അധ്യായം 11
ഇവ അന്ത്യനാളുകൾ ആകുന്നു!
1. ലോകരംഗത്തെക്കുറിച്ചു വിചിന്തനംചെയ്യുമ്പോൾ അനേകർ ഏറെക്കുറെ ഭ്രമിച്ചുപോകുന്നത് എന്തുകൊണ്ട്, എന്നാൽ ലോകസംഭവങ്ങളുടെ ഒരു വിശ്വസനീയമായ വിശദീകരണം എവിടെ കണ്ടെത്താൻ കഴിയും?
നമ്മുടെ പ്രക്ഷുബ്ധമായ ലോകം ഈ അവസ്ഥയിലായത് എങ്ങനെയാണ്? നമ്മുടെ പോക്ക് എങ്ങോട്ടാണ്? നിങ്ങൾ എന്നെങ്കിലും ഇത്തരം ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടോ? അനേകർ ലോകരംഗത്തെ വീക്ഷിക്കുമ്പോൾ ഏറെക്കുറെ ഭ്രമിച്ചുപോകുകയാണ്. യുദ്ധം, രോഗം, കുററകൃത്യം എന്നിങ്ങനെയുളള യാഥാർഥ്യങ്ങൾ, ഭാവി എന്തു കൈവരുത്തുമെന്ന് ആളുകൾ ആശ്ചര്യപ്പെടാനിടയാക്കുന്നു. ഗവൺമെൻറ് നേതാക്കൾ പ്രത്യാശയൊന്നും നൽകുന്നില്ല. എന്നിരുന്നാലും, അസഹ്യപ്പെടുത്തുന്ന ഈ നാളുകളെ സംബന്ധിച്ച ആശ്രയയോഗ്യമായ ഒരു വിശദീകരണം ദൈവത്തിൽനിന്ന് അവന്റെ വചനത്തിൽ ലഭ്യമാണ്. കാലത്തിന്റെ നീരൊഴുക്കിൽ നാം എവിടെയാണെന്നു കാണാൻ ബൈബിൾ വിശ്വസനീയമായ ഒരു വിധത്തിൽ നമ്മെ സഹായിക്കുന്നു. നാം ഇപ്പോഴത്തെ വ്യവസ്ഥിതിയുടെ ‘അന്ത്യനാളുകളിൽ’ ആണെന്ന് അതു നമ്മെ കാണിച്ചുതരുന്നു.—2 തിമോത്തി 3:1, NW.
2. യേശുവിനോട് അവന്റെ ശിഷ്യൻമാർ എന്തു ചോദ്യം ചോദിച്ചു, അവൻ എങ്ങനെ മറുപടി പറഞ്ഞു?
2 ദൃഷ്ടാന്തത്തിന്, തന്റെ ശിഷ്യൻമാർ ഉന്നയിച്ച ചില ചോദ്യങ്ങൾക്കു യേശു കൊടുത്ത ഉത്തരം പരിചിന്തിക്കുക. യേശു മരിച്ചതിനു മൂന്നു ദിവസം മുമ്പ് “നിന്റെ വരവിന്നും ലോകാവസാനത്തിന്നുംa [“നിന്റെ സാന്നിധ്യത്തിനും വ്യവസ്ഥിതിയുടെ സമാപനത്തിനും,” NW] അടയാളം എന്തു?” എന്ന് അവർ അവനോടു ചോദിച്ചു. (മത്തായി 24:3) മറുപടിയായി, ഈ ഭക്തികെട്ട വ്യവസ്ഥിതി അതിന്റെ അന്ത്യനാളുകളിൽ പ്രവേശിച്ചിരിക്കുന്നുവെന്നു വ്യക്തമായി പ്രകടമാക്കുന്ന പ്രത്യേക ലോകസംഭവങ്ങളെയും സാഹചര്യങ്ങളെയും കുറിച്ചു യേശു പറഞ്ഞു.
3. യേശു ഭരിക്കാൻ തുടങ്ങിയപ്പോൾ ഭൂമിയിലെ അവസ്ഥകൾ കൂടുതൽ വഷളായത് എന്തുകൊണ്ട്?
3 മുൻ അധ്യായത്തിൽ പ്രകടമാക്കിയിരിക്കുന്നതുപോലെ, ദൈവരാജ്യം ഇപ്പോൾത്തന്നെ ഭരിക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന നിഗമനത്തിലേക്കു ബൈബിൾകാലഗണന നയിക്കുന്നു. എന്നാൽ അത് എങ്ങനെ സത്യമാവും? കാര്യങ്ങൾ മെച്ചപ്പെടുകയല്ല, കൂടുതൽ വഷളായിരിക്കുകയാണ്. യഥാർഥത്തിൽ, ഇതു ദൈവരാജ്യം ഭരിച്ചുതുടങ്ങിയിരിക്കുന്നു എന്നതിന്റെ ശക്തമായ ഒരു സൂചനയാണ്. എന്തുകൊണ്ട്? ശരി, യേശു കുറേ കാലത്തേക്ക് തന്റെ ‘ശത്രുക്കളുടെ മദ്ധ്യേ’ ഭരിക്കുമെന്നു സങ്കീർത്തനം 110:2 നമ്മെ അറിയിക്കുന്നു. തീർച്ചയായും സ്വർഗീയ രാജാവെന്ന നിലയിൽ അവന്റെ ആദ്യപ്രവൃത്തി സാത്താനെയും അവന്റെ ഭൂത ദൂതൻമാരെയും ഭൂമിയുടെ പരിസരത്തിലേക്കു ചുഴററിയെറിയുക എന്നതായിരുന്നു. (വെളിപ്പാടു 12:9) ഫലമെന്തായിരുന്നു? അതു വെളിപ്പാടു 12:12 മുൻകൂട്ടിപ്പറഞ്ഞതുതന്നെയായിരുന്നു: “ഭൂമിക്കും സമുദ്രത്തിന്നും അയ്യോ കഷ്ടം; പിശാചു തനിക്കു അല്പകാലമേയുളളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.” നാം ഇപ്പോൾ ആ “അല്പകാല”ത്താണു ജീവിക്കുന്നത്.
4. അന്ത്യനാളുകളുടെ ചില സവിശേഷതകൾ ഏവ, അവ എന്തു സൂചിപ്പിക്കുന്നു? (ചതുരം കാണുക.)
4 അതുകൊണ്ട്, തന്റെ സാന്നിധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും അടയാളം എന്തായിരിക്കുമെന്നു യേശുവിനോടു ചോദിച്ചപ്പോൾ അവന്റെ ഉത്തരം ഗൗരവാവഹമായിരുന്നത് അതിശയമല്ല. അടയാളത്തിന്റെ വിവിധ ഘടകങ്ങൾ 102-ാം പേജിലെ ചതുരത്തിൽ കാണപ്പെടുന്നു. നിങ്ങൾക്കു കാണാൻ കഴിയുന്നതുപോലെ, അന്ത്യനാളുകൾ സംബന്ധിച്ച കൂടുതലായ വിശദാംശങ്ങൾ ക്രിസ്തീയ അപ്പോസ്തലൻമാരായ പൗലോസും പത്രോസും യോഹന്നാനും നൽകുന്നു. അടയാളത്തിന്റെയും അന്ത്യനാളുകളുടെയും മിക്ക സവിശേഷതകളിലും അസഹ്യപ്പെടുത്തുന്ന സ്ഥിതിവിശേഷങ്ങൾ ഉൾപ്പെടുന്നു എന്നതു സത്യംതന്നെ. എന്നിരുന്നാലും, ഈ പ്രവചനങ്ങളുടെ നിവൃത്തി ഈ ദുഷ്ടവ്യവസ്ഥിതി അവസാനത്തോട് അടുത്തിരിക്കുകയാണെന്നു നമ്മെ ബോധ്യപ്പെടുത്തേണ്ടതാണ്. അന്ത്യനാളുകളുടെ ചില മുഖ്യ സവിശേഷതകളെ നമുക്കൊന്നു സൂക്ഷ്മമായി പരിശോധിക്കാം.
അന്ത്യനാളുകളുടെ സവിശേഷതകൾ
5, 6. യുദ്ധത്തെയും ക്ഷാമത്തെയും കുറിച്ചുളള പ്രവചനങ്ങൾ നിവൃത്തിയേറിക്കൊണ്ടിരിക്കുന്നത് എങ്ങനെ?
5 “ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും.” (മത്തായി 24:7; വെളിപ്പാടു 6:4) “ഭൂമിയിൽ നടന്നിട്ടുളളതിലേക്കും ഏററവും വലുതും ഹിംസാത്മകവും അവ്യവസ്ഥിതവുമായ കശാപ്പ്” എന്ന് ഒന്നാം ലോകമഹായുദ്ധത്തെ എഴുത്തുകാരനായ ഏണസ്ററ് ഹെമിംഗ്വേ വിളിച്ചു. ലോകം ഉരുക്കുമൂശയിൽ 1914-1919 (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ പറയുന്നതനുസരിച്ച് “ഇതു യുദ്ധത്തിന്റെ ഒരു പുതിയ വ്യാപ്തിയായിരുന്നു, മനുഷ്യവർഗത്തിന്റെ അനുഭവത്തിൽ ആദ്യത്തെ സമഗ്രയുദ്ധം. അതിന്റെ ദൈർഘ്യവും തീവ്രതയും തോതും മുമ്പ് അറിയപ്പെട്ടിട്ടുളളതോ പൊതുവേ പ്രതീക്ഷിച്ചിട്ടുളളതോ ആയ എന്തിനെയും കവിഞ്ഞുപോയി.” പിന്നെ രണ്ടാം ലോകമഹായുദ്ധം നടന്നു, അത് ഒന്നാം ലോകമഹായുദ്ധത്തെക്കാൾ വളരെയധികം വിനാശകമായിരുന്നു. “യന്ത്രത്തോക്ക്, ടാങ്ക്, ബി-52 പോർവിമാനം, ആണവബോംബ് എന്നിവയും ഒടുവിൽ മിസൈലും ഇരുപതാം നൂററാണ്ടിനുമേൽ ആധിപത്യം പുലർത്തിയിരിക്കുന്നു. മററ് ഏതൊരു യുഗത്തിലും നടന്നിട്ടുളളതിനെക്കാൾ രക്തപങ്കിലവും വിനാശകവുമായ യുദ്ധങ്ങൾ അതിന്റെ കുറിയടയാളമായിരിക്കുന്നു” എന്നു ചരിത്ര പ്രൊഫസറായ ഹ്യൂ തോമസ് പറയുന്നു. ശീതസമരം അവസാനിച്ചതിനുശേഷം നിരായുധീകരണത്തെക്കുറിച്ചു വളരെയധികം സംസാരമുണ്ടായിട്ടുണ്ടെന്നുളളതു സത്യം. എന്നാലും, നിർദിഷ്ടമായ വെട്ടിച്ചുരുക്കലുകൾക്കുശേഷവും 10,000 മുതൽ 20,000 വരെ യുദ്ധശീർഷകങ്ങൾ—രണ്ടാം ലോകമഹായുദ്ധത്തിൽ ഉപയോഗിച്ച സ്ഫോടനശക്തിയെക്കാൾ 900-ത്തിൽപ്പരം ഇരട്ടി—ബാക്കിനിൽക്കുമെന്ന് ഒരു റിപ്പോർട്ടു കണക്കാക്കുന്നു.
6 ‘ക്ഷാമം ഉണ്ടാകും.’ (മത്തായി 24:7; വെളിപ്പാടു 6:5, 6, 8) 1914-നുശേഷം കുറഞ്ഞത് 20 വലിയ ക്ഷാമങ്ങൾ ഉണ്ടായിട്ടുണ്ട്. ക്ഷാമബാധിതപ്രദേശങ്ങളിൽ ഇന്ത്യ, എത്യോപ്യ, കംബോഡിയ, ഗ്രീസ്, ചൈന, നൈജീരിയ, ബറുണ്ടി, ബംഗ്ലാദേശ്, സുഡാൻ, സൊമാലിയ, റഷ്യ, റുവാണ്ട എന്നിവ ഉൾപ്പെടുന്നു. എന്നാൽ ക്ഷാമം ഉണ്ടാകുന്നത് എല്ലായ്പോഴും ഭക്ഷ്യവസ്തുക്കളുടെ കുറവുകൊണ്ടല്ല. “ലോക ഭക്ഷ്യലഭ്യത സമീപ ദശകങ്ങളിൽ ലോകജനസംഖ്യയെക്കാൾ വേഗത്തിൽ വർധിച്ചിരിക്കുന്നു” എന്നു കാർഷിക ശാസ്ത്രജ്ഞരുടെയും സാമ്പത്തിക വിദഗ്ധരുടെയും ഒരു സംഘം നിഗമനം ചെയ്തു. “എന്നാൽ കുറഞ്ഞപക്ഷം 80 കോടി ആളുകൾ കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്നതിനാൽ . . . സ്ഥായിയായ വികലപോഷണത്തിൽനിന്നു തങ്ങളെ കരകയററാൻ ഈ സമൃദ്ധിയിൽനിന്നു വേണ്ടത്ര വിലകൊടുത്തു വാങ്ങാൻ അവർ അപ്രാപ്തരാണ്.” മററു സ്ഥലങ്ങളിൽ രാഷ്ട്രീയ ഇടപെടലാണ് ഉൾപ്പെട്ടിരിക്കുന്നത്. തങ്ങളുടെ രാജ്യങ്ങൾ വമ്പിച്ച അളവിൽ ഭക്ഷ്യവസ്തുക്കൾ കയററി അയച്ചുകൊണ്ടിരുന്നപ്പോൾ ആയിരങ്ങൾ പട്ടിണി കിടന്നതിന്റെ രണ്ടു ദൃഷ്ടാന്തങ്ങൾ ടൊറന്റൊ യൂണിവേഴ്സിററിയിലെ ഡോ. അബ്ദൽ ഗാലീൽ എൽമെക്കി ഉദ്ധരിക്കുന്നു. ഗവൺമെൻറുകൾ അവയുടെ പൗരൻമാരെ പോററുന്നതിലുപരി യുദ്ധങ്ങൾക്കു പണം ചെലവഴിക്കാൻ വിദേശനാണയം വർധിപ്പിക്കുന്നതിൽ കൂടുതൽ തത്പരരായിരിക്കുന്നതായി തോന്നി. ഡോ. എൽമെക്കിയുടെ നിഗമനമോ? ക്ഷാമം മിക്കപ്പോഴും “വിതരണത്തിന്റെയും ഗവൺമെൻറു നയത്തിന്റെയും പ്രശ്നമാണ്.”
7. ഇന്ന് പകർച്ചവ്യാധികളെക്കുറിച്ചുളള വസ്തുതകൾ എന്താണ്?
7 ‘പകർച്ചവ്യാധികൾ.’ (ലൂക്കോസ് 21:11, NW; വെളിപ്പാടു 6:8) 1918-19-ലെ സ്പാനീഷ് ഇൻഫ്ളുവൻസാ 2 കോടി 10 ലക്ഷം ജീവനെങ്കിലും അപഹരിച്ചു. “ചരിത്രത്തിൽ ഇത്ര പെട്ടെന്ന് ഇത്രയധികം മനുഷ്യരുടെ കഥകഴിച്ച ഒരു കൊലയാളിയാൽ ലോകം ഒരിക്കലും കെടുതിയനുഭവിച്ചിട്ടില്ല” എന്നു വലിയ സാംക്രമിക രോഗം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ഏ. എ. ഹോയലിങ് എഴുതുന്നു. ഇന്നു പകർച്ചവ്യാധികൾ അനിയന്ത്രിതമായി വ്യാപകമായിരിക്കുകയാണ്. ഓരോ വർഷവും കാൻസർ അമ്പതു ലക്ഷം ആളുകളെ കൊല്ലുന്നു. അതിസാര രോഗങ്ങൾ മുപ്പതു ലക്ഷത്തിൽപ്പരം ശിശുക്കളുടെയും കുട്ടികളുടെയും ജീവൻ അപഹരിക്കുന്നു. ക്ഷയം മുപ്പതു ലക്ഷം പേരെ കൊല്ലുന്നു. ശ്വസനസംബന്ധമായ രോഗബാധകൾ, മുഖ്യമായി ന്യുമോണിയ, അഞ്ചു വയസ്സിൽ താഴെയുളള 35 ലക്ഷം കുട്ടികളെ വർഷംതോറും കൊല്ലുന്നു. അതിശയിപ്പിക്കുന്ന സംഖ്യയായ 250 കോടി—ലോക ജനസംഖ്യയുടെ പകുതി—അപര്യാപ്തമായ അല്ലെങ്കിൽ മലിനമായ ജലത്തിൽനിന്നും മോശമായ ശുചീകരണത്തിൽനിന്നും ഉണ്ടാകുന്ന രോഗങ്ങൾനിമിത്തം കഷ്ടപ്പെടുന്നു. മമനുഷ്യന്റെ ഗണ്യമായ വൈദ്യശാസ്ത്ര നേട്ടങ്ങളുണ്ടായിരുന്നിട്ടും അവൻ പകർച്ചവ്യാധികളെ ഉൻമൂലനം ചെയ്യാൻ പ്രാപ്തനല്ലെന്നുളളതിനെ കൂടുതലായി അനുസ്മരിപ്പിക്കുന്നതാണ് എയ്ഡ്സ്.
8. ആളുകൾ ‘പണസ്നേഹികൾ’ ആണെന്നു തെളിയുന്നത് എങ്ങനെ?
8 ‘മനുഷ്യർ പണസ്നേഹികൾ ആയിരിക്കും.’ (2 തിമൊഥെയൊസ് 3:2) ലോകത്തിനു ചുററുമുളള രാജ്യങ്ങളിൽ ആളുകൾക്കു തൃപ്തിയാകാത്ത ധനമോഹം ഉളളതായി തോന്നുന്നു. മിക്കപ്പോഴും ഒരുവന്റെ ശമ്പളത്തിന്റെ കൊഴുപ്പു നോക്കി “വിജയ”വും സ്വത്തുക്കളുടെ വലുപ്പം നോക്കി “നേട്ട”വും വിലയിരുത്തുന്നു. “ഭൗതികത്വം അടുത്ത പതിററാണ്ടിൽ അമേരിക്കൻ സമൂഹത്തെ നയിക്കുന്ന പ്രേരകശക്തികളിലൊന്നായും . . .ഒപ്പം മററു മുഖ്യ വിപണികളിലെ പ്രാധാന്യമേറുന്ന ഒരു സ്വാധീനശക്തിയായും തുടരും,” ഒരു പരസ്യ ഏജൻസിയുടെ വൈസ് പ്രസിഡണ്ട് പ്രഖ്യാപിച്ചു. നിങ്ങൾ ജീവിക്കുന്നടത്ത് ഇതു സംഭവിക്കുന്നുണ്ടോ?
9. മുൻകൂട്ടിപ്പറയപ്പെട്ട മാതാപിതാക്കളോടുളള അനുസരണക്കേടിനെക്കുറിച്ച് എന്തു പറയാൻ കഴിയും?
9 ‘അമ്മയപ്പൻമാരെ അനുസരിക്കാത്തവർ.’ (2 തിമൊഥെയൊസ് 3:2) ഒട്ടനവധി കുട്ടികൾ ആദരവില്ലാത്തവരും അനുസരണംകെട്ടവരും ആണെന്നുള്ളതിന് ഇക്കാലത്തെ മാതാപിതാക്കൾക്കും അധ്യാപകർക്കും മറ്റുള്ളവർക്കും നേരിട്ടുള്ള തെളിവുണ്ട്. ഈ ചെറുപ്പക്കാരിൽ ചിലർ ഒന്നുകിൽ തങ്ങളുടെ മാതാപിതാക്കളുടെ ദുഷ്പെരുമാററത്തോടു പ്രതികരിക്കുകയാണ് അല്ലെങ്കിൽ അതിനെ അനുകരിക്കുകയാണ്. കുട്ടികളുടെ വർധിച്ചുകൊണ്ടിരിക്കുന്ന സംഖ്യയ്ക്കു സ്കൂളിലും നിയമത്തിലും മതത്തിലും തങ്ങളുടെ മാതാപിതാക്കളിലും വിശ്വാസം നഷ്ടപ്പെടുകയാണ്—അവർ മത്സരിക്കുകയുമാണ്. “ഒരു പ്രവണതയെന്നോണം അവർക്ക് എന്തിനോടും തീരെ കുറഞ്ഞ ആദരവേ ഉളളുവെന്നു തോന്നുന്നു” എന്ന് ജ്ഞാനവൃദ്ധനായ ഒരു അധ്യാപകൻ പറയുന്നു. എന്നിരുന്നാലും, ദൈവഭയമുളള ഒട്ടനവധി കുട്ടികൾ മാതൃകായോഗ്യമായ പെരുമാററമുളളവരാണെന്നുളളതു സന്തോഷകരംതന്നെ.
10, 11. ആളുകൾ ഉഗ്രൻമാരും സ്വാഭാവികപ്രിയമില്ലാത്തവരുമാണെന്നുളളതിന് എന്തു തെളിവുണ്ട്?
10 ‘ഉഗ്രൻമാർ.’ (2 തിമൊഥെയൊസ് 3:3) ‘ഉഗ്രൻമാർ’ എന്നു വിവർത്തനം ചെയ്തിരിക്കുന്ന ഗ്രീക്ക് പദത്തിന്റെ അർഥം ‘ഇണങ്ങാത്ത, കാടനായ, മാനുഷികമായ സഹതാപവും സമാനുഭാവവും ഇല്ലാത്ത’ എന്നാണ്. ഇത് ഇന്നു കാണുന്ന അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവർക്ക് എത്ര നന്നായി യോജിക്കുന്നു! “അനുദിന വാർത്തകൾ വായിക്കുന്നതിന് ഒരുവന് ഉരുക്കുഹൃദയം വേണ്ടിവരുമാറു ജീവിതം അത്ര വേദനാജനകവും ഭീകരതകൊണ്ടു രക്തപങ്കിലവുമാണ്” എന്ന് ഒരു മുഖപ്രസംഗത്തിൽ പറയുന്നു. അനേകം യുവജനങ്ങൾ തങ്ങളുടെ പ്രവർത്തനങ്ങളുടെ പരിണതഫലങ്ങൾ സംബന്ധിച്ചു കണ്ണടച്ചുകളയുകയാണെന്ന് ഒരു ബഹുനില ഫ്ളാററിന്റെ സുരക്ഷയുടെ ചുമതല വഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ കുറിക്കൊളളുകയുണ്ടായി. അദ്ദേഹം പറഞ്ഞു: “‘എനിക്കു ഭാവിയെക്കുറിച്ച് അറിയില്ല. എനിക്ക് ഇന്നു വേണ്ടതു ഞാൻ നേടും’ എന്ന ഒരു വിചാരമാണുളളത്.”
11 ‘വാത്സല്യമില്ലാത്തവർ.’ (2 തിമൊഥെയൊസ് 3:3) ഈ പദപ്രയോഗം “ദയയില്ലാത്ത, മനുഷ്യത്വമില്ലാത്ത” എന്നർഥമുളളതും “സ്വാഭാവിക കുടുംബപ്രിയമില്ലായ്മയെ” സൂചിപ്പിക്കുന്നതുമായ ഒരു ഗ്രീക്ക് പദത്തിൽനിന്നു വിവർത്തനം ചെയ്തിരിക്കുന്നതാണ്. (നവീന സാർവദേശീയ പുതിയനിയമ ദൈവശാസ്ത്ര നിഘണ്ടു, ഇംഗ്ലീഷ്) അതേ, വാത്സല്യം തഴച്ചുവളരേണ്ട ചുററുപാടിൽ—ഭവനത്തിൽതന്നെ—അതു മിക്കപ്പോഴും കാണുന്നില്ല. വിവാഹിത ഇണകളോടും കുട്ടികളോടും പ്രായമുളള മാതാപിതാക്കളോടുപോലുമുളള ദുഷ്പെരുമാററത്തിന്റെ റിപ്പോർട്ടുകൾ അസഹ്യപ്പെടുത്തുംവിധം സാധാരണമായിരിക്കയാണ്. ഒരു ഗവേഷണ സംഘം ഇങ്ങനെ അഭിപ്രായപ്പെട്ടു: “നമ്മുടെ സമൂഹത്തിൽ മറെറവിടത്തേതിലുമധികമായി മനുഷ്യ അക്രമം—ഒരു തട്ടോ ഒരു തളേളാ ഒരു പിച്ചാത്തിപ്രയോഗമോ വെടിവെയ്പോ എന്തുമായിക്കൊളളട്ടെ—കൂടെക്കൂടെ നടക്കുന്നതു കുടുംബവൃത്തത്തിലാണ്.”
12. ആളുകൾക്കു ദൈവഭക്തിയുടെ ഒരു വേഷം മാത്രമേ ഉളളുവെന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
12 ‘ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവർ.’ (2 തിമൊഥെയൊസ് 3:5) ജീവിതത്തെ മെച്ചപ്പെടുത്താനുളള ശക്തി ബൈബിളിനുണ്ട്. (എഫെസ്യർ 4:22-24) എന്നിരുന്നാലും, ഇന്ന് അനേകർ ദൈവത്തെ അപ്രീതിപ്പെടുത്തുന്ന അനീതിപ്രവൃത്തികൾ ചെയ്യുന്നതിന് ഒരു മറയായി തങ്ങളുടെ മതത്തെ ഉപയോഗിക്കുകയാണ്. വ്യാജം പറച്ചിൽ, മോഷണം, ലൈംഗിക ദുർന്നടത്ത എന്നിവയുടെ നേരെ മതനേതാക്കൾ മിക്കപ്പോഴും കണ്ണടയ്ക്കുന്നു. അനേകം മതങ്ങൾ സ്നേഹം പ്രസംഗിക്കുന്നുവെങ്കിലും യുദ്ധത്തെ പിന്താങ്ങുന്നു. “പരമോന്നത സ്രഷ്ടാവിന്റെ നാമത്തിൽ മനുഷ്യജീവികൾ തങ്ങളുടെ സഹമനുഷ്യർക്കെതിരെ അത്യന്തം മ്ലേച്ഛമായ ക്രൂരതകൾ പ്രവർത്തിച്ചിരിക്കുന്നു” എന്ന് ഇന്ത്യാ ടുഡേ എന്ന മാസികയിലെ ഒരു മുഖപ്രസംഗം പ്രസ്താവിക്കുന്നു. യഥാർഥത്തിൽ, സമീപകാലത്തെ അത്യന്തം രക്തരൂഷിതമായ രണ്ടു പോരാട്ടങ്ങൾ—ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾ—ക്രൈസ്തവലോകത്തിന്റെ ഹൃദയത്തിൽത്തന്നെയാണു പൊട്ടിപ്പുറപ്പെട്ടത്.
13. ഭൂമി നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നതിന് എന്തു തെളിവുണ്ട്?
13 ‘ഭൂമിയെ നശിപ്പിക്കുന്നവർ.’ (വെളിപ്പാടു 11:18) ലോകമാസകലം, 104 നോബെൽ സമ്മാന വിജയികൾ ഉൾപ്പെടെ 1,600-ൽപ്പരം ശാസ്ത്രജ്ഞർ, ചിന്തയുളള ശാസ്ത്രജ്ഞരുടെ സംഘടന (യൂണിയൻ ഓഫ് കൺസേൺഡ് സയൻറിസ്ററ്സ്, യൂ സി എസ്) പുറപ്പെടുവിച്ച ഒരു മുന്നറിയിപ്പിനെ അംഗീകരിക്കുകയുണ്ടായി, അതിങ്ങനെ പ്രസ്താവിച്ചു: “മനുഷ്യരും പ്രകൃതിയും ഏററുമുട്ടലിന്റെ ഒരു ഗതിയിലാണ്. . . . ഭീഷണികൾ ഒഴിവാക്കാനുളള അവസരം നഷ്ടപ്പെടാൻ ഏതാനും ചില ദശകങ്ങളേ ശേഷിച്ചിട്ടുളളു.” ജീവനു ഭീഷണി ഉയർത്തുന്ന മമനുഷ്യന്റെ നടപടികൾ “നമുക്കറിവുളള രീതിയിൽ ജീവനെ നിലനിർത്താൻ ലോകത്തിനു കഴിയാത്ത വിധത്തിൽ അതിനു മാററം വരുത്തിയേക്കാം” എന്നു റിപ്പോർട്ടു പറഞ്ഞു. ഓസോൺവാതകശോഷണം, ജലമലിനീകരണം, വനനശീകരണം, മണ്ണിന്റെ ഉത്പാദനക്ഷമതയുടെ നഷ്ടം, അനേകം മൃഗ-സസ്യ ജാതികളുടെ വംശനാശം, എന്നിവ പരിഹാരം കാണേണ്ട അടിയന്തിരപ്രശ്നങ്ങളായി എടുത്തുപറയപ്പെട്ടു. “പരസ്പരാശ്രയമുളള ജീവജാലശൃംഖലക്കു തകരാറുവരുത്തുന്നതു വ്യാപകമായ ഭവിഷ്യത്തുകൾക്കു തിരികൊളുത്തിയേക്കാം; വളർച്ചാശാസ്ത്രം നമുക്കു മുഴുവനായി മനസ്സിലാകുന്നില്ലാത്ത ജൈവ വ്യൂഹങ്ങളുടെ തകർച്ചതന്നെ ഈ ഭവിഷ്യത്തുകളിൽ പെടുന്നു” എന്നു യൂ സി എസ് പറയുകയുണ്ടായി.
14. മത്തായി 24:14 നമ്മുടെ നാളിൽ നിവൃത്തിയായിക്കൊണ്ടിരിക്കുന്നുവെന്നു നിങ്ങൾക്ക് എങ്ങനെ തെളിയിക്കാൻ കഴിയും?
14 ‘രാജ്യത്തിന്റെ ഈ സുവിശേഷം ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും.’ (മത്തായി 24:14) രാജ്യത്തിന്റെ സുവാർത്ത സകല ജനതകൾക്കും സാക്ഷ്യമായി ഭൂവ്യാപകമായി പ്രസംഗിക്കപ്പെടുമെന്നു യേശു മുൻകൂട്ടിപ്പറഞ്ഞു. ദിവ്യസഹായത്തോടും അനുഗ്രഹത്തോടും കൂടെ ദശലക്ഷക്കണക്കിനു യഹോവയുടെ സാക്ഷികൾ സഹസ്രലക്ഷക്കണക്കിനു മണിക്കൂറുകൾ ഈ പ്രസംഗ, ശിഷ്യരാക്കൽ വേലക്കു വിനിയോഗിച്ചുകൊണ്ടിരിക്കുകയാണ്. (മത്തായി 28:19, 20) അതേ, തങ്ങൾ സുവാർത്ത ഘോഷിക്കുന്നില്ലെങ്കിൽ രക്തപാതകം വഹിക്കുമെന്നു സാക്ഷികൾ തിരിച്ചറിയുന്നുണ്ട്. (യെഹെസ്കേൽ 3:18, 19) എന്നാൽ ഓരോ വർഷവും ആയിരങ്ങൾ നന്ദിപൂർവം രാജ്യസന്ദേശത്തോടു പ്രതികരിച്ചുകൊണ്ടു സത്യക്രിസ്ത്യാനികൾ, അതായതു യഹോവയുടെ സാക്ഷികൾ, ആയി നിലയുറപ്പിക്കുന്നതിൽ അവർ സന്തോഷഭരിതരാകുന്നു. യഹോവയെ സേവിക്കുന്നതും അങ്ങനെ ദൈവപരിജ്ഞാനം പരത്തുന്നതും അവർണനീയമായ ഒരു പദവിയാണ്. ഈ സുവാർത്ത നിവസിതഭൂമിയിലെല്ലാം പ്രസംഗിക്കപ്പെട്ട ശേഷം ഈ ദുഷ്ട വ്യവസ്ഥിതിയുടെ അവസാനം വരും.
തെളിവിനോടു പ്രതികരിക്കുക
15. ഇപ്പോഴത്തെ ദുഷ്ടവ്യവസ്ഥിതി എങ്ങനെ അവസാനിക്കും?
15 ഈ വ്യവസ്ഥിതി എങ്ങനെ അവസാനിക്കും? വ്യാജമതലോകസാമ്രാജ്യമായ ‘മഹാബാബിലോന്റെ’മേൽ ഈ ലോകത്തിലെ രാഷ്ട്രീയഘടകം നടത്തുന്ന ഒരു ആക്രമണത്തോടെ തുടങ്ങുന്ന ഒരു “മഹോപദ്രവ”ത്തെക്കുറിച്ചു ബൈബിൾ മുൻകൂട്ടിപ്പറയുന്നു. (മത്തായി 24:21, NW; വെളിപാട് 17:5, 16, NW) ഈ കാലഘട്ടത്തിൽ “സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങൾ ആകാശത്തുനിന്നു വീഴും; ആകാശത്തിലെ ശക്തികൾ ഇളകിപ്പോകും” എന്നു യേശു പറഞ്ഞു. (മത്തായി 24:29) ഇത് അക്ഷരീയ ആകാശപ്രതിഭാസത്തെ സൂചിപ്പിച്ചേക്കാം. എങ്ങനെയായാലും, മതലോകത്തിലെ തിളങ്ങുന്ന വെളിച്ചങ്ങളെ തുറന്നുകാട്ടുകയും നീക്കിക്കളകയും ചെയ്യും. അപ്പോൾ ‘മാഗോഗ്ദേശത്തെ ഗോഗ്’ എന്നു വിളിക്കപ്പെടുന്ന സാത്താൻ യഹോവയുടെ ജനത്തിൻമേൽ സമഗ്രമായ ഒരു ആക്രമണം നടത്തുന്നതിനു ദുഷിച്ച മനുഷ്യരെ ഉപയോഗിക്കും. എന്നാൽ സാത്താൻ വിജയിക്കുകയില്ല, എന്തുകൊണ്ടെന്നാൽ ദൈവം അവരുടെ രക്ഷക്കെത്തും. (യെഹെസ്കേൽ 38:1, 2, 14-23) “മഹോപദ്രവം” “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധ”മായ അർമഗെദോനിൽ അതിന്റെ പാരമ്യത്തിലെത്തും. അതു സാത്താന്റെ ഭൗമികസ്ഥാപനത്തിന്റെ അവസാനത്തെ കണികയെയും നീക്കംചെയ്ത് അതിജീവിക്കുന്ന മനുഷ്യവർഗത്തിലേക്ക് അനന്തമായ അനുഗ്രഹങ്ങൾ പ്രവഹിക്കുന്നതിനുളള വഴി തുറക്കും.—വെളിപ്പാടു 7:9, 14, NW; 11:15; 16:14, 16; 21:3, 4.
16. അന്ത്യനാളുകളുടെ പ്രവചിക്കപ്പെട്ട സവിശേഷതകൾ നമ്മുടെ കാലത്തിനു ബാധകമാകുന്നുവെന്ന് നമുക്ക് എങ്ങനെ അറിയാം?
16 അവസാനനാളുകളെ വർണിക്കുന്ന പ്രവചനങ്ങളുടെ ചില സവിശേഷതകൾ ചരിത്രത്തിലെ മററു കാലഘട്ടങ്ങൾക്കു ബാധകമാകുന്നതായി തോന്നിയേക്കാം. എന്നാൽ എല്ലാംകൂടെ ചേരുമ്പോൾ മുൻകൂട്ടിപ്പറയപ്പെട്ട തെളിവുകൾ നമ്മുടെ നാളിനെ ചൂണ്ടിക്കാട്ടുന്നു. ദൃഷ്ടാന്തത്തിന്: ഒരു വ്യക്തിയുടെ വിരലടയാളരേഖകൾ മററു യാതൊരു വ്യക്തിയുടേതും ആയിരിക്കാൻ കഴിയാത്ത ഒരു രൂപമാതൃകയാണ്. അതുപോലെതന്നെ അന്ത്യനാളുകൾക്ക് അവയുടെ അടയാളങ്ങളുടെ അല്ലെങ്കിൽ സംഭവങ്ങളുടെ തനതായ മാതൃക ഉണ്ട്. ഇവ മറെറാരു കാലഘട്ടത്തിന്റേതുമായിരിക്കാൻ കഴിയാത്ത ഒരു “വിരലടയാള”ത്തിനു രൂപം നൽകുന്നു. ദൈവരാജ്യം ഇപ്പോൾ ഭരിക്കുന്നു എന്ന ബൈബിൾസൂചനകളോടൊത്തു പരിചിന്തിക്കുമ്പോൾ തെളിവ് ഇവ തീർച്ചയായും അന്ത്യനാളുകളാണ് എന്നു നിഗമനംചെയ്യുന്നതിനുളള ഒരു ഉറച്ച അടിസ്ഥാനം പ്രദാനം ചെയ്യുന്നു. തന്നെയുമല്ല, ഇപ്പോഴത്തെ ദുഷ്ടവ്യവസ്ഥിതി പെട്ടെന്നു നശിപ്പിക്കപ്പെടുമെന്നുളളതിനു വ്യക്തമായ തിരുവെഴുത്തുസാക്ഷ്യവുമുണ്ട്.
17. ഇവ അന്ത്യനാളുകളാണെന്നുളള അറിവ് നമ്മെ എന്തു ചെയ്യാൻ പ്രേരിപ്പിക്കണം?
17 ഇവ അന്ത്യനാളുകളാണെന്നുളളതിന്റെ തെളിവിനോടു നിങ്ങൾ എങ്ങനെ പ്രതികരിക്കും? ഇതു പരിചിന്തിക്കുക: ഉഗ്രവിനാശകമായ ഒരു കൊടുങ്കാററ് ആസന്നമാണെങ്കിൽ നാം താമസംവിനാ മുൻകരുതലുകൾ സ്വീകരിക്കുന്നു. ശരി, ഇപ്പോഴത്തെ വ്യവസ്ഥിതിക്കു സംഭവിക്കുമെന്നു ബൈബിൾ മുൻകൂട്ടിപ്പറയുന്നതു നമ്മെ പ്രവർത്തനത്തിനു പ്രേരിപ്പിക്കേണ്ടതാണ്. (മത്തായി 16:1-3) നാം ഈ ലോകവ്യവസ്ഥിതിയുടെ അന്ത്യനാളുകളിലാണു ജീവിക്കുന്നത് എന്നു നമുക്കു വ്യക്തമായി കാണാൻ കഴിയും. ഇതു ദൈവത്തിന്റെ പ്രീതി നേടുന്നതിന് ആവശ്യമായ ഏതു ക്രമീകരണങ്ങളും ചെയ്യുന്നതിനു നമ്മെ പ്രേരിപ്പിക്കണം. (2 പത്രൊസ് 3:3, 10-12) രക്ഷയുടെ കാര്യസ്ഥനായി തന്നേത്തന്നെ പരാമർശിച്ചുകൊണ്ടു യേശു അടിയന്തിരമായ ഈ ആഹ്വാനം മുഴക്കുന്നു: “നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. അതു സർവ്വഭൂതലത്തിലും വസിക്കുന്ന ഏവർക്കും വരും. ആകയാൽ ഈ സംഭവിപ്പാനുളള എല്ലാററിനും ഒഴിഞ്ഞുപോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നില്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന്നു സദാകാലവും ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിപ്പിൻ.”—ലൂക്കൊസ് 21:34-36.
[അടിക്കുറിപ്പ്]
a ചില ബൈബിളുകൾ “വ്യവസ്ഥിതി” എന്നതിനു പകരം “ലോകം” എന്ന പദം ഉപയോഗിക്കുന്നു. ഏയോൻ എന്ന ഗ്രീക്ക് പദം “അനിശ്ചിത ദൈർഘ്യമുളള ഒരു കാലഘട്ടത്തെ അല്ലെങ്കിൽ ആ കാലഘട്ടത്തിൽ സംഭവിക്കുന്നതിനോടുളള ബന്ധത്തിൽ വീക്ഷിക്കപ്പെടുന്ന കാലത്തെ അർഥമാക്കുന്നു”വെന്നു ഡബ്ലിയൂ. ഈ. വൈനിന്റെ പുതിയനിയമ പദവ്യാഖ്യാന നിഘണ്ടു (ഇംഗ്ലീഷ്) പറയുന്നു. പാക്ഹേസ്ററിന്റെ പുതിയ നിയമത്തിനുളള ഗ്രീക്ക്-ഇംഗ്ലീഷ് ശബ്ദകോശം (പേജ് 17) എബ്രായർ 1:2-ലെ ഏയോൻസിന്റെ (ബഹുവചനം) ഉപയോഗം ചർച്ച ചെയ്യുമ്പോൾ “ഈ വ്യവസ്ഥിതി” എന്ന പദപ്രയോഗം ഉൾപ്പെടുത്തുന്നു. അതുകൊണ്ട്, “വ്യവസ്ഥിതി” എന്ന വിവർത്തനം മൂല ഗ്രീക്ക് പാഠത്തോടു ചേർച്ചയിലാണ്.
നിങ്ങളുടെ പരിജ്ഞാനം പരിശോധിക്കുക
ക്രിസ്തുവിന്റെ ഭരണത്തിന്റെ തുടക്കത്തിലെ ലോകവികാസങ്ങളെക്കുറിച്ചു ബൈബിൾ എന്തു മുൻകൂട്ടിപ്പറഞ്ഞു?
അന്ത്യനാളുകളുടെ ചില സവിശേഷതകൾ ഏവ?
ഇവ അന്ത്യനാളുകളാണെന്നു നിങ്ങളെ ബോധ്യപ്പെടുത്തുന്നത് എന്ത്?
[102-ാം പേജിലെ ചതുരം]
അന്ത്യനാളുകളുടെ ചില സവിശേഷതകൾ
• അഭൂതപൂർവമായ യുദ്ധം.—മത്തായി 24:7; വെളിപ്പാടു 6:4.
• ക്ഷാമം.—മത്തായി 24:7; വെളിപ്പാടു 6:5, 6, 8.
• പകർച്ചവ്യാധികൾ.—ലൂക്കോസ് 21:11, NW; വെളിപ്പാടു 6:8.
• വർധിച്ചുവരുന്ന നിയമരാഹിത്യം.—മത്തായി 24:12.
• ഭൂമിയെ നശിപ്പിക്കൽ.—വെളിപ്പാടു 11:18.
• ഭൂകമ്പങ്ങൾ.—മത്തായി 24:7.
• ഇടപെടാൻ പ്രയാസമായ ദുർഘട കാലങ്ങൾ.—2 തിമൊഥെയൊസ് 3:1.
• അതിർകടന്ന പണസ്നേഹം.—2 തിമൊഥെയൊസ് 3:2.
• മാതാപിതാക്കളോടുളള അനുസരണക്കേട്.—2 തിമൊഥെയൊസ് 3:2.
• സ്വാഭാവികപ്രിയത്തിന്റെ കുറവ്.—2 തിമൊഥെയൊസ് 3:3.
• ദൈവത്തെക്കാളുപരി ഉല്ലാസത്തെ ഇഷ്ടപ്പെടുന്നു.—2 തിമൊഥെയൊസ് 3:4.
• ആത്മനിയന്ത്രണത്തിന്റെ അഭാവം.—2 തിമൊഥെയൊസ് 3:3.
• നൻമപ്രിയമില്ലാത്തവർ.—2 തിമൊഥെയൊസ് 3:3.
• ആസന്നമായിരിക്കുന്ന അപകടത്തെ ഗൗനിക്കുന്നില്ല.—മത്തായി 24:39.
• പരിഹാസികൾ അന്ത്യനാളുകളുടെ തെളിവു തളളിക്കളയുന്നു.—2 പത്രൊസ് 3:3, 4.
• ദൈവരാജ്യത്തിന്റെ ആഗോളപ്രസംഗം.—മത്തായി 24:14.
[101-ാം പേജ് നിറയെയുള്ള ചിത്രം]