ഉണർന്നിരിക്കാനുള്ള സമയം
“സുവിശേഷം മുമ്പെ സകലജാതികളോടും പ്രസംഗിക്കേണ്ടതാകുന്നു. . . . എന്നാൽ അവസാനത്തോളം സഹിച്ചുനില്ക്കുന്നവൻ രക്ഷിക്കപ്പെടും.”—മർക്കൊസ് 13:10, 13.
1. നാം സഹിച്ചുനിൽക്കുകയും മനോവീര്യം കൈവിടാതിരിക്കുകയും ചെയ്യേണ്ടത് എന്തുകൊണ്ട്?
വിശ്വാസമില്ലാത്ത, വക്രതയുള്ള ഒരു തലമുറയുടെ മധ്യേ നാം സഹിച്ചുനിന്നേ മതിയാവൂ! 1914 മുതൽ ആളുകളുടെ ഒരു തലമുറ, യേശുവിന്റെ നാളുകളിലേതുപോലെ, ദുഷിച്ചതായിത്തീർന്നിരിക്കുന്നു. ആ ദുഷിക്കലിന്റെ അളവാണെങ്കിലോ ഇന്നു ലോകവ്യാപകവുമാണ്. ഈ “അന്ത്യകാലത്തു,” അപ്പോസ്തലനായ പൗലോസ് വർണിച്ച “ദുർഘടസമയങ്ങൾ” മനുഷ്യവർഗത്തെ ദുരിതത്തിലാഴ്ത്തുന്നു. “ദുഷ്ടമനുഷ്യരും മായാവികളും [“കപടവേഷധാരികളും,” NW] വഞ്ചിച്ചും വഞ്ചിക്കപ്പെട്ടുംകൊണ്ടു മേല്ക്കുമേൽ ദോഷത്തിൽ മുതിർന്നു”വരുന്നു. വ്യക്തമായും, “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.” ഭൂമിയെ നശിപ്പിക്കാനുള്ള തന്റെ അവസാന ശ്രമത്തിലാണു പിശാചായ സാത്താനിപ്പോൾ. എന്നാൽ മനോവീര്യം കൈവിടരുത്! നീതിയെ ഇഷ്ടപ്പെടുന്ന സകലർക്കും ശാശ്വതാശ്വാസം കൈവരുത്തുന്ന ഒരു ‘മഹോപദ്രവം” സമീപിക്കുകയാണ്.—2 തിമൊഥെയൊസ് 3:1-5, 13; 1 യോഹന്നാൻ 5:19; വെളിപ്പാടു 7:14, NW.
2. 1914-ൽ പ്രവചനം നിവൃത്തിയേറിയതെങ്ങനെ?
2 സന്തോഷകരമെന്നു പറയട്ടെ, മനുഷ്യവർഗത്തിന്റെ മർദക ശത്രുക്കളെ നീക്കുന്നതിന്റെ ഭാഗമെന്ന നിലയിൽ, കർത്താവായ യേശുക്രിസ്തുവിനെ യഹോവ ഇപ്പോൾ സ്വർഗത്തിൽ സിംഹാസനസ്ഥനാക്കിയിരിക്കുകയാണ്. (വെളിപ്പാടു 11:15) യേശുവിന്റെ ഒന്നാമത്തെ വരവിന്റെ കാര്യത്തിൽ നിറവേറിയതുപോലെ, ദാനിയേൽ എഴുതിയ ഒരു ശ്രദ്ധേയമായ പ്രവചനവും ഈ നൂറ്റാണ്ടിൽ നിറവേറുകയുണ്ടായി. ദാനീയേൽ 4:16, 17, 32-ൽ, “ഏഴു കാലങ്ങ”ളുടെ ഒരു കാലഘട്ടത്തേക്കു ഭൂമിയുടെമേലുള്ള നിയമപരമായ രാജത്വത്തെ മാറ്റിനിർത്തുന്നതായി നമ്മോടു പറയുന്നു. അതിന്റെ വലിയ നിവൃത്തിയിൽ, ഈ ഏഴു കാലങ്ങൾ 360 ‘ദിവസങ്ങൾ’വീതം ഉൾപ്പെട്ട ഏഴു ബൈബിൾവർഷങ്ങൾ, അഥവാ മൊത്തം 2,520 വർഷങ്ങളാണ്.a ബാബിലോൻ ഇസ്രായേൽ രാജ്യത്തെ ചവുട്ടിമെതിക്കാൻ ആരംഭിച്ച പൊ.യു.മു. 607 മുതൽ മനുഷ്യവർഗത്തിന്റെ നിയമാനുസൃത രാജാവ് എന്നനിലയിൽ യേശു സ്വർഗത്തിൽ സിംഹാസനസ്ഥനായ പൊ.യു. 1914 വരെയുള്ള കാലഘട്ടമായിരുന്നു അത്. അന്ന് “ജാതികളുടെ കാലം” അവസാനിച്ചു. (ലൂക്കൊസ് 21:24) എന്നാൽ വരാൻപോകുന്ന മിശിഹൈക രാജ്യത്തിനു കീഴ്പെടാൻ വിസമ്മതിച്ചുകൊണ്ടിരിക്കുകയാണു രാഷ്ട്രങ്ങൾ.—സങ്കീർത്തനം 2:1-6, 10-12; 110:1, 2.
3, 4. (എ) ഒന്നാം നൂറ്റാണ്ടിലെ സംഭവങ്ങളും നമ്മുടെ നാളിലേതും തമ്മിൽ എന്തു താരതമ്യം ചെയ്യാവുന്നതാണ്? (ബി) പ്രസക്തമായ ഏതെല്ലാം ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്?
3 വർഷങ്ങളുടെ 70-ാമത്തെ ആഴ്ച (പൊ.യു. 29-36) സമീപിച്ചപ്പോഴും, പിന്നെ 1914 എന്ന വർഷം സമീപിച്ചപ്പോഴും ദൈവഭയമുള്ള ആളുകൾ മിശിഹായുടെ വരവ് പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. അവൻ എത്തുകതന്നെ ചെയ്തു! എന്നിരുന്നാലും, ഓരോ അവസരത്തിലും പ്രതീക്ഷിച്ചതിൽനിന്നു വ്യത്യസ്തമായ വിധത്തിലായിരുന്നു അവൻ പ്രത്യക്ഷമായത്. ഓരോ സന്ദർഭത്തിലും, താരതമ്യേന ഹ്രസ്വമായ ഒരു കാലയളവിനുശേഷം, ഒരു ദുഷ്ട “തലമുറ” അവസാനം ദിവ്യകൽപ്പനയാൽ നാശം അനുഭവിക്കുന്നു.—മത്തായി 24:34.
4 നമ്മുടെ മുൻലേഖനത്തിൽ, യേശുവിനെ വധിക്കണമെന്ന് ആവശ്യപ്പെട്ട ദുഷ്ട യഹൂദ തലമുറയുടെ അന്ത്യം എങ്ങനെയായിരുന്നുവെന്നു നാം ശ്രദ്ധിക്കുകയുണ്ടായി. അപ്പോൾ, അവനെ ഇപ്പോഴും എതിർക്കുകയോ അവഗണിക്കുകയോ ചെയ്യുന്ന മനുഷ്യവർഗത്തിന്റെ നാശയോഗ്യമായ തലമുറയുടെ കാര്യമോ? വിശ്വാസമില്ലാത്ത ഈ തലമുറയുടെമേൽ ന്യായവിധി എപ്പോൾ നിർവഹിക്കപ്പെടും?
“ഉണർന്നിരിപ്പിൻ!”
5. (എ) യഹോവയുടെ “നാളും നാഴികയും” എപ്പോഴാണെന്നതു സംബന്ധിച്ചു നാം അറിയേണ്ടയാവശ്യമില്ലാത്തത് ഏതു സാധുവായ കാരണത്താലാണ്? (ബി) മർക്കോസ് പറയുന്നപ്രകാരം, സാധുവായ ഏതു ബുദ്ധ്യുപദേശത്തോടെയാണു യേശു തന്റെ പ്രവചനം ഉപസംഹരിക്കുന്നത്?
5 “മഹോപദ്രവ”ത്തിലേക്കു നയിക്കുന്ന സംഭവങ്ങളെക്കുറിച്ചു പ്രവചിച്ചശേഷം, യേശു ഇങ്ങനെ കൂട്ടിച്ചേർത്തു: “ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.” (മത്തായി 24:3-36; മർക്കൊസ് 13:3-32) സംഭവങ്ങളുടെ കൃത്യസമയം നാം അറിയേണ്ടതില്ല. എന്നാൽ ശക്തമായ വിശ്വാസം നട്ടുവളർത്തിക്കൊണ്ടും യഹോവയുടെ സേവനത്തിൽ തിരക്കുള്ളവരായിരുന്നുകൊണ്ടും ഉണർന്നിരിക്കുന്നതിലായിരിക്കണം നമ്മുടെ ശ്രദ്ധ. അല്ലാതെ ഒരു തീയതി കണക്കാക്കുന്നതിലായിരിക്കരുത്. ‘ആ കാലം എപ്പോൾ എന്നു നിങ്ങൾ അറിയായ്കകൊണ്ടു സൂക്ഷിച്ചുകൊൾവിൻ; ഉണർന്നിരിപ്പിൻ; ഞാൻ നിങ്ങളോടു പറയുന്നതോ എല്ലാവരോടും പറയുന്നു: ഉണർന്നിരിപ്പിൻ’ എന്നു പറഞ്ഞുകൊണ്ടായിരുന്നു യേശു മഹത്തായ തന്റെ പ്രവചനം ഉപസംഹരിച്ചത്. (മർക്കൊസ് 13:33-37) ഇന്നത്തെ ലോകത്തിന്റെ ഇരുളിൽ അപകടം പതിയിരിക്കുകയാണ്. നാം ഉണർന്നിരുന്നേ മതിയാവൂ!—റോമർ 13:11-13.
6. (എ) നമ്മുടെ വിശ്വാസം എന്തിലുറച്ചതായിരിക്കണം? (ബി) നമുക്ക് എങ്ങനെ ‘നമ്മുടെ നാളുകളെ എണ്ണാ’നാവും? (സി) “തലമുറ” എന്നതിനാൽ യേശു അടിസ്ഥാനപരമായി എന്താണ് അർഥമാക്കുന്നത്?
6 ഒരു ദുഷ്ടവ്യവസ്ഥിതിയുടെ അവസാന നാളുകളെക്കുറിച്ചുള്ള നിശ്വസ്ത പ്രവചനങ്ങൾക്കു ശ്രദ്ധകൊടുക്കുക മാത്രമല്ല, ക്രിസ്തുയേശുവിന്റെ അമൂല്യമായ ബലിയിലും അതിലടിസ്ഥാനമാക്കിയുള്ള ദൈവത്തിന്റെ വിസ്മയാവഹമായ വാഗ്ദത്തങ്ങളിലും നാം നമ്മുടെ വിശ്വാസത്തെ ഉറപ്പിക്കുകയും വേണം. (എബ്രായർ 6:17-19; 9:14; 1 പത്രൊസ് 1:18, 19; 2 പത്രൊസ് 1:16-19) ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യം കാണാനുള്ള അതിയായ താത്പര്യംനിമിത്തം, യഹോവയുടെ ജനം 1914 മുതലുള്ള തലമുറയുടെ ആയുർദൈർഘ്യം കണക്കാക്കി അതിനെ “മഹോപദ്രവ”ത്തോടു ബന്ധപ്പെടുത്തി അത് എപ്പോൾ പൊട്ടിപ്പുറപ്പെടുമെന്നു ചിലപ്പോഴൊക്കെ ഊഹിച്ചിട്ടുണ്ട്. എന്നാൽ ഒരു തലമുറയിൽ എത്ര വർഷങ്ങളോ നാളുകളോ ഉണ്ടെന്ന് ഊഹാപോഹം നടത്താതെ യഹോവയ്ക്കു സന്തുഷ്ട സ്തുതി കരേറ്റുന്നതിൽ ‘നമ്മുടെ നാളുകളെ എണ്ണേ’ണ്ടതെങ്ങനെയെന്നു ചിന്തിച്ചുകൊണ്ട് നാം “ജ്ഞാനമുള്ളോരു ഹൃദയ”ത്തിന്റെ ഉടമയാണെന്നു പ്രകടമാക്കുന്നു. (സങ്കീർത്തനം 90:12) യേശുക്രിസ്തു ഉപയോഗിച്ച “തലമുറ” എന്ന പദം സമയം കണക്കാക്കുന്നതിന് ഒരു മാനദണ്ഡം തരുന്നില്ല. പകരം, ഒരു നിശ്ചിത ചരിത്രകാലഘട്ടത്തിലെ പ്രത്യേക തിരിച്ചറിയിക്കൽ സ്വഭാവവിശേഷങ്ങളുള്ള സമകാലികരായ ആളുകളെയാണ് അതു മുഖ്യമായും സൂചിപ്പിക്കുന്നത്.b
7. ഒരു ചരിത്ര പ്രൊഫസർ “1914-ന്റെ തലമുറ”യെക്കുറിച്ച് എന്ത് എഴുതുന്നു, ഇതു യേശുവിന്റെ പ്രവചനവുമായി ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ?
7 മേൽപ്പറഞ്ഞതിനോടുള്ള യോജിപ്പിൽ, ചരിത്ര പ്രൊഫസറായ റോബർട്ട് വോൾ 1914-ന്റെ തലമുറ എന്ന തന്റെ പുസ്തകത്തിൽ എഴുതി: “കാലഗണനാപരിധികളാൽ നിർവചിക്കപ്പെടുന്നതല്ല ചരിത്രപരമായ ഒരു തലമുറ . . . തീയതികൾകൊണ്ടു വിവരിക്കാവുന്നതല്ല അത്.” എന്നാൽ “കഴിഞ്ഞകാലവുമായുള്ള ബന്ധമറ്റുവെന്ന ഒരു ഉറച്ച ബോധം” ഒന്നാംലോക മഹായുദ്ധം ഉളവാക്കിയെന്ന് സൂചിപ്പിച്ച അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “1914 ആഗസ്റ്റിൽ ഒരു ലോകം അവസാനിച്ചുവെന്നും മറ്റൊന്ന് ആരംഭിച്ചിരിക്കുന്നുവെന്നുമുള്ള ധാരണ യുദ്ധത്തെ അതിജീവിച്ചവർക്ക് ഒരിക്കലും മറക്കാൻ കഴിഞ്ഞില്ല.” അത് എത്ര സത്യമാണ്! സംഗതിയുടെ മർമസ്ഥാനത്തുതന്നെ ഇതു ശ്രദ്ധകേന്ദ്രീകരിക്കുന്നു. 1914 മുതലുള്ള മനുഷ്യവർഗത്തിന്റെ “ഈ തലമുറ” ഭീതിദമായ മാറ്റങ്ങൾ കണ്ടറിഞ്ഞിട്ടുണ്ട്. അതു കോടാനുകോടി ആളുകളുടെ രക്തത്തിൽ ഭൂമി കുതിരുന്നതു കണ്ടു. യുദ്ധം, വംശഹത്യ, ഭീകരപ്രവർത്തനം, കുറ്റകൃത്യങ്ങൾ, നിയമരാഹിത്യം എന്നിവ ലോകവ്യാപകമായ അളവിൽ പെരുകി. ക്ഷാമവും രോഗങ്ങളും അധാർമികതയും ഭൂമുഖത്തു നടമാടി. യേശു ഇങ്ങനെ പ്രവചിച്ചിരുന്നു: “അവ്വണ്ണം തന്നേ ഇതു സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം അടുത്തിരിക്കുന്നു എന്നു ഗ്രഹിപ്പിൻ. സകലവും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”—ലൂക്കൊസ് 21:31, 32.
8. ഉണർന്നിരിക്കേണ്ടയാവശ്യത്തെ യഹോവയുടെ പ്രവാചകന്മാർ ഊന്നിപ്പറയുന്നതെങ്ങനെ?
8 അതേ, മിശിഹൈക രാജ്യത്തിന്റെ സമ്പൂർണ വിജയം സമീപിച്ചിരിക്കുകയാണ്! അപ്പോൾ, ഒരു “തലമുറ”യുടെ അക്ഷരീയ ആയുർദൈർഘ്യം സംബന്ധിച്ച് തീയതി അന്വേഷിക്കുന്നതുകൊണ്ടോ ഊഹാപോഹം നടത്തുന്നതുകൊണ്ടോ എന്തെങ്കിലും പ്രയോജനമുണ്ടോ? അശേഷമില്ല! ഹബക്കൂക് 2:3 വ്യക്തമായി പ്രസ്താവിക്കുന്നു: “ദർശനത്തിന്നു ഒരു അവധിവെച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെറ്റുകയുമില്ല; അതു വൈകിയാലും അതിന്നായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല.” കണക്കുതീർപ്പിനുള്ള യഹോവയുടെ ദിവസം എന്നത്തേതിലും വേഗം അടുത്തടുത്തു വരികയാണ്.—യിരെമ്യാവു 25:31-33; മലാഖി 4:1.
9. 1914 മുതലുള്ള ഏതെല്ലാം സംഭവവികാസങ്ങൾ സമയം ചുരുങ്ങിയിരിക്കുന്നു എന്നു പ്രകടമാക്കുന്നു?
9 1914-ൽ ക്രിസ്തുവിന്റെ രാജ്യം ഭരണം തുടങ്ങിയപ്പോൾ, സാത്താൻ ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടു. എന്നുവെച്ചാൽ ‘ഭൂമിക്കു കഷ്ട’മെന്നർഥം. കാരണം “പിശാചു തനിക്കു അല്പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (വെളിപ്പാടു 12:12) ആയിരക്കണക്കിനു വർഷങ്ങളിലെ സാത്താന്റെ ഭരണവുമായുള്ള താരതമ്യത്തിൽ തീർച്ചയായും ആ സമയം അൽപ്പകാലംതന്നെയാണ്. രാജ്യം ആസന്നമായിരിക്കുന്നു, അതുപോലെതന്നെ, ഈ ദുഷ്ടതലമുറയുടെമേൽ ന്യായവിധി നിർവഹിക്കുന്നതിനുള്ള യഹോവയുടെ നാളും നാഴികയും!—സദൃശവാക്യങ്ങൾ 3:25; 10:24, 25.
ഒഴിഞ്ഞുപോകുന്ന “തലമുറ”
10. “ഈ തലമുറ” നോഹയുടെ നാളിലെപ്പോലെ ആയിരിക്കുന്നതെങ്ങനെ?
10 മത്തായി 24:34, 35-ലെ യേശുവിന്റെ പ്രസ്താവന നമുക്കു കൂടുതൽ അടുത്തു പരിശോധിക്കാം: “ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) ആർക്കും ‘ആ നാളും നാഴികയും അറിയില്ലെന്ന്’ യേശുവിന്റെ തുടർന്നുള്ള വാക്കുകൾ പ്രകടമാക്കുന്നു. അതിലും പ്രധാനമായി, ഈ തലമുറയിൽ നമുക്കു ചുറ്റുമുള്ള കെണികൾ നാം ഒഴിവാക്കണമെന്ന് അവൻ പ്രകടമാക്കുന്നു. അതുകൊണ്ടുതന്നെ യേശു പറയുന്നു: “നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്റെ വരവും ആകും. ജലപ്രളയത്തിന്നു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തിൽ കയറിയനാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു; ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവർ അറിഞ്ഞതുമില്ല [“ഗൗനിച്ചില്ല,” NW]; മനുഷ്യപുത്രന്റെ വരവും അങ്ങനെ തന്നേ ആകും.” (മത്തായി 24:36-39) ഇവിടെ യേശു തന്റെ നാളിലെ തലമുറയെ നോഹയുടെ നാളിലേതിനോടു താരതമ്യപ്പെടുത്തി.—ഉല്പത്തി 6:5, 9; NW, അടിക്കുറിപ്പ്.
11. മത്തായിയും ലൂക്കോസും റിപ്പോർട്ടു ചെയ്തിരിക്കുന്നപ്രകാരം ‘തലമുറകൾ’ സംബന്ധിച്ച് യേശു എന്തു താരതമ്യം നടത്തി?
11 യേശു ‘തലമുറകളെ’ക്കുറിച്ച് ഇങ്ങനെ താരതമ്യം ചെയ്യുന്നത് അപ്പോസ്തലന്മാർ കേൾക്കുന്നത് അത് ആദ്യമായിരുന്നില്ല. കാരണം ഏതാനും ദിവസങ്ങൾക്കുമുമ്പ് അവൻ തന്നേപ്പറ്റിത്തന്നെ ഇങ്ങനെ പ്രസ്താവിച്ചിരുന്നു: “മനുഷ്യപുത്രൻ . . . വളരെ കഷ്ടം അനുഭവിക്കയും ഈ തലമുറ അവനെ തള്ളിക്കളകയും വേണം. നോഹയുടെ കാലത്തു സംഭവിച്ചതുപോലെ മനുഷ്യപുത്രന്റെ നാളിലും ഉണ്ടാകും. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (ലൂക്കൊസ് 17:24-26) അങ്ങനെ, മത്തായി 24-ാം അധ്യായവും ലൂക്കൊസ് 17-ാം അധ്യായവും ഒരേ താരതമ്യംതന്നെ നടത്തുന്നു. നോഹയുടെ നാളിൽ “ഭൂമിയിൽ തന്റെ വഴി വഷളാക്കിയിരു”ന്ന, പ്രളയത്തിൽ നശിപ്പിക്കപ്പെട്ട “സകലജഡവും” “ഈ തലമുറ”യായിരുന്നു. യേശുവിന്റെ നാളിൽ “ഈ തലമുറ” യേശുവിനെ തള്ളിക്കളഞ്ഞ, വിശ്വാസത്യാഗികളായ യഹൂദ ജനതയായിരുന്നു.—ഉല്പത്തി 6:11, 12; 7:1.
12, 13. (എ) ഒഴിഞ്ഞുപോകേണ്ടിയിരിക്കുന്ന “ഈ തലമുറ” ഇന്ന് എന്താണ്? (ബി) ഈ “വക്രതയും കോട്ടവുമുള്ള തലമുറ”യെ യഹോവയുടെ ജനം നേരിടുന്നതെങ്ങനെ?
12 അതുകൊണ്ട്, ഇന്നു യേശുവിന്റെ പ്രവചനത്തിന്റെ അവസാന നിവൃത്തിയിൽ, “ഈ തലമുറ” വ്യക്തമായും പരാമർശിക്കുന്നത് ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെ അടയാളം കണ്ടിട്ടും തങ്ങളുടെ വഴി നേരെയാക്കാത്ത ഭൂവാസികളെയാണ്. ഇതിനു വിപരീതമായി, യേശുവിന്റെ ശിഷ്യന്മാർ എന്നനിലയിൽ നാം “ഈ തലമുറ”യുടെ ജീവിതശൈലിയാൽ കരുപ്പിടിപ്പിക്കപ്പെടാൻ വിസമ്മതിക്കുന്നു. ലോകത്തിൽ ആയിരിക്കുന്നുവെങ്കിലും, നാം അതിന്റെ ഭാഗമായിരിക്കാൻ പാടില്ല, “എന്തുകൊണ്ടെന്നാൽ നിയമിത സമയം അടുത്തിരിക്കുകയാണ്.” (വെളിപാട് 1:3, NW; യോഹന്നാൻ 17:16) അപ്പോസ്തലനായ പൗലോസ് നമ്മെ അനുശാസിക്കുന്നു: “വക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവിൽ നിങ്ങൾ അനിന്ദ്യരും പരമാർത്ഥികളും ദൈവത്തിന്റെ നിഷ്കളങ്കമക്കളും ആകേണ്ടതിന്നു എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്വിൻ. . . . നിങ്ങൾ . . . ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു.”—ഫിലിപ്പിയർ 2:14, 15; കൊലൊസ്സ്യർ 3:5-10; 1 യോഹന്നാൻ 2:15-17.
13 നാം “ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്ന”തിൽ ഒരു ശുദ്ധമായ ക്രിസ്തീയ വ്യക്തിത്വം പ്രകടിപ്പിക്കുന്നതു മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നത്. യേശുവിന്റെ ഈ പ്രാവചനിക നിയോഗം നിറവേറ്റുന്നതാണ് അതിൽ ഏറ്റവും പ്രധാനമായി ഉൾപ്പെട്ടിരിക്കുന്നത്: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” (മത്തായി 24:14) അവസാനം എപ്പോഴാണെന്നു പറയാൻ ഒരു മനുഷ്യനും സാധിക്കുകയില്ല. എന്നാൽ ദൈവത്തിനു തൃപ്തിതോന്നുന്ന അളവിൽ ‘ഭൂമിയുടെ അറ്റത്തോളം’ സാക്ഷ്യം കൊടുത്തുകഴിഞ്ഞാൽപ്പിന്നെ ദുഷ്ടജനത്തിന്റെ “ഈ തലമുറ”യുടെ അന്ത്യം വരുമെന്നു നമുക്ക് അറിയാം.—പ്രവൃത്തികൾ 1:8.
“ആ നാളും നാഴികയും”
14. ‘കാലങ്ങളെയും സമയങ്ങളെയും’ കുറിച്ച് യേശുവും പൗലോസും എന്ത് അനുശാസനം നൽകി, നാം എങ്ങനെ പ്രതികരിക്കണം?
14 യഹോവ ഉദ്ദേശിക്കുന്നിടത്തോളം ആഗോള സാക്ഷ്യം നിർവഹിക്കപ്പെട്ടുകഴിയുമ്പോൾ, അതായിരിക്കും ഈ ലോകവ്യവസ്ഥിതിയെ നീക്കാനുള്ള അവന്റെ “നാളും നാഴികയും.” നമ്മൾ തീയതി മുന്നമേ അറിയേണ്ടയാവശ്യമില്ല. അങ്ങനെ, യേശുവിന്റെ മാതൃക പിൻപറ്റിക്കൊണ്ട്, പൗലോസ് അപ്പോസ്തലൻ ഇങ്ങനെ അനുശാസിച്ചു: “സഹോദരന്മാരേ, കാലങ്ങളെയും സമയങ്ങളെയും കുറിച്ചു നിങ്ങളെ എഴുതിയറിയിപ്പാൻ ആവശ്യമില്ല. കള്ളൻ രാത്രിയിൽ വരുമ്പോലെ കർത്താവിന്റെ നാൾ വരുന്നു എന്നു നിങ്ങൾ തന്നേ നന്നായി അറിയുന്നുവല്ലോ. അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ഗർഭിണിക്കു പ്രസവവേദന വരുംപോലെ അവർക്കു പെട്ടെന്നു നാശം വന്നു ഭവിക്കും; അവർക്കു തെറ്റിയൊഴിയാവതുമല്ല.” പൗലോസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്തിലാണെന്നു നോക്കുക: ‘അവർ പറയുമ്പോൾ.’ അതേ, തീരെ പ്രതീക്ഷിക്കാത്ത നേരത്ത് “സമാധാനമെന്നും നിർഭയമെന്നും [“സുരക്ഷിതത്വമെന്നും,” NW]” ഉള്ള പ്രസ്താവനകളിറക്കുമ്പോൾ, ദൈവത്തിന്റെ ന്യായവിധി പെട്ടെന്നുതന്നെ നിർവഹിക്കപ്പെടും. “ആകയാൽ നാം ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണർന്നും സുബോധമായുമിരിക്ക” എന്ന അപ്പോസ്തലന്റെ ഉപദേശം എത്ര ഉചിതമാണ്!—1 തെസ്സലൊനീക്യർ 5:1-3, 6; 7-11 എന്നീ വാക്യങ്ങൾകൂടി കാണുക; പ്രവൃത്തികൾ 1:7.
15, 16. (എ) നാം വിചാരിച്ചിരുന്നതിനെക്കാളും അകലെയാണ് അർമഗെദോൻ എന്നു നാം ചിന്തിക്കരുതാത്തത് എന്തുകൊണ്ട്? (ബി) സമീപ ഭാവിയിൽ യഹോവയുടെ പരമാധികാരം എങ്ങനെ മഹത്ത്വീകരിക്കപ്പെടണം?
15 “ഈ തലമുറ”യെക്കുറിച്ചുള്ള കൂടുതൽ കൃത്യമായ ഈ വീക്ഷണത്തിന്റെ അർഥം നാം വിചാരിച്ചിരുന്നതിനെക്കാളും അകലെയാണ് അർമഗെദോൻ എന്നാണോ? അല്ലേ അല്ല! ആ “നാളും നാഴികയും” നാം ഒരിക്കലും അറിഞ്ഞിട്ടില്ലെങ്കിലും, യഹോവയാം ദൈവത്തിന് അത് എല്ലായ്പോഴും അറിയാം. അവനു മാറ്റമില്ല. (മലാഖി 3:6) വ്യക്തമായും, ലോകം ആത്യന്തിക നാശത്തിലേക്കു കൂടുതൽ കൂടുതൽ ആണ്ടുപോകുകയാണ്. ഉണർന്നിരിക്കേണ്ടതിന്റെ ആവശ്യം മുമ്പെന്നെത്തേക്കാളും അടിയന്തിരമായിരിക്കുകയാണ്. “വേഗത്തിൽ സംഭവിപ്പാനുള്ളതു” യഹോവ നമുക്കു വെളിപ്പെടുത്തിയിരിക്കുന്നു. ഉത്ക്കടമായ ഒരു അടിയന്തിര ബോധത്തോടെ നമ്മൾ പ്രതികരിക്കണം.—വെളിപ്പാടു 1:1; 11:18; 16:14, 16.
16 സമയം അടുത്തുവരുന്തോറും ഉണർന്നിരിക്കുക. കാരണം യഹോവ സാത്താന്റെ സകല വ്യവസ്ഥിതിയുടെമേലും നാശം വരുത്താൻ പോകുകയാണ്! (യിരെമ്യാവു 25:29-31) യഹോവ പറയുന്നു: “ഞാൻ എന്നെത്തന്നേ മഹത്വീകരിക്കയും എന്നെത്തന്നേ വിശുദ്ധീകരിക്കയും പല ജാതികളും കാൺങ്കെ എന്നെത്തന്നേ വെളിപ്പെടുത്തുകയും ഞാൻ യഹോവ എന്നു അവർ അറികയും ചെയ്യും.” (യെഹെസ്കേൽ 38:23) “യഹോവയുടെ” ആ നിർണായക “ദിവസം” സമീപിക്കുകയാണ്!—യോവേൽ 1:15; 2:1, 2; ആമോസ് 5:18-20; സെഫന്യാവു 2:2, 3.
നീതിനിഷ്ഠമായ “പുതിയ ആകാശവും പുതിയ ഭൂമിയും”
17, 18. (എ) യേശുവും പത്രോസും പറയുന്നപ്രകാരം, “ഈ തലമുറ” എങ്ങനെയാണ് ഒഴിഞ്ഞുപോകുന്നത്? (ബി) ദൈവിക ഭക്തിയുള്ള നടത്തയും പ്രവൃത്തിയും സംബന്ധിച്ചു നാം ഉണർന്നിരിക്കേണ്ടത് എന്തുകൊണ്ട്?
17 ‘സംഭവിക്കാനുള്ള ഈ സകല സംഗതികളെ’ക്കുറിച്ചും യേശു ഇങ്ങനെ പറഞ്ഞു: “ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.” (മത്തായി 24:34, 35) “ഈ തലമുറ”യിലെ ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരുമായ “ആകാശവും ഭൂമിയു”മായിരിക്കാം യേശുവിന്റെ മനസ്സിലുണ്ടായിരുന്നത്. “ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു” എന്നു പരാമർശിച്ചപ്പോൾ അപ്പോസ്തലനായ പത്രോസ് ഉപയോഗിച്ചതും സമാനമായ വാക്കുകൾതന്നെ. “[ഭരണ] ആകാശങ്ങൾ . . . ഒഴിഞ്ഞുപോകു”കയും അതോടൊപ്പം ദുഷിച്ച മനുഷ്യസമൂഹവും, അഥവാ “ഭൂമിയും” അതിന്റെ പാപപൂർണമായ വേലകളും ഒഴിഞ്ഞുപോകുകയും ചെയ്യാനിരിക്കുന്ന ‘കർത്താവിന്റെ [“യഹോവയുടെ,” NW] ദിവസം കള്ളനെപ്പോലെ വരു’ന്നതെങ്ങനെയെന്ന് അവൻ അടുത്തതായി വർണിക്കുന്നു. എന്നിട്ട്, “ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കയാൽ ആകാശം ചുട്ടഴിവാനും മൂലപദാർത്ഥങ്ങൾ വെന്തുരുകുവാനും ഉള്ള ദൈവദിവസത്തിന്റെ വരവു കാത്തിരി”ക്കുന്നതിനാൽ നാം “വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ ആയി”രിക്കണമെന്ന് അപ്പോസ്തലൻ ഉദ്ബോധിപ്പിക്കുന്നു. പിന്നെ എന്തു വരും? ‘നീതി വസിക്കാനിരിക്കുന്ന പുതിയ ആകാശത്തിലേക്കും പുതിയ ഭൂമി’യിലേക്കും പത്രോസ് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു.—2 പത്രൊസ് 3:7, 10-13.c
18 യേശുക്രിസ്തുവിനാലും അവന്റെ സഹരാജാക്കന്മാരാലുമുള്ള രാജ്യഭരണമെന്ന ആ “പുതിയ ആകാശം” മനുഷ്യവർഗസമൂഹമായ നീതിനിഷ്ഠമായ “പുതിയ ഭൂമി”ക്കുമേൽ അനുഗ്രഹങ്ങൾ ചൊരിയും. ആ സമൂഹത്തിന്റെ ഒരു ഭാവിയംഗമാണോ നിങ്ങൾ? അങ്ങനെയെങ്കിൽ, വരാനിരിക്കുന്ന മഹത്തായ ഭാവിയെക്കുറിച്ച് ആഹ്ലാദിക്കാൻ നിങ്ങൾക്കു കാരണമുണ്ട്!—യെശയ്യാവു 65:17-19; വെളിപ്പാടു 21:1-5.
19. നമുക്കിപ്പോൾ എന്തു മഹത്തായ പദവി ആസ്വദിക്കാനായേക്കും?
19 അതേ, മനുഷ്യവർഗത്തിന്റെ നീതിനിഷ്ഠമായ ഒരു “തലമുറ” ഇപ്പോൾപ്പോലും കൂട്ടിവരുത്തപ്പെടുകയാണ്. ഇന്ന്, “വിശ്വസ്തനും വിവേകിയുമായ” അഭിഷിക്ത “അടിമ” സങ്കീർത്തനം 78:1, 4-ലെ ഈ വാക്കുകളോടുള്ള ചേർച്ചയിൽ ദിവ്യവിദ്യാഭ്യാസം പ്രദാനം ചെയ്യുകയാണ്: “എന്റെ ജനമേ, എന്റെ ഉപദേശം ശ്രദ്ധിപ്പിൻ; എന്റെ വായ്മൊഴികൾക്കു നിങ്ങളുടെ ചെവി ചായിപ്പിൻ; . . . വരുവാനുള്ള തലമുറയോടു യഹോവയുടെ സ്തുതിയും ബലവും അവൻ ചെയ്ത അത്ഭുതപ്രവൃത്തികളും വിവരിച്ചുപറയും.” (മത്തായി 24:45-47, NW) ഈ വർഷം ഏപ്രിൽ 14-ന്, ഏതാണ്ട് 230-ലധികം രാജ്യങ്ങളിലുള്ള 75,500-ലധികംവരുന്ന സഭകളിൽ, 1,20,00,000 വ്യക്തികൾ ലോകമെമ്പാടും ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകത്തിൽ പങ്കെടുത്തു. അക്കൂട്ടത്തിൽ നിങ്ങളുണ്ടായിരുന്നോ? നിങ്ങൾ ക്രിസ്തുയേശുവിൽ വിശ്വാസമർപ്പിക്കുകയും ‘രക്ഷയ്ക്കായി യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുകയും’ ചെയ്യുമാറാകട്ടെ.—റോമർ 10:10-13.
20. “കാലം ചുരുങ്ങിയിരിക്കുന്ന”തുകൊണ്ട്, നാം ഉണർന്നിരിക്കേണ്ടതെങ്ങനെ, എന്തു ഭാവിപ്രതീക്ഷയോടെ?
20 “കാലം ചുരുങ്ങിയിരിക്കുന്നു” എന്നു പൗലോസ് അപ്പോസ്തലൻ പറഞ്ഞു. അതുകൊണ്ട്, മനുഷ്യവർഗത്തിന്റെ ദുഷ്ടതലമുറ അടിച്ചേൽപ്പിക്കുന്ന പീഡനങ്ങളും വിദ്വേഷങ്ങളും സഹിച്ചുനിൽക്കവേതന്നെ, എല്ലായ്പോഴും ഉണർന്നിരിക്കാനും യഹോവയുടെ വേലയിൽ തിരക്കുള്ളവരായിരിക്കാനുമുള്ള സമയമാണിത്. (1 കൊരിന്ത്യർ 7:29; മത്തായി 10:22; 24:13, 14) “ഈ തലമുറ”യിൽ വരുമെന്നു ബൈബിളിൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന സകല സംഗതികളും നിരീക്ഷിച്ചുകൊണ്ട്, നമുക്ക് ഉണർന്നിരിക്കാം. (ലൂക്കൊസ് 21:31-33) ഈ സംഗതികളിൽനിന്നു രക്ഷപ്പെട്ടുകൊണ്ടും മനുഷ്യപുത്രനുമുമ്പിൽ ദിവ്യാംഗീകാരത്തോടെ നിന്നുകൊണ്ടും അവസാനം നാം നിത്യജീവൻ എന്ന സമ്മാനം കരസ്ഥമാക്കിയേക്കാം.
[അടിക്കുറിപ്പുകൾ]
a “ഏഴു കാലങ്ങൾ” സംബന്ധിച്ചുള്ള കൂടുതലായ വിവരങ്ങൾക്കു വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച “നിന്റെ രാജ്യം വരേണമേ” എന്ന പുസ്തകത്തിന്റെ 127-39, 186-9 എന്നീ പേജുകൾ കാണുക.
b വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച (ഇംഗ്ലീഷ്) 1-ാം വാല്യം 918-ാം പേജ് കാണുക.
c വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച വരാൻപോകുന്ന നമ്മുടെ ലോകഗവൺമെൻറ്—ദൈവരാജ്യം [ഇംഗ്ലീഷ്] എന്നതിന്റെ 152-6, 180-1 എന്നീ പേജുകളും കാണുക.
പുനരവലോകന ചോദ്യങ്ങൾ:
◻ ദാനീയേൽ 4:32-ന്റെ നിവൃത്തി ശ്രദ്ധിച്ചശേഷം, നാമിപ്പോൾ “ഉണർന്നിരി”ക്കേണ്ടതെങ്ങനെ?
◻ മത്തായിയുടെയും ലൂക്കോസിന്റെയും സുവിശേഷങ്ങൾ “ഈ തലമുറ”യെ തിരിച്ചറിയിക്കുന്നതെങ്ങനെ?
◻ ‘ആ നാളിനും നാഴിക’യ്ക്കുംവേണ്ടി കാത്തിരിക്കവേ, നമ്മൾ എന്തു നിരീക്ഷിക്കുന്നു, നമ്മൾ എങ്ങനെ പ്രതികരിക്കണം?
◻ നീതിനിഷ്ഠമായ “പുതിയ ആകാശവും പുതിയ ഭൂമിയും” സംബന്ധിച്ച ഭാവിപ്രതീക്ഷ എന്തു ചെയ്യാൻ നമ്മെ പ്രോത്സാഹിപ്പിക്കണം?
[17-ാം പേജിലെ ചിത്രങ്ങൾ]
അക്രമാസക്തവും ദുഷ്ടവുമായ ഈ തലമുറ ഒഴിഞ്ഞുപോകുമ്പോൾ, ദുരിതമനുഭവിക്കുന്ന മനുഷ്യവർഗത്തിന് ആശ്വാസം ലഭിക്കും
[കടപ്പാട്]
Alexandra Boulat/Sipa Press
[കടപ്പാട്]
Left and below: Luc Delahaye/Sipa Press
[18-ാം പേജിലെ ചിത്രങ്ങൾ]
മനുഷ്യവർഗത്തിലെ മുഴുജാതികൾക്കുംവേണ്ടിയുള്ള മഹത്തായ “പുതിയ ആകാശവും പുതിയ ഭൂമിയും” തൊട്ടുമുന്നിൽ