അധ്യായം 44
വെളിപാടും നിങ്ങളും
1. (എ) വെളിപാടിലെ അത്ഭുതകരമായ എല്ലാ വാഗ്ദത്തങ്ങളെയും സംബന്ധിച്ചു ദൂതൻ യോഹന്നാന് വീണ്ടും എന്തുറപ്പു നൽകുന്നു? (ബി) “ഞാൻ വേഗത്തിൽ വരുന്നു” എന്നു പറയുന്നത് ആരാണ്, ഈ ‘വരവ്’ എപ്പോഴാണ്?
പുതിയ യെരുശലേമിനെക്കുറിച്ചുളള മനോഹരമായ വർണന വായിക്കുമ്പോൾ നിങ്ങൾ ഇപ്രകാരം ചോദിക്കാൻ പ്രചോദിതരായേക്കാം: ‘ഇത്ര അത്ഭുതകരമായ എന്തെങ്കിലും യഥാർഥത്തിൽ സംഭവിക്കാൻ ഇടയുണ്ടോ?’ ദൂതന്റെ അടുത്ത വാക്കുകൾ റിപ്പോർട്ടുചെയ്തുകൊണ്ട് യോഹന്നാൻ ആ ചോദ്യത്തിന് ഉത്തരം നൽകുന്നു: “പിന്നെ അവൻ എന്നോടു: ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു; പ്രവാചകൻമാരുടെ ആത്മാക്കളുടെ ദൈവമായ കർത്താവു വേഗത്തിൽ സംഭവിക്കേണ്ടുന്നതു തന്റെ ദാസൻമാർക്കു കാണിച്ചുകൊടുപ്പാൻ തന്റെ ദൂതനെ അയച്ചു. ഇതാ, ഞാൻ വേഗത്തിൽ വരുന്നു; ഈ പുസ്തകത്തിലെ പ്രവചനം പ്രമാണിക്കുന്നവൻ ഭാഗ്യവാൻ എന്നു പറഞ്ഞു.” (വെളിപ്പാടു 22:6, 7) വെളിപാടിലെ അത്ഭുതകരമായ എല്ലാ വാഗ്ദത്തങ്ങളും യഥാർഥത്തിൽ നിറവേറും! യേശുവിന്റെ നാമത്തിൽ സംസാരിച്ചുകൊണ്ട്, യേശു ഉടൻതന്നെ, “വേഗത്തിൽ” വരുന്നതായി ദൂതൻ പ്രഖ്യാപിക്കുന്നു. ഇത് യഹോവയുടെ ശത്രുക്കളെ നശിപ്പിക്കുന്നതിനും വെളിപാടിന്റെ മഹത്തും സന്തുഷ്ടികരവുമായ പാരമ്യം ആനയിക്കുന്നതിനും “കളളനെപ്പോലെ”യുളള യേശുവിന്റെ വരവായിരിക്കണം. (വെളിപ്പാടു 16:15, 16) അതുകൊണ്ട് ആ സമയത്ത് സന്തുഷ്ടരെന്നു പ്രഖ്യാപിക്കപ്പെടുന്നതിനു നാം “ഈ പുസ്തകത്തിലെ”, വെളിപാടിലെ വചനങ്ങളോടു നമ്മുടെ ജീവിതത്തെ അനുരൂപമാക്കണം.
2. (എ) വെളിപാടിന്റെ സമ്പന്നതയോട് യോഹന്നാൻ എങ്ങനെ പ്രതികരിക്കുന്നു, ദൂതൻ അവനോട് എന്തു പറയുന്നു? (ബി) “ശ്രദ്ധയുളളവനായിരിക്കുക”, “ദൈവത്തെ നമസ്കരിക്ക” എന്ന ദൂതന്റെ വാക്കുകളിൽനിന്ന് നാം എന്തു പഠിക്കുന്നു?
2 അത്തരം സമ്പന്നമായ ഒരു വെളിപാടിനുശേഷം യോഹന്നാന് ആശ്ചര്യാതിരേകം തോന്നിയതു മനസ്സിലാക്കാവുന്നതാണ്: “ഇതു കേൾക്കയും കാണുകയും ചെയ്തതു യോഹന്നാൻ എന്ന ഞാൻ തന്നേ. കേൾക്കയും കാൺകയും ചെയ്തശേഷം അതു എനിക്കു കാണിച്ചുതന്ന ദൂതന്റെ കാല്ക്കൽ ഞാൻ വീണു നമസ്കരിച്ചു. എന്നാൽ അവൻ എന്നോടു: [ശ്രദ്ധയുളളവനായിരിക്കുക!, NW] അതരുതു; ഞാൻ നിന്റെയും നിന്റെ സഹോദരൻമാരായ പ്രവാചകൻമാരുടെയും ഈ പുസ്തകത്തിലെ വചനം പ്രമാണിക്കുന്നവരുടെയും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക എന്നു പറഞ്ഞു.” (വെളിപ്പാടു 22:8, 9; താരതമ്യം ചെയ്യുക: വെളിപ്പാടു 19:10.) ദൂതൻമാരെ ആരാധിക്കരുതെന്നു രണ്ടു തവണ പ്രസ്താവിക്കപ്പെട്ട ഈ മുന്നറിയിപ്പ് യോഹന്നാന്റെ നാളിൽ സമയോചിതമായിരുന്നു, കാരണം ചിലർ പ്രത്യക്ഷത്തിൽ അത്തരം ആരാധന നടത്തുകയോ ദൂതൻമാരിൽനിന്നു പ്രത്യേക വെളിപാടുകൾ ഉളളതായി അവകാശപ്പെടുകയോ ചെയ്തിരുന്ന ഒരു സമയമായിരുന്നു അത്. (1 കൊരിന്ത്യർ 13:1; ഗലാത്യർ 1:8; കൊലൊസ്സ്യർ 2:18) ഇന്നു നാം ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന വസ്തുതയെ അത് ഉയർത്തിക്കാട്ടുന്നു. (മത്തായി 4:10) നാം മററ് ആരെയെങ്കിലുമോ എന്തിനെയെങ്കിലുമോ ആരാധിച്ചുകൊണ്ടു നിർമലാരാധനയെ ദുഷിപ്പിക്കരുത്.—യെശയ്യാവു 42:5, 8.
3, 4. ദൂതൻ യോഹന്നാനോട് എന്തു തുടർന്നു പറയുന്നു, അഭിഷിക്ത ശേഷിപ്പ് അവന്റെ വചനങ്ങൾ അനുസരിച്ചിരിക്കുന്നതെങ്ങനെ?
3 യോഹന്നാൻ തുടരുന്നു: “അവൻ പിന്നെയും എന്നോടു പറഞ്ഞതു: സമയം അടുത്തിരിക്കയാൽ ഈ പുസ്തകത്തിലെ പ്രവചനം മുദ്രയിടരുതു. അനീതി ചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുളളവൻ ഇനിയും അഴുക്കാടട്ടെ; നീതിമാൻ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.”—വെളിപ്പാടു 22:10, 11.
4 ഇന്ന് അഭിഷിക്ത ശേഷിപ്പ് ദൂതന്റെ വാക്കുകൾ അനുസരിച്ചിരിക്കുന്നു. അവർ പ്രവചനത്തിലെ വചനങ്ങൾ മുദ്രയിട്ടിട്ടില്ല. എന്തിന്, സീയോന്റെ വീക്ഷാഗോപുരവും ക്രിസ്തുസാന്നിദ്ധ്യ ഘോഷകനും അതിന്റെ ആദ്യലക്കത്തിൽത്തന്നെ (1879 ജൂലൈ) വെളിപാടിലെ നിരവധി വാക്യങ്ങളെക്കുറിച്ചുളള അഭിപ്രായങ്ങൾ പ്രസിദ്ധീകരിച്ചു. നാം നമ്മുടെ ആദ്യ അധ്യായത്തിൽ കുറിക്കൊണ്ടതുപോലെ വാച്ച് ടവർ സൊസൈററി കഴിഞ്ഞ വർഷങ്ങളിൽ വെളിപാട് സംബന്ധിച്ചു പ്രകാശനം നൽകുന്ന മററു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ നാം വീണ്ടും വെളിപാടിലെ ശക്തമായ പ്രവചനങ്ങളിലേക്കും അവയുടെ നിവൃത്തിയിലേക്കും എല്ലാ സത്യ സ്നേഹികളുടെയും ശ്രദ്ധ ആകർഷിക്കുന്നു.
5. (എ) വെളിപാടിലെ ബുദ്ധ്യുപദേശവും മുന്നറിയിപ്പുകളും അവഗണിക്കാൻ ആളുകൾ ആഗ്രഹിക്കുന്നെങ്കിൽ എന്ത്? (ബി) സൗമ്യതയും നീതിയുമുളളവരുടെ പ്രതികരണം എന്തായിരിക്കണം?
5 വെളിപാടിലെ ബുദ്ധ്യുപദേശവും മുന്നറിയിപ്പുകളും അവഗണിക്കാൻ ആളുകൾ ആഗ്രഹിക്കുന്നെങ്കിൽ, ശരി, അവർ അങ്ങനെ ചെയ്യട്ടെ! “അനീതി ചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ”. അവർ തിരഞ്ഞെടുക്കുന്നത് അതാണെങ്കിൽ, ഈ കുത്തഴിഞ്ഞ യുഗത്തിന്റെ മാലിന്യത്തിൽ കിടന്നുരുളുന്നവർക്ക് ആ മാലിന്യത്തിൽ കിടന്നു മരിക്കാവുന്നതാണ്. മഹാബാബിലോന്റെ നാശത്തോടെ തുടങ്ങി, അധികം താമസിയാതെ, യഹോവയുടെ ന്യായവിധികൾ പൂർണമായി നടപ്പാക്കപ്പെടും. സൗമ്യതയുളള ആളുകൾ പ്രവാചകന്റെ ഈ വാക്കുകൾക്കു ചെവികൊടുക്കാൻ ഉത്സാഹം കാണിക്കട്ടെ: “അവനെ [യഹോവയെ] അന്വേഷിപ്പിൻ; നീതി അന്വേഷിപ്പിൻ; സൌമ്യത അന്വേഷിപ്പിൻ; പക്ഷെ നിങ്ങൾക്കു യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം.” (സെഫന്യാവു 2:3) ഇപ്പോൾതന്നെ യഹോവക്കു സമർപ്പിച്ചിരിക്കുന്നവരുടെ സംഗതിയിൽ, “നീതിമാൻ ഇനിയും നീതി ചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.” നീതിയും വിശുദ്ധിയും പിന്തുടരുന്നവർ ആസ്വദിക്കാനിരിക്കുന്ന നിലനിൽക്കുന്ന അനുഗ്രഹങ്ങളോട്, പാപത്തിൽനിന്നു ലഭിക്കുന്ന യാതൊരു താത്കാലിക നേട്ടത്തെയും തുലനം ചെയ്യാൻ കഴിയില്ലെന്നു ജ്ഞാനമുളളവർക്കറിയാം. ബൈബിൾ പറയുന്നു: “നിങ്ങൾ വിശ്വാസത്തിൽ ആണോയെന്നു പരിശോധിച്ചുകൊണ്ടിരിപ്പിൻ, നിങ്ങൾതന്നെ ആരാണെന്നു തെളിയിച്ചുകൊണ്ടിരിപ്പിൻ.” (2 കൊരിന്ത്യർ 13:5, NW) നിങ്ങൾ ഏതു ഗതി തിരഞ്ഞെടുക്കുകയും അതിനോടു പററിനിൽക്കുകയും ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്കു പ്രതിഫലം ലഭിക്കും.—സങ്കീർത്തനം 19:9-11; 58:10, 11.
6. പ്രവചനത്തിൽ അവസാനമായി വെളിപാടിന്റെ വായനക്കാരെ സംബോധന ചെയ്യുമ്പോൾ യഹോവ എന്തു പറയുന്നു?
6 നിത്യതയുടെ രാജാവായ യഹോവ വെളിപാടിന്റെ വായനക്കാരെ പ്രവചനത്തിൽ അവസാനമായി ഇപ്പോൾ സംബോധന ചെയ്യുന്നു, ഇപ്രകാരം പറഞ്ഞുകൊണ്ട്: “ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു. ഞാൻ അല്ഫയും ഓമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു. ജീവന്റെ വൃക്ഷത്തിൽ തങ്ങൾക്കു അധികാരം ഉണ്ടാകേണ്ടതിന്നും ഗോപുരങ്ങളിൽകൂടി നഗരത്തിൽ കടക്കേണ്ടതിന്നും തങ്ങളുടെ വസ്ത്രം അലക്കുന്നവർ ഭാഗ്യവാൻമാർ. നായ്ക്കളും ക്ഷുദ്രക്കാരും ദുർന്നടപ്പുകാരും കുലപാതകൻമാരും ബിംബാരാധികളും ഭോഷ്കിൽ പ്രിയപ്പെടുകയും അതിനെ പ്രവർത്തിക്കുകയും ചെയ്യുന്ന ഏവനും പുറത്തു തന്നേ.”—വെളിപ്പാടു 22:12-15.
7. (എ) യഹോവ “വേഗം വരുന്ന”ത് എന്തിനാണ്? (ബി) ക്രൈസ്തവലോകത്തിലെ വൈദികർക്കു പുതിയ യെരുശലേമിൽ യാതൊരു പങ്കും ഉണ്ടായിരിക്കുകയില്ലാത്തതെന്തുകൊണ്ട്?
7 ഒരിക്കൽക്കൂടെ, യഹോവയാം ദൈവം തന്റെ നിത്യപരമാധികാരവും താൻ ആദ്യം ഉദ്ദേശിച്ചതെന്തോ അത് ഒടുവിൽ നിറവേററുമെന്ന വസ്തുതയും ഊന്നിപ്പറയുന്നു. ന്യായവിധി നിർവഹിക്കാൻ അവൻ “വേഗം വരുന്നു”, അവനെ ആത്മാർഥമായി അന്വേഷിക്കുന്നവർക്കു പ്രതിഫലം നൽകുകയും ചെയ്യും. (എബ്രായർ 11:6) ആർക്കു പ്രതിഫലം ലഭിക്കും, ആർ ത്യജിക്കപ്പെടും എന്ന് അവന്റെ പ്രമാണങ്ങൾ നിശ്ചയിക്കുന്നു. ക്രൈസ്തവലോകത്തിലെ വൈദികർ യഹോവ ഇവിടെ വർണിക്കുന്ന ഹീനകാര്യങ്ങൾ കണ്ടില്ലെന്നു നടിച്ചുകൊണ്ട് “ഊമനായ്ക്കൾ” പോലെ പ്രവർത്തിച്ചിരിക്കുന്നു. (യെശയ്യാവു 56:10-12; ഇതുകൂടെ കാണുക: ആവർത്തനപുസ്തകം 23:18, ന്യൂ വേൾഡ് ട്രാൻസ്ലേഷൻ റഫറൻസ് ബൈബിൾ, അടിക്കുറിപ്പ്.) അവർ തീർച്ചയായും വ്യാജ ഉപദേശങ്ങളും സിദ്ധാന്തങ്ങളും ‘പ്രിയപ്പെട്ടു പ്രവർത്തിക്കുകയും’ ഏഴു സഭകൾക്കുളള യേശുവിന്റെ ബുദ്ധ്യുപദേശം തീർത്തും അവഗണിക്കുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട് അവർക്കു പുതിയ യെരുശലേമിൽ ഒരു പങ്കുമില്ല.
8. (എ) ‘ജീവന്റെ വൃക്ഷത്തിലേക്കു’ പോകുന്നത് ആരു മാത്രമാണ്, ഇത് എന്തർഥമാക്കുന്നു? (ബി) മഹാപുരുഷാരം “തങ്ങളുടെ അങ്കി അലക്കി”യിരിക്കുന്നതെങ്ങനെ, അവർ ശുദ്ധമായ ഒരു നില നിലനിർത്തുന്നതെങ്ങനെ?
8 സത്യമായും യഹോവയുടെ ദൃഷ്ടിയിൽ ശുദ്ധിയുളളവരായിരിക്കുന്നതിനു “തങ്ങളുടെ വസ്ത്രം അലക്കുന്ന” അഭിഷിക്ത ക്രിസ്ത്യാനികൾക്കു മാത്രം “ജീവന്റെ വൃക്ഷത്തി”ലേക്കു പോകാൻ പദവി നൽകുന്നു. അതായത് അവർക്കു തങ്ങളുടെ സ്വർഗീയ സ്ഥാനത്ത് അമർത്ത്യജീവന്റെ അവകാശവും പദവിയും ലഭിക്കുന്നു. (താരതമ്യം ചെയ്യുക: ഉല്പത്തി 3:22-24; വെളിപ്പാടു 2:7; 3:4, 5.) മനുഷ്യരെന്ന നിലയിലുളള അവരുടെ മരണത്തിനുശേഷം പുനരുത്ഥാനത്താൽ അവർ പുതിയ യെരുശലേമിലേക്കു പ്രവേശനം നേടുന്നു. പന്ത്രണ്ടു ദൂതൻമാർ അവരെ കടത്തിവിടുന്നു, ഒരു സ്വർഗീയ പ്രത്യാശയുണ്ടെന്ന് അവകാശപ്പെടുന്നെങ്കിലും ഭോഷ്കോ അശുദ്ധിയോ പ്രവർത്തിക്കുന്ന ഏതൊരാളെയും അതേസമയം പുറത്തുനിർത്തുന്നു. ഭൂമിയിലുളള മഹാപുരുഷാരവും “കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.” അവർ തങ്ങളുടെ ശുദ്ധമായ നിലപാടിൽ നിലനിൽക്കേണ്ടതുമുണ്ട്. യഹോവ ഇവിടെ മുന്നറിയിപ്പു നൽകുന്ന ഹീനകാര്യങ്ങൾ ഒഴിവാക്കിക്കൊണ്ടും സഭകൾക്കുളള ഏഴു സന്ദേശങ്ങളിലെ യേശുവിന്റെ പ്രബോധനം ഗൗരവമായി എടുത്തുകൊണ്ടും അവർക്ക് ഇതു ചെയ്യാൻ കഴിയും.—വെളിപ്പാടു 7:14; അധ്യായങ്ങൾ 2, 3.
9. യേശു ഏതു വാക്കുകൾ സംസാരിക്കുന്നു, അവന്റെ ദൂതും വെളിപാടു മുഴുവനും ഒന്നാമതായി ആരിലേക്കു തിരിച്ചുവിടുന്നു?
9 യഹോവക്കുശേഷം യേശു സംസാരിക്കുന്നു. വെളിപാട് വായിക്കുന്ന ശരിയായ ഹൃദയനിലയുളള ആളുകളോട് അവൻ നേരിട്ടു പ്രോത്സാഹന വചനങ്ങൾ അറിയിക്കുന്നു, ഇപ്രകാരം പറഞ്ഞുകൊണ്ട്: “യേശു എന്ന ഞാൻ സഭകൾക്കുവേണ്ടി നിങ്ങളോടു ഇതു സാക്ഷീകരിപ്പാൻ എന്റെ ദൂതനെ അയച്ചു; ഞാൻ ദാവീദിന്റെ വേരും വംശവും ശുഭ്രമായ ഉദയനക്ഷത്രവുമാകുന്നു.” (വെളിപ്പാടു 22:16) അതെ, ഈ വചനങ്ങൾ മുഖ്യമായും “സഭകൾക്കുവേണ്ടി” ആണ്. ഒന്നാമതായി, ഇതു ഭൂമിയിലുളള അഭിഷിക്ത ക്രിസ്ത്യാനികളുടെ സഭയ്ക്കുവേണ്ടിയുളള ഒരു സന്ദേശമാണ്. വെളിപാടിലുളള സകലതും ഒന്നാമതായി പുതിയ യെരുശലേമിൽ വസിക്കാനിരിക്കുന്ന അഭിഷിക്ത ക്രിസ്ത്യാനികളെ സംബോധന ചെയ്തുകൊണ്ടുളളതാണ്. ആ സഭമുഖാന്തരം ഈ വിലപ്പെട്ട പ്രവാചക സത്യങ്ങൾ സംബന്ധിച്ച ഗ്രാഹ്യം നേടാൻ മഹാപുരുഷാരത്തിനും പദവി ലഭിച്ചിരിക്കുന്നു.—യോഹന്നാൻ 17:18-21.
10. യേശു തന്നെത്തന്നെ (എ) “ദാവീദിന്റെ വേരും വംശവും” എന്നും (ബി) “ശുഭ്രമായ ഉദയനക്ഷത്ര”മെന്നും വിളിക്കുന്നതെന്തുകൊണ്ട്?
10 യോഹന്നാനും അവനിലൂടെ സഭയ്ക്കും വെളിപാട് എത്തിച്ചുകൊടുക്കാൻ യേശുക്രിസ്തുവിനെ ഭരമേൽപ്പിച്ചു. യേശു “ദാവീദിന്റെ വേരും വംശവും” ആകുന്നു. അവൻ ജഡപ്രകാരം ദാവീദിന്റെ വംശത്തിൽ വരുകയും അങ്ങനെ യഹോവയുടെ രാജ്യത്തിന്റെ രാജാവായിരിക്കാൻ യോഗ്യത പ്രാപിക്കുകയും ചെയ്തു. അവൻ ദാവീദിന്റെ ‘നിത്യപിതാവും’ അങ്ങനെ ദാവീദിന്റെ “വേരും” ആയിത്തീരും. (യെശയ്യാവു 9:6; 11:1, 10) അവൻ ദാവീദിനോടുളള യഹോവയുടെ ഉടമ്പടി നിവർത്തിക്കുന്ന ദാവീദിന്റെ വംശത്തിലെ എന്നേക്കുമുളള അമർത്ത്യ രാജാവാണ്, മോശയുടെ നാളിൽ മുൻകൂട്ടിപ്പറഞ്ഞ ‘ശുഭ്രമായ ഉദയനക്ഷത്രവും’ അവൻ തന്നെ. (സംഖ്യാപുസ്തകം 24:17; സങ്കീർത്തനം 89:34-37) അവൻ പകൽ പൊട്ടിവിടരാൻ ഇടയാക്കുമാറ് ഉദിച്ചുയരുന്ന “ഉദയനക്ഷത്രം” ആണ്. (2 പത്രൊസ് 1:19) വലിയ ശത്രുവായ മഹാബാബിലോന്റെ സകല ഉപായങ്ങൾക്കും ഈ മഹത്ത്വപൂർണമായ ഉദയത്തെ തടുക്കാൻ കഴിഞ്ഞില്ല.
“വരിക” എന്നു പറയുക
11. യോഹന്നാൻ ഇപ്പോൾ ഏതു തുറന്ന ക്ഷണം അവതരിപ്പിക്കുന്നു, ആർക്ക് അതിനോടു പ്രതികരിക്കാം?
11 ഇപ്പോൾ യോഹന്നാനുതന്നെ സംസാരിക്കാനുളള ഊഴമാണ്. താൻ കണ്ടതും കേട്ടതുമായ സകലതിനോടുമുളള വിലമതിപ്പു നിറഞ്ഞ ഒരു ഹൃദയത്തിൽനിന്ന് അവൻ ഇപ്രകാരം ഉദ്ഘോഷിക്കുന്നു: “വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൌജന്യമായി വാങ്ങട്ടെ.” (വെളിപ്പാടു 22:17) യേശുവിന്റെ മറുവിലയാഗത്തിന്റെ പ്രയോജനങ്ങൾ 1,44,000-ത്തിനു മാത്രമായിരിക്കുകയില്ല. എന്തെന്നാൽ ഇവിടെ ഒരു തുറന്ന ക്ഷണമാണുളളത്. “ജീവജലം സൌജന്യമായി വാങ്ങട്ടെ” എന്ന ദൂതു സകല വ്യക്തതയോടും കൂടെ തുടർന്നും മുഴക്കുന്നതിനുവേണ്ടി യഹോവയുടെ ഉത്തേജകമായ ആത്മാവ് മണവാട്ടിവർഗത്തിലൂടെ പ്രവർത്തിക്കുന്നു. (ഇവകൂടെ കാണുക: യെശയ്യാവു 55:1; 59:21.) നീതിക്കുവേണ്ടി ദാഹിക്കുന്ന ഏവനും ‘വരാനും’ യഹോവയുടെ ഔദാര്യം സ്വീകരിക്കാനും ക്ഷണിക്കപ്പെടുന്നു. (മത്തായി 5:3, 6) അഭിഷിക്ത യോഹന്നാൻവർഗത്തിന്റെ ഈ ക്ഷണത്തോടു പ്രതികരിക്കുന്ന ഭൗമിക വർഗത്തിലെ ഭാവി അംഗങ്ങളെല്ലാം എത്ര ധന്യമായ പദവിയുളളവരാണ്!
12. മഹാപുരുഷാരം വെളിപ്പാടു 22:17-ലെ ക്ഷണത്തോട് എങ്ങനെ പ്രതികരിക്കുന്നു?
12 വർധിച്ചുവരുന്ന ഒരു മഹാപുരുഷാരം 1930-കളുടെ ആദ്യഘട്ടം മുതൽ ‘കേട്ടുകൊണ്ടിരിക്കുന്നു’—ക്ഷണത്തിനു ശ്രദ്ധ നൽകിക്കൊണ്ടിരിക്കുന്നു. അഭിഷിക്തരായ തങ്ങളുടെ സഹ അടിമകളെപ്പോലെ അവർ യഹോവയുടെ മുമ്പാകെ ഒരു ശുദ്ധമായ നില സമ്പാദിച്ചിരിക്കുന്നു. മനുഷ്യവർഗത്തിലേക്ക് അനുഗ്രഹങ്ങൾ പ്രവഹിപ്പിക്കാൻ പുതിയ യെരുശലേം സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്ന സമയത്തിനുവേണ്ടി അവർ പ്രതീക്ഷയോടെ ഇരിക്കുന്നു. വെളിപാടിലെ ഉത്തേജകമായ ദൂതു കേട്ടശേഷം മഹാപുരുഷാരം, “വരിക” എന്നു പറയുക മാത്രമല്ല, യഹോവയുടെ സ്ഥാപനത്തിലേക്കു മററുളളവരെ ഉത്സാഹത്തോടെ കൂട്ടിച്ചേർക്കുകയും ചെയ്യുന്നു, “ദാഹിക്കുന്നവൻ വരട്ടെ” എന്നു ഘോഷിക്കാൻ ഇവരെയും അവർ പരിശീലിപ്പിക്കുന്നു. അതുകൊണ്ട്, ഭൂമിയിലെമ്പാടും 230-ലധികം രാജ്യങ്ങളിലായി 8,700-ൽ താഴെ വരുന്ന അഭിഷിക്ത മണവാട്ടിവർഗത്തോടുകൂടെ ‘ജീവജലം സൌജന്യമായി വാങ്ങാനുളള’ ക്ഷണം നീട്ടിക്കൊടുക്കുന്നതിൽ 44,00,000-ത്തിലധികം വരുന്ന മഹാപുരുഷാരം പങ്കെടുക്കവേ അവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു.
13. യേശു എന്തു മുന്നറിയിപ്പു പുറപ്പെടുവിക്കുന്നു?
13 അടുത്തതായി, യേശുവാണ് വീണ്ടും സംസാരിക്കുന്നത്, ഇങ്ങനെ പറഞ്ഞുകൊണ്ട്: “ഈ പുസ്തകത്തിലെ പ്രവചനം കേൾക്കുന്ന ഏവനോടും ഞാൻ സാക്ഷീകരിക്കുന്നതെന്തെന്നാൽ: അതിനോടു ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവന്നു വരുത്തും. ഈ പ്രവചന പുസ്തകത്തിലെ വചനത്തിൽനിന്നു ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവന്നുളള അംശം ദൈവം നീക്കിക്കളയും.”—വെളിപ്പാടു 22:18, 19.
14. വെളിപാടിലെ ‘പ്രവചനത്തെ’ യോഹന്നാൻവർഗം എങ്ങനെ വീക്ഷിക്കുന്നു?
14 യോഹന്നാൻവർഗത്തിൽ പെടുന്നവർ വെളിപാടിലെ “പ്രവചന”ത്തിലേക്ക് ശ്രദ്ധ ആകർഷിക്കണം. അവർ അതു മറച്ചുവെക്കുകയോ അതിനോടു കൂട്ടിച്ചേർക്കുകയോ ചെയ്യരുത്. അതിലെ സന്ദേശം വെട്ടിത്തുറന്നു “പുരമുകളിൽനിന്നു” പ്രസംഗിക്കപ്പെടണം. (മത്തായി 10:27) വെളിപാട് ദൈവനിശ്വസ്തമാണ്. ദൈവംതന്നെ സംസാരിച്ചതും ഇപ്പോൾ വാഴ്ച നടത്തുന്ന രാജാവായ യേശുക്രിസ്തു മുഖാന്തരം പകർന്നുകൊടുത്തതും ആയതിൽനിന്ന് ഒരു വാക്കു മാററാൻ ആർ ധൈര്യപ്പെടും? തീർച്ചയായും, അത്തരം ഒരു വ്യക്തി ജീവനുവേണ്ടിയുളള അന്വേഷണത്തിൽ പരാജയമടയാനും, മഹാബാബിലോന്റെമേലും മുഴുലോകത്തിൻമേലും വരാനിരിക്കുന്ന ബാധകൾ അനുഭവിക്കാനും അർഹനാണ്.
15. താൻ ‘സാക്ഷീകരിക്കുന്നു’, “ഞാൻ വേഗം വരുന്നു” എന്നുളള യേശുവിന്റെ വാക്കുകളുടെ പ്രാധാന്യം എന്താണ്?
15 യേശു ഇപ്പോൾ പ്രോത്സാഹനത്തിന്റെ ഒരു അന്തിമവചനം കൂട്ടിച്ചേർക്കുന്നു: “ഇതു സാക്ഷീകരിക്കുന്നവൻ: അതേ, ഞാൻ വേഗം വരുന്നു എന്നു അരുളിച്ചെയ്യുന്നു.” (വെളിപ്പാടു 22:20എ) യേശു “വിശ്വസ്തനും സത്യവാനുമായ സാക്ഷി”യാണ്. (വെളിപ്പാടു 3:14) അവൻ വെളിപാടിലെ ദർശനങ്ങൾക്കു സാക്ഷ്യം വഹിക്കുന്നെങ്കിൽ അവ സത്യമായിരിക്കണം. അവനും യഹോവയാം ദൈവംതന്നെയും അവർ “വേഗം” അഥവാ ഉടൻതന്നെ വരുന്നുവെന്ന വസ്തുത ആവർത്തിച്ച് ഊന്നിപ്പറയുന്നു, യേശു ഇവിടെ അത് അഞ്ചാമത്തെ പ്രാവശ്യമാണു പറയുന്നത്. (വെളിപ്പാടു 2:16; 3:11; 22:7, 12, 20) ആ ‘വരവ്’ മഹാവേശ്യയുടെ മേലും രാഷ്ട്രീയ ‘രാജാക്കൻമാരുടെ’ മേലും ‘നമ്മുടെ കർത്താവിന്റെയും [യഹോവയുടെ] അവന്റെ ക്രിസ്തുവിന്റെയും രാജ്യത്തെ’ എതിർക്കുന്ന മററ് എല്ലാവരുടെമേലും ന്യായവിധി നടപ്പാക്കാനാണ്.—വെളിപ്പാടു 11:15; 16:14, 16; 17:1, 12-14.
16. യഹോവയാം ദൈവവും യേശുക്രിസ്തുവും വേഗം വരുന്നു എന്നറിഞ്ഞുകൊണ്ടു നിങ്ങൾ ഏത് ഉറച്ച നടപടി സ്വീകരിക്കണം?
16 യഹോവയാം ദൈവവും യേശുക്രിസ്തുവും വേഗം വരുന്നു എന്നുളള നിങ്ങളുടെ അറിവ് “യഹോവയുടെ ദിവസത്തിന്റെ സാന്നിധ്യം മനസ്സിൽ അടുപ്പിച്ചു” നിർത്താൻ നിങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണ്. (2 പത്രോസ് 3:12, NW) സാത്താന്റെ വ്യവസ്ഥിതിയാകുന്ന ഭൂമിയുടെ പ്രത്യക്ഷത്തിലുളള ഏതു സ്ഥിരതയും മിഥ്യയാണ്. സാത്താന്റെ കീഴിലുളള ലൗകിക ഭരണാധികാരികളാകുന്ന ആകാശം നേടിയേക്കാവുന്ന പ്രത്യക്ഷത്തിലുളള ഏതു വിജയവും ക്ഷണികമാണ്. ഇവ നീങ്ങിപ്പോവുകയാണ്. (വെളിപ്പാടു 21:1) യഹോവയിലും യേശുക്രിസ്തുവിൻ കീഴിലുളള അവന്റെ രാജ്യത്തിലും വാഗ്ദത്തം ചെയ്യപ്പെട്ട അവന്റെ പുതിയ ലോകത്തിലും മാത്രമേ സ്ഥിരത കണ്ടെത്താൻ കഴിയുകയുളളൂ. അത് ഒരിക്കലും ദൃഷ്ടിയിൽനിന്ന് മാഞ്ഞുപോകരുത്!—1 യോഹന്നാൻ 2:15-17.
17. യഹോവയുടെ വിശുദ്ധിയോടുളള വിലമതിപ്പു നിങ്ങളെ എങ്ങനെ ബാധിക്കണം?
17 അപ്പോൾ നിങ്ങൾ വെളിപാടിന്റെ പഠനത്തിൽനിന്നു മനസ്സിലാക്കിയ കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തെ ഗാഢമായി സ്വാധീനിക്കാൻ അനുവദിക്കുക. യഹോവയുടെ സ്വർഗീയ സന്നിധാനത്തിലേക്കുളള ഒരു എത്തിനോട്ടം നമ്മുടെ സ്രഷ്ടാവിന്റെ സർവാതിശായിയായ മഹത്ത്വവും വിശുദ്ധിയും നിങ്ങളുടെ മനസ്സിൽ പതിയാൻ ഇടയാക്കുന്നില്ലേ? (വെളിപ്പാടു 4:1–5:14) അത്തരം ഒരു ദൈവത്തെ സേവിക്കുന്നത് എന്തൊരു പദവിയാണ്! അവന്റെ വിശുദ്ധിയോടുളള നിങ്ങളുടെ വിലമതിപ്പ് ഏഴു സഭകൾക്കുളള യേശുവിന്റെ ബുദ്ധ്യുപദേശം വളരെ ഗൗരവമായെടുക്കുന്നതിനും ഭൗതികത്വവും വിഗ്രഹാരാധനയും ദുർമാർഗവും മിതശീതോഷ്ണ സ്ഥിതിയും വിശ്വാസത്യാഗത്തിന്റെ വിഭാഗീയതയും അല്ലെങ്കിൽ നിങ്ങളുടെ സേവനം യഹോവക്ക് അസ്വീകാര്യമാക്കിയേക്കാവുന്ന മറെറന്തും ഒഴിവാക്കുന്നതിനും നിങ്ങളെ പ്രേരിപ്പിക്കാൻ ഇടയാകട്ടെ. (വെളിപ്പാടു 2:1–3:22) യോഹന്നാൻവർഗത്തിനുളള അപ്പോസ്തലനായ പത്രോസിന്റെ വചനങ്ങൾ തത്ത്വത്തിൽ മഹാപുരുഷാരത്തിനും ബാധകമാകുന്നു: “നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം . . . എല്ലാനടപ്പിലും വിശുദ്ധരാകുവിൻ.”—1 പത്രൊസ് 1:15, 16.
18. എന്തിൽ നിങ്ങൾ സാധ്യമാകുവോളം പൂർണമായ ഒരു പങ്കു നിർവഹിക്കണം, ഈ വേല ഇന്ന് അടിയന്തിരമായിരിക്കുന്നതെന്തുകൊണ്ട്?
18 അതിനുപുറമേ, നിങ്ങൾ “യഹോവയുടെ പ്രസാദവർഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും” പ്രഖ്യാപിക്കുമ്പോൾ പുതുക്കിയ ഒരു തീക്ഷ്ണതയിലേക്കു പ്രവേശിക്കാൻ ഇടയാകട്ടെ. (യെശയ്യാവു 35:4; 61:2) ചെറിയ ആട്ടിൻകൂട്ടത്തിൽ ഉൾപ്പെട്ടാലും മഹാപുരുഷാരത്തിൽ ഉൾപ്പെട്ടാലും സാത്താന്റെ ലോകത്തിൻമേലുളള ദൈവത്തിന്റെ ന്യായവിധികൾ പ്രസ്താവിച്ചുകൊണ്ട് യഹോവയുടെ കോപത്തിന്റെ ഏഴു കലശങ്ങളുടെ ഒഴിക്കൽ പ്രസിദ്ധമാക്കുന്നതിൽ നിങ്ങൾക്കു സാധ്യമാകുവോളം പൂർണമായ ഒരു പങ്കുണ്ടായിരിക്കട്ടെ. അതേസമയം യഹോവയുടെയും അവന്റെ ക്രിസ്തുവിന്റെയും സ്ഥാപിതരാജ്യത്തെ സംബന്ധിച്ച നിത്യസുവാർത്തയുടെ സന്തോഷകരമായ പ്രഘോഷണത്തിൽ നിങ്ങളുടെ ശബ്ദവും കൂട്ടുക. (വെളിപ്പാടു 11:15; 14:6, 7) ഈ വേലയിൽ അടിയന്തിരമായി ഏർപ്പെടുക. നാം കർത്താവിന്റെ ദിവസത്തിലാണെന്നുളള തിരിച്ചറിവ് ഇതുവരെ യഹോവയെ സേവിക്കാത്ത അനേകരെ സുവാർത്തയുടെ പ്രഘോഷണവേലയിൽ പങ്കുചേരാൻ പ്രേരിപ്പിക്കട്ടെ. സ്നാപനം സ്വീകരിക്കാൻ ലക്ഷ്യം വെച്ചുകൊണ്ട് ഇവരും തങ്ങളുടെ ജീവിതം യഹോവക്കു സമർപ്പിക്കുന്നതിലേക്കു പുരോഗമിക്കാൻ ഇടയാകട്ടെ. ഓർക്കുക, “സമയം അടുത്തിരിക്കുന്നു”!—വെളിപ്പാടു 1:3.
19. പ്രായംചെന്ന അപ്പോസ്തലനായ യോഹന്നാന്റെ ഉപസംഹാരവാക്കുകൾ ഏവയാണ്, നിങ്ങൾ അവയോട് എങ്ങനെ പ്രതികരിക്കുന്നു?
19 അങ്ങനെ, യോഹന്നാനോടൊപ്പം നാം ആവേശത്തോടെ ആവശ്യപ്പെടുന്നു: “ആമേൻ, കർത്താവായ യേശുവേ, വരേണമേ.” പ്രായംചെന്ന അപ്പോസ്തലനായ യോഹന്നാൻ കൂട്ടിച്ചേർക്കുന്നു: “കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ”. (വെളിപ്പാടു 22:20ബി, 21) ഈ പ്രസിദ്ധീകരണം വായിക്കുന്ന നിങ്ങൾ എല്ലാവരോടു കൂടെയും അതു വസിക്കട്ടെ. നിങ്ങൾക്കും ഞങ്ങളോടൊപ്പം ഹൃദയംഗമമായി “ആമേൻ” പറയാൻ കഴിയേണ്ടതിനു വെളിപാടിന്റെ മഹത്തായ പാരമ്യം ആസന്നമായിരിക്കുന്നുവെന്നു നിങ്ങൾക്കു വിശ്വാസം ഉണ്ടായിരിക്കട്ടെ!
[314-ാം പേജിലെ ചിത്രം]
“നായ്ക്കളും . . . പുറത്തു തന്നേ”
[315-ാം പേജിലെ ചിത്രം]
‘ഗോപുരങ്ങളിൽകൂടി നഗരത്തിൽ കടക്കുന്നവർ . . . സന്തുഷ്ടരാകുന്നു’