ക്രിസ്തുവിന്റെ വരവ് നാം ഭയപ്പെടണമോ?
യേശുക്രിസ്തുവിന്റെ വരവ് എന്നു കേൾക്കുമ്പോൾ എന്താണ് നിങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുന്നത്? മാനവരാശിക്ക് ദുഃഖവും ദുരിതവും വരുത്തിവെക്കുന്ന ഒന്നായിട്ടാണോ നിങ്ങൾ അതിനെ കാണുന്നത്? അതോ സകല പ്രശ്നങ്ങൾക്കുമുള്ള ഒരു പരിഹാരമായിട്ടാണോ? നാം അതിനെ ഭയപ്പെടണമോ അതോ അതിനായി പ്രതീക്ഷയോടെ കാത്തിരിക്കണമോ?
ക്രിസ്തുവിന്റെ വരവു സംബന്ധിച്ച് ബൈബിൾ പറയുന്നു: “ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ . . . കാണും; ഭൂമിയിലെ ഗോത്രങ്ങൾ ഒക്കെയും അവനെച്ചൊല്ലി വിലപിക്കും.” (വെളിപ്പാടു 1:7) നല്ലവർക്കു പ്രതിഫലം നൽകുന്നതിനും ദുഷ്ടന്മാരെ ശിക്ഷിക്കുന്നതിനുമായി ഭാവിയിൽ യേശു സാന്നിധ്യവാനാകുന്നതിനെയാണ് ഈ വരവ് സൂചിപ്പിക്കുന്നത്.
ക്രിസ്തുവിന്റെ വരവിനെ ഭയക്കുന്നതിനു പകരം അപ്പൊസ്തലനായ യോഹന്നാൻ അതിനായി കാത്തിരുന്നു. ആ വരവിനെക്കുറിച്ചും അത് ഭൂമിക്ക് എന്തു കൈവരുത്തും എന്നതിനെക്കുറിച്ചുമുള്ള വെളിപാട് കിട്ടിയതിനുശേഷം യോഹന്നാൻ ആത്മാർഥമായി ഇങ്ങനെ പ്രാർഥിച്ചു: “കർത്താവായ യേശുവേ, വരേണമേ.” (വെളിപ്പാടു 22:20) അങ്ങനെയെങ്കിൽ “ഭൂമിയിലെ ഗോത്രങ്ങൾ ഒക്കെയും അവനെച്ചൊല്ലി വിലപിക്കും” എന്നു പറയുന്നത് എന്തുകൊണ്ടാണ്? “ഏതു കണ്ണും” അവനെ കാണും എന്നു പറയുന്നതോ? ക്രിസ്തുവിന്റെ വരവ് എന്തു ലക്ഷ്യം സാധിക്കും? അതിൽ വിശ്വാസം അർപ്പിക്കുന്നത് ഇന്ന് നമുക്ക് എന്തു പ്രയോജനം കൈവരുത്തും? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരത്തിനായി തുടർന്നു വായിക്കുക.