അധ്യായം 9
യേശുവിന്റെ നാമം മുറുകെപ്പിടിക്കുന്നു
പെർഗമോസ്
1. യേശുവിന്റെ അടുത്ത സന്ദേശം ഏതു സഭയ്ക്കു ലഭിച്ചു, ആ ക്രിസ്ത്യാനികൾ ഏതുതരം നഗരത്തിൽ ജീവിച്ചിരുന്നു?
സ്മിർണയിൽ നിന്നും തീരദേശപാതയിലൂടെ 50 മൈൽ വടക്കോട്ടും പിന്നെ കായിക്കസ് നദീതടത്തിലൂടെ 15 മൈൽ ഉളളിലേക്കും സഞ്ചരിക്കുമ്പോൾ ഇപ്പോൾ ബെർഗമാ എന്ന വിളിക്കപ്പെടുന്ന പെർഗമോസിൽ നാം എത്തിച്ചേരുന്നു. സീയൂസ് അഥവാ ജൂപ്പിറററിന്റെ ക്ഷേത്രം നിമിത്തം ഈ നഗരം വിഖ്യാതമായിരുന്നു. പുരാവസ്തുശാസ്ത്ര ഗവേഷകർ 1800-കളിൽ ആ ക്ഷേത്രത്തിന്റെ അൾത്താര ജർമനിയിലേക്കു കടത്തിക്കൊണ്ടുപോയി, ബർലിനിലുളള പെർഗമോൻ കാഴ്ചബംഗ്ലാവിൽ പുറജാതി ദൈവങ്ങളുടെ അനേകം വിഗ്രഹങ്ങളുടെയും എഴുന്നുനിൽക്കുന്ന കൊത്തുപണികളുടെയും കൂട്ടത്തിൽ ഇത് ഇപ്പോഴും ദർശിക്കാവുന്നതാണ്. ആ വിഗ്രഹാരാധനയുടെയെല്ലാം നടുവിൽ ജീവിക്കുന്ന സഭയ്ക്കു കർത്താവായ യേശു എന്തു സന്ദേശം അയച്ചുകൊടുക്കും?
2. യേശു തന്റെ വ്യതിരിക്ത വ്യക്തിത്വം സ്ഥാപിക്കുന്നതെങ്ങനെ, യേശുവിന് “ഇരുവായ്ത്തലവാൾ” ഉളളതിന്റെ പ്രാധാന്യമെന്താണ്?
2 യേശു ആദ്യം ഇപ്രകാരം പറഞ്ഞുകൊണ്ടു തന്റെ വ്യതിരിക്ത വ്യക്തിത്വം സ്ഥാപിക്കുന്നു: “പെർഗ്ഗമൊസിലെ സഭയുടെ ദൂതന്നു എഴുതുക: മൂർച്ചയേറിയ ഇരുവായ്ത്തലവാൾ ഉളളവൻ അരുളിച്ചെയ്യുന്നതു”. (വെളിപ്പാടു 2:12) വെളിപ്പാടു 1:16-ൽ തന്നെക്കുറിച്ചു നൽകിയിരിക്കുന്ന വർണന യേശു ഇവിടെ ആവർത്തിക്കുന്നു. ന്യായാധിപനും വധാധികൃതനും എന്ന നിലയിൽ യേശു തന്റെ ശിഷ്യൻമാരെ പീഡിപ്പിക്കുന്നവരെ അടിച്ചുവീഴ്ത്തും. ആ ഉറപ്പ് എത്ര ആശ്വാസദായകമാണ്! എന്നിരുന്നാലും ന്യായവിധിയെ സംബന്ധിച്ചിടത്തോളം, വിഗ്രഹാരാധനയും ദുർമാർഗവും നുണയും അവിശ്വസ്തതയും ആചരിക്കുന്നവരും ദരിദ്രരെ പരിപാലിക്കാൻ പരാജയപ്പെടുന്നവരുമായ, ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്ന എല്ലാവർക്കുമെതിരെ ഈ ‘നിയമദൂതൻ’ മുഖാന്തരം പ്രവർത്തിച്ചുകൊണ്ട് യഹോവ ഒരു “ഒരു ശീഘ്രസാക്ഷിയായിരിക്കു”മെന്നു സഭയ്ക്ക് ഉളളിലുളളവർക്കും ഒരു മുന്നറിയിപ്പു ലഭിക്കട്ടെ. (മലാഖി 3:1, 5; എബ്രായർ 13:1-3). യേശു നൽകുവാൻ ദൈവം ഇടയാക്കുന്ന ഉപദേശത്തിനും ശാസനത്തിനും ചെവികൊടുക്കേണ്ടതാണ്!
3. പെർഗമോസിൽ എന്തു വ്യാജാരാധന നടന്നിരുന്നു, “സാത്താന്റെ സിംഹാസനം” അവിടെ ആയിരുന്നുവെന്നു പറയാൻ കഴിഞ്ഞതെങ്ങനെ?
3 യേശു ഇപ്പോൾ സഭയോടു പറയുന്നു: “നീ എവിടെ പാർക്കുന്നു എന്നും അതു സാത്താന്റെ സിംഹാസനം ഉളേളടം എന്നും ഞാൻ അറിയുന്നു”. (വെളിപ്പാടു 2:13എ) സത്യമായും, ആ ക്രിസ്ത്യാനികൾ സാത്താന്യ ആരാധനയാൽ ചുററപ്പെട്ടിരുന്നു. സീയൂസിന്റെ ക്ഷേത്രം കൂടാതെ അവിടെ സൗഖ്യമാക്കലിന്റെ ദൈവമായ ഈസ്കുലാപ്യസിനുവേണ്ടി ഒരു ക്ഷേത്രവുമുണ്ടായിരുന്നു. ചക്രവർത്തിയാരാധനാ സമ്പ്രദായത്തിന്റെ ഒരു കേന്ദ്രമെന്നനിലയിലും പെർഗമോസ് പ്രഖ്യാതമായിരുന്നു. “സാത്താൻ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദം “എതിർക്കുന്നവൻ” എന്ന് അർഥമാക്കുന്നു, അവന്റെ “സിംഹാസനം” ഒരു കാലത്തേക്കു ദിവ്യാനുവാദമുളള അവന്റെ ലോകഭരണത്തെ പ്രതിനിധാനം ചെയ്യുന്നു. (ഇയ്യോബ് 1:6, ന്യൂ വേൾഡ് ട്രാൻസ്ലേഷൻ റഫറൻസ് ബൈബിൾ, അടിക്കുറിപ്പ്). പെർഗമോസിലെ വിഗ്രഹാരാധനയുടെ ബാഹുല്യം ആ നഗരത്തിൽ സാത്താന്റെ “സിംഹാസനം” ഉറപ്പായി സ്ഥാപിക്കപ്പെട്ടിരുന്നു എന്നു പ്രകടമാക്കി. അവിടെയുണ്ടായിരുന്ന ക്രിസ്ത്യാനികൾ ദേശീയ ആരാധനയിൽ തന്നെ കുമ്പിടാഞ്ഞതിൽ സാത്താന് എത്രമാത്രം കോപം തോന്നിയിരിക്കും!
4. (എ) പെർഗമോസിലെ ക്രിസ്ത്യാനികൾക്ക് യേശു എന്ത് അഭിനന്ദനം നൽകുന്നു? (ബി) ക്രിസ്ത്യാനികളെ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ചു ട്രാജൻ ചക്രവർത്തിക്കു റോമൻ പ്രതിപുരുഷനായിരുന്ന പ്ലിനി എന്തെഴുതി? (സി) അപകടം ഗണ്യമാക്കാതെ പെർഗമോസിലെ ക്രിസ്ത്യാനികൾ ഏതുഗതി സ്വീകരിച്ചു?
4 അതെ, “സാത്താന്റെ സിംഹാസനം” അവിടെ പെർഗമോസിൽ തന്നെയാണ്. യേശു തുടരുന്നു: “നീ എന്റെ നാമം മുറുകെ പിടിച്ചിരിക്കുന്നു, നിങ്ങളുടെ ഇടയിൽ, സാത്താൻ പാർക്കുന്നേടത്തു തന്നേ, എന്റെ സാക്ഷിയും വിശ്വസ്തനുമായ അന്തിപ്പാസിനെ കൊന്ന കാലത്തുപോലും നീ എങ്കലുളള വിശ്വാസം നിഷേധിച്ചിട്ടില്ല.” (വെളിപ്പാടു 2:13ബി) എന്തോരു ആത്മപ്രചോദകമായ അഭിനന്ദനം! ഭൂതവിദ്യാചാരങ്ങളോടും റോമൻചക്രവർത്തിയുടെ ആരാധനയോടും ചേർന്നു പോകുന്നതിനു വിസമ്മതിച്ചതിന്റെ ഫലമാണ് അന്തിപ്പാസിന്റെ രക്തസാക്ഷിമരണം എന്നതിനു സംശയമില്ല. യോഹന്നാന് ഈ പ്രവചനം ലഭിച്ചിട്ട് അധികം താമസിയാതെ റോമിലെ ട്രാജൻ ചക്രവർത്തിയുടെ പ്രതിപുരുഷനായ പ്ലിനി ദ യംഗർ ട്രാജന് എഴുതുകയും ക്രിസ്ത്യാനികളെന്ന് ആരോപിക്കപ്പെട്ടവരെ കൈകാര്യം ചെയ്യുന്നതിനുളള തന്റെ വിധം വിശദീകരിക്കുകയും ചെയ്തു—ചക്രവർത്തി അംഗീകരിച്ച ഒരു വിധം തന്നെ. ക്രിസ്ത്യാനികളാണെന്നുളളതിനെ നിഷേധിച്ചവർ, പ്ലിനി പറഞ്ഞപ്രകാരം, “ദൈവങ്ങളോടുളള പ്രാർഥനകൾ അവർ എനിക്കു പിന്നാലെ ആവർത്തിക്കുകയും അങ്ങയുടെ [ട്രാജന്റെ] പ്രതിമക്ക് ധൂപവും വീഞ്ഞും അർപ്പിക്കുകയും, . . . കൂടാതെ ക്രിസ്തുവിനെ ശപിക്കുകയും” ചെയ്തപ്പോൾ അവർ മോചിപ്പിക്കപ്പെട്ടു. ക്രിസ്ത്യാനികൾ എന്നു കണ്ടെത്തപ്പെട്ട ഏവനും വധിക്കപ്പെട്ടു. അത്തരം അപകടത്തെ അഭിമുഖീകരിച്ചിട്ടുപോലും പെർഗമോസിലെ ക്രിസ്ത്യാനികൾ തങ്ങളുടെ വിശ്വാസം തളളിപ്പറഞ്ഞില്ല. യഹോവയുടെ നാമസംസ്ഥാപകനും നിയമിത ന്യായാധിപനുമെന്നനിലയിലുളള അവന്റെ ഉന്നത സ്ഥാനത്തെ ആദരിക്കുകവഴി അവർ ‘യേശുവിന്റെ നാമത്തെ മുറുകെ പിടിച്ചു.’ രാജ്യസാക്ഷികളെന്നനിലയിൽ അവർ യേശുവിന്റെ കാൽചുവടുകളെ വിശ്വസ്തതയോടെ പിന്തുടർന്നു.
5. (എ) ചക്രവർത്തിയാരാധനാ സമ്പ്രദായത്തിന്റെ ഏത് ആധുനികകാല പകർപ്പ് ഈ 20-ാം നൂററാണ്ടിൽ ക്രിസ്ത്യാനികൾക്കു കടുത്ത പരിശോധനകൾ വരുത്തിയിരിക്കുന്നു? (ബി) ക്രിസ്ത്യാനികൾക്കു വീക്ഷാഗോപുരം എന്തു സഹായം നൽകിയിരിക്കുന്നു?
5 സാത്താൻ ഇപ്പോഴത്തെ ഈ ദുഷ്ടലോകത്തെ ഭരിക്കുന്നുവെന്ന് യേശു പല അവസരങ്ങളിലും വെളിപ്പെടുത്തിയിരുന്നു, എങ്കിലും യേശുവിന്റെ നിർമലതമൂലം സാത്താന് യേശുവിന്റെമേൽ യാതൊരു സ്വാധീനവും ഇല്ലായിരുന്നു. (മത്തായി 4:8-11; യോഹന്നാൻ 14:30) ഈ 20-ാം നൂററാണ്ടിൽ, ശക്തരായ രാഷ്ട്രങ്ങൾ വിശേഷിച്ചും വടക്കേ ദേശത്തെ രാജാവും, തെക്കേ ദേശത്തെ രാജാവും, ലോകാധിപത്യത്തിനു വേണ്ടി പോരാടിക്കൊണ്ടാണിരുന്നിട്ടുളളത്. (ദാനീയേൽ 11:40) ദേശഭക്തിയുടെ ഉഗ്രാവേശം ഇളക്കിവിടപ്പെട്ടിരിക്കുകയാണ്; ഭൂമിയെ മൂടിയിരിക്കുന്ന ദേശീയത്വതരംഗത്തിൽ ചക്രവർത്തിയാരാധനാ സമ്പ്രദായത്തിന് ഒരു ആധുനികകാല പകർപ്പുണ്ട്. യേശു വളരെ ധൈര്യപൂർവം ചെയ്തതുപോലെ യഹോവയുടെ നാമത്തിൽ നടക്കാനും ലോകത്തെ ജയിച്ചടക്കാനും ആഗ്രഹിക്കുന്ന ക്രിസ്ത്യാനികൾക്ക് മാർഗരേഖകൾ പ്രദാനംചെയ്തുകൊണ്ട് 1939 നവംബർ 1-ലെയും പിന്നീട് 1979 നവംബർ 1-ലെയും 1986 സെപ്ററംബർ 1-ലെയും വീക്ഷാഗോപുരത്തിൽ (ഇംഗ്ലീഷ്) നിഷ്പക്ഷത സംബന്ധിച്ചുവന്ന ലേഖനങ്ങൾ ഈ വിഷയത്തെക്കുറിച്ചുളള ബൈബിളിന്റെ പഠിപ്പിക്കൽ വ്യക്തമായി പ്രസ്താവിക്കുകയുണ്ടായി.—മീഖാ 4:1, 3, 5; യോഹന്നാൻ 16:33; 17:4, 6, 26; 18:36, 37; പ്രവൃത്തികൾ 5:29.
6. അന്തിപ്പാസിനെപ്പോലെ, ആധുനികകാലത്ത് യഹോവയുടെ സാക്ഷികൾ ഒരു ഉറച്ച നിലപാടു സ്വീകരിച്ചിരിക്കുന്നത് എങ്ങനെ?
6 അത്തരം ബുദ്ധ്യുപദേശം അടിയന്തിരമായി ആവശ്യമായിരുന്നിട്ടുണ്ട്. മൂഢമായ ദേശീയജ്വരത്തിനു മുമ്പിൽ അഭിഷിക്തരും അവരുടെ കൂട്ടാളികളുമടങ്ങുന്ന യഹോവയുടെ സാക്ഷികൾ വിശ്വാസത്തിൽ ഉറച്ചു നിൽക്കേണ്ടതുണ്ടായിരുന്നു. ഐക്യനാടുകളിൽ ദേശീയപതാകയെ വന്ദിക്കാത്തതിനു നൂറുകണക്കിനു കുട്ടികളും അധ്യാപകരും സ്കൂളുകളിൽനിന്നു പുറത്താക്കപ്പെട്ടു. അതേസമയം ജർമനിയിൽ സ്വസ്തികയെ വന്ദിക്കാൻ വിസമ്മതിച്ചതിനാൽ സാക്ഷികൾ നീചമായി പീഡിപ്പിക്കപ്പെട്ടു. നേരത്തെ കണ്ടുകഴിഞ്ഞതുപോലെ, അത്തരം ദേശഭക്തിപരമായ വിഗ്രഹാരാധനയിൽ പങ്കുപററാൻ വിസമ്മതിച്ചതുകൊണ്ട് ആയിരക്കണക്കിന് യഹോവയുടെ വിശ്വസ്തദാസൻമാരെ ഹിററ്ലറുടെ നാസികൾ കൊന്നൊടുക്കി. ജപ്പാനിൽ ഷിന്റോ ചക്രവർത്തിയാരാധനയുടെ പ്രാബല്യനാളിൽ, 1930-കളിൽ ജപ്പാന്റെ അധീനതയിലുളള തയ്വാനിൽ രണ്ടു പയനിയർ ശുശ്രൂഷകർ വളരെ രാജ്യവിത്തു വിതച്ചു. സൈനിക ഭരണാധികാരികൾ അവരെ ജയിലിലടച്ചു, ക്രൂരമായ പെരുമാററത്തിന്റെ ഫലമായി അവരിലൊരാൾ അവിടെവെച്ചു മരിച്ചു. മറേറയാൾ പിന്നീടു മോചിപ്പിക്കപ്പെട്ടു, പിന്നിൽനിന്നു വെടിവെക്കാൻ വേണ്ടി മാത്രം—ആധുനികനാളിലെ ഒരു അന്തിപ്പാസ്. ദേശീയ ചിഹ്നങ്ങളുടെ ആരാധനയും ദേശത്തോട് അനന്യമായ ഭക്തിയും ആവശ്യപ്പെടുന്ന ദേശങ്ങൾ നാളിതുവരെയുണ്ട്. ക്രിസ്തീയ നിഷ്പക്ഷമതികൾ എന്ന തങ്ങളുടെ ധീരമായ നിലപാടു നിമിത്തം അനേകം യുവസാക്ഷികൾ ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ട്, വധിക്കപ്പെട്ടവരും കുറച്ചൊന്നുമല്ല. നിങ്ങൾ അത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന ഒരു യുവാവാണെങ്കിൽ നിത്യജീവന്റെ വീക്ഷണത്തോടെ നിങ്ങൾ “വിശ്വസിച്ചു ജീവരക്ഷ പ്രാപി”ക്കാൻ തക്കവണ്ണം ദൈവവചനം അനുദിനം പഠിക്കുക.—എബ്രായർ 10:39–11:1; മത്തായി 10:28-31.
7. ഇന്ത്യയിലെ ചെറുപ്പക്കാർ ദേശീയ ആരാധനയുടെ പ്രശ്നത്തെ എങ്ങനെ നേരിട്ടു, എന്തു ഫലത്തോടെ?
7 സ്കൂളിലുളള ചെറുപ്പക്കാർ സമാനമായ പ്രശ്നങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. ഇൻഡ്യയിൽ, കേരള സംസ്ഥാനത്ത് 1985-ൽ ചെറുപ്രായക്കാരായ മൂന്നു കുട്ടികൾ ദേശീയഗാനം ആലപിക്കുന്നതിൽനിന്നു പിൻമാറി നിന്നുകൊണ്ട് തങ്ങളുടെ ബൈബിളധിഷ്ഠിത വിശ്വാസത്തിൽ വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിച്ചു. മററുളളവർ പാടിയപ്പോൾ അവർ ബഹുമാനപുരസ്സരം എഴുന്നേററുനിന്നു, എങ്കിലും അവർ സ്കൂളിൽ നിന്നു പുറത്താക്കപ്പെട്ടു. അവരുടെ പിതാവ് ഇൻഡ്യയിലെ സുപ്രീംകോടതിവരെ ഈ നടപടിക്കെതിരെ അപ്പീൽ നൽകി. അവിടെ രണ്ടു ന്യായാധിപൻമാർ കുട്ടികൾക്കനുകൂലമായി വിധിയെഴുതിക്കൊണ്ടു സധൈര്യം ഇങ്ങനെ പ്രസ്താവിച്ചു: “നമ്മുടെ പാരമ്പര്യം പഠിപ്പിക്കുന്നതു സഹിഷ്ണുതയാണ്; നമ്മുടെ തത്ത്വസംഹിത പഠിപ്പിക്കുന്നതു സഹിഷ്ണുതയാണ്; നമ്മുടെ ഭരണഘടന ആചരിക്കുന്നതു സഹിഷ്ണുതയാണ്; നമുക്ക് അതിൽ വെളളം ചേർക്കാതിരിക്കാം.” സത്യദൈവമായ യഹോവയെ ആരാധിക്കുകയും ബൈബിൾ തത്ത്വങ്ങളോടു വിശ്വസ്തതയോടെ പററിനിൽക്കുകയും ചെയ്യുന്ന ക്രിസ്ത്യാനികൾ ആ ദേശത്തുണ്ടെന്ന് ഈ കേസിന്റെ ഫലമായുണ്ടായ പത്രപ്രചരണവും അനുകൂലമായ മുഖപ്രസംഗങ്ങളും ഭൂമിയിലെ ജനസംഖ്യയിൽ അഞ്ചിലൊന്നോളം അധിവസിക്കുന്ന ആ മുഴു ദേശത്തിനും അറിവുനൽകി.
ദുഷിപ്പിക്കുന്ന സ്വാധീനങ്ങൾ
8. പെർഗമോസിലെ ക്രിസ്ത്യാനികൾക്ക് എന്തു ശാസന നൽകുന്നതാവശ്യമാണെന്ന് യേശു കണ്ടെത്തുന്നു?
8 അതെ, പെർഗമോസിലുളള ക്രിസ്ത്യാനികൾ നിർമലതാപാലകരാണ്. “എങ്കിലും” യേശു പറയുന്നു, “നിന്നെക്കുറിച്ചു കുറഞ്ഞോരു കുററം പറവാൻ ഉണ്ടു”. അവർ ശാസന അർഹിക്കത്തക്കവണ്ണം എന്തു ചെയ്തിരുന്നു? യേശു നമ്മോട് പറയുന്നു: “യിസ്രായേൽമക്കൾ വിഗ്രഹാർപ്പിതം തിന്നേണ്ടതിന്നും ദുർന്നടപ്പു ആചരിക്കേണ്ടതിന്നും അവരുടെ മുമ്പിൽ ഇടർച്ചവെപ്പാൻ ബാലാക്കിന്നു ഉപദേശിച്ചു കൊടുത്ത ബിലെയാമിന്റെ ഉപദേശം പിടിച്ചിരിക്കുന്നവർ അവിടെ നിനക്കുണ്ടു.”—വെളിപ്പാടു 2:14.
9. ബിലെയാം ആരായിരുന്നു, അയാളുടെ ഉപദേശം ‘ഇസ്രായേൽ മക്കളുടെ മുമ്പാകെ ഒരു ഇടർച്ച’ വെച്ചതെങ്ങനെ?
9 മോശയുടെ നാളിൽ, യഹോവയുടെ വഴികളെക്കുറിച്ചു ചിലകാര്യങ്ങൾ അറിയാമായിരുന്ന ഇസ്രായേല്യേതര പ്രവാചകനായ ബിലെയാമിനെ മോവാബ് രാജാവായ ബാലാക്ക് ഇസ്രായേലിനെ ശപിക്കുന്നതിനായി കൂലിക്കെടുത്തു. ഇസ്രായേല്യർക്ക് അനുഗ്രഹവും ശത്രുക്കൾക്കു കഷ്ടവും ഉച്ചരിക്കാൻ ബിലെയാമിനെ നിർബന്ധിതനാക്കിക്കൊണ്ട് യഹോവ ബിലെയാമിനെ തടഞ്ഞു. കുറേക്കൂടെ ഒളിഞ്ഞ ഒരു ആക്രമണം നിർദേശിച്ചുകൊണ്ടു ബിലെയാം ബാലാക്കിന്റെ തത്ഫലമായുണ്ടായ കോപം ശമിപ്പിച്ചു: മോവാബിലെ സ്ത്രീകൾ ഇസ്രായേലിലെ പുരുഷൻമാരെ കടുത്ത ലൈംഗിക ദുർന്നടപ്പിലേക്കും പെയോരിലെ വ്യാജദൈവമായ ബാലിന്റെ വിഗ്രഹാരാധനയിലേക്കും വശീകരിക്കട്ടെ! ഈ തന്ത്രം ഫലിച്ചു. യഹോവയുടെ ധർമരോഷം ജ്വലിച്ചു, ആ ഇസ്രായേല്യ ദുർവൃത്തരിൽ 24,000 പേരെ വധിച്ച ഒരു ബാധ അവൻ അയച്ചു—ഇസ്രായേലിൽ നിന്നു വഷളത്വം നീക്കാൻ പുരോഹിതനായ ഫിനേഹാസ് ക്രിയാത്മകമായ നടപടിയെടുത്തപ്പോൾ മാത്രമേ ബാധ നിന്നുളളൂ.—സംഖ്യാപുസ്തകം 24:10, 11; 25:1-3, 6-9; 31:16.
10. പെർഗമോസിലെ സഭയിലേക്ക് ഏത് ഇടർച്ചക്കല്ലുകൾ നുഴഞ്ഞുകയറിയിരുന്നു, ദൈവം അവരുടെ പാപങ്ങൾ കണ്ണടച്ചുകളയുമെന്ന് ആ ക്രിസ്ത്യാനികൾക്കു തോന്നിയിരിക്കാവുന്നതെന്തുകൊണ്ട്?
10 ഇപ്പോൾ, യോഹന്നാന്റെ നാളിൽ, പെർഗമോസിൽ, സമാനമായ ഇടർച്ചക്കല്ലുകൾ ഉണ്ടോ? ഉണ്ട്! ദുർമാർഗവും വിഗ്രഹാരാധനയും സഭയിലേക്കു നുഴഞ്ഞിറങ്ങിയിട്ടുണ്ട്. അപ്പോസ്തലനായ പൗലോസിലൂടെ നൽകപ്പെട്ട ദൈവത്തിന്റെ മുന്നറിയിപ്പുകൾ ആ ക്രിസ്ത്യാനികൾ ചെവിക്കൊണ്ടിട്ടില്ല. (1 കൊരിന്ത്യർ 10:6-11) അവർ പീഡനം സഹിച്ചിട്ടുളളതിനാൽ യഹോവ അവരുടെ ലൈംഗിക പാപങ്ങൾ കണ്ണടച്ചുകളയുമെന്ന് ഒരുപക്ഷേ അവർക്കു തോന്നുന്നു. അതുകൊണ്ട് അവർ ഇത്തരം ദുഷ്ടത ഉപേക്ഷിച്ചേ പററൂ എന്ന് യേശു വ്യക്തമാക്കുന്നു.
11. (എ) ക്രിസ്ത്യാനികൾ എന്തിനെതിരെ ജാഗ്രതപാലിക്കണം, ഏതുതരം ചിന്ത അവർ ഒഴിവാക്കണം? (ബി) കഴിഞ്ഞ വർഷങ്ങളിൽ ക്രിസ്തീയസഭയിൽ നിന്ന് എത്രത്തോളംപേർ പുറത്താക്കപ്പെട്ടിട്ടുണ്ട്, മുഖ്യമായും ഏതു കാരണത്തിന്?
11 സമാനമായി ഇന്നും “നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി” മാററുന്നതിനെതിരെ ക്രിസ്ത്യാനികൾ ജാഗ്രത പാലിക്കണം. (യൂദാ 4) ദോഷത്തെ വെറുക്കുന്നതിനും ക്രിസ്തീയ സദാചാരത്തിന്റെ ഒരു ഗതി പിന്തുടരുന്നതിനായി ‘നമ്മുടെ ശരീരങ്ങളെ ദണ്ഡിപ്പിക്കുന്നതിനും’ നാം ബാധ്യസ്ഥരാണ്. (1 കൊരിന്ത്യർ 9:27; സങ്കീർത്തനം 97:10; റോമർ 8:6) ദൈവസേവനത്തിലെ തീക്ഷ്ണതയും പീഡനത്തിൻകീഴിലെ നിർമലതയും ലൈംഗിക ദുർന്നടത്തയിൽ ഉൾപ്പെടാൻ അനുമതി നൽകുന്നുവെന്നു നാം ഒരിക്കലും വിചാരിക്കരുത്. ലോകവ്യാപക ക്രിസ്തീയസഭയിൽ നിന്നും കഴിഞ്ഞ വർഷങ്ങളിൽ പ്രധാനമായും ലൈംഗിക ദുർന്നടത്തയുടെ പേരിൽ പുറത്താക്കപ്പെട്ട അപരാധികൾ പതിനായിരക്കണക്കിനുണ്ട്. ചില വർഷങ്ങളിൽ പെയോരിലെ ബാൽ നിമിത്തം പുരാതന ഇസ്രായേലിൽ വീണുപോയവരെക്കാൾ കൂടുതൽ ഉണ്ടായിരുന്നിട്ടുണ്ട്. നാം ആ കൂട്ടത്തിലേക്ക് ഒരിക്കലും നിപതിക്കാതിരിക്കാൻ നമ്മുടെ ജാഗ്രത നിലനിർത്താം.—റോമർ 11:20; 1 കൊരിന്ത്യർ 10:12.
12. ആദിമകാലങ്ങളിലെ ദൈവദാസൻമാരുടെ കാര്യത്തിലെന്നപോലെ ഇന്നത്തെ ക്രിസ്ത്യാനികൾക്ക് ഏതു തത്ത്വങ്ങൾ ബാധകമാകുന്നു?
12 ‘വിഗ്രഹാർപ്പിതം തിന്നുന്നതിനും’ പെർഗമോസിലെ ക്രിസ്ത്യാനികളെ യേശു ഉഗ്രമായി ശാസിക്കുന്നു. ഇതിൽ എന്ത് ഉൾപ്പെട്ടിരുന്നിരിക്കാം? കൊരിന്ത്യർക്കുളള പൗലോസിന്റെ വാക്കുകളുടെ വീക്ഷണത്തിൽ, ഒരുപക്ഷേ ചിലർ തങ്ങളുടെ ക്രിസ്തീയ സ്വാതന്ത്ര്യത്തെ ദുരുപയോഗപ്പെടുത്തുകയും മററുളളവരുടെ മനഃസാക്ഷിയെ മനഃപൂർവം വ്രണപ്പെടുത്തുകയും ചെയ്തിരുന്നു. എങ്കിലും, കൂടുതൽ സാധ്യതയനുസരിച്ച്, ഏതെങ്കിലും വിധത്തിൽ യഥാർഥ വിഗ്രഹപൂജയിൽത്തന്നെ അവർ പങ്കെടുക്കുകയായിരുന്നു. (1 കൊരിന്ത്യർ 8:4-13; 10:25-30) മററുളളവരെ ഇടറിക്കാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട്, വിശ്വസ്ത ക്രിസ്ത്യാനികൾ ഇന്നു തങ്ങളുടെ ക്രിസ്തീയ സ്വാതന്ത്ര്യത്തിന്റെ പ്രയോഗത്തിൽ നിസ്വാർഥ സ്നേഹം പ്രകടമാക്കേണ്ടതുണ്ട്. അവർ ടിവിയിലെയും ചലച്ചിത്രങ്ങളിലെയും സ്പോർട്ട്സിലെയും താരങ്ങളെ ആരാധിക്കുന്നതോ തങ്ങളുടെ പണത്തെയോ സ്വന്തം വയറിനെപ്പോലുമോ ദൈവമാക്കുന്നതോ പോലെ ആധുനിക വിഗ്രഹാരാധനാരൂപങ്ങളെ തീർച്ചയായും ഒഴിവാക്കേണ്ടതുണ്ട്!—മത്തായി 6:24; ഫിലിപ്പിയർ 1:9, 10; 3:17-19.
വിഭാഗീയത ഒഴിവാക്കുക!
13. പെർഗമോസിലെ ക്രിസ്ത്യാനികൾക്ക് യേശു അടുത്തതായി ശാസനയുടെ ഏതു വാക്കുകൾ നൽകുന്നു, സഭയ്ക്ക് അവ ആവശ്യമായിരുന്നതെന്തുകൊണ്ട്?
13 “അവ്വണ്ണം നിക്കൊലാവ്യരുടെ ഉപദേശം കൈക്കൊളളുന്നവർ നിനക്കും ഉണ്ടു” എന്നു പറഞ്ഞുകൊണ്ട് യേശു പെർഗമോസിലെ ക്രിസ്ത്യാനികളെ കൂടുതലായി ശാസിക്കുന്നു. (വെളിപ്പാടു 2:15) ഈ വിഭാഗത്തിന്റെ പ്രവൃത്തികളെ ദ്വേഷിച്ചതിന് യേശു മുമ്പ് എഫേസ്യരെ അഭിനന്ദിച്ചിരുന്നു. എങ്കിലും വിഭാഗീയതയിൽ നിന്നും സഭയെ വിമുക്തമാക്കി സൂക്ഷിക്കുന്നതു സംബന്ധിച്ചു പെർഗമോസിലെ ക്രിസ്ത്യാനികൾക്കു ബുദ്ധ്യുപദേശത്തിന്റെ ആവശ്യമുണ്ടായിരുന്നു. യേശു യോഹന്നാൻ 17:20-23-ൽ പ്രാർഥിച്ച ഐക്യം കാത്തുസൂക്ഷിക്കേണ്ടതിനു ക്രിസ്തീയ പ്രമാണങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ കൂടുതൽ ദൃഢത ആവശ്യമാണ്. “ആരോഗ്യാവഹമായ പഠിപ്പിക്കലിനാൽ പ്രബോധിപ്പിക്കുകയും എതിർപറയുന്നവരെ ശാസിക്കുകയും” ചെയ്യേണ്ടത് ആവശ്യമാണ്.—തീത്തോസ് 1:9, NW.
14. (എ) ആദ്യകാലംമുതൽ ക്രിസ്തീയസഭയ്ക്ക് ആരെ നേരിടേണ്ടതുണ്ടായിരുന്നു, അവരെ അപ്പോസ്തലനായ പൗലോസ് വർണിച്ചതെങ്ങനെ? (ബി) തെററിപ്പിരിയുന്ന ഒരു കൂട്ടത്തെ അനുഗമിക്കാൻ ചായ്വുണ്ടായേക്കാവുന്ന ഏതൊരാളും യേശുവിന്റെ ഏത് വാക്കുകൾക്കു ശ്രദ്ധ നൽകണം?
14 ആദ്യകാലംമുതൽ ക്രിസ്തീയസഭ യഹോവയുടെ സരണിയിലൂടെ നൽകപ്പെട്ട “ഉപദേശത്തിന്നു വിപരീതമായ ദ്വന്ദ്വപക്ഷങ്ങളെയും ഇടർച്ചകളെയും ഉണ്ടാക്കുന്ന” അഹങ്കാരികളായ വിശ്വാസത്യാഗികളെ നേരിടേണ്ടതുണ്ടായിരുന്നു, അവർ ചക്കരവാക്കും വഞ്ചനാത്മകസംസാരവും മുഖാന്തരം അതു ചെയ്തിരുന്നു. (റോമർ 16:17, 18) അപ്പോസ്തലനായ പൗലോസ് തന്റെ മിക്ക ലേഖനങ്ങളിലുംതന്നെ ഈ ഭീഷണി സംബന്ധിച്ചു മുന്നറിയിപ്പു നൽകി.a സത്യസഭയെ അതിന്റെ ക്രിസ്തീയ ശുദ്ധിയിലും ഐക്യത്തിലും യേശു പുനഃസ്ഥിതീകരിച്ചിരിക്കുന്ന ഈ ആധുനിക നാളിലും വിഭാഗീയതയുടെ അപകടം നിലനിൽക്കുന്നു. അതിനാൽ, തെററിപ്പിരിഞ്ഞ ഒരു കൂട്ടത്തെ അനുഗമിക്കുന്നതിനും അങ്ങനെ ഒരു വിഭാഗം ഉണ്ടാക്കുന്നതിനും ചായ്വുളളവനായിത്തീർന്നേക്കാവുന്ന ഏതൊരാളും യേശുവിന്റെ അടുത്ത വാക്കുകൾ ശ്രദ്ധിച്ചേ മതിയാകൂ: “ആകയാൽ മാനസാന്തരപ്പെടുക; അല്ലാഞ്ഞാൽ ഞാൻ വേഗത്തിൽ വന്നു എന്റെ വായിലെ [നീണ്ട, NW] വാളുകൊണ്ടു അവരോടു പോരാടും.”—വെളിപ്പാടു 2:16.
15. വിഭാഗീയത തുടങ്ങുന്നതെങ്ങനെ?
15 വിഭാഗീയത തുടങ്ങുന്നതെങ്ങനെ? ഒരുപക്ഷേ, ഒരു അനധികൃത ഉപദേഷ്ടാവ് (നാം അന്ത്യനാളുകളിലാണ് എന്നതുപോലുളള) ഏതെങ്കിലും ബൈബിൾ സത്യത്തെപ്പററി തർക്കിച്ചുകൊണ്ടു സംശയത്തിന്റെ വിത്തു പാകുന്നു, അങ്ങനെ ഭിന്നിച്ചുനിൽക്കുന്ന ഒരു കൂട്ടം പിരിഞ്ഞുപോയി അയാളെ അനുഗമിക്കുകയും ചെയ്യുന്നു. (2 തിമൊഥെയൊസ് 3:1; 2 പത്രൊസ് 3:3, 4) അല്ലെങ്കിൽ യഹോവ തന്റെ വേല നിർവഹിച്ചുകൊണ്ടിരിക്കുന്ന രീതിയെ ആരെങ്കിലും വിമർശിക്കുന്നു, രാജ്യസന്ദേശവുമായി വീടുതോറും പോകുന്നതിന്റെ ആവശ്യമില്ലെന്നും അതു തിരുവെഴുത്തുപരമല്ലെന്നും അവകാശപ്പെട്ടുകൊണ്ട് അയാൾ സ്വയം ഒഴിഞ്ഞുമാറുന്ന ഒരു മനോഭാവത്തിനായി അഭ്യർഥിക്കുന്നു. യേശുവിന്റെയും അവന്റെ അപ്പോസ്തലൻമാരുടെയും മാതൃക പിൻപററി അത്തരം സേവനത്തിൽ പങ്കെടുക്കുന്നത് ഇവരെ താഴ്മയുളളവരായി നിലനിർത്തുമായിരുന്നു; എങ്കിലും അടർന്നുപോകാനും ഒരു സ്വകാര്യകൂട്ടമെന്ന നിലയിൽ ഒരുപക്ഷേ വല്ലപ്പോഴും ബൈബിൾ വായിക്കുകമാത്രം ചെയ്തുകൊണ്ട് ആയാസം കൂടാതെ പോകാനും അവർ ഇഷ്ടപ്പെടുന്നു. (മത്തായി 10:7, 11-13; പ്രവൃത്തികൾ 5:42; 20:20, 21) യേശുവിന്റെ മരണത്തിന്റെ സ്മാരകവും രക്തത്തിൽ നിന്ന് ഒഴിഞ്ഞിരിക്കാനുളള തിരുവെഴുത്തുപരമായ കല്പനയും വിശേഷദിവസങ്ങളുടെ ആഘോഷവും പുകയിലയുടെ ഉപയോഗവും സംബന്ധിച്ച് അത്തരക്കാർ തങ്ങളുടെ സ്വന്തം ആശയങ്ങൾ കെട്ടിച്ചമക്കുന്നു. അതിലുപരി, അവർ യഹോവയുടെ നാമത്തെ അവമതിക്കുന്നു; വളരെ പെട്ടെന്നുതന്നെ അവർ മഹാബാബിലോന്റെ അനുവാദാത്മക വഴികളിലേക്കു തിരികെ വീണുപോകുന്നു. അതിലും മോശമായി, ചിലർ ഒരുകാലത്തു തങ്ങളുടെ സഹോദരങ്ങളായിരുന്ന ‘കൂട്ടുദാസൻമാരെ അടിപ്പാനും’ അവർക്കെതിരെ തിരിയാനും സാത്താനാൽ പ്രേരിപ്പിക്കപ്പെടുന്നു.—മത്തായി 24:49; പ്രവൃത്തികൾ 15:29; വെളിപ്പാടു 17:5.
16. (എ) വിശ്വാസത്യാഗപരമായ സ്വാധീനത്താൽ പതറുന്നവർ പശ്ചാത്തപിക്കാൻ ശീഘ്രതയുളളവരായിരിക്കേണ്ടതെന്തുകൊണ്ട്? (ബി) പശ്ചാത്തപിക്കാൻ വിസമ്മതിക്കുന്നവർക്ക് എന്തു സംഭവിക്കും?
16 വിശ്വാസത്യാഗപരമായ സ്വാധീനത്താൽ പതറുന്ന ഏതൊരാളും പശ്ചാത്തപിക്കാനുളള യേശുവിന്റെ ക്ഷണത്തിനു ചെവികൊടുക്കാൻ ശീഘ്രതയുളളവനായിരിക്കണം! വിശ്വാസത്യാഗപരമായ പ്രചരണം വിഷമായിരിക്കുന്നതിനാൽ അതു നിരാകരിക്കപ്പെടണം. യേശു തന്റെ സഭയെ പോററുന്ന നീതിയുളളതും നിർമലമായതും പ്രിയങ്കരവുമായ സത്യങ്ങൾക്കു വിരുദ്ധമായി അതിന്റെ അടിസ്ഥാനം അസൂയയും വിദ്വേഷവുമാണ്. (ലൂക്കൊസ് 12:42; ഫിലിപ്പിയർ 1:15, 16; 4:8, 9) പശ്ചാത്തപിക്കാൻ വിസമ്മതിക്കുന്നവരുടെ കാര്യത്തിൽ, കർത്താവായ യേശു ‘[തന്റെ] വായിലെ നീണ്ട വാളുകൊണ്ട് അവരോടു പോരാടുന്നു.’ യേശു ഭൂമിയിൽ തന്റെ ശിഷ്യൻമാരോടൊപ്പമുണ്ടായിരുന്ന അവസാന സായാഹ്നത്തിൽ എന്തിനുവേണ്ടി പ്രാർഥിച്ചോ ആ ഐക്യം കാത്തുസൂക്ഷിക്കുന്നതിനുവേണ്ടി അവൻ തന്റെ ജനത്തെ വേർതിരിച്ചുകൊണ്ടിരിക്കുന്നു. (യോഹന്നാൻ 17:20-23, 26) തന്റെ വലങ്കയ്യിലെ നക്ഷത്രങ്ങൾ നൽകിയ സ്നേഹപുരസ്സരമായ ബുദ്ധ്യുപദേശവും സഹായവും വിശ്വാസത്യാഗികൾ നിരസിക്കുന്നതുകൊണ്ട് യേശു അവരെ “പുറത്തുളള ഇരുട്ടിലേക്കു” വലിച്ചെറിഞ്ഞ് അവരെ ന്യായം വിധിക്കുകയും ‘അതികഠിനമായി’ ശിക്ഷിക്കുകയും ചെയ്യുന്നു. ദൈവജനത്തിനിടയിൽ മേലാൽ പുളിപ്പായി പ്രവർത്തിക്കാതിരിപ്പാൻ അവർ പുറത്താക്കപ്പെടുന്നു.—മത്തായി 24:48-51, NW; 25:30; 1 കൊരിന്ത്യർ 5:6, 9, 13; വെളിപ്പാടു 1:16.
‘മറഞ്ഞിരിക്കുന്ന മന്നായും ഒരു വെളളക്കല്ലും’
17. ‘ജയിക്കുന്ന’ അഭിഷിക്ത ക്രിസ്ത്യാനികൾക്കായി എന്തു പ്രതിഫലം കാത്തിരിക്കുന്നു, പെർഗമോസിലെ ക്രിസ്ത്യാനികൾ എന്തു തരണംചെയ്യണമായിരുന്നു?
17 യഹോവയുടെ പരിശുദ്ധാത്മാവിന്റെ നടത്തിപ്പിൽ നൽകപ്പെട്ട യേശുവിന്റെ ബുദ്ധ്യുപദേശത്തിനു ചെവികൊടുക്കുന്നവർക്കെല്ലാം ഒരു മഹത്തായ പ്രതിഫലം കാത്തിരിക്കുന്നു. ശ്രദ്ധിക്കൂ! “ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുളളവൻ കേൾക്കട്ടെ. ജയിക്കുന്നവന്നു ഞാൻ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും; ഞാൻ അവന്നു വെളളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിൻമേൽ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും.” (വെളിപ്പാടു 2:17) അങ്ങനെ സ്മിർണയിലെ ക്രിസ്ത്യാനികളെപ്പോലെ പെർഗമോസിലെ ക്രിസ്ത്യാനികൾ ‘ജയിക്കാൻ’ പ്രോത്സാഹിപ്പിക്കപ്പെടുന്നു. സാത്താന്റെ സിംഹാസനമുളള പെർഗമോസിലുളളവർ വിജയിക്കണമെങ്കിൽ വിഗ്രഹാരാധന ഒഴിവാക്കിയേ തീരൂ. അവർ ദുർമാർഗഗതിയെയും വിഭാഗീയതയെയും ബാലാക്കിനോടും ബിലെയാമിനോടും ബന്ധപ്പെട്ട വിശ്വാസത്യാഗത്തെയും നിക്കൊലാവോസിന്റെ വിഭാഗത്തെയും തരണംചെയ്യണമായിരുന്നു. ഇങ്ങനെ ചെയ്യുന്നതിനാൽ ആ അഭിഷിക്ത ക്രിസ്ത്യാനികൾ കുറെ “മറഞ്ഞിരിക്കുന്ന മന്ന” തിന്നുന്നതിനു ക്ഷണിക്കപ്പെടും. ഇത് എന്തർഥമാക്കുന്നു?
18, 19. (എ) ഇസ്രായേല്യർക്കു വേണ്ടി യഹോവ പ്രദാനം ചെയ്ത മന്നാ എന്തായിരുന്നു? (ബി) ഏതു മന്നാ മറയ്ക്കപ്പെട്ടിരുന്നു? (സി) മറഞ്ഞിരിക്കുന്ന മന്നാ തിന്നുന്നത് എന്തിനെ പ്രതീകപ്പെടുത്തുന്നു?
18 മോശയുടെ നാളിൽ ഇസ്രായേല്യരുടെ മരുഭൂമിയാത്രയിൽ അവരെ പോററുന്നതിനു യഹോവ മന്നാ പ്രദാനം ചെയ്തു. ആ മന്നാ മറഞ്ഞിരിക്കുന്നതല്ലായിരുന്നു, എന്തെന്നാൽ ശബത്തുദിവസം ഒഴികെ ഓരോ പ്രഭാതത്തിലും അതു ഭൂമിയെ മൂടുന്ന ഉറഞ്ഞ മഞ്ഞുപാളിപോലെ അത്ഭുതകരമായി പ്രത്യക്ഷപ്പെട്ടു. അത് ഇസ്രായേല്യരെ ജീവനോടെ നിലനിർത്തുന്നതിനുളള ഒരു ദിവ്യകരുതലായിരുന്നു. ഒരു സ്മാരകമെന്നനിലയിൽ, ഈ “അപ്പം” കുറെ ഒരു പൊൻപാത്രത്തിലിട്ടു വിശുദ്ധ നിയമപെട്ടകത്തിനുളളിൽ “[ഇസ്രായേലിന്റെ] തലമുറകൾക്കുവേണ്ടി” സൂക്ഷിക്കാൻ യഹോവ മോശയോടു കൽപ്പിച്ചു.—പുറപ്പാടു 16:14, 15, 23, 26, 33; എബ്രായർ 9:3, 4.
19 സമുചിതമായ എന്തൊരു പ്രതീകം! ഈ മന്നാ സമാഗമനകൂടാരത്തിന്റെ അതിവിശുദ്ധസ്ഥലത്തു മറയ്ക്കപ്പെട്ടിരുന്നു, അവിടെ പെട്ടകത്തിന്റെ മൂടിയുടെ മുകളിൽ വട്ടമിട്ടുനിന്ന അത്ഭുതവെളിച്ചം യഹോവയുടെ സാന്നിധ്യത്തെത്തന്നെ പ്രതീകപ്പെടുത്തി. (പുറപ്പാടു 26:34) മറച്ചുവെച്ചിരുന്ന മന്നാ തിന്നുവാൻ തക്കവണ്ണം ആ പവിത്രസ്ഥലത്തേക്കു നുഴഞ്ഞുകയറാൻ ആരും അനുവദിക്കപ്പെട്ടിരുന്നില്ല. എന്നിരുന്നാലും ജയിക്കുന്ന തന്റെ അഭിഷിക്ത അനുഗാമികൾ “മറഞ്ഞിരിക്കുന്ന മന്ന” തിന്നുമെന്ന് യേശു പറഞ്ഞു. തങ്ങൾക്കുമുമ്പേ ക്രിസ്തു ചെയ്തതുപോലെ അവർ “വാസ്തവമായതിന്റെ പ്രതിബിംബമായി കൈപ്പണിയായ വിശുദ്ധ മന്ദിരത്തിലേക്കല്ല, . . . സ്വർഗ്ഗത്തിലേ”ക്കുതന്നെ പ്രവേശിക്കുന്നു. (എബ്രായർ 9:12, 24) അവരുടെ പുനരുത്ഥാനത്തിൽ അവർ അക്ഷയത്വവും അമർത്ത്യതയും ധരിക്കുന്നു—അവർക്ക് അനശ്വരമായ “മറഞ്ഞിരിക്കുന്ന മന്ന” നൽകുന്നതിനാൽ പ്രതീകവത്കരിക്കപ്പെട്ട യഹോവയുടെ അത്ഭുതകരമായ ഒരു കരുതൽ തന്നെ. ജയശാലികളുടെ ആ ചെറിയ കൂട്ടം എത്ര പദവിയുളളവരാണ്!—1 കൊരിന്ത്യർ 15:53-57.
20, 21. (എ) അഭിഷിക്ത ക്രിസ്ത്യാനികൾക്ക് ഒരു വെളളക്കല്ലു കൊടുക്കുന്നത് എന്തിനെ പ്രതീകപ്പെടുത്തുന്നു? (ബി) 1,44,000 വെളളക്കല്ലുകൾ മാത്രമുളളതിനാൽ മഹാപുരുഷാരം ഏതു പ്രത്യാശ പുലർത്തുന്നു?
20 ഇവർക്ക് ‘ഒരു വെളളക്കല്ലും’ ലഭിക്കുന്നു. റോമൻ കോടതികളിൽ വിധി പറയുമ്പോൾ മിനുസമുളള കല്ലുകൾ ഉപയോഗിക്കപ്പെട്ടിരുന്നു.b ഒരു വെളളക്കല്ല് കുററക്കാരനല്ലെന്നുളള വിധിയെ അർഥമാക്കി, അതേസമയം ഒരു കറുത്ത കല്ല് കുററവിധിയെ, മിക്കപ്പോഴും മരണവിധിയെ, അർഥമാക്കി. പെർഗമോസിലെ ക്രിസ്ത്യാനികൾക്ക് യേശു ‘ഒരു വെളളക്കല്ലു’ കൊടുക്കുന്നത് അവൻ അവരെ നിർദോഷികളും നിർമലരും ശുദ്ധിയുളളവരുമെന്നു വിധിക്കുന്നതിനെ സൂചിപ്പിക്കുമായിരുന്നു. എങ്കിലും യേശുവിന്റെ വാക്കുകൾക്കു കൂടുതലായ ഒരു അർഥമുണ്ടായിരിക്കാം. റോമൻ കാലങ്ങളിൽ സുപ്രധാന സംഭവങ്ങൾക്കു പ്രവേശനം ലഭിക്കുന്നതിനുളള ടിക്കററുകളെന്ന നിലയിലും ഇത്തരം മിനുസമുളള കല്ലുകൾ ഉപയോഗിക്കപ്പെട്ടിരുന്നു. അതിനാൽ വിജയിക്കുന്ന അഭിഷിക്ത ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം വെളളക്കല്ല് വളരെ പ്രത്യേകമായ ഒന്നിനെ—കുഞ്ഞാടിന്റെ വിവാഹത്തിനു സ്വർഗത്തിൽ ആദരണീയമായ ഒരു സ്ഥാനത്തേക്കു പ്രവേശിപ്പിക്കപ്പെടുന്നതിനെ—സൂചിപ്പിച്ചേക്കാം. ഇത്തരം 1,44,000 കല്ലുകൾ മാത്രമാണു നൽകപ്പെടുന്നത്.—വെളിപ്പാടു 14:1; 19:7-9.
21 നിങ്ങൾ സഹാരാധകരായ മഹാപുരുഷാരത്തിൽപ്പെട്ട ഒരാളാണെങ്കിൽ നിങ്ങളെ പരിഗണിക്കാതെ ഒഴിവാക്കുന്നുവെന്ന് ഇതർഥമാക്കുന്നുവോ? ഒരിക്കലുമില്ല! സ്വർഗത്തിലേക്കുളള പ്രവേശനമാകുന്ന വെളളക്കല്ല് ലഭിക്കുന്നില്ലെന്നിരിക്കെ, നിങ്ങൾ സഹിച്ചു നിൽക്കുന്നെങ്കിൽ ഭൂമിയിൽ പറുദീസ പുനഃസ്ഥാപിക്കുന്ന സന്തോഷകരമായ വേലയിൽ ഒരു പങ്കുണ്ടായിരിക്കാൻ നിങ്ങൾ മഹോപദ്രവത്തിൽ നിന്നു പുറത്തുവന്നേക്കാം. ഇതിൽ നിങ്ങളോടുകൂടെ പങ്കെടുക്കുന്നതു പുനരുത്ഥാനം പ്രാപിക്കുന്ന ക്രിസ്തീയ കാലത്തിനു മുൻപുളള വിശ്വസ്തരും ഈയിടെ മരിച്ചുപോയിരിക്കാവുന്ന വേറെ ആടുകളിൽ പെടുന്നവരും ആയിരിക്കും. ഒടുവിൽ വീണ്ടെടുക്കപ്പെട്ട മററു മരിച്ചവർക്കെല്ലാം ഒരു പറുദീസാഭൂമിയിലെ ജീവനിലേക്കുളള പുനരുത്ഥാനം നൽകപ്പെടും.—സങ്കീർത്തനം 45:16; യോഹന്നാൻ 10:16; വെളിപ്പാടു 7:9, 14.
22, 23. അഭിഷിക്ത ക്രിസ്ത്യാനികൾക്കു നൽകപ്പെടുന്ന വെളളക്കല്ലിൽ എഴുതിയിരിക്കുന്ന പേരിന്റെ പ്രാധാന്യമെന്താണ്, ഇത് എന്തു പ്രോത്സാഹനം നൽകേണ്ടതാണ്?
22 കല്ലിൽ എഴുതിയിരിക്കുന്ന പുതിയ പേര് എന്താണ്? ഒരു വ്യക്തിയെ തിരിച്ചറിയുന്നതിനും അയാളെ മററുളളവരിൽനിന്നു വേർതിരിച്ചറിയുന്നതിനുമുളള ഒരു മാർഗമാണ് ഒരു പേര്. ഈ അഭിഷിക്ത ക്രിസ്ത്യാനികൾക്കു ജയിക്കുന്നവർ എന്നനിലയിൽ തങ്ങളുടെ ഭൗമികഗതി പൂർത്തിയാക്കിയശേഷം ആ കല്ലു ലഭിക്കുന്നു. അപ്പോൾ വ്യക്തമായും, കല്ലിലുളള പേരു സ്വർഗത്തിൽ യേശുവിനോടൊപ്പം ചേർക്കപ്പെടുന്ന അവരുടെ പദവിയോടു ബന്ധപ്പെട്ടിരിക്കുന്നു—സ്വർഗീയരാജ്യം അവകാശമാക്കുന്നവർ മാത്രം ആസ്വദിക്കുന്നതും പൂർണമായി വിലമതിക്കുന്നതുമായ രാജകീയ സേവനത്തിന്റെ ഏററവും അടുത്ത ഒരു സ്ഥാനം തന്നെ. അതിനാൽ അതു “ലഭിക്കുന്നവനല്ലാതെ ആരും അറിയാത്ത” ഒരു നാമം അഥവാ പദവിനാമം ആണ്.—താരതമ്യം ചെയ്യുക: വെളിപ്പാടു 3:12.
23 “ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു” കേൾക്കുന്നതിനും അതു ബാധകമാക്കുന്നതിനും യോഹന്നാൻവർഗത്തിന് എന്തോരു പ്രോത്സാഹനം! ഭൂമിയിൽ അവരുടെ സഖിത്വം ആസ്വദിക്കാനും യഹോവയുടെ രാജ്യം പ്രസിദ്ധമാക്കുന്നതിൽ അവരോടുകൂടെ പങ്കെടുക്കാനും കഴിയുമ്പോൾ അവരോടൊപ്പം വിശ്വസ്തതയോടെ സേവിക്കുന്നതിന് അവരുടെ കൂട്ടാളികളായ മഹാപുരുഷാരത്തെ ഇത് എത്ര പ്രോത്സാഹിപ്പിക്കുന്നു!
[അടിക്കുറിപ്പുകൾ]
a 1 കൊരിന്ത്യർ 3:3, 4, 18, 19; 2 കൊരിന്ത്യർ 11:13; ഗലാത്യർ 4:9; എഫെസ്യർ 4:14, 15; ഫിലിപ്പിയർ 3:18, 19; കൊലൊസ്സ്യർ 2:8; 1 തെസ്സലൊനീക്യർ 3:5; 2 തെസ്സലൊനീക്യർ 2:1-3; 1 തിമൊഥെയൊസ് 6:3-5; 2 തിമൊഥെയൊസ് 2:17; 4:3, 4; തീത്തൊസ് 1:13, 14; 3:10; എബ്രായർ 10:26, 27 എന്നിവകൂടെ കാണുക.
b പ്രവൃത്തികൾ 26:10-ഉം അടിക്കുറിപ്പും കാണുക, ന്യൂ വേൾഡ് ട്രാൻസ്ലേഷൻ റഫറൻസ് ബൈബിൾ.
[43-ാം പേജിലെ ചിത്രങ്ങൾ]
വ്യാപകമായ പുറജാതീയ ആരാധനയുടെ ഈ തെളിവുകൾ ബർലിനിലെ പെർഗമോൻ കാഴ്ചബംഗ്ലാവിൽ പ്രദർശിപ്പിച്ചിരിക്കുന്നു
[45-ാം പേജിലെ ചിത്രങ്ങൾ]
മന്നായുടെ ഒരു ഭാഗം നിയമപെട്ടകത്തിൽ മറച്ചുവെച്ചിരുന്നു. ജയിക്കുന്ന അഭിഷിക്തരെ സംബന്ധിച്ചിടത്തോളം പ്രതീകാത്മകമായ മറഞ്ഞിരിക്കുന്ന മന്നാ കൊടുക്കുന്നത് അവർക്ക് അമർത്ത്യത ലഭിക്കുന്നുവെന്ന് അർഥമാക്കുന്നു
വെളളക്കല്ല് കുഞ്ഞാടിന്റെ വിവാഹത്തിനു പ്രവേശിപ്പിക്കപ്പെടുന്നവർക്കുളളതാണ്