യേശു രാജ്യമഹത്ത്വത്തിൽ വരുമ്പോൾ
“മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ടു.”—മത്തായി 16:28.
1, 2. പൊ.യു. 32-ലെ പെന്തക്കോസ്തിനുശേഷം അധികം താമസിയാതെ എന്തു സംഭവിച്ചു, ആ സംഭവത്തിന്റെ ഉദ്ദേശ്യമെന്തായിരുന്നു?
പൊ.യു. (പൊതുയുഗം) 32-ലെ പെന്തക്കോസ്തിനുശേഷം അധികം താമസിയാതെ, യേശുക്രിസ്തുവിന്റെ മൂന്ന് അപ്പോസ്തലന്മാർക്ക് ഒരു അവിസ്മരണീയ ദർശനമുണ്ടായി. നിശ്വസ്ത രേഖ പറയുന്നപ്രകാരം, “യേശു പത്രൊസിനെയും യാക്കോബിനെയും അവന്റെ സഹോദരനായ യോഹന്നാനെയും കൂട്ടി തനിച്ചു ഒരു ഉയർന്ന മലയിലേക്കു കൊണ്ടുപോയി, അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു.”—മത്തായി 17:1, 2.
2 നിർണായകമായൊരു സമയത്തായിരുന്നു രൂപാന്തരീകരണ ദർശനമുണ്ടായത്. താൻ യെരൂശലേമിൽ കഷ്ടപ്പാടുകൾ സഹിച്ചു മരിക്കേണ്ടിവരുമെന്ന് യേശു അനുഗാമികളോടു പറഞ്ഞുതുടങ്ങിയിരുന്നു. എന്നാൽ അവർക്ക് അവന്റെ വാക്കുകൾ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടു തോന്നി. (മത്തായി 16:21-23) യേശുവിനു സംഭവിക്കാൻ പോകുന്ന മരണത്തിനും, അതിനുശേഷം ക്രിസ്തീയ സഭ വർഷങ്ങളോളം നടത്തേണ്ടിയിരുന്ന കഠിനവേലയ്ക്കും നേരിടാനിരുന്ന പരിശോധനകൾക്കും ഒരുങ്ങുന്നതിന് ആ ദർശനം അവന്റെ മൂന്ന് അപ്പോസ്തലന്മാരുടെ വിശ്വാസത്തെയും ബലപ്പെടുത്തി. ആ ദർശനത്തിൽനിന്ന് ഇന്നു നമുക്കെന്തെങ്കിലും പഠിക്കാനുണ്ടോ? ഉണ്ട്, കാരണം അതു മുൻനിഴലാക്കിയത് വാസ്തവത്തിൽ നമ്മുടെ കാലത്താണു സംഭവിക്കുന്നത്.
3, 4. (എ) രൂപാന്തരീകരണത്തിന് ആറു ദിവസംമുമ്പ് യേശു എന്തു പറഞ്ഞു? (ബി) രൂപാന്തരീകരണത്തിൽ സംഭവിച്ചതു വർണിക്കുക.
3 രൂപാന്തരീകരണത്തിന് ആറു ദിവസംമുമ്പ് യേശു തന്റെ അനുഗാമികളോടു പറഞ്ഞു: “മനുഷ്യപുത്രൻ തന്റെ പിതാവിന്റെ മഹത്വത്തിൽ തന്റെ ദൂതൻമാരുമായി വരും; അപ്പോൾ അവൻ ഓരോരുത്തന്നും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കും.” ഈ വാക്കുകൾ “വ്യവസ്ഥിതിയുടെ സമാപനത്തി”ലാണു നിറവേറുക. യേശു കൂടുതലായി ഇങ്ങനെ പ്രസ്താവിച്ചു: “മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ടു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” (മത്തായി 16:27, 28; 24:3, NW; 25:31-34, 41; ദാനീയേൽ 12:4) ഈ ഒടുവിലത്തെ വാക്കുകളുടെ നിവൃത്തിയായാണു രൂപാന്തരീകരണം സംഭവിച്ചത്.
4 ആ മൂന്ന് അപ്പോസ്തലന്മാർ കൃത്യമായി എന്താണു കണ്ടത്? ആ സംഭവത്തെക്കുറിച്ചു ലൂക്കൊസ് വിവരിക്കുന്നു: “[യേശു] പ്രാർത്ഥിക്കുമ്പോൾ മുഖത്തിന്റെ ഭാവം മാറി, ഉടുപ്പു മിന്നുന്ന വെള്ളയായും തീർന്നു. രണ്ടു പുരുഷന്മാർ അവനോടു സംഭാഷിച്ചു; മോശെയും ഏലീയാവും തന്നേ. അവർ തേജസ്സിൽ പ്രത്യക്ഷരായി അവൻ യെരൂശലേമിൽ പ്രാപിപ്പാനുള്ള നിര്യാണത്തെക്കുറിച്ചു സംസാരിച്ചു.” പിന്നെ “ഒരു മേഘം വന്നു [അപ്പോസ്തലന്മാരു]ടെമേൽ നിഴലിട്ടു. അവർ മേഘത്തിൽ ആയപ്പോൾ പേടിച്ചു. മേഘത്തിൽനിന്നു: ഇവൻ എന്റെ പ്രിയപുത്രൻ, ഇവന്നു ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദം ഉണ്ടായി.”—ലൂക്കൊസ് 9:29-31, 34, 35.
വിശ്വാസം ബലിഷ്ഠമാക്കപ്പെടുന്നു
5. രൂപാന്തരീകരണം പത്രൊസ് അപ്പോസ്തലനെ എങ്ങനെ സ്വാധീനിച്ചു?
5 പത്രൊസ് അപ്പോസ്തലൻ അതിനോടകംതന്നെ യേശുവിനെ “ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു”വായി തിരിച്ചറിഞ്ഞിരുന്നു. (മത്തായി 16:16) ആ തിരിച്ചറിയലിനെ സ്ഥിരീകരിക്കുന്നതായിരുന്നു സ്വർഗത്തിൽനിന്നു യഹോവ സംസാരിച്ച വാക്കുകൾ. യേശുവിന്റെ രൂപാന്തരീകരണത്തെക്കുറിച്ചുള്ള ദർശനം ക്രിസ്തു രാജ്യാധികാരത്തിലും മഹത്ത്വത്തിലും വരുന്നതിന്റെയും അവസാനം മനുഷ്യവർഗത്തെ ന്യായംവിധിക്കാൻ വരുന്നതിന്റെയും മുൻവീക്ഷണമായിരുന്നു. രൂപാന്തരീകരണത്തിനു 30-ലധികം വർഷത്തിനുശേഷം, പത്രൊസ് എഴുതി: ‘ഞങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ശക്തിയും പ്രത്യക്ഷതയും നിങ്ങളോടു അറിയിച്ചതു നിർമ്മിതകഥകളെ പ്രമാണിച്ചിട്ടല്ല, അവന്റെ മഹിമ കണ്ട സാക്ഷികളായിത്തീർന്നിട്ടത്രേ. “ഇവൻ എന്റെ പ്രിയപുത്രൻ; ഇവങ്കൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നുള്ള ശബ്ദം അതി ശ്രേഷ്ഠതേജസ്സിങ്കൽ നിന്നു വന്നപ്പോൾ പിതാവായ ദൈവത്താൽ അവന്നു മാനവും തേജസ്സും ലഭിച്ചു. ഞങ്ങൾ അവനോടുകൂടെ വിശുദ്ധപർവ്വതത്തിൽ ഇരിക്കുമ്പോൾ സ്വർഗ്ഗത്തിൽനിന്നും ഈ ശബ്ദം ഉണ്ടായതു കേട്ടു.’—2 പത്രൊസ് 1:16-18; 1 പത്രൊസ് 4:17.
6. രൂപാന്തരീകരണത്തിനുശേഷം എന്തു സംഭവവികാസങ്ങൾ അരങ്ങേറി?
6 ആ മൂന്ന് അപ്പോസ്തലന്മാർ കണ്ട സംഗതിയാൽ ഇന്ന് നമ്മുടെ വിശ്വാസവും ബലിഷ്ഠമാക്കപ്പെടുന്നുണ്ട്. തീർച്ചയായും, പൊ.യു. 32 മുതൽ സംഭവങ്ങൾ ക്രമാനുഗതമായി അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. പിറ്റേ വർഷം, മരിച്ച് പുനരുത്ഥാനം പ്രാപിച്ച യേശു പിതാവിന്റെ വലത്തു ഭാഗത്തേക്ക് ആരോഹണം ചെയ്തു. (പ്രവൃത്തികൾ 2:29-36) ആ വർഷത്തിലെ പെന്തക്കോസ്തു നാളിൽ, “ദൈവത്തിന്റെ” പുതിയ “യിസ്രായേൽ” സ്ഥാപിതമായി. അതോടെ യെരൂശലേമിൽ തുടങ്ങി പിന്നീട് ഭൂമിയുടെ അറ്റങ്ങളോളം വ്യാപിച്ച പ്രസംഗവേലയും ആരംഭിച്ചു. (ഗലാത്യർ 6:16; പ്രവൃത്തികൾ 1:8) ഏതാണ്ട് ഉടനെതന്നെ യേശുവിന്റെ അനുഗാമികളുടെ വിശ്വാസം പരിശോധിക്കപ്പെട്ടു. പ്രസംഗം നിറുത്താൻ വിസമ്മതിച്ചതിനാൽ അപ്പോസ്തലന്മാർ അറസ്റ്റുചെയ്യപ്പെടുകയും കഠിനമായി മർദിക്കപ്പെടുകയും ചെയ്തു. താമസിയാതെ സ്തെഫാനൊസ് വധിക്കപ്പെട്ടു. പിന്നെ, രൂപാന്തരീകരണത്തിനു സാക്ഷ്യംവഹിച്ച യാക്കോബും വധിക്കപ്പെട്ടു. (പ്രവൃത്തികൾ 5:17-40; 6:8–7:60; 12:1, 2) എന്നിരുന്നാലും, പത്രൊസും യോഹന്നാനും പിന്നെയും അനേകം വർഷം ജീവിച്ചിരുന്ന് യഹോവയെ വിശ്വസ്തതയോടെ സേവിച്ചു. വാസ്തവത്തിൽ, പൊ.യു. ഒന്നാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും, യേശുവിന്റെ സ്വർഗീയ മഹത്ത്വത്തിന്റെ ദർശനപരമായ കൂടുതൽ ഒളിമിന്നലുകൾ യോഹന്നാൻ രേഖപ്പെടുത്തി.—വെളിപ്പാടു 1:12-20; 14:14; 19:11-16.
7. (എ) രൂപാന്തരീകരണ ദർശനത്തിന്റെ നിവൃത്തി ആരംഭിച്ചത് എന്നുമുതൽ? (ബി) ഓരോരുത്തരുടെ പ്രവൃത്തിക്കനുസരിച്ചു യേശു ചിലർക്കു പ്രതിഫലം കൊടുത്തതെപ്പോൾ?
7 യോഹന്നാൻ കണ്ട ദർശനങ്ങളിൽ അനേകവും 1914-ൽ “കർത്താവിന്റെ ദിവസം” ആരംഭിച്ചതുമുതൽ നിവൃത്തിയേറിയിരിക്കുന്നു. (വെളിപ്പാടു 1:10, NW) രൂപാന്തരീകരണം മുൻനിഴലാക്കിയതുപോലെ യേശു ‘തന്റെ പിതാവിന്റെ മഹത്വത്തിൽ വരുന്ന’തിന്റെ കാര്യമോ? 1914-ൽ ദൈവരാജ്യത്തിന്റെ പിറവിയോടെ ഈ ദർശനത്തിനു നിവൃത്തിയുണ്ടാകാൻ തുടങ്ങി. ഉദയനക്ഷത്രത്തെപ്പോലെ, യേശു പുതുതായി സിംഹാസനസ്ഥനായ രാജാവെന്ന നിലയിൽ അഖിലാണ്ഡ രംഗത്ത് ഉയർന്നപ്പോൾ, പ്രതീകാത്മകമായി പറഞ്ഞാൽ പുതിയൊരു ദിവസത്തിന്റെ പ്രഭാതമായിരുന്നു അത്. (2 പത്രൊസ് 1:19; വെളിപ്പാടു 11:15; 22:16) ആ സമയത്ത് യേശു ചിലർക്ക് അവരുടെ പ്രവൃത്തിക്കൊത്തവിധം പ്രതിഫലം കൊടുത്തുവോ? ഉവ്വ്. അതിനുശേഷം അധികം താമസിയാതെ, അഭിഷിക്ത ക്രിസ്ത്യാനികളുടെ സ്വർഗീയ പുനരുത്ഥാനം നടന്നുവെന്നതിനു ശക്തമായ തെളിവുണ്ട്.—2 തിമൊഥെയൊസ് 4:8; വെളിപ്പാടു 14:13.
8. ഏതു സംഭവങ്ങൾ രൂപാന്തരീകരണ ദർശനത്തിന്റെ നിവൃത്തിയുടെ പാരമ്യം കുറിക്കും?
8 എന്നിരുന്നാലും, മുഴുമനുഷ്യവർഗത്തെയും ന്യായംവിധിക്കാൻ യേശു “തന്റെ തേജസ്സോടെ സകലവിശുദ്ധദൂതൻമാരുമായി” വരും. (മത്തായി 25:31) ആ സമയത്ത്, അവൻ തന്റെ സകല മഹിമയിലും തന്നെത്തന്നെ വെളിപ്പെടുത്തി “ഓരോരുത്തന്നും” അവനവന്റെ പ്രവൃത്തിക്കനുസരിച്ചു പകരം ചെയ്യും. ചെമ്മരിയാടു തുല്യരായവർ തങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യത്തിൽ നിത്യജീവൻ അവകാശമാക്കും, കോലാടു തുല്യരായവർ “നിത്യച്ഛേദന”ത്തിലേക്കു പോകും. രൂപാന്തരീകരണ ദർശനത്തിന്റെ നിവൃത്തിക്ക് എത്ര മഹത്തായ പാരമ്യം!—മത്തായി 25:34, 41, 46, NW; മർക്കൊസ് 8:38; 2 തെസ്സലൊനീക്യർ 1:6-10.
യേശുവിന്റെ മഹത്ത്വീകരിക്കപ്പെട്ട സഹകാരികൾ
9. രൂപാന്തരീകരണ ദർശനത്തിന്റെ നിവൃത്തിയിൽ യേശുവിനോടൊപ്പം മോശയെയും ഏലീയാവിനെയും നാം പ്രതീക്ഷിക്കണമോ? വിശദീകരിക്കുക.
9 രൂപാന്തരീകരണത്തിൽ യേശു തനിച്ചല്ലായിരുന്നു. അവനോടൊപ്പം മോശയും ഏലീയാവും കാണപ്പെട്ടു. (മത്തായി 17:2, 3) അവർ അക്ഷരീയമായി സന്നിഹിതരായിരുന്നോ? ഇല്ല, ദീർഘനാൾമുമ്പു മരിച്ച് പൊടിയിൽ നിദ്രപ്രാപിച്ച അവർക്കിനി ലഭിക്കാനുള്ളതു പുനരുത്ഥാനമാണ്. (സഭാപ്രസംഗി 9:5, 10; എബ്രായർ 11:35) യേശു സ്വർഗീയ മഹത്ത്വത്തിൽ വരുമ്പോൾ അവനോടൊപ്പം അവരും പ്രത്യക്ഷപ്പെടുമോ? ഇല്ല, കാരണം മോശയും ഏലീയാവും ജീവിച്ചിരുന്നത് മനുഷ്യർക്കു സ്വർഗീയ പ്രത്യാശ തുറന്നുകിട്ടുന്നതിനുമുമ്പായിരുന്നു. “നീതിമാന്മാരുടെ” ഭൗമിക “പുനരുത്ഥാന”മായിരിക്കും അവർക്കു ലഭിക്കുക. (പ്രവൃത്തികൾ 24:15) അതുകൊണ്ട്, രൂപാന്തരീകരണ ദർശനത്തിലെ അവരുടെ പ്രത്യക്ഷത പ്രതീകാത്മകമാണ്. ഏതു വിധത്തിൽ?
10, 11. ഏലീയാവും മോശയും വ്യത്യസ്ത പശ്ചാത്തലങ്ങളിൽ ആരെ ചിത്രീകരിക്കുന്നു?
10 മറ്റു പശ്ചാത്തലങ്ങളിൽ, മോശയും ഏലീയാവും പ്രാവചനിക വ്യക്തികളാണ്. നിയമ ഉടമ്പടിയുടെ മധ്യസ്ഥനെന്ന നിലയിൽ, മോശ പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായ യേശുവിനെ മുൻനിഴലാക്കി. (ആവർത്തനപുസ്തകം 18:18; ഗലാത്യർ 3:19; എബ്രായർ 8:6) ഏലീയാവാകട്ടെ, മിശിഹായുടെ മുന്നോടിയായ സ്നാപക യോഹന്നാനെയും മുൻനിഴലാക്കി. (മത്തായി 17:11-13) കൂടാതെ, വെളിപ്പാടു 11-ാം അധ്യായത്തിന്റെ സന്ദർഭമാണെങ്കിൽ, മോശയും ഏലീയാവും അന്ത്യകാലത്തെ അഭിഷിക്ത ശേഷിപ്പിനെ മുൻനിഴലാക്കുന്നു. അതു നമുക്കെങ്ങനെ അറിയാം?
11 നമുക്കു വെളിപ്പാടു 11:1-6-ലേക്കു തിരിയാം. 3-ാം വാക്യത്തിൽ നാമിങ്ങനെ വായിക്കുന്നു: “അന്നു ഞാൻ എന്റെ രണ്ടു സാക്ഷികൾക്കും വരം നല്കും; അവർ രട്ടു ഉടുത്തുംകൊണ്ടു ആയിരത്തിരുനൂറററുപതു ദിവസം പ്രവചിക്കും.” ഈ പ്രവചനം ഒന്നാം ലോകമഹായുദ്ധകാലത്ത് അഭിഷിക്ത ക്രിസ്ത്യാനികളുടെ ശേഷിപ്പിന്മേൽ നിവൃത്തിയേറി.a എന്തുകൊണ്ട് രണ്ടു സാക്ഷികൾ? എന്തെന്നാൽ ആത്മീയമായ വിധത്തിൽ മോശയും ഏലീയാവും ചെയ്ത വേലയോടു സാമ്യമുള്ള വേലയാണ് അഭിഷിക്ത ശേഷിപ്പു നിവർത്തിക്കുന്നത്. 5-ഉം 6-ഉം വാക്യങ്ങൾ ഇങ്ങനെ പറയുന്നു: “ആരെങ്കിലും [രണ്ടു സാക്ഷികൾക്കു] ദോഷം ചെയ്വാൻ ഇച്ഛിച്ചാൽ അവരുടെ വായിൽനിന്നു തീ പുറപ്പെട്ടു അവരുടെ ശത്രുക്കളെ ദഹിപ്പിച്ചുകളയും; അവർക്കു ദോഷം വരുത്തുവാൻ ഇച്ഛിക്കുന്നവൻ ഇങ്ങനെ മരിക്കേണ്ടിവരും. അവരുടെ പ്രവചനകാലത്തു മഴപെയ്യാതവണ്ണം ആകാശം അടെച്ചുകളവാൻ അവർക്കു അധികാരം ഉണ്ടു. വെള്ളത്തെ രക്തമാക്കുവാനും ഇച്ഛിക്കുമ്പോഴൊക്കെയും സകലബാധകൊണ്ടും ഭൂമിയെ ദണ്ഡിപ്പിപ്പാനും അധികാരം ഉണ്ടു.” അങ്ങനെ, അതു നമ്മെ ഏലീയാവും മോശയും പ്രവർത്തിച്ച അത്ഭുതങ്ങളെ അനുസ്മരിപ്പിക്കുന്നു.—സംഖ്യാപുസ്തകം 16:31-34; 1 രാജാക്കന്മാർ 17:1; 2 രാജാക്കന്മാർ 1:9-12.
12. രൂപാന്തരീകരണത്തിന്റെ പശ്ചാത്തലത്തിൽ, മോശയും ഏലീയാവും ആരെ ചിത്രീകരിക്കുന്നു?
12 അപ്പോൾ, രൂപാന്തരീകരണ പശ്ചാത്തലത്തിൽ മോശയും ഏലീയാവും ആരെ മുൻനിഴലാക്കുന്നു? അവർ യേശുവിനോടൊപ്പം “തേജസ്സിൽ” പ്രത്യക്ഷരായി എന്നു ലൂക്കൊസ് പറയുന്നു. (ലൂക്കൊസ് 9:31) വ്യക്തമായും, അവർ യേശുവിനോടൊപ്പം “കൂട്ടവകാശികളാ”യി പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടുകയും അതുകൊണ്ടുതന്നെ അവനോടുകൂടെ “തേജസ്കരിക്കപ്പെടു”ന്നതിനുള്ള അത്ഭുതകരമായ പ്രത്യാശ ലഭിക്കുകയും ചെയ്ത ക്രിസ്ത്യാനികളെ മുൻനിഴലാക്കുന്നു. (റോമർ 8:17) “ഓരോരുത്തന്നും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കാ”ൻ യേശു തന്റെ പിതാവിന്റെ മഹത്ത്വത്തിൽ വരുമ്പോൾ പുനരുത്ഥാനം പ്രാപിച്ച അഭിഷിക്തർ അവനോടൊപ്പം ഉണ്ടായിരിക്കും.—മത്തായി 16:27.
മോശയെയും ഏലീയാവിനെയുംപോലെയുള്ള സാക്ഷികൾ
13. യേശുവിനോടൊപ്പം മഹത്ത്വീകരിക്കപ്പെടുന്ന അവന്റെ അഭിഷിക്ത കൂട്ടവകാശികളുടെ ഉചിതമായ പ്രാവചനിക മാതൃകകളെന്ന നിലയിൽ മോശയ്ക്കും ഏലീയാവിനുമുള്ള സവിശേഷതകളെന്ത്?
13 മോശയെയും ഏലീയാവിനെയും യേശുവിന്റെ അഭിഷിക്ത കൂട്ടാവകാശികളുടെ ഉചിതമായ പ്രാവചനിക മാതൃകകളായി തിരിച്ചറിയിക്കുന്ന ശ്രദ്ധേയമായ സവിശേഷതകളുണ്ട്. മോശയും ഏലീയാവും വർഷങ്ങളോളം യഹോവയുടെ വക്താക്കളായി സേവിച്ചു. രണ്ടു പേരും ഭരണാധിപന്മാരുടെ കോപത്തിനു പാത്രമായി. അത്യാവശ്യ നേരത്ത്, ഓരോരുത്തരെയും വിദേശ കുടുംബം പിന്തുണച്ചു. രണ്ടു പേരും രാജാക്കന്മാരോടു ധൈര്യസമേതം പ്രവചിക്കുകയും വ്യാജപ്രവാചകന്മാർക്കെതിരെ ഉറച്ചുനിലകൊള്ളുകയും ചെയ്തു. മോശയും ഏലീയാവും സീനായ് മലയിൽ (ഹോരേബ് എന്നും വിളിക്കപ്പെടുന്നു) യഹോവയുടെ ശക്തിപ്രകടനങ്ങൾ കാണുകയുണ്ടായി. രണ്ടു പേരും യോർദാന്റെ കിഴക്കുവശത്തുവെച്ചു പിൻഗാമികളെ നിയമിച്ചു. യേശുവിന്റെ ആയുഷ്കാലത്തു സംഭവിച്ചവയൊഴിച്ചാൽ ഏറ്റവും കൂടുതൽ അത്ഭുതങ്ങൾ മോശയുടെയും (യോശുവ കൂടെയുണ്ടായിരുന്നപ്പോൾ) ഏലീയാവിന്റെയും (എലീശാ കൂടെയുണ്ടായിരുന്നപ്പോൾ) നാളുകളിലാണു നടന്നത്.b
14. മോശയെയും ഏലീയാവിനെയുംപോലെ അഭിഷിക്തർ യഹോവയുടെ വക്താവായി സേവിച്ചിരിക്കുന്നതെങ്ങനെ?
14 അതെല്ലാം നമ്മെ ദൈവത്തിന്റെ ഇസ്രായേലിനെക്കുറിച്ച് ഓർമിപ്പിക്കുന്നില്ലേ? തീർച്ചയായും ഉവ്വ്. യേശു തന്റെ വിശ്വസ്ത അനുഗാമികളോടു പറഞ്ഞു: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു എന്നു അരുളിച്ചെയ്തു.” (മത്തായി 28:19, 20) ഈ വാക്കുകൾ അനുസരിച്ചുകൊണ്ട്, പൊ.യു. 33-ലെ പെന്തക്കോസ്തുമുതൽ ഇന്നുവരെയും അഭിഷിക്ത ക്രിസ്ത്യാനികൾ യഹോവയുടെ വക്താവായി സേവിച്ചിരിക്കുന്നു. മോശയെയും ഏലീയാവിനെയും പോലെ, അവർ ഭരണാധിപന്മാരുടെ കോപത്തിനു പാത്രമാകുകയും അവരോടു സാക്ഷീകരിക്കുകയും ചെയ്തിരിക്കുന്നു. യേശു തന്റെ 12 അപ്പോസ്തലന്മാരോടു പറഞ്ഞു: “എന്റെ നിമിത്തം [നിങ്ങളെ] നാടുവാഴികൾക്കും രാജാക്കൻമാർക്കുംമുമ്പിൽ കൊണ്ടുപോകയും ചെയ്യും; അതു അവർക്കും ജാതികൾക്കും ഒരു സാക്ഷ്യം ആയിരിക്കും.” (മത്തായി 10:18) ക്രിസ്തീയ സഭയുടെ ചരിത്രത്തിലുടനീളം അവന്റെ ഈ വാക്കുകൾ ആവർത്തിച്ചു നിറവേറിയിട്ടുണ്ട്.—പ്രവൃത്തികൾ 25:6, 11, 12, 24-27; 26:3.
15, 16. അഭിഷിക്തരെ ഒരു വശത്തും മോശയെയും ഏലീയാവിനെയും മറ്റൊരു വശത്തും നിറുത്തിയാൽ എന്തു സാമ്യങ്ങൾ കാണാം, (എ) സത്യത്തിനുവേണ്ടി ധീരമായി നിലകൊള്ളുന്നതിൽ? (ബി) ഇസ്രായേല്യരല്ലാത്തവരിൽനിന്നു സഹായം സ്വീകരിക്കുന്നതിൽ?
15 കൂടാതെ, മതപരമായ വ്യാജങ്ങൾക്കെതിരെ സത്യത്തിനുവേണ്ടി നിലകൊള്ളുന്നതിൽ മോശയെയും ഏലീയാവിനെയുംപോലെ അഭിഷിക്ത ക്രിസ്ത്യാനികൾ നിർഭയരാണ്. പൗലൊസ് യഹൂദ കള്ളപ്രവാചകനായ ബർയേശുവിനെ പരസ്യമായി കുറ്റപ്പെടുത്തിയതും അതേസമയം അഥേനക്കാരുടെ ദൈവങ്ങൾ വ്യാജമാണെന്നു നയപരമായ ദൃഢതയോടെ തുറന്നുകാട്ടിയതും എങ്ങനെയെന്ന് അനുസ്മരിക്കുക. (പ്രവൃത്തികൾ 13:6-12; 17:16, 22-31) ആധുനിക നാളിൽ അഭിഷിക്തശേഷിപ്പ് ക്രൈസ്തവലോകത്തെ ധീരമായി തുറന്നുകാട്ടിയിരിക്കുന്നുവെന്നും അത്തരം സാക്ഷീകരണം അവളുടെ സ്വൈര്യം കെടുത്തിയിരിക്കുന്നുവെന്നും ഓർക്കുക.—വെളിപ്പാടു 8:7-12.c
16 ഫറവോന്റെ ക്രോധത്തിൽനിന്ന് മോശ ഓടിയകന്നപ്പോൾ, യിത്രോ എന്നും പേരുള്ള രെയൂവേൽ എന്ന ഇസ്രായേല്യനല്ലാത്തയാളുടെ ഭവനത്തിൽ അവന് അഭയം ലഭിച്ചു. പിന്നീട് ഒരവസരത്തിൽ, മോശയ്ക്കു രെയൂവേലിൽനിന്നു സംഘാടനം സംബന്ധിച്ച മൂല്യവത്തായ നിർദേശങ്ങൾ ലഭിച്ചു. അവന്റെ പുത്രനായിരുന്ന ഹോബാബ് ഇസ്രായേലിനെ മരുഭൂമിയിൽ നയിക്കുകയുണ്ടായി.d (പുറപ്പാടു 2:15-22; 18:5-27; സംഖ്യാപുസ്തകം 10:29) അതുപോലെ ദൈവത്തിന്റെ ഇസ്രായേലിൽ അംഗങ്ങളല്ലാത്ത വ്യക്തികൾ ദൈവത്തിന്റെ ഇസ്രായേലിന്റെ ഭാഗമായിരിക്കുന്നവരെ സഹായിച്ചിട്ടുണ്ടോ? ഉവ്വ്, “വേറെ ആടുക”ളുടെ “മഹാപുരുഷാരം”—ഈ അവസാന നാളുകളിൽ രംഗത്തേക്കുവന്നവർ—അവരെ പിന്തുണച്ചിട്ടുണ്ട്. (വെളിപ്പാടു 7:9; യോഹന്നാൻ 10:16; യെശയ്യാവു 61:5) ഈ “ചെമ്മരിയാടുകൾ” തന്റെ അഭിഷിക്ത സഹോദരന്മാർക്കു നൽകുന്ന ഊഷ്മളവും സ്നേഹപുരസ്സരവുമായ പിന്തുണയെക്കുറിച്ചു മുൻകൂട്ടിപ്പറഞ്ഞുകൊണ്ട് യേശു അവരോടു പ്രാവചനികമായി പറഞ്ഞു: “എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു; ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാൺമാൻ വന്നു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു. . . എന്റെ ഈ ഏററവും ചെറിയ സഹോദരൻമാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”—മത്തായി 25:35-40.
17. ഹോരേബ് പർവതത്തിൽ ഏലീയാവിന് ഉണ്ടായതിനോടു സമാനമായ എന്ത് അനുഭവം അഭിഷിക്തർക്കുമുണ്ടായി?
17 മാത്രവുമല്ല, ഹോരേബ് പർവതത്തിൽ ഏലീയാവിന് ഉണ്ടായതുപോലൊരു അനുഭവം ദൈവത്തിന്റെ ഇസ്രായേലിനും ഉണ്ടായി.e ഇസബേൽ രാജ്ഞിയിൽനിന്ന് ഓടിയകലും നേരത്തെ ഏലീയാവിനെപ്പോലെ, ചകിതരായ അഭിഷിക്തശേഷിപ്പും ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ തങ്ങളുടെ വേല പൂർത്തിയായെന്നു വിചാരിച്ചു. പിന്നെ, “ദൈവഗൃഹ”മെന്ന് അവകാശപ്പെട്ടിരുന്ന സ്ഥാപനങ്ങളെ ന്യായംവിധിക്കാനെത്തിയ യഹോവയെ, ഏലീയാവിന്റെ കാര്യത്തിലെന്നപോലെ, അവർക്കും നേരിടേണ്ടിവന്നു. (1 പത്രൊസ് 4:17; മലാഖി 3:1-3) ക്രൈസ്തവലോകത്തെ കുറവുള്ളതായി കണ്ടതിനാൽ, അഭിഷിക്തശേഷിപ്പിനെ “വിശ്വസ്തനും വിവേകിയുമായ അടിമ”യായി അംഗീകരിക്കുകയും അവർക്കു യേശുവിന്റെ ഭൗമിക സമ്പത്തിന്മേൽ മേൽനോട്ടം ലഭിക്കുകയും ചെയ്തു. (മത്തായി 24:45-47, NW) ഹോരേബിൽ, ഏലീയാവ് “ശാന്തമായ ഒരു പതിഞ്ഞ സ്വരം” കേൾക്കുകയുണ്ടായി. യഹോവയുടേതായിരുന്ന ആ സ്വരം അവനോടു പിന്നെയും ചെയ്യാനുള്ള വേലയെക്കുറിച്ചു പറഞ്ഞു. യുദ്ധാനന്തര സമാധാനഘട്ടത്തിൽ, ബൈബിളിന്റെ പേജുകളിൽനിന്ന് അവന്റെ സ്വരം ശ്രവിച്ച യഹോവയുടെ വിശ്വസ്ത അഭിഷിക്ത ദാസന്മാരും തങ്ങൾക്കൊരു നിയോഗം പൂർത്തിയാക്കാനുണ്ടെന്ന് ഗ്രഹിച്ചു.—1 രാജാക്കന്മാർ 19:4, 9-18, NW; വെളിപ്പാടു 11:7-13.
18. ദൈവത്തിന്റെ ഇസ്രായേലിലൂടെ യഹോവയുടെ ശക്തിയുടെ മികച്ച പ്രകടനങ്ങൾ നടന്നിരിക്കുന്നതെങ്ങനെ?
18 അവസാനമായി, ദൈവത്തിന്റെ ഇസ്രായേലിലൂടെ യഹോവയുടെ ശക്തിയുടെ മികച്ച പ്രകടനം നടന്നിട്ടുണ്ടോ? യേശുവിന്റെ മരണശേഷം, അപ്പോസ്തലന്മാർ അനേകം അത്ഭുതങ്ങൾ പ്രവർത്തിച്ചെങ്കിലും കാലക്രമേണ അവ നിലച്ചു. (1 കൊരിന്ത്യർ 13:8-13) ഈ നാളുകളിൽ, നാം ഭൗതിക അർഥത്തിൽ അത്ഭുതങ്ങൾ കാണുന്നില്ല. നേരേമറിച്ച്, യേശു തന്റെ അനുഗാമികളോടു പറഞ്ഞു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും; ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതുകൊണ്ടു അതിൽ വലിയതും അവൻ ചെയ്യും.” (യോഹന്നാൻ 14:12) ഒന്നാം നൂറ്റാണ്ടിൽ റോമാ സാമ്രാജ്യത്തിലുടനീളം യേശുവിന്റെ ശിഷ്യന്മാർ സുവാർത്ത പ്രസംഗിച്ചപ്പോൾ അതിന് ഒരു പ്രാരംഭ നിവൃത്തിയുണ്ടായി. (റോമർ 10:18) ഇന്ന്, രാജ്യത്തിന്റെ സുവിശേഷം “സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും” പ്രസംഗിക്കുന്ന വേലയ്ക്ക് അഭിഷിക്തശേഷിപ്പു ചുക്കാൻപിടിച്ച് അതു വലിയ അളവിൽ നിർവഹിച്ചിരിക്കുകയാണ്. (മത്തായി 24:14) ഫലമോ? യഹോവയുടെ സമർപ്പിതരും വിശ്വസ്തരുമായ ദാസന്മാരെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കൂട്ടിവരുത്തിയിരിക്കുന്നതിന് 20-ാം നൂറ്റാണ്ട് സാക്ഷ്യംവഹിച്ചിരിക്കുന്നു. (വെളിപ്പാടു 5:9, 10; 7:9, 10) യഹോവയുടെ ശക്തിയുടെ എത്ര മഹനീയമായ തെളിവ്!—യെശയ്യാവു 60:22.
യേശുവിന്റെ സഹോദരന്മാർ മഹത്ത്വത്തിൽ വരുന്നു
19. യേശുവിനോടൊപ്പം അഭിഷിക്ത സഹോദരന്മാരും മഹത്ത്വത്തിലായിരിക്കുന്നതായി കാണപ്പെടുന്നതെപ്പോൾ?
19 യേശുവിന്റെ അഭിഷിക്ത സഹോദരന്മാരുടെ ശേഷിപ്പിന്റെ ഭൗമിക ഗതി അവസാനിക്കുമ്പോൾ, അവർ അവനോടുകൂടെ മഹത്ത്വീകരിക്കപ്പെടും. (റോമർ 2:6, 7; 1 കൊരിന്ത്യർ 15:53; 1 തെസ്സലൊനീക്യർ 4:14, 17) അങ്ങനെ അവർ സ്വർഗീയരാജ്യത്തിൽ അമർത്ത്യ രാജാക്കന്മാരും പുരോഹിതന്മാരും ആയിത്തീരുന്നു. അപ്പോൾ അവർ യേശുവിനോടൊപ്പം “ഇരിമ്പുകോൽകൊണ്ടു [ആളുകളെ] മേയിക്കും; അവർ കുശവന്റെ പാത്രങ്ങൾപോലെ നുറുങ്ങിപ്പോകും.” (വെളിപ്പാടു 2:27; 20:4-6; സങ്കീർത്തനം 110:2, 5, 6) യേശുവിനോടൊപ്പം അവരും സിംഹാസനത്തിൽ ഇരുന്ന് “യിസ്രായേൽഗോത്രം പന്ത്രണ്ടി”നെയും ന്യായം വിധിക്കും. (മത്തായി 19:28) ഞരങ്ങിക്കൊണ്ടിരിക്കുന്ന സൃഷ്ടി “ദൈവപുത്രന്മാരുടെ വെളിപ്പാടി”ന്റെ ഭാഗമായ ഈ സംഭവങ്ങൾക്കായി ആകാംക്ഷാപൂർവം നോക്കിപ്പാർത്തിരുന്നിട്ടുണ്ട്.—റോമർ 8:19-21; 2 തെസ്സലൊനീക്യർ 1:6-8.
20. (എ) ഏതു പ്രതീക്ഷ സംബന്ധിച്ച് രൂപാന്തരീകരണം പത്രൊസിന്റെ വിശ്വാസത്തിനു കരുത്തേകി? (ബി) രൂപാന്തരീകരണം ഇന്നു ക്രിസ്ത്യാനികൾക്കു കരുത്തേകുന്നതെങ്ങനെ?
20 “മഹോപദ്രവ”കാലത്ത് യേശു വെളിപ്പെടുമെന്നതിനെക്കുറിച്ച് പൗലൊസ് പറഞ്ഞു. കാരണം അവൻ ഇങ്ങനെ എഴുതി: ‘അവൻ തന്റെ വിശുദ്ധന്മാരിൽ മഹത്വപ്പെടേണ്ടതിന്നും ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ വിശ്വസിച്ചതുപോലെ വിശ്വസിച്ച എല്ലാവരിലും താൻ അതിശയവിഷയം ആകേണ്ടതിന്നും വരും.’ (മത്തായി 24:21, NW; 2 തെസ്സലൊനീക്യർ 1:9) പത്രൊസ്, യാക്കോബ്, യോഹന്നാൻ എന്നിവരെയും മുഴു ആത്മാഭിഷിക്ത ക്രിസ്ത്യാനികളെയും സംബന്ധിച്ചിടത്തോളം അത് എത്ര വിശിഷ്ടമായ പ്രതീക്ഷയാണ്! രൂപാന്തരീകരണം പത്രൊസിന്റെ വിശ്വാസത്തിനു കരുത്തേകി. തീർച്ചയായും, അതിനെക്കുറിച്ചു വായിക്കുന്നതു നമ്മുടെ വിശ്വാസത്തിനും കരുത്തേകും. കൂടാതെ യേശു “ഓരോരുത്തന്നും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കു”മെന്ന നമ്മുടെ ഉറപ്പിന് അത് ആക്കംകൂട്ടുകയും ചെയ്യും. ഇന്നോളം അതിജീവിച്ചിരിക്കുന്ന വിശ്വസ്തരായ അഭിഷിക്ത ക്രിസ്ത്യാനികൾക്കു തങ്ങൾ ക്രിസ്തുവിനോടൊപ്പം മഹത്ത്വീകരിക്കപ്പെടുമെന്ന ഉറപ്പ് വർധിച്ചിട്ടേയുള്ളൂ. ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യത്തിൽനിന്നു തങ്ങൾ മഹത്ത്വമേറിയ ഒരു പുതിയ ലോകത്തിലേക്ക് അതിജീവിക്കുമെന്ന അറിവിനാൽ വേറെ ആടുകളുടെ വിശ്വാസവും ബലിഷ്ഠമാക്കപ്പെട്ടിട്ടുണ്ട്. (വെളിപ്പാടു 7:14) അവസാനംവരെ ഉറച്ചുനിൽക്കുന്നതിന് എന്തൊരു പ്രോത്സാഹനം! ഇനിയും മറ്റനേകം സംഗതികൾ നമുക്ക് ഈ ദർശനത്തിൽനിന്നു പഠിക്കാനുണ്ട്. നമുക്കത് അടുത്ത ലേഖനത്തിൽ പരിചിന്തിക്കാം.
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച “നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ” (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ 313-14 പേജുകളും വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകത്തിന്റെ 164-5 പേജുകളും കാണുക.
b പുറപ്പാടു 2:15-22; 3:1-6; 5:2; 7:8-13; 8:18; 19:16-19; ആവർത്തനപുസ്തകം 31:23; 1 രാജാക്കന്മാർ 17:8-16; 18:21-40; 19:1, 2, 8-18; 2 രാജാക്കന്മാർ 2:1-14.
c വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകത്തിന്റെ 133-41 പേജുകൾ കാണുക.
d വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച അർമഗെദോനെ അതിജീവിച്ച് നിങ്ങൾ ദൈവത്തിന്റെ പുതിയ ലോകത്തിലേക്കു പ്രവേശിച്ചേക്കാം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ 281-3 പേജുകൾ കാണുക.
e “നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ,” പേജുകൾ 317-20 കാണുക.
നിങ്ങൾ ഓർമിക്കുന്നുവോ?
□ രൂപാന്തരീകരണത്തിൽ യേശുവിനോടൊപ്പം ആരെല്ലാം പ്രത്യക്ഷപ്പെട്ടു?
□ രൂപാന്തരീകരണം അപ്പോസ്തലന്മാരുടെ വിശ്വാസത്തിനു കരുത്തേകിയതെങ്ങനെ?
□ രൂപാന്തരീകരണത്തിൽ മോശയും ഏലീയാവും യേശുവിനോടൊപ്പം “മഹത്വത്തിൽ” പ്രത്യക്ഷപ്പെട്ടപ്പോൾ, അവർ ആരെ പ്രതിനിധാനം ചെയ്തു?
□ അഭിഷിക്തരെ ഒരു വശത്തും മോശയെയും ഏലീയാവിനെയും മറ്റൊരു വശത്തും നിറുത്തിയാൽ എന്തു സാമ്യങ്ങൾ കാണാം?
[10-ാം പേജിലെ ചിത്രം]
കഴിഞ്ഞകാലത്തും ഇക്കാലത്തും രൂപാന്തരീകരണം ക്രിസ്ത്യാനികളുടെ വിശ്വാസത്തിനു കരുത്തേകിയിരിക്കുന്നു