യഹോവയാൽ പ്രബോധിപ്പിക്കപ്പെട്ടതുപോലെ നടക്കുക
“യഹോവേ, നിന്റെ വഴിയെക്കുറിച്ച് എന്നെ പ്രബോധിപ്പിക്കേണമേ. ഞാൻ നിന്റെ സത്യത്തിൽ നടക്കും. നിന്റെ നാമത്തെ ഭയപ്പെടാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ.”—സങ്കീർത്തനം 86:11.
1, 2. രക്തപ്പകർച്ചകൾ സ്വീകരിക്കുന്നതിന് വിസമ്മതിക്കാൻ യഹോവയുടെ സാക്ഷികളെ പ്രേരിപ്പിക്കുന്നതെന്താണ്?
“യഹോവയുടെ സാക്ഷികൾ രക്തോൽപ്പന്നങ്ങളുടെ ഉപയോഗം നിരസിക്കുന്നത് ശരിയായിരിക്കാം, എന്തുകൊണ്ടെന്നാൽ പകരപ്പെടുന്ന രക്തത്തിലൂടെ രോഗഹേതുകങ്ങളായ ഘടകങ്ങളുടെ ഗണ്യമായ സംഖ്യ സംക്രമിക്കപ്പെടാൻ കഴിയും.”—ഫ്രെഞ്ച് മെഡിക്കൽ ഡെയ്ലി ലേ ക്വോററിഡിയൻ ഡൂ മെഡെസിൻ, ഡിസംബർ 15, 1987.
2 ആ പ്രസ്താവന വായിക്കുന്ന ചിലർ, രക്തപ്പകർച്ചകൾ എത്ര അപകടകരം, മാരകം പോലും, ആയിരിക്കാൻ കഴിയുമെന്ന് പൊതുവേ അറിയപ്പെടുന്നതിനു വളരെ മുമ്പ് യഹോവയുടെ സാക്ഷികൾ രക്തപ്പകർച്ചകൾക്ക് വിസമ്മതിച്ചത് കേവലം യാദൃച്ഛികമായിട്ടാണെന്ന് വിചാരിച്ചിരിക്കാം. എന്നാൽ രക്തംസംബന്ധിച്ച് യഹോവയുടെ സാക്ഷികൾ സ്വീകരിച്ചിരിക്കുന്ന നിലപാട് യാദൃച്ഛികമായിട്ടുള്ളതല്ല, അത് ഏതെങ്കിലും വിചിത്ര മതവിഭാഗത്താൽ കണ്ടുപിടിക്കപ്പെട്ട ഒരു നിയമവുമല്ല, അതെ, രക്തം സുരക്ഷിതമല്ലെന്നുള്ള ഒരു ഭയത്തിൽനിന്ന് സംജാതമാകുന്ന ഒരു നിലപാടല്ല. പകരം, സാക്ഷികൾ രക്തം നിരസിക്കുന്നത് തങ്ങളുടെ മഹോപദേഷ്ടാവായ ദൈവമുമ്പാകെ അനുസരണപൂർവം നടക്കാനുള്ള അവരുടെ തീരുമാനം നിമിത്തമാണ്.
3. (എ) യഹോവയിലുള്ള ആശ്രയംസംബന്ധിച്ച് ദാവീദ് എങ്ങനെ വിചാരിച്ചു? (ബി) യഹോവയിൽ ആശ്രയിച്ചതുനിമിത്തം ഏത് ഫലത്തിനുവേണ്ടി ദാവീദ് നോക്കിപ്പാർത്തു?
3 ദൈവത്തിൻമേലുള്ള തന്റെ ആശ്രയം അനുഭവിച്ചറിഞ്ഞിരുന്ന ദാവീദ് അവനാൽ പ്രബോധിപ്പിക്കപ്പെടാനും ‘അവന്റെ സത്യത്തിൽ നടക്കാനും’ ദൃഢനിശ്ചയം ചെയ്തിരുന്നു. (സങ്കീർത്തനം 86:11) ദൈവദൃഷ്ടിയിൽ രക്തപാതകമുള്ളവനായിത്തീരുന്നത് ഒഴിവാക്കുന്നുവെങ്കിൽ, അവന്റെ ‘ദേഹിക്ക് യഹോവയിങ്കൽ ജീവന്റെ സഞ്ചിയിൽ പൊതിയപ്പെട്ടിരിക്കുന്നതായി തെളിയാൻ കഴിയുമെന്ന്’ ദാവീദ് ഒരിക്കൽ ഉപദേശിക്കപ്പട്ടു. (1 ശമുവേൽ 25:21, 22, 25, 29) ആളുകൾ വിലയുള്ള വസ്തുക്കൾ സംരക്ഷിക്കുന്നതിനും സൂക്ഷിക്കുന്നതിനും വേണ്ടി അവ പൊതിയുന്നതുപോലെ, ദാവീദിന്റെ ജീവൻ ദൈവത്താൽ സംരക്ഷിക്കപ്പെടാനും സൂക്ഷിക്കപ്പെടാനും കഴിയുമായിരുന്നു. ജ്ഞാനപൂർവകമായ ഈ ബുദ്ധിയുപദേശം സ്വീകരിച്ചുകൊണ്ട് ദാവീദ് വ്യക്തിപരമായ ശ്രമങ്ങളാൽ തന്നേത്തന്നെ രക്ഷിക്കാൻ ശ്രമിക്കാതെ തന്റെ ജീവനുവേണ്ടി താൻ ആരോടു കടപ്പെട്ടിരുന്നുവോ അവനെ ആശ്രയിച്ചു: “ജീവന്റെ വഴി നീ എനിക്കു കാണിച്ചുതരും; നിന്റെ സന്നിധിയിൽ സന്തോഷപരിപൂർണ്ണതയും നിന്റെ വലത്തുഭാഗത്തു എന്നും പ്രമോദങ്ങളുമുണ്ട്.”—സങ്കീർത്തനം 16:11.
4. ദാവീദ് യഹോവയാൽ പ്രബോധിപ്പിക്കപ്പെടാൻ ആഗ്രഹിച്ചതെന്തുകൊണ്ട്?
4 ആ മനോഭാവമുണ്ടായിരുന്നതുകൊണ്ട്, ഏതു ദിവ്യ നിയമങ്ങൾ സാധുവാണെന്നോ ഏതനുസരിക്കേണ്ടയാവശ്യമുണ്ടെന്നോ തനിക്ക് വ്യക്തിപരമായി തീരുമാനിക്കാൻ കഴിയുമെന്ന് ദാവീദ് വിചാരിച്ചില്ല. “യഹോവേ, നിന്റെ വഴി എന്നെ പഠിപ്പിക്കേണമേ, നീതിമാർഗ്ഗത്തിൽ എന്നെ നയിക്കേണമേ” എന്നതായിരുന്നു അവന്റെ മനോഭാവം. “യഹോവേ, നിന്റെ വഴിയെക്കുറിച്ച് എന്നെ പ്രബോധിപ്പിക്കേണമേ. ഞാൻ നിന്റെ സത്യത്തിൽ നടക്കും. നിന്റെ നാമത്തെ ഭയപ്പെടാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ. എന്റെ ദൈവമായ യഹോവേ, എന്റെ മുഴു ഹൃദയത്തോടെ ഞാൻ നിന്നെ പ്രകീർത്തിക്കും.” (സങ്കീർത്തനം 27:11; 86:11, 12) ചിലപ്പോൾ ദൈവമുമ്പാക സത്യത്തിൽ നടക്കുന്നത് അസൗകര്യപ്രദമെന്നു കാണപ്പെട്ടേക്കാം അല്ലെങ്കിൽ അത് വലിയ ത്യാഗത്തെ അർത്ഥമാക്കിയേക്കാം, എന്നാൽ ശരിയായ മാർഗ്ഗത്തിൽ പ്രബോധിപ്പിക്കപ്പെടാനും അതിൽ നടക്കാനും ദാവീദ് ആഗ്രഹിച്ചു.
രക്തത്തെസംബന്ധിച്ച് പ്രബോധിപ്പിക്കപ്പെട്ടു
5. രക്തംസംബന്ധിച്ച ദൈവത്തിന്റെ നിലപാടിനെ സംബന്ധിച്ച് ദാവീദ് എന്ത് അറിഞ്ഞിരിക്കണം?
5 ബാല്യംമുതൽ ദാവീദ് രക്തത്തെ സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം പ്രബോധിപ്പിക്കപ്പെട്ടിരുന്നുവെന്ന് നാം ഗൗനിക്കുന്നത് മൂല്യവത്താണ്, അത് മതപരമായ മർമ്മമല്ലായിരുന്നു. ജനത്തെ ന്യായപ്രമാണം വായിച്ചുകേൾപ്പിച്ചപ്പോൾ, ദാവീദ് ഇത് കേട്ടിരുന്നിരിക്കണം: “മാംസത്തിന്റെ ദേഹി രക്തത്തിലാകുന്നു, ഞാൻതന്നെ നിങ്ങളുടെ ദേഹികൾക്ക് പാപപരിഹാരം വരുത്തുന്നതിന് അത് യാഗപീഠത്തിൻമേൽ വെച്ചിരിക്കുന്നു, എന്തുകൊണ്ടെന്നാൽ രക്തമാണ് അതിലെ ദേഹി മുഖേന പാപപരിഹാരം വരുത്തുന്നത്. അതുകൊണ്ടാണ് ഇസ്രായേൽ പുത്രൻമാരോട്: ‘നിങ്ങളിൽ യാതൊരു ദേഹിയും രക്തം ഭക്ഷിക്കരുത്, നിങ്ങളുടെ മദ്ധ്യേ വസിക്കുന്ന യാതൊരു അന്യവാസിയും രക്തം ഭക്ഷിക്കരുത്’ എന്ന് പറഞ്ഞിരിക്കുന്നത്.”—ലേവ്യപുസ്തകം 17:11, 12; ആവർത്തനം 4:10. 31:11, NW.
6. ദൈവദാസൻമാർ രക്തംസംബന്ധിച്ച് പ്രബോധിപ്പിക്കപ്പെടേണ്ടതിന്റെ തുടർച്ചയായ ആവശ്യം ഉണ്ടായിരുന്നതെങ്ങനെ?
6 സഭയാക്കപ്പെട്ട തന്റെ ജനമെന്ന നിലയിൽ ഇസ്രായേലിനെ ദൈവം ഉപയോഗിച്ചടത്തോളം കാലം അവനെ പ്രസാദിപ്പിക്കാനാഗ്രഹിച്ചവരെ രക്തത്തെ സംബന്ധിച്ച് പ്രബോധിപ്പിക്കേണ്ടയാവശ്യമുണ്ടായിരുന്നു. ഇസ്രായേല്യ ബാലൻമാരും ബാലികമാരും തലമുറതലമുറയായി അങ്ങനെ പ്രബോധിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ “ദൈവത്തിന്റെ ഇസ്രായേൽ” ആക്കിക്കൊണ്ട് ക്രിസ്ത്യാനികളുടെ സഭയെ ദൈവം സ്വീകരിച്ച ശേഷം അങ്ങനെയുള്ള പഠിപ്പിക്കൽ തുടരുമോ? (ഗലാത്യർ 6:16) ഉവ്വ്, തീർച്ചയായും. രക്തത്തെ സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണത്തിന് മാററമുണ്ടായില്ല. (മലാഖി 3:6) രക്തം ദുർവിനിയോഗംചെയ്യുന്നതിനെതിരായ അവന്റെ പ്രസ്താവിത ഉദ്ദേശ്യം ന്യായപ്രമാണ ഉടമ്പടി പ്രാബല്യത്തിൽവരുന്നതിനുമുമ്പ് സ്ഥിതിചെയ്തിരുന്നു. ന്യായപ്രമാണം നിർത്തലാക്കപ്പെട്ട ശേഷവും അതു തുടർന്നു.—ഉല്പത്തി 9:3, 4; പ്രവൃത്തികൾ 15:28, 29.
7. രക്തംസംബന്ധിച്ച് ദൈവത്താൽ പ്രബോധിപ്പിക്കപ്പെടുന്നത് നമ്മേസംബന്ധിച്ച് പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
7 രക്തത്തോടുള്ള ആദരവ് ക്രിസ്ത്യാനിത്വത്തിന് അത്യന്താപേക്ഷിതമാണ്. അത് ഒരു ‘അതിശയോക്തിയല്ലേ?’ എന്ന് ചിലർ ചോദിച്ചേക്കാം. എന്നിരുന്നാലും യേശുവിന്റെ ബലിയേക്കാൾ ക്രിസ്ത്യാനിത്വത്തിന് അത്യന്താപേക്ഷിതമായിരിക്കുന്നതെന്താണ്? അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “[യേശു] മുഖേന, ആ ഒരുവന്റെ രക്തത്താൽ നമുക്ക് മറുവിലയാലുള്ള വിടുതൽ, അതെ, അവന്റെ അനർഹദയയുടെ ധനപ്രകാരം നമ്മുടെ ലംഘനങ്ങളുടെ മോചനം ഉണ്ട്.” (എഫേസ്യർ 1:7, NW) ഫ്രാങ്ക് സി. ലാബാക്ക് വിവർത്തനംചെയ്ത നിശ്വസ്ത ലേഖനങ്ങൾ (ഇംഗ്ലീഷ്) ഈ വാക്യങ്ങൾ ഇങ്ങനെ വിവർത്തനംചെയ്യുന്നു: “ക്രിസ്തുവിന്റെ രക്തം നമ്മുടെ വിലകൊടുത്തു, ഇപ്പോൾ നാം അവനുള്ളവരാണ്.”
8. “മഹാപുരുഷാരം” ജീവനുവേണ്ടി രക്തത്തെ ആശ്രയിക്കുന്നതെങ്ങനെ?
8 വരാനിരിക്കുന്ന “മഹോപദ്രവ”ത്തെ അതിജീവിക്കാനും ഒരു പറുദീസാഭൂമിയിലെ ദൈവാനുഗ്രഹങ്ങൾ ആസ്വദിക്കാനും പ്രത്യാശിക്കുന്നവരെല്ലാം യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തെ ആശ്രയിക്കുന്നു. വെളിപ്പാട് 7:9-14 (NW) അവരെ വർണ്ണിക്കുകയും പിന്തിരിഞ്ഞുനോക്കി ഇങ്ങനെ പറയുകയും ചെയ്യുന്നു: “ഇവരാണ് മഹോപദ്രവത്തിൽനിന്ന് പുറത്തുവരുന്നവർ, അവർ കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കികൾ അലക്കി വെളുപ്പിച്ചിരിക്കുന്നു.” ഇവിടത്തെ ഭാഷ ശ്രദ്ധിക്കുക. മഹോപദ്രവത്തിൽ രക്ഷിക്കപ്പെടുന്നവർ ‘യേശുവിനെ സ്വീകരിച്ചിരുന്നു’വെന്നോ ‘അവനിൽ വിശ്വാസമർപ്പിച്ചു’വെന്നോ പറയുന്നില്ല, അവ തീർച്ചയായും മർമ്മപ്രധാനമായ വശങ്ങളാണെങ്കിലും. അത് ഒരു പടികൂടെ മുമ്പോട്ടുപോകുകയും അവർ “[യേശുവിന്റെ] രക്തത്തിൽ തങ്ങളുടെ അങ്കി അലക്കിവെളുപ്പിച്ചു” എന്നു പറയുകയും ചെയ്യുന്നു. അത് അവന്റെ രക്തത്തിന് വീണ്ടെടുക്കൽമൂല്യമുള്ളതുകൊണ്ടാണ്.
9. രക്തംസംബന്ധിച്ച് യഹോവയെ അനുസരിക്കുന്നത് വളരെ ഗൗരവമുള്ളതായിരിക്കുന്നതെന്തുകൊണ്ട്?
9 ഈ മൂല്യത്തോടുള്ള വിലമതിപ്പ്, രക്തപ്പകർച്ച ജീവൽപ്രധാനമാണെന്ന് ഒരു ഭിഷഗ്വരൻ അവകാശപ്പെട്ടാലും രക്തം ദുർവിനിയോഗം ചെയ്യാതിരിക്കാൻ ഉറപ്പുണ്ടായിരിക്കുന്നതിന് യഹോവയുടെ സാക്ഷികളെ സഹായിക്കുന്നു. ഒരു രക്തപ്പകർച്ചയുടെ സാദ്ധ്യതയുള്ള പ്രയോജനങ്ങൾ രക്തം വരുത്തിക്കൂട്ടുന്ന ആരോഗ്യാപകടങ്ങളെക്കാൾ മുൻതൂക്കമുള്ളവയാണെന്ന് ഡോക്ടർ വിശ്വസിച്ചേക്കാം. എന്നാൽ ക്രിസ്ത്യാനിക്ക് അതിനെക്കാൾ ഗുരുതരംപോലുമായ ഒരു അപകടത്തെ, രക്തദുർവിനിയോഗത്തിന് സമ്മതിക്കുന്നതിനാൽ ദൈവാംഗീകാരം നഷ്ടപ്പെടുത്തുന്നതിന്റെ അപകടത്തെ, അവഗണിക്കാനാവില്ല. പൗലോസ് ഒരിക്കൽ “സത്യത്തിന്റെ സൂക്ഷ്മപരിജ്ഞാനം ലഭിച്ചശേഷം മനഃപൂർവം പതിവായി പാപം ചെയ്യുന്ന”വരെക്കുറിച്ച് പറയുകയുണ്ടായി. അത്തരം പാപം വളരെ ഗൗരവമുള്ളതായിരുന്നതെന്തുകൊണ്ടായിരുന്നു? എന്തുകൊണ്ടെന്നാൽ അങ്ങനെയുള്ള ഒരു മനുഷ്യൻ “ദൈവപുത്രനെ ചവിട്ടിമെതിക്കുകയും . . . താൻ ഏതിനാൽ വിശുദ്ധീകരിക്കപ്പെട്ടുവോ ആ ഉടമ്പടിയുടെ രക്തത്തെ സാധാരണമൂല്യമുള്ളതായി വിലയിരുത്തുകയും ചെയ്തിരിക്കുന്നു.”—എബ്രായർ 9:16-24; 10:26-29, NW.
പ്രബോധിപ്പിക്കപ്പെടാൻ മററുള്ളവരെ സഹായിക്കുക
10. രക്തം വർജ്ജിക്കാനുള്ള നമ്മുടെ തീരുമാനത്തിന്റെ പിന്നിൽ എന്താണുള്ളത്?
10 യേശുവിന്റെ മറുവിലയാഗത്തെ വിലമതിക്കുന്ന നാം അവന്റെ രക്തത്തിന്റെ ജീവരക്ഷാകരമായ മൂല്യത്തെ നിരസിച്ചുകൊണ്ട് പതിവായി പാപംചെയ്യാതിരിക്കാൻ ശ്രദ്ധിക്കുന്നു. ഈ കാര്യത്തെക്കുറിച്ച് നന്നായി ചിന്തിച്ചിട്ടുള്ളതുകൊണ്ട് ജീവനുവേണ്ടി ദൈവത്തോടുള്ള നിഷ്ക്കളങ്കമായ നന്ദി അവന്റെ നീതിയുള്ള നിയമങ്ങൾ സംബന്ധിച്ച ഏതു വിട്ടുവീഴ്ചയെയും നിരസിക്കാൻ പ്രേരിപ്പിക്കേണ്ടതാണെന്ന് നാം തിരിച്ചറിയുന്നു. നമ്മുടെ ഉത്തമതാത്പര്യങ്ങൾ—നമ്മുടെ ദീർഘകാലാടിസ്ഥാനത്തിലുള്ള താത്പര്യങ്ങൾ—ഹൃദയത്തിൽ വെച്ചുകൊണ്ടാണ് ആ നിയമങ്ങൾ നൽകപ്പെട്ടിരിക്കുന്നതെന്ന് നമുക്ക് വിശ്വാസമുണ്ട്. (ആവർത്തനം 6:24; സദൃശവാക്യങ്ങൾ 14:27; സഭാപ്രസംഗി 8:12) എന്നാൽ നമ്മുടെ മക്കളെ സംബന്ധിച്ചെന്ത്?
11-13. ചില ക്രിസ്തീയ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളെയും രക്തത്തെയും കുറിച്ച് ഏതു തെററായ വീക്ഷണമുണ്ട്, എന്തുകൊണ്ട്?
11 നമ്മുടെ സന്തതികൾ ശിശുക്കളോ ഗ്രഹിക്കാൻ കഴിയാത്തവിധം അത്ര പ്രായക്കുറവുള്ളവരോ ആയിരിക്കുമ്പോൾ നമ്മുടെ ഭക്തിയുടെ അടിസ്ഥാനത്തിൽ അവരെ ശുദ്ധരും സ്വീകാര്യരുമായി വീക്ഷിക്കാൻ യഹോവയാം ദൈവത്തിനു കഴിയും. (1 കൊരിന്ത്യർ 7:14) അതുകൊണ്ട് ഒരു ക്രിസ്തീയ കുടുംബത്തിലെ കുട്ടികൾക്ക് രക്തത്തെക്കുറിച്ചുള്ള ദൈവനിയമങ്ങൾ ഇതുവരെ മനസ്സിലായിട്ടില്ലായിരിക്കാം അല്ലെങ്കിൽ അവ അനുസരിക്കുന്നതുസംബന്ധിച്ച് ഒരു തീരുമാനം അവർ ചെയ്തിട്ടില്ലായിരിക്കാം. എന്നിരുന്നാലും, നാം ഈ മർമ്മപ്രധാനമായ സംഗതി അവരെ പഠിപ്പിക്കാൻ നമ്മുടെ പരമാവധി പ്രവർത്തിക്കുന്നുണ്ടോ? ക്രിസ്തീയ മാതാപിതാക്കൻമാർ അത് ഗൗരവമായി പരിചിന്തിക്കേണ്ടതുണ്ട്, എന്തുകൊണ്ടെന്നാൽ തങ്ങളുടെ കുട്ടികളെയും രക്തത്തെയും സംബന്ധിച്ച് ചില മാതാപിതാക്കൾക്ക് തെററായ ഒരു മനോഭാവമുള്ളതായി തോന്നുന്നു. തങ്ങളുടെ മൈനർകുട്ടികൾക്ക് രക്തപ്പകർച്ച കൊടുക്കുന്നുണ്ടോ എന്ന കാര്യത്തിൽ തങ്ങൾക്ക് യഥാർത്ഥത്തിൽ വലിയ നിയന്ത്രണമില്ലെന്ന് ചിലർ വിചാരിക്കുന്നതായി തോന്നുന്നു. ഈ തെററായ വീക്ഷണമെന്തുകൊണ്ട്?
12 അനേകം രാജ്യങ്ങൾക്ക് അവഗണിക്കപ്പെട്ടവരോ ദുർവിനിയോഗം ചെയ്യപ്പെട്ടവരോ ആയ കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങളോ ഗവൺമെൻറ് ഏജൻസികളോ ഉണ്ട്. തങ്ങളുടെ പ്രിയപ്പെട്ട പുത്രനോ പുത്രിക്കോ രക്തം കൊടുക്കുന്നതിന് അനുവദിക്കുന്നതിനെതിരായി തീരുമാനംചെയ്യുകയും അതേസമയം ആധുനിക വൈദ്യശാസ്ത്രത്തിന് പ്രദാനംചെയ്യാൻ കഴിയുന്ന പകരചികിത്സയുടെ ഉപയോഗത്തിന് അപേക്ഷിക്കുകയും ചെയ്യുമ്പോൾ യഹോവയുടെ സാക്ഷികളുടെ കുട്ടികൾ അവഗണിക്കപ്പെടുകയോ ദുർവിനിയോഗംചെയ്യപ്പെടുകയോ അല്ല ചെയ്യുന്നത്. ഒരു വൈദ്യശാസ്ത്ര നിലപാടിൽ പോലും, രക്തപ്പകർച്ചാചികിത്സയുടെ സമ്മതിക്കപ്പെട്ട അപകടങ്ങൾ പരിഗണിക്കുമ്പോൾ ഇത് അവഗണനയോ ദുർവിനിയോഗമോ അല്ല. അത് ഉൾപ്പെട്ടിരിക്കുന്ന അപകടസാദ്ധ്യതകളെ തൂക്കിനോക്കുന്നതിനും അനന്തരം ചികിത്സ തെരഞ്ഞെടുക്കുന്നതിനുമുള്ള അവകാശത്തിന്റെ ഒരു പ്രയോഗമാണ്.a എന്നിരുന്നാലും, ആവശ്യമില്ലാത്ത ഒരു രക്തപ്പകർച്ച ബലമായി കൊടുക്കുന്നതിനുള്ള അധികാരം തേടിക്കൊണ്ട് ചില വൈദ്യശാസ്ത്ര അധികൃതർ നിയമവ്യവസ്ഥകളെ ആശ്രയിച്ചിട്ടുണ്ട്.
13 ഒരു മൈനർക്ക് രക്തപ്പകർച്ച നടത്താൻ കോടതിയുടെ പിന്തുണ നേടുന്നത് ചികിത്സാരംഗത്തെ ആളുകൾക്ക് എളുപ്പമാണെന്ന് അറിഞ്ഞുകൊണ്ട് സംഗതി തങ്ങളുടെ നിയന്ത്രണത്തിന് അതീതമാണെന്നും മാതാപിതാക്കൾക്ക് ചെയ്യാൻ കഴിയുന്നതോ ചെയ്യേണ്ടതോ ആയി യാതൊന്നുമില്ലെന്നും ചില മാതാപിതാക്കൾ വിചാരിച്ചേക്കാം. എന്നാൽ ആ വീക്ഷണം എത്ര തെററാണ്!—സദൃശവാക്യങ്ങൾ 22:3 താരതമ്യംചെയ്യുക.
14. ദാവീദും തിമൊഥെയോസും തങ്ങളുടെ യൗവനത്തിൽ എങ്ങനെ പ്രബോധിപ്പിക്കപ്പെട്ടു?
14 ദാവീദ് ബാല്യംമുതൽ ദൈവത്തിന്റെ വഴി പ്രബോധിപ്പിക്കപ്പെട്ടിരുന്നതായി നാം നിരീക്ഷിച്ചിരിക്കുന്നു. അത് ജീവനെ ദൈവത്തിൽനിന്നുള്ള ഒരു ദാനമായി കരുതുന്നതിനും രക്തം ജീവനെ പ്രതിനിധാനംചെയ്യുന്നുവെന്ന് അറിയുന്നതിനും അവനെ സജ്ജനാക്കി. (2 ശമുവേൽ 23:14-17 താരതമ്യംചെയ്യുക.) തിമൊഥെയോസ് “ശൈശവം മുതൽ” ദൈവത്തിന്റെ ചിന്ത പഠിപ്പിക്കപ്പെട്ടിരുന്നു. (2 തിമൊഥെയോസ് 3:14, 15) ദാവീദും തിമൊഥെയോസും ഇന്നത്തെ നിയമപരമായ പ്രായപൂർത്തിയിലും താഴ്ന്നവരായിരുന്നപ്പോൾപോലും ദൈവേഷ്ടംസംബന്ധിച്ച വിവാദങ്ങളിൽ സമുചിതമായി ആശയപ്രകടനം നടത്തുന്നതിന് പ്രാപ്തരായിരുന്നിരിക്കണമെന്നതിനോട് നിങ്ങൾ യോജിക്കുന്നില്ലേ? അതുപോലെതന്നെ, പ്രായപൂർത്തിക്ക് വളരെ മുമ്പുതന്നെ ചെറുപ്പക്കാരായ ക്രിസ്ത്യാനികളെ ദൈവവഴി പഠിപ്പിക്കണം.
15, 16. (എ) മൈനർമാരുടെ അവകാശങ്ങൾ സംബന്ധിച്ച് ചില സ്ഥലങ്ങളിൽ ഏതു വീക്ഷണം വളർന്നുവന്നിട്ടുണ്ട്? (ബി) ഒരു മൈനർക്ക് രക്തം കൊടുക്കുന്നതിലേക്കു നയിച്ചതെന്ത്?
15 ചില സ്ഥലങ്ങളിൽ പക്വതയുള്ള മൈനർ എന്നു വിളിക്കപ്പെടുന്നവന് മുതിർന്നവരോടു സമാനമായ അവകാശങ്ങൾ അനുവദിക്കപ്പെടുന്നു. പ്രായത്തിലോ പരിപക്വമായ ചിന്തയിലോ, അല്ലെങ്കിൽ രണ്ടിലും, അടിസ്ഥാനപ്പെടുത്തി ഒരു ചെറുപ്പക്കാരൻ വൈദ്യചികിത്സസംബന്ധിച്ച് സ്വന്തം തീരുമാനങ്ങൾ ചെയ്യാൻ തക്ക പക്വതയുള്ളവനെന്ന് വീക്ഷിക്കപ്പെട്ടേക്കാം. ഇത് നിയമമായിരിക്കാത്തടത്തുപോലും, രക്തം സംബന്ധിച്ച തന്റെ ദൃഢമായ തീരുമാനം വ്യക്തമായി പ്രകടിപ്പിക്കാൻ പ്രാപ്തനായ ഒരു ചെറുപ്പക്കാരന്റെ ഇച്ഛകൾക്ക് ന്യായാധിപൻമാരോ ഉദ്യോഗസ്ഥൻമാരോ വളരെയധികം ഘനം കൊടുത്തേക്കാം. മറിച്ച്, ഒരു ചെറുപ്പക്കാരന് തന്റെ വിശ്വാസങ്ങൾ വ്യക്തമായും പക്വതയോടെയും വിശദീകരിക്കാൻ കഴിയാത്തപ്പോൾ ഒരു ശിശുവിന്റെ കാര്യത്തിലെന്നപോലെ ഏററവും നല്ലതായി തോന്നുന്നതെന്തെന്ന് അത് തീരുമാനിക്കേണ്ടതുണ്ടെന്ന് ഒരു കോടതി വിചാരിച്ചേക്കാം.
16 ഒരു യുവാവ് വർഷങ്ങളോളം വല്ലപ്പോഴുമൊക്കെ ബൈബിൾ പഠിച്ചിരുന്നു, എന്നാൽ സ്നാപനപ്പെട്ടിരുന്നില്ല. അവന് “സ്വയം വൈദ്യചികിത്സ നിരസിക്കാനുള്ള അവകാശം” നേടുന്ന പ്രായത്തിന് ഏഴു വാരങ്ങൾ മാത്രം ശേഷിച്ചിരിക്കെ, ക്യാൻസറിന് അവനെ ചികിത്സിക്കുന്ന ഒരു ആശുപത്രി അവന്റെയും അവന്റെ മാതാപിതാക്കളുടെയും ഇച്ഛകൾക്ക് എതിരായി അവന് രക്തപ്പകർച്ച കൊടുക്കാൻ കോടതിയുടെ പിന്തുണ തേടി. മനഃസാക്ഷിബോധമുണ്ടായിരുന്ന ജഡ്ജി രക്തംസംബന്ധിച്ച അവന്റെ വിശ്വാസങ്ങളെക്കുറിച്ച് ചോദ്യംചെയ്യുകയും ബൈബിളിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങളുടെ പേരുകളേവ എന്നതുപോലെയുള്ള അടിസ്ഥാനചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. ഈ ചെറുപ്പക്കാരന് ആ പേരുകൾ പറയാനോ താൻ രക്തം നിരസിക്കുന്നതിന്റെ കാരണം തനിക്ക് മനസ്സിലാകുന്നുണ്ടെന്ന് വ്യക്തമായ സാക്ഷ്യം കൊടുക്കാനോ കഴിഞ്ഞില്ല. സങ്കടകരമെന്നു പറയട്ടെ, ജഡ്ജി രക്തപ്പകർച്ചകൾ കൊടുക്കാൻ കല്പിക്കുകയും “രക്തപ്പകർച്ചകൾക്ക് അനുവദിക്കുന്നതിനുള്ള അവന്റെ വിസമ്മതം അവന്റെ സ്വന്തം മതവിശ്വാസങ്ങളുടെ ഒരു പക്വമായ ഗ്രാഹ്യത്തിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നില്ല” എന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
17. രക്തം കൊടുക്കപ്പെടുന്നതു സംബന്ധിച്ച് ഒരു 14വയസ്സുകാരി പെൺകുട്ടി ഏതു നില സ്വീകരിച്ചു, എന്തു ഫലത്തോടെ?
17 ദൈവവഴികൾ നന്നായി പ്രബോധിപ്പിക്കപ്പെടുകയും സത്യത്തിൽ സജീവമായി നടക്കുകയും ചെയ്യുന്ന ഒരു മൈനറിനെസംബന്ധിച്ച് കാര്യങ്ങൾ വ്യത്യസ്തമായി പരിണമിച്ചേക്കാം. പ്രായക്കുറവുള്ള ഒരു ക്രിസ്ത്യാനിക്ക് അപൂർവതരത്തിലുള്ള അതേ കാൻസർ ഉണ്ടായി. ആ പെൺകുട്ടിയും അവളുടെ മാതാപിതാക്കളും ഒരു പ്രസിദ്ധ ആശുപത്രിയിലെ ഒരു വിദഗ്ദ്ധനിൽനിന്ന് കാര്യങ്ങൾ ഗ്രഹിച്ചുകൊണ്ട് പരിഷ്കൃതരീതിയുള്ള രാസൗഷധചികിത്സ സ്വീകരിച്ചു. എന്നിട്ടും, കേസ് കോടതിയിൽ എത്തിക്കപ്പെട്ടു. ജഡ്ജി ഇങ്ങനെ എഴുതി: “ഒരു രക്തപ്പകർച്ച നല്കുന്നതിനെ തനിക്ക് സാദ്ധ്യമാകുന്ന ഏതു രീതിയിലും ചെറുത്തുനിൽക്കുമെന്ന് ഡി.പി. സാക്ഷ്യപ്പെടുത്തി. അവൾ രക്തപ്പകർച്ച തന്റെ ശരീരത്തിൻമേലുള്ള ഒരു കടന്നാക്രമണമാണെന്നു കരുതുകയും അതിനെ ബലാൽസംഗത്തോടു താരതമ്യപ്പെടുത്തുകയും ചെയ്തു. തന്റെ തീരുമാനത്തെ ആദരിക്കാനും കോടതി ഉത്തരവിനാലുള്ള രക്തപ്പകർച്ചകൾ സ്വീകരിക്കാതെ [ആശുപത്രിയിൽ] തുടരാൻ തന്നെ അനുവദിക്കാനും കോടതിയോട് അപേക്ഷിച്ചു.” അവൾക്ക് ലഭിച്ചിരുന്ന ക്രിസ്തീയ പ്രബോധനം ഈ ദുർഘടസമയത്ത് അവളുടെ സഹായത്തിനെത്തി.—ചതുരം കാണുക.
18. (എ) രോഗബാധിതയായ ഒരു പെൺകുട്ടി രക്തം സ്വീകരിക്കുന്നതുസംബന്ധിച്ച് ഏതു ദൃഢമായ നിലപാടു സ്വീകരിച്ചു? (ബി) അവളുടെ ചികിത്സ സംബന്ധിച്ച് ജഡ്ജി എന്തു തീരുമാനിച്ചു?
18 പന്ത്രണ്ടു വയസ്സുണ്ടായിരുന്ന ഒരു പെൺകുട്ടിയെ ല്യൂക്കീമിയായിക്ക് ചികിത്സിക്കുകയായിരുന്നു. നിർബന്ധിച്ചു രക്തം കൊടുക്കാൻ കഴിയത്തക്കവണ്ണം ഒരു ശിശുക്ഷേമ ഏജൻസി സംഗതി കോടതിയിലെത്തിച്ചു. ജഡ്ജി ഇങ്ങനെ നിഗമനംചെയ്തു: “തനിക്ക് രക്തം നൽകാൻ ശ്രമംചെയ്താൽ താൻ തനിക്ക് സംഭരിക്കാൻ കഴിയുന്ന സർവശക്തിയുമുപയോഗിച്ച് ആ രക്തപ്പകർച്ചയോടു പൊരുതുമെന്ന് എൽ. ഈ കോടതിയോട് വ്യക്തമായും കാര്യമാത്രപ്രസക്തമായും പറയുകയുണ്ടായി. താൻ അലറുമെന്നും മല്ലടിക്കുമെന്നും രക്തപ്പകർച്ച നടത്തുന്ന ഉപകരണം തന്റെ കൈയിൽനിന്ന് വലിച്ചുപറിച്ചുകളയുമെന്നും തന്റെ കിടക്കക്കു മീതെയുള്ള സഞ്ചിയിലെ രക്തം നശിപ്പിക്കാൻ ശ്രമിക്കുമെന്നും അവൾ പറഞ്ഞിരിക്കുന്നു, അവൾ പറയുന്നത് ഞാൻ വിശ്വസിക്കുകയും ചെയ്യുന്നു. ആ കഠിനയാതനക്ക് ഈ കുട്ടിയെ വിധേയമാക്കുന്ന ഒരു ആജ്ഞ പുറപ്പെടുവിക്കാൻ ഞാൻ വിസമ്മതിക്കുന്നു . . . ഈ രോഗിയുടെ കാര്യത്തിൽ ആശുപത്രി നിർദ്ദേശിക്കുന്ന ചികിത്സ ഒരു ശാരീരിക വിധത്തിൽ മാത്രമേ രോഗത്തെ കൈകാര്യംചെയ്യുന്നുള്ളു. അത് അവളുടെ വൈകാരികാവശ്യങ്ങളെയും അവളുടെ മതവിശ്വാസങ്ങളെയും കൈകാര്യംചെയ്യുന്നതിൽ പരാജയപ്പെടുന്നു.”
മാതാപിതാക്കളേ, നന്നായി പ്രബോധിപ്പിക്കുക
19. മാതാപിതാക്കൻമാർ തങ്ങളുടെ മക്കളെ സംബന്ധിച്ച് എന്ത് പ്രത്യേക കടപ്പാട് നിറവേറേറണ്ടതുണ്ട്?
19 അങ്ങനെയുള്ള അനുഭവങ്ങൾ തങ്ങളുടെ കുടുംബത്തിലുള്ള എല്ലാവരും രക്തം സംബന്ധിച്ച ദൈവനിയമം അനുസരിച്ച് ജീവിക്കണമെന്നാഗ്രഹിക്കുന്ന മാതാപിതാക്കൾക്കുവേണ്ടി ശക്തമായ ഒരു സന്ദേശം വഹിക്കുന്നു. അബ്രാഹാം ദൈവത്തിന്റെ സ്നേഹിതനായിരുന്നതിന്റെ ഒരു കാരണം അവൻ “തന്റെ മക്കളോടും തനിക്കു പിമ്പുള്ള കുടുംബത്തോടും നീതിയും ന്യായവും പ്രവർത്തിച്ചുകൊണ്ട് യഹോവയുടെ വഴിയിൽ നടപ്പാൻ കല്പിക്കു”മെന്ന് അവൻ അറിഞ്ഞുവെന്നതായിരുന്നു. (ഉല്പത്തി 18:19) ഇന്ന് ക്രിസ്തീയ മാതാപിതാക്കളെസംബന്ധിച്ച് ഇത് സത്യമായിരിക്കേണ്ടതല്ലേ? നിങ്ങൾ മാതാപിതാക്കളിലൊരാളാണെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ട മക്കൾ “[തങ്ങളിലുള്ള] പ്രത്യാശയെക്കുറിച്ച് ന്യായം ചോദിക്കുന്ന ഏവനോടും സൗമ്യതയും ഭയഭക്തിയും പൂണ്ട് പ്രതിവാദം പറയാൻ എപ്പോഴും ഒരുങ്ങിയിരിക്ക”ത്തക്കവണ്ണം യഹോവയുടെ വഴിയിൽ നടക്കാൻ നിങ്ങൾ അവരെ പഠിപ്പിക്കുന്നുണ്ടോ?—1 പത്രോസ് 3:15.
20. നമ്മുടെ കുട്ടികൾ രക്തത്തെ സംബന്ധിച്ച് എന്തറിയുകയും വിശ്വസിക്കുകയും ചെയ്യാൻ നാം മുഖ്യമായി ആഗ്രഹിക്കണം? (ദാനിയേൽ 1:3-14)
20 രക്തപ്പകർച്ചകളുടെ രോഗാപകടങ്ങളെക്കുറിച്ചും മററ് അപകടസാദ്ധ്യതകളെക്കുറിച്ചും നമ്മുടെ കുട്ടികളെ അറിയിക്കുന്നത് നന്നായിരിക്കുമെങ്കിലും രക്തംസംബന്ധിച്ചുള്ള ദൈവത്തിന്റെ പൂർണ്ണതയുള്ള നിയമം അവരെ പഠിപ്പിക്കുന്നതിന്റെ അർത്ഥം മുഖ്യമായി രക്തത്തെക്കുറിച്ചുള്ള ഭയം ജനിപ്പിക്കാൻ ശ്രമിക്കുകയെന്നല്ല. ദൃഷ്ടാന്തത്തിന്, രക്തം നൽകപ്പെടാൻ ആഗ്രഹിക്കുന്നില്ലാത്തതിന്റെ കാരണം നൽകാൻ ഒരു പെൺകുട്ടിയോട് ജഡ്ജി ആവശ്യപ്പെടുകയും രക്തം വളരെ അപകടകരമാണെന്നും പേടിക്കേണ്ടതാണെന്നും അവൾ ഉത്തരം പറയുകയും ചെയ്യുന്നുവെങ്കിൽ, ഫലമെന്തായിരിക്കാൻ കഴിയും? അവൾ കേവലം പക്വതയില്ലാത്തവളും അമിതഭീതിയുള്ളവളുമാണെന്ന് ജഡ്ജി തീരുമാനിച്ചേക്കാം, അവൾക്ക് ഏററം നല്ലതാണെന്ന് മാതാപിതാക്കൾപോലും വിചാരിച്ച ഒരു അപ്പൻഡിസൈററിസ് ഓപ്പറേഷനെ എതിർക്കുകയും കരയുകയും ചെയ്യത്തക്കവണ്ണം അതിനെ ഭയപ്പെടുന്നതുപോലെതന്നെ. മാത്രവുമല്ല, ക്രിസ്ത്യാനികൾ രക്തപ്പകർച്ചയെ എതിർക്കുന്നതിന്റെ അടിസ്ഥാനകാരണം രക്തം മലിനീകരിക്കപ്പെട്ടതാണെന്നുള്ളതല്ല, പിന്നെയോ അത് നമ്മുടെ ദൈവവും ജീവദാതാവുമായവന് വിലയേറിയതാണ് എന്നതാണെന്ന് നാം നേരത്തെ കണ്ടു. നമ്മുടെ കുട്ടികൾ അതും അതുപോലെതന്നെ രക്തത്തിന്റെ ചികിത്സാസംബന്ധമായ അപകടങ്ങൾ നമ്മുടെ മതപരമായ നിലപാടിന് കൂടുതലായ ഘനം നൽകുന്നുവെന്നും അറിഞ്ഞിരിക്കണം.
21. (എ) മാതാപിതാക്കൻമാർ തങ്ങളുടെ കുട്ടികളെയും രക്തത്തെ സംബന്ധിച്ച ബൈബിളിന്റെ വീക്ഷണത്തെയും കുറിച്ച് എന്തു മനസ്സിലാക്കണം? (ബി) മാതാപിതാക്കൾക്ക് രക്തം സംബന്ധിച്ച് തങ്ങളുടെ കുട്ടികളെ എങ്ങനെ സഹായിക്കാൻ കഴിയും?
21 നിങ്ങൾക്ക് കുട്ടികളുണ്ടെങ്കിൽ രക്തപ്പകർച്ചകൾ സംബന്ധിച്ച ബൈബിളധിഷ്ഠിത നിലപാടിനോട് അവർ യോജിക്കുന്നുവെന്നും അത് വിശദീകരിക്കാൻ അവർക്കു കഴിയുമെന്നും നിങ്ങൾക്ക് ഉറപ്പുണ്ടോ? ഈ നിലപാട് ദൈവേഷ്ടമാണെന്ന് അവർ യഥാർത്ഥമായി വിശ്വസിക്കുന്നുവോ? ദൈവനിയമത്തെ ലംഘിക്കുന്നത് നിത്യജീവനുവേണ്ടിയുള്ള ഒരു ക്രിസ്ത്യാനിയുടെ പ്രത്യാശയെ അപകടത്തിലാക്കിയേക്കാമെന്ന് അവർക്ക് ബോധ്യമുണ്ടോ? ജ്ഞാനമുള്ള മാതാപിതാക്കൾ തങ്ങളുടെ മക്കൾ ചെറുപ്പമായാലും മിക്കവാറും പ്രായപൂർത്തിയിലെത്തിവരായാലും ഈ കാര്യങ്ങൾ അവരുമായി പുനരവലോകനംചെയ്യും. ഒരു ജഡ്ജിയോ ആശുപത്രി ഉദ്യോഗസ്ഥനോ ചോദിച്ചേക്കാവുന്ന ചോദ്യങ്ങളെ ഓരോ കുട്ടിയും അഭിമുഖീകരിക്കുന്ന പരിശീലനയോഗങ്ങൾ മാതാപിതാക്കൾക്ക് നടത്താവുന്നതാണ്. തെരഞ്ഞെടുക്കപ്പെട്ട വസ്തുതകൾ അഥവാ ഉത്തരങ്ങൾ ഓർമ്മയിൽനിന്ന് ഒരു കുട്ടിയെക്കൊണ്ട് ആവർത്തിപ്പിക്കുകയെന്നതല്ല ലക്ഷ്യം. അവർ എന്തു വിശ്വസിക്കുന്നുവെന്നും എന്തുകൊണ്ടെന്നും അറിയുക എന്നതാണ് കൂടുതൽ പ്രധാനം. തീർച്ചയായും, ഒരു കോടതിവിചാരണാസമയത്ത് മാതാപിതാക്കൾക്കോ മററുള്ളവർക്കോ രക്തത്തിന്റെ അപകടങ്ങളെയും പകരചികിത്സകളെയും സംബന്ധിച്ച വിവരങ്ങൾ അവതരിപ്പിക്കാവുന്നതാണ്. എന്നാൽ ഒരു ന്യായാധിപനോ ഒരു ഉദ്യോഗസ്ഥനോ നമ്മുടെ കുട്ടികളുമായി സംസാരിക്കുന്നതിൽനിന്ന് അറിയാൻ ശ്രമിക്കാനിടയുള്ളത് അവർ പക്വതയോടെ തങ്ങളുടെ സാഹചര്യവും ഇഷ്ടങ്ങളും മനസ്സിലാക്കുന്നുണ്ടോയെന്നും അവർക്കു തങ്ങളുടെ സ്വന്തം മൂല്യങ്ങളും ദൃഢമായ ബോധ്യങ്ങളും ഉണ്ടോയെന്നുമാണ്.—2 രാജാക്കൻമാർ 5:1-4 താരതമ്യപ്പെടുത്തുക.
22. രക്തംസംബന്ധിച്ച് നാം ദൈവത്താൽ പ്രബോധിപ്പിക്കപ്പെടുന്നതിന്റെ സ്ഥിരമായ ഫലം എന്തായിരിക്കാൻ കഴിയും?
22 നമ്മളെല്ലാം രക്തത്തെസംബന്ധിച്ച ദൈവത്തിന്റെ വീക്ഷണത്തെ വിലമതിക്കുകയും അതിനോട് ദൃഢമായി പററിനിൽക്കുകയും വേണം. വെളിപ്പാട് 1:5 ക്രിസ്തുവിനെ ‘നമ്മെ സ്നേഹിക്കുന്നവനും തന്റെ സ്വന്തം രക്തംമുഖേന നമ്മെ നമ്മുടെ പാപങ്ങളിൽനിന്ന് മോചിപ്പിച്ചവനു’മെന്ന് വർണ്ണിക്കുന്നു. യേശുവിന്റെ രക്തത്തെ സ്വീകരിക്കുന്നതിനാൽ മാത്രമേ നമ്മുടെ പാപങ്ങളുടെ പൂർണ്ണവും നിലനിൽക്കുന്നതുമായ മോചനം നേടാൻ നമുക്കു കഴിയുകയുള്ളു. റോമർ 5:9 വ്യക്തമായി പറയുന്നു: “അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ട ശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽനിന്ന് രക്ഷിക്കപ്പെടും.” അപ്പോൾ, ഈ സംഗതി സംബന്ധിച്ച് നമ്മളും നമ്മുടെ കുട്ടികളും യഹോവയാൽ പ്രബോധിപ്പിക്കപ്പെടുന്നതും അവന്റെ വഴിയിൽ എന്നേക്കും നടക്കാൻ ദൃഢനിശ്ചയം ചെയ്യുന്നതും എത്ര ജ്ഞാനപൂർവകമാണ്! (w91 6/15)
[അടിക്കുറിപ്പ്]
a വാച്ച്ററവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധപ്പെടുത്തിയ രക്തത്തിന് നിങ്ങളുടെ ജീവനെ എങ്ങനെ രക്ഷിക്കാൻ കഴിയും? എന്ന ലഘുപത്രികയുടെ 21-2, 28-31 വരെ പേജുകൾ കാണുക.
പ്രബോധനത്തിനുള്ള മുഖ്യാശയങ്ങൾ
◻ യഹോവയാൽ പ്രബോധിപ്പിക്കപ്പെടുന്നതു സംബന്ധിച്ച് നമുക്ക് ഏതു വീക്ഷണമുണ്ടായിരിക്കണം?
◻ രക്തത്തെ സംബന്ധിച്ച ദൈവത്തിന്റെ നിയമം അനുസരിക്കുന്നത് പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
◻ ചെറുപ്പക്കാർ രക്തത്തെ സംബന്ധിച്ച തങ്ങളുടെ ബോധ്യങ്ങൾ വ്യക്തമായും ദൃഢമായും വിശദീകരിക്കാൻ പ്രാപ്തരായിരിക്കുന്നത് മർമ്മപ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
◻ രക്തം സംബന്ധിച്ച യഹോവയുടെ നിയമം സമുചിതമായി പ്രബോധിപ്പിക്കപ്പെടുന്നതിന് മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ എങ്ങനെ സഹായിക്കാൻ കഴിയും?
[25-ാം പേജിലെ ചതുരം]
കോടതിക്കു മതിപ്പുണ്ടായി
പതിനേഴാം ഖണ്ഡികയിൽ പറഞ്ഞ ഡി.പി.യെക്കുറിച്ച് കോടതിവിധി എന്തു പറഞ്ഞു?
“പതിനാലര വയസ്സ് പ്രായമുള്ള ഈ ചെറുപ്പക്കാരിയുടെ ബുദ്ധിയിലും സമചിത്തതയിലും മാന്യതയിലും ഊർജ്ജസ്വലതയിലും കോടതിക്ക് അത്യന്തം മതിപ്പുണ്ടായി. അവൾക്ക് മാരകരൂപത്തിലുള്ള ഒരു ക്യാൻസറുണ്ടെന്ന് കണ്ടെത്തിയതിൽ അവൾ ആകുലചിത്തയായിരിക്കാം . . . അങ്ങനെയായാലും, കോടതിയിൽ സാക്ഷ്യംപറയുന്നതിന് വന്നത് പക്വതയുള്ള ഒരു ചെറുപ്പക്കാരിയാണ്. അവൾ തന്നെ അഭിമുഖീകരിച്ച പ്രയാസമുള്ള കൃത്യത്തിൻമേൽ വ്യക്തമായി കേന്ദ്രീകരിച്ചതായി തോന്നി. അവൾ കൗൺസിലിംഗിന്റെ സകല സെഷനുകൾക്കും ഹാജരായി, ഒരു ചികിത്സാപദ്ധതിക്കു സമ്മതിച്ചു, ഒരു മനുഷ്യജീവിയെന്ന നിലയിൽ ഈ വൈദ്യശാസ്ത്രവെല്ലുവിളിയെ എങ്ങനെ അഭിമുഖീകരിക്കുമെന്ന് യോജിപ്പുള്ള ഒരു തത്വശാസ്ത്രം വികസിപ്പിച്ചെടുത്തു, അവൾ കോടതിയിലേക്കു വന്നത് എന്റെ തീരുമാനത്തെ ആദരിക്കുക എന്ന കർക്കശമായ അപേക്ഷയോടെയായിരുന്നു . . .
“ഡി.പി. തന്റെ പക്വതക്ക് പുറമേ, തന്റെ തീരുമാനത്തെ ആദരിക്കാൻ വേണ്ടത്ര ന്യായങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. രക്തപ്പകർച്ചകൾ ഉൾപ്പെട്ട ഒരു ചികിത്സാപദ്ധതിയാൽ അവൾ ആത്മീയമായും മനഃശാസ്ത്രപരമായും ധാർമ്മികമായും വൈകാരികമായും ദ്രോഹിക്കപ്പെടും. കോടതി ചികിത്സാപദ്ധതി സംബന്ധിച്ച അവളുടെ തീരുമാനത്തെ ആദരിക്കും.”
[24-ാം പേജിലെ ചിത്രം]
ഒരു ജഡ്ജിയോ ഒരു ആശുപത്രിഭരണാധികാരിയോ ഒരു ക്രിസ്തീയ ചെറുപ്പക്കാരൻ യഥാർത്ഥത്തിൽ എന്തു വിശ്വസിക്കുന്നുവെന്നും എന്തുകൊണ്ടെന്നും അറിയാനാഗ്രഹിച്ചേക്കാം