യേശുവിനെ കാണാൻ എങ്ങനെയായിരുന്നു?
ബൈബിളിന്റെ ഉത്തരം
യേശുവിനെ കാണാൻ എങ്ങനെയായിരുന്നെന്ന് ആർക്കും അറിയില്ല. കാരണം ബൈബിളിൽ അതു വ്യക്തമായി പറഞ്ഞിട്ടില്ല. അതിന് അർഥം, യേശു കാഴ്ചയ്ക്ക് എങ്ങനെയായിരുന്നു എന്നതിന് ബൈബിൾ പ്രാധാന്യം നൽകുന്നില്ല എന്നാണ്. എന്നാലും യേശുവിന്റെ രൂപത്തെക്കുറിച്ചുള്ള ചില സൂചനകൾ ബൈബിൾ നൽകുന്നുണ്ട്.
ആകാരം: യേശു ഒരു ജൂതനായിരുന്നു. അതുകൊണ്ടുതന്നെ ശേമ്യവംശജരുടെ പൊതുവായ ആകാരസവിശേഷതകൾ യേശുവിനും അമ്മയിൽനിന്ന് കിട്ടിക്കാണണം. (എബ്രായർ 7:14) എല്ലാവരെയുംപോലെതന്നെയായിരുന്നു യേശുവും. കാഴ്ചയ്ക്ക് യേശുവിന് വലിയ പ്രത്യേകതകൾ ഒന്നുമുണ്ടായിരുന്നില്ല. ഒരിക്കൽ ഗലീലയിൽനിന്ന് യരുശലേമിലേക്ക് യേശുവിന് രഹസ്യമായി യാത്ര ചെയ്യേണ്ടിവന്നു. ആരും യേശുവിനെ തിരിച്ചറിഞ്ഞില്ല. (യോഹന്നാൻ 7:10, 11) തന്റെ അടുത്ത സുഹൃത്തുക്കളായ ശിഷ്യന്മാരെപ്പോലെതന്നെയായിരുന്നു യേശുവും, വലിയ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ജനക്കൂട്ടം യേശുവിനെ അറസ്റ്റു ചെയ്യാൻ വന്നപ്പോൾ യൂദാസിന് അവരുടെയിടയിൽനിന്ന് യേശുവിനെ കാണിച്ചുകൊടുക്കേണ്ടതായി വന്നത്.—മത്തായി 26:47-49.
മുടിയുടെ നീളം: യേശുവിന് നീണ്ട മുടിയുണ്ടായിരിക്കാൻ സാധ്യതയില്ല. കാരണം ‘നീണ്ട മുടി പുരുഷന് അപമാനമാണ്’ എന്നു ബൈബിൾ പറയുന്നു.—1 കൊരിന്ത്യർ 11:14, 15.
താടി: യേശുവിനു താടിയുണ്ടായിരുന്നു. ഒരു ജൂതനായിരുന്നതുകൊണ്ട് യേശു ജൂതനിയമങ്ങൾ അനുസരിച്ചിരുന്നു. അതിൽ പുരുഷന്മാർ ’താടിയുടെ വിളുമ്പു വിരൂപമാക്കരുത്’ എന്നു പറഞ്ഞിരുന്നു. (ലേവ്യ 19:27; ഗലാത്യർ 4:4) യേശുവിനു സഹിക്കേണ്ടിവരുന്ന കാര്യങ്ങളെക്കുറിച്ച് പറയുന്ന ഒരു പ്രവചനത്തിൽ താടിയെക്കുറിച്ചും പരാമർശിക്കുന്നുണ്ട്.—യശയ്യ 50:6.
ശരീരം: യേശു നല്ല ആരോഗ്യവാനായിരുന്നെന്ന് ബൈബിളിൽനിന്ന് മനസ്സിലാക്കാം. ശുശ്രൂഷയ്ക്കിടയിൽ യേശു ഒരുപാട് ദൂരം യാത്ര ചെയ്തു. (മത്തായി 9:35) രണ്ടു പ്രാവശ്യം യേശു ജൂതരുടെ ദേവാലയം ശുദ്ധമാക്കി. അപ്പോൾ നാണയം മാറ്റിക്കൊടുക്കുന്നവരുടെ മേശകൾ മറിച്ചിടുകയും ആടുമാടുകളെ ചാട്ടകൊണ്ട് അടിച്ച് പുറത്താക്കുകയും ചെയ്തു. (ലൂക്കോസ് 19:45, 46; യോഹന്നാൻ 2:14, 15) മക്ലിന്റോക്കിന്റെയും സ്ട്രോങ്ങിന്റെയും വിജ്ഞാനകോശം (ഇംഗ്ലീഷ്) ഇങ്ങനെ പറയുന്നു: “സുവിശേഷ വിവരണങ്ങൾ മുഴുവനും (യേശുവിനെ) നല്ല ആരോഗ്യവും കരുത്തും ഉള്ള ഒരാളായിട്ടാണ് ചിത്രീകരിക്കുന്നത്.”—വാല്യം 4, പേജ് 884.
മുഖഭാവങ്ങൾ: യേശു വളരെ സ്നേഹവും സൗമ്യതയും ദയയും ഉള്ള ആളായിരുന്നു. യേശുവിന്റെ മുഖഭാവത്തിലും അതു കാണാമായിരുന്നു. (മത്തായി 11:28, 29) ആശ്വാസത്തിനും സഹായത്തിനും വേണ്ടി എല്ലാ തരത്തിലുമുള്ള ആളുകൾ യേശുവിന്റെ അടുത്ത് വന്നു. (ലൂക്കോസ് 5:12, 13; 7:37, 38) യേശുവിന്റെ അടുത്ത് ചെല്ലാൻ കുട്ടികൾക്കുപോലും മടിയുണ്ടായിരുന്നില്ല.—മത്തായി 19:13-15; മർക്കോസ് 9:35-37.
യേശുവിന്റെ രൂപത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ
തെറ്റിദ്ധാരണ: യേശു ആഫ്രിക്കൻ വംശജനാണെന്ന് ചിലർ വാദിക്കാറുണ്ട്. വെളിപാട് പുസ്തകത്തിൽ യേശുവിന്റെ മുടിയെ കമ്പിളിയോടും കാലുകളെ ‘ഉലയിൽ ചുട്ടുപഴുത്തിരിക്കുന്ന ചെമ്പിനോടും’ ഉപമിച്ചിരിക്കുന്നതാണ് അവർ ഇങ്ങനെ പറയുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.—വെളിപാട് 1:14, 15.
യാഥാർഥ്യം: വെളിപാട് പുസ്തകത്തിലെ വിവരങ്ങൾ ‘അടയാളങ്ങളായിട്ടാണ്’ കാണിച്ചുകൊടുത്തത്. (വെളിപാട് 1:1) വെളിപാട് പുസ്തകത്തിൽ യേശുവിന്റെ മുടിയെയും കാലുകളെയും ഇങ്ങനെ ഉപമിച്ചിരിക്കുന്നതു പുനരുത്ഥാനത്തിനു ശേഷമുള്ള യേശുവിന്റെ ഗുണങ്ങളെ വർണിക്കാനാണ്. അല്ലാതെ, ഭൂമിയിലായിരുന്നപ്പോഴത്തെ യേശുവിന്റെ രൂപം വർണിക്കാനല്ല. വെളിപാട് 1:14-ൽ യേശുവിന്റെ “തലയും തലമുടിയും തൂവെള്ളക്കമ്പിളിപോലെയും മഞ്ഞുപോലെയും വെളുത്തതായിരുന്നു” എന്നു പറഞ്ഞത് മുടിയുടെ നിറം വെള്ളയാണെന്ന് കാണിക്കാനാണ്, അല്ലാതെ അത് ചുരുണ്ടതാണോ അല്ലയോ എന്നൊന്നും കാണിക്കാനല്ല. പ്രായത്തിലൂടെ കൈവരുന്ന ജ്ഞാനത്തെയാണ് വെള്ളനിറം അർഥമാക്കുന്നത്. (വെളിപാട് 3:14) തൊട്ടുനോക്കിയാൽ യേശുവിന്റെ മുടി കമ്പിളിപോലെ ആയിരുന്നെങ്കിൽ തൊട്ടുനോക്കുമ്പോൾ അത് മഞ്ഞുപോലെയും ആയിരിക്കേണ്ടേ? അതുകൊണ്ട് ഈ വാക്യം ഉദ്ദേശിക്കുന്നത് അതല്ലെന്ന് വ്യക്തം.
യേശുവിന്റെ പാദങ്ങൾ കാഴ്ചയ്ക്ക് “ഉലയിൽ ചുട്ടുപഴുത്തിരിക്കുന്ന ശുദ്ധമായ ചെമ്പുപോലെ” ആണ്. (വെളിപാട് 1:15) അതുപോലെ മുഖം, “ഉജ്ജ്വലപ്രഭ ചൊരിയുന്ന സൂര്യനെപ്പോലിരുന്നു.” (വെളിപാട് 1:16) ഈ വിവരണങ്ങളൊന്നും ഒരു വർഗത്തിലുംപെട്ട ആളുകൾക്കു ചേരാത്തതുകൊണ്ട് ഈ വർണന ആലങ്കാരികമാണ്. ഉയിർത്തെഴുന്നേറ്റ യേശു, “അടുക്കാൻ പറ്റാത്ത വെളിച്ചത്തിൽ കഴിയുന്നവ”നാണെന്ന് അതിലൂടെ പറയുകയായിരുന്നു.—1 തിമൊഥെയൊസ് 6:16.
തെറ്റിദ്ധാരണ: യേശു വളരെ ദുർബലനും ക്ഷീണിതനും ആയിരുന്നു.
യാഥാർഥ്യം: യേശു നല്ല ധൈര്യമുള്ള ഒരാളായിരുന്നു. ഉദാഹരണത്തിന് യേശുവിനെ അറസ്റ്റു ചെയ്യാൻ വാളുകളും വടികളും ആയി വന്ന ജനക്കൂട്ടത്തോട്, നിങ്ങൾ അന്വേഷിക്കുന്ന യേശു ഞാൻതന്നെയാണെന്ന് ധൈര്യത്തോടെ യേശു വെളിപ്പെടുത്തി. (യോഹന്നാൻ 18:4-8) ഇനി, നല്ല ആരോഗ്യമുണ്ടായിരുന്നതുകൊണ്ടാണ് ഉപകരണങ്ങൾ ഉപയോഗിച്ച് ആശാരിപ്പണി ചെയ്യാൻ യേശുവിനായത്.—മർക്കോസ് 6:3.
പിന്നെ എന്തുകൊണ്ടാണ് യേശുവിന് ദണ്ഡനസ്തംഭം ചുമക്കാൻ സഹായം ആവശ്യമായിവന്നത്? തന്നോടൊപ്പം തൂക്കിലേറ്റപ്പെട്ട രണ്ടു പേരെക്കാളും മുമ്പ് യേശു മരിച്ചത് എന്തുകൊണ്ടാണ്? (ലൂക്കോസ് 23:26; യോഹന്നാൻ 19:31-33) സ്തംഭത്തിലേറ്റിയപ്പോഴേക്കും യേശു ആകെ ക്ഷീണിതനായിരുന്നു. കാരണം യേശു തലേ രാത്രിയിൽ ഒട്ടും ഉറങ്ങിയിരുന്നില്ല, കടുത്ത മനോവേദനയിലും ആയിരുന്നു. (ലൂക്കോസ് 22:42-44) രാത്രിയിൽ ജൂതന്മാർ യേശുവിനോട് വളരെ ക്രൂരമായി പെരുമാറി, പിറ്റേന്ന് രാവിലെ റോമാക്കാർ യേശുവിനെ അതികഠിനമായി ഉപദ്രവിച്ചു. (മത്തായി 26:67, 68; യോഹന്നാൻ 19:1-3) അതെല്ലാം യേശു വേഗം മരിക്കാൻ കാരണമായിത്തീർന്നു.
തെറ്റിദ്ധാരണ: വിഷാദം യേശുവിന്റെ സ്ഥായിഭാവമായിരുന്നു.
യാഥാർഥ്യം: യേശു എപ്പോഴും പിതാവായ യഹോവയുടെ ഗുണങ്ങൾ അതേപടി പ്രതിഫലിപ്പിച്ചിരുന്നു. യഹോവയെ “സന്തോഷമുള്ള ദൈവം” എന്നാണ് ബൈബിൾ വിളിക്കുന്നത്. (1 തിമൊഥെയൊസ് 1:11; യോഹന്നാൻ 14:9) എങ്ങനെ സന്തോഷമുള്ളവരായിരിക്കാം എന്നു യേശു മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്തു. (മത്തായി 5:3-9; ലൂക്കോസ് 11:28) ഇതെല്ലാം കാണിക്കുന്നത് സന്തോഷമുള്ള മുഖം യേശുവിന്റെ ഒരു സവിശേഷതയായിരുന്നു എന്നാണ്.