വിശുദ്ധ സേവനം അർപ്പിക്കുന്ന ഒരു മഹാപുരുഷാരം
“അവർ അവന്റെ ആലയത്തിൽ രാപകൽ അവനു വിശുദ്ധ സേവനം അർപ്പിക്കുന്നു.”—വെളിപാട് 7:15, NW.
1. ആത്മീയ ഗ്രാഹ്യത്തിന്റെ ഏതു നാഴികക്കല്ലിലാണ് 1935-ൽ എത്തിച്ചേർന്നത്?
വാഷിങ്ടൻ ഡി.സി.യിൽ 1935 മേയ് 31-നു നടന്ന ഒരു കൺവെൻഷനിൽ പങ്കെടുത്ത പ്രതിനിധികളുടെയിടയിൽ ഒരു വലിയ സന്തോഷം പ്രകടമായി. അവിടെവച്ച് ആദ്യമായി ബൈബിളിലെ മററു ഭാഗങ്ങൾക്കു ചേർച്ചയിലും അതിനോടകം ഉരുത്തിരിയാൻ തുടങ്ങിയ സംഭവങ്ങൾക്കു ചേർച്ചയിലും വെളിപാട 7:9-ലെ മഹാസംഘം (അഥവാ മഹാപുരുഷാരം) വ്യക്തമായി തിരിച്ചറിയിക്കപ്പെടുകയുണ്ടായി.
2. തങ്ങളെ ദൈവം സ്വർഗീയ ജീവനിലേക്കു വിളിച്ചിട്ടില്ലെന്നു വർധിച്ചുവരുന്ന ഒരു സംഖ്യ തിരിച്ചറിഞ്ഞുവെന്നു സൂചിപ്പിക്കുന്നതെന്ത്?
2 ആ സംഭവത്തിന് ഏതാണ്ട് ആറ് ആഴ്ചമുമ്പ് യഹോവയുടെ സാക്ഷികളുടെ സഭകളിൽ കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന്റെ ആഘോഷത്തിൽ സന്നിഹിതരായിരുന്നവരിൽ 10,681 പേർ (ഏതാണ്ട് 6-ൽ 1 വീതം) ചിഹ്നങ്ങളായ അപ്പത്തിലും വീഞ്ഞിലും പങ്കുകൊണ്ടില്ല. അതിൽ 3,688 പേർ ദൈവരാജ്യത്തിന്റെ സജീവ പ്രഘോഷകരായിരുന്നു. അവർ ചിഹ്നങ്ങളിൽ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ തങ്ങൾ ബൈബിളിൽനിന്നു പഠിച്ചതിന്റെ അടിസ്ഥാനത്തിൽ, ദൈവം തങ്ങളെ സ്വർഗീയ ജീവനിലേക്കു ക്ഷണിച്ചിട്ടില്ല, മറിച്ച്, യഹോവയുടെ കരുതലുകളിൽ തങ്ങൾക്കു മറെറാരുവിധത്തിൽ പങ്കുപററാമെന്ന് അവർ തിരിച്ചറിഞ്ഞിരുന്നു. തൻമൂലം, ആ കൺവെൻഷനിൽ പ്രസംഗകൻ, “ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രതീക്ഷയുള്ള എല്ലാവരും ദയവായി എഴുന്നേററുനിൽക്കുമോ” എന്നു ചോദിച്ചപ്പോൾ എന്തു സംഭവിച്ചു? ആയിരങ്ങൾ എഴുന്നേററുനിന്നു, അതേത്തുടർന്ന് സദസ്യരുടെ നീണ്ടുനിന്ന കരഘോഷമുണ്ടായി.
3. മഹാസംഘത്തെ തിരിച്ചറിഞ്ഞത് വയൽശുശ്രൂഷയ്ക്കു പ്രചോദനമേകിയതെന്തുകൊണ്ട്, അതേപ്പററി സാക്ഷികൾക്ക് എപ്രകാരം അനുഭവപ്പെട്ടു?
3 പ്രതിനിധികൾ കൺവെൻഷനിൽ പഠിച്ച കാര്യങ്ങൾ ശുശ്രൂഷയ്ക്കു പ്രചോദനമേകി. ഇപ്പോൾ, ഈ പഴയ വ്യവസ്ഥിതിയുടെ സമാപനത്തിനു മുമ്പ് വെറും ആയിരങ്ങൾക്കു മാത്രമല്ല മറിച്ച്, ആളുകളുടെ ഒരു മഹാസംഘത്തിന് ഒരു പറുദീസാ ഭൂമിയിൽ എന്നേക്കും ജീവിക്കാനുള്ള ലക്ഷ്യത്തിൽ ജീവൻ സംരക്ഷിക്കാൻ യഹോവയുടെ ക്രമീകരണത്തിലേക്കു വന്നുചേരുന്നതിന് അവസരം നൽകപ്പെടുമെന്ന് അവർ മനസ്സിലാക്കാനിടയായി. സത്യസ്നേഹികളായ ആളുകളെ സംബന്ധിച്ചിടത്തോളം എത്രയോ ഹൃദയോഷ്മളമായ സന്ദേശമായിരുന്നു അവിടെ അവതരിപ്പിച്ചത്! മഹത്തായ ഒരു വേല—സന്തുഷ്ടദായകമായ ഒരു വേല—ചെയ്യേണ്ടതായിട്ടുണ്ടെന്നു യഹോവയുടെ സാക്ഷികൾ തിരിച്ചറിഞ്ഞു. “ആ സമ്മേളനം നമുക്ക് അത്യധികം സന്തോഷത്തിനു വക നൽകി” എന്നു ഭരണസംഘത്തിലെ അംഗമായിത്തീർന്ന ജോൺ ബൂത്ത് വർഷങ്ങൾക്കുശേഷം അനുസ്മരിക്കുകയുണ്ടായി.
4. (എ) 1935 മുതൽ എന്തളവിലാണു മഹാപുരുഷാരത്തിന്റെ കൂട്ടിച്ചേർപ്പു നടന്നിട്ടുള്ളത്? (ബി) തങ്ങളുടേതു ജീവനുള്ള വിശ്വാസമാണെന്ന് ഏതുവിധത്തിലാണു മഹാപുരുഷാരത്തിൽപ്പെട്ടവർ തെളിവു നൽകുന്നത്?
4 അതേത്തുടർന്നുള്ള വർഷങ്ങളിൽ യഹോവയുടെ സാക്ഷികളുടെ സംഖ്യ നാടകീയമായി കുതിച്ചുയർന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് അവരുടെമേൽ ക്രൂരമായ പീഡനങ്ങൾ കുന്നുകൂടിയിട്ടും ഒരു ദശകത്തിനുള്ളിൽ അവരുടെ സംഖ്യ ഏതാണ്ട് മൂന്നിരട്ടിയായി. 1935-ൽ പരസ്യ സാക്ഷ്യം നൽകിക്കൊണ്ടിരുന്ന 56,153 സാക്ഷികൾ 1994 ആയപ്പോഴേക്കും 230 ദേശങ്ങളിലായി 49,00,000-ത്തിലധികം രാജ്യപ്രഘോഷകരായി വർധിച്ചു. ഇവരിൽ വലിയ ഭൂരിപക്ഷം ഒരു പറുദീസാ ഭൂമിയിൽ പരിപൂർണതയിൽ ജീവൻ കരസ്ഥമാക്കാൻ യഹോവ അംഗീകരിക്കുന്നവരിൽ ഉൾപ്പെടുന്നവരായിരിക്കാൻ അതീവതത്പരതയോടെ പ്രതീക്ഷിച്ചിരിക്കുന്നു. ചെറിയ ആട്ടിൻകൂട്ടവുമായി തുലനം ചെയ്യുമ്പോൾ അവർ വാസ്തവമായും ഒരു മഹാപുരുഷാരം തന്നെ. വിശ്വാസമുണ്ടെന്ന് അവകാശപ്പെടുകയും അതേസമയം അതു പ്രകടമാക്കാതിരിക്കുകയും ചെയ്യുന്ന ആളുകളല്ല അവർ. (യാക്കോബ് 1:22; 2:14-17) അവരെല്ലാം ദൈവരാജ്യത്തെപ്പറിയുള്ള സുവാർത്ത മററുള്ളവരുമായി പങ്കിടുന്നു. നിങ്ങൾ സന്തുഷ്ടരായ ആ ജനസമൂഹത്തിൽപ്പെട്ട ഒരാളാണോ? ഒരു സജീവ സാക്ഷിയായിരിക്കുക എന്നത് സുപ്രധാനമായ തിരിച്ചറിയിക്കൽ അടയാളമാണ്. എന്നാൽ അതിലുമധികം ഉൾപ്പെടുന്നുണ്ട്.
‘സിംഹാസനത്തിനു മുമ്പാകെ നിൽക്കൽ’
5. മഹാപുരുഷാരം “സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നിൽക്കു”കയാണെന്ന വസ്തുത എന്തു സൂചിപ്പിക്കുന്നു?
5 അപ്പോസ്തലനായ യോഹന്നാനു നൽകിയ ദർശനത്തിൽ അവർ “സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നിൽക്കുന്നതു” അവൻ കണ്ടു. (വെളിപാട് 7:9, NW) ഈ സന്ദർഭത്തിൽ വിവരിച്ചിരിക്കുന്ന, ദൈവസിംഹാസനത്തിനു മുമ്പാകെയുള്ള അവരുടെ നിൽപ്പ്, അവർ യഹോവയുടെ പരമാധികാരത്തിനു മുഴു അംഗീകാരവും നൽകുന്നുവെന്നതിനു സൂചന നൽകുന്നു. ഇതിൽ അനേകം സംഗതികൾ ഉൾപ്പെടുന്നു; ഉദാഹരണത്തിന്: (1) തന്റെ ദാസൻമാരുടെ കാര്യത്തിൽ ശരിയും തെററും എന്താണെന്ന തീരുമാനമെടുക്കുന്നതിനുള്ള യഹോവയുടെ അധികാരത്തെ അവർ അംഗീകരിക്കുന്നു. (ഉല്പത്തി 2:16, 17; യെശയ്യാവു 5:20, 21) (2) യഹോവ തന്റെ വചനത്തിലൂടെ തങ്ങളോടു സംസാരിക്കുമ്പോൾ അവർ അവനു ചെവിചായ്ക്കുന്നു. (ആവർത്തനപുസ്തകം 6:1-3; 2 പത്രൊസ് 1:19-21) (3) യഹോവ മേൽവിചാരണ ഏൽപ്പിച്ചിരിക്കുന്നവർക്കു കീഴടങ്ങുന്നതിന്റെ പ്രാധാന്യം അവർ വിലമതിക്കുന്നു. (1 കൊരിന്ത്യർ 11:3; എഫെസ്യർ 5:22, 23; 6:1-3; എബ്രായർ 13:17) (4) അപൂർണരെങ്കിലും ദിവ്യാധിപത്യ മാർഗനിർദേശത്തോട് മുറുമുറുപ്പു കൂടാതെ ഹൃദയപൂർവം സത്വരം പ്രതികരിക്കാൻ അവർ ആത്മാർഥമായി ശ്രമിക്കുന്നു. (സദൃശവാക്യങ്ങൾ 3:1; യാക്കോബ് 3:17, 18) തങ്ങൾ ആഴമായി ആദരിക്കുകയും ഗാഢമായി സ്നേഹിക്കുകയും ചെയ്യുന്ന യഹോവക്കു വിശുദ്ധ സേവനം അർപ്പിക്കുന്നതിനാണ് അവർ സിംഹാസനത്തിനു മുമ്പാകെ നിൽക്കുന്നത്. മഹാപുരുഷാരത്തെ സംബന്ധിച്ചിടത്തോളം സിംഹാസനത്തിനു മുമ്പാകെ “നിൽക്കുന്നതു” സിംഹാസനത്തിൽ ഇരിക്കുന്നവന്റെ അംഗീകാരത്തെ സൂചിപ്പിക്കുന്നു. (താരതമ്യം ചെയ്യുക: വെളിപ്പാടു 6:16, 17.) എന്തിനെ അടിസ്ഥാനപ്പെടുത്തിയുള്ള അംഗീകാരം?
‘വെള്ളനിലയങ്കി ധരിച്ച്’
6. (എ) മഹാപുരുഷാരത്തിൽപ്പെട്ട അംഗങ്ങൾ “വെള്ളനിലയങ്കി ധരിച്ചു” നിൽക്കുന്നുവെന്നത് എന്തർഥമാക്കുന്നു? (ബി) മഹാപുരുഷാരം ദൈവ മുമ്പാകെ ഒരു നീതിനിഷ്ഠമായ നില പ്രാപിക്കുന്നതെങ്ങനെ? (സി) ക്രിസ്തുവിന്റെ ചൊരിയപ്പെട്ട രക്തത്തിലുള്ള വിശ്വാസം മഹാപുരുഷാരത്തിൽപ്പെട്ടവരുടെ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നു?
6 താൻ കണ്ട കാര്യത്തെക്കുറിച്ചുള്ള വിവരണത്തിൽ ഈ മഹാപുരുഷാരത്തിൽപ്പെട്ട അംഗങ്ങൾ “വെള്ളനിലയങ്കി ധരിച്ചു” നിൽക്കുന്നുവെന്ന് അപ്പോസ്തലനായ യോഹന്നാൻ പറയുന്നു. ആ വെള്ളനിലയങ്കി, ദൈവ മുമ്പാകെയുള്ള അവരുടെ ഒരു ശുദ്ധമായ, നീതിനിഷ്ഠമായ നിലയെ പ്രതീകപ്പെടുത്തുന്നു. അത്തരമൊരു നിലപാട് അവരെങ്ങനെയാണു നേടിയെടുത്തത്? യോഹന്നാന്റെ ദർശനത്തിൽ അവർ ‘കുഞ്ഞാടിനു മുമ്പാകെ’ നിൽക്കുകയായിരുന്നുവെന്നു നാം നേരത്തെതന്നെ നിരീക്ഷിച്ചു കഴിഞ്ഞു. അവർ യേശുക്രിസ്തുവിനെ “ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു” ആയി തിരിച്ചറിയുന്നു. (യോഹന്നാൻ 1:29) ദർശനത്തിൽ ദൈവ സിംഹാസനത്തിനു മുമ്പാകെ സന്നിഹിതനായിരുന്ന മൂപ്പൻമാരിലൊരാൾ ഇങ്ങനെ വിശദീകരിക്കുന്നതു യോഹന്നാൻ കേട്ടു: “ഇവർ . . . കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു. അതുകൊണ്ട് അവർ ദൈവത്തിന്റെ സിംഹാസനത്തിൻമുമ്പിൽ ഇരുന്നു.” (വെളിപ്പാടു 7:14, 15) ആലങ്കാരികമായിപ്പറഞ്ഞാൽ അവർ തങ്ങളുടെ അങ്കികൾ ക്രിസ്തുവിന്റെ വീണ്ടെടുപ്പിൻ രക്തത്തിൽ അലക്കി വെളുപ്പിച്ചിരിക്കുന്നു. മറുവില സംബന്ധിച്ചുള്ള ബൈബിൾ പഠിപ്പിക്കലിൽ അവർ വെറും ബൗദ്ധിക സമ്മതം മൂളുകയല്ല ചെയ്യുന്നത്. അതിനോടുള്ള വിലമതിപ്പ് അവർ ഉള്ളിൽ ഏതുതരം വ്യക്തികളാണെന്നതിനെ ആശ്രയിച്ചിരിക്കുന്നു; തൻമൂലം ‘ഹൃദയംകൊണ്ടാ’ണ് അവർ വിശ്വാസം പ്രകടമാക്കുന്നത്. (റോമർ 10:9, 10) ഇത് അവർ തങ്ങളുടെ ജീവിതം എന്തിനുവേണ്ടി ഉപയോഗിക്കുന്നു എന്ന കാര്യത്തിൽ ദൂരവ്യാപകമായ ഫലം ചെയ്യുന്നു. വിശ്വാസപൂർവം അവർ ക്രിസ്തുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ തങ്ങളെത്തന്നെ യഹോവക്കു സമർപ്പിക്കുകയും ആ സമർപ്പണത്തെ ജലനിമജ്ജനത്താൽ പ്രതീകപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെ ദൈവവുമായി ഒരു അംഗീകൃത ബന്ധം ആസ്വദിക്കാൻ ഇടയാകുന്നു. എന്തോരു ശ്രേഷ്ഠ പദവി—കരുതലോടെ കാത്തുപരിപാലിക്കേണ്ട ഒന്നുതന്നെ!—2 കൊരിന്ത്യർ 5:14, 15.
7, 8. മഹാപുരുഷാരത്തെ തങ്ങളുടെ നിലയങ്കി മലീമസപ്പെടുത്താതിരിക്കുന്നതിനു യഹോവയുടെ സ്ഥാപനം സഹായിച്ചിട്ടുള്ളതെങ്ങനെ?
7 അവരുടെ നിലനിൽക്കുന്ന ക്ഷേമത്തിലുള്ള സ്നേഹപുരസ്സരമായ കരുതൽ മൂലം യഹോവയുടെ സ്ഥാപനം ഒരുവന്റെ തിരിച്ചറിയിക്കൽ അങ്കികളിൽ പാടുവീഴ്ത്തുകയോ മലീമസമാക്കുകയോ ചെയ്യുന്ന മനോഭാവവും നടത്തയും സംബന്ധിച്ച് ആവർത്തിച്ചാവർത്തിച്ചു സൂചിപ്പിച്ചിട്ടുണ്ട്. തൻമൂലം, പുറമേ നടിച്ചാൽക്കൂടെ ഒരു വ്യക്തി വെളിപാട് 7:9, 10-ൽ നൽകിയിരിക്കുന്ന പ്രാവചനിക വിവരണവുമായി ഒത്തുപോവുകയില്ല. (1 പത്രൊസ് 1:15, 16) മററുള്ളവരോടു പ്രസംഗിക്കുകയും പ്രസംഗവേലയിലല്ലാത്ത സമയത്തു പരസംഗം, വ്യഭിചാരം എന്നിവപോലുള്ള നടപടികളിൽ ഏർപ്പെടുകയും ചെയ്യുന്നതു തികച്ചും അനുചിതമായിരിക്കുമെന്നു നേരത്തെ പ്രസിദ്ധീകരിച്ച സംഗതികൾക്കു വീണ്ടും ഊന്നൽ നൽകിക്കൊണ്ട് 1941-ലും അതിനുശേഷവും പ്രസിദ്ധീകരിച്ച വീക്ഷാഗോപുരം ആവർത്തിച്ചാവർത്തിച്ചു കാണിക്കുകയുണ്ടായി. (1 തെസ്സലൊനീക്യർ 4:3; എബ്രായർ 13:4) വിവാഹം സംബന്ധിച്ചുള്ള യഹോവയുടെ പ്രമാണങ്ങൾ എല്ലാ ദേശങ്ങൾക്കും ബാധകമാണ്; പ്രാദേശിക ആചാരങ്ങൾ എന്തുതന്നെ അനുവദിച്ചാലും ബഹുഭാര്യത്വം ആചരിക്കുന്നവർക്കു യഹോവയുടെ സാക്ഷികളായിരിക്കാനാവില്ല എന്ന് 1947-ൽ ഊന്നിപ്പറഞ്ഞു.—മത്തായി 19:4-6; തീത്തൊസ് 1:5, 6.
8 യഹോവയുടെ സാക്ഷികൾ തങ്ങൾ എവിടെയായിരുന്നാലും ശരി—രാജ്യഹാളിൽ മാത്രമല്ല മറിച്ച്, ലൗകിക തൊഴിൽ ചെയ്യുന്നിടത്തോ പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ അകന്നുകിടക്കുന്ന പ്രദേശത്തോ എവിടെയായിരുന്നാലും—പുകയിലയുടെ ദുരുപയോഗംപോലുള്ള ദുഷിച്ച ആചാരനടപടികളിൽനിന്ന് അകന്നു നിൽക്കണമെന്ന് 1973-ൽ ലോകവ്യാപകമായി പ്രകടമാക്കി. (2 കൊരിന്ത്യർ 7:1) ദൈവമുമ്പാകെ ശുദ്ധമായ നില നിലനിർത്തുന്നതിന് കപട ജീവിതം നയിക്കാതിരിക്കാൻ സൂക്ഷിക്കണമെന്നു ക്രിസ്തീയ യുവാക്കൾ 1987-ലെ ഒരു ഡിസ്ട്രിക്ററ് കൺവെൻഷനിൽ ശക്തമായി ബുദ്ധ്യുപദേശിക്കപ്പെട്ടു. (സങ്കീർത്തനം 26:1, 4) ലോകത്തിന്റെ ആത്മാവിന്റെ വ്യത്യസ്ത വശങ്ങളെക്കുറിച്ചു വീക്ഷാഗോപുരം വീണ്ടും വീണ്ടും മുന്നറിയിപ്പു നൽകി, കാരണം, “പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തി”യിൽ “ലോകത്താലുള്ള കളങ്കം പററാതവണ്ണം തന്നെത്താൻ കാത്തുകൊള്ളുന്നതും” ഉൾപ്പെട്ടിരിക്കുന്നു.—യാക്കോബ് 1:27.
9. മഹോപദ്രവത്തിനുശേഷം യഥാർഥത്തിൽ, അംഗീകൃത ദാസൻമാരായി സിംഹാസനത്തിനു മുമ്പാകെ ആർ നിൽക്കും?
9 ആത്മീയവും ധാർമികവുമായി ശുദ്ധിയോടെ ജീവിക്കാൻ തക്കവണ്ണം പ്രേരണയേകുന്ന വിശ്വാസമുള്ളവരാണു വരാൻപോകുന്ന മഹോപദ്രവത്തിനുശേഷം ദൈവത്തിന്റെ അംഗീകൃത ദാസൻമാരായി ‘സിംഹാസനത്തിനു മുമ്പാകെ നിൽക്കുന്ന’ത്. ക്രിസ്തീയ ജീവിതത്തിനു തുടക്കമിടുകമാത്രമല്ല അതിൽ നിലനിൽക്കുകയും ചെയ്യുന്ന ജനങ്ങളാണ് ഇവർ.—എഫെസ്യർ 4:24.
“കയ്യിൽ കുരുത്തോലയുമായി”
10. മഹാപുരുഷാരത്തിന്റെ കയ്യിൽ പിടിച്ചിരിക്കുന്നതായി യോഹന്നാൻ കണ്ട കുരുത്തോലയുടെ പ്രത്യേകതയെന്ത്?
10 അപ്പോസ്തലനായ യോഹന്നാൻ നിരീക്ഷിച്ച പ്രകാരം മഹാപുരുഷാരത്തിന്റെ മഹത്തായ സവിശേഷതകളിൽ ഒന്ന് അവർ “കയ്യിൽ കുരുത്തോലയുമായി” നിൽക്കുന്നുവെന്നതാണ്. അതിന്റെ പ്രാധാന്യമെന്താണ്? നിസ്സംശയമായും, ആ കുരുത്തോലകൾ വേനൽക്കാല വിളവെടുപ്പിനെത്തുടർന്ന് യഹൂദ കലണ്ടറിലെ ഏററവും ഉല്ലാസഭരിതമായ ഉത്സവമായിരുന്ന യഹൂദരുടെ കൂടാരപ്പെരുന്നാളിനെക്കുറിച്ചു യോഹന്നാനെ അനുസ്മരിപ്പിക്കുന്നു. ന്യായപ്രമാണത്തിനു ചേർച്ചയിൽ ഉത്സവക്കാലത്തു താമസിക്കുന്നതിനുവേണ്ടി ഈത്തപ്പനയുടെ കുരുത്തോലയും വൃക്ഷങ്ങളുടെ കൊമ്പും ഉപയോഗിച്ചിരുന്നു. (ലേവ്യപുസ്തകം 23:39, 40; നെഹെമ്യാവു 8:14-18) ആലയത്തിൽ സ്തുതിഗീതങ്ങൾ ആലപിക്കുന്ന സമയത്തും ആരാധകർ അവ വീശുമായിരുന്നു. (സങ്കീർത്തനങ്ങൾ 113-118) മഹാപുരുഷാരം കുരുത്തോല വീശുന്നത് യോഹന്നാനെ മറെറാരു കാര്യംകൂടെ ഓർമിപ്പിച്ചിരിക്കാൻ ഇടയുണ്ട്. യേശു യെരുശലേമിലേക്കു പ്രവേശിച്ചപ്പോൾ ആരാധകരുടെ ഒരു കൂട്ടം ആനന്ദാതിരേകത്താൽ കുരുത്തോല വീശി, “യിസ്രായേലിന്റെ രാജാവായി കർത്താവിന്റെ [“യഹോവയുടെ,” NW] നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ” എന്ന് ആർത്തുവിളിച്ചു. (യോഹന്നാൻ 12:12, 13) അതുകൊണ്ട് കുരുത്തോലവീശൽ സൂചിപ്പിക്കുന്നത് യഹോവയുടെ രാജ്യത്തെയും അവന്റെ അഭിഷിക്ത രാജാവിനെയും മഹാപുരുഷാരം സസന്തോഷം സ്തുതിക്കുന്നുവെന്നാണ്.
11. ദൈവത്തെ സേവിക്കുന്നതിൽ ദൈവദാസൻമാർ യഥാർഥ സന്തുഷ്ടി കണ്ടെത്തുന്നതെന്തുകൊണ്ട്?
11 യഹോവയെ സേവിക്കവേ സന്തോഷത്തിന്റെ അത്തരം ആത്മാവാണു മഹാപുരുഷാരം ഇപ്പോഴും പ്രകടമാക്കുന്നത്. അവർ യാതൊരു ബുദ്ധിമുട്ടുകളും സഹിക്കുന്നില്ലെന്നോ അവർക്കു യാതൊരു ദുഃഖമോ വേദനയോ ഇല്ലെന്നോ ഇത് അർഥമാക്കുന്നില്ല. മറിച്ച്, അവ തരണം ചെയ്യാൻ യഹോവയെ സേവിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നതിലുള്ള സംതൃപ്തി അവരെ സഹായിക്കുന്നു. അങ്ങനെ, ഗ്വാട്ടിമാലയിൽ ഭർത്താവിനോടൊപ്പം 45 വർഷം സേവനമനുഷ്ഠിച്ച ഒരു മിഷനറി, അവരെ വലയംചെയ്ത പ്രാകൃത ചുററുപാടുകളെക്കുറിച്ച്, രാജ്യസന്ദേശവുമായി ഇൻഡ്യൻ ഗ്രാമങ്ങളിൽ എത്തിച്ചേരാൻ അവർ അനുഭവിച്ച കഠിനാധ്വാനത്തെയും കൂടപ്പിറപ്പായുണ്ടായിരുന്ന ആപത്കരമായ യാത്രയെയും സംബന്ധിച്ച്, പറയുകയുണ്ടായി. “ജീവിതത്തിൽ ഞങ്ങൾ ഏററവുമധികം സന്തുഷ്ടരായിരുന്ന സമയമായിരുന്നു അത്” എന്ന് അവർ ഉപസംഹരിച്ചു. പ്രായാധിക്യത്തിന്റെയും രോഗത്തിന്റെയും ഭവിഷ്യത്തുകൾ അനുഭവിക്കുന്നുണ്ടായിരുന്നെങ്കിലും അവരുടെ ഡയറിയിലെ അവസാന വാക്കുകൾ ഇവയായിരുന്നു: “അതൊരു നല്ല ജീവിതമായിരുന്നു, അത്യന്തം പ്രതിഫലദായകമായ ഒന്ന്.” യഹോവയുടെ സാക്ഷികൾക്ക് ലോകവ്യാപകമായി തങ്ങളുടെ ശുശ്രൂഷ സംബന്ധിച്ച് അങ്ങനെതന്നെ തോന്നുന്നു.
“രാപകൽ വിശുദ്ധ സേവനം”
12. പകലോ രാത്രിയോ എപ്പോഴായാലും യഹോവ എന്താണു ഭൂമിയിൽ നിരീക്ഷിക്കുന്നത്?
12 സന്തുഷ്ടരായ ഈ ആരാധകർ യഹോവക്ക് “അവന്റെ ആലയത്തിൽ രാപകൽ വിശുദ്ധ സേവനം” അർപ്പിക്കുന്നു. (വെളിപാട് 7:15, NW) ആഗോളവ്യാപകമായി ലക്ഷങ്ങൾ ഈ വിശുദ്ധ സേവനത്തിൽ പങ്കുചേരുന്നു. ചില ദേശങ്ങളിൽ രാത്രിയും ആളുകൾ ഉറങ്ങുന്ന നേരവുമാണെങ്കിൽ മററു ദേശങ്ങളിൽ പകലും യഹോവയുടെ സാക്ഷികൾ സാക്ഷീകരണത്തിൽ തിരക്കുള്ളവരുമായിരിക്കുന്നു. ഭൂഗോളം തിരിയുന്നതനുസരിച്ച് നിരന്തരം, രാപകൽ അവർ യഹോവക്കു സ്തുതിഗീതങ്ങൾ ആലപിക്കുകയാണ്. (സങ്കീർത്തനം 86:9) എങ്കിലും വെളിപാട് 7:15-ൽ പരാമർശിച്ചിരിക്കുന്ന സേവനം കൂടുതൽ വ്യക്തിപരമായ ഒന്നാണ്.
13. “രാപകൽ” സേവിക്കുന്നു എന്നതുകൊണ്ട് എന്തർഥമാക്കുന്നുവെന്നു തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നതെങ്ങനെ?
13 മഹാപുരുഷാരത്തിൽപ്പെട്ടവർ രാപകൽ വിശുദ്ധ സേവനം അർപ്പിക്കുന്നു. അവർ ചെയ്യുന്നതെല്ലാം വിശുദ്ധ സേവനമായി വീക്ഷിക്കുന്നുവെന്ന് ഇത് അർഥമാക്കുന്നുണ്ടോ? അവർ എന്തുചെയ്താലും യഹോവയെ ആദരിക്കുന്നവിധത്തിൽ ചെയ്യാൻ പഠിക്കുന്നുവെന്നതു ശരിതന്നെ. (1 കൊരിന്ത്യർ 10:31; കൊലൊസ്സ്യർ 3:23) എന്നിരുന്നാലും, “വിശുദ്ധ സേവനം” ഒരുവന്റെ ദൈവാരാധനയിൽ നേരിട്ട് ഉൾപ്പെട്ടിരിക്കുന്നതുമായി മാത്രമേ ബന്ധപ്പെട്ടിരിക്കുന്നുള്ളൂ. “രാപകൽ” ഒരു പ്രവർത്തനത്തിൽ ഏർപ്പെടുന്നത് ക്രമത്തെ അല്ലെങ്കിൽ സ്ഥിരതയെയും ആത്മാർഥ ശ്രമത്തെയും അർഥമാക്കുന്നു.—താരതമ്യം ചെയ്യുക: യോശുവ 1:8; ലൂക്കൊസ് 2:37; പ്രവൃത്തികൾ 20:31; 2 തെസ്സലൊനീക്യർ 3:8.
14. നമ്മുടെ വയൽസേവനത്തെ “രാപകൽ” എന്ന വർണനയ്ക്കു ചേരുന്നതാക്കിത്തീർക്കുന്നതെന്ത്?
14 യഹോവയുടെ വലിയ ആത്മീയ ആലയത്തിന്റെ ഭൗമിക പ്രാകാരത്തിൽ സേവനമനുഷ്ഠിക്കുമ്പോൾ മഹാപുരുഷാരത്തിൽപ്പെട്ടവർ ക്രമത്തോടും സ്ഥിരതയോടുംകൂടെ വയൽസേവനത്തിൽ പങ്കെടുക്കാൻ പരിശ്രമിക്കുന്നു. ഓരോ ആഴ്ചയിലും വയൽശുശ്രൂഷയിൽ എന്തെങ്കിലും പങ്കുണ്ടായിരിക്കുന്നതിന് അനേകർ ലാക്കു വെച്ചിരിക്കുന്നു. മററുചിലർ നിരന്തരപയനിയർമാരോ സഹായ പയനിയർമാരോ ആയി കഠിനാധ്വാനം ചെയ്യുന്നു. മിക്കപ്പോഴും ഇവർ അതിരാവിലേതന്നെ തെരുവുകളിലോ കടകളിലോ സാക്ഷീകരിക്കുന്നതിൽ തിരക്കുള്ളവരാണ്. ചില സാക്ഷികൾ താത്പര്യക്കാരെപ്രതി രാവേറെ ചെല്ലുംവരെ ബൈബിളധ്യയനങ്ങൾ നടത്തുന്നു. സാധനങ്ങൾ വാങ്ങാൻ പോകുമ്പോഴും യാത്രചെയ്യുമ്പോഴും ഉച്ചഭക്ഷണ നേരത്തും ടെലഫോണിലൂടെയും അവർ സാക്ഷ്യം നൽകുന്നു.
15. വയൽശുശ്രൂഷയ്ക്കു പുറമേ നമ്മുടെ വിശുദ്ധ സേവനത്തിൽ ഉൾപ്പെട്ടിരിക്കുന്നതെന്ത്?
15 സഭായോഗങ്ങളിൽ പങ്കെടുക്കുന്നതും നമ്മുടെ വിശുദ്ധ സേവനത്തിന്റെ ഭാഗമാണ്; അപ്രകാരംതന്നെയാണു ക്രിസ്തീയ സമ്മേളനത്തിനുവേണ്ട കെട്ടിടങ്ങൾ പണിയുന്നതും കാത്തുസൂക്ഷിക്കുന്നതും. യഹോവയുടെ സേവനത്തിൽ ഉണർവുള്ളവരായി നിൽക്കാൻ തക്കവണ്ണം ഒരുവന്റെ ക്രിസ്തീയ സഹോദരീസഹോദരൻമാരെ ആത്മീയവും ഭൗതികവുമായ അർഥത്തിൽ പ്രോത്സാഹിപ്പിക്കാനും സഹായിക്കാനും ചെലുത്തുന്ന ശ്രമം ഇതിൽ ഉൾപ്പെടുന്നു. നമ്മുടെ ആശുപത്രി ഏകോപന സമിതിയുടെ പ്രവർത്തനവും ഇതിൽ ഉൾപ്പെടുന്ന ഒന്നാണ്. ഏതു തരത്തിലുള്ള ബെഥേൽ സേവനവും കൺവെൻഷനുകളിലെ സ്വമേധയാ സേവനവുമെല്ലാം വിശുദ്ധ സേവനമാണ്. വാസ്തവത്തിൽ, നമ്മുടെ ജീവൻ യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ ചുററിപ്പററിനിൽക്കുമ്പോൾ അവ വിശുദ്ധ സേവനംകൊണ്ടു നിറയുന്നു. തിരുവെഴുത്തു പറയുന്നപോലെ, യഹോവയുടെ ജനം “രാപകൽ വിശുദ്ധ സേവനം” അർപ്പിക്കുന്നു, അവർ അതിൽ വലിയ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു.—പ്രവൃത്തികൾ 20:35; 1 തിമൊഥെയൊസ് 1:11.
‘സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്ന്’
16. മഹാപുരുഷാരം “സകല ജാതികളിലും” നിന്നു വരുന്നുവെന്നതു സത്യമാണെന്നു തെളിയിക്കപ്പെടുന്നതെങ്ങനെ?
16 മഹാപുരുഷാരത്തിൽപ്പെട്ടവർ സകല ദേശങ്ങളിൽനിന്നുമായി വന്നുചേരുന്നു. ദൈവം മുഖപക്ഷമുള്ളവനല്ല, യേശുക്രിസ്തുവിലൂടെ ചെയ്തിരിക്കുന്ന മറുവില ക്രമീകരണം സകലർക്കും പ്രയോജനം ചെയ്യാൻ പ്രാപ്തമാണ്. 1935-ൽ മഹാപുരുഷാരത്തെ തിരുവെഴുത്തിന്റെ അടിസ്ഥാനത്തിൽ തിരിച്ചറിയിച്ചപ്പോൾ 115 രാജ്യങ്ങളിൽ യഹോവയുടെ സാക്ഷികൾ സജീവരായിരുന്നു. ചെമ്മരിയാടു തുല്യരായ ആളുകൾക്കുവേണ്ടിയുള്ള അന്വേഷണം 1990-ഓടെ ഏതാണ്ട് ഇരട്ടി ദേശങ്ങളിലേക്കു വ്യാപിച്ചു.—മർക്കൊസ് 13:10.
17. ‘സകല ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലു’മുള്ള ജനങ്ങളെ മഹാപുരുഷാരത്തിൽ ഉൾപ്പെടുത്തുന്നതിന് എന്താണു ചെയ്തുവരുന്നത്?
17 മഹാപുരുഷാരത്തിൽപ്പെട്ടവരെ കണ്ടെത്തുന്നതിൽ യഹോവയുടെ സാക്ഷികൾ ദേശീയ സമുദായങ്ങളിൽ മാത്രമല്ല ആ ദേശങ്ങളിലുള്ള ഗോത്രങ്ങളിലും ജനതകളിലും ഭാഷകളിലുമുള്ള വിഭാഗങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആ ജനങ്ങളുടെ പക്കൽ എത്തിച്ചേരുന്നതിന് സാക്ഷികൾ 300-ലധികം ഭാഷകളിൽ സാഹിത്യങ്ങൾ പ്രസിദ്ധീകരിക്കുന്നു. യോഗ്യരായ പരിഭാഷകരുടെ ടീമിനെ പരിശീലിപ്പിക്കുകയും നിലനിർത്തുകയും ചെയ്യുക, ഈ ഭാഷകളെല്ലാം കൈകാര്യം ചെയ്യുന്നതിനുള്ള കമ്പ്യൂട്ടർ ഉപകരണങ്ങൾ പ്രദാനം ചെയ്യുക, യഥാർഥ അച്ചടി നടത്തുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ മാത്രം ഏതാണ്ട് 9,80,00,000 ആളുകൾ സംസാരിക്കുന്ന 36 ഭാഷകൾ ഈ പട്ടികയോടു ചേർത്തുകഴിഞ്ഞു. ഇതിനുപുറമേ, ദൈവവചനം മനസ്സിലാക്കാൻ ഈ ആളുകളെ സഹായിക്കുന്നതിനു സാക്ഷികൾ വ്യക്തിപരമായി അവരെ സന്ദർശിക്കുകയും ചെയ്യുന്നു.—മത്തായി 28:19, 20.
“മഹാകഷ്ടത്തിൽനിന്നു”
18. (എ) മഹോപദ്രവം പൊട്ടിപ്പുറപ്പെടുമ്പോൾ ആര് സംരക്ഷിക്കപ്പെടും? (ബി) സന്തോഷപ്രദമായ എന്തു പ്രഖ്യാപനം അപ്പോൾ നടത്തപ്പെടും?
18 വെളിപാട് 7:1-ൽ പരാമർശിച്ചിരിക്കുന്ന നാശത്തിന്റെ കാററുകൾ ദൂതൻമാർ അഴിച്ചുവിടുമ്പോൾ ‘നമ്മുടെ ദൈവത്തിന്റെ ദാസൻമാർ’ മാത്രമല്ല അവരോടൊപ്പം സത്യാരാധനയിൽ പങ്കുചേർന്ന മഹാപുരുഷാരവും യഹോവയുടെ സ്നേഹപുരസ്സരമായ സംരക്ഷണം അനുഭവിച്ചറിയും. അപ്പോസ്തലനായ യോഹന്നാൻ പറഞ്ഞപ്രകാരം മഹാപുരുഷാരത്തിൽപ്പെട്ടവർ ‘മഹാകഷ്ടത്തിൽനിന്നു വെളിയിൽവരും.’ “രക്ഷ എന്നുള്ളതു സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം” എന്ന് അവർ പ്രഖ്യാപിക്കുമ്പോൾ കൃതജ്ഞതയുടെയും സ്തുതിയുടെ എത്ര ഉച്ചത്തിലുള്ള ആർപ്പുവിളിയാണ് അവർ നടത്തുന്നത്! കൂടാതെ, സ്വർഗത്തിലുള്ള എല്ലാ വിശ്വസ്ത ദാസൻമാരും തങ്ങളുടെ ശബ്ദമുയർത്തി അവരോടൊപ്പം “ആമേൻ; നമ്മുടെ ദൈവത്തിന്നു എന്നെന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും; ആമേൻ” എന്നു പ്രഖ്യാപിക്കും.—വെളിപ്പാടു 7:10-14.
19. സന്തോഷപ്രദമായ ഏതു പ്രവർത്തനത്തിലായിരിക്കും അതിജീവകർ പങ്കുപററാൻ ഉത്സുകരായിരിക്കുക?
19 എന്തോരു സന്തോഷപ്രദമായ സമയമായിരിക്കും അത്! ജീവിക്കുന്നവരെല്ലാം ഏക സത്യദൈവത്തിന്റെ ദാസൻമാരായിരിക്കും! യഹോവയെ സേവിക്കുന്നതിലുള്ള സന്തോഷമായിരിക്കും എല്ലാററിലും വലുത്. അവിടെ ധാരാളം വേല ചെയ്യാനുണ്ടാവും—സന്തോഷപ്രദമായ വേലതന്നെ! ഭൂമി പറുദീസയാക്കി രൂപാന്തരപ്പെടുത്തണം. മരിച്ചുപോയ ലക്ഷോപലക്ഷം ഉയിർപ്പിക്കപ്പെടണം, അവരെ യഹോവയുടെ വഴികൾ പഠിപ്പിക്കണം. അതിൽ പങ്കുപററുകയെന്നത് എന്തോരു സന്തുഷ്ടദായകമായ പദവിയായിരിക്കും!
നിങ്ങളുടെ അഭിപ്രായമെന്ത്?
◻ 1935-ലെ സംഭവങ്ങൾ യഹോവയുടെ സാക്ഷികളുടെ വയൽശുശ്രൂഷയുടെമേൽ എന്തു ഫലം ചെലുത്തി?
◻ മഹാപുരുഷാരം ‘സിംഹാസനത്തിനു മുമ്പാകെ നിൽക്കുന്നു’ എന്ന വസ്തുത എന്തു സൂചിപ്പിക്കുന്നു?
◻ കുഞ്ഞാടിന്റെ രക്തത്തോടുള്ള വിലമതിപ്പു നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കണം?
◻ അവർ കുരുത്തോലകൾ വീശുന്നത് എന്തിനെ സൂചിപ്പിക്കുന്നു?
◻ മഹാപുരുഷാരം രാപകൽ വിശുദ്ധ സേവനം അർപ്പിക്കുന്നത് എങ്ങനെ?
[16, 17 പേജുകളിലെ ചിത്രങ്ങൾ]
അവരുടെ വിശുദ്ധ സേവനം ക്രമം, സ്ഥിരത, ആത്മാർഥ ശ്രമം എന്നിവ പ്രതിഫലിപ്പിക്കുന്നു