നിർമ്മലത പാലിച്ചുകൊണ്ട് യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുക!
“നാം ജീവിച്ചാലും നാം മരിച്ചാലും നാം യഹോവയ്ക്കുള്ളവരാണ്.—റോമർ 14:8.
1, 2. (എ) യഹോവയുടെ സാക്ഷികൾ ദൈവത്തോടുള്ള തങ്ങളുടെ നിർമ്മലത പാലിക്കാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നതെന്തുകൊണ്ട്? (ബി) എന്നാൽ ഏതു ചോദ്യങ്ങൾ ഉദിക്കുന്നു?
അപ്പോസ്തലനായ പൗലോസിന്റെ ആ വാക്കുകൾ 20-ാം നൂററാണ്ടിലെ യഥാർത്ഥ നിർമ്മലതാപാലകരുടെ വികാരങ്ങളെ എത്ര നന്നായി പ്രകടമാക്കുന്നു! ജീവിച്ചിരിക്കുന്നതിനും ഇപ്പോഴത്തെ ദുഷ്ട വ്യവസ്ഥിതി നമ്മുടെ കൺമുമ്പിൽതന്നെ തകർന്നു വീഴുന്നതു കാണുന്നതിനും നമുക്കു പദവി ലഭിക്കുകയാണെങ്കിൽ നാം എത്ര ആനന്ദഭരിതരായിരിക്കും! എന്നാൽ നാം ദൈവസേവനത്തിൽ മരണം വരിക്കേണ്ടിയിരിക്കുന്നുവെങ്കിൽ അങ്ങനെ സംഭവിക്കട്ടെ. എങ്ങനെയായാലും നാം നമ്മുടെ ദൈവമായ യഹോവയുടെ വിശ്വസ്തദാസരായിരിക്കാൻ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്. നാം അവനോടുള്ള നിർമ്മലത പാലിക്കും. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ജീവിച്ചാലും മരിച്ചാലും നാം തീർച്ചയായും യഹോവക്കുള്ളവരാണ്!
2 എന്നാൽ നിർമ്മലതയെന്നാൽ എന്താണ്? അത് നമ്മിൽനിന്ന് എന്താവശ്യപ്പെടുന്നു? നമ്മുടെ നിർമ്മലതാപാലനം യഥാർത്ഥത്തിൽ ദൈവത്തിന് എന്തെങ്കിലും വ്യത്യസ്തത ഉളവാക്കുന്നുണ്ടോ?
നിർമ്മലതയും അതിന്റെ ആവശ്യങ്ങളും
3. ബൈബിളിനുസരിച്ച്, നിർമ്മലതാപാലനത്തിന്റെ അർത്ഥമെന്ത്?
3 ദൈവവചനത്തിൽ നിർമ്മലത ധാർമ്മിക മേൻമയേയും തികവിനെയും നിഷ്ക്കളങ്കതയേയും നിരപരാധിത്വത്തെയും സൂചിപ്പിക്കുന്നു. അതിന്റെ അർത്ഥം നീതിയോടുള്ള അചഞ്ചലമായ ഭക്തിയെന്നാണ്. യഥാർത്ഥത്തിൽ നിർമ്മലത ഒരു വ്യക്തിയോടുള്ള—യഹോവയാം ദൈവത്തോടുള്ള—അഭഞ്ജമായ ഭക്തി ആവശ്യമാക്കിത്തീർക്കുന്നു. അതെ, നിർമ്മലതാപാലനത്തിന്റെ അർത്ഥം യഹോവയുടെ പരമാധികാരഹിതം ചെയ്യുന്നതിൽ തുടരുകയെന്നാണ്.
4. ആദ്യത്തെ നിർമ്മലതാലംഘകൻ ആരായിരുന്നു, അവൻ ആദ്യ മാനുഷ ജോടിയെ എന്തു ചെയ്യാൻ പ്രേരിപ്പിച്ചു?
4 ആദ്യത്തെ നിർമ്മലതാ ലംഘകൻ ആദ്യമാനുഷജോടിയെ അവരുടെ സ്രഷ്ടാവിനെതിരെ ഒരു മത്സരഗതിയിലേക്കു നയിച്ച ആത്മജീവിയായിരുന്നു. അറിവിന്റെ വൃക്ഷം സംബന്ധിച്ച ദൈവത്തിന്റെ നിയന്ത്രണത്തെ ആദരിക്കുന്നതിനാൽ യഹോവയോടുള്ള തങ്ങളുടെ നിർമ്മലത പ്രകടമാക്കുന്നതിനുള്ള അവസരം ആദാമിനും ഹവ്വായിക്കുമുണ്ടായിരുന്നു. എന്നാൽ എതിരാളിയുടെ സ്വാർത്ഥതയിലേക്കുള്ള വശീകരണത്തിന്റെ സമ്മർദ്ദത്താൽ അവർ അനുസരണക്കേടിന് വഴിപ്പെട്ടു. അവരുടെ ഹൃദയം യഹോവയുടെ ചട്ടങ്ങൾ സംബന്ധിച്ച് നിഷ്ക്കളങ്കമെന്ന് തെളിഞ്ഞില്ല, അവർ അവനോടുള്ള നിർമ്മലത പാലിച്ചില്ല.—സങ്കീർത്തനം 119:1, 80.
5. സാത്താന്റെ മത്സരം ഏതു വിവാദപ്രശ്നം ഉന്നയിച്ചു, ഇത് നിഷ്ക്കളങ്കനായിരുന്ന ഇയ്യോബിന്റെ അനുഭവങ്ങളാൽ എങ്ങനെ തെളിയിക്കപ്പെടുന്നു?
5 സാത്താന്റെ മത്സരം, സകല സൃഷ്ടികളുടെ മേലുമുള്ള ദൈവത്തിന്റെ പരമാധികാരത്തിന്റെ ഔചിത്യത്തിന്റെ വിവാദപ്രശ്നം, അതായത് അവരുടെ പൂർണ്ണമായ അനുസരണം ആവശ്യപ്പെടാനുള്ള യഹോവയുടെ അവകാശത്തിന്റെ വിവാദപ്രശ്നം, ഉന്നയിച്ചു. അങ്ങനെ ദൈവത്തിന്റെ പരമാധികാര ഇഷ്ടത്തോടുള്ള മമനുഷ്യന്റെ നിർമ്മലതയുടെ പ്രശ്നം സാർവ്വത്രിക വിവാദപ്രശ്നത്തിന്റെ ഒരു മർമ്മപ്രധാനമായ ഭാഗമായിത്തീർന്നു. ഇതിന്റെ തെളിവ് നിഷ്ക്കളങ്കനും നേരുള്ളവനും ദൈവഭയമുള്ളവനുമായ ഒരു മനുഷ്യനായിരുന്ന ഇയ്യോബ് എന്ന യഹോവയുടെ ഒരു ദാസന്റെ സംഗതിയിൽ കാണാം. (ഇയ്യോബ് 1:1) ഇയ്യോബ് ദൈവത്തിന്റെ ശരിയായ വഴിയിൽനിന്ന് വ്യതിചലിച്ചില്ല. ലൈംഗികദുർമ്മാർഗ്ഗത്തിന് അവന്റെമേൽ സ്വാധീനമില്ലായിരുന്നു. അവൻ ഒരിക്കലും ന്യായവിധിയിൻ അന്യായം കാണിക്കുകയോ വിധവയോടോ അനാഥനോടോ ദരിദ്രനോടോ ഔദാര്യം കാട്ടാതിരിക്കുകയോ ചെയ്തില്ല. ഭൗതികധനത്തെ തന്റെ ആശ്രയമാക്കുന്നതിനു പകരം ഇയ്യോബ് അത്യുന്നതനിൽ സമ്പൂർണ്ണമായി വിശ്വസിച്ചു. (ഇയ്യോബ് 31:7-40) എന്നിട്ടും സ്വാർത്ഥകാരണങ്ങളാലാണ് ഇയ്യോബ് ദൈവത്തെ സേവിക്കുന്നതെന്ന് പിശാച് കുററപ്പെടുത്തി. ഇയ്യോബിന്റെ സ്വത്തുക്കളും അവന്റെ മക്കളെപ്പോലും ഇല്ലായ്മ ചെയ്യാൻ യഹോവ സാത്താനെ അനുവദിച്ചുവെങ്കിലും, ആ നിഷ്ക്കളങ്ക മമനുഷ്യന്റെ നിർമ്മലത തകർക്കുന്നതിൽ മഹാവഞ്ചകൻ പരാജയപ്പെട്ടു. വേദനാജനകമായ രോഗവും വ്യാജാശ്വാസകരുടെ മനം മടുപ്പിക്കുന്ന വിമർശനവും പോലും നിഷ്പ്രയോജനമായിരുന്നു, എന്തുകൊണ്ടെന്നാൽ ഇയ്യോബ് ഒരു നിർമ്മലതാപാലകനെന്നു തെളിഞ്ഞു.—ഇയ്യോബ് 1:6-2:13; 27:5, 6; 31:6; 42:8, 9.
6. “യഹോവയ്ക്കുള്ളവരിൽ”നിന്ന് എന്താവശ്യപ്പെട്ടിരിക്കുന്നു?
6 അങ്ങനെ മനുഷ്യർക്ക് ദൈവത്തിന്റെ പാവന നാമത്തെ വിശുദ്ധീകരിക്കാൻ സഹകരിക്കുന്നതിനുള്ള വിലതീരാത്ത പദവിയുണ്ട്. എങ്ങനെ? നിർമ്മലത പാലിക്കുന്നതിനാലും, തങ്ങൾ യഹോവയുടെ സാർവ്വത്രിക പരമാധികാരത്തെ വിശ്വസ്തമായി പിന്തുണക്കുന്നുവെന്ന് പ്രകടമാക്കുന്നതിനാലും. അപ്പോൾ യഹോവക്കുള്ളവരിൽനിന്ന്എന്താണാവശ്യപ്പെട്ടിരിക്കുന്നത്? നാം സമ്പൂർണ്ണഭക്തിയോടെ ദൈവത്തെ സേവിക്കണം. യഹോവ “സമ്പൂർണ്ണഭക്തി കൃത്യമായി ആവശ്യപ്പെടുന്ന ഒരു ദൈവ”മാകുന്നുവെന്ന് ഒരിക്കലും മറക്കരുത്.—പുറപ്പാട് 20:5.
നമുക്ക് യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാൻ കഴിയും
7, 8. (എ) നാം അപൂർണ്ണരായതുകൊണ്ട്, നമുക്ക് ദൈവത്തോടുള്ള നമ്മുടെ നിർമ്മലത പാലിക്കാൻ എങ്ങനെ കഴിയും? (ബി) നാം നിർമ്മലതാപാലകരാണെങ്കിൽ സദൃശവാക്യങ്ങൾ 27:11 നമുക്ക് എങ്ങനെ ബാധകമാകും?
7 നമ്മളെല്ലാം അപൂർണ്ണരായതുകൊണ്ട് ദൈവത്തിന്റെ നീതിനിഷ്ഠമായ പ്രമാണങ്ങളോട് പൂർണ്ണമായി ഒത്തുപോകാൻ നാം അപ്രാപ്തരാണ്. അതുകൊണ്ട്, നമ്മുടെ നിർമ്മലതാപാലനത്തിന് പ്രവർത്തനത്തിന്റെയോ സംസാരത്തിന്റെയോ പൂർണ്ണതയെന്നർത്ഥമില്ല. എന്നാൽ അതിന്റെയർത്ഥം ഹൃദയഭക്തിയുടെ തികവ് അഥവാ മുഴുഹൃദയത്വം എന്നാണ്. അതുകൊണ്ട്, ദാവീദ് ഗൗരവമായ പാപങ്ങൾ ചെയ്തെങ്കിലും അവൻ ‘ഹൃദയനിർമ്മലതയോടെ നടന്നു.’ (1 രാജാക്കൻമാർ 9:4) ശാസന സ്വീകരിച്ചുകൊണ്ട് അവൻ തന്റെ വഴി തിരുത്തുകയും അങ്ങനെ അവന്റെ ഹൃദയം യഹോവയോടുള്ള യഥാർത്ഥസ്നേഹത്താൽ നിറഞ്ഞിരിക്കുന്നുവെന്ന് തെളിയിക്കുകയും ചെയ്തു. (സങ്കീർത്തനം 26:1-12) നമുക്കും അങ്ങനെയുള്ള സ്നേഹം പ്രകടമാക്കാൻ കഴിയും, ‘ഹൃദയനിർമ്മലതപ്രകാരം’ പ്രവർത്തിച്ചുകൊണ്ടുതന്നെ.—സങ്കീർത്തനം 78:72.
8 നമുക്ക് യഹോവയാം ദൈവത്തിൽ അഗാധമായ വിശ്വാസമുള്ളതുകൊണ്ടും അവനിലും നമ്മെ രക്ഷിക്കാനുള്ള അവന്റെ ശക്തിയിലും നാം സമ്പൂർണ്ണമായി ആശ്രയിക്കുന്നതുകൊണ്ടും ഒരു നിർമ്മലതാപാലനഗതി സാദ്ധ്യമാണ്. (സങ്കീർത്തനം 25:21; 41:12) നിർമ്മലത പാലിക്കൽ എളുപ്പമല്ല, എന്തുകൊണ്ടെന്നാൽ പിശാചായ സാത്താൻ—യഹോവയുടെയും നമ്മുടെയും ഏററവും വലിയ ശത്രു—അവിശ്വാസികളുടെ മനസ്സിനെ കുരുടാക്കുകയാണ്, “മുഴുനിവസിത ഭൂമിയെയും വഴിതെററിക്കുകയാണ്.” (വെളിപ്പാട് 12:9; 2 കൊരിന്ത്യർ 4:4) എന്നാൽ ഇയ്യോബിനെപ്പോലെ നമുക്ക് നിർമ്മലതാപാലകരായിരിക്കാൻ കഴിയും. നാം അപൂർണ്ണരാണെങ്കിലും, അങ്ങനെ നമുക്ക് യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാൻ കഴിയും. സദൃശവാക്യങ്ങൾ 27:11 പ്രസ്താവിക്കുന്നതുപോലെ, “എന്റെ മകനെ, എന്നെ പരിഹസിക്കുന്നവന് ഞാൻ ഒരു മറുപടി കൊടുക്കേണ്ടതിന് ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുക.” യഹോവയുടെ വിശ്വസ്തദാസരെന്ന നിലയിൽ നമുക്ക് അവന്റെ പരിഹാസിയായ എതിരാളിക്കുള്ള ഒരു ഫലപ്രദമായ മറുപടി അവനു കൊടുക്കാൻ കഴിയുന്നതു സന്തോഷകരംതന്നെ. അതുകൊണ്ട് നമ്മുടെ നിർമ്മലതാപാലനം ഒരു വ്യത്യസ്തത ഉളവാക്കുകതന്നെ ചെയ്യുന്നു. നിർമ്മലത പാലിക്കുന്നവരെന്ന നിലയിൽ നമുക്ക് യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാൻ കഴിയും. ഇത് നമുക്ക് എത്ര സന്തോഷം കൈവരുത്തുന്നു!
നിർമ്മലതാപാലകരുടെ ഒരു നീണ്ടനിര
9. യഹോവയുടെ നിർമ്മലതാപാലകരായ സാക്ഷികളുടെ വലിയ “മേഘ”ത്തിൽ പെട്ട ചിലർ ആർ, അവർ നിർമ്മലതയുടെ ഏതു പരിശോധനകൾ സഹിച്ചുനിന്നു?
9 യഥാർത്ഥത്തിൽ ഇന്ന് യഹോവയുടെ സാക്ഷികൾ നിർമ്മലതാപാലകരുടെ ഒരു നീണ്ട നിരയുടെ ഭാഗമാണ്. അത് വിശ്വസ്തനായിരുന്ന ഹാബേലിനോളം പിമ്പോട്ടുപോകുന്നു. ആ നീണ്ടനിരയിൽ ഹാബേൽ, ഹാനോക്ക്, നോഹ, അബ്രഹാം, സാറാ, യിസ്ഹാക്ക്, യാക്കോബ്, യോസേഫ്, മോശ, രാഹാബ്, ഗിദയോൻ, ബാരാക്ക്, ശിംശോൻ, യിപ്താഹ്, ദാവീദ്, ശമുവേൽ മുതലായ സ്ത്രീപുരുഷൻമാർ ഉൾപ്പെടുന്നു. ബാബിലോന്യ രാജാവായിരുന്ന നെബുഖദ്നേസ്സർ നിർത്തിയ പ്രതിമയെ ആരാധിക്കാഞ്ഞ നിർമ്മലതാപാലകരായിരുന്ന ശദ്രക്കും മേശക്കും അബേദ്നെഗോയും അത്യധികം ചൂടാക്കിയ ചൂളയിലേക്ക് എറിയപ്പെട്ടു. പ്രത്യക്ഷത്തിൽ അവരെയാണ് “തീയുടെ ബലത്തെ പിന്തിരിപ്പിച്ചവർ” എന്നു പരാമർശിച്ചിരിക്കുന്നത്. ക്രിസ്തുവിനു മുമ്പത്തെ യഹോവയുടെ മററു സാക്ഷികൾ ‘പരിഹസിക്കപ്പെടുകയും പ്രഹരിക്കപ്പെടുകയും കല്ലെറിയപ്പെടുകയും തടവിലാക്കപ്പെടുകയും വിസ്തരിക്കപ്പെടുകയും അറുക്കപ്പെടുകയും വാളിനാൽ സംഹരിക്കപ്പെടുകയും ചെയ്തു; അവർ ചെമ്മരിയാടുകളുടെയും കോലാടുകളുടെയും തോൽ ധരിച്ചു നടക്കുകയും ഉപദ്രവവും ദുഷ്പെരുമാററവും സഹിക്കുകയും ചെയ്തു.’ “തീർച്ചയായും ലോകം അവർക്കു യോഗ്യമായിരുന്നില്ല” എന്നു പറഞ്ഞ പൗലോസിനോടു നാം യോജിക്കുന്നു. നിർമ്മലതാപാലകരായ സാക്ഷികളുടെ ഇത്ര വലിയ ഒരു “മേഘ”ത്താൽ ചുററപ്പെടുന്നത് എത്ര പുളകപ്രദമാണ്!—എബ്രായർ 11:1-12:1; ദാനിയേൽ 3-ാം അദ്ധ്യായവും കാണുക.
10. അപ്പോസ്തലനായ പൗലോസ് യഹോവയുടെ ഹൃദയത്തെ എങ്ങനെ സന്തോഷിപ്പിച്ചു?
10 ദൈവദത്തമായ ധൈര്യത്താലും ബലത്താലും അപ്പോസ്തലനായ പൗലോസ് തടവും പ്രഹരങ്ങളും കപ്പൽ ചേതവും അനേകം അപകടങ്ങളും നിദ്രാവിഹീനരാത്രികളും വിശപ്പും ദാഹവും തണുപ്പും നഗ്നതയും “മിക്കപ്പോഴും പ്രാണഭയവും” സഹിച്ചു. (2 കൊരിന്ത്യർ 11:23-27) അവൻ ശുശ്രൂഷയെ പ്രതിയാണ് അങ്ങനെയുള്ള പ്രയാസങ്ങൾ സഹിച്ചത്. ഇതിലെല്ലാം ഒരു ധീര നിർമ്മലതാപാലകനെന്നനിലയിൽ അവൻ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിച്ചു. നമുക്കും അതു സാധിക്കും.
11. നിർമ്മലത സംബന്ധിച്ച് യേശുക്രിസ്തു എന്തു ദൃഷ്ടാന്തം വെച്ചു?
11 നിർമ്മലതാപാലകരിൽ പ്രമുഖൻ “നമ്മുടെ വിശ്വാസത്തിന്റെ മുഖ്യകാര്യസ്ഥനും അതിനെ പൂർത്തീകരിക്കുന്നവനു”മായ യേശുക്രിസ്തു ആണ്. മരുഭൂമിയിൽവച്ചു പിശാചിനാൽ പരീക്ഷിക്കപ്പെട്ടപ്പോൾ യേശു തന്റെ നിർമ്മലതയോടു പററി നിൽക്കുകയും അന്തിമമായി,” സാത്താനെ ദൂരെ പോകൂ! എന്തുകൊണ്ടെന്നാൽ ‘നിന്റെ ദൈവമായ യഹോവയെയാണ് നീ ആരാധിക്കേണ്ടത്, അവനു മാത്രമാണ് നീ വിശുദ്ധസേവനം അർപ്പിക്കേണ്ടത്’ എന്ന് എഴുതപ്പെട്ടിരിക്കുന്നു” എന്ന് ഉദ്ഘോഷിക്കുകയും ചെയ്തു. ദൈവദത്തമായ അത്തരം ദൃഢനിശ്ചയത്തിൻ മുമ്പിൽ വ്യക്തമായും അശക്തനായി പിശാച് യേശുവിനെ വിട്ടുപോയി. യേശുവിൻമേലുള്ള സാത്താന്റെ അവസാനത്തെ ആക്രമണം അതായിരുന്നില്ല. എന്നാൽ പിശാച് ദൈവപുത്രന്റെ നിർമ്മലത തകർക്കുന്നതിൽ അശക്തനായിരുന്നു. ‘എന്തെന്നാൽ തന്റെ മുമ്പാകെ വെക്കപ്പെട്ടിരുന്ന സന്തോഷത്തിനുവേണ്ടി യേശു ഒരു ദണ്ഡന സ്തംഭം സഹിച്ചു.’ ഒരിക്കലും അവൻ ഒരു നിർമ്മലതാ ഭഞ്ജകനായിത്തീർന്നില്ല. നമുക്ക് എക്കാലവും അവന്റെ തിളക്കമാർന്ന ദൃഷ്ടാന്തം അനുസരിക്കുകയും നിർമ്മലതാപാലകരെന്ന നിലയിൽ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുകയും ചെയ്യാം.—എബ്രായർ 12:2, 3; മത്തായി 4:1-11.
12, 13. ആദിമക്രിസ്ത്യാനികൾ നിർമ്മലതയുടെ ഏതു പരിശോധനകളെ വിജയകരമായി അഭിമുഖീകരിക്കാൻ പ്രാപ്തരായി?
12 “എന്റെ നാമംനിമിത്തം നിങ്ങൾ സകല ജനതകളാലുമുള്ള വിദ്വേഷത്തിന്റെ ലക്ഷ്യങ്ങളായിരിക്കും” എന്ന് യേശു തന്റെ ശിഷ്യൻമാരോടു പറയുകയുണ്ടായി. (മത്തായി 10:22) യഥാർത്ഥ ക്രിസ്ത്യാനികളെ സംബന്ധിച്ച് അത് എല്ലായ്പ്പോഴും എത്ര സത്യമായിരുന്നിട്ടുണ്ട്! ക്രിസ്ത്യാനിത്വവും റോമൻ ഗവൺമെൻറും എന്ന തന്റെ പുസ്തകത്തിൽ ഈ. ജി. ഹാർഡി ഇങ്ങനെ എഴുതി: “ സുനിശ്ചിത കുററകൃത്യങ്ങളുടെ പേരിലോ തെളിവിലോ അല്ലാതെ, ക്രിസ്ത്യാനികളെ ആ പേർനിമിത്തംതന്നെ ശിക്ഷിക്കാൻ കഴിയുമായിരുന്നുവെന്ന് പ്ലിനിയുടെ കത്തിൽനിന്നും ട്രാജന്റെ തീട്ടൂരത്തിൽനിന്നും തികച്ചും പ്രകടമാകുന്നു.”
13 ആ ആദിമ ക്രിസ്ത്യാനികൾക്ക് ദൈവദത്തമായ ശക്തിയിൽ നിർമ്മലതയുടെ എത്രയോ പരിശോധനകളെ വിജയകരമായി നേരിടാൻ കഴിഞ്ഞു! ദൃഷ്ടാന്തമായി, അവരെ സംബന്ധിച്ച് ഇങ്ങനെ പ്രസ്താവിക്കപ്പെട്ടിരിക്കുന്നു: “ചില സമയങ്ങളിൽ ജനസമൂഹത്തെ രസിപ്പിക്കാൻ അവരെ ദണ്ഡിപ്പിക്കുകയും വിശന്നുപൊരിയുന്ന കാട്ടുമൃഗങ്ങളുടെ മുമ്പിലേക്ക് എറിയുകയും ചെയ്തിരുന്നു.” എന്നിരുന്നാലും, അത്തരം കഷ്ടപ്പാടുകൾ ഗണ്യമാക്കാതെ, “പീഡനം അവരുടെ വിശ്വാസത്തെ ബലിഷ്ഠമാക്കാനും അവരുടെ പക്ഷത്തേക്ക് അനേകം പുതുവിശ്വാസികളെ ആനയിക്കാനും മാത്രമേ ഉതകിയുള്ളു”വെന്ന് ഗൗനിക്കപ്പെട്ടിരിക്കുന്നു. (പഴയ ലോകത്തിൽനിന്ന് പുതിയതിലേക്ക്, യൂജിൻ ഏ. കോളിഗനും മാക്സ്വെൽ എഫ്. ലിററ്വിനും രചിച്ചത്, 1932 പേജുകൾ 90-1) ഈ 20-ാം നൂററാണ്ടിലെ നിർമ്മലതാപാലകരായ സാക്ഷികളെ സംബന്ധിച്ചും അങ്ങനെതന്നെയാണ്. പിശാചിന്റെ ഏജൻറൻമാർക്ക് അവരോടു കിടപിടിക്കാൻ സാധിച്ചിട്ടില്ല.
14, 15. “രണ്ടു സാക്ഷികൾ” ആരാണ്, 1918 ലും 1919 ലും അവർക്ക് എന്ത് അനുഭവപ്പെട്ടു?
14 യഹോവയുടെ അഭിഷിക്ത ദാസൻമാർക്ക്, അതായത് ‘രണ്ട് ആലങ്കാരിക സാക്ഷികൾക്ക്, 1918 ലും 1919 ലും അനുഭവപ്പെട്ടതെന്തെന്ന് പരിചിന്തിക്കുക. അന്നാണ് അവരുടെ ശത്രുക്കൾ ‘കല്പനയാൽ കുഴപ്പം സൃഷ്ടിച്ചത്.’ (വെളിപ്പാട് 11:3, 7-10; സങ്കീർത്തനം 94:20) വാച്ച്ററവർ സൊസൈററിയുടെ അന്നത്തെ പ്രസിഡണ്ടായിരുന്ന ജെ. എഫ്. റതർ ഫോർഡും ഏഴു സഹകാരികളും അന്യായമായി തടവിലാക്കപ്പെട്ടു. ആ സമയത്ത് ആ “രണ്ടു സാക്ഷികൾ” അവരുടെ പ്രവചിക്കലിനെ സംബന്ധിച്ചിടത്തോളം കൊല്ലപ്പെട്ടു, അവരുടെ ശത്രുക്കൾ സന്തോഷിച്ചു. പ്രസംഗകർ ആയുധങ്ങൾ കൊടുക്കുന്നു എന്ന തന്റെ പുസ്തകത്തിൽ റേ. എച്ച്. അബ്രാംസ് ഇങ്ങനെ പ്രസ്താവിച്ചു: “ മുഴു കേസിന്റെയും (റതർഫോർഡും അദ്ദേഹത്തിന്റെ സഹകാരികളും ഉൾപ്പെട്ടതിന്റെ) ഒരു വിശകലനം [ബൈബിൾ വിദ്യാർത്ഥികളെ] തുടച്ചുനീക്കാനുള്ള നീക്കത്തിന്റെ പിമ്പിൽ ആദ്യമുണ്ടായിരുന്നത് സഭകളും വൈദികരുമായിരുന്നുവെന്ന നിഗമനത്തിലേക്കു നയിക്കുന്നു . . . ഇരുപതുവർഷത്തേക്കുള്ള തടവുശിക്ഷയെക്കുറിച്ചുള്ള വാർത്തകൾ മതപരമായ പ്രസ്സിന്റെ പത്രാധിപൻമാരിലെത്തിയപ്പോൾ, മിക്കവാറും വലുതും ചെറുതുമായ ഈ പ്രസിദ്ധീകരണങ്ങളിലോരോന്നും ആ സംഭവത്തിൽ സന്തോഷിച്ചു. ഓർത്തഡോക്സ് മത മാസികകളിലൊന്നും സഹതാപത്തിന്റെ ഏതെങ്കിലും വാക്കുകൾ കണ്ടെത്താൻ എനിക്കു കഴിഞ്ഞില്ല.”
15 എന്നുവരികിലും, തടവിലാക്കപ്പെട്ട എട്ടു ബൈബിൾ വിദ്യാർത്ഥികളും വിമോചിതരായി, തികച്ചും കുററവിമുക്തരാക്കപ്പെട്ടു. ഇതു സാത്താനെയും അവന്റെ പാർശ്വവർത്തികളെയും ഏറെ കോപിപ്പിച്ചു. “രണ്ടു സാക്ഷികൾ” പരിശുദ്ധാത്മാവിനാൽ ഉജ്ജീവിപ്പിക്കപ്പെട്ടതിനാൽ ആ അഭിഷിക്തരുടെ അക്ഷരീയ സൈന്യം ഒരിക്കൽ കൂടെ രാജ്യപ്രഘോഷകരെന്ന നിലയിൽ കാലൂന്നിനിന്നു. (വെളിപ്പാട് 11:11) യഹോവയുടെ ശത്രുക്കൾ അന്നുമുതൽ അങ്ങനെയുള്ള നിർമ്മലതാപാലകർക്കെതിരെ തോററുപോകുന്ന ഒരു യുദ്ധം നടത്തിക്കൊണ്ടാണിരിക്കുന്നത്.
16. ഒരു യുവ നിർമ്മലതാപാലകൻ എന്തു പ്രസ്താവിച്ചു?
16 ദൃഷ്ടാന്തീകരിക്കുന്നതിന്, ഒരു യുവാവ് നാസി പീഡകരുടെ കൈയാൽ മരണം പ്രതീക്ഷിച്ചിരിക്കവേ, തന്റെ കുടുംബത്തിനെഴുതിയ ധീരമായ വാക്കുകൾ പരിചിന്തിക്കുക. അയാൾ ഇങ്ങനെ എഴുതി: “ഇപ്പോൾ അർദ്ധരാത്രി കഴിഞ്ഞിരിക്കുകയാണ്. എനിക്കു മനസ്സു മാററാൻ ഇപ്പോഴും സമയമുണ്ട്. ഹാ, ഞാൻ എന്റെ കർത്താവിനെ തള്ളിപ്പറഞ്ഞശേഷം ഈ ലോകത്തിൽ എനിക്കു വീണ്ടും സന്തുഷ്ടനായിരിക്കാൻ കഴിയുമോ? തീർച്ചയായുമില്ല. എന്നാൽ ഞാൻ സന്തോഷത്തോടും സമാധാനത്തോടും കൂടെ ഈ ലോകം വിടുന്നുവെന്ന ഉറപ്പ് ഇപ്പോൾ നിങ്ങൾക്കുണ്ട്.” അത് ദുർബ്ബലനും ഭീരുവും നിരാശനുമായ ഒരു നിർമ്മലതാ ലംഘകന്റെ വാക്കുകൾപോലെ തോന്നുന്നുവോ? തീർച്ചയായുമില്ല!
17. സോവ്യററ് യൂണിയനിലെ യഹോവയുടെ സാക്ഷികളുടെ അറസ്ററുകൾക്ക് അവരുടെ രാജ്യപ്രസംഗ പ്രവർത്തനങ്ങളുടെ മേൽ എന്തു ഫലമുണ്ടായി?
17 യഹോവയുടെ ദാസൻമാരുടെ നിർമ്മലത തകർക്കാനുള്ള ശ്രമം തുടർന്നിരിക്കുന്നു. ദൃഷ്ടാന്തത്തിന്, സോവ്യററ് യൂണിയനിലെ മതം എന്ന തന്റെ പുസ്തകത്തിൽ, 1951-ന്റെ പ്രാരംഭത്തിൽ നടന്ന യഹോവയുടെ സാക്ഷികളുടെ കൂട്ട അറസ്ററിനെ സംബന്ധിച്ച് പത്രപ്രവർത്തകനായ വാൾട്ടർ കോലാഴ്സ് ഇങ്ങനെ പറയുകയുണ്ടായി:” യൂറാൾസിലേക്കും സൈബിരിയായിലേക്കും വിദൂര ഉത്തര പ്രദേശത്തേക്കും (വോർക്കുടാ) കാസക്ക്സ്ഥാനിലേക്കും 7000 പേരെ നാടുകടത്തിയെന്ന് സാക്ഷികൾതന്നെ കണക്കാക്കുന്നു.” അയാൾ ഇങ്ങനെ കൂട്ടിച്ചേർത്തു: “ഇത് റഷ്യയിലെ സാക്ഷികളുടെ അവസാനമായിരുന്നില്ല, പിന്നെയോ അവരുടെ മതപരിവർത്തന പ്രവർത്തനങ്ങളിലെ ഒരു പുതിയ അദ്ധ്യായത്തിന്റെ തുടക്കം മാത്രമായിരുന്നു. അവർ പ്രവാസത്തിലേക്കുള്ള തങ്ങളുടെ മാർഗ്ഗമദ്ധ്യേ സ്റേറഷനുകളിൽ ഇറങ്ങിയപ്പോൾപോലും തങ്ങളുടെ വിശ്വാസം പ്രചരിപ്പിക്കാൻ ശ്രമിച്ചു. അവരെ നാടുകടത്തിയതിൽ സോവ്യററ് ഗവൺമെൻറിന് അവരുടെ വിശ്വാസപ്രചാരണത്തിനായി അതിലും മെച്ചമായി യാതൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. സാക്ഷികൾ അവരുടെ ഗ്രാമങ്ങളിലെ ഏകാന്തതയിൽനിന്ന് വിപുലമായ ഒരു ലോകത്തിലേക്ക് ആനയിക്കപ്പെട്ടു, അത് തടങ്കലിന്റെയും അടിമപ്പണിയുടെയും പാളയങ്ങളുടെ ഒരു ലോകമായിരുന്നെങ്കിലും.” അവിടെ യഹോവയുടെ ദാസൻമാർ ഹൃദയോദ്ദീപകമായ രാജ്യസന്ദേശം സന്തോഷത്തോടെ സ്വീകരിച്ച അനേകരെ കണ്ടെത്തി.—പ്രവൃത്തികൾ 11:19-21 താരതമ്യപ്പെടുത്തുക.
ഒരു ജയോത്സവ സൈന്യത്തെപ്പോലെ
18, 19. നിർമ്മലതാപാലകരെന്ന നിലയിൽ നമുക്ക് ജയഭേരിമുഴക്കാൻ സാദ്ധ്യമാകുന്നതെങ്ങനെ?
18 ദൈവജനത്തിന്റെ പീഡനം ഇന്നോളം തുടരുകയാണ്. അപ്പോൾ യഹോവയുടെ സാക്ഷികൾക്ക് നിർമ്മലതാപാലകരെന്ന നിലയിൽ വിജയഭേരിമുഴക്കാൻ എങ്ങനെ സാദ്ധ്യമാകും? നാം ദൈവവചനം അനുസരിക്കുന്നതുകൊണ്ട് അതു സാധിക്കും. തെററും ശരിയും തിരിച്ചറിയാൻ നമ്മുടെ ഗ്രഹണശക്തികൾ പരിശീലിപ്പിക്കപ്പെട്ടിട്ടുണ്ട്. ‘യഹോവയുടെ വിശ്വസ്ത സാക്ഷികളെന്ന നിലയിൽ നാം ഈ വ്യവസ്ഥിതിക്കനുരൂപരാകാതെ നമ്മുടെ മനസ്സു പുതുക്കി രൂപാന്തരപ്പെട്ടിരിക്കുകയാണ്.’ നാം സന്തോഷപൂർവ്വം യഹോവക്കു പ്രസാദകരമായതു ചെയ്യുന്നു. ഭൂതങ്ങളും മനുഷ്യരുമായ നമ്മുടെ ശത്രുക്കൾക്കെതിരെ അവൻ നമുക്ക് വിജയം നൽകുന്നു.—എബ്രായർ 5:12—14; റോമർ 12:1, 2.
19 “യഹോവയ്ക്കുള്ളവരായ” നമ്മെ ജയോത്സവം കൊണ്ടാടുന്ന ഒരു സൈന്യത്തോട് ഉപമിക്കാൻ കഴിയും. തുടർച്ചയായും നമ്മുടേത് ഒരു ആത്മീയയുദ്ധമാണ്, നാം “കർത്താവിലും അവന്റെ ബലത്തിൻ ശക്തിയിലും കരുത്താർജ്ജിച്ചുകൊണ്ടിരിക്കുന്നു.” നാം നമ്മുടെ ദൈവത്തിൽനിന്നുള്ള സമ്പൂർണ്ണമായ ആത്മീയപടച്ചട്ട ധരിച്ചിട്ടുണ്ട്. അവന്റെ പരിശുദ്ധാത്മാവ് നമ്മെ പിന്താങ്ങുന്നു. അതുകൊണ്ടാണു നാം “പിശാചിന്റെ കുതന്ത്രങ്ങൾക്കെതിരെ ഉറച്ചുനിൽക്കാൻ പ്രാപ്ത”രായിരിക്കുന്നത്. (എഫേസ്യർ 6:10-20; 2 കൊരിന്ത്യർ 10:3, 4) അതെ, അതുകൊണ്ടാണ് നാം നിർമ്മലതാപാലകരെന്ന നിലയിൽ ജയഭേരിമുഴക്കുന്നതിൽ തുടരുന്നത്.
20. നാം നിർമ്മലത പാലിക്കാൻ ശ്രമിക്കുമ്പോൾ നമുക്ക് എന്തു സഹായവും ഉറപ്പുമുണ്ട്?
20 തീർച്ചയായും നാം ഒരു അസാധാരണ സൈന്യമാണ്. എന്തിനധികം, നമ്മുടെ ഇടയിൽ “സുവാർത്ത അറിയിക്കുന്ന സ്ത്രീകൾ” പോലും “വലിയ ഒരു സൈന്യ”മാണ്. (സങ്കീർത്തനം 68:11) നാം ഭയാനക ശത്രുക്കളെ അഭിമുഖീകരിക്കുന്നുവെങ്കിലും ‘അവരോടുകൂടെയുള്ളവരെക്കാൾ വളരെയധികംപേർ നമ്മോടുകൂടെയുണ്ട്.’ (2 രാജാക്കൻമാർ 6:16) നാം ഭൂവാസികളോടു സുവാർത്ത ഘോഷിക്കുമ്പോൾ ദൂതൻമാർ നമ്മോടുകൂടെയുണ്ട്. (വെളിപ്പാട് 4:6) നിർമ്മലതാപാലകരെന്ന നിലയിൽ, ‘നമുക്കെതിരെ രൂപപ്പെടുത്തുന്ന യാതൊരു ആയുധവും വിജയിക്കുകയില്ലെ’ന്നുള്ള വിശ്വാസം നമുക്കുണ്ട്.—യെശയ്യാ 54:17.
21. നാം അനുഭവിക്കുന്ന പീഡനം ഗണ്യമാക്കാതെ എന്തു തുടരുന്നു?
21 നിസ്സംശയമായി യുദ്ധസന്നാഹങ്ങൾ പൂർത്തിയായിരിക്കുന്നു. സാത്താന്റെ സൈന്യങ്ങൾ നമ്മുടെ സാക്ഷ്യവേലയ്ക്കു അറുതിവരുത്താൻ ദൃഡനിശ്ചയം ചെയ്തിരിക്കുകയാണ്. അതുകൊണ്ട് നാം “നല്ല യുദ്ധം ചെയ്യുന്നതിൽ തുടരേണ്ടി”യിരിക്കുന്നു. (1 തിമൊഥെയോസ് 1:18) നമ്മുടെ സൈന്യാധിപനും നേതാവുമെന്ന നിലയിൽ മഹത്വീകരിക്കപ്പെട്ട യേശുക്രിസ്തു ഉള്ളതിനാൽ നമ്മിലോരോരുത്തരും “ക്രിസ്തുയേശുവിന്റെ ഒരു നല്ല പടയാളി”യായി സേവിക്കട്ടെ. (2 തിമൊഥെയോസ് 2:3, 4) എല്ലാ വശങ്ങളിലും നിന്ന് നാം ഞെരുക്കപ്പെടുന്നുണ്ടെങ്കിലും ദൈവത്തിന്റെ അനർഹദയയാൽ നാം നിർമ്മലതാപാലകരെന്ന നിലയിൽ ഉറച്ചുനിൽക്കേണ്ടതാണ്, ഉറച്ചുനിൽക്കുകയും ചെയ്യും. വർദ്ധനവിനു പിന്നാലെ വർദ്ധനവും കാണുമ്പോൾ നമ്മുടെ മുഖങ്ങൾ പ്രകാശിക്കുകയാണ്. ‘ജനതകളിലെ അഭികാമ്യരായ അസ്തിത്വങ്ങൾ’ അധികമധികമായി വന്ന് യഹോവയുടെ ഭവനത്തെ മഹത്വംകൊണ്ടുനിറയ്ക്കുകയാണ്. (ഹഗ്ഗായി 2:7) പീഡനവും തടവുകളും പ്രഹരങ്ങളും വിവിധരാജ്യങ്ങളിൽ നമ്മുടെ വേലയുടെ നിരോധനവും നമ്മുടെ അധരങ്ങളെ നിശബ്ദമാക്കാനുള്ള തീവ്രശ്രമങ്ങളുമുണ്ടെങ്കിലും മഹത്തായ ശിഷ്യരാക്കൽവേല തുടരുകയും ആക്കം കൂടിവരുകയുമാണ്.—മത്തായി 24:14; 28:19, 20.
22. യഹോവയ്ക്കുള്ളവരെന്ന നിലയിൽ നാം എന്തു ചെയ്യണം.?
22 യഹോവയുടെ സ്തുതിയുടെ വ്യാപ്തം വർദ്ധിച്ചുകൊണ്ടേയിരിക്കുമ്പോൾ, ഇത് ഭൂമിയിലെ സകലർക്കും തീരുമാനം ചെയ്യേണ്ട ഒരു സമയമാണ്. സുവാർത്ത പരത്തുന്നതിനും സത്യാരാധന സ്വീകരിക്കുന്നവരെ പഠിപ്പിക്കുന്നതിനും നാം എത്ര പദവിയുള്ളവരാണ്! അതുകൊണ്ട്, മഹാപുരുഷാരം വികസിച്ചുവരുമ്പോൾ നമുക്ക് അത്യുന്നത ദൈവത്തിന്റെ ധീര ദാസരെന്ന നിലയിൽ തുടരാം. (വെളിപ്പാട് 7:9) ‘ജീവിച്ചാലും മരിച്ചാലും നാം യഹോവയ്ക്കുള്ളവരാണ്.’ അതുകൊണ്ട്, നിർമ്മലത പാലിക്കുന്നതിനാൽ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നതിനുള്ള നമ്മുടെ മഹത്തായ പദവിക്ക് സദാ നന്ദിയുള്ളവരായി നമുക്ക് ജീവന്റെ ലാക്കിലേക്ക് ഓടാം. (w86 2/1)
നിങ്ങൾക്ക് ഉത്തരം പറയാൻ കഴിയുമോ?
◆ നിർമ്മലതയെന്നാൽ എന്ത്?
◆ നിർമ്മലതാപാലനം യഹോവയുടെ ജനത്തിൻമേൽ എന്ത് ആവശ്യങ്ങൾ വെക്കുന്നു?
◆ നമ്മുടെ നിർമ്മലതാപാലനം ദൈവത്തിന് ഒരു വ്യത്യാസമുളവാക്കുന്നുവെന്ന് എങ്ങനെ തെളിയിക്കാം?
◆ ചിലർ കഴിഞ്ഞകാലത്ത് ഏതു വിധങ്ങളിൽ നിർമ്മലതാപാലകരെന്ന് സ്വയം പ്രകടമാക്കി?
◆ ഇന്ന് യഹോവയുടെ സാക്ഷികൾക്ക് എങ്ങനെ നിർമ്മലതാപാലകരായിരിക്കുക സാദ്ധ്യമാണ്?
[11-ാം പേജിലെ ചിത്രം]
ഇന്നത്തെ യഹോവയുടെ ദാസൻമാർ നിർമ്മലതാപാലകരായ സാക്ഷികളുടെ ഒരു നീണ്ടനിരയുടെ ഭാഗമാണ്. നിങ്ങൾ അവരിൽ ഉൾപ്പെടുന്നുവോ?
ഹാനോക്ക്
സാറാ
യിപ്താഹ്
പൗലോസ്