അധ്യായം 27
ദൈവരാജ്യം ജനിച്ചിരിക്കുന്നു!
ദർശനം 7—വെളിപ്പാടു 12:1-17
വിഷയം: സ്വർഗീയ സ്ത്രീ പ്രസവിക്കുന്നു, മീഖായേൽ സാത്താനോടു യുദ്ധം ചെയ്യുകയും അവനെ ഭൂമിയിലേക്കു തളളിക്കളയുകയും ചെയ്യുന്നു
നിവൃത്തിയുടെ കാലം: ക്രിസ്തുയേശുവിന്റെ 1914-ലെ സിംഹാസനാരോഹണം മുതൽ മഹോപദ്രവം വരെ
1. വെളിപ്പാടു 12-14 അധ്യായങ്ങളിൽ വർണിച്ചിരിക്കുന്ന അടയാളങ്ങളുടെ ഒരു ഗ്രാഹ്യം നമ്മെ എങ്ങനെ സഹായിക്കും?
ദൈവത്തിന്റെ പാവനരഹസ്യം വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു. (വെളിപ്പാടു 10:6) തന്റെ മിശിഹായാലുളള യഹോവയുടെ രാജ്യം ഇപ്പോൾ ഒരു ഊർജിതയാഥാർഥ്യമാണ്. അതു ഭരിക്കുന്നു! അതിന്റെ സാന്നിധ്യം സാത്താനും അവന്റെ സന്തതിക്കും നാശത്തെയും ദൈവത്തിന്റെ സ്വർഗീയസ്ഥാപനത്തിന്റെ സന്തതിക്കു മഹത്തായ വിജയത്തെയും അർഥമാക്കുന്നു. ഏഴാമത്തെ ദൂതൻ തന്റെ കാഹളം ഊതി പൂർത്തിയാക്കിയിട്ടില്ല, എന്തെന്നാൽ അവനു മൂന്നാമത്തെ കഷ്ടത്തെക്കുറിച്ചു വളരെക്കാര്യങ്ങൾകൂടെ നമുക്കു വെളിപ്പെടുത്തി തരാനുണ്ട്. (വെളിപ്പാടു 11:14) ആ കഷ്ടത്തിലും ദൈവത്തിന്റെ പാവനരഹസ്യം പൂർത്തീകരിക്കുന്നതിലും ഉൾപ്പെട്ടിരിക്കുന്ന എല്ലാററിനോടുമുളള നമ്മുടെ വിലമതിപ്പു വിശാലമാക്കാൻ വെളിപ്പാടു 12 മുതൽ 14 വരെയുളള അധ്യായങ്ങളിൽ വർണിച്ചിരിക്കുന്ന അടയാളങ്ങൾ നമ്മെ സഹായിക്കും.
2. (എ) യോഹന്നാൻ ഏതു വലിയ അടയാളം കാണുന്നു? (ബി) വലിയ അടയാളത്തിന്റെ അർഥം എപ്പോൾ വെളിപ്പെടുത്തപ്പെട്ടു?
2 യോഹന്നാൻ ഇപ്പോൾ ഒരു വലിയ അടയാളം കാണുന്നു—ദൈവജനത്തിനു മുന്തിയ താത്പര്യമുളള ഒന്ന്. അതു പുളകപ്രദമായ ഒരു പ്രാവചനിക ദർശനത്തെ പരിചയപ്പെടുത്തുന്നു, അതിന്റെ അർഥം ആദ്യം 1925 മാർച്ച് 1-ലെ ദ വാച്ച് ടവറിൽ “ജനതയുടെ ജനനം” എന്ന ലേഖനത്തിലും പിന്നീട് 1926-ൽ ഉദ്ധാരണം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിലും പ്രസിദ്ധീകരിക്കപ്പെട്ടു. ബൈബിൾഗ്രാഹ്യത്തിന്റെ ഉജ്ജ്വലമായ ഈ സ്ഫുരണം യഹോവയുടെ വേലയുടെ പുരോഗതിയിൽ ഒരു ചരിത്രപ്രധാനമായ നാഴികക്കല്ലായിത്തീർന്നു. അതുകൊണ്ടു നാടകം ചുരുളഴിയാൻ തുടങ്ങുമ്പോൾ യോഹന്നാൻ അതു വർണിക്കട്ടെ: ‘സ്വർഗ്ഗത്തിൽ വലിയൊരു അടയാളം കാണായി: സൂര്യനെ അണിഞ്ഞോരു സ്ത്രീ; അവളുടെ കാല്ക്കീഴ് ചന്ദ്രനും അവളുടെ തലയിൽ പന്ത്രണ്ടു നക്ഷത്രംകൊണ്ടുളള കിരീടവും ഉണ്ടായിരുന്നു. അവൾ ഗർഭിണിയായി നോവുകിട്ടി വേദനപ്പെട്ടു നിലവിളിച്ചു.’—വെളിപ്പാടു 12:1, 2.
3. സ്വർഗത്തിൽ കണ്ട സ്ത്രീയുടെ താദാത്മ്യം എന്താണ്?
3 യോഹന്നാൻ ആദ്യമായി സ്വർഗത്തിൽ ഒരു സ്ത്രീയെ കാണുന്നു. അവൾ തീർച്ചയായും ഒരു അക്ഷരാർഥ സ്ത്രീയല്ല. പിന്നെയോ അവൾ ഒരു അടയാളം അഥവാ പ്രതീകം ആണ്. (വെളിപ്പാടു 1:1) അവൾ എന്തിനെ പ്രതീകപ്പെടുത്തുന്നു? നിശ്വസ്തപ്രവചനങ്ങളിൽ സ്ത്രീകൾ ചിലപ്പോഴൊക്കെ പ്രമുഖ വ്യക്തികളുമായി “വിവാഹബന്ധത്തിലിരിക്കുന്ന” സ്ഥാപനങ്ങളെ പ്രതിനിധാനം ചെയ്യുന്നു. എബ്രായതിരുവെഴുത്തുകളിൽ ഇസ്രായേൽ യഹോവയാം ദൈവത്തിന്റെ ഭാര്യയായി പറയപ്പെട്ടു. (യിരെമ്യാവു 3:14) ഗ്രീക്കു തിരുവെഴുത്തുകളിൽ അഭിഷിക്ത ക്രിസ്ത്യാനികളുടെ സഭ ക്രിസ്തുവിന്റെ മണവാട്ടിയായി പറയപ്പെടുന്നു. (വെളിപ്പാടു 21:9-14) യോഹന്നാൻ ഇവിടെ കാണുന്ന സ്ത്രീയും ആരോടോ വിവാഹം ചെയ്യപ്പെട്ടിരിക്കുന്നു, അവൾ പ്രസവിക്കാറായിരിക്കയുമാണ്. അവളുടെ ഭർത്താവാരാണ്? കൊളളാം, പിന്നീട് അവളുടെ കുട്ടി “ദൈവത്തിന്റെ അടുക്കലേക്കും അവന്റെ സിംഹാസനത്തിലേക്കും പെട്ടെന്നു എടുക്ക”പ്പെടുന്നു. (വെളിപ്പാടു 12:5) യഹോവ അങ്ങനെ കുട്ടി തന്റേതാണെന്ന് അവകാശപ്പെടുന്നു. അതുകൊണ്ട് യോഹന്നാൻ കാണുന്ന സ്ത്രീ യഹോവയുടെ പ്രതീകാത്മക ഭാര്യയായിരിക്കണം.
4. ദൈവത്തിന്റെ പ്രതീകാത്മക ഭാര്യയുടെ പുത്രൻമാർ ആരാണ്, യോഹന്നാൻ കാണുന്ന സ്ത്രീയെ അപ്പോസ്തലനായ പൗലോസ് എന്തു വിളിക്കുന്നു?
4 ഏതാണ്ട് എട്ടു നൂററാണ്ടുകൾക്കു മുമ്പ് യഹോവയാം ദൈവം ഈ പ്രതീകാത്മക ഭാര്യയെ സംബോധനചെയ്തിരുന്നു, ഇപ്രകാരം പറഞ്ഞുകൊണ്ട്: “നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും . . . ആയിരിക്കും.” (യെശയ്യാവു 54:5, 13) യേശു ഈ പ്രവചനം ഉദ്ധരിക്കുകയും ഈ മക്കൾ പിൽക്കാലത്ത് അഭിഷിക്ത ക്രിസ്ത്യാനികളുടെ സഭയായിത്തീർന്ന തന്റെ വിശ്വസ്ത അനുഗാമികൾ ആണെന്നു പ്രകടമാക്കുകയും ചെയ്തു. (യോഹന്നാൻ 6:44, 45) അതുകൊണ്ട് ദൈവത്തിന്റെ പുത്രൻമാരെന്നു പറയപ്പെട്ടിരിക്കുന്ന ഈ സഭയുടെ അംഗങ്ങൾ ദൈവത്തിന്റെ പ്രതീകാത്മക ഭാര്യയുടെ മക്കൾ കൂടെയാണ്. (റോമർ 8:14) അപ്പോസ്തലനായ പൗലോസ് ഇപ്രകാരം പറയുമ്പോൾ അന്തിമമായ വിവരശകലം കൂട്ടിച്ചേർക്കുന്നു: “മീതെയുളള യെരൂശലേമോ സ്വതന്ത്രയാകുന്നു; അവൾ തന്നേ നമ്മുടെ അമ്മ.” (ഗലാത്യർ 4:26) അപ്പോൾ യോഹന്നാൻ കണ്ട “സ്ത്രീ” “മീതെയുളള യെരൂശലേം” ആണ്.
5. യഹോവയുടെ പ്രതീകാത്മക ഭാര്യ 12 നക്ഷത്രങ്ങൾകൊണ്ടുളള കിരീടം ധരിച്ചിരിക്കുന്നതുകൊണ്ട് മീതെയുളള യെരുശലേം യഥാർഥത്തിൽ എന്താണ്?
5 കൃത്യമായും മീതെയുളള യെരുശലേം എന്താണ്? “മീതെയുളള”വളെന്നു പൗലോസ് പറയുന്നതുകൊണ്ടും യോഹന്നാൻ അവളെ സ്വർഗത്തിൽ കാണുന്നതുകൊണ്ടും അവൾ വ്യക്തമായും ഒരു ഭൗമികനഗരമല്ല; അവൾ “പുതിയ യെരൂശലേം” തന്നെയുമല്ല, എന്തുകൊണ്ടെന്നാൽ ആ സ്ഥാപനം ക്രിസ്തുവിന്റെ മണവാട്ടിയാണ്, യഹോവയുടെ ഭാര്യയല്ല. (വെളിപ്പാടു 21:2) അവൾ 12 നക്ഷത്രങ്ങൾകൊണ്ടുളള കിരീടം ധരിച്ചിരിക്കുന്നതു കുറിക്കൊളളുക. പന്ത്രണ്ട് എന്ന സംഖ്യ സ്ഥാപനപരമായ പൂർണതയോടു ബന്ധപ്പെട്ടിരിക്കുന്നു.a അതുകൊണ്ട്, പുരാതന യെരുശലേം ഭൂമിയിൽ ആയിരുന്നതുപോലെ അവൾ സ്വർഗത്തിലെ ഒരു സ്ഥാപനക്രമീകരണമാണെന്ന് ഈ 12 നക്ഷത്രങ്ങൾ സൂചിപ്പിക്കുന്നതായി തോന്നുന്നു. മീതെയുളള യെരുശലേം യഹോവയുടെ ആത്മജീവികളുടെ സാർവത്രിക സ്ഥാപനമാണ്, തന്നെ സേവിക്കുന്നതിലും സന്തതിയെ ഉത്പാദിപ്പിക്കുന്നതിലും തന്റെ ഭാര്യയായി പ്രവർത്തിക്കുന്നതു തന്നെ.
6. (എ) യോഹന്നാൻ കാണുന്ന സ്ത്രീ കാൽക്കീഴിൽ ചന്ദ്രനും നക്ഷത്രങ്ങൾകൊണ്ടുളള കിരീടവും ഉളളതായി സൂര്യനെ അണിഞ്ഞിരിക്കുന്നുവെന്ന വസ്തുത എന്തു സൂചിപ്പിക്കുന്നു? (ബി) ഗർഭിണിയായ സ്ത്രീയുടെ പ്രസവവേദന എന്തിനെ പ്രതീകപ്പെടുത്തുന്നു?
6 ഈ സ്ത്രീ സൂര്യനെ അണിഞ്ഞിരിക്കുന്നതായും അവളുടെ കാൽക്കീഴിൽ ചന്ദ്രൻ ഉളളതായും യോഹന്നാൻ കാണുന്നു. നാം അവളുടെ നക്ഷത്ര കിരീടം കൂടെ കൂട്ടുമ്പോൾ അവൾ സ്വർഗീയ പ്രകാശങ്ങളാൽ പൂർണമായി വലയം ചെയ്യപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ പ്രീതി അവളുടെമേൽ രാവും പകലും പ്രകാശിക്കുന്നു. യഹോവയുടെ ശോഭിക്കുന്ന സ്വർഗീയസ്ഥാപനത്തിന് യോജിക്കുന്ന എന്തൊരു പ്രതീകം! അവൾ ഗർഭിണിയുമാണ്, പ്രസവവേദന അനുഭവിക്കുകയാണ്. ദിവ്യസഹായത്തിനായുളള അവളുടെ നിലവിളി പ്രസവിക്കാനുളള അവളുടെ സമയമായി എന്നു പ്രകടമാക്കുന്നു. ബൈബിളിൽ പ്രസവവേദന പലപ്പോഴും പ്രധാനപ്പെട്ട ഒരു ഫലം ഉത്പാദിപ്പിക്കുന്നതിനാവശ്യമായ കഠിനവേലയെ പ്രതീകപ്പെടുത്തുന്നു. (താരതമ്യം ചെയ്യുക: സങ്കീർത്തനം 90:2; സദൃശവാക്യങ്ങൾ 25:23; യെശയ്യാവു 66:7, 8.) യഹോവയുടെ സ്വർഗീയസ്ഥാപനം ചരിത്രപ്രധാനമായ ഈ ജനനത്തിന് ഒരുങ്ങിയപ്പോൾ ഇത്തരത്തിലുളള പ്രസവവേദന അനുഭവപ്പെട്ടതിൽ അതിശയിക്കാനില്ല.
തീനിറമുളള ഒരു മഹാസർപ്പം
7. യോഹന്നാൻ സ്വർഗത്തിൽ കാണുന്ന മറെറാരു അടയാളം എന്താണ്?
7 യോഹന്നാൻ അടുത്തതായി എന്തു നിരീക്ഷിക്കുന്നു? “സ്വർഗ്ഗത്തിൽ മറെറാരു അടയാളം കാണായി: ഏഴു തലയും പത്തു കൊമ്പും തലയിൽ ഏഴു രാജമുടിയുമായി തീനിറമുളേളാരു മഹാസർപ്പം. അതിന്റെ വാൽ ആകാശത്തിലെ നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനെ വലിച്ചുകൂട്ടി ഭൂമിയിലേക്കു എറിഞ്ഞുകളഞ്ഞു. പ്രസവിപ്പാറായ സ്ത്രീ പ്രസവിച്ചയുടനെ കുട്ടിയെ തിന്നുകളവാൻ മഹാസർപ്പം അവളുടെ മുമ്പിൽ നിന്നു.”—വെളിപ്പാടു 12:3, 4.
8. (എ) തീനിറമുളള മഹാസർപ്പത്തിന്റെ താദാത്മ്യം എന്താണ്? (ബി) സർപ്പത്തിന് ഏഴുതലയും പത്തുകൊമ്പും ഓരോ തലയിലും ഒരു രാജമുടിയും ഉണ്ടെന്നുളളത് എന്തിനെ സൂചിപ്പിക്കുന്നു?
8 ഈ മഹാസർപ്പം ‘പഴയ പാമ്പ്’ ആയ സാത്താൻ ആണ്. (വെളിപ്പാടു 12:9; ഉല്പത്തി 3:15) അവൻ ക്രൂരനായ ഒരു വിനാശകനാണ്—ഏഴു തലയുളള ഒരു മഹാസർപ്പം, അഥവാ തന്റെ ഇരയെ പൂർണമായി വിഴുങ്ങാൻ കഴിയുന്ന ഒരു വിഴുങ്ങൽവീരൻ തന്നെ. അവൻ എത്ര വിചിത്രമായി കാണപ്പെടുന്നു! വെളിപ്പാടു 13-ാം അധ്യായത്തിൽ ഉടൻ വർണിക്കാനിരിക്കുന്ന രാഷ്ട്രീയ കാട്ടുമൃഗത്തിന്റെ ശില്പി അവനാണെന്ന് ഏഴുതലയും പത്തുകൊമ്പും സൂചിപ്പിക്കുന്നു. ഈ കാട്ടുമൃഗത്തിനും ഏഴുതലയും പത്തുകൊമ്പും ഉണ്ട്. സാത്താന് ഓരോ തലയിലും ഒരു രാജമുടി വീതം—മൊത്തം ഏഴ്—ഉണ്ടായിരുന്നതുകൊണ്ട്, ആ കാട്ടുമൃഗത്താൽ പ്രതിനിധാനം ചെയ്യപ്പെട്ട ലോകശക്തികൾ അവന്റെ ഭരണത്തിൻകീഴിലായിരുന്നുവെന്നു നമുക്ക് ഉറപ്പുളളവരായിരിക്കാൻ കഴിയും. (യോഹന്നാൻ 16:11) പത്തുകൊമ്പുകൾ അവൻ ഈ ലോകത്തിൽ പ്രയോഗിച്ചിരിക്കുന്ന അധികാരത്തിന്റെ പൂർണതയുടെ യോജിക്കുന്ന ഒരു പ്രതീകമാണ്.
9. സർപ്പത്തിന്റെ വാൽ “ആകാശത്തിലെ നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനെ വലിച്ചുകൂട്ടി” ഭൂമിയിലേക്കു തളളുന്നുവെന്ന വസ്തുത എന്തിനെ സൂചിപ്പിക്കുന്നു?
9 സർപ്പത്തിന് ആത്മമണ്ഡലത്തിലും അധികാരമുണ്ട്. അവന്റെ വാലുകൊണ്ട് അവൻ ‘ആകാശത്തിലെ നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനെ വലിച്ചുകൂട്ടുന്നു’. നക്ഷത്രങ്ങൾക്കു ദൂതൻമാരെ പ്രതിനിധാനം ചെയ്യാൻ കഴിയും. (ഇയ്യോബ് 38:6) “മൂന്നിലൊന്നിനെ” എന്ന പരാമർശം ദൂതൻമാരിൽ ഗണ്യമായ ഒരു സംഖ്യ സാത്താനാൽ വഴിതെററിക്കപ്പെട്ടിരിക്കുന്നതായി ദൃഢീകരിക്കും. ഒരിക്കൽ അവന്റെ നിയന്ത്രണത്തിൻകീഴിൽ വന്നാൽ അവർക്കു പിന്നെ രക്ഷയില്ലായിരുന്നു. ദൈവത്തിന്റെ വിശുദ്ധസ്ഥാപനത്തിലേക്ക് അവർക്കു തിരിച്ചുപോകാൻ കഴിയില്ല. അവർ ഭൂതങ്ങൾ ആയിത്തീർന്നു, ഒരു പ്രകാരത്തിൽ പറഞ്ഞാൽ അവരുടെ രാജാവ് അഥവാ ഭരണാധികാരിയായ സാത്താനാൽ വലിച്ചുകൊണ്ടുപോകപ്പെടുന്നു. (മത്തായി 12:24) സാത്താൻ അവരെ ഭൂമിയിലേക്കു തളളിക്കളയുകയും ചെയ്യുന്നു. ഭൂമിയിലേക്കു പോകാനും മനുഷ്യപുത്രിമാരോടുകൂടെ വേഴ്ചനടത്താനും അനുസരണംകെട്ട ദൈവപുത്രൻമാരെ സാത്താൻ പ്രലോഭിപ്പിച്ച, പ്രളയത്തിനുമുമ്പുളള നോഹയുടെ കാലത്തെ ഇതു നിസ്സംശയമായും പരാമർശിക്കുന്നു. ഒരു ശിക്ഷയെന്നനിലയിൽ ദൈവം ഈ “പാപംചെയ്ത ദൂതൻമാരെ” ടാർട്ടറസ് എന്നു വിളിക്കപ്പെടുന്ന ജയിൽസമാന അവസ്ഥയിൽ തളളിയിട്ടിരിക്കുന്നു.—ഉല്പത്തി 6:4; 2 പത്രൊസ് 2:4; യൂദാ 6.
10. ഏതു വിരുദ്ധസ്ഥാപനങ്ങൾ ദൃഷ്ടിപഥത്തിലേക്കു വരുന്നു, സ്ത്രീ പ്രസവിക്കുമ്പോൾ കുട്ടിയെ വിഴുങ്ങാൻ സർപ്പം ശ്രമിക്കുന്നതെന്തുകൊണ്ട്?
10 അങ്ങനെ വിരുദ്ധമായ രണ്ടു സ്ഥാപനങ്ങൾ ദൃഷ്ടിപഥത്തിൽ വന്നിരിക്കുന്നു—സ്ത്രീയാൽ ചിത്രീകരിക്കപ്പെടുന്ന യഹോവയുടെ സ്വർഗീയസ്ഥാപനവും ദൈവത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന സാത്താന്റെ ഭൂതസ്ഥാപനവും തന്നെ. പരമാധികാരത്തിന്റെ വലിയ വിവാദവിഷയം പരിഹരിക്കപ്പെടണം. എന്നാൽ എങ്ങനെ? ഇപ്പോഴും ഭൂതങ്ങളെ തന്നോടൊപ്പം വലിച്ചുകൊണ്ടുനടക്കുന്ന സാത്താൻ, സാധ്യതയുളള ഒരു ഇരയിൽ കണ്ണുനട്ടിരിക്കുന്ന ഒരു ദുഷ്ട കാട്ടുമൃഗത്തെപോലെയാണ്. അവൻ സ്ത്രീ പ്രസവിക്കാനായി കാത്തിരിക്കുകയാണ്. ഈ ഗർഭസ്ഥശിശുവിനെ വിഴുങ്ങാൻ അവൻ ആഗ്രഹിക്കുന്നു, എന്തുകൊണ്ടെന്നാൽ അത് അവന്റെ തുടർന്നുളള അസ്തിത്വത്തിനും അവൻ ഭരണം പ്രയോഗിക്കുന്ന ലോകത്തിനും ഒരു വലിയ ഭീഷണിയാണെന്ന് അവനറിയാം.—യോഹന്നാൻ 14:30.
ഒരു പുത്രൻ, ഒരു ആൺകുട്ടി
11. സ്ത്രീയുടെ കുട്ടിയുടെ ജനനം യോഹന്നാൻ വർണിക്കുന്നതെങ്ങനെ, കുട്ടി “ഒരു പുത്രൻ, ഒരു ആൺകുട്ടി” എന്നു വിളിക്കപ്പെടുന്നതെന്തുകൊണ്ട്?
11 ജനതകൾക്കു ദൈവത്തിന്റെ ഇടപെടൽ കൂടാതെ ഭരിക്കാനുളള നിയമിതകാലം 1914-ൽ അവസാനിച്ചു. (ലൂക്കൊസ് 21:24) അപ്പോൾ കൃത്യസമയത്തു സ്ത്രീ അവളുടെ കുട്ടിയെ പ്രസവിക്കുന്നു: “അവൾ സകലജാതികളെയും ഇരിമ്പുകോൽകൊണ്ടു മേയ്പാനുളേളാരു ആൺകുട്ടിയെ [ഒരു പുത്രൻ, ഒരു ആൺകുട്ടി, NW] പ്രസവിച്ചു; കുട്ടി ദൈവത്തിന്റെ അടുക്കലേക്കും അവന്റെ സിംഹാസനത്തിലേക്കും പെട്ടെന്നു എടുക്കപ്പെട്ടു. സ്ത്രീ മരുഭൂമിയിലേക്കു ഓടിപ്പോയി; അവിടെ അവളെ ആയിരത്തിരുനൂറററുപതു ദിവസം പോറേറണ്ടതിന്നു ദൈവം ഒരുക്കിയോരു സ്ഥലം അവൾക്കുണ്ടു.” (വെളിപ്പാടു 12:5, 6) കുട്ടി “ഒരു പുത്രൻ, ഒരു ആൺകുട്ടി” ആണ്. യോഹന്നാൻ ഈ ഇരട്ടപ്രയോഗം ഉപയോഗിക്കുന്നതെന്തുകൊണ്ട്? വേണ്ടത്ര ശക്തിയോടെ ജനതകളെ ഭരിക്കാനുളള കുട്ടിയുടെ യോജ്യത, അവന്റെ കാര്യക്ഷമത തെളിയിക്കുന്നതിനാണ് യോഹന്നാൻ അതുചെയ്യുന്നത്. ഈ ജനനം എത്ര പ്രധാനവും സന്തോഷകരവും ആയ സന്ദർഭമാണെന്നും അതു ദൃഢീകരിക്കുന്നു! അതു ദൈവത്തിന്റെ പാവനരഹസ്യം ഒരു പൂർത്തീകരണത്തിലേക്കു വരുത്തുന്നതിൽ ഒരു മുഖ്യപങ്കു വഹിക്കുന്നു. എന്തിന്, ഈ ആൺകുട്ടി “സകലജാതികളെയും ഇരിമ്പുകോൽകൊണ്ടു മേയ്”ക്കുകപോലും ചെയ്യും!
12. (എ) സങ്കീർത്തനങ്ങളിൽ, യഹോവ പ്രവചനപരമായി യേശുവിനെ സംബന്ധിച്ച് എന്തു വാഗ്ദത്തം ചെയ്തു? (ബി) സ്ത്രീ “സകല ജാതികളെയും ഇരിമ്പുകോൽകൊണ്ടു മേയ്പാനുളേളാരു” പുത്രനെ പ്രസവിക്കുന്നത് എന്തിനെ പ്രതീകപ്പെടുത്തുന്നു?
12 ഇപ്പോൾ, ആ പദപ്രയോഗം പരിചയമുളളതായി തോന്നുന്നുവോ? ഉവ്വ്, യഹോവ യേശുവിനെക്കുറിച്ചു പ്രവചനപരമായി ഇപ്രകാരം വാഗ്ദത്തം ചെയ്തു: “ഇരിമ്പുകോൽകൊണ്ടു നീ അവരെ തകർക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടെക്കും.” (സങ്കീർത്തനം 2:9) അവനെക്കുറിച്ച് ഇങ്ങനെകൂടെ പ്രവചിച്ചിരുന്നു: “നിന്റെ ബലമുളള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും; നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.” (സങ്കീർത്തനം 110:2) അതുകൊണ്ട് യോഹന്നാൻ കാണുന്ന ജനനം യേശുക്രിസ്തുവിനോട് അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. അല്ല, അതു നമ്മുടെ പൊതുയുഗത്തിന്റെ ഒന്നാം നൂററാണ്ടിനുമുമ്പ് യേശു ഒരു കന്യകയിൽനിന്നു ജനിക്കുന്നതല്ല; അതിന് യേശു പൊ.യു. 33-ൽ ആത്മജീവനിലേക്ക് ഉയിർപ്പിക്കപ്പെടുന്നതിനെയും പരാമർശിക്കാൻ കഴിയില്ല. അതിനുപുറമേ അതു ദേഹാന്തരപ്രാപ്തിയുമല്ല. പിന്നെയോ അത് ഒരു യാഥാർഥ്യമായുളള 1914-ലെ ദൈവരാജ്യത്തിന്റെ ജനനമാണ്—19 നൂററാണ്ടുകളോളം സ്വർഗത്തിൽത്തന്നെ ഉണ്ടായിരുന്ന യേശു ഒരു രാജാവായി ഇപ്പോൾ സിംഹാസനസ്ഥനാകുന്നു.—വെളിപ്പാടു 12:10.
13. ആൺകുട്ടി “ദൈവത്തിന്റെ അടുക്കലേക്കും അവന്റെ സിംഹാസനത്തിലേക്കും” എടുക്കപ്പെടുന്നത് എന്തിനെ സൂചിപ്പിക്കുന്നു?
13 ഒരിക്കലും യഹോവ തന്റെ ഭാര്യയെയോ തന്റെ നവജാത പുത്രനെയോ വിഴുങ്ങാൻ സാത്താനെ അനുവദിക്കുകയില്ല! ജനനത്തിങ്കൽ ആൺകുട്ടി “ദൈവത്തിന്റെ അടുക്കലേക്കും അവന്റെ സിംഹാസനത്തിലേക്കും പെട്ടെന്നു എടുക്ക”പ്പെടുന്നു. അവൻ അങ്ങനെ പൂർണമായും യഹോവയുടെ സംരക്ഷണത്തിൽ വരുന്നു, തന്റെ പരിശുദ്ധനാമത്തെ വിശുദ്ധീകരിക്കാനുളള തന്റെ ഉപകരണമായ ഈ നവജാത രാജ്യത്തെ അവൻ പൂർണമായി പരിരക്ഷിക്കും. അതേസമയം സ്ത്രീ ദൈവം മരുഭൂമിയിൽ അവൾക്കുവേണ്ടി ഒരുക്കിയിരിക്കുന്ന ഒരു സ്ഥലത്തേക്ക് പലായനം ചെയ്യുന്നു. അതു സംബന്ധിച്ചു കൂടുതൽ വിശദാംശങ്ങൾ പിന്നീട്! സാത്താനെ സംബന്ധിച്ചാണെങ്കിൽ സ്വർഗത്തിലെ രാജ്യത്തെ മേലിൽ ഒരിക്കലും അവനു ഭീഷണിപ്പെടുത്താൻ കഴിയാതവണ്ണം അതിപ്രധാനമായ ഒരു സംഭവത്തിന് ഇപ്പോൾ കളമൊരുക്കപ്പെട്ടിരിക്കുന്നു. ആ സംഭവം എന്താണ്?
സ്വർഗത്തിൽ യുദ്ധം!
14. (എ) യോഹന്നാൻ പറയുംപ്രകാരം, ഏതു സംഭവം സാത്താനു വീണ്ടും ഒരിക്കലും രാജ്യത്തെ ഭീഷണിപ്പെടുത്തുന്നത് അസാധ്യമാക്കുന്നു? (ബി) സാത്താനും അവന്റെ ഭൂതങ്ങളും ഏതു പ്രദേശത്ത് ഒതുക്കിനിർത്തപ്പെടുന്നു?
14 യോഹന്നാൻ നമ്മോടു പറയുന്നു: “പിന്നെ സ്വർഗ്ഗത്തിൽ യുദ്ധം ഉണ്ടായി; മീഖായേലും അവന്റെ ദൂതൻമാരും മഹാസർപ്പത്തോടു പടവെട്ടി; തന്റെ ദൂതൻമാരുമായി മഹാസർപ്പവും പടവെട്ടി ജയിച്ചില്ലതാനും. സ്വർഗ്ഗത്തിൽ അവരുടെ സ്ഥലം പിന്നെ കണ്ടതുമില്ല. ഭൂതലത്തെ മുഴുവൻ തെററിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തളളിക്കളഞ്ഞു. അവന്റെ ദൂതൻമാരെയും അവനോടുകൂടെ തളളിക്കളഞ്ഞു.” (വെളിപ്പാടു 12:7-9) അതുകൊണ്ട് ദൈവത്തിന്റെ പാവനരഹസ്യത്തെ ഒരു പൂർത്തീകരണത്തിലേക്കു വരുത്തുന്നതിൽ നാടകീയമായ ഒരു വികാസമെന്നനിലയിൽ സാത്താനെ സ്വർഗത്തിൽനിന്നു ബഹിഷ്കരിക്കുന്നു, അവന്റെ ഭൂതങ്ങളും അവനോടുകൂടെ ഭൂമിയിലേക്കു തളളപ്പെടുന്നു. മുഴുനിവസിതഭൂമിയെയും വഴിതെററിച്ച് അതിന്റെ ദൈവമായിത്തീർന്നവൻ അവന്റെ മത്സരം ആദ്യം തുടങ്ങിയ ഈ ഗ്രഹത്തിന്റെ പരിസരത്ത് ഒടുവിൽ ഒതുക്കിനിർത്തപ്പെടുന്നു.—2 കൊരിന്ത്യർ 4:3, 4.
15, 16. (എ) മീഖായേൽ ആരാണ്, നാം എങ്ങനെ അറിയുന്നു? (ബി) സാത്താനെ സ്വർഗത്തിൽനിന്നു തളളിക്കളയുന്നതു മീഖായേലാണെന്നുളളത് ഉചിതമായിരിക്കുന്നതെന്തുകൊണ്ട്?
15 ഈ മഹാവിജയം യഹോവയുടെ നാമത്തിൽ കൈവരിക്കുന്നത് ആരാണ്? മീഖായേലും അവന്റെ ദൂതൻമാരും ആണെന്നു ബൈബിൾ പറയുന്നു. എന്നാൽ ആരാണ് മീഖായേൽ? “മീഖായേൽ” എന്ന നാമത്തിന്റെ അർഥം “ദൈവത്തെപ്പോലെ ആരുളളു?” എന്നാണ്. അതുകൊണ്ട് മീഖായേൽ, യഹോവയോടു താരതമ്യപ്പെടുത്താൻ ആരുമില്ലെന്നു തെളിയിച്ചുകൊണ്ട് അവന്റെ പരമാധികാരം സംസ്ഥാപിക്കുന്നതിൽ തത്പരനായിരിക്കണം. യൂദാ 9-ാം വാക്യത്തിൽ അവൻ “പ്രധാനദൂതനായ മീഖായേൽ” എന്നു വിളിക്കപ്പെടുന്നു. രസകരമെന്നു പറയട്ടെ, ‘പ്രധാനദൂതൻ’ എന്ന സ്ഥാനപ്പേര് ബൈബിളിൽ മറെറവിടെയും ഒററ വ്യക്തിയെ പരാമർശിച്ച് ഉപയോഗിക്കപ്പെടുന്നു: യേശുക്രിസ്തുവിനെത്തന്നെ.b പൗലോസ് അവനെക്കുറിച്ചു പറയുന്നു: “കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങി”വരും. (ചെരിച്ചെഴുത്ത് ഞങ്ങളുടേത്. [1 തെസ്സലൊനീക്യർ 4:16]) ‘പ്രധാനദൂതൻ’ എന്ന സ്ഥാനപ്പേരിന്റെ അർഥം “ദൂതൻമാരിൽ മുഖ്യൻ” എന്നാണ്. അതുകൊണ്ട് “മീഖായേലും അവന്റെ ദൂതൻമാരും” എന്നു വെളിപ്പാടു പറയുന്നത് ആശ്ചര്യമല്ല. നീതിമാനായ ഒരു ദൈവദാസന് ദൂതൻമാർ കീഴ്പെട്ടിരിക്കുന്നതായി ബൈബിൾ സൂചിപ്പിക്കുന്ന മററു സ്ഥലങ്ങൾ യേശുവിനെ പരാമർശിക്കുന്നു. അങ്ങനെ “കർത്താവായ യേശു തന്റെ ശക്തിയുളള ദൂതൻമാരുമായി സ്വർഗ്ഗത്തിൽനിന്നു . . . പ്രത്യക്ഷനാ”കുന്നതിനെക്കുറിച്ചു പൗലോസ് പറയുന്നു. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—2 തെസ്സലൊനീക്യർ 1:6; ഇതുകൂടെ കാണുക: മത്തായി 24:30, 31; 25:31.
16 ഇവയും മററുതിരുവെഴുത്തുകളും, മീഖായേൽ തന്റെ സ്വർഗീയ സ്ഥാനത്തുളള കർത്താവായ യേശുക്രിസ്തുവല്ലാതെ മററാരുമല്ല എന്ന ഒഴിഞ്ഞുമാറാനാവാത്ത നിഗമനത്തിലേക്കു നമ്മെ നയിക്കുന്നു. ഇപ്പോൾ കർത്താവിന്റെ ദിവസത്തിൽ അവൻ മേലാൽ “യഹോവ നിന്നെ ശകാരിക്കട്ടെ,” എന്നു പറയുക മാത്രമല്ല ചെയ്യുന്നത്. ഇത് ഒരു ന്യായവിധിയുടെ കാലമായതുകൊണ്ടു മീഖായേൽ എന്നനിലയിൽ യേശു ദുഷ്ടനായ സാത്താനെയും അവന്റെ ഭൂതദൂതൻമാരെയും സ്വർഗത്തിൽനിന്നു വലിച്ചെറിയുന്നു. (യൂദാ 9, NW; വെളിപ്പാടു 1:10) അവൻ പുതുതായി അവരോധിക്കപ്പെട്ട രാജാവായതുകൊണ്ട് ഇതു ചെയ്യുന്നത് അവനായിരിക്കണമെന്നുളളതു തികച്ചും ഉചിതമാണ്. യേശു ഒടുവിൽ ആദ്യസർപ്പത്തിന്റെ തല തകർത്ത്, അങ്ങനെ അവനെ അസ്തിത്വത്തിൽനിന്ന് എന്നേക്കുമായി നീക്കം ചെയ്യുന്ന, ഏദെനിൽ വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും ആകുന്നു. (ഉല്പത്തി 3:15) സാത്താനെ സ്വർഗത്തിൽനിന്നു ബഹിഷ്കരിച്ചതിനാൽ യേശു ആ അന്തിമ തകർക്കലിലേക്കു മുന്നേറിയിരിക്കുന്നു.
‘സ്വർഗ്ഗമേ, നിങ്ങൾ ആനന്ദിപ്പിൻ’
17, 18. (എ) സ്വർഗത്തിൽനിന്നുളള സാത്താന്റെ വീഴ്ചയെ സംബന്ധിച്ച് ഏതു സ്വർഗീയപ്രതികരണം യോഹന്നാൻ റിപ്പോർട്ടുചെയ്യുന്നു? (ബി) യോഹന്നാൻ കേൾക്കുന്ന വലിയ ശബ്ദത്തിന്റെ ഉറവ് എന്തായിരിക്കാനിടയുണ്ട്?
17 സാത്താന്റെ സംഭ്രമിപ്പിക്കുന്ന ഈ വീഴ്ചയോടു സന്തോഷകരമായ ഒരു സ്വർഗീയ പ്രതികരണം യോഹന്നാൻ റിപ്പോർട്ടുചെയ്യുന്നു: “അപ്പോൾ ഞാൻ സ്വർഗ്ഗത്തിൽ ഒരു മഹാശബ്ദം പറഞ്ഞുകേട്ടതു: ഇപ്പോൾ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും അവന്റെ ക്രിസ്തുവിന്റെ ആധിപത്യവും തുടങ്ങിയിരിക്കുന്നു; നമ്മുടെ സഹോദരൻമാരെ രാപ്പകൽ ദൈവസന്നിധിയിൽ കുററം ചുമത്തുന്ന അപവാദിയെ തളളിയിട്ടുകളഞ്ഞുവല്ലോ. അവർ അവനെ കുഞ്ഞാടിന്റെ രക്തം ഹേതുവായിട്ടും തങ്ങളുടെ സാക്ഷ്യവചനം ഹേതുവായിട്ടും ജയിച്ചു; മരണപര്യന്തം തങ്ങളുടെ പ്രാണനെ സ്നേഹിച്ചതുമില്ല. ആകയാൽ സ്വർഗ്ഗവും അതിൽ വസിക്കുന്നവരുമായുളേളാരേ, ആനന്ദിപ്പിൻ”.—വെളിപ്പാടു 12:10-12എ.
18 യോഹന്നാൻ കേൾക്കുന്ന വലിയ ശബ്ദം ആരുടേതാണ്? ബൈബിൾ പറയുന്നില്ല. എന്നാൽ വെളിപ്പാടു 11:17-ൽ റിപ്പോർട്ടു ചെയ്തിരിക്കുന്ന സമാനമായ ഒരു ശബ്ദം തങ്ങളുടെ സ്വർഗീയ സ്ഥാനങ്ങളിലിരിക്കുന്ന പുനരുത്ഥാനം പ്രാപിച്ച 24 മൂപ്പൻമാരിൽനിന്നു വന്നു, അവിടെ അവർക്കിപ്പോൾ പുനരുത്ഥാനം പ്രാപിച്ച 1,44,000 വിശുദ്ധൻമാരെ പ്രതിനിധാനം ചെയ്യാൻ കഴിയുന്നു. (വെളിപ്പാടു 11:18) അപ്പോഴും ഭൂമിയിലുളള പീഡിപ്പിക്കപ്പെടുന്ന ദൈവത്തിന്റെ അഭിഷിക്തദാസൻമാരെക്കുറിച്ച് “നമ്മുടെ സഹോദരൻമാരെ” എന്നു പറഞ്ഞിരിക്കുന്നതുകൊണ്ട് ഈ പ്രസ്താവന അതേ ഉറവിൽനിന്നു വരുന്നതു സമുചിതമാണ്. ഈ വിശ്വസ്തർക്കു തങ്ങളുടെ സ്വരം കൂട്ടിച്ചേർക്കാൻ കഴിയുമെന്നതിനു സംശയമില്ല, എന്തുകൊണ്ടെന്നാൽ സാത്താനെയും അവന്റെ ഭൂതസേനകളെയും സ്വർഗത്തിൽനിന്ന് ബഹിഷ്കരിച്ചശേഷം ഉടനെ അവരുടെ പുനരുത്ഥാനം നടക്കുമായിരുന്നു.
19. (എ) ദൈവത്തിന്റെ പാവനരഹസ്യത്തിന്റെ പൂർത്തീകരണം യേശു എന്തുചെയ്യാൻ വഴിതുറക്കുന്നു? (ബി) സാത്താൻ “നമ്മുടെ സഹോദരൻമാരെ . . . കുററം ചുമത്തുന്ന”വൻ എന്നു വിളിക്കപ്പെട്ടതിനാൽ എന്തു സൂചിപ്പിക്കുന്നു?
19 ദൈവത്തിന്റെ പാവനരഹസ്യത്തിന്റെ പൂർത്തീകരണം യേശു യഹോവയുടെ രാജ്യത്തിൽ അധികാരം കയ്യേൽക്കുന്നത് ആവശ്യമാക്കുന്നു. അങ്ങനെ ദൈവത്തിനു വിശ്വസ്ത മനുഷ്യവർഗത്തെ വിടുവിക്കാനുളള തന്റെ ഉദ്ദേശ്യം നിറവേററാൻ വഴിതുറക്കപ്പെടുന്നു. യേശു ഇപ്പോൾ ഭൂമിയിലെ ദൈവഭയമുളള തന്റെ ശിഷ്യൻമാർക്കുമാത്രമല്ല രക്ഷ കൈവരുത്തുന്നത്, പിന്നെയോ ദൈവത്തിന്റെ ഓർമയിലുളള ലക്ഷക്കണക്കിനു മൃതർക്കുകൂടെയാണ്. (ലൂക്കൊസ് 21:27, 28) സാത്താൻ “നമ്മുടെ സഹോദരൻമാരെ . . . കുററം ചുമത്തുന്ന”വൻ എന്നു വിളിക്കപ്പെട്ടിരിക്കുന്നത്, ഇയ്യോബിനെതിരെയുളള അവന്റെ ആരോപണങ്ങൾ തെറെറന്നു തെളിയിക്കപ്പെട്ടെങ്കിലും അവൻ വീണ്ടും ദൈവത്തിന്റെ ഭൗമികദാസൻമാരുടെ നിർമലതയെ വെല്ലുവിളിക്കുന്നതിൽ തുടരുന്നുവെന്നു പ്രകടമാക്കുന്നു. തെളിവനുസരിച്ച്, ഒരു മനുഷ്യൻ തന്റെ ദേഹിക്കുവേണ്ടി തനിക്കുളള സകലതും വെച്ചുകൊടുക്കുമെന്നുളള ആരോപണം അവൻ പല സന്ദർഭങ്ങളിൽ ആവർത്തിച്ചു. സാത്താൻ എത്ര ദാരുണമായി പരാജയപ്പെട്ടിരിക്കുന്നു!—ഇയ്യോബ് 1:9-11; 2:4, 5.
20. വിശ്വസ്തക്രിസ്ത്യാനികൾ സാത്താനെ ജയിച്ചിരിക്കുന്നതെങ്ങനെ?
20 “കുഞ്ഞാടിന്റെ രക്തം ഹേതുവായി” നീതിമാൻമാരായി എണ്ണപ്പെടുന്ന അഭിഷിക്തർ പീഡനങ്ങൾ ഗണ്യമാക്കാതെ ദൈവത്തിനും യേശുക്രിസ്തുവിനും സാക്ഷ്യം വഹിക്കുന്നതിൽ തുടരുന്നു. ഇപ്പോൾ നൂറിലധികം വർഷമായി യോഹന്നാൻവർഗം, 1914-ലെ ജാതികളുടെ കാലത്തിന്റെ അവസാനത്തിൽ ഉൾപ്പെട്ടിരുന്ന വലിയ വിവാദവിഷയങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടിരിക്കുന്നു. (ലൂക്കോസ് 21:24, കിങ് ജയിംസ് വേർഷൻ) അവരോടുചേർന്ന് ഇപ്പോൾ മഹാപുരുഷാരവും വിശ്വസ്തമായി സേവിച്ചുകൊണ്ടിരിക്കുന്നു. യഹോവയുടെ സാക്ഷികളുടെ യഥാർഥ ജീവിതാനുഭവങ്ങൾ ഈ 20-ാം നൂററാണ്ടിൽ ആവർത്തിച്ചാവർത്തിച്ചു പ്രകടമാക്കിയിരിക്കുന്നപ്രകാരം ഇവരിൽ ആരും “ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെ”ടുന്നവരല്ല. വാക്കിലും ഉചിതമായ ക്രിസ്തീയനടത്തയിലും അവർ സാത്താനെ ജയിച്ചിരിക്കുന്നു, അവൻ ഒരു നുണയനാണെന്നു യുക്തമായി തെളിയിച്ചുകൊണ്ടുതന്നെ. (മത്തായി 10:28; സദൃശവാക്യങ്ങൾ 27:11; വെളിപ്പാടു 7:9) സ്വർഗത്തിലേക്ക് ഉയിർപ്പിക്കപ്പെടുമ്പോൾ അഭിഷിക്ത ക്രിസ്ത്യാനികൾ എത്ര സന്തോഷമുളളവർ ആയിരിക്കണം, അവരുടെ സഹോദരൻമാരെ കുററപ്പെടുത്താൻ സാത്താൻ അവിടെ ഇല്ലാത്തതുകൊണ്ടുതന്നെ! ഇത് എല്ലാ ദൂതസൈന്യങ്ങൾക്കും, “സ്വർഗ്ഗവും അതിൽ വസിക്കുന്നവരുമായുളേളാരേ, ആനന്ദിപ്പിൻ” എന്ന ക്ഷണത്തോടു സന്തോഷകരമായി പ്രതികരിക്കാനുളള സമയമാണ്.
ഒരു വിരുദ്ധ കഷ്ടം!
21. സാത്താൻ ഭൂമിക്കും സമുദ്രത്തിനും കഷ്ടം വരുത്തിയിരിക്കുന്നതെങ്ങനെ?
21 മൂന്നാം കഷ്ടം നിമിത്തം ക്ഷുഭിതനായി, സാത്താൻ തന്റെ സ്വന്തം തരത്തിലുളള കഷ്ടംകൊണ്ടു മനുഷ്യവർഗത്തെ ബാധിക്കാൻ ഇപ്പോൾ ലക്ഷ്യമിട്ടിരിക്കുകയാണ്. അത് ഇതാണ്: “ഭൂമിക്കും സമുദ്രത്തിന്നും അയ്യോ കഷ്ടം; പിശാചു തനിക്കു അല്പകാലമേയുളളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.” (വെളിപ്പാടു 12:12ബി) സ്വർഗത്തിൽനിന്നുളള സാത്താന്റെ ബഹിഷ്കരണം വാസ്തവത്തിൽ അക്ഷരാർഥഭൂമിക്കു കഷ്ടമാണ്, അത് അവന്റെ നിയന്ത്രണത്തിലുളള സ്വാർഥമനുഷ്യരാൽ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. (ആവർത്തനപുസ്തകം 32:5) അതിലുപരി ‘ഭരിക്കുക അല്ലെങ്കിൽ മുടിക്കുക’ എന്ന സാത്താന്റെ നയം മനുഷ്യസമുദായത്തിന്റെ ചട്ടക്കൂടായ പ്രതീകാത്മക ഭൂമിക്കും പ്രക്ഷുബ്ധമായ മനുഷ്യവർഗസമൂഹമാകുന്ന പ്രതീകാത്മക സമുദ്രത്തിനും കഷ്ടം വരുത്തുന്നു. സാത്താന്റെ ക്രോധം രണ്ടു ലോകമഹായുദ്ധങ്ങളിൽ അവനു വിധേയരായ ജനതകളുടെ ക്രോധത്തിൽ പ്രതിഫലിച്ചിരിക്കുന്നു, ഭൂതകോപത്തിന്റെ സമാനമായ സ്ഫോടനങ്ങൾ ഈ നാൾവരെ തുടർന്നിരിക്കുന്നു—അതിദീർഘ കാലഘട്ടത്തേക്കല്ലെങ്കിലും! (മർക്കൊസ് 13:7, 8) സാത്താന്റെ പദ്ധതികൾ ഭീകരമാണെങ്കിലും അത് മൂന്നാം കഷ്ടം—ദൈവരാജ്യത്തിന്റെ നടപടി—സാത്താന്റെ ദൃശ്യസ്ഥാപനത്തിനു കൈവരുത്തുന്ന കഷ്ടതരമായ ഫലത്തിന് അടുത്തെങ്ങും എത്തുകയില്ല!
22, 23. (എ) സർപ്പം ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടശേഷം എന്തു സംഭവിക്കുന്നതായി യോഹന്നാൻ പറയുന്നു? (ബി) “ആൺകുട്ടിയെ പ്രസവിച്ച സ്ത്രീയെ” പീഡിപ്പിക്കാൻ സർപ്പത്തിനു കഴിയുന്നതെങ്ങനെ?
22 സാത്താന്റെ വിപത്കരമായ ബഹിഷ്കരണത്തെ തുടർന്ന് ഇപ്പോഴും ഭൂമിയിലുളള ക്രിസ്തുവിന്റെ സഹോദരൻമാർ അവന്റെ കോപത്തിന്റെ സിംഹഭാഗവും അനുഭവിച്ചിരിക്കുന്നു. യോഹന്നാൻ റിപ്പോർട്ടുചെയ്യുന്നു: “തന്നെ ഭൂമിയിലേക്കു തളളിക്കളഞ്ഞു എന്നു മഹാസർപ്പം കണ്ടിട്ടു ആൺകുട്ടിയെ പ്രസവിച്ച സ്ത്രീയെ ഉപദ്രവിച്ചുതുടങ്ങി. അപ്പോൾ സ്ത്രീക്കു മരുഭൂമിയിൽ തന്റെ സ്ഥലത്തേക്കു പറന്നുപോകേണ്ടതിന്നു വലിയ കഴുകിന്റെ രണ്ടു ചിറകു ലഭിച്ചു; അവിടെ അവളെ സർപ്പത്തോടു അകലെ ഒരുകാലവും ഇരുകാലവും അരക്കാലവും പോററിരക്ഷിച്ചു.”—വെളിപ്പാടു 12:13, 14.
23 ഇവിടെ ദർശനം 6-ാം വാക്യത്തിൽ അവതരിപ്പിച്ച ആശയം വീണ്ടും എടുക്കുന്നു, സ്ത്രീ അവളുടെ കുട്ടിയെ പ്രസവിച്ചശേഷം സർപ്പത്തിൽനിന്നകലെ മരുഭൂമിയിലേക്കു പലായനം ചെയ്യുന്നതായി അവിടെ നമ്മോടു പറയുന്നു. അവൾ സ്വർഗത്തിലായതുകൊണ്ടും സർപ്പം ഇപ്പോൾ ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടിരിക്കുന്നതുകൊണ്ടും സർപ്പത്തിനു സ്ത്രീയെ എങ്ങനെ പീഡിപ്പിക്കാൻ കഴിയുമെന്നു നാം അതിശയിച്ചേക്കാം. കൊളളാം, സ്ത്രീക്ക് ഇവിടെ ഭൂമിയിൽ മക്കൾ, അവളുടെ സന്തതിയുണ്ടെന്ന് ഓർക്കുക. അവളുടെ സന്തതിയെ പീഡിപ്പിച്ചുകൊണ്ടു സാത്താൻ സ്ത്രീയുടെനേർക്കു തന്റെ കോപം പ്രകടമാക്കുന്നതായി ഈ ദർശനത്തിൽ പിന്നീടു നമുക്ക് അറിവുതരുന്നു. (വെളിപ്പാടു 12:17) ഇവിടെ ഭൂമിയിലുളള സ്ത്രീയുടെ സന്തതിക്കു സംഭവിക്കുന്നതു സ്ത്രീക്കുതന്നെ സംഭവിക്കുന്നതായി പരിഗണിക്കാൻ കഴിയും. (താരതമ്യം ചെയ്യുക: മത്തായി 25:40.) ഇവിടെ ഭൂമിയിൽ വർധിച്ചുവരുന്ന സന്തതിയുടെ കൂട്ടാളികളും ഈ പീഡനങ്ങൾ അനുഭവിക്കും.
ഒരു പുതിയ ജനത
24. ഈജിപ്തിൽനിന്നുളള ഇസ്രായേല്യരുടെ വിടുതലിനു സമാനമായ ഏതനുഭവം ബൈബിൾ വിദ്യാർഥികൾക്കുണ്ടായി?
24 ഒന്നാം ലോകമഹായുദ്ധം നടന്നുകൊണ്ടിരിക്കെ യേശുവിന്റെ സഹോദരൻമാർ അവരുടെ സാക്ഷീകരണം കഴിയുന്നത്ര വിശ്വസ്തമായി നടത്തിക്കൊണ്ടിരുന്നു. സാത്താനിൽനിന്നും അവന്റെ ദുഷ്ടകയ്യാളൻമാരിൽനിന്നുമുളള രൂക്ഷമായ എതിർപ്പിൻ മധ്യേ ഇതു ചെയ്യപ്പെട്ടു. ഒടുവിൽ ബൈബിൾ വിദ്യാർഥികളുടെ പരസ്യസാക്ഷീകരണം ഫലത്തിൽ നിർത്തപ്പെട്ടു. (വെളിപ്പാടു 11:7-10) അത് ഈജിപ്തിൽ വലിയ മർദനത്തിൻകീഴിൽ സഹിച്ചുനിന്ന ഇസ്രായേല്യരുടേതിനോടു വളരെ സമാനമായ ഒരു അനുഭവം അവർക്കുണ്ടായപ്പോഴായിരുന്നു. യഹോവ സീനായ് മരുഭൂമിയിലെ സുരക്ഷിതസ്ഥലത്തേക്കു കഴുകന്റെ ചിറകുകളിലെന്നപോലെ അവരെ പെട്ടെന്നു കൊണ്ടുവന്നത് അപ്പോഴായിരുന്നു. (പുറപ്പാടു 19:1-4) അതുപോലെ 1918-19-ലെ കഠിന പീഡനത്തിനുശേഷം യഹോവ തന്റെ സ്ത്രീയെ പ്രതിനിധാനം ചെയ്യുന്ന ഈ സാക്ഷികളെ ഇസ്രായേല്യർക്കു മരുഭൂമി സുരക്ഷിതമായിരുന്നതുപോലെ സുരക്ഷിതമായ ഒരു ആത്മീയാവസ്ഥയിലേക്കു വിടുവിച്ചു. ഇത് അവരുടെ പ്രാർഥനകൾക്ക് ഉത്തരമായി ലഭിച്ചു.—താരതമ്യം ചെയ്യുക: സങ്കീർത്തനം 55:6-9.
25. (എ) ഇസ്രായേല്യരെ മരുഭൂമിയിൽ ഒരു ജനതയായി ജനിപ്പിച്ചതുപോലെ 1919-ൽ യഹോവ എന്തിനെ ജനിപ്പിച്ചു? (ബി) ഈ ജനത ആർ ചേർന്നു രൂപീകൃതമാകുന്നു, അവർ എന്തിലേക്ക് ആനയിക്കപ്പെട്ടിരിക്കുന്നു?
25 മരുഭൂമിയിൽ യഹോവ ഇസ്രായേല്യരെ ഒരു ജനതയായി ജനിപ്പിച്ചു, ആത്മീയമായും ശാരീരികമായും അവർക്കുവേണ്ടി കരുതി. അതുപോലെതന്നെ, 1919-ൽ തുടങ്ങി യഹോവ സ്ത്രീയുടെ സന്തതിയെ ഒരു ആത്മീയജനതയായി ജനിപ്പിച്ചു. ഇത് 1914 മുതൽ സ്വർഗത്തിൽനിന്നു ഭരിക്കുന്ന മിശിഹൈകരാജ്യവുമായി കൂട്ടിക്കുഴക്കേണ്ടതല്ല. പിന്നെയോ ഈ പുതിയ ജനത ഭൂമിയിലെ അഭിഷിക്ത ക്രിസ്ത്യാനികളുടെ ശേഷിപ്പു ചേർന്നു രൂപീകൃതമാകുന്നു, 1919-ൽ മഹത്തായ ഒരു ആത്മീയ സ്ഥിതിയിലേക്കു അവർ ആനയിക്കപ്പെട്ടു. ഇപ്പോൾ “തക്കസമയത്തു ആഹാരവീതം” നൽകപ്പെട്ടതിനാൽ മുമ്പിൽ സ്ഥിതിചെയ്യുന്ന വേലക്കായി അവർ ബലിഷ്ഠരാക്കപ്പെട്ടു.—ലൂക്കൊസ് 12:42; യെശയ്യാവു 66:8.
26. (എ) വെളിപ്പാടു 12:6, 14-ൽ പരാമർശിച്ചിരിക്കുന്ന കാലഘട്ടം എത്ര ദൈർഘ്യമുളളതാണ്? (ബി) മൂന്നര കാലങ്ങളുടെ ആ ഘട്ടത്തിന്റെ ഉദ്ദേശ്യമെന്തായിരുന്നു, അത് എപ്പോൾ തുടങ്ങി, എപ്പോൾ തീർന്നു?
26 ദൈവത്തിന്റെ സ്ത്രീയുടെ സന്തതിക്ക് ഈ സ്വസ്ഥത എത്രകാലം നിലനിന്നു? വെളിപ്പാടു 12:6 1,260 ദിവസം എന്നു പറയുന്നു. ആ കാലഘട്ടത്തെ വെളിപ്പാടു 12:14 ഒരുകാലവും ഇരുകാലവും അരക്കാലവും എന്നു വിളിക്കുന്നു; മററു വാക്കുകളിൽ, മൂന്നര കാലങ്ങൾ. വാസ്തവത്തിൽ രണ്ടു പ്രയോഗങ്ങളും മൂന്നര വർഷത്തെ പ്രതിനിധാനം ചെയ്യുന്നു, ഉത്തരാർധ ഗോളത്തിൽ 1919-ന്റെ വസന്തകാലം മുതൽ 1922-ന്റെ ശരത്കാലം വരെ നീണ്ടുകിടക്കുന്നതു തന്നെ. ഇതു പുനഃസ്ഥിതീകരിക്കപ്പെട്ട യോഹന്നാൻവർഗത്തിന് ആരോഗ്യം വീണ്ടെടുക്കാനും വീണ്ടും സംഘടിക്കാനുമുളള ഒരു കാലഘട്ടമായിരുന്നു.
27. (എ) യോഹന്നാന്റെ റിപ്പോർട്ടനുസരിച്ച് 1922-നു ശേഷം സർപ്പം എന്തു ചെയ്തു? (ബി) സാക്ഷികൾക്കെതിരെ പീഡനത്തിന്റെ ഒരു പ്രളയം അഴിച്ചുവിട്ടതിൽ സാത്താന്റെ ഉദ്ദേശ്യം എന്തായിരുന്നു?
27 സർപ്പം വിട്ടുകളഞ്ഞില്ല! “സർപ്പം സ്ത്രീയെ ഒഴുക്കിക്കളയേണ്ടതിന്നു അവളുടെ പിന്നാലെ തന്റെ വായിൽനിന്നു നദിപോലെ വെളളം ചാടിച്ചു.” (വെളിപ്പാടു 12:15) “നദിപോലെ വെളളം” അഥവാ “ഒരു ജലപ്രളയം” (ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ) എന്നതിനാൽ എന്തർഥമാക്കുന്നു? പുരാതന ദാവീദ രാജാവ് തന്നെ എതിർത്ത ദുഷ്ടമനുഷ്യരെക്കുറിച്ച് “ഒന്നിനും കൊളളാത്ത മനുഷ്യരുടെ പെരുവെളളങ്ങൾ” [“വിലകെട്ടവരുടെ അരുവികൾ,” യങ്] എന്നു പറഞ്ഞു. (സങ്കീർത്തനം 18:4, 5, 16, 17, NW) സാത്താൻ ഇപ്പോൾ അഴിച്ചു വിടുന്നത് അതുപോലെ വിലകെട്ടവരുടെ അഥവാ “ഒന്നിനും കൊളളാത്ത മനുഷ്യരുടെ” പീഡനമാണ്. സാത്താൻ 1922-നുശേഷം സാക്ഷികൾക്കെതിരെ പീഡനത്തിന്റെ ഒരു പ്രളയം തന്നെ അഴിച്ചുവിട്ടു. (മത്തായി 24:9-13) ഇതിൽ ദേഹോപദ്രവവും “നിയമത്തിലൂടെ കുഴപ്പം ഉണ്ടാക്കലും” തടവും, തൂക്കിലിട്ടും വെടിവെച്ചും ശിരഃച്ഛേദനത്തിലൂടെയുമുളള വധങ്ങൾപോലും ഉൾപ്പെട്ടിരുന്നു. (സങ്കീർത്തനം 94:20, NW) നേരിട്ടു ദൈവത്തിന്റെ സ്വർഗീയസ്ത്രീയെ സമീപിക്കുന്നതു നിഷേധിക്കപ്പെട്ട, താഴ്ത്തപ്പെട്ട സാത്താൻ ഭൂമിയിലുളള അവളുടെ സന്തതിയിൽ ശേഷിക്കുന്നവരെ ആക്രമിക്കാനും നേരിട്ടോ അവരുടെ നിർമലത തകർത്തുകൊണ്ട് അവർക്കു ദൈവപ്രീതി നഷ്ടപ്പെടാൻ ഇടയാക്കിക്കൊണ്ടോ അവരെ നശിപ്പിക്കുന്നതിനും കോപത്തോടെ പുറപ്പെട്ടു. എന്നാൽ അവരുടെ നിശ്ചയം ഇയ്യോബിന്റേതുപോലെയാണെന്നു തെളിഞ്ഞു: ഞാൻ “മരിക്കുവോളം എന്റെ നിഷ്ക്കളങ്കത്വം ഉപേക്ഷിക്കുകയുമില്ല.”—ഇയ്യോബ് 27:5.
28. രണ്ടാം ലോകമഹായുദ്ധകാലത്തു പീഡനത്തിന്റെ പ്രളയം അത്യുച്ചനിലയിൽ എത്തിയതെങ്ങനെ?
28 ഈ ദുഷ്ടമായ പീഡനപ്രളയം രണ്ടാം ലോകമഹായുദ്ധത്തിൽ ഒരു ഉച്ചനിലയിൽ എത്തി. യൂറോപ്പിൽ ഏതാണ്ടു പതിനായിരം സാക്ഷികൾ നാസി തടങ്കൽപ്പാളയങ്ങളിൽ തുറുങ്കിലടയ്ക്കപ്പെട്ടു, ആയിരങ്ങൾ മരിക്കുകയും ചെയ്തു. ഇററലിയും ജപ്പാനും കൊറിയയും തയ്വാനും ഭരിച്ച യുദ്ധപ്രഭുക്കളുടെ കീഴിൽ വിശ്വസ്തസാക്ഷികൾ സമാനമായ ക്രൂരപെരുമാററം സഹിച്ചു. ജനാധിപത്യരാജ്യങ്ങളെന്നു വിളിക്കപ്പെടുന്നിടത്തുപോലും സാക്ഷികൾ കത്തോലിക്കാ സേവക സംഘങ്ങളാൽ ആക്രമിക്കപ്പെട്ടു, ടാറൊഴിച്ച് തൂവൽകെട്ടി കളിയാക്കപ്പെട്ടു, പട്ടണങ്ങളിൽനിന്ന് ആട്ടിയോടിക്കപ്പെടുകയും ചെയ്തു. ക്രിസ്തീയ സമ്മേളനങ്ങൾ കലക്കുകയും സാക്ഷിക്കുട്ടികളെ സ്കൂളിൽനിന്നു പുറത്താക്കുകയും ചെയ്തു.
29. (എ) ഒരു അപ്രതീക്ഷിത ഉറവിൽനിന്ന് ആശ്വാസം വരുന്നതിനെ യോഹന്നാൻ വർണിക്കുന്നതെങ്ങനെ? (ബി) “ഭൂമി സ്ത്രീക്കു തുണനി”ന്നത് എങ്ങനെ? (സി) സർപ്പം എന്തു ചെയ്യുന്നതിൽ തുടർന്നിരിക്കുന്നു?
29 ഒരു അപ്രതീക്ഷിത ഉറവിൽനിന്ന് ആശ്വാസം വന്നു: “എന്നാൽ ഭൂമി സ്ത്രീക്കു തുണനിന്നു; മഹാസർപ്പം വായിൽനിന്നു ചാടിച്ച നദിയെ ഭൂമി വായ്തുറന്നു വിഴുങ്ങിക്കളഞ്ഞു. മഹാസർപ്പം സ്ത്രീയോടു കോപിച്ചു, ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉളളവരുമായി അവളുടെ സന്തതിയിൽ ശേഷിപ്പുളളവരോടു യുദ്ധം ചെയ്വാൻ പുറപ്പെട്ടു”. (വെളിപ്പാടു 12:16, 17എ) “ഭൂമി”—സാത്താന്റെ സ്വന്തം വ്യവസ്ഥിതിയിലെ ഘടകങ്ങൾ—“നദിയെ” അഥവാ “പ്രളയത്തെ” വിഴുങ്ങാൻ തുടങ്ങി. സാക്ഷികൾ 1940-കളിൽ ഐക്യനാടുകളിലെ സുപ്രീം കോടതിയിൽനിന്നും ആരാധനാസ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിച്ച മററു ചില ദേശങ്ങളിലെ ഭരണാധികാരികളിൽനിന്നും അനുകൂലമായ വിധികളുടെ ഒരു പരമ്പരതന്നെ സമ്പാദിച്ചു. ഒടുവിൽ സഖ്യരാഷ്ട്രങ്ങൾ നാസി-ഫാസിസ്ററ് നരബലി വിഴുങ്ങിക്കളഞ്ഞു, അതു ക്രൂരരായ സ്വേച്ഛാധിപതികളുടെ കീഴിൽ കഷ്ടം സഹിച്ച സാക്ഷികൾക്ക് ആശ്വാസമായി. പീഡനങ്ങൾ നിശ്ശേഷം അവസാനിച്ചില്ല, എന്തെന്നാൽ സർപ്പത്തിന്റെ ക്രോധം ഇന്നുവരെ തുടർന്നിരിക്കുന്നു, “യേശുവിന്റെ സാക്ഷ്യം ഉളള”വർക്കെതിരെ അവൻ യുദ്ധം തുടരുകയും ചെയ്യുന്നു. അനേകം ദേശങ്ങളിൽ വിശ്വസ്തസാക്ഷികൾ ഇപ്പോഴും ജയിലിലാണ്, ചിലർ ഇപ്പോഴും തങ്ങളുടെ നിർമലത ഹേതുവായി മരിക്കുകയും ചെയ്യുന്നു. എന്നാൽ ഈ ദേശങ്ങളിൽ ചിലതിൽ അധികാരികൾ കാലാകാലങ്ങളിൽ അവരുടെ സമ്മർദത്തിന് അയവുവരുത്തുന്നു, സാക്ഷികൾ കൂടിയ അളവിൽ സ്വാതന്ത്ര്യം അനുഭവിക്കുകയും ചെയ്യുന്നു.c അങ്ങനെ, പ്രവചന നിവൃത്തിയിൽ ഭൂമി പീഡനത്തിന്റെ നദിയെ വിഴുങ്ങുന്നതിൽ തുടരുന്നു.
30. (എ) എന്തു സംഭവിക്കുന്നതിനു ഭൂമി ആവശ്യമായ ആശ്വാസം നൽകിയിരിക്കുന്നു? (ബി) ദൈവജനത്തിന്റെ നിർമലത എന്തിൽ കലാശിക്കുന്നു?
30 ഈ വിധത്തിൽ, ഭൂമി ദൈവത്തിന്റെ വേല 200-ലധികം ദേശങ്ങളിലേക്ക് വ്യാപിക്കാനും സുവാർത്തയുടെ 40 ലക്ഷത്തിലധികം വിശ്വസ്തപ്രസംഗകരെ ഉത്പാദിപ്പിക്കാനും അനുവദിക്കുന്നതിനു വേണ്ടത്ര ആശ്വാസം പകർന്നിരിക്കുന്നു. സ്ത്രീയുടെ സന്തതിയിൽ ശേഷിക്കുന്നവരോടൊത്തു പുതിയ വിശ്വാസികളുടെ ഒരു വലിയ സാർവദേശീയ സമൂഹം ലോകത്തിൽനിന്നുളള വേർപാടും ശുദ്ധമായ ധാർമികനിലവാരങ്ങളും സഹോദരങ്ങളോടുളള സ്നേഹവും സംബന്ധിച്ച ദൈവത്തിന്റെ കൽപ്പനകൾ അനുസരിച്ചുകൊണ്ടിരിക്കുന്നു, അവർ മിശിഹൈകരാജ്യത്തിനു സാക്ഷ്യം വഹിക്കുകയുമാണ്. അവരുടെ നിർമലത സാത്താന്റെ നിന്ദ്യമായ വെല്ലുവിളിക്ക് ഉത്തരം നൽകുന്നു, തന്നിമിത്തം സാത്താനും അവന്റെ വ്യവസ്ഥിതിക്കും മരണമണി മുഴക്കപ്പെടുന്നു.—സദൃശവാക്യങ്ങൾ 27:11.
[അടിക്കുറിപ്പുകൾ]
a ജഡിക ഇസ്രായേലിന്റെ 12 ഗോത്രങ്ങൾ, 12 അപ്പോസ്തലൻമാർ, ആത്മീയ ഇസ്രായേലിന്റെ 12 ഗോത്രങ്ങൾ, 12 പടിവാതിലുകൾ, 12 ദൂതൻമാർ, പുതിയ യെരുശലേമിന്റെ 12 അടിസ്ഥാനക്കല്ലുകൾ, എന്നിവ താരതമ്യം ചെയ്യുക.—വെളിപ്പാടു 21:12-14.
b എന്നിരുന്നാലും, ‘മഹാസർപ്പവും അവന്റെ ദൂതൻമാരും’ എന്നു വെളിപ്പാടു 12:9 പറയുന്നതു കുറിക്കൊളളുക. അതുകൊണ്ടു പിശാച് സ്വയം ഒരു കപടദൈവം ആയിത്തീരുന്നു എന്നുമാത്രമല്ല, പിന്നെയോ അവൻ ഒരു പ്രധാനദൂതനായിത്തീരാൻ ശ്രമിക്കുകയും ചെയ്യുന്നു, ബൈബിൾ അവന് ആ സ്ഥാനപ്പേർ നൽകുന്നില്ലെങ്കിൽത്തന്നെയും.
c അനവധി ദേശങ്ങളിൽ ഉന്നത കോടതികൾ യഹോവയുടെ സാക്ഷികൾക്ക് ആശ്വാസം നൽകിയിട്ടുണ്ട്; ഈ വിധികളിൽ ചിലതു 92-ാം പേജിലെ ചതുരത്തിൽ പരാമർശിക്കുന്നു.
[185-ാം പേജിലെ ചതുരം]
‘ഭൂമി അതിന്റെ വായ് തുറന്നു’
സാത്താന്റെ പീഡനപ്രളയം അനേകം ദേശങ്ങളിൽ അഭിഷിക്ത ക്രിസ്ത്യാനികൾക്കും അവരുടെ കൂട്ടാളികൾക്കും എതിരെ അഴിച്ചുവിടപ്പെട്ടിരിക്കുന്നു. എങ്കിലും സാത്താന്റെ സ്വന്തം വ്യവസ്ഥിതിയിലെ വികാസങ്ങൾ പലപ്പോഴും ആ പ്രളയത്തെ വിഴുങ്ങിക്കളയുന്നതിൽ കലാശിച്ചിരിക്കുന്നു.
കൂട്ടംകൂടിയുളള ആക്രമണത്തിന്റെ പ്രളയവും തടവുകളും ഐക്യനാടുകളിൽ 1940-കളിലെ അനുകൂലമായ സുപ്രീം കോടതി വിധികളാൽ അധികപങ്കും വിഴുങ്ങപ്പെട്ടു.
1945: ദുഷ്ടമായ പീഡനം ജർമനിയുടെയും ജപ്പാന്റെയും അധീനതയിലുളള ദേശങ്ങളിൽ ഉണ്ടായപ്പോൾ അതിനു രണ്ടാം ലോകമഹായുദ്ധത്തിൽ സഖ്യകക്ഷിയുടെ ജയം വിരാമമിട്ടു.
ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ യഹോവയുടെ സാക്ഷികളുടെമേൽ ഒരു നിരോധനം ഏർപ്പെടുത്തിയപ്പോൾ സാക്ഷികൾ തടവിലാക്കപ്പെട്ടു, ചാട്ടപ്രഹരം ഏററു, തോക്കിൻ പാത്തികൊണ്ടുളള അടിയുമേററു. സ്വേച്ഛാധിപതിയായിരുന്ന റഫായേൽ ട്രൂജില്ലോയും റോമൻ കത്തോലിക്കാ സഭയും തമ്മിൽ 1960-ൽ ഉണ്ടായ ഒരു പിണക്കം യഹോവയുടെ സാക്ഷികളുടെമേലുളള നിരോധനം നീക്കുന്നതിലേക്കു നയിച്ചു.
നൈജീരിയയിൽ ഒരു ആഭ്യന്തരയുദ്ധസമയത്തു സാക്ഷികളുടെമേൽ ഉണ്ടായ വെടിവെപ്പും തീവെപ്പും ബലാൽസംഗവും പ്രഹരവും ദണ്ഡനവും കൊലയും, 1970-ൽ അവസാനിച്ചു, ഇതെല്ലാം സംഭവിച്ചുകൊണ്ടിരുന്ന വിഘടിത പ്രവിശ്യ ഗവൺമെൻറുസേനകൾ പിടിച്ചടക്കിയപ്പോൾത്തന്നെ.
സ്പെയിനിൽ വീടുകൾ പരിശോധിച്ച്, ദൈവത്തെക്കുറിച്ചു സംസാരിക്കുകയും ക്രിസ്തീയയോഗങ്ങൾ നടത്തുകയും ചെയ്തുവെന്ന “കുററ”ത്തിനു ക്രിസ്ത്യാനികളെ തടവിലാക്കുകയും അവർക്കു പിഴയിടുകയും ചെയ്തുകൊണ്ടിരുന്നു. കത്തോലിക്കേതര മതങ്ങളോടുളള ഗവൺമെൻറ് നയത്തിൽ വന്ന ഒരു മാററത്തിന്റെ ഫലമായി യഹോവയുടെ സാക്ഷികൾക്കു നിയമപരമായി രജിസ്ററർ ചെയ്യാൻ അനുമതി ലഭിച്ചപ്പോൾ ഈ പീഡനം ഒടുവിൽ 1970-ൽ അവസാനിച്ചു.
പോർച്ചുഗലിൽ നൂറുകണക്കിനു ഭവനങ്ങൾ വാറണ്ടില്ലാതെ പരിശോധിക്കപ്പെട്ടു. സാക്ഷികളെ ദേഹോപദ്രവം ഏൽപ്പിക്കുകയും തടവിലാക്കുകയും ചെയ്തു, അവരുടെ ബൈബിളുകൾ കണ്ടുകെട്ടി. 1974-ൽ ഒരു സൈനിക വിപ്ലവം ഗവൺമെൻറിന് ഒരു മാററം വരുത്തുകയും കൂട്ടം കൂടാനുളള സ്വാതന്ത്ര്യം അനുവദിക്കുന്ന ഒരു നിയമം പാസാക്കുകയും ചെയ്തപ്പോൾ ഈ ഭീകരകൃത്യത്തെ ‘വിഴുങ്ങിക്കളഞ്ഞു.’
അർജൻറീനയിൽ ഒരു പട്ടാള ഗവൺമെൻറിൻകീഴിൽ യഹോവയുടെ സാക്ഷികളുടെ കുട്ടികൾ സ്കൂളിൽനിന്നു ബഹിഷ്കരിക്കപ്പെട്ടു, സുവാർത്ത പ്രസംഗിച്ചതിനു രാജ്യത്തെമ്പാടും സാക്ഷികൾ അറസ്ററു ചെയ്യപ്പെടുകയും ചെയ്തു. ഈ പീഡനം ഒടുവിൽ 1984-ൽ അന്നു ഭരിച്ചിരുന്ന ഗവൺമെൻറ് യഹോവയുടെ സാക്ഷികളുടെ സമൂഹത്തെ നിയമപരമായി അംഗീകരിച്ചപ്പോൾ അവസാനിച്ചു.
[183-ാം പേജിലെ രേഖാചിത്രം]
1914 രാജ്യത്തിന്റെ ജനനം
1919 പുതിയ ജനതയുടെ ജനനം
1919—1922 ആരോഗ്യം പുനരാർജിക്കാനുളള കാലം
1922— പീഡനപ്രളയം
[182-ാം പേജിലെ ചിത്രങ്ങൾ]
ഭൂമിക്ക് അയ്യോ കഷ്ടം