“ദൈവത്തെ ഭയപ്പെട്ട് അവനു മഹത്വം കൊടുക്കുക”
“ദൈവത്തെ ഭയപ്പെട്ട് അവനു മഹത്വം കൊടുക്കുക.”—വെളിപ്പാട് 14:7.
1. നാം ആരെ ഭയപ്പെടണം, നാം എന്തിനെ ഭയപ്പെടരുത്?
നാം ആരെ ഭയപ്പെടണം? തീർച്ചയായും തീനിറമുള്ള മഹാസർപ്പമായ സാത്താനെയും അവന്റെ ഭൂതസൈന്യങ്ങളെയും ഭയപ്പെടേണ്ടതില്ല! 1914-ലെ രാജ്യജനനത്തെ തുടർന്ന് ക്രിസ്തുയേശു അവരെ സ്വർഗ്ഗത്തിൽനിന്നു വലിച്ചെറിഞ്ഞു. എന്നാൽ അപ്പോക്കലിപ്സിലെ ദർശനങ്ങൾ അടുത്തതായി ദൈവോദ്ദേശ്യങ്ങളെ തകർക്കാനുള്ള അവന്റെ അവസാനക്കൈയായുള്ള ശ്രമത്തിൽ അവൻ ഇവിടെ ഭൂമിയിൽ ഉപയോഗിക്കുന്ന സ്ഥാപനത്തെ വെളിപ്പെടുത്തുന്നു. ഈ ചിത്രീകരണത്തിൽ പ്രമുഖമായി നിൽക്കുന്നത് രണ്ടു ഘോരകാട്ടുമൃഗങ്ങളും മത്തുപിടിച്ച മഹാബാബിലോൻ എന്ന ഒരു വേശ്യയുമാണ്. ഇവരെ നാം ഭയപ്പെടണമോ? അശേഷം വേണ്ട! പകരം നാം യഹോവയെയും അവന്റെ ക്ത്രിസ്തുവിനെയും ഭയപ്പെടണം. ഇപ്പോൾ അവരുടെ രാജ്യം സാത്താന്റെ ദുഷിച്ച ലോകത്തെ അതിന്റെ അന്തിമന്യായവിധിയിലേക്കു വരുത്തിയിരിക്കുകയാണ്.—സദൃശവാക്യങ്ങൾ 1:7; മത്തായി 10:28; വെളിപ്പാട് 12:9-12.
ദൈവദൂഷണപരമായ കാട്ടുമൃഗങ്ങൾ
2. എട്ടാമത്തെ ദർശനത്തിൽ ഏതു കാട്ടുമൃഗം കാഴ്ചയിൽപെടുന്നു, അത് എന്തിനെ പ്രതിനിധാനംചെയ്യുന്നു?
2 വെളിപ്പാടിലെ എട്ടാമത്തെ ദർശനം ചുരുളഴിയുമ്പോൾ പ്രക്ഷുബ്ധമായ മനുഷ്യവർഗ്ഗ സമുദ്രത്തിൽനിന്നു ഒരു കാട്ടുമൃഗം കയറിവരുന്നു. അതിനു ഏഴുതലയും സാത്താൻ കൊടുത്ത രാജകീയ അധികാരത്തെ സൂചിപ്പിക്കുന്ന പത്തു കിരീടങ്ങളോടുകൂടിയ പത്തു കൊമ്പുകളുമുണ്ട്. അത് യഹോവയുടെ ദാസൻമാരോടു ഒരു പുള്ളിപ്പുലിയും ഒരു കരടിയും അല്ലെങ്കിൽ ഒരു സിംഹവും ചെയ്യുന്നതുപോലെ ക്രൂരമായി പെരുമാറിക്കൊണ്ട് യഹോവയെ ദുഷിക്കുന്നു. എന്നാൽ അതിന്റെ അധികാരം താൽക്കാലികമാണ്. അത് ആരോടു അടുത്ത സാദൃശ്യമുള്ളതായിരിക്കുന്നുവോ ആ മഹാസർപ്പമായ സാത്താനിൽനിന്നാണ് അതിനു അധികാരം കിട്ടിയത്. പ്രവാചകനായ ദാനിയേൽ നേരത്തെതന്നെ ഭൗമിക രാഷ്ട്രീയ ഗവൺമെൻറുകളെ കാട്ടുമൃഗങ്ങളായി വർണ്ണിച്ചിട്ടുണ്ടായിരുന്നു. ഗവൺമെൻറുകൾതന്നെ മിക്കപ്പോഴും വന്യജീവികളെ അവയുടെ ദേശീയചിഹ്നങ്ങളായി തെരഞ്ഞെടുത്തിട്ടുണ്ട്, ബ്രിട്ടീഷ്സിംഹവും അമേരിക്കൻകഴുകനുംപോലെ. (ദാനിയേൽ 8:5-8, 20-22.) എന്നാൽ ഇപ്പോൾ നാം ഒരു സംയുക്തമൃഗത്തെയാണു കാണുന്നത്, ഭൂമിയിൽ ദൈവത്തിന്റെ യഥാർത്ഥദാസൻമാരെ മിക്കപ്പോഴും ഞെരുക്കിയിട്ടുള്ള ബൈബിൾചരിത്രത്തിലെ സകല രാഷ്ട്രീയശക്തികളെയും ഉൾക്കൊള്ളുന്നതുതന്നെ. ഇവയിൽ പ്രമുഖ “തലകൾ” ഈജിപ്ററ്, അസ്സീറിയാ, ബാബിലോൻ, മേദ-പാർസ്യ, ഗ്രീസ്, റോമാ, എന്നിവയും ഒടുവിൽ ആംഗ്ലോ അമേരിക്കൻ ദ്വിലോകശക്തിയുമാണ്.—വെളിപ്പാട് 13:1,2; 12:3, 7-9.
3. (എ) കാട്ടുമൃഗത്തിന്റെ തലകളിലൊന്നിനു ഒരു “വാൾ-മുറിവ്” ഏററതെങ്ങനെ? (ബി) രണ്ടു കൊമ്പുള്ള കാട്ടുമൃഗം ഒന്നാമത്തെ കാട്ടുമൃഗത്തിന് ഒരു പ്രതിമ ഉണ്ടാക്കാൻ നേതൃത്വം വഹിക്കുന്നതെങ്ങനെ? (സി) ഒന്നാമത്തെ കാട്ടുമൃഗത്തിന്റെ പേരെന്താണ്, പേരിന്റെ പ്രാധാന്യമെന്താണ്?
3 ഏഴാം ലോകശക്തിയെന്ന നിലയിൽ ഗ്രേററ് ബ്രിട്ടന് 1914-18 വരെ നടന്ന ഒന്നാം ലോകമഹായുദ്ധത്തിൽ മാരകമായിരിക്കാൻ കഴിയുമായിരുന്ന ഒരു “വാൾ-മുറിവ്” ഏററു. എന്നാൽ അമേരിക്കൻ ഐക്യനാടുകൾ അവളുടെ രക്ഷക്കെത്തി. അന്നു മുതൽ അമേരിക്കയും ബ്രിട്ടനും ഒരു ദ്വിലോകശക്തിയെന്ന നിലയിൽ സഹകരിച്ചിരിക്കുന്നു, അതിനെ സുസ്ഥാപിത മനുഷ്യസമുദായമായ “ഭൂമി”യിൽനിന്നു കയറിവരുന്ന രണ്ടു കൊമ്പുള്ള ഒരു കാട്ടുമൃഗമായി യോഹന്നാൻ തുടർന്നു വർണ്ണിക്കുന്നു. ഈ രണ്ടു കൊമ്പുള്ള കാട്ടുമൃഗം ഒന്നാമത്തെ കാട്ടുമൃഗത്തിനു ഒരു പ്രതിമ ഉണ്ടാക്കുന്നതിനും അതിനു ജീവൻ കൊടുക്കുന്നതിനും നേതൃത്വം വഹിക്കുന്നു, അങ്ങനെ ആംഗ്ലോ അമേരിക്കൻ ലോകശക്തി സർവ്വരാജ്യസഖ്യത്തിനും അതിന്റെ പിൻഗാമിയായ ഐക്യരാഷ്ട്രങ്ങൾക്കും മുഖ്യ ഉത്തരവാദിയും ജീവദാതാവും ആയതെങ്ങനെയെന്നു ചിത്രീകരിക്കുന്നു. ഒന്നാമത്തെ കാട്ടുമൃഗത്തിനു ഒരു സംഖ്യാനാമമുണ്ട്, 666. ആറ് ഒരു അപൂർണ്ണസംഖ്യയാണ്—ബൈബിൾപരമായി പൂർണ്ണതയുള്ള ഏഴിൽ എത്താത്തതുതന്നെ. അതുകൊണ്ട് മൂന്നാം ഡിഗ്രിയിലുള്ള ആറ് ഇന്നത്തെ മനുഷ്യ ഭരണാധികാരികളുടെ കഷ്ടതരമായ അപൂർണ്ണതയെ സൂചിപ്പിക്കുന്നു. യഹോവയുടെ സാക്ഷികൾ ഗവൺമെൻറിനെ ആദരിക്കുകയും തങ്ങൾ വസിക്കുന്ന ദേശത്തെ നിയമങ്ങൾ മാതൃകായോഗ്യമായി അനുസരിക്കുകയും ചെയ്യുന്നുവെങ്കിലും അവർ കാട്ടുമൃഗത്തെയോ അതിന്റെ പ്രതിമയെയോ ആരാധിക്കുന്നതിനു സധീരം വിസമ്മതിക്കുന്നു.—വെളിപ്പാട് 13:3-18; റോമർ13:1-7.
ദൈവത്തെ ഭയപ്പെടുക—എന്തുകൊണ്ട്?
4. (എ) സ്വർഗ്ഗീയ സീയോൻമലയിൽ ആർ നിൽക്കുന്നതായി കാണുന്നു, ദൈവസിംഹാസനത്തിനു മുൻപാകെയുള്ള 24 മൂപ്പൻമാർ ആരെ ചിത്രീകരിക്കുന്നു? (ബി) അഭിഷിക്തർ പാടുന്ന “പുതിയ പാട്ടും” മഹാപുരുഷാരം പാടുന്ന “പുതിയ പാട്ടും” തമ്മിലുള്ള വ്യത്യാസമെന്ത്?
4 തൽക്കാലം ഈ മൃഗങ്ങളെക്കുറിച്ചു ഇത്രമാത്രം. നവോൻമേഷപ്രദമാംവിധം ഭിന്നമായി ഏഴാം ദർശനം കുഞ്ഞാടിന്റെമേൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അവൻ 1,44,000-ത്തോടുകൂടെ സീയോൻമലയിൽ നിൽക്കുന്നു, അവൻ അവരെ മനുഷ്യവർഗ്ഗത്തിന്റെ ഇടയിൽനിന്ന് ആദ്യഫലമായി വിലക്കുവാങ്ങിയതാണ്. അവരിൽ ചിലർ ഇപ്പോഴും ഭൂമിയിൽ സേവിക്കുന്നുവെങ്കിലും ഒരു ആത്മീയ അർത്ഥത്തിൽ മുഴു 1,44,000-വും “ഒരു സീയോൻമലയെയും. . . . സ്വർഗ്ഗീയ യരുശലേമിനെയും സമീപിച്ചിരിക്കുന്നു.” (എബ്രായർ 12:22) ഉചിതമായി, 24 മൂപ്പൻമാരും ഇവിടെ ദൈവസിംഹാസനത്തിൻമുമ്പാക നിൽക്കുന്നതായി കാണപ്പെടുന്നു, എന്തെന്നാൽ അവർ ഒരു വ്യത്യസ്തനിലപാടിൽ അതേ അഭിഷിക്തകൂട്ടത്തെ ചിത്രീകരിക്കുന്നു—ഇപ്പോൾത്തന്നെ ഉയർപ്പിക്കപ്പെടുകയും രാജാക്കൻമാരും പുരോഹിതൻമാരുമായി അവരോധിക്കപ്പെടുകയും ചെയ്തവരായിത്തന്നെ. 1,44,000 പേർ “ഒരു പുതിയ പാട്ടു” പാടുന്നു. അതു രാജ്യാവകാശികളായിത്തീരാൻ ഭൂമിയിൽനിന്നു വിലയ്ക്കുവാങ്ങപ്പെട്ടതിലുള്ള അവരുടെ അനുപമമായ അനുഭവത്തിൽനിന്നു ഉത്ഭൂതമാകുന്നു. മഹാപുരുഷാരവും “യഹോവക്ക് ഒരു പുതിയ പാട്ടു പാടുന്നു,” എന്നാൽ അവർ രാജ്യത്തിന്റെ ഭൗമികമണ്ഡലത്തിൽ നിത്യജീവൻ പ്രാപിക്കാനുള്ള പ്രതീക്ഷയിൽ പാടുന്നതുകൊണ്ടു അതു വ്യത്യസ്തമാണ്.—വെളിപ്പാട് 7:9; 14:1-5; സങ്കീർത്തനം 96:1-10; മത്തായി 25:31-34.
5. (എ) മദ്ധ്യാകാശത്തിൽ പറക്കുന്ന ദൂതൻ ഏതു വാർത്ത ഘോഷിക്കുന്നു, അതു നിത്യമായിരിക്കുന്നതെന്തുകൊണ്ട്? (ബി) ദൂതൻ ഒരു ഉറച്ച ശബ്ദത്തിൽ ഏതു കല്പന പുറപ്പെടുവിക്കുന്നു, അതു സമുചിതമായിരിക്കുന്നതെന്തുകൊണ്ട്?
5 ദർശനം ഇപ്പോൾ വികസിതമാകുന്നു. യോഹന്നാൻ മദ്ധ്യാകാശത്തിൽ പറക്കുന്ന മറെറാരു ദൂതനെ കാണുന്നു. അവനു എന്തോരു സന്തോഷ വർത്തമാനമാണ് ഘോഷിക്കാനുള്ളത്! അതു നിത്യസുവാർത്തയാണ്, എന്തുകൊണ്ടെന്നാൽ അത് ഈ ന്യായവിധിയുടെ നാഴികയിൽ ദൈവത്തെ അനുസരിക്കുന്ന സകല ജനതയിലും ഗോത്രത്തിലും ഭാഷയിലും ജനത്തിലുംപെട്ടവർക്ക് നിത്യജീവനെ അർത്ഥമാക്കുന്നു. യോഹന്നാൻ ഇപ്പോൾ വർണ്ണിച്ചുകഴിഞ്ഞ ഭീകരമൃഗങ്ങളിൽനിന്നു വ്യത്യസ്തമായി ഈ അത്ഭുതദൈവത്തെ എന്തുകൊണ്ടു ആരാധിച്ചുകൂടാ, പൂജിച്ചുകൂടാ? അവനാണ് ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചത്. ചേതനവും അചേതനവുമായി സ്ഥിതിചെയ്യുന്നതിന്റെയെല്ലാം ഉറവ് അവനാണ്. അതുകൊണ്ട് ഉറച്ച ശബ്ദത്തിൽ “ദൈവത്തെ ഭയപ്പെട്ട് അവനു മഹത്വം കൊടുക്കുക” എന്നു ആജ്ഞാപിക്കാൻ ദൂതനു ശക്തമായ കാരണമുണ്ട്! ദൂതന്റെ ശബ്ദം ഭൂമിക്കു ചുററും കേൾക്കുന്നു, യഹോവയുടെ സാക്ഷികൾ ഈ ആവേശകരമായ ക്ഷണം ഏതാണ്ട് 200 രാജ്യങ്ങളിൽ പ്രതിധ്വനിപ്പിക്കുന്നു.—വെളിപ്പാട് 14:6, 7; യെശയ്യാവ് 45:11, 12, 18.
മഹാബാബിലോനിന്റെ വീഴ്ച
6. മറെറാരു ദൂതൻ ഞെട്ടിക്കുന്ന വേറെ ഏതു വാർത്ത ഘോഷിക്കുന്നു?
6 മറെറാരു ദൂതൻ പ്രത്യക്ഷപ്പെടുന്നു. അവൻ ഘോഷിക്കുന്ന സന്ദേശം തീർച്ചയായും ഞെട്ടിക്കുന്നതാണ്: “അവൾ വീണിരിക്കുന്നു! തന്റെ ദുർവൃത്തിയുടെ ക്രോധവീഞ്ഞ് സകല ജനതകളെയും കുടിപ്പിച്ച മഹാബാബിലോൻ വീണിരിക്കുന്നു!” (വെളിപ്പാട് 14:8) ജനതകളെ വശീകരിക്കുന്നതിനും മത്തുപിടിപ്പിക്കുന്നതിനും പോലും കഴിവുള്ള മഹാബാബിലോൻ ആരാണ്?
7. മഹാബാബിലോൻ എന്താണ്, അതു എങ്ങനെ വികാസം പ്രാപിച്ചു?
7 പുരാതനബാബിലോൻ വ്യാജമതത്തിന്റെ ഉറവായിരുന്നു, അത് ഉചിതമായി “മഹാബാബിലോൻ” എന്ന് മുദ്രയടിക്കപ്പെട്ട് ഒരു ഭൂതസംബന്ധലോകസാമ്രാജ്യമായിത്തീരാൻ ഭൂവ്യാപകമായി വ്യാപിച്ചു. കാലക്രമത്തിൽ ആ മതസാമ്രാജ്യത്തിൽ റോമാ പ്രമുഖമായിത്തീർന്നു. എന്തുകൊണ്ടെന്നാൽ റോമായുടെ കീഴിലായിരുന്നു വിശ്വാസത്യാഗിനിയായ ക്രൈസ്തവലോകം വികാസംപ്രാപിച്ചത്. റോമാ ബാബിലോന്യ മതത്തിന്റെ ഒരു ലോകകേന്ദ്രമായി തുടരുകയാണ്. ഇത് ഐക്യരാഷ്ട്രങ്ങൾ പ്രഖ്യാപിച്ച അന്തർദ്ദേശീയ സമാധാന വർഷത്തിനുവേണ്ടി പ്രാർത്ഥിക്കാൻ റോമിനു സമീപമുള്ള അസ്സീസിയിൽ പാപ്പായോടൊത്തു സമ്മേളിച്ചുകൊണ്ട് ലോക മതനേതാക്കൻമാർ റോമായിലെ പാപ്പായുടെ ആഹ്വാനത്തിനു ഉത്തരം കൊടുത്തപ്പോൾ 1986-ൽ വ്യക്തമായി പ്രകടമായിരുന്നു.
8. (എ) മഹാബാബിലോന് എങ്ങനെ ഒരു വലിയ വീഴ്ച അനുഭവപ്പെട്ടു, ഇത് എപ്പോൾ മുതൽ പ്രകടമാണ്? (ബി) സമാധാനത്തിനുവേണ്ടിയുള്ള മതനേതാക്കൻമാരുടെ പ്രാർത്ഥനകൾക്ക് ഉത്തരം കിട്ടുന്നില്ലെന്ന് എന്തു പ്രകടമാക്കുന്നു?
8 എന്നിരുന്നാലും, മഹാബാബിലോന് ഒരു വലിയ വീഴ്ച അനുഭവപ്പെട്ടു! 1919 മുതൽ ലോകവ്യാപകമായി ലോകമതത്തിനു അനുഭവപ്പെടുന്ന പിന്തുണയുടെ കുറവിൽനിന്നു ഇതു തെളിഞ്ഞിരിക്കുന്നു. നിരീശ്വരകമ്മ്യൂണിസം ഇപ്പോൾ ഭൂമിയുടെ വലിയ ഭാഗങ്ങളിൽ നിയന്ത്രണം ചെലുത്തുന്നു. ഇന്നത്തെ യുവാക്കളെ പരിണാമമാണു പഠിപ്പിക്കുന്നത്, അത് ദൈവവചനത്തിനു വിരുദ്ധമാണ്. പ്രോട്ടസ്ററൻറ്യൂറോപ്പിൽ മേലാൽ അധികം പേർ പള്ളിയിൽ ഹാജരാകുന്നില്ല. ഒരു സഞ്ചാരിയായ പാപ്പാ തന്റെ കത്തോലിക്കാ സാമ്രാജ്യത്തെ ഒരുമിച്ചുനിർത്താൻ പോരാടുകയാണ്. ലോകമതങ്ങളിലെ ബഹുദൈവങ്ങളോടുള്ള പ്രാർത്ഥനകൾക്ക് പ്രസ്പഷ്ടമായി ഉത്തരം ലഭിക്കുന്നില്ല. രൂത്ത് എൽ. സിവാർഡ് ഇങ്ങനെ റിപ്പോർട്ടുചെയ്തു: “1987-ൽ ഇരുപത്തിരണ്ടു യുദ്ധങ്ങൾ നടക്കുന്നുണ്ടായിരുന്നു, രേഖപ്പെടുത്തപ്പെട്ട ഏതു മുൻവർഷത്തിലേതിലും കൂടുതൽ. ഈ യുദ്ധങ്ങളിലെ മൊത്തം മരണസംഖ്യ ഈ സമയംവരെ കുറഞ്ഞതു 22,00,000ആണ്—സത്വരം കൂടിവരുകയുമാണ്.”a അസ്സീസ്സിയിലെ പ്രാർത്ഥനായോഗം എത്ര നിഷ്ഫലമെന്നു തെളിഞ്ഞു! എന്നിരുന്നാലും പാപ്പാ ഒരു വശത്തു തന്റെ സാദൃശ്യവും മറുവശത്തു പ്രാർത്ഥനായോഗത്തിന്റെ ഒരു പ്രതീകവും സഹിതം ഒരു നാണയം പുറത്തിറക്കിക്കൊണ്ടു ആ അസംബ്ലിയുടെ 1987-ലെ വാർഷികത്തെ ആദരിച്ചു. “സമാധാനമില്ലാത്തപ്പോൾ അവർ ‘സമാധാനമുണ്ട്! സമാധാനമുണ്ട്!’ എന്നു പറഞ്ഞുകൊണ്ടിരിക്കുന്നു.”—യിരെമ്യാവ് 6:14
ബാബിലോനിന്റെ വേശ്യാവൃത്തി തുറന്നുകാട്ടപ്പെടുന്നു
9. മഹാബാബിലോനിലെ വൈദികർ ഏതു അധാർമ്മികനടപടികൾ നിമിത്തം കുപ്രസിദ്ധരായിത്തീർന്നിരിക്കുന്നു?
9 മഹാബാബിലോൻ ദുർവൃത്തയാണെന്ന് വെളിപ്പാട് 14:8 പ്രകടമാക്കുന്നു. അവളുടെ വൈദികർ തങ്ങളുടെ ദുർമ്മാർഗ്ഗരീതികൾനിമിത്തം കുപ്രസിദ്ധരായിത്തീർന്നിരിക്കുന്നു. ററി.വി. സുവിശേഷകർ തങ്ങളുടെ ആട്ടിൻകൂട്ടത്തിന്റെ സഹസ്രലക്ഷക്കണക്കിനു രൂപാ അപഹരിക്കുകയും അതേസമയം നിർല്ലജ്ജമായി ദുർമ്മാർഗ്ഗത്തിലേർപ്പെടുകയും ചെയ്തിരിക്കുന്നു. 1988 ജനുവരി 3-ലെ ഫിലദൽഫിയാ പെൻസിൽവേനിയാ ബീക്കൺജേണലിൽ വന്ന റിപ്പോർട്ടിനാൽ സൂചിപ്പിക്കപ്പെടുന്നതുപോലെ കത്തോലിക്കാപുരോഹിതവർഗ്ഗവും വളരെയധികം ചോദ്യംചെയ്യപ്പെടുകയാണ്: “കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ ഐക്യനാടുകളിൽ കത്തോലിക്കാപുരോഹിതൻമാർ ലൈംഗികമായി ദ്രോഹിച്ച ശതക്കണക്കിനു കുട്ടികൾ ഗുരുതരമായ വൈകാരികാഘാതം അനുഭവിച്ചിരിക്കുന്നുവെന്ന് ഉൾപ്പെട്ടിരിക്കുന്ന മാതാപിതാക്കളും മനഃശാസ്ത്രജ്ഞൻമാരും പൊലീസ് ഉദ്യോഗസ്ഥൻമാരും നിയമജ്ഞൻമാരും പറയുന്നു.” ലൈംഗികദുർമ്മാർഗ്ഗം മഹാബാബിലോനിലെ വൈദികരിലനേകരുടെയും കീർത്തിക്കു മങ്ങലേൽപ്പിച്ചിരിക്കുന്നു.
10. (എ) വെളിപ്പാടു 18:3-ൽ മഹാബാബിലോനിന്റെ “ദുർവൃത്തി”യാൽ സൂചിപ്പിക്കപ്പെടുന്നതെന്ത്? (ബി) വെളിപ്പാട് 18:24-ൽ പറഞ്ഞിരിക്കുന്നപ്രകാരം മഹാബാബിലോനിലെ വൈദികർ ഭാരിച്ച രക്തപാതകത്തിൽ പങ്കുവഹിക്കുന്നതെന്തുകൊണ്ട്?
10 “അവളുടെ ദുർവൃത്തിയുടെ ക്രോധവീഞ്ഞ്” പ്രത്യേകിച്ച് വ്യാജമതം ഭരണാധികാരികളെ പ്രേമിക്കുകയും അവരുടെ രാഷ്ട്രീയപദ്ധതികളെയും യുദ്ധങ്ങളെയും പിന്തുണക്കുകയും കാട്ടുമൃഗത്തിന്റെ ഏതെങ്കിലും ദേശീയത്വ ഭാഗത്തെ ആരാധിക്കാൻ ജനങ്ങളെ നിർബന്ധിക്കുകയും ചെയ്യുന്നതിനെ പരാമർശിക്കുന്നു. 1933-ൽ വത്തിക്കാനുമായി ഹിററ്ലർ ഉണ്ടാക്കിയ ഉടമ്പടിയിലും 1935-36-ൽ നടന്ന സ്പാനീഷ് ആഭ്യന്തരയുദ്ധത്തിലും നിന്നു കാണാവുന്നതുപോലെ രാജ്യതന്ത്രജ്ഞൻമാർ തങ്ങളുടെ ലക്ഷ്യംനേടുന്നതിനു മിക്കപ്പോഴും മതത്തെ ഒരു ഉപയോഗപ്രദമായ പങ്കാളിയായി കണ്ടെത്തിയിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഇരുപക്ഷത്തും കത്തോലിക്കരിലെയും പ്രോട്ടസ്ററൻറുകാരിലെയും ബുദ്ധമതക്കാരിലെയും മററു മതങ്ങളിലെയും വൈദികർ ദേശീയയുദ്ധജ്വരത്താൽ മത്തുപിടിച്ചതുപോലെ പ്രവർത്തിച്ചു. അവർ 1914 മുതലുള്ള യുദ്ധത്തിൽ മരിച്ച ശതലക്ഷക്കണക്കിനു പടയാളികളെയും സിവിലിയൻമാരെയും പ്രതി കനത്ത രക്തപാതകത്തിൽ പങ്കുവഹിക്കുന്നു. ഫാസിസ്ററുകളെയും നാസികളെയും പിൻതുണച്ച വൈദികർ വധിക്കപ്പെടുകയോ തടങ്കൽപ്പാളയങ്ങളിൽ മരിക്കുകയോ ചെയ്ത യഹോവയുടെ സാക്ഷികളും മററുള്ളവരും നിമിത്തവും രക്തപാതകമുള്ളവരാണ്.—യിരെമ്യാവ് 2:34; വെളിപ്പാട് 18:3, 24.
11. (എ) അഭിഷിക്ത ക്രിസ്ത്യാനികളും മഹാപുരുഷാരവും എന്തിനെ ആരാധിക്കാൻ വിസമ്മതിച്ചിരിക്കുന്നു? (ബി) ദൈവത്തെ ഭയപ്പെട്ട് അവനു മഹത്വംകൊടുക്കുന്നതിനു ഏതു മഹത്തായ പ്രതീക്ഷകൾ ശക്തമായ കാരണം നൽകുന്നു?
11 കഴിഞ്ഞ 74 വർഷക്കാലത്ത് വിശ്വസ്തരായ അഭിഷിക്ത ക്രിസ്ത്യാനികളും വർദ്ധിച്ചസംഖ്യ വരുന്ന മഹാപുരുഷാരവും ചേർന്ന് ദൈവത്തെ ഭയപ്പെട്ട് അവനു മഹത്വം കൊടുക്കുന്നതിൽ തുടർന്നിരിക്കുന്നു. നാം സ്ഥിരതയോടെ കാട്ടുമൃഗത്തിന്റെ ഏതു ദേശീയത്വഭാഗത്തെയും ആരാധിക്കുന്നതിനു വിസമ്മതിച്ചിരിക്കുന്നു. കാട്ടുമൃഗത്തിന്റെ പ്രതിമയെ—സർവ്വരാജ്യസഖ്യത്തെയും യു.എന്നിനെയും—മഹത്വീകരിക്കുന്നതിനു നാം വിസമ്മതിച്ചിരിക്കുന്നു, എന്തുകൊണ്ടെന്നാൽ “നമ്മുടെ കർത്താവിന്റെയും [യഹോവ] അവന്റെ ക്രിസ്തുവിന്റെയും രാജ്യ”ത്തിനു മാത്രമെ യഥാർത്ഥസമാധാനവും സുരക്ഷിതത്വവും ആനയിക്കാൻ കഴിയുകയുള്ളുവെന്നു നാം തിരിച്ചറിയുന്നുണ്ട്. “ദൈവത്തിന്റെ കൽപ്പനകളും ക്രിസ്തുവിന്റെ വിശ്വാസവും” പാലിക്കാൻ നാം ഉറച്ചിരിക്കുകയാണ്. ആ സഹിഷ്ണുതക്ക് അതിന്റെ പ്രതിഫലമുണ്ട്! “കർത്താവിനോടുള്ള ഐക്യത്തിൽ മരിക്കുന്ന” അഭിഷിക്ത ക്രിസ്ത്യാനികൾ സന്തുഷ്ടരെന്നു ഗണിക്കപ്പെട്ടിരിക്കുന്നു, എന്തുകൊണ്ടെന്നാൽ “അവർ ചെയ്ത കാര്യങ്ങൾ അവരോടുകൂടെത്തന്നെ പോകുന്നു.” പീഡനത്താലോ രോഗത്താലോ അപകടങ്ങളാലോ മരിച്ചേക്കാവുന്ന മഹാപുരുഷാരത്തിൽപ്പെട്ട ഏതൊരാളെയുംസംബന്ധിച്ചാണെങ്കിൽ ദൈവത്തോട് അവർ നട്ടുവളർത്തിയ സഖിത്വം “പുതിയഭൂമി”സമുദായത്തിലേക്കു നേരത്തെയുള്ള ഒരു പുനരുത്ഥാനത്തിന്റെ ഉറപ്പ് അവർക്കു കൊടുക്കുന്നു. ഈ മഹത്തായ പ്രതീക്ഷകൾ തീർച്ചയായും ദൈവത്തെ ഭയപ്പെട്ടു അവനു മഹത്വംകൊടുക്കാൻ ശക്തമായ കാരണം നൽകുന്നു.—വെളിപ്പാട് 11:15, 17; 12:10; 14:9-13; 21:1.
12. ഏതു രണ്ടു കൊയ്ത്തുകൾ നടക്കുന്നു, എപ്പോൾ?
12 ന്യായവിധി നടന്നുകൊണ്ടിരിക്കുമ്പോൾ ദൂതൻമാർ രണ്ടു കൊയ്ത്തുകൾക്കു ആഹ്വാനം ചെയ്യുന്നു. ആദ്യത്തെ കൊയ്ത്തുകാരൻ 1914 മുതൽ രാജ്യമഹത്വത്തിൽ സിംഹാസനസ്ഥനാക്കപ്പെട്ടിരിക്കുന്ന യേശുവാണെന്നു വ്യക്തമാണ്, എന്തുകൊണ്ടെന്നാൽ അവൻ ഒരു വെള്ള മേഘത്തിൻമേൽ സഞ്ചരിക്കുന്നു, കിരീടം ധരിക്കുകയും ചെയ്യുന്നു, “ഒരു മനുഷ്യപുത്രനെപ്പോലെ”യുമാണ് കാണപ്പെടുന്നത്. ഇപ്പോൾ, കർത്താവിന്റെ ദിവസത്തിൽ അവൻ ഭൂമിയിൽ കൊയ്ത്തു നടത്തുന്നു, ആദ്യം ശേഷിച്ചിരിക്കുന്ന അഭിഷിക്ത ക്രിസ്ത്യാനികളെയും പിന്നീട് മഹാപുരുഷാരത്തിൽപെട്ട ദശലക്ഷങ്ങളെയും. (മത്തായി 25:31-34; യോഹന്നാൻ 15:1, 5, 16 താരതമ്യപ്പെടുത്തുക.) ഇതിൽനിന്നു വ്യത്യസ്തമായി രണ്ടാമത്തെ കൊയ്ത്ത് “ഭൂമിയിലെ മുന്തിരി”യുടേതാണ്. അതു “ദൈവക്രോധത്തിന്റെ വലിയ ചക്കിലേക്ക്” എറിയപ്പെടുന്നു. ഇതാണ് ഹാർമഗെദ്ദോനിൽ നടത്തപ്പെടുന്ന ന്യായവിധി, അന്ന് സമ്മിശ്രമായ ഈ ദുഷ്ടമനുഷ്യസമുദായം പിഴുതുനീക്കപ്പെടുകയും അതിന്റെ വിഷഫലം ചതച്ചരയ്ക്കപ്പെടുകയും ചെയ്യും. ഈ വിഷമുന്തിരി ഭൂമിയിൽനിന്നു നീക്കംചെയ്യുന്നതിൽ യഹോവ മഹത്വീകരിക്കപ്പെടട്ടെ!—വെളിപ്പാട് 14:14-20; 16:14, 16.
“യഹോവ . . . നീതിയും സത്യവുമുള്ള”വൻ
13. (എ) പത്താമത്തെ ദർശനത്തിൽ പുനരുത്ഥാനം പ്രാപിച്ച അഭിഷിക്തർ ഏതു പാട്ടു പാടുന്നു, അതിന്റെ വാക്കുകൾ ഏവയാണ്? (ബി) ഈ ദർശനത്തിൽ ദൈവത്തിന്റെ നീതിയുള്ള വിധികൾ വ്യക്തമായി പ്രസ്താവിക്കപ്പെട്ടിരിക്കുന്നതെങ്ങനെ?
13 വെളിപ്പാടിലെ പത്താം ദർശനത്തിൽ നാം വീണ്ടും ദൈവസിംഹാസനത്തിൻമുമ്പാകെയുള്ള സ്വർഗ്ഗീയസംഭവങ്ങൾ കാണുന്നു. അവന്റെ സന്നിധിയിൽ എത്ര സന്തോഷിക്കലാണു നടക്കുന്നത്! ദൈവത്തെ ഭയപ്പെട്ട് അവനു മഹത്വംകൊടുത്തതിനാൽ വിജയശ്രീലാളിതരായിത്തീർന്ന പുനരുത്ഥാനംപ്രാപിച്ച അഭിഷിക്തർ ‘മോശയുടെയും കുഞ്ഞാടിന്റെയും പാട്ടു’ പാടുന്നു: “സർവ്വശക്തനായ യഹോവയാം ദൈവമേ, നിന്റെ പ്രവൃത്തികൾ വലിയതും ഭയങ്കരവുമായവയാകുന്നു. നിത്യതയുടെ രാജാവേ, നിന്റെ വഴികൾ സത്യവും നീതിയുമുള്ളവയാകുന്നു. യഹോവേ, ആർ നിന്നെ യഥാർത്ഥത്തിൽ ഭയപ്പെടാതെയും നിന്റെ നാമത്തെ മഹത്വപ്പെടുത്താതെയുമിരിക്കും, എന്തുകൊണ്ടെന്നാൽ നീ മാത്രം വിശ്വസ്തനാകുന്നു. എന്തെന്നാൽ സകല ജനതകളും നിന്റെ മുമ്പാകെ വന്നു ആരാധിക്കും, എന്തുകൊണ്ടെന്നാൽ നിന്റെ നീതിയുള്ള വിധികൾ പ്രത്യക്ഷമായിരിക്കുന്നു.” തീർച്ചയായും ഈ ദർശനത്തൽ ഉടനീളം വളരെ വ്യക്തമായി പ്രകടമാക്കപ്പെട്ടിരിക്കുന്നതുപോലെ ദൈവത്തിന്റെ ന്യായവിധികൾ നീതിയും സത്യവുമുള്ളവയാണ്! ദൂതൻമാർ ദൈവക്രോധത്തിന്റെ ഏഴു കലശങ്ങൾ ഒഴിക്കുന്നു, അത് സകല ജനതകളെയും ഹാർ-മഗെദ്ദോനിലേക്കു കൂട്ടിച്ചേർക്കുന്നതിലേക്കും “മഹാബാബിലോൻ ദൈവമുമ്പാകെ ഓർക്കപ്പെട്ടു”വെന്നുള്ള ഒരു ഓർമ്മിപ്പിക്കലിലേക്കും നയിക്കുന്നു. തീർച്ചയായും ദൈവത്തെ ഭയപ്പെട്ട് അവനു മഹത്വം കൊടുക്കുക എന്ന ആഹ്വാനം സമയോചിതമാണ്.—വെളിപ്പാട് 15:1-16:21.
14. പതിനൊന്നും പന്ത്രണ്ടും ദർശനങ്ങളിൽ മഹാബാബിലോൻ ഏതു പ്രമുഖ റോൾ അഭിനയിക്കുന്നു, അവളെ ഉപേക്ഷിക്കുന്നതിനു സമയം വൈകിയിരിക്കുന്നതെന്തുകൊണ്ട്?
14 വെളിപ്പാടിൽ മഹാബാബിലോനെക്കുറിച്ചു ആവർത്തിച്ചു പറയുന്നുണ്ട്. നാം വീണ്ടും 11-ഉം 12-ഉം ദർശനങ്ങളിൽ ഒരു മുഖ്യവ്യക്തിയായി അവളെ കാണുന്നു. ജനങ്ങളെ നിയന്ത്രിച്ചുകൊണ്ടും അവളുടെ വിഷലിപ്തമായ വ്യാജോപദേശങ്ങളെക്കൊണ്ടു അവരെ മത്തുപിടിപ്പിച്ചുകൊണ്ടും അവൾ “അനേകം വെള്ളങ്ങളുടെമേൽ ഇരിക്കുന്നു.” അവൾതന്നെ പീഡനങ്ങളിലൂടെ കൊന്നിട്ടുള്ള “വിശുദ്ധൻമാരുടെ രക്തം” കുടിച്ചു മത്തയായിരിക്കുകയാണ്. അവളുടെ വഞ്ചകമായ യുദ്ധക്കൊതി നിമിത്തം “ഭൂമിയിൽ കൊല്ലപ്പെട്ടിട്ടുള്ള സകല”രെയും പ്രതി അവൾ രക്തപാതകം വഹിക്കുന്നു. വമ്പിച്ച വ്യാപാരവുമായുള്ള അവളുടെ വ്യാപാരപങ്കാളിത്തങ്ങളും പണപരമായി ആളുകളെയുള്ള ഞെക്കിപ്പിഴിയലും വളരെയധികം ഹീനമായി അവൾക്കു ധനം നേടിക്കൊടുത്തിട്ടുണ്ട്. അത്യന്തം നിന്ദ്യമായിരിക്കുന്നത് സമാധാനസുരക്ഷിതത്വമൃഗമായ യു.എൻ. ന്റെ മേലുള്ള സവാരിയിൽ പ്രാമുഖ്യതക്കുവേണ്ടി കബളിപ്പിക്കലിന്റെ ഘട്ടംവരെപോലും അവൾ നടത്തുന്ന രാഷ്ട്രീയ സ്ത്രീസേവയാണ്. എന്നാൽ ആ മൃഗത്തിന്റെതന്നെ സൈന്യവൽകൃതകൊമ്പുകൾ അവളെ വലിച്ചുകീറി നശിപ്പിക്കാറായിരിക്കുകയാണ്. ദൈവത്തെ ഭയപ്പെട്ട് അവനു മഹത്വം കൊടുക്കുന്ന എല്ലാവരും അവളെ ഉപേക്ഷിക്കാൻ സമയം വൈകിയിരിക്കുന്നു, “എന്തുകൊണ്ടെന്നാൽ അവളുടെ പാപങ്ങൾ ആകാശത്തോളം കുന്നിച്ചിരിക്കുന്നു, ദൈവം അവളുടെ അനീതിപ്രവൃത്തികളെ ഓർത്തിട്ടുമുണ്ട്!”—വെളിപ്പാട് 17:1-18:24.
15. മഹാവേശ്യയുടെ നാശം ഏതു സ്തുതിഗീതങ്ങളിലേക്കു നയിക്കുന്നു, വേറെ ഏതു സന്തുഷ്ട സംഭവം പിന്തുടരുന്നു?
15 തന്നിമിത്തം മഹാബാബിലോനിന്റെ സംഹാരം യഹോവയിൽനിന്നുള്ള നീതിനിഷ്ഠമായ ഒരു വിധിയായിട്ടാണു വരുന്നത്. ഇതിനോടുള്ള വിലമതിപ്പിൽ യഹോവക്കു രക്ഷയും മഹത്വവും ശക്തിയും ആരോപിച്ചുകൊണ്ട് സ്വർഗ്ഗത്തിലും അനന്തരം ഭൂമിയിലും ‘ഹല്ലേലുയ്യാകൾ’ മുഴങ്ങുന്നു. “ജനങ്ങളെ നിങ്ങൾ യഹോവയെ സ്തുതിക്കുക!” എന്ന ഈ പല്ലവികൾ മഹാവേശ്യയുടെ നിത്യനാശത്തെ ചൊല്ലി വലിയ സന്തോഷം പ്രകടമാക്കുന്നു. അവളുടെ ശൂന്യമാക്കൽ സ്വർഗ്ഗത്തിലെ അത്യന്തം സന്തോഷകരമായ ഒരു സംഭവത്തിൽനിന്നു—കുഞ്ഞാടായ ക്രിസ്തുയേശുവിന്റേയും 1,44,000 വിശ്വസ്ത ജേതാക്കളായ അവന്റെ മണവാട്ടിയുടെയും വിവാഹത്തിൽനിന്നു—എത്ര വ്യത്യസ്തമായിരിക്കുന്നു! “സർവ്വശക്തനായ നമ്മുടെ ദൈവമായ യഹോവ”ക്ക് ഇടിനാദംപോലെയുള്ള ഒരു സ്തുതിഗീതം ഉയർത്തപ്പെടുന്നു, അതെ, “നമുക്കു സന്തോഷിക്കുകയും അത്യന്തം ആനന്ദിക്കുകയും ചെയ്യാം, നമുക്ക് അവനു മഹത്വം കൊടുക്കാം, എന്തുകൊണ്ടെന്നാൽ കുഞ്ഞാടിന്റെ വിവാഹം വന്നിരിക്കുന്നു, അവന്റെ ഭാര്യ തന്നെത്താൻ ഒരുക്കിയുമിരിക്കുന്നു”!—വെളിപ്പാട് 19:1-10.
16. പതിമൂന്നാം ദർശനം അനുസരിച്ച് ഏതു വിവാദപ്രശ്നം ഒടുവിൽ തീരുമാനിക്കപ്പെടും, എങ്ങനെ?
16 എന്നിരുന്നാലും ആ സ്വർഗ്ഗീയവിവാഹം നടക്കുന്നതിനു മുൻപ് 13-ാം ദർശനം യഹോവയുടെ പരമാധികാരം ഉൾപ്പെടുന്ന വിവാദപ്രശ്നം എങ്ങനെ തീരുമാനിക്കപ്പെടുന്നുവെന്ന് കാണിക്കുന്നു. അവന്റെ രാജാധിരാജാവും കർത്താധികർത്താവുമായ യേശു ദൂതസൈന്യങ്ങളാൽ അനുഗതനായി സർവ്വശക്തനാം ദൈവത്തിന്റെ ക്രോധകോപത്തിന്റെ ചക്കു ചവിട്ടിക്കൊണ്ട് “നീതിയിൽ ന്യായംവിധിക്കുകയും യുദ്ധം നടത്തുകയും ചെയ്യുന്നു.” സാത്താന്റെ ഭൗമികവ്യവസ്ഥിതിയുടെ ശേഷിച്ച സകല ഭാഗവും തകർത്തു തരിപ്പണമാക്കപ്പെടുന്നു! (വെളിപ്പാടു 19:11-21) വെളിപ്പാടിലെ ദർശനങ്ങളിലൂടെ നാം ആ സത്വരം സമീപിച്ചുവരുന്ന ജയോത്സവത്തെ വീക്ഷിക്കുമ്പോൾ തീർച്ചയായും ദൈവത്തെ ഭയപ്പെട്ട് അവനു മഹത്വംകൊടുക്കാൻ നമുക്കു സകല കാരണവുമുണ്ട്!
നിത്യകാലം ദൈവത്തെ മഹത്വീകരിക്കുക
17. ദൈവത്തെ ഭയപ്പെട്ട് അവനു മഹത്വം കൊടുക്കുന്ന എല്ലാവർക്കും14-ഉം 15-ഉം ദർശനങ്ങൾ ഏതു സന്തുഷ്ട പരിണതഫലം വെളിപ്പെടുത്തുന്നു?
17 വെളിപ്പാടിലെ 14-ഉം 15-ഉം ദർശനങ്ങൾ ദൈവത്തെ ഭയപ്പെടുകയും അവനു മഹത്വം കൊടുക്കുകയും ചെയ്യുന്ന എല്ലാവർക്കുമുള്ള സന്തുഷ്ട പരിണതഫലം വെളിപ്പെടുത്തുന്നു. ഒരു ആയിരംവർഷത്തേക്കു സാത്താനും അവന്റെ ഭൂതങ്ങളും അഗാധത്തിലാക്കപ്പെടുന്നതോടെ കുഞ്ഞാടിന്റെയും അവന്റെ മണവാട്ടിയുടെയും സ്വർഗ്ഗീയവിവാഹം നടക്കുന്നു, ഈ 1,44,001 രാജാക്കൻമാരും പുരോഹിതൻമാരും മനുഷ്യവർഗ്ഗത്തെ പൂർണ്ണതയിലേക്കുയർത്തവേ ഒരു ആയിരംവർഷം ഭരിക്കുന്നു. ഒരു അന്തിമപരിശോധനക്കുശേഷം ദൈവത്തെ ഭയപ്പെട്ട് അവനു മഹത്വം കൊടുക്കുന്നതിൽ തുടരുന്നവർ ജയംകൊള്ളുകയും നിത്യജീവനുവേണ്ടി അംഗീകരിക്കപ്പെടുകയും ചെയ്യും. ഇവരിൽ പുനരുത്ഥാനം പ്രാപിച്ച ശതകോടിക്കണക്കിനു മരിച്ചവർ ഉൾപ്പെടും, ജീവന്റെ പുസ്തകത്തിൽ പേരെഴുതപ്പെടാൻ യോഗ്യരെന്നു തെളിയിക്കുന്ന “വലിയവരും ചെറിയവരും”തന്നെ. “ഒരു പുതിയ ആകാശവും ഒരു പുതിയ ഭൂമിയും” മനുഷ്യവർഗ്ഗത്തിനു ഉറപ്പുലഭിച്ചിട്ടുള്ള അവർണ്ണനീയമായ അനുഗ്രഹങ്ങൾ കൈവരുത്തും, എന്തുകൊണ്ടെന്നാൽ “സകലവും പുതുതാക്കു”ന്നവൻ എന്ന നിലയിൽ യഹോവ “എഴുതുക, എന്തെന്നാൽ ഈ വചനങ്ങൾ വിശ്വസ്തവും സത്യവുമാകുന്നു” എന്ന് പ്രഖ്യാപിക്കുന്നു.—വെളിപ്പാട് 20:1-21:8.
18. പതിനാറാം ദർശനം അനുസരിച്ച് വെളിപ്പാടു പുസ്തകത്തിന്റെ പരകോടി എന്താണ്?
18 പതിനാറാം ദർശനം വെളിപ്പാടിന്റെ പരകോടിയെ കാഴ്ചയിലേക്കു കൊണ്ടുവരുന്നു. അതെന്താണ്? അത് ഒരു നഗരത്തിന്റെ ദർശനമാണ്. പുതിയ യരുശലേം എന്ന ഈ നഗരം മനുഷ്യൻ ഇവിടെ ഭൂമിയിൽ പണിതിട്ടുള്ള ഏതിൽനിന്നും വളരെ വ്യത്യസ്തമാണ്—ദൈവത്തെ വളരെയധികം അപമാനിച്ചിട്ടുള്ള വിശ്വാസത്യാഗവും മ്ലേച്ഛധാർമ്മികതയും രാഷ്ട്രീയ വേശ്യാവൃത്തിയുമുള്ള നഗരമായ മഹാബാബിലോനിൽനിന്നു വളരെ വളരെ വ്യത്യസ്തംതന്നെ. വിശുദ്ധനഗരം നിർമ്മലവും ശുദ്ധവും വിലയേറിയതുമാണ്. അതു കുഞ്ഞാടിന്റെ മണവാട്ടിയാണ്, മനുഷ്യവർഗ്ഗലോകത്തിനു നിത്യജീവൻ കൊടുക്കുന്നതിൽ അവന്റെ പങ്കാളി. (യോഹന്നാൻ 3:16) കപടനഗരമായ മഹാബാബിലോനിൽനിന്നു പുറത്തുകടക്കാനുള്ള ആഹ്വാനം ഉച്ചത്തിൽ വ്യക്തമായി മുഴങ്ങുന്നത് അതിശയമല്ല!—വെളിപ്പാട് 18:4; 21:9-22:5.
19. (എ) മണവാട്ടിവർഗ്ഗത്തിലൂടെ ഏതു ക്ഷണം പുറപ്പെടുവിക്കപ്പെടുന്നു, സൗമ്യതയുള്ളവർ എങ്ങനെ ചെവികൊടുക്കുന്നു? (ബി) “ദൈവത്തെ ഭയപ്പെട്ട് അവനു മഹത്വം കൊടുക്കുക”എന്ന കൽപ്പനക്ക് നാം ക്രിയാത്മകപ്രതികരണം കാട്ടുന്നത് എന്തിൽ കലാശിക്കും?
19 യഹോവയുടെ ചലനോജ്ജ്വലമായ ആത്മാവ് “വരിക!” എന്ന പ്രേരണാത്മകമായ ക്ഷണം മണവാട്ടിവർഗ്ഗത്തിലൂടെ പുറപ്പെടുവിക്കുന്നു. അതെ, ഒരു ആഗോള പരദീസയിലെ നിത്യജീവൻ ആഗ്രഹിക്കുന്ന സകല സൗമ്യരുമേ, നിത്യജീവൻ പ്രാപിക്കാൻ ക്രിസ്തുവിലൂടെയും അവന്റെ മണവാട്ടിയിലുടെയും യഹോവ ചെയ്തിരിക്കുന്ന സകല കരുതലുകളും സ്വീകരിച്ചുകൊണ്ട് “ജീവജലനദി”യിങ്കലേക്കു വരിക! എത്ര അത്ഭുതകരമായ പ്രതീക്ഷ—ഒരു പരദീസാഭൂമിയിൽ പൂർണ്ണതയിലുള്ള മനുഷ്യജീവൻ! അത് “ദൈവത്തെ ഭയപ്പെട്ട് അവനു മഹത്വം കൊടുക്കുക” എന്ന കൽപ്പനയ്ക്ക് ക്രിയാത്മകമായ ഉത്തരം കൊടുക്കുന്ന അനേകർക്ക് ലഭിക്കുന്ന പ്രതിഫലമായിരിക്കും!—വെളിപ്പാട് 22:6-21. (w88 12/15)
[അടിക്കുറിപ്പുകൾ]
a ലാകസൈനിക സാമൂഹ്യ ചെലവുകൾ 1987-88
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ രണ്ടു കാട്ടുമൃഗങ്ങളെ സംബന്ധിച്ച ദർശനത്തിൽ നമുക്ക് എന്തു കാലാനുസൃത ഉദ്ബോധനമുണ്ട്?
◻ മദ്ധ്യാകാശത്തിൽ പറക്കുന്ന ദൂതന്റെ പ്രഖ്യാപനത്തോടു നാം എങ്ങനെ പ്രതിവർത്തിക്കണം?
◻ മഹാബാബിലോൻ ദുർവൃത്തിയിലുൾപ്പെട്ടിരിക്കുന്നതെങ്ങനെ, ദൈവത്തെ ഭയപ്പെടുന്നവർ ഇതിനെ എങ്ങനെ കരുതുന്നു?
◻ കർത്താവിന്റെ ദിവസത്തിൽ ഭൂമിയിൽ എങ്ങനെ കൊയ്ത്തു നടക്കുന്നു?
◻ ഏതു സന്തുഷ്ടസംഭവങ്ങൾ വെളിപ്പാടിനെ പര്യവസാനിപ്പിക്കുന്നു, ദൈവജനത്തിന് അതിൽ എങ്ങനെ പങ്കുപററാം?
[29-ാം പേജിലെ ചിത്രം]
ഈ ഓട്ടുമെഡൽ അസ്സീസിയിൽനടന്ന സമാധാനത്തിനുവേണ്ടിയുള്ള പ്രാർത്ഥനയുടെ വാർഷികത്തിൽ 1987 ഒക്ടോബറിൽ പുറപ്പെടുവിച്ചതാണ്. ഒരു വശത്ത് “വിശുദ്ധ പിതാവി”ന്റെ ഒരു പ്രതിമയും അതിനുചുററും “ജോൺ പോൾ രണ്ടാമൻ പോണ്ടിഫെക്സ് മാക്സിമെസ്” എന്ന ആലേഖനവും തീയതിയുമുണ്ട്. മറുവശത്ത് “വിശുദ്ധ ഫ്രാൻസിസ്” സമാധാനമീററിംഗിനുവേണ്ടിയുള്ള അസ്സീസ്സി പ്രാർത്ഥനാവേളയിൽ “ദൈവത്തിന്റെ ദാനമായ സമാധാന”ത്തിനുവേണ്ടി ആഹ്വാനം ചെയ്യുന്നു.