ജാഗ്രതയുള്ളവരായിരിക്കുക! സാത്താൻ നിങ്ങളെ വിഴുങ്ങാൻ തക്കംപാർത്തിരിക്കുന്നു
“ജാഗരൂകരായിരിക്കുവിൻ. നിങ്ങളുടെ പ്രതിയോഗിയായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണം എന്നു തിരഞ്ഞുകൊണ്ട് ചുറ്റിനടക്കുന്നു.”—1 പത്രോ. 5:8.
1. ഒരു ദൂതൻ എങ്ങനെയാണ് സാത്താനായിത്തീർന്നതെന്ന് വിവരിക്കുക.
ഒരിക്കൽ അവന് യഹോവയുമായി ഒരു നല്ല ബന്ധമുണ്ടായിരുന്നു. എന്നാൽ പിന്നീട് മനുഷ്യർ, തന്നെ ആരാധിക്കണമെന്ന് ആത്മവ്യക്തിയായ ആ ദൂതൻ ആഗ്രഹിച്ചു. തെറ്റായ ആ ആഗ്രഹം വേരോടെ പിഴുതെറിയുന്നതിനു പകരം പാപം ചെയ്യുന്ന അളവോളം അവൻ അതിനെ മനസ്സിലിട്ട് താലോലിച്ചു. (യാക്കോ. 1:14, 15) ഈ ആത്മവ്യക്തി സാത്താനാണെന്ന് നമുക്ക് അറിയാം. അവൻ “സത്യത്തിൽ നിലനിന്നില്ല.” അവൻ യഹോവയ്ക്ക് എതിരെ മത്സരിക്കുകയും ‘ഭോഷ്കിന്റെ അപ്പനായി’ത്തീരുകയും ചെയ്തു.—യോഹ. 8:44.
2, 3. “സാത്താൻ,” “പിശാച്,” “പാമ്പ്,” “മഹാസർപ്പം” എന്നീ പ്രയോഗങ്ങൾ യഹോവയുടെ മഹാശത്രുവിനെക്കുറിച്ച് എന്ത് വെളിപ്പെടുത്തുന്നു?
2 ആ മത്സരത്തോടെ അവൻ യഹോവയുടെയും മുഴുമനുഷ്യരുടെയും കൊടിയ ശത്രുവായിത്തീർന്നു. ബൈബിളിൽ സാത്താനെക്കുറിച്ചു പറഞ്ഞിരിക്കുന്ന ചില വിവരങ്ങൾ അവൻ എത്ര നീചനാണെന്ന് വ്യക്തമാക്കുന്നു. സാത്താൻ എന്ന വാക്കിന്റെ അർഥം “എതിരാളി” എന്നാണ്. അവൻ യഹോവയുടെ ഭരണത്തെ വെറുക്കുന്നുവെന്നും തന്റെ സർവശക്തിയും ഉപയോഗിച്ച് അതിന് എതിരെ പോരാടുകയാണെന്നും ഈ പേര് സൂചിപ്പിക്കുന്നു. ഏതുവിധേനയും യഹോവയുടെ പരമാധികാരം തകർക്കുക എന്നതാണ് സാത്താന്റെ മുഖ്യലക്ഷ്യം.
3 വെളിപാട് 12:9-ൽ സാത്താനെ “ദൂഷകൻ” എന്ന് അർഥമുള്ള പിശാച് എന്നു വിളിച്ചിട്ടുണ്ട്. ദൈവം നുണയനാണെന്ന് പറഞ്ഞുകൊണ്ട് സാത്താൻ ദൈവത്തെ അപമാനിച്ചിരിക്കുന്നു. ‘പഴയ പാമ്പ്’ എന്ന പ്രയോഗം ഒരു പാമ്പിനെ ഉപയോഗിച്ച് സാത്താൻ ഹവ്വായെ വഞ്ചിച്ച കാര്യം നമ്മെ ഓർമിപ്പിക്കുന്നു. സാത്താനെ ‘മഹാസർപ്പം’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നതും തികച്ചും അനുയോജ്യമാണ്. അവൻ ദുഷ്ടനാണ്, ക്രൂരനാണ്, നിർദയനാണ്. യഹോവയുടെ ഉദ്ദേശ്യങ്ങൾ നിഷ്ഫലമാക്കാനും ദൈവജനത്തെ ഇല്ലാതാക്കാനും അവൻ ആഗ്രഹിക്കുന്നു.
4. ഈ ലേഖനത്തിൽ നമ്മൾ എന്ത് ചർച്ച ചെയ്യും?
4 യഹോവയോടുള്ള നമ്മുടെ വിശ്വസ്തതയ്ക്ക് ഏറ്റവും വലിയ ഭീഷണി സാത്താനാണ് എന്നതിൽ ഒരു സംശയവുമില്ല. അതുകൊണ്ട് ബൈബിൾ നമുക്ക് ഈ മുന്നറിയിപ്പു നൽകുന്നു: “നിങ്ങളുടെ പ്രതിയോഗിയായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണം എന്നു തിരഞ്ഞുകൊണ്ട് ചുറ്റിനടക്കുന്നു.” (1 പത്രോ. 5:8) യഹോവയുടെയും അവന്റെ ജനത്തിന്റെയും ശത്രുവായിരിക്കുന്ന ഈ ദുഷ്ടനിൽനിന്ന് നമ്മെത്തന്നെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യം എടുത്തുകാണിക്കുന്ന സാത്താന്റെ മൂന്നു പ്രത്യേകതകൾ നമ്മൾ ഈ ലേഖനത്തിൽ ചർച്ച ചെയ്യും.
സാത്താൻ ശക്തനാണ്
5, 6. (എ) ദൂതന്മാർ ‘ശക്തരാണ്’ എന്നുള്ളതിന് ചില ഉദാഹരണങ്ങൾ നൽകുക. (ബി) ഏതു വിധങ്ങളിലാണ് സാത്താൻ ‘മരണം വരുത്താൻ കഴിവുള്ളവ’നായിരിക്കുന്നത്?
5 ദൂതന്മാർ ‘ശക്തരാണ്’. (സങ്കീ. 103:20, പി.ഒ.സി.) അവർ മനുഷ്യരെക്കാൾ ബുദ്ധിയും ശക്തിയും ഉള്ളവരാണ്. വിശ്വസ്തരായ ദൂതന്മാർ തങ്ങളുടെ ശക്തി നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, യഹോവയുടെ ഒരു ദൂതൻ ഒറ്റ രാത്രികൊണ്ട് ശത്രുപാളയത്തിലെ 1,85,000 അസീറിയൻ പടയാളികളെ കൊന്നൊടുക്കി. ഒരു മനുഷ്യനോ ഒരു സൈന്യത്തിനുപോലുമോ ഇങ്ങനെയൊന്ന് ചെയ്യുക അസാധ്യമായിരുന്നു. (2 രാജാ. 19:35) മറ്റൊരു അവസരത്തിൽ യേശുവിന്റെ അപ്പൊസ്തലന്മാരെ തടവറയിൽനിന്നു മോചിപ്പിക്കാൻ ഒരു ദൂതൻ തന്റെ ശക്തിയും പ്രാപ്തികളും ഉപയോഗിച്ചു. കാവൽക്കാർ അടുത്തുതന്നെയുണ്ടായിരുന്നിട്ടും, ദൂതൻ വാതിലുകൾ തുറക്കുന്നതും അപ്പൊസ്തലന്മാരെ പുറത്തിറക്കുന്നതും വാതിൽ വീണ്ടും അടയ്ക്കുന്നതും അവർ അറിഞ്ഞതേ ഇല്ല.—പ്രവൃ. 5:18-23.
6 വിശ്വസ്തരായ ദൂതന്മാർ നല്ല കാര്യങ്ങൾക്കായിട്ടാണ് തങ്ങളുടെ ശക്തി ഉപയോഗിക്കുന്നത്. എന്നാൽ സാത്താനോ? മോശമായ കാര്യങ്ങൾക്കും. സാത്താൻ വളരെ ശക്തനും സ്വാധീനശേഷിയുള്ളവനും ആണ്. ബൈബിൾ അവനെ “ഈ ലോകത്തിന്റെ അധിപതി”യെന്നും “ഈ ലോകത്തിന്റെ ദൈവ”മെന്നും വിളിക്കുന്നു. (യോഹ. 12:31; 2 കൊരി. 4:4) സാത്താൻ ‘മരണം വരുത്താനും കഴിവുള്ളവനാണ്.’ (എബ്രാ. 2:14) അതിന് അർഥം അവൻ ആളുകളെയെല്ലാം നേരിട്ടു കൊല്ലുമെന്നാണോ? അല്ല. ഇന്ന് ലോകത്തിലെ ഭൂരിഭാഗം ആളുകൾക്കും സാത്താന്റെ മനോഭാവമാണ്—അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും. അതുപോലെ, സാത്താൻ പറഞ്ഞ നുണ ഹവ്വാ വിശ്വസിച്ചതുകൊണ്ടും ആദാം ദൈവത്തോട് അനുസരണക്കേട് കാണിച്ചതുകൊണ്ടും ഇന്നുള്ള സകല മനുഷ്യരും പാപികളാകുകയും മരിക്കുകയും ചെയ്യുന്നു. (റോമ. 5:12) യേശു പറഞ്ഞതുപോലെ സാത്താൻ ഒരു “കൊലപാതകി”യാണ്. (യോഹ. 8:44) അതെ, അവൻ യഥാർഥത്തിൽ ഒരു ശക്തനായ ശത്രുവാണ്.
7. തങ്ങൾ ശക്തരാണെന്ന് ഭൂതങ്ങൾ കാണിച്ചിരിക്കുന്നത് എങ്ങനെ?
7 സാത്താനെ എതിർക്കുമ്പോൾ നമ്മൾ അവനെ മാത്രമല്ല, അവനെ പിന്തുണയ്ക്കുന്നവരെയും ദൈവത്തിന്റെ ഭരണത്തിന് എതിരെ മത്സരിക്കുന്നവരെയും കൂടെയാണ് എതിർക്കുന്നത്. അതിൽ ഭൂതങ്ങൾ എന്ന് വിളിക്കുന്ന മറ്റ് അനേകം മത്സരികളായ ദൂതന്മാരുമുണ്ട്. (വെളി. 12:3, 4) മനുഷ്യർക്ക് കഷ്ടതകൾ വരുത്തിക്കൊണ്ട് അവർ മനുഷ്യരെക്കാൾ ശക്തരാണെന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. (മത്താ. 8:28-32; മർക്കോ. 5:1-5) ഭൂതങ്ങളും അവരുടെ തലവനായ സാത്താനും എത്ര ശക്തരാണെന്ന കാര്യം നമ്മൾ ഒരിക്കലും മറക്കരുത്. (മത്താ. 9:34) യഹോവയുടെ സഹായമില്ലെങ്കിൽ സാത്താനുമായുള്ള പോരാട്ടത്തിൽ നമുക്ക് ഒരിക്കലും വിജയിക്കാനാവില്ല.
സാത്താൻ ദുഷ്ടനാണ്
8. (എ) സാത്താന്റെ ലക്ഷ്യം എന്താണ്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.) (ബി) നിങ്ങളുടെ നിരീക്ഷണത്തിൽ, ഈ ലോകം എങ്ങനെയാണ് സാത്താന്റെ ദുഷ്ടമനോഭാവം പ്രകടിപ്പിക്കുന്നത്?
8 പത്രോസ് അപ്പൊസ്തലൻ സാത്താനെ ‘അലറുന്ന സിംഹത്തോട്’ ഉപമിച്ചിരിക്കുന്നു. ഒരു പരാമർശഗ്രന്ഥം പറയുന്നതനുസരിച്ച് ‘അലറുന്ന’ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദം “വിശന്ന് വലഞ്ഞ ഒരു വന്യമൃഗത്തിന്റെ അലർച്ച”യെയാണ് കുറിക്കുന്നത്. അത് സാത്താന്റെ ക്രൂരതയും ദുഷ്ടതയും നിറഞ്ഞ മനോഭാവത്തെ എത്ര നന്നായി വരച്ചുകാട്ടുന്നു! ഇപ്പോൾത്തന്നെ മുഴുലോകവും ഭരിക്കുന്നത് അവനാണെങ്കിലും അതുകൊണ്ട് തൃപ്തിപ്പെടാൻ അവൻ തയ്യാറല്ല. കുറെ ഇരകളെ വിഴുങ്ങാനുള്ള വിശപ്പുമായി അലയുന്ന ഒരു സിംഹത്തെപ്പോലെയാണ് അവൻ. (1 യോഹ. 5:19) അവന്റെ ഇരകൾ മുഖ്യമായും ഭൂമിയിൽ ശേഷിക്കുന്ന അഭിഷിക്തരും അവരോടൊപ്പം പ്രവർത്തിക്കുന്ന “വേറെ ആടുകളും” ആണ്. (യോഹ. 10:16; വെളി. 12:17) യഹോവയുടെ ജനത്തിന്റെ സമ്പൂർണനാശമാണ് അവന്റെ ലക്ഷ്യം. ഒന്നാം നൂറ്റാണ്ടു മുതൽ ഇന്നോളമുള്ള സത്യക്രിസ്ത്യാനികൾ നേരിട്ടിരിക്കുന്ന പീഡനങ്ങൾ സാത്താൻ എത്ര ക്രൂരനാണ് എന്ന് തെളിയിച്ചിരിക്കുന്നു.
9, 10. (എ) ഇസ്രായേലുമായി ബന്ധപ്പെട്ട യഹോവയുടെ ഉദ്ദേശ്യത്തിനു തടയിടാൻ സാത്താൻ ശ്രമിച്ചത് എങ്ങനെയാണ്? (ഉദാഹരണങ്ങൾ നൽകുക.) (ബി) ഇസ്രായേൽജനതയെ ലക്ഷ്യമിടാൻ സാത്താന് എന്തു പ്രത്യേക കാരണമാണുണ്ടായിരുന്നത്? (സി) യഹോവയുടെ ഒരു ദാസൻ ഇക്കാലത്ത് ഗുരുതരമായ ഒരു പാപം ചെയ്യുമ്പോൾ സാത്താന് എന്ത് തോന്നുമെന്നാണ് നിങ്ങൾ വിചാരിക്കുന്നത്?
9 സാത്താൻ മറ്റൊരു വിധത്തിലും അവന്റെ ദുഷ്ടസ്വഭാവം പ്രകടമാക്കിയിരിക്കുന്നു. വിശന്ന് വലഞ്ഞ ഒരു സിംഹം ഇരയോട് ഒരു കനിവും കാണിക്കാറില്ല. കൊല്ലുന്നതിനു മുമ്പ് ഇരയോട് ദയയോ കൊന്നശേഷം കുറ്റബോധമോ അതിന് തോന്നാറുമില്ല. സമാനമായി, താൻ ആക്രമിക്കുന്നവരോട് സാത്താന് ഒരു അലിവും തോന്നാറില്ല. ഉദാഹരണത്തിന്, ലൈംഗികാധാർമികത, അത്യാഗ്രഹം എന്നീ പാപങ്ങളിൽ ഇസ്രായേല്യർ അകപ്പെട്ട ഒരോ സാഹചര്യത്തിലും സാത്താന് എന്ത് തോന്നിക്കാണും? സിമ്രിയുടെ അധാർമികനടത്തയുടെയും ഗേഹസിയുടെ അത്യാഗ്രഹത്തിന്റെയും ദാരുണഫലങ്ങൾ കണ്ട് അതിൽ തന്റെ വിജയം ആസ്വദിച്ച സാത്താനെ നിങ്ങൾക്ക് ഭാവനയിൽ കാണാനാകുന്നുണ്ടോ?—സംഖ്യാ. 25:6-8, 14, 15; 2 രാജാ. 5:20-27.
10 ഒരു പ്രത്യേക ഉദ്ദേശ്യത്തോടെയാണ് സാത്താൻ പുരാതന ഇസ്രായേല്യരെ ലക്ഷ്യംവെച്ചത്. കാരണം, അവരിൽനിന്നാണ് മിശിഹാ ജനിക്കേണ്ടിയിരുന്നത്. ഈ മിശിഹായാകട്ടെ, സാത്താനെ തകർക്കുകയും യഹോവയുടെ ഭരണംതന്നെയാണ് ശരിയെന്നു സ്ഥാപിക്കുകയും ചെയ്യുമായിരുന്നു. (ഉല്പ. 3:15) ഇസ്രായേല്യർക്ക് ദൈവത്തിന്റെ അംഗീകാരമുണ്ടായിരിക്കുന്നത് സാത്താന് ഇഷ്ടമല്ലായിരുന്നു. അതുകൊണ്ട് അവരെക്കൊണ്ട് പാപം ചെയ്യിക്കാൻ അവൻ തന്നാലാവുന്നതെല്ലാം ചെയ്തു. ദാവീദ് വ്യഭിചാരത്തിൽ ഏർപ്പെട്ടപ്പോൾ സാത്താന് അവനോട് ഏതെങ്കിലും തരത്തിലുള്ള സഹതാപം തോന്നിയെന്ന് വിചാരിക്കാനാകുമോ? വാഗ്ദത്തദേശത്ത് കടക്കാനുള്ള അവസരം നഷ്ടപ്പെട്ട മോശയോട് സാത്താന് അനുകമ്പ തോന്നിയെന്ന് ചിന്തിക്കാനാകുമോ? ദൈവത്തിന്റെ ഒരു ദാസൻ ഗുരുതരമായ പാപം ചെയ്യുമ്പോൾ യഥാർഥത്തിൽ സാത്താൻ അതിൽ സന്തോഷിക്കും. ദൈവദാസരുടെ പക്ഷത്തുണ്ടാകുന്ന ഇത്തരം പിഴവുകൾ സാത്താൻ തന്റെ വിജയമായി കണക്കിടുന്നു. അങ്ങനെ ആ വിജയങ്ങൾ സാത്താൻ യഹോവയെ നിന്ദിക്കാൻ ഉപയോഗിക്കുന്നു.—സദൃ. 27:11.
11. സാത്താൻ എന്തുകൊണ്ടാണ് സാധ്യതയനുസരിച്ച് സാറായെ ലക്ഷ്യമിട്ടത്?
11 മിശിഹാ ജനിക്കാനിരുന്ന വംശാവലിയിൽപ്പെട്ടവരോട് സാത്താന് കടുത്ത വെറുപ്പായിരുന്നു. ഉദാഹരണത്തിന്, “ഞാൻ നിന്നെ വലിയോരു ജാതിയാക്കും” എന്ന് യഹോവ അബ്രാഹാമിനോട് പറഞ്ഞശേഷം എന്താണു സംഭവിച്ചതെന്ന് ഓർക്കുക. (ഉല്പ. 12:1-3) അബ്രാഹാമും സാറായും ഈജിപ്തിലായിരുന്നപ്പോൾ അവിടുത്തെ ഫറവോൻ സാറായെ തന്റെ ഭാര്യയാക്കാൻ ആഗ്രഹിച്ചു. എന്നാൽ ബുദ്ധിമുട്ടേറിയ ഈ സാഹചര്യത്തിൽനിന്ന് യഹോവ അവളെ രക്ഷിച്ചു. (ഉല്പത്തി 12:14-20 വായിക്കുക.) യിസ്ഹാക്ക് ജനിക്കുന്നതിനു മുമ്പ് ഗെരാർ പട്ടണത്തിൽവെച്ചും ഇതുപോലൊരു സംഭവമുണ്ടായി. (ഉല്പ. 20:1-7) സാത്താനായിരുന്നോ ഈ സാഹചര്യങ്ങൾക്കെല്ലാം ഉത്തരവാദി? സാറാ കൂടാരങ്ങളിൽ താമസിക്കാൻ തുടങ്ങിയത് സമ്പന്നനഗരമായ ഊർ വിട്ടുപോന്നിട്ടാണെന്ന കാര്യം ഓർക്കുക. ഫറവോന്റെയും അബീമേലെക്കിന്റെയും ആഡംബരവസതികൾ കാണിച്ച് അവളെ പ്രലോഭിപ്പിക്കാനാകുമെന്ന് സാത്താൻ വിചാരിച്ചുകാണുമോ? അവൾ സ്വന്തം ഭർത്താവിനെയും യഹോവയെയും വഞ്ചിച്ചുകൊണ്ട് ഈ രാജാക്കന്മാരിൽ ഒരാളെ വിവാഹംകഴിക്കുമെന്ന് സാത്താൻ കരുതിക്കാണുമോ? ബൈബിൾ അതേക്കുറിച്ച് ഒന്നും പറയുന്നില്ല. മിശിഹായുടെ വംശാവലിയിൽ അംഗമാകാനുള്ള അവസരം സാറാ നഷ്ടപ്പെടുത്തിയിരുന്നെങ്കിൽ സാത്താൻ അതിൽ അതിയായി സന്തോഷിച്ചേനെ എന്നതിൽ സംശയമില്ല. നല്ലവളായ ആ സ്ത്രീയുടെ വിവാഹജീവിതം തകർന്നാലും സത്പേരിനു കളങ്കമേറ്റാലും യഹോവയുമായുള്ള ബന്ധം നഷ്ടമായാലും സാത്താന് അതിലൊന്നും ഒരു കുറ്റബോധവും തോന്നില്ലായിരുന്നു. സാത്താൻ എത്ര ക്രൂരനും ദുഷ്ടനും ആണ്!
12, 13. (എ) യേശു ജനിച്ചതിനു ശേഷം സാത്താൻ ക്രൂരത കാണിച്ചത് ഏതു വിധത്തിൽ? (ബി) ഇക്കാലത്ത് യഹോവയെ സ്നേഹിക്കുകയും അവനെ സേവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന യുവാക്കളെക്കുറിച്ച് സാത്താന് എന്ത് തോന്നും എന്നാണ് നിങ്ങൾ വിചാരിക്കുന്നത്?
12 അബ്രാഹാം മരിച്ച് നൂറുകണക്കിനു വർഷങ്ങൾ കഴിഞ്ഞാണ് യേശു ജനിച്ചത്. സാത്താൻ ഈ കുഞ്ഞിനെ നിഷ്കളങ്കത തുളുമ്പുന്ന ഒരു കുഞ്ഞോമനയായി കണ്ടുകാണുമോ? ഇല്ല. ഈ കുഞ്ഞ് ഭാവിയിൽ, വാഗ്ദത്തമിശിഹായായിത്തീരുമെന്ന് സാത്താന് അറിയാമായിരുന്നു. അബ്രാഹാമിന്റെ സന്തതിയുടെ മുഖ്യഭാഗമായ യേശു പിന്നീട് ‘പിശാചിന്റെ പ്രവൃത്തികളെ തകർക്കുമായിരുന്നു.’ (1 യോഹ. 3:8) ഒരു കുഞ്ഞിനെ കൊല്ലുന്നത് വലിയ ക്രൂരതയായി സാത്താനു തോന്നിക്കാണുമോ? ഇല്ല. കാരണം, ശരി ഏതാണെന്നോ തെറ്റ് ഏതാണെന്നോ അവൻ നോക്കാറില്ല. അതുകൊണ്ട് ശിശുവായിരുന്ന യേശുവിനെ കൊല്ലാൻ അവൻ ഉടൻതന്നെ പ്രവർത്തിച്ചു. എങ്ങനെ?
13 ‘യഹൂദന്മാരുടെ രാജാവ്’ പിറന്നിരിക്കുന്നു എന്ന് ജ്യോതിഷക്കാരിൽനിന്നു കേട്ടപ്പോൾ ഹെരോദാ രാജാവ് കോപാകുലനായി കുഞ്ഞിനെ കൊല്ലാൻ കരുക്കൾ നീക്കി. (മത്താ. 2:1-3, 13) ബേത്ത്ലെഹെമിലെയും സമീപപ്രദേശങ്ങളിലെയും, രണ്ടോ അതിൽ താഴെയോ വയസ്സു പ്രായമുള്ള എല്ലാ ആൺകുഞ്ഞുങ്ങളെയും കൊല്ലാൻ അവൻ കല്പിച്ചു. (മത്തായി 2:13-18 വായിക്കുക.) യേശു ആ കൂട്ടക്കുരുതിയെ അതിജീവിച്ചു. എന്നാൽ ഇത് നമ്മുടെ ശത്രുവായ സാത്താനെക്കുറിച്ച് എന്ത് വെളിപ്പെടുത്തുന്നു? സാത്താൻ മനുഷ്യജീവന് ഒരു വിലയും കല്പിക്കുന്നില്ല. കുട്ടികളെപ്പോലും അവൻ വെറുതെ വിടാറില്ല. സാത്താൻ ഒരു “അലറുന്ന സിംഹം”തന്നെയാണ്. അവൻ എത്ര ക്രൂരനാണെന്ന് നമ്മൾ ഒരിക്കലും മറക്കരുത്!
സാത്താൻ വഞ്ചകനാണ്
14, 15. സാത്താൻ ‘അവിശ്വാസികളുടെ മനസ്സ് അന്ധമാക്കിയിരിക്കുന്നത്’ എങ്ങനെ?
14 വഞ്ചനയിലൂടെ മാത്രമേ സാത്താന് സ്നേഹനിധിയായ നമ്മുടെ ദൈവമായ യഹോവയ്ക്ക് എതിരെ ആളുകളെ തിരിക്കാൻ കഴിയുകയുള്ളൂ. (1 യോഹ. 4:8) തങ്ങളുടെ “ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ” ആയിരിക്കേണ്ടതില്ലെന്ന്, അതായത്, ദൈവവുമായുള്ള ഒരു ബന്ധം തങ്ങൾക്ക് ആവശ്യമില്ലെന്ന് സാത്താൻ വഞ്ചനയിലൂടെ ആളുകളെ വിശ്വസിപ്പിക്കുന്നു. (മത്താ. 5:3) അങ്ങനെ യഹോവയെക്കുറിച്ചുള്ള സത്യം ആളുകൾക്ക് കാണാൻ കഴിയാത്ത വിധം പിശാച് “അവിശ്വാസികളുടെ മനസ്സ് അന്ധമാക്കിയിരിക്കുന്നു.”—2 കൊരി. 4:4.
15 വ്യാജമതങ്ങളിലൂടെയാണ് സാത്താൻ ആളുകളെ മുഖ്യമായും വഞ്ചിക്കുന്നത്. യഹോവ “സമ്പൂർണഭക്തി നിഷ്കർഷിക്കുന്ന”വനാണെന്ന് അവന് അറിയാം. (പുറ. 20:5, NW) അതുകൊണ്ടുതന്നെ, യഹോവയെയല്ലാതെ തങ്ങളുടെ പൂർവികരെയോ പ്രകൃതിയെയോ മൃഗങ്ങളെയോ മറ്റെന്തിനെയെങ്കിലുമോ ആളുകൾ ആരാധിക്കുന്നതു കാണുമ്പോൾ സാത്താൻ എത്രമാത്രം സന്തോഷിക്കുമെന്ന് ചിന്തിച്ചുനോക്കൂ! സങ്കടകരമെന്നു പറയട്ടെ, തങ്ങളുടെ ആരാധന ദൈവത്തിന് സ്വീകാര്യമാണെന്ന് ചിന്തിക്കുന്ന അനേകരും തെറ്റായ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പിടിയിലാണ്. യെശയ്യാവിന്റെ നാളിലെ ഇസ്രായേല്യരും സമാനമായ സാഹചര്യത്തിലായിരുന്നു. യഹോവ അവരോട് ഇങ്ങനെ ചോദിച്ചു: “അപ്പമല്ലാത്തതിന്നു ദ്രവ്യവും തൃപ്തിവരുത്താത്തതിന്നു നിങ്ങളുടെ പ്രയത്നഫലവും ചെലവിടുന്നതെന്തിന്നു? എന്റെ വാക്കു ശ്രദ്ധിച്ചു കേട്ടു നന്മ അനുഭവിപ്പിൻ; പുഷ്ടഭോജനം കഴിച്ചു മോദിച്ചുകൊൾവിൻ.”—യെശ. 55:2.
16, 17. (എ) എന്തുകൊണ്ടാണ് യേശു പത്രോസിനോട് “സാത്താനേ, എന്നെ വിട്ട് പോകൂ” എന്നു പറഞ്ഞത്? (ബി) നമ്മുടെ ജാഗ്രത കൈവെടിയാൻ സാത്താൻ ഏതു വിധത്തിൽ നമ്മെ വഞ്ചിച്ചേക്കാം?
16 യഹോവയുടെ തീക്ഷ്ണരായ സേവകരെപ്പോലും സാത്താന് വഞ്ചിക്കാൻ കഴിയും. ഉദാഹരണത്തിന്, താൻ ഉടൻതന്നെ കൊല്ലപ്പെടുമെന്ന് യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞപ്പോൾ സംഭവിച്ചത് എന്താണെന്ന് ഒന്ന് ഓർത്തുനോക്കൂ. യേശുവിനെ അതിയായി സ്നേഹിച്ച പത്രോസ് അപ്പൊസ്തലൻ ഇങ്ങനെ പറഞ്ഞു: “കർത്താവേ, അങ്ങനെ പറയരുതേ; നിനക്ക് ഒരിക്കലും അതു ഭവിക്കാതിരിക്കട്ടെ.” ഉടനെ യേശു മറുപടിയായി, “സാത്താനേ, എന്നെ വിട്ട് പോകൂ” എന്നു പറഞ്ഞു. (മത്താ. 16:22, 23) യേശു എന്തിനാണ് പത്രോസിനെ, “സാത്താനേ” എന്ന് വിളിച്ചത്? കാരണം, തുടർന്ന് തനിക്കു ഭവിക്കാൻപോകുന്നത് എന്താണെന്ന് യേശുവിന് അറിയാമായിരുന്നു. പെട്ടെന്നുതന്നെ, അവൻ തന്റെ ജീവൻ മറുവിലയായി അർപ്പിച്ച് പിശാച് ഒരു നുണയനാണെന്ന് തെളിയിക്കുമായിരുന്നു. അത് മനുഷ്യചരിത്രത്തിലെ ഒരു നിർണായകഘട്ടമായിരുന്നു, അല്ലാതെ യേശുവിന് സ്വയം സഹതപിക്കാനോ തന്നോടുതന്നെ ദയ കാണിക്കാനോ ഉള്ള സമയമായിരുന്നില്ല. യേശു തന്റെ ജാഗ്രത കൈവെടിഞ്ഞിരുന്നെങ്കിൽ സാത്താൻ അതിൽ അതിയായി സന്തോഷിച്ചേനേ.
17 ഈ വ്യവസ്ഥിതിക്ക് തിരശ്ശീല വീഴാൻ ഇനി അധികനാളില്ല. അതുകൊണ്ട് നമ്മളും ഒരു നിർണായകകാലത്താണ് ജീവിക്കുന്നത്. ഈ ലോകത്തിലെ നേട്ടങ്ങൾ കൈവരിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട് നമ്മൾ നമ്മളോടുതന്നെ ദയ കാണിക്കാൻ സാത്താൻ ആഗ്രഹിക്കുന്നു. നമ്മൾ ജീവിക്കുന്നത് അന്ത്യകാലത്താണെന്ന കാര്യം മറന്നുകൊണ്ട് നമ്മൾ ജാഗ്രത കൈവെടിയണം എന്നതാണ് അവന്റെ ആഗ്രഹം. നിങ്ങൾക്ക് അങ്ങനെ ഭവിക്കാതിരിക്കട്ടെ. പകരം, “സദാ ജാഗരൂകരായിരിക്കുവിൻ.” (മത്താ. 24:42) അന്ത്യം അകലെയാണെന്നോ അത് ഒരിക്കലും വരില്ലെന്നോ ഉള്ള സാത്താന്റെ നുണകൾ വാക്കുകൾ ഒരിക്കലും വിശ്വസിക്കരുത്.
18, 19. (എ) നമ്മൾ യഹോവയുടെ സ്നേഹത്തിനു അർഹരല്ലെന്നു തോന്നിപ്പിക്കുന്ന വിധത്തിൽ സാത്താൻ നമ്മെ എങ്ങനെ വഞ്ചിച്ചേക്കാം? (ബി) ജാഗ്രതയോടെ തുടരാൻ യഹോവ നമ്മെ സഹായിക്കുന്നത് എങ്ങനെ?
18 മറ്റൊരു വിധത്തിലും സാത്താൻ നമ്മളെ വഞ്ചിക്കാൻ ശ്രമിക്കുന്നു. നമ്മൾ യഹോവയുടെ സ്നേഹത്തിന് അർഹരല്ലെന്നും നമ്മുടെ പാപങ്ങൾ യഹോവ ഒരിക്കലും ക്ഷമിക്കുകയില്ലെന്നും നമ്മൾ വിശ്വസിക്കാനാണ് സാത്താൻ ആഗ്രഹിക്കുന്നത്. പക്ഷേ, ഇതെല്ലാം സാത്താന്റെ നുണകളാണ്. ഇങ്ങനെയൊന്നു ചിന്തിച്ചുനോക്കൂ: യഹോവയുടെ സ്നേഹത്തിന് അർഹനല്ലാത്തത് യഥാർഥത്തിൽ ആരാണ്? അത് സാത്താനാണ്. യഹോവ ആരോടാണ് ഒരിക്കലും ക്ഷമിക്കുകയില്ലാത്തത്? അതും സാത്താനോടാണ്. എന്നാൽ ബൈബിൾ നമ്മോട് ഇങ്ങനെ പറയുന്നു: “തന്റെ നാമത്തോടു നിങ്ങൾ കാണിച്ചിരിക്കുന്ന സ്നേഹവും നിങ്ങൾ ചെയ്തിരിക്കുന്ന സേവനവും മറന്നുകളയാൻ തക്കവണ്ണം ദൈവം അനീതിയുള്ളവനല്ല.” (എബ്രാ. 6:10) യഹോവയെ സന്തോഷിപ്പിക്കാൻ നമ്മൾ ചെയ്യുന്നതെല്ലാം അവൻ വിലപ്പെട്ടതായി കാണുന്നു. നമ്മുടെ സേവനം ഒരിക്കലും വ്യർഥമാകില്ല. (1 കൊരിന്ത്യർ 15:58 വായിക്കുക.) അതുകൊണ്ട് സാത്താന്റെ നുണകളാൽ വഞ്ചിക്കപ്പെടരുത്.
19 നമ്മൾ കണ്ടതുപോലെ, സാത്താൻ ശക്തനും ദുഷ്ടനും വഞ്ചകനും ആയ ഒരു ശത്രുവാണ്. ഈ ശത്രുവുമായുള്ള പോരാട്ടത്തിൽ നമുക്ക് എങ്ങനെ വിജയിക്കാനാകും? യഹോവ നമ്മെ സഹായിക്കും. സാത്താന്റെ തന്ത്രങ്ങളെക്കുറിച്ച് ദൈവവചനം പറയുന്നുണ്ട്. അതുകൊണ്ട് “നാം അവന്റെ തന്ത്രങ്ങൾ അറിയാത്തവരല്ല.” (2 കൊരി. 2:11) സാത്താൻ നമ്മെ ആക്രമിക്കുന്ന വിധങ്ങളെക്കുറിച്ചു മനസ്സിലാക്കുമ്പോൾ ജാഗ്രതയോടെ നിലനിൽക്കാൻ നമുക്ക് കൂടുതൽ എളുപ്പമായിരിക്കും. എന്നാൽ സാത്താന്റെ തന്ത്രങ്ങളെക്കുറിച്ച് കേവലം അറിയുന്നതുകൊണ്ട് മാത്രം മതിയാകുന്നില്ല. ബൈബിൾ പറയുന്നു: “പിശാചിനോട് എതിർത്തുനിൽക്കുവിൻ; എന്നാൽ അവൻ നിങ്ങളെ വിട്ട് ഓടിപ്പോകും.” (യാക്കോ. 4:7) സാത്താനോട് പോരാടി വിജയിക്കാനാകുന്ന മൂന്ന് മേഖലകളെക്കുറിച്ച് അടുത്ത ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യും.