യേശുവിനെ അനുകരിക്കുക ദൈവത്തിനു പ്രസാദകരമായ ആരാധന അർപ്പിക്കുക
തന്നെ ആരാധിക്കാൻ “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും”നിന്നുള്ളവരെ സ്നേഹപൂർവം ക്ഷണിക്കുകയാണ് ദൈവം. (വെളി. 7:9, 10; 15:3, 4) ഈ ക്ഷണം സ്വീകരിക്കുന്നവർക്ക് ‘യഹോവയുടെ മനോഹരത്വം കാണാനാകും.’ (സങ്കീ. 27:4; 90:17) “വരുവിൻ, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക” എന്നുപറഞ്ഞുകൊണ്ട് സങ്കീർത്തനക്കാരനെപ്പോലെ അവർ ഉച്ചൈസ്തരം യഹോവയെ സ്തുതിക്കുന്നു.—സങ്കീ. 95:6.
യഹോവ അങ്ങേയറ്റം വിലമതിച്ച ആരാധന
ദൈവത്തിന്റെ ഏകജാതപുത്രനെന്ന നിലയിൽ യേശുവിന് പിതാവിന്റെ വീക്ഷണങ്ങളെയും തത്ത്വങ്ങളെയും നിലവാരങ്ങളെയും കുറിച്ചു മനസ്സിലാക്കാൻ ധാരാളം അവസരം ലഭിച്ചു. സത്യാരാധനയിലേക്കുള്ള മാർഗം ആത്മവിശ്വാസത്തോടെ ചൂണ്ടിക്കാണിക്കാൻ അവനു സാധിച്ചത് അതുകൊണ്ടാണ്. “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല” എന്ന് യേശു പറയുകയുണ്ടായി.—യോഹ. 1:14; 14:6.
പിതാവിനു താഴ്മയോടെ കീഴ്പെടുന്നതിൽ അവൻ തികവുറ്റ മാതൃകവെച്ചു. “ഞാൻ സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു” എന്നവൻ പറഞ്ഞു. “ഞാൻ എല്ലായ്പോഴും അവന്നു പ്രസാദമുള്ളത്” ചെയ്യുന്നെന്നും അവൻ കൂട്ടിച്ചേർത്തു. (യോഹ. 8:28, 29) ഏതെല്ലാം വിധങ്ങളിലാണ് യേശു പിതാവിനെ പ്രസാദിപ്പിച്ചത്?
യേശു തന്റെ പിതാവിനു പൂർണമായി സമർപ്പിതനായിരുന്നു. അടിസ്ഥാനപരമായി പറഞ്ഞാൽ, ദൈവത്തെ ആരാധിക്കുക എന്നതുകൊണ്ട് അതാണ് ഉദ്ദേശിക്കുന്നത്. ദൈവത്തെ അനുസരിച്ചുകൊണ്ട്, അതേ, വലിയ ത്യാഗങ്ങൾ ഉൾപ്പെട്ടിരുന്നപ്പോൾപ്പോലും ദൈവേഷ്ടം ചെയ്തുകൊണ്ട്, യേശു പിതാവിനോടുള്ള അടുപ്പത്തിനു തെളിവു നൽകി. (ഫിലി. 2:7, 8) ശിഷ്യരാക്കൽ വേലയിൽ പതിവായി പങ്കുപറ്റുന്നതായിരുന്നു യേശുവിന്റെ ആരാധനയുടെ ഒരു മുഖ്യഘടകം. വിശ്വാസികളും അവിശ്വാസികളും അവനെ ഗുരു എന്നു വിളിക്കാൻ പോന്ന അളവോളം അവൻ ആ വേല ചെയ്തു. (മത്താ. 22:23, 24; യോഹ. 3:2) മറ്റുള്ളവരെ സഹായിക്കാനായി യേശു തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. അവന്റെ ആത്മത്യാഗ മനോഭാവം നിമിത്തം അവനു സ്വന്തം കാര്യങ്ങൾക്കായി സമയം ഇല്ലായിരുന്നു എന്നുതന്നെ പറയാം. അപ്പോഴും മറ്റുള്ളവരെ സേവിക്കാൻ അവനു സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. (മത്താ. 14:13, 14; 20:28) തിരക്കിനിടയിലും തന്റെ സ്വർഗീയ പിതാവിനോടു പ്രാർഥിക്കാൻ അവൻ സമയം കണ്ടെത്തി. (ലൂക്കൊ. 6:12) യേശുവിന്റെ ആരാധന ദൈവം എത്രയധികം വിലമതിച്ചിരിക്കണം!
ദൈവത്തെ പ്രസാദിപ്പിക്കാനുള്ള ശ്രമം
തന്റെ പുത്രനെ നിരീക്ഷിച്ച യഹോവ അവനിൽ പ്രസാദിച്ചിരിക്കുന്നതായി പ്രസ്താവിച്ചു. (മത്താ. 17:5) പിശാചായ സാത്താനും യേശുവിന്റെ വിശ്വസ്ത ഗതി നിരീക്ഷിക്കുന്നുണ്ടായിരുന്നു. അങ്ങനെ സാത്താൻ അവനെ ഉന്നംവെച്ചു. കാരണം, അന്നോളം ഒരു മനുഷ്യനും സമ്പൂർണ അനുസരണം കാണിക്കുകയും അതുവഴി ദൈവത്തിനു സമ്പൂർണ ആരാധന നൽകുകയും ചെയ്തിട്ടില്ലായിരുന്നു. ദൈവത്തിനു മാത്രം അവകാശപ്പെട്ട ആരാധന നൽകുന്നതിൽനിന്നു യേശുവിനെ തടയാൻ പിശാച് ആഗ്രഹിച്ചു.—വെളി. 4:11.
യേശുവിനെ വഴിതെറ്റിക്കാനായി സാത്താൻ പ്രലോഭിപ്പിക്കുന്ന ഒരു വാഗ്ദാനം നൽകി. അവൻ യേശുവിനെ “ഏറ്റവും ഉയർന്നോരു മലമേൽ കൂട്ടിക്കൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു.” എന്നിട്ട്, “വീണു എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം” എന്നു പറഞ്ഞു. യേശുവിന്റെ പ്രതികരണമോ? “സാത്താനേ, എന്നെ വിട്ടുപോ; ‘നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു’ എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.” (മത്താ. 4:8-10) എന്തുതന്നെ ലഭിച്ചാലും ശരി, സാത്താനെ നമസ്കരിക്കുന്നത് വിഗ്രഹാരാധനയായിരിക്കുമെന്ന് യേശുവിനു അറിയാമായിരുന്നു. യഹോവയ്ക്കല്ലാതെ മറ്റാർക്കും ആരാധനയുടെ ഒരംശംപോലും നൽകാൻ അവൻ തയ്യാറായില്ല.
നമ്മുടെ കാര്യത്തിൽ, ആരാധനയ്ക്കുപകരം ഈ ലോകത്തിലെ രാജ്യങ്ങളും അവയുടെ മഹത്ത്വവുമൊന്നും സാത്താൻ വാഗ്ദാനം ചെയ്തെന്നു വരില്ല. എന്നുവരികിലും ആത്മാർഥരായ ക്രിസ്ത്യാനികൾ യഹോവയ്ക്കു നൽകുന്ന ആരാധനയ്ക്കു തടയിടാൻ അവൻ കിണഞ്ഞു ശ്രമിക്കുന്നു. മറ്റെന്തിനെയെങ്കിലും അല്ലെങ്കിൽ മറ്റാരെയെങ്കിലും നാം ആരാധിക്കണം, അതാണവനു വേണ്ടത്.—2 കൊരി. 4:4.
മരണംവരെ യേശു വിശ്വസ്തത കാത്തു. ദൈവത്തോടു വിശ്വസ്തനായിരുന്നുകൊണ്ട് മറ്റാരെക്കാളും അവൻ യഹോവയെ മഹത്ത്വപ്പെടുത്തി. സ്രഷ്ടാവിനെ ആരാധിക്കുന്നതിന് മറ്റെന്തിനെക്കാളും പ്രാധാന്യം നൽകിക്കൊണ്ട് സത്യക്രിസ്ത്യാനികളായ നാമിന്നു യേശുവിന്റെ വിശ്വസ്തഗതി പിൻപറ്റാൻ യത്നിക്കുന്നു. ശരിക്കും പറഞ്ഞാൽ, ദൈവവുമായുള്ള ഒരു നല്ല ബന്ധമാണ് ഏറ്റവും വലിയ സ്വത്ത്.
സ്വീകാര്യമായ ആരാധന അർപ്പിക്കുന്നതിന്റെ അനുഗ്രഹങ്ങൾ
ദൈവത്തിന്റെ വീക്ഷണത്തിൽ “ശുദ്ധവും നിർമ്മലവുമായുള്ള ഭക്തി” ആചരിക്കുന്നത് ധാരാളം അനുഗ്രഹങ്ങൾ കൈവരുത്തുന്നു. (യാക്കോ. 1:27) ഉദാഹരണത്തിന്, അനേകരും “സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും . . . സൽഗുണദ്വേഷികളും” ആയിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. (2 തിമൊ. 3:1-5) എന്നാൽ ദൈവത്തിന്റെ ഭവനത്തിൽ, തന്നെ ആരാധിക്കുന്നതിനു ദൈവം വെച്ചിരിക്കുന്ന നിലവാരങ്ങൾ അനുസരിക്കാൻ ശ്രമിക്കുന്ന ശുദ്ധരായ ഒരു കൂട്ടം നല്ല ആളുകളുമായി സഹവസിക്കാനുള്ള അവസരം നമുക്കുണ്ട്. അതു നമുക്കു നവോന്മേഷം പകരുന്നതല്ലേ?
ഈ ലോകത്തിന്റെ കളങ്കം ഏൽക്കാതെ സൂക്ഷിക്കുന്നതിനു മറ്റൊരു പ്രയോജനവുമുണ്ട്—ശുദ്ധമായ മനസ്സാക്ഷി. ദൈവത്തിന്റെ നീതിനിഷ്ഠമായ നിലവാരങ്ങൾ പിൻപറ്റുകയും ദിവ്യനിയമങ്ങൾക്കു വിരുദ്ധമല്ലാത്തിടത്തോളം കൈസരുടെ നിയമങ്ങൾ അനുസരിക്കുകയും ചെയ്തുകൊണ്ട് ശുദ്ധമനസ്സാക്ഷി കാത്തുസൂക്ഷിക്കാനാണ് നാം ആഗ്രഹിക്കുന്നത്.—മർക്കൊ. 12:17; പ്രവൃ. 5:27-29.
മുഴുദേഹിയോടെയുള്ള ആരാധനയ്ക്കു വേറെയും പ്രയോജനങ്ങളുണ്ട്. സ്വന്തം ഇഷ്ടത്തിനു പകരം ദൈവേഷ്ടം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ നമ്മുടെ ജീവിതം അർഥവത്തും സംതൃപ്തവുമായിത്തീരും. “തിന്നുക, കുടിക്ക നാളെ ചാകുമല്ലോ” എന്നു പറയേണ്ട അവസ്ഥയിലായിരിക്കില്ല നാം; കാരണം ഭൂമിയിലെ പറുദീസയിൽ നിത്യം ജീവിക്കാനുള്ള സുനിശ്ചിതമായ പ്രത്യാശ നമുക്കുണ്ട്.—1 കൊരി. 15:32.
യഹോവയുടെ മുമ്പാകെ ഒരു ശുദ്ധനില കാത്തുസൂക്ഷിക്കുന്നവരെല്ലാം “മഹാകഷ്ടത്തെ” അതിജീവിക്കുന്ന ഒരു സമയത്തിലേക്കു വെളിപ്പാടുപുസ്തകം വിരൽചൂണ്ടുന്നു. “സിംഹാസനത്തിൽ ഇരിക്കുന്നവൻ അവർക്കു കൂടാരം ആയിരിക്കും” എന്ന് ആ വിവരണം പറയുന്നു. (വെളി. 7:13-15) സിംഹാസനത്തിൽ ഇരിക്കുന്നവൻ, അഖിലാണ്ഡത്തിലെ ഏറ്റവും മഹത്ത്വമുള്ള വ്യക്തിയായ യഹോവയാം ദൈവമല്ലാതെ മറ്റാരുമല്ല. നിങ്ങളെ അവന്റെ കൂടാരത്തിലെ ഒരു അതിഥിയായി ക്ഷണിക്കുകയും ഒരു ദോഷവും വരാത്തവണ്ണം നിങ്ങളെ അവൻ കാത്തുപരിപാലിക്കുകയും ചെയ്യുമ്പോഴത്തെ ആ സന്തോഷം ഒന്നു ഭാവനയിൽ കാണുക. എന്തിന്, ഇപ്പോൾത്തന്നെ നിങ്ങൾക്ക് ഒരു പരിധിവരെ ദൈവത്തിന്റെ സംരക്ഷണവും കരുതലും ആസ്വദിക്കാനാകും.
മാത്രമല്ല, ദൈവത്തിന് ആരാധന അർപ്പിക്കുന്ന എല്ലാവരും “ജീവജലത്തിന്റെ ഉറവുകളിലേക്കു” നയിക്കപ്പെടുന്നതായി തിരുവെഴുത്തുകൾ വർണിക്കുന്നു. നവോന്മേഷം പകരുന്ന ഈ ഉറവുകൾ നമുക്കു നിത്യജീവൻ ലഭിക്കാനുള്ള ദൈവത്തിന്റെ സകല കരുതലുകളെയുമാണ് കുറിക്കുന്നത്. അതേ, ക്രിസ്തുവിന്റെ മറുവില മുഖാന്തരം “ദൈവം . . . അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളകയും ചെയ്യും.” (വെളി. 7:17) മനുഷ്യവർഗം പൂർണതയിലേക്കു വരും. ഭൂമിയിൽ നിത്യം ജീവിക്കാനുള്ള അവസരം ലഭിക്കുന്നവരുടെ സന്തോഷത്തിന് അതിരില്ലായിരിക്കും. ഇപ്പോൾപ്പോലും, യഹോവയോടുള്ള വിലമതിപ്പു നിറഞ്ഞ ഹൃദയത്തോടെ അവന്റെ ആരാധകർ സന്തോഷിച്ചാർക്കുന്നു. പിൻവരുന്ന ഗാനം ആലപിക്കുന്ന സ്വർഗീയസംഘത്തോടൊപ്പം അവർ ദൈവത്തെ ആരാധിക്കുന്നു: “സർവ്വശക്തിയുള്ള ദൈവമായ കർത്താവേ, നിന്റെ പ്രവൃത്തികൾ വലുതും അത്ഭുതവുമായവ; സർവ്വജാതികളുടെയും രാജാവേ, നിന്റെ വഴികൾ നീതിയും സത്യവുമുള്ളവ. കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധൻ; നിന്റെ ന്യായവിധികൾ വിളങ്ങിവന്നതിനാൽ സകലജാതികളും വന്നു തിരുസന്നിധിയിൽ നമസ്കരിക്കും.”—വെളി. 15:3, 4.
[27-ാം പേജിലെ ചിത്രം]
നമ്മുടെ ആരാധനയ്ക്കു പകരം സാത്താൻ എന്താണു വാഗ്ദാനം ചെയ്യുന്നത്?