ആത്മാവ് പറയുന്നത് ശ്രദ്ധിക്കുക!
“ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ.”—വെളിപ്പാടു 3:22.
1, 2. വെളിപ്പാടു പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്ന ഏഴു സഭകൾക്കുള്ള യേശുവിന്റെ സന്ദേശങ്ങളിൽ ഏതു ബുദ്ധിയുപദേശം ആവർത്തിക്കപ്പെട്ടിരിക്കുന്നു?
വെളിപ്പാടു പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്ന ഏഴു സഭകൾക്കുള്ള യേശുവിന്റെ ആത്മനിശ്വസ്ത വാക്കുകൾക്കു യഹോവയുടെ ദാസർ തീർച്ചയായും ശ്രദ്ധകൊടുക്കണം. ഈ സന്ദേശത്തിൽ ഓരോന്നിലും പിൻവരുന്ന ബുദ്ധിയുപദേശം അടങ്ങിയിരിക്കുന്നു: “ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ.”—വെളിപ്പാടു 2:7, 11, 17, 29; 3:5 ബി, 13, 22.
2 എഫെസൊസ്, സ്മുർന്ന, പെർഗ്ഗമൊസ് എന്നീ സഭകളുടെ ദൂതന്മാർക്ക് അഥവാ മേൽവിചാരകന്മാർക്ക് ഉള്ള യേശുവിന്റെ സന്ദേശം നാം കണ്ടുകഴിഞ്ഞു. മറ്റു നാലു സഭകളോട് അവൻ പരിശുദ്ധാത്മ നിശ്വസ്തതയിൽ പറഞ്ഞ കാര്യങ്ങളിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാനാകും?
തുയഥൈരയിലെ ദൂതന്
3. തുയഥൈര സ്ഥിതി ചെയ്തിരുന്നത് എവിടെ, ഏത് ഉത്പന്നത്തിന് അതു പേരുകേട്ടതായിരുന്നു?
3 തുയഥൈര സഭയ്ക്ക് “ദൈവപുത്രൻ” അഭിനന്ദനവും ശാസനയും നൽകുന്നു. (വെളിപ്പാടു 2:18-29 വായിക്കുക.) പശ്ചിമ ഏഷ്യാമൈനറിലെ ഒരു നദിയായ ഗാഡീസിന്റെ (പുരാതന ഹെർമസ്) ഒരു പോഷകനദിയുടെ തീരത്താണ് തുയഥൈര (ഇപ്പോഴത്തെ അഖ്ഹിസർ) സ്ഥിതിചെയ്തിരുന്നത്. കരകൗശലപ്പണികൾക്കു പേരുകേട്ടതായിരുന്നു ഈ നഗരം. അവിടെ ഉത്പാദിപ്പിക്കപ്പെട്ടിരുന്ന വളരെ പ്രശസ്തമായ, രക്തവർണത്തിലുള്ള ഒരുതരം ചായം മഞ്ചെട്ടി എന്ന സസ്യത്തിന്റെ വേരിൽനിന്നാണ് തയ്യാറാക്കിയിരുന്നത്. പൗലൊസ് ഗ്രീസിലെ ഫിലിപ്പി സന്ദർശിച്ച സമയത്ത് ഒരു ക്രിസ്ത്യാനി ആയിത്തീർന്ന ലുദിയ “തുയത്തൈരാപട്ടണക്കാരത്തിയും രക്താംബരം വില്ക്കുന്നവളു”മായിരുന്നു.—പ്രവൃത്തികൾ 16:12-15.
4. ഏതു കാരണങ്ങളാലാണ് തുയഥൈര സഭ പ്രശംസിക്കപ്പെട്ടത്?
4 തുയഥൈര സഭയുടെ സത്പ്രവൃത്തികൾ, വിശ്വാസം, സഹിഷ്ണുത, ശുശ്രൂഷയിലെ പ്രയത്നം എന്നിവ നിമിത്തം യേശു അതിനെ അഭിനന്ദിക്കുന്നു. ‘അവരുടെ ഒടുവിലത്തെ പ്രവൃത്തി ആദ്യത്തേതിലും ഏറെയായിരുന്നു.’ നടത്ത സംബന്ധിച്ച് നാം ഇതിനോടകം ഒരു നല്ല രേഖ സമ്പാദിച്ചിട്ടുണ്ടായിരിക്കാമെങ്കിലും ധാർമികതയുടെ കാര്യത്തിൽ നാം ഒരിക്കലും അശ്രദ്ധരായിത്തീരരുത്.
5-7. (എ) “ഈസബേൽ എന്ന സ്ത്രീ” ആരായിരുന്നു, അവളുടെ സ്വാധീനം സംബന്ധിച്ച് എന്തു ചെയ്യണമായിരുന്നു? (ബി) തുയഥൈര സഭയ്ക്കുള്ള ക്രിസ്തുവിന്റെ സന്ദേശം എന്തു ചെയ്യാൻ ദൈവഭക്തരായ സ്ത്രീകളെ സഹായിക്കുന്നു?
5 തുയഥൈര സഭയിൽ വിഗ്രഹാരാധനയും വ്യാജോപദേശങ്ങളും ലൈംഗിക അധാർമികതയും നിലനിൽക്കുന്നുണ്ടായിരുന്നു. അവർക്കിടയിൽ “ഈസബേൽ എന്ന സ്ത്രീ”—ഇസ്രായേലിലെ പത്തുഗോത്ര രാജ്യത്തിന്റെ ദുഷ്ട രാജ്ഞി ആയിരുന്ന ഈസബേലിന്റേതിന് സമാനമായ സ്വഭാവമുള്ള ഒരു കൂട്ടം സ്ത്രീകൾ—ഉണ്ടായിരുന്നു. തുയഥൈരയിലെ ചില ‘പ്രവാചകിമാർ’ വ്യാപാര ദേവീദേവന്മാരെ ആരാധിക്കാനും വിഗ്രഹാർപ്പിത ഭക്ഷണസാധനങ്ങൾ ഉൾപ്പെട്ടിരുന്ന ഉത്സവങ്ങളിൽ പങ്കെടുക്കാനും ക്രിസ്ത്യാനികളെ വശീകരിക്കാൻ ശ്രമിച്ചെന്നു ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. സ്വനിയുക്തയായ ഏതൊരു പ്രവാചകിയും ആധുനിക ക്രിസ്തീയ സഭയിലെ മറ്റുള്ളവരെ വശീകരിക്കാൻ ശ്രമിക്കാതിരിക്കട്ടെ!
6 യേശു, ‘ഈസബേൽ എന്ന സ്ത്രീയെ കിടപ്പിലും അവളുമായി വ്യഭിചരിക്കുന്നവരെ അവളുടെ നടപ്പു വിട്ടു മാനസാന്തരപ്പെടാതിരുന്നാൽ വലിയ കഷ്ടതയിലും ആക്കാനിരിക്കുകയായിരുന്നു.’ ദുഷ്ടമായ അത്തരം പഠിപ്പിക്കലിനും സ്വാധീനത്തിനും മേൽവിചാരകന്മാർ ഒരിക്കലും വശംവദരാകരുത്. “സാത്താന്റെ ആഴങ്ങൾ” തികച്ചും അധമമായവ തന്നെയാണെന്നു മനസ്സിലാക്കാനായി ക്രിസ്ത്യാനികളിൽ ആരും ആത്മീയമോ ശാരീരികമോ ആയ പരസംഗത്തിലോ വിഗ്രഹാരാധനയിലോ ഏർപ്പെടേണ്ടതില്ല. യേശുവിന്റെ മുന്നറിയിപ്പിനു ചെവി കൊടുക്കുന്നെങ്കിൽ നാം ‘നമുക്കുള്ളത് പിടിച്ചുകൊള്ളും,’ പാപം നമ്മുടെമേൽ ആധിപത്യം നടത്തുകയുമില്ല. പുനരുത്ഥാനം പ്രാപിച്ച അഭിഷിക്തർ അഭക്തമായ ആചാരങ്ങളും ലൈംഗികതൃഷ്ണകളും ലക്ഷ്യങ്ങളും തള്ളിക്കളഞ്ഞതിനാൽ, അവർക്ക് “ജാതികളുടെമേൽ അധികാരം” ലഭിക്കുന്നു. അതിനുപുറമേ, ജാതികളെ തച്ചുടയ്ക്കുന്നതിൽ അവർ യേശുവിനോടൊപ്പം ചേരുകയും ചെയ്യും. ഇന്നത്തെ സഭകൾക്ക് പ്രതീകാത്മക നക്ഷത്രങ്ങളുണ്ട്. അഭിഷിക്തർ സ്വർഗത്തിലേക്ക് പുനരുത്ഥാനം പ്രാപിക്കുമ്പോൾ അവർക്ക് ‘ശുഭ്രമായ ഉദയനക്ഷത്രത്തെ’ അഥവാ മണവാളനായ യേശുക്രിസ്തുവിനെ ലഭിക്കും.—വെളിപ്പാടു 22:16.
7 വിശ്വാസത്യാഗിനികളായ സ്ത്രീകളുടെ ദുഷ്ട സ്വാധീനം തുടരാൻ അനുവദിക്കരുതെന്നു തുയഥൈര സഭയ്ക്ക് മുന്നറിയിപ്പു ലഭിച്ചു. ഇക്കാലത്ത് തങ്ങൾക്കുള്ള ദൈവനിയമിത സ്ഥാനങ്ങളിൽത്തന്നെ നിലകൊള്ളാൻ സഭയോടുള്ള ക്രിസ്തുവിന്റെ ആത്മനിശ്വസ്ത സന്ദേശം ദൈവഭക്തരായ സ്ത്രീകളെ സഹായിക്കുന്നു. അവർ പുരുഷന്മാരുടെമേൽ അധികാരം നടത്താൻ ശ്രമിക്കുകയോ സഹോദരന്മാരിൽ ആരെയും ആത്മീയമോ ശാരീരികമോ ആയ പരസംഗത്തിലേക്കു വശീകരിക്കുകയോ ചെയ്യുന്നില്ല. (1 തിമൊഥെയൊസ് 2:12) മറിച്ച്, അത്തരം സ്ത്രീകൾ സത്പ്രവൃത്തികളുടെയും ദൈവസ്തുതിക്കായുള്ള സേവനത്തിന്റെയും കാര്യത്തിൽ നല്ല മാതൃക വെക്കുന്നു. (സങ്കീർത്തനം 68:11; 1 പത്രൊസ് 3:1-6) സഭ അതിനുള്ളത്—നിർമലമായ ഉപദേശവും നടത്തയും വിലയേറിയ രാജ്യസേവനവും—കാത്തുകൊള്ളുന്നെങ്കിൽ ക്രിസ്തുവിൽനിന്നു പ്രതികൂല ന്യായവിധിയല്ല മഹത്തായ പ്രതിഫലങ്ങൾ ലഭിക്കും.
സർദ്ദിസിലെ ദൂതന്
8. (എ) സർദ്ദിസ് സ്ഥിതിചെയ്തിരുന്നത് എവിടെ, അതിനെ കുറിച്ചുള്ള ചില വിശദാംശങ്ങൾ ഏവ? (ബി) സർദ്ദിസ് സഭയ്ക്ക് സഹായം ആവശ്യമായിരുന്നത് എന്തുകൊണ്ട്?
8 ആത്മീയമായി മരിച്ചിരുന്നതിനാൽ സർദ്ദിസ് സഭയ്ക്ക് അടിയന്തിര സഹായം ആവശ്യമായിരുന്നു. (വെളിപ്പാടു 3:1-6 വായിക്കുക.) തുയഥൈരയ്ക്ക് ഏതാണ്ട് 50 കിലോമീറ്റർ തെക്കു മാറി സ്ഥിതിചെയ്തിരുന്ന സർദ്ദിസ് തഴച്ചുവളരുന്ന ഒരു നഗരമായിരുന്നു. വാണിജ്യം, മണ്ണിന്റെ ഫലഭൂയിഷ്ഠത, കമ്പിളിയുടെയും പരവതാനികളുടെയും ഉത്പാദനം എന്നിവ, ഒരുകാലത്ത് 50,000-ത്തോളം നിവാസികളുണ്ടായിരുന്ന ഇതിനെ ഒരു സമ്പന്ന നഗരമാക്കിത്തീർത്തു. പൊ.യു.മു. ഒന്നാം നൂറ്റാണ്ടിൽ സർദ്ദിസിൽ വലിയൊരു യഹൂദ സമൂഹം ഉണ്ടായിരുന്നതായി ചരിത്രകാരനായ ജോസീഫസ് അഭിപ്രായപ്പെടുന്നു. ആ നഗരത്തിന്റെ നാശാവശിഷ്ടങ്ങൾക്കിടയിൽ ഒരു സിനഗോഗും എഫെസൊസിലെ അർത്തെമിസ് ദേവിയുടെ ഒരു ക്ഷേത്രവും കണ്ടെത്തിയിട്ടുണ്ട്.
9. ക്രിസ്തീയ സേവനത്തിലെ നമ്മുടെ പ്രവർത്തനങ്ങൾ യാന്ത്രികമായിരിക്കുന്നെങ്കിൽ നാം എന്തു ചെയ്യണം?
9 സർദ്ദിസ് സഭയുടെ ദൂതനോട് യേശു ഇങ്ങനെ പറഞ്ഞു: “ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു. ജീവനുള്ളവൻ എന്നു നിനക്കു പേർ ഉണ്ടു എങ്കിലും നീ മരിച്ചവനാകുന്നു.” ആത്മീയമായി ഉണർന്നിരിക്കുന്നവർ എന്ന സത്പേരുണ്ടെങ്കിലും ക്രിസ്തീയ സേവനപദവികളോടുള്ള ബന്ധത്തിൽ നാം ഉദാസീനത പുലർത്തുകയും സേവനത്തിലെ നമ്മുടെ പ്രവർത്തനങ്ങൾ യാന്ത്രികമായിരിക്കുകയും ആത്മീയമായി നാം ‘മരണാസന്നരായിരിക്കുകയും’ (NW) ചെയ്യുന്നെങ്കിലോ? അപ്പോൾ, നാം രാജ്യസന്ദേശം ‘പ്രാപിക്കുകയും കേൾക്കുകയും ചെയ്തത് എങ്ങനെയെന്ന് ഓർത്ത്’ വിശുദ്ധ സേവനത്തിലുള്ള നമ്മുടെ ശ്രമങ്ങളെ പുനരുജ്ജീവിപ്പിക്കണം. ക്രിസ്തീയ യോഗങ്ങളിൽ മുഴുഹൃദയത്തോടെ നാം പങ്കുപറ്റാൻ തുടങ്ങണം. (എബ്രായർ 10:24, 25) സർദ്ദിസിലെ സഭയ്ക്ക് ക്രിസ്തു പിൻവരുന്നവിധം മുന്നറിയിപ്പു നൽകി: “നീ ഉണരാതിരുന്നാൽ ഞാൻ കള്ളനെപ്പോലെ വരും; ഏതു നാഴികെക്കു നിന്റെമേൽ വരും എന്നു നീ അറികയും ഇല്ല.” ഇന്നു നമ്മെ സംബന്ധിച്ചോ? പെട്ടെന്നുതന്നെ നാം കണക്കുബോധിപ്പിക്കേണ്ടി വരും.
10. സർദ്ദിസിലേതിനു സമാനമായ സാഹചര്യത്തിൽപ്പോലും, കുറെ ക്രിസ്ത്യാനികളെ സംബന്ധിച്ച് എന്തു സത്യമായിരിക്കാം?
10 സർദ്ദിസിലേതിനു സമാനമായ ഒരു സാഹചര്യത്തിൽപ്പോലും തങ്ങളുടെ ‘ഉടുപ്പു മലിനമാകാതെ സൂക്ഷിക്കുന്ന, യോഗ്യന്മാരാകയാൽ വെള്ളധരിച്ചുംകൊണ്ടു ക്രിസ്തുവിനോടുകൂടെ നടക്കാനാകുന്ന’ കുറെ പേരുണ്ടായിരുന്നേക്കാം. ലോകത്തിന്റെ ധാർമികമോ മതപരമോ ആയ കളങ്കം പറ്റാതെ ശുദ്ധിയുള്ളവരായി നിന്നുകൊണ്ട് അവർ തങ്ങളുടെ ക്രിസ്തീയ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നു. (യാക്കോബ് 1:27) അതുകൊണ്ട്, യേശു ‘ജീവപുസ്തകത്തിൽനിന്നു മാച്ചുകളയാതെ തന്റെ പിതാവിന്റെ സന്നിധിയിലും അവന്റെ ദൂതന്മാരുടെ മുമ്പിലും അവരുടെ പേർ ഏറ്റുപറയും.’ ക്രിസ്തുവിനോടൊത്ത് നടക്കാൻ യോഗ്യരെന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നതിനാൽ, അവന്റെ അഭിഷിക്ത മണവാട്ടിവർഗം ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിക്കും. ആ വസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികളെ പ്രതീകപ്പെടുത്തുന്നു. (വെളിപ്പാടു 19:8) സ്വർഗത്തിൽ അവർക്കായി കരുതിയിരിക്കുന്ന അത്ഭുതകരമായ സേവനപദവികൾ, ലോകത്തെ ജയിച്ചടക്കാൻ അവർക്ക് പ്രോത്സാഹനമേകുന്നു. ഭൂമിയിലെ നിത്യജീവന്റെ പ്രതീക്ഷയുള്ളവർക്കു മുമ്പാകെയും അനുഗ്രഹങ്ങളുണ്ട്. അവരുടെ പേരുകളും ജീവപുസ്തകത്തിൽ എഴുതപ്പെട്ടിരിക്കുന്നു.
11. ആത്മീയ ഉറക്കം നമ്മെ ബാധിക്കുന്നതായി തോന്നുന്നെങ്കിൽ നാം എന്തു ചെയ്യണം?
11 സർദ്ദിസ് സഭയുടേതുപോലുള്ള ദുഃഖകരമായ ആത്മീയ അവസ്ഥയിൽ ആയിത്തീരാൻ നാം ആരും ആഗ്രഹിക്കുന്നില്ല. എന്നാൽ, ആത്മീയ ഉറക്കം നമ്മെ ബാധിച്ചിരിക്കുന്നുവെന്ന് നാം തിരിച്ചറിയുന്നെങ്കിലോ? നമ്മുടെതന്നെ നന്മയിൽ കലാശിക്കുമാറ് നാം ഉടൻതന്നെ പ്രവർത്തിക്കേണ്ടതുണ്ട്. അഭക്ത മാർഗങ്ങളിലേക്ക് നാം ആകർഷിക്കപ്പെടുകയോ യോഗങ്ങൾക്കു ഹാജരാകുന്നതിലും ശുശ്രൂഷയിൽ പങ്കെടുക്കുന്നതിലും നമുക്ക് താത്പര്യം കുറഞ്ഞുവരികയോ ചെയ്യുന്നെങ്കിലോ? ആത്മാർഥമായ പ്രാർഥനയിലൂടെ നമുക്ക് യഹോവയുടെ സഹായം തേടാം. (ഫിലിപ്പിയർ 4:6, 7, 13) അനുദിന ബൈബിൾ വായനയും തിരുവെഴുത്തുകളുടെയും ‘വിശ്വസ്ത ഗൃഹവിചാരകൻ’ ലഭ്യമാക്കുന്ന പ്രസിദ്ധീകരണങ്ങളുടെയും പഠനവും ആത്മീയമായി ഉണർന്നിരിക്കാൻ നമ്മെ സഹായിക്കും. (ലൂക്കൊസ് 12:42-44) അപ്പോൾ നാം ക്രിസ്തുവിന്റെ അംഗീകാരം ഉണ്ടായിരുന്ന സർദ്ദിസിലെ ചിലരെ പോലെ ആയിരിക്കും, സഹവിശ്വാസികൾക്ക് നാം ഒരു അനുഗ്രഹവുമായിരിക്കും.
ഫിലദെൽഫ്യയിലെ ദൂതന്
12. പുരാതന ഫിലദെൽഫ്യയിലെ മതപരമായ അവസ്ഥയെ നിങ്ങൾ എങ്ങനെ വിവരിക്കും?
12 ഫിലദെൽഫ്യ സഭയെ യേശു അഭിനന്ദിച്ചു. (വെളിപ്പാടു 3:7-13 വായിക്കുക.) പശ്ചിമ ഏഷ്യാമൈനറിലുള്ള വീഞ്ഞ് ഉത്പാദിപ്പിക്കുന്ന സമ്പദ്സമൃദ്ധമായ ഒരു പ്രദേശമായിരുന്നു ഫിലദെൽഫ്യ (ഇപ്പോഴത്തെ അലസഹിർ). വീഞ്ഞിന്റെ ദേവനായ ഡയോനൈസസ് ആയിരുന്നു അവിടത്തെ പ്രധാന ദേവൻ. വ്യക്തമായും, ഫിലദെൽഫ്യയിലെ യഹൂദർ, മോശൈക ന്യായപ്രമാണത്തിലെ ചില ആചാരങ്ങൾ നിലനിറുത്താനോ അതിലേക്ക് മടങ്ങിവരാനോ യഹൂദ ക്രിസ്ത്യാനികളെ സ്വാധീനിക്കാൻ വിഫല ശ്രമം നടത്തിയിരുന്നു.
13. ക്രിസ്തു ‘ദാവീദിന്റെ താക്കോൽ’ ഉപയോഗിച്ചിരിക്കുന്നത് എങ്ങനെ?
13 ക്രിസ്തുവിന് ‘ദാവീദിന്റെ താക്കോൽ’ ഉണ്ട്. അങ്ങനെ സകല രാജ്യതാത്പര്യങ്ങളും വിശ്വസ്ത ദാസന്മാരുടെമേലുള്ള ഭരണവും അവനെ ഭരമേൽപ്പിച്ചിരിക്കുന്നു. (യെശയ്യാവു 22:22; ലൂക്കൊസ് 1:32) ഫിലദെൽഫ്യയിലെയും മറ്റിടങ്ങളിലെയും ക്രിസ്ത്യാനികൾക്ക് രാജ്യവുമായി ബന്ധപ്പെട്ട അവസരങ്ങളും പദവികളും തുറന്നുകൊടുക്കാനായി യേശു ആ താക്കോൽ ഉപയോഗിച്ചു. യാതൊരു എതിരാളിക്കും അടയ്ക്കാൻ കഴിയാത്ത, രാജ്യപ്രസംഗത്തിലേക്കു നയിക്കുന്ന, “ഒരു വലിയ വാതിൽ” 1919 മുതൽ അവൻ ‘ഗൃഹവിചാരകന്റെ’ മുമ്പിൽ തുറന്നിട്ടിരിക്കുന്നു. (1 കൊരിന്ത്യർ 16:9, NW; കൊലൊസ്സ്യർ 4:2-4) എന്നാൽ രാജ്യപദവികളിലേക്കുള്ള ആ വാതിൽ “സാത്താന്റെ പള്ളി”ക്കാർക്ക് അടഞ്ഞിരിക്കുകയാണ്. കാരണം, അവർ ആത്മീയ ഇസ്രായേല്യരല്ല.
14. (എ) ഫിലദെൽഫ്യ സഭയ്ക്ക് യേശു ഏതു വാഗ്ദാനം നൽകി? (ബി) “പരീക്ഷാകാലത്തു” വീണുപോകാതിരിക്കാൻ നമുക്ക് എങ്ങനെ സാധിക്കും?
14 പുരാതന ഫിലദെൽഫ്യയിലെ ക്രിസ്ത്യാനികളോട് യേശു ഇങ്ങനെ വാഗ്ദാനം ചെയ്തു: “സഹിഷ്ണുതയെക്കുറിച്ചുള്ള എന്റെ വചനം നീ കാത്തുകൊണ്ടതിനാൽ ഭൂമിയിൽ വസിക്കുന്നവരെ പരീക്ഷിക്കേണ്ടതിന്നു ഭൂതലത്തിൽ എങ്ങും വരുവാനുള്ള പരീക്ഷാകാലത്തു ഞാനും നിന്നെ കാക്കും.” പ്രസംഗ പ്രവർത്തനം നിർവഹിക്കുന്നതിന്, യേശു പ്രകടിപ്പിച്ചതുപോലുള്ള സഹിഷ്ണുത ആവശ്യമാണ്. അവൻ ശത്രുക്കൾക്ക് കീഴടങ്ങാതെ തന്റെ പിതാവിന്റെ ഹിതം ചെയ്തുകൊണ്ടേയിരുന്നു. അതുകൊണ്ട്, യേശുവിനെ ദൈവം സ്വർഗത്തിലെ അമർത്യ ജീവനിലേക്ക് ഉയിർപ്പിച്ചു. യഹോവയെ ആരാധിക്കാനുള്ള നമ്മുടെ തീരുമാനം നാം മുറുകെ പിടിക്കുകയും സുവാർത്ത പ്രസംഗിച്ചുകൊണ്ട് രാജ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നെങ്കിൽ, ഇപ്പോഴത്തെ പരീക്ഷയുടെ സമയത്ത് അഥവാ “പരീക്ഷാകാലത്തു” അവൻ നമ്മെ താങ്ങും. ആ രാജ്യതാത്പര്യങ്ങളെ വർധിപ്പിക്കാൻ ശ്രമിച്ചുകൊണ്ട്, ക്രിസ്തുവിൽനിന്ന് ‘നമുക്കുള്ളത് നാം പിടിച്ചുകൊള്ളും.’ അങ്ങനെ ചെയ്യുന്നത് അഭിഷിക്തർക്ക് അമൂല്യമായ സ്വർഗീയ കിരീടവും അവരുടെ വിശ്വസ്ത സഹകാരികൾക്ക് ഭൂമിയിലെ നിത്യജീവനും ലഭിക്കുന്നതിന് ഇടയാക്കും.
15. ‘ദൈവത്തിന്റെ ആലയത്തിൽ തൂണുകൾ’ ആയിത്തീരുന്നവർക്ക് ആവശ്യമായിരിക്കുന്നത് എന്ത്?
15 ക്രിസ്തു ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: ‘ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും. എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കൽനിന്നു, സ്വർഗ്ഗത്തിൽനിന്നു തന്നേ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെ മേൽ എഴുതും.’ അഭിഷിക്ത മേൽവിചാരകന്മാർ സത്യാരാധനയെ ഉയർത്തിപ്പിടിക്കണം. ദൈവരാജ്യത്തെ കുറിച്ചു പ്രസംഗിച്ചുകൊണ്ടും ആത്മീയമായി ശുദ്ധിയുള്ളവരായിരുന്നുകൊണ്ടും അവർ “പുതിയ യെരൂശലേ”മിലെ അംഗങ്ങളെന്ന നിലയിൽ യോഗ്യരായി തുടരണം. മഹത്ത്വീകരിക്കപ്പെട്ട സ്വർഗീയ ആലയത്തിലെ തൂണുകളാകാനും സ്വർഗീയ പൗരന്മാരെന്ന നിലയിൽ ദൈവത്തിന്റെ നഗരത്തിന്റെ പേർ വഹിക്കാനും ക്രിസ്തുവിന്റെ മണവാട്ടിയെന്ന നിലയിൽ അവന്റെ പേരിന് പങ്കാളികളാകാനും ആഗ്രഹിക്കുന്നെങ്കിൽ അവർ അപ്രകാരം ചെയ്യേണ്ടത് ആവശ്യമാണ്. ‘ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു കേൾക്കാനുള്ള’ ചെവിയും അവർക്ക് ഉണ്ടായിരിക്കണം.
ലവൊദിക്യയിലെ ദൂതന്
16. ലവൊദിക്യയെ കുറിച്ചുള്ള ചില വസ്തുതകൾ ഏവ?
16 ലവൊദിക്യയിലെ ഉദാസീനമായ സഭയെ ക്രിസ്തു ശാസിച്ചു. (വെളിപ്പാടു 3:14-22 വായിക്കുക.) എഫെസൊസിന് ഏതാണ്ട് 150 കിലോമീറ്റർ കിഴക്കായി, ല്യെക്കുസ് നദിയുടെ ഫലഭൂയിഷ്ഠമായ താഴ്വരയിലെ, പ്രമുഖ വാണിജ്യപാതകൾ സംഗമിക്കുന്നിടത്ത് സ്ഥിതിചെയ്തിരുന്ന ലവൊദിക്യ സമ്പദ്സമൃദ്ധമായ ഒരു ഉത്പാദന നഗരവും പണമിടപാടു കേന്ദ്രവുമായിരുന്നു. ഈ പ്രദേശത്തെ കറുത്ത കമ്പിളിരോമംകൊണ്ട് ഉണ്ടാക്കിയ വസ്ത്രങ്ങൾ പേരുകേട്ടവയായിരുന്നു. പ്രശസ്തമായ ഒരു വൈദ്യശാസ്ത്ര സ്കൂൾ സ്ഥിതി ചെയ്തിരുന്ന ലവൊദിക്യ സാധ്യതയനുസരിച്ച്, ഫ്രൈജിയൻ ചൂർണം എന്ന ഒരു നേത്രൗഷധം ഉത്പാദിപ്പിച്ചിരുന്നു. ആ നഗരത്തിലെ ഒരു മുഖ്യദേവൻ ഔഷധങ്ങളുടെ ദേവനായ അസ്ക്ലിപയസ് ആയിരുന്നു. ലവൊദിക്യയിൽ ധാരാളം യഹൂദന്മാർ ഉണ്ടായിരുന്നതായും അവരിൽ ചിലർ ധനികരായിരുന്നതായും തെളിവുകൾ സൂചിപ്പിക്കുന്നു.
17. ലവൊദിക്യർക്ക് ശാസന ലഭിച്ചത് എന്തുകൊണ്ട്?
17 ലവൊദിക്യസഭയെ അതിന്റെ “ദൂത”നിലൂടെ അഭിസംബോധന ചെയ്തുകൊണ്ട് ‘വിശ്വസ്തനും സത്യവാനുമായ സാക്ഷിയും ദൈവസൃഷ്ടിയുടെ ആരംഭവും’ എന്നനിലയിൽ യേശു ആധികാരികമായി അതിനോടു സംസാരിക്കുന്നു. (കൊലൊസ്സ്യർ 1:13-16) ആത്മീയമായി, ‘ഉഷ്ണവാനുമല്ല ശീതവാനുമല്ല’ എന്നതിനാൽ ലവൊദിക്യർ ശാസിക്കപ്പെട്ടു. അവർ ശീതോഷ്ണവാന്മാർ ആയതുകൊണ്ട് യേശു അവരെ തന്റെ വായിൽനിന്ന് ഉമിണ്ണുകളയാൻ പോകുകയായിരുന്നു. ആ വർണന ഗ്രഹിക്കാൻ അവർക്കു ബുദ്ധിമുട്ട് ഇല്ലായിരുന്നു. സമീപത്തുള്ള ഹിയരപൊലിയിൽ ഉഷ്ണനീരുറവകളും കൊലൊസ്സ്യയിൽ തണുത്ത ജലവും ഉണ്ടായിരുന്നു. അത്രയും അകലെനിന്ന് വെള്ളം കുഴലുകളിലൂടെ കൊണ്ടുവരേണ്ടിയിരുന്നതിനാൽ നഗരത്തിൽ എത്തുമ്പോഴേക്കും അത് ശീതോഷ്ണജലം ആയിത്തീരുമായിരുന്നു. നഗരത്തിന്റെ കുറെ ഭാഗത്ത് വലിയൊരു പാത്തിയിലൂടെ ആയിരുന്നു വെള്ളം ഒഴുകിയിരുന്നത്. ലവൊദിക്യയോട് അടുത്തായി, ദ്വാരമിട്ട വലിയ കല്ലുകൾ കുമ്മായക്കൂട്ടുകൊണ്ട് യോജിപ്പിച്ചുണ്ടാക്കിയ തുരങ്കത്തിലൂടെയും.
18, 19. ലവൊദിക്യരെ പോലുള്ള ആധുനികകാല ക്രിസ്ത്യാനികളെ എങ്ങനെ സഹായിക്കാം?
18 ഇക്കാലത്ത് ലവൊദിക്യരെ പോലുള്ളവർ, മറ്റുള്ളവർക്കു പ്രോത്സാഹനം നൽകത്തക്കവിധം ചൂടുള്ളവരോ നവോന്മേഷം നൽകത്തക്കവിധം കുളിർമയുള്ളവരോ അല്ല. ശീതോഷ്ണ ജലം പോലെ യേശു അവരെ തുപ്പിക്കളയും! “ക്രിസ്തുവിന്നു വേണ്ടി”യുള്ള അഭിഷിക്ത “സ്ഥാനാപതി”കൾ എന്ന നിലയിൽ അവർ തന്റെ വക്താക്കളായിരിക്കാൻ അവൻ ആഗ്രഹിക്കുന്നില്ല. (2 കൊരിന്ത്യർ 5:20) അനുതപിക്കാത്തപക്ഷം രാജ്യഘോഷകർ എന്ന നിലയിലുള്ള പദവി അവർക്കു നഷ്ടമാകും. ഭൗതിക സമ്പത്തു തേടിപ്പോയ ലവൊദിക്യർ തങ്ങൾ ‘നിർഭാഗ്യരും അരിഷ്ടരും ദരിദ്രരും കുരുടരും നഗ്നരും ആണെന്ന് അറിഞ്ഞില്ല.’ ഇക്കാലത്ത് അവരെപ്പോലെ ആയിരിക്കുന്ന ഏതൊരു വ്യക്തിയും തന്റെ ആത്മീയ ദാരിദ്ര്യവും അന്ധതയും നഗ്നതയും മാറിക്കിട്ടാനായി ക്രിസ്തുവിന്റെ പക്കൽനിന്ന്, പരിശോധിക്കപ്പെട്ട വിശ്വാസമാകുന്ന “തീയിൽ ഊതിക്കഴിച്ചപൊന്നും” നീതിയുടെ “വെള്ളയുടുപ്പും” ആത്മീയ കാഴ്ചശക്തിയെ മെച്ചപ്പെടുത്തുന്ന “ലേപവും” വിലയ്ക്കുവാങ്ങേണ്ടതുണ്ട്. തങ്ങളുടെ ‘ആത്മീയ ആവശ്യം സംബന്ധിച്ച് ബോധവാന്മാർ ആയി’ “വിശ്വാസത്തിൽ സമ്പന്ന”രാകേണ്ടതിന് അവരെ സഹായിക്കാൻ ക്രിസ്തീയ മേൽവിചാരകന്മാർക്കു സന്തോഷമേയുള്ളൂ. (യാക്കോബ് 2:5; മത്തായി 5:3, NW) കൂടാതെ, ആത്മീയ ‘ലേപം’ പുരട്ടാൻ, അതായത് യേശുവിന്റെ പഠിപ്പിക്കലും ബുദ്ധിയുപദേശവും മാതൃകയും മാനസികഭാവവും സ്വീകരിച്ച് അതിനോട് അനുരൂപരാകാൻ, മേൽവിചാരകന്മാർ അവരെ സഹായിക്കേണ്ടതുണ്ട്. “ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം” എന്നിവയ്ക്കെതിരെയുള്ള ഒരു പ്രതിവിധിയാണ് അത്.—1 യോഹന്നാൻ 2:15-17.
19 താൻ പ്രിയപ്പെടുന്ന എല്ലാവരെയും യേശു ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു. അവന്റെ കീഴിൽ പ്രവർത്തിക്കുന്ന മൂപ്പന്മാരും ആർദ്രതയോടെ അതുതന്നെ ചെയ്യണം. (പ്രവൃത്തികൾ 20:28, 29) ലവൊദിക്യർ തങ്ങളുടെ ചിന്തയിലും ജീവിതരീതിയിലും മാറ്റങ്ങൾ വരുത്തിക്കൊണ്ട് ‘ജാഗ്രതയുള്ളവരായിരിക്കുകയും മാനസാന്തരപ്പെടുകയും’ ചെയ്യണമായിരുന്നു. ദൈവത്തിനുള്ള നമ്മുടെ വിശുദ്ധ സേവനത്തെ തഴയുന്ന ഒരു ജീവിത രീതിയുമായി നമ്മിൽ ചിലർ ഇഴുകിച്ചേർന്നിരിക്കുന്നുവോ? എങ്കിൽ, തീക്ഷ്ണതയോടെ രാജ്യം ഒന്നാമത് അന്വേഷിക്കേണ്ടതിന്റെ പ്രാധാന്യം കാണാനായി നമുക്കു ‘യേശുവിൽനിന്ന് ലേപം വിലയ്ക്കു വാങ്ങാം.’—മത്തായി 6:33.
20, 21. യേശു വാതിലിൽ ‘മുട്ടുമ്പോൾ’ ഇന്ന് ഉചിതമായി അതിനോട് പ്രതികരിക്കുന്നത് ആരാണ്, അവരുടെ പ്രതീക്ഷകളെന്ത്?
20 യേശു പറയുന്നു: “ഞാൻ വാതില്ക്കൽ നിന്നുമുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടുവാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്നു അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും.” വിരുന്നുകളിൽ സംബന്ധിച്ച മിക്ക സമയത്തും യേശു ആത്മീയ പ്രബോധനം നൽകിയിരുന്നു. (ലൂക്കൊസ് 5:29-39; 7:36-50; 14:1-24) ഇപ്പോൾ അവൻ ലവൊദിക്യയെപോലുള്ള സഭകളുടെ വാതിലിൽ മുട്ടുകയാണ്. അതിലെ അംഗങ്ങൾ അതിനോട് പ്രതികരിച്ച്, അവനോടുള്ള പ്രിയം പുതുക്കി, അവനെ തങ്ങളുടെ മധ്യത്തിലേക്കു ക്ഷണിച്ച് തങ്ങളെ പഠിപ്പിക്കാൻ അവനെ അനുവദിക്കുമോ? അങ്ങനെ ചെയ്താൽ, ക്രിസ്തു അവരോടൊപ്പം ഭക്ഷണത്തിന് ഇരിക്കുകയും അവർക്ക് വലിയ ആത്മീയ പ്രയോജനങ്ങൾ ലഭിക്കുകയും ചെയ്യും.
21 ഇക്കാലത്തെ വേറെ ആടുകൾ യേശുവിനെ പ്രതീകാത്മകമായി അകത്തേക്ക് ക്ഷണിക്കുന്നു. അത്തരം പ്രവൃത്തി നിത്യജീവനിലേക്ക് നയിക്കുന്നു. (യോഹന്നാൻ 10:16; മത്തായി 25:34-40, 46) ജയിക്കുന്ന ഓരോ അഭിഷിക്തർക്കും യേശു തന്നോടുകൂടെ “സിംഹാസനത്തിൽ ഇരിപ്പാ”നുള്ള പദവി നൽകും, ‘അവനും ജയിച്ചു തന്റെ പിതാവിനോടുകൂടെ സിംഹാസനത്തിൽ ഇരുന്നതുപോലെ തന്നേ.’ അതേ, അഭിഷിക്ത ജേതാക്കൾക്ക് യേശു മഹത്തായ ഒരു പ്രതിഫലം—സ്വർഗത്തിൽ തന്റെ പിതാവിന്റെ വലതുഭാഗത്ത് തന്നോടൊത്തുള്ള സിംഹാസനം—വാഗ്ദാനം ചെയ്യുന്നു. വിജയശ്രീലാളിതരാകുന്ന വേറെ ആടുകളാകട്ടെ, രാജ്യഭരണത്തിൻ കീഴിലെ അത്ഭുതകരമായ അനുഗ്രഹങ്ങൾക്കായി പ്രതീക്ഷയോടെ നോക്കിയിരിക്കുകയാണ്.
നമുക്കുള്ള പാഠം
22, 23. (എ) ഏഴു സഭകൾക്കുള്ള യേശുവിന്റെ വാക്കുകളിൽനിന്ന് എല്ലാ ക്രിസ്ത്യാനികൾക്കും പ്രയോജനം നേടാൻ സാധിക്കുന്നത് എങ്ങനെ? (ബി) എന്തു ചെയ്യാൻ നാം ദൃഢചിത്തരായിരിക്കണം?
22 ഏഷ്യാമൈനറിലെ ഏഴു സഭകൾക്കുള്ള യേശുവിന്റെ വാക്കുകളിൽനിന്ന് സകല ക്രിസ്ത്യാനികൾക്കും അനേകം പ്രയോജനങ്ങൾ നേടാൻ കഴിയുമെന്നതിൽ സംശയമില്ല. ഉദാഹരണത്തിന്, ക്രിസ്തു ഉചിതമായ അഭിനന്ദനം അറിയിച്ചതുപോലെ, സ്നേഹസമ്പന്നരായ ക്രിസ്തീയ മൂപ്പന്മാർ ആത്മീയമായി നല്ല അവസ്ഥയിലായിരിക്കുന്ന വ്യക്തികളെയും സഭകളെയും അഭിനന്ദിക്കാൻ പ്രേരിതരാകുന്നു. ദൗർബല്യം ഉള്ളിടത്ത് തിരുവെഴുത്തുപരമായ പ്രതിവിധികളിൽനിന്നു പ്രയോജനം നേടാൻ മൂപ്പന്മാർ സഹവിശ്വാസികളെ സഹായിക്കുന്നു. ഏഴു സഭകൾക്ക് യേശു നൽകിയ ബുദ്ധിയുപദേശം നാം താമസംവിനാ പ്രാർഥനാപൂർവം പിൻപറ്റുന്നെങ്കിൽ അതിന്റെ വിവിധ വശങ്ങളിൽനിന്ന് നമുക്കേവർക്കും തുടർന്നും പ്രയോജനം നേടാൻ കഴിയും.a
23 ഉദാസീനരാകാനോ ഭൗതികവസ്തുക്കൾ വാരിക്കൂട്ടാനോ നമ്മുടെ ദൈവസേവനത്തെ നാമമാത്രമാക്കുന്ന എന്തിലെങ്കിലും മുഴുകാനോ ഉള്ള സമയമല്ല ഈ അന്ത്യകാലം. അതുകൊണ്ട്, യേശു അതതിന്റെ സ്ഥാനത്ത് ആക്കിവെച്ചിരിക്കുന്ന നിലവിളക്കുകൾ എന്നനിലയിൽ എല്ലാ സഭകളും ഉജ്ജ്വലമായി ശോഭിച്ചുകൊണ്ടിരിക്കട്ടെ. ക്രിസ്തു സംസാരിക്കുമ്പോൾ ശ്രദ്ധിക്കാനും ആത്മാവ് പറയുന്നതിന് ചെവികൊടുക്കാനും വിശ്വസ്ത ക്രിസ്ത്യാനികൾ എന്ന നിലയിൽ നമുക്ക് എല്ലായ്പോഴും ദൃഢചിത്തരായിരിക്കാം. അപ്പോൾ, യഹോവയ്ക്കു മഹത്ത്വം കരേറ്റുന്ന പ്രകാശവാഹകർ എന്നനിലയിൽ നമുക്ക് നിത്യസന്തോഷം ലഭിക്കും.
[അടിക്കുറിപ്പ്]
a യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച വെളിപ്പാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകത്തിന്റെ 7-13 വരെയുള്ള അധ്യായങ്ങളിലും വെളിപ്പാടു 2:1–3:22 ചർച്ച ചെയ്യുന്നുണ്ട്.
നിങ്ങൾ എങ്ങനെ പ്രതികരിക്കും?
• “ഈസബേൽ എന്ന സ്ത്രീ” ആരായിരുന്നു, ദൈവഭക്തരായ സ്ത്രീകൾ അവളെ അനുകരിക്കാത്തത് എന്തുകൊണ്ട്?
• സർദ്ദിസ് സഭയിൽ ഏതു സ്ഥിതിവിശേഷം നിലനിന്നിരുന്നു, അവിടത്തെ അനേകം ക്രിസ്ത്യാനികളെ പോലെ ആകാതിരിക്കാൻ നമുക്ക് എന്തു ചെയ്യാനാകും?
• ഫിലദെൽഫ്യ സഭയ്ക്ക് യേശു ഏതു വാഗ്ദാനങ്ങൾ നൽകി, അവ ഇക്കാലത്ത് ബാധമാകുന്നത് എങ്ങനെ?
• ലവൊദിക്യർക്ക് ശാസന ലഭിച്ചത് എന്തുകൊണ്ട്, എന്നാൽ തീക്ഷ്ണരായ ക്രിസ്ത്യാനികൾക്കു മുമ്പാകെ എന്തു പ്രതീക്ഷകളുണ്ട്?
[16 -ാം പേജിലെ ചിത്രം]
“ഈസബേൽ എന്ന സ്ത്രീ”യുടെ ദുഷ്ടമാർഗങ്ങളെ നാം ഒഴിവാക്കണം
[18 -ാം പേജിലെ ചിത്രം]
രാജ്യപദവികളിലേക്കുള്ള “ഒരു വലിയ വാതിൽ” യേശു തന്റെ ശിഷ്യന്മാരുടെ മുമ്പാകെ തുറന്നിട്ടിരിക്കുന്നു
[20 -ാം പേജിലെ ചിത്രങ്ങൾ]
നിങ്ങൾ യേശുവിനെ സ്വാഗതം ചെയ്യുകയും അവനെ ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ടോ?