ശുചിത്വത്തിന്റെ വെല്ലുവിളിയെ നേരിടൽ
കെനിയയിലെ ഉണരുക! ലേഖകൻ
“മാമാ, നക്കൂഫാ!” കുട്ടി കരയുകയാണ്. “അമ്മേ ഞാൻ ഇപ്പോൾ ചാകും!” എന്നാണതിന്റെ അർത്ഥം. കൊലപാതകശ്രമമോ? അല്ല, ഒരു കൊച്ചു കുട്ടി ഒരു പാത്രത്തിൽ നിൽക്കുന്നു. അവന്റെ അമ്മ അവനെ ശക്തമായി ഉരക്കുകയാണ്. തീവ്രമായ ചെറുത്തുനിൽപ്പ് ഗണ്യമാക്കാതെ അമ്മ അവരുടെ ജോലി പൂർത്തിയാക്കുന്നു!
ഏററവും ദരിദ്രമായ പരിസരങ്ങളിൽ പോലും അത്തരം രംഗങ്ങൾ ആഫ്രിക്കയിൽ സാധാരണമാണ്. എന്നിരുന്നാലും, ശുചിത്വനിലവാരങ്ങളുടെ പാലനം എപ്പോഴും എളുപ്പമല്ല. അത്യുഗ്രചൂടുള്ള ആഫ്രിക്കൻകാലാവസ്ഥ ശുചീകരണജോലി ഇരട്ടി പ്രയാസകരമാക്കുന്നു. പൊടിനിറഞ്ഞ കൊടുങ്കാററുകൾ ഓരോ വീടിന്റെയും വിള്ളലുകളിൽ നേർത്ത തവിട്ടുനിറത്തിലുള്ള പൊടി നിറക്കുന്നു. മോശമായിക്കൊണ്ടിരിക്കുന്ന സാമ്പത്തികാവസ്ഥകൾ ശുചീകരണവസ്തുക്കളുടെയും കേടുപോക്കലിന്റെയും ചെലവ് അനേകർക്കും താങ്ങാനാവാത്തതാക്കുന്നു—വെള്ളം പോലും. സ്ത്രീകൾ വെള്ളം കൊണ്ടുവരാൻ ഓരോ ദിവസവും മൈലുകൾ നടക്കേണ്ട പ്രദേശങ്ങളിൽ അവർ ഈ വിലയേറിയ വസ്തു ശുചീകരണത്തിന് ഉപയോഗിക്കാൻ മടിക്കുന്നത് മനസ്സിലാക്കാം.
നഗരങ്ങളിലെയും ചില ഗ്രാമപ്രദേശങ്ങിലെയും ജനസംഖ്യാപെരുപ്പവും ആരോഗ്യാപകടങ്ങൾ സൃഷ്ടിക്കുന്നു. തുറന്ന ഓടകളും തൂത്തുകൂട്ടാത്ത ചപ്പുചവറുകളും മലീമസമായ പൊതുകക്കൂസുകളും രോഗവാഹികളായ എലികളും പാററാകളും ഈച്ചകളും സാധാരണകാഴ്ചകളായിത്തീർന്നിരിക്കുന്നു.
കൂടാതെ, ഉചിതമായ ശുചിത്വവും ആരോഗ്യപാലനവും സംബന്ധിച്ച അറിവില്ലായ്മ പരക്കെയുണ്ട്. മാരകമായ പരിണതഫലങ്ങൾ തിരിച്ചറിയാതെ ആളുകൾ വെള്ളം മലിനമാക്കുന്നു. എലികളെയും മററു രോഗവാഹികളെയും അനുവദിക്കുന്നു—കുട്ടികൾ അവയുമായി കളിക്കുകപോലുംചെയ്യുന്നു.
ശുചിത്വം—പ്രയോജനങ്ങൾ
കുടുംബങ്ങൾ വസ്തുക്കൾ വൃത്തിയായി സൂക്ഷിക്കുന്നതിന് ബുദ്ധിമുട്ടുകയും പണം ചെലവിടുകയും ചെയ്യേണ്ടതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ രോഗാണുക്കളും പരാദങ്ങളും വൃത്തിഹീനമായ സാഹചര്യങ്ങളിൽ തഴച്ചുവളരുന്നു. അതുകൊണ്ട് കഴുകൽപോലെ ലളിതമായ ഒരു സംഗതി നിങ്ങളുടെ കുട്ടിയുടെ ജീവനോ മരണമോ കൈവരുത്തിയേക്കാം! ശുചിത്വം വീട്ടുചെലവുകൾ വർദ്ധിപ്പിക്കുന്നുവെന്നത് സത്യംതന്നെ. കഴുകാൻ ഉപയോഗിക്കുന്ന വെള്ളം ചെലവുകൂടിയതോ കിട്ടാൻ പ്രയാസമുള്ളതോ ആയിരിക്കാം. എന്നാൽ മരുന്ന് വളരെയധികം ചെലവുവരുത്തും. സോപ്പും കീടനാശിനിയും മെഴുകും ഒരു എലിക്കെണിയും ഒരു ചവററുകൊട്ടയും ചെലവു വരുത്തുന്നവയാണ്, എന്നാൽ ഡോക്ടറുടെ ബില്ലുകളോളമില്ല.
ബൈബിളിൽ “വൃത്തിയുള്ള” “നിർമ്മലം” “കഴുകൽ” എന്നിവയോടു ബന്ധപ്പെട്ട പദങ്ങൾ 400ൽപരം പ്രാവശ്യം ഉണ്ടെന്നുള്ളത് കൗതുകമുണർത്തുന്നു. ഇസ്രായേലിനുവേണ്ടിയുള്ള ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ശാരീരികശുദ്ധിയെയും നല്ല ആരോഗ്യശീലങ്ങളെയും പ്രോൽസാഹിപ്പിച്ച പ്രത്യേകനിബന്ധനകൾ ഉണ്ടായിരുന്നു. (പുറപ്പാട് 30:18-21; ആവർത്തനം 23:11-14) “നിന്റെ അയൽക്കാരനെ” സ്നേഹിക്കാനുള്ള കല്പനയും തങ്ങളെത്തന്നെയും തങ്ങളുടെ ഭവനങ്ങളെയും ശുചിയായി സൂക്ഷിക്കാൻ ക്രിസ്ത്യാനികളെ പ്രോൽസാഹിപ്പിക്കുന്നു.—മത്തായി 22:39.
പത്താം പേജിലെ ചതുരം വീടിനുചുററും ചെയ്യാൻ കഴിയുന്ന കാര്യങ്ങളുടെ സഹായകരമായ ഒരു പട്ടിക നൽകുന്നു. തത്വങ്ങൾ ഏതു രാജ്യത്തും പ്രായോഗികമാണ്. (ചെറിയ വിള്ളലുകൾ അടച്ചുകൊണ്ട്) തറ മെഴുകിടാനും ചപ്പുചവറുകൾ കുട്ടകളിൽ മൂടി സൂക്ഷിക്കാനുമുള്ളതുപോലുള്ള ചില നിർദ്ദേശങ്ങൾ പ്രാണികൾക്കും മററു രോഗവാഹികൾക്കും നിങ്ങളുടെ ഭവനത്തെ കൂടുതൽ അനാകർഷകമാക്കും. വാതിലുകളിലെയും ജനാലകളിലെയും ദ്വാരങ്ങൾ അടക്കുന്നത് പൊടി മാത്രമല്ല ചെറിയ നുഴഞ്ഞുകയററക്കാരെയും അകററിനിർത്തും. മറെറാന്നുമില്ലെങ്കിലും, ശുചിത്വം നിങ്ങളുടെ ഭവനത്തെ കൂടുതൽ ഉല്ലാസപ്രദമായ വാസസ്ഥലമാക്കും!
കുടുംബസഹകരണം
ഈ ലിസ്ററു പഠിച്ചശേഷം, ഒരു വീട്ടമ്മക്ക് ഒരു നിരന്തര ശുചീകരണപട്ടിക ഉണ്ടാക്കാവുന്നതാണ്. കുടുംബാംഗങ്ങളെല്ലാം സഹകരിക്കുന്നുവെങ്കിൽ പട്ടിക ഭാരമാകേണ്ടതില്ല.
ദൃഷ്ടാന്തമായി, ജസിൻറാ എട്ടു മക്കളുടെ ഒരു മാതാവാണ്. അവർ ഒരു ഈസ്ററാഫ്രിക്കൻ നഗരത്തിലെ ഒരു ചെറിയ ബഹുശാലാഭവനത്തിലാണ് താമസിക്കുന്നത്. അവർ എങ്ങനെയാണ് തന്റെ വീടു വൃത്തിയായി സൂക്ഷിക്കുന്നതെന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞു: “എല്ലാവരും തങ്ങളുടെ പങ്കു നിർവഹിക്കാൻ പഠിച്ചിരിക്കുന്നു. ആരെങ്കിലും എന്തെങ്കിലും തൂകിയാൽ അതു തുടയ്ക്കുന്നതിന് അയാൾക്ക് ഒരു പഴന്തുണിയോ മറെറന്തെങ്കിലുമോ കൊടുക്കുന്നു. ഭക്ഷിക്കുമ്പോഴും വൃത്തി പാലിക്കാൻ അവരെ പഠിപ്പിച്ചിട്ടുണ്ട്.” ഒരു പിതാവിനും തന്റെ ഭാര്യയോടു സഹകരിക്കാനും അവളുടെ ശ്രമത്തെ പിന്താങ്ങാനും കഴിയും. വൃത്തിയും ശുചിത്വവും പാലിക്കാൻ കുട്ടികളെ ചെറുപ്പത്തിൽതന്നെ പഠിപ്പിക്കുന്നതിൽ അയാൾക്കും പങ്കുപററാൻ കഴിയും.
പ്രതിരോധ നടപടികൾ
ചില സമയങ്ങളിൽ ഒരുവന് കരുതൽനടപടികൾ സ്വീകരിച്ചുകൊണ്ട് ശുചീകരണവേല എളുപ്പമാക്കിത്തീർക്കാൻ കഴിയും. ദൃഷ്ടാന്തമായി, പൊടി കുറക്കുന്നതിന് നിങ്ങളുടെ വീടിനു സമീപം പുല്ലും മരങ്ങളും വെച്ചുപിടിപ്പിക്കാൻ പാടില്ലയോ? അല്ലെങ്കിൽ നിങ്ങളുടെ കുട്ടികൾക്ക് കളിക്കാൻ വൃത്തിയുള്ള ഒരു സ്ഥലമുണ്ടായിരിക്കത്തക്കവണ്ണം നിങ്ങളുടെ വീടിനു സമീപം ഒരു സ്ഥലം വേലികെട്ടി തിരിച്ചിടാൻ ശ്രമിക്കുക. നിങ്ങളുടെ പരിസരം അപകടകരമായി തിക്കലുള്ളിടമാണെങ്കിൽ അത്രതന്നെ തിക്കലില്ലാത്ത ഒരു ഇടം കണ്ടെത്തുക സാദ്ധ്യമാണോ? ഇത് ജോലിക്ക് കൂടുതൽ ദൂരം നടക്കേണ്ടതാവശ്യമാക്കിത്തീർത്തേക്കാം, എന്നാൽ അത് ശ്രമത്തിനു തക്ക മൂല്യമുള്ളതായിരിക്കാം.
കൂടാതെ, നിങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യമായ ഏത് സാധനങ്ങളും നീക്കംചെയ്യാൻ ശ്രമിക്കുക. ഇതിനു നിങ്ങളുടെ വീടിനെ അനാവശ്യമായ ഞെരുക്കത്തിൽനിന്ന് വിമുക്തമാക്കാൻ കഴിയും. ഒരു പേമാരിക്കുശേഷം നിങ്ങളുടെ വീടിന്റെ വാതിൽക്കൽ ചെളിനിറയുന്നുവെങ്കിൽ അവിടേക്കുള്ള മാർഗ്ഗത്തിൽ ചരൽ ഇടരുതോ? നിങ്ങളുടെ വീടിനു പുറത്ത് ഒരു കക്കൂസ് ഉണ്ടെങ്കിൽ മററുള്ളവർ അത് വൃത്തികേടാക്കാതെ തടയാൻ അതിനു പൂട്ടുവെക്കരുതോ?
ശരിയായ മനോഭാവം
കാണാൻകഴിയുന്നതുമാത്രം വൃത്തിയാക്കിയിട്ടാൽമതിയെന്ന് വിശ്വസിക്കരുത്. വീടിന്റെ മുമ്പിലെ മുററം വൃത്തിയുള്ളതായിരിക്കെ, പുറകിലത്തെ മുററം ചപ്പുനിറഞ്ഞതായിരിക്കാമെന്ന് ചിലർ വിചാരിക്കുന്നു; ഇരുപ്പുമുറി വൃത്തിയായികിടക്കണമെങ്കിലും കിടപ്പുമുറി അലങ്കോലമായിരിക്കാമെന്നും അല്ലെങ്കിൽ അടുക്കളഭിത്തി വിരൽപാടുകളാലും പുകയാലും കറുത്തിരുണ്ടതായിരിക്കാമെന്നും ചിലർ വിചാരിക്കുന്നു. അങ്ങനെയുള്ള പൊരുത്തക്കേടുകൾ പരീശൻമാരോടുള്ള യേശുവിന്റെ വാക്കുകൾ നമ്മെ അനുസ്മരിപ്പിക്കുന്നു: “നിങ്ങൾ കപ്പിന്റെയും പാത്രത്തിന്റെയും പുറം വെടിപ്പാക്കുന്നു, എന്നാൽ ഉള്ളിൽ അവ കൊള്ള നിറഞ്ഞതാണ് . . . ആദ്യം കപ്പിന്റെയും പാത്രത്തിന്റെയും അകം വെടിപ്പാക്കുക, അതിന്റെ പുറവും വെടിപ്പായിരിക്കേണ്ടതിനുതന്നെ.” (മത്തായി 23:25, 26) വീടിന്റെ സകല ഭാഗങ്ങളും കളങ്കമില്ലാതെ മിനുക്കിയിടാൻ എല്ലായ്പ്പോഴും സാദ്ധ്യമല്ലെന്ന് സമ്മതിക്കുന്നു. എന്നാൽ വീടിന്റെ ഭാഗങ്ങൾ മാത്രമല്ല വീടു മുഴുവൻ വൃത്തിയായിരിക്കുകയെന്നത് മൂല്യവത്തായ ഒരു ലാക്കെങ്കിലുമല്ലയോ?
വൃത്തിഹീനമായ അവസ്ഥകൾക്ക് വീട്ടുടമയെ പഴിചാരുന്നതും ശരിയായിരിക്കയില്ല. പണ്ടേ പെയിൻറിംഗ് നടത്തേണ്ടതായിരുന്നിരിക്കാം, എന്നാൽ ചുവരുകൾ കഴുകുകയെങ്കിലും ചെയ്യാൻപാടില്ലായിരുന്നെന്ന് അതിനർത്ഥമില്ല. വാടക കുറക്കുന്നപക്ഷം വീടിന്റെ അററകുററപ്പണിയിൽ ചിലതു നിങ്ങൾക്കുതന്നെ ചെയ്യാമെന്ന് മുതലാളിയുമായി ഇടപാടുചെയ്യാൻ കഴിഞ്ഞേക്കും.
നിങ്ങൾ വെല്ലുവിളിയെ നേരിടുമോ?
“ഞാൻ അത് ആദ്യം വിശ്വസിച്ചില്ല,” ജോസഫ് എന്നു പേരുള്ള ഒരു ആഫ്രിക്കൻകുടുംബത്തലവൻ സമ്മതിച്ചുപറയുന്നു. അയാൾ ശുചിത്വം എന്ന വിഷയത്തെ ആസ്പദിച്ചു കേട്ട ഒരു ബൈബിൾ പ്രസംഗത്തെ പരാമർശിക്കുന്നു. അയാളുടെ കുടുംബം തടികൊണ്ടുള്ള ഒരു ചെറിയ വീട്ടിലാണ് താമസിക്കുന്നത്, ഒരു ഡസനോളം അയൽക്കാർ ചുററും തിങ്ങിപ്പാർക്കുന്നുമുണ്ട്. അതിന് ഒരു പൊതു കക്കൂസാണുള്ളത്, കല്ലുപാകാത്ത നടപ്പാതയും. എന്നിരുന്നാലും, ജോസഫും അയാളുടെ കുടുംബവും തങ്ങളുടെ ഭവനത്തിൽ ഈ തത്വങ്ങൾ പ്രായോഗികമാക്കാൻ ശ്രമിച്ചു. “എന്റെ കുട്ടികൾ ഇപ്പോൾ ചെരിപ്പുപയോഗിക്കുന്നു. ഞങ്ങൾ പാദങ്ങൾ തുടക്കുന്നു. ഞങ്ങൾ സോപ്പും വെള്ളവുംകൊണ്ട് ഞങ്ങളുടെ കൈകൾ കഴുകുന്നു, മററു ശുചീകരണ മുൻകരുതലുകളും സ്വീകരിക്കുന്നു,” ജോസഫ് പറയുകയാണ്. ഫലമെന്താണ്? “ഞാൻ അതിശയിച്ചുപോയി. കുട്ടികൾക്ക് കൂടെക്കൂടെ രോഗമുണ്ടാകുന്നില്ല, ഞങ്ങൾക്ക് ഈ ആശുപത്രിച്ചെലവുകളൊന്നും മേലാൽ ഉണ്ടാകുന്നില്ല.”
അതുകൊണ്ട് വികസ്വരരാജ്യങ്ങളിലെ മാതാപിതാക്കൾക്ക് താരതമ്യേന കുറഞ്ഞ ചെലവിലും ശ്രമത്താലും തങ്ങളുടെ ഭവനങ്ങളെ ഭദ്രമാക്കാനും തങ്ങൾക്കും കുട്ടികൾക്കും വേണ്ടി സ്ഥലങ്ങൾ വൃത്തിയാക്കിയിടാനും കഴിയും. പ്രസ്പഷ്ടമായി, വികസ്വരരാജ്യങ്ങളിലെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വളരെക്കൂടുതൽ ചെയ്യേണ്ടതുണ്ട്. വൻതോതിലുള്ള ശ്രമങ്ങൾ വിജയപ്രദമാകുമെന്നു വിശ്വസിക്കാൻ കാരണമുണ്ടോ? (g88 9/22)
[9-ാം പേജിലെ ആകർഷകവാക്യം]
സോപ്പിനും കീടനാശിനിക്കും മെഴുകിനും എലിക്കെണിക്കും ചവററുകുട്ടക്കും പണമാവശ്യമാണ്, എന്നാൽ ഡോക്ടറുടെ ബില്ലുകളോളം വേണ്ട
[10-ാം പേജിലെ ചതുരം]
വൃത്തിയുള്ള, ആരോഗ്യപ്രദമായ, ഒരു ഭവനം—ഒരു പരിശോധനാപട്ടിക
കക്കൂസ്:
ഉപയോഗത്തിനുശേഷം വെള്ളം ഒഴിച്ചു വൃത്തിയാക്കുക
ആഴക്കൂടുതലുള്ള കക്കൂസിൽ കീടങ്ങൾക്കെതിരെ രാസവസ്തുക്കൾ ഉപയോഗിക്കുക
കക്കൂസ് ഉപയോഗിച്ചശേഷം കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച്കഴുകുക
കക്കൂസിലെ ഇരിപ്പിടവും ബൗളും സിങ്കും കക്കൂസ് മുറിയിലെ മററ് ഐററങ്ങളും അണുനാശിനികൾ ഉപയോഗിച്ച് ക്രമമായി കഴുകുക
അടുക്കള:
ഭക്ഷണം പാകംചെയ്യുന്നതിനും വിളമ്പുന്നതിനും മുമ്പ് സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുക
ഉച്ഛിഷ്ടങ്ങൾ അടപ്പുള്ള വീപ്പകളിൽ ഇടുക; അവ ക്രമമായി നീക്കംചെയ്യുക
ഉപകരണങ്ങൾ രാത്രിമുഴുവൻ കഴുകാതെ വെക്കരുത്
സസ്യങ്ങളും പഴവും ഉപയോഗിക്കുന്നതിനുമുമ്പ് നന്നായി കഴുകുക
പാചകം പുറത്താണ് നിർവഹിക്കുന്നതെങ്കിൽ പ്ലേററുകളും ഉപകരണങ്ങളും നിലത്തു തൊട്ടു കിടക്കാൻ അനുവദിക്കരുത്. പൊടി ആഹാരത്തിലേക്ക് അടിച്ചുകയറാൻ അനുവദിക്കരുത്
തറയുടെ മൂലകളും അലമാരകളും വാരംതോറും വൃത്തിയാക്കുക
മുലക്കുപ്പികൾ ചൂടുവെള്ളത്തിൽ കഴുകുക
വെള്ളം മലിനമായിരിക്കുന്നിടത്ത് കുടിവെള്ളം തിളപ്പിക്കുക
ഭവനം:
അലക്കാനുള്ള മുഷിഞ്ഞ തുണികൾ ഒരു കൊട്ടയിലൊ പാത്രത്തിലൊ ഇടുക
ശുദ്ധജലത്തിൽ തുണികൾ ക്രമമായി കഴുകുക
തടിക്കതകുകളും തറകളും ഗൃഹോപകരണങ്ങളും കാലികമായി മെഴുകിടുക
ചുവരുകളും കതകുകളും ലൈററ് സ്വിച്ചുകളും നന്നായി മിനുക്കിയിടുക
ജനാലകൾ കഴുകുക
എലിനശീകരണം നടത്തുക; പാററാകളെയും മററു പ്രാണികളെയും കൊല്ലുക
മൂട്ടകളെയും മററു കീടങ്ങളെയും നശിപ്പിക്കാൻ കിടക്ക കാലികമായി പരിശോധിക്കുക
പാദങ്ങൾ വൃത്തിയാക്കാൻ ഒരു ചകിരിമെത്തയോ നനഞ്ഞ പഴന്തുണിയോ വാതുക്കൽ ഇട്ടേക്കുക
ചുവരുകളിലും കതകുകളിലുമുള്ള ദ്വാരങ്ങളും തറകളിലെ വിള്ളലുകളും അടയ്ക്കുക
ജനലുകളുടെ പൊട്ടിയ കണ്ണാടിച്ചില്ലുകൾ മാററിവെക്കുക
കീറിയ മെത്തകളും കുഷ്യൻഫർണിച്ചറുകളും കേടുപോക്കുക
പുറത്ത്:
ചപ്പുചവറുകൾ കുഴിച്ചുമൂടുകയോ ദഹിപ്പിക്കുകയോ ചെയ്യുക
മനുഷ്യമലവും മൃഗങ്ങളുടെ വിസർജ്ജനങ്ങളും നീക്കംചെയ്യുകയോ കുഴിച്ചുമൂടുകയോ ചെയ്യുക
മലിനവസ്തുക്കൾ മുററത്തുകൂടെ ഒഴുകാതെ ഒരു ഓട കുഴിച്ച് തിരിച്ചുവിടുക
[11-ാം പേജിലെ ചതുരം]
നിങ്ങളുടെ കുടുംബത്തെ പഠിപ്പിക്കുക:—പരിസരശുചീകരണത്തിന് ചെയ്യേണ്ടതും ചെയ്യരുതാത്തതും
ഒരു വീട്ടിലോ മററു കെട്ടിടങ്ങളിലോ പ്രവേശിക്കുമ്പോൾ പാദങ്ങൾ തുടക്കുക
ഷൂസുകളോ ചെരിപ്പുകളോ ധരിക്കുക
ഉപയോഗിച്ചശേഷം കക്കൂസിൽ വെള്ളമൊഴിക്കുക
കക്കൂസ് ഉപയോഗിച്ചശേഷവും ഭക്ഷണംകഴിക്കുന്നതിനു മുമ്പും സോപ്പും വെള്ളവും കൊണ്ടു കൈകൾ കഴുകുക
ഒലിക്കുന്ന മൂക്ക് തുടക്കുക
തറയിലിരിക്കുമ്പോൾ ഷർട്ടോ ട്രൗസറുകളോ എന്തെങ്കിലും വസ്ത്രമോ ധരിക്കുക
താഴെ പറയുന്നവയിൽ തൊടരുത്:
കാഷ്ഠങ്ങൾ
എലികൾ
പാററാകൾ
ചപ്പുചവറുകൾ
അലഞ്ഞുനടക്കുന്ന പട്ടികൾ