ഒരു വിദഗ്ധ തോട്ടക്കാരൻ
തെക്കേ അമേരിക്കയിലെ ഇലമുറിയൻ ഉറുമ്പ് അതിന്റെ തോട്ടപരിപാലനവിദ്യകളാൽ ജീവശാസ്ത്രജ്ഞൻമാരെ അതിശയിപ്പിക്കുന്നു. ആഹാരം പ്രദാനം ചെയ്യുന്നതിന്, ഈ കൊച്ചുജീവി ഇലയുടെ ശകലങ്ങൾ മുറിച്ചിട്ടിട്ട്, കാട്ടിലെ നിലത്തുനിന്ന് അവ ശേഖരിച്ചു മണ്ണിനടിയിലുള്ള അതിന്റെ കൂട്ടിലേക്കു കൊണ്ടുവരുന്നു. എന്നിട്ട്, അതിന്റെ കുമിൾത്തോട്ടത്തിനു വളമായി ഉതകേണ്ടതിന് ഈ ഉറുമ്പ് പ്രസ്തുത ശകലങ്ങൾ അരച്ചു കുഴമ്പുരൂപത്തിലാക്കുന്നു. ഏറ്റവും മെച്ചമായ ഫലങ്ങൾ ലഭിക്കാൻ കുമിൾവിളയ്ക്ക് അനുയോജ്യമായ ഊഷ്മാവും ഈർപ്പവും എങ്ങനെ നിലനിർത്താനാകുമെന്ന സഹജമായ അറിവ് ഈ ഇലമുറിയൻ ഉറുമ്പിനുണ്ട്. തോട്ടം വികസിപ്പിക്കുന്നതിന്, വളർച്ചയെത്തിയ കുമിൾവിളയിൽനിന്ന് കുറേശ്ശെ മുറിച്ചെടുത്ത് പുതിയ ഇലത്തടങ്ങളിലേക്കു മാറ്റും. കുമിൾ വളർച്ച പരമാവധിയാക്കുന്നതിനുള്ള കുരുന്നുനുള്ളൽ കലയിൽപോലും ഇലമുറിയൻ ഉറുമ്പ് നിപുണനാണ്. ഈ വിദഗ്ധനായ തോട്ടപരിപാലകൻ കൂട്ടിലെ ആഹാരാവശ്യത്തിന് അനുസൃതമായി അതിന്റെ അധ്വാനം ക്രമീകരിച്ചുകൊണ്ടു സമയവും ഊർജവും ലാഭിക്കുന്നതായി വെയിൽസിലെ ഗവേഷകർ കണ്ടെത്തി.
തോട്ടപരിപാലനത്തിൽ കഠിനാധ്വാനം ഉൾപ്പെടുന്നു, ഈ സംഗതിയിൽ ഇലമുറിയൻ ഉറുമ്പ് അതിശയം ജനിപ്പിക്കുന്നവനാണ്. “മടിയാ, ഉറുമ്പിന്റെ അടുക്കൽ ചെല്ലുക; അതിന്റെ വഴികളെ നോക്കി ബുദ്ധിപഠിക്ക. അതിന്നു നായകനും മേൽവിചാരകനും അധിപതിയും ഇല്ലാതിരുന്നിട്ടും വേനല്ക്കാലത്തു തന്റെ ആഹാരം ഒരുക്കുന്നു; കൊയ്ത്തുകാലത്തു തന്റെ തീൻ ശേഖരിക്കുന്നു” എന്ന് ബൈബിൾ പറയുന്നതിൽ തെല്ലും അതിശയമില്ല. (സദൃശവാക്യങ്ങൾ 6:6-8) ഇലമുറിയൻ ഉറുമ്പിന്റെ സഹജജ്ഞാനം സത്യമായും അതിന്റെ സ്രഷ്ടാവായ യഹോവയാം ദൈവത്തിന്റെ ജ്ഞാനത്തിനു സാക്ഷ്യമാണ്.—സദൃശവാക്യങ്ങൾ 30:24, 25.