മൃഗത്തെയും അതിന്റെ മുദ്രയെയും തിരിച്ചറിയൽ
നിഗൂഢമായ ഒരു പ്രശ്നത്തിന്റെ കുരുക്കഴിക്കാൻ നിങ്ങൾക്ക് ഇഷ്ടമാണോ? അതു സാധിക്കണമെങ്കിൽ ആദ്യം ഉത്തരത്തിലേക്കു നയിക്കുന്ന എന്തെങ്കിലും തുമ്പിനായി അല്ലെങ്കിൽ സൂചനയ്ക്കായി തിരയേണ്ടതുണ്ട്. വെളിപ്പാടു 13-ാം അധ്യായത്തിലെ കാട്ടുമൃഗത്തിന്റെ പേര് അല്ലെങ്കിൽ മുദ്രയായ 666 എന്ന സംഖ്യ എന്താണെന്നു മനസ്സിലാക്കാൻ വേണ്ട സൂചനകൾ ദൈവം തന്റെ നിശ്വസ്ത വചനത്തിൽ നൽകിയിട്ടുണ്ട്.
ഈ ലേഖനത്തിൽ മൃഗത്തിന്റെ മുദ്രയുടെ അർഥം വെളിപ്പെടുത്തുന്ന നാല് പ്രധാന വാദഗതികൾ—പ്രധാന സൂചനകൾ—നമ്മൾ പരിചിന്തിക്കും. അതായത്, (1) ചിലപ്പോഴൊക്കെ ബൈബിൾ പേരുകൾ തിരഞ്ഞെടുക്കപ്പെടുന്നത് എങ്ങനെയാണ്, (2) മൃഗം എന്താണ്, (3) 666 “മനുഷ്യന്റെ സംഖ്യ”യാണ് എന്നു പറഞ്ഞിരിക്കുന്നതിന്റെ അർഥമെന്ത്, (4) 6 എന്ന സംഖ്യയുടെ പ്രാധാന്യം എന്താണ്, 666 എന്നു പറഞ്ഞുകൊണ്ട് അത് മൂന്നു പ്രാവശ്യം ആവർത്തിച്ചിരിക്കുന്നത് എന്തിനാണ് എന്നിവ.—വെളിപ്പാടു 13:18.
ബൈബിൾ പേരുകൾ —വെറും ലേബലുകൾ അല്ല
ബൈബിൾ പേരുകൾ മിക്കപ്പോഴും പ്രത്യേക അർഥമുള്ളവയാണ്, പ്രത്യേകിച്ചും ദൈവം നൽകിയവ ആയിരിക്കുമ്പോൾ. ഉദാഹരണത്തിന്, ഗോത്രപിതാവായ അബ്രാം ‘ബഹുജാതികൾക്കു പിതാവാകുമായിരുന്നതിനാൽ’ ദൈവം അവന്റെ പേര് ആ അർഥമുള്ള അബ്രാഹാം എന്നാക്കി മാറ്റി. (ഉല്പത്തി 17:5) മറിയയ്ക്കു പിറക്കാനിരുന്ന കുഞ്ഞിന് “യഹോവ രക്ഷയാകുന്നു” എന്ന് അർഥമുള്ള യേശു എന്ന പേരു നൽകണമെന്ന് ദൈവം യോസേഫിനോടും മറിയയോടും പറഞ്ഞു. (മത്തായി 1:21; ലൂക്കൊസ് 1:31) അർഥവത്തായ ആ പേരിനെ അന്വർഥമാക്കിക്കൊണ്ട് യേശുവിന്റെ ശുശ്രൂഷയിലൂടെയും ബലിമരണത്തിലൂടെയും യഹോവ നമ്മുടെ രക്ഷ സാധ്യമാക്കി.—യോഹന്നാൻ 3:16.
അങ്ങനെയെങ്കിൽ, മൃഗത്തിനു ദൈവം നൽകിയ 666 എന്ന സംഖ്യാനാമം മൃഗത്തിന്റെ വിശേഷതകളായി ദൈവം കണക്കാക്കുന്ന കാര്യങ്ങളെ ചിത്രീകരിക്കുന്നതായിരിക്കണം. എന്നാൽ ആ വിശേഷതകൾ എന്താണെന്നു മനസ്സിലാക്കണമെങ്കിൽ നാം ആദ്യം മൃഗം എന്താണെന്നും അതിന്റെ പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്നും അറിഞ്ഞിരിക്കണം.
മൃഗം എന്താണെന്നു വെളിപ്പെടുത്തുന്നു
ബൈബിൾ പുസ്തകമായ ദാനീയേൽ, മൃഗങ്ങളുടെ പ്രതീകാത്മക അർഥത്തിന്മേൽ വളരെയധികം വെളിച്ചം വീശുന്നു. ഏഴാം അധ്യായത്തിൽ ‘നാലു മഹാമൃഗങ്ങളെ’ കുറിച്ചുള്ള വ്യക്തമായ ഒരു വിശദീകരണം അടങ്ങിയിരിക്കുന്നു. സിംഹം, കരടി, പുള്ളിപ്പുലി എന്നിവയും വലിയ ഇരുമ്പുപല്ലുകളുള്ള ഭയങ്കരവും ഘോരവുമായ ഒരു മൃഗവും ആയിരുന്നു അവ. (ദാനീയേൽ 7:2-7) ഈ മൃഗങ്ങൾ ‘രാജാക്കന്മാരെ,’ അഥവാ മാറിമാറിവരുന്ന വൻ സാമ്രാജ്യ ശക്തികളെ പ്രതിനിധാനം ചെയ്യുന്നുവെന്ന് ദാനീയേൽ പറയുന്നു.—ദാനീയേൽ 7:17, 23.
വെളിപ്പാടു 13:1, 2-ലെ മൃഗത്തിന് “ദാനീയേലിന്റെ ദർശനത്തിലെ നാലു മൃഗങ്ങളുടെയും വിശേഷതകൾ ഉള്ളതായി” വ്യാഖ്യാതാവിന്റെ ബൈബിൾ നിഘണ്ടു (ഇംഗ്ലീഷ്) പറയുന്നു. “അങ്ങനെ [വെളിപ്പാടിലെ] ഈ ആദ്യ മൃഗം ദൈവത്തിനെതിരെ നിലകൊള്ളുന്ന ലോകത്തിലെ മുഴു രാഷ്ട്രീയ ഭരണകൂടങ്ങളെയും പ്രതിനിധാനം ചെയ്യുന്നു.” മൃഗത്തിന് ‘സകലഗോത്രത്തിന്മേലും വംശത്തിന്മേലും ഭാഷമേലും ജാതിമേലും അധികാരം ലഭിച്ചു’ എന്നു പറയുന്ന വെളിപ്പാടു 13:7 ഈ നിരീക്ഷണം ശരിയാണെന്നു സ്ഥിരീകരിക്കുന്നു.a
മനുഷ്യ ഭരണാധിപത്യത്തെ പ്രതീകപ്പെടുത്താൻ ബൈബിൾ മൃഗങ്ങളെ ഉപയോഗിക്കുന്നത് എന്തുകൊണ്ടാണ്? അതിന് കുറഞ്ഞപക്ഷം രണ്ടു കാരണങ്ങൾ ഉണ്ട്. നൂറ്റാണ്ടുകളിൽ ഉടനീളം ഗവൺമെന്റുകൾ മൃഗീയമായ രക്തച്ചൊരിച്ചിലിന്റെ ഒരു രേഖ പടുത്തുയർത്തിരിക്കുന്നു എന്നതാണ് ഒന്ന്. “ചരിത്രത്തിലെ ഒരു സ്ഥിരഘടകമാണ് യുദ്ധം” എന്നും “സാംസ്കാരിക മുന്നേറ്റമോ ജനാധിപത്യമോ അതിന് കുറവു വരുത്തിയിട്ടില്ല” എന്നും ചരിത്ര ലേഖകരായ വിൽ ഡ്യൂറന്റും പത്നി അരീയലും എഴുതി. ‘മനുഷ്യൻ മനുഷ്യന്റെ മേൽ അവന്റെ ദോഷത്തിനായി അധികാരം’ നടത്തിയിരിക്കുന്നു എന്നത് എത്ര സത്യമാണ്! (സഭാപ്രസംഗി 8:9) രണ്ടാമത്തെ കാരണം, മൃഗത്തിന് ‘മഹാസർപ്പം [സാത്താൻ] തന്റെ ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തിരിക്കുന്നു’ എന്നതാണ്. (വെളിപ്പാടു 12:9; 13:2) അതേ, മനുഷ്യ ഭരണം പിശാചിന്റെ സൃഷ്ടിയാണ്. അത് മഹാസർപ്പമായ സാത്താന്റെ മൃഗീയ വിശേഷതകൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു.—യോഹന്നാൻ 8:44; എഫെസ്യർ 6:12.
മനുഷ്യ ഭരണാധികാരികൾ എല്ലാവരും സാത്താൻ നേരിട്ട് ഉപയോഗിക്കുന്ന ഉപകരണങ്ങൾ ആണെന്നല്ല ഇതിന്റെ അർഥം. ഒരർഥത്തിൽ മനുഷ്യ ഗവൺമെന്റുകൾ ‘ദൈവശുശ്രൂഷകരായി’ പ്രവർത്തിച്ചുകൊണ്ട് മനുഷ്യ സമൂഹത്തിന് ഒരു വ്യവസ്ഥ പ്രദാനം ചെയ്യുന്നു. അവയില്ലായിരുന്നെങ്കിൽ കാര്യങ്ങൾ ആകെ കുഴഞ്ഞുമറിഞ്ഞേനെ. കൂടാതെ, ചില നേതാക്കന്മാർ സത്യാരാധന പിൻപറ്റാനുള്ള സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള അടിസ്ഥാന മനുഷ്യാവകാശങ്ങളെ ഉയർത്തിപ്പിടിച്ചിരിക്കുന്നു. അത് തീർച്ചയായും സാത്താന് ഇഷ്ടമുള്ള ഒരു കാര്യമല്ല. (റോമർ 13:3, 4; എസ്രാ 7:11-27; പ്രവൃത്തികൾ 13:7) എങ്കിലും പിശാചിന്റെ സ്വാധീന ഫലമായി നിലനിൽക്കുന്ന സമാധാനവും സുരക്ഷിതത്വവും കൈവരുത്താൻ ഒരു മനുഷ്യനോ മാനുഷിക സ്ഥാപനത്തിനോ കഴിഞ്ഞിട്ടില്ല.b—യോഹന്നാൻ 12:31.
“ഒരു മനുഷ്യ സംഖ്യ”
666 എന്ന സംഖ്യയുടെ അർഥം സംബന്ധിച്ച മൂന്നാമത്തെ സൂചന അത് “ഒരു മനുഷ്യന്റെ സംഖ്യ” അഥവാ ദി ആംപ്ലിഫയിഡ് ബൈബിൾ പറയുന്നതനുസരിച്ച് “ഒരു മനുഷ്യ സംഖ്യ” ആണ് എന്നതാണ്. ഈ പദപ്രയോഗം ഒരു മനുഷ്യനെ കുറിക്കുന്നു എന്നു പറയാനാവില്ല, കാരണം മൃഗത്തിന്മേൽ അധികാരം ഉള്ളത് ഏതെങ്കിലും മനുഷ്യനല്ല, മറിച്ച് സാത്താനാണ്. (ലൂക്കൊസ് 4:5, 6; 1 യോഹന്നാൻ 5:19; വെളിപ്പാടു 13:2, 18) ഇനി, മൃഗത്തിന് “ഒരു മനുഷ്യ സംഖ്യ” ഉള്ളതായി പറഞ്ഞിരിക്കുന്നതുകൊണ്ട് അത് ഒരു ആത്മവ്യക്തിയോ ഭൂതമോ അല്ല, മറിച്ച് ചില മനുഷ്യ വിശേഷതകൾ പ്രകടിപ്പിക്കുന്ന ഒരു മനുഷ്യ സ്ഥാപനം ആണെന്നു നിഗമനം ചെയ്യാൻ കഴിയും. ഏതു മനുഷ്യ വിശേഷതകൾ ആയിരിക്കാം അതിനുള്ളത്? ‘എല്ലാ [മനുഷ്യരും] പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു’ എന്നു പറഞ്ഞുകൊണ്ട് ബൈബിൾ ഉത്തരം നൽകുന്നു. (റോമർ 3:23) അതുകൊണ്ട് മൃഗത്തിന് “ഒരു മനുഷ്യ സംഖ്യ” ഉണ്ടെന്നുള്ളത് പാപികളും അപൂർണരുമായ മനുഷ്യന്റെ വീഴ്ചഭവിച്ച അവസ്ഥയെ ഗവൺമെന്റുകൾ പ്രതിഫലിപ്പിക്കുന്നു എന്ന് അർഥമാക്കുന്നു.
ചരിത്രം ഈ വസ്തുതയ്ക്കു സാക്ഷ്യം വഹിക്കുന്നു. “ഇതുവരെയുണ്ടായിട്ടുള്ള എല്ലാ നാഗരികതകളും ഒടുവിൽ നിലംപതിച്ചിട്ടുണ്ട്” എന്ന് മുൻ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ഹെൻറി കിസിങ്ഗർ പറഞ്ഞു. “പരാജയപ്പെട്ട ശ്രമങ്ങളുടെയും പൂവണിയാഞ്ഞ സ്വപ്നങ്ങളുടെയും തുടർക്കഥയാണ് ചരിത്രം . . . അതുകൊണ്ട് ഒരു ചരിത്രകാരൻ സുനിശ്ചിതമായ ദുരന്തത്തെ മുന്നിൽ കണ്ടുവേണം ജീവിക്കാൻ.” കിസിങ്ഗറിന്റെ സത്യസന്ധമായ ഈ വിലയിരുത്തൽ ഈ അടിസ്ഥാന ബൈബിൾ സത്യവുമായി യോജിപ്പിലാണ്: “മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല.”—യിരെമ്യാവു 10:23.
മൃഗം എന്താണെന്നും ദൈവം അതിനെ വീക്ഷിക്കുന്നത് എങ്ങനെയെന്നും കണ്ടുകഴിഞ്ഞ സ്ഥിതിക്ക് ഇനി നമുക്ക് പ്രശ്നത്തിന്റെ അവസാന ഭാഗം പരിശോധിക്കാം. അതായത് 6 എന്ന സംഖ്യ മൂന്നു പ്രാവശ്യം ആവർത്തിച്ചിരിക്കുന്നതിന്റെ കാരണം.
ആറ് എന്ന സംഖ്യ മൂന്നു തവണ ആവർത്തിച്ചിരിക്കുന്നത് എന്തുകൊണ്ട്?
തിരുവെഴുത്തുകളിൽ ചില സംഖ്യകൾക്ക് പ്രതീകാത്മക പ്രാധാന്യമുണ്ട്. ഉദാഹരണത്തിന്, ഏഴ് എന്ന സംഖ്യ മിക്കപ്പോഴും ദൈവദൃഷ്ടിയിൽ തികവാർന്ന അല്ലെങ്കിൽ പൂർണമായ എന്തിനെയെങ്കിലും സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. അതിന് ഒരു ദൃഷ്ടാന്തമാണ് ഭൂമിയിലെ സൃഷ്ടികളെ സംബന്ധിച്ച ഉദ്ദേശ്യങ്ങൾ ദൈവം പൂർണമായും നിവർത്തിക്കുന്ന ഏഴു ‘ദിവസങ്ങൾ’ അഥവാ കാലഘട്ടങ്ങൾ അടങ്ങിയ സൃഷ്ടിവാരം. (ഉല്പത്തി 1:3–2:3) ദൈവത്തിന്റെ “വചനങ്ങൾ” “ഏഴുപ്രാവശ്യം ശുദ്ധിചെയ്ത” വെള്ളി പോലെയാണ്, അതായത് അവ പൂർണമായും ശുദ്ധീകരിക്കപ്പെട്ടവയാണ്. (സങ്കീർത്തനം 12:6; സദൃശവാക്യങ്ങൾ 30:5, 6) കുഷ്ഠരോഗിയായിരുന്ന നയമാനോട് യോർദാൻ നദിയിൽ ഏഴു പ്രാവശ്യം കുളിക്കാൻ പറയപ്പെട്ടു. അത്രയും പ്രാവശ്യം കുളിച്ചുകഴിഞ്ഞപ്പോൾ അവൻ പൂർണ സൗഖ്യം പ്രാപിക്കുകയും ചെയ്തു.—2 രാജാക്കന്മാർ 5:10, 14.
ആറ് ഏഴിനെക്കാൾ ഒന്ന് കുറവാണ്. അപ്പോൾ ദൈവദൃഷ്ടിയിൽ അപൂർണവും ഊനമുള്ളതുമായ എന്തിനെയെങ്കിലും പ്രതീകപ്പെടുത്താൻ പറ്റിയ ഒരു സംഖ്യയല്ലേ അത്? തീർച്ചയായും! (1 ദിനവൃത്താന്തം 20:6, 7) ഇനി, 666 എന്നിങ്ങനെ ആറ് മൂന്നു പ്രാവശ്യം ആവർത്തിക്കുകവഴി ആ അപൂർണതയെ ശക്തമായി ഊന്നിപ്പറയുകയാണു ചെയ്യുന്നത്. നാം കണ്ടുകഴിഞ്ഞതു പോലെ 666 എന്നത് “ഒരു മനുഷ്യ സംഖ്യ” ആണെന്നുള്ള വസ്തുതയും ഇത് ശരിയായ നിഗമനമാണെന്നു കാണിക്കുന്നു. അതുകൊണ്ട് മൃഗത്തിന്റെ കഴിഞ്ഞകാല രേഖ, അതിന്റെ “മനുഷ്യ സംഖ്യ,” എന്നിവയും 666 എന്ന സംഖ്യ തന്നെയും നിസ്സംശയമായും ഒരു കാര്യത്തിലേക്കു വിരൽ ചൂണ്ടുന്നു—യഹോവയുടെ ദൃഷ്ടിയിലെ വലിയ കുറവ് അഥവാ പരാജയം.
മൃഗത്തിന്റെ കുറവിനെ കുറിച്ചുള്ള ഈ വിവരണം പുരാതന ബാബിലോണിലെ രാജാവായിരുന്ന ബേൽശസ്സറിനെ കുറിച്ചു പറയപ്പെട്ട ഒരു കാര്യം നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു. ദാനീയേൽ മുഖാന്തരം യഹോവ ആ ഭരണാധികാരിയോട് ഇങ്ങനെ പറഞ്ഞു: “തുലാസിൽ നിന്നെ തൂക്കി, കുറവുള്ളവനായി കണ്ടിരിക്കുന്നു.” ആ രാത്രിയിൽത്തന്നെ ബേൽശസ്സർ കൊല്ലപ്പെടുകയും ശക്തമായ ബാബിലോണിയൻ സാമ്രാജ്യം നിലംപൊത്തുകയും ചെയ്തു. (ദാനീയേൽ 5:27, 30) അതുപോലെ, രാഷ്ട്രീയ ശക്തികളുടെ പ്രതീകമായ മൃഗത്തിനും അതിന്റെ മുദ്ര വഹിക്കുന്നവർക്കും എതിരെയുള്ള ദൈവത്തിന്റെ ന്യായവിധി, മൃഗത്തിന്റെയും അതിന്റെ പിന്തുണക്കാരുടെയും അവസാനത്തെ അർഥമാക്കുന്നു. എന്നാൽ ഇപ്രാവശ്യം ഒറ്റയൊരു ഭരണകൂടത്തെയല്ല മറിച്ച് മനുഷ്യ ഭരണത്തിന്റെ എല്ലാ കണികകളെയും ദൈവം തുടച്ചു നീക്കും. (ദാനീയേൽ 2:44; വെളിപ്പാടു 19:19, 20) അതുകൊണ്ട് നാശം ക്ഷണിച്ചുവരുത്തുന്ന മൃഗത്തിന്റെ ഈ മുദ്ര നമ്മുടെമേൽ പതിയുന്നത് ഒഴിവാക്കേണ്ടത് എത്ര പ്രധാനമാണ്!
മുദ്ര എന്തെന്നു തിരിച്ചറിയിക്കപ്പെടുന്നു
666 എന്ന സംഖ്യയെ കുറിച്ചുള്ള പരാമർശം കഴിഞ്ഞ ഉടനെ, വെളിപ്പാടിൽ കുഞ്ഞാടായ യേശുക്രിസ്തുവിന്റെ 1,44,000 അനുയായികൾ “നെററിയിൽ അവന്റെ നാമവും പിതാവിന്റെ നാമവും എഴുതിയിരിക്കുന്ന”തിനെ കുറിച്ചു പറഞ്ഞിരിക്കുന്നു. ഈ നാമങ്ങൾ അവർ യഹോവയ്ക്കും അവന്റെ പുത്രനും ഉള്ളവരാണെന്നു തിരിച്ചറിയിക്കുന്നു. അവർക്കുവേണ്ടി ഈ 1,44,000 പേർ അഭിമാനപൂർവം സാക്ഷ്യം വഹിക്കുന്നു. അതുപോലെ മൃഗത്തിന്റെ മുദ്രയുള്ളവർ തങ്ങൾ മൃഗത്തിന്റെ ദാസരാണ് എന്നു പ്രഖ്യാപിക്കുകയാണ്. അതുകൊണ്ട് ആലങ്കാരികമായി, വലങ്കൈയിലായാലും നെറ്റിയിലായാലും ഈ മുദ്ര ഉള്ളത് അതു വഹിക്കുന്ന വ്യക്തിയെ ലോകത്തിലെ മൃഗസമാന രാഷ്ട്രീയ ഭരണവ്യവസ്ഥിതികൾക്ക് ആരാധനാപൂർവകമായ പിന്തുണ നൽകുന്ന ഒരാളായി തിരിച്ചറിയിക്കുന്നു. ആ മുദ്ര ഉള്ളവർ വാസ്തവത്തിൽ ദൈവത്തിന് അർഹമായത് ‘കൈസർക്ക്’ കൊടുക്കുകയാണ്. (ലൂക്കൊസ് 20:25; വെളിപ്പാടു 13:4, 8; 14:1) എങ്ങനെ? തങ്ങൾ രക്ഷയ്ക്കായി ആശ്രയിക്കുകയും പ്രത്യാശ അർപ്പിക്കുകയും ചെയ്തിരിക്കുന്ന രാഷ്ട്രങ്ങൾക്കും അവയുടെ ചിഹ്നങ്ങൾക്കും സൈനിക ശക്തിക്കും ആരാധനാപൂർവകമായ ആദരവു നൽകുന്നതിനാൽ. സത്യദൈവത്തിന് ആരാധന നൽകുന്നതായി അവർ അവകാശപ്പെട്ടേക്കാമെങ്കിലും അതു വെറും അധരസേവനം മാത്രമാണ്.
എന്നാൽ ബൈബിൾ നമ്മെ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുതു. അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു.” (സങ്കീർത്തനം 146:3, 4) ജ്ഞാനപൂർവകമായ ആ ബുദ്ധിയുപദേശത്തിനു ചെവികൊടുക്കുന്നവർ ഗവൺമെന്റുകൾക്കു വാഗ്ദാനങ്ങൾ നിവർത്തിക്കാൻ കഴിയാതെ വരുമ്പോഴും പ്രഭാവശാലികളായ നേതാക്കന്മാർക്കു പെട്ടെന്ന് ജനപിന്തുണ നഷ്ടപ്പെടുമ്പോഴുമൊന്നും നിരാശരാകുന്നില്ല.—സദൃശവാക്യങ്ങൾ 1:33.
സത്യക്രിസ്ത്യാനികൾ മനുഷ്യവർഗത്തിന്റെ ദുരവസ്ഥ സംബന്ധിച്ച് യാതൊന്നും ചെയ്യാതെ വെറുതെ കൈയുംകെട്ടിയിരിക്കുകയാണെന്ന് ഇതിന് അർഥമില്ല. നേരെമറിച്ച്, മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്ന ഏക ഗവൺമെന്റിനെ—അവർ പ്രതിനിധാനം ചെയ്യുന്ന ദൈവരാജ്യത്തെ—കുറിച്ച് അവർ സതീക്ഷ്ണം ഘോഷിക്കുന്നു.—മത്തായി 24:14.
ദൈവരാജ്യം—മനുഷ്യവർഗത്തിന്റെ ഏക പ്രത്യാശ
ഭൂമിയിലായിരുന്നപ്പോൾ യേശുവിന്റെ മുഖ്യ പ്രസംഗവിഷയം ദൈവരാജ്യം ആയിരുന്നു. (ലൂക്കൊസ് 4:43) കർത്താവിന്റെ പ്രാർഥന എന്നും അറിയപ്പെടുന്ന മാതൃകാ പ്രാർഥനയിൽ ആ രാജ്യം വരുന്നതിനും ദൈവേഷ്ടം സ്വർഗത്തിലെ പോലെ ഭൂമിയിൽ നടക്കുന്നതിനും വേണ്ടി പ്രാർഥിക്കാൻ യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചു. (മത്തായി 6:9, 10) അത് ഈ മുഴു ഭൂമിയിലും ഭരണം നടത്തുന്ന ഒരു ഗവൺമെന്റാണ്, ഏതെങ്കിലും ഭൗമിക തലസ്ഥാനത്തുനിന്നല്ല മറിച്ച് സ്വർഗത്തിൽനിന്ന്. അതുകൊണ്ട് യേശു അതിനെ ‘സ്വർഗരാജ്യം’ എന്നു വിളിച്ചു.—മത്തായി 11:12.
ആ രാജ്യത്തിന്റെ രാജാവായിരിക്കാൻ, തന്റെ ഭാവി പ്രജകൾക്കു വേണ്ടി മരിച്ച യേശുക്രിസ്തുവിനെക്കാൾ യോഗ്യതയുള്ള വേറെ ആരാണുള്ളത്? (യെശയ്യാവു 9:6, 7; യോഹന്നാൻ 3:16) പൂർണനും ഇപ്പോൾ ശക്തനായ ഒരു ആത്മവ്യക്തിയുമായ ഈ ഭരണാധികാരി പെട്ടെന്നുതന്നെ മൃഗത്തെയും അതിന്റെ രാജാക്കന്മാരെയും സൈന്യങ്ങളെയും “ഗന്ധകം കത്തുന്ന തീപ്പൊയ്കയിൽ” തള്ളിക്കളയും. സമ്പൂർണ നാശത്തിന്റെ പ്രതീകമാണ് ഇത്. എന്നാൽ അതുകൊണ്ട് തീരുന്നില്ല. ഒരു മനുഷ്യനും ഒരിക്കലും ചെയ്യാനാകാത്തത് യേശു ചെയ്യും—അവൻ സാത്താനെ നിർമൂലമാക്കും.—വെളിപ്പാടു 11:15; 19:16, 19-21; 20:2, 10.
ദൈവരാജ്യം അതിന്റെ അനുസരണശീലമുള്ള പ്രജകൾക്കെല്ലാം സമാധാനം കൈവരുത്തും. (സങ്കീർത്തനം 37:11, 29; 46:8, 9) ദുഃഖവും വേദനയും മരണവും കൂടെ നീക്കപ്പെടും. മൃഗത്തിന്റെ മുദ്രയേൽക്കാതെ തങ്ങളെത്തന്നെ സൂക്ഷിക്കുന്നവർക്കുള്ള എത്ര മഹത്തായ പ്രത്യാശ!—വെളിപ്പാടു 21:3-5.
[അടിക്കുറിപ്പുകൾ]
a ഈ വാക്യങ്ങളുടെ ഗഹനമായ ഒരു ചർച്ചയ്ക്ക് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകത്തിന്റെ 28-ാം അധ്യായം കാണുക.
b മനുഷ്യ ഭരണാധിപത്യം പലപ്പോഴും മൃഗസമാനമാണെന്നു തിരിച്ചറിയുന്നെങ്കിലും സത്യക്രിസ്ത്യാനികൾ ബൈബിളിന്റെ അനുശാസനം അനുസരിച്ച് “ശ്രേഷ്ഠാധികാരങ്ങൾക്കു” കീഴടങ്ങിയിരിക്കുന്നു. (റോമർ 13:1) എന്നാൽ അത്തരം അധികാരികൾ ദൈവത്തിന്റെ നിയമത്തിന് എതിരായി പ്രവർത്തിക്കാൻ ആവശ്യപ്പെടുമ്പോൾ അവർ ‘മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കുന്നു.’—പ്രവൃത്തികൾ 5:29.
[5-ാം പേജിലെ ചതുരം]
666-ന്റെ അർഥം കണ്ടുപിടിക്കാനുള്ള സൂചനകൾ
1. അബ്രാഹാമിന്റെയും യേശുവിന്റെയും കാര്യത്തിലെന്നപോലെ ബൈബിൾ പേരുകൾ മിക്കപ്പോഴും അവ വഹിക്കുന്ന വ്യക്തികളുടെ സ്വഭാവവിശേഷതകളെയോ ജീവിതഗതിയെയോ കുറിച്ച് ചിലതെല്ലാം വെളിപ്പെടുത്തുന്നു. സമാനമായി, മൃഗത്തിന്റെ സംഖ്യാനാമവും അതിന്റെ വിശേഷതകളെ ചിത്രീകരിക്കുന്നു.
2. ദാനീയേൽ എന്ന ബൈബിൾ പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്ന മൃഗങ്ങൾ ഒന്നിനുപുറകേ ഒന്നായി വരുന്ന മനുഷ്യ രാജത്വങ്ങളെ അഥവാ സാമ്രാജ്യശക്തികളെ പ്രതിനിധാനം ചെയ്യുന്നു. ഈ മൃഗങ്ങളുടെയെല്ലാം വിശേഷതകളോടു കൂടിയ വെളിപ്പാടു 13:1, 2-ലെ മൃഗം സാത്താൻ നിയന്ത്രിക്കുകയും ശക്തിപകരുകയും ചെയ്യുന്ന ആഗോള രാഷ്ട്രീയ വ്യവസ്ഥിതിയെ അർഥമാക്കുന്നു.
3. മൃഗത്തിന് “ഒരു മനുഷ്യന്റെ സംഖ്യ” അഥവാ “മനുഷ്യ സംഖ്യ” ഉണ്ടെന്നുള്ളത് അത് ഒരു ഭൂതമല്ല മറിച്ച് മനുഷ്യ സ്ഥാപനമാണ് എന്നു സൂചിപ്പിക്കുന്നു. അതുകൊണ്ട് പാപത്തിന്റെയും അപൂർണതയുടെയും ഫലമായുള്ള മാനുഷിക കുറവുകളെ അത് പ്രതിഫലിപ്പിക്കുന്നു.
4. ബൈബിളിൽ പൂർണതയെ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന ഏഴിനെക്കാൾ ഒന്നു കുറവായ ആറ് എന്ന സംഖ്യ ദൈവദൃഷ്ടിയിൽ അപൂർണമായതിന്റെ പ്രതീകമാണ്. 666 എന്ന മുദ്രയിൽ ആറ് മൂന്നു പ്രാവശ്യം ആവർത്തിക്കുകവഴി ആ അപൂർണതയെ ശക്തമായി ഊന്നിപ്പറഞ്ഞിരിക്കുന്നു.
[6-ാം പേജിലെ ചിത്രങ്ങൾ]
666 എന്ന സംഖ്യയാൽ നന്നായി ചിത്രീകരിക്കപ്പെടുന്നതുപോലെ മനുഷ്യ ഭരണം ഒരു പരാജയം എന്നു തെളിഞ്ഞിരിക്കുന്നു
[കടപ്പാട്]
പട്ടിണിക്കോലമായ കുട്ടി: UNITED NATIONS/Photo by F. GRIFFING
[7-ാം പേജിലെ ചിത്രങ്ങൾ]
യേശുക്രിസ്തു ഭൂമിമേൽ പൂർണതയുള്ള ഭരണം നടത്തും