നമ്മുടെ നാളിലേക്കുള്ള ദൂതസന്ദേശങ്ങൾ
“ദൈവം . . . ദൂതനെ അയക്കുകയും അത് അടയാളങ്ങളായി അവതരിപ്പിക്കുകയും ചെയ്തു.”—വെളിപ്പാട് 1:1.
1. അപ്പോക്കലിപ്സ് എന്ന പേർസംബന്ധിച്ച് എന്തു തെററിദ്ധാരണയുണ്ട്, ഭാവിയെസംബന്ധിച്ച് വെളിപ്പാട് എന്തു വെളിപ്പെടുത്തുന്നു?
അപ്പോക്കലിപ്സ്. ഈ 20-ാം നൂററാണ്ടിൽ ആ പേർ എത്ര കൂടെക്കൂടെ കേട്ടിട്ടുണ്ട്—എന്നാൽ എത്ര പരിതാപകരമായി തെററിദ്ധരിച്ചിരിക്കുന്നു! ബൈബിൾപരമായ അർത്ഥത്തിൽ അത് ഒരു ന്യൂക്ലിയർ വിപത്തിലെ സർവ്വ മനുഷ്യവർഗ്ഗത്തിന്റെയും നിർമ്മൂല നാശത്തെ പരാമർശിക്കുന്നില്ല. എന്നാൽ ഈ ഗ്രീക്ക്പദത്തിന്റെ അർത്ഥം “അനാച്ഛാദനം” എന്നാണ്. അപ്പോക്കലിപ്സ് അഥവാ വെളിപ്പാട് എന്ന ബൈബിൾ പുസ്തകം പ്രവാചകചിത്രങ്ങൾമുഖേന മനുഷ്യരാശിയുടെ നിത്യസന്തുഷ്ടിയുടെ ഒരു യുഗത്തിന്റെ ഉദയത്തിൽ പരകോടിയിലെത്തുന്ന വികാസങ്ങളെ അനാച്ഛാദനം ചെയ്യുന്നു. അങ്ങനെ യേശുവിന്റെ അപ്പോസ്തലനായ യോഹന്നാൻ ഈ വാക്കുകളോടെ വെളിപ്പാടിനെ അവതരിപ്പിക്കുന്നു: “ഈ പ്രവചനത്തിലെ വാക്കുകൾ വായിക്കുന്നവനും അവ കേൾക്കുന്നവരും അതിൽ എഴുതപ്പെട്ടിരിക്കുന്ന കാര്യങ്ങൾ അനുഷ്ഠിക്കുന്നവരും സന്തുഷ്ടരാകുന്നു; എന്തുകൊണ്ടെന്നാൽ നിയമിതസമയം അടുത്തിരിക്കുന്നു.”—വെളിപ്പാട്1:3.
2, 3. ഇത് ഇത്ര അസന്തുഷ്ടമായ ലോകമായിരിക്കുന്നതെന്തുകൊണ്ട്, യഹോവ എന്തു ചെയ്യാൻ ഉദ്ദേശിക്കുന്നു?
2 ലോകം ഇന്ന് സന്തുഷ്ടമല്ല. അതിന്റെ അസന്തുഷ്ടിക്കുള്ള കാരണം 3,460 വർഷംമുൻപ് മോശ രചിച്ച ഒരു ഗീതത്തിൽ പ്രസ്താവിക്കപ്പെട്ടിരിക്കുന്നു:“ അവർ തങ്ങളുടെ സ്വന്തം ഭാഗത്ത് വിനാശകരമായി പ്രവർത്തിച്ചിരിക്കുന്നു; അവർ [ദൈവത്തിന്റെ] മക്കളല്ല, ന്യൂനത അവരുടെ സ്വന്തമാണ്. വക്രവും വളച്ചൊടിക്കപ്പെട്ടതുമായ ഒരു തലമുറ!” (ആവർത്തനം 32: 5) മൂല്യങ്ങൾ വളരെ വളച്ചൊടിക്കപ്പെട്ടതും ദുഷിച്ചതുമായ ആധുനിക തലമുറയ്ക്ക് ആ വാക്കുകൾ എത്ര നന്നായി യോജിക്കുന്നു! ദൃഷ്ടാന്തമായി പുതിയ സൈനിക സാമൂഹ്യ ചെലവുകൾ 1987-88-ന്റെ ആമുഖം വെട്ടിത്തുറന്ന് ഇങ്ങനെ പറയുന്നു: “സകല ജനതകളുടെയും ജീവിതം ആയുധപന്തയത്താൽ ദുഷിച്ചിരിക്കുകയാണ്. ഐക്യനാടുകളും സോവ്യററ് യൂണിയനും കൂടെ ദിവസം 1,900 കോടി രൂപാ സൈനിക പ്രതിരോധത്തിനു ചെലവഴിക്കുന്നുണ്ട്. എന്നിരുന്നാലും ഐക്യനാടുകൾ ശിശുമരണത്തിൽ എല്ലാ രാഷ്ട്രങ്ങളെയും അപേക്ഷിച്ച് പതിനെട്ടാമതും യു. എസ്. എസ്. ആർ. നാൽപ്പത്താറാമതുമാണ്. വികസ്വരരാജ്യങ്ങൾ അവയിലെ ജനങ്ങളുടെ ആരോഗ്യരക്ഷക്കു ചെലവിടുന്നതിന്റെ ഏതാണ്ട് നാലിരട്ടി ആയുധങ്ങൾക്കു ചെലവിടുന്നു. അതേസമയം ആ രാജ്യങ്ങളിൽ സഹസ്രലക്ഷക്കണക്കിനാളുകൾ പട്ടിണിയിലാണ്; അവിടത്തെ കുട്ടികളിൽ 20 ശതമാനം അഞ്ചാമത്തെ ജൻമദിനത്തിനു മുൻപു മരണമടയുന്നു.”
3 മററു ഘടകങ്ങളും ഈ വിനാശകരമായ ഗതിയിൽ ഉൾപ്പെടുന്നു—ധാർമ്മികനിഷ്ഠകളിലും കുടുംബഘടകത്തിലുമുള്ള തകർച്ച, ഭൂമിയിൽ തേർവാഴ്ച നടത്തുന്ന കുററകൃത്യവും ഭീകരവാഴ്ചയും, ഇപ്പോഴത്തെ തലമുറയുടെ സ്നേഹരാഹിത്യവും നിയമരാഹിത്യവും. യഹോവ “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കാൻ” ഉദ്ദേശിക്കുന്നതിൽ നമുക്ക് എത്ര സന്തുഷ്ടരായിരിക്കാൻ കഴിയും! (വെളിപ്പാട് 11:18) വെളിപ്പാട് എന്ന ബൈബിൾപുസ്തകം 16 ദർശനങ്ങളുടെ ഒരു പരമ്പരയിൽ അവൻ ഇത് എങ്ങനെ നിർവഹിക്കുമെന്ന് രോമാഞ്ചം ജനിക്കുമാറ് സവിസ്തരം വർണ്ണിക്കുന്നു.
“ദൂതൻമാരും” “അടയാളങ്ങളും”
4. ദൂതൻമാർ വെളിപ്പാടിൽ എങ്ങനെ ഉൾപ്പെട്ടിരിക്കുന്നു, ദർശനങ്ങൾ ഏററം പ്രമുഖനായ ദൂതനെ എങ്ങനെ ചിത്രീകരിക്കുന്നു?
4 വെളിപ്പാട് ഉൽപ്പത്തി 3:15 ലെ ആദ്യ ബൈബിൾ പ്രവചനത്തിൻമേൽ വെളിച്ചം വീശിക്കൊണ്ട് സാത്താനും ദൈവത്തിന്റെ സ്ത്രീസമാനസ്ഥാപനവും അവരുടെ രണ്ടു ‘സന്തതി’കളും തമ്മിലുള്ള ശത്രുതക്ക് എങ്ങനെ തീരുമാനമുണ്ടാക്കുന്നുവെന്നു പ്രകടമാക്കുന്നു. അത് തന്റെ ശത്രുക്കളുടെമേലും തന്നെ സ്നേഹിക്കുന്നവരും തന്റെ പരമാധികാരത്തെ പിന്താങ്ങുന്നവരുമായവരുടെമേലുമുള്ള യഹോവയുടെ ന്യായവിധികൾ വെളിപ്പെടുത്തുന്നു. ഒരു ദൂതൻ യോഹന്നാന് “അടയാളങ്ങ”ളാൽ വെളിപ്പാട് എത്തിച്ചുകൊടുക്കുന്നു. ആ അടയാളങ്ങൾ അറിയിക്കുന്നതിലോ അഭിനയിക്കുന്നതിലോ മററു ദൂതൻമാർ അഥവാ സന്ദേശവാഹകൻമാർ പങ്കുപററുന്നു. ഏററവും പ്രമുഖദൂതൻ വെളിപ്പാട് 1:5—ൽ “‘വിശ്വസ്ത സാക്ഷിയും’ ‘മരിച്ചവരിൽനിന്നുള്ള ആദ്യജാതനും’ ‘ഭൂമിയിലെ രാജാക്കൻമാരുടെ ഭരണാധികാരിയും’ ആയി അവതരിപ്പിക്കപ്പെടുന്നു. “അടയാളങ്ങൾ” അഥവാ ദർശനങ്ങൾ അവനെ ഒരു “സിംഹവും” ഒരു “കുഞ്ഞാടും” ആയും “മീഖായേൽ” ആയും പല പ്രാവശ്യം ഒരു ശക്തനായ ദൂതനായും വർണ്ണിക്കുന്നു.—വെളിപ്പാട് 5:5, 13; 9:1, 11; 10:1; 12:7; 18:1.
5. വെളിപ്പാടിലെ ആദ്യ ദർശനത്തിൽ എന്തു വിശേഷവൽക്കരിച്ചിരിക്കുന്നു, അതു നമ്മെ എങ്ങനെ ഉൾപ്പെടുത്തുന്നു?
5 വെളിപ്പാട് 1:10-3:22 വരെയുള്ള ആദ്യ ദർശനം “കർത്താവിന്റെ ദിവസ”ത്തിലെ യഹോവയുടെ സാക്ഷികളുടെ മുഴു ആഗോളസഭയെയും ചിത്രീകരിക്കുന്ന ആസ്യയിലെ ഏഴു സഭകളുടെ “ദൂതൻമാർ”ക്ക് അഥവാ മേൽവിചാരകൻമാർക്ക് മഹത്വീകരിക്കപ്പെട്ട യേശു എത്തിച്ചുകൊടുക്കുന്ന ഉത്തേജകമായ സന്ദേശങ്ങളെ വിശേഷവൽക്കരിക്കുന്നു. അതുകൊണ്ട് സന്ദേശങ്ങൾ ഇന്നത്തെ നമുക്കായിട്ടാണ്! നാം “ആത്മാവ് സഭകളോടു പറയുന്നതു കേൾക്കാൻ” ഉൽസുകരായിരിക്കണം, എന്തുകൊണ്ടെന്നാൽ ഈ മുന്നറിയിപ്പുകളും ബുദ്ധിയുപദേശങ്ങളും നാം വിശ്വസ്തരായിരിക്കേണ്ടതിനു നമ്മുടെ പ്രോൽസാഹനത്തിനുവേണ്ടിയാണ്—നമ്മുടെ പ്രവൃത്തികളും നമ്മുടെ “സ്നേഹവും വിശ്വാസവും ശുശ്രൂഷയും സഹിഷ്ണുതയും” നിമിത്തം അംഗീകാരമുള്ളവരായിരിക്കാൻതന്നെ.—വെളിപ്പാട് 1:10; 2:7, 10, 19.
6. ഏഴ് ആസ്യ സഭകൾക്കയക്കപ്പെട്ട സന്ദേശങ്ങളിലോരോന്നിൽനിന്നും നമുക്കെങ്ങനെ പ്രയോജനം നേടാം?
6 എഫേസൂസിലെ സഭയെപ്പോലെ നാം വിശ്വസ്തമായി അദ്ധ്വാനിക്കുകയും വിഭാഗീയ അപ്പോസ്തലൻമാരുടെ പ്രവൃത്തികളെ വെറുക്കുകയും ചെയ്തിരിക്കാം, എന്നാൽ നമ്മുടെ സ്വന്തം സ്നേഹം ഏതെങ്കിലും വിധത്തിൽ മങ്ങിയിട്ടുണ്ടെങ്കിൽ നമുക്ക് ഉത്സാഹത്തിന്റെ സകല തീക്ഷ്ണതയോടുംകൂടെ നമ്മുടെ ആദ്യ സ്നേഹത്തിലേക്ക് അനുതാപപൂർവം മടങ്ങാം! സ്മുർന്നയിലെ ആത്മീയ സമ്പന്നരായിരുന്ന ക്രിസ്ത്യാനികളെപ്പോലെ ആവശ്യമെങ്കിൽ നമ്മേത്തന്നെ “മരണത്തോളം പോലും” വിശ്വസ്തരെന്നു തെളിയിച്ചുകൊണ്ട് നമുക്കു നിർഭയം പ്രതിഫലത്തിനായി കഠിനയത്നം ചെയ്യാം. പെർഗ്ഗമത്തിൽ സാത്താനാൽ പരീക്ഷിക്കപ്പെട്ടവരെപ്പോലെ നാം കഴിഞ്ഞകാലത്തെ ഏതു വിഗ്രഹാരാധനയും ദുർമ്മാർഗ്ഗവും കക്ഷിപിരിവും സംബന്ധിച്ചു അനുതപിക്കണം. തുയഥൈരക്കാർ സമാനമായ പ്രലോഭനങ്ങൾ സംബന്ധിച്ച്, വിശേഷാൽ ഈസബേൽ സ്വാധീനംസംബന്ധിച്ച്, ജാഗ്രതപാലിക്കാൻ ആഹ്വാനം ചെയ്യപ്പെട്ടു. നാമും ജാഗ്രത പാലിക്കണം! സർദ്ദീസിലെ ക്രിസ്ത്യാനികളെപ്പോലെ ആത്മീയമായി മരിച്ച ആരും വൈകിപ്പോകുന്നതിനുമുൻപു ഉണരേണ്ടതാണ്. നമ്മുടെ മുൻപാകെ തുറക്കപ്പെട്ട ഒരു സേവനവാതിൽ വെച്ചിട്ടുണ്ട്, ഫിലദൽഫിയക്കാരുടെ മുൻപാകെയെന്നപോലെതന്നെ. അവരെപ്പോലെ പരീക്ഷാനാഴികയിൽ വിജയിക്കാൻ നമുക്കു ശക്തി ഉണ്ടായിരിക്കട്ടെ! ലവൊദിക്യക്കാരെപ്പോലെ നമ്മിലാരെങ്കിലും ശീതോഷ്ണവാൻമാരായിത്തീർന്നിട്ടുണ്ടെങ്കിൽ നാം നമ്മുടെ ആത്മീയ നഗ്നതസംബന്ധിച്ചു ഉണരുകയും അനുതപിക്കുകയും വേണം. യേശു വാതിൽക്കൽ നിന്നു മുട്ടുന്നു. നമുക്കെല്ലാവർക്കും അവനെ സ്വാഗതംചെയ്യുകയും ഗോളത്തിനു ചുററുമുള്ള നമ്മുടെ 55,000 സഭകളിൽ അവനോടൊത്ത് തുടർച്ചയായ ഒരു ആത്മീയഭക്ഷണം ആസ്വദിക്കുകയും ചെയ്യാം!—വെളിപ്പാട് 1:11; 2:7, 10, 11, 17, 29; 3:6, 13, 22.
ദൈവത്തിന്റെ സിംഹാസനവും ഒരു ചുരുളും ഒരു ചോദ്യവും
7. രണ്ടാമത്തെ ദർശനത്തിൽ ഏതു സ്തുതികൾ ആലപിക്കപ്പെടുന്നു, നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു?
7 രണ്ടാമത്തെ ദർശനത്തിൽ യോഹന്നാൻ യഹോവയുടെ തേജസ്സുള്ള സ്വർഗ്ഗീയ സിംഹാസനം കാണുന്നു. നമ്മുടെ പ്രതാപശാലിയായ ദൈവം നാലു കെരൂബുകളാലും ദൂതസൈന്യങ്ങളാലും പുനരുത്ഥാനം പ്രാപിച്ച ക്രിസ്തീയ ജേതാക്കളാലും അനുഗതനായി സർവ്വാതിശായിയായ പകിട്ടോടെ പ്രത്യക്ഷപ്പെടുന്നു. അവരുടെ ഈ സ്തുതിഗീതം എത്ര ആത്മോത്തേജകമാണ്: “ഞങ്ങളുടെ ദൈവംതന്നെയായ യഹോവേ, നീ സകലവും സൃഷ്ടിച്ചതുകൊണ്ടും നിന്റെ ഇഷ്ടം ഹേതുവായി അവ സ്ഥിതിചെയ്യുകയും സൃഷ്ടിക്കപ്പെടുകയും ചെയ്തതുകൊണ്ടും നീ മഹത്വവും ബഹുമാനവും ശക്തിയും സ്വീകരിക്കാൻ യോഗ്യനാകുന്നു”! യഹോവ ഒരു ചുരുൾ തുറക്കാൻ യോഗ്യനായ ഏകന്റെ കയ്യിൽ അതു കൊടുക്കുന്നു—യഹൂദാ ഗോത്രത്തിലെ സിംഹത്തിന്റെ കൈയിൽത്തന്നെ. നമ്മുടെ വീണ്ടെടുപ്പുകാരനായിത്തീരുന്ന അറുക്കപ്പെട്ട കുഞ്ഞാടാണവൻ. സകല സൃഷ്ടിയും യഹോവയെയും കുഞ്ഞാടിനെയും സ്തുതിക്കുന്നു.—വെളിപ്പാട് 4:11; 5:2-5, 11-14.
8. വെളിപ്പാടിലെ മൂന്നാം ദർശനത്തിൽ നാം എന്തു കാണുന്നു, അതു നമ്മുടെ കാലത്തോട് എങ്ങനെ ബന്ധപ്പെടുന്നു?
8 ഇനി മൂന്നാമത്തെ ദർശനം! കുഞ്ഞാട് ചുരുളിലെ ഏഴു മുദ്രകൾ തുറക്കാൻ തുടങ്ങുന്നു. നാം എന്താണു കാണുന്നത്? ഒന്നാമതായി, പുതുതായി കിരീടധാരിയായ യേശു സ്വർഗ്ഗത്തിൽ നീതിനിഷ്ഠമായ യുദ്ധത്തെ ചിത്രീകരിച്ചുകൊണ്ട് ഒരു വെള്ളക്കുതിരപ്പുറത്തു സവാരിചെയ്യുന്നു. അടുത്തതായി തീപോലെ ചുവന്ന ഒരു കുതിര ഭൂമിയെ സമഗ്രയുദ്ധത്തിലാഴ്ത്തുന്നു. പിന്നീട് ക്ഷാമത്തിന്റെ കറുത്ത കുതിര വരുന്നു, അതിനുശേഷം പകർച്ചവ്യാധിയുടെ മഞ്ഞക്കുതിര. അതിൻമേൽ സവാരി ചെയ്യുന്ന ആൾ മരണമെന്നു വിളിക്കപ്പെടുന്നു! ദശലക്ഷക്കണക്കിനു ഇരകളെ വിഴുങ്ങാൻ ഹേഡീസ് പിന്തുടരുന്നു. ഇതെല്ലാം മനുഷ്യവർഗ്ഗത്തെ 1914-18-ൽ ബാധിച്ച “കൊടുംവിപത്തിന്റെ കഠോരവേദനക”ളോടെ തുടങ്ങുന്നു. ആ തലമുറയിൽ ഇപ്പോഴും ജീവിക്കുന്ന പ്രായമുള്ളവർ അതു നന്നായി ഓർക്കുന്നുണ്ട്. (മത്തായി 24:3-8) ആ കുതിരക്കാർ തുടർന്നു കുതിച്ചുകൊണ്ടിരിക്കുകയാണ്! അഞ്ചാമത്തെയും ആറാമത്തെയും മുദ്രകൾ തുറക്കുന്നതോടെ സംഭവങ്ങൾ ‘യഹോവയുടെയും കുഞ്ഞാടിന്റെയും മഹാകോപദിവസ’ത്തിലേക്കു നീങ്ങുന്നു. “ആർക്കു നിൽക്കാൻ കഴിയും?” എന്ന ചോദ്യം ചോദിക്കപ്പെടുന്നു.—വെളിപ്പാട് 6:1-17.
“നിൽക്കാൻകഴിയു”ന്നവർ
9. നാലാമത്തെ ദർശനത്തിൽ പുളകപ്രദമായ എന്തു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നു?
9 ദൈവകോപദിവസത്തെ ആർ അതിജീവിക്കുമെന്നും എന്തുകൊണ്ടെന്നും പ്രകടമാക്കിക്കൊണ്ട് നാലാമത്തെ ദർശനം ചുരുളഴിയുന്നു. ദൂതൻമാർ ആത്മീയ യിസ്രായേലിന്റെ—1,44,000-ത്തിന്റെ—മുദ്രയിടീൽ പൂർത്തിയാകേണ്ടതിനു നാശത്തിന്റെ നാലു കാററുകൾ ഭൂമിയിൽ വീശാതെ പിടിച്ചുനിർത്തുന്നു. “ഈ കാര്യങ്ങൾക്കുശേഷം” ദർശനം ഒരു ഭയജനകമായ വിശാല ദൃശ്യമായി വികാസം പ്രാപിക്കുന്നു: “നോക്കൂ! സകല ജനതകളിൽനിന്നും ഗോത്രങ്ങളിൽനിന്നും ജനങ്ങളിൽനിന്നും ഭാഷകളിൽനിന്നുമുള്ളവരായി യാതൊരു മനുഷ്യനും എണ്ണാൻ കഴിയാഞ്ഞ ഒരു മഹാപുരുഷാരം വെള്ളയങ്കികൾ ധരിച്ച് [ദൈവത്തിന്റെ] സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നിൽക്കുന്നു; അവരുടെ കൈകളിൽ പനയോലകളുണ്ടായിരുന്നു. അവർ ഒരു ഉറച്ച ശബ്ദത്തിൽ: ‘രക്ഷക്കുവേണ്ടി ഞങ്ങൾ സിംഹാസനത്തിലിരിക്കുന്ന ഞങ്ങളുടെ ദൈവത്തോടും കുഞ്ഞാടിനോടും കടപ്പെട്ടിരിക്കുന്നു’ എന്ന് ഉദ്ഘോഷിച്ചുകൊണ്ടിരിക്കുന്നു.” (വെളിപ്പാട് 7:1-10) നിങ്ങൾ നിങ്ങളെത്തന്നെ ഈ ചിത്രത്തിൽ കാണുന്നുണ്ടോ?
10. (എ) 1935-ലെയും 1987-ലെയും സ്മാരകറിപ്പോർട്ടുകളുടെ ഒരു താരതമ്യം നാലാംദർശനത്തിന്റെ നിവൃത്തിസംബന്ധിച്ച് എന്തു സൂചിപ്പിക്കുന്നു? (ബി) ഇപ്പോൾ ഏതു ചോദ്യം നമ്മിലോരോരുത്തരെയും ഉൾപ്പെടുത്തുന്നു, എന്തുകൊണ്ട്?
10 യേശുവിന്റെ മരണത്തിൻ സ്മാരകാഘോഷത്തിന്റെ 1935-ലെ ലോകവ്യാപക ഹാജർ 32,795 ആയിരുന്നു. ഇവരിൽ 27,006 പേർ സ്വർഗ്ഗീയപ്രത്യാശയുള്ള 1,44,000-ത്തിന്റെ ഭൂമിയിലെ ശേഷിപ്പെന്ന നിലയിൽ ചിഹ്നങ്ങളിൽ പങ്കുപററി. പിന്നീട് അതേ ആണ്ടിൽ മഹാപുരുഷാരത്തിന്റെ തിരിച്ചറിയൽ വ്യക്തമായി തെളിഞ്ഞു. ഒരു പരദീസാഭൂമിയിലെ നിത്യജീവനു നോക്കിപ്പാർത്തിരിക്കുന്ന ഈ സൗമ്യതയുള്ളവരും യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തിൽ വിശ്വാസം പ്രകടമാക്കുന്നു; അവർ യഹോവയിങ്കലേക്ക് സമർപ്പണത്തോടെ വരുകയും സ്നാനത്തിനു വിധേയരാകുകയും “മഹോപദ്രവ”ത്തെ അതിജീവിക്കാനുള്ള സന്തുഷ്ട പ്രതീക്ഷയോടെ ദൈവത്തെ തീക്ഷ്ണമായി സേവിക്കുകയും ചെയ്യുന്നു. 1987-ലെ സ്മാരകഹാജർ 89,65,221 ആയിരുന്നു. 8,808 പേരേ പങ്കാളികളായി ഉണ്ടായിരുന്നുള്ളു. ഇന്നത്തെ ദശലക്ഷങ്ങൾ ഒന്നുകിൽ മഹാപുരുഷാരത്തിൽപെട്ടവരോ അവരിൽ ഉൾപ്പെടാൻ താത്പര്യമുള്ളവരോ ആണെന്ന് ഇതു സൂചിപ്പിക്കുന്നു. ‘യഹോവയുടെയും കുഞ്ഞാടിന്റെയും മഹാകോപദിവസത്തിൽ’ നിങ്ങൾക്കു “നിൽക്കാൻ കഴിയു”മോ? ആ ലക്ഷ്യത്തിൽ നടപടികൾ സ്വീകരിക്കുന്നത് നിങ്ങളുടെ അതിജീവനത്തെ അർത്ഥമാക്കും.—വെളിപ്പാട് 6:15-17; 7:14-17.
ദൈവത്തിന്റെ ന്യായവിധികളുടെ കാഹളം മുഴക്കൽ
11. അഞ്ചാമത്തെ ദർശനത്തിൽ ഏതു ന്യായവിധികാഹളങ്ങൾ മുഴക്കപ്പെടുന്നു, ഇതു നമ്മുടെ കാലത്തോടു എങ്ങനെ ബന്ധപ്പെടുന്നു?
11 ഏഴാമത്തെ മുദ്ര തുറക്കുന്നു! വെളിപ്പാടിലെ അഞ്ചാമത്തെ ദർശനം കാഴ്ചയിൽ മിന്നിത്തെളിയുന്നു. ഏഴു ദൂതൻമാർ ദൈവമുമ്പാകെ നിൽക്കുന്നു. അവർക്കു ഏഴു കാഹളങ്ങൾ കൊടുക്കപ്പെടുന്നു. ഇവകൊണ്ട് അവർ പ്രഖ്യാപനങ്ങൾ മുഴക്കുന്നു, 1919 മുതൽ യഹോവയുടെ ജനം അവയെ ഭൂവ്യാപകമായി പ്രതിദ്ധ്വനിപ്പിച്ചിട്ടുണ്ട്. ആദ്യത്തെ നാലു ദൂതൻമാർ മനുഷ്യവർഗ്ഗത്തിലെ “മൂന്നിലൊന്നിന്റെ”മേൽ ന്യായവിധികൾ അറിയിക്കുന്നു, സ്പഷ്ടമായി ക്രൈസ്തവലോകത്തിൽ വസിക്കുന്നവരുടെമേൽ. ഈ “കാഹളങ്ങൾ” “ഭൂമി”യിലും (സാത്താന്റെ സ്ഥിരമെന്നു തോന്നുന്ന വ്യവസ്ഥിതി) “സമുദ്രത്തിലും” (മനുഷ്യവർഗ്ഗത്തിലെ കോളിളക്കംനിറഞ്ഞ സമൂഹങ്ങൾ)പെട്ട ക്രൈസ്തവലോകഭാഗവും അതുപോലെ അവളുടെ ‘നദികളും നീരുറവകളും’ (ക്രൈസ്തവലോകത്തിലെ ഉപദേശങ്ങളും തത്വശാസ്ത്രങ്ങളും) അവളുടെ ഇരുണ്ട പ്രകാശഗോളങ്ങളും (ആത്മീയവെളിച്ചമില്ലാത്ത വൈദികർ) എല്ലാം ദൈവകോപത്തിന്റെ ഇരകളാണ്. അടുത്തതായി ഒരു ദൂതനെ ചിത്രീകരിക്കുന്ന പറക്കുന്ന ഒരു “കഴുകൻ” മദ്ധ്യാകാശത്തിൽ പ്രത്യക്ഷപ്പെട്ട് ഇനിയുമുണ്ടാകാനിരിക്കുന്ന കാഹളങ്ങൾ “ഭൂമിയിൽ വസിക്കുന്നവർക്കു കഷ്ടം, കഷ്ടം, കഷ്ടം” വരുത്തിക്കൂട്ടുമെന്ന് അറിയിക്കുന്നു.—വെളിപ്പാട് 8:1-13.
12. അഗാധകൂപം തുറക്കുന്നതാർ, ആധുനിക കാലങ്ങളിൽ “വെട്ടുക്കിളികളുടെ” ഒരു കൂട്ടം വൈദികരെ കുത്തിയിരിക്കുന്നതെങ്ങനെ?
12 അങ്ങനെ അഞ്ചാമത്തെ ദൂതൻ തന്റെ കാഹളമൂതുന്നു. നോക്കൂ! “ഒരു നക്ഷത്രം”—കർത്താവായ യേശു—അഗാധപുകക്കൂപം തുറക്കുന്നു, വെട്ടുക്കിളികളുടെ ഒരു സമൂഹം കയറിവരുന്നു. ഇതു ശ്രദ്ധേയമായി യേശു 1919-ൽ ദൈവത്തിന്റെ അഭിഷിക്തസാക്ഷികളെ നിഷ്ക്രിയത്വത്തിൽനിന്ന് മോചിപ്പിക്കുന്നതിനെ ചിത്രീകരിക്കുന്നു. ദിവ്യാധികാരത്തോടെ ഇവർ വൈദികരുടെ മേച്ചൽസ്ഥലങ്ങളെ ശൂന്യമാക്കി “അഞ്ചുമാസം”—ഒരു വെട്ടുക്കിളിയുടെ സാധാരണ ആയുസ്സ്—അവരുടെ വ്യാജോപദേശങ്ങളെയും കപടഭക്തിയെയും തുറന്നുകാട്ടുന്നു. ഇത് യഹോവയും ക്രിസ്തുവും ജനതകളുടെ ന്യായവിധി പൂർത്തീകരിക്കുന്നതുവരെ ആധുനിക വെട്ടുക്കിളികളുടെ തലമുറ “യാതൊരു പ്രകാരത്തിലും നീങ്ങിപ്പോകുകയില്ല” എന്നു സ്ഥിരീകരിക്കുന്നു. ഇപ്പോൾത്തന്നെ വെട്ടുക്കിളിക്കൂട്ടം ആളുകൾക്ക് സഹസ്രലക്ഷക്കണക്കിനു ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങൾ സമർപ്പിച്ചിരിക്കുന്നു, തേളിന്റെ വാൽകൊണ്ടു എന്നപോലെ കുത്തുന്ന അഗ്നിമയ ന്യായവിധിദൂതുകളാണവയിലുള്ളത്. യോഹന്നാൻ പറയുന്നു: “ഒരു കഷ്ടം കഴിഞ്ഞു. നോക്കൂ! ഈ കാര്യങ്ങൾക്കുശേഷം രണ്ടു കഷ്ടങ്ങൾ കൂടെ വരുന്നു.”—വെളിപ്പാട് 9:1-12; മത്തായി 24:34; 25:31-33.
13. (എ) യൂപ്രട്ടീസ് നദിയുടെ പരിസരത്തുനിന്നു വിമോചിപ്പിക്കപ്പെടുന്ന നാലു ദൂതൻമാർ ആരെ ചിത്രീകരിക്കുന്നു, അവർക്കു ഏതു വേല ഉണ്ട്? (ബി) ദശസഹസ്രക്കണക്കിനുള്ള കുതിരപ്പട ആരാണ്, അവയുടെ അധികാരം “അവയുടെ വായ്കളിലും അവയുടെ വാലുകളിലുമാ”യിരിക്കുന്നതെങ്ങനെ?
13 രണ്ടാമത്തെ “കഷ്ട”ത്തെ അവതരിപ്പിച്ചുകൊണ്ട് ആറാമത്തെ കാഹളം മുഴക്കുന്നു. യൂപ്രട്ടീസ് നദിയുടെ പരിസരത്തുനിന്ന് നാലു ദൂതൻമാർ വിമോചിപ്പിക്കപ്പെടുന്നു. അത് ബാബിലോന്യ അടിമത്വത്തിൽനിന്ന് 1919-ൽ ദൈവത്തിന്റെ അഭിഷികക്തസാക്ഷികൾക്കുണ്ടായ വിമോചനത്തെ ഉചിതമായി ചിത്രീകരിക്കുന്നു. യഹോവയുടെ വീക്ഷണത്തിൽ ക്രൈസ്തവലോകത്തിലെ വൈദികർ മരിച്ചവരാണെന്ന് അറിയിച്ചുകൊണ്ട് “മനുഷ്യരിൽ മൂന്നിലൊന്നിനെ കൊല്ലാൻ” അവർ തയ്യാറായിരുന്നു. എന്നാൽ ഈ സാക്ഷ്യവേല വികസിപ്പിക്കാൻ സഹായമാവശ്യമാണ്, സഹപ്രവർത്തകരുടെ ഒരു മഹാപുരുഷാരത്തെ ആനയിച്ചുകൊണ്ട് യഹോവ ഇതു പ്രദാനംചെയ്യുന്നു. അഭിഷിക്തസാക്ഷികളും ഈ സഹായികളും “ഇരുപതിനായിരം പതിനായിരങ്ങൾ”, അസംഖ്യം, കുതിരപ്പടയെന്ന നിലയിൽ മുന്നോട്ടുകുതിക്കുന്നു. ആളുകളുടെ ഭവനങ്ങളിൽ അവർ യഹോവയുടെ ന്യായവിധിദൂതുകൾ സംസാരിക്കുന്നതുകൊണ്ട് അവരുടെ അധികാരം “അവരുടെ വായ്കളി”ലാണ്. അവർ സത്വരം സമീപിച്ചുവരുന്ന അവന്റെ പ്രതികാരദിവസം ഘോഷിക്കുന്ന ബൈബിൾസാഹിത്യം പിൻപിൽ ഏൽപ്പിച്ചിട്ടുപോരുന്നതുകൊണ്ട് അതു “അവരുടെ വാലുകളി”ലുമാണ്.—വെളിപ്പാട് 9:13-21; പ്രവൃത്തികൾ 20:20, 21.
14. (എ) ആറാം ദർശനത്തിലെ “ശക്തനായ ദൂതൻ” ആരാണ്, അവൻ എന്തു ചെയ്യുകയും പറയുകയും ചെയ്യുന്നു? (ബി) ചെറിയ ചുരുൾ “തേൻപോലെ മധുരിക്കു”ന്നതും എന്നാൽ “വയററിൽ കൈയ്പുള്ള”തായിരിക്കുന്നതും എന്തു സൂചിപ്പിക്കുന്നു?
14 ഇപ്പോൾ ആറാമത്തെ ദർശനം ചുരുളഴിയുന്നു. നാം “ശക്തനായ ഒരു ദൂതനെ,” സ്പഷ്ടമായി കർത്താവായ യേശുവിനെ, ഒരു പ്രത്യേകറോളിൽ കാണുന്നു. അവന്റെ കൈയിൽ ഒരു ചെറിയ ചുരുൾ ഉണ്ട്. ശബ്ദങ്ങളും ഇടിമുഴക്കങ്ങളും കേൾക്കുന്നു, അനന്തരം ദൂതൻ നമ്മുടെ മഹദ്സ്രഷ്ടാവിനെക്കൊണ്ടു ആണയിടുന്നു: “മേലാൽ താമസമുണ്ടായിരിക്കുകയില്ല; എന്നാൽ ഏഴാമത്തെ ദൂതന്റെ മുഴക്കലിന്റെ നാളുകളിൽ, അവൻ കാഹളമൂതാറായിരിക്കുമ്പോൾ, ദൈവത്തിന്റെ പാവനരഹസ്യം. . . . തീർച്ചയായും പൂർത്തീകരിക്കപ്പെടുന്നു.” ചെറിയ ചുരുൾ എടുത്തു തിന്നാൻ യോഹന്നാനോടു പറയപ്പെടുന്നു. അവന്റെ വായിൽ അതു “തേൻ പോലെ മധുരമാണ്,” “ഒരു പുതിയ ആകാശത്തിന്റെയും ഒരു പുതിയ ഭൂമിയുടെയും” വാഗ്ദത്താനുഗ്രഹങ്ങളോടുകൂടിയ രാജ്യസന്ദേശം ഇന്നത്തെ അഭിഷിക്ത യോഹന്നാൻവർഗ്ഗത്തിനും അവരുടെ കൂട്ടാളികൾക്കും വളരെ ആസ്വാദ്യമായിരിക്കുന്നതുപോലെതന്നെ. എന്നാൽ വിപരീതമായി “ജനങ്ങളെയും ജനതകളെയും ഭാഷകളെയും അനേകം രാജാക്കൻമാരെയും സംബന്ധിച്ച” ദൈവത്തിന്റെ പ്രതികാര ദിവസം ഘോഷിക്കാനുള്ള നിയോഗം ചിലർക്കു ഉൾക്കൊള്ളാൻ പ്രയാസമാണ്. എന്നാൽ ധൈര്യപ്പെടുക! നിങ്ങൾ അവന്റെ പ്രതികാരദിവസം പ്രഖ്യാപിക്കുമ്പോൾ യഹോവ ആവശ്യമായ ബലം നൽകുമെന്നു ശക്തമായ വിശ്വാസമുണ്ടായിരിക്കുക.—വെളിപ്പാടു 10: 1-11; 21:1, 4; 1 യോഹന്നാൻ 5:4; യെശയ്യാവ് 40:29-31; 61:1, 2.
ഏഴാമത്തെ കാഹളവും മൂന്നാമത്തെ കഷ്ടവും
15. (എ) മൂന്നാമത്തെ കഷ്ടം അറിയിക്കപ്പെടുകയും ഏഴാമത്തെ ദൂതൻ കാഹളമൂതുകയുംചെയ്യുമ്പോൾ എന്തു സംഭവിക്കുന്നു? (ബി) രാജ്യ പ്രഘോഷണം ഏതു വിധത്തിൽ ഒരു കഷ്ടമായിരിക്കുന്നു?
15 ദൈവത്തിന്റെ സാക്ഷികളെ “കൊല്ലാനു”ള്ള ശത്രുവിന്റെ 1918-ലെ ശ്രമത്തെ മുൻകൂട്ടിപ്പറഞ്ഞശേഷവും ഒരു ആഗോളസാക്ഷ്യംകൊടുക്കുന്നതിനു 1919-ൽ ശ്രദ്ധേയമായി “ദൈവത്തിൽനിന്നുള്ള ജീവന്റെ ആത്മാവ്” അവരെ പുനരുജ്ജീവിപ്പിച്ചതിനെ വർണ്ണിച്ചശേഷവും യോഹന്നാൻ എഴുതുന്നു: “രണ്ടാമത്തെ കഷ്ടം കഴിഞ്ഞു. നോക്കൂ! മൂന്നാമത്തെ കഷ്ടം പെട്ടെന്നു വരുന്നു.” ഏതു വിധത്തിൽ? “ഏഴാമത്തെ ദൂതൻ തന്റെ കാഹളമൂതി”യെന്നു രേഖ തുടരുന്നു. അതുകൊണ്ടു മൂന്നാമത്തെ കഷ്ടം അവസാനത്തെ ആ കാഹളമൂത്തിനോടു ബന്ധിക്കപ്പെടുന്നു. ശ്രദ്ധിക്കുക! “‘ലോകരാജ്യം നമ്മുടെ കർത്താവിന്റെയും [യഹോവ] അവന്റെ ക്രിസ്തുവിന്റെയും രാജ്യമായിത്തീരുകതന്നെ ചെയ്തു, അവൻ രാജാവായി എന്നുമെന്നേക്കും ഭരിക്കും’ എന്നു പറഞ്ഞുകൊണ്ട് സ്വർഗ്ഗത്തിൽ വലിയ ശബ്ദങ്ങളുണ്ടായി.” ഇതു ക്രിസ്തുയേശു മൂലമുള്ള ദൈവരാജ്യമാണ്, അവൻ തന്റെ 1,44,000 കൂട്ടവകാശികളോടുകൂടെ ദൈവത്തിന്റെ പാവനരഹസ്യത്തെ പൂർത്തീകരണത്തിലേക്കുവരുത്തുന്നു, സർവ്വശക്തനാം യഹോവയായ ദൈവത്തിന്റെ നിത്യപരമാധികാരത്തെ സംസ്ഥാപിച്ചുകൊണ്ടുതന്നെ. ഈ രാജ്യ പ്രഘോഷണം ഒരു കഷ്ടമാണോ? ദുഷ്ടൻമാർക്ക് അങ്ങനെതന്നെ! എന്തുകൊണ്ടെന്നാൽ ദൈവം എങ്ങനെ “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കു”മെന്ന് അതു പ്രകടമാക്കുന്നു.—വെളിപ്പാട് 11:1-19.
16. ഏഴാമത്തെ ദർശനത്തിൽ ഏതു നാടകീയ വെളിപ്പെടുത്തലുകൾ നടത്തുന്നു?
16 ഇപ്പോൾ ഏഴാമത്തെ ദർശനം കാഴ്ചയിൽ മിന്നിത്തെളിയുന്നു! അതാ അവിടെ ദൈവത്തിന്റെ കർത്തവ്യ നിരതമായ സ്വർഗ്ഗീയസ്ഥാപനം, അവന്റെ സ്ത്രീ. അവൾ ഗർഭിണിയാണ്, ദീർഘനാൾ പ്രതീക്ഷിച്ചിരുന്ന ഒരു കുട്ടിയെ പ്രസവിക്കാനുള്ള വേദനയിലാണ്. വെളിപ്പാടിൽ ആദ്യമായി—എന്നാൽ അവസാനമായിട്ടല്ല—തീനിറമുള്ള ഒരു മഹാസർപ്പം, “മുഴുനിവസിതഭൂമിയെയും വഴിതെററിക്കുന്ന പിശാചും സാത്താനുമെന്നു വിളിക്കപ്പെട്ട ആദ്യപാമ്പ്,” ജനനസമയത്ത് കുട്ടിയെ വിഴുങ്ങാൻ തയ്യാറായി പ്രത്യക്ഷപ്പെടുന്നു. മുൻകൂട്ടിപ്പറയപ്പെട്ട “[സർപ്പവും] സ്ത്രീയും തമ്മിലുള്ള ശത്രുത” ഒരു ബലപരീക്ഷണത്തിലേക്കു നീങ്ങുന്നു! സ്ത്രീ “ഒരു പുത്രനെ, ഒരു ആൺകുട്ടിയെ” പ്രസവിക്കുന്നു, അവൻ പെട്ടെന്ന് ദൈവത്തിന്റെ സിംഹാസനത്തിലേക്ക് എടുക്കപ്പെടുന്നു.—വെളിപ്പാട് 12:1-6, 9; ഉൽപ്പത്തി 3:15; ദാനിയേൽ 2:44; 7:13, 14.
17. (എ) മീഖായേൽ ആരാണ്, അവൻ 1914 മുതൽ തന്റെ പേരിനനുസരിച്ചു ജീവിച്ചിരിക്കുന്നതെങ്ങനെ? (ബി) ‘മൂന്നു കഷ്ടങ്ങളും’ വെളിപ്പാടു 12:12-ലെ ‘ഭൂമിക്കുള്ള കഷ്ട’വും തമ്മിൽ വ്യത്യാസപ്പെടുത്തുക.
17 ഇത് 1914 എന്ന ചരിത്രപ്രധാനമായ വർഷത്തിൽ സ്വർഗ്ഗത്തിൽ സ്ഥാപിതമായ രാജ്യമായ ആൺകുട്ടിയാണ്. അതിന്റെ രാജാവായ ക്രിസ്തുയേശു മീഖായേൽ എന്നും വിളിക്കപ്പെടുന്നു. അതിന്റെയർത്ഥം “ദൈവത്തെപ്പോലെ ആരുള്ളു?” എന്നാണ്. സാത്താനുമായി യുദ്ധംചെയ്തുകൊണ്ടും ആ പഴയ മഹാസർപ്പത്തെയും അവന്റെ ഭൂതങ്ങളെയും ഭൂമിയിലേക്കു വലിച്ചെറിഞ്ഞുകൊണ്ടും അവൻ ആ ചോദ്യത്തിനു താമസംവിനാ ഉത്തരം കൊടുക്കുന്നു. 1914 മുതൽ “തനിക്ക് അൽപ്പകാലഘട്ടമാണുള്ളതെന്നറിഞ്ഞുകൊണ്ട് പിശാച് മഹാകോപത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നതിനാൽ ഭൂമിക്കും സമുദ്രത്തിനും കഷ്ടം” ആയിരിക്കുന്നു. അതുകൊണ്ട് ഇന്നത്തെ മനുഷ്യവർഗ്ഗത്തിന്റെ സങ്കടകരമായ അവസ്ഥയിൽ പ്രതിഫലിക്കുന്ന ഈ കഷ്ടത്തെ ദുഷ്ടൻമാരെ ന്യായംവിധിക്കുമ്പോൾ യഹോവ വരുത്തുന്ന ‘മൂന്നു കഷ്ടങ്ങളു’മായി കൂട്ടിക്കുഴയ്ക്കാവുന്നതല്ല.—വെളിപ്പാട് 12:7-12.
18. (എ) രണ്ടാംലോകമഹായുദ്ധകാലത്തും മുൻപും പിശാചായ സാത്താൻ യഹോവയുടെ വിശ്വസ്തദാസൻമാർക്ക് എന്തു കഷ്ടം വരുത്താൻ ശ്രമിച്ചു? (ബി) പിശാച് എന്തു ചെയ്യാൻ ഇപ്പോഴും നിശ്ചയിച്ചിരിക്കുകയാണ്, ശേഷിച്ച ദർശനങ്ങൾ എന്തു വെളിപ്പെടുത്തും?
18 പിശാച് യഹോവയുടെ ഭൂമിയിലെ വിശ്വസ്തരായ അടിമകൾക്കും കഷ്ടം വരുത്തിക്കൂട്ടാൻ ശ്രമിച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്തും മുൻപും ദൈവത്തിന്റെ സ്ത്രീസമാന സ്ഥാപനത്തിൽ “ശേഷിപ്പുള്ളവരുടെ”—മനുഷ്യവർഗ്ഗത്തിന്റെ ഇടയിൽ ഇപ്പോഴും സേവിക്കുന്ന 1,44,000-ത്തിൽ പെട്ടവരുടെ—വേലയെ മുക്കിക്കളയാനുള്ള ശ്രമത്തിൽ അവൻ പീഡനത്തിന്റെ ഒരു പ്രളയത്തെ ചാടിച്ചു. സാത്താന്റെ സ്വന്തം വ്യവസ്ഥിതിയായ ഭൂമി ആ പ്രളയത്തെ വിഴുങ്ങിക്കളയുന്നതിൽ യഹോവ ശ്രദ്ധിച്ചു. എന്നിരുന്നാലും കുപിതനായ സാത്താൻ യഹോവയുടെ സാക്ഷികളോടു ഇപ്പോഴും യുദ്ധം ചെയ്യുന്നതിനു തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. (വെളിപ്പാട് 12:13-17) അന്തിമഫലം എന്തായിരിക്കും? ഇനിയും ഒൻപതു ദർശനങ്ങൾകൂടെയുണ്ട്. അവ നമ്മോടു പറയും!—ഹബക്കൂക്ക് 2:3. (w88 12/15)
പുനരവലോകന ചോദ്യങ്ങൾ
◻ വെളിപ്പാടുപുസ്തകത്തിന്റെ കാര്യത്തിൽ യഹോവ ദൂതൻമാരെ എങ്ങനെ ഉപയോഗിച്ചു?
◻ ഏഴു സഭകൾക്കുള്ള യേശുവിന്റെ സന്ദേശങ്ങൾ നമ്മെ എങ്ങനെ ബാധിക്കണം?
◻ ഏഴു കാഹളങ്ങളുടെ ഊത്തിൽനിന്ന് എന്തു ഫലമുണ്ടായി?
◻ വെട്ടുക്കിളിസമൂഹവും അസംഖ്യം കുതിരപ്പടയും ചിത്രീകരിച്ചതെന്ത്?
◻ ദൈവരാജ്യത്തിന്റെ ജനനം “മൂന്നാമത്തെ കഷ്ട”ത്തോടു ബന്ധിക്കപ്പെട്ടിരിക്കുന്നതെന്തുകൊണ്ട്?
[20-ാം പേജിലെ ചതുരം]
ഓരോ ദർശനത്തിന്റെയും അദ്ധ്യായങ്ങളും വാക്യങ്ങളും
◻ 1-ാം ദർശനം 1:10-3:22
◻ 2-ാം ദർശനം 4:1-5:14
◻ 3-ാം ദർശനം 6:1-17
◻ 4-ാം ദർശനം 7:1-17
◻ 5-ാം ദർശനം 8:1-9:21
◻ 6-ാം ദർശനം 10:1-11:19
◻ 7-ാം ദർശനം 12:1-17
◻ 8-ാം ദർശനം 13:1-18
◻ 9-ാം ദർശനം 14:1-20
◻ 10-ാം ദർശനം 15:1-16-21
◻ 11-ാം ദർശനം 17:1-18
◻ 12-ാം ദർശനം 18:1-19:10
◻ 13-ാം ദർശനം 19:11-21
◻ 14-ാം ദർശനം 20:1-10
◻ 15-ാം ദർശനം 20:11-21:8
◻ 16-ാം ദർശനം 21:9-22:5
[21-24 പേജുകളിലെ ചതുരം/ചിത്രങ്ങൾ]
വെളിപ്പാടിൻ കാലത്തെ 16 ദർശനങ്ങൾ—ചില സവിശേഷതകൾ
1 ഏഴു സഭാനിലവിളക്കുകളുടെ നടുവിൽ നിൽക്കുന്ന യേശു അഭിഷിക്തമേൽവിചാരകൻമാരായ ഏഴു നക്ഷത്രങ്ങൾമുഖേന സ്നേഹനിർഭരമായ സന്ദേശങ്ങൾ അയയ്ക്കുന്നു
2 യഹോവയുടെ സ്വർഗ്ഗീയസിംഹാസനത്തിൻമുമ്പാകെ ജയശാലിയായ കുഞ്ഞാട് ന്യായവിധിദൂതുകളുടെ ഒരു ചുരുൾ വാങ്ങുന്നു
3 മററു കുതിരക്കാർ മനുഷ്യവർഗ്ഗത്തെ ബാധിക്കുമ്പോഴും ദൈവത്തിന്റെ ക്രോധദിവസം സമീപിക്കുമ്പോഴും ക്രിസ്തുയേശു വിജയത്തിലേക്കു എഴുന്നെള്ളുന്നു
4 ദൂതൻമാർ മഹോപദ്രവത്തെ പിടിച്ചുനിർത്തുമ്പോൾ 1,44,000ത്തിന്റെയും മഹാപുരുഷാരത്തിന്റെയും കൂട്ടിച്ചേർപ്പു പൂർത്തിയാകുന്നു
5 ദൂതൻമാർ ന്യായവിധിദൂതുകൾ കാഹളമൂതി അറിയിക്കുന്നു, വ്യാജമതത്തെ തുറന്നുകാട്ടുന്നതിന് യഹോവയുടെ സാക്ഷികൾ വെട്ടുക്കിളികളെപ്പോലെ കൂട്ടമായി പുറപ്പെടുന്നു
6 ഏഴാമത്തെ കാഹളമൂത്തിങ്കൽ ദൈവത്തിന്റെ “സാക്ഷികൾ” യഹോവയുടെയും അവന്റെ ക്രിസ്തുവിന്റെയും ആസന്നമായ രാജ്യത്തെ പ്രഖ്യാപിക്കാൻ പുനരുജ്ജീവിപ്പിക്കപ്പെടുന്നു
7 ക്രിസ്തു 1914-ലെ രാജ്യജനനത്തെ തുടർന്ന് സാത്താനെയും അവന്റെ ഭൂതങ്ങളെയും ഭൂമിയിലേക്കു വലിച്ചെറിയുന്നു
8 രണ്ടു കാട്ടുമൃഗങ്ങൾ പ്രത്യക്ഷപ്പെടുന്നു, രണ്ടാമത്തെ രാഷട്രീയകാട്ടുമൃഗം ഒന്നാമത്തേതിന്റെ ഒരു പ്രതിമക്ക്, സംയുക്ത ഐക്യരാഷ്ട്രങ്ങൾക്ക്, ജീവൻ കൊടുക്കുന്നു
9 മനുഷ്യവർഗ്ഗത്തിൽ “ദൈവത്തെ ഭയപ്പെട്ട് അവനു മഹത്വംകൊടുക്കു”ന്നവർ നിത്യജീവനുവേണ്ടിയും മററുള്ളവർ നാശത്തിനുവേണ്ടിയും കൊയ്യപ്പെടുന്നു
10 ദൈവകോപത്തിന്റെ ഏഴു കലശങ്ങളുടെ ഒഴിക്കൽ സാത്താന്റെ മലിനീകൃത “വായു”വിനാൽ പ്രേരിതരാകുന്ന സകലരുടെയും സംഹാരത്തിൽ കലാശിക്കുന്നു
11 മഹാവേശ്യയായ വ്യാജമതം രാഷ്ട്രീയ “കാട്ടുമൃഗ”ത്തിന്റെ പുറത്തുനിന്ന് ഇറക്കപ്പെടുന്നു, അത് പിന്നീട് അവളെ ശൂന്യമാക്കുന്നു
12 മഹാബാബിലോന്റെ നാശത്തെ തുടർന്ന് കുഞ്ഞാടിന്റെയും അവന്റെ മണവാട്ടിയായ 144000ത്തിന്റെയും വിവാഹത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാവുന്നു
13 മഹാവേശ്യയുടെ മരണശേഷം സാത്താന്റെ ഭൗമികവ്യവസ്ഥിതിയുടെ ശേഷിച്ച ഭാഗത്തെ നശിപ്പിക്കാൻ യേശു സ്വർഗ്ഗീയ സൈന്യങ്ങളെ നയിക്കുന്നു.
14 സാത്താന്റെ അഗാധത്തിലടയ്ക്കൽ ക്രിസ്തുവിന്റെയും അവന്റെ മണവാട്ടിയായ 1,44,000-ത്തിന്റെയും ആയിരവർഷവാഴ്ചക്കുള്ള വഴിയൊരുക്കുന്നു
15 ക്രിസ്തുയേശുവും അവന്റെ മണവാട്ടിയുമാകുന്ന “പുതിയ ആകാശങ്ങളിൻ”കീഴിൽ മനുഷ്യവർഗ്ഗത്തിലെ “പുതിയ ഭൂമി”സമുദായം യഹോവയിൽനിന്നു പറഞ്ഞുതീരാത്ത അനുഗ്രഹങ്ങളാസ്വദിക്കും
16 മനുഷ്യവർഗ്ഗത്തിന്റെ സൗഖ്യമാക്കലിനും ജീവനുംവേണ്ടിയുള്ള ദൈവത്തിന്റെ കരുതലുകൾ മഹത്തായ പുതിയ യെരുശലേമിലൂടെ പ്രവഹിക്കുന്നു