അധ്യായം 7
ആ ആദ്യസ്നേഹം പുനർജ്വലിപ്പിക്കുക!
എഫേസോസ്
1. യേശുവിന്റെ ഒന്നാമത്തെ സന്ദേശം ഏതു സഭയ്ക്കാണ്, മേൽവിചാരകൻമാരെ അവൻ എന്ത് ഓർമിപ്പിക്കുന്നു?
യേശുവിന്റെ ഒന്നാമത്തെ സന്ദേശം പത്മോസ് ദ്വീപിനു സമീപം ഏഷ്യാമൈനറിൽ അക്കാലത്തു തഴച്ചുവളർന്നിരുന്ന ഒരു തീരദേശ നഗരമായ എഫേസോസിലെ സഭയ്ക്കാണ്. അവൻ യോഹന്നാനോടു കല്പിക്കുന്നു: “എഫെസൊസിലെ സഭയുടെ ദൂതന്നു എഴുതുക: ഏഴു നക്ഷത്രം വലങ്കയ്യിൽ പിടിച്ചുംകൊണ്ടു ഏഴു പൊൻനിലവിളക്കുകളുടെ നടുവിൽ നടക്കുന്നവൻ അരുളിച്ചെയ്യുന്നതു.” (വെളിപ്പാടു 2:1) മററ് ആറു സന്ദേശങ്ങളിലെപ്പോലെ യേശു ഇവിടെ തന്റെ ആധികാരിക സ്ഥാനത്തെ കുറിക്കുന്ന ഒരു സവിശേഷതയിലേക്കു ശ്രദ്ധ ആകർഷിക്കുന്നു. സകല മൂപ്പൻമാരും തന്റെ സംരക്ഷണാത്മക മേൽനോട്ടത്തിലാണെന്നും താൻ സകല സഭകളെയും പരിശോധിക്കുന്നുവെന്നും എഫേസോസിലുളള മേൽവിചാരകൻമാരെ അവൻ ഓർമിപ്പിക്കുന്നു. മൂപ്പൻമാരുടെമേൽ ദൃഷ്ടിവെച്ചുകൊണ്ടും സഭയോടു സഹവസിക്കുന്ന എല്ലാവരെയും ദയാപൂർവം മേയിച്ചുകൊണ്ടും നമ്മുടെ 20-ാം നൂററാണ്ടുവരെ ഈ സ്നേഹപുരസ്സരമായ ശിരസ്ഥാനം പ്രയോഗിക്കുന്നതിൽ അവൻ തുടർന്നിരിക്കുന്നു. വെളിച്ചം കൂടുതൽ ശോഭയോടെ പ്രകാശിക്കുന്നതിന് അവൻ സഭാക്രമീകരണങ്ങൾ സമയാസമയങ്ങളിൽ പരിഷ്കരിക്കുന്നു. അതെ, ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിൻമേൽ യേശുവാണ് മുഖ്യ ഇടയൻ.—മത്തായി 11:28-30; 1 പത്രൊസ് 5:2-4.
2. (എ) എഫേസ്യസഭയെ ഏതു നല്ലകാര്യങ്ങൾക്ക് യേശു അഭിനന്ദിച്ചു? (ബി) എഫേസ്യമൂപ്പൻമാർ അപ്പോസ്തലനായ പൗലോസിന്റെ ഏതു ബുദ്ധ്യുപദേശം പ്രത്യക്ഷത്തിൽ അനുസരിച്ചിരുന്നു?
2 യേശു തന്റെ ഏഴു സന്ദേശങ്ങളിൽ രണ്ടെണ്ണമൊഴികെ ബാക്കി എല്ലാം അഭിനന്ദനത്തിന്റെ ഊഷ്മള വാക്കുകളോടെ ആരംഭിച്ചുകൊണ്ട് ഒരു മാതൃക വെക്കുന്നു. എഫേസ്യർക്കുവേണ്ടി യേശുവിന് ഈ സന്ദേശമുണ്ട്: “ഞാൻ നിന്റെ പ്രവൃത്തിയും പ്രയത്നവും സഹിഷ്ണുതയും കൊളളരുതാത്തവരെ നിനക്കു സഹിച്ചുകൂടാത്തതും അപ്പൊസ്തലൻമാരല്ലാതിരിക്കെ തങ്ങൾ അപ്പൊസ്തലൻമാർ എന്നു പറയുന്നവരെ നീ പരീക്ഷിച്ചു കളളൻമാർ എന്നു കണ്ടതും, നിനക്കു സഹിഷ്ണുതയുളളതും എന്റെ നാമംനിമിത്തം നീ സഹിച്ചതും തളർന്നുപോകാഞ്ഞതും ഞാൻ അറിയുന്നു.” (വെളിപ്പാടു 2:2, 3) ആട്ടിൻകൂട്ടത്തിനു ശല്യംചെയ്യുന്ന വിശ്വാസത്യാഗികളായ “കൊടിയ ചെന്നായ്ക്ക”ളെക്കുറിച്ച് അപ്പോസ്തലനായ പൗലോസ് വർഷങ്ങൾക്കു മുൻപ് എഫേസോസിലെ മൂപ്പൻമാർക്കു മുന്നറിയിപ്പു നൽകിയിരുന്നു. തന്റെതന്നെ അക്ഷീണ ദൃഷ്ടാന്തം പിൻപററിക്കൊണ്ട് “ഉണർന്നിരി”ക്കാനും അവൻ ആ മൂപ്പൻമാരോടു പറഞ്ഞിരുന്നു. (പ്രവൃത്തികൾ 20:29, 31) യേശു ഇപ്പോൾ അവരുടെ പ്രയത്നത്തിനും സഹിഷ്ണുതക്കും അവർ തളർന്നുപോകാത്തതിനും അവരെ അഭിനന്ദിക്കുന്നതുകൊണ്ട് അവർ ആ ബുദ്ധ്യുപദേശം ബാധകമാക്കിയിട്ടുണ്ടാകണം.
3. (എ) “കളളയപ്പൊസ്തലൻമാർ” നമ്മുടെ നാളുകളിലെ വിശ്വസ്തരെ വഞ്ചിക്കാൻ ശ്രമിച്ചിരിക്കുന്നതെങ്ങനെ? (ബി) വിശ്വാസത്യാഗികളെ സംബന്ധിച്ച് പത്രോസ് എന്തു മുന്നറിയിപ്പു നൽകി?
3 കർത്താവിന്റെ ദിവസത്തിലും “ശിഷ്യൻമാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന” “കളളയപ്പൊസ്തലൻമാർ” പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. (2 കൊരിന്ത്യർ 11:13; പ്രവൃത്തികൾ 20:30; വെളിപ്പാടു 1:10) അവർ പരസ്പരവിരുദ്ധമായ എല്ലാ വിഭാഗീയ മതങ്ങളിലും നൻമ കാണുകയും ദൈവത്തിനൊരു സ്ഥാപനമില്ലെന്ന് അവകാശപ്പെടുകയും യേശു 1914-ൽ രാജ്യാധികാരം സ്വീകരിച്ചുവെന്നതിനെ നിഷേധിക്കുകയും ചെയ്യുന്നു. അവർ 2 പത്രൊസ് 3:3, 4-ലെ പ്രവചനം നിവർത്തിക്കുന്നു: ‘അവന്റെ പ്രത്യക്ഷതയുടെ വാഗ്ദത്തം എവിടെ? പിതാക്കൻമാർ നിദ്രകൊണ്ടശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെ തന്നേ ഇരിക്കുന്നു എന്നു പറഞ്ഞു സ്വന്തമോഹങ്ങളെ അനുസരിച്ചു നടക്കുന്ന പരിഹാസികൾ പരിഹാസത്തോടെ അന്ത്യകാലത്തു വരും.’
4. (എ) പരിഹാസികളുടെ അഹങ്കാരവും മത്സരവും എങ്ങനെ പ്രത്യക്ഷമായിരിക്കുന്നു? (ബി) നുണയൻമാരായ എതിരാളികൾക്കെതിരെ എന്തു നടപടി സ്വീകരിച്ചുകൊണ്ട് ഇന്നത്തെ ക്രിസ്ത്യാനികൾ തങ്ങൾ എഫേസ്യരെപ്പോലെയാകുന്നുവെന്നു പ്രകടമാക്കുന്നു?
4 ഈ പരിഹാസികൾ തങ്ങളുടെ വിശ്വാസത്തിന്റെ പരസ്യപ്രഖ്യാപനം നടത്തുകയെന്ന ആശയം സംബന്ധിച്ചു മത്സരിക്കുന്നു. (റോമർ 10:10) അവർ തങ്ങളുടെ മുൻ സഹകാരികളെക്കുറിച്ചു വ്യാജമായ റിപ്പോർട്ടുകൾ പ്രചരിപ്പിക്കുന്നതിനു ക്രൈസ്തവലോകത്തിലെ വൈദികരുടെ പിൻബലവും വർത്തമാനപ്പത്രങ്ങളുടെയും ടിവി നിലയങ്ങളുടെയും സഹായവും നേടിയിരിക്കുന്നു. ഈ വഞ്ചകരുടെ സംസാരവും നടത്തയും ശരിയല്ലെന്നു വിശ്വസ്തരായവർ താമസംവിനാ മനസ്സിലാക്കുന്നു. എഫേസ്യരെപ്പോലെ ഇന്നു ക്രിസ്ത്യാനികൾക്ക് ‘കൊളളരുതാത്തവരെ സഹിച്ചുകൂടാത്ത’തിനാൽ അവർ അവരെ തങ്ങളുടെ സഭകളിൽനിന്നു പുറത്താക്കുന്നു.a
5. (എ) എഫേസ്യർക്ക് എന്തു ബലഹീനതയുണ്ടെന്ന് യേശു പറഞ്ഞു? (ബി) എഫേസ്യർ ഏതു വാക്കുകൾ ഓർമിക്കേണ്ടിയിരുന്നു?
5 എന്നിരുന്നാലും ഇപ്പോൾ യേശു ഏഴു സഭകളിൽ അഞ്ചെണ്ണത്തോടു ചെയ്യുന്നതുപോലെ, ഒരു ഗുരുതരമായ പ്രശ്നം വേർതിരിച്ചു കാണിക്കുന്നു. അവൻ എഫേസ്യരോടിങ്ങനെ പറയുന്നു: “എങ്കിലും നിന്റെ ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്നു ഒരു കുററം നിന്നെക്കുറിച്ചു പറവാനുണ്ടു.” (വെളിപ്പാടു 2:4) ഇക്കാര്യത്തിൽ അവർ പരാജയപ്പെടാൻ പാടില്ലായിരുന്നു, എന്തെന്നാൽ ദൈവം “നമ്മെ സ്നേഹിച്ച മഹാ സ്നേഹ”ത്തെ പരാമർശിച്ചുകൊണ്ട് പൗലോസ് 35 വർഷം മുൻപ് അവർക്കെഴുതിയിരുന്നു. കൂടാതെ അദ്ദേഹം അവരെ ഇങ്ങനെ പ്രബോധിപ്പിക്കുകയും ചെയ്തിരുന്നു: “പ്രിയ മക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ. ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു . . . അർപ്പിച്ചതുപോലെ സ്നേഹത്തിൽ നടപ്പിൻ.” (എഫെസ്യർ 2:4; 5:1, 2) കൂടുതലായി യേശുവിന്റെ ഈ വാക്കുകൾ അവരുടെ ഹൃദയങ്ങളിൽ മായാതെ പതിഞ്ഞിട്ടുണ്ടായിരുന്നിരിക്കണം: “നമ്മുടെ ദൈവമായ കർത്താവു ഏകകർത്താവു. നിന്റെ ദൈവമായ കർത്താവിനെ [യഹോവയെ, NW] നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം.” (മർക്കൊസ് 12:29-31) എഫേസ്യർക്ക് ആ ആദ്യസ്നേഹം നഷ്ടപ്പെട്ടിരുന്നു.
6. (എ) സഭയിൽ നാം പഴമക്കാരോ പുതുതായി സഹവസിക്കുന്നവരോ ആരായിരുന്നാലും ഏത് അപകടത്തിനും പ്രവണതകൾക്കും എതിരെ നാം സൂക്ഷിക്കണം? (ബി) ദൈവത്തോടുളള നമ്മുടെ സ്നേഹം നമ്മെ എന്തു ചെയ്യാൻ പ്രേരിപ്പിക്കണം?
6 സഭയിൽ നാം പഴമക്കാരോ പുതുതായി സഹവസിക്കുന്നവരോ ആരായിരുന്നാലും യഹോവയോടുളള നമ്മുടെ ആദ്യസ്നേഹം നഷ്ടപ്പെടുന്നതിനെതിരെ നാം ജാഗ്രത പുലർത്തണം. ഈ നഷ്ടം എങ്ങനെ സംഭവിക്കാനിടയുണ്ട്? ലൗകിക ജോലിയോടുളള നമ്മുടെ മമതയോ, വളരെയധികം പണമുണ്ടാക്കാനുളള ആഗ്രഹമോ, ഉല്ലാസാനുധാവനമോ നമ്മുടെ ജീവിതത്തിൽ വലിയകാര്യമായിത്തീരാൻ നാം അനുവദിച്ചേക്കാം. അങ്ങനെ നാം ആത്മീയ മനസ്ഥിതിക്കാരാകുന്നതിനു പകരം ജഡിക മനസ്ഥിതിക്കാരായിത്തീരാൻ ഇടയുണ്ട്. (റോമർ 8:5-8; 1 തിമൊഥെയൊസ് 4:8; 6:9, 10) അത്തരത്തിലുളള ഏതു പ്രവണതകളെയും തിരുത്താനും ‘നമുക്കുവേണ്ടി സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപി’ക്കുന്നതിനു ‘ഒന്നാമതു ദൈവത്തിന്റെ രാജ്യവും അവന്റെ നീതിയും അന്വേഷിച്ചുകൊണ്ടേയിരിക്കാ’നും യഹോവയോടുളള നമ്മുടെ സ്നേഹം നമ്മെ പ്രേരിപ്പിക്കണം.—മത്തായി 6:19-21, 31-33.
7. (എ) യഹോവക്കുളള നമ്മുടെ സേവനം എന്തിനാൽ പ്രേരിതമായിരിക്കണം? (ബി) സ്നേഹത്തെ സംബന്ധിച്ച് യോഹന്നാൻ എന്തു പറഞ്ഞു?
7 യഹോവക്കുളള നമ്മുടെ സേവനം എപ്പോഴും അവനോടുളള അഗാധസ്ഥിതമായ സ്നേഹത്താൽ പ്രേരിതമായിരിക്കട്ടെ. യഹോവയും ക്രിസ്തുവും നമുക്കുവേണ്ടി ചെയ്ത എല്ലാകാര്യങ്ങളോടും നമുക്കു തീക്ഷ്ണമായ വിലമതിപ്പുളളവരായിരിക്കാം. പിന്നീട് യോഹന്നാൻതന്നെ എഴുതിയപ്രകാരം: “നാം ദൈവത്തെ സ്നേഹിച്ചതല്ല, അവൻ നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുവാൻ അയച്ചതുതന്നേ സാക്ഷാൽ സ്നേഹം ആകുന്നു.” യോഹന്നാൻ നമ്മോടു തുടർന്നു പറയുന്നു: “ദൈവം സ്നേഹം തന്നേ; സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിൽ വസിക്കുന്നു; ദൈവം അവനിലും വസിക്കുന്നു.” യഹോവയോടും കർത്താവായ യേശുക്രിസ്തുവിനോടും ദൈവത്തിന്റെ ജീവനുളള വചനത്തോടുമുളള നമ്മുടെ സ്നേഹം മങ്ങിപ്പോകാൻ നാം ഒരിക്കലും അനുവദിക്കാതിരിക്കട്ടെ! ഈ സ്നേഹം നമുക്കു തീക്ഷ്ണമായ ദൈവസേവനത്താൽ മാത്രമല്ല, ‘ദൈവത്തെ സ്നേഹിക്കുന്നവർ സഹോദരനെയും സ്നേഹിക്കേണം എന്ന് അവങ്കൽനിന്നു ലഭിച്ചിരിക്കുന്ന കല്പന’ അനുസരിക്കുന്നതിനാലും പ്രകടമാക്കാൻ കഴിയും.—1 യോഹന്നാൻ 4:10, 16, 20ബി; എബ്രായർ 4:12; കൂടാതെ ഇവയും കാണുക: 1 പത്രൊസ് 4:8; കൊലൊസ്സ്യർ 3:10-14; എഫെസ്യർ 4:15.
“ആദ്യത്തെ പ്രവൃത്തി ചെയ്ക”
8. എഫേസ്യർ എങ്ങനെ പ്രവർത്തിക്കണമെന്ന് യേശു പറഞ്ഞു?
8 നഷ്ടപ്പെടുവാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, ആ എഫേസ്യർ ഒരിക്കൽ തങ്ങൾക്കുണ്ടായിരുന്ന സ്നേഹത്തെ പുനർജ്വലിപ്പിക്കേണ്ടതുണ്ട്. യേശു അവരോടു പറയുന്നു: “നീ ഏതിൽനിന്നു വീണിരിക്കുന്നു എന്നു ഓർത്തു മാനസാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്ക; അല്ലാഞ്ഞാൽ ഞാൻ വരികയും നീ മാനസാന്തരപ്പെടാഞ്ഞാൽ നിന്റെ നിലവിളക്കു അതിന്റെ നിലയിൽനിന്നു നീക്കുകയും ചെയ്യും.” (വെളിപ്പാടു 2:5) എഫേസോസ് സഭയിലെ ക്രിസ്ത്യാനികൾ ആ വാക്കുകൾ എങ്ങനെ സ്വീകരിച്ചു? നമുക്കറിയില്ല. അവർ അനുതപിച്ചുവെന്നും യഹോവയോടുളള അവരുടെ സ്നേഹത്തെ വീണ്ടും ഉണർത്തുന്നതിൽ വിജയിച്ചുവെന്നും നാം പ്രതീക്ഷിക്കുന്നു. അവർ അങ്ങനെ ചെയ്തില്ലെങ്കിൽ അവരുടെ വിളക്കു കെടുത്തിക്കളയുകയും നിലവിളക്കു നീക്കംചെയ്യുകയും ചെയ്തിരിക്കും. സത്യം പ്രകാശിപ്പിക്കുന്നതിനുളള അവരുടെ പദവി അവർക്കു നഷ്ടപ്പെട്ടിരിക്കും.
9. (എ) എഫേസ്യർക്കുവേണ്ടി യേശുവിന് എന്തു പ്രോത്സാഹജനകമായ വചനമുണ്ടായിരുന്നു? (ബി) യോഹന്നാന്റെ നാളിനുശേഷമുളള സഭകൾ എഫേസ്യർക്കുളള യേശുവിന്റെ ബുദ്ധ്യുപദേശം അനുസരിക്കുന്നതിൽ പരാജയപ്പെട്ടതെങ്ങനെ?
9 എന്നിരുന്നാലും എഫേസ്യർക്കുവേണ്ടി യേശുവിന് ഈ പ്രോത്സാഹജനകമായ വചനമുണ്ടായിരുന്നു: “എങ്കിലും നിക്കൊലാവ്യരുടെ നടപ്പു നീ പകെക്കുന്നു എന്നൊരു നൻമ നിനക്കുണ്ടു. അതു ഞാനും പകെക്കുന്നു.” (വെളിപ്പാടു 2:6, 7എ) കുറഞ്ഞപക്ഷം അവർ വിഭാഗീയതയെ വെറുത്തു, കർത്താവായ യേശുക്രിസ്തു അതിനെ വെറുക്കുന്നതുപോലെതന്നെ. എന്നിരുന്നാലും, വർഷങ്ങൾ കടന്നുപോയപ്പോൾ യേശുവിന്റെ ആ വാക്കുകൾ അനുസരിക്കുന്നതിൽ പല സഭകളും പരാജയപ്പെട്ടു. യഹോവയോടും സത്യത്തോടും അന്യോന്യവുമുളള സ്നേഹത്തിന്റെ അഭാവം അവർ ആത്മീയ അന്ധകാരത്തിലേക്കു വഴുതിവീഴുന്നതിൽ കലാശിച്ചു. വഴക്കടിക്കുന്ന അനേകം വിഭാഗങ്ങളായി അവർ ശിഥിലമായി. യഹോവയെ സ്നേഹിക്കാഞ്ഞ “ക്രിസ്തീയ” പകർപ്പെഴുത്തുകാർ ബൈബിളിന്റെ ഗ്രീക്ക് കയ്യെഴുത്തു പ്രതികളിൽനിന്നു ദൈവത്തിന്റെ നാമംതന്നെ നീക്കിക്കളഞ്ഞു. ബാബിലോന്യരുടെയും ഗ്രീക്കുകാരുടെയും ഉപദേശങ്ങളായ അഗ്നിനരകം, ശുദ്ധീകരണസ്ഥലം, ത്രിത്വം എന്നിവ ക്രിസ്ത്യാനിത്വത്തിന്റെ പേരിൽ പഠിപ്പിക്കുന്നതിനും സ്നേഹത്തിന്റെ അഭാവം ഇടം നൽകി. ദൈവത്തോടും സത്യത്തോടും സ്നേഹം ഇല്ലാഞ്ഞതിനാൽ ക്രിസ്ത്യാനികളെന്ന് അവകാശപ്പെട്ടിരുന്നവരിൽ അനേകരും ദൈവരാജ്യത്തിന്റെ സുവാർത്താപ്രസംഗം നിർത്തി. ഇവിടെ, ഭൂമിയിൽ സ്വന്തമായ ഒരു രാജ്യം ഉണ്ടാക്കിയ സ്വാർഥരായ വൈദികവർഗം അവരെ അധീനപ്പെടുത്തി.—താരതമ്യം ചെയ്യുക: 1 കൊരിന്ത്യർ 4:8.
10. ക്രൈസ്തവലോകത്തിലെ മതപരമായ അവസ്ഥ 1918-ൽ എന്തായിരുന്നു?
10 ദൈവഭവനത്തിൽ 1918-ൽ ന്യായവിധി ആരംഭിച്ചപ്പോൾ ക്രൈസ്തവലോകത്തിലെ വിഭാഗീയവൈദികർ ഒന്നാം ലോകമഹായുദ്ധത്തിനു പരസ്യമായ പിന്തുണ നൽകുകയായിരുന്നു, ഇരുപക്ഷത്തുമുളള കത്തോലിക്കരെയും പ്രൊട്ടസ്ററൻറുകാരെയും പരസ്പരം കൊന്നൊടുക്കുന്നതിനു പ്രേരിപ്പിച്ചുകൊണ്ടുതന്നെ. (1 പത്രൊസ് 4:17) നിക്കൊലാവോസിന്റെ വിഭാഗം ചെയ്തുകൊണ്ടിരുന്നതിനെ വെറുത്ത എഫേസ്യസഭയെപ്പോലെ ആയിരിക്കുന്നതിനുപകരം ക്രൈസ്തവലോകത്തിലെ മതങ്ങൾ വളരെക്കാലമായി പരസ്പരവിരുദ്ധവും ദൈവവിരുദ്ധവുമായ ഉപദേശങ്ങളാൽ കുഴഞ്ഞവരായിരുന്നു. തന്റെ ശിഷ്യൻമാർ ലോകത്തിന്റെ ഭാഗമായിരിക്കരുതെന്ന് യേശു പറഞ്ഞിട്ടും അവരുടെ വൈദികർ അതിനോടു ചേർന്നിരുന്നു. (യോഹന്നാൻ 15:17-19) ബൈബിളിന്റെ പ്രതിപാദ്യവിഷയമായ ദൈവരാജ്യത്തെക്കുറിച്ച് അജ്ഞരായ അവരുടെ സഭകൾ തിരുവെഴുത്തു സത്യം പ്രകാശിപ്പിക്കുന്ന നിലവിളക്കുകളോ, അതിലെ അംഗങ്ങൾ യഹോവയുടെ ആത്മീയാലയത്തിന്റെ ഭാഗമോ ആയിരുന്നില്ല. അവരുടെ നായകരായ പുരുഷൻമാർ (സ്ത്രീകളും) നക്ഷത്രങ്ങളായിരുന്നില്ല, മറിച്ച് അവർ “അധർമ്മമൂർത്തി”യുടെ അംഗങ്ങളാണെന്നു വെളിപ്പെടുത്തപ്പെട്ടു.—2 തെസ്സലൊനീക്യർ 2:3; മലാഖി 3:1-3.
11. (എ) എഫേസ്യർക്കുളള യേശുവിന്റെ വാക്കുകൾ 1918-ൽ ലോകരംഗത്തുണ്ടായിരുന്ന ഏതു ക്രിസ്തീയസമൂഹം പ്രായോഗികമാക്കി? (ബി) യോഹന്നാൻവർഗം 1919 മുതൽ എന്തു ചെയ്തു?
11 എന്നിരുന്നാലും യോഹന്നാൻവർഗം ഒന്നാം ലോകമഹായുദ്ധത്തിന്റെ പ്രക്ഷുബ്ധമായ ദിനങ്ങളിൽനിന്ന് യഹോവയോടും സത്യത്തോടുമുളള സ്നേഹത്തോടെ പുറത്തുവന്നു, ജ്വലിക്കുന്ന തീക്ഷ്ണതയോടെ അവനെ സേവിക്കാൻ അത് അവരെ പ്രചോദിപ്പിച്ചു. വാച്ച് ടവർ സൊസൈററിയുടെ ഒന്നാമത്തെ പ്രസിഡൻറായിരുന്ന ചാൾസ് ററി. റസ്സൽ 1916-ൽ മരണമടഞ്ഞതിനെത്തുടർന്ന് അദ്ദേഹത്തെ ഫലത്തിൽ വിഗ്രഹമാക്കുന്നതിലൂടെ വിഭാഗീയത ആനയിക്കാൻ ശ്രമിച്ചവരെ അവർ ചെറുത്തുനിന്നു. പീഡനങ്ങളാലും വിപത്തുകളാലും ശിക്ഷണം ലഭിച്ച്, ഈ ക്രിസ്തീയ സമൂഹം അവരുടെ യജമാനനിൽനിന്നു “നല്ലത്” എന്ന വിധിയും അവന്റെ സന്തോഷത്തിൽ പ്രവേശിക്കുന്നതിനുളള ഒരു ക്ഷണവും വ്യക്തമായി സ്വീകരിച്ചു. (മത്തായി 25:21, 23, NW) അവർ ലോക സംഭവങ്ങളുടെ ഗതിയിലും തങ്ങളുടെ സ്വന്തം അനുഭവങ്ങളിലും രാജ്യാധികാരത്തിൽ ഉളള യേശുവിന്റെ അദൃശ്യ സാന്നിധ്യത്തെ കുറിക്കുന്നതിന് അവൻ നൽകിയ അടയാളത്തിന്റെ നിവൃത്തി തിരിച്ചറിഞ്ഞു. അവർ 1919 മുതൽ “രാജ്യത്തിന്റെ ഈ സുവിശേഷം സകല ജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും” എന്ന യേശുവിന്റെ മഹത്തായ പ്രവചനത്തിന്റെ കൂടുതലായ നിവൃത്തിയിൽ പങ്കുപററുന്നതിനു മുന്നോട്ടു കുതിച്ചു. (മത്തായി 6:9, 10; 24:3-14) യഹോവയോടുളള അവരുടെ സ്നേഹം ഏതെങ്കിലും വിധത്തിൽ കുറഞ്ഞുപോയിരുന്നുവെങ്കിൽ അത് ആ സമയം മുതൽ ആളിക്കത്താൻ ഇടയാക്കി.
12. (എ) ഏതു വിളി 1922-ലെ ഒരു ചരിത്രപ്രധാന കൺവെൻഷനിൽ മുഴങ്ങി? (ബി) സത്യക്രിസ്ത്യാനികൾ 1931-ൽ ഏതു നാമം സ്വീകരിച്ചു, അവർ എന്തിനെക്കുറിച്ച് അനുതപിച്ചു?
12 ഈ ക്രിസ്ത്യാനികളിൽ 18,000 പേർ പങ്കെടുത്ത യു.എസ്.എ.യിലുളള ഒഹായോയിലെ സീഡാർ പോയിൻറിൽ 1922 സെപ്ററംബർ 5-13 വരെ നടന്ന ചരിത്രപ്രധാനമായ ഒരു കൺവെൻഷനിൽ ഈ വിളി മുഴങ്ങി: “അത്യുന്നത ദൈവത്തിന്റെ പുത്രൻമാരായുളേളാരേ, തിരിച്ച് വയലിലേക്ക്! . . . യഹോവ ദൈവമാകുന്നുവെന്നും യേശുക്രിസ്തു രാജാധിരാജാവും കർത്താധികർത്താവും ആകുന്നുവെന്നും ലോകം അറിയണം. . . . അതുകൊണ്ടു രാജാവിനെയും അവന്റെ രാജ്യത്തെയും പ്രസിദ്ധമാക്കുക, പ്രസിദ്ധമാക്കുക, പ്രസിദ്ധമാക്കുക.” യഹോവയുടെ അമൂല്യനാമം കൂടുതൽ ഉന്നതമാക്കപ്പെടുകയായിരുന്നു. യു.എസ്.എ.യിലുളള ഒഹായോയിലെ കൊളംബസ് കൺവെൻഷനിൽ 1931-ൽ സമ്മേളിച്ച ഈ ക്രിസ്ത്യാനികൾ യെശയ്യാപ്രവചനത്തിൽ ദൈവം സൂചിപ്പിച്ചിരുന്ന യഹോവയുടെ സാക്ഷികൾ എന്ന നാമം സ്വീകരിക്കുന്നതിലും വഹിക്കുന്നതിലും സന്തോഷിച്ചു. (യെശയ്യാവു 43:10, 12) സ്ഥാപനത്തിന്റെ മുഖ്യ മാസികയുടെ നാമം 1939 മാർച്ച് 1-ലെ അതിന്റെ ലക്കത്തോടെ വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു എന്നായി മാററപ്പെട്ടു, അങ്ങനെ നമ്മുടെ സ്രഷ്ടാവിനും അവന്റെ രാജകീയ ഗവൺമെൻറിനും പ്രഥമ ബഹുമതി നൽകിക്കൊണ്ടുതന്നെ. യഹോവയോടുളള പുതുക്കിയ സ്നേഹത്തോടെ യഹോവയുടെ സാക്ഷികൾ അവന്റെ പ്രശസ്തമായ നാമത്തെയും രാജ്യത്തെയും ബഹുമാനിക്കുന്നതിലും മഹത്ത്വീകരിക്കുന്നതിലും സംഭവിച്ചുപോയ ഏതു മുൻകാല പരാജയവും സംബന്ധിച്ച് അനുതപിച്ചിരിക്കുന്നു.—സങ്കീർത്തനം 106:6, 47, 48.
“ജയിക്കുന്നവന്നു”
13. (എ) എഫേസ്യർ ‘ജയിച്ചിരുന്നെങ്കിൽ’ എന്തനുഗ്രഹം അവർക്കു ലഭിക്കാനിരുന്നു? (ബി) എഫേസ്യക്രിസ്ത്യാനികൾ എങ്ങനെ ‘ജയിക്കു’മായിരുന്നു?
13 ഒടുവിൽ, തന്റെ മററു സന്ദേശങ്ങളിലും യേശു ചെയ്യുന്നതുപോലെതന്നെ, വിശ്വസ്തതയ്ക്കുളള പ്രതിഫലങ്ങൾ യേശുവിലൂടെ ദൈവത്തിന്റെ ആത്മാവ് അറിയിക്കുന്നതിലേക്ക് അവൻ ശ്രദ്ധ ക്ഷണിക്കുന്നു. എഫേസ്യരോട് അവൻ പറയുന്നു: “ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുളളവൻ കേൾക്കട്ടെ. ജയിക്കുന്നവന്നു ഞാൻ ദൈവത്തിന്റെ പരദീസയിൽ ഉളള ജീവവൃക്ഷത്തിന്റെ ഫലം തിൻമാൻ കൊടുക്കും.” (വെളിപ്പാടു 2:7) ശ്രദ്ധിക്കുന്ന കാതുകൾ ഉളളവർ ആ മർമപ്രധാനസന്ദേശം ചെവിക്കൊളളാൻ ആകാംക്ഷയുളളവർ ആയിരിക്കും, അത് യേശുവിൽനിന്നല്ല വരുന്നത്, പിന്നെയോ പരമാധികാരിയാം കർത്താവായ യഹോവയിൽനിന്ന് അവന്റെ പരിശുദ്ധാത്മാവ് അഥവാ പ്രവർത്തനനിരതമായ ശക്തി മുഖാന്തരം വരുന്നുവെന്ന് അറിഞ്ഞുകൊണ്ടുതന്നെ. അവർ എങ്ങനെ ‘ജയിക്കു’മായിരുന്നു? മരണത്തോളം നിർമലത പാലിച്ചവനും “ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു” എന്നു പറയാൻ കഴിഞ്ഞവനും ആയ യേശുവിന്റെ കാലടികളെ അടുത്തു പിൻപററുന്നതിനാൽ തന്നെ.—യോഹന്നാൻ 8:28; 16:33; ഇതുകൂടെ കാണുക: 1 യോഹന്നാൻ 5:4.
14. യേശു പറഞ്ഞ “ദൈവത്തിന്റെ പരദീസ” എന്തിനെ പരാമർശിച്ചിരിക്കണം?
14 ഭൗമിക പറുദീസയിൽ ജീവിക്കാനുളള പ്രതീക്ഷ അവർക്കില്ലാത്തതിനാൽ എഫേസ്യരെപ്പോലെയുളള അഭിഷിക്ത ക്രിസ്ത്യാനികൾക്ക് “ദൈവത്തിന്റെ പരദീസയിൽ ഉളള ജീവവൃക്ഷ”ത്തിൽനിന്നു ഭക്ഷിക്കുകയെന്ന പ്രതിഫലം കൊടുക്കുന്നതെങ്ങനെ? എഫേസോസ് സഭയിൽ ഉളളവർ ഉൾപ്പെടെ 1,44,000 അഭിഷിക്ത ക്രിസ്ത്യാനികൾ ആത്മീയപുത്രൻമാർ എന്നനിലയിൽ സ്വർഗീയ സീയോൻ പർവതത്തിൽനിന്നു കുഞ്ഞാടായ യേശുക്രിസ്തുവിനോടൊപ്പം ഭരിക്കാനായി മനുഷ്യവർഗത്തിൽനിന്നും വിലയ്ക്കു വാങ്ങപ്പെട്ടവർ ആയതിനാൽ ഇതു ഭൂമിയിൽ പുനഃസ്ഥാപിക്കപ്പെടുന്ന പറുദീസ ആയിരിക്കാൻ കഴിയുകയില്ല. (എഫെസ്യർ 1:5-12; വെളിപ്പാടു 14:1, 4) ആയതിനാൽ, ഇവിടെയുളള പരാമർശം ഈ വിജയികൾ അവകാശമാക്കുന്ന ഉദ്യാനതുല്യമായ സ്വർഗീയമണ്ഡലം ആയിരിക്കണം. അവിടെ, “ദൈവത്തിന്റെ പരദീസയിൽ,” അതെ, യഹോവയുടെ സന്നിധിയിൽത്തന്നെ, അമർത്ത്യത നൽകപ്പെട്ടിരിക്കുന്ന ഈ വിജയികൾ ജീവവൃക്ഷത്തിൽനിന്നു ഭക്ഷിക്കുന്നതായി ഇവിടെ പ്രതീകവൽക്കരിച്ചിരിക്കുന്നപ്രകാരം നിത്യമായി ജീവിക്കുന്നതിൽ തുടരും.
15. വിജയം വരിക്കാനുളള യേശുവിന്റെ പ്രോത്സാഹനം മഹാപുരുഷാരത്തിന് ഇന്ന് അത്യധികം താത്പര്യമുളളതായിരിക്കുന്നതെന്തുകൊണ്ട്?
15 അപ്പോൾ 1,44,000 അഭിഷിക്തരുടെ വിശ്വസ്ത ഭൗമിക പിന്തുണക്കാരെ സംബന്ധിച്ചെന്ത്? ഈ കൂട്ടുസാക്ഷികളുടെ ഒരു മഹാപുരുഷാരവും വിജയംവരിക്കുന്നു. എന്നാൽ അവരുടെ പ്രത്യാശ ഒരു ഭൗമികപറുദീസയിലേക്കു പ്രവേശിക്കുന്നതിനാണ്, അവിടെ അവർ ഒരു “ജീവജലനദി”യിൽനിന്നു കുടിക്കും, ആ നദിയുടെ തീരത്ത് നട്ടിരിക്കുന്ന “വൃക്ഷത്തിന്റെ ഇല”കളിൽനിന്നു രോഗശാന്തി നേടുകയും ചെയ്യും. (വെളിപ്പാടു 7:4, 9, 17; 22:1, 2) നിങ്ങൾ ഈ കൂട്ടത്തിൽ പെട്ട ഒരാളാണെങ്കിൽ, നിങ്ങളും യഹോവയോടുളള ഊഷ്മളമായ സ്നേഹം പ്രകടമാക്കുകയും വിശ്വാസത്തിന്റെ പോരാട്ടത്തിൽ വിജയിക്കുകയും ചെയ്യട്ടെ. അങ്ങനെ നിങ്ങൾക്കു പറുദീസാഭൂമിയിലെ നിത്യജീവന്റെ സന്തോഷം പ്രാപിക്കാവുന്നതാണ്.—താരതമ്യം ചെയ്യുക: 1 യോഹന്നാൻ 2:13, 14.
[അടിക്കുറിപ്പുകൾ]
a കളളയപ്പോസ്തലൻമാർ പ്രത്യക്ഷപ്പെടുന്നതുസംബന്ധിച്ച ചരിത്ര വിശദാംശങ്ങൾക്ക് ഈ പുസ്തകത്തിന്റെ പ്രസാധകരിൽനിന്നും ലഭിക്കുന്ന “തിരുവെഴുത്തുകളിൽനിന്ന ന്യായവാദം ചെയ്യൽ” എന്ന കൈപ്പുസ്തകത്തിന്റെ 37-44 പേജുകൾ കാണുക.
[36-ാം പേജിലെ ചതുരം]
യഹോവക്കും അവന്റെ പുത്രനും സ്നേഹസ്തുതി
യഹോവയുടെ ജനം 1905-ൽ ഉണ്ടാക്കിയ പാട്ടുപുസ്തകത്തിൽ യഹോവയാം ദൈവത്തെ സ്തുതിച്ചുകൊണ്ടുളള പാട്ടുകളുടെ ഏതാണ്ട് ഇരട്ടിയോളം യേശുവിനെ സ്തുതിക്കുന്ന പാട്ടുകളായിരുന്നു. അവരുടെ 1928-ലെ പാട്ടുപുസ്തകത്തിൽ യേശുവിനെ സ്തുതിക്കുന്ന പാട്ടുകളുടെ എണ്ണം യഹോവയെ സ്തുതിക്കുന്നവയോട് ഏതാണ്ടു സമമായിരുന്നു. എന്നാൽ 1984-ലെ ഏററവും പുതിയ പാട്ടുപുസ്തകത്തിൽ യേശുവിനെ ആദരിക്കുന്ന പാട്ടുകളുടെ നാലിരട്ടി യഹോവയെ ബഹുമാനിക്കുന്നവയാണ്. ഇത് യേശുവിന്റെ തന്നെ വാക്കുകളോടുളള യോജിപ്പിലാണ്: “പിതാവു എന്നെക്കാൾ വലിയവനല്ലോ.” (യോഹന്നാൻ 14:28) യഹോവയോടുളള സ്നേഹം സർവപ്രധാനമായിരിക്കണം, അതോടൊപ്പം യേശുവിനോട് അഗാധ സ്നേഹവും അവന്റെ വിലയേറിയ യാഗത്തോടും ദൈവത്തിന്റെ മഹാപുരോഹിതനും രാജാവും എന്നനിലയിലുളള അവന്റെ സ്ഥാനത്തോടും വിലമതിപ്പും ഉണ്ടായിരിക്കണം.
[34-ാം പേജിലെ ചാർട്ട്]
യേശുവിന്റെ ബുദ്ധ്യുപദേശത്തിന്റെ മാതൃക
(വെളിപാടിലെ അധ്യായങ്ങളും വാക്യങ്ങളും പരാമർശിക്കുന്നു)
സന്ദേശം അയച്ച സഭ ബുദ്ധ്യുപദേശം നൽകാനുളള അധികാരം ആമുഖ അഭിനന്ദനം പ്രശ്നം വ്യക്തമായി തിരിച്ചറിയിച്ചു തിരുത്തൽ കൂടാതെ⁄അല്ലെങ്കിൽ പ്രോത്സാഹനം തത്ഫലമായ അനുഗ്രഹങ്ങൾ
എഫേസോസ് 2:1 2:2, 3 2:4 2:5, 6 2:7
പെർഗമോസ് 2:12 2:13 2:14, 15 2:16 2:17
തുയഥൈര 2:18 2:19 2:20, 21 2:24, 25 2:26-28
സർദിസ് 3:1— 3:1, 2 3:3, 4 3:5
ഫിലദെൽഫിയ 3:7 3:8— 3:8-11 3:12
ലവോദിക്യ 3:14— 3:15-17 3:18-20 3:21