അധ്യായം 14
യഹോവയുടെ സ്വർഗീയ സിംഹാസനത്തിന്റെ ശോഭ
ദർശനം 2—വെളിപ്പാടു 4:1–5:14
വിഷയം: ദൈവത്തിന്റെ ന്യായാസനത്തിൻ മുമ്പാകെ ഭയോദ്ദീപകമായ സംഭവങ്ങൾ
നിവൃത്തിയുടെ കാലം: ഈ ദർശനം 1914 മുതൽ ആയിരം വർഷത്തിന്റെ അവസാനംവരെയും അതിനപ്പുറത്തും, സ്വർഗത്തിലും ഭൂമിയിലുമുളള സകല സൃഷ്ടിയും യഹോവയെ സ്തുതിക്കുന്നതുവരെ നടക്കുന്ന സംഭവങ്ങളെ വിശേഷവൽക്കരിക്കുന്നു.—വെളിപ്പാടു 5:13
1. നമുക്കു യോഹന്നാൻ പങ്കുവെക്കുന്ന ദർശനങ്ങളിൽ നാം അതീവ തത്പരരായിരിക്കേണ്ടതെന്തുകൊണ്ട്?
യോഹന്നാൻ ഹൃദയോദ്ദീപകമായ കൂടുതൽ ദർശനങ്ങൾ നമുക്കു പങ്കുവെക്കാൻ തുടങ്ങുന്നു. നിശ്വസ്തതയിൽ അവൻ ഇപ്പോഴും കർത്താവിന്റെ ദിവസത്തിലാണ്. അതുകൊണ്ട് അവൻ വർണിക്കുന്ന കാര്യങ്ങൾക്ക് യഥാർഥത്തിൽ ആ ദിവസത്തിൽ ജീവിക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം ആഴമേറിയ അർഥമുണ്ട്. ഈ ദർശനങ്ങൾ മുഖാന്തരം യഹോവ സ്വർഗീയ യാഥാർഥ്യങ്ങളുടെമേലുളള അദൃശ്യതയുടെ മറനീക്കുകയും ഭൂമിയിൽ നിർവഹിക്കപ്പെടേണ്ട ന്യായവിധികളെക്കുറിച്ചുളള തന്റെ സ്വന്തം വീക്ഷണം നമുക്കു നൽകുകയും ചെയ്യുന്നു. കൂടുതലായി, നമുക്കുളളതു സ്വർഗീയ പ്രത്യാശയാണെങ്കിലും ഭൗമിക പ്രത്യാശയാണെങ്കിലും യഹോവയുടെ ഉദ്ദേശ്യത്തിൽ നമ്മുടെ സ്ഥാനം മനസ്സിലാക്കാൻ ഈ വെളിപ്പെടുത്തലുകൾ നമ്മെ സഹായിക്കുന്നു. അതുകൊണ്ട് യോഹന്നാന്റെ ഈ വാക്കുകളിൽ നാമെല്ലാം തുടർന്നും അതിയായി താത്പര്യമുളളവരായിരിക്കണം: “ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേൾപ്പിക്കുന്നവനും കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാൻമാർ.”—വെളിപ്പാടു 1:3.
2. യോഹന്നാന് ഇപ്പോൾ എന്തനുഭവം ഉണ്ടാകുന്നു?
2 യോഹന്നാൻ അടുത്തതായി കാണുന്നത്, വീഡിയോയിലൂടെ ഇരുപതാം നൂററാണ്ടിലെ മനുഷ്യനെ കാണിക്കുന്ന എന്തിനേയും വെല്ലുന്നതാണ്! അദ്ദേഹം എഴുതുന്നു: “അനന്തരം സ്വർഗ്ഗത്തിൽ ഒരു വാതിൽ തുറന്നിരിക്കുന്നതു ഞാൻ കണ്ടു: കാഹളനാദംപോലെ എന്നോടു സംസാരിച്ചു കേട്ട ആദ്യത്തെ ശബ്ദം എന്നോടു: ഇവിടെ കയറിവരിക; മേലാൽ സംഭവിപ്പാനുളളതു ഞാൻ നിനക്കു കാണിച്ചുതരാം എന്നു കല്പിച്ചു.” (വെളിപ്പാടു 4:1) ദർശനത്തിൽ യോഹന്നാൻ ആധുനിക ശൂന്യാകാശസഞ്ചാരികൾ പര്യവേക്ഷണം നടത്തിയിട്ടുളള ഭൗതിക ബഹിരാകാശത്തെക്കാൾ, ഭൗതിക പ്രപഞ്ചത്തിലെ താരാപംക്തികളെക്കാൾപോലും വളരെ ഉയർന്നിരിക്കുന്ന യഹോവയുടെ സാന്നിധ്യമുളള അദൃശ്യ സ്വർഗങ്ങളുടെ ഉളളിലേക്കു കടന്നുചെല്ലുന്നു. ഒരു തുറന്ന വാതിലിലൂടെ പ്രവേശിച്ചാലെന്നപോലെ, യഹോവതന്നെ സിംഹാസനസ്ഥനായിരിക്കുന്ന ആത്യന്തിക ആത്മസ്വർഗങ്ങളുടെ ഞെട്ടിക്കുന്ന വിശാലദൃശ്യംകൊണ്ടു തന്റെ കണ്ണുകളെ വിരുന്നൂട്ടാൻ യോഹന്നാൻ ക്ഷണിക്കപ്പെടുന്നു. (സങ്കീർത്തനം 11:4; യെശയ്യാവു 66:1) എന്തോരു പദവി!
3. “കാഹളനാദംപോലെ”യുളള ശബ്ദം ഓർമപ്പെടുത്തുന്നത് എന്ത്, നിസ്സംശയമായും ആരാണ് അതിന്റെ ഉറവ്?
3 ഈ “ആദ്യത്തെ ശബ്ദ”ത്തെ ബൈബിൾ തിരിച്ചറിയിക്കുന്നില്ല. മുമ്പു കേട്ട യേശുവിന്റെ ശക്തമായ ശബ്ദംപോലെ ഇതിന് ഒരു കാഹളസമാന ആജ്ഞാധ്വനിയുണ്ട്. (വെളിപ്പാടു 1:10, 11) ഇതു സീനായ്മലയിൽ യഹോവയുടെ സാന്നിധ്യത്തെ വിളിച്ചറിയിച്ച തുളച്ചുകയറുന്ന കാഹളധ്വനിയെ നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു. (പുറപ്പാടു 19:18-20) നിസ്സംശയമായും, വരാനുളള ഉത്തരവുകളുടെ തേജോമയമായ ഉറവിടം യഹോവയാണ്. (വെളിപ്പാടു 1:1) യഹോവയുടെ വിശാലമായ മുഴു പരമാധികാരമണ്ഡലത്തിലെയും അതിവിശുദ്ധ സ്ഥാനത്തേക്ക് യോഹന്നാനു ദർശനത്തിൽ പ്രവേശിക്കാൻ കഴിയേണ്ടതിന് അവൻ വാതിൽ തുറന്നുകൊടുത്തിരിക്കുന്നു.
യഹോവയുടെ തേജോമയമായ സന്നിധാനം
4. യോഹന്നാന്റെ ദർശനത്തിന് അഭിഷിക്ത ക്രിസ്ത്യാനികൾക്ക് എന്തർഥമുണ്ട്? (ബി) ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശിക്കുന്നവർക്ക് ഈ ദർശനത്തിന് എന്തർഥമുണ്ട്?
4 യോഹന്നാൻ എന്തു കാണുന്നു? അവൻ തന്റെ മഹത്തായ അനുഭവം നമുക്കു പങ്കുവെക്കുമ്പോൾ ശ്രദ്ധിക്കുക: “ഉടനെ ഞാൻ ആത്മവിവശനായി സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതും കണ്ടു.” (വെളിപ്പാടു 4:2) ക്ഷണത്തിൽ, ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തിയാൽ യോഹന്നാൻ ദൈവത്തിന്റെ സിംഹാസനത്തിങ്കലേക്ക് ആത്മീയമായി മാററപ്പെടുന്നു. യോഹന്നാന് എത്ര പുളകപ്രദം! ഇവിടെ ആ സ്വർഗങ്ങളുടെ ഉജ്ജ്വലമായ ഒരു പൂർവവീക്ഷണം അദ്ദേഹത്തിനു നൽകപ്പെടുന്നു, അവിടെ അവനും മററ് അഭിഷിക്ത ക്രിസ്ത്യാനികൾക്കും വേണ്ടി ‘ക്ഷയം, മാലിന്യം, വാട്ടം, എന്നിവ ഇല്ലാത്തതുമായ അവകാശം’ കരുതിവെച്ചിട്ടുണ്ട്. (1 പത്രൊസ് 1:3-5; ഫിലിപ്പിയർ 3:20) ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശിക്കുന്നവർക്കും യോഹന്നാന്റെ ദർശനത്തിന് അഗാധമായ അർഥമുണ്ട്. യഹോവയുടെ സാന്നിധ്യത്തിന്റെ മഹത്ത്വവും ജനതകളെ ന്യായംവിധിക്കുന്നതിനും പിന്നീടു ഭൂമിയിലെ മനുഷ്യരെ ഭരിക്കുന്നതിനും യഹോവ ഉപയോഗിക്കുന്ന സ്വർഗീയ ഭരണസംവിധാനവും ഗ്രഹിക്കാൻ അത് അവരെ സഹായിക്കുന്നു. യഹോവ വാസ്തവത്തിൽ അത്യുൽകൃഷ്ടമായ സംഘാടനത്തിന്റെ ദൈവമാകുന്നു!
5. നിയമപെട്ടകത്തിന്റെ മൂടിയാൽ പ്രതീകവൽക്കരിക്കപ്പെട്ട ഏതു യാഥാർഥ്യം യോഹന്നാൻ കാണുന്നു?
5 യോഹന്നാൻ അവിടെ സ്വർഗത്തിൽ നിരീക്ഷിക്കുന്നതിലധികവും മരുഭൂമിയിലെ സമാഗമനകൂടാരത്തിന്റെ സവിശേഷതകളോടു സദൃശമാണ്. ഏതാണ്ട് 1,600 വർഷം മുമ്പ് ഇസ്രായേല്യർക്കുവേണ്ടി സത്യാരാധനയുടെ ഒരു മന്ദിരമായി അതു നിർമിക്കപ്പെട്ടു. ആ സമാഗമനകൂടാരത്തിന്റെ അതിവിശുദ്ധത്തിലായിരുന്നു നിയമപെട്ടകം, ആ പെട്ടകത്തിന്റെ കട്ടിയുളള സ്വർണമൂടിക്കു മുകളിൽ നിന്നായിരുന്നു യഹോവ സംസാരിച്ചത്. (പുറപ്പാടു 25:17-22; എബ്രായർ 9:5) അതുകൊണ്ട്, പെട്ടകത്തിന്റെ മൂടി യഹോവയുടെ സിംഹാസനത്തിന്റെ ഒരു പ്രതീകമായി സേവിച്ചു. യോഹന്നാൻ ഇപ്പോൾ ആ പ്രതീകാത്മക പ്രതിനിധാനത്തിന്റെ യാഥാർഥ്യം കാണുന്നു: പരമാധികാര കർത്താവായ യഹോവതന്നെ തന്റെ ഉയർന്ന സ്വർഗീയ സിംഹാസനത്തിൽ പരമമായ പ്രതാപത്തോടെ ഇരിക്കുന്നതുതന്നെ!
6. യഹോവയെക്കുറിച്ച് ഏതു ധാരണ യോഹന്നാൻ നമുക്കു നൽകുന്നു, ഇത് അനുയോജ്യമായിരിക്കുന്നത് എന്തുകൊണ്ട്?
6 യഹോവയുടെ സിംഹാസനത്തിന്റെ ദർശനങ്ങൾ ലഭിച്ച മുൻകാല പ്രവാചകൻമാരിൽ നിന്നു വിഭിന്നമായി, യോഹന്നാൻ അതിലിരിക്കുന്ന പരിശുദ്ധനെ വിശദമായി വർണിക്കുന്നില്ല. (യെഹെസ്കേൽ 1:26, 27; ദാനീയേൽ 7:9, 10) എങ്കിലും യോഹന്നാൻ സിംഹാസനത്തിൽ ഇരിക്കുന്നവനെക്കുറിച്ചുളള തന്റെ ധാരണ ഈ വാക്കുകളിൽ നമുക്കു നൽകുന്നു: “ഇരിക്കുന്നവൻ കാഴ്ചെക്കു സൂര്യകാന്തത്തോടും പത്മരാഗത്തോടും സദൃശൻ; സിംഹാസനത്തിന്റെ ചുററും കാഴ്ചെക്കു മരതകത്തോടു സദൃശമായോരു പച്ചവില്ലു”. (വെളിപ്പാടു 4:3) അനുപമമായ എന്തൊരു ശോഭ! തിളങ്ങി പ്രകാശം സ്ഫുരിക്കുന്ന രത്നക്കല്ലുകൾപോലെ തെളിഞ്ഞ, പ്രഭപരത്തുന്ന ഒരു മനോഹാരിത യോഹന്നാൻ കാണുന്നു. യഹോവയെ സംബന്ധിച്ചു ‘വെളിച്ചങ്ങളുടെ പിതാവ്’ എന്നുളള ശിഷ്യനായ യാക്കോബിന്റെ വർണനയോട് ഇത് എത്ര നന്നായി യോജിക്കുന്നു! (യാക്കോബ് 1:17) വെളിപാട് എഴുതിയതിനു തൊട്ടുപിന്നാലെ യോഹന്നാൻതന്നെ ഇങ്ങനെ പ്രസ്താവിച്ചു: “ദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ടു ഒട്ടും ഇല്ല.” (1 യോഹന്നാൻ 1:5) യഹോവ യഥാർഥത്തിൽ എത്ര മഹനീയനായ ഒരു വ്യക്തിയാണ്!
7. യഹോവയുടെ സിംഹാസനത്തിനു ചുററും ഒരു മഴവില്ലുണ്ടെന്ന വസ്തുതയിൽനിന്നു നമുക്ക് എന്തു പഠിക്കാൻ കഴിയും?
7 സിംഹാസനത്തിനു ചുററും യോഹന്നാൻ മരതകപ്പച്ച നിറത്തിലുളള ഒരു മഴവില്ലു കാണുന്നുവെന്നതു ഗൗനിക്കുക. മഴവില്ല് എന്ന് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദം (ഐറിസ്) പൂർണമായ ഒരു വൃത്താകൃതിയെ സൂചിപ്പിക്കുന്നു. നോഹയുടെ നാളിനോടുളള ബന്ധത്തിലാണു ബൈബിളിൽ മഴവില്ലിനെക്കുറിച്ച് ആദ്യം പറഞ്ഞിരിക്കുന്നത്. പ്രളയജലം ഇറങ്ങിയതിനു ശേഷം മേഘത്തിൽ ഒരു മഴവില്ലു പ്രത്യക്ഷപ്പെടാൻ യഹോവ ഇടയാക്കി. അത് എന്തിനെ പ്രതീകപ്പെടുത്തിയെന്ന് അവൻ ഈ വാക്കുകളിൽ വിശദീകരിക്കുകയും ചെയ്തു: “ഞാൻ എന്റെ വില്ലു മേഘത്തിൽ വെക്കുന്നു; അതു ഞാനും ഭൂമിയും തമ്മിലുളള നിയമത്തിന്നു അടയാളമായിരിക്കും. അപ്പോൾ ഞാനും നിങ്ങളും സർവ്വജഡവുമായ സകലജീവജന്തുക്കളും തമ്മിലുളള എന്റെ നിയമം ഞാൻ ഓർക്കും; ഇനി സകല ജഡത്തെയും നശിപ്പിപ്പാൻ വെളളം ഒരു പ്രളയമായി തീരുകയുമില്ല.” (ഉല്പത്തി 9:13, 15) അപ്പോൾ സ്വർഗീയ ദർശനം യോഹന്നാന്റെ മനസ്സിലേക്ക് എന്തു കൊണ്ടുവരും? അവൻ കണ്ട മഴവില്ല്, യോഹന്നാൻവർഗം ഇന്ന് ആസ്വദിക്കുന്ന തരത്തിൽ യഹോവയുമായി ഒരു സമാധാനബന്ധത്തിന്റെ ആവശ്യം അവനെ അനുസ്മരിപ്പിച്ചിട്ടുണ്ടാകണം. അത് യഹോവയുടെ സാന്നിധ്യത്തിന്റെ പ്രശാന്തതയും സമാധാനവും അവന്റെ മനസ്സിൽ പതിപ്പിച്ചിരിക്കും, പുതിയഭൂമി സമുദായത്തിൽ മനുഷ്യവർഗത്തിൻമേൽ യഹോവ തന്റെ കൂടാരം വിരിക്കുമ്പോൾ അനുസരണമുളള എല്ലാ മനുഷ്യരിലേക്കും വ്യാപിക്കുന്ന ഒരു പ്രശാന്തത തന്നെ.—സങ്കീർത്തനം 119:165; ഫിലിപ്പിയർ 4:7; വെളിപ്പാടു 21:1-4.
ഇരുപത്തിനാലു മൂപ്പൻമാരെ തിരിച്ചറിയൽ
8. സിംഹാസനത്തിനു ചുററുപാടുമായി യോഹന്നാൻ ആരെ കാണുന്നു, ഇവർ ആരെ പ്രതിനിധാനം ചെയ്യുന്നു?
8 പുരാതന സമാഗമനകൂടാരത്തിൽ സേവിക്കാൻ പുരോഹിതൻമാരെ നിയമിച്ചിരുന്നതായി യോഹന്നാൻ അറിഞ്ഞിരുന്നു. അതുകൊണ്ട് താൻ അടുത്തതായി വർണിക്കുന്നതു കണ്ടപ്പോൾ അവൻ അതിശയിച്ചിരിക്കാം: “സിംഹാസനത്തിന്റെ ചുററിലും ഇരുപത്തുനാലു സിംഹാസനം; വെളളയുടുപ്പു ധരിച്ചുംകൊണ്ടു സിംഹാസനങ്ങളിൽ ഇരിക്കുന്ന ഇരുപത്തുനാലു മൂപ്പൻമാർ; അവരുടെ തലയിൽ പൊൻകിരീടം”. (വെളിപ്പാടു 4:4) അതെ, പുരോഹിതൻമാർക്കു പകരം രാജാക്കൻമാരെപ്പോലെ കിരീടംധരിച്ചു സിംഹാസനസ്ഥരായ ഇരുപത്തിനാലു മൂപ്പൻമാരുണ്ട്. ഈ മൂപ്പൻമാർ ആരാണ്? അവർ പുനരുത്ഥാനംപ്രാപിക്കുകയും യഹോവ അവർക്കു വാഗ്ദത്തം ചെയ്തിരുന്ന സ്വർഗീയസ്ഥാനത്ത് ഇരിക്കുകയും ചെയ്ത ക്രിസ്തീയ സഭയിലെ അഭിഷിക്തരല്ലാതെ മററാരുമല്ല. നാം അതെങ്ങനെ അറിയുന്നു?
9, 10. ഈ 24 മൂപ്പൻമാർ മഹത്ത്വീകരിക്കപ്പെട്ട സ്വർഗീയ സ്ഥാനത്തുളള അഭിഷിക്ത ക്രിസ്തീയ സഭയെ പ്രതിനിധാനം ചെയ്യുന്നുവെന്നു നാം എങ്ങനെ അറിയുന്നു?
9 ഒന്നാമതായി, അവർ കിരീടം ധരിച്ചിരിക്കുന്നു. അഭിഷിക്ത ക്രിസ്ത്യാനികൾ ഒരു ‘വാടാത്ത കിരീടം’ പ്രാപിക്കുന്നതായും അനന്ത ജീവൻ—അമർത്ത്യത— നേടുന്നതായും ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ 9:25; 15:53, 54) എന്നാൽ ഈ 24 മൂപ്പൻമാർ സിംഹാസനങ്ങളിൽ ഇരിക്കുന്നതിനാൽ ഈ സന്ദർഭത്തിൽ പൊൻകിരീടങ്ങൾ രാജകീയ അധികാരത്തെ പ്രതിനിധാനം ചെയ്യുന്നു. (താരതമ്യം ചെയ്യുക: വെളിപ്പാടു 6:2; 14:14.) ഇത്, 24 മൂപ്പൻമാർ തങ്ങളുടെ സ്വർഗീയ സ്ഥാനത്തിരിക്കുന്ന യേശുവിന്റെ അഭിഷിക്ത പാദാനുഗാമികളെ ചിത്രീകരിക്കുന്നു എന്ന നിഗമനത്തെ പിന്താങ്ങുന്നു, എന്തെന്നാൽ തന്റെ രാജ്യത്തിൽ സിംഹാസനങ്ങളിൽ ഇരിക്കാൻ യേശു അവരോട് ഒരു ഉടമ്പടി ചെയ്തു. (ലൂക്കൊസ് 22:28-30) യേശുവും ഈ 24 മൂപ്പൻമാരും മാത്രം—ദൂതൻമാർ പോലുമില്ല—സ്വർഗത്തിൽ യഹോവയുടെ സന്നിധിയിൽ ഭരിക്കുന്നതായി വർണിക്കപ്പെട്ടിരിക്കുന്നു.
10 ഇത് യേശു ലവോദിക്യ സഭയ്ക്കു നൽകിയ വാഗ്ദത്തത്തോടു ചേർച്ചയിലാണ്: “ജയിക്കുന്നവന്നു ഞാൻ എന്നോടുകൂടെ എന്റെ സിംഹാസനത്തിൽ ഇരിപ്പാൻ വരം നല്കും.” (വെളിപ്പാടു 3:21) എന്നാൽ 24 മൂപ്പൻമാരുടെ സ്വർഗീയ നിയമനം ഭരണകാര്യത്തിൽ പരിമിതപ്പെട്ടിരിക്കുന്നില്ല. വെളിപാട് പുസ്തകത്തിന്റെ ആമുഖത്തിൽ യോഹന്നാൻ യേശുവിനെക്കുറിച്ച് ഇപ്രകാരം പറഞ്ഞു: “[അവൻ] തന്റെ പിതാവായ ദൈവത്തിന്നു നമ്മെ രാജ്യവും പുരോഹിതൻമാരും ആക്കി”. (വെളിപ്പാടു 1:5, 6) ഇവർ രാജാക്കൻമാരും പുരോഹിതൻമാരുമാണ്. “അവർ ദൈവത്തിന്നും ക്രിസ്തുവിന്നും പുരോഹിതൻമാരായി ക്രിസ്തുവിനോടുകൂടെ ആയിരം ആണ്ടു വാഴും.”—വെളിപ്പാടു 20:6.
11. മൂപ്പൻമാരുടെ എണ്ണം 24 ആയിരിക്കുന്നത് ഉചിതമായിരിക്കുന്നതെന്തുകൊണ്ട്, ആ സംഖ്യ എന്തിനെ അർഥമാക്കുന്നു?
11 സിംഹാസനത്തിനു ചുററും 24 മൂപ്പൻമാരെ യോഹന്നാൻ കാണുന്നതിൽ 24 എന്ന സംഖ്യയുടെ പ്രാധാന്യം എന്താണ്? പല കാര്യത്തിലും ഇവർ പുരാതന ഇസ്രായേലിലെ വിശ്വസ്ത പുരോഹിതൻമാരാൽ മുൻനിഴലാക്കപ്പെട്ടിരുന്നു. അപ്പോസ്തലനായ പത്രോസ് അഭിഷിക്ത ക്രിസ്ത്യാനികൾക്ക് ഇപ്രകാരം എഴുതി: “നിങ്ങളോ . . . തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.” (1 പത്രൊസ് 2:9) രസകരമെന്നുപറയട്ടെ, ആ പുരാതന യഹൂദ പുരോഹിതവർഗം 24 ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. വിശുദ്ധസേവനം മുടക്കംകൂടാതെ അർപ്പിക്കപ്പെടേണ്ടതിന് യഹോവയുടെ മുമ്പാകെ സേവിക്കാൻ ഓരോ വിഭാഗത്തിനും വർഷത്തിൽ അതിന്റേതായ വാരങ്ങൾ നിയമിക്കപ്പെട്ടിരുന്നു. (1 ദിനവൃത്താന്തം 24:5-19) അപ്പോൾ യോഹന്നാനുണ്ടായ സ്വർഗീയ പുരോഹിതവർഗത്തിന്റെ ദർശനത്തിൽ 24 മൂപ്പൻമാർ ചിത്രീകരിക്കപ്പെടുന്നത് ഉചിതമാണ്, എന്തുകൊണ്ടെന്നാൽ ഈ പുരോഹിതവർഗം മുടക്കംകൂടാതെ തുടർച്ചയായി യഹോവയെ സേവിക്കുന്നു. സ്വർഗീയ സീയോൻപർവതത്തിൽ കുഞ്ഞാടായ യേശുക്രിസ്തുവിനോടുകൂടെ നിൽക്കാൻ 1,44,000 (24 X 6,000) പേരെ “മനുഷ്യരുടെ ഇടയിൽനിന്നു വീണ്ടെടുത്തിരിക്കുന്നു” എന്നു വെളിപ്പാടു 14:1-4 നമ്മോടു പറയുന്നതിനാൽ, പൂർത്തീകരിക്കപ്പെടുമ്പോൾ ഓരോന്നിലും 6,000 ജേതാക്കൾ വീതമുളള 24 ഭാഗങ്ങൾ ഉണ്ടായിരിക്കും. പന്ത്രണ്ട് എന്ന സംഖ്യ ഒരു ദിവ്യസന്തുലിത സ്ഥാപനത്തെ അർഥമാക്കുന്നതുകൊണ്ട്, 24 അത്തരം ഒരു ക്രമീകരണത്തെ ഇരട്ടിപ്പിക്കുന്നു അഥവാ ബലിഷ്ഠമാക്കുന്നു.
മിന്നലുകളും നാദങ്ങളും ഇടിമുഴക്കങ്ങളും
12. യോഹന്നാൻ അടുത്തതായി എന്തു കാണുകയും കേൾക്കുകയും ചെയ്യുന്നു, “മിന്നലും നാദവും ഇടിമുഴക്കവും” എന്തനുസ്മരിപ്പിക്കുന്നു?
12 യോഹന്നാൻ അടുത്തതായി എന്തു കാണുകയും കേൾക്കുകയും ചെയ്യുന്നു? “സിംഹാസനത്തിൽനിന്നു മിന്നലും നാദവും ഇടിമുഴക്കവും പുറപ്പെടുന്നു”. (വെളിപ്പാടു 4:5എ) യഹോവയുടെ സ്വർഗീയശക്തിയുടെ മററു ഭയങ്കരമായ പ്രത്യക്ഷതകളെ എത്രയധികം അനുസ്മരിപ്പിക്കുന്നത്! ഉദാഹരണത്തിന്, യഹോവ സീനായ് പർവതത്തിൽ ‘ഇറങ്ങിവന്നപ്പോൾ’ മോശ ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “മൂന്നാം ദിവസം നേരം വെളുത്തപ്പോൾ ഇടിമുഴക്കവും മിന്നലും പർവ്വതത്തിൽ കാർമേഘവും മഹാഗംഭീരമായ കാഹളധ്വനിയും ഉണ്ടായി; . . . കാഹളധ്വനി ദീർഘമായി ഉറച്ചുറച്ചുവന്നപ്പോൾ മോശെ സംസാരിച്ചു; ദൈവം ഉച്ചത്തിൽ അവനോടു ഉത്തരം അരുളി.”—പുറപ്പാടു 19:16-19.
13. യഹോവയുടെ സിംഹാസനത്തിൽനിന്നു പുറപ്പെടുന്ന മിന്നലുകൾ എന്തിനെ ചിത്രീകരിക്കുന്നു?
13 കർത്താവിന്റെ ദിവസത്തിൽ യഹോവ തന്റെ ശക്തിയും സാന്നിധ്യവും ശ്രേഷ്ഠമായ ഒരു വിധത്തിൽ പ്രകടമാക്കുന്നു. അല്ല, അക്ഷരീയ മിന്നൽ മുഖേനയല്ല, കാരണം യോഹന്നാൻ കാണുന്നത് അടയാളങ്ങളാണ്. അപ്പോൾ മിന്നലുകൾ എന്തിനെ പ്രതിനിധാനം ചെയ്യുന്നു? കൊളളാം, മിന്നൽപ്പിണരുകൾക്ക് പ്രകാശം വർഷിക്കാൻ കഴിയും, എന്നാൽ അവയ്ക്ക് ഒരുവനെ കൊന്നിടാനും കഴിയും. അതുകൊണ്ട് യഹോവയുടെ സിംഹാസനത്തിൽനിന്നു പുറപ്പെടുന്ന ഈ മിന്നലുകൾ തന്റെ ജനത്തിനു തുടർച്ചയായി നൽകിയിട്ടുളള പ്രകാശനത്തിന്റെ സ്ഫുരണങ്ങളെ, അതിലും പ്രധാനമായി, അവന്റെ പൊളളുന്ന ന്യായവിധി ദൂതുകളെ നന്നായി ചിത്രീകരിക്കുന്നു.—താരതമ്യം ചെയ്യുക: സങ്കീർത്തനം 18:14; 144:5, 6; മത്തായി 4:14-17; 24:27.
14. നാദങ്ങൾ ഇന്ന് എങ്ങനെ മുഴങ്ങിയിരിക്കുന്നു?
14 നാദങ്ങൾ സംബന്ധിച്ചെന്ത്? യഹോവ സീനായ് പർവതത്തിൽ ഇറങ്ങിയ സമയത്ത് ഒരു ശബ്ദം മോശയോടു സംസാരിച്ചു. (പുറപ്പാടു 19:19) സ്വർഗത്തിൽനിന്നുളള നാദങ്ങൾ വെളിപാടു പുസ്തകത്തിലുളള പല ആജ്ഞകളും വിളംബരങ്ങളും പുറപ്പെടുവിച്ചു. (വെളിപ്പാടു 4:1; 10:4, 8; 11:12; 12:10; 14:13; 16:1, 17; 18:4; 19:5; 21:3) ബൈബിൾ പ്രവചനങ്ങളും തത്ത്വങ്ങളും സംബന്ധിച്ച അവരുടെ ഗ്രാഹ്യത്തെ പ്രകാശിപ്പിച്ചുകൊണ്ട് യഹോവ ഇന്നും തന്റെ ജനത്തിന് ആജ്ഞകളും വിളംബരങ്ങളും പുറപ്പെടുവിച്ചിരിക്കുന്നു. പ്രകാശനം നൽകുന്ന വിവരങ്ങൾ മിക്കപ്പോഴും സാർവദേശീയ കൺവെൻഷനുകളിൽ വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്, അത്തരം ബൈബിൾസത്യങ്ങൾ തുടർന്നു ലോകവ്യാപകമായി പ്രഘോഷിക്കുകയും ചെയ്തിരിക്കുന്നു. സുവാർത്തയുടെ വിശ്വസ്ത പ്രസംഗകരെ സംബന്ധിച്ച് അപ്പോസ്തലനായ പൗലോസ് പറഞ്ഞു: “‘അവരുടെ നാദം സർവ്വഭൂമിയിലും അവരുടെ വചനം ഭൂതലത്തിന്റെ അററത്തോളവും പരന്നു.’”—റോമർ 10:18.
15. കർത്താവിന്റെ ദിവസത്തിന്റെ ഈ ഭാഗത്തു സിംഹാസനത്തിൽനിന്ന് ഏത് ഇടിമുഴക്കങ്ങൾ പുറപ്പെട്ടിട്ടുണ്ട്?
15 സാധാരണ മിന്നലിനെ തുടർന്ന് ഇടിമുഴക്കം ഉണ്ടാകുന്നു. അക്ഷരാർഥ ഇടിമുഴക്കത്തെ “യഹോവയുടെ ശബ്ദം” എന്നു ദാവീദ് പരാമർശിച്ചു. (സങ്കീർത്തനം 29:3, 4) യഹോവ ദാവീദിനുവേണ്ടി അദ്ദേഹത്തിന്റെ ശത്രുക്കൾക്കെതിരെ പോരാടിയപ്പോൾ യഹോവയിൽനിന്ന് ഇടിമുഴക്കം വന്നതായി പറയപ്പെട്ടു. (2 ശമൂവേൽ 22:14; സങ്കീർത്തനം 18:13) യഹോവ “നമുക്കു ഗ്രഹിച്ചുകൂടാത്ത മഹാകാര്യങ്ങളെ” ചെയ്യുമ്പോൾ അവന്റെ ശബ്ദം ഇടിമുഴക്കം പോലെ മുഴങ്ങിയെന്ന് എലീഹു ഇയ്യോബിനോടു പറഞ്ഞു. (ഇയ്യോബ് 37:4, 5) കർത്താവിന്റെ ദിവസത്തിന്റെ ഈ ഭാഗത്ത്, തന്റെ ശത്രുക്കൾക്കെതിരെ താൻ ചെയ്യാനിരിക്കുന്ന മഹാപ്രവൃത്തികൾ സംബന്ധിച്ച് യഹോവ മുന്നറിയിപ്പു ‘മുഴക്കി’യിരിക്കുന്നു. ഈ പ്രതീകാത്മക ഇടിമുഴക്കങ്ങൾ ഭൂമിയിലുടനീളം പ്രതിധ്വനിക്കുകയും വീണ്ടും മാറെറാലിക്കൊളളുകയും ചെയ്തിരിക്കുന്നു. മേഘഗർജനംപോലുളള ഈ വിളമ്പരങ്ങൾക്കു നിങ്ങൾ ശ്രദ്ധ കൊടുക്കുകയും അവയുടെ ശബ്ദം കൂട്ടാൻ നിങ്ങളുടെ നാവിനെ ജ്ഞാനപൂർവം ഉപയോഗിക്കുകയും ചെയ്യുന്നെങ്കിൽ നിങ്ങൾ സന്തുഷ്ടരാകുന്നു!—യെശയ്യാവു 50:4, 5; 61:1, 2.
ദീപങ്ങളും ഒരു കണ്ണാടിക്കടലും
16. “ഏഴു ദീപങ്ങൾ” എന്തിനെ അർഥമാക്കുന്നു?
16 യോഹന്നാൻ കൂടുതലായി എന്തു കാണുന്നു? ഇതുതന്നെ: “ദൈവത്തിന്റെ ഏഴു ആത്മാക്കളായ ഏഴു ദീപങ്ങൾ സിംഹാസനത്തിന്റെ മുമ്പിൽ ജ്വലിച്ചുകൊണ്ടിരിക്കുന്നു; സിംഹാസനത്തിന്റെ മുമ്പിൽ പളുങ്കിന്നൊത്ത കണ്ണാടിക്കടൽ.” (വെളിപ്പാടു 4:5ബി, 6എ) ഏഴു ദീപങ്ങളുടെ പൊരുൾ യോഹന്നാൻതന്നെ നമ്മോടു പറയുന്നു, ഇവ “ദൈവത്തിന്റെ ഏഴു ആത്മാക്ക”ളെ അർഥമാക്കുന്നു. ഏഴ് എന്ന സംഖ്യ ദിവ്യപൂർണതയെ പ്രതീകപ്പെടുത്തുന്നു; അതുകൊണ്ട് ഏഴു ദീപങ്ങൾ പരിശുദ്ധാത്മാവിന്റെ പ്രകാശനശക്തിയുടെ തികവിനെ പ്രതിനിധാനം ചെയ്യേണ്ടതാണ്. ഈ പ്രകാശനവും ഭൂമിയിൽ ആത്മീയവിശപ്പുളള ജനങ്ങൾക്ക് അതു പകർന്നുകൊടുക്കാനുളള ഉത്തരവാദിത്വവും തങ്ങളെ ഭരമേൽപ്പിച്ചതിൽ യോഹന്നാൻവർഗം ഇന്ന് എത്ര നന്ദിയുളളവരാണ്! നൂറിലധികം ഭാഷകളിലായി ഓരോ വർഷവും വീക്ഷാഗോപുരം മാസികയുടെ 38 കോടിയിലധികം പ്രതികൾ ഈ പ്രകാശം പരത്തിക്കൊണ്ടിരിക്കുന്നതിൽ നാം എത്ര സന്തോഷമുളളവരാണ്!—സങ്കീർത്തനം 43:3.
17. “പളുങ്കിന്നൊത്ത കണ്ണാടിക്കടൽ” എന്തിനെ പ്രതീകപ്പെടുത്തുന്നു?
17 യോഹന്നാൻ ഒരു ‘പളുങ്കിന്നൊത്ത കണ്ണാടിക്കടലും’ കാണുന്നു. യഹോവയുടെ സ്വർഗീയ സദസ്സിലേക്കു ക്ഷണിക്കപ്പെട്ടവരോടുളള ബന്ധത്തിൽ ഇത് എന്തിനെ പ്രതീകപ്പെടുത്തും? യേശു സഭയെ വിശുദ്ധീകരിച്ച വിധത്തെക്കുറിച്ച്, “വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി”യതിനെക്കുറിച്ചു പൗലോസ് സംസാരിച്ചു. (എഫെസ്യർ 5:26) യേശു തന്റെ മരണത്തിനു മുമ്പു തന്റെ ശിഷ്യൻമാരോടു പറഞ്ഞു: “ഞാൻ നിങ്ങളോടു സംസാരിച്ച വചനം നിമിത്തം നിങ്ങൾ ഇപ്പോൾ ശുദ്ധിയുളളവരാകുന്നു.” (യോഹന്നാൻ 15:3) അതുകൊണ്ട്, പളുങ്കുപോലുളള ഈ കണ്ണാടിക്കടൽ ശുദ്ധിവരുത്തുന്ന, ലിഖിത ദൈവവചനത്തെ പ്രതിനിധാനം ചെയ്യേണ്ടതാണ്. യഹോവയുടെ സന്നിധിയിൽ വരുന്ന രാജകീയ പുരോഹിതവർഗത്തിൽപെട്ടവർ അവന്റെ വചനത്താൽ പൂർണമായി വെടിപ്പാക്കപ്പെട്ടവർ ആയിരിക്കണം.
നോക്കൂ—“നാലു ജീവികൾ”!
18. സിംഹാസനത്തിന്റെ നടുവിലും ചുററിലും യോഹന്നാൻ എന്തു കാണുന്നു?
18 യോഹന്നാൻ ഇപ്പോൾ മറെറാരു സവിശേഷത നിരീക്ഷിക്കുന്നു. അവൻ എഴുതുന്നു: “സിംഹാസനത്തിന്റെ നടുവിലും സിംഹാസനത്തിന്റെ ചുററിലും നാലു ജീവികൾ; അവെക്കു മുമ്പുറവും പിമ്പുറവും കണ്ണു നിറഞ്ഞിരിക്കുന്നു.”—വെളിപ്പാടു 4:6ബി.
19. നാലു ജീവികൾ എന്തിനെ ചിത്രീകരിക്കുന്നു, ഇതു നാം എങ്ങനെ അറിയുന്നു?
19 ഈ ജീവികൾ എന്തിനെ ചിത്രീകരിക്കുന്നു? മറെറാരു പ്രവാചകനായ എസെക്കിയേൽ റിപ്പോർട്ടു ചെയ്ത ഒരു ദർശനം ഉത്തരം കണ്ടുപിടിക്കാൻ നമ്മെ സഹായിക്കുന്നു. യഹോവ ഒരു സ്വർഗീയരഥത്തിൽ സിംഹാസനസ്ഥനായിരിക്കുന്നത് എസെക്കിയേൽ കണ്ടു, യോഹന്നാൻ വർണിക്കുന്നതിനു സമാനമായ ശാരീരിക വിശേഷതകളുളള ജീവികൾ അതിനെ അനുഗമിച്ചിരുന്നു. (യെഹെസ്കേൽ 1:5-11, 22-28) പിന്നീട്, ജീവികളാൽ അനുഗമിക്കപ്പെട്ട ആ രഥസിംഹാസനം എസെക്കിയേൽ വീണ്ടും കണ്ടു. ഏതായാലും, ഇത്തവണ അവൻ ജീവികളെ കെരൂബുകൾ എന്നു പരാമർശിച്ചു. (യെഹെസ്കേൽ 10:9-15) യോഹന്നാൻ കാണുന്ന നാലു ജീവികൾ ദൈവത്തിന്റെ അനേകം കെരൂബുകളെ പ്രതിനിധാനം ചെയ്തിരിക്കണം—അവന്റെ ആത്മസ്ഥാപനത്തിൽ ഉന്നത സ്ഥാനമുളള ജീവികൾതന്നെ. പുരാതന സമാഗമന കൂടാരക്രമീകരണത്തിൽ യഹോവയുടെ സിംഹാസനത്തെ പ്രതിനിധാനം ചെയ്ത നിയമപെട്ടകത്തിന്റെ മൂടിയിൽ സ്വർണംകൊണ്ടുളള രണ്ടു കെരൂബുകളെ പ്രദർശിപ്പിച്ചിരുന്നതുകൊണ്ട് യഹോവയാം വ്യക്തിയുടെ വളരെയടുത്തു കെരൂബുകൾ നിൽക്കുന്നതായി കാണുന്നത് യോഹന്നാന് അസാധാരണമായി തോന്നിയിരിക്കുകയില്ല. ഈ കെരൂബുകൾക്കിടയിൽ നിന്ന് യഹോവയുടെ ശബ്ദം ജനതക്കു കല്പനകൾ നൽകി.—പുറപ്പാടു 25:22; സങ്കീർത്തനം 80:1.
20. നാലു ജീവികൾ “സിംഹാസനത്തിന്റെ നടുവിലും സിംഹാസനത്തിന്റെ ചുററിലും” ആണെന്ന് ഏതുരീതിയിൽ പറയാൻ കഴിയും?
20 ഈ നാലു ജീവികൾ “സിംഹാസനത്തിന്റെ നടുവിലും സിംഹാസനത്തിന്റെ ചുററിലും” ആണ്. കൃത്യമായി ഇത് എന്തർഥമാക്കുന്നു? അതിന്, ഓരോന്നും സിംഹാസനത്തിന്റെ ഓരോ വശത്തിന്റെയും നടുവിൽ വരത്തക്കവിധം അവരെ അതിനു ചുററും നിർത്തിയിരുന്നതായി അർഥമാക്കാൻ കഴിയും. അങ്ങനെ ററുഡേയ്സ് ഇംഗ്ലീഷ് വേർഷന്റെ പരിഭാഷകർ മൂല എബ്രായ പ്രയോഗത്തെ ഇങ്ങനെ പരാവർത്തനം ചെയ്തു: “സിംഹാസനത്തിനു ചുററും അതിന്റെ ഓരോ വശത്തിലും.” മറെറാരുവിധത്തിൽ പറഞ്ഞാൽ, നാലു ജീവികൾ സ്വർഗത്തിൽ സിംഹാസനം സ്ഥിതിചെയ്യുന്ന കേന്ദ്രഭാഗത്താണെന്ന് ഈ പദപ്രയോഗം അർഥമാക്കിയേക്കാം. ഒരുപക്ഷേ അതുകൊണ്ടായിരിക്കാം ജറുസലേം ബൈബിൾ ആ പ്രയോഗത്തെ ഇങ്ങനെ വിവർത്തനം ചെയ്യുന്നത്: “കേന്ദ്രത്തിൽ, സിംഹാസനത്തിന്റെ തന്നെ ചുററിലുമായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു.” യഹോവയുടെ സ്ഥാപനരഥത്തിന്റെ ഓരോ മൂലയിലും എസെക്കിയേൽ കെരൂബുകളെ കാണുന്നതിനോടുളള താരതമ്യത്തിൽ യഹോവയുടെ സിംഹാസനത്തോടുളള കെരൂബുകളുടെ അടുപ്പമാണു പ്രധാനപ്പെട്ട സംഗതി. (യെഹെസ്കേൽ 1:15-22) ഇതെല്ലാം സങ്കീർത്തനം 99:1-ലെ വാക്കുകളോടു ചേർച്ചയിലാണ്: “യഹോവ വാഴുന്നു; . . . അവൻ കെരൂബുകളുടെ മീതെ വസിക്കുന്നു”.
21, 22. (എ) യോഹന്നാൻ നാലു ജീവികളെ എങ്ങനെ വർണിക്കുന്നു? (ബി) നാലു ജീവികളിൽ ഓരോന്നിന്റെയും ആകാരം എന്തിനെ പ്രതിനിധാനം ചെയ്യുന്നു?
21 യോഹന്നാൻ തുടരുന്നു: “ഒന്നാം ജീവി സിംഹത്തിന്നു സദൃശം; രണ്ടാം ജീവി കാളെക്കു സദൃശം; മൂന്നാം ജീവി മനുഷ്യനെപ്പോലെ മുഖമുളളതു; നാലാം ജീവി പറക്കുന്ന കഴുകിന്നു സദൃശം.” (വെളിപ്പാടു 4:7) ഈ നാലു ജീവികൾ ഒന്നിൽനിന്ന് ഒന്നു വ്യത്യസ്തമായി കാണപ്പെടുന്നത് എന്തുകൊണ്ടാണ്? ഈ വ്യത്യസ്ത ജീവികൾ പ്രത്യക്ഷത്തിൽ പ്രത്യേക ദൈവികഗുണങ്ങളെ പ്രദീപ്തമാക്കുന്നു. ഒന്നാമതു സിംഹമാണുളളത്. ബൈബിളിൽ സിംഹം ധീരതയുടെ ഒരു പ്രതീകമായി ഉപയോഗിക്കപ്പെടുന്നു, വിശേഷിച്ചു നീതിയുടെയും ന്യായത്തിന്റെയും അന്വേഷണത്തിൽ. (2 ശമൂവേൽ 17:10; സദൃശവാക്യങ്ങൾ 28:1) അങ്ങനെ, സിംഹം ധീരമായ നീതി ആകുന്ന ദൈവികഗുണത്തെ നന്നായി പ്രതിനിധാനം ചെയ്യുന്നു. (ആവർത്തനപുസ്തകം 32:4; സങ്കീർത്തനം 89:14) രണ്ടാം ജീവി ഒരു കാളമൂരിക്കു സദൃശമാണ്. ഒരു കാള നിങ്ങളുടെ മനസ്സിലേക്ക് ആനയിക്കുന്നത് ഏതു ഗുണമാണ്? കാള അതിന്റെ ശക്തി നിമിത്തം ഇസ്രായേല്യർക്കു വളരെ വിലപ്പെട്ട ഒരു സ്വത്തായിരുന്നു. (സദൃശവാക്യങ്ങൾ 14:4; ഇതുകൂടെ കാണുക: ഇയ്യോബ് 39:9-11.) അപ്പോൾ കാള ശക്തിയെ, യഹോവ നൽകുന്ന ചലനാത്മക ഊർജത്തെ പ്രതിനിധാനം ചെയ്യുന്നു.—സങ്കീർത്തനം 62:11; യെശയ്യാവു 40:26.
22 മൂന്നാം ജീവിക്കു മനുഷ്യന്റേതുപോലുളള ഒരു മുഖമുണ്ട്. ഭൂമിയിൽ അതിശ്രേഷ്ഠമായ സ്നേഹഗുണത്തോടെ ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടതു മനുഷ്യൻ മാത്രമാകയാൽ ഇതു പ്രതിനിധാനം ചെയ്യുന്നതു ദൈവസമാന സ്നേഹത്തെയായിരിക്കണം. (ഉല്പത്തി 1:26-28; മത്തായി 22:36-40; 1 യോഹന്നാൻ 4:8, 16) യഹോവയുടെ സിംഹാസനത്തിനു ചുററും സേവിക്കുമ്പോൾ കെരൂബുകൾ നിസ്സംശയമായും ഈ ഗുണം പ്രദർശിപ്പിക്കുന്നു. ഇപ്പോൾ നാലാം ജീവിയെ സംബന്ധിച്ചെന്ത്? കാഴ്ചക്ക് ഇതു പറക്കുന്ന ഒരു കഴുകനെപ്പോലെയാണ്. യഹോവതന്നെ കഴുകന്റെ വലിയ കാഴ്ചശക്തിയിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു. “അതിന്റെ കണ്ണു ദൂരത്തേക്കു കാണുന്നു.” (ഇയ്യോബ് 39:29) അതുകൊണ്ട് കഴുകൻ ദീർഘദൃഷ്ടിയോടുകൂടിയ ജ്ഞാനത്തെ നന്നായി പ്രതീകപ്പെടുത്തുന്നു. യഹോവയാണു ജ്ഞാനത്തിന്റെ ഉറവ്. അവന്റെ കെരൂബുകൾ അവന്റെ കല്പനകൾ അനുസരിക്കുമ്പോൾ ദിവ്യജ്ഞാനം പ്രയോഗിക്കുന്നു.—സദൃശവാക്യങ്ങൾ 2:6; യാക്കോബ് 3:17.
യഹോവയുടെ സ്തുതികൾ മുഴക്കപ്പെടുന്നു
23. നാലു ജീവികൾക്കു “കണ്ണു നിറഞ്ഞിരിക്കുന്നു” എന്ന വസ്തുത എന്തിനെ പ്രതീകപ്പെടുത്തുന്നു, അവയ്ക്കു മൂന്നു ജോടി ചിറകുകൾ ഉണ്ടെന്നുളളത് എന്തിനെ ദൃഢീകരിക്കുന്നു?
23 യോഹന്നാൻ തന്റെ വർണന തുടരുന്നു: “നാലു ജീവികളും ഓരോന്നിന്നു ആറാറു ചിറകുളളതായി ചുററിലും അകത്തും കണ്ണു നിറഞ്ഞിരിക്കുന്നു. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുളള കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു അവർ രാപ്പകൽ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു.” (വെളിപ്പാടു 4:8) കണ്ണുകളുടെ ഈ നിറവ്, പൂർണവും ദീർഘദൃഷ്ടിയുളളതുമായ കാഴ്ചശക്തിയെ സൂചിപ്പിക്കുന്നു. ഈ നാലു ജീവികൾക്ക് ഉറക്കത്തിന്റെ യാതൊരു ആവശ്യവും ഇല്ലാതവണ്ണം അവർ ഇത് ഇടമുറിയാതെ പ്രയോഗിക്കുന്നു. “യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തൻമാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു” എന്ന് ആരെപ്പററി എഴുതിയോ അവനെ അവർ അനുകരിക്കുന്നു. (2 ദിനവൃത്താന്തം 16:9) അത്രയധികം കണ്ണുകളുളളതിനാൽ കെരൂബുകൾക്ക് എല്ലായിടവും കാണാൻ കഴിയും. യാതൊന്നും അവരുടെ ശ്രദ്ധയിൽ പെടാതെ പോകുന്നില്ല. അങ്ങനെ അവർ ന്യായംവിധിക്കുന്ന തന്റെ വേലയിൽ ദൈവത്തെ സേവിക്കുന്നതിനു സുസജ്ജരാണ്. അവനെക്കുറിച്ച് ഇങ്ങനെ പറയപ്പെട്ടിരിക്കുന്നു. “യഹോവയുടെ കണ്ണു എല്ലാടവും ഉണ്ടു; ആകാത്തവരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു.” (സദൃശവാക്യങ്ങൾ 15:3) മൂന്നു ജോടി ചിറകുകൾ ഉളളതുകൊണ്ട് കെരൂബുകൾക്കു യഹോവയുടെ ന്യായവിധികൾ ഘോഷിക്കാനും അവ നടപ്പിൽ വരുത്താനും മിന്നൽ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും—ബൈബിളിൽ മൂന്ന് എന്ന സംഖ്യ ദൃഢതക്കുവേണ്ടി ഉപയോഗിക്കപ്പെടുന്നു.
24. കെരൂബുകൾ യഹോവയെ സ്തുതിക്കുന്നതെങ്ങനെ, എന്തു പ്രാധാന്യത്തോടെ?
24 ശ്രദ്ധിക്കൂ! കെരൂബുകൾ യഹോവക്കർപ്പിക്കുന്ന സ്തുതിഗീതം ശ്രുതിമധുരവും ആത്മപ്രചോദകവുമാണ്: “ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുളള കർത്താവായ [യഹോവയായ, NW] ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ”. വീണ്ടും മൂന്ന് തീവ്രതയെ കുറിക്കുന്നു. കെരൂബുകൾ യഹോവയാം ദൈവത്തിന്റെ പരിശുദ്ധിയെ ശക്തമായി സ്ഥിരീകരിക്കുന്നു. അവനാണു പരിശുദ്ധിയുടെ ഉറവും അതിന്റെ ആത്യന്തികമായ നിലവാരവും. അവൻ ‘നിത്യരാജാവും’ എല്ലായ്പോഴും “അല്ഫയും ഓമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും” ആണ്. (1 തിമൊഥെയൊസ് 1:17; വെളിപ്പാടു 22:13) കെരൂബുകൾ യഹോവയുടെ അതുല്യമായ ഗുണങ്ങൾ സർവ സൃഷ്ടിയുടെയും മുമ്പാകെ ഘോഷിക്കുമ്പോൾ അവർ വിശ്രമിക്കുന്നില്ല.
25. യഹോവയെ ആരാധിക്കുന്നതിൽ ജീവികളും 24 മൂപ്പൻമാരും എങ്ങനെ ഒത്തുചേരുന്നു?
25 യഹോവക്കുളള സ്തുതികൾകൊണ്ടു സ്വർഗാധിസ്വർഗങ്ങൾ മാറെറാലിക്കൊളളുന്നു! യോഹന്നാന്റെ വർണന തുടരുന്നു: “എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനായി സിംഹാസനത്തിൽ ഇരിക്കുന്നവന്നു ആ ജീവികൾ മഹത്വവും ബഹുമാനവും സ്തോത്രവും കൊടുക്കുമ്പോഴൊക്കെയും ഇരുപത്തുനാലു മൂപ്പൻമാരും സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുമ്പിൽ വീണു, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെ നമസ്കരിച്ചു: കർത്താവേ, [യഹോവേ, NW] നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടം ഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻമുമ്പിൽ ഇടും.” (വെളിപ്പാടു 4:9-11) എല്ലാ തിരുവെഴുത്തുകളിലുംവെച്ചു നമ്മുടെ ദൈവവും പരമാധികാര കർത്താവുമായ യഹോവയെ ആദരിച്ചുകൊണ്ടുളള ഏററവും മഹത്തായ പ്രഖ്യാപനങ്ങളിൽ ഒന്നാണിത്!
26. യഹോവയുടെ മുമ്പാകെ 24 മൂപ്പൻമാർ തങ്ങളുടെ കിരീടങ്ങളെ താഴെ ഇടുന്നത് എന്തുകൊണ്ട്?
26 യഹോവക്കു മുമ്പാകെ തങ്ങളുടെ കിരീടങ്ങളെ താഴെ ഇടുന്നതിൽപ്പോലും 24 മൂപ്പൻമാർക്ക് യേശു പ്രകടമാക്കുന്ന അതേ മാനസികഭാവമാണുളളത്. ദൈവത്തിന്റെ സന്നിധിയിൽ തങ്ങളേത്തന്നെ ഉയർത്തുക എന്നത് അവരുടെ മനസ്സിലെങ്ങും ഇല്ല. അവരുടെ രാജത്വത്തിന്റെ ഏക ഉദ്ദേശ്യം, യേശു എല്ലായ്പോഴും ചെയ്യുന്നതുപോലെ യഹോവക്കു ബഹുമാനവും മഹത്ത്വവും കൈവരുത്തുക എന്നതാണെന്ന് അവർ താഴ്മയോടെ തിരിച്ചറിയുന്നു. (ഫിലിപ്പിയർ 2:5, 6, 9-11) വിധേയത്വത്തോടെ, അവർ തങ്ങളുടെ സ്വന്തം താഴ്ച തിരിച്ചറിയുകയും തങ്ങളുടെ ഭരണം യഹോവയുടെ പരമാധികാരത്തെ ആശ്രയിച്ചാണിരിക്കുന്നതെന്ന് ഏററുപറയുകയും ചെയ്യുന്നു. അങ്ങനെ അവർ സർവവും സൃഷ്ടിച്ച ദൈവത്തിനു സ്തുതിയും മഹത്ത്വവും നൽകുന്നതിൽ കെരൂബുകളോടും ശേഷം വിശ്വസ്ത സൃഷ്ടികളോടും ഹൃദയപൂർവകമായ യോജിപ്പിലാണ്.—സങ്കീർത്തനം 150:1-6.
27, 28. (എ) ഈ ദർശനത്തെക്കുറിച്ചുളള യോഹന്നാന്റെ വിവരണം നമ്മെ എങ്ങനെ ബാധിക്കണം? (ബി) യോഹന്നാൻ അടുത്തതായി കാണുകയും കേൾക്കുകയും ചെയ്യുന്നതു സംബന്ധിച്ച് ഏതു ചോദ്യങ്ങൾ ഉദിക്കുന്നു?
27 ഈ ദർശനത്തെക്കുറിച്ചുളള യോഹന്നാന്റെ വിവരണം വായിക്കുമ്പോൾ ആർക്ക് ഉത്തേജിതരാകാതിരിക്കാൻ കഴിയും? അതു ഉജ്ജ്വലമാണ്, മഹത്താണ്! എന്നാൽ യാഥാർഥ്യം എന്തായിരിക്കണം? പ്രാർഥനയിലും പരസ്യമായി അവന്റെ നാമം ഘോഷിച്ചുകൊണ്ടും അവനെ സ്തുതിക്കുന്നതിൽ നാലു ജീവികളോടും 24 മൂപ്പൻമാരോടും ചേരാൻ യഹോവയുടെ മാഹാത്മ്യം വിലമതിപ്പിൻ ഹൃദയമുളള ഏതൊരുവനെയും ഉത്തേജിപ്പിക്കേണ്ടതാണ്. ഇന്ന് ആർക്കുവേണ്ടി സാക്ഷികളായിരിക്കാൻ ക്രിസ്ത്യാനികൾക്കു പദവി ലഭിച്ചിരിക്കുന്നുവോ ആ ദൈവം ഇതാണ്. (യെശയ്യാവു 43:10) യോഹന്നാന്റെ ദർശനം കർത്താവിന്റെ ദിവസത്തിനു ബാധകമാകുന്നുവെന്ന് ഓർക്കുക, നാം ഇന്ന് അവിടെയാണ്. നമ്മെ നയിക്കുന്നതിനും ശക്തീകരിക്കുന്നതിനും ‘ഏഴു ആത്മാക്കൾ’ എല്ലായ്പോഴും ലഭ്യമാണ്. (ഗലാത്യർ 5:16-18) ഒരു പരിശുദ്ധദൈവത്തെ സേവിക്കുന്നതിൽ വിശുദ്ധരായിരിക്കാൻ നമ്മെ സഹായിക്കുന്നതിന് ഇന്നു ദൈവവചനം ലഭ്യമാണ്. (1 പത്രൊസ് 1:14-16) തീർച്ചയായും, ഈ പ്രവചനത്തിന്റെ വാക്കുകൾ ഉച്ചത്തിൽ വായിക്കാൻ നാം സന്തോഷമുളളവരാണ്. (വെളിപ്പാടു 1:3) യഹോവയോടു വിശ്വസ്തരായിരിക്കാനും സജീവമായി അവന്റെ സ്തുതികൾ പാടുന്നതിൽനിന്നു നമ്മെ വ്യതിചലിപ്പിക്കാൻ ലോകത്തെ അനുവദിക്കാതിരിക്കാനും അവ എന്തൊരു പ്രേരണ നൽകുന്നു!—1 യോഹന്നാൻ 2:15-17.
28 ഇതുവരെ, സ്വർഗത്തിലെ തുറക്കപ്പെട്ട വാതിലിലൂടെ സമീപിക്കാൻ ക്ഷണിക്കപ്പെട്ടപ്പോൾ താൻ കാണുന്നത് യോഹന്നാൻ വർണിച്ചിരിക്കുന്നു. ഏററവും ശ്രദ്ധേയമായി, യഹോവ തന്റെ മാഹാത്മ്യത്തിന്റെയും പ്രതാപത്തിന്റെയും മുഴുശോഭയോടുംകൂടെ തന്റെ സ്വർഗീയ സിംഹാസനത്തിൽ ഇരിക്കുന്നതായി അവൻ റിപ്പോർട്ടു ചെയ്യുന്നു. സകല സ്ഥാപനങ്ങളിലും വെച്ച് ഏററവും ശക്തമായതു യഹോവക്കു ചുററുമുണ്ട്—പകിട്ടിലും വിശ്വസ്തതയിലും ഉജ്ജ്വലംതന്നെ. ദിവ്യ ന്യായവിസ്താരസഭ കൂടിയിരിക്കയാണ്. (ദാനീയേൽ 7:9, 10, 18) അസാധാരണമായ എന്തോ സംഭവിക്കാൻ അരങ്ങ് ഒരുങ്ങിയിരിക്കുകയാണ്. അതെന്താണ്, അത് ഇന്നു നമ്മെ എങ്ങനെ ബാധിക്കുന്നു? രംഗം തെളിവായി വരുമ്പോൾ നമുക്കു വീക്ഷിക്കാം!
[75-ാം പേജിലെ ചിത്രം]
[78-ാം പേജിലെ ചിത്രം]