യൂറോപ്യൻ ഹൈക്കോടതി ഗ്രീസിൽ പ്രസംഗിക്കാനുള്ള അവകാശത്തെ ഉയർത്തിപ്പിടിക്കുന്നു
അയൽക്കാർ പ്രശംസിക്കുന്ന ഒരു മനുഷ്യനെ 1938 മുതൽ 60-ലധികം പ്രാവശ്യം എന്തുകൊണ്ട് അറസ്ററ് ചെയ്യണം? ക്രേത്തയിലെ ഗ്രീക്ക് ദ്വീപിൽനിന്നുള്ള ഈ സത്യസന്ധനായ കച്ചവടക്കാരനെ എന്തുകൊണ്ടു 18 പ്രാവശ്യം ഗ്രീക്ക് കോടതികൾക്കു മുമ്പാകെ കൊണ്ടുവരുകയും ആറു വർഷത്തിലധികം തടവിലിടുകയും ചെയ്യണം? അതേ, ഈ പരിശ്രമശാലിയായ മിനോസ് കൊക്കിനാക്കിസ് എന്ന കുടുംബനാഥനെ ഭാര്യയിൽനിന്നും അഞ്ചു മക്കളിൽനിന്നും അകററി വ്യത്യസ്ത ദ്വീപുകളിലേക്ക് എന്തുകൊണ്ടു നാടുകടത്തണം?
ആയിരത്തിത്തൊള്ളായിരത്തിമുപ്പത്തെട്ടിലും 1939-ലും മതപരിവർത്തനം നിരോധിച്ചുകൊണ്ടു പാസ്സാക്കിയ നിയമങ്ങളാണ് ഏറിയപങ്കും അതിനു കാരണമായത്. ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ സ്വാധീനത്തിൻകീഴെ പ്രവർത്തിക്കുകയായിരുന്ന ഗ്രീക്ക് ഏകാധിപതിയായ ഇയോവാനീസ് മെററാക്സാസ് ആയിരുന്നു ഈ നിയമങ്ങൾ സ്ഥാപിച്ചത്.
ഈ നിയമനിർമാണത്തിന്റെ ഫലമായി 1938 മുതൽ 1992 വരെ യഹോവയുടെ സാക്ഷികൾക്കു നേരിടേണ്ടിവന്ന അറസ്ററുകളുടെ എണ്ണം 19,147 ആയിരുന്നു, കോടതി വിധിച്ച ആകെ തടവ് 753 വർഷങ്ങൾ, അതിൽ 593 വർഷങ്ങൾ യഥാർഥത്തിൽ അനുഭവിക്കുകയും ചെയ്തു. ഇതെല്ലാം സംഭവിക്കാൻ കാരണം മറെറവിടത്തെയുംപോലെ ഗ്രീസിലെ സാക്ഷികൾ, താൻ കല്പിച്ചതൊക്കെയും “പ്രമാണിക്കാൻ തക്കവണ്ണം ഉപദേശിച്ചുകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്ന യേശുക്രിസ്തുവിന്റെ പ്രബോധനങ്ങൾ പിൻപററുന്നതുകൊണ്ടായിരുന്നു.—മത്തായി 28:19, 20.
എന്നാൽ 1993 മേയ് 25-ാം തീയതി ആരാധനാസ്വാതന്ത്ര്യത്തിന്റെ പേരിൽ ഒരു മഹത്തായ വിജയം നേടി! ആ ദിവസം, ഫ്രാൻസിലെ സ്ട്രാസ്ബർഗിലുള്ള യൂറോപ്യൻ മനുഷ്യാവകാശ കോടതി തന്റെ വിശ്വാസങ്ങൾ മററുള്ളവരെ പഠിപ്പിക്കാനുള്ള ഒരു ഗ്രീക്ക് പൗരന്റെ അവകാശം ഉയർത്തിപ്പിടിച്ചു. അപ്രകാരം വിധി പ്രഖ്യാപിക്കുകയിൽ ഈ യൂറോപ്യൻ ഹൈക്കോടതി മതസ്വാതന്ത്ര്യത്തിന് ബൃഹത്തായ സംരക്ഷണങ്ങൾ ഏർപ്പെടുത്തി. അത് എല്ലായിടത്തുമുള്ള ആളുകളുടെ ജീവിതത്തിൻമേൽ ഒരു ശക്തമായ ഫലമുണ്ടാക്കിയേക്കാം.
ചരിത്രപ്രധാനമായ ഈ കോടതിവിധിയിലേക്കു നയിക്കാൻ കാരണമായ, ഒരു ഗ്രീക്ക് പൗരൻ അനുഭവിച്ച മാനഹാനികൾ ഉൾപ്പെടെയുള്ള സംഭവവികാസങ്ങളെ, നമുക്ക് ഒന്ന് അടുത്തു പരിശോധിക്കാം.
ആദിമ പശ്ചാത്തലം
ആയിരത്തിത്തൊള്ളായിരത്തിമുപ്പത്തെട്ടിൽ, മതപരിവർത്തനത്തെ ഒരു കുററകൃത്യമാക്കുന്ന നിയമത്തിൻകീഴെ ശിക്ഷിക്കപ്പെട്ട യഹോവയുടെ സാക്ഷികളിലെ ആദ്യത്തെയാളായിത്തീർന്നു മിനോസ് കൊക്കിനാക്കിസ് എന്ന ഈ പൗരൻ. ഒരു വിചാരണ നടത്താതെ അദ്ദേഹത്തെ 13 മാസത്തേക്ക് അമർഗോസിലെ ഏജിയൻ ദ്വീപിലേക്കു നാടുകടത്തി. ആയിരത്തിത്തൊള്ളായിരത്തിമുപ്പത്തൊമ്പതിൽ അദ്ദേഹത്തെ രണ്ടുപ്രാവശ്യം ശിക്ഷിച്ച് രണ്ടരമാസം വീതം ജയിലിലടച്ചു.
ആയിരത്തിത്തൊള്ളായിരത്തിനാൽപ്പതിൽ കൊക്കിനാക്കിസിനെ ആറു മാസത്തേക്ക് മിലോസ് ദ്വീപിലേക്കു നാടുകടത്തി. അടുത്ത വർഷം, രണ്ടാം ലോകമഹായുദ്ധ സമയത്ത് അദ്ദേഹത്തെ 18 മാസത്തിലധികം ഏഥൻസിലെ സൈനിക തടവറയിൽ ബന്ധനസ്ഥനാക്കി. ആ കാലഘട്ടത്തെ സംബന്ധിച്ച് അദ്ദേഹം ഇപ്രകാരം അനുസ്മരിക്കുന്നു:
“തടവിലെ ഭക്ഷണദൗർലഭ്യം കൂടുതൽക്കൂടുതൽ വഷളായിത്തീർന്നു. നടക്കാനാവാത്തവിധം ഞങ്ങൾ അത്രക്കു തളർന്നിരുന്നു. തീർന്നുകൊണ്ടിരുന്ന തങ്ങളുടെ ഭക്ഷണശേഖരത്തിൽനിന്നു ഞങ്ങൾക്കു ഭക്ഷണം എത്തിച്ചുതന്ന ഏതെൻസിലും പിറാസിലും നിന്നുള്ള സാക്ഷികളില്ലായിരുന്നെങ്കിൽ ഞങ്ങൾ മരിക്കുമായിരുന്നു.” പിന്നീട്, 1947-ൽ അദ്ദേഹം വീണ്ടും ശിക്ഷിക്കപ്പെടുകയും വേറൊരു നാലരമാസം തടവിൽ കിടക്കുകയും ചെയ്തു.
മിനോസ് കൊക്കിനാക്കിസിനെ 1949-ൽ മാക്രോണിസോസിലേക്കു നാടുകടത്തി, ഗ്രീക്കുകാരുടെ മനസ്സിലേക്കു ഭീകരതയുടെ ദൃശ്യങ്ങൾ ആനയിക്കുന്ന ഒരു പേരായിരുന്നു അത്, കാരണം അത്തരം ഒരു തടവറയായിരുന്നു അവിടെയുണ്ടായിരുന്നത്. അന്ന് മാക്രോണിസോസിൽ ബന്ധനസ്ഥരാക്കപ്പെട്ട 14,000-ത്തിൽ ഏതാണ്ട് 40 പേർ സാക്ഷികളായിരുന്നു. പാപിറൊസ് ലാറൂസ്സേ ബ്രിട്ടാണിക്ക എന്ന ഗ്രീക്ക് എൻസൈക്ലോപ്പീഡിയ ഇപ്രകാരം നിരീക്ഷിക്കുന്നു: “ക്രൂരമായ പീഡനമുറകളും . . . ഒരു സാംസ്കാരിക ജനതക്ക് അസ്വീകാര്യമായ ജീവിതാവസ്ഥകളിലും തടവുകാരുടെ നേർക്കുള്ള കാവൽക്കാരുടെ തരംതാണ പെരുമാററവും . . . ഗ്രീക്ക് ചരിത്രത്തിന് ഒരു കളങ്കമാണ്.”
മാക്രോണിസോസിലെ തടവിൽ ഒരു വർഷം ചെലവഴിച്ച കൊക്കിനാക്കിസ് അവിടത്തെ അവസ്ഥകൾ വിവരിച്ചു: “കത്തോലിക്കാ മതവിചാരണയിലെ (Inquisition) അംഗങ്ങളെപ്പോലെ പട്ടാളക്കാർ ഓരോ തടവുപുള്ളിയെയും രാവിലെ മുതൽ വൈകിട്ടു വരെ ചോദ്യം ചെയ്യുമായിരുന്നു. അവർ ഏൽപ്പിച്ച പീഡനങ്ങളെ വിവരിക്കാൻ വാക്കുകൾക്കാവില്ല. പല തടവുകാർക്കും സുബോധം നഷ്ടപ്പെട്ടു; മററു ചിലർ വധിക്കപ്പെട്ടു; മററനേകർക്കു ശരീരാവയവങ്ങൾ നഷ്ടമായി. പീഡിപ്പിക്കപ്പെടുന്നവരുടെ കരച്ചിലും ഞരങ്ങലും കേട്ട ആ ഭീകര രാത്രികളിൽ ഞങ്ങൾ കൂട്ടമായി പ്രാർഥിക്കുമായിരുന്നു.”
മാക്രോണിസോസിലെ പ്രയാസങ്ങൾ തരണം ചെയ്തശേഷം 1950-കളിൽ കൊക്കിനാക്കിസിനെ വീണ്ടും ആറു പ്രാവശ്യം അറസ്ററു ചെയ്തു, പത്തു മാസം തടവിലായി. ആയിരത്തിത്തൊള്ളായിരത്തറുപതുകളിൽ നാലു പ്രാവശ്യംകൂടി അറസ്ററു ചെയ്യപ്പെട്ട അദ്ദേഹം എട്ടു മാസം പിന്നെയും തടവിലായി. എന്നാൽ മററുള്ളവരോടു തങ്ങളുടെ വിശ്വാസത്തെ സംബന്ധിച്ചു സംസാരിച്ചു എന്നതിന്റെ പേരിൽ പല വർഷങ്ങളിലായി അറസ്ററു ചെയ്തു തടവിലാക്കിയ നൂറുകണക്കിനു യഹോവയുടെ സാക്ഷികളിൽ ഒരാൾ മാത്രമായിരുന്നു മിനോസ് കൊക്കിനാക്കിസ് എന്നോർക്കണം!
ഗ്രീസിലെ യഹോവയുടെ സാക്ഷികൾക്ക് എതിരായി നിലനിർത്തിക്കൊണ്ടുപോന്ന ആ ഭയാനകമായ അനീതികൾ അവസാനം യൂറോപ്യൻ മനുഷ്യാവകാശ ഹൈക്കോടതിയുടെ മുമ്പാകെ വന്നത് എങ്ങനെയായിരുന്നു?
നിർണായക കേസ്
കേസ് തുടങ്ങിയത് 1986 മാർച്ച് 2-നായിരുന്നു. ബിസിനസിൽനിന്നു വിരമിച്ച 77 വയസ്സുകാരനായ മിനോസ് കൊക്കിനാക്കിസും ഭാര്യയും അന്ന് ക്രേത്തയിലെ സിററീയയിലുള്ള ശ്രീമതി യോർജിയ കിരിയാക്കാക്കിയുടെ ഭവനം സന്ദർശിച്ചു. പ്രാദേശിക ഓർത്തഡോക്സ് പള്ളിയിലെ മുഖ്യപാട്ടുകാരനായിരുന്ന, ശ്രീമതി കിരിയാക്കാക്കിയുടെ ഭർത്താവ് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് വന്ന് കൊക്കിനാക്കിസിനെയും ഭാര്യയെയും അറസ്ററു ചെയ്തു പ്രാദേശിക പൊലീസ് സ്റേറഷനിലേക്കു കൊണ്ടുപോയി. ആ രാത്രി അവർ അവിടെ കഴിയാൻ നിർബന്ധിതരായി.
അവർക്കെതിരെ ഉണ്ടായിരുന്ന ആരോപണം എന്തായിരുന്നു? കഴിഞ്ഞുപോയ 50 വർഷങ്ങളിൽ യഹോവയുടെ സാക്ഷികൾക്കെതിരെ ആയിരക്കണക്കിനു പ്രാവശ്യം ആരോപിക്കപ്പെട്ട അതേ കുററംതന്നെ, അതായത് അവർ മതപരിവർത്തനം നടത്തുകയായിരുന്നു എന്നത്. ഗ്രീക്ക് ഭരണഘടന (1975) 13-ാം വകുപ്പ് പ്രസ്താവിക്കുന്നു: “മതപരിവർത്തനം നിരോധിച്ചിരിക്കുന്നു.” മതപരിവർത്തനത്തെ ഒരു കുററകൃത്യമാക്കുന്ന മറെറാരു ഗ്രീക്ക് നിയമത്തിന്റെ 4-ാം ഭാഗം 1363⁄1938-ഉം 1672⁄1939-ഉം പരിചിന്തിക്കുക. അത് ഇങ്ങനെ പ്രസ്താവിക്കുന്നു:
“ഒരു വ്യത്യസ്ത മതവിഭാഗത്തിലെ വ്യക്തിയുടെ മതവിശ്വാസങ്ങളിൽ . . . ഏതെങ്കിലും തരത്തിലുള്ള പ്രേരണയാലോ ഒരു ആകർഷകമായ വാഗ്ദാനത്താലോ ധാർമിക പിന്തുണയാലോ ഭൗതിക സഹായത്താലോ കുടില മാർഗങ്ങളാലോ അയാളുടെ അനുഭവക്കുറവ്, വിശ്വാസം, ആവശ്യം, ബുദ്ധിക്കുറവ്, നിഷ്കളങ്കത എന്നിവയെ മുതലെടുത്തുകൊണ്ടോ അവരുടെ വിശ്വാസങ്ങൾക്കു തുരങ്കംവെക്കണമെന്ന ഉദ്ദേശ്യത്തോടെ കൈകടത്തുവാൻവേണ്ടി പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള ഏതൊരു ശ്രമത്തെയുമാണ് ‘മതപരിവർത്തനം’ എന്നതുകൊണ്ടു വിശേഷാൽ അർഥമാക്കുന്നത്.”
ക്രേത്തയിൽ ലസീത്തിയിലുള്ള ക്രിമിനൽ കോടതി 1986 മാർച്ച് 20-നു കേസിന്റെ വാദം കേൾക്കുകയും കൊക്കിനാക്കിസും ഭാര്യയും മതപരിവർത്തനത്തിനു കുററക്കാരാണെന്നു വിധിക്കുകയും ചെയ്തു. രണ്ടുപേരെയും നാലു മാസത്തെ തടവിനു വിധിച്ചു. പ്രതികൾ “ഓർത്തഡോക്സ് ക്രിസ്ത്യാനികളുടെ അനുഭവക്കുറവ്, ബുദ്ധിക്കുറവ്, നിഷ്കളങ്കത എന്നിവ മുതലെടുത്തുകൊണ്ട് . . . അവരുടെ വിശ്വാസങ്ങളിൽ കൈകടത്തിയതായി” ദമ്പതികളെ കുററംവിധിച്ചുകൊണ്ടു കോടതി പ്രഖ്യാപിച്ചു. “തങ്ങളുടെ ബുദ്ധിപൂർവവും തന്ത്രപരവും ആയ വിശദീകരണങ്ങൾക്കൊണ്ട് . . . [ശ്രീമതി കിരിയാക്കാക്കി]യെ അവരുടെ ഓർത്തഡോക്സ് ക്രിസ്തീയ വിശ്വാസങ്ങൾ മാററാൻ പ്രോത്സാഹിപ്പിച്ചതായും” പ്രതികളെ കുററപ്പെടുത്തി.
പ്രസ്തുത തീർപ്പിനെതിരെ ക്രേത്തയിലെ അപ്പീൽ കോടതിയിൽ പോയി. ആയിരത്തിത്തൊള്ളായിരത്തെൺപത്തേഴ് മാർച്ച് 17-നു ക്രേത്തയിലെ കോടതി ശ്രീമതി കൊക്കിനാക്കിസിനെ വെറുതെവിട്ടു, ഭർത്താവിന്റെ തടവുശിക്ഷ മൂന്നു മാസമായി വെട്ടിച്ചുരുക്കി, പക്ഷേ അദ്ദേഹത്തിന്റെ കുററം ഉയർത്തിപ്പിടിക്കുകതന്നെ ചെയ്തു. കൊക്കിനാക്കിസ് “[ശ്രീമതി കിരിയാക്കാക്കിയുടെ] അനുഭവക്കുറവ്, ബുദ്ധിക്കുറവ്, അവരുടെ നിഷ്കളങ്കത എന്നിവയെ മുതലെടുത്തു”വെന്ന് വിധിയിൽ അവകാശവാദം നടത്തി. അദ്ദേഹം “തിരുവെഴുത്തിൽനിന്നു ഖണ്ഡികകൾ വായിക്കാൻ തുടങ്ങുകയും മതോപദേശങ്ങളിൽ മതിയായ മൗലിക ശിക്ഷണങ്ങൾ ലഭിക്കാത്ത ഒരു ക്രിസ്തീയ സ്ത്രീക്കു തിരിച്ചൊന്നും പറയാൻ സാധിക്കാത്തവിധം അതു വിദഗ്ധമായി വിശകലനം നടത്തുകയും ചെയ്തു” എന്നും അതു പ്രസ്താവിച്ചു.
വിയോജിപ്പു പ്രകടിപ്പിച്ചുകൊണ്ട് അപ്പീൽ ന്യായാധിപൻമാരിൽ ഒരാൾ എഴുതി: “ഒരു പള്ളിപ്പാട്ടുകാരനെ വിവാഹം ചെയ്തിരിക്കുന്നസ്ഥിതിക്ക് യോർജിയ കിരിയാക്കാക്കിയെ പ്രതിക്കു മുതലെടുക്കാനും [അങ്ങനെ] യഹോവയുടെ സാക്ഷികളെന്ന മതവിഭാഗത്തിൽ ഒരംഗമായിത്തീരാൻ പ്രേരിപ്പിക്കാനും കഴിയുംവിധം . . . അവർ ഓർത്തഡോക്സ് ക്രിസ്തീയ തത്ത്വങ്ങളിൽ വിശേഷാൽ അനുഭവജ്ഞാനം ഇല്ലാത്തവരാണ് എന്നതിനോ വിശേഷാൽ ബുദ്ധിക്കുറവോ നിഷ്കളങ്കതയോ ഉണ്ട് എന്നതിനോ ഒരു തെളിവും ഇല്ലാത്തതിനാൽ [ശ്രീമാൻ കൊക്കിനാക്കിസിനെയും] വെറുതെ വിടേണ്ടതായിരുന്നു.”
കൊക്കിനാക്കിസ് ഗ്രീസിലെ അത്യുന്നത അപ്പീൽ കോടതിയായ സുപ്രീം കോടതിയിൽ അപ്പീൽ കൊടുത്തു. എന്നാൽ കോടതി 1988 ഏപ്രിൽ 22-ന് അപ്പീൽ തള്ളിക്കളഞ്ഞു. അങ്ങനെ 1988 ആഗസ്ററ് 22-ാം തീയതി കൊക്കിനാക്കിസ് യൂറോപ്യൻ മനുഷ്യാവകാശ കമ്മീഷന് അപ്പീൽ കൊടുത്തു. അവസാനം 1992 ഫെബ്രുവരി 21-നു സ്വീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ പെററീഷൻ യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ വന്നു.
കേസിലെ വാദവിഷയങ്ങൾ
യൂറോപ്യൻ കൗൺസിലിലെ ഒരു അംഗരാഷ്ട്രമായതുകൊണ്ട് ഗ്രീസിനു മനുഷ്യാവകാശങ്ങൾ സംബന്ധിച്ച യൂറോപ്യൻ കൺവെൻഷന്റെ വകുപ്പുകളോടു പൊരുത്തപ്പെടാനുള്ള ബാധ്യതയുണ്ട്. കൺവെൻഷന്റെ 9-ാം വകുപ്പ് ഇങ്ങനെ പ്രസ്താവിക്കുന്നു: “ഓരോരുത്തർക്കും ചിന്താസ്വാതന്ത്ര്യത്തിനും മനസ്സാക്ഷിസ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും ഉള്ള അവകാശമുണ്ട്; ഈ അവകാശത്തിൽ, തന്റെ മതമോ വിശ്വാസമോ മാറാനുള്ള സ്വാതന്ത്ര്യവും ആരാധനയിലും ഉപദേശത്തിലും അനുഷ്ഠാനത്തിലും ആചരണത്തിലും തന്റെ മതമോ വിശ്വാസമോ പരസ്യമായോ രഹസ്യമായോ ഒററയ്ക്കോ മററുള്ളവരോടൊപ്പം സമൂഹമായോ, പ്രകടമാക്കാനുള്ള സ്വാതന്ത്ര്യവും ഉൾപ്പെടുന്നു.”
അങ്ങനെ ഗ്രീക്ക് ഗവൺമെൻറ് ഒരു യൂറോപ്യൻ കോടതിയിൽ പ്രതിയായിത്തീർന്നു. ‘ഉപദേശിച്ചുകൊണ്ടു . . . ശിഷ്യരാക്കിക്കൊൾവിൻ’ എന്ന യേശുക്രിസ്തുവിന്റെ കല്പനയോടുള്ള ചേർച്ചയിൽ മതം ആചരിക്കാനുള്ള ഒരു ഗ്രീക്ക് പൗരന്റെ അടിസ്ഥാന മനുഷ്യാവകാശം അതു പരസ്യമായി ലംഘിക്കുന്നതായി ആരോപിക്കപ്പെട്ടു. (മത്തായി 28:19, 20) കൂടുതലായി, അപ്പോസ്തലനായ പത്രോസ് പറഞ്ഞു: “ജനത്തോടു പ്രസംഗിച്ചു സാക്ഷീകരിപ്പാൻ അവൻ [യേശു] ഞങ്ങളോടു കല്പിച്ചു.”—പ്രവൃത്തികൾ 10:42.
ഹ്യൂമൻ റൈററ്സ് വിത്തൗട്ട് ഫ്രണ്ടിയേഴ്സ് എന്ന മാഗസിൻ അതിന്റെ 1992-ലെ വിശേഷാൽപ്പതിപ്പ് പുറംചട്ടയിലെ തലക്കെട്ടായി കൊടുത്തത് ഇങ്ങനെയായിരുന്നു: “ഗ്രീസ്—കരുതിക്കൂട്ടിയുള്ള മനുഷ്യാവകാശ ലംഘനങ്ങൾ.” പ്രസ്തുത മാഗസിന്റെ 2-ാം പേജിൽ ഇപ്രകാരം വിശദീകരിച്ചു: “ഈസി-യിലും [യൂറോപ്യൻ സമൂഹം] യൂറോപ്പിലും മറെറാരു വ്യക്തിയെ മതം മാററാൻ പ്രേരിപ്പിക്കുന്ന ഒരാൾക്കു പിഴയും തടവുശിക്ഷയും ഏർപ്പെടുത്തുന്ന ശിക്ഷാനിയമങ്ങൾ ഉള്ള ഒരേ ഒരു രാജ്യമാണ് ഗ്രീസ്.”
അങ്ങനെയിപ്പോൾ നിയമവൃത്തങ്ങൾക്ക് അകത്തും പുറത്തും ഉദ്വേഗം നിറഞ്ഞുനിന്നു. ഒരാളുടെ വിശ്വാസം മററുള്ളവരെ പഠിപ്പിക്കുന്നതു നിരോധിക്കുന്ന ഗ്രീക്ക് നിയമത്തെക്കുറിച്ച് എന്തു തീരുമാനിക്കപ്പെടും?
സ്ട്രാസ്ബർഗിലെ ന്യായവിചാരണ
അവസാനം വിചാരണയുടെ സമയം വന്നെത്തി—1992 നവംബർ 25. സ്ട്രാസ്ബർഗിനു മീതെ അപ്പോൾ കനത്ത മേഘങ്ങൾ ഉണ്ടായിരുന്നു, തണുപ്പാണെങ്കിലോ കുളിരടിപ്പിക്കുന്നതായിരുന്നു, എന്നാൽ കോടതിക്കുള്ളിൽ അഭിഭാഷകർ ചൂടുപിടിച്ച വാദപ്രതിവാദങ്ങൾ നടത്തി. രണ്ടു മണിക്കൂറോളം തെളിവുകൾ നിരത്തി. ‘ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ അംഗങ്ങളെ മററു മതവിശ്വാസങ്ങളിലേക്കു മാറിപ്പോകുന്നതിൽനിന്നു സംരക്ഷിക്കാൻ രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്ന ഈ നിരോധന നിയമം തുടർന്നും നിലനിർത്തുകയും ബാധകമാക്കുകയും ചെയ്യണമോ?’ എന്നു ചോദിച്ചുകൊണ്ട് കൊക്കിനാക്കിസിന്റെ അറേറാർണിയായ പ്രൊഫസ്സർ ഫെഡോൻ വെഗ്ലെറീസ് വാദവിഷയത്തിന്റെ മൂർധന്യത്തിലെത്തി.
ഇതിലുള്ള ഉത്കണ്ഠ പ്രകടിപ്പിച്ചുകൊണ്ട് പ്രൊഫസ്സർ വെഗ്ലെറീസ് ചോദിച്ചു: “ഈ [മതപരിവർത്തന] നിയമം ഓർത്തഡോക്സ് വിശ്വാസത്തെ മൂഢതയോടും അജ്ഞതയോടും തുലനം ചെയ്യുന്നത് എന്തുകൊണ്ടെന്നു ഞാൻ അത്ഭുതപ്പെടുകയാണ്. ഓർത്തഡോക്സ് വിശ്വാസത്തിനു മൂഢതയിൽനിന്നും ആത്മീയ അപ്രാപ്തിയിൽനിന്നും സംരക്ഷണം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ടെന്നു ഞാൻ എല്ലായ്പോഴും അത്ഭുതപ്പെടുകയായിരുന്നു . . . എന്നെ അലോസരപ്പെടുത്തുന്നതും ഞെട്ടിക്കുന്നതും ആയ ഒരു സംഗതിയാണിത്.” ഈ നിയമം യഹോവയുടെ സാക്ഷികൾക്കല്ലാതെ മററാർക്കെങ്കിലും ബാധകമാക്കിയതിന്റെ ഒരു ഉദാഹരണംപോലും നിരത്താൻ ഗവൺമെൻറ് പ്രതിനിധികൾക്കു കഴിയാഞ്ഞത് എടുത്തുപറയേണ്ടിയിരിക്കുന്നു.
കൊക്കിനാക്കിസിനുവേണ്ടിയുള്ള രണ്ടാമത്തെ അറേറാർണിയായ പാനായിയോററസ് ബിത്സാഹിസ് മതപരിവർത്തന നിയമം എത്ര യുക്തിരഹിതമാണെന്ന് പ്രകടമാക്കി. അദ്ദേഹം പറഞ്ഞു: “പരസ്പരസ്വാധീനത്തിന്റെ അംഗീകരണം പ്രായപൂർത്തിയായ വ്യക്തികൾ തമ്മിലുള്ള സംഭാഷണത്തിന് ഒരു മുൻവ്യവസ്ഥയാണ്. അല്ലായെങ്കിൽ നാം ചിന്തിക്കുന്നവരെങ്കിലും സ്വയം ആശയപ്രകടനം നടത്താത്തവരും സംസാരിക്കുന്നവരെങ്കിലും ആശയവിനിയമം ചെയ്യാത്തവരും വർത്തിക്കുന്നവരെങ്കിലും സഹവർത്തിക്കാത്തവരും ആയ നിശബ്ദ മൃഗങ്ങളുടെ ഒരു വിചിത്ര സമൂഹത്തിൽപ്പെട്ടവരായിത്തീരും.”
“കൊക്കിനാക്കിസ് കുററംവിധിക്കപ്പെട്ടിരിക്കുന്നത് ‘അദ്ദേഹം എന്തെങ്കിലും ചെയ്തതിന്റെ പേരിലല്ല,’ പിന്നെയോ ‘അദ്ദേഹം ജീവിക്കുന്നു’ [എന്നതിന്റെ പേരിലാണ്]” എന്നു കൂടി ബിത്സാഹിസ് വാദിച്ചു. അതുകൊണ്ട്, മതസ്വാതന്ത്ര്യത്തിന്റെ തത്ത്വങ്ങൾ ലംഘിക്കപ്പെട്ടു എന്നു മാത്രമല്ല, മുഴുവനായും താറുമാറാക്കപ്പെട്ടു” എന്നും ബിത്സാഹിസ് പ്രകടമാക്കി.
ഗ്രീസ് “മനുഷ്യാവകാശങ്ങൾക്കായുള്ള ഒരു പറുദീസ”യാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഗ്രീക്ക് ഗവൺമെൻറിന്റെ പ്രതിനിധികൾ സത്യവിരുദ്ധമായ ഒരു ചിത്രം അവതരിപ്പിക്കാൻ ശ്രമിച്ചു.
തീർപ്പ്
ഔദ്യോഗിക തീർപ്പിന്റെ ദീർഘകാലമായി കാത്തിരുന്ന തീയതി സമാഗതമായി—1993 മേയ് 25. ഗ്രീക്ക് ഗവൺമെൻറ് 84 വയസ്സുകാരനായ മിനോസ് കൊക്കിനാക്കിസിന്റെ മതപരമായ സ്വാതന്ത്ര്യം ലംഘിച്ചിട്ടുണ്ടെന്നു കോടതി മൂന്നിനെതിരെ ആറ് വോട്ടുകൾക്കു വിധിച്ചു. പരസ്യശുശ്രൂഷയുടേതായ അദ്ദേഹത്തിന്റെ ജീവിതഗതിയെ സംസ്ഥാപിച്ചതിനു പുറമെ കോടതി അദ്ദേഹത്തിന് 14,400 ഡോളർ നഷ്ടപരിഹാര തുക സമ്മാനിക്കുകയും ചെയ്തു. അങ്ങനെ, മററുള്ളവരുമായി തങ്ങളുടെ വിശ്വാസങ്ങൾ ചർച്ച ചെയ്യുമ്പോൾ കൊക്കിനാക്കിസും യഹോവയുടെ സാക്ഷികളും സമ്മർദതന്ത്രങ്ങൾ ഉപയോഗിക്കുന്നു എന്ന വാദം കോടതി തള്ളിക്കളഞ്ഞു.
ഗ്രീക്ക് ഭരണഘടനയും ഒരു പുരാതന ഗ്രീക്ക് നിയമവും മതപരിവർത്തനം നിരോധിക്കുന്നുവെങ്കിലും ഈ നിയമം ഉപയോഗിച്ചു യഹോവയുടെ സാക്ഷികളെ പീഡിപ്പിക്കുന്നതു തെററാണെന്ന് യൂറോപ്യൻ ഹൈക്കോടതി വിധിച്ചു. അതു മനുഷ്യാവകാശം സംബന്ധിച്ച യൂറോപ്യൻ കൺവെൻഷന്റെ 9-ാം വകുപ്പിനോടു യോജിപ്പിലല്ല.
കോടതി തീർപ്പ് ഇങ്ങനെ വിശദീകരിച്ചു: “മതം ‘മാനുഷ ചിന്താധാരയുടെ നിരന്തരം പുതുക്കാവുന്ന ഭാഗ’മായിരുന്നു, അതു പൊതുസംവാദത്തിൽനിന്ന് ഒഴിവാക്കപ്പെടുന്നതിനെപ്പററി ചിന്തിക്കുക പോലും അസാധ്യമായിരുന്നു.”
ഐകകണ്ഠ്യേനയുള്ള ഒരു അഭിപ്രായപ്രകടനത്തിൽ ഒമ്പത് ന്യായാധിപൻമാരിൽ ഒരാൾ പറഞ്ഞു: “‘വിശ്വാസം പ്രചരിപ്പിക്കുന്നതിലെ തീക്ഷ്ണത’ എന്നു നിർവചിക്കപ്പെട്ടിരിക്കുന്ന മതപരിവർത്തനം അതിൽത്തന്നെ ശിക്ഷാർഹമല്ല; അത് ‘ഒരുവന്റെ മതത്തെ പ്രത്യക്ഷമാക്കാനുള്ള’ ഒരു മാർഗമാണ്—പൂർണമായും നിയമാനുസൃതമായ ഒന്നുതന്നെ.
“ഇപ്പോഴത്തെ കേസിലാകട്ടെ, വാദി [കൊക്കിനാക്കിസ്] കുററംവിധിക്കപ്പെട്ടിരിക്കുന്നത്, തന്റെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും അനൗചിത്യത്തിന്റെ പേരിലല്ല, പകരം അത്തരം തീക്ഷ്ണത പ്രകടമാക്കിയതുകൊണ്ടു മാത്രമാണ്.”
തീർപ്പിന്റെ അനന്തരഫലങ്ങൾ
ഗ്രീക്ക് ഗവൺമെൻറ് അധികാരികൾ മതപരിവർത്തനം നിരോധിക്കുന്ന നിയമത്തിന്റെ ദുരുപയോഗം നിർത്തണം എന്നാണ് യൂറോപ്യൻ മനുഷ്യാവകാശ കോടതിയുടെ വ്യക്തമായ അനുശാസനം. ഗ്രീസ് കോടതി നിർദേശം അനുസരിക്കുമെന്നും യഹോവയുടെ സാക്ഷികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുമെന്നും നമുക്കു പ്രതീക്ഷിക്കാം.
സാമൂഹിക മാററങ്ങൾ അവതരിപ്പിക്കുകയോ നിയമ വ്യവസ്ഥ പരിഷ്കരിക്കുകയോ ചെയ്യുക എന്നതു യഹോവയുടെ സാക്ഷികളുടെ ഉദ്ദേശ്യമല്ല. അവരുടെ മുഖ്യ താത്പര്യം യേശുക്രിസ്തുവിന്റെ കല്പനയോടുള്ള അനുസരണത്തിൽ ദൈവരാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുക എന്നതാണ്. എന്നുവരികിലും, ഇതു നിർവഹിക്കാൻ ഒന്നാം നൂററാണ്ടിലെ അപ്പോസ്തലനായ പൗലോസ് ചെയ്തതുപോലെ ‘സുവിശേഷത്തിന്റെ പ്രതിവാദത്തിലും സ്ഥിരീകരണത്തിലും [“നിയമപരമായി സ്ഥാപിക്കാനും”, NW]’ അവർ സന്തുഷ്ടരാണ്.—ഫിലിപ്പിയർ 1:7.
യഹോവയുടെ സാക്ഷികൾ തങ്ങൾ വസിക്കുന്ന എല്ലാ രാജ്യങ്ങളിലും നിയമാനുവർത്തികളായ പൗരൻമാരാണ്. എന്നിരുന്നാലും, എല്ലാററിനും ഉപരിയായി അവർ ദിവ്യനിയമം ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നപടി അനുസരിക്കാൻ നിർബന്ധിതരാണ്. അതുകൊണ്ട്, ഏതെങ്കിലും രാജ്യത്തെ നിയമം അവർ അവരുടെ ബൈബിളധിഷ്ഠിത വിശ്വാസങ്ങൾ മററുള്ളവരോടു സംസാരിക്കുന്നതു നിരോധിച്ചാൽ, അപ്പോസ്തലിക നിലപാട് എടുക്കാൻ അവർ നിർബന്ധിതരാകും: ഞങ്ങൾ “മനുഷ്യരെക്കാൾ ദൈവത്തെയാണ് അനുസരിക്കേണ്ടത്.”—പ്രവൃത്തികൾ 5:29, പി.ഒ.സി. ബൈ.
[28-ാം പേജിലെ ചതുരം]
പുരോഹിത-പ്രേരിതമായ കൂടുതൽ പീഡനങ്ങൾ
ഗ്രീസിൽ ‘നിയമം വഴി ദുരിതമുണ്ടാക്കാ’നുള്ള പുരോഹിതൻമാരുടെ ശ്രമങ്ങൾ ദശകങ്ങളായി നടന്നുകൊണ്ടിരിക്കുകയാണ്. (സങ്കീർത്തനം 94:20, പി.ഒ.സി. ബൈ.) ക്രേത്ത ദ്വീപിലെ മറെറാരു കേസ് ഈയിടെയാണു പരിഹരിക്കപ്പെട്ടത്. മതപരിവർത്തനം നടത്തിയെന്ന കുററമാരോപിച്ചുകൊണ്ട് 1987-ൽ ഒരു പ്രാദേശിക ബിഷപ്പും 13 പുരോഹിതരും ചേർന്ന് ഒൻപത് സാക്ഷികളെ പ്രതിയാക്കിക്കൊണ്ട് കേസ് കൊടുത്തു. അവസാനം 1992 ജനുവരി 24-ന് കേസ് വിചാരണക്കു വന്നു.
കോടതി മുറി നിറഞ്ഞു കവിഞ്ഞു. പ്രോസിക്യൂട്ടറുടെ ആരോപണങ്ങൾക്കു പിന്തുണയേകാൻ 35-ഓളം പുരോഹിതൻമാർ സന്നിഹിതരായിരുന്നു. എന്നിരുന്നാലും തങ്ങളുടെ ക്രിസ്തീയ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കാൻ വന്ന യഹോവയുടെ സാക്ഷികൾ നേരത്തെതന്നെ മിക്ക സീററുകളിലും സ്ഥാനം പിടിച്ചിരുന്നു. പ്രോസിക്യൂട്ടർ വരുത്തിയ ഗൗരവമുള്ള നിയമപരമായ പിശകുകൾ പ്രതികളുടെ അറേറാർണി സാധാരണ നടപടിക്രമങ്ങൾ ആരംഭിക്കുന്നതിനു മുമ്പുതന്നെ സൂചിപ്പിച്ചിരുന്നു.
നടപടിക്രമങ്ങളിൽ ഉൾപ്പെട്ടിരുന്നവർ രഹസ്യചർച്ചക്കുവേണ്ടി പിൻവാങ്ങിയെന്നതായിരുന്നു ഫലം. രണ്ടര മണിക്കൂർ നേരത്തെ ചർച്ചക്കുശേഷം വാദികളുടെ വക്കീൽ പറഞ്ഞത് ശരിയായിരുന്നുവെന്നു കോടതിയുടെ പ്രസിഡൻറ് പ്രഖ്യാപിച്ചു. അതുകൊണ്ട് ഒൻപത് സാക്ഷികൾക്ക് എതിരെയുണ്ടായിരുന്ന കുററാരോപണങ്ങൾ റദ്ദ് ചെയ്തു! പ്രതികൾ മതപരിവർത്തനത്തിനു കുററക്കാരാണെന്നു സ്ഥാപിക്കാൻ അന്വേഷണങ്ങൾ വീണ്ടും ആരംഭിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വിധിച്ചു.
പ്രഖ്യാപനം നടത്തിയ ഉടനെ കോടതി മുറിയിൽ ആകെ ഒച്ചപ്പാടും ബഹളവുമായി. പുരോഹിതർ ഭീഷണികളും പ്രതിഷേധങ്ങളും മുഴക്കാൻ തുടങ്ങി. ഒരു പുരോഹിതൻ യഹോവയുടെ സാക്ഷികളുടെ വക്കീലിനെ കുരിശുകൊണ്ട് ആക്രമിക്കുകയും അതിനെ ആരാധിക്കാൻ അദ്ദേഹത്തെ നിർബന്ധിക്കുകയും ചെയ്തു. അവസാനം പൊലീസ് ഇടപെട്ടാണ് സാക്ഷികൾക്കു ശാന്തമായ ചുററുപാടിൽ പുറത്തേക്കു പോകാൻ കഴിഞ്ഞത്.
വിചാരണ റദ്ദ് ചെയ്തശേഷം പബ്ലിക് പ്രോസിക്യൂട്ടർ ഒൻപത് സാക്ഷികൾക്കെതിരെ പുതിയ ആരോപണം തയ്യാറാക്കി. വിചാരണ 1993 ഏപ്രിൽ 30-നു വെച്ചു, അതാകട്ടെ യൂറോപ്യൻ മനുഷ്യാവകാശ കോടതി കൊക്കിനാക്കിസിന്റെ കേസിൽ തീർപ്പു കല്പിച്ചതിനു മൂന്നാഴ്ച മുമ്പായിരുന്നു. വീണ്ടും അനേകം പുരോഹിതർ സന്നിഹിതരായിരുന്നു.
സാക്ഷികൾക്കെതിരെ കുററാരോപണം നടത്തിയിരുന്നവർ കോടതിയിൽ ഹാജരായിട്ടില്ലെന്ന് ഒൻപത് പ്രതികളുടെ അഭിഭാഷകർ തടസ്സവാദം ഉന്നയിച്ചു. ഒരു പുതിയ ആരോപണം തട്ടിക്കൂട്ടാനുള്ള വെപ്രാളത്തിൽ പബ്ലിക് പ്രോസിക്യൂട്ടർ കുററാരോപകർക്കു സമൻസുകൾ അയക്കാതിരിക്കുകയെന്ന ഗൗരവമായ തെററു വരുത്തി. അതുകൊണ്ട്, ഈ ഗൗരവമായ തെററിന്റെ അടിസ്ഥാനത്തിൽ വിചാരണ റദ്ദ് ചെയ്യാൻ സാക്ഷികളുടെ അഭിഭാഷകർ കോടതിയോട് ആവശ്യപ്പെട്ടു.
തൽഫലമായി, ജഡ്ജിമാർ കോടതിമുറി വിട്ട് ഏതാണ്ട് അരമണിക്കൂർ ചർച്ച നടത്തി തിരിച്ചുവന്നു. കോടതി പ്രസിഡൻറ് തന്റെ ശിരസ്സു നമിച്ച് ഒൻപത് സാക്ഷികളും കുററവിമുക്തരാണെന്നു പ്രഖ്യാപിച്ചു.
ഈ വർഷം മേയ് 25-നു കൊക്കിനാക്കിസിന്റെ കേസിൽ യൂറോപ്യൻ മനുഷ്യാവകാശ കോടതി നടത്തിയ തീർപ്പിലും ഈ കേസിന്റെ പരിസമാപ്തിയിലും ഗ്രീസിലെ സാക്ഷികൾ നന്ദിയുള്ളവരാണ്. ഈ നിയമപരമായ വിജയങ്ങളെത്തുടർന്ന് ‘പ്രശാന്തവും സമാധാനപൂർണവും സർവപ്രകാരേണയും പരിശുദ്ധവും ബഹുമാന്യവുമായ’ ക്രിസ്തീയ ജീവിതം തുടരാൻ തങ്ങൾക്കു കഴിയുമാറാകണേ എന്നാണ് അവരുടെ പ്രാർഥന.—1 തിമൊഥെയൊസ് 2:1, 2, ഓശാന ബൈ.
[31-ാം പേജിലെ ചിത്രം]
മിനോസ് കൊക്കിനാക്കിസ് ഭാര്യയുമൊത്ത്