ജീവിത സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
ഡിസംബർ 2-8
ദൈവവചനത്തിലെ നിധികൾ | വെളിപാട് 7-9
“ആർക്കും എണ്ണിക്കൂടാൻ കഴിയാത്ത ഒരു മഹാപുരുഷാരത്തെ യഹോവ അനുഗ്രഹിക്കുന്നു”
it-1-E 997 ¶1
മഹാപുരുഷാരം
രക്ഷ നേടി ഭൂമിയിൽത്തന്നെ ജീവിക്കാൻ പോകുന്ന വ്യക്തികളുടെ കൂട്ടമാണു ‘മഹാപുരുഷാരം’ എങ്കിൽ, ഏത് അർഥത്തിലാണ് അവർ ‘ദൈവത്തിന്റെ സിംഹാസനത്തിന്റെയും കുഞ്ഞാടിന്റെയും മുമ്പാകെ നിൽക്കുന്നത്?’ (വെളി 7:9) ബൈബിളിൽ ‘നിൽക്കുക’ എന്ന പദത്തിന് ആലങ്കാരികമായ ഒരു അർഥമുണ്ട്. നമ്മൾ ആരുടെയെങ്കിലും മുമ്പിൽ നിൽക്കുമ്പോൾ ആ വ്യക്തിയുടെ പ്രീതിയും അംഗീകാരവും നമുക്കുണ്ട് എന്ന അർഥം. (സങ്ക 1:5; 5:5; സുഭ 22:29; ലൂക്ക 1:19) വെളിപാട് 6-ാം അധ്യായത്തിൽ, “ഭൂമിയിലെ രാജാക്കന്മാരും ഉന്നതോദ്യോഗസ്ഥരും സൈന്യാധിപന്മാരും ധനികരും ശക്തരും എല്ലാ അടിമകളും സ്വതന്ത്രരും” ‘സിംഹാസനത്തിൽ ഇരിക്കുന്നവന്റെയും കുഞ്ഞാടിന്റെയും’ മുമ്പിൽ നിൽക്കാൻ കഴിയാതെ ഒളിക്കാൻ ശ്രമിക്കുന്നതായി പറഞ്ഞിരിക്കുന്നു. “(ദൈവത്തിന്റെയും കുഞ്ഞാടിന്റെയും) ക്രോധത്തിന്റെ മഹാദിവസം” വന്നതുകൊണ്ടാണ് അവർ ഒളിക്കുന്നത്. ആ സമയത്ത് “ആർക്കു സഹിച്ചുനിൽക്കാൻ കഴിയും” എന്ന് അവർ ചോദിക്കുന്നു. (വെളി 6:15-17; ലൂക്ക 21:36 താരതമ്യം ചെയ്യുക.) ക്രോധത്തിന്റെ ആ സമയത്ത് സംരക്ഷിക്കപ്പെടുന്ന ആളുകളുടെ കൂട്ടമാണു ‘മഹാപുരുഷാരം.’ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും അംഗീകാരത്തോടെ അവർക്കു ‘നിൽക്കാൻ’ കഴിയും.
it-2-E 1127 ¶4
കഷ്ടത
യരുശലേമിന്റെ നാശം കഴിഞ്ഞ് ഏകദേശം മൂന്നു പതിറ്റാണ്ടുകൾക്കു ശേഷം, എല്ലാ ജനതകളിലും ഗോത്രങ്ങളിലും വംശങ്ങളിലും നിന്ന് വരുന്ന ഒരു മഹാപുരുഷാരത്തെക്കുറിച്ച് യോഹന്നാൻ അപ്പോസ്തലനോട് ഇങ്ങനെ പറഞ്ഞു: “ഇവർ മഹാകഷ്ടതയിലൂടെ കടന്നുവന്നവരാണ്.” (വെളി 7:13, 14) ‘മഹാപുരുഷാരം മഹാകഷ്ടതയിലൂടെ കടന്നുവരും’ എന്നു കാണിക്കുന്നത് അവർ അതിനെ അതിജീവിക്കും എന്നാണ്. പ്രവൃത്തികൾ 7:9, 10-ൽ കൊടുത്തിരിക്കുന്ന, ഇതിനു സമാനമായ മറ്റൊരു പദപ്രയോഗം അതിന്റെ തെളിവാണ്. അവിടെ ഇങ്ങനെ വായിക്കുന്നു: “ദൈവം യോസേഫിന്റെകൂടെയുണ്ടായിരുന്നു. യോസേഫിന്റെ എല്ലാ കഷ്ടതകളിൽനിന്നും ദൈവം യോസേഫിനെ രക്ഷപ്പെടുത്തി.” ദൈവം യോസേഫിനെ എല്ലാ കഷ്ടതകളിൽനിന്നും രക്ഷപ്പെടുത്തി എന്നതിന്റെ അർഥം, ആ കഷ്ടതകളെല്ലാം സഹിച്ചുനിൽക്കാൻ ദൈവം യോസേഫിനെ സഹായിച്ചു എന്നു മാത്രമല്ല, അനുഭവിച്ചുകൊണ്ടിരുന്ന എല്ലാ കഷ്ടതകളും യോസേഫ് അതിജീവിച്ചു എന്നും ആണ്.
it-1-E 996-997
മഹാപുരുഷാരം
അവർ ആരാണ്? മഹാപുരുഷാരം ആരാണെന്നു മനസ്സിലാക്കാൻ അവരെക്കുറിച്ച് വെളിപാട് 7-ാം അധ്യായത്തിൽ പറയുന്ന കാര്യങ്ങളും അതിനോടു സമാനമായ മറ്റു ബൈബിൾഭാഗങ്ങളും സഹായിക്കും. വെളിപാട് 7:15-17-ൽ ദൈവം “തന്റെ കൂടാരത്തിൽ അവർക്ക് അഭയം നൽകും” എന്നും, അവരെ “ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തും” എന്നും, “ദൈവം അവരുടെ കണ്ണുകളിൽനിന്ന് കണ്ണീരെല്ലാം തുടച്ചുകളയും” എന്നും പറഞ്ഞിരിക്കുന്നു. വെളിപാട് 21:2-4-ലെ സമാനമായ പദപ്രയോഗങ്ങൾ നോക്കുക: “ദൈവത്തിന്റെ കൂടാരം മനുഷ്യരുടെകൂടെ,” ‘ദൈവം അവരുടെ കണ്ണുകളിൽനിന്ന് കണ്ണീരെല്ലാം തുടച്ചുകളയും,’ ‘മേലാൽ മരണം ഉണ്ടായിരിക്കില്ല.’ വെളിപാട് 21-ാം അധ്യായത്തിന്റെ തുടക്കത്തിൽ പുതിയ യരുശലേം സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നതായി പറയുന്നു. അതുകൊണ്ട് ആ അനുഗ്രഹങ്ങൾ സ്വർഗത്തിലെ വ്യക്തികൾക്കല്ല, ഭൂമിയിലെ മനുഷ്യർക്കാണു ലഭിക്കുന്നത്.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-1-E 12
അബദ്ദോൻ
‘അഗാധത്തിന്റെ ദൂതനായ’ “അബദ്ദോൻ” ആരാണ്?
വെളിപാട് 9:11-ൽ ‘അഗാധത്തിന്റെ ദൂതനെ’ അബദ്ദോൻ എന്നു വിളിച്ചിരിക്കുന്നു. അതിനു തത്തുല്യമായ ഗ്രീക്കു പദമായ അപ്പൊല്യോൻ എന്നതിന്റെ അർഥം “വിനാശകൻ” എന്നാണ്. ഈ ദൂതൻ വെസ്പേഷ്യൻ ചക്രവർത്തിയും മുഹമ്മദും നെപ്പോളിയനും പോലുള്ള വ്യക്തികളെയാണു പ്രാവചനികമായി ചിത്രീകരിക്കുന്നതെന്നു വരുത്തിതീർക്കാൻ 19-ാം നൂറ്റാണ്ടിൽ ശ്രമം നടത്തിയിരുന്നു. ഈ ദൂതനെ ‘സാത്താന്റെ ഒരു പിണിയാളായിട്ടാണ്’ പൊതുവേ കരുതിയിരുന്നത്. എന്നാൽ വെളിപാട് 20:1-3-ൽ ‘അഗാധത്തിന്റെ താക്കോൽ’ പിടിച്ചിരിക്കുന്ന ദൂതനെക്കുറിച്ച് പറയുന്നുണ്ട്. ആ ദൂതൻ ദൈവത്തിന്റെ ഒരു പ്രതിനിധിയാണെന്നു വ്യക്തമാണ്, അല്ലാതെ ‘സാത്താന്റെ ഒരു പിണിയാളല്ല.’ കാരണം ആ ദൂതൻ സാത്താനെ പിടിച്ചുകെട്ടി എറിയുന്നതായി അവിടെ പറയുന്നു. വെളിപാട് 9:11-നെക്കുറിച്ച് വ്യാഖ്യാതാവിന്റെ ബൈബിൾ ഇങ്ങനെ പറയുന്നു: “അബദ്ദോൻ സാത്താന്റെ ഒരു ദൂതനല്ല, മറിച്ച് ദൈവത്തിന്റെ ആജ്ഞ അനുസരിച്ചുകൊണ്ട് ശത്രുക്കളെ നശിപ്പിക്കുന്ന ദൈവത്തിന്റെ ഒരു ദൂതനാണ്.”
എബ്രായതിരുവെഴുത്തുകൾ പരിശോധിച്ചാൽ അവദ്ദോൻ എന്ന വാക്ക് ശവക്കുഴിയോടും മരണത്തോടും ചേർത്ത് പറഞ്ഞിരിക്കുന്നത് കാണാം. അതു മനസ്സിൽപ്പിടിച്ചുകൊണ്ട് വെളിപാട് 1:18 ശ്രദ്ധിക്കുക. അവിടെ ക്രിസ്തുയേശു തന്നെക്കുറിച്ചുതന്നെ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “ഞാൻ എന്നുമെന്നേക്കും ജീവിച്ചിരിക്കും. മരണത്തിന്റെയും ശവക്കുഴിയുടെയും താക്കോലുകൾ എന്റെ കൈയിലുണ്ട്.” ലൂക്കോസ് 8:31-ൽ അഗാധത്തിന്റെ മേലുള്ള യേശുവിന്റെ അധികാരത്തെക്കുറിച്ച് പറയുന്നുണ്ട്. യേശുവിന് നശിപ്പിക്കാനുള്ള ശക്തിയുണ്ടെന്ന്, സാത്താനെയും നശിപ്പിക്കാനുള്ള ശക്തിയുണ്ടെന്ന്, എബ്രായർ 2:14, 15-ൽനിന്ന് വ്യക്തമാണ്. ‘തന്റെ മരണത്തിലൂടെ, മരണം വരുത്താൻ കഴിവുള്ള പിശാചിനെ ഇല്ലാതാക്കാൻ യേശു’ മാംസവും രക്തവും സ്വീകരിച്ചു അഥവാ മനുഷ്യനായിത്തീർന്നു എന്ന് അവിടെ പറയുന്നു. വെളിപാട് 19:11-16-ൽ യേശുവിനെ ദൈവം നിയമിച്ചിരിക്കുന്ന മുഖ്യ ‘വിനാശകൻ’ അഥവാ വധനിർവാഹകനായി ചിത്രീകരിച്ചിരിക്കുന്നു.
ഡിസംബർ 9-15
ദൈവവചനത്തിലെ നിധികൾ | വെളിപാട് 10-12
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-2-E 880-881
ചുരുൾ
ആലങ്കാരികമായ ഉപയോഗം. ബൈബിളിൽ ‘ചുരുൾ’ എന്ന വാക്ക് പലയിടത്തും ആലങ്കാരികമായ അർഥത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ഇരുവശത്തും എഴുത്തുകളുള്ള ഒരു ചുരുൾ യഹസ്കേലും സെഖര്യയും കണ്ടിട്ടുണ്ട്. സാധാരണ, ചുരുളിന്റെ ഒരു വശത്തേ എഴുതാറുള്ളൂ, അതുകൊണ്ട് രണ്ടു വശത്തും എഴുതിയിരിക്കുന്നു എന്നതിൽനിന്ന് ആ ചുരുളുകളിലെ ന്യായവിധിസന്ദേശത്തിന്റെ ഗൗരവവും പ്രാധാന്യവും നമുക്കു മനസ്സിലാക്കാം. (യഹ 2:9–3:3; സെഖ 5:1-4) വെളിപാടിലെ ദർശനത്തിൽ സിംഹാസനത്തിലിരിക്കുന്നവന്റെ വലതു കൈയിൽ ഒരു ചുരുൾ ഉള്ളതായി പറയുന്നു. ആ ചുരുളിന് ഏഴു മുദ്രകളുണ്ട്. ദൈവത്തിന്റെ കുഞ്ഞാട് അതു തുറക്കുന്നതുവരെ അതിൽ എഴുതിയിരിക്കുന്നത് ആരും കാണാതിരിക്കുന്നതിനു വേണ്ടിയാണ് അത്. (വെളി 5:1, 12; 6:1, 12-14) പിന്നീട് ദർശനത്തിൽ യോഹന്നാന് ഒരു ചുരുൾ കൊടുത്തിട്ട് അതു കഴിക്കാൻ യോഹന്നാനോട് ആവശ്യപ്പെട്ടു. അതു കഴിച്ചപ്പോൾ യോഹന്നാനു വായിൽ മധുരം തോന്നിയെങ്കിലും വയറ്റിൽ ചെന്നപ്പോൾ കയ്പ് അനുഭവപ്പെട്ടു. ചുരുൾ മുദ്ര വെച്ചിരുന്നില്ല, തുറന്നിരുന്നു എന്നതു കാണിക്കുന്നത് അതിലെ സന്ദേശം ആളുകൾ മനസ്സിലാക്കണം എന്നാണ്. അതിലടങ്ങിയിരുന്ന സന്ദേശം ലഭിക്കുന്നതു യോഹന്നാനു ‘മധുരമായിരുന്നു,’ പക്ഷേ അതിൽ മറ്റുള്ളവരോടു പ്രവചിക്കാൻ കയ്പുള്ള കാര്യങ്ങളുമുണ്ടായിരുന്നു. (വെളി 10:1-11) യഹസ്കേലിനു കൊടുത്ത, “ദുഃഖവും കരച്ചിലും വിലാപഗീതങ്ങളും” അടങ്ങിയ ചുരുളിന്റെ കാര്യത്തിൽ യഹസ്കേലിനും സമാനമായ അനുഭവമുണ്ടായി.—യഹ 2:10.
it-2-E 187 ¶7-9
പ്രസവവേദന
വെളിപാടിലെ യോഹന്നാന്റെ ദർശനത്തിൽ ഒരു സ്വർഗീയ സ്ത്രീ “പ്രസവവേദന സഹിക്കാനാകാതെ” നിലവിളിക്കുന്നതായി യോഹന്നാൻ കാണുന്നു. ‘ജനതകളെയെല്ലാം ഇരുമ്പുകോൽകൊണ്ട് മേയ്ക്കാനുള്ള’ ‘ഒരു ആൺകുഞ്ഞിനെയാണ്’ ആ സ്ത്രീ പ്രസവിച്ചത്. കുഞ്ഞിനെ വിഴുങ്ങാൻ ഭീകരസർപ്പം ശ്രമിച്ചെങ്കിലും അതിനെ “ദൈവത്തിന്റെ അടുത്തേക്കും ദൈവത്തിന്റെ സിംഹാസനത്തിലേക്കും കൊണ്ടുപോയി.” (വെളി 12:1, 2, 4-6) ദൈവത്തിന്റെ അടുത്തേക്കു കുഞ്ഞിനെ കൊണ്ടുപോയി എന്നതു എന്തിന്റെ തെളിവാണ്? പുരാതനകാലത്ത് നവജാതശിശുവിനെ പിതാവ് അംഗീകരിക്കുന്നതിനു പിതാവിനെ കാണിക്കുന്ന ഒരു ചടങ്ങുണ്ടായിരുന്നു. സമാനമായി, ദൈവത്തിന്റെ അടുത്തേക്കു കുഞ്ഞിനെ കൊണ്ടുപോയി എന്നതു അതിനെ സ്വന്തം കുട്ടിയായി ദൈവം അംഗീകരിച്ചു എന്നാണു കാണിക്കുന്നത്. അതിൽനിന്ന് നമുക്ക് എന്തു നിഗമനത്തിലെത്താം? “സ്ത്രീ” ദൈവത്തിന്റെ ‘ഭാര്യയാണ്.’ ക്രിസ്തുവിന്റെയും ആത്മീയസഹോദരന്മാരുടെയും ‘അമ്മയായ’ ‘മീതെയുള്ള യരുശലേം.’—ഗല 4:26; എബ്ര 2:11, 12, 17.
ദൈവത്തിന്റെ സ്വർഗീയ “സ്ത്രീ” പൂർണയാണ്, അതുകൊണ്ടുതന്നെ പ്രസവിക്കുമ്പോൾ ആ സ്ത്രീക്കു വേദന തോന്നില്ല. പിന്നെ ഇവിടെ പറഞ്ഞിരിക്കുന്ന പ്രസവം അക്ഷരാർഥത്തിലുള്ളതും അല്ല. പിന്നെ എന്തിനാണു പ്രസവവേദന എന്നു പറഞ്ഞിരിക്കുന്നത്? പ്രസവം അടുത്തെന്നു “സ്ത്രീ” മനസ്സിലാക്കിയെന്നു കാണിക്കാനാണ്.—വെളി 12:2.
ഇവിടെ പറഞ്ഞിരിക്കുന്ന ‘ആൺകുഞ്ഞ്’ ആരാണ്? ‘ജനതകളെയെല്ലാം ഇരുമ്പുകോൽകൊണ്ട് മേയ്ക്കാനുള്ളവനാണ്’ അവൻ. സങ്കീർത്തനം 2:6-9-ൽ മുൻകൂട്ടിപ്പറഞ്ഞ മിശിഹൈകരാജാവാണ് ഇത്. പക്ഷേ യോഹന്നാൻ ഈ ദർശനം കാണുന്നത്, ക്രിസ്തു ഭൂമിയിൽ ജനിച്ചതിനും ക്രിസ്തുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും വർഷങ്ങൾക്കു ശേഷമാണ്. അതുകൊണ്ട് ഈ ദർശനം ദൈവപുത്രനായ യേശുക്രിസ്തുവിന്റെ കൈകളിലെ മിശിഹൈകരാജ്യത്തിന്റെ ജനനത്തെയായിരിക്കും കുറിക്കുന്നത്. മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടതിനു ശേഷം ക്രിസ്തു “ദൈവത്തിന്റെ വലതുഭാഗത്ത് ഇരുന്നു. ശത്രുക്കൾ തന്റെ പാദപീഠമാകുന്ന സമയത്തിനായി അന്നുമുതൽ ക്രിസ്തു കാത്തിരിക്കുകയാണ്” എന്നു ബൈബിൾ പറയുന്നു.—എബ്ര 10:12, 13; സങ്ക 110:1; വെളി 12:10.
ഡിസംബർ 23-29
ദൈവവചനത്തിലെ നിധികൾ | വെളിപാട് 17-19
“എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കുന്ന ദൈവത്തിന്റെ യുദ്ധം”
w08-E 4/1 8 ¶3-4
അർമഗെദോൻ—എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കുന്ന ദൈവത്തിന്റെ യുദ്ധം
അധികാരം ദുഷ്ടന്മാരുടെ കൈയിൽ ഇരിക്കുന്നിടത്തോളം കാലം, നീതിമാന്മാർക്കു സമാധാനത്തോടെയും സുരക്ഷിതമായും ജീവിക്കാൻ കഴിയില്ല. (സുഭാഷിതങ്ങൾ 29:2; സഭാപ്രസംഗകൻ 8:9) എല്ലാ ദുഷ്ടന്മാരെയും പൂർണമായി നല്ലവരാക്കാൻ നമുക്കു കഴിയില്ല. നിലനിൽക്കുന്ന സമാധാനവും നീതിയും സാധ്യമാകണമെങ്കിൽ ദുഷ്ടന്മാരെ നീക്കം ചെയ്തേ പറ്റൂ. “ദുഷ്ടൻ നീതിമാന്റെ മോചനവില” എന്നു ബൈബിൾ പറയുന്നു.—സുഭാഷിതങ്ങൾ 21:18.
ന്യായാധിപൻ ദൈവമായതുകൊണ്ട്, ദുഷ്ടന്മാർക്ക് എതിരെയുള്ള ന്യായവിധി എപ്പോഴും നീതിയുള്ളതായിരിക്കുമെന്ന് ഉറപ്പുണ്ടായിരിക്കാം. “സർവഭൂമിയുടെയും ന്യായാധിപൻ നീതി പ്രവർത്തിക്കാതിരിക്കുമോ?” എന്ന് അബ്രാഹാം ചോദിച്ചു. യഹോവ എപ്പോഴും ശരിയായതേ ചെയ്യൂ എന്നതാണ് അബ്രാഹാം മനസ്സിലാക്കിയ ഉത്തരം. (ഉൽപത്തി 18:25) കൂടാതെ, ദുഷ്ടന്മാരെ നശിപ്പിക്കുന്നതിൽ യഹോവ സന്തോഷിക്കുന്നില്ല എന്നു ബൈബിൾ ഉറപ്പു തരുന്നു. അറ്റകൈ എന്ന നിലയിലേ യഹോവ ആ മാർഗം സ്വീകരിക്കൂ.—യഹസ്കേൽ 18:32; 2 പത്രോസ് 3:9.
it-1-E 1146 ¶1
കുതിര
യോഹന്നാൻ അപ്പോസ്തലനു ലഭിച്ച ആലങ്കാരികമായ ദർശനത്തിൽ, മഹത്ത്വീകരിക്കപ്പെട്ട യേശുക്രിസ്തു ഒരു വെള്ളക്കുതിരപ്പുറത്ത് വരുന്നതായി കാണുന്നു. കൂടെ ഒരു സൈന്യവുമുണ്ട്. ആ സൈന്യത്തിലെ ഓരോരുത്തരും വെള്ളക്കുതിരപ്പുറത്താണ്. ദൈവവും പിതാവും ആയ യഹോവയ്ക്കുവേണ്ടി ശത്രുക്കൾക്ക് എതിരെ നടത്തുന്ന യുദ്ധം നീതിയും ന്യായവും ഉള്ളതായിരിക്കും എന്നു യോഹന്നാനു കൊടുത്ത ഈ ദർശനം വെളിപ്പെടുത്തുന്നു. (വെളി 19:11, 14) മറ്റൊരു ദർശനത്തിൽ, ക്രിസ്തു രാജാവെന്ന നിലയിൽ പ്രവർത്തിക്കുന്നതും പിന്നാലെ വരുന്ന ദുരന്തങ്ങളും വ്യത്യസ്ത കുതിരക്കാരെയും അവരുടെ സഞ്ചാരത്തെയും ഉപയോഗിച്ചാണു പ്രതിനിധാനം ചെയ്തത്.—വെളി 6:2-8.
ഡിസംബർ 30–ജനുവരി 5
ദൈവവചനത്തിലെ നിധികൾ | വെളിപാട് 20-22
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-2-E 249 ¶2
ജീവൻ
അനുസരിക്കുന്ന പക്ഷം ആദാം മരിക്കില്ലെന്നു ദൈവം കൊടുത്ത കല്പന സൂചിപ്പിച്ചു. (ഉൽ 2:17) അതുകൊണ്ട് മനുഷ്യന്റെ അവസാനശത്രുവായ മരണത്തെ നീക്കിക്കളഞ്ഞതിനു ശേഷം, അനുസരണമുള്ള മനുഷ്യവർഗത്തിന്റെ ശരീരങ്ങളിൽ, മരണത്തിന് ഇടയാക്കുന്ന പാപം പ്രവർത്തിക്കില്ല. അനന്തകാലത്തോളം അവർ മരിക്കാതെ ജീവിക്കും. (1കൊ 15:26) 1,000 വർഷം നീളുന്ന ക്രിസ്തുവിന്റെ ഭരണത്തിന്റെ അവസാനമായിരിക്കും മരണത്തെ നീക്കം ചെയ്യുന്നത്. ക്രിസ്തുവിന്റെകൂടെ രാജാക്കന്മാരും പുരോഹിതന്മാരും ആയി സേവിക്കുന്നവർ ജീവനിലേക്കു വന്ന് 1,000 വർഷം ക്രിസ്തുവിന്റെകൂടെ രാജാക്കന്മാരായി ഭരിച്ചു എന്നു വെളിപാട് പുസ്തകം പറയുന്നു. എന്നാൽ “മരിച്ചവരിൽ ബാക്കിയുള്ളവർ” “1,000 വർഷം കഴിയുന്നതുവരെ ജീവനിലേക്കു വന്നില്ല” എന്നു പറയുന്നത് ആരെക്കുറിച്ചാണ്? ക്രിസ്തുവിന്റെ ആയിരം വർഷഭരണത്തിനു ശേഷം, അതേസമയം മനുഷ്യവർഗത്തിന്റെ മേൽ അന്തിമപരിശോധനയ്ക്കായി സാത്താനെ അഴിച്ചുവിടുന്നതിനു മുമ്പ് ഈ ഭൂമിയിലുള്ളവരായിരിക്കണം അവർ. ആയിരം വർഷത്തിന്റെ അവസാനത്തോടെ അവർ പൂർണരാകും, പാപം ചെയ്യുന്നതിനു മുമ്പ് ആദാമിനും ഹവ്വയ്ക്കും ഉണ്ടായിരുന്ന അതേ അവസ്ഥയിൽ അവർ എത്തും. അവരുടേത് ഇപ്പോൾ പൂർണതയുള്ള ജീവനാണ്. കുറച്ച് കാലത്തേക്കു സാത്താനെ അഗാധത്തിൽനിന്ന് മോചിപ്പിച്ച ശേഷം നടക്കുന്ന അന്തിമ പരിശോധനയിൽ വിജയിക്കുന്നവർക്ക് എന്നേക്കുമുള്ള ജീവിതം ആസ്വദിക്കാൻ കഴിയും.—വെളി 20:4-10.
it-2-E 189-190
തീത്തടാകം
ഈ പദപ്രയോഗം വെളിപാട് പുസ്തകത്തിൽ മാത്രമാണു കാണുന്നത്. അതിന്റെ അർഥം എന്താണെന്നു ബൈബിൾതന്നെ പറയുന്നുണ്ട്. നമ്മൾ ഇങ്ങനെ വായിക്കുന്നു: “തീത്തടാകം രണ്ടാം മരണത്തെ അർഥമാക്കുന്നു.”—വെളി 20:14; 21:8.
ഇത് ആലങ്കാരികമാണെന്നതിനു വെളിപാട് പുസ്തകത്തിലെ മറ്റു വാക്യങ്ങൾ നോക്കിയാൽ കൂടുതൽ തെളിവ് ലഭിക്കും. മരണത്തെ തീത്തടാകത്തിലേക്ക് എറിയുന്നതായി പറയുന്നു. (വെളി 19:20; 20:14) മരണത്തെ കത്തിച്ചുകളയാൻ കഴിയില്ല എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. കൂടാതെ, അദൃശ്യനായ സാത്താൻ എന്ന ആത്മവ്യക്തിയെയും തീത്തടാകത്തിലേക്ക് എറിയുമെന്നു പറയുന്നു. ഒരു ആത്മവ്യക്തിയായതുകൊണ്ട് സാത്താനെ അക്ഷരീയമായ തീയിലേക്ക് എറിയാൻ കഴിയില്ലല്ലോ.—വെളി 20:10; പുറ 3:2-ഉം ന്യായ 13:20-ഉം താരതമ്യം ചെയ്യുക.
അങ്ങനെയെങ്കിൽ എന്താണ് തീത്തടാകം? തീത്തടാകം പ്രതിനിധാനം ചെയ്യുന്നത് ‘രണ്ടാം മരണത്തെയാണെന്ന്’ നമ്മൾ കണ്ടു. ഇനി, “മരണത്തെയും” “ശവക്കുഴിയെയും” അതിലേക്ക് എറിഞ്ഞെന്നു വെളിപാട് 20:14 പറയുന്നു. അതുകൊണ്ട് തീത്തടാകം ആദാമിൽനിന്ന് മനുഷ്യവർഗം അവകാശപ്പെടുത്തിയ മരണത്തെയല്ല കുറിക്കുന്നതെന്നു പറയാം. (റോമ 5:12) അതു ശവക്കുഴിയെയുമല്ല അർഥമാക്കുന്നത്. മറ്റൊരു തരം മരണത്തിന്റെ, പുനരുത്ഥാനം ലഭിക്കുകയില്ലാത്ത മരണത്തിന്റെ, പ്രതീകമാണു തീത്തടാകം. അങ്ങനെ പറയാനുള്ള കാരണം എന്താണ്? ബൈബിൾ ഒരിടത്തും “തീത്തടാകം” അതിലുള്ളവരെ തിരിച്ചുകൊടുക്കുന്നതായി പറയുന്നില്ല. അതേസമയം ആദാമിക മരണവും ശവക്കുഴിയും അതിലുള്ളവരെ വിട്ടുകൊടുക്കുന്നതായി പറയുന്നുണ്ട്. (വെളി 20:13) അതുകൊണ്ട് “ജീവന്റെ പുസ്തകത്തിൽ” പേര് എഴുതിയിട്ടില്ലാത്തവരെ, അതായത് ദൈവത്തിന്റെ പരമാധികാരത്തെ ഒരു പശ്ചാത്താപവുമില്ലാതെ എതിർക്കുന്നവരെ, തീത്തടാകത്തിലേക്ക് എറിയുന്നെന്നു പറയുമ്പോൾ അവർക്കു നിത്യനാശം സംഭവിക്കും എന്നാണ് അതിന് അർഥം.—വെളി 20:15.