അധ്യായം 28
രണ്ടു ക്രൂരമൃഗങ്ങളുമായുളള പോരാട്ടം
ദർശനം 8—വെളിപ്പാടു 13:1-18
വിഷയം: ഏഴുതലയുളള കാട്ടുമൃഗവും രണ്ടുകൊമ്പുളള കാട്ടുമൃഗവും കാട്ടുമൃഗത്തിന്റെ പ്രതിമയും
നിവൃത്തിയുടെ കാലം: നിമ്രോദിന്റെ നാൾമുതൽ മഹോപദ്രവം വരെ
1, 2. (എ) സർപ്പത്തെക്കുറിച്ച് യോഹന്നാൻ എന്തു പറയുന്നു? (ബി) സർപ്പം ഉപയോഗിക്കുന്ന ഒരു ദൃശ്യസ്ഥാപനത്തെ പ്രതീകാത്മക ഭാഷയിൽ യോഹന്നാൻ വർണിക്കുന്നതെങ്ങനെ?
മഹാസർപ്പത്തെ ഭൂമിയിലേക്കു തളളിക്കളഞ്ഞിരിക്കുന്നു! വീണ്ടും ഒരിക്കലും ആദ്യപാമ്പോ അവന്റെ ഭൂത അനുഗാമികളോ സ്വർഗത്തിലേക്കു തിരിച്ചുപ്രവേശിക്കാൻ അനുവദിക്കപ്പെടുകയില്ലെന്നു നമ്മുടെ വെളിപാട് പഠനം വ്യക്തമാക്കുന്നു. എന്നാൽ നാം “ഭൂതലത്തെ മുഴുവൻ തെററിച്ചുകളയുന്ന പിശാചും സാത്താനും എന്ന”വനിൽനിന്ന് ഇപ്പോഴും മുക്തരല്ല. ‘സ്ത്രീക്കും അവളുടെ സന്തതിക്കും’ എതിരെ പോരാടാൻ സാത്താൻ ഉപയോഗിക്കുന്ന ഉപകരണത്തെ വിവരണം അടുത്തതായി കൂടുതൽ വിശദാംശങ്ങളോടെ തിരിച്ചറിയിക്കുന്നു. (വെളിപ്പാടു 12:9, 17) വളഞ്ഞവഴിക്കാരനായ ആ സർപ്പത്തെക്കുറിച്ച് യോഹന്നാൻ പറയുന്നു: “അവൻ കടല്പുറത്തെ മണലിൻമേൽ നിന്നു.” (വെളിപ്പാടു 12:17ബി) അതുകൊണ്ടു നമുക്കു സർപ്പത്തിന്റെ പ്രവർത്തനോപാധിയെ പരിശോധിക്കാൻ സമയമെടുക്കാം.
2 മേലിൽ ഒരിക്കലും സാത്താന്റെയും അവന്റെ ഭൂതങ്ങളുടെയും സാന്നിധ്യം വിശുദ്ധ സ്വർഗങ്ങളെ ബാധിക്കുന്നില്ല. ആ ദുഷ്ടാത്മാക്കൾ സ്വർഗത്തിൽനിന്നു ബഹിഷ്കരിക്കപ്പെടുകയും ഭൂമിയുടെ പരിസരത്ത് ഒതുക്കിനിർത്തപ്പെടുകയും ചെയ്തിരിക്കുന്നു. ഇതു നിസ്സംശയമായും ഈ 20-ാം നൂററാണ്ടിലെ ആത്മവിദ്യാനടപടികളുടെ വമ്പിച്ച വർധനവിനിടയാക്കിയിരിക്കുന്നു. സൂത്രശാലിയായ പാമ്പ് ഇപ്പോഴും ഒരു ദുഷിച്ച ആത്മസ്ഥാപനത്തെ നിലനിർത്തുന്നു. എന്നാൽ മനുഷ്യവർഗത്തെ വഴിതെററിക്കുന്നതിന് അവൻ ഒരു ദൃശ്യസ്ഥാപനത്തെക്കൂടെ ഉപയോഗിക്കുന്നുണ്ടോ? യോഹന്നാൻ നമ്മോടു പറയുന്നു: “അപ്പോൾ പത്തു കൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു രാജമുടിയും തലയിൽ ദൂഷണനാമങ്ങളും ഉളേളാരു മൃഗം സമുദ്രത്തിൽനിന്നു കയറുന്നതു ഞാൻ കണ്ടു. ഞാൻ കണ്ട മൃഗം പുളളിപ്പുലിക്കു സദൃശവും അതിന്റെ കാൽ കരടിയുടെ കാൽപോലെയും വായ് സിംഹത്തിന്റെ വായ്പോലെയും ആയിരുന്നു. അതിന്നു മഹാസർപ്പം തന്റെ ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തു.”—വെളിപ്പാടു 13:1, 2.
3. (എ) ഏതു ക്രൂരമൃഗങ്ങളെ പ്രവാചകനായ ദാനിയേൽ ദർശനങ്ങളിൽ കണ്ടു? (ബി) ദാനീയേൽ 7-ലെ മഹാമൃഗങ്ങൾ എന്തിനെ പ്രതിനിധാനം ചെയ്തു?
3 ഈ വികൃതമൃഗം എന്താണ്? ബൈബിൾതന്നെ അതിന്റെ ഉത്തരം നൽകുന്നു. പൊ.യു.മു. 539-ൽ ബാബിലോന്റെ വീഴ്ചക്കു മുമ്പു യഹൂദപ്രവാചകനായ ദാനിയേൽ ക്രൂരമൃഗങ്ങൾ ഉൾപ്പെടുന്ന ദർശനങ്ങൾ കണ്ടു. ദാനീയേൽ 7:2-8-ൽ അവൻ സമുദ്രത്തിൽനിന്നു കയറിവരുന്ന നാലു മൃഗങ്ങളെ വർണിക്കുന്നു, ഒന്നാമത്തേതു സിംഹത്തെപ്പോലെ, രണ്ടാമത്തേതു കരടിയെപ്പോലെ, മൂന്നാമത്തേതു പുളളിപ്പുലിയെപ്പോലെ, പിന്നെ “ഘോരവും ഭയങ്കരവും അതിബലവുമുളള നാലാമതൊരു മൃഗത്തെ കണ്ടു . . . അതിന്നു പത്തു കൊമ്പു ഉണ്ടായിരുന്നു.” പൊ.യു. ഏതാണ്ടു 96-ൽ യോഹന്നാൻ കണ്ട മൃഗത്തോട് ഇതു വളരെ സാമ്യമുളളതാണ്. ആ മൃഗത്തിനും ഒരു സിംഹത്തിന്റെയും ഒരു കരടിയുടെയും ഒരു പുളളിപ്പുലിയുടെയും സ്വഭാവവിശേഷങ്ങൾ ഉണ്ട്, അതിനു പത്തു കൊമ്പും ഉണ്ട്. ദാനിയേൽ കണ്ട മഹാമൃഗങ്ങളുടെ താദാത്മ്യം എന്താണ്? അവൻ നമ്മെ അറിയിക്കുന്നു: “ആ . . . മഹാമൃഗങ്ങൾ ഭൂമിയിൽ ഉണ്ടാകുവാനിരിക്കുന്ന നാലു രാജാക്കൻമാരാകുന്നു.” (ദാനീയേൽ 7:17) അതെ, ആ മൃഗങ്ങൾ ‘രാജാക്കൻമാരെ,’ അഥവാ ഭൂമിയിലെ രാഷ്ട്രീയ ശക്തികളെ പ്രതിനിധാനം ചെയ്യുന്നു.
4. (എ) ദാനിയേൽ 8-ൽ ആട്ടുകൊററനും കോലാട്ടുകൊററനും എന്തിനെ ചിത്രീകരിച്ചു? (ബി) കോലാട്ടുകൊററന്റെ വലിയ കൊമ്പു തകർക്കപ്പെട്ടപ്പോൾ അതിനുപകരം നാലുകൊമ്പു മുളച്ചുവന്നതിനാൽ എന്തു സൂചിപ്പിക്കപ്പെട്ടു?
4 മറെറാരു ദർശനത്തിൽ രണ്ടു കൊമ്പുളള ഒരു ആട്ടുകൊററൻ ഒരു വലിയ കൊമ്പുളള കോലാട്ടുകൊററനാൽ തകർക്കപ്പെടുന്നതായി ദാനിയേൽ കാണുന്നു. അത് എന്തർഥമാക്കുന്നുവെന്നു ഗബ്രിയേൽ ദൂതൻ അവനു വിശദീകരിച്ചുകൊടുക്കുന്നു: “ആട്ടുകൊററൻ . . . മേദ്യയിലെയും പാർസ്യയിലെയും രാജാക്കൻമാരെ കുറിക്കുന്നു. രോമാവൃതനായ കോലാട്ടുകൊററൻ ഗ്രീസ്സിലെ രാജാവിനെ കുറിക്കുന്നു.” കോലാട്ടുകൊററന്റെ വലിയ കൊമ്പു തകർക്കപ്പെടുമെന്നും പകരം നാലുകൊമ്പുകൾ മുളച്ചുവരുമെന്നും ഗബ്രിയേൽ തുടർന്നു പ്രവചിക്കുന്നു. ഇതു 200-ലധികം വർഷങ്ങൾക്കുശേഷം യഥാർഥത്തിൽ സംഭവിച്ചു, അതു മഹാനായ അലക്സാണ്ടർ മരിക്കുകയും അദ്ദേഹത്തിന്റെ രാജ്യം നാലു രാജ്യങ്ങളായി വിഭജിച്ച് അദ്ദേഹത്തിന്റെ നാലു ജനറൽമാർ ഭരിക്കുകയും ചെയ്തപ്പോൾ ആയിരുന്നു.—ദാനിയേൽ 8:3-8, 20-25, NW.a
5. (എ) മൃഗം എന്നതിന്റെ ഗ്രീക്കു പദം ഏതർഥങ്ങൾ നൽകുന്നു? (ബി) വെളിപ്പാടു 13:1, 2-ലെ കാട്ടുമൃഗവും അതിന്റെ ഏഴുതലകളും എന്തിനെ പ്രതിനിധാനം ചെയ്യുന്നു?
5 അതുകൊണ്ടു നിശ്വസ്ത ബൈബിളിന്റെ രചയിതാവു ഭൂമിയിലെ രാഷ്ട്രീയ ശക്തികളെ മൃഗങ്ങളായി കാണുന്നുവെന്നതു വ്യക്തമാണ്. ഏതുതരം മൃഗങ്ങൾ? ഒരു വ്യാഖ്യാതാവു വെളിപ്പാടു 13:1, 2-ലെ കാട്ടുമൃഗത്തെ ഒരു “ക്രൂരമൃഗം” എന്നു വിളിക്കുകയും ഇപ്രകാരം കൂട്ടിച്ചേർക്കുകയും ചെയ്യുന്നു: “നാം ദെറിയോൻ [θηρίον, “മൃഗം” എന്നതിന്റെ ഗ്രീക്കു പദം] നൽകുന്ന എല്ലാ അർഥങ്ങളും സ്വീകരിക്കുന്നു, അതായതു ക്രൂരനായ, വിനാശകാരിയായ, ഭയങ്കരനായ, അത്യാർത്തിയുളള ഒരു രാക്ഷസൻ.”b സാത്താൻ മനുഷ്യവർഗത്തിൻമേൽ ആധിപത്യം പുലർത്താൻ ഉപയോഗിച്ചിരിക്കുന്ന രക്തപങ്കില രാഷ്ട്രീയവ്യവസ്ഥിതിയെ ഇത് എത്ര നന്നായി വർണിക്കുന്നു! ഈ കാട്ടുമൃഗത്തിന്റെ ഏഴുതലകൾ യോഹന്നാന്റെ നാൾ വരെയുളള ബൈബിൾചരിത്രത്തിൽ എടുത്തുപറഞ്ഞിരിക്കുന്ന ആറു പ്രധാന ലോകശക്തികളെയും—ഈജിപ്ത്, അസീറിയ, ബാബിലോൻ, മേദോ-പേർഷ്യ, ഗ്രീസ്, റോം എന്നിവ—പിന്നീട് പ്രത്യക്ഷപ്പെടുമെന്നു പ്രവചിച്ച ഏഴാമത്തെ ലോകശക്തിയെയും കുറിക്കുന്നു.—താരതമ്യം ചെയ്യുക: വെളിപ്പാടു 17:9, 10.
6. (എ) കാട്ടുമൃഗത്തിന്റെ ഏഴുകൊമ്പുകൾ എന്തിനു നേതൃത്വമെടുത്തിരിക്കുന്നു? (ബി) യഹൂദവ്യവസ്ഥിതിയുടെ മേലുളള തന്റെ സ്വന്തം ന്യായവിധി നടപ്പാക്കാൻ യഹോവ റോമിനെ ഉപയോഗിച്ചതെങ്ങനെ, യെരുശലേമിലെ ക്രിസ്ത്യാനികൾ എങ്ങനെ ഒഴിവായി?
6 ഈ ഏഴിനുപുറമേ ചരിത്രത്തിൽ മററു ലോകശക്തികൾ ഉണ്ടായിരുന്നിട്ടുണ്ടെന്നുളളതു സത്യംതന്നെ—യോഹന്നാൻ കണ്ട മൃഗത്തിന് ഏഴുതലയും പത്തുകൊമ്പും അതോടൊപ്പം ഒരു ഉടലും ഉണ്ടായിരുന്നതുപോലെ. എന്നാൽ ഏഴുതലകൾ ക്രമത്തിൽ ദൈവജനത്തെ ഞെരുക്കുന്നതിനു നേതൃത്വമെടുത്തിട്ടുളള ഏഴു പ്രമുഖ ശക്തികളെ പ്രതിനിധാനം ചെയ്യുന്നു. പൊ.യു. 33-ൽ റോം കയറിവന്നുകൊണ്ടിരുന്നപ്പോൾ സാത്താൻ കാട്ടുമൃഗത്തിന്റെ ആ തലയെ ദൈവപുത്രനെ കൊല്ലുവാൻ ഉപയോഗപ്പെടുത്തി. അക്കാലത്ത്, ദൈവം വിശ്വാസമില്ലാഞ്ഞ യഹൂദവ്യവസ്ഥിതിയെ തളളിക്കളയുകയും പൊ.യു. 70-ൽ ആ ജനതയുടെമേൽ തന്റെ ന്യായവിധി നടപ്പാക്കാൻ റോമിനെ അനുവദിക്കുകയും ചെയ്തു. സന്തോഷകരമെന്നു പറയട്ടെ, ദൈവത്തിന്റെ യഥാർഥ ഇസ്രായേലിന്, അഭിഷിക്ത ക്രിസ്ത്യാനികളുടെ സഭയ്ക്ക്, മുന്നറിയിപ്പു ലഭിക്കുകയും യെരുശലേമിലും യഹൂദയിലും ഉണ്ടായിരുന്നവർ യോർദാൻ നദിക്കപ്പുറം സുരക്ഷിത സ്ഥലത്തേക്കു പലായനം ചെയ്യുകയും ചെയ്തിരുന്നു.—മത്തായി 24:15, 16; ഗലാത്യർ 6:16.
7. (എ) വ്യവസ്ഥിതിയുടെ സമാപനം വരുകയും കർത്താവിന്റെ ദിവസം തുടങ്ങുകയും ചെയ്തപ്പോൾ എന്തു സംഭവിക്കേണ്ടിയിരുന്നു? (ബി) വെളിപ്പാടു 13:1, 2-ലെ കാട്ടുമൃഗത്തിന്റെ ഏഴാമത്തെ തല എന്താണെന്നു തെളിഞ്ഞു?
7 എന്നിരുന്നാലും, പൊ.യു. ഒന്നാം നൂററാണ്ടിന്റെ അവസാനമായപ്പോഴേക്ക് ഈ ആദിമസഭയിലെ അനേകർ സത്യത്തിൽനിന്നു വീണുപോയിരുന്നു, “രാജ്യത്തിന്റെ പുത്രൻമാർ” ആയ സത്യക്രിസ്തീയ ഗോതമ്പ് “ദുഷ്ടന്റെ പുത്രൻമാർ” ആയ കളകളാൽ വലിയ തോതിൽ ഞെരുക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ വ്യവസ്ഥിതിയുടെ സമാപനം വന്നപ്പോൾ അഭിഷിക്ത ക്രിസ്ത്യാനികൾ ഒരു സംഘടിത സംഘമെന്നനിലയിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. കർത്താവിന്റെ ദിവസത്തിൽ നീതിമാൻമാർ “സൂര്യനെപ്പോലെ പ്രകാശി”ക്കേണ്ടിയിരുന്നു. അതുകൊണ്ട്, ക്രിസ്തീയസഭ വേലക്കു സംഘടിപ്പിക്കപ്പെട്ടു. (മത്തായി 13:24-30, 36-43) അപ്പോഴേക്കും റോമാസാമ്രാജ്യം ഇല്ലാതായിരുന്നു. വിശാലമായ ബ്രിട്ടീഷ്സാമ്രാജ്യം ശക്തമായ അമേരിക്കൻ ഐക്യനാടുകളോടൊപ്പം ലോകത്തു പ്രമുഖസ്ഥാനം പിടിച്ചടക്കി. ഈ ദ്വിലോകശക്തി കാട്ടുമൃഗത്തിന്റെ ഏഴാമത്തെ തലയാണെന്നു തെളിഞ്ഞു.
8. ആംഗ്ലോ-അമേരിക്കൻ ദ്വിലോകശക്തി ഒരു കാട്ടുമൃഗത്തോട് ഉപമിക്കപ്പെട്ടിരിക്കുന്നതു ഞെട്ടിക്കരുതാത്തതെന്തുകൊണ്ട്?
8 ഭരണം നടത്തുന്ന രാഷ്ട്രീയ ശക്തികളെ ഒരു കാട്ടുമൃഗമായി തിരിച്ചറിയിക്കുന്നതു ഞെട്ടിക്കുന്നതല്ലേ? രണ്ടാം ലോകമഹായുദ്ധകാലത്ത് ഒരു സ്ഥാപനമെന്നനിലയിലും വ്യക്തികളെന്നനിലയിലും യഹോവയുടെ സാക്ഷികളുടെ നിലപാടു ലോകമെമ്പാടും നിയമകോടതികളിൽ ചോദ്യം ചെയ്യപ്പെട്ടപ്പോൾ ചില എതിരാളികൾ അവകാശപ്പെട്ടത് അതാണ്. എന്നാൽ നിന്നു ചിന്തിക്കുക! രാഷ്ട്രങ്ങൾതന്നെ അവരുടെ ദേശീയചിഹ്നങ്ങളായി മൃഗങ്ങളെയും വന്യജീവികളെയും സ്വീകരിക്കുന്നില്ലേ? ഉദാഹരണത്തിന്, ബ്രിട്ടീഷ് സിംഹവും അമേരിക്കൻ കഴുകനും ചൈനീസ് സർപ്പവും ഉണ്ട്. അതുകൊണ്ട്, ബൈബിളിന്റെ ദിവ്യരചയിതാവും ലോകശക്തികളെ പ്രതീകവത്കരിക്കാൻ മൃഗങ്ങളെ ഉപയോഗിക്കുന്നതിനെ ആരെങ്കിലും എതിർക്കുന്നതെന്തിന്?
9. (എ) സാത്താൻ കാട്ടുമൃഗത്തിനു വലിയ അധികാരം നൽകുന്നുവെന്നു ബൈബിൾ പറയുന്നതിനെ ഒരുവൻ എതിർക്കരുതാത്തതെന്തുകൊണ്ട്? (ബി) സാത്താൻ ബൈബിളിൽ എങ്ങനെ വർണിക്കപ്പെടുന്നു, അവൻ ഗവൺമെൻറുകളെ സ്വാധീനിക്കുന്നതെങ്ങനെ?
9 അതിനുപുറമേ, സാത്താനാണു കാട്ടുമൃഗത്തിന് അതിന്റെ വലിയ അധികാരം നൽകുന്നതെന്നു ബൈബിൾ പറയുന്നതിനെ ആരെങ്കിലും എന്തിന് എതിർക്കണം? ആ പ്രസ്താവനയുടെ ഉറവിടം ദൈവമാണ്, അവന്റെ മുമ്പാകെ ‘ജനതകൾ ഒരു തൊട്ടിയിൽനിന്നു വീഴുന്ന ഒരു തുളളിപോലെയും പൊടിയുടെ ഒരു പാടപോലെയും ആണ്.’ ആ ജനതകൾ അവന്റെ പ്രവാചകവചനം അവരെ വർണിക്കുന്ന വിധം സംബന്ധിച്ച് അവനോടു വിരോധം കാണിക്കുന്നതിനു പകരം അവന്റെ പ്രീതി നേടുന്നെങ്കിൽ നന്നായിരിക്കും. (യെശയ്യാവ് 40:15, 17, NW; സങ്കീർത്തനം 2:10-12) സാത്താൻ ഒരു അഗ്നിനരകത്തിൽ പരേതാത്മാക്കളെ ദണ്ഡിപ്പിക്കാൻ നിയമിക്കപ്പെട്ടിരിക്കുന്ന ഒരു സങ്കല്പവ്യക്തിയല്ല. അത്തരത്തിലുളള ഒരു സ്ഥലം സ്ഥിതിചെയ്യുന്നില്ല. പകരം, സാത്താൻ തിരുവെഴുത്തുകളിൽ “ഒരു വെളിച്ചദൂതൻ” ആയി വർണിക്കപ്പെട്ടിരിക്കുന്നു—സാധാരണ രാഷ്ട്രീയകാര്യങ്ങളിൽ ശക്തമായ സ്വാധീനം പ്രയോഗിക്കുന്ന ഒരു വിദഗ്ധവഞ്ചകനായിട്ടുതന്നെ.—2 കൊരിന്ത്യർ 11:3, 14, 15; എഫെസ്യർ 6:11-18.
10. (എ) പത്തുകൊമ്പുകളിൽ ഓരോന്നിലും ഒരു രാജമുടി ഉണ്ടായിരുന്നുവെന്നതിനാൽ എന്തു സൂചിപ്പിക്കുന്നു? (ബി) പത്തുകൊമ്പുകളും പത്തു രാജമുടികളും എന്തിനെ പ്രതീകവത്കരിച്ചു?
10 കാട്ടുമൃഗത്തിന് അതിന്റെ ഏഴുതലകളിൽ പത്തുകൊമ്പുകൾ ഉണ്ട്. ഒരുപക്ഷേ, നാലുതലകൾക്ക് ഒന്നുവീതവും മൂന്നുതലകൾക്കു രണ്ടുവീതവും കൊമ്പുകൾ ഉണ്ടായിരുന്നു. അതിനുപുറമേ അതിന്റെ കൊമ്പുകളിൽ അതിനു പത്തുരാജമുടികളും ഉണ്ടായിരുന്നു. ദാനിയേൽ പുസ്തകത്തിൽ ഭീകരമൃഗങ്ങൾ വർണിക്കപ്പെട്ടിരിക്കുന്നു, അവയുടെ കൊമ്പുകളുടെ എണ്ണം അക്ഷരാർഥമായി വ്യാഖ്യാനിക്കപ്പെടേണ്ടതും ആണ്. ദൃഷ്ടാന്തത്തിന്, ഒരു ആട്ടുകൊററന്റെ രണ്ടു കൊമ്പുകൾ മേദ്യയും പേർഷ്യയും ആകുന്ന രണ്ടു പങ്കാളികൾ ചേർന്ന ഒരു ലോകസാമ്രാജ്യത്തെ പ്രതിനിധാനം ചെയ്തു. അതേസമയം കോലാട്ടുകൊററന്റെ നാലുകൊമ്പുകൾ മഹാനായ അലക്സാണ്ടറിന്റെ ഗ്രീക്കു സാമ്രാജ്യത്തിൽനിന്നു വളർന്നുവന്നതും ഒരേസമയത്തു നിലനിന്നിരുന്നതുമായ നാലു സാമ്രാജ്യങ്ങളെ പ്രതിനിധാനം ചെയ്തു. (ദാനീയേൽ 8:3, 8, 20-22) എന്നിരുന്നാലും, യോഹന്നാൻ കണ്ട മൃഗത്തിന്റെ പത്തുകൊമ്പുകൾ ആലങ്കാരികമാണെന്നു തോന്നുന്നു. (താരതമ്യം ചെയ്യുക: ദാനീയേൽ 7:24; വെളിപ്പാടു 17:12.) അവ സാത്താന്റെ മൊത്തം രാഷ്ട്രീയസ്ഥാപനമായിത്തീരുന്ന പരമാധികാര രാഷ്ട്രങ്ങളുടെ തികവിനെ പ്രതിനിധാനം ചെയ്യുന്നു. ഈ കൊമ്പുകളെല്ലാം അക്രമവാസനയുളളതും ഞെരുക്കുന്നതും ആണ്, എന്നാൽ ഏഴു തലകളാൽ സൂചിപ്പിക്കപ്പെട്ടതുപോലെ ശിരസ്ഥാനം ഒരു സമയത്ത് ഒരു ലോകശക്തിയിൽ മാത്രം സ്ഥിതിചെയ്യുന്നു. അതുപോലെതന്നെ, എല്ലാ പരമാധികാര രാഷ്ട്രങ്ങളും അക്കാലത്തെ പ്രധാനരാഷ്ട്രത്തോടൊപ്പം അഥവാ ലോകശക്തിയോടൊപ്പം ഭരണാധികാരം പ്രയോഗിക്കുമെന്നു പത്തുരാജമുടികൾ സൂചിപ്പിക്കുന്നു.
11. കാട്ടുമൃഗത്തിന് അതിന്റെ ‘തലകളിൽ ദൂഷണനാമങ്ങൾ’ ഉണ്ടായിരുന്നുവെന്ന വസ്തുത എന്തിനെ സൂചിപ്പിക്കുന്നു?
11 കാട്ടുമൃഗത്തിന് “തലയിൽ ദൂഷണനാമങ്ങ”ൾ ഉണ്ട്, യഹോവയാം ദൈവത്തോടും ക്രിസ്തുയേശുവിനോടും വലിയ അനാദരവുകാണിക്കുന്ന അവകാശവാദങ്ങൾ മുഴക്കിക്കൊണ്ടുതന്നെ. അത് അതിന്റെ രാഷ്ട്രീയലക്ഷ്യങ്ങൾ നേടാനുളള ഒരു തന്ത്രമെന്നനിലയിൽ ദൈവത്തിന്റെയും ക്രിസ്തുവിന്റെയും നാമം ഉപയോഗിച്ചിരിക്കുന്നു. വൈദികരെ അതിന്റെ രാഷ്ട്രീയപ്രക്രിയയിൽ പങ്കെടുക്കാൻ അനുവദിക്കുകപോലും ചെയ്തുകൊണ്ട് അതു വ്യാജമതത്തോടൊത്തു പ്രവർത്തിച്ചിരിക്കുന്നു. ഉദാഹരണത്തിന്, ഇംഗ്ലണ്ടിലെ പ്രഭുസഭയിൽ ബിഷപ്പുമാർ ഉൾപ്പെടുന്നു. ഫ്രാൻസിലും ഇററലിയിലും കത്തോലിക്കാ കർദിനാൾമാർ പ്രധാന രാഷ്ട്രീയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്, ഈയിടെ ലാററിൻ അമേരിക്കയിൽ പുരോഹിതൻമാർ രാഷ്ട്രീയ ഉദ്യോഗം വഹിക്കുകയുണ്ടായി. ഗവൺമെൻറുകൾ “ദൈവത്തിൽ ഞങ്ങൾ ആശ്രയിക്കുന്നു” എന്നിവപോലുളള മതപരമായ മുദ്രാവാക്യങ്ങൾ അവരുടെ ബാങ്ക്നോട്ടുകളിൽ അച്ചടിക്കുന്നു, അവരുടെ നാണയങ്ങളിൽ അവർ തങ്ങളുടെ ഭരണാധികാരികൾക്കു ദിവ്യാംഗീകാരം അവകാശപ്പെടുകയും ചെയ്യുന്നു, ദൃഷ്ടാന്തമായി, ഇവർ “ദൈവകൃപയാൽ” നിയമിക്കപ്പെട്ടിരിക്കുന്നുവെന്നു പ്രസ്താവിച്ചുകൊണ്ടുതന്നെ. ഇതെല്ലാം വാസ്തവത്തിൽ ദൈവദൂഷണപരമാണ്, എന്തെന്നാൽ അതു ദുഷിച്ച ദേശീയത്വ രാഷ്ട്രീയഗോദായിൽ ദൈവത്തെ ഉൾപ്പെടുത്താൻ ശ്രമിക്കുന്നു.
12. (എ) കാട്ടുമൃഗം “സമുദ്രത്തിൽനിന്നു” കയറിവരുന്നത് എന്തിനെ അർഥമാക്കുന്നു, അത് എപ്പോൾ കയറിവരാൻ തുടങ്ങി? (ബി) സർപ്പം പ്രതീകാത്മക മൃഗത്തിന് അതിന്റെ വലിയ അധികാരം നൽകുന്നുവെന്ന വസ്തുത എന്തിനെ സൂചിപ്പിക്കുന്നു?
12 കാട്ടുമൃഗം “സമുദ്രത്തിൽ” നിന്നു കയറിവരുന്നു, സമുദ്രം മനുഷ്യഗവൺമെൻറുകൾ ഉത്ഭവിക്കുന്ന പ്രക്ഷുബ്ധ ജനക്കൂട്ടത്തിന്റെ ഉചിതമായ ഒരു പ്രതീകമാണ്. (യെശയ്യാവു 17:12, 13) ഈ കാട്ടുമൃഗം പ്രക്ഷുബ്ധമായ മനുഷ്യസാഗരത്തിൽനിന്നു നിമ്രോദിന്റെ നാളിൽ (പൊ.യു.മു. ഏതാണ്ട് 21-ാം നൂററാണ്ടിൽ) കയറിവരാൻ തുടങ്ങി, അതു പ്രളയാനന്തര വ്യവസ്ഥിതിയുടെ യഹോവയോടുളള മത്സരം ആദ്യം പ്രത്യക്ഷമായപ്പോൾ ആയിരുന്നു. (ഉല്പത്തി 10:8-12; 11:1-9) എന്നാൽ കർത്താവിന്റെ ദിവസത്തിൽ മാത്രമാണ് അതിന്റെ ഏഴുതലകളിൽ അവസാനത്തേതു പൂർണമായും പ്രത്യക്ഷമായത്. സർപ്പമാണു ‘മൃഗത്തിന് അതിന്റെ ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തത്’ എന്നതും കുറിക്കൊളളുക. (താരതമ്യം ചെയ്യുക: ലൂക്കൊസ് 4:6.) മൃഗം മനുഷ്യവർഗ സമൂഹത്തിലെ സാത്താന്റെ രാഷ്ട്രീയ സൃഷ്ടിയാണ്. സാത്താൻ സത്യമായും “ഈ ലോകത്തിന്റെ ഭരണാധികാരി”യാണ്.—യോഹന്നാൻ 12:31, NW.
മരണമുറിവ്
13. (എ) കർത്താവിന്റെ ദിവസത്തിന്റെ ആദ്യകാലത്തു കാട്ടുമൃഗത്തെ ഏതു വിപത്തു പ്രഹരിക്കുന്നു? (ബി) ഒരു തലയ്ക്കു മരണമുറിവ് ഏററപ്പോൾ മുഴു കാട്ടുമൃഗവും ദുരിതമനുഭവിച്ചതെങ്ങനെ?
13 കർത്താവിന്റെ ദിവസത്തിൽ ആദ്യകാലത്തു കാട്ടുമൃഗത്തെ വിപത്തു പ്രഹരിക്കുന്നു. യോഹന്നാൻ റിപ്പോർട്ടുചെയ്യുന്നു: “അതിന്റെ തലകളിൽ ഒന്നു മരണകരമായ മുറിവേററതുപോലെ ഞാൻ കണ്ടു; അതിന്റെ മരണകരമായ മുറിവു പൊറുത്തുപോയി; സർവ്വഭൂമിയും മൃഗത്തെ കണ്ടു വിസ്മയിച്ചു.” (വെളിപ്പാടു 13:3) കാട്ടുമൃഗത്തിന്റെ ഒരു തലയ്ക്ക് ഒരു മരണമുറിവ് ഏററതായി ഈ വാക്യം പറയുന്നു, എന്നാൽ മുഴുമൃഗവും അത് അനുഭവിച്ചതായി 12-ാം വാക്യം പറയുന്നു. അത് എന്തുകൊണ്ട്? കൊളളാം, മൃഗത്തിന്റെ തലകളെല്ലാം ഒരുമിച്ച് അധികാരത്തിലില്ല. ഓരോന്നും അതതിന്റെ ക്രമത്തിൽ മനുഷ്യവർഗത്തിൻമേൽ, വിശേഷിച്ചും ദൈവജനത്തിൻമേൽ കർത്തൃത്വം നടത്തിയിരിക്കുന്നു. (വെളിപ്പാടു 17:10) അങ്ങനെ, കർത്താവിന്റെ ദിവസം തുടങ്ങുമ്പോൾ പ്രധാനലോകശക്തിയെന്ന നിലയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഏഴാമത്തെ ഒരു തലമാത്രമേ ഉണ്ടായിരുന്നുളളൂ. ആ തലയ്ക്ക് ഏററ മരണമുറിവ് മുഴുമൃഗത്തിനും വലിയ ദുരിതം വരുത്തുന്നു.
14. മരണമുറിവ് ഏല്പിക്കപ്പെട്ട സാത്താന്റെ കാട്ടുമൃഗത്തിൻമേൽ അതിന്റെ ഫലം ഒരു സൈനിക ഓഫീസർ വർണിച്ചതെങ്ങനെ?
14 ആ മരണമുറിവ് എന്തായിരുന്നു? പിന്നീട് അത് ഒരു വാൾമുറിവ് എന്നും വിളിക്കപ്പെടുന്നു, ഒരു വാൾ യുദ്ധത്തിന്റെ പ്രതീകമാണ്. കർത്താവിന്റെ ദിവസത്തിന്റെ തുടക്കത്തിൽ സംഭവിച്ച ഈ വാൾമുറിവ് സാത്താന്റെ രാഷ്ട്രീയ കാട്ടുമൃഗത്തെ ശോഷിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്ത ഒന്നാം ലോകമഹായുദ്ധത്തോടു ബന്ധപ്പെട്ടിരിക്കണം. (വെളിപ്പാടു 6:4, 8; 13:14) ആ യുദ്ധത്തിൽ ഒരു സൈനിക ഓഫീസറായിരുന്ന മോറിസ് ജെനീവോയ് എന്ന എഴുത്തുകാരൻ അതേക്കുറിച്ച് ഇപ്രകാരം പറഞ്ഞു: “മൊത്തം മനുഷ്യചരിത്രത്തിൽ 1914 ആഗസ്ററ് 2-ന്റെ പ്രാധാന്യം വിരളമായ തീയതികൾക്കേയുളളൂവെന്നു തിരിച്ചറിയുന്നതിൽ എല്ലാവരും യോജിക്കുന്നു. ആദ്യം യൂറോപ്പും പെട്ടെന്നുതന്നെ മിക്കവാറും മുഴു മാനവരാശിയും ഒരു ഭയാനകമായ സംഭവത്തിലേക്ക് എടുത്തുചാടിയതായി സ്വയം കണ്ടെത്തി. ധാരണകളും ഉടമ്പടികളും ധാർമികനിയമങ്ങളും എല്ലാ അടിസ്ഥാനങ്ങളും ഇളകി; നാൾതോറും സകലതും ചോദ്യചിഹ്നമായി. ആ സംഭവം സഹജമായ അനിഷ്ടസൂചനകളെയും ന്യായയുക്തമായ പ്രതീക്ഷകളെയും കവച്ചുവെക്കുന്നതായിരുന്നു. ബൃഹത്തായ, താറുമാറായ, പൈശാചികമായ, അത് ഇപ്പോഴും നമ്മെ അതിന്റെ പിന്നാലെ വലിച്ചിഴക്കുന്നു.”—മോറിസ് ജെനീവോയ്, ഫ്രാങ്കേയ്സ് അക്കാദമി അംഗം, പ്രോമിസ് ഓഫ് ഗ്രേററ്നസ് എന്ന പുസ്തകത്തിൽ ഉദ്ധരിച്ചത് (1968).
15. കാട്ടുമൃഗത്തിന്റെ ഏഴാമത്തെ തലയ്ക്കു മരണമുറിവ് ഏററതെങ്ങനെ?
15 കാട്ടുമൃഗത്തിന്റെ മികച്ചുനിന്ന ഏഴാമത്തെ തലയെ സംബന്ധിച്ചിടത്തോളം ആ യുദ്ധം ഒരു വലിയ വിപത്തായിരുന്നു. മററു യൂറോപ്യൻ രാഷ്ട്രങ്ങളോടൊപ്പം, ബ്രിട്ടനും ആഘാതമേൽപ്പിക്കുന്ന വലിയോരുകൂട്ടം ചെറുപ്പക്കാർ നഷ്ടപ്പെട്ടു. ഒരു ഏററുമുട്ടലിൽ മാത്രം, 1916-ൽ സോം നദിയിങ്കലെ യുദ്ധത്തിൽ, 4,20,000 ബ്രിട്ടീഷുകാർ കൊല്ലപ്പെട്ടു, ഏതാണ്ട് 1,94,000 ഫ്രഞ്ചുകാരോടും 4,40,000 ജർമൻകാരോടും ഒപ്പംതന്നെ—10,00,000-ത്തിലധികം മരണങ്ങൾ! സാമ്പത്തികമായും ബ്രിട്ടൻ, ശേഷിച്ച യൂറോപ്പിനോടൊപ്പം ഉലക്കപ്പെട്ടു. ബൃഹത്തായ ബ്രിട്ടീഷ്സാമ്രാജ്യത്തിന് അടിയേററ് ഇളക്കംതട്ടി, വീണ്ടും ഒരിക്കലും പൂർണമായി മുക്തിപ്രാപിച്ചുമില്ല. വാസ്തവത്തിൽ, 28 പ്രമുഖരാഷ്ട്രങ്ങൾ പങ്കെടുത്ത ആ യുദ്ധം മുഴുലോകത്തെയും ഒരു മരണപ്രഹരത്താലെന്നപോലെ ചാഞ്ചാട്ടത്തിലാക്കി. ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട് 65 വർഷങ്ങൾക്കുശേഷം 1979 ആഗസ്ററ് 4-ന് ഇംഗ്ലണ്ടിലെ ലണ്ടനിൽ ദി ഇക്കോണമിസ്ററ് ഇപ്രകാരം അഭിപ്രായപ്പെട്ടു: “ലോകത്തിന് 1914-ൽ അതിന്റെ യോജിപ്പു നഷ്ടപ്പെട്ടു, അതിനുശേഷം അതു പുനഃപ്രാപിക്കാൻ അതിനു കഴിഞ്ഞിട്ടില്ല.”
16. ഒന്നാം ലോകമഹായുദ്ധകാലത്ത് ഐക്യനാടുകൾ അത് ഒരു ദ്വിലോകശക്തിയുടെ ഭാഗമാണെന്ന് എങ്ങനെ തെളിയിച്ചു?
16 അതേസമയംതന്നെ മഹായുദ്ധം—അന്ന് അത് അങ്ങനെയാണു വിളിക്കപ്പെട്ടിരുന്നത്—ഐക്യനാടുകൾ ആംഗ്ലോ-അമേരിക്കൻ ലോകശക്തിയുടെ ഭാഗമെന്നനിലയിൽ വ്യക്തമായി പ്രത്യക്ഷപ്പെടാൻ വഴിതുറന്നു. യുദ്ധത്തിന്റെ ആദ്യവർഷങ്ങളിൽ പൊതുജനാഭിപ്രായം ഐക്യനാടുകൾ പോരാട്ടത്തിൽനിന്നു വിട്ടുനിൽക്കാൻ ഇടയാക്കി. എന്നാൽ ചരിത്രകാരനായ എസ്മി വിംഗ്ഫീൽഡ്-സ്ട്രാഫോർഡ് എഴുതിയതുപോലെ “അതെല്ലാം അങ്ങേയററത്തെ പ്രതിസന്ധിയുടെ ഈ നാഴികയിൽ ബ്രിട്ടനും ഐക്യനാടുകളും [അവരുടെ] അതിപ്രധാനമായ ഐക്യത്തിന്റെയും പൊതുപരിപാലകസ്ഥാനത്തിന്റെയും സാക്ഷാത്കരണത്തിൽ അവരുടെ ഭിന്നതകൾ പരിഹരിക്കുമോ എന്ന പ്രശ്നമായിരുന്നു.” സംഭവങ്ങൾ പരിണമിച്ചപ്രകാരം അവർ അതു ചെയ്തു. ആടിനിന്ന സഖ്യരാഷ്ട്രങ്ങളുടെ യുദ്ധയത്നത്തെ താങ്ങുന്നതിന് 1917-ൽ ഐക്യനാടുകൾ അവളുടെ വിഭവങ്ങളും മാനവശേഷിയും സംഭാവനചെയ്തു. അങ്ങനെ ബ്രിട്ടനും ഐക്യനാടുകളും ചേർന്ന ഏഴാമത്തെ തല വിജയിക്കുന്ന പക്ഷത്തുവന്നു.
17. യുദ്ധാനന്തരം സാത്താന്റെ ഭൗമികവ്യവസ്ഥിതിക്ക് എന്തു സംഭവിച്ചു?
17 യുദ്ധാനന്തര ലോകം വളരെ വ്യത്യസ്തമായിരുന്നു. സാത്താന്റെ ഭൗമികവ്യവസ്ഥിതി മരണമുറിവേററ് നശിച്ചിരുന്നെങ്കിലും പുനർജീവിക്കുകയും പൂർവാധികം ശക്തിപ്രാപിക്കുകയും ചെയ്തു, അങ്ങനെ ആരോഗ്യം വീണ്ടെടുക്കാനുളള അതിന്റെ ശേഷിയിൽ മനുഷ്യരുടെ പ്രശംസ നേടുകയും ചെയ്തു.
18. മനുഷ്യവർഗം മൊത്തത്തിൽ ‘കാട്ടുമൃഗത്തെ വിസ്മയത്തോടെ പിൻപററി’യിരിക്കുന്നു എന്നു പറയാൻ കഴിയുന്നതെങ്ങനെ?
18 ചരിത്രകാരനായ ചാൾസ് എൽ. മീ, ജൂനിയർ ഇപ്രകാരം എഴുതുന്നു: “പഴയ ക്രമത്തിന്റെ തകർച്ച [ഒന്നാം ലോകമഹായുദ്ധത്താൽ ഉണ്ടായത്] സ്വയംഭരണം വ്യാപിക്കുന്നതിന്റെ, പുതിയ ജനതകളുടെയും വർഗങ്ങളുടെയും വിമോചനത്തിന്റെ, പുതിയ സ്വാതന്ത്ര്യത്തിന്റെയും അനാശ്രയത്തിന്റെയും മുന്നേററത്തിന്റെ ഒരു നാന്ദിയായിരുന്നു.” ഈ യുദ്ധാനന്തര യുഗത്തിന്റെ വികാസത്തിൽ നായകസ്ഥാനത്ത് ഇപ്പോൾ സൗഖ്യം പ്രാപിച്ച കാട്ടുമൃഗത്തിന്റെ ഏഴാമത്തെ തലയായിരുന്നു, അമേരിക്കൻ ഐക്യനാടുകൾ പ്രധാനസ്ഥാനത്തേക്കു നീങ്ങിക്കൊണ്ടുതന്നെ. സർവരാജ്യസഖ്യവും ഐക്യരാഷ്ട്രങ്ങളും സ്ഥാപിക്കുന്നതിന് ഈ ദ്വിലോകശക്തി നേതൃത്വമെടുത്തു. ആയിരത്തിത്തൊളളായിരത്തെൺപതുകളോടെ യു.എസ്. രാഷ്ട്രീയ ശക്തി കൂടുതൽ ധനശേഷിയുളള രാജ്യങ്ങളെ ഉയർന്ന ജീവിതനിലവാരം സൃഷ്ടിക്കുന്നതിലേക്കും രോഗങ്ങളെ ചെറുക്കുന്നതിലേക്കും സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലേക്കും നയിക്കുകയുണ്ടായി. അത് 12 മനുഷ്യരെ ചന്ദ്രനിൽ ഇറക്കുകപോലും ചെയ്തു. അതുകൊണ്ട്, മനുഷ്യവർഗം മൊത്തത്തിൽ ‘കാട്ടുമൃഗത്തെ വിസ്മയത്തോടെ പിൻപററി’യത് അതിശയമല്ല.
19. (എ) മനുഷ്യവർഗം കാട്ടുമൃഗത്തെ ആദരിക്കുന്നതിനപ്പുറം പോയിരിക്കുന്നതെങ്ങനെ? (ബി) ഭൂമിയിലെ എല്ലാ രാജ്യങ്ങളുടെയും മേൽ അവിതർക്കിതമായ അധികാരം ആർക്കുണ്ട്, നാം എങ്ങനെ അറിയുന്നു? (സി) സാത്താൻ കാട്ടുമൃഗത്തിന് അധികാരം നൽകുന്നതെങ്ങനെ, ഭൂരിപക്ഷം ജനങ്ങൾക്കും എന്തു ഫലത്തോടെ?
19 യോഹന്നാൻ അടുത്തതായി പ്രസ്താവിക്കുന്നപ്രകാരം മനുഷ്യവർഗം കാട്ടുമൃഗത്തെ ആദരിക്കുന്നതിനപ്പുറം പോയിരിക്കുന്നു: “മൃഗത്തിന്നു അധികാരം കൊടുത്തതു കൊണ്ടു അവർ മഹാസർപ്പത്തെ നമസ്കരിച്ചു [ആരാധിച്ചു, NW]: മൃഗത്തോടു തുല്യൻ ആർ? അതിനോടു പൊരുതുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു മൃഗത്തെയും നമസ്കരിച്ചു.” (വെളിപ്പാടു 13:4) യേശു ഇവിടെ ഭൂമിയിലായിരുന്നപ്പോൾ, സാത്താൻ ഭൂമിയിലെ എല്ലാ രാജ്യങ്ങളുടെയും മേൽ അധികാരമുണ്ടെന്ന് അവകാശപ്പെട്ടു. യേശു ഇതിനെ നിഷേധിച്ചില്ല; വാസ്തവത്തിൽ അവൻതന്നെ സാത്താനെ ലോകത്തിന്റെ ഭരണാധികാരിയെന്നു പരാമർശിക്കുകയും ആ നാളിലെ രാഷ്ട്രീയത്തിൽ പങ്കെടുക്കാൻ വിസമ്മതിക്കുകയും ചെയ്തു. യോഹന്നാൻ പിന്നീടു സത്യക്രിസ്ത്യാനികളെ സംബന്ധിച്ച് ഇപ്രകാരം എഴുതി: “നാം ദൈവത്തിൽനിന്നുളളവർ എന്നു നാം അറിയുന്നു. സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.” (1 യോഹന്നാൻ 5:19; ലൂക്കൊസ് 4:5-8; യോഹന്നാൻ 6:15; 14:30) സാത്താൻ കാട്ടുമൃഗത്തിന് അധികാരം നൽകുന്നു, ഒരു ദേശീയത്വ അടിസ്ഥാനത്തിൽ അവൻ ഇതുചെയ്യുന്നു. അങ്ങനെ ദൈവിക സ്നേഹബന്ധത്തിൽ ഐക്യപ്പെട്ടിരിക്കുന്നതിനുപകരം മനുഷ്യവർഗം ഗോത്രത്തിന്റെയും വർഗത്തിന്റെയും ജനതയുടെയും അഹങ്കാരത്താൽ ഭിന്നിച്ചവരായിത്തീർന്നിരിക്കുന്നു. ആളുകളിൽ ബഹുഭൂരിപക്ഷവും അവർ ജീവിക്കാൻ ഇടയായിരിക്കുന്ന ദേശത്ത് അധികാരമുളള കാട്ടുമൃഗത്തിന്റെ ഭാഗത്തെ ഫലത്തിൽ ആരാധിക്കുന്നു. അങ്ങനെ മുഴുമൃഗവും ആദരവും ആരാധനയും നേടുന്നു.
20. (എ) ഏതർഥത്തിൽ ആളുകൾ കാട്ടുമൃഗത്തെ ആരാധിക്കുന്നു? (ബി) യഹോവയാം ദൈവത്തെ ആരാധിക്കുന്ന ക്രിസ്ത്യാനികൾ കാട്ടുമൃഗത്തിന്റെ അത്തരം ആരാധനയിൽ പങ്കെടുക്കാത്തതെന്തുകൊണ്ട്, അവർ ആരുടെ ദൃഷ്ടാന്തം പിൻപററുന്നു?
20 ആരാധന ഏതർഥത്തിൽ? രാജ്യസ്നേഹത്തെ ദൈവസ്നേഹത്തിന് ഉപരിയായി പ്രതിഷ്ഠിക്കുന്നുവെന്ന അർഥത്തിൽ. മിക്കയാളുകളും അവരുടെ ജൻമദേശത്തെ സ്നേഹിക്കുന്നു. നല്ല പൗരൻമാരെന്നനിലയിൽ സത്യക്രിസ്ത്യാനികളും അവർ വസിക്കുന്ന രാജ്യത്തെ ഭരണാധികാരികളെയും ചിഹ്നങ്ങളെയും ആദരിക്കുന്നു, നിയമങ്ങൾ അനുസരിക്കുന്നു, തങ്ങളുടെ സമുദായത്തിന്റെയും അയൽക്കാരുടെയും ക്ഷേമത്തിനു ക്രിയാത്മകമായ സംഭാവന നൽകുകയും ചെയ്യുന്നു. (റോമർ 13:1-7; 1 പത്രൊസ് 2:13-17) എന്നിരുന്നാലും, മറെറല്ലാററിനുമെതിരായി അവർക്ക് ഒരു രാജ്യത്തിന് അന്ധമായ ഭക്തി നൽകാൻ കഴിയില്ല. “ശരിയായാലും തെററായാലും, നമ്മുടെ രാജ്യം” എന്നത് ഒരു ക്രിസ്തീയ ഉപദേശമല്ല. അതുകൊണ്ട്, യഹോവയാം ദൈവത്തെ ആരാധിക്കുന്ന ക്രിസ്ത്യാനികൾക്കു കാട്ടുമൃഗത്തിന്റെ ഏതെങ്കിലും ഭാഗത്തിനു ഗർവിഷ്ഠമായ ദേശഭക്തിയാരാധന നൽകുന്നതിൽ പങ്കെടുക്കാൻ കഴിയില്ല, എന്തെന്നാൽ ഇതു മൃഗത്തിന്റെ അധികാരത്തിന്റെ ഉറവായ സർപ്പത്തെ ആരാധിക്കുന്നതിനു തുല്യമായിരിക്കും. അവർക്ക് ആദരപൂർവം ഇങ്ങനെ ചോദിക്കാൻ കഴിയില്ല: “മൃഗത്തോടു തുല്യൻ ആർ?” പിന്നെയോ, അവർ മീഖായേലിന്റെ ദൃഷ്ടാന്തം പിൻപററുന്നു—അവന്റെ പേരിന്റെ അർഥം “ദൈവത്തെപ്പോലെ ആരുളളൂ?” എന്നാണ്—അവർ യഹോവയുടെ സാർവത്രിക പരമാധികാരത്തെ ഉയർത്തിപ്പിടിക്കുമ്പോൾത്തന്നെ. ദൈവത്തിന്റെ നിയമിത സമയത്ത് യേശുക്രിസ്തുവാകുന്ന ഈ മീഖായേൽ കാട്ടുമൃഗത്തോടു യുദ്ധം ചെയ്യുകയും അതിനെ ജയിക്കുകയും ചെയ്യും, അവൻ സാത്താനെ സ്വർഗത്തിൽനിന്നു ബഹിഷ്കരിക്കുന്നതിൽ വിജയം വരിച്ചതുപോലെ.—വെളിപ്പാടു 12:7-9; 19:11, 19-21.
വിശുദ്ധൻമാർക്കെതിരെ യുദ്ധം ചെയ്യുന്നു
21. സാത്താൻ കാട്ടുമൃഗത്തെ ഉപയോഗിക്കുന്നതിനെ യോഹന്നാൻ എങ്ങനെ വർണിക്കുന്നു?
21 സൂത്രശാലിയായ സാത്താനു തന്റെ ലക്ഷ്യത്തിനായി കാട്ടുമൃഗത്തെ ഉപയോഗിക്കാനുളള പദ്ധതികൾ ഉണ്ടായിരുന്നു. യോഹന്നാൻ ഇതു വിശദീകരിക്കുന്നു: “വമ്പും ദൂഷണവും സംസാരിക്കുന്ന വായ് അതിന്നു [ഏഴു തലയുളള മൃഗത്തിന്] ലഭിച്ചു; നാല്പത്തിരണ്ടു മാസം പ്രവർത്തിപ്പാൻ അധികാരവും ലഭിച്ചു. അതു ദൈവത്തിന്റെ നാമത്തെയും അവന്റെ കൂടാരത്തെയും സ്വർഗ്ഗത്തിൽ വസിക്കുന്നവരെയും ദുഷിപ്പാൻ ദൈവദൂഷണത്തിന്നായി വായ്തുറന്നു. വിശുദ്ധൻമാരോടു യുദ്ധംചെയ്തു അവരെ ജയിപ്പാനും അതിന്നു അധികാരം ലഭിച്ചു; ലോകസ്ഥാപനംമുതൽ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേർ എഴുതീട്ടില്ലാത്ത ഭൂവാസികൾ ഒക്കെയും അതിനെ നമസ്കരിക്കും.”—വെളിപ്പാടു 13:5-8.
22. (എ) 42 മാസങ്ങൾ ഏതു കാലഘട്ടത്തെ പരാമർശിക്കുന്നു? (ബി) നാൽപ്പത്തിരണ്ടു മാസക്കാലത്ത് അഭിഷിക്ത ക്രിസ്ത്യാനികളെ ‘ജയിച്ച’തെങ്ങനെ?
22 ഇവിടെ പരാമർശിച്ചിരിക്കുന്ന 42 മാസം ദാനിയേലിന്റെ പ്രവചനത്തിലെ മൃഗങ്ങളിൽ ഒന്നിൽനിന്നു മുളച്ചുവരുന്ന ഒരു കൊമ്പിനാൽ വിശുദ്ധൻമാർ പീഡിപ്പിക്കപ്പെടുന്ന അതേ മൂന്നര വർഷങ്ങൾ തന്നെയാണെന്നു തോന്നുന്നു. (ദാനീയേൽ 7:23-25; ഇതുകൂടെ കാണുക: വെളിപ്പാടു 11:1-4.) അങ്ങനെ 1914-ന്റെ അവസാനം മുതൽ 1918 വരെ യുദ്ധത്തിൽ ഏർപ്പെട്ടിരുന്ന ജനതകൾ കാട്ടുമൃഗങ്ങളെപ്പോലെ അക്ഷരാർഥത്തിൽ അന്യോന്യം കടിച്ചുകീറിക്കൊണ്ടിരുന്നപ്പോൾ, ആ ജനതകളിലെ പൗരൻമാർ കാട്ടുമൃഗത്തെ ആരാധിക്കാൻ, ദേശീയത്വ മതത്തിൽ പങ്കെടുക്കാൻ, തങ്ങളുടെ രാജ്യത്തിനുവേണ്ടി മരിക്കാൻ തയ്യാറായിരിക്കുന്നതിനുപോലും നിർബന്ധിക്കപ്പെട്ടു. അത്തരം സമ്മർദം, തങ്ങളുടെ പരമോന്നത അനുസരണം യഹോവയാം ദൈവത്തിനും അവന്റെ പുത്രനായ യേശുക്രിസ്തുവിനുമുളളതാണെന്നു കരുതിയ അഭിഷിക്ത ക്രിസ്ത്യാനികളിൽ അനേകർക്കും കഠിനമായ കഷ്ടപ്പാടിലേക്കു നയിച്ചു. (പ്രവൃത്തികൾ 5:29) അവരുടെ പീഡാനുഭവങ്ങൾ 1918 ജൂണിൽ ഒരു പാരമ്യത്തിലേക്കു വന്നു, അന്ന് അവർ ‘ജയിച്ച’ടക്കപ്പെട്ടു. ഐക്യനാടുകളിൽ വാച്ച് ടവർ സൊസൈററിയുടെ പ്രധാന ഓഫീസർമാരും മററു പ്രതിനിധികളും തെററായി തടവിലാക്കപ്പെട്ടു, അവരുടെ ക്രിസ്തീയ സഹോദരൻമാരുടെ സംഘടിത പ്രസംഗവേല വലിയ അളവിൽ തടസപ്പെടുകയും ചെയ്തു. “സകല ഗോത്രത്തിൻമേലും വംശത്തിൻമേലും ഭാഷമേലും ജാതിമേലും” അധികാരം ഉണ്ടായിരുന്നതുകൊണ്ടു കാട്ടുമൃഗം ലോകവ്യാപകമായി ദൈവത്തിന്റെ വേലയെ അടിച്ചമർത്തി.
23. (എ) ‘കുഞ്ഞാടിന്റെ ജീവപുസ്തകം’ എന്താണ്, 1918-നു ശേഷം എന്ത് പൂർത്തീകരണത്തിലേക്കു നീങ്ങിയിരിക്കുന്നു? (ബി) വിശുദ്ധൻമാരുടെ മേലുളള സാത്താന്റെ ദൃശ്യസ്ഥാപനത്തിന്റെ ഏതു പ്രത്യക്ഷവിജയവും നിരർഥകമായിരുന്നതെന്തുകൊണ്ട്?
23 ഇതു സാത്താനും അവന്റെ സ്ഥാപനത്തിനും ഒരു വിജയംപോലെ തോന്നി. എന്നാൽ അവർക്കു നീണ്ടുനിൽക്കുന്ന പ്രയോജനങ്ങൾ കൈവരുത്താൻ അതിനു കഴിഞ്ഞില്ല, എന്തുകൊണ്ടെന്നാൽ സാത്താന്റെ ദൃശ്യസ്ഥാപനത്തിലുളള ഒരുത്തനും അയാളുടെ പേർ “കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ” എഴുതിക്കിട്ടിയിരുന്നില്ല. ആലങ്കാരികമായി, ഈ പുസ്തകത്തിൽ തന്റെ സ്വർഗീയരാജ്യത്തിൽ യേശുവിനോടുകൂടെ ഭരിക്കാനുളളവരുടെ പേരുകൾ ഉൾക്കൊളളുന്നു. അതിൽ പൊ.യു. 33-ലെ പെന്തക്കോസ്തിൽ ആദ്യത്തെ പേരുകൾ എഴുതപ്പെട്ടു. അന്നുമുതലുളള വർഷങ്ങളിൽ കൂടുതൽ പേരുകൾ കൂട്ടിച്ചേർക്കപ്പെടുകയുണ്ടായി. 1918 മുതൽ 1,44,000 രാജ്യാവകാശികളിൽ ശേഷിക്കുന്നവരുടെ മുദ്രയിടൽ പൂർത്തീകരണത്തിലേക്കു നീങ്ങിക്കൊണ്ടിരുന്നു. പെട്ടെന്നുതന്നെ അവർ എല്ലാവരുടെയും പേരുകൾ കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ മായാതെ എഴുതപ്പെടും. കാട്ടുമൃഗത്തെ ആരാധിക്കുന്ന എതിരാളികളെ സംബന്ധിച്ചടത്തോളം, ഇവരിൽ ആരുടെയും പേർ ആ പുസ്തകത്തിൽ എഴുതപ്പെടുകയില്ല. അതുകൊണ്ട്, ഇവർക്കു വിശുദ്ധൻമാരുടെമേൽ ഉണ്ടായേക്കാവുന്ന ഏതു പ്രത്യക്ഷവിജയവും നിരർഥകമാണ്, വെറും താത്കാലികമാണ്.
24. വിവേകമതികളെ എന്തു കേൾക്കാൻ യോഹന്നാൻ ക്ഷണിക്കുന്നു, കേട്ട വചനങ്ങൾ ദൈവജനങ്ങൾക്ക് എന്തർഥമാക്കുന്നു?
24 യോഹന്നാൻ ഇപ്പോൾ വളരെ ശ്രദ്ധയോടെ കേൾക്കാൻ വിവേകമതികളെ ക്ഷണിക്കുന്നു: “ചെവിയുളളവൻ കേൾക്കട്ടെ.” തുടർന്ന് അവൻ പറയുന്നു: “അടിമയാക്കി കൊണ്ടുപോകുന്നവൻ അടിമയായിപ്പോകും; വാൾകൊണ്ടു കൊല്ലുന്നവൻ വാളാൽ മരിക്കേണ്ടിവരും: ഇവിടെ വിശുദ്ധൻമാരുടെ സഹിഷ്ണുതയും വിശ്വാസവുംകൊണ്ടു ആവശ്യം.” (വെളിപ്പാടു 13:9, 10) അവിശ്വസ്ത യെരുശലേമിൻമേലുളള യഹോവയുടെ ന്യായവിധിയിൽനിന്നു പിൻമാററമില്ലെന്നു പ്രകടമാക്കാൻ പൊ.യു.മു. 607-നു തൊട്ടുമുമ്പുളള വർഷങ്ങളിൽ യിരെമ്യാവ് ഇതിനോടു വളരെ സാമ്യമുളള വചനങ്ങൾ എഴുതി. (യിരെമ്യാവു 15:2; ഇവകൂടെ കാണുക: യിരെമ്യാവു 43:11; സെഖര്യാവു 11:9.) യേശു തന്റെ വലിയ പരിശോധനാസമയത്ത് ഇപ്രകാരം പറഞ്ഞപ്പോൾ തന്റെ അനുഗാമികൾ അനുരഞ്ജനപ്പെടരുതെന്നു വ്യക്തമാക്കി: “വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ നശിച്ചുപോകും.” (മത്തായി 26:52) അതുപോലെതന്നെ, ഇപ്പോൾ കർത്താവിന്റെ ദിവസത്തിൽ ദൈവത്തിന്റെ ജനം ബൈബിൾതത്ത്വങ്ങൾ മുറുകെ പിടിക്കണം. കാട്ടുമൃഗത്തെ ആരാധിക്കുന്ന അനുതാപമില്ലാത്തവർക്ക് അന്തിമരക്ഷയില്ല. തൊട്ടുമുമ്പിൽ സ്ഥിതിചെയ്യുന്ന പീഡനങ്ങളെയും പരിശോധനകളെയും അതിജീവിക്കുന്നതിനു നമുക്കെല്ലാവർക്കും അചഞ്ചലമായ വിശ്വാസത്തോടുകൂടെ സഹിഷ്ണുതയുടെയും ആവശ്യമുണ്ട്.—എബ്രായർ 10:36-39; 11:6.
രണ്ടുകൊമ്പുളള കാട്ടുമൃഗം
25. (എ) ലോകരംഗത്തു പ്രത്യക്ഷപ്പെടുന്ന മറെറാരു പ്രതീകാത്മക കാട്ടുമൃഗത്തെ യോഹന്നാൻ വർണിക്കുന്നതെങ്ങനെ? (ബി) പുതിയ കാട്ടുമൃഗത്തിന്റെ രണ്ടുകൊമ്പുകളും അതു ഭൂമിയിൽനിന്നു കയറിവരുന്നതും എന്തിനെ സൂചിപ്പിക്കുന്നു?
25 എന്നാൽ ഇപ്പോൾ മറെറാരു കാട്ടുമൃഗം ലോകരംഗത്തു പ്രത്യക്ഷപ്പെടുന്നു. യോഹന്നാൻ റിപ്പോർട്ടു ചെയ്യുന്നു: ‘മറെറാരു മൃഗം ഭൂമിയിൽനിന്നു കയറുന്നതു ഞാൻ കണ്ടു; അതിന്നു കുഞ്ഞാടിന്നുളളതുപോലെ രണ്ടു കൊമ്പുണ്ടായിരുന്നു; അതു മഹാസർപ്പം എന്നപോലെ സംസാരിച്ചു. അതു ഒന്നാമത്തെ മൃഗത്തിന്റെ മുമ്പാകെ അതിന്റെ അധികാരം എല്ലാം നടത്തി ഭൂമിയെയും അതിൽ വസിക്കുന്നവരെയും മരണകരമായ മുറിവു പൊറുത്തുപോയ ഒന്നാംമൃഗത്തെ നമസ്കരിക്കുമാറാക്കുന്നു. അതു മനുഷ്യർ കാൺകെ ആകാശത്തുനിന്നു ഭൂമിയിലേക്കു തീ ഇറങ്ങുമാറു വലിയ അടയാളങ്ങൾ പ്രവൃത്തിക്കുന്നു’. (വെളിപ്പാടു 13:11-13) ഈ കാട്ടുമൃഗത്തിനു രണ്ടു രാഷ്ട്രീയ ശക്തികളുടെ ഒരു പങ്കാളിത്തം സൂചിപ്പിക്കുന്ന രണ്ടുകൊമ്പുകൾ ഉണ്ട്. അതു സമുദ്രത്തിൽനിന്നല്ല, ഭൂമിയിൽനിന്നു കയറിവരുന്നതായി വർണിക്കപ്പെടുന്നു. അങ്ങനെ, അതു സാത്താന്റെ ഇപ്പോൾത്തന്നെ സുസ്ഥാപിതമായ ഭൗമികവ്യവസ്ഥിതിയിൽനിന്നു വരുന്നു. അത് അപ്പോൾത്തന്നെ സ്ഥിതിചെയ്യുന്ന ഒരു ലോകശക്തിയായിരിക്കണം, കർത്താവിന്റെ ദിവസത്തിൽ ഒരു സുപ്രധാന ധർമം കയ്യേൽക്കുന്നതുതന്നെ.
26. (എ) രണ്ടുകൊമ്പുളള കാട്ടുമൃഗം എന്താണ്, അത് ഒന്നാമത്തെ കാട്ടുമൃഗത്തോട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? (ബി) രണ്ടുകൊമ്പുളള മൃഗത്തിന്റെ കൊമ്പുകൾ കുഞ്ഞാടിന്റേതുപോലെ ആയിരിക്കുന്നത് ഏതർഥത്തിൽ, സംസാരിക്കുമ്പോൾ അത് ഒരു “മഹാസർപ്പം എന്നപോലെ” ആകുന്നതെങ്ങനെ? (സി) ദേശീയ ചിന്താഗതിക്കാരായ ആളുകൾ യഥാർഥത്തിൽ ആരാധിക്കുന്നത് എന്തിനെയാണ്, ദേശീയത്വം എന്തിനോട് ഉപമിക്കപ്പെട്ടിരിക്കുന്നു? (അടിക്കുറിപ്പു കാണുക.)
26 അത് എന്തായിരിക്കാൻ കഴിയും? ആംഗ്ലോ-അമേരിക്കൻ ലോകശക്തി—ഒന്നാമത്തെ കാട്ടുമൃഗത്തിന്റെ ഏഴാമത്തെ തല, എന്നാൽ ഒരു പ്രത്യേക ധർമത്തിൽ! ഒരു വ്യത്യസ്തകാട്ടുമൃഗം എന്നനിലയിൽ അതിനെ ദർശനത്തിൽ ഒററപ്പെടുത്തുന്നത് അതു ലോകരംഗത്തു സ്വതന്ത്രമായി എങ്ങനെ പ്രവർത്തിക്കുന്നുവെന്നു വ്യക്തമായി കാണാൻ നമ്മെ സഹായിക്കുന്നു. രണ്ടുകൊമ്പുളള ഈ ആലങ്കാരിക കാട്ടുമൃഗം ഒരേ സമയത്തു സ്ഥിതിചെയ്യുന്നതും പരസ്പരം സഹകരിക്കുന്നതുമായ രണ്ടു സ്വതന്ത്ര രാഷ്ട്രീയ ശക്തികൾ ചേർന്നു രൂപീകരിക്കപ്പെടുന്നു. ഒരു “കുഞ്ഞാടിന്നുളളതുപോ”ലുളള അതിന്റെ രണ്ടുകൊമ്പുകൾ, അതു മുഴു ലോകവും തിരിഞ്ഞുവരേണ്ട മികച്ച ഒരു ഭരണരൂപത്തോടെ നിരുപദ്രവകാരിയും ശാന്തസ്വഭാവിയും ആയി ചമയുന്നുവെന്നു സൂചിപ്പിക്കുന്നു. എന്നാൽ അതിന്റെ ഭരണരൂപം സ്വീകരിക്കാത്തിടത്തെല്ലാം അതു സമ്മർദവും ഭീഷണിയും വ്യക്തമായ അക്രമംപോലും പ്രയോഗിക്കുന്നുവെന്നതിൽ, അത് ഒരു “മഹാസർപ്പം എന്നപോലെ” സംസാരിക്കുന്നു. അതു ദൈവകുഞ്ഞാടിന്റെ ഭരണത്തിൻകീഴിൽ ദൈവരാജ്യത്തോടുളള വിധേയത്വത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ല, പകരം മഹാസർപ്പമായ സാത്താന്റെ താത്പര്യങ്ങളോടുളള വിധേയത്വത്തെ പ്രോത്സാഹിപ്പിക്കുന്നു. അതു ദേശീയത്വ ഭിന്നതകളെയും വിദ്വേഷങ്ങളെയും പ്രോത്സാഹിപ്പിച്ചിരിക്കുന്നു, അവ ഒന്നാമത്തെ കാട്ടുമൃഗത്തിന്റെ ആരാധനയെ വർധിതമാക്കി.c
27. (എ) രണ്ടുകൊമ്പുളള കാട്ടുമൃഗത്തിന്റെ ഏതു മനോഭാവം അത് ആകാശത്തുനിന്നു തീ ഇറങ്ങാൻ ഇടയാക്കുന്നുവെന്ന വസ്തുതയാൽ സൂചിപ്പിക്കപ്പെടുന്നു? (ബി) രണ്ടുകൊമ്പുളള കാട്ടുമൃഗത്തിന്റെ ആധുനിക പകർപ്പിനെ അനേകമാളുകൾ എങ്ങനെ വീക്ഷിക്കുന്നു?
27 രണ്ടുകൊമ്പുളള കാട്ടുമൃഗം ആകാശത്തുനിന്നു തീ ഇറങ്ങുമാറാക്കിക്കൊണ്ടുപോലും വലിയ അടയാളങ്ങൾ കാണിക്കുന്നു. (താരതമ്യം ചെയ്യുക: മത്തായി 7:21-23.) ഈ ഒടുവിലത്തെ അടയാളം, ബാലിന്റെ പ്രവാചകൻമാരോട് ഒരു മത്സരത്തിൽ ഏർപ്പെട്ട ദൈവത്തിന്റെ പുരാതന പ്രവാചകനായ ഏലിയാവിനെക്കുറിച്ചു നമ്മെ അനുസ്മരിപ്പിക്കുന്നു. അവൻ യഹോവയുടെ നാമത്തിൽ ആകാശത്തുനിന്നു വിജയകരമായി തീ ഇറങ്ങുമാറാക്കിയപ്പോൾ അവൻ സത്യപ്രവാചകനും ബാലിന്റേതു വ്യാജപ്രവാചകൻമാരും ആണെന്ന് അതു സംശയലേശമെന്യേ തെളിയിച്ചു. (1 രാജാക്കൻമാർ 18:21-40) ആ ബാൽ പ്രവാചകൻമാരെപ്പോലെ രണ്ടുകൊമ്പുളള കാട്ടുമൃഗം അതിന് ഒരു പ്രവാചകനായിരിക്കാൻ വേണ്ട യോഗ്യതകളുണ്ടെന്നു വിചാരിക്കുന്നു. (താരതമ്യം ചെയ്യുക: വെളിപ്പാടു 13:14, 15; 19:20.) എന്തിന്, അതു രണ്ടു ലോകമഹായുദ്ധങ്ങളിൽ തിൻമയുടെ ശക്തികളെ തുടച്ചുനീക്കിയതായും ഇപ്പോൾ നിരീശ്വര കമ്മ്യൂണിസത്തിനെതിരെ ഉറച്ചുനിൽക്കുന്നതായും അവകാശപ്പെടുന്നു! വാസ്തവത്തിൽ, അനേകർ രണ്ടുകൊമ്പുളള കാട്ടുമൃഗത്തിന്റെ ആധുനിക പകർപ്പിനെ സ്വാതന്ത്ര്യത്തിന്റെ കാവൽക്കാരനായും ഭൗതികനൻമകളുടെ ഉറവായും വീക്ഷിക്കുന്നു.
കാട്ടുമൃഗത്തിന്റെ പ്രതിമ
28. കുഞ്ഞാടിന്റേതുപോലുളള അതിന്റെ രണ്ടുകൊമ്പുകൾ സൂചിപ്പിച്ചേക്കാവുന്നതുപോലെ രണ്ടുകൊമ്പുളള കാട്ടുമൃഗം നിർദോഷിയല്ലെന്ന് യോഹന്നാൻ പ്രകടമാക്കുന്നതെങ്ങനെ?
28 രണ്ടുകൊമ്പുളള ഈ കാട്ടുമൃഗം അതിന്റെ കുഞ്ഞാടിന്റേതുപോലുളള രണ്ടു കൊമ്പുകൾ സൂചിപ്പിച്ചേക്കാവുന്നതുപോലെ നിർദോഷിയാണോ? യോഹന്നാൻ തുടർന്നു പറയുന്നു: “മൃഗത്തിന്റെ മുമ്പിൽ പ്രവൃത്തിപ്പാൻ തനിക്കു ബലം കിട്ടിയ അടയാളങ്ങളെക്കൊണ്ടു ഭൂവാസികളെ തെററിക്കുകയും വാളാൽ മുറിവേററിട്ടും ജീവിച്ച മൃഗത്തിന്നു പ്രതിമ ഉണ്ടാക്കുവാൻ ഭൂവാസികളോടു പറകയും ചെയ്യുന്നു. മൃഗത്തിന്റെ പ്രതിമ സംസാരിക്കേണ്ടതിന്നും മൃഗത്തിന്റെ പ്രതിമയെ നമസ്കരിക്കാത്തവരെ ഒക്കെയും കൊല്ലിക്കേണ്ടതിന്നും മൃഗത്തിന്റെ പ്രതിമെക്കു ആത്മാവിനെ കൊടുപ്പാൻ അതിന്നു ബലം ലഭിച്ചു.”—വെളിപ്പാടു 13:14, 15.
29. (എ) കാട്ടുമൃഗത്തിന്റെ പ്രതിമയുടെ ഉദ്ദേശ്യം എന്താണ്, ഈ പ്രതിമ നിർമിക്കപ്പെട്ടതെപ്പോൾ? (ബി) കാട്ടുമൃഗത്തിന്റെ പ്രതിമ ജീവനില്ലാത്ത ഒരു പ്രതിമയല്ലാത്തതെന്തുകൊണ്ട്?
29 ഈ ‘കാട്ടുമൃഗത്തിന്റെ പ്രതിമ’ എന്താണ്, അതിന്റെ ഉദ്ദേശ്യം എന്താണ്? അത് ഏതിന്റെ ഒരു പ്രതിമയായിരിക്കുന്നുവോ ആ ഏഴുതലയുളള കാട്ടുമൃഗത്തിന്റെ ആരാധനയെ പ്രോത്സാഹിപ്പിക്കുകയും അങ്ങനെ ഫലത്തിൽ കാട്ടുമൃഗത്തിന്റെ അസ്തിത്വം നിലനിർത്തുകയുമാണ് ഉദ്ദേശ്യം. ഏഴുതലയുളള കാട്ടുമൃഗം അതിന്റെ വാൾമുറിവിൽനിന്നു സൗഖ്യം പ്രാപിച്ചശേഷം, അതായത് ഒന്നാം ലോകമഹായുദ്ധം അവസാനിച്ചശേഷം ഈ പ്രതിമ നിർമിക്കപ്പെടുന്നു. നെബുഖദ്നേസർ ദൂരാ സമഭൂമിയിൽ ഉയർത്തിയതുപോലെ അതു ജീവനില്ലാത്ത ഒരു പ്രതിമയല്ല. (ദാനീയേൽ 3:1) പ്രതിമ ജീവിക്കേണ്ടതിനും ലോകചരിത്രത്തിൽ ഒരു പങ്കു വഹിക്കേണ്ടതിനും രണ്ടുകൊമ്പുളള കാട്ടുമൃഗം ഈ പ്രതിമക്കു ജീവൻ പകരുന്നു.
30, 31. (എ) ഈ പ്രതിമ എന്താണെന്നു ചരിത്ര വസ്തുതകൾ തിരിച്ചറിയിക്കുന്നു? (ബി) ഈ പ്രതിമയെ ആരാധിക്കാൻ വിസമ്മതിച്ചതിന് ആരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടോ? വിശദീകരിക്കുക.
30 ഈ പ്രതിമ ബ്രിട്ടനും ഐക്യനാടുകളും നിർദേശിച്ചതും പ്രോത്സാഹിപ്പിച്ചതും പിന്തുണച്ചതും ആദ്യം സർവരാജ്യസഖ്യം എന്ന് അറിയപ്പെട്ടതുമായ സ്ഥാപനമാണെന്നു ചരിത്രം തിരിച്ചറിയിക്കുന്നു. പിന്നീടു വെളിപ്പാടു 17-ാം അധ്യായത്തിൽ അത് ഒരു വ്യത്യസ്ത പ്രതീകത്തിൽ പ്രത്യക്ഷപ്പെടും, സ്വതന്ത്ര അസ്തിത്വമുളള ജീവിക്കുന്നതും ശ്വസിക്കുന്നതുമായ കടുംചുവപ്പുളള ഒരു കാട്ടുമൃഗമായിത്തന്നെ. മനുഷ്യവർഗത്തിനു സമാധാനവും സുരക്ഷിതത്വവും കൈവരുത്താൻ കഴിവുളള ഏകനെന്നു വീമ്പിളക്കുന്നതിലൂടെ ഈ സാർവദേശീയസംഘം ‘സംസാരിക്കുന്നു.’ എന്നാൽ യഥാർഥത്തിൽ അത് അംഗരാജ്യങ്ങൾക്ക് അന്യോന്യം ശകാരിക്കാനും അധിക്ഷേപിക്കാനുമുളള ഒരു വേദിയായിത്തീർന്നിരിക്കുന്നു. അതിന്റെ അധികാരത്തിനു കീഴ്പെടാത്ത ഏതു ജനതയെയും അതു ഭ്രഷ്ടിനാൽ, അല്ലെങ്കിൽ ജീവിച്ചിരിക്കെയുളള മരണത്താൽ ഭീഷണിപ്പെടുത്തിയിരിക്കുന്നു. അതിന്റെ ആദർശങ്ങൾ അനുസരിക്കാൻ പരാജയപ്പെടുന്ന ജനതകളെ പുറംതളളുമെന്ന് അതു ഭീഷണിപ്പെടുത്തുകപോലും ചെയ്തിട്ടുണ്ട്. മഹോപദ്രവം പൊട്ടിപ്പുറപ്പെടുമ്പോൾ കാട്ടുമൃഗത്തിന്റെ ഈ പ്രതിമയുടെ സൈനിക ‘കൊമ്പുകൾ’ ഒരു വിനാശക ധർമം നിറവേററും.—വെളിപ്പാടു 7:14; 17:8, 16.
31 രണ്ടാം ലോകമഹായുദ്ധാനന്തരം—ഇപ്പോൾ ഐക്യരാഷ്ട്രസംഘടനയായി പ്രത്യക്ഷപ്പെട്ടിരിക്കുന്ന—കാട്ടുമൃഗത്തിന്റെ പ്രതിമ ഒരു അക്ഷരീയ വിധത്തിൽത്തന്നെ കൊല നടത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, 1950-ൽ ഐക്യരാഷ്ട്രസേന ഉത്തരകൊറിയയും ദക്ഷിണകൊറിയയും തമ്മിലുളള യുദ്ധത്തിൽ രംഗപ്രവേശം ചെയ്തു. ദക്ഷിണകൊറിയക്കാരോടു ചേർന്നുനിന്ന് യുഎൻ സൈന്യം കണക്കാക്കപ്പെട്ടപ്രകാരം 14,20,000 ഉത്തരകൊറിയക്കാരെയും ചൈനക്കാരെയും കൊന്നു. അതുപോലെതന്നെ, 1960 മുതൽ 1964 വരെ ഐക്യരാഷ്ട്രസേനകൾ കോംഗോയിൽ (ഇപ്പോൾ സയർ) പ്രവർത്തനനിരതരായിരുന്നു. അതിലുപരി, പാപ്പാമാരായ പോൾ VI-ാമനും ജോൺ പോൾ II-ാമനും ഉൾപ്പെടെ ലോകനേതാക്കൻമാർ ഈ പ്രതിമ സമാധാനത്തിനുളള മമനുഷ്യന്റെ അന്തിമവും ഏററവും ഉത്തമവുമായ പ്രത്യാശയാണെന്ന് ഉറപ്പിച്ചുപറയുന്നതിൽ തുടർന്നിരിക്കുന്നു. മനുഷ്യവർഗം അതിനെ സേവിക്കാൻ പരാജയപ്പെടുന്നെങ്കിൽ മാനവരാശി സ്വയം നശിപ്പിക്കുമെന്ന് അവർ വാദിക്കുന്നു. അവർ അങ്ങനെ പ്രതിമയെ പിന്തുണക്കാനും അതിനെ ആരാധിക്കാനും വിസമ്മതിക്കുന്ന എല്ലാ മനുഷ്യരും ആലങ്കാരികമായി കൊല്ലപ്പെടാൻ ഇടയാക്കുന്നു.—താരതമ്യം ചെയ്യുക: ആവർത്തനപുസ്തകം 5:8, 9.
കാട്ടുമൃഗത്തിന്റെ അടയാളം
32. സ്ത്രീയുടെ സന്തതിയിൽ ശേഷിക്കുന്നവർക്കു കഷ്ടപ്പാടുവരുത്തുന്നതിനു സാത്താൻ തന്റെ ദൃശ്യസ്ഥാപനത്തിന്റെ രാഷ്ട്രീയഭാഗങ്ങളെ ഉപയോഗിക്കുന്നതിനെ യോഹന്നാൻ വർണിക്കുന്നതെങ്ങനെ?
32 ദൈവത്തിന്റെ സ്ത്രീയുടെ സന്തതിയിൽ ശേഷിക്കുന്നവർക്കു പരമാവധി കഷ്ടപ്പാടുവരുത്തുന്നതിനു സാത്താൻ തന്റെ ദൃശ്യസ്ഥാപനത്തിന്റെ രാഷ്ട്രീയഭാഗങ്ങളെ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് യോഹന്നാൻ ഇപ്പോൾ കാണുന്നു. (ഉല്പത്തി 3:15) അവൻ ‘കാട്ടുമൃഗ’ത്തെത്തന്നെ വർണിക്കുന്നതിലേക്കു തിരിയുന്നു: “അതു ചെറിയവരും വലിയവരും സമ്പന്നൻമാരും ദരിദ്രൻമാരും സ്വതന്ത്രൻമാരും ദാസൻമാരുമായ എല്ലാവർക്കും വലങ്കൈമേലോ നെററിയിലോ മുദ്ര കിട്ടുമാറും മൃഗത്തിന്റെ പേരോ പേരിന്റെ സംഖ്യയോ ആയ മുദ്രയുളളവനല്ലാതെ വാങ്ങുകയോ വില്ക്കുകയോ ചെയ്വാൻ വഹിയാതെയും ആക്കുന്നു. ഇവിടെ ജ്ഞാനംകൊണ്ടു ആവശ്യം. ബുദ്ധിയുളളവൻ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെ: അതു ഒരു മമനുഷ്യന്റെ സംഖ്യയത്രേ. അതിന്റെ സംഖ്യ അറുനൂറററുപത്താറു.”—വെളിപ്പാടു 13:16-18.
33. (എ) കാട്ടുമൃഗത്തിന്റെ പേര് എന്താണ്? (ബി) ആറ് എന്ന സംഖ്യ എന്തിനോടു ബന്ധപ്പെട്ടിരിക്കുന്നു? വിശദീകരിക്കുക.
33 കാട്ടുമൃഗത്തിന് ഒരു പേരുണ്ട്, ഈ പേര് ഒരു സംഖ്യയാണ്: 666. ഒരു സംഖ്യയെന്നനിലയിൽ ആറ് യഹോവയുടെ ശത്രുക്കളോടു ബന്ധപ്പെട്ടിരിക്കുന്നു. രെഫയീമിലെ ഒരു ഫെലിസ്ത്യൻ “അസാധാരണ വലിപ്പ”മുളളവനായിരുന്നു, അവന്റെ “കൈവിരലുകളും കാൽവിരലുകളും ആറാറു വീതമായിരുന്നു.” (1 ദിനവൃത്താന്തം 20:6, NW) തന്റെ രാഷ്ട്രീയ ഉദ്യോഗസ്ഥൻമാരെ ഒരു ആരാധനയിൽ ഏകീകരിക്കുന്നതിനു നെബുഖദ്നേസർ രാജാവ് 6 മുഴം വീതിയും 60 മുഴം ഉയരവുമുളള ഒരു സ്വർണപ്രതിമ സ്ഥാപിച്ചു. ദൈവത്തിന്റെ ദാസൻമാർ സ്വർണപ്രതിമയെ ആരാധിക്കാൻ വിസമ്മതിച്ചപ്പോൾ രാജാവ് അവരെ കത്തുന്ന ഒരു തീച്ചൂളയിലേക്ക് എറിഞ്ഞു. (ദാനീയേൽ 3:1-23) ആറ് എന്ന സംഖ്യ ദൈവത്തിന്റെ വീക്ഷണത്തിൽ പൂർണതയെ പ്രതിനിധാനം ചെയ്യുന്ന ഏഴിനെക്കാൾ കുറഞ്ഞതാണ്. അതുകൊണ്ട് ആറിന്റെ ഒരു ത്രിഗുണം അങ്ങേയററത്തെ അപൂർണതയെ പ്രതിനിധാനം ചെയ്യുന്നു.
34. (എ) കാട്ടുമൃഗത്തിന്റെ സംഖ്യ ഒരു “മമനുഷ്യന്റെ സംഖ്യ”യാണെന്നുളള വസ്തുത എന്തിനെ സൂചിപ്പിക്കുന്നു? (ബി) എന്തുകൊണ്ടാണ് 666 സാത്താന്റെ രാഷ്ട്രീയവ്യവസ്ഥിതിക്കു യോജിച്ച ഒരു നാമമായിരിക്കുന്നത്?
34 ഒരു പേര് ഒരു വ്യക്തിയെ തിരിച്ചറിയിക്കുന്നു. അതുകൊണ്ട് ഈ സംഖ്യ മൃഗത്തെ തിരിച്ചറിയിക്കുന്നതെങ്ങനെ? അത് ഒരു ആത്മവ്യക്തിയുടേതല്ല, പിന്നെയോ ഒരു “മമനുഷ്യന്റെ സംഖ്യ”യാണെന്ന് യോഹന്നാൻ പറയുന്നു, അതുകൊണ്ട് കാട്ടുമൃഗം മാനുഷഗവൺമെൻറിനെ പ്രതീകപ്പെടുത്തുന്ന ഭൗമികമായ ഒന്നാണെന്ന് ഉറപ്പിക്കാൻ പേരു സഹായിക്കുന്നു. ആറ് ഏഴിൽ എത്താൻ പരാജയപ്പെടുന്നതുപോലെതന്നെ, 666—മൂന്നാം ഗുണിതത്തിലുളള ആറ്—ദൈവത്തിന്റെ പൂർണതയുടെ നിലവാരത്തിലെത്താൻ ദാരുണമായി പരാജയപ്പെടുന്ന ലോകത്തിലെ ബൃഹത്തായ രാഷ്ട്രീയവ്യവസ്ഥിതിക്കു യോജിച്ച ഒരു പേരാണ്. വൻരാഷ്ട്രീയവും വൻമതവും വൻവ്യാപാരവും മനുഷ്യവർഗത്തിന്റെ ഒരു മർദകനും ദൈവജനങ്ങളുടെ ഒരു പീഡകനും എന്നനിലയിൽ ആ കാട്ടുമൃഗത്തെ നിലനിർത്തുമ്പോൾ, ലോകത്തിലെ രാഷ്ട്രീയ കാട്ടുമൃഗം 666 എന്ന സംഖ്യാനാമത്തിൻകീഴിൽ പരമോന്നതനായി ഭരണം നടത്തുന്നു.
35. കാട്ടുമൃഗത്തിന്റെ പേര് നെററിയിലോ വലംകൈയിലോ അടയാളപ്പെടുത്തപ്പെടുന്നത് എന്തിനെ അർഥമാക്കുന്നു?
35 കാട്ടുമൃഗത്തിന്റെ പേര് നെററിയിലോ വലംകൈയിലോ അടയാളപ്പെടുത്തപ്പെടുന്നത് എന്തിനെ അർഥമാക്കുന്നു? യഹോവ ഇസ്രായേലിനു ന്യായപ്രമാണം നൽകിയപ്പോൾ അവൻ അവരോടു പറഞ്ഞു: “ആകയാൽ നിങ്ങൾ എന്റെ ഈ വചനങ്ങളെ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും സംഗ്രഹിച്ചു നിങ്ങളുടെ കൈമേൽ അടയാളമായി കെട്ടുകയും അവ നിങ്ങളുടെ കണ്ണുകൾക്കുമദ്ധ്യേ പട്ടമായിരിക്കയും വേണം.” (ആവർത്തനപുസ്തകം 11:18) ഇസ്രായേല്യർ ന്യായപ്രമാണത്തെ അവരുടെ കൺമുമ്പിൽ നിരന്തരം നിലനിർത്തണമെന്ന് അത് അർഥമാക്കി, അത് അവരുടെ എല്ലാ പ്രവർത്തനങ്ങളെയും ചിന്തകളെയും സ്വാധീനിക്കുന്നതിനുതന്നെ. അഭിഷിക്തരാകുന്ന 1,44,000-ത്തിന് അവരുടെ നെററികളിൽ പിതാവിന്റെ നാമവും യേശുവിന്റെ നാമവും എഴുതപ്പെട്ടിരിക്കുന്നതായി പറഞ്ഞിരിക്കുന്നു. ഇതു യഹോവയാം ദൈവത്തിനും യേശുക്രിസ്തുവിനും ഉളളവരെന്ന നിലയിൽ അവരെ തിരിച്ചറിയിക്കുന്നു. (വെളിപ്പാടു 14:1) അതനുകരിച്ച്, സാത്താൻ കാട്ടുമൃഗത്തിന്റെ ഭൂത അടയാളം ഉപയോഗിക്കുന്നു. വാങ്ങലും വിൽക്കലും പോലെ അനുദിന പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏതൊരാളും കാട്ടുമൃഗം ചെയ്യുന്നതുപോലെ കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കപ്പെടുന്നു, ഉദാഹരണമായി, പുണ്യദിനങ്ങൾ ആഘോഷിക്കുന്ന കാര്യത്തിലെന്നപോലെ. അവർ തങ്ങളുടെ ജീവിതത്തെ ഭരിക്കാൻ മൃഗത്തെ അനുവദിച്ചുകൊണ്ട് അതിന്റെ അടയാളം സ്വീകരിക്കത്തക്കവണ്ണം അതിനെ ആരാധിക്കാൻ പ്രതീക്ഷിക്കപ്പെടുന്നു.
36. കാട്ടുമൃഗത്തിന്റെ അടയാളം സ്വീകരിക്കാൻ വിസമ്മതിക്കുന്നവർക്ക് എന്തു പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്?
36 കാട്ടുമൃഗത്തിന്റെ അടയാളം സ്വീകരിക്കാൻ വിസമ്മതിക്കുന്നവർക്കു നിരന്തര പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന്, 1930-കളിൽ തുടങ്ങി അവർക്കു പല കോടതിയുദ്ധങ്ങൾ നടത്തേണ്ടിവന്നു, അക്രമാസക്തമായ ആൾക്കൂട്ടത്തെയും മററു പീഡനങ്ങളെയും സഹിക്കേണ്ടിവന്നു. സമഗ്രാധിപത്യ രാജ്യങ്ങളിൽ അവർ തടങ്കൽപ്പാളയങ്ങളിൽ അടയ്ക്കപ്പെട്ടു, അവിടെ അനേകർ മരിച്ചു. രണ്ടാം ലോകമഹായുദ്ധം മുതൽ നിരവധി യുവജനങ്ങൾ നീണ്ട ജയിൽവാസം അനുഭവിച്ചിട്ടുണ്ട്, തങ്ങളുടെ ക്രിസ്തീയ നിഷ്പക്ഷത സംബന്ധിച്ചു വിട്ടുവീഴ്ച ചെയ്യാനുളള വിസമ്മതം നിമിത്തം ചിലർ ദണ്ഡിപ്പിക്കപ്പെട്ടു, കൊല്ലപ്പെടുകപോലും ചെയ്തു. മററു രാജ്യങ്ങളിൽ ക്രിസ്ത്യാനികൾക്ക് അക്ഷരാർഥത്തിൽ വാങ്ങുകയോ വിൽക്കുകയോ ചെയ്യാൻ കഴിയുന്നില്ല; ചിലർക്കു സ്വത്തു കൈവശംവെക്കാൻ കഴിയുന്നില്ല; മററുളളവർ ബലാൽക്കാരം ചെയ്യപ്പെടുകയോ കൊല്ലപ്പെടുകയോ തങ്ങളുടെ മാതൃരാജ്യത്തുനിന്ന് ആട്ടി ഓടിക്കപ്പെടുകയോ ചെയ്തിരിക്കുന്നു. എന്തുകൊണ്ട്? അവർ നല്ല മനഃസാക്ഷിയോടെ ഒരു രാഷ്ട്രീയ പാർട്ടിക്കാർഡു വാങ്ങാൻ വിസമ്മതിക്കുന്നതുനിമിത്തം.d—യോഹന്നാൻ 17:16.
37, 38. (എ) കാട്ടുമൃഗത്തിന്റെ അടയാളം സ്വീകരിക്കാൻ വിസമ്മതിക്കുന്നവർക്കു ലോകം ഒരു പ്രശ്നസ്ഥലമായിരിക്കുന്നതെന്തുകൊണ്ട്? (ബി) ആർ നിർമലത പാലിക്കുന്നു, അവർ എന്തു ചെയ്യാൻ തീരുമാനമെടുത്തിരിക്കുന്നു?
37 ഭൂമിയുടെ ചില പ്രദേശങ്ങളിൽ, ബൈബിൾസത്യത്തിനുവേണ്ടി നിലകൊളളുന്നവർ കുടുംബാംഗങ്ങളാലും മുൻസ്നേഹിതരാലും ഭ്രഷ്ടരാക്കപ്പെടുന്ന അളവോളം മതം സാമുദായികജീവിതത്തിൽ വളരെ അടിയുറച്ചുപോയിരിക്കുന്നു. സഹിച്ചുനിൽക്കുന്നതിനു വലിയ വിശ്വാസം ആവശ്യമാണ്. (മത്തായി 10:36-38; 17:22) ഭൂരിപക്ഷവും ഭൗതികധനത്തെ ആരാധിക്കുന്നതും സത്യസന്ധതയില്ലായ്മ പടർന്നുപിടിച്ചിരിക്കുന്നതുമായ ഒരു ലോകത്തിൽ, നേരായ ഒരു ഗതി പിന്തുടരുന്നതിൽ യഹോവ തന്നെ താങ്ങുന്നതിന് സത്യക്രിസ്ത്യാനി അവനിൽ പൂർണമായി ആശ്രയിക്കേണ്ടതുണ്ട്. (സങ്കീർത്തനം 11:7; എബ്രായർ 13:18) ദുർമാർഗം പടർന്നു പന്തലിച്ചിരിക്കുന്ന ഒരു ലോകത്തിൽ നിർമലരും ശുദ്ധരുമായി നിലകൊളളാൻ വലിയ തീരുമാനശേഷി ആവശ്യമാണ്. രോഗികളാകുന്ന ക്രിസ്ത്യാനികൾ രക്തത്തിന്റെ പവിത്രത സംബന്ധിച്ച ദൈവനിയമം ലംഘിക്കാൻ പലപ്പോഴും ഡോക്ടർമാരാലും നേഴ്സുമാരാലും നിർബന്ധിക്കപ്പെടുന്നു; അവർക്കു തങ്ങളുടെ വിശ്വാസത്തിനെതിരായ കോടതി വിധികളെപ്പോലും ചെറുത്തുനിൽക്കേണ്ടതുണ്ട്. (പ്രവൃത്തികൾ 15:28, 29; 1 പത്രൊസ് 4:3, 4) കൂടാതെ തൊഴിലില്ലായ്മ വർധിച്ചുവരുന്ന ഈ നാളുകളിൽ ഒരു സത്യക്രിസ്ത്യാനിക്കു ദൈവത്തോടുളള തന്റെ നിർമലതയിൽ വിട്ടുവീഴ്ച ചെയ്യുന്ന ജോലി ഒഴിവാക്കുന്നതു കൂടുതൽ പ്രയാസകരം ആയിത്തീർന്നുകൊണ്ടിരിക്കുന്നു.—മീഖാ 4:3, 5.
38 അതെ, കാട്ടുമൃഗത്തിന്റെ അടയാളം ഇല്ലാത്തവർക്കു ലോകം ഒരു പ്രശ്നസ്ഥലം ആണ്. സ്ത്രീയുടെ സന്തതിയിൽ ശേഷിപ്പുളളവരും അതുപോലെതന്നെ 40 ലക്ഷത്തിലധികം വരുന്ന മഹാപുരുഷാരവും ദൈവനിയമങ്ങൾ ലംഘിക്കുന്നതിനുളള എല്ലാ സമ്മർദങ്ങളും ഉണ്ടായിരുന്നിട്ടും നിർമലത പാലിക്കുന്നത് യഹോവയുടെ ശക്തിയുടെയും അനുഗ്രഹത്തിന്റെയും ഒരു മുന്തിയ പ്രകടനമാണ്. (വെളിപ്പാടു 7:9) ഭൂമിയിലുടനീളം നമുക്കെല്ലാം ഒററക്കെട്ടായി യഹോവയെയും അവന്റെ നീതിയുളള വഴികളെയും മഹത്ത്വീകരിക്കുന്നതിൽ തുടരാം, നാം കാട്ടുമൃഗത്തിന്റെ അടയാളം സ്വീകരിക്കാൻ വിസമ്മതിക്കുകയിൽത്തന്നെ.—സങ്കീർത്തനം 34:1-3.
[അടിക്കുറിപ്പുകൾ]
a കൂടുതൽ വിശദാംശങ്ങൾക്കു ദയവായി, വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ച “അങ്ങയുടെ ഇഷ്ടം ഭൂമിയിൽ ചെയ്യപ്പെടട്ടെ” (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ 166-201 പേജുകൾ കാണുക.
b ആർ. സി. എച്ച്. ലെൻസ്കിയുടെ ദി ഇൻറർപ്രട്ടേഷൻ ഓഫ് സെൻറ് ജോൺസ് റെവലേഷൻ പേജ് 390-1.
c ദേശീയത്വം ഫലത്തിൽ ഒരു മതമാണെന്നു നിരൂപകർ കുറിക്കൊണ്ടിട്ടുണ്ട്. അതുകൊണ്ട്, ദേശീയ ചിന്താഗതിക്കാരായ ആളുകൾ അവർ താമസിക്കുന്ന രാജ്യത്താൽ പ്രതിനിധാനം ചെയ്യപ്പെടുന്ന കാട്ടുമൃഗത്തിന്റെ ആ ഭാഗത്തെ യഥാർഥത്തിൽ ആരാധിക്കുകയാണ്. ഐക്യനാടുകളിലെ ദേശീയത്വം സംബന്ധിച്ചു നാം വായിക്കുന്നു: “ഒരു മതമെന്നനിലയിൽ വീക്ഷിക്കപ്പെടുന്ന ദേശീയത്വത്തിനു കഴിഞ്ഞ കാലത്തെ വലിയ മതസമ്പ്രദായങ്ങളോടു വളരെ യോജിപ്പുണ്ട് . . . ആധുനിക മത ദേശീയവാദി തന്റെ സ്വന്തം ദേശീയദൈവത്തിൽ ആശ്രയബോധമുളളവനാണ്. അവന്റെ ശക്തമായ സഹായത്തിന്റെ ആവശ്യം അയാൾക്കു തോന്നുന്നു. തന്റെ സ്വന്തം പൂർണതയുടെയും സന്തുഷ്ടിയുടെയും ഉറവായി അയാൾ അവനെ കാണുന്നു. തീർത്തും മതപരമായ ഒരർഥത്തിൽ അയാൾ തന്നേത്തന്നെ അവനു കീഴ്പെടുത്തുന്നു. . . . രാജ്യം അനന്തമാണെന്നും അവളുടെ വീരപുത്രൻമാരുടെ മരണം അവളുടെ കെട്ടടങ്ങാത്ത പ്രതാപത്തെയും പ്രശസ്തിയെയും വർധിപ്പിക്കുകമാത്രം ചെയ്യുന്നുവെന്നും കരുതപ്പെടുന്നു.”—കാൾട്ടൻ ജെ. എഫ്. ഹെയ്സ്, അമേരിക്കക്കാർ എന്തു വിശ്വസിക്കുന്നു, അവർ എങ്ങനെ ആരാധിക്കുന്നു (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ 359-ാം പേജിൽ ജെ. പോൾ വില്യംസ് ഉദ്ധരിച്ചപ്രകാരം.
d ഉദാഹരണത്തിന്, ഇവ കാണുക: 1971 സെപ്ററംബർ 1-ലെ ദ വാച്ച്ടവർ 520-ാം പേജ്; 1974 ജൂൺ 15-ലേത് 373-ാം പേജ്; 1975 ജൂൺ 1-ലേത് 341-ാം പേജ്; 1979 ഫെബ്രുവരി 1-ലേത് 23-ാം പേജ്; 1979 ജൂൺ 1-ലേത് 20-ാം പേജ്; 1980 മേയ് 15-ലേത് 10-ാം പേജ്.
[195-ാം പേജിലെ ചിത്രം]
കാട്ടുമൃഗത്തിന്റെ പ്രതിമക്കു ശ്വാസം നൽകാൻ അതിന് അനുവാദം ലഭിച്ചു