ദൈവത്തിന്റെ നിത്യോദ്ദേശ്യം ഉൾപ്പെടുന്ന ഉടമ്പടികൾ
“യഹോവ . . . തന്റെ ഉടമ്പടി അനിശ്ചിതകാലത്തോളവും താൻ കല്പിച്ച വചനം ഒരു ആയിരം തലമുറയോളവും ഓർത്തിരിക്കുന്നു.”—സങ്കീർത്തനം 105:7, 8.
1, 2. നമ്മിൽ മിക്കവരും ഒരു ഉടമ്പടിയാൽ ബാധിക്കപ്പെട്ടിട്ടുണ്ടെന്ന് നമുക്കു പറയാൻ കഴിയുന്നതെന്തുകൊണ്ട്?
ഒരു ഉടമ്പടി നിങ്ങളെ—നിങ്ങളുടെ കഴിഞ്ഞ കാലത്തെയും ഇക്കാലത്തെയും ഭാവിയെയും—ബാധിച്ചിരിക്കാൻ നല്ല സാദ്ധ്യതയുണ്ട്. ‘ഏതു ഉടമ്പടി’യെന്ന് നിങ്ങൾ അറിയാനാഗ്രഹിച്ചേക്കാം. ഈ സംഗതിയിൽ, അത് വിവാഹമാണ്. എന്തുകൊണ്ടെന്നാൽ നമ്മിൽ മിക്കവരും ഒരു വിവാഹത്താലുള്ള സന്തതികളാണ്, നമ്മിൽ പലരും വിവാഹിതരുമാണ്. ഇപ്പോൾ വിവാഹിതരല്ലാത്തവർപോലും ഭാവിയിലെ ഒരു സന്തുഷ്ട വിവാഹത്തിന്റെ അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിച്ചേക്കാം.
2 നൂററാണ്ടുകൾക്കുമുമ്പ് പ്രവാചകനായ മലാഖി “നിന്റെ യൗവനത്തിലെ ഭാര്യയെ”ക്കുറിച്ച് എഴുതി, “നിന്റെ പങ്കാളിയും നിന്റെ ഉടമ്പടിപ്രകാരമുള്ള ഭാര്യയു”മായവളെക്കുറിച്ചുതന്നെ. (മലാഖി 2:14-16) അവന് വിവാഹത്തെ ഒരു ഉടമ്പടിയെന്നു വിളിക്കാൻ കഴിയുമായിരുന്നു, എന്തുകൊണ്ടെന്നാൽ അത് ചിലത് ഒരുമിച്ചുചെയ്യുന്നതിന് കക്ഷികൾ തമ്മിലുണ്ടാക്കുന്ന ഒരു കരാർ അഥവാ ഒരു ഔപചാരിക സമ്മതം, ഒരു ക്രമീകരണം, ആണ്. വിവാഹ കരാർ ഒരു ഉഭയകക്ഷി ഉടമ്പടിയാണ്, അതിൽ രണ്ടു കക്ഷികൾ അന്യോന്യമുള്ള കടപ്പാടുകൾ സ്വീകരിച്ചുകൊണ്ടും നിലനിൽക്കുന്ന പ്രയോജനങ്ങൾക്കായി നോക്കിപ്പാർത്തുകൊണ്ടും ഭർത്താവും ഭാര്യയുമായിത്തീരാൻ സമ്മതിക്കുന്നു.
3. മററു ഉടമ്പടികൾ വിവാഹത്തെക്കാളധികം നമ്മെ ബാധിച്ചേക്കാവുന്നതെന്തുകൊണ്ട്?
3 വിവാഹം നമ്മുടെമേൽ വ്യക്തിപരമായ ഏററവും വലിയ ആഘാതം വരുത്തിക്കൂട്ടുന്ന ഉടമ്പടിയാണെന്ന് തോന്നാം. എന്നിരുന്നാലും ബൈബിൾ കൂടുതൽ വ്യാപകമായ പ്രാധാന്യമുള്ള ഉടമ്പടികളെക്കുറിച്ച് ചർച്ചചെയ്യുന്നു. ബൈബിൾപരമായ ഉടമ്പടികളും ബൈബിൾപരമല്ലാത്ത മതങ്ങളിലെ ഉടമ്പടികളും തമ്മിലുള്ള വ്യത്യാസം കാണിക്കുമ്പോൾ, ബൈബിളിൽ മാത്രമേ “ദൈവവും അവന്റെ ജനവുമായുള്ള ബന്ധത്തിന്റെ ഈ ക്രമീകരണം അന്തിമമായി സാർവത്രികമായ അർത്ഥങ്ങളോടുകൂടിയ ഒരു വിപുലമായ പദ്ധതിയായിത്തീരുന്നുള്ളു”വെന്ന് ഒരു എൻസൈക്ലോപ്പീഡിയ പറയുന്നു. അതെ, ഈ ഉടമ്പടികളിൽ നമ്മുടെ സ്നേഹവാനായ സ്രഷ്ടാവിന്റെ നിത്യോദ്ദേശ്യം ഉൾപ്പെടുന്നു. നിങ്ങൾ കാണാൻ പോകുന്നതുപോലെ, നിങ്ങൾക്ക് അവർണ്ണനീയമായ അനുഗ്രഹങ്ങൾ കിട്ടുന്ന സംഗതി ഈ ഉടമ്പടികളോട് ബന്ധപ്പെട്ടിരിക്കുന്നു. ‘അങ്ങനെയായിരിക്കുന്നതെങ്ങനെ?’യെന്ന് ചോദിക്കാൻ നിങ്ങൾക്ക് ന്യായമുണ്ട്.
4. ഏതു പ്രാരംഭ ഉടമ്പടി ദൈവത്തിന്റെ നിത്യോദ്ദേശ്യത്തിലേക്കു വിരൽചൂണ്ടുന്നു?
4 ആദാമും ഹവ്വായും ദൈവത്തിന്റെ അധികാരത്തെ തള്ളിക്കളഞ്ഞതിന്റെ ദുരന്തഫലങ്ങൾ നിങ്ങൾക്ക് നന്നായറിയാം. നാം അവരിൽനിന്ന് അപൂർണ്ണത അവകാശപ്പെടുത്തി, ആ വസ്തുതയാണ് നമുക്കുണ്ടായിട്ടുള്ള രോഗങ്ങളുടെ പിമ്പിലുള്ളത്, മരണത്തിലേക്കു നയിക്കുന്നതും അതാണ്. (ഉല്പത്തി 3:1-6, 14-19) എന്നിരുന്നാലും, നിലനിൽക്കുന്ന ആരോഗ്യവും സന്തുഷ്ടിയും ആസ്വദിക്കുന്ന സത്യാരാധകരെക്കൊണ്ട് ഭൂമിയെ നിറക്കുകയെന്ന ദൈവോദ്ദേശ്യത്തെ നിഷ്ഫലമാക്കാൻ പാപത്തിനു കഴിഞ്ഞില്ലെന്നുള്ളതിൽ നമുക്ക് നന്ദിയുള്ളവരായിരിക്കാൻ കഴിയും. ഈ ബന്ധത്തിൽ യഹോവ ഉല്പത്തി 3:15-ൽ രേഖപ്പെടുത്തിയിരിക്കുന്ന ഉടമ്പടി ചെയ്തു: “ഞാൻ നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ശത്രുത വെക്കും. അവൻ നിന്റെ തല ചതക്കും, നീ അവന്റെ കുതികാൽ ചതക്കും.” എന്നിരുന്നാലും, ഈ പ്രസ്താവനയുടെ ഹ്രസ്വതയും പ്രതീകാത്മകഭാഷയും അനേകം ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെവിട്ടു. യഹോവ ഈ ഉടമ്പടിവാഗ്ദത്തം എങ്ങനെ നിറവേററും?
5, 6. (എ) തന്റെ ഉദ്ദേശ്യനിർവഹണത്തിന് ദൈവം ഏതു മുഖാന്തരത്തെ ഉപയോഗിക്കാൻ തീരുമാനിച്ചു? (ബി) ഇതു ചെയ്യുന്നതിനുള്ള ദൈവത്തിന്റെ മുഖാന്തരത്തിൽ നാം തല്പരരായിരിക്കേണ്ടതെന്തുകൊണ്ട്?
5 അടുത്തതായി ദൈവം ദിവ്യ ഉടമ്പടികളുടെ ഒരു പ്രത്യേക പരമ്പരക്ക് ഏർപ്പാടുചെയ്യാൻ തീരുമാനിച്ചു. അവ ഏദനിക ഉടമ്പടി ഉൾപ്പെടെ മൊത്തം ഏഴെണ്ണമായിരിക്കും. നിത്യാനുഗ്രഹങ്ങൾ ആസ്വദിക്കാൻ പ്രത്യാശിക്കുന്ന നമ്മിലോരോരുത്തരും ഈ ഉടമ്പടികളെ മനസ്സിലാക്കണം. ഇതിൽ അവ എപ്പോൾ എങ്ങനെ ചെയ്യപ്പെട്ടുവെന്നും ഉൾപ്പെട്ടിരുന്നവർ ആരെല്ലാമെന്നും അവയുടെ ലക്ഷ്യങ്ങളോ വ്യവസ്ഥകളോ എന്തെന്നും അനുസരണമുള്ള മനുഷ്യവർഗ്ഗത്തിന് നിത്യജീവൻ നൽകി അനുഗ്രഹിക്കാനുള്ള ദൈവോദ്ദേശ്യത്തിൽ അവ അന്യോന്യം എങ്ങനെ ബന്ധപ്പെടുന്നുവെന്നും അറിയുന്നത് ഉൾപ്പെടുന്നു. ഈ ഉടമ്പടികൾ പുനഃപരിശോധിക്കുന്നതിന് ഇത് ഉചിതമായ സമയമാണ്, എന്തുകൊണ്ടെന്നാൽ 1990 ഏപ്രിൽ 10ന് ക്രിസ്ത്യാനികളുടെ സഭകൾ കർത്താവിന്റെ അത്താഴത്തിന്റെ സ്മാരകമാഘോഷിക്കാൻ ഒരുമിച്ചുകൂടുന്നതായിരിക്കും, ആ ആഘോഷത്തിൽ ഈ ഉടമ്പടികൾ നേരിട്ട് ഉൾപ്പെടുന്നു.
6 തീർച്ചയായും ചിലർക്ക് ഉടമ്പടികളുടെ ആശയം മനുഷ്യത്വപരമായ താല്പര്യമില്ലാതെ വിരസവും നിയമപരവുമായിരിക്കുന്നതായി തോന്നിയേക്കാം. എന്നാൽ പഴയനിയമത്തിന്റെ ദൈവശാസ്ത്രനിഘണ്ടു പറയുന്നതു പരിഗണിക്കുക: “പുരാതന സമീപപൗരസ്ത്യ ദേശത്തും ഗ്രീക്ക് ലോകത്തിലും റോമാ ലോകത്തിലും . . .‘ഉടമ്പടി’ എന്നതിന്റെ പദങ്ങൾ പദാർത്ഥപരമായ രണ്ട് മണ്ഡലങ്ങളിൽ ചിതറിക്കിടക്കുന്നു: ഒരു വശത്ത് പ്രതിജ്ഞയും പ്രതിബദ്ധതയും മറുവശത്ത് സനേഹവും സൗഹൃദവും.” നമുക്ക് രണ്ടു വശങ്ങളും—പ്രതിജ്ഞയും സൗഹൃദവും—യഹോവയുടെ ഉടമ്പടികളുടെ മുഖ്യശിലയായി കാണാൻ കഴിയും.
അബ്രഹാമ്യ ഉടമ്പടി—നിത്യാനുഗ്രഹങ്ങളുടെ അടിസ്ഥാനം
7, 8. യഹോവ അബ്രഹാമിനോട് ഏതു തരം ഉടമ്പടിചെയ്തു? (1 ദിനവൃത്താന്തം 16:15, 16)
7 “വിശ്വാസമുള്ള സകലരുടെയും പിതാവായിരുന്ന” ഗോത്രപിതാവായ അബ്രഹാം “യഹോവയുടെ സുഹൃത്ത്” ആയിരുന്നു. (റോമർ 4:11; യാക്കോബ് 2:21-23) ദൈവം ഒരു പ്രതിജ്ഞയോടെ അവനോട് ആണയിടുകയും നമുക്ക് നിത്യാനുഗ്രഹങ്ങൾ ലഭിക്കുന്നതിന് അടിസ്ഥാനപരമായിരിക്കുന്ന ഒരു ഉടമ്പടിയേർപ്പെടുത്തുകയും ചെയ്തു.—എബ്രായർ 6:13-18.
8 അബ്രഹാം ഊരിലായിരുന്നപ്പോൾ മറെറാരു ദേശത്തേക്കു പോകാൻ യഹോവ അവനോടു പറഞ്ഞു, അത് കനാനായിരുന്നു. ആ സമയത്ത് യഹോവ അബ്രഹാമിനോട് ഇങ്ങനെ വാഗ്ദാനംചെയ്തു: “ഞാൻ നിന്നിൽനിന്ന് ഒരു വലിയ ജനതയെ ഉളവാക്കും, ഞാൻ നിന്നെ അനുഗ്രഹിക്കുകയും ഞാൻ നിന്റെ നാമത്തെ വലുതാക്കുകയുംചെയ്യും; . . . നീ മുഖാന്തരം ഭൂമിയിലെ സകല കുടുംബങ്ങളും തീർച്ചയായും തങ്ങളെത്തന്നെ അനുഗ്രഹിക്കും.”a (ഉല്പത്തി 12:1-3) അതിനുശേഷം നാം ഉചിതമായി അബ്രഹാമ്യ ഉടമ്പടിയെന്നു പറയുന്നതിനോട് ദൈവം ക്രമേണ വിശദാംശങ്ങൾ കൂട്ടി: അബ്രഹാമിന്റെ സന്തതി അഥവാ അവകാശി വാഗ്ദത്തദേശം അവകാശമാക്കും; അവന്റെ സന്തതി അസംഖ്യമായിത്തീരും; അബ്രഹാമും സാറായും രാജാക്കൻമാരുടെ പ്രഭവങ്ങളായിരിക്കും.—ഉല്പത്തി 13:14-17; 15:4-6; 17:1-8, 16; സങ്കീർത്തനം 105:8-10.
9. നമുക്ക് അബ്രഹാമ്യ ഉടമ്പടിയിൽ ഉൾപ്പെടാൻ കഴിയുമെന്ന് നാം എങ്ങനെ അറിയുന്നു?
9 ദൈവം അതിനെ “എനിക്കും നിനക്കും [അബ്രഹാമിനും] മദ്ധ്യേയുള്ള എന്റെ ഉടമ്പടി” എന്നു വിളിച്ചു. (ഉല്പത്തി 17:2) എന്നാൽ നമ്മുടെ ജീവൻ ഉൾപ്പെട്ടിരിക്കുന്നുവെന്ന് നമുക്ക് തീർച്ചയായും വിചാരമുണ്ടായിരിക്കണം, എന്തുകൊണ്ടെന്നാൽ ദൈവം ഉടമ്പടിയെ വികസിപ്പിച്ചുകൊണ്ട് ഇങ്ങനെ പ്രസ്താവിച്ചു: “ഞാൻ തീർച്ചയായും നിന്നെ അനുഗ്രഹിക്കും, ഞാൻ തീർച്ചയായും നിന്റെ സന്തതിയെ ആകാശങ്ങളിലെ നക്ഷത്രങ്ങളെപ്പോലെയും കടൽക്കരയിലെ മണൽത്തരികൾ പോലെയും വർദ്ധിപ്പിക്കും; നിന്റെ സന്തതി അവന്റെ ശത്രുക്കളുടെ പടിവാതിൽ കൈവശപ്പെടുത്തും. നിന്റെ സന്തതി മുഖാന്തരം ഭൂമിയിലെ സകല ജനതകളും തീർച്ചയായും തങ്ങളെത്തന്നെ അനുഗ്രഹിക്കും.” (ഉല്പത്തി 22:17, 18) നാം ആ ജനതകളുടെ ഭാഗമാണ്; നമുക്ക് ഒരു ശക്തമായ അനുഗ്രഹം കരുതിവെക്കപ്പെട്ടിരിക്കുന്നു.
10. അബ്രഹാമുമായുള്ള ഉടമ്പടിയിൽനിന്ന് നമുക്ക് എത് ഉൾക്കാഴ്ചകൾ കിട്ടുന്നു?
10 നമുക്ക് അബ്രഹാമ്യ ഉടമ്പടിയിൽനിന്ന് എന്തു പഠിക്കാൻ കഴിയുമെന്നു കാണാൻ അല്പം സമയമെടുക്കാം. അതിനു മുമ്പത്തെ ഏദനിക ഉടമ്പടിപോലെ ഇതും വരാനിരിക്കുന്ന ഒരു “സന്തതി”യിലേക്കു വിരൽചൂണ്ടുകയും സന്തതിക്ക് ഒരു മനുഷ്യവംശാവലി ഉണ്ടായിരിക്കുമെന്നു സൂചിപ്പിക്കുകയും ചെയ്യുന്നു. (ഉല്പത്തി 3:15) അത് അബ്രഹാമിൽകൂടെയും അവന്റെ പുത്രനായ ഇസ്ഹാക്കിൽ കൂടെയുമുള്ള ശേമിന്റെ വംശത്തിലായിരിക്കും. ഈ വംശത്തിൽ രാജത്വം ഉൾപ്പെട്ടിരിക്കും, അത് ഏതോ വിധത്തിൽ ഒരു കുടുംബത്തിനുമാത്രമല്ല, സകല രാജ്യങ്ങളിലെയും മനുഷ്യരുടെ അനുഗ്രഹത്തിന് അനുമതി നൽകും. ആ ഉടമ്പടി എങ്ങനെ നിവൃത്തിയായി?
11. അബ്രഹാമ്യ ഉടമ്പടിയുടെ ഒരു അക്ഷരീയനിവൃത്തി ഉണ്ടായതെങ്ങനെ?
11 യാക്കോബിലൂടെ അഥവാ ഇസ്രായേലിൽകൂടെ ഒരു വലിയ ജനതയായിത്തീരാൻ അബ്രഹാമിന്റെ സന്തതി പെരുകി. അബ്രഹാമിന്റെ എണ്ണമില്ലാത്ത ഒരു അക്ഷരീയ സന്തതിയെന്ന നിലയിൽ അവർ അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവത്തിന്റെ നിർമ്മലാരാധനക്ക് സമർപ്പിക്കപ്പെട്ടിരുന്നു. (ഉല്പത്തി 28:13; പുറപ്പാട് 3:6, 15; 6:3; പ്രവൃത്തികൾ 3:13) മിക്കപ്പോഴും ഇസ്രായേല്യർ നിർമ്മലാരാധനയിൽനിന്ന് അകന്നുപോയി, എന്നിട്ടും “യഹോവ അവരോടു പ്രീതികാട്ടുകയും അവരോടു കരുണ പ്രകടമാക്കുകയുംചെയ്തു . . . അബ്രഹാമിനോടും ഇസ്ഹാക്കിനോടും യാക്കോബിനോടുമുള്ള അവന്റെ ഉടമ്പടിക്കുവേണ്ടിത്തന്നെ; അവൻ അവരെ നശിപ്പിക്കാനാഗ്രഹിച്ചില്ല.” (2 രാജാക്കൻമാർ 13:23; പുറപ്പാട് 2:24; ലേവ്യപുസ്തകം 26:42-45) ദൈവം തന്റെ ജനമായി ക്രിസ്തീയസഭയെ സ്വീകരിച്ചതിനുശേഷം പോലും അബ്രഹാമിന്റെ അക്ഷരീയസന്തതിയായ ഒരു ജനമെന്ന നിലയിൽ ഇസ്രായേല്യരോട് കുറേ കാലത്തേക്ക് പ്രത്യേകപ്രീതി കാട്ടുന്നതിൽ അവൻ തുടർന്നു.—ദാനിയേൽ 9:27.
അബ്രാഹാമിന്റെ ആത്മീയ സന്തതി
12, 13. അബ്രഹാമ്യ ഉടമ്പടിയുടെ ആത്മീയ നിവൃത്തിയിൽ യേശു സന്തതിയുടെ പ്രഥമഭാഗമാണെന്ന് തെളിഞ്ഞതെങ്ങനെ?
12 അബ്രഹാമ്യ ഉടമ്പടിക്ക് ആത്മീയമായ മറെറാരു നിവൃത്തിയുണ്ടായിരുന്നു. ഈ വലിപ്പമേറിയ നിവൃത്തി യേശുവിന്റെ കാലത്തിനുമുമ്പ് സ്പഷ്ടമാകുകയില്ലായിരുന്നു, എന്നാൽ നമ്മുടെ കാലത്ത് അത് വ്യക്തമായിരിക്കുന്നതിൽ നമുക്ക് സന്തോഷമുള്ളവരായിരിക്കാൻ കഴിയും. ദൈവവചനത്തിൽ അതിന്റെ നിവൃത്തിയുടെ വിശദീകരണം നമുക്കു ലഭിച്ചിട്ടുണ്ട്. പൗലോസ് എഴുതുന്നു: “ഇപ്പോൾ വാഗ്ദത്തങ്ങൾ പറയപ്പെട്ടത് അബ്രഹാമിനോടും അവന്റെ സന്തതിയോടുമായിരുന്നു. അതു പറയുന്നത്: അനേകരുടെ കാര്യത്തിലെന്നപോലെ ‘സന്തതികളോടും’ എന്നല്ല, പിന്നെയോ ഒരാളുടെ കാര്യത്തിലെന്നപോലെ ‘നിന്റെ സന്തതിയോടും’ എന്നാണ്, അത് ക്രിസ്തു ആണ്.”—ഗലാത്യർ 3:16.
13 അതെ, സന്തതി ഒരു വംശത്തിലൂടെ അഥവാ കുടുംബത്തിലൂടെയാണ് വരുന്നത്, അത് യേശുവിനെസംബന്ധിച്ചു സത്യമായിരുന്നു. അവൻ അബ്രഹാമിന്റെ ഒരു അക്ഷരീയസന്തതിയായി, ഒരു സ്വാഭാവികയഹൂദനായി, ജനിച്ചു. (മത്തായി 1:1-16; ലൂക്കോസ് 3:23-34) തന്നെയുമല്ല, അവൻ സ്വർഗ്ഗത്തിലെ വലിപ്പമേറിയ അബ്രഹാമിന്റെ കുടുംബത്തിന്റെ ഭാഗമായിരുന്നു. ഗോത്രപിതാവായ അബ്രഹാം ദൈവം ആഗ്രഹിക്കുന്നുവെങ്കിൽ ആഴമായ വിശ്വാസത്തോടെ തന്റെ പുത്രനായ ഇസ്ഹാക്കിനെ ബലിചെയ്യാൻ സന്നദ്ധനായിരുന്നുവെന്ന് ഓർക്കുക. (ഉല്പത്തി 22:1-18; എബ്രായർ 11:17-19) അതുപോലെതന്നെ, യഹോവ തന്റെ ഏകജാതനായ പുത്രനെ വിശ്വസിക്കുന്ന മനുഷ്യവർഗ്ഗത്തിനുവേണ്ടി ഒരു മറുവിലയാഗമായിത്തീരാൻ ഭൂമിയിലേക്കയച്ചു. (റോമർ 5:8; 8:32) പൗലോസ് ഈ ഉടമ്പടിയനുസരിച്ചുള്ള അബ്രഹാമിന്റെ സന്തതിയുടെ മുഖ്യഭാഗമായി യേശുക്രിസ്തുവിനെ തിരിച്ചറിയിച്ചതെന്തുകൊണ്ടെന്ന് അങ്ങനെ മനസ്സിലാക്കാവുന്നതാണ്.
14. അബ്രഹാമിന്റെ സന്തതിയുടെ ഉപഭാഗമെന്താണ്, ഇത് ഏതു കൂടുതലായ ചർച്ചയിലേക്ക് നയിക്കുന്നു?
14 ആത്മീയ നിവൃത്തിയിൽ, ദൈവം ‘അബ്രഹാമിന്റെ സന്തതിയെ വർദ്ധിപ്പിക്കു’മെന്ന് പൗലോസ് തുടർന്നു സൂചിപ്പിച്ചു. അവൻ എഴുതി: “നിങ്ങൾ ക്രിസ്തുവിനുള്ളവരെങ്കിൽ, നിങ്ങൾ യഥാർത്ഥത്തിൽ ഒരു വാഗ്ദത്തം സംബന്ധിച്ച് അവകാശികൾ, അബ്രഹാമിന്റെ സന്തതി, ആകുന്നു.” (ഉല്പത്തി 22:17; ഗലാത്യർ 3:29) അങ്ങനെയുള്ളവരാണ് ആത്മാഭിഷിക്ത ക്രിസ്ത്യാനികളായ 1,44,000 പേർ. അവർ അബ്രഹാമിന്റെ സന്തതിയുടെ ഉപഭാഗമായിത്തീരുന്നു. അവർ സന്തതിയുടെ പ്രഥമ ഭാഗത്തോട് എതിരല്ല, പിന്നെയോ “ക്രിസ്തുവിന്നുള്ളവർ” ആകുന്നു. (1 കൊരിന്ത്യർ 1:2; 15:23) അവരിലനേകർക്കും അബ്രഹാമുമായുള്ള തങ്ങളുടെ വംശപരമ്പര ചുവടുപിടിച്ചുചെല്ലാൻ കഴികയില്ലെന്ന് നമുക്കറിയാം, എന്തുകൊണ്ടെന്നാൽ അവർ യഹൂദേതര ജനതകളിൽനിന്നുള്ളവരാണ്. എന്നിരുന്നാലും, ആത്മീയ നിവൃത്തിയിൽ അവർ സ്വാഭാവികമായി വലിപ്പമേറിയ അബ്രഹാമായ യഹോവയുടെ കുടുംബത്തിന്റെ ഭാഗമല്ലെന്നുള്ളതാണ് കൂടുതൽ നിർണ്ണായകം; എന്നാൽ അവർ പാപിയായ ആദാമിന്റെ അപൂർണ്ണകുടുംബത്തിൽനിന്നുള്ളവരാണ്. അതുകൊണ്ട് അവർക്ക് “അബ്രഹാമിന്റെ സന്തതി”യുടെ ഭാഗമായിത്തീരാൻ എങ്ങനെ യോഗ്യതപ്രാപിക്കാൻ കഴിയുമെന്ന് പിൽക്കാല ഉടമ്പടികളിൽനിന്ന് നാം കാണേണ്ടയാവശ്യമുണ്ട്.
താൽക്കാലികമായി ന്യായപ്രമാണ ഉടമ്പടി കൂട്ടിച്ചേർക്കപ്പെടുന്നു
15-17. (എ) ന്യായപ്രമാണ ഉടമ്പടി അബ്രഹാമ്യ ഉടമ്പടിയോട് കൂട്ടിച്ചേർക്കപ്പെട്ടതെന്തുകൊണ്ട്? (ബി) ന്യായപ്രമാണം ഈ ലക്ഷ്യങ്ങൾ എങ്ങനെ നിറവേററി?
15 ദൈവം തന്റെ ഉദ്ദേശ്യം നിവർത്തിക്കുന്നതിൽ ഒരു അടിസ്ഥാനനടപടിയെന്ന നിലയിൽ അബ്രഹാമ്യ ഉടമ്പടി സ്ഥാപിച്ചശേഷം സന്തതി പ്രത്യക്ഷപ്പെടുന്നതുവരെ അവന്റെ വംശം ദുഷിപ്പിൽനിന്നോ നിർമ്മൂലനാശത്തിൽനിന്നോ എങ്ങനെ കാത്തുസൂക്ഷിക്കപ്പെടും? സന്തതി വന്നെത്തുകതന്നെ ചെയ്യുമ്പോൾ സത്യാരാധകർ അവനെ എങ്ങനെ തിരിച്ചറിയും? താൽക്കാലികമായി ന്യായപ്രമാണ ഉടമ്പടി കൂട്ടിച്ചേർത്തതിലെ ദൈവത്തിന്റെ ജ്ഞാനം ചൂണ്ടിക്കാട്ടിക്കൊണ്ട് പൗലോസ് അങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. അപ്പോസ്തലൻ എഴുതുന്നു:
16 “അപ്പോൾ ന്യായപ്രമാണം എന്തിന്? അത് വാഗ്ദത്തം ആരോടു ചെയ്യപ്പെട്ടുവോ ആ സന്തതി വരുന്നതുവരെ ലംഘനങ്ങൾ പ്രകടമാകേണ്ടതിന് കൂട്ടിച്ചേർക്കപ്പെട്ടു; അത് ഒരു മദ്ധ്യസ്ഥന്റെ കൈയാൽ ദൂതൻമാർ മുഖേന പ്രേഷണംചെയ്യപ്പെട്ടു. . . . നാം വിശ്വാസം നിമിത്തം നീതിമാൻമാരായി പ്രഖ്യാപിക്കപ്പെടേണ്ടതിന് ന്യായപ്രമാണം നമ്മുടെ ശിശുപാലകൻ ആയിത്തീർന്നിരിക്കുന്നു.”—ഗലാത്യർ 3:19, 24.
17 സീനായിമലയിൽവെച്ച്, യഹോവ താനും ഇസ്രയേലും തമ്മിൽ അനുപമമായ ഒരു ദേശീയ ഉടമ്പടി ചെയ്തു—മോശ മദ്ധ്യസ്ഥനായുള്ള ന്യായപ്രമാണ ഉടമ്പടിതന്നെ.b (ഗലാത്യർ 4:24, 25) ജനം ഈ ഉടമ്പടിയിൽ ആയിരിക്കാൻ സമ്മതിച്ചു. അത് കാളകളുടെയും ആട്ടുകൊററൻമാരുടെയും രക്തത്താൽ പ്രാബല്യത്തിലാക്കപ്പെട്ടു. (പുറപ്പാട് 24:3-8; എബ്രായർ 9:19, 20) അത് ഇസ്രായേലിന് ദിവ്യാധിപത്യ നിയമങ്ങളും ഒരു നീതിയുള്ള ഗവൺമെൻറിനുള്ള ബാഹ്യരൂപവും കൊടുത്തു. ഉടമ്പടി പുറജാതികളെ മിശ്രവിവാഹം കഴിക്കുന്നതും അല്ലെങ്കിൽ അധാർമ്മികവും വ്യാജവുമായ മതാചാരങ്ങളിൽ പങ്കുപററുന്നതും വിലക്കി. അങ്ങനെ അത് ഇസ്രായേല്യരെ കാത്തുസൂക്ഷിക്കുകയും സന്തതിയുടെ വംശാവലി ദുഷിക്കാതെ സൂക്ഷിക്കുന്നതിൽ ഒരു സ്വാധീനമായി വർത്തിക്കുകയുംചെയ്തു. (പുറപ്പാട് 20:4-6; 34:12-16) എന്നാൽ യാതൊരു അപൂർണ്ണ ഇസ്രായേല്യനും ന്യായപ്രമാണം പൂർണ്ണമായി അനുസരിക്കാൻ കഴിയാഞ്ഞതുകൊണ്ട് അത് പാപങ്ങളെ പ്രകടമാക്കി. (ഗലാത്യർ 3:19) അത് പൂർണ്ണതയുള്ള ഒരു സ്ഥിരപുരോഹിതന്റെയും വാർഷികമായി ആവർത്തിക്കേണ്ടതില്ലാത്ത ഒരു യാഗത്തിന്റെയും ആവശ്യത്തിലേക്കു വിരൽചൂണ്ടി. ന്യായപ്രമാണം ആവശ്യമായിരുന്ന പ്രബോധകന്റെ അടുക്കലേക്കു ഒരു കുട്ടിയെ നയിക്കുന്ന ഒരു ശിശുപാലകനെപ്പോലെയായിരുന്നു. പ്രബോധകൻ മശിഹായോ ക്രിസ്തുവോ ആയിരിക്കുമായിരുന്നു. (എബ്രായർ 7:26-28; 9:9, 16-22; 10:1-4, 11) ന്യായപ്രമാണ ഉടമ്പടി അതിന്റെ ഉദ്ദേശ്യം നിവർത്തിച്ചുകഴിഞ്ഞപ്പോൾ അത് അവസാനിക്കുമായിരുന്നു.—ഗലാത്യർ 3:24, 25; റോമർ 7:6; 32-ാം പേജിലെ വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ കാണുക.
18. ന്യായപ്രമാണ ഉടമ്പടിയിൽ ഏതു കൂടുതലായ പ്രതീക്ഷ ഉൾപ്പെട്ടിരുന്നു, എന്നാൽ ഇതു മനസ്സിലാക്കാൻ പ്രയാസമായിരുന്നതെന്തുകൊണ്ട്?
18 ഈ താൽക്കാലിക ഉടമ്പടി ചെയ്തപ്പോൾ ദൈവം പുളകപ്രദമായ ഈ ലക്ഷ്യത്തെക്കുറിച്ചും പറഞ്ഞു: “നിങ്ങൾ കർശനമായി എന്റെ ശബ്ദം അനുസരിക്കുകയും തീർച്ചയായും എന്റെ ഉടമ്പടി പാലിക്കുകയുംചെയ്യുമെങ്കിൽ നിങ്ങൾ തീർച്ചയായും എന്റെ പ്രത്യേകസ്വത്തായിത്തീരും . . . നിങ്ങൾതന്നെ എനിക്ക് പുരോഹിതൻമാരുടെ ഒരു രാജ്യവും ഒരു വിശുദ്ധജനതയുമായിത്തീരും.” (പുറപ്പാട് 19:5, 6) എന്തോരു പ്രതീക്ഷ! രാജ-പുരോഹിതൻമാരുടെ ഒരു ജനത. എന്നാൽ അത് എങ്ങനെ സാധിക്കും? ന്യായപ്രമാണം പിൽക്കാലത്ത് നിർദ്ദേശിച്ചതുപോലെ ഭരണഗോത്രത്തിനും (യഹൂദാ) പൗരോഹിത്യ ഗോത്രത്തിനും (ലേവി) വ്യത്യസ്ത ഉത്തരവാദിത്വങ്ങൾ കൊടുക്കപ്പെട്ടു. (ഉല്പത്തി 49:10; പുറപ്പാട് 28:43; സംഖ്യാപുസ്തകം 3:5-13) യാതൊരുവനും ഒരു ആഭ്യന്തരഭരണാധികാരിയും ഒരു പുരോഹിതനുമായിരിക്കാൻ കഴിയുമായിരുന്നില്ല. എന്നിരുന്നാലും, പുറപ്പാട് 19:5, 6ലെ ദൈവവചനങ്ങൾ വെളിപ്പെടുത്തപ്പെടാത്ത ഏതോ രീതിയിൽ ന്യായപ്രമാണ ഉടമ്പടിയിൽ പെട്ടവർക്ക് “പുരോഹിതൻമാരുടെ ഒരു രാജ്യവും ഒരു വിശുദ്ധജനതയും” ആയവരുടെ അംഗങ്ങളെ പ്രദാനംചെയ്യാനുള്ള അവസരമുണ്ടായിരിക്കുമെന്നു വിശ്വസിക്കാൻ കാരണം നൽകി.
ദാവീദിക രാജ്യ ഉടമ്പടി
19. ഉടമ്പടികളിൽ രാജത്വത്തിലേക്കു വിരൽചൂണ്ടപ്പെട്ടതെങ്ങനെ?
19 കാലക്രമത്തിൽ നമ്മുടെ നിത്യാനുഗ്രഹത്തിനായി താൻ തന്റെ ഉദ്ദേശ്യം എങ്ങനെ നിവർത്തിക്കുമെന്ന് കൂടുതലായി വിശദീകരിച്ച മറെറാരു ഉടമ്പടി യഹോവ കൂട്ടിച്ചേർത്തു. അബ്രഹാമ്യ ഉടമ്പടി അബ്രഹാമിന്റെ അക്ഷരീയ സന്തതിയുടെ ഇടയിലെ രാജത്വത്തിലേക്കു വിരൽചൂണ്ടിയെന്നു നാം കണ്ടുകഴിഞ്ഞു. (ഉല്പത്തി 17:6) ന്യായപ്രമാണ ഉടമ്പടിയും ദൈവജനത്തിന്റെ ഇടയിലെ രാജാക്കൻമാരെ പ്രതീക്ഷിച്ചു, എന്തുകൊണ്ടെന്നാൽ മോശ ഇസ്രായേലിനോടു പറഞ്ഞു: “നീ ഒടുവിൽ [വാഗ്ദത്തദേശത്തേക്ക്] വരുകയും ‘എനിക്കു ചുററുമുള്ള സകല ജനതകളെയുംപോലെ ഞാൻ എന്റെമേൽ ഒരു രാജാവിനെ ആക്കിവെക്കുകയും ചെയ്യട്ടെയെന്ന് പറഞ്ഞിരിക്കുകയും ചെയ്യുമ്പോൾ നീ തീർച്ചയായും നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന ഒരു രാജാവിനെ നിന്റെ മേൽ ആക്കിവെക്കേണം. . . . നീ ഒരു വിദേശിയെ നിന്റെമേൽ ആക്കിവെക്കാൻ അനുവദിക്കപ്പെടുകയില്ല.” (ആവർത്തനം 17:14, 15) അങ്ങനെയുള്ള രാജത്വത്തിന് ദൈവം എങ്ങനെ ക്രമീകരണം ചെയ്യും, അത് അബ്രഹാമിക ഉടമ്പടിയോട് എങ്ങനെ ബന്ധപ്പെടും?
20. ദാവീദും അവന്റെ വംശാവലിയും ചിത്രത്തിലേക്കു വന്നതെങ്ങനെ?
20 ഇസ്രയേലിന്റെ ആദ്യത്തെ രാജാവ് ബന്യാമീൻ ഗോത്രത്തിലെ ശൗൽ ആയിരുന്നെങ്കിലും അവന്റെ പിൻഗാമിയായി ധീരനും വിശ്വസ്തനുമായ യഹൂദയിലെ ദാവീദ് വന്നു. (1 ശമുവേൽ 8:5; 9:1, 2; 10:1; 16:1, 13) ദാവീദിന്റെ വാഴ്ച പുരോഗമിച്ചപ്പോൾ യഹോവ ദാവീദുമായി ഒരു ഉടമ്പടി ഉണ്ടാക്കാൻ തീരുമാനിച്ചു. ആദ്യം അവൻ ഇങ്ങനെ പറഞ്ഞു: “ഞാൻ തീർച്ചയായും നിനക്കുശേഷം നിന്റെ സന്തതിയെ എഴുന്നേൽപ്പിക്കും, അത് നിന്റെ ആന്തരികഭാഗങ്ങളിൽനിന്ന് വരും; ഞാൻ തീർച്ചയായും അവന്റെ രാജ്യത്തെ ഉറപ്പായി സ്ഥാപിക്കും. അവനാണ് എനിക്ക് ഒരു ഭവനം പണിയുന്നത്, ഞാൻ തീർച്ചയായും അവന്റെ രാജ്യത്തിന്റെ സിംഹാസനത്തെ അനിശ്ചിതകാലത്തോളം സ്ഥാപിക്കും.” (2 ശമുവേൽ 7:12, 13) അവിടെ സൂചിപ്പിച്ച പ്രകാരം ദാവീദിന്റെ പുത്രൻ ശലോമോൻ അടുത്ത രാജാവായിത്തീർന്നു, അവൻ യരുശലേമിൽ ദൈവത്തിനായി ഒരു ഭവനം, അഥവാ ഒരു ആലയം നിർമ്മിക്കാൻ ഉപയോഗിക്കപ്പെട്ടു. എന്നിരുന്നാലും കൂടുതൽ കാര്യങ്ങളുണ്ടായിരുന്നു.
21. ദാവീദ്യരാജ്യ ഉടമ്പടി എന്തിനു കരുതൽചെയ്തു?
21 യഹോവ തുടർന്ന് ദാവീദുമായി ഈ ഉടമ്പടി ചെയ്തു: “തീർച്ചയായും നിന്റെ ഭവനവും നിന്റെ രാജ്യവും നിന്റെ മുമ്പാകെ അനിശ്ചിതകാലത്തോളം സ്ഥിരമായിരിക്കും; നിന്റെ സിംഹാസനംതന്നെ അനിശ്ചിതകാലത്തോളം സ്ഥിരമായി സ്ഥാപിക്കപ്പെട്ട ഒന്നായിത്തീരും.” (2 ശമുവേൽ 7:16) വ്യക്തമായി, ദൈവം അങ്ങനെ ഇസ്രായേലിനുവേണ്ടി ദാവീദിന്റെ കുടുംബത്തിൽ രാജവംശം സ്ഥാപിക്കുകയായിരുന്നു. അത് ദാവീദികരാജാക്കൻമാരുടെ നിരന്തരപിൻതുടർച്ചമാത്രമായിരിക്കേണ്ടതല്ലായിരുന്നു. ഒടുവിൽ ദാവീദിന്റെ വംശത്തിൽപെട്ട ഒരുവൻ “അനിശ്ചിതകാലത്തോളം” ഭരിക്കാനിടയാകും, “അവന്റെ സിംഹാസനം [ദൈവ]മുമ്പാകെ സൂര്യനെപ്പോലെ [ആയിരിക്കും].”—സങ്കീർത്തനം 89:20, 29, 34-36; യെശയ്യാവ് 55:3, 4.
22. ദാവീദുമായുള്ള ഉടമ്പടി സന്തതിയുടെ വംശവുമായി ബന്ധപ്പെട്ടതെങ്ങനെ, എന്തു പരിണതഫലത്തോടെ?
22 അപ്പോൾ ദാവീദിക ഉടമ്പടി സന്തതിയുടെ വംശാവലിയെ കൂടുതൽ ഇടുങ്ങിയതാക്കിയെന്ന് സ്പഷ്ടമാണ്. മശിഹാ ദാവീദിന്റെ ഒരു സന്തതിയായിരിക്കേണ്ടതാണെന്ന് ഒന്നാം നൂററാണ്ടിലെ യഹൂദൻമാർ പോലും തിരിച്ചറിഞ്ഞിരുന്നു. (യോഹന്നാൻ 7:41, 42) അബ്രഹാമ്യ ഉടമ്പടിയിലെ സന്തതിയിലെ പ്രഥമ ഭാഗമായ യേശുക്രിസ്തു ഒരു ദൂതൻ സാക്ഷ്യപ്പെടുത്തിയതുപോലെ, ഈ ദാവീദികരാജ്യത്തിന്റെ ഒരു സ്ഥിരാവകാശിയായിത്തീരാൻ യോഗ്യത നേടി. (ലൂക്കോസ് 1:31-33) യേശു അങ്ങനെ വാഗ്ദത്തദേശത്തിൻമേൽ ഭരിക്കാനുള്ള അവകാശം നേടി, അത് ദാവീദ് വാണിരുന്ന ഭൗമികപ്രദേശമായിരുന്നു. ഇത് യേശുവിലുള്ള നമ്മുടെ വിശ്വാസത്തെ വർദ്ധിപ്പിക്കേണ്ടതാണ്; അവൻ നിയമവിരുദ്ധ കൈയേററത്താലല്ല, പിന്നെയോ ഒരു സ്ഥാപിതനിയമക്രമീകരണത്താലാണ്, ഒരു ദിവ്യഉടമ്പടിയാലാണ്, ഭരിക്കുന്നത്.
23. ഏതു ചോദ്യങ്ങളും കാര്യങ്ങളും തീരുമാനിക്കപ്പെടാൻ ശേഷിക്കുന്നു?
23 മനുഷ്യവർഗ്ഗത്തിന് നിത്യാനുഗ്രഹങ്ങൾ കൈവരുത്താനുള്ള ദൈവത്തിന്റെ ഉദ്ദേശ്യം നിവർത്തിക്കുന്ന വിധത്തോടു ബന്ധമുള്ള ദിവ്യ ഉടമ്പടികളിൽ നാലെണ്ണമാണ് നാം പരിചിന്തിച്ചിരിക്കുന്നത്. സാദ്ധ്യതയനുസരിച്ച് ചിത്രം പൂർണ്ണമല്ലെന്ന് നിങ്ങൾക്കു കാണാൻ കഴിയും. മനുഷ്യർ അപൂർണ്ണരായി തുടർന്നതുകൊണ്ട് ഏതു പുരോഹിതന് അഥവാ യാഗത്തിന് അതിന് സ്ഥിരമായി മാററം വരുത്താൻ കഴിയും? മനുഷ്യർ അബ്രഹാമ്യ സന്തതിയുടെ ഭാഗമായിത്തീരാൻ എങ്ങനെ യോഗ്യത നേടും? ഭരിക്കാനുള്ള അവകാശത്തിൽ കേവലമൊരു ഭൗമികപ്രദേശത്തെക്കാളധികം ഉൾപ്പെടാൻ തക്കവണ്ണം അതു വികസിതമാകുമെന്ന് വിശ്വസിക്കാൻ ന്യായമുണ്ടോ? പ്രഥമഭാഗവും ഉപഭാഗവും ഉൾപ്പെടുന്ന അബ്രഹാമിന്റെ സന്തതിക്ക് നമ്മിലോരോരുത്തരും ഉൾപ്പെടെ “ഭൂമിയിലെ സകല ജനതകൾ”ക്കും ഒരു അനുഗ്രഹം കൈവരുത്താൻ എങ്ങനെ കഴിയും? എന്നിങ്ങനെയുള്ള ചോദ്യങ്ങളവശേഷിക്കുന്നു. നമുക്കു കാണാം. (w89 2/1)
[അടിക്കുറിപ്പുകൾ]
a വ്യവസ്ഥകൾ നിറവേററാൻ ഒരാൾമാത്രം, ദൈവംമാത്രം, പ്രതിജ്ഞാബദ്ധനായിരിക്കുന്നതുകൊണ്ട് ഇത് ഒരു ഏകപക്ഷീയ ഉടമ്പടിയാണ്.
b “ഉടമ്പടിയുടെ ആശയം ഇസ്രയേൽമതത്തിന്റെ ഒരു പ്രത്യേക വശമായിരുന്നു, ആ മതം മാത്രമായിരുന്നു അനന്യമായ ഭക്തി ആവശ്യപ്പെട്ടതും മററു മതങ്ങളിൽ അനുവദിക്കപ്പെട്ടിരുന്നതുപോലെയുള്ള ദ്വയഭക്തിയുടെയോ ബഹുഭക്തികളുടെയോ സാദ്ധ്യത തടഞ്ഞതുമായ ഏക മതം.”—പഴയനിയമത്തിന്റെ ദൈവശാസ്ത്രനിഘണ്ടു, വാല്യം II, പേജ് 278.
നിങ്ങളുടെ ഉത്തരമെന്താണ?
◻ അബ്രഹാമ്യ ഉടമ്പടി നമുക്ക് നിത്യാനുഗ്രഹങ്ങൾ ലഭിക്കുന്നതിന് അടിസ്ഥാനമിട്ടതെങ്ങനെ?
◻ അബ്രഹാമിന്റെ അക്ഷരീയ ജഡിക സന്തതി ആരായിരുന്നു? പ്രതീകാത്മക സന്തതിയോ?
◻ ന്യായപ്രമാണ ഉടമ്പടി അബ്രഹാമ്യ ഉടമ്പടിയോട് കൂട്ടിച്ചേർക്കപ്പെട്ടതെന്തുകൊണ്ട്?
◻ ദാവീദിക രാജ്യ ഉടമ്പടി ദൈവോദ്ദേശ്യത്തെ പുരോഗമിപ്പിച്ചതെങ്ങനെ?
[13-ാം പേജിലെ രേഖാചിത്രം]
(For fully formatted text, see publication)
ഏദനിക ഉടമ്പടി ഉല്പത്തി 3:15
അബ്രഹാമ്യ ഉടമ്പടി
പ്രഥമ സന്തതി
ഉപ സന്തതി
നിത്യ അനുഗ്രഹങ്ങൾ
[14-ാം പേജിലെ രേഖാചിത്രം]
(For fully formatted text, see publication)
ഏദനിക ഉടമ്പടി ഉല്പത്തി 3:15
അബ്രഹാമ്യ ഉടമ്പടി
ന്യായപ്രമാണ ഉടമ്പടി
ദാവീദിക രാജ്യ ഉടമ്പടി
പ്രഥമ സന്തതി
ഉപ സന്തതി
നിത്യ അനുഗ്രഹങ്ങൾ
[10-ാം പേജിലെ ചിത്രം]
മനുഷ്യവർഗ്ഗത്തിനുവേണ്ടിയുള്ള തന്റെ ഉദ്ദേശ്യം നിവർത്തിക്കുന്നതിന് ദൈവം വിശ്വസ്തനായ അബ്രഹാമുമായി ഒരു ഉടമ്പടിചെയ്തു