ബൈബിളിലെ വാങ്മയ ചിത്രങ്ങൾ മനസ്സിലാക്കുക
ആയിരം വാക്കുകൾകൊണ്ടു പറയേണ്ട കാര്യം വെറുമൊരു ചിത്രംകൊണ്ടു പറയാനാകും. അതുപോലെതന്നെ ഒന്നോ രണ്ടോ വാക്കുകൾകൊണ്ട് ഒരു ചിത്രം വരയ്ക്കാനും കഴിഞ്ഞേക്കും. ഇങ്ങനെയുള്ള വാങ്മയ ചിത്രങ്ങൾ ബൈബിളിലുടനീളം കാണാം.a ഗിരിപ്രഭാഷണം എന്നറിയപ്പെടുന്ന പ്രസംഗത്തിൽമാത്രം യേശു 50-ലേറെ വാങ്മയ ചിത്രങ്ങൾ ഉപയോഗിച്ചതായി പറയപ്പെടുന്നു.
ഈ വാങ്മയ ചിത്രങ്ങൾ മനസ്സിലാക്കേണ്ടതിന്റെ ആവശ്യം എന്താണ്? അത് നിങ്ങളുടെ ബൈബിൾവായനയ്ക്ക് അർഥം പകരും; ദൈവവചനത്തോടുള്ള നിങ്ങളുടെ വിലമതിപ്പു വർധിപ്പിക്കും. മാത്രമല്ല, ഈ വാങ്മയ ചിത്രങ്ങൾ കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞാൽ ബൈബിളിന്റെ സന്ദേശം നമുക്കു കൂടുതൽ വ്യക്തമാകും. അല്ലാത്തപക്ഷം അത് ആശയക്കുഴപ്പം ഉണ്ടാക്കുമെന്നു മാത്രമല്ല, കാര്യങ്ങൾ തെറ്റായി മനസ്സിലാക്കുന്നതിന് ഇടയാക്കുകയും ചെയ്യും.
വാങ്മയ ചിത്രങ്ങൾ മനസ്സിലാക്കുക
ഒരു വാങ്മയ ചിത്രത്തിൽ രണ്ട് കാര്യങ്ങൾ താരതമ്യംചെയ്യപ്പെടുന്നു. താരതമ്യംചെയ്യപ്പെടുന്ന ആശയത്തെ വിഷയം എന്നും ഏത് ആശയവുമായാണോ താരതമ്യംചെയ്യുന്നത് അതിനെ പ്രതിബിംബം എന്നും പറയുന്നു. ഇവ തമ്മിലുള്ള സമാനതയ്ക്കാണ് സാധാരണ ധർമം എന്നു പറയുന്നത്. ഒരു വാങ്മയ ചിത്രത്തിന്റെ സന്ദേശം മനസ്സിലാക്കാൻ ഈ മൂന്നുഘടകങ്ങളും തിരിച്ചറിയേണ്ടത് പ്രധാനമാണ്.
വിഷയവും പ്രതിബിംബവും മനസ്സിലാക്കാൻ അധികം ബുദ്ധിമുട്ടുണ്ടായെന്നുവരില്ല. എന്നാൽ സാധാരണ ധർമത്തിന്റെ കാര്യത്തിൽ അത് എളുപ്പമായിരിക്കില്ല. അങ്ങനെയെങ്കിൽ അതു മനസ്സിലാക്കാൻ എന്താണു വഴി? പലപ്പോഴും, പശ്ചാത്തലം പരിശോധിക്കുന്നത് സഹായകമായിരിക്കും.b
സർദിസിലെ സഭയ്ക്ക് യേശു നൽകിയ മുന്നറിയിപ്പുതന്നെ ഉദാഹരണമായി എടുക്കാം: “നീ ഉണരാതിരുന്നാൽ ഞാൻ കള്ളനെപ്പോലെ വരും.” യേശു ഇവിടെ തന്റെ വരവിനെ (വിഷയം) കള്ളന്റെ വരവിനോട് (പ്രതിബിംബം) താരതമ്യംചെയ്യുകയായിരുന്നു. എന്നാൽ ഇവിടത്തെ സാധാരണ ധർമം എന്താണ്? പശ്ചാത്തലവിവരം അതറിയാൻ നമ്മെ സഹായിക്കുന്നു. “ഏതു നാഴികയിലാണു ഞാൻ വരുന്നതെന്ന് നീ അറിയുകയുമില്ല” എന്ന് യേശു തുടർന്ന് പറയുകയുണ്ടായി. (വെളിപാട് 3:3) അതുകൊണ്ട് ഇവിടെ താരതമ്യംചെയ്യപ്പെടുന്നത് അവന്റെ വരവിന്റെ ഉദ്ദേശ്യമല്ല. കാരണം താൻ എന്തെങ്കിലും മോഷ്ടിക്കാൻ വരികയാണെന്നല്ല അവൻ വിവക്ഷിച്ചത്. പ്രതീക്ഷിക്കാത്ത സമയത്ത്, മുൻകൂട്ടി പ്രഖ്യാപിക്കാതെയുള്ള വരവാണ് ഇവിടത്തെ സമാനത.
ചിലപ്പോൾ ബൈബിളിന്റെ ഒരു ഭാഗത്തു കാണുന്ന വാങ്മയ ചിത്രം, മറ്റൊരു ഭാഗത്തുള്ള സമാനമായ വാങ്മയ ചിത്രം മനസ്സിലാക്കാൻ സഹായിച്ചേക്കാം. ഉദാഹരണത്തിന്, യേശു ഉപയോഗിച്ച അതേ വാങ്മയ ചിത്രം അപ്പൊസ്തലനായ പൗലോസ് ഉപയോഗിച്ചു. “കള്ളൻ രാത്രിയിൽ വരുന്നതുപോലെ യഹോവയുടെ ദിവസം വരുമെന്ന് നിങ്ങൾക്കു നന്നായി അറിയാമല്ലോ” എന്ന് പൗലോസ് എഴുതി. (1 തെസ്സലോനിക്യർ 5:2) ഇവിടെ പശ്ചാത്തലവിവരത്തിൽനിന്ന് സാധാരണ ധർമം മനസ്സിലാക്കാൻ കഴിയില്ല. എന്നാൽ വെളിപാട് 3:3-ൽ യേശു ഉപയോഗിച്ച വാങ്മയ ചിത്രവുമായി ഒത്തുനോക്കിയാൽ നമുക്ക് അതു തിരിച്ചറിയാനാകും. സത്യക്രിസ്ത്യാനികളെല്ലാവരും ഉണർന്നിരിക്കണമെന്ന ശക്തമായ ഓർമിപ്പിക്കലാണ് ഈ വാങ്മയ ചിത്രം നൽകുന്നത്!
ദൈവത്തെക്കുറിച്ചു പഠിപ്പിക്കുന്ന വാങ്മയ ചിത്രങ്ങൾ
സർവശക്തനായ ദൈവത്തിന്റെ ഗുണങ്ങളെയും അവനു ചെയ്യാൻ കഴിയുന്ന കാര്യങ്ങളെയും പൂർണമായി മനസ്സിലാക്കാൻ ഒരു മനുഷ്യനുമാവില്ല. യഹോവയുടെ “മഹിമ അഗോചര”മാണെന്ന് ദാവീദ് രാജാവ് എഴുതി. (സങ്കീർത്തനം 145:3) ദൈവത്തിന്റെ ചില സൃഷ്ടികളെക്കുറിച്ചു ചിന്തിച്ചശേഷം ഇയ്യോബ് ഇങ്ങനെ പറഞ്ഞു: “എന്നാൽ ഇവ അവന്റെ വഴികളുടെ അറ്റങ്ങളത്രേ; നാം അവനെക്കുറിച്ചു ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു. അവന്റെ ബലത്തിന്റെ ഇടിമുഴക്കമോ ആർ ഗ്രഹിക്കും?”—ഇയ്യോബ് 26:14.
എങ്കിലും സ്വർഗസ്ഥനായ ദൈവത്തിന്റെ ഉത്കൃഷ്ട ഗുണങ്ങളെ കുറെയൊക്കെ മനസ്സിലാക്കാൻ സഹായിക്കുന്ന വാങ്മയ ചിത്രങ്ങൾ ബൈബിളിലുണ്ട്. യഹോവയെ ഒരു രാജാവായും നിയമദാതാവായും ന്യായാധിപനായും യോദ്ധാവായും അതു ചിത്രീകരിക്കുന്നു. യഹോവയെ ഭയഭക്തിയോടെ വീക്ഷിക്കാൻ ഈ വാങ്മയ ചിത്രങ്ങൾ നമ്മെ സഹായിക്കുന്നു. ദൈവത്തെ ഒരു ഇടയനായും ഉപദേഷ്ടാവായും അധ്യാപകനായും പിതാവായും വൈദ്യനായും രക്ഷകനായും വരച്ചുകാണിക്കുന്ന വാങ്മയ ചിത്രങ്ങളും ബൈബിളിലുണ്ട്. അവയാകട്ടെ നമ്മിൽ അവനോട് സ്നേഹം ജനിപ്പിക്കുന്നു. (സങ്കീർത്തനം 16:7; 23:1; 32:8; 71:17; 89:26; 103:3; 106:21, 22; യെശയ്യാവു 33:22; 42:13; യോഹന്നാൻ 6:45) ഈ ഓരോ വർണനയും യഹോവയെക്കുറിച്ച് എത്ര ഊഷ്മളമായ വികാരങ്ങളാണ് നമ്മുടെ മനസ്സിലുണർത്തുന്നത്! ആയിരം വാക്കുകൾക്കു നൽകാൻ കഴിയുന്നതിനെക്കാൾ ശക്തമായ സന്ദേശമാണ് ഈ വാങ്മയ ചിത്രങ്ങൾ നൽകുന്നത്.
അചേതന വസ്തുക്കളോടും ബൈബിൾ യഹോവയെ സാദൃശ്യപ്പെടുത്തിയിട്ടുണ്ട്. “യിസ്രായേലിൻ പാറ,” ‘ശൈലം,’ “കോട്ട” എന്നിങ്ങനെയെല്ലാം ബൈബിൾ അവനെ വർണിക്കുന്നു. (2 ശമൂവേൽ 23:3; സങ്കീർത്തനം 18:2; ആവർത്തനപുസ്തകം 32:4) ഇവിടത്തെ സാധാരണ ധർമം എന്താണ്? സുദൃഢവും സുസ്ഥിരവുമായ ഒരു വലിയ പാറപോലെയാണ് യഹോവ; നമുക്ക് സുസ്ഥിരമായ ഒരു സങ്കേതമായി അവൻ വർത്തിക്കുന്നു.
യഹോവയുടെ വ്യക്തിത്വത്തിന്റെ വിവിധ വശങ്ങൾ വർണിക്കുന്ന വാങ്മയ ചിത്രങ്ങൾ സങ്കീർത്തനപുസ്തകത്തിലുടനീളം കാണാം. ഉദാഹരണത്തിന്, “യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു” എന്ന് സങ്കീർത്തനം 84:11 പറയുന്നു. കാരണം അവൻ വെളിച്ചവും ജീവനും ഊർജവും സംരക്ഷണവും പ്രദാനംചെയ്യുന്നു. എന്നാൽ സങ്കീർത്തനം 121:5-ൽ, “യഹോവ നിന്റെ . . . വലത്തുഭാഗത്തു നിനക്കു തണൽ” എന്നു പറഞ്ഞിരിക്കുന്നു. ഒരു വൃക്ഷത്തിന്റെയോ മറ്റോ തണൽ പൊരിവെയിലത്ത് ആശ്വാസം നൽകുന്നതുപോലെ, തന്നെ സേവിക്കുന്നവരെ ദുരിതങ്ങളുടെ കൊടുംചൂടിൽനിന്ന് സംരക്ഷിക്കാൻ യഹോവയ്ക്കു കഴിയും. അവന്റെ “കയ്യുടെ നിഴലിൽ” അല്ലെങ്കിൽ “ചിറകിൻ നിഴലിൽ” അവർക്ക് ആശ്വാസം കണ്ടെത്താനാകും.—യെശയ്യാവു 51:16; സങ്കീർത്തനം 17:8, 9; 36:7.
യേശുവിനെ വർണിക്കുന്ന വാങ്മയ ചിത്രങ്ങൾ
യേശുവിനെ ബൈബിൾ പലപ്പോഴും “ദൈവപുത്രൻ” എന്നു പരാമർശിക്കുന്നു. (യോഹന്നാൻ 1:34; 3:16-18) ചില മതസ്ഥർക്ക് ഇത് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടു തോന്നുന്നു. ദൈവം ഒരു മനുഷ്യനല്ലെന്നതും അവന് അക്ഷരാർഥത്തിൽ ഒരു ഭാര്യ ഇല്ലെന്നതുമാണ് അതിനു കാരണം. മനുഷ്യരുടെ അതേ രീതിയിൽ ദൈവം മക്കളെ ജനിപ്പിച്ചിട്ടില്ല എന്നത് ശരിയാണ്. അതുകൊണ്ട് ഇതൊരു ആലങ്കാരിക പ്രയോഗമാണ്. ദൈവവും യേശുവുമായുള്ള ബന്ധം ഒരു മാനുഷ പിതാവും പുത്രനും തമ്മിലുള്ള ബന്ധംപോലെയാണെന്ന് നമുക്കു മനസ്സിലാക്കിത്തരാൻ വേണ്ടിയാണ് ഈ പ്രയോഗം ഉപയോഗിച്ചിരിക്കുന്നത്. യഹോവയാൽ സൃഷ്ടിക്കപ്പെട്ടതുകൊണ്ട് യേശുവിന് ജീവൻ ലഭിച്ചത് അവനിൽനിന്നാണെന്ന വസ്തുതയ്ക്ക് ഈ വാങ്മയ ചിത്രം അടിവരയിടുന്നു. ആദാമിനെ “ദൈവത്തിന്റെ മകൻ” എന്നു വിശേഷിപ്പിച്ചിരിക്കുന്നതും ഈ കാരണംകൊണ്ടാണ്.—ലൂക്കോസ് 3:38.
ദൈവോദ്ദേശ്യത്തിൽ തനിക്കുള്ള വിവിധ റോളുകൾ വിവരിക്കാൻ യേശു വാങ്മയ ചിത്രങ്ങൾ ഉപയോഗിച്ചു. “ഞാൻ സാക്ഷാൽ മുന്തിരിവള്ളിയും എന്റെ പിതാവ് കൃഷിക്കാരനും ആകുന്നു” എന്ന് യേശു പറഞ്ഞു. അതിനുശേഷം അവൻ തന്റെ ശിഷ്യന്മാരെ മുന്തിരിവള്ളിയുടെ ശാഖകളോട് ഉപമിച്ചു. (യോഹന്നാൻ 15:1, 4) എന്തു പ്രധാനപ്പെട്ട കാര്യങ്ങളാണ് ഈ വാങ്മയ ചിത്രം നമ്മെ പഠിപ്പിക്കുന്നത്? വാടാതെ ഫലം കായ്ക്കണമെങ്കിൽ ഒരു മുന്തിരിവള്ളിയുടെ ശാഖകൾ ആ ചെടിയിൽ നിലനിൽക്കേണ്ടതുണ്ട്. അതുപോലെ ക്രിസ്തുവിന്റെ ശിഷ്യന്മാരും അവനോടുള്ള ഐക്യത്തിൽ നിലനിൽക്കണം. “എന്നെക്കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല” എന്ന് യേശു പറഞ്ഞു. (യോഹന്നാൻ 15:5) ഒരു മുന്തിരിവള്ളി ഫലം പുറപ്പെടുവിക്കാൻ തോട്ടക്കാരൻ പ്രതീക്ഷിക്കുന്നതുപോലെ ക്രിസ്തുവിനോട് ഐക്യപ്പെട്ടിരിക്കുന്നവർ ആത്മീയഫലം കായ്ക്കാൻ യഹോവ പ്രതീക്ഷിക്കുന്നു.—യോഹന്നാൻ 15:8.
സാധാരണ ധർമം തിരിച്ചറിയുക
സാധാരണ ധർമം കൃത്യമായി മനസ്സിലാക്കിയില്ലെങ്കിൽ നാം തെറ്റായ നിഗമനങ്ങളിൽ എത്തിയേക്കാം. ഉദാഹരണത്തിന്, റോമർ 12:20-ന്റെ കാര്യമെടുക്കുക. “നിന്റെ ശത്രുവിനു വിശക്കുന്നെങ്കിൽ അവനു ഭക്ഷിക്കാൻ കൊടുക്കുക; ദാഹിക്കുന്നെങ്കിൽ അവനു കുടിക്കാൻ കൊടുക്കുക. അങ്ങനെ ചെയ്യുന്നതിനാൽ നീ അവന്റെ തലമേൽ തീക്കനൽ കൂട്ടും” എന്ന് ആ വാക്യം പറയുന്നു. തലമേൽ തീക്കനൽ കൂട്ടുന്നത് പ്രതികാര നടപടിയെ ആണോ സൂചിപ്പിക്കുന്നത്? ഇവിടത്തെ സാധാരണ ധർമം തിരിച്ചറിഞ്ഞാൽ അത് അങ്ങനെയല്ലെന്ന് നമുക്കു മനസ്സിലാകും. പണ്ട് ലോഹം ഉരുക്കിയിരുന്ന ഒരു പ്രക്രിയയെ ആധാരമാക്കിയുള്ളതാണ് ഈ വാങ്മയ ചിത്രം. കനൽ കൂട്ടിയിട്ട് അതിന്മേലാണ് അയിര് ഉരുക്കിയിരുന്നത്. കുറെ കനൽ അയിരിന്റെ മുകളിലും കൂട്ടിയിടും. അങ്ങനെ അയിരിൽനിന്ന് മാലിന്യങ്ങളെല്ലാം നീക്കംചെയ്യപ്പെട്ട് ശുദ്ധമായ ലോഹം ലഭിക്കുന്നു. സമാനമായി, ദുഷ്ടനായ ഒരു വ്യക്തിയോട് ദയയോടെ ഇടപെടുന്നത് അയാളുടെ മനോഭാവത്തിന് മാറ്റം വരുത്തുകയും അയാളിലെ നന്മ പുറത്തുകൊണ്ടുവരികയും ചെയ്യും.
വാങ്മയ ചിത്രങ്ങൾ ശരിയായി മനസ്സിലാക്കുന്നത് നമ്മുടെ മനസ്സിനെ പ്രബുദ്ധമാക്കുമെന്നു മാത്രമല്ല, നമ്മുടെ ഹൃദയത്തെ സ്പർശിക്കുകയും ചെയ്യും. പാപത്തെ കടബാധ്യതയോടു താരതമ്യംചെയ്യുന്ന ഭാഗം വായിക്കുമ്പോൾ പാപത്തിന്റെ ഭാരം നമുക്ക് അനുഭവവേദ്യമാകുന്നു. (ലൂക്കോസ് 11:4) എന്നാൽ യഹോവ നമ്മോടു ക്ഷമിക്കുകയും ആ കടം റദ്ദാക്കുകയും ചെയ്യുമ്പോൾ എത്ര ആശ്വാസമാണ് നമുക്ക് അനുഭവപ്പെടുന്നത്! ഒരു സ്ലേറ്റിലുള്ള എഴുത്ത് മായിച്ചുകളയുന്നതുപോലെ ദൈവം നമ്മുടെ പാപങ്ങൾ ‘മായിച്ചുകളയുകയും’ ‘മറയ്ക്കുകയും’ ചെയ്യുന്നതായി ബൈബിൾ പറയുമ്പോൾ ആ പാപങ്ങൾ പിന്നീട് നമ്മുടെ പേരിൽ കണക്കിടുകയില്ലെന്ന ഉറപ്പ് നമുക്കു ലഭിക്കുന്നു. (പ്രവൃത്തികൾ 3:19; സങ്കീർത്തനം 32:1, 2) രക്താംബരംപോലെ കടുംചുവപ്പായ പാപങ്ങൾപോലും പഞ്ഞിപോലെ വെളുപ്പിക്കാൻ യഹോവയ്ക്ക് കഴിയുമെന്ന അറിവ് എത്ര ആശ്വാസദായകമാണ്!—യെശയ്യാവു 1:18.
ദൈവവചനമായ ബൈബിളിലുള്ള ഏതാനും വാങ്മയ ചിത്രങ്ങളാണ് നാം ഇപ്പോൾ കണ്ടത്. ഇത്തരം നൂറുകണക്കിന് വാങ്മയ ചിത്രങ്ങൾ അതിലുണ്ട്. ഇനി ബൈബിൾ വായിക്കുമ്പോൾ അവയ്ക്ക് പ്രത്യേകം ശ്രദ്ധകൊടുക്കുക. സാധാരണ ധർമം തിട്ടപ്പെടുത്താനും അവയെക്കുറിച്ചു ധ്യാനിക്കാനും സമയമെടുക്കുക. അത് വിശുദ്ധ ലിഖിതങ്ങൾ സംബന്ധിച്ച നിങ്ങളുടെ ഗ്രാഹ്യവും വിലമതിപ്പും വർധിപ്പിക്കും.
[അടിക്കുറിപ്പുകൾ]
a ഈ ലേഖനത്തിൽ “വാങ്മയ ചിത്രം” എന്ന പ്രയോഗം രൂപകം, ഉപമ മുതലായ അലങ്കാരങ്ങളെ കുറിക്കുന്നു.
b യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച രണ്ടുവാല്യങ്ങളുള്ള തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച (ഇംഗ്ലീഷ്) എന്ന ബൈബിൾ എൻസൈക്ലോപീഡിയ, പല വാങ്മയ ചിത്രങ്ങളുടെയും സാധാരണ ധർമം മനസ്സിലാക്കാൻ സഹായകമായ പശ്ചാത്തല വിവരങ്ങൾ നൽകുന്നുണ്ട്.
[19-ാം പേജിലെ ചതുരം]
വാങ്മയ ചിത്രങ്ങൾ സഹായിക്കുന്ന വിധം
വാങ്മയ ചിത്രങ്ങൾ നമ്മെ പലവിധങ്ങളിൽ സഹായിക്കുന്നു. ബുദ്ധിമുട്ടുള്ള ഒരു ആശയം, എളുപ്പം മനസ്സിലാക്കാൻ കഴിയുന്ന ഒരു സംഗതിയുമായി താരതമ്യം ചെയ്യാൻ ഇതിലൂടെ സാധിക്കുന്നു. ഒന്നിലധികം വാങ്മയ ചിത്രങ്ങൾ ഉപയോഗിച്ച് ഒരു വിഷയത്തിന്റെ വിവിധ വശങ്ങൾ പ്രദീപ്തമാക്കാം. പ്രധാന ആശയങ്ങൾ എടുത്തുകാണിക്കാനോ അവ കൂടുതൽ ആകർഷകമായി അവതരിപ്പിക്കാനോ വാങ്മയ ചിത്രങ്ങൾ ഉപകരിച്ചേക്കാം.
[20-ാം പേജിലെ ചതുരം]
വിവിധ ഘടകങ്ങൾ തിരിച്ചറിയുക
വാങ്മയ ചിത്രം: “നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു.” (മത്തായി 5:13)
വിഷയം: നിങ്ങൾ (യേശുവിന്റെ ശിഷ്യന്മാർ)
പ്രതിബിംബം: ഉപ്പ്
സാധാരണ ധർമം: പരിരക്ഷിക്കാനുള്ള കഴിവ്
പാഠം: അനേകരുടെ ജീവൻ പരിരക്ഷിക്കാൻ കഴിവുള്ള സന്ദേശം ശിഷ്യന്മാരുടെ പക്കലുണ്ടായിരുന്നു
[21 പേജിൽ ആകർഷക വാക്യം]
“യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല.”—സങ്കീർത്തനം 23:1