പഠനലേഖനം 46
ഭൂമി പറുദീസയാക്കുമെന്ന് യഹോവ ഉറപ്പു തരുന്നു
“ഭൂമിയിൽ അനുഗ്രഹം തേടുന്നവരെയെല്ലാം സത്യത്തിന്റെ ദൈവം അനുഗ്രഹിക്കും.”—യശ. 65:16.
ഗീതം 3 ഞങ്ങളുടെ പ്രത്യാശ, ഞങ്ങളുടെ ആശ്രയം, ഞങ്ങളുടെ ധൈര്യം
ചുരുക്കംa
1. ഇസ്രായേല്യരോടുള്ള യശയ്യ പ്രവാചകന്റെ സന്ദേശം എന്തായിരുന്നു?
യശയ്യ പ്രവാചകൻ യഹോവയെക്കുറിച്ച് “സത്യത്തിന്റെ ദൈവം” എന്നാണു പറഞ്ഞിരിക്കുന്നത്. ‘സത്യം’ എന്നു പരിഭാഷ ചെയ്തിരിക്കുന്ന വാക്കിന്റെ അക്ഷരാർഥം “ആമേൻ” എന്നാണ്. (യശ. 65:16, അടിക്കുറിപ്പ്) “ആമേൻ” എന്ന വാക്കിന്റെ അർഥം “അങ്ങനെയായിരിക്കട്ടെ” അല്ലെങ്കിൽ “തീർച്ചയായും” എന്നാണ്. ബൈബിളിൽ ആമേൻ എന്ന വാക്കു മിക്കപ്പോഴും ഉപയോഗിച്ചിരിക്കുന്നത് യഹോവയോ യേശുവോ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കാര്യം സത്യമാണെന്ന് ഉറപ്പു തരാനാണ്. അതുകൊണ്ട് ഇസ്രായേല്യരോടുള്ള യശയ്യയുടെ സന്ദേശം ഇതായിരുന്നു: യഹോവ ഒരു കാര്യം മുൻകൂട്ടിപ്പറഞ്ഞാൽ അത് അങ്ങനെതന്നെ നടന്നിരിക്കും. തന്റെ വാഗ്ദാനങ്ങളെല്ലാം നിറവേറ്റിക്കൊണ്ട് യഹോവ എപ്പോഴും അതു തെളിയിക്കുകയും ചെയ്തിട്ടുണ്ട്.
2. (എ) ഭാവിയെക്കുറിച്ച് യഹോവ നൽകിയിരിക്കുന്ന വാഗ്ദാനത്തിൽ നമുക്കു വിശ്വസിക്കാനാകുന്നത് എന്തുകൊണ്ട്? (ബി) ഈ ലേഖനത്തിൽ ഏതു ചോദ്യങ്ങൾക്കുള്ള ഉത്തരം നമ്മൾ കാണും?
2 ഭാവിയെക്കുറിച്ച് യഹോവ നമ്മളോടു പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ നമുക്കും അതേ വിശ്വാസം ഉണ്ടായിരിക്കാനാകുമോ? യശയ്യയുടെ കാലത്തിനു ശേഷം ഏകദേശം 800 വർഷം കഴിഞ്ഞ് അപ്പോസ്തലനായ പൗലോസ് യഹോവയുടെ വാഗ്ദാനങ്ങളെല്ലാം വിശ്വസിക്കാനാകുന്നതിന്റെ കാരണത്തെക്കുറിച്ച് വിശദീകരിച്ചു. അദ്ദേഹം പറഞ്ഞു: “ദൈവത്തിനു നുണ പറയാനാകില്ല.” (എബ്രാ. 6:18) ഒരേ ഉറവിൽനിന്ന് ഒരിക്കലും നല്ല വെള്ളവും ഉപ്പു വെള്ളവും വരില്ലല്ലോ. അതുപോലെതന്നെ സത്യത്തിന്റെ ഉറവായ യഹോവയ്ക്ക് ഒരിക്കലും നുണ പറയാനാകില്ല. അതുകൊണ്ട് ഭാവിയെക്കുറിച്ച് യഹോവ നമുക്കു നൽകിയിരിക്കുന്ന വാഗ്ദാനങ്ങൾ ഉൾപ്പെടെ യഹോവ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും നമുക്കു പൂർണമായി വിശ്വസിക്കാനാകും. ഈ ലേഖനത്തിൽ പ്രധാനമായും രണ്ടു ചോദ്യങ്ങളുടെ ഉത്തരം നമ്മൾ കാണും: ഭാവിയെക്കുറിച്ച് യഹോവ നമുക്ക് എന്തു വാഗ്ദാനമാണു നൽകിയിരിക്കുന്നത്? തന്റെ വാക്കുകൾ നിറവേറും എന്നതിന് യഹോവ എന്ത് ഉറപ്പു തന്നിരിക്കുന്നു?
യഹോവ എന്താണു വാഗ്ദാനം ചെയ്തിരിക്കുന്നത്?
3. (എ) ഏതു വാഗ്ദാനം ദൈവജനത്തിനു വളരെ പ്രിയപ്പെട്ടതാണ്? (വെളിപാട് 21:3, 4) (ബി) ഈ വാഗ്ദാനത്തെക്കുറിച്ച് കേൾക്കുമ്പോൾ പലരുടെയും പ്രതികരണം എന്താണ്?
3 ലോകമെങ്ങുമുള്ള ദൈവജനം വളരെ പ്രിയപ്പെട്ടതായി കരുതുന്ന ഒരു വാഗ്ദാനത്തെക്കുറിച്ചാണു നമ്മൾ ചർച്ച ചെയ്യാൻപോകുന്നത്. (വെളിപാട് 21:3, 4 വായിക്കുക.) യഹോവ ഈ ഉറപ്പു തരുന്നു: “മേലാൽ മരണം ഉണ്ടായിരിക്കില്ല; ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല.” പ്രസംഗപ്രവർത്തനത്തിനിടെ കണ്ടുമുട്ടുന്ന ആളുകളെ ആശ്വസിപ്പിക്കാനും പറുദീസയിലെ ജീവിതം എങ്ങനെയുള്ളതായിരിക്കുമെന്ന് അവർക്കു കാണിച്ചുകൊടുക്കാനും വേണ്ടി നമ്മളിൽ മിക്കവരും ഈ വാക്യം ഉപയോഗിക്കാറുണ്ട്. എന്നാൽ ഈ വാഗ്ദാനത്തെക്കുറിച്ച് കേൾക്കുമ്പോൾ പലരും പറയുന്നത്, “ഇതൊക്കെ കേൾക്കാൻ രസമുണ്ട്, പക്ഷേ നടക്കാൻ പോകുന്നില്ല” എന്നായിരിക്കാം.
4. (എ) പറുദീസയെക്കുറിച്ചുള്ള വാഗ്ദാനം നൽകുന്ന സമയത്തുതന്നെ നമ്മുടെ കാലത്തെക്കുറിച്ച് യഹോവയ്ക്ക് എന്ത് അറിയാമായിരുന്നു? (ബി) വാഗ്ദാനം നൽകിയതോടൊപ്പം യഹോവ വേറെ എന്തുകൂടെ ചെയ്തു?
4 പറുദീസയിലെ ജീവിതത്തെക്കുറിച്ചുള്ള തന്റെ വാഗ്ദാനം രേഖപ്പെടുത്താൻ അപ്പോസ്തലനായ യോഹന്നാനെ പ്രചോദിപ്പിക്കുന്ന സമയത്ത് യഹോവയ്ക്ക് എന്തായാലും ഒരു കാര്യം അറിയാമായിരുന്നു: ദൈവരാജ്യത്തെക്കുറിച്ചുള്ള സന്ദേശം ആളുകളോടു പ്രസംഗിക്കുമ്പോൾ നമ്മൾ ഈ പ്രത്യാശയെക്കുറിച്ച് അവരോടു പറയുമെന്ന്. കൂടാതെ ‘പുതിയവയെക്കുറിച്ചുള്ള’ വാഗ്ദാനം അതായത് ഭാവിയിൽ ഈ മാറ്റങ്ങൾ സംഭവിക്കുമെന്നുള്ള കാര്യം വിശ്വസിക്കാൻ പലർക്കും ബുദ്ധിമുട്ടായിരിക്കുമെന്നും യഹോവ മുൻകൂട്ടി കണ്ടു. (യശ. 42:9; 60:2; 2 കൊരി. 4:3, 4) അതുകൊണ്ട് പറുദീസയെക്കുറിച്ചുള്ള വാഗ്ദാനം നൽകിയതോടൊപ്പം അതു വിശ്വസിക്കാനാകുന്നതിന്റെ കാരണങ്ങളും യഹോവ നൽകി. എന്തൊക്കെയാണ് അവ? ഈ കാരണങ്ങൾ ഉപയോഗിച്ച് വെളിപാട് 21:3, 4-ൽ പറഞ്ഞിരിക്കുന്ന അനുഗ്രഹങ്ങൾ സത്യമാകുമെന്നു നമുക്ക് എങ്ങനെ മറ്റുള്ളവരെ ബോധ്യപ്പെടുത്താം? ഇനി, യഹോവയിലും ദൈവത്തിന്റെ വാഗ്ദാനങ്ങളിലും ഉള്ള നമ്മുടെതന്നെ വിശ്വാസം എങ്ങനെ ശക്തമാക്കാം?
തന്റെ വാഗ്ദാനങ്ങൾ നിറവേറുമെന്ന് യഹോവ ഉറപ്പു തരുന്നു
5. പറുദീസയെക്കുറിച്ചുള്ള യഹോവയുടെ വാഗ്ദാനം വിശ്വസിക്കാൻ കഴിയുന്നതിന്റെ കാരണങ്ങൾ ഏതു വാക്യങ്ങളിൽ കാണാം, അവിടെ എന്താണു പറയുന്നത്?
5 പറുദീസയെക്കുറിച്ചുള്ള യഹോവയുടെ വാഗ്ദാനം വിശ്വസിക്കാൻ കഴിയുന്നതിന്റെ കാരണങ്ങൾ തുടർന്നുള്ള വാക്യങ്ങളിൽ കാണാം. അവിടെ ഇങ്ങനെ വായിക്കുന്നു: “സിംഹാസനത്തിൽ ഇരിക്കുന്നവൻ, ‘ഇതാ, ഞാൻ എല്ലാം പുതിയതാക്കുന്നു’ എന്നു പറഞ്ഞു. ‘എഴുതുക, ഈ വാക്കുകൾ സത്യമാണ്, ഇവ വിശ്വസിക്കാം’ എന്നും ദൈവം പറഞ്ഞു. പിന്നെ ദൈവം എന്നോടു പറഞ്ഞു: ‘എല്ലാം സംഭവിച്ചുകഴിഞ്ഞു! ഞാൻ ആൽഫയും ഒമേഗയും ആണ്; തുടക്കവും ഒടുക്കവും ഞാനാണ്.’”—വെളി. 21:5, 6എ.
6. വെളിപാട് 21:5, 6-ലെ വാക്കുകൾ ദൈവത്തിന്റെ വാഗ്ദാനങ്ങളിലുള്ള നമ്മുടെ വിശ്വാസം ശക്തമാക്കുന്നത് എങ്ങനെ?
6 ആ വാക്കുകൾ ദൈവത്തിന്റെ വാഗ്ദാനത്തിലുള്ള നമ്മുടെ വിശ്വാസം ശക്തമാക്കുന്നത് എങ്ങനെയാണ്? അതെക്കുറിച്ച് വെളിപാട് പാരമ്യം! പുസ്തകം ഇങ്ങനെ പറയുന്നു: “അത് യഹോവതന്നെ വിശ്വസ്തമനുഷ്യവർഗത്തിന് ഈ ഭാവി അനുഗ്രഹങ്ങൾ സംബന്ധിച്ച് ഒരു ജാമ്യം അഥവാ ഒരു ആധാരം ഒപ്പിട്ടുകൊടുക്കുന്നതുപോലെയാണ്.”b ദൈവം ചെയ്യാൻപോകുന്ന കാര്യങ്ങളെക്കുറിച്ച് വെളിപാട് 21:3, 4 വാക്യങ്ങളിൽ നമ്മൾ വായിക്കുന്നു. എന്നാൽ 5, 6 വാക്യങ്ങളിൽ ദൈവത്തിന്റെ വാഗ്ദാനം തീർച്ചയായും നിറവേറും എന്നതിന്റെ ഉറപ്പ് അഥവാ ആ കയ്യൊപ്പ് നമുക്കു കാണാം. ആ ഉറപ്പു തരുന്നതിനുവേണ്ടി യഹോവ ഉപയോഗിച്ചിരിക്കുന്ന വാക്കുകൾ നമുക്ക് ഒന്ന് അടുത്ത് പരിശോധിക്കാം.
7. ആരുടെ വാക്കുകളോടെയാണ് 5-ാം വാക്യം തുടങ്ങുന്നത്, അതു പ്രത്യേകതയുള്ളതായിരിക്കുന്നത് എന്തുകൊണ്ട്?
7 5-ാം വാക്യം തുടങ്ങുന്നതുതന്നെ “സിംഹാസനത്തിൽ ഇരിക്കുന്നവൻ” പറഞ്ഞു എന്ന വാക്കുകളോടെയാണ്. ഇതിനൊരു പ്രത്യേകതയുണ്ട്. കാരണം മൂന്നു സന്ദർഭങ്ങളിൽ മാത്രമേ യഹോവ നേരിട്ട് സംസാരിക്കുന്നതായി വെളിപാടു പുസ്തകത്തിൽ പറഞ്ഞിട്ടുള്ളൂ. അതിലൊന്നാണ് ഇത്. ഈ ഉറപ്പു തന്നിരിക്കുന്നത് ഒരു ദൈവദൂതനോ യേശുപോലുമോ അല്ല, യഹോവതന്നെയാണ്. തുടർന്നുപറയുന്ന വാക്കുകൾ വിശ്വസിക്കാമെന്നാണ് അതു കാണിക്കുന്നത്. കാരണം യഹോവയ്ക്കു ‘നുണ പറയാൻ കഴിയില്ല.’ (തീത്തോ. 1:2) അതുകൊണ്ട്, വെളിപാട് 21:5, 6-ൽ പറയുന്ന കാര്യങ്ങൾ നമുക്കു വിശ്വസിക്കാം.
“ഇതാ, ഞാൻ എല്ലാം പുതിയതാക്കുന്നു”
8. തന്റെ വാഗ്ദാനം തീർച്ചയായും നിറവേറുമെന്ന ഉറപ്പ് യഹോവയുടെ ഏതു വാക്കുകളിൽ കാണാം? (യശയ്യ 46:10)
8 അടുത്തതായി യഹോവ പറയുന്നു: “ഇതാ, ഞാൻ എല്ലാം പുതിയതാക്കുന്നു.” (വെളി. 21:5) “ഇതാ” എന്നു പരിഭാഷ ചെയ്തിരിക്കുന്ന ഗ്രീക്കുപദം വെളിപാട് പുസ്തകത്തിൽ പല വാക്യങ്ങളിലും കാണാം. “തുടർന്നു പറയുന്ന കാര്യങ്ങൾക്കു നല്ല ശ്രദ്ധ കൊടുക്കണമെന്നു വായനക്കാരനെ ഓർമിപ്പിക്കാനാണ് ഈ വാക്ക് ഉപയോഗിച്ചിരിക്കുന്നത്” എന്ന് ഒരു പുസ്തകം പറയുന്നു. ദൈവം തുടർന്ന് എന്താണു പറയുന്നത്? “ഞാൻ എല്ലാം പുതിയതാക്കുന്നു.” ഇവിടെ, ഞാൻ എല്ലാം പുതിയതാക്കും എന്നല്ല പുതിയതാക്കുന്നു എന്നാണ് യഹോവ പറഞ്ഞത്. ഭാവിയിൽ കൊണ്ടുവരാൻപോകുന്ന മാറ്റങ്ങളെക്കുറിച്ചാണ് യഹോവ പറയുന്നതെങ്കിലും അത് ഇപ്പോൾത്തന്നെ ചെയ്യുന്നതുപോലെയാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. കാരണം താൻ വാഗ്ദാനം ചെയ്തിരിക്കുന്ന കാര്യങ്ങൾ നിറവേറുമെന്ന് യഹോവയ്ക്ക് അത്ര ഉറപ്പാണ്.—യശയ്യ 46:10 വായിക്കുക.
9. (എ) “എല്ലാം പുതിയതാക്കുന്നു”എന്ന പദപ്രയോഗം യഹോവ ചെയ്യുന്ന ഏതു രണ്ടു കാര്യങ്ങളെയാണു സൂചിപ്പിക്കുന്നത്? (ബി) ഇപ്പോഴത്തെ “ആകാശത്തിനും” “ഭൂമിക്കും” എന്തു സംഭവിക്കും?
9 വെളിപാട് 21:5-ൽ “എല്ലാം പുതിയതാക്കുന്നു” എന്നു പറഞ്ഞപ്പോൾ എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് യഹോവ ഉദ്ദേശിച്ചത്? അതിൽ രണ്ടു കാര്യങ്ങൾ ഉൾപ്പെടുന്നുണ്ട്. ഒന്ന്, യഹോവ ഈ പഴയ വ്യവസ്ഥിതിയെ ഇല്ലാതാക്കും. രണ്ട്, ഒരു പുതിയ വ്യവസ്ഥിതി കൊണ്ടുവരും. വെളിപാട് 21:1-ൽ നമ്മൾ ഇങ്ങനെ വായിക്കുന്നു: “പഴയ ആകാശവും പഴയ ഭൂമിയും നീങ്ങിപ്പോയിരിക്കുന്നു.” സാത്താന്റെയും ഭൂതങ്ങളുടെയും സ്വാധീനത്തിലുള്ള ഗവണ്മെന്റുകളെയാണു ‘പഴയ ആകാശം’ അർഥമാക്കുന്നത്. (മത്താ. 4:8, 9; 1 യോഹ. 5:19) ബൈബിളിൽ “ഭൂമി” എന്ന പദം മനുഷ്യരെ കുറിക്കാൻ ഉപയോഗിച്ചിട്ടുണ്ട്. (ഉൽപ. 11:1; സങ്കീ. 96:1) അതുകൊണ്ട് “പഴയ ഭൂമി” എന്ന പദപ്രയോഗം ഇന്നുള്ള ദുഷ്ടമനുഷ്യസമൂഹത്തെയാണ് അർഥമാക്കുന്നത്. പഴയ ‘ആകാശത്തിന്റെയും’ ‘ഭൂമിയുടെയും’ കേടുപാടുകളൊക്കെ മാറ്റി കുറച്ചുകൂടി മെച്ചപ്പെടുത്തിയെടുക്കുന്നതിനു പകരം അവയെ പൂർണമായി തുടച്ചുനീക്കിയിട്ട് പുതിയവ കൊണ്ടുവരുകയായിരിക്കും യഹോവ ചെയ്യുന്നത്. എന്നു പറഞ്ഞാൽ ഇപ്പോഴത്തെ ആകാശത്തിന്റെയും ഭൂമിയുടെയും സ്ഥാനത്ത് ദൈവം “പുതിയ ആകാശവും പുതിയ ഭൂമിയും” കൊണ്ടുവരും. അതായത് ഒരു പുതിയ ഗവൺമെന്റും ഒരു പുതിയ മനുഷ്യസമൂഹവും.
10. യഹോവ എന്താണു പുതിയതാക്കുന്നത്?
10 വെളിപാട് 21:5-ൽ യഹോവ പറഞ്ഞത് “ഞാൻ എല്ലാം പുതിയതാക്കുന്നു” എന്നാണ്, അല്ലാതെ “ഞാൻ എല്ലാം പുതുതായി ഉണ്ടാക്കുന്നു” എന്നല്ല. ഈ ഭൂമിയെയും അതിലെ മനുഷ്യരെയും പൂർണതയുള്ള അവസ്ഥയിലേക്കു കൊണ്ടുവരുന്നതും അതിൽ ഉൾപ്പെടുന്നു. യശയ്യ മുൻകൂട്ടിപ്പറഞ്ഞതുപോലെ യഹോവ ഈ മുഴുഭൂമിയെയും ഏദെൻതോട്ടംപോലുള്ള മനോഹരമായ ഒരു സ്ഥലമാക്കി മാറ്റും. ഇനി, മനുഷ്യരുടെ കാര്യത്തിൽ ഓരോ വ്യക്തിയുടെയും വൈകല്യങ്ങളും കുറവുകളും ഒക്കെ മാറ്റി അവരെ പൂർണതയുള്ള അവസ്ഥയിലേക്കു കൊണ്ടുവരും. അന്നു മുടന്തരും അന്ധരും ബധിരരും സുഖപ്പെടും. മരിച്ചവർ തിരികെ ജീവനിലേക്കുവരുകപോലും ചെയ്യും.—യശ. 25:8; 35:1-7.
“ഈ വാക്കുകൾ സത്യമാണ്, ഇവ വിശ്വസിക്കാം. . . . എല്ലാം സംഭവിച്ചുകഴിഞ്ഞു!”
11. യഹോവ യോഹന്നാനോട് എന്തു ചെയ്യാൻ ആവശ്യപ്പെട്ടു, എന്തായിരുന്നു അതിന്റെ കാരണം?
11 തന്റെ വാക്കുകൾ വിശ്വസിക്കാമെന്ന് ഉറപ്പു തരുന്നതിനു മറ്റെന്തുകൂടെ ദൈവം പറഞ്ഞു? യഹോവ യോഹന്നാനോടു പറഞ്ഞു: “എഴുതുക, ഈ വാക്കുകൾ സത്യമാണ്, ഇവ വിശ്വസിക്കാം.” (വെളി. 21:5) യഹോവ “എഴുതുക” എന്ന ഒരു കല്പന കൊടുക്കുക മാത്രമല്ല ചെയ്തത്. അതിന്റെ കാരണവുംകൂടെ വ്യക്തമാക്കി. ദൈവം പറഞ്ഞു: “ഈ വാക്കുകൾ സത്യമാണ്, ഇവ വിശ്വസിക്കാം.” അതെ, ദൈവത്തിന്റെ വാക്കുകൾ ആശ്രയയോഗ്യമാണ്. “എഴുതുക” എന്ന യഹോവയുടെ കല്പന യോഹന്നാൻ അനുസരിച്ചതുകൊണ്ടാണു പറുദീസയെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനത്തെക്കുറിച്ച് വായിച്ചറിയാനും ലഭിക്കാൻപോകുന്ന അനുഗ്രങ്ങളെക്കുറിച്ച് ധ്യാനിക്കാനും നമുക്കു കഴിയുന്നത്. യോഹന്നാൻ അങ്ങനെ ചെയ്തതിൽ നമ്മൾ എത്ര നന്ദിയുള്ളവരാണ്!
12. “എല്ലാം സംഭവിച്ചുകഴിഞ്ഞു” എന്ന് യഹോവയ്ക്കു പറയാനാകുന്നത് എന്തുകൊണ്ടാണ്?
12 അടുത്തതായി ദൈവം എന്താണു പറയുന്നത്? “എല്ലാം സംഭവിച്ചുകഴിഞ്ഞു.” (വെളി. 21:6) താൻ വാഗ്ദാനം ചെയ്തിരിക്കുന്ന പറുദീസയെക്കുറിച്ച് പറഞ്ഞതെല്ലാം സംഭവിച്ചുകഴിഞ്ഞു എന്നതുപോലെയാണ് യഹോവ ഇപ്പോൾ സംസാരിക്കുന്നത്. യഹോവയ്ക്ക് അങ്ങനെ പറയാൻ കഴിയും. കാരണം താൻ ഉദ്ദേശിച്ച കാര്യം നടപ്പാക്കുന്നതിൽനിന്ന് യഹോവയെ തടയാൻ ആർക്കും കഴിയില്ല. ദൈവത്തിന്റെ വാഗ്ദാനം തീർച്ചയായും നിറവേറും എന്നതിന് ഉറപ്പു തരുന്ന മറ്റൊരു കാര്യം യഹോവ അടുത്തതായി പറയുന്നു. എന്താണ് അത്?
“ഞാൻ ആൽഫയും ഒമേഗയും ആണ്”
13. “ഞാൻ ആൽഫയും ഒമേഗയും ആണ്” എന്ന് യഹോവ പറഞ്ഞത് എന്തുകൊണ്ട്?
13 നമ്മൾ നേരത്തേ കണ്ടതുപോലെ യോഹന്നാനു കിട്ടിയ ദർശനങ്ങളിൽ മൂന്നു തവണയാണ് യഹോവ നേരിട്ട് സംസാരിക്കുന്നത്. (വെളി. 1:8; 21:5, 6; 22:13) ആ സന്ദർഭങ്ങളിലെല്ലാം യഹോവ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: “ഞാൻ ആൽഫയും ഒമേഗയും ആണ്.” ആൽഫ ഗ്രീക്ക് അക്ഷരമാലയിലെ ആദ്യത്തെ അക്ഷരവും ഒമേഗ അവസാനത്തെ അക്ഷരവും ആണ്. “ഞാൻ ആൽഫയും ഒമേഗയും ആണ്” എന്നു പറഞ്ഞതിലൂടെ യഹോവ അർഥമാക്കിയത് താൻ ഒരു കാര്യം തുടങ്ങിവെച്ചാൽ അതു വിജയകരമായി പൂർത്തീകരണത്തിലേക്കു കൊണ്ടുവരുന്നു എന്നാണ്.
14. (എ) യഹോവ എപ്പോഴാണ് ഒരർഥത്തിൽ “ആൽഫ” എന്നു പറഞ്ഞത്, എപ്പോഴായിരിക്കും ഒരർഥത്തിൽ “ഒമേഗ” എന്നു പറയുന്നത്? (ബി) ഉൽപത്തി 2:1-3-ൽ ഏത് ഉറപ്പു കാണാം?
14 ആദാമിനെയും ഹവ്വയെയും സൃഷ്ടിച്ചതിനു ശേഷം യഹോവ ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള തന്റെ ഉദ്ദേശ്യം എന്താണെന്നു പറഞ്ഞു. അതെക്കുറിച്ച് ബൈബിൾ പറയുന്നു: “അവരെ അനുഗ്രഹിച്ച് ദൈവം ഇങ്ങനെ കല്പിച്ചു: ‘നിങ്ങൾ സന്താനസമൃദ്ധിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ അടക്കിഭരിക്കുക.’’’ (ഉൽപ. 1:28) തന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ആദ്യമായി പറയുന്ന ഈ സമയത്ത് ഒരർഥത്തിൽ യഹോവ “ആൽഫ” എന്നു പറയുകയായിരുന്നു. ഇനി, ഭാവിയിൽ ആദാമിന്റെയും ഹവ്വയുടെയും വിശ്വസ്തരായ മക്കളെക്കൊണ്ട് ഭൂമി നിറയുകയും ഭൂമി ഒരു പറുദീസയായിത്തീരുകയും ചെയ്യുന്ന സമയം വരും. അന്ന് യഹോവ ഒരർഥത്തിൽ “ഒമേഗ” എന്നു പറയും. “ആകാശവും ഭൂമിയും അവയിലുള്ളതൊക്കെയും” സൃഷ്ടിച്ചതിനു ശേഷം യഹോവ ഒരു ഉറപ്പു നൽകി. അതു നമുക്ക് ഉൽപത്തി 2:1-3-ൽ (വായിക്കുക.) കാണാം. അവിടെ പറഞ്ഞിരിക്കുന്നതുപോലെ ഏഴാം ദിവസത്തെ യഹോവ വിശുദ്ധമായി പ്രഖ്യാപിച്ചു. അങ്ങനെ ചെയ്തതിലൂടെ ഏഴാം ദിവസത്തിന്റെ അവസാനം ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള തന്റെ ഉദ്ദേശ്യം പൂർണമായി നിറവേറുമെന്ന് യഹോവ ഉറപ്പു തരുകയായിരുന്നു.
15. മനുഷ്യരെക്കുറിച്ചുള്ള ഉദ്ദേശ്യം നടപ്പാക്കുന്നതിൽനിന്ന് യഹോവയെ തടയാൻ കഴിയുമെന്നു സാത്താൻ ചിന്തിച്ചിരിക്കാവുന്നത് എന്തുകൊണ്ട്?
15 ആദാമും ഹവ്വയും ദൈവത്തെ ധിക്കരിച്ച് പാപികളായിത്തീരുകയും പാപവും മരണവും മക്കളിലേക്കു കൈമാറുകയും ചെയ്തു. (റോമ. 5:12) അതുകൊണ്ട് അനുസരണമുള്ള പൂർണരായ മനുഷ്യരെക്കൊണ്ട് ഭൂമി നിറയ്ക്കുക എന്ന ദൈവത്തിന്റെ ഉദ്ദേശ്യം ഒരിക്കലും നടക്കില്ലെന്നു തോന്നാമായിരുന്നു. എന്നാൽ “ഒമേഗ” എന്നു പറയുന്നതിൽനിന്ന് യഹോവയെ തടയാൻ സാത്താനു കഴിയുമായിരുന്നോ? തന്റെ ഉദ്ദേശ്യം നടപ്പാക്കാൻ യഹോവയുടെ മുന്നിൽ അധികം വഴികളൊന്നും ഇല്ലെന്നു സാത്താൻ ഒരുപക്ഷേ ചിന്തിച്ചുകാണും. സാത്താന്റെ നോട്ടത്തിൽ ദൈവത്തിന്റെ മുന്നിലുള്ള ഒരു വഴി ആദാമിനെയും ഹവ്വയെയും കൊന്നുകളഞ്ഞിട്ട് പൂർണതയുള്ള മറ്റൊരു ദമ്പതികളെ സൃഷ്ടിക്കുക എന്നതായിരുന്നു. എന്നാൽ അങ്ങനെ ചെയ്തിരുന്നെങ്കിൽ ദൈവം ഒരു നുണയനാണെന്നു പറഞ്ഞ് സാത്താൻ ദൈവത്തെ കുറ്റപ്പെടുത്തിയേനെ. കാരണം, ഉൽപത്തി 1:28-ൽ കാണുന്നതുപോലെ യഹോവ ആദാമിനോടും ഹവ്വയോടും അവരുടെ മക്കളെക്കൊണ്ടുതന്നെ ഭൂമി നിറയ്ക്കുമെന്നു പറഞ്ഞിട്ടുണ്ടായിരുന്നു.
16. യഹോവ വാക്കു പാലിക്കാൻ പറ്റാത്ത ദൈവമാണെന്നു തെളിയിക്കാൻ തനിക്കാകുമെന്നു സാത്താൻ ചിന്തിച്ചിരിക്കാനിടയുള്ളത് എന്തുകൊണ്ട്?
16 സാത്താന്റെ നോട്ടത്തിൽ ദൈവത്തിന്റെ മുന്നിലുള്ള മറ്റൊരു വഴി എന്തായിരുന്നിരിക്കാം? ആദാമിനും ഹവ്വയ്ക്കും മക്കളുണ്ടാകാൻ ദൈവം അനുവദിക്കുമെന്നും പക്ഷേ അവർക്ക് ഒരിക്കലും പൂർണതയിൽ എത്തിച്ചേരാൻ കഴിയില്ലെന്നും സാത്താൻ കരുതിയിട്ടുണ്ടാകും. (സഭാ. 7:20; റോമ. 3:23) അങ്ങനെ സംഭവിച്ചാൽ യഹോവ വാക്കു പാലിക്കാത്ത ദൈവമാണെന്നു സാത്താൻ മുദ്രകുത്തുമായിരുന്നു. കാരണം അപ്പോൾ ദൈവത്തിന്റെ ഉദ്ദേശ്യം ഒരിക്കലും നിറവേറുമായിരുന്നില്ല. ദൈവത്തിന്റെ ഉദ്ദേശ്യം, ആദാമിന്റെയും ഹവ്വയുടെയും പൂർണരായ, അനുസരണമുള്ള മക്കളെക്കൊണ്ട് പറുദീസാഭൂമി നിറയ്ക്കുക എന്നതായിരുന്നല്ലോ.
17. സാത്താന്റെയും ആദ്യമനുഷ്യരുടെയും ധിക്കാരം യഹോവ എങ്ങനെയാണു പരിഹരിച്ചത്, എന്തായിരിക്കും അതിലൂടെ സാധ്യമാകുന്നത്? (ചിത്രവും കാണുക.)
17 സാത്താനും ആദാമും ഹവ്വയും ഒക്കെ ദൈവത്തെ ധിക്കരിച്ചെങ്കിലും തന്റെ ഉദ്ദേശ്യം നടപ്പാക്കുന്നതിനുവേണ്ടി യഹോവ പ്രവർത്തിച്ചത്, സാത്താന് ഒരിക്കലും ചിന്തിക്കാൻപോലും കഴിയാത്ത രീതിയിലാണ്. (സങ്കീ. 92:5) ആദാമിനും ഹവ്വയ്ക്കും മക്കൾ ഉണ്ടാകാൻ അനുവദിച്ചതിലൂടെ താൻ ഒരു നുണയനല്ല, മറിച്ച് തന്റെ വാക്കുകൾ സത്യമായിത്തീരുമെന്ന് യഹോവ തെളിയിച്ചു. ഇനി, ആദാമിന്റെയും ഹവ്വയുടെയും അനുസരണമുള്ള മക്കളെ രക്ഷിക്കുന്നതിനുവേണ്ടി ഒരു സന്തതിയെ നൽകിക്കൊണ്ട് താൻ പറയുന്ന കാര്യങ്ങൾ അങ്ങനെതന്നെ ചെയ്യുമെന്നും തന്നെ ആർക്കും തടയാനാകില്ലെന്നും യഹോവ തെളിയിച്ചു. ആ “സന്തതി” മനുഷ്യരെ രക്ഷിക്കുന്നതിനുവേണ്ടി സ്വന്തം ജീവൻ ഒരു മോചനവിലയായി നൽകുമായിരുന്നു. (ഉൽപ. 3:15; 22:18) അതു നിസ്സ്വാർഥമായ സ്നേഹത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ക്രമീകരണമായതുകൊണ്ട് സാത്താൻ ഒരിക്കലും അതു പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. (മത്താ. 20:28; യോഹ. 3:16) കാരണം, അവന് ഇല്ലാത്ത ഒരു ഗുണമാണല്ലോ അത്. മോചനവിലയുടെ ഈ ക്രമീകരണത്തിലൂടെ എന്തായിരിക്കും സാധ്യമാകുന്നത്? ആയിരംവർഷ ഭരണത്തിന്റെ അവസാനമാകുമ്പോഴേക്കും ആദാമിന്റെയും ഹവ്വയുടെയും അനുസരണമുള്ള, പൂർണരായ മക്കളെക്കൊണ്ട് പറുദീസാഭൂമി നിറഞ്ഞിരിക്കും, ദൈവം ആദ്യം ഉദ്ദേശിച്ചിരുന്നതുപോലെതന്നെ. അപ്പോൾ യഹോവ ഒരർഥത്തിൽ ഇങ്ങനെ പറയും: “ഒമേഗ.”
പറുദീസയെക്കുറിച്ചുള്ള യഹോവയുടെ വാഗ്ദാനത്തിൽ വിശ്വാസം ശക്തമാക്കുക
18. തന്റെ വാക്കു നിറവേറുമെന്നതിന് ഏതു മൂന്നു രീതിയിലാണ് യഹോവ ഉറപ്പു തന്നിരിക്കുന്നത്? (“യഹോവയുടെ വാഗ്ദാനത്തിൽ വിശ്വസിക്കാനാകുന്നതിന്റെ മൂന്നു കാരണങ്ങൾ” എന്ന ചതുരവും കാണുക.)
18 ഭൂമി ഒരു പറുദീസയായിത്തീരുമെന്ന് ഉറച്ച് വിശ്വസിക്കാനുള്ള ചില കാരണങ്ങൾ നമ്മൾ ഈ ലേഖനത്തിൽ പഠിച്ചു. അങ്ങനെ സംഭവിക്കുമോ എന്നു സംശയിക്കുന്നവരോട് ആ കാരണങ്ങൾ നമുക്കു പറയാനാകും. എന്തെല്ലാമായിരുന്നു അവ? ഒന്ന്, യഹോവ തന്നെയാണു വാക്കു തന്നിരിക്കുന്നത്. വെളിപാടു പുസ്തകം ഇങ്ങനെ പറയുന്നു: “സിംഹാസനത്തിൽ ഇരിക്കുന്നവൻ, ‘ഇതാ, ഞാൻ എല്ലാം പുതിയതാക്കുന്നു’ എന്നു പറഞ്ഞു.” ആ വാക്കു പാലിക്കാനുള്ള ജ്ഞാനവും ശക്തിയും ആഗ്രഹവും ഉള്ള വ്യക്തിയാണ് അതു പറഞ്ഞിരിക്കുന്നത്. രണ്ട്, ആ വാഗ്ദാനം നിറവേറുമെന്ന് യഹോവയ്ക്കു പൂർണമായി ഉറപ്പുള്ളതുകൊണ്ട് യഹോവയുടെ വീക്ഷണത്തിൽ അത് ഇപ്പോൾത്തന്നെ നടന്നുകഴിഞ്ഞതുപോലെയാണ്. അതുകൊണ്ടാണ് യഹോവ ഇങ്ങനെ പറഞ്ഞത്: “ഈ വാക്കുകൾ സത്യമാണ്, ഇവ വിശ്വസിക്കാം. . . . എല്ലാം സംഭവിച്ചുകഴിഞ്ഞു!” മൂന്ന്, യഹോവ ഒരു കാര്യം തുടങ്ങിവെച്ചാൽ അതു വിജയകരമായി പൂർത്തീകരണത്തിലേക്കു കൊണ്ടുവരുന്നു. “ഞാൻ ആൽഫയും ഒമേഗയും ആണ്” എന്നു പറഞ്ഞതിലൂടെ യഹോവ ആ ഉറപ്പു തരുകയായിരുന്നു. അങ്ങനെ സാത്താൻ ഒരു നുണയനാണെന്നും അവന് ഒരിക്കലും തന്നെ തടയാനാകില്ലെന്നും യഹോവ തെളിയിക്കും.
19. പറുദീസയെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനം നിറവേറുമോ എന്ന് ആരെങ്കിലും സംശയിച്ചാൽ നമുക്ക് എന്തു ചെയ്യാം?
19 ശുശ്രൂഷയിൽ കണ്ടുമുട്ടുന്നവരോട് യഹോവ തന്നിരിക്കുന്ന ഉറപ്പിനെക്കുറിച്ച് ഓരോ തവണ പറയുമ്പോഴും ദൈവത്തിന്റെ വാഗ്ദാനത്തിലുള്ള നമ്മുടെ വിശ്വാസം ശക്തമാകുമെന്ന് ഓർക്കുക. അതുകൊണ്ട് അടുത്ത തവണ വെളിപാട് 21:4-ൽനിന്ന് പറുദീസയെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനത്തെപ്പറ്റി വിശദീകരിക്കുമ്പോൾ “അതൊക്കെ കേൾക്കാൻ രസമുണ്ട്, പക്ഷേ നടക്കാൻ പോകുന്നില്ല” എന്ന് ആരെങ്കിലും പറഞ്ഞാൽ നിങ്ങൾക്ക് എന്തു ചെയ്യാം? 5, 6 വാക്യങ്ങൾ ഉപയോഗിച്ച് എന്തുകൊണ്ട് അതു വിശ്വസിക്കാമെന്ന് അവർക്കു പറഞ്ഞുകൊടുക്കാനാകുമോ? യഹോവ സ്വന്തം കയ്യൊപ്പിട്ടു തന്നാലെന്നപോലെ അതിന് ഉറപ്പു തന്നിരിക്കുന്നത് എങ്ങനെയാണെന്ന് അവർക്കു കാണിച്ചുകൊടുക്കുക.—യശ. 65:16.
ഗീതം 145 ദൈവം വാഗ്ദാനം ചെയ്ത പറുദീസ
a പറുദീസയെക്കുറിച്ചുള്ള തന്റെ വാഗ്ദാനം നിറവേറുമെന്നതിന് യഹോവ എന്ത് ഉറപ്പാണു തരുന്നതെന്നു നമ്മൾ ഈ ലേഖനത്തിൽ പഠിക്കും. ഓരോ തവണ ആ ഉറപ്പിനെക്കുറിച്ച് മറ്റുളളവരോടു പറയുമ്പോഴും യഹോവയുടെ വാഗ്ദാനങ്ങളിലുള്ള നമ്മുടെതന്നെ വിശ്വാസം ശക്തമാകും.