്യം ഉറപ്പാണ്: ഈജിപ്തിൽനിന്നു പുറപ്പെട്ട ഇസ്രായേൽ ജനതയെപ്പോലെ “മഹാപുരുഷാരം” ദിവ്യനിർദേശങ്ങൾക്കു കാതോർത്ത് സുസംഘടിതരായി നിലകൊള്ളും. (വെളി. 7:9; പുറപ്പാടു 13:18 വായിക്കുക.) ആ നിർദേശങ്ങൾ ദിവ്യാധിപത്യസംഘടനയിലൂടെ ആയിരിക്കും ലഭ്യമാകുന്നത്, സാധ്യതയനുസരിച്ച് സഭാക്രമീകരണത്തിലൂടെ. യെശയ്യാവു 26:20-ൽ (വായിക്കുക.) മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന സംരക്ഷക ‘അറകൾ’ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് സഭകളെയായിരിക്കാം കുറിക്കുന്നത്. നിങ്ങൾ ക്രിസ്തീയയോഗങ്ങളെ വിലമതിക്കുന്നുണ്ടോ? യഹോവ സഭാക്രമീകരണത്തിലൂടെ നൽകുന്ന നിർദേശങ്ങൾ എത്രയും പെട്ടെന്ന് അനുസരിക്കുന്ന ശീലം നിങ്ങൾക്കുണ്ടോ?—എബ്രാ. 13:17.
17. മരിച്ചുപോയ തന്റെ ദാസന്മാർക്കും യഹോവ ‘സങ്കേതമായിരിക്കുന്നത്’ എങ്ങനെ?
17 മഹാകഷ്ടം ആരംഭിക്കുന്നതിനു മുമ്പ് മരണമടയുന്ന വിശ്വസ്തരും യഹോവയെന്ന ‘സങ്കേതത്തിൽ’ സുരക്ഷിതരായിരിക്കും. അത് എങ്ങനെയാണ്? വിശ്വസ്തരായ ഗോത്രപിതാക്കന്മാർ മരിച്ച് വർഷങ്ങൾക്കു ശേഷം യഹോവ മോശയോട് ഇങ്ങനെ പറഞ്ഞു: ‘ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു.’ (പുറ. 3:6) ഈ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് യേശു വിശദീകരിച്ചു: “അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമാകുന്നു; അവരെല്ലാവരും അവനു ജീവിച്ചിരിക്കുന്നവരത്രേ.” (ലൂക്കോ. 20:38) അതെ, വിശ്വസ്തരായി മരിച്ച തന്റെ ദാസന്മാർ യഹോവയ്ക്ക് ജീവിച്ചിരിക്കുന്നവരെപ്പോലെതന്നെയാണ്. കാരണം അവരുടെ പുനരുത്ഥാനം അത്ര ഉറപ്പാണ്.—സഭാ. 7:1.
18. പുതിയ ലോകത്തിൽ ഏതു പ്രത്യേകവിധത്തിലാണ് യഹോവ തന്റെ ജനത്തിന് ‘സങ്കേതം’ ആയിത്തീരുന്നത്?
18 തൊട്ടുമുന്നിലുള്ള പുതിയ ലോകത്തിൽ മറ്റൊരു അർഥത്തിൽക്കൂടി യഹോവ തന്റെ ജനത്തിന് ‘സങ്കേതമായിത്തീരും.’ വെളിപാട് 21:3 പറയുന്നു: “ഇതാ, ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ. അവൻ അവരോടൊത്തു വസിക്കും.” ആയിരംവർഷ ഭരണകാലത്ത് യേശുക്രിസ്തു എന്ന പ്രതിനിധി മുഖാന്തരമായിരിക്കും യഹോവ ഭൂമിയിലെ തന്റെ പ്രജകളോടൊത്തു വസിക്കുക. ആയിരംവർഷ വാഴ്ചയുടെ അവസാനം, ഭൂമിയെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം പൂർത്തീകരിച്ച ശേഷം യേശു രാജ്യം പിതാവിനു കൈമാറും. (1 കൊരി. 15:28) അപ്പോഴേക്കും മനുഷ്യവർഗം പൂർണരാക്കപ്പെടുന്നതുകൊണ്ട് ഒരു ഇടനിലക്കാരനെന്ന നിലയിലുള്ള യേശുവിന്റെ സേവനം പിന്നെ അവർക്ക് ആവശ്യമുണ്ടായിരിക്കില്ല. യഹോവ അവരോടുകൂടെ ഇരിക്കും. എത്ര വിസ്മയകരമായ പ്രത്യാശയാണ് നമുക്കുള്ളത്! ആ സമയംവരെ, യഹോവയെ നമ്മുടെ ‘സങ്കേതമാക്കിക്കൊണ്ട്’ ദൈവദാസന്മാരുടെ പുരാതനതലമുറകളെ നമുക്കു മാതൃകയാക്കാം.