വിശ്വാസത്തെ ശക്തീകരിക്കുന്ന കോൾമയിർകൊള്ളിക്കുന്ന ദർശനങ്ങൾ
വെളിപ്പാടിൽനിന്നുള്ള വിശേഷാശയങ്ങൾ
യഹോവയുടെ ദാസനായ യോഹന്നാൻ ഏഷ്യാമൈനറിന്റെ പടിഞ്ഞാറെ തീരത്തുനിന്നകലെയുള്ള ചെറിയ പത്മോസ് ദ്വീപിലാണ്. അവിടെ ഈ വൃദ്ധ അപ്പോസ്തലൻ അത്ഭുതകരമായ കാര്യങ്ങൾ—മിക്കപ്പോഴും ഞെട്ടിക്കുന്ന പ്രതീകാത്മകമായ കാര്യങ്ങൾ—കാണുന്നു, തീർച്ചയായും പ്രാധാന്യമർഹിക്കുന്നവതന്നെ! അവൻ 1914-ലെ ക്രിസ്തുവിന്റെ സിംഹാസനാരോഹണം മുതൽ അവന്റെ സഹസ്രാബ്ദഭരണത്തിന്റെ അവസാനം വരെയുള്ള കർത്താവിന്റെ ദിവസത്തിലായിത്തീരുന്നു. മനുഷ്യവർഗ്ഗത്തിന്റെ ഏററവും ഇരുണ്ട നാഴികയിൽ നടക്കുന്ന സംഭവങ്ങൾ യോഹന്നാൻ കാണുന്നുവെങ്കിലും ക്രിസ്തുവിന്റെ സഹസ്രാബ്ദവാഴ്ചയെക്കുറിച്ചുള്ള അവന്റെ പൂർവവീക്ഷണം എത്ര മനോജ്ഞമാണ്! അന്ന് അനുസരണമുള്ള മനുഷ്യവർഗ്ഗം എന്തനുഗ്രഹങ്ങളായിരിക്കും ആസ്വദിക്കുക!
യോഹന്നാൻ വെളിപ്പാട് എന്ന ബൈബിൾപുസ്തകത്തിൽ ഈ ദർശനങ്ങൾ രേഖപ്പെടുത്തി. ക്രി.വ. ഏതാണ്ട് 96-ൽ എഴുതിയ ഈ പുസ്തകത്തിന് പ്രവചനത്തിന്റെ ദൈവമായ യഹോവയിലും അവന്റെ പുത്രനായ യേശുക്രിസ്തുവിലുമുള്ള നമ്മുടെ വിശ്വാസത്തെ ബലിഷ്ഠമാക്കാൻ കഴിയും.—വിശദാംശങ്ങൾക്കുവേണ്ടി വാച്ച്ററവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ന്യൂയോർക്ക് ഇൻകോ. പ്രസിദ്ധപ്പെടുത്തിയ വെളിപ്പാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകം കാണുക.
ക്രിസ്തു സ്നേഹപൂർവകമായ ബുദ്ധിയുപദേശം കൊടുക്കുന്നു
ക്രിസ്തുവിലൂടെയുള്ള ദൈവത്തിൽനിന്നുള്ള വെളിപ്പാടിന്റെ പ്രാരംഭത്തിൽ യേശുവിന്റെ കൂട്ടുരാജ്യാവകാശികളുടെ ഏഴു സഭകൾക്കുള്ള എഴുത്തുകൾ കാണപ്പെടുന്നു. (വെളിപ്പാട് 1:1–3:22) ആകമാനമായി, എഴുത്തുകൾ അനുമോദനങ്ങൾ അർപ്പിക്കുകയും പ്രശ്നങ്ങളെ തിരിച്ചറിയിക്കുകയും തിരുത്തൽ അല്ലെങ്കിൽ പ്രോൽസാഹനം അല്ലെങ്കിൽ രണ്ടും കൊടുക്കുകയും വിശ്വസ്തമായ അനുസരണത്തിൽനിന്ന് കൈവരുന്ന അനുഗ്രഹങ്ങൾ എടുത്തുപറയുകയും ചെയ്യുന്നു. എഫേസ്യർ സഹിച്ചുനിന്നിരുന്നെങ്കിലും അവർ തങ്ങൾക്കാദ്യമുണ്ടായിരുന്ന സ്നേഹം വിട്ടു. ഉപദ്രവത്തിൻമദ്ധ്യേ വിശ്വസ്തരായി നിലകൊള്ളാൻ ആത്മീയമായി സമ്പന്നമായിരുന്ന സ്മുർന്ന സഭ പ്രോൽസാഹിപ്പിക്കപ്പെടുന്നു. പീഡനം പെർഗ്ഗമം സഭയെ കീഴടക്കിയിട്ടില്ലായിരുന്നു. എന്നാൽ അത് കക്ഷിപിരിവിനെ അനുവദിച്ചിരുന്നു. തുയഥൈരയിലെ ക്രിസ്ത്യാനികളുടെ വർദ്ധിച്ച പ്രവർത്തനമുണ്ടായിരുന്നിട്ടും അവിടെ ഒരു ഈസബേൽ സ്വാധീനം സ്ഥിതിചെയ്യുന്നു. സർദ്ദീസ്സഭ ആത്മീയമായി ഉണരേണ്ട ആവശ്യമുണ്ട്. ഫിലദൽഫിയയിലെ സഭ അതിനുള്ളത് പിടിച്ചുകൊള്ളാൻ പ്രോൽസാഹിപ്പിക്കപ്പെടുന്നു. ശീതോഷ്ണവാൻമാരായ ലവോദിക്യക്കാർക്ക് ആത്മീയരോഗശാന്തി ആവശ്യമാണ്.
ഭാവി സ്വർഗ്ഗീയ രാജാക്കൻമാരെ—യഥാർത്ഥത്തിൽ എല്ലാ ക്രിസ്ത്യാനികളെയും—പരിശീലിപ്പിക്കുന്നതിനുള്ള എത്ര നല്ല വാക്കുകൾ! ഉദാഹരണത്തിന്, നമ്മിലാരെങ്കിലും ശീതോഷ്ണവാൻമാരായിത്തീർന്നിട്ടുണ്ടോ? എങ്കിൽ നടപടി സ്വീകരിക്കുക! ചൂടുള്ള ഒരു ദിവസത്തിൽ ഒരു കപ്പു തണുത്ത വെള്ളം പോലെ ഉൻമേഷദായകരായിരിക്കുക, എന്നാൽ യഹോവക്കും അവന്റെ സേവനത്തിനുംവേണ്ടി ചൂടോടുകൂടിയ തീക്ഷ്ണത പ്രകടമാക്കിത്തുടങ്ങുകയും ചെയ്യുക.—മത്തായി 11:28, 29; യോഹന്നാൻ 2:17 താരതമ്യപ്പെടുത്തുക.
കുഞ്ഞാട് ഒരു ചുരുൾ തുറക്കുന്നു
അടുത്തതായി യഹോവ തന്റെ തേജസ്സുള്ള സിംഹാസനത്തിൽ കാണപ്പെടുന്നു. (4:1–5:14) അവനു ചുററും 24 മൂപ്പൻമാരും നാലു ജീവികളുമുണ്ട്. ഏഴു മുദ്രകളാൽ മുദ്രയിടപ്പെട്ട ഒരു ചുരുൾ അവന്റെ കൈയിലുണ്ട്. ചുരുൾ ആർക്കു തുറക്കാൻ കഴിയും? എന്തിന്, കുഞ്ഞാടായ യേശുക്രിസ്തു അതു ചെയ്യാൻ യോഗ്യനാണ്!
കുഞ്ഞാട് ആറ് മുദ്രകൾ തുറക്കവേ നാടകീയമായ സംഭവങ്ങൾ ഇതൾ വിരിയുന്നു. (6:1–7:17) ഒന്നാമത്തെ മുദ്ര തുറക്കപ്പെടുമ്പോൾ ക്രിസ്തു ഒരു വെള്ളക്കുതിരപ്പുറത്ത് പ്രത്യക്ഷപ്പെടുന്നു, അവന് ഒരു കിരീടം ലഭിക്കുന്നു (1914ൽ), അവൻ ജയിച്ചടക്കിക്കൊണ്ടു പുറപ്പെടുന്നു. മൂന്ന് മുദ്രകൾകൂടെ തുറക്കപ്പെടുമ്പോൾ, മററു കുതിരക്കാർ മനുഷ്യവർഗ്ഗത്തിന് യുദ്ധവും ക്ഷാമവും മരണവും കൈവരുത്തുന്നു. അഞ്ചാം മുദ്ര തുറക്കുന്നതോടെ, ക്രിസ്തുവിനുവേണ്ടി രക്തസാക്ഷിമരണം വരിച്ചവർ തങ്ങളുടെ രക്തത്തിനുവേണ്ടി പ്രതികാരംചെയ്യാൻ നിലവിളിക്കുന്നു. ഓരോരുത്തർക്കും രാജകീയപദവികളോടെയുള്ള അമർത്ത്യ ആത്മജീവികളായുള്ള അവരുടെ പുനരുത്ഥാനത്തോടു ബന്ധപ്പെട്ട ഒരു നീതിയുള്ള നിലപാടിനെ സൂചിപ്പിക്കുന്ന ഒരു “വെള്ളയങ്കി” കൊടുക്കപ്പെടുന്നു. (വെളിപ്പാട് 3:5; 4:4 താരതമ്യപ്പെടുത്തുക.) ആറാമത്തെ മുദ്ര തുറക്കപ്പെടുമ്പോൾ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ക്രോധദിവസം ഒരു ഭൂകമ്പത്താൽ വിളംബരംചെയ്യപ്പെടുന്നു. എന്നാൽ വിനാശകരമായ ന്യായവിധിയെ പ്രതീകപ്പെടുത്തുന്ന “ഭൂമിയിലെ നാലു കാററുകൾ,” 1,44,000 ദൈവദാസൻമാർ മുദ്രയിടപ്പെടുന്നതുവരെ പിടിച്ചുനിർത്തപ്പെടുന്നു. അവർ ദൈവാത്മാവിനാൽ അഭിഷേകംചെയ്യപ്പെടുകയും അവന്റെ ആത്മീയ പുത്രൻമാരായി ദത്തെടുക്കപ്പെടുകയും ചെയ്യുമ്പോൾ അവർക്ക് തങ്ങളുടെ സ്വർഗ്ഗീയ അവകാശത്തിന്റെ ഒരു അച്ചാരം—ഒരു മുദ്രയോ ഒരു ഉറപ്പോ—ലഭിക്കുന്നു. പരിശോധനക്കുശേഷം മാത്രമേ മുദ്രയിടീൽ സ്ഥിരമാകുകയുള്ളു. (റോമർ 8:15-17; 2 കൊരിന്ത്യർ 1:21, 22) ഒരു ഭൗമികപറുദീസയിലെ നിത്യജീവന്റെ പ്രത്യാശയുള്ള സകല ജനതകളിൽനിന്നുമുള്ള ഒരു “മഹാപുരുഷാര”ത്തെ, ഒരു മഹാസംഘത്തെ കണ്ടതിൽ യോഹന്നാൻ എത്ര അത്ഭുതപ്പെട്ടിരിക്കണം! അവർ മനുഷ്യവർഗ്ഗത്തിന് മുമ്പുണ്ടായിട്ടില്ലാത്ത ഒരു കഷ്ടകാലമായ “മഹോപദ്രവ”ത്തിൽനിന്ന് പുറത്തുവരുന്നു.
ഏഴാമത്തെ മുദ്ര തുറക്കുമ്പോൾ ഞെട്ടിക്കുന്ന എന്തു സംഭവങ്ങളാണ് നടക്കുന്നത്! (8:1–11:14) വിശുദ്ധൻമാരുടെ പ്രാർത്ഥനകൾ കേൾക്കപ്പെടാൻ അനുവദിച്ചുകൊണ്ട് അരമണിക്കൂർ നേരത്തെ ഒരു മൗനം. അതേതുടർന്ന് ഭൂമിയിലേക്ക് യാഗപീഠത്തിൽനിന്ന് തീ എറിയപ്പെടുന്നു. അതിനുശേഷം ക്രൈസ്തവലോകത്തിൻമേലുള്ള ദൈവത്തിന്റെ ബാധകൾ പ്രഖ്യാപിക്കുന്ന കാഹളങ്ങൾ ഊതാൻ ഏഴു ദൂതൻമാർ ഒരുങ്ങുന്നു. കാഹളങ്ങൾ മഹോപദ്രവംവരെയുള്ള അന്ത്യകാലത്തുടനീളം മുഴക്കപ്പെടുന്നു. നാലു കാഹളങ്ങൾ ഭൂമിയിലെയും സമുദ്രത്തിലെയും പുതുജല ഉറവുകളിലെയും സൂര്യനിലെയും ചന്ദ്രനിലെയും നക്ഷത്രങ്ങളിലെയും ബാധകളെ ഘോഷിക്കുന്നു. അഞ്ചാമത്തേതിന്റെ ഊത്ത് 1919 മുതൽ യുദ്ധംചെയ്യാൻ കൂട്ടമായി പുറപ്പെടുന്ന അഭിഷിക്ത ക്രിസ്ത്യാനികളെ ചിത്രീകരിക്കുന്ന വെട്ടുക്കിളികളെ വിളിച്ചുവരുത്തുന്നു. ആറാമത്തെ കാഹളമൂത്തോടെ ഒരു കുതിരപ്പടയുടെ ആക്രമണം നടക്കുന്നു. ഇതിന്റെ നിവൃത്തിയായി അഭിഷിക്തർ 1935 മുതൽ “മഹാപുരുഷാര”ത്താൽ കൂടുതൽ ബലിഷ്ഠരായി ക്രൈസ്തവലോകത്തിലെ മതനേതാക്കൻമാർക്കെതിരെ ദണ്ഡിപ്പിക്കുന്ന ന്യായവിധിദൂതുകൾ പ്രഖ്യാപിക്കുന്നു.
അടുത്തതായി യോഹന്നാൻ ഒരു ചെറിയ ചുരുൾ തിന്നുന്നു. അത് അഭിഷിക്തർ തങ്ങളുടെ നിയമനം സ്വീകരിക്കുന്നതിനെയും ക്രൈസ്തവലോകത്തിനെതിരെ തങ്ങൾ പ്രഖ്യാപിക്കുന്ന ദിവ്യന്യായവിധിയുടെ മൊഴികൾ അടങ്ങുന്ന ദൈവവചനത്തിന്റെ ഭാഗത്തുനിന്ന് പോഷണം ലഭിക്കുന്നതിനെയും സൂചിപ്പിക്കുന്നു. ആലയത്തിന്റെ വിശുദ്ധമന്ദിരത്തെ അളക്കാൻ അപ്പോസ്തലനോടു കല്പിക്കപ്പെടുന്നു. അത് ആലയക്രമീകരണത്തെ സംബന്ധിച്ച യഹോവയുടെ ഉദ്ദേശ്യങ്ങളുടെ സുനിശ്ചിതനിവൃത്തിയെയും അതിനോടു ബന്ധപ്പെട്ടവർ ദിവ്യ നിലവാരങ്ങളിലെത്തണമെന്നുള്ളതിനെയും അർത്ഥമാക്കുന്നു. പിന്നീട് ദൈവത്തിന്റെ അഭിഷിക്തരായ “രണ്ട് സാക്ഷികൾ” രട്ടുടുത്തു പ്രവചിക്കുകയും കൊല്ലപ്പെടുകയും ഉയർപ്പിക്കപ്പെടുകയുംചെയ്യുന്നു. ഇത് 1918-19ലേക്കു വിരൽചൂണ്ടുന്നു. അന്ന് അവരുടെ പ്രസംഗവേല ശത്രുക്കളാൽ മിക്കവാറും മൃതപ്രായത്തിലാക്കപ്പെട്ടു, എന്നാൽ യഹോവയുടെ ദാസൻമാർ തങ്ങളുടെ ശുശ്രൂഷക്കുവേണ്ടി അത്ഭുതകരമായി പുനരുജ്ജീവിപ്പിക്കപ്പെടുന്നു.
രാജ്യം ജനിക്കുന്നു!
ഏഴാമത്തെ കാഹളത്തിന്റെ മുഴക്കൽ രാജ്യത്തിന്റെ ജനനത്തെ പ്രഖ്യാപിക്കുന്നു. (11:15–12:17) സ്വർഗ്ഗത്തിൽ ഒരു പ്രതീകാത്മകസ്ത്രീ (യഹോവയുടെ സ്വർഗ്ഗീയസ്ഥാപനം) ഒരു ആൺകുട്ടിയെ (ക്രിസ്തു രാജാവായുള്ള ദൈവരാജ്യം) പ്രസവിക്കുന്നു, എന്നാൽ അതിനെ വിഴുങ്ങിക്കളയാൻ മഹാസർപ്പം (സാത്താൻ) വ്യർത്ഥമായി ശ്രമിക്കുന്നു. 1914-ലെ രാജ്യജനനത്തെ തുടർന്നുള്ള സ്വർഗ്ഗത്തിലെ യുദ്ധത്തിന്റെ പാരമ്യമായി ജയശാലിയായ മീഖായേൽ (യേശുക്രിസ്തു) മഹാസർപ്പത്തെയും അതിന്റെ ദൂതൻമാരെയും ഭൂമിയിലേക്കെറിയുന്നു. അവിടെ മഹാസർപ്പം സ്വർഗ്ഗീയസ്ത്രീയുടെ സന്തതിയുടെ അഭിഷിക്ത ശേഷിപ്പിനെതിരെ യുദ്ധംചെയ്യുന്നതിൽ തുടരുന്നു.
അടുത്തതായി യോഹന്നാൻ ഒരു കാട്ടുമൃഗത്തെ കാണുന്നു, അതിന് ഒരു മ്ലേച്ഛപ്രതിമ ഉണ്ടാക്കപ്പെടുന്നു. (13:1-18) ഏഴു തലയും പത്തു കൊമ്പുമുള്ള ഈ രാഷ്ട്രീയ കാട്ടുമൃഗം മാനുഷഗവൺമെൻറ് ഉത്ഭവിക്കുന്ന പ്രക്ഷുബ്ധ മനുഷ്യസമൂഹമായ “സമുദ്ര”ത്തിൽ നിന്ന് കയറിവരുന്നു. (ദാനിയേൽ 7:2-8; 8:3-8, 20-25 താരതമ്യപ്പെടുത്തുക) ഈ പ്രതീകാത്മകജീവിയുടെ അധികാരത്തിന്റെ ഉറവേതാണ്? എന്തിന്, മഹാസർപ്പമായ സാത്താനല്ലാതെ ആരുമല്ല! ഒന്നു സങ്കൽപ്പിക്കുക! ഈ രാഷ്ട്രീയ വിരൂപജീവിക്ക് രണ്ടു കൊമ്പുള്ള ഒരു കാട്ടുമൃഗം (ആംഗ്ലോ അമേരിക്കൻ ലോകശക്തി) ഇപ്പോൾ ഐക്യരാഷ്ട്രങ്ങൾ എന്നറിയപ്പെടുന്ന ഒരു “പ്രതിമ” ഉണ്ടാക്കുന്നതായി കാണപ്പെടുന്നു. കാട്ടുമൃഗത്തിന്റെ വിധത്തിൽ കാര്യങ്ങൾ ചെയ്യുന്നതിനാലും തങ്ങളുടെ ജീവിതത്തെ ഭരിക്കാൻ അതിനെ അനുവദിക്കുന്നതിനാലും അനേകർ കാട്ടുമൃഗത്തെ ആരാധിക്കാൻ നിർബന്ധിക്കപ്പെടുന്നു. എന്നാൽ യഹോവയുടെ സാക്ഷികൾ അചഞ്ചലരായി കാട്ടുമൃഗത്തിന്റെ ഭൂതസംബന്ധമായ അടയാളത്തെ തള്ളിക്കളയുന്നു!
യഹോവയുടെ ദാസൻമാർ നടപടി സ്വീകരിക്കുന്നു
ദൈവക്രോധത്തിന്റെ ഏഴു കലശങ്ങൾ ഒഴിക്കപ്പെടുമ്പോൾ വിവിധ ദൈവദാസൻമാർ പ്രവർത്തനനിരതരായിരിക്കുന്നതായി കാണപ്പെടുന്നു. (14:1–16:21) ശ്രദ്ധിക്കുക! സ്വർഗ്ഗീയസീയോൻമലയിൽ 1,44,000 പേർ ഒരു പുതിയ പാട്ടെന്നപോലെ പാടുന്നത് യോഹന്നാന് കേൾക്കാൻകഴിയും. മദ്ധ്യാകാശത്തിൽ പറക്കുന്ന ഒരു ദൂതന് ഭൂനിവാസികളോട് പ്രഖ്യാപിക്കാൻ നിത്യസുവാർത്തയുണ്ട്. ഇത് എന്ത് പ്രകടമാക്കുന്നു? യഹോവയുടെ സാക്ഷികൾക്ക് രാജ്യസന്ദേശം ഘോഷിക്കുന്നതിൽ ദൂതസഹായമുണ്ട് എന്ന്.
ഭൂമിയിലെ മുന്തിരി കൊയ്യുന്നതും ദൈവകോപത്തിന്റെ മുന്തിരിച്ചക്ക് ചവിട്ടപ്പെടുമ്പോൾ മുഴുജനതകളും ഞെരിക്കപ്പെടുന്നതും കാണുന്നതിൽ യോഹന്നാൻ അത്ഭുതപ്പെട്ടുപോയിരിക്കണം. (യെശയ്യാവ് 63:3-6; യോവേൽ 3:12-14 താരതമ്യപ്പെടുത്തുക.) യഹോവയുടെ കല്പനയിങ്കൽ അടുത്തതായി ഏഴു ദൂതൻമാർ ദിവ്യക്രോധത്തിന്റെ ഏഴു കലശങ്ങൾ ഒഴിക്കുന്നു. ഭൂമിയും സമുദ്രവും പുതുജല ഉറവുകളും അതുപോലെതന്നെ സൂര്യനും കാട്ടുമൃഗത്തിന്റെ സിംഹാസനവും യൂഫ്രട്ടീസ് നദിയും ആദ്യത്തെ ആറ് കലശങ്ങളുടെ ഒഴിക്കലിനാൽ ബാധിക്കപ്പെടുന്നു. ഭൂതപ്രചാരണം ഹാർ-മെഗദ്ദോനിലെ ദൈവത്തിന്റെ യുദ്ധത്തിന് മാനുഷരാജാക്കൻമാരെ കൂട്ടിച്ചേർത്തുകൊണ്ടിരിക്കുന്നത് യോഹന്നാൻ ഗൗനിക്കുമ്പോഴത്തെ അവന്റെ ഉദ്വേഗം സങ്കൽപ്പിക്കുക. ഏഴാമത്തെ കലശം വായുവിൽ ഒഴിക്കപ്പെടുമ്പോൾ ഫലങ്ങൾ വിനാശകരമാണ്.
രണ്ട് പ്രതീകാത്മക സ്ത്രീകൾ
തീർച്ചയായും, വ്യാജമതലോകസാമ്രാജ്യമായ മഹാബാബിലോനിന്റെ അവസാനം നേരിൽ കാണുന്നതിലും അവളുടെ നാശത്തെ തുടർന്നുള്ള സന്തോഷകരമായ സംഭവങ്ങൾ നിരീക്ഷിക്കുന്നതിലും യോഹന്നാൻ പുളകിതനാകുന്നു. (17:1–19:10) അവൾ വിശുദ്ധൻമാരുടെ രക്തം കുടിച്ച് മത്തയായി ഏഴുതലയും പത്തുകൊമ്പുമുള്ള കടുഞ്ചുവപ്പായ ഒരു മൃഗത്തിന്റെ (സർവരാജ്യസഖ്യത്തിന്റെയും അതിന്റെ പിൻഗാമിയായ ഐക്യരാഷ്ടങ്ങളുടെയും) പുറത്തിരിക്കുന്നതായി കാണപ്പെടുന്നു. ഹാ, എന്നാൽ കൊമ്പുകൾ അവൾക്കെതിരെ തിരിയുമ്പോൾ അവൾ എന്തോരു വിനാശമാണ് അനുഭവിക്കുന്നത്!
മഹാബാബിലോനിന്റെ നാശത്തെ പ്രതി സ്വർഗ്ഗീയശബ്ദങ്ങൾ യഹോവയെ സ്തുതിക്കുന്നത് കേൾക്കപ്പെടുന്നു. കുഞ്ഞാടിന്റെയും പുനരുത്ഥാനംപ്രാപിച്ച അഭിഷിക്തരായ അവന്റെ മണവാട്ടിയുടെയും വിവാഹത്തെ ഇടിനാദംപോലെയുള്ള എന്തോരു സ്തുതിയാണ് വിളംബരംചെയ്യുന്നത്!
ക്രിസ്തു വിജയംനേടുകയും ഭരിക്കുകയും ചെയ്യുന്നു
അടുത്തതായി യോഹന്നാൻ സാത്താന്റെ വ്യവസ്ഥിതിയെ നശിപ്പിക്കുന്നതിന് രാജാധിരാജാവ് സ്വർഗ്ഗീയ സൈന്യങ്ങളെ നയിക്കുന്നതു കാണുന്നു. (19:11-21) അതെ, “ദൈവവചന”മാകുന്ന യേശു ജനതകൾക്കെതിരെ യുദ്ധം ചെയ്യുന്നു. കാട്ടുമൃഗത്തെയും (സാത്താന്റെ രാഷ്ട്രീയസ്ഥാപനം) കള്ളപ്രവാചകനെയും (ആംഗ്ലോ അമേരിക്കൻ ലോകശക്തി) പൂർണ്ണവും നിത്യവുമായ നാശത്തിന്റെ പ്രതീകമായ “തീത്തടാക”ത്തിലേക്ക് എറിയുന്നത് അപ്പോസ്തലൻ കാണുന്നു.
അടുത്തതായി എന്ത്? എന്തിന്, യോഹന്നാൻ സാത്താന്റെ അഗാധത്തിലടക്കൽ നിരീക്ഷിക്കുന്നു. അവിടെ ക്രിസ്തുവിന്റെ ആയിരവർഷവാഴ്ചയുടെ ഒരു പൂർവവീക്ഷണം പിന്തുടരുന്നു. ആ കാലത്താണ് യേശുവും പുനരുത്ഥാനം പ്രാപിക്കുന്ന അവന്റെ സഹഭരണാധിപൻമാരും അനുസരണമുള്ളവരെ മാനുഷപൂർണ്ണതയിലേക്ക് ഉയർത്തിക്കൊണ്ട് മനുഷ്യവർഗ്ഗത്തെ ന്യായംവിധിക്കുന്നത്! (20:1-10) ഇപ്പോൾ ഒരു അന്തിമപരിശോധനക്കുള്ള സമയമാണ്. അഗാധത്തിൽ നിന്ന് പുറത്തുവിടപ്പെടുമ്പോൾ സാത്താൻ പൂർണ്ണരാക്കപ്പെട്ട മനുഷ്യവർഗ്ഗത്തെ വഴിതെററിക്കാൻ പുറപ്പെടും, എന്നാൽ നാശം ദൈവത്തിനെതിരായ സകല ഭൂത, മാനുഷ, മത്സരികളുടെയും ജീവിതവൃത്തിയെ അവസാനിപ്പിക്കും.
കാലത്തിൽ പിന്നോട്ടുപോയി മരണത്തിലും ഹേഡീസിലും (മനുഷ്യവർഗ്ഗത്തിന്റെ പൊതു ശവക്കുഴി) സമുദ്രത്തിലുമുള്ളവരെല്ലാം പുനരുത്ഥാനം പ്രാപിച്ച് ഒരു വലിയ വെള്ളസിംഹാനത്തിലിരിക്കുന്ന ദൈവമുമ്പാകെ ന്യായംവിധിക്കപ്പെടുന്നത് കാണുന്നതിൽ യോഹന്നാൻ എത്ര പുളകിതനായിരിക്കണം! (20:11-15) മരണവും ഹേഡീസും മേലാൽ ഒരിക്കലും ഇരകളെ അവകാശപ്പെടാതെ തീത്തടാകത്തിലേക്ക് എറിയപ്പെടുമ്പോൾ നേരുള്ളവർക്ക് എന്താശ്വാസമായിരിക്കും അനുഭവപ്പെടുക!
യോഹന്നാന്റെ ദർശനങ്ങൾ അവസാനിക്കുമ്പോൾ അവൻ പുതിയ യെരൂശലേം കാണുന്നു. (21:1–22:21) ആ ഭരണപരമായ നഗരം സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്ന് ജനതകൾക്ക് പ്രകാശനം എത്തിച്ചുകൊടുക്കുന്നു. തിരുവെഴുത്തുസത്യത്തെയും അനുസരണമുള്ള മനുഷ്യവർഗ്ഗത്തെ പാപത്തിൽനിന്നും മരണത്തിൽനിന്നും വീണ്ടെടുക്കുന്നതിനും അവർക്ക് നിത്യജീവൻ കൊടുക്കുന്നതിനുമുള്ള യേശുവിന്റെ ബലിയിലധിഷ്ഠിതമായ ദൈവദത്തമായ മറെറല്ലാ കരുതലുകളെയും ചിത്രീകരിക്കുന്ന ഒരു “ജീവജലനദി” പുതിയ യരൂശലേമിലൂടെ ഒഴുകുന്നു. (യോഹന്നാൻ 1:29; 17:3; 1 യോഹന്നാൻ 2:1, 2) നദിയുടെ ഇരു കരകളിലും അനുസരണമുള്ള മനുഷ്യവർഗ്ഗത്തിന് നിത്യജീവൻ കൊടുക്കുന്നതിനുള്ള യഹോവയുടെ കരുതലിന്റെ ഒരു ഭാഗത്തെ ചിത്രീകരിക്കുന്ന രോഗശാന്തിക്കുള്ള ഇലകളോടുകൂടിയ വൃക്ഷങ്ങൾ യോഹന്നാൻ കാണുന്നു. ദൈവത്തിൽനിന്നും ക്രിസ്തുവിൽനിന്നുമുള്ള ഉപസംഹാരസന്ദേശങ്ങളെ തുടർന്ന് ഒരു ക്ഷണം ഉണ്ടാകുന്നു. ‘വന്ന് ജീവജലം സൗജന്യമായി വാങ്ങാൻ’ ദാഹിക്കുന്ന ഏവർക്കും ആത്മാവും മണവാട്ടിയും ക്ഷണംകൊടുക്കുന്നത് കേൾക്കുന്നത് എത്ര അത്ഭുതകരമാണ്! നാം വെളിപ്പാടിലെ അവസാനവാക്കുകൾ വായിക്കുമ്പോൾ നിസ്സംശയമായി നാം “ആമേൻ! കർത്താവായ യേശുവേ, വരേണമേ” എന്നുള്ള യോഹന്നാന്റെ ഉദ്ഘോഷത്തിലെ വികാരോഷ്മളതയിൽ പങ്കുപററുന്നു. (w91 5⁄1)
[28-ാം പേജിലെ ചതുരം/ചിത്രം]
ഉണർന്നിരിക്കുക: ദൈവത്തിന്റെ ഹാർ-മെഗദ്ദോൻ (അർമ്മഗെദ്ദോൻ) യുദ്ധത്തെ സംബന്ധിച്ചുള്ള പ്രാവചനികവാക്കുകൾക്കിടയിൽ ഇങ്ങനെ പറയപ്പെട്ടിരിക്കുന്നു: “നോക്കൂ! ഞാൻ [യേശുക്രിസ്തു] ഒരു കള്ളനെപ്പോലെ വരുന്നു. നഗ്നനായി നടക്കാതെയും ആളുകൾ തന്റെ ലജ്ജാപൂർണ്ണതയെ നോക്കാതിരിക്കുകയും ചെയ്യേണ്ടതിന് ഉണർന്നിരിക്കുകയും തന്റെ മേലങ്കികൾ സൂക്ഷിച്ചുകൊള്ളുകയും ചെയ്യുന്നവൻ സന്തുഷ്ടനാകുന്നു.” (വെളിപ്പാട് 16:15) ഇത് യരൂശലേമിൽ ആലയക്കുന്നിലെ മേൽവിചാരകന്റെ അഥവാ ഉദ്യോഗസ്ഥന്റെ കർത്തവ്യങ്ങളെയുള്ള ഒരു പരാമർശനമായിരിക്കാം. രാത്രിയാമങ്ങളിൽ അതിലെ ലേവ്യരായ കാവൽക്കാർ തങ്ങളുടെ കാവൽസ്ഥാനങ്ങളിൽ ഉണർന്നിരിക്കുന്നുവോ അതോ ഉറങ്ങുകയാണോയെന്ന് കാണാൻ അയാൾ ആലയത്തിലൂടെ നടന്നുപോകുമായിരുന്നു. ഉറങ്ങുന്നതായി കാണപ്പെടുന്ന ഏതു കാവൽക്കാരനും ഒരു വടികൊണ്ട് അടിക്കപ്പെട്ടിരുന്നു. ലജ്ജാകരമായ ശിക്ഷയെന്ന നിലയിൽ അയാളുടെ മേലങ്കി ചുട്ടെരിക്കപ്പെട്ടേക്കാം. അർമ്മഗെദ്ദോൻ വളരെ അടുത്തിരിക്കുമ്പോൾ “രാജകീയപുരോഹിതവർഗ്ഗ”ത്തിന്റെ അഥവാ ആത്മീയഭവനത്തിന്റെ അഭിഷിക്തശേഷിപ്പ് ആത്മീയമായി ഉണർന്നിരിക്കാൻ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്. ഭൗമികപ്രത്യാശകളോടുകൂടിയ അവരുടെ സഹകാരികളായ “മഹാപുരുഷാര”വും അങ്ങനെയായിരിക്കണം, എന്തെന്നാൽ അവരും ആലയത്തിൽ ദൈവത്തിന് വിശുദ്ധസേവനമനുഷ്ഠിക്കുകയാണ്. (1 പത്രോസ് 2:5, 9; വെളിപ്പാട് 7:9-17) വിശേഷിച്ച് ക്രിസ്തീയ മേൽവിചാരകൻമാർ സഭയിൽ ദുരവസ്ഥകൾ വികാസംപ്രാപിക്കുന്നതിനെതിരെ ജാഗരൂകരായിരിക്കണം. ദൈവത്തിന്റെ ആത്മീയാലയത്തിലെ സകല വിശ്വസ്താരാധകരും ഉണർന്നിരിക്കുന്നതുകൊണ്ട് അവർ യഹോവയുടെ സാക്ഷികളെന്ന നിലയിലുള്ള തങ്ങളുടെ ബഹുമാന്യസേവനത്തെ സൂചിപ്പിക്കുന്ന തങ്ങളുടെ “മേലങ്കികൾ” സൂക്ഷിച്ചുകൊള്ളുന്നു.