അധ്യായം 25
രണ്ടു സാക്ഷികളെ പുനരുജ്ജീവിപ്പിക്കുന്നു
1. ബലവാനായ ദൂതൻ എന്തുചെയ്യാൻ യോഹന്നാനെ ക്ഷണിക്കുന്നു?
രണ്ടാമത്തെ കഷ്ടം തീരുന്നതിനുമുമ്പു മറെറാരു പ്രാവചനിക പ്രദർശനത്തിൽ പങ്കെടുക്കാൻ ബലവാനായ ദൂതൻ യോഹന്നാനെ ക്ഷണിക്കുന്നു, ഇത് ആലയത്തോടു ബന്ധമുളളതാണ്. (വെളിപ്പാടു 9:12; 10:1) യോഹന്നാൻ റിപ്പോർട്ടുചെയ്യുന്നത് ഇതാണ്: “പിന്നെ ദണ്ഡുപോലെയുളള ഒരു കോൽ എന്റെ കയ്യിൽ കിട്ടി കല്പന ലഭിച്ചതു: നീ എഴുന്നേററു ദൈവത്തിന്റെ ആലയത്തെയും യാഗപീഠത്തെയും അതിൽ നമസ്കരിക്കുന്നവരെയും അളക്കുക.”—വെളിപ്പാടു 11:1.
ആലയമന്ദിരം
2. (എ) ഏത് ആലയമന്ദിരം നമ്മുടെ നാൾവരെ നിലനിൽക്കും? (ബി) ആലയമന്ദിരത്തിലെ മഹാപുരോഹിതൻ ആരാണ്, അതിന്റെ അതിവിശുദ്ധം എന്താണ്?
2 ഇവിടെ പരാമർശിച്ചിരിക്കുന്ന ആലയം യെരുശലേമിലെ ഏതെങ്കിലും അക്ഷരാർഥ ആലയമായിരിക്കാൻ കഴിയില്ല, എന്തുകൊണ്ടെന്നാൽ ഇവയിൽ അവസാനത്തേതു പൊ.യു. 70-ൽ റോമാക്കാരാൽ നശിപ്പിക്കപ്പെട്ടു. എന്നുവരികിലും, ആ നാശത്തിനുമുമ്പുപോലും നമ്മുടെ നാൾവരെ നിലനിൽക്കുന്ന മറെറാരു ആലയമന്ദിരം പ്രത്യക്ഷപ്പെട്ടിരുന്നതായി അപ്പോസ്തലനായ പൗലോസ് പ്രകടമാക്കി. ഇതു സമാഗമനകൂടാരവും പിന്നീട് യെരുശലേമിലെ ആലയങ്ങളും നൽകിയ പ്രാവചനിക മാതൃകകൾ നിറവേററിയ വലിയ ആത്മീയ ആലയം ആയിരുന്നു. അത് “മനുഷ്യനല്ല, കർത്താവു സ്ഥാപിച്ച സത്യകൂടാരം” ആണ്, അതിലെ മഹാപുരോഹിതൻ യേശുവാണ്, അവൻ ‘സ്വർഗ്ഗത്തിൽ മഹിമാസനത്തിന്റെ വലത്തുഭാഗത്ത് ഇരുന്നു’ എന്നു പൗലോസ് വർണിക്കുന്നു. അതിന്റെ അതിവിശുദ്ധം സ്വർഗത്തിൽത്തന്നെയുളള യഹോവയുടെ സാന്നിധ്യസ്ഥാനമാണ്.—എബ്രായർ 8:1, 2; 9:11, 24.
3. സമാഗമനകൂടാരത്തിൽ പിൻവരുന്നവ എന്തിനെ ചിത്രീകരിച്ചു, (എ) വിശുദ്ധവും അതിവിശുദ്ധവും തമ്മിൽ വേർതിരിക്കുന്ന തിരശ്ശീല? (ബി) മൃഗബലികൾ? (സി) യാഗപീഠം?
3 അതിവിശുദ്ധവും വിശുദ്ധസ്ഥലവും തമ്മിൽ വേർതിരിക്കുന്ന സമാഗമനകൂടാരത്തിലെ തിരശ്ശീല യേശുവിന്റെ ജഡത്തെ ചിത്രീകരിക്കുന്നുവെന്ന് അപ്പോസ്തലനായ പൗലോസ് വിശദീകരിക്കുന്നു. യേശു തന്റെ ജീവൻ ബലികൊടുത്തപ്പോൾ, സ്വർഗത്തിൽ യഹോവയുടെ സന്നിധിയിലേക്കുളള പ്രവേശനത്തിന് അവന്റെ ജഡം മേലാൽ ഒരു പ്രതിബന്ധമല്ലെന്ന് പ്രകടമാക്കിക്കൊണ്ട് ഈ തിരശ്ശീല രണ്ടായി കീറിപ്പോയി. യേശുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ, വിശ്വസ്തതയിൽ മരിച്ച അവന്റെ അഭിഷിക്ത ഉപപുരോഹിതൻമാരും തക്കസമയത്ത് സ്വർഗങ്ങളിലേക്കു പ്രവേശിക്കും. (മത്തായി 27:50, 51; എബ്രായർ 9:3; 10:19, 20) കൂടാതെ, സമാഗമനകൂടാരത്തിലെ തുടർച്ചയായ മൃഗബലികൾ യേശുവിന്റെ പൂർണമനുഷ്യജീവന്റെ ഏകബലിയിലേക്കു വിരൽചൂണ്ടിയെന്നും പൗലോസ് ചൂണ്ടിക്കാണിക്കുന്നു. പ്രാകാരത്തിലെ യാഗപീഠം തന്റെ ഇഷ്ടപ്രകാരം യേശുവിന്റെ ബലി സ്വീകരിക്കുന്നതിനുളള യഹോവയുടെ കരുതലിനെ പ്രതിനിധാനം ചെയ്തു, “തങ്ങളുടെ രക്ഷക്കുവേണ്ടി അവനിലേക്ക് ആകാംക്ഷയോടെ നോക്കുന്ന”—അഭിഷിക്തരും പിൽക്കാലത്ത് വേറെയാടുകളും ഉൾപ്പെടുന്ന—“അനേകർ”ക്കുവേണ്ടി ആയിരുന്നു ആ ബലി.—എബ്രായർ 9:28, NW; 10:9, 10; യോഹന്നാൻ 10:16.
4. (എ) വിശുദ്ധസ്ഥലം, (ബി) അകത്തെ പ്രാകാരം, എന്തിനെ പ്രതീകപ്പെടുത്തി?
4 ഈ ദിവ്യനിശ്വസ്ത വിവരങ്ങളിൽനിന്ന്, സമാഗമനകൂടാരത്തിലെ വിശുദ്ധസ്ഥലം ആദ്യം ക്രിസ്തുവും പിന്നെ അവന്റെ രാജകീയ പുരോഹിതവർഗത്തിലെ അഭിഷിക്ത അംഗങ്ങളായ 1,44,000-വും “തിരശ്ശീല”യിലൂടെ പ്രവേശിക്കുന്നതിനു മുമ്പ് ഇവിടെ ഭൂമിയിലായിരിക്കുമ്പോൾ ആസ്വദിച്ച ഒരു വിശുദ്ധ അവസ്ഥയെ പ്രതീകപ്പെടുത്തുന്നുവെന്നു നമുക്കു നിഗമനം ചെയ്യാൻ കഴിയും. (എബ്രായർ 6:19, 20; 1 പത്രൊസ് 2:9) പൊ.യു. 29-ൽ യോർദാനിലെ യേശുവിന്റെ സ്നാപനത്തെ തുടർന്നു ദൈവം അവനെ തന്റെ പുത്രനായി അംഗീകരിച്ചതുപോലെതന്നെ, അവർ ദൈവത്തിന്റെ ആത്മീയപുത്രൻമാരായി ദത്തെടുക്കപ്പെട്ട അവസ്ഥയെ അതു നന്നായി പ്രതിനിധാനം ചെയ്യുന്നു. (ലൂക്കൊസ് 3:22; റോമർ 8:15) പുരോഹിതരല്ലാത്ത ഇസ്രായേല്യർക്കു ദൃശ്യമായിരുന്ന സമാഗമനകൂടാരത്തിന്റെ ഏകഭാഗവും യാഗങ്ങൾ നടത്തപ്പെട്ടിരുന്ന സ്ഥലവും ആയ അകത്തെ പ്രാകാരത്തെ സംബന്ധിച്ചെന്ത്? ഇത് മനുഷ്യവർഗത്തിനുവേണ്ടി തന്റെ ജീവൻ ബലികൊടുക്കാൻ മനുഷ്യനായ യേശുവിനെ യോഗ്യനാക്കിയ അവന്റെ നീതിയുളള നിലയെ ചിത്രീകരിക്കുന്നു. അതു ഭൂമിയിലായിരിക്കുമ്പോൾ അവന്റെ അഭിഷിക്ത അനുഗാമികൾ ആസ്വദിക്കുന്നതും യേശുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ ചുമത്തപ്പെടുന്നതുമായ, വിശുദ്ധൻമാരെന്നനിലയിലുളള നീതിയുളള നിലയെയും പ്രതിനിധാനം ചെയ്യുന്നു.—റോമർ 1:7; 5:1.a
ആലയമന്ദിരം അളക്കൽ
5. എബ്രായതിരുവെഴുത്തിലെ പ്രവചനങ്ങളിൽ (എ) യെരുശലേമിന്റെ അളക്കൽ, (ബി) എസെക്കിയേലിന്റെ ദാർശനിക ആലയത്തിന്റെ അളക്കൽ, എന്തിനെ സൂചിപ്പിച്ചു?
5 “ദൈവത്തിന്റെ ആലയത്തെയും യാഗപീഠത്തെയും അതിൽ നമസ്കരിക്കുന്നവരെയും അളക്കു”വാൻ യോഹന്നാനോടു പറയപ്പെടുന്നു. ഇത് എന്തു സൂചിപ്പിക്കുന്നു? എബ്രായതിരുവെഴുത്തിലെ പ്രവചനങ്ങളിൽ അത്തരം അളക്കൽ, യഹോവയുടെ പൂർണതയുളള പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ കരുണയാൽ മയപ്പെടുത്തിയ നീതി നിർവഹിക്കപ്പെടുമെന്നുളള ഉറപ്പു നൽകി. ദുഷ്ടനായ മനശ്ശെ രാജാവിന്റെ നാളിൽ യെരുശലേമിന്റെ പ്രവചനപരമായ അളക്കൽ ആ നഗരത്തിന്റെ നാശമാകുന്ന മാററമില്ലാത്ത ഒരു ന്യായവിധിയെ സാക്ഷ്യപ്പെടുത്തി. (2 രാജാക്കൻമാർ 21:13; വിലാപങ്ങൾ 2:8) എന്നിരുന്നാലും, പിന്നീട് യെരുശലേം അളക്കുന്നതു യിരെമ്യാ കണ്ടപ്പോൾ നഗരം പുനർനിർമിക്കപ്പെടുമെന്ന് അതു സ്ഥിരീകരിച്ചു. (യിരെമ്യാവു 31:39; ഇതുകൂടെ കാണുക: സെഖര്യാവു 2:2-8.) അതുപോലെതന്നെ, എസെക്കിയേൽ കണ്ട ദാർശനിക ആലയത്തിന്റെ വിപുലവും വിശദവുമായ അളക്കൽ ബാബിലോനിലെ യഹൂദപ്രവാസികൾക്കു തങ്ങളുടെ സ്വദേശത്തു സത്യാരാധന പുനഃസ്ഥാപിക്കപ്പെടുമെന്നുളളതിന്റെ ഒരു ഉറപ്പായിരുന്നു. അതു തങ്ങളുടെ തെററുകളുടെ വീക്ഷണത്തിൽ ഇസ്രായേൽ അന്നുമുതൽ ദൈവത്തിന്റെ വിശുദ്ധനിലവാരങ്ങളിൽ എത്തിച്ചേരണമെന്ന ഒരു ഓർമപ്പെടുത്തലും ആയിരുന്നു.—യെഹെസ്കേൽ 40:3, 4; 43:10.
6. ആലയമന്ദിരത്തെയും അതിൽ ആരാധന നടത്തുന്ന പുരോഹിതൻമാരെയും അളക്കാൻ യോഹന്നാനോടു പറയപ്പെട്ടത് എന്തിന്റെ ഒരു അടയാളമായിരുന്നു? വിശദീകരിക്കുക.
6 അതുകൊണ്ട് ആലയമന്ദിരത്തെയും അതിൽ ആരാധന നടത്തുന്ന പുരോഹിതൻമാരെയും അളക്കാൻ യോഹന്നാനോട് ആജ്ഞാപിക്കുമ്പോൾ, ആലയക്രമീകരണത്തെയും അതിനോടു ബന്ധപ്പെട്ടിരിക്കുന്നവരെയും സംബന്ധിച്ച യഹോവയുടെ ഉദ്ദേശ്യങ്ങളുടെ നിവൃത്തിയെ യാതൊന്നിനും തടയാൻ കഴിയുകയില്ല എന്നതിന്റെയും ആ ഉദ്ദേശ്യങ്ങൾ അതിന്റെ പാരമ്യത്തിലേക്കു നീങ്ങുകയാണെന്നുളളതിന്റെയും ലക്ഷണമാണത്. ഇപ്പോൾ സകല കാര്യങ്ങളും യഹോവയുടെ ബലവാനായ ദൂതന്റെ കാൽക്കീഴിലായിരിക്കുന്ന സ്ഥിതിക്ക് “യഹോവയുടെ ആലയമുളള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിത”മായിത്തീരാനുളള സമയമാണിത്. (യെശയ്യാവു 2:2-4) ക്രൈസ്തവലോകത്തിന്റെ നൂററാണ്ടുകളോളമുളള വിശ്വാസത്യാഗത്തിനുശേഷം യഹോവയുടെ സത്യാരാധന ഉയർത്തപ്പെടേണ്ടിയിരിക്കുന്നു. ഇത് യേശുവിന്റെ മരിച്ചുപോയ വിശ്വസ്തസഹോദരൻമാർ “അതിപരിശുദ്ധ”മായതിലേക്ക് ഉയിർപ്പിക്കപ്പെടാനുളള സമയവുമാണ്. (ദാനീയേൽ 9:24; 1 തെസ്സലൊനീക്യർ 4:14-16; വെളിപ്പാടു 6:11; 14:4) “നമ്മുടെ ദൈവത്തിന്റെ ദാസൻമാരുടെ” ഭൂമിയിലുളള മുദ്രയേററ അവസാനത്തെ അംഗങ്ങളും ആത്മജനനം പ്രാപിച്ച ദൈവപുത്രൻമാരെന്ന നിലയിൽ ആലയക്രമീകരണത്തിൽ അവരുടെ സ്ഥിരമായ സ്ഥാനത്തിനായി യോഗ്യരാകുന്നതിനു ദിവ്യപ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ അളക്കപ്പെടേണ്ടതുണ്ട്. യോഹന്നാൻവർഗം ഇന്ന് ആ വിശുദ്ധനിലവാരങ്ങൾ പൂർണമായി അറിയുന്നവരും അവയിൽ എത്താൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നവരും ആണ്.—വെളിപ്പാടു 7:1-3; മത്തായി 13:41, 42; എഫെസ്യർ 1:13, 14; താരതമ്യം ചെയ്യുക: റോമർ 11:20.
പ്രാകാരത്തിന്റെ ചവിട്ടിമെതിക്കൽ
7. (എ) പ്രാകാരം അളക്കരുതെന്ന് യോഹന്നാനോടു പറയുന്നതെന്തുകൊണ്ട്? (ബി) വിശുദ്ധനഗരം 42 മാസത്തേക്കു ചവിട്ടിമെതിക്കപ്പെട്ടത് എപ്പോഴായിരുന്നു? (സി) ക്രൈസ്തവലോകത്തിലെ വൈദികർ 42 മാസത്തേക്ക് യഹോവയുടെ നീതിയുളള നിലവാരങ്ങൾ ഉയർത്തിപ്പിടിക്കാൻ പരാജയപ്പെട്ടതെങ്ങനെ?
7 പ്രാകാരം അളക്കുന്നതിന് യോഹന്നാനെ വിലക്കിയതെന്തുകൊണ്ട്? അവൻ ഈ വാക്കുകളിൽ നമ്മോടു പറയുന്നു: “ആലയത്തിന്നു പുറത്തുളള പ്രാകാരം അളക്കാതെ വിട്ടേക്ക; അതു ജാതികൾക്കു കൊടുത്തിരിക്കുന്നു; അവർ വിശുദ്ധ നഗരത്തെ നാല്പത്തുരണ്ടു മാസം ചവിട്ടും.” (വെളിപ്പാടു 11:2) അകത്തെ പ്രാകാരം ആത്മജനനം പ്രാപിച്ച ക്രിസ്ത്യാനികളുടെ ഭൂമിയിലെ നീതിയുളള നിലയെ ചിത്രീകരിക്കുന്നതായി നാം കുറിക്കൊളളുകയുണ്ടായി. നാം കാണാൻ പോകുന്നപ്രകാരം ഇവിടത്തെ പരാമർശം 1914 ഡിസംബർ മുതൽ 1918 വരെ നീളുന്ന അക്ഷരാർഥത്തിലുളള 42 മാസങ്ങളെയാണ്, അന്നു ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവരെല്ലാം ഒരു കഠിനപരിശോധനക്കു വിധേയമായി. ആ യുദ്ധവർഷങ്ങളിൽ അവർ യഹോവയുടെ നീതിയുളള പ്രമാണങ്ങൾ ഉയർത്തിപ്പിടിക്കുമായിരുന്നുവോ? അധികപങ്കും ഇല്ല. മൊത്തത്തിൽ ക്രൈസ്തവലോകത്തിലെ വൈദികർ ദിവ്യനിയമത്തോടുളള അനുസരണത്തിനു മീതെ ദേശീയതയെ പ്രതിഷ്ഠിച്ചു. മുഖ്യമായും ക്രൈസ്തവലോകത്തിൽ നടത്തപ്പെട്ട യുദ്ധത്തിൽ ഇരുപക്ഷത്തും വൈദികർ യുവാക്കളെ കിടങ്ങുകളിലേക്കു പ്രസംഗിച്ചയച്ചു. ലക്ഷങ്ങൾ കൊല്ലപ്പെട്ടു. ആ ന്യായവിധി 1918-ൽ ദൈവഭവനത്തിൽ ആരംഭിച്ചപ്പോഴേക്കും ഐക്യനാടുകളും ആ രക്തച്ചൊരിച്ചിലിൽ പ്രവേശിച്ചിരുന്നു, ഇപ്പോഴും ദിവ്യപ്രതികാരത്തിനായി നിലവിളിക്കുന്ന രക്തപാതകത്തിന് മുഴു ക്രൈസ്തവലോകത്തിലെയും വൈദികർ പാത്രീഭൂതരായി. (1 പത്രൊസ് 4:17) അവരുടെ ഭ്രഷ്ട് സ്ഥിരമായത്, മാററമില്ലാത്തത് ആയിത്തീർന്നിരിക്കുന്നു.—യെശയ്യാവു 59:1-3, 7, 8; യിരെമ്യാവു 19:3, 4.
8. ഒന്നാം ലോകമഹായുദ്ധകാലത്തു ബൈബിൾ വിദ്യാർഥികളിൽ അനേകരും എന്തു തിരിച്ചറിഞ്ഞു, എന്നാൽ അവർ എന്തു പൂർണമായി വിലമതിച്ചില്ല?
8 എന്നാൽ ബൈബിൾ വിദ്യാർഥികളുടെ ചെറിയ സംഘത്തെ സംബന്ധിച്ചെന്ത്? ദിവ്യപ്രമാണങ്ങളോടുളള അവരുടെ പററിനില്പിനാൽ അവർ 1914-ൽ ഉടൻ അളക്കപ്പെടണമായിരുന്നോ? ഇല്ല. ക്രൈസ്തവലോകത്തിലെ നാമധേയ ക്രിസ്ത്യാനികളെപ്പോലെ അവരും പരിശോധിക്കപ്പെടണം. അവർ കഠിനമായി പരിശോധിക്കപ്പെടുന്നതിനും പീഡിപ്പിക്കപ്പെടുന്നതിനുമായി ‘ജനതകൾക്കു വിട്ടുകൊടുക്കപ്പെട്ടു.’ തങ്ങൾ പോയി സഹമനുഷ്യരെ കൊല്ലരുതെന്ന് അവരിൽ പലരും തിരിച്ചറിഞ്ഞു, എന്നാൽ അപ്പോഴും അവർ ക്രിസ്തീയനിഷ്പക്ഷതയെ പൂർണമായി വിലമതിച്ചിരുന്നില്ല. (മീഖാ 4:3; യോഹന്നാൻ 17:14, 16; 1 യോഹന്നാൻ 3:15) ജനതകളുടെ സമ്മർദഫലമായി ചിലർ വിട്ടുവീഴ്ച ചെയ്തു.
9. ജനതകൾ ചവിട്ടിമെതിച്ച വിശുദ്ധനഗരം എന്താണ്, ഭൂമിയിൽ ഈ നഗരത്തെ ആർ പ്രതിനിധാനം ചെയ്യുന്നു?
9 എങ്കിലും വിശുദ്ധനഗരം ആ ജനതകളാൽ ചവിട്ടിമെതിക്കപ്പെട്ടത് എങ്ങനെയായിരുന്നു? വ്യക്തമായും, ഇത് വെളിപാട് എഴുതുന്നതിന് 25 വർഷം മുമ്പു നശിപ്പിക്കപ്പെട്ട യെരുശലേമിനെ പരാമർശിക്കുന്നില്ല. പിന്നെയോ വിശുദ്ധനഗരം, പിന്നീട് വെളിപാടിൽ വർണിക്കപ്പെട്ടിരിക്കുന്ന പുതിയ യെരുശലേം ആണ്, ആലയത്തിന്റെ അകത്തെ പ്രാകാരത്തിലെ അഭിഷിക്ത ക്രിസ്ത്യാനികളുടെ ശേഷിപ്പിനാൽ അത് ഇപ്പോൾ ഭൂമിയിൽ പ്രതിനിധാനം ചെയ്യപ്പെടുന്നു. അതുകൊണ്ട് അവരെ ചവിട്ടിമെതിക്കുന്നതു നഗരത്തെത്തന്നെ ചവിട്ടിമെതിക്കുന്നതിനു സമമാണ്.—വെളിപ്പാടു 21:2, 9-21.
രണ്ടു സാക്ഷികൾ
10. ചവിട്ടിമെതിക്കപ്പെടുമ്പോൾ യഹോവയുടെ വിശ്വസ്തസാക്ഷികൾ എന്തു ചെയ്യേണ്ടതാണ്?
10 ചവിട്ടിമെതിക്കപ്പെടുമ്പോൾപോലും ഈ വിശ്വസ്തർ യഹോവയുടെ വിശ്വസ്തസാക്ഷികൾ അല്ലാതായിത്തീരുന്നില്ല. അതുകൊണ്ട് പ്രവചനം തുടരുന്നു: “അന്നു ഞാൻ എന്റെ രണ്ടു സാക്ഷികൾക്കും വരം നല്കും; അവർ രട്ടു ഉടുത്തുംകൊണ്ടു ആയിരത്തിരുനൂറററുപതു ദിവസം പ്രവചിക്കും. അവർ ഭൂമിയുടെ കർത്താവിന്റെ സന്നിധിയിൽ നില്ക്കുന്ന രണ്ടു ഒലീവ്വൃക്ഷവും രണ്ടു നിലവിളക്കും ആകുന്നു.”—വെളിപ്പാടു 11:3, 4.
11. വിശ്വസ്തരായ അഭിഷിക്ത ക്രിസ്ത്യാനികൾ “രട്ടു ഉടുത്തു” പ്രവചിക്കുന്നത് എന്തിനെ അർഥമാക്കി?
11 വിശ്വസ്തരായ ഈ അഭിഷിക്ത ക്രിസ്ത്യാനികൾക്കു സഹിഷ്ണുതാഗുണം ആവശ്യമായിരുന്നു, കാരണം അവർ “രട്ടു ഉടുത്തു” പ്രവചിക്കേണ്ടതുണ്ടായിരുന്നു. ഇത് എന്തർഥമാക്കി? ബൈബിൾക്കാലങ്ങളിൽ രട്ടു മിക്കപ്പോഴും വിലാപത്തെ പ്രതീകപ്പെടുത്തി. അതു ധരിക്കുന്നതു വ്യക്തി ദുഃഖത്തിൽ അഥവാ ക്ലേശത്തിൽ ആഴ്ത്തപ്പെട്ടിരിക്കുന്നുവെന്നതിന്റെ ഒരു അടയാളമായിരുന്നു. (ഉല്പത്തി 37:34; ഇയ്യോബ് 16:15, 16; യെഹെസ്കേൽ 27:31) രട്ടു ദൈവത്തിന്റെ പ്രവാചകൻമാർ ഘോഷിക്കേണ്ടിയിരുന്ന നാശത്തിന്റെയോ ദുഃഖത്തിന്റെയോ വിലാപസന്ദേശങ്ങളോടു ബന്ധപ്പെട്ടിരുന്നു. (യെശയ്യാവു 3:8, 24-26; യിരെമ്യാവു 48:37; 49:3) രട്ടുടുക്കുന്നതു ദിവ്യമുന്നറിയിപ്പിന്റെ വീക്ഷണത്തിൽ താഴ്മയെ അല്ലെങ്കിൽ അനുതാപത്തെ സൂചിപ്പിച്ചേക്കാം. (യോനാ 3:5) രണ്ടു സാക്ഷികൾ ധരിച്ചിരുന്ന രട്ട് യഹോവയുടെ ന്യായവിധികൾ പ്രഖ്യാപിക്കുന്നതിൽ അവരുടെ വിനീതമായ സഹിഷ്ണുതയെ സൂചിപ്പിക്കുന്നുവെന്നു തോന്നുന്നു. അവർ ജനതകൾക്കുകൂടെ ദുഃഖം വരുത്തുന്ന അവന്റെ പ്രതികാരദിവസം ഘോഷിക്കുന്ന സാക്ഷികളായിരുന്നു.—ആവർത്തനപുസ്തകം 32:41-43.
12. വിശുദ്ധനഗരം ചവിട്ടിമെതിക്കപ്പെടുന്ന കാലഘട്ടം അക്ഷരീയമാണെന്നു തോന്നുന്നതെന്തുകൊണ്ട്?
12 കൃത്യമായി പ്രസ്താവിച്ചിരുന്ന ഒരു കാലത്തേക്ക് യോഹന്നാൻവർഗം ഈ ദൂതു പ്രസംഗിക്കേണ്ടിയിരുന്നു: 1,260 ദിവസം, അഥവാ 42 മാസം, വിശുദ്ധനഗരം ചവിട്ടിമെതിക്കപ്പെടേണ്ടിയിരുന്ന അതേ കാലഘട്ടംതന്നെ. ഈ കാലഘട്ടം അക്ഷരീയമാണെന്നു തോന്നുന്നു, കാരണം ആദ്യം മാസങ്ങളായും പിന്നെ ദിവസങ്ങളായും രണ്ടു വ്യത്യസ്തവിധങ്ങളിൽ അതു പറഞ്ഞിരിക്കുന്നു. കൂടാതെ, കർത്താവിന്റെ ദിവസത്തിന്റെ തുടക്കത്തിൽ ദൈവജനങ്ങളുടെ കഠോരമായ അനുഭവങ്ങൾ ഇവിടെ പ്രവചിച്ചിരുന്ന സംഭവങ്ങളോട് ഒത്തുവന്ന മൂന്നരവർഷത്തിന്റെ ഒരു പ്രത്യേക കാലഘട്ടം ഉണ്ടായിരുന്നു—1914 ഡിസംബറിൽ തുടങ്ങി 1918 ജൂൺ വരെ തുടരുന്നതുതന്നെ. (വെളിപ്പാടു 1:10) ക്രൈസ്തവമണ്ഡലത്തെയും ലോകത്തെയും യഹോവ ന്യായം വിധിക്കുന്നതു സംബന്ധിച്ച ഒരു “രട്ടു”സന്ദേശം അവർ പ്രസംഗിച്ചു.
13. (എ) അഭിഷിക്ത ക്രിസ്ത്യാനികൾ രണ്ടു സാക്ഷികളാൽ പ്രതീകവത്കരിക്കപ്പെട്ടു എന്ന വസ്തുത എന്തിനെ സൂചിപ്പിക്കുന്നു? (ബി) രണ്ടു സാക്ഷികളെ “രണ്ടു ഒലീവ്വൃക്ഷവും രണ്ടു നിലവിളക്കും” എന്ന് യോഹന്നാൻ വിളിക്കുന്നതിനാൽ സെഖര്യാവിന്റെ ഏതു പ്രവചനം മനസ്സിലേക്കു വരുത്തപ്പെടുന്നു?
13 അവർ രണ്ടു സാക്ഷികളാൽ പ്രതീകവത്കരിക്കപ്പെട്ടുവെന്ന വസ്തുത അവരുടെ സന്ദേശം കൃത്യവും സുസ്ഥാപിതവും ആണെന്നു നമുക്ക് ഉറപ്പുനൽകുന്നു. (താരതമ്യം ചെയ്യുക: ആവർത്തനപുസ്തകം 17:6; യോഹന്നാൻ 8:17, 18.) അവർ “ഭൂമിയുടെ കർത്താവിന്റെ സന്നിധിയിൽ നില്ക്കു”ന്നു എന്നു പറഞ്ഞുകൊണ്ട് യോഹന്നാൻ അവരെ “രണ്ടു ഒലീവ്വൃക്ഷവും രണ്ടു നിലവിളക്കും” എന്നു വിളിക്കുന്നു. ഇതു സ്പഷ്ടമായും ഏഴു തണ്ടുകളുളള ഒരു നിലവിളക്കും രണ്ട് ഒലീവ്വൃക്ഷങ്ങളും കണ്ട സെഖര്യാവിന്റെ പ്രവചനത്തിന്റെ ഒരു വ്യക്തമായ പരാമർശനമാണ്. ഒലീവ്വൃക്ഷങ്ങൾ ‘രണ്ട് അഭിഷിക്തരെ’ ചിത്രീകരിക്കുന്നതായി പറയപ്പെട്ടു, അതായത്, “സർവ്വഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ നിൽക്കുന്ന” ഗവർണറായ സെരൂബാബേലിനെയും മഹാപുരോഹിതനായ യോശുവയെയും.—സെഖര്യാവു 4:1-3, 14.
14. (എ) രണ്ട് ഒലീവ്വൃക്ഷങ്ങൾ സംബന്ധിച്ച സെഖര്യാവിന്റെ ദർശനം എന്തിനെ സൂചിപ്പിച്ചു? വിളക്കുതണ്ടു സംബന്ധിച്ചുളളതും? (ബി) ഒന്നാം ലോകമഹായുദ്ധകാലത്ത് അഭിഷിക്ത ക്രിസ്ത്യാനികൾ എന്ത് അനുഭവിക്കുമായിരുന്നു?
14 സെഖര്യാവ് ഒരു പുനർനിർമാണത്തിന്റെ കാലത്തു ജീവിച്ചിരുന്നു, രണ്ട് ഒലീവ്വൃക്ഷങ്ങൾ സംബന്ധിച്ച അവന്റെ ദർശനം, വേലക്കു ജനത്തെ ശക്തീകരിക്കുന്നതിനു സെരൂബാബേലും യോശുവയും യഹോവയുടെ ആത്മാവിനാൽ അനുഗ്രഹിക്കപ്പെടുമെന്ന് അർഥമാക്കി. നിലവിളക്കിന്റെ ദർശനം ‘അല്പകാര്യങ്ങളുടെ ദിവസത്തെ തുച്ഛീകരി’ക്കാതിരിക്കാൻ സെഖര്യാവിനെ ഓർമിപ്പിച്ചു, എന്തുകൊണ്ടെന്നാൽ യഹോവയുടെ ഉദ്ദേശ്യം നിറവേററപ്പെടുകതന്നെ ചെയ്യും—“സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” (സെഖര്യാവു 4:6, 10; 8:9) ഒന്നാം ലോകമഹായുദ്ധകാലത്തു മനുഷ്യവർഗത്തിനു സത്യത്തിന്റെ വെളിച്ചം നിർബന്ധപൂർവം എത്തിച്ചുകൊടുത്തിരുന്ന ക്രിസ്ത്യാനികളുടെ ചെറിയ സംഘം അതുപോലെതന്നെ ഒരു പുനർനിർമാണവേലയിൽ ഉപയോഗിക്കപ്പെടുമായിരുന്നു. അവരും പ്രോത്സാഹനത്തിന്റെ ഒരു ഉറവായിരിക്കുമായിരുന്നു, അവർ കുറച്ചുപേരെങ്കിലും ചെറിയ തുടക്കത്തിന്റെ ദിവസത്തെ തുച്ഛീകരിക്കാതെ യഹോവയുടെ ശക്തിയിൽ ആശ്രയിക്കാൻ പഠിക്കുകയും ചെയ്യുമായിരുന്നു.
15. (എ) അഭിഷിക്ത ക്രിസ്ത്യാനികൾ രണ്ടു സാക്ഷികളായി വർണിക്കപ്പെട്ടുവെന്ന വസ്തുത നമ്മെ എന്തുകൂടെ അനുസ്മരിപ്പിക്കുന്നു? വിശദീകരിക്കുക. (ബി) രണ്ടു സാക്ഷികൾ ഏതുതരം അടയാളങ്ങൾ കാണിക്കാൻ അധികാരപ്പെടുത്തപ്പെടുന്നു?
15 അവർ രണ്ടു സാക്ഷികളായി വർണിക്കപ്പെടുന്നുവെന്ന വസ്തുത മറുരൂപരംഗവും നമ്മെ അനുസ്മരിപ്പിക്കുന്നു. ആ ദർശനത്തിൽ യേശുവിന്റെ അപ്പോസ്തലൻമാരിൽ മൂന്നുപേർ മോശയോടും ഏലിയാവിനോടും കൂടെ അവനെ രാജ്യമഹത്ത്വത്തിൽ കണ്ടു. ആ രണ്ടു പ്രവാചകൻമാർ മുൻസൂചന നൽകിയ ഒരു വേല നിർവഹിക്കാൻ യേശു 1914-ൽ തന്റെ മഹത്ത്വമുളള സിംഹാസനത്തിൽ ഇരിക്കുന്നതിനെ ഇതു മുൻനിഴലാക്കി. (മത്തായി 17:1-3; 25:31) അനുയോജ്യമായി ഇപ്പോൾ രണ്ടു സാക്ഷികൾ മോശയുടെയും ഏലിയാവിന്റെയും അടയാളങ്ങളെ അനുസ്മരിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതായി കാണപ്പെടുന്നു. ഉദാഹരണത്തിന് യോഹന്നാൻ അവരെക്കുറിച്ചു പറയുന്നു: “ആരെങ്കിലും അവർക്കു ദോഷം ചെയ്വാൻ ഇച്ഛിച്ചാൽ അവരുടെ വായിൽനിന്നു തീ പുറപ്പെട്ടു അവരുടെ ശത്രുക്കളെ ദഹിപ്പിച്ചുകളയും; അവർക്കു ദോഷം വരുത്തുവാൻ ഇച്ഛിക്കുന്നവൻ ഇങ്ങനെ മരിക്കേണ്ടിവരും. അവരുടെ പ്രവചനകാലത്തു മഴപെയ്യാതവണ്ണം ആകാശം അടെച്ചുകളവാൻ അവർക്കു അധികാരം ഉണ്ടു.”—വെളിപ്പാടു 11:5, 6എ.
16. (എ) തീ ഉൾപ്പെടുന്ന അടയാളം ഇസ്രായേലിൽ മോശയുടെ അധികാരം വെല്ലുവിളിക്കപ്പെട്ട സമയം നമ്മെ അനുസ്മരിപ്പിക്കുന്നതെങ്ങനെ? (ബി) ക്രൈസ്തവലോകത്തിലെ വൈദികർ ബൈബിൾ വിദ്യാർഥികളെ നിന്ദിക്കുകയും ഒന്നാം ലോകമഹായുദ്ധകാലത്ത് അവർക്ക് ഉപദ്രവം ഇളക്കിവിടുകയും ചെയ്തതെങ്ങനെ, ഇവർ എങ്ങനെ പോരാടിനിന്നു?
16 ഇത് ഇസ്രായേലിൽ മോശയുടെ അധികാരം വെല്ലുവിളിക്കപ്പെട്ട സമയം നമ്മെ അനുസ്മരിപ്പിക്കുന്നു. ആ പ്രവാചകൻ ന്യായവിധിയുടെ ഉജ്ജ്വല വചനങ്ങൾ പ്രസ്താവിച്ചു, ആകാശത്തുനിന്നുളള അക്ഷരാർഥ തീയാൽ അവരിൽ 250 പേരെ ദഹിപ്പിച്ചുകൊണ്ട് യഹോവ മത്സരികളെ നശിപ്പിക്കുകയും ചെയ്തു. (സംഖ്യാപുസ്തകം 16:1-7, 28-35) അതുപോലെതന്നെ, ക്രൈസ്തവലോകത്തിലെ നായകൻമാർ ബൈബിൾ വിദ്യാർഥികൾ ദൈവശാസ്ത്രകോളെജുകളിൽനിന്നു ബിരുദമെടുത്തിട്ടില്ലെന്നു പറഞ്ഞുകൊണ്ട് അവരെ നിന്ദിച്ചു. എന്നാൽ ദൈവത്തിന്റെ സാക്ഷികൾക്കു ശുശ്രൂഷകരെന്ന നിലയിൽ ഉയർന്ന സാക്ഷ്യപത്രങ്ങൾ ഉണ്ടായിരുന്നു: അവരുടെ തിരുവെഴുത്തുസന്ദേശം കൈക്കൊണ്ട സൗമ്യതയുളള വ്യക്തികൾതന്നെ. (2 കൊരിന്ത്യർ 3:2, 3) ബൈബിൾ വിദ്യാർഥികൾ 1917-ൽ വെളിപാടിന്റെയും എസെക്കിയേലിന്റെയും ശക്തമായ ഒരു വ്യാഖ്യാനമായ പൂർത്തിയായ മർമ്മം (ഇംഗ്ലീഷ്) പ്രസിദ്ധീകരിച്ചു. ഇതേത്തുടർന്ന് “മഹാബാബിലോന്റെ വീഴ്ച—ക്രൈസ്തവലോകം ഇപ്പോൾ അനുഭവിക്കേണ്ടതെന്തുകൊണ്ട്—അന്തിമഫലം” എന്ന വിശേഷ ലേഖനത്തോടെ നാലുപേജുളള ദ ബൈബിൾ സ്ററുഡൻറ്സ് മന്ത്ലി എന്ന ലഘുലേഖയുടെ 1,00,00,000 പ്രതികൾ വിതരണം നടത്തി. ഐക്യനാടുകളിൽ രോഷാകുലരായ വൈദികർ ആ പുസ്തകം നിരോധിക്കുന്നതിനുളള ഒരു ഒഴികഴിവായി യുദ്ധഭ്രാന്തിനെ പ്രയോജനപ്പെടുത്തി. മററു രാജ്യങ്ങളിൽ ആ പുസ്തകം സെൻസർ ചെയ്യപ്പെട്ടു. എന്നുവരികിലും, ദൈവത്തിന്റെ ദാസൻമാർ രാജ്യവാർത്ത എന്ന പേരിൽ നാലുപേജുളള ലഘുലേഖയുടെ ഉജ്ജ്വലമായ ലക്കങ്ങൾകൊണ്ടു തിരിച്ചടി നൽകിക്കൊണ്ടിരുന്നു. കർത്താവിന്റെ ദിവസം മുന്നേറുമ്പോൾ മററു പ്രസിദ്ധീകരണങ്ങൾ ക്രൈസ്തവലോകത്തിന്റെ ആത്മീയമായി മരിച്ച അവസ്ഥ വ്യക്തമാക്കുമായിരുന്നു.—താരതമ്യം ചെയ്യുക: യിരെമ്യാവു 5:14.
17. (എ) ഏലിയാവിന്റെ നാളിലെ ഏതു സംഭവങ്ങളിൽ ഒരു വരൾച്ചയും അഗ്നിയും ഉൾപ്പെട്ടു? (ബി) രണ്ടു സാക്ഷികളുടെ വായിൽനിന്നു തീ പുറപ്പെട്ടതെങ്ങനെ, ഏതു വരൾച്ച ഉൾപ്പെട്ടിരുന്നു?
17 ഏലിയാവിനെ സംബന്ധിച്ചെന്ത്? ഇസ്രായേൽ രാജാക്കൻമാരുടെ നാളുകളിൽ ഈ പ്രവാചകൻ ബാൽ ആരാധകരായ ഇസ്രായേല്യരുടെമേൽ യഹോവയുടെ ക്രോധപ്രകടനമെന്നനിലയിൽ ഒരു വരൾച്ച പ്രഖ്യാപിച്ചു. അതു മൂന്നര വർഷം നീണ്ടുനിന്നു. (1 രാജാക്കൻമാർ 17:1; 18:41-45; ലൂക്കൊസ് 4:25; യാക്കോബ് 5:17) പിന്നീട്, അവിശ്വസ്തരാജാവായ അഹസ്യാവ് തന്റെ രാജകീയ സന്നിധിയിലേക്ക് ഏലിയാവിനെ ബലമായി കൊണ്ടുവരുന്നതിനു പടയാളികളെ അയച്ചപ്പോൾ അവരെ ദഹിപ്പിക്കുന്നതിനു പ്രവാചകൻ ആകാശത്തുനിന്നു തീ ഇറങ്ങുമാറാക്കി. പ്രവാചകനെന്ന നിലയിലുളള തന്റെ സ്ഥാനത്തിന് ഒരു സൈന്യാധിപൻ ഉചിതമായ ആദരവു പ്രകടിപ്പിച്ചപ്പോൾ മാത്രമേ അയാളോടുകൂടെ രാജാവിന്റെയടുത്തു പോകാൻ ഏലിയാവ് സമ്മതിച്ചുളളൂ. (2 രാജാക്കൻമാർ 1:5-16) അതുപോലെ 1914-നും 1918-നും ഇടയ്ക്ക് അഭിഷിക്ത ശേഷിപ്പ് ക്രൈസ്തവലോകത്തിന്റെ ആത്മീയ വരൾച്ചയിലേക്കു ധൈര്യപൂർവം ശ്രദ്ധ ക്ഷണിക്കുകയും “യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരു”മ്പോഴുളള അഗ്നിസമാനമായ ന്യായവിധിയെക്കുറിച്ചു മുന്നറിയിപ്പു കൊടുക്കുകയും ചെയ്തു.—മലാഖി 4:1, 5; ആമോസ് 8:11.
18. (എ) രണ്ടു സാക്ഷികൾക്ക് ഏത് അധികാരം നൽകപ്പെടുന്നു, ഇതു മോശക്കു നൽകിയതിനു സമാനമായിരിക്കുന്നതെങ്ങനെ? (ബി) രണ്ടു സാക്ഷികൾ ക്രൈസ്തവലോകത്തെ തുറന്നുകാണിച്ചതെങ്ങനെ?
18 രണ്ടു സാക്ഷികളെക്കുറിച്ച് യോഹന്നാൻ തുടർന്നു പറയുന്നു: “വെളളത്തെ രക്തമാക്കുവാനും ഇച്ഛിക്കുമ്പോഴൊക്കെയും സകലബാധകൊണ്ടും ഭൂമിയെ ദണ്ഡിപ്പിപ്പാനും അധികാരം ഉണ്ട്.” (വെളിപ്പാടു 11:6ബി) ഇസ്രായേല്യരെ സ്വതന്ത്രരാക്കുന്നതിനു ഫറവോനെ പ്രേരിപ്പിക്കുന്നതിനായി മർദക ഈജിപ്തിൽ വെളളം രക്തമാക്കുന്നതുൾപ്പെടെ ബാധകൾ വരുത്താൻ യഹോവ മോശയെ ഉപയോഗിച്ചു. പിന്നീട് നൂററാണ്ടുകൾക്കുശേഷം ഇസ്രായേല്യരുടെ ഫെലിസ്ത്യശത്രുക്കൾ ഈജിപ്തിനെതിരെയുളള യഹോവയുടെ പ്രവൃത്തികൾ നന്നായി ഓർമിച്ചു, ഇപ്രകാരം വിലപിക്കാൻ ഇടയാക്കിക്കൊണ്ട്: “ശക്തിയുളള ഈ ദൈവത്തിന്റെ കയ്യിൽനിന്നു നമ്മെ ആർ രക്ഷിക്കും? മിസ്രയീമ്യരെ മരുഭൂമിയിൽ സകലവിധ ബാധകളാലും ബാധിച്ച ദൈവം ഇതു തന്നേ.” (1 ശമൂവേൽ 4:8; സങ്കീർത്തനം 105:29) മോശ, തന്റെ നാളിലെ മതനേതാക്കളോടു ദൈവത്തിന്റെ ന്യായവിധികൾ പ്രഖ്യാപിക്കാൻ അധികാരമുണ്ടായിരുന്ന യേശുവിനെ മുൻനിഴലാക്കി. (മത്തായി 23:13; 28:18; പ്രവൃത്തികൾ 3:22) ഒന്നാം ലോകമഹായുദ്ധകാലത്തു ക്രിസ്തുവിന്റെ സഹോദരൻമാരായ രണ്ടു സാക്ഷികൾ ക്രൈസ്തവലോകം അവളുടെ ആടുകൾക്കു നൽകിക്കൊണ്ടിരുന്ന “വെളള”ത്തിന്റെ മാരകസ്വഭാവം തുറന്നുകാണിച്ചു.
രണ്ടു സാക്ഷികൾ കൊല്ലപ്പെടുന്നു
19. രണ്ടു സാക്ഷികൾ അവരുടെ സാക്ഷ്യവേല പൂർത്തിയാക്കുമ്പോൾ വെളിപാടു വിവരണമനുസരിച്ച് എന്തു സംഭവിക്കുന്നു?
19 രണ്ടു സാക്ഷികൾ രട്ടുടുത്തു 42 മാസം പ്രവചിച്ചശേഷം ക്രൈസ്തവലോകം അവളുടെ ലോകസ്വാധീനം ഉപയോഗിച്ച് അവരെ ‘കൊല്ലിക്കുവാൻ’ തക്കവണ്ണം ക്രൈസ്തവലോകത്തിൻമേൽ വന്ന ഈ ബാധ അത്ര കഠിനമായിരുന്നു. യോഹന്നാൻ എഴുതുന്നു: “അവർ തങ്ങളുടെ സാക്ഷ്യം തികെച്ചശേഷം ആഴത്തിൽനിന്നു കയറിവരുന്ന മൃഗം അവരോടു പടവെട്ടി അവരെ ജയിച്ചു കൊന്നുകളയും. അവരുടെ കർത്താവു ക്രൂശിക്കപ്പെട്ടതും ആത്മികമായി സൊദോം എന്നും മിസ്രയീം [ഈജിപ്ത്, NW] എന്നും പേരുളളതുമായ മഹാനഗരത്തിന്റെ വീഥിയിൽ അവരുടെ ശവം കിടക്കും. സകലവംശക്കാരും ഗോത്രക്കാരും ഭാഷക്കാരും ജാതിക്കാരും അവരുടെ ശവം മൂന്നര ദിവസം കാണും; അവരുടെ ശവം കല്ലറയിൽ വെപ്പാൻ സമ്മതിക്കയില്ല. ഈ പ്രവാചകൻമാർ ഇരുവരും ഭൂമിയിൽ വസിക്കുന്നവരെ ദണ്ഡിപ്പിച്ചതുകൊണ്ടു ഭൂവാസികൾ അവർനിമിത്തം സന്തോഷിച്ചു ആനന്ദിക്കയും അന്യോന്യം സമ്മാനം കൊടുത്തയക്കയും ചെയ്യും”.—വെളിപ്പാടു 11:7-10.
20. “ആഴത്തിൽനിന്നു കയറിവരുന്ന മൃഗം” എന്താണ്?
20 ഇതു വെളിപാടിലെ കാട്ടുമൃഗത്തിന്റെ 37 പരാമർശനങ്ങളിൽ ആദ്യത്തേതാണ്. തക്കസമയത്തു നാം ഇതിനെയും മററു മൃഗങ്ങളെയും വിശദമായി പരിശോധിക്കും. “ആഴത്തിൽനിന്നു കയറിവരുന്ന മൃഗം” നിലവിലുളള രാഷ്ട്രീയവ്യവസ്ഥിതിയാകുന്ന സാത്താന്റെ പദ്ധതിയാണെന്നു പറയുന്നത് ഇപ്പോൾ മതിയാകും.b—താരതമ്യം ചെയ്യുക: വെളിപ്പാടു 13:1; ദാനീയേൽ 7:2, 3, 17.
21. (എ) രണ്ടു സാക്ഷികളുടെ മതശത്രുക്കൾ യുദ്ധാവസ്ഥയെ എങ്ങനെ പ്രയോജനപ്പെടുത്തി? (ബി) രണ്ടു സാക്ഷികളുടെ മൃതദേഹങ്ങൾ അടക്കാതെ ഉപേക്ഷിച്ചുവെന്ന വസ്തുത എന്തിനെ സൂചിപ്പിച്ചു? (സി) മൂന്നര ദിവസത്തിന്റെ കാലഘട്ടം എങ്ങനെ വീക്ഷിക്കപ്പെടേണ്ടതാണ്? (അടിക്കുറിപ്പു കാണുക.)
21 രാഷ്ട്രങ്ങൾ 1914 മുതൽ 1918 വരെ ഒന്നാം ലോകമഹായുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ദേശീയ വികാരങ്ങൾ പ്രബലപ്പെടുകയും 1918-ന്റെ ശരത്കാലത്ത് രണ്ടു സാക്ഷികളുടെ മതശത്രുക്കൾ സാഹചര്യം മുതലാക്കുകയും ചെയ്തു. വാച്ച് ടവർ സൊസൈററിയുടെ ഉത്തരവാദിത്വ സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ശുശ്രൂഷകർ വ്യാജമായി രാജ്യദ്രോഹകുററം ആരോപിക്കപ്പെട്ടു ജയിലിലടയ്ക്കപ്പെടുന്നതിന് അവർ ഐക്യനാടുകളിലെ നിയമവകുപ്പിനെ സൂത്രത്തിൽ ഉപയോഗപ്പെടുത്തി. വിശ്വസ്തരായ സഹപ്രവർത്തകർ സ്തബ്ധരായിപ്പോയി. രാജ്യപ്രവർത്തനം മിക്കവാറും നിന്നുപോയി. അതു പ്രസംഗവേല മരിച്ചതിനു സമമായിരുന്നു. ബൈബിൾക്കാലങ്ങളിൽ സ്മാരകകല്ലറകളിൽ അടക്കാതിരിക്കുന്നതു വലിയൊരു നിന്ദയായിരുന്നു. (സങ്കീർത്തനം 79:1-3; 1 രാജാക്കൻമാർ 13:21, 22) അതുകൊണ്ടു രണ്ടു സാക്ഷികളെ അടക്കാതെ ഉപേക്ഷിച്ചതിനോടു വലിയ നിന്ദ ബന്ധപ്പെട്ടിരുന്നു. പാലസ്തീനിലെ ചൂടുളള കാലാവസ്ഥയിൽ പൊതുനിരത്തിൽ കിടക്കുന്ന ഒരു മൃതശരീരം മൂന്നര അക്ഷരീയദിവസംc കഴിയുമ്പോൾ നാററം വെച്ചുതുടങ്ങുമായിരുന്നു. (താരതമ്യം ചെയ്യുക: യോഹന്നാൻ 11:39.) അങ്ങനെ പ്രവചനത്തിലെ ഈ വിശദാംശം രണ്ടു സാക്ഷികൾ അനുഭവിക്കേണ്ടിവരുന്ന ലജ്ജയെ സൂചിപ്പിക്കുന്നു. തടവിലായിരുന്ന മുകളിൽ പ്രസ്താവിച്ചവരുടെ കേസുകൾക്ക് അപ്പീൽവാദം നടക്കുമ്പോൾ അവർക്കു ജാമ്യം പോലും നിഷേധിക്കപ്പെട്ടു. “മഹാനഗര”ത്തിലെ നിവാസികൾക്ക് ഒരു ദുർഗന്ധം ആയിത്തീരത്തക്കവണ്ണം അവർ പരസ്യമായി വേണ്ടത്ര സമയം തുറന്നിടപ്പെട്ടു. എന്നാൽ ഈ ‘മഹാനഗരം’ എന്തായിരുന്നു?
22. (എ) മഹാനഗരം എന്താണ്? (ബി) രണ്ടു സാക്ഷികളെ നിശബ്ദരാക്കിയതു സംബന്ധിച്ച് സന്തോഷിക്കുന്നതിൽ പത്രങ്ങൾ വൈദികരോടു ചേർന്നതെങ്ങനെ? (ചതുരം കാണുക.)
22 യോഹന്നാൻ നമുക്കു കുറെ സൂചനകൾ നൽകുന്നു. യേശു അവിടെ വധിക്കപ്പെട്ടുവെന്ന് അവൻ പറയുന്നു. അതുകൊണ്ട് നാം ഉടനെ യെരുശലേമിനെക്കുറിച്ചു ചിന്തിക്കുന്നു. എന്നാൽ മഹാനഗരം സോദോം എന്നും ഈജിപ്ത് എന്നും വിളിക്കപ്പെടുന്നതായും അവൻ പറയുന്നു. കൊളളാം, അക്ഷരീയ യെരുശലേം ഒരിക്കൽ അവളുടെ അശുദ്ധ പ്രവൃത്തികൾ നിമിത്തം സോദോം എന്നു വിളിക്കപ്പെട്ടു. (യെശയ്യാവു 1:8-10; താരതമ്യം ചെയ്യുക: യെഹെസ്കേൽ 16:49, 53-58.) ഒന്നാം ലോകശക്തിയായ ഈജിപ്ത് ചിലപ്പോൾ ഈ ലോകവ്യവസ്ഥിതിയുടെ ഒരു ചിത്രമായി പ്രത്യക്ഷപ്പെടുന്നു. (യെശയ്യാവു 19:1, 19; യോവേൽ 3:19) അതുകൊണ്ട്, ഈ മഹാനഗരം ദൈവത്തെ ആരാധിക്കുന്നതായി അവകാശപ്പെടുകയും എന്നാൽ സോദോമിനെപ്പോലെ അശുദ്ധമായിത്തീരുകയും ഈജിപ്തിനെപ്പോലെ ഈ സാത്താന്യ ലോകവ്യവസ്ഥിതിയുടെ ഭാഗമായിത്തീരുകയും ചെയ്ത ഒരു അശുദ്ധ “യെരുശലേമിനെ” ചിത്രീകരിക്കുന്നു. അതു രണ്ടു സാക്ഷികളുടെ ശല്യപ്പെടുത്തുന്ന പ്രസംഗത്തെ നിശബ്ദമാക്കിയപ്പോൾ ഏതു സ്ഥാപനത്തിലെ അംഗങ്ങൾക്കു സന്തോഷിക്കാൻ വേണ്ടത്ര ന്യായമുണ്ടായിരുന്നോ ആ അവിശ്വസ്ത യെരുശലേമിന്റെ ആധുനിക പകർപ്പായ ക്രൈസ്തവലോകത്തെ ചിത്രീകരിക്കുന്നു.
വീണ്ടും ഉയിർപ്പിക്കപ്പെട്ടു!
23. (എ) മൂന്നര ദിവസത്തിനുശേഷം രണ്ടു സാക്ഷികൾക്ക് എന്തു സംഭവിക്കുന്നു, അവരുടെ ശത്രുക്കളുടെമേൽ ഫലം എന്താണ്? (ബി) വെളിപ്പാടു 11:11, 12-നും ഉണങ്ങിയ അസ്ഥികളുടെ താഴ്വരയിൽ യഹോവ ശ്വാസം പകരുന്നതു സംബന്ധിച്ച എസെക്കിയേലിന്റെ പ്രവചനത്തിനും ഒരു ആധുനിക നിവൃത്തി ഉണ്ടായതെപ്പോൾ?
23 ദൈവജനത്തെ അപകീർത്തിപ്പെടുത്തുന്നതിൽ പത്രങ്ങൾ വൈദികരോടു ചേർന്നു. ഒരു പത്രം ഇപ്രകാരം പറഞ്ഞു: “പൂർത്തിയായ മർമ്മത്തിന്റെ പൂർത്തി വരുത്തിയിരിക്കുന്നു.” എങ്കിലും അതിൽ ലവലേശം സത്യമില്ലായിരുന്നു! രണ്ടു സാക്ഷികൾ അധികനാൾ മരിച്ചുകിടന്നില്ല. നാം വായിക്കുന്നു: “മൂന്നര ദിവസം കഴിഞ്ഞശേഷം ദൈവത്തിൽനിന്നു ജീവശ്വാസം അവരിൽ വന്നു അവർ കാൽ ഊന്നിനിന്നു—അവരെ കണ്ടവർ ഭയപരവശരായിത്തീർന്നു—ഇവിടെ കയറിവരുവിൻ എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതു കേട്ടു, അവർ മേഘത്തിൽ സ്വർഗ്ഗത്തിലേക്കു കയറി; അവരുടെ ശത്രുക്കൾ അവരെ നോക്കിക്കൊണ്ടിരുന്നു.” (വെളിപ്പാടു 11:11, 12) അങ്ങനെ അവർക്ക് എസെക്കിയേൽ ദർശനത്തിൽ സന്ദർശിച്ച താഴ്വരയിലെ ഉണങ്ങിയ അസ്ഥികളുടേതിനു സമാനമായ ഒരു അനുഭവം ഉണ്ടായി. യഹോവ ആ ഉണങ്ങിയ അസ്ഥികളിൽ ശ്വാസം ഊതി, 70 വർഷത്തെ ബാബിലോനിലെ പ്രവാസത്തിനുശേഷം നടന്ന ഇസ്രായേൽ ജനതയുടെ പുനർജനനത്തിന്റെ ഒരു ചിത്രം നൽകിക്കൊണ്ട് അവ ജീവൻ പ്രാപിച്ചു. (യെഹെസ്കേൽ 37:1-14) യഹോവ ‘മരിച്ചുപോയ’ തന്റെ സാക്ഷികളെ ജീവനിലേക്കു പുനഃസ്ഥിതീകരിച്ചപ്പോൾ, എസെക്കിയേലിലെയും വെളിപാടിലെയും ഈ രണ്ടു പ്രവചനങ്ങൾക്ക് ആധുനിക നാളിൽ, 1919-ൽ ശ്രദ്ധേയമായ നിവൃത്തിയുണ്ടായി.
24. രണ്ടു സാക്ഷികൾ ജീവൻ പ്രാപിച്ചപ്പോൾ അവരുടെ മതപീഡകരുടെമേൽ ഫലം എന്തായിരുന്നു?
24 ആ പീഡകർക്ക് എന്തൊരു ഞെട്ടൽ! രണ്ടു സാക്ഷികളുടെ ജഡങ്ങൾ പെട്ടെന്നുതന്നെ ജീവൻ പ്രാപിച്ചു പ്രവർത്തനക്ഷമമായി. അത് ആ വൈദികർക്കു വിഴുങ്ങേണ്ടിവന്ന കയ്പേറിയ ഒരു ഗുളികയായിരുന്നു, അവർ കൗശലപൂർവം ജയിലിലടപ്പിച്ച ക്രിസ്തീയ ശുശ്രൂഷകർ വീണ്ടും സ്വതന്ത്രരാവുകയും പൂർണമായി കുററവിമുക്തരാക്കപ്പെടുകയും ചെയ്തപ്പോൾ അധികമായും അങ്ങനെതന്നെ. ബൈബിൾ വിദ്യാർഥികൾ 1919 സെപ്ററംബറിൽ യു.എസ്.എ.യിലുളള ഒഹായോയിലെ സീഡാർ പോയിൻറിൽ ഒരു കൺവെൻഷൻ നടത്തിയപ്പോൾ ഞെട്ടൽ അതിലും അധികമായിരുന്നിരിക്കണം. ആയിടെ വിമോചിതനായ വാച്ച് ടവർ സൊസൈററിയുടെ പ്രസിഡൻറായ ജെ. എഫ്. റതർഫോർഡ് വെളിപ്പാടു 15:2-ഉം യെശയ്യാവു 52:7-ഉം അടിസ്ഥാനമാക്കി “രാജ്യം ഘോഷിക്കൽ” എന്ന തന്റെ പ്രസംഗത്തോടെ സമ്മേളിതരെ ഉത്തേജിപ്പിച്ചു. യോഹന്നാൻവർഗത്തിൽ പെട്ടവർ ഒരിക്കൽക്കൂടെ ‘പ്രവചിക്കാൻ’ അഥവാ പരസ്യമായി പ്രസംഗിക്കാൻ തുടങ്ങി. നിർഭയം ക്രൈസ്തവലോകത്തിന്റെ കപടഭക്തി തുറന്നുകാട്ടിക്കൊണ്ട് അവർ അടിക്കടി ശക്തിപ്രാപിച്ചു.
25. (എ) “ഇവിടെ കയറിവരുവിൻ” എന്നു രണ്ടു സാക്ഷികളോടു പറഞ്ഞതെപ്പോൾ, അതു സംഭവിച്ചതെങ്ങനെ? (ബി) രണ്ടു സാക്ഷികളുടെ പുനഃസ്ഥിതീകരണത്തിനു മഹാനഗരത്തിൻമേൽ എന്തു ഞെട്ടിക്കുന്ന ഫലമുണ്ടായി?
25 ക്രൈസ്തവലോകം 1918-ലെ അവളുടെ ജയം ആവർത്തിക്കുന്നതിനു വീണ്ടും വീണ്ടും ശ്രമിച്ചു. അവൾ ആൾക്കൂട്ടത്തെ ഇളക്കിവിടുന്നതിലേക്കും നിയമസംബന്ധമായ സൂത്രപ്രയോഗത്തിലേക്കും തടവിലേക്കും വധങ്ങളിലേക്കുപോലും തിരിഞ്ഞു—പക്ഷേ എല്ലാം നിഷ്ഫലം! രണ്ടു സാക്ഷികളുടെ ആത്മീയപ്രദേശം 1919-നുശേഷം അവളുടെ എത്തുപാടിലല്ലായിരുന്നു. ആ വർഷത്തിൽ യഹോവ അവരോട്, “ഇവിടെ കയറിവരുവിൻ” എന്നു പറഞ്ഞിരുന്നു. അവർ ഉയർന്ന ഒരു ആത്മീയ സ്ഥിതിയിലേക്കു കയറുകയും ചെയ്തു, അവിടെ അവരുടെ ശത്രുക്കൾക്ക് അവരെ കാണാൻ കഴിഞ്ഞു, എന്നാൽ തൊടുവാൻ കഴിഞ്ഞില്ല. അവരുടെ പുനഃസ്ഥിതീകരണത്തിനു മഹാനഗരത്തിൻമേലുളള ഞെട്ടിക്കുന്ന ഫലം യോഹന്നാൻ വർണിക്കുന്നു: “ആ നാഴികയിൽ വലിയോരു ഭൂകമ്പം ഉണ്ടായി; നഗരത്തിൽ പത്തിലൊന്നു ഇടിഞ്ഞുവീണു; ഭൂകമ്പത്തിൽ ഏഴായിരംപേർ മരിച്ചുപോയി; ശേഷിച്ചവർ ഭയപരവശരായി സ്വർഗ്ഗത്തിലെ ദൈവത്തിന്നു മഹത്വം കൊടുത്തു.” (വെളിപ്പാടു 11:13) മതമണ്ഡലത്തിൽ സത്യമായും വലിയ ഇളക്കങ്ങൾ ഉണ്ടായി. പുനരുജ്ജീവിപ്പിക്കപ്പെട്ട ഈ ക്രിസ്ത്യാനികൾ പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ സുസ്ഥാപിതസഭകളുടെ നേതാക്കൻമാരുടെ കാൽക്കീഴിൽനിന്നു നിലം മാറുന്നതുപോലെ തോന്നി. അവരുടെ നഗരത്തിൽ പത്തിലൊന്നിനെ, ആലങ്കാരികമായി 7,000 വ്യക്തികളെ അത്യധികം ബാധിച്ചതിനാൽ അവർ കൊല്ലപ്പെട്ടതായി പറയപ്പെട്ടു.
26. വെളിപ്പാടു 11:13-ലെ ‘നഗരത്തിൽ പത്തിലൊന്നും’ ‘ഏഴായിരവും’ ആരെ പ്രതിനിധാനം ചെയ്യുന്നു? വിശദീകരിക്കുക.
26 “നഗരത്തിൽ പത്തിലൊന്നു” എന്ന പ്രയോഗം ഒരു വിശുദ്ധസന്തതിയെന്ന നിലയിൽ പത്തിലൊന്ന് നഗരത്തിന്റെ നാശത്തെ അതിജീവിക്കുമെന്നു പുരാതന യെരുശലേമിനെക്കുറിച്ച് യെശയ്യാവ് പ്രവചിച്ചതു നമ്മെ അനുസ്മരിപ്പിക്കുന്നു. (യെശയ്യാവു 6:13) അതുപോലെതന്നെ, ഇസ്രായേലിൽ താൻ മാത്രമേ വിശ്വസ്തനുളളൂവെന്ന് ഏലിയാവിനു തോന്നിയപ്പോൾ ബാലിനു മുട്ടുമടക്കാത്ത 7,000 പേരുണ്ടെന്ന് യഹോവ അവനോടു പറഞ്ഞതിനെയും, 7,000 എന്ന സംഖ്യ നമ്മെ അനുസ്മരിപ്പിക്കുന്നു. (1 രാജാക്കൻമാർ 19:14, 18) ഒന്നാം നൂററാണ്ടിൽ, ക്രിസ്തുവിനെക്കുറിച്ചുളള സുവാർത്തയോടു പ്രതികരിച്ച യഹൂദൻമാരുടെ ശേഷിപ്പിനെ ഈ 7,000 ചിത്രീകരിച്ചതായി അപ്പോസ്തലനായ പൗലോസ് പറഞ്ഞു. (റോമർ 11:1-5) വെളിപ്പാടു 11:13-ലെ ‘ഏഴായിരവും’ ‘നഗരത്തിൽ പത്തിലൊന്നും’ പുനഃസ്ഥിതീകരിക്കപ്പെട്ട രണ്ടു സാക്ഷികളോടു പ്രതികരിച്ചുകൊണ്ടു പാപപൂർണമായ മഹാനഗരത്തെ ഉപേക്ഷിച്ചവരാണെന്നു മനസ്സിലാക്കാൻ ഈ തിരുവെഴുത്തുകൾ നമ്മെ സഹായിക്കുന്നു. ക്രൈസ്തവലോകത്തിന്റെ കാര്യത്തിൽ അവർ മരിക്കുന്നു. അവരുടെ പേരുകൾ അവളുടെ അംഗത്വ പട്ടികയിൽനിന്നു മാററപ്പെടുന്നു. അവളെ സംബന്ധിച്ചിടത്തോളം അവർ സ്ഥിതിചെയ്യുന്നില്ല.d
27, 28. (എ) ‘ശേഷിച്ചവർ സ്വർഗ്ഗത്തിലെ ദൈവത്തിന്നു മഹത്വം കൊടുത്ത’തെങ്ങനെ? (ബി) ക്രൈസ്തവലോകത്തിലെ വൈദികർ എന്തു തിരിച്ചറിയാൻ നിർബന്ധിതരായി?
27 എന്നാൽ ‘[ക്രൈസ്തവലോകത്തിൽ] ശേഷിച്ചവർ സ്വർഗ്ഗത്തിലെ ദൈവത്തിന്നു മഹത്വം കൊടുത്ത’തെങ്ങനെ? തീർച്ചയായും അവരുടെ വിശ്വാസത്യാഗം ഭവിച്ച മതത്തെ ഉപേക്ഷിച്ചുകൊണ്ടും ദൈവത്തിന്റെ ദാസൻമാർ ആയിത്തീർന്നുകൊണ്ടുമല്ല. മറിച്ച്, “സ്വർഗ്ഗത്തിലെ ദൈവത്തിന്നു മഹത്വം കൊടുത്തു” എന്ന പദപ്രയോഗത്തെക്കുറിച്ചു ചർച്ചചെയ്യുകയിൽ വിൻസൻറിന്റെ വേർഡ് സ്ററഡീസ് ഇൻ ദ ന്യൂ ടെസ്ററമെൻറ് വിശദീകരിക്കുന്നതുപോലെയാണ്. അവിടെ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: “പദപ്രയോഗം പരിവർത്തനത്തെയോ പശ്ചാത്താപത്തെയോ നന്ദിനൽകലിനെയോ അല്ല, പിന്നെയോ തിരിച്ചറിയലിനെയാണ് അർഥമാക്കുന്നത്, തിരുവെഴുത്തിൽ അതിന്റെ സാധാരണ അർഥം അതാണ്. യോശു. vii. 19 (സെപ്ററു.). യോഹന്നാൻ ix. 24; പ്രവൃത്തികൾ xii. 23; റോമ. iv. 20 താരതമ്യം ചെയ്യുക.” ക്രൈസ്തവലോകത്തിനു ശല്യമെന്നോണം, ബൈബിൾ വിദ്യാർഥികളുടെ ദൈവം അവരെ ക്രിസ്തീയപ്രവർത്തനത്തിൽ പുനഃസ്ഥാപിച്ചതിൽ ഒരു മഹാപ്രവൃത്തി ചെയ്തിരിക്കുന്നതായി അവൾ അംഗീകരിക്കേണ്ടിവന്നു.
28 വൈദികർ ഈ അംഗീകാരം മാനസികമായി മാത്രം അഥവാ തങ്ങളിൽത്തന്നെ നൽകിയതാകാം. തീർച്ചയായും അവരിൽ ആരും പരസ്യമായി രണ്ടു സാക്ഷികളുടെ ദൈവത്തെ അംഗീകരിച്ചതിന്റെ രേഖയില്ല. എന്നാൽ യോഹന്നാനിലൂടെയുളള യഹോവയുടെ പ്രവചനം അവരുടെ ഹൃദയത്തിലുളളതു വിവേചിച്ചറിയാനും 1919-ൽ അവർക്ക് അനുഭവപ്പെട്ട അപമാനകരമായ ഞെട്ടൽ മനസ്സിലാക്കാനും നമ്മെ സഹായിക്കുന്നു. ആ വർഷം മുതൽ അവളുടെ ആടുകളെ പിടിച്ചുനിർത്താനുളള സുനിശ്ചിതശ്രമങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും ക്രൈസ്തവലോകത്തെ, “ഏഴായിരം” വിട്ടുപോയപ്പോൾ യോഹന്നാൻവർഗത്തിന്റെ ദൈവം അവരുടെ ദൈവത്തെക്കാൾ ശക്തനാണെന്ന് അംഗീകരിക്കാൻ വൈദികർ നിർബന്ധിതരായി. കർമേൽ പർവതത്തിൽ ബാൽ-മതഭക്തരുടെമേൽ ഏലിയാവ് വിജയം നേടിയപ്പോൾ “യഹോവ തന്നേ ദൈവം, യഹോവ തന്നേ ദൈവം” എന്ന ജനത്തിന്റെ വാക്കുകൾ പ്രതിധ്വനിപ്പിച്ചുകൊണ്ട് അവരുടെ ആടുകളിൽ അനേകർകൂടെ വിട്ടുപോരുമ്പോൾ അടുത്ത വർഷങ്ങളിൽ അവർ കൂടുതൽ വ്യക്തമായി ഇതു തിരിച്ചറിയും.—1 രാജാക്കൻമാർ 18:39.
29. വേഗത്തിൽ എന്തു വരുന്നതായി യോഹന്നാൻ പറയുന്നു, കൂടുതലായ ഏത് ഇളക്കൽ ക്രൈസ്തവലോകത്തിനു വരാനിരിക്കുന്നു?
29 എന്നാൽ ശ്രദ്ധിക്കൂ! യോഹന്നാൻ നമ്മോടു പറയുന്നു: “രണ്ടാമത്തെ കഷ്ടം കഴിഞ്ഞു; മൂന്നാമത്തെ കഷ്ടം വേഗം വരുന്നു.” (വെളിപ്പാടു 11:14) ഇതിനകം സംഭവിച്ച കാര്യങ്ങൾ ക്രൈസ്തവലോകത്തെ ഇളക്കിയെങ്കിൽ മൂന്നാം കഷ്ടം പ്രഖ്യാപിക്കുകയും ഏഴാമത്തെ ദൂതൻ തന്റെ കാഹളം ഊതുകയും ദൈവത്തിന്റെ പാവനരഹസ്യം ഒടുവിൽ പൂർത്തിയാവുകയും ചെയ്യുമ്പോൾ അവൾ എന്തുചെയ്യും?—വെളിപ്പാടു 10:7.
[അടിക്കുറിപ്പുകൾ]
a ഈ വലിയ ആത്മീയ ആലയത്തെക്കുറിച്ചുളള ഒരു പൂർണ ചർച്ചക്ക് 1972 ഡിസംബർ 1-ലെ വാച്ച്ടവർ ലക്കത്തിൽ “ആരാധിക്കാനുളള ഏക യഥാർഥ ആലയം” എന്ന ലേഖനം കാണുക.
b “ആഴം” (ഇംഗ്ലീഷ് അബിസ് ; ഗ്രീക്ക്, അബിസോസ് ; എബ്രായ, തെഹോം) പ്രതീകാത്മകമായി നിഷ്ക്രിയത്വത്തിന്റെ ഒരു സ്ഥലത്തെ പരാമർശിക്കുന്നു. (കാണുക: വെളിപ്പാടു 9:2.) എന്നിരുന്നാലും അക്ഷരാർഥത്തിൽ അതിനു വിസ്തൃതമായ സമുദ്രത്തെ പരാമർശിക്കാനും കഴിയും. എബ്രായപദം പലപ്പോഴും “ആഴി” എന്നു വിവർത്തനം ചെയ്യപ്പെടുന്നു. (സങ്കീർത്തനം 71:20; 106:9; യോനാ 2:5) അങ്ങനെ “ആഴത്തിൽനിന്നു കയറിവരുന്ന മൃഗം” “സമുദ്രത്തിൽ നിന്നു കയറിവരുന്ന മൃഗമായി” തിരിച്ചറിയാൻ കഴിയും.—വെളിപ്പാടു 11:7; 13:1.
c ഇക്കാലത്തെ ദൈവജനത്തിന്റെ അനുഭവങ്ങൾ പരിശോധിക്കുകയിൽ 42 മാസങ്ങൾ അക്ഷരാർഥത്തിൽ മൂന്നര വർഷത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നിരിക്കെ മൂന്നര ദിവസം അക്ഷരാർഥത്തിൽ 84 മണിക്കൂറിനെ പ്രതിനിധാനം ചെയ്യുന്നില്ലെന്നു കുറിക്കൊളളുക. മൂന്നര ദിവസം എന്ന നിശ്ചിത കാലഘട്ടം രണ്ടുവട്ടം പരാമർശിച്ചിരിക്കുന്നത് (9-ഉം 11-ഉം വാക്യങ്ങളിൽ) അതിനുമുമ്പുളള മൂന്നര വർഷത്തെ പ്രവർത്തനത്തോടു താരതമ്യപ്പെടുത്തുമ്പോൾ അത് ഒരു ചുരുങ്ങിയ കാലഘട്ടം മാത്രമാണെന്നു പ്രദീപ്തമാക്കാനായിരിക്കണം.
d റോമർ 6:2, 10, 11; 7:4, 6, 9; ഗലാത്യർ 2:19; കൊലൊസ്സ്യർ 2:20; 3:3 എന്നിവപോലുളള തിരുവെഴുത്തുകളിൽ “മരിച്ചവർ,” “മരിച്ചു,” “ജീവിക്കുന്നവർ,” എന്നീ പദങ്ങളുടെ ഉപയോഗം താരതമ്യം ചെയ്യുക.
[168-ാം പേജിലെ ചതുരം]
വെളിപ്പാടു 11:10-ലെ സന്തോഷിക്കൽ
പ്രീച്ചേഴ്സ് പ്രെസൻറ് ആംസ് എന്ന തന്റെ പുസ്തകത്തിൽ, 1933-ൽ പ്രസിദ്ധീകരിക്കപ്പെട്ടത്, റേ എച്ച്. അബ്രാംസ് വാച്ച് ടവർ സൊസൈററിയുടെ പൂർത്തിയായ മർമ്മം (ഇംഗ്ലീഷ്) എന്ന പുസ്തകത്തോടുളള വൈദികരുടെ കടുത്ത എതിർപ്പിനെ പരാമർശിച്ചു. അദ്ദേഹം ബൈബിൾ വിദ്യാർഥികളെയും അവരുടെ “വിനാശകമായ വിശ്വാസ”ത്തെയും ഒഴിവാക്കാനുളള വൈദികരുടെ ശ്രമങ്ങളെ പരാമർശിക്കുന്നു. ഇത് ജെ. എഫ്. റതർഫോർഡിനെയും ഏഴു കൂട്ടാളികളെയും ദീർഘകാല തടവിനു വിധിക്കുന്നതിൽ കലാശിച്ച കോടതിക്കേസിലേക്കു നയിച്ചു. ഡോ. അബ്രാംസ് കൂട്ടിച്ചേർക്കുന്നു: “മുഴു കേസിന്റെയും വിശകലനം റസ്സലുകാരെ തുടച്ചുനീക്കുന്നതിനുളള പ്രസ്ഥാനത്തിനു പിന്നിൽ ഒന്നാമതായി സഭകളും വൈദികരും ആണുണ്ടായിരുന്നത് എന്ന നിഗമനത്തിലേക്കു നയിക്കുന്നു. കാനഡയിൽ 1918 ഫെബ്രുവരിയിൽ ശുശ്രൂഷകർ അവർക്കും അവരുടെ പ്രസിദ്ധീകരണങ്ങൾക്കും, വിശേഷിച്ചു പൂർത്തിയായ മർമ്മത്തിനും എതിരായി ചിട്ടയോടുകൂടിയ ആക്രമണം തുടങ്ങി. വിന്നിപ്പെഗ് ട്രിബ്യൂൺ പറയുന്നതനുസരിച്ച്, . . . അവരുടെ പുസ്തകത്തിന്റെ അടിച്ചമർത്തൽ ‘വൈദികരുടെ നിവേദനങ്ങളിൻ’ പ്രകാരമാണ് സംഭവിച്ചതെന്നു കരുതപ്പെട്ടു.”
ഡോ. അബ്രാംസ് തുടരുന്നു: “ഇരുപതു വർഷത്തേക്കു ശിക്ഷിച്ചതായുളള വാർത്ത മതപ്രസിദ്ധീകരണങ്ങളുടെ എഡിററർമാർക്കു ലഭിച്ചപ്പോൾ ഈ പ്രസിദ്ധീകരണങ്ങളെല്ലാം, ചെറുതും വലുതും, അതേച്ചൊല്ലി സന്തോഷിച്ചു. യാഥാസ്ഥിതിക മതപ്രസിദ്ധീകരണങ്ങളിലൊന്നിലും അനുകമ്പയുടെ ഒരു വാക്കും എനിക്കു കാണാൻ കഴിഞ്ഞില്ല. ‘അവർ “യാഥാസ്ഥിതിക” മതവിഭാഗങ്ങളുടെ വിദ്വേഷം സമ്പാദിച്ചു എന്ന വസ്തുത നിമിത്തമാണ് . . . പീഡനം ഉണ്ടായതെന്നുളളതിനു തർക്കമില്ല’ എന്ന് അപ്ടൺ സിൻക്ലയർ നിഗമനം ചെയ്യുന്നു. സഭകളുടെ സംയുക്തശ്രമം പരാജയപ്പെട്ടിടത്ത് അവർക്കുവേണ്ടി ഭരണകൂടം അതു സാധിച്ചതായി തോന്നുന്നു.” ഒട്ടനവധി മതപ്രസിദ്ധീകരണങ്ങളിലെ അവഹേളനപരമായ അഭിപ്രായങ്ങൾ ഉദ്ധരിച്ചശേഷം എഴുത്തുകാരൻ അപ്പീൽ കോടതിയിലെ മറിച്ചുളള വിധിയെ പരാമർശിക്കുകയും ഇപ്രകാരം അഭിപ്രായപ്പെടുകയും ചെയ്തു: “ഈ വിധി സഭകളിൽ നിശബ്ദമായി സ്വീകരിക്കപ്പെട്ടു.”
[168-ാം പേജിലെ ചിത്രം]
യോഹന്നാൻ ആത്മീയ ആലയം അളക്കുന്നു—അഭിഷിക്ത പുരോഹിതവർഗം നിലവാരങ്ങളിൽ എത്തേണ്ടിയിരിക്കുന്നു
[165-ാം പേജിലെ ചിത്രങ്ങൾ]
യോശുവയുടെയും സെരൂബാബേലിന്റെയും പുനർനിർമാണവേല, കർത്താവിന്റെ ദിവസത്തിൽ ചെറിയ തുടക്കത്തെതുടർന്ന് യഹോവയുടെ സാക്ഷികളുടെയിടയിൽ വലിയ വർധനവുണ്ടാകുമെന്നു സൂചിപ്പിച്ചു. മുകളിൽ കാണിച്ചിരിക്കുന്നതുപോലുളള ബ്രുക്ക്ളിനിലെ അച്ചടിസൗകര്യങ്ങൾ അവരുടെ ആവശ്യം നിറവേററുന്നതിനു വളരെയധികം വികസിപ്പിക്കേണ്ടിയിരുന്നു
[166-ാം പേജിലെ ചിത്രങ്ങൾ]
രണ്ടു സാക്ഷികൾ ഘോഷിച്ച ഉജ്ജ്വല ന്യായവിധി ദൂതുകൾ മോശയുടെയും ഏലിയാവിന്റെയും പ്രവാചകവേലയാൽ മുൻനിഴലാക്കപ്പെട്ടു
[169-ാം പേജിലെ ചിത്രങ്ങൾ]
എസെക്കിയേൽ 37-ാം അധ്യായത്തിലെ ഉണങ്ങിയ അസ്ഥികളെപ്പോലെ ആധുനികനാളിലെ പ്രസംഗവേലക്കായി രണ്ടു സാക്ഷികൾ പുനരുജ്ജീവിപ്പിക്കപ്പെടുന്നു