അധ്യായം പതിമൂന്ന്
യഹോവയുടെ സിംഹാസനത്തിൻ മുമ്പാകെ ഒരു മഹാപുരുഷാരം
1. (എ) ക്രിസ്തീയപൂർവ ദൈവദാസർക്കോ 1,44,000 പേർക്കോ തങ്ങളുടെ പ്രതിഫലം ലഭിക്കുന്നതിനു മുമ്പ് അവർ എന്ത് അനുഭവിക്കേണ്ടതാണ്? (ബി) ഇക്കാലത്തു ജീവിക്കുന്ന “ഒരു മഹാപുരുഷാര”ത്തിന് എന്തു സാധ്യമായിരിക്കും?
ഹാബെൽ മുതൽ യോഹന്നാൻ സ്നാപകൻ വരെയുള്ള വിശ്വസ്ത ദൈവദാസർ ദൈവേഷ്ടം ചെയ്യുന്നതിനു തങ്ങളുടെ ജീവിതത്തിൽ പ്രഥമ സ്ഥാനം നൽകി. എന്നിരുന്നാലും, അവരെല്ലാം മരിച്ചു. ദൈവത്തിന്റെ പുതിയ ലോകത്തിലെ ഭൗമിക ജീവനിലേക്കുള്ള പുനരുത്ഥാനമാണ് അവർക്കു ലഭിക്കാൻ പോകുന്നത്. ദൈവത്തിന്റെ സ്വർഗീയരാജ്യത്തിൽ ക്രിസ്തുവിനോടുകൂടെ ഭരിക്കാനുള്ള 1,44,000 പേരുടെ കാര്യത്തിലും, മരണശേഷം മാത്രമേ അവർക്കു തങ്ങളുടെ പ്രതിഫലം ലഭിക്കുകയുള്ളൂ. എന്നിരുന്നാലും ഈ അന്ത്യനാളുകളിൽ, മരിക്കാതെ ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രതീക്ഷയുള്ള, സകല ജനതകളിൽനിന്നുമുള്ള “ഒരു മഹാപുരുഷാരം” ഉണ്ടായിരിക്കുമെന്നു വെളിപ്പാടു 7:9 പ്രകടമാക്കുന്നു. അവരിൽ ഒരാളാണോ നിങ്ങൾ?
മഹാപുരുഷാരത്തെ തിരിച്ചറിയൽ
2. വെളിപ്പാടു 7:9-ലെ മഹാപുരുഷാരം ആരാണെന്നു വ്യക്തമായി മനസ്സിലാക്കുന്നതിലേക്കു നയിച്ചത് എന്ത്?
2 മത്തായി 25:31-46-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ ഉപമയിലെ ‘ചെമ്മരിയാടുകളും’ യോഹന്നാൻ 10:16-ൽ പരാമർശിച്ചിരിക്കുന്ന ‘വേറെ ആടുകളും’ ഭൂമിയിൽ എന്നേക്കും ജീവിക്കാൻ അവസരം ലഭിക്കുന്ന ആളുകളാണെന്ന് 1923-ൽ യഹോവയുടെ ദാസന്മാർ തിരിച്ചറിഞ്ഞു. യെഹെസ്കേൽ 9:1-11-ൽ, തങ്ങളുടെ നെറ്റികളിൽ അടയാളം കൈക്കൊള്ളുന്നവരായി വർണിച്ചിരിക്കുന്നവരും ഭൗമിക പ്രത്യാശയുള്ളവരാണെന്ന് 1931-ൽ വ്യക്തമാക്കപ്പെട്ടു. പിന്നീട്, 1935-ൽ മഹാപുരുഷാരം യേശു പറഞ്ഞ വേറെ ആടുകളുടെ ഭാഗമായിത്തീരുന്നുവെന്നു മനസ്സിലായി. ഇന്ന് ഈ അനുഗൃഹീത മഹാപുരുഷാരത്തിന്റെ എണ്ണം ദശലക്ഷങ്ങളാണ്.
3. ‘സിംഹാസനത്തിൻ മുമ്പാകെ നിൽക്കുന്നു’ എന്ന പദപ്രയോഗം ഒരു സ്വർഗീയ വർഗത്തെ പരാമർശിക്കുന്നില്ലാത്തത് എന്തുകൊണ്ട്?
3 വെളിപ്പാടു 7:9-ൽ മഹാപുരുഷാരം സ്വർഗത്തിലായിരിക്കുന്നതായി കാണപ്പെടുന്നില്ല. ദൈവത്തിന്റെ ‘സിംഹാസനത്തിൻ മുമ്പിൽ’ നിൽക്കാൻ അവർ സ്വർഗത്തിൽ ആയിരിക്കേണ്ടതില്ല. അവർ ദൈവത്തിന്റെ ദൃഷ്ടിപഥത്തിലാണെന്നേ അതിന് അർഥമുള്ളൂ. (സങ്കീർത്തനം 11:4) മഹാപുരുഷാരത്തെ “ആർക്കും എണ്ണിക്കൂടാത്ത” ഒരു വർഗമായാണു ബൈബിൾ തിരിച്ചറിയിക്കുന്നത്. ആ അനിശ്ചിത സംഖ്യയെ വെളിപ്പാടു 7:4-8-ലും വെളിപ്പാടു 14:1-4-ലും പ്രതിപാദിച്ചിരിക്കുന്ന സുനിശ്ചിത സംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ അതൊരു സ്വർഗീയ വർഗമല്ലെന്നു മനസ്സിലാക്കാൻ കഴിയും. അവിടെ ഭൂമിയിൽനിന്നു സ്വർഗത്തിലേക്ക് എടുക്കപ്പെടുന്നവരുടെ സംഖ്യ 1,44,000 ആണെന്നു വെളിപ്പെടുത്തിയിരിക്കുന്നു.
4. (എ) മഹാപുരുഷാരം അതിജീവിക്കുന്ന ‘മഹോപദ്രവം’ എന്താണ്? (ബി) വെളിപ്പാടു 7:11, 12-ൽ പ്രസ്താവിച്ചിരിക്കുന്ന പ്രകാരം, ആർ മഹാപുരുഷാരത്തെ നിരീക്ഷിക്കുകയും അവരോടുകൂടെ ആരാധനയിൽ പങ്കുപറ്റുകയും ചെയ്യുന്നു?
4 വെളിപ്പാടു 7:14 (NW) മഹാപുരുഷാരത്തെക്കുറിച്ച് “ഇവരാകുന്നു മഹോപദ്രവത്തിൽനിന്നു പുറത്തു വരുന്നവർ” എന്നു പറയുന്നു. മാനവചരിത്രം ഇന്നോളം സാക്ഷ്യം വഹിച്ചിട്ടുള്ളതിലേക്കും ദാരുണമായ അനർഥത്തെ അവർ അതിജീവിക്കുന്നു. (മത്തായി 24:21, NW) തങ്ങളുടെ രക്ഷയ്ക്കായി അവർ ദൈവത്തിനും ക്രിസ്തുവിനും നന്ദി നൽകുമ്പോൾ സ്വർഗത്തിലെ സകല വിശ്വസ്ത ജീവികളും “ആമേൻ; നമ്മുടെ ദൈവത്തിന്നു എന്നെന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും; ആമേൻ” എന്നു പറഞ്ഞുകൊണ്ട് അവരോടു ചേരും.—വെളിപ്പാടു 7:11, 12.
യോഗ്യരെന്നു തെളിയിക്കുന്നു
5. മഹാപുരുഷാരത്തിന്റെ ഭാഗമായിത്തീരാൻ എന്താവശ്യമാണെന്നു നമുക്ക് എങ്ങനെ നിർണയിക്കാനാകും?
5 മഹോപദ്രവ കാലത്ത് മഹാപുരുഷാരത്തിനു സംരക്ഷണം ലഭിക്കുന്നത് യഹോവയുടെ നീതിയുള്ള പ്രമാണങ്ങൾക്കു ചേർച്ചയിലാണ്. വിടുവിക്കപ്പെടുന്നവരെ തിരിച്ചറിയിക്കുന്ന ഗുണങ്ങൾ ബൈബിളിൽ വ്യക്തമായി ചർച്ച ചെയ്തിട്ടുണ്ട്. അങ്ങനെ, അതിജീവനത്തിനു യോഗ്യരെന്നു തെളിയിക്കുക എന്ന ലക്ഷ്യത്തിൽ നീതിസ്നേഹികൾക്ക് ഇപ്പോൾ പ്രവർത്തിക്കുക സാധ്യമാണ്. ഇവർ എന്തു ചെയ്യണം?
6. മഹാപുരുഷാരത്തെ ഉചിതമായി ആടുകളോട് ഉപമിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
6 ആടുകൾ സൗമ്യപ്രകൃതവും കീഴ്പെടൽ സ്വഭാവവും ഉള്ളവയാണ്. അതുകൊണ്ട് സ്വർഗീയ വർഗമല്ലാത്ത വേറെ ആടുകൾ തനിക്കുണ്ടെന്ന് യേശു പറഞ്ഞപ്പോൾ ഭൂമിയിൽ എന്നേക്കും ജീവിക്കാൻ ആഗ്രഹിക്കുന്നതോടൊപ്പം അവന്റെ ഉപദേശങ്ങൾക്കു കീഴ്പെടുകയും ചെയ്യുന്ന ആളുകളെയാണ് അവൻ ഉദ്ദേശിച്ചത്. “എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു, ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു” എന്ന് യേശു പറഞ്ഞു. (യോഹന്നാൻ 10:16, 27, NW) ഇവർ യഥാർഥത്തിൽ യേശു പറയുന്നതു ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്തുകൊണ്ട് അവന്റെ ശിഷ്യരായിത്തീരുന്ന വ്യക്തികളാണ്.
7. യേശുവിന്റെ അനുഗാമികൾ ഏതു ഗുണങ്ങൾ വളർത്തിയെടുക്കേണ്ടതുണ്ട്?
7 യേശുവിന്റെ ഈ അനുഗാമികളിൽ ഓരോരുത്തരും വേറെ ഏതു ഗുണങ്ങൾ വളർത്തിയെടുക്കേണ്ടതുണ്ട്? ദൈവവചനം ഉത്തരം നൽകുന്നു: “മുമ്പിലത്തെ നടപ്പു സംബന്ധിച്ചു . . . പഴയ മനുഷ്യനെ ഉപേക്ഷിച്ചു . . . നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ [“പുതിയ വ്യക്തിത്വം,” NW] ധരിച്ചുകൊൾവിൻ.” (എഫെസ്യർ 4:22-24) ദൈവദാസന്മാരുടെ ഐക്യം ഊട്ടിയുറപ്പിക്കുന്ന ഗുണങ്ങൾ—“സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം”—അവർ വളർത്തിയെടുക്കുന്നു.—ഗലാത്യർ 5:22, 23.
8. ശേഷിപ്പിനെ പിന്തുണയ്ക്കുമ്പോൾ മഹാപുരുഷാരത്തിന് എന്ത് അഭിമുഖീകരിക്കേണ്ടി വരും?
8 പ്രസംഗവേലയിൽ നേതൃത്വം വഹിക്കുന്ന, സ്വർഗീയ പ്രത്യാശയുള്ളവരുടെ ചെറിയ ആട്ടിൻകൂട്ടത്തെ മഹാപുരുഷാരം പിന്തുണയ്ക്കുന്നു. (മത്തായി 24:14; 25:40) ഈ അന്ത്യനാളുകളുടെ തുടക്കത്തിൽ ക്രിസ്തുയേശുവും അവന്റെ ദൂതന്മാരും സാത്താനെയും അവന്റെ ഭൂതങ്ങളെയും സ്വർഗത്തിൽനിന്നു ബഹിഷ്കരിച്ചതു നിമിത്തം എതിർപ്പിനെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് വേറെ ആടുകൾക്ക് അറിയാമെങ്കിലും അവർ ഈ പിന്തുണ കൊടുക്കുന്നു. സ്വർഗത്തിൽനിന്നുള്ള ഈ ബഹിഷ്കരണം “ഭൂമിക്കു . . . അയ്യോ കഷ്ടം” വരുത്തുന്നു, എന്തുകൊണ്ടെന്നാൽ “പിശാചു തനിക്കു അല്പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.” (വെളിപ്പാടു 12:7-12) അങ്ങനെ, ഈ വ്യവസ്ഥിതിയുടെ അന്ത്യം അടുത്തുവരവേ ദൈവദാസരോടുള്ള തന്റെ എതിർപ്പു സാത്താൻ രൂക്ഷമാക്കുന്നു.
9. സുവാർത്ത പ്രസംഗിക്കുന്നതിൽ ദൈവദാസർ എത്രത്തോളം വിജയിച്ചിരിക്കുന്നു, എന്തുകൊണ്ട്?
9 ഹീനമായ എതിർപ്പിൻ മധ്യേയും പ്രസംഗവേല മുന്നേറുന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിൽ ഏതാനും ആയിരങ്ങൾ മാത്രം ഉണ്ടായിരുന്ന രാജ്യപ്രസംഗകരുടെ എണ്ണം ഇപ്പോൾ വർധിച്ച് ദശലക്ഷങ്ങളായിരിക്കുന്നു. കാരണം, “നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല” എന്നു യഹോവ വാഗ്ദാനം ചെയ്തിരിക്കുന്നു. (യെശയ്യാവു 54:17) ദൈവത്തിന്റെ പ്രവൃത്തിയെ പരാജയപ്പെടുത്താനാവില്ലെന്ന് യഹൂദ ഹൈക്കോടതിയിലെ ഒരംഗം പോലും തിരിച്ചറിയുകയുണ്ടായി. ശിഷ്യന്മാരെ സംബന്ധിച്ച് ഒന്നാം നൂറ്റാണ്ടിൽ അദ്ദേഹം പരീശന്മാരോട് ഇങ്ങനെ പറഞ്ഞു: “ആകയാൽ ഈ മനുഷ്യരെ വിട്ടു ഒഴിഞ്ഞു കൊൾവിൻ . . . ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും; ദൈവികം എങ്കിലോ നിങ്ങൾക്കു അതു നശിപ്പിപ്പാൻ കഴികയില്ല; നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ.”—പ്രവൃത്തികൾ 5:38, 39.
10. (എ) മഹാപുരുഷാരത്തിന്റെ മേലുള്ള “അടയാളം” എന്തിനെ അർഥമാക്കുന്നു? (ബി) ‘സ്വർഗത്തിൽനിന്നുള്ള ശബ്ദം’ ദൈവദാസർ അനുസരിക്കുന്നത് എങ്ങനെ?
10 മഹാപുരുഷാരത്തിൽപ്പെട്ടവർ അതിജീവനത്തിന് അടയാളമിടപ്പെട്ടവരായി ചിത്രീകരിക്കപ്പെടുന്നു. (യെഹെസ്കേൽ 9:4-6) അവർ യഹോവയ്ക്കു സമർപ്പിതരാണെന്നും യേശുവിന്റെ ശിഷ്യരായി സ്നാപനമേറ്റിരിക്കുന്നെന്നും ഒരു ക്രിസ്തുസമാന വ്യക്തിത്വം നട്ടുവളർത്താൻ ശ്രമിക്കുന്നെന്നും ഉള്ളതിന്റെ തെളിവാണ് ആ “അടയാളം.” “എന്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടുപോരുവിൻ” എന്നു സാത്താന്റെ ലോകവ്യാപക വ്യാജമത സാമ്രാജ്യത്തെ കുറിച്ചു പറയുന്ന ‘സ്വർഗത്തിൽനിന്നുള്ള ശബ്ദം’ അവർ അനുസരിക്കുന്നു.—വെളിപ്പാടു 18:1-5.
11. മഹാപുരുഷാരത്തിൽപ്പെട്ടവർ തങ്ങൾ യഹോവയുടെ ദാസരാണെന്ന് ഏതു പ്രധാനപ്പെട്ട വിധത്തിൽ പ്രകടമാക്കുന്നു?
11 കൂടാതെ, യേശു തന്റെ അനുഗാമികളോട് ഇപ്രകാരം പറയുകയുണ്ടായി: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.” (യോഹന്നാൻ 13:35) ഇതിനു വിരുദ്ധമായി, ഈ ലോകത്തിന്റെ മതങ്ങളിലെ അംഗങ്ങൾ മിക്കപ്പോഴും മറ്റംഗങ്ങളെ വ്യത്യസ്ത ദേശങ്ങളിൽ പെട്ടവരായതുകൊണ്ടു മാത്രം യുദ്ധങ്ങളിൽ കൊല്ലുന്നു! ദൈവവചനം ഇങ്ങനെ പ്രസ്താവിക്കുന്നു: “ദൈവത്തിന്റെ മക്കൾ ആരെന്നും പിശാചിന്റെ മക്കൾ ആരെന്നും ഇതിനാൽ തെളിയുന്നു; നീതി പ്രവർത്തിക്കാത്തവൻ ആരും സഹോദരനെ സ്നേഹിക്കാത്തവനും ദൈവത്തിൽനിന്നുള്ളവനല്ല. . . . നാം അന്യോന്യം സ്നേഹിക്കേണം. . . . കയീൻ ദുഷ്ടനിൽനിന്നുള്ളവനായി സഹോദരനെ കൊന്നതുപോലെ അല്ല.”—1 യോഹന്നാൻ 3:10-12.
12. ആകാത്ത ഫലം പുറപ്പെടുവിക്കുന്ന മതപരമായ ‘വൃക്ഷങ്ങ’ളോടു മഹോപദ്രവത്തിൽ യഹോവ എങ്ങനെ ഇടപെടും?
12 യേശു ഇങ്ങനെ പ്രഖ്യാപിച്ചു: “നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്ക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു. നല്ല വൃക്ഷത്തിന്നു ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിന്നു നല്ല ഫലവും കായ്പാൻ കഴികയില്ല. നല്ല ഫലം കായ്ക്കാത്ത വൃക്ഷം ഒക്കെയും വെട്ടി തീയിൽ ഇടുന്നു. ആകയാൽ അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും.” (മത്തായി 7:17-20) ഈ ലോകത്തിന്റെ മതങ്ങൾ പുറപ്പെടുവിക്കുന്ന ഫലം അവയെ ആകാത്ത ‘വൃക്ഷങ്ങൾ’ ആയി തിരിച്ചറിയിക്കുന്നു, യഹോവ താമസിയാതെ മഹോപദ്രവത്തിൽ അവയെ നശിപ്പിക്കും.—വെളിപ്പാടു 17:16.
13. യഹോവയുടെ ‘സിംഹാസനത്തിൻ മുമ്പാകെ’ ഏകീകൃതരായി നിലകൊള്ളുന്നു എന്ന് മഹാപുരുഷാരം പ്രകടമാക്കുന്നത് എങ്ങനെ?
13 വെളിപ്പാടു 7:9-15 മഹാപുരുഷാരത്തിന്റെ സംരക്ഷണത്തിലേക്കു നയിക്കുന്ന ഘടകങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു. യഹോവയുടെ അഖിലാണ്ഡ പരമാധികാരത്തെ ഉയർത്തിപ്പിടിച്ചുകൊണ്ട് അവർ ഏകീകൃതരായി അവന്റെ ‘സിംഹാസനത്തിൻ മുമ്പാകെ’ നിൽക്കുന്നതായി കാണിക്കപ്പെട്ടിരിക്കുന്നു. അവർ “കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു,” യേശുവിന്റെ പാപപരിഹാര ബലിയെ അവർ അംഗീകരിക്കുന്നതായി അതു പ്രകടമാക്കുന്നു. (യോഹന്നാൻ 1:29) അവർ ദൈവത്തിനു തങ്ങളെത്തന്നെ സമർപ്പിക്കുകയും ജലസ്നാപനത്താൽ അതിനെ പ്രതീകപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട് അവർ ദൈവമുമ്പാകെ വെള്ള നിലയങ്കികളാൽ ചിത്രീകരിക്കപ്പെടുന്ന ശുദ്ധമായ ഒരു നിലപാട് ആസ്വദിക്കുന്നു, കൂടാതെ അവർ “രാപ്പകൽ അവനെ ആരാധിക്കുന്നു.” നിങ്ങളുടെ ജീവിതത്തെ ഇവിടെ വർണിച്ചിരിക്കുന്നതിനോട് ഇനിയും കൂടുതൽ ചേർച്ചയിൽ വരുത്തേണ്ടതുണ്ടോ?
ഇപ്പോഴത്തെ പ്രയോജനങ്ങൾ
14. ഇപ്പോൾപ്പോലും യഹോവയുടെ ദാസർക്കു ലഭിക്കുന്ന അതുല്യ പ്രയോജനങ്ങളിൽ ചിലത് ഏവ?
14 യഹോവയെ സേവിക്കുന്നവർക്ക് ഇപ്പോൾപ്പോലും ലഭിക്കുന്ന അതുല്യ പ്രയോജനങ്ങൾ നിങ്ങൾ നിരീക്ഷിച്ചിരിക്കാം. ഉദാഹരണത്തിന്, നിങ്ങൾ യഹോവയുടെ നീതിയുള്ള ഉദ്ദേശ്യങ്ങളെ കുറിച്ചു പഠിച്ചപ്പോൾ, ശോഭനമായ ഒരു ഭാവി പ്രത്യാശ ഉണ്ടെന്നു നിങ്ങൾ മനസ്സിലാക്കി. അതുകൊണ്ട് ഇപ്പോൾ നിങ്ങൾക്ക് ഒരു യഥാർഥ ജീവിതോദ്ദേശ്യം ഉണ്ട്—ഒരു പറുദീസാ ഭൂമിയിലെ നിത്യജീവന്റെ സന്തോഷപൂർണമായ പ്രതീക്ഷയോടെ സത്യദൈവത്തെ സേവിക്കുക എന്നതുതന്നെ. അതേ, രാജാവായ യേശുക്രിസ്തു ‘[മഹാപുരുഷാരത്തെ] മേച്ചു ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തും.’—വെളിപ്പാടു 7:17.
15. രാഷ്ട്രീയവും ധാർമികവുമായ കാര്യങ്ങളിൽ ബൈബിൾ തത്ത്വങ്ങൾ മുറുകെപ്പിടിക്കുന്നതിനാൽ യഹോവയുടെ സാക്ഷികൾക്കു പ്രയോജനം കിട്ടുന്നത് എങ്ങനെ?
15 മഹാപുരുഷാരം അനുഭവിക്കുന്ന അതിമഹത്തായ ഒരു പ്രയോജനം യഹോവയുടെ ദാസന്മാരുടെ ഇടയിൽ ഭൂവ്യാപകമായി കാണുന്ന സ്നേഹവും ഐക്യവും യോജിപ്പുമാണ്. നമ്മളെല്ലാം ഒരേ ആത്മീയാഹാരം ഭക്ഷിക്കുന്നതിനാൽ നമ്മളെല്ലാം ദൈവവചനത്തിലെ ഒരേ നിയമങ്ങളും തത്ത്വങ്ങളും അനുസരിക്കുന്നു. അതുകൊണ്ടാണു നമ്മൾ രാഷ്ട്രീയമോ ദേശീയമോ ആയ പ്രത്യയശാസ്ത്രങ്ങളാൽ ഭിന്നിച്ചു പോകാത്തത്. മാത്രവുമല്ല, ദൈവം തന്റെ ജനത്തിൽനിന്ന് ആവശ്യപ്പെടുന്ന ഉയർന്ന ധാർമിക നിലവാരങ്ങളും നാം പിൻപറ്റുന്നു. (1 കൊരിന്ത്യർ 6:9-11) അങ്ങനെ, ലോകത്തിൽ പ്രബലപ്പെട്ടിരിക്കുന്ന ശണ്ഠ, അനൈക്യം, അധാർമികത എന്നിവയ്ക്കു വശംവദരാകുന്നതിനു പകരം യഹോവയുടെ ജനം ഒരു ആത്മീയ പറുദീസാവസ്ഥ ആസ്വദിക്കുന്നു. ഇതിനെ യെശയ്യാവു 65:13, 14-ൽ വർണിച്ചിരിക്കുന്നത് എങ്ങനെയെന്നു ശ്രദ്ധിക്കുക.
16. മഹാപുരുഷാരത്തിനു പൊതുവായ ജീവിത പ്രശ്നങ്ങൾ ഉണ്ടെങ്കിലും, അവർക്ക് എന്തു പ്രത്യാശയുണ്ട്?
16 യഹോവയുടെ മാനുഷദാസന്മാർ പൂർണരല്ല എന്നതു ശരിതന്നെ. ഈ ലോകജീവിതത്തിൽ സാധാരണമായ പ്രശ്നങ്ങൾ അവരെയും ബാധിക്കുന്നു, ചിലർ കഷ്ടതകൾ അനുഭവിക്കുന്നു, മറ്റു ചിലർ രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങളുടെ നിർദോഷികളായ ഇരകളായിത്തീരുന്നു. അവർ രോഗങ്ങളെയും കഷ്ടപ്പാടുകളെയും മരണത്തെയും അഭിമുഖീകരിക്കുന്നു. എന്നാൽ പുതിയ ലോകത്തിൽ ദൈവം ‘തങ്ങളുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയുമെന്നും ഇനി മരണം ഉണ്ടാകയില്ലെന്നും ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ലെന്നും’ ഉള്ള വിശ്വാസം അവർക്കുണ്ട്.—വെളിപ്പാടു 21:4.
17. നമുക്ക് ഇപ്പോൾ എന്തു സംഭവിച്ചാലും, മഹത്തായ ഏതു ഭാവിയാണ് തന്റെ ആരാധകർക്കായി സത്യദൈവം കരുതി വെച്ചിരിക്കുന്നത്?
17 വാർധക്യത്താലോ രോഗത്താലോ അപകടത്താലോ പീഡനത്താലോ ഇപ്പോൾ നിങ്ങളുടെ ജീവൻ നഷ്ടമാകുന്നെങ്കിൽപ്പോലും, യഹോവ പറുദീസയിലെ ജീവിതത്തിലേക്കു നിങ്ങളെ പുനരുത്ഥാനപ്പെടുത്തും. (പ്രവൃത്തികൾ 24:15) അന്ന് ക്രിസ്തുവിന്റെ സഹസ്രാബ്ദ വാഴ്ചക്കാലത്ത് നിങ്ങൾ ആത്മീയ വിരുന്ന് ആസ്വദിക്കുന്നതിൽ തുടരും. ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ മഹത്തായ സാക്ഷാത്കാരത്തിലേക്കു വരുന്നതു കാണുമ്പോൾ ദൈവത്തോടുള്ള നിങ്ങളുടെ സ്നേഹത്തിന്റെ ആഴം വർധിക്കും. ദൈവം അന്നു പ്രദാനം ചെയ്യുന്ന ഭൗതിക അനുഗ്രഹങ്ങൾ അവനോടുള്ള നിങ്ങളുടെ സ്നേഹത്തെ പിന്നെയും ആഴമേറിയതാക്കും. (യെശയ്യാവു 25:6-9) എത്ര മഹത്തായ ഭാവിയാണ് തന്റെ ജനത്തിനായി ദൈവം കരുതി വെച്ചിരിക്കുന്നത്!
പുനരവലോകന ചർച്ച
• ഏത് അസാധാരണ സംഭവത്തോടാണ് ബൈബിൾ മഹാപുരുഷാരത്തെ ബന്ധപ്പെടുത്തുന്നത്?
• ദിവ്യപ്രീതിക്കു പാത്രമായ ആ മഹാപുരുഷാരത്തിന്റെ ഭാഗമായിരിക്കാൻ നാം യഥാർഥത്തിൽ ആഗ്രഹിക്കുന്നെങ്കിൽ, നാം ഇപ്പോൾ എന്തു ചെയ്യണം?
• മഹാപുരുഷാരം ഇപ്പോൾ ആസ്വദിക്കുന്നതും പുതിയ ലോകത്തിൽ ആസ്വദിക്കാൻ പോകുന്നതുമായ അനുഗ്രഹങ്ങൾ നിങ്ങൾക്ക് എത്ര പ്രധാനമാണ്?
[123-ാം പേജിലെ ചിത്രം]
മഹാപുരുഷാരത്തിൽപ്പെട്ട ദശലക്ഷങ്ങൾ ഏകീകൃതരായി സത്യദൈവത്തെ ആരാധിക്കുന്നു