ദൈവത്തോട് അടുത്തുചെല്ലുക
യഹോവ നമ്മോട് ആവശ്യപ്പെടുന്നത് എന്താണ്?
അനുസരിക്കണോ വേണ്ടയോ? എല്ലായ്പോഴും എളുപ്പത്തിൽ എടുക്കാൻ പറ്റിയ ഒരു തീരുമാനമല്ല അത്. തന്റെ കീഴിലുള്ളവരെക്കൊണ്ട് വിശ്രമമില്ലാതെ പണിയെടുപ്പിക്കുകയോ അവരോട് പരുഷമായി പെരുമാറുകയോ ചെയ്യുന്ന ഒരു മേലധികാരിയെ ജീവനക്കാർ അനുസരിക്കുന്നത് എങ്ങനെയുള്ള മനോഭാവത്തോടെ ആയിരിക്കും? അമർഷത്തോടെയും മുറുമുറുപ്പോടെയുമായിരിക്കും. എന്നാൽ യഹോവയാം ദൈവത്തെ അവന്റെ ആരാധകർ അനുസരിക്കുന്നത് ഈ വിധത്തിലല്ല. പൂർണഹൃദയത്തോടെയാണ് അവർ അവനെ അനുസരിക്കുന്നത്. എന്തുകൊണ്ടാണത്? ആവർത്തനപുസ്തകം 10:12, 13-ൽ കാണുന്ന മോശയുടെ വാക്കുകളിൽ അതിനുള്ള ഉത്തരമുണ്ട്.a
ദൈവത്തിന്റെ നിബന്ധനകളെക്കുറിച്ച് പറയവെ, മോശ ഇസ്രായേല്യരോട് ഒരു ചോദ്യം ചോദിച്ചു: “യഹോവ നിന്നോടു ചോദിക്കുന്നതു എന്ത്?” (13-ാം വാക്യം) ആഗ്രഹിക്കുന്നതെന്തും നമ്മോടു ചോദിക്കാനുള്ള അവകാശം ദൈവത്തിനുണ്ട്. അവൻ പരമാധീശകർത്താവും ജീവദാതാവും പരിപാലകനുമാണ്. (സങ്കീർത്തനം 36:9; യെശയ്യാവു 33:22) നമ്മിൽനിന്ന് സമ്പൂർണ അനുസരണം ആവശ്യപ്പെടാൻ യഹോവയ്ക്ക് അധികാരമുണ്ട്. എന്നാൽ നിർബന്ധത്താൽ ആരും തന്നെ അനുസരിക്കാൻ യഹോവ ആഗ്രഹിക്കുന്നില്ല. അപ്പോൾപ്പിന്നെ അവൻ എന്താണ് നമ്മിൽനിന്ന് പ്രതീക്ഷിക്കുന്നത്? നാം അവനെ “ഹൃദയപൂർവം അനുസരി”ക്കാൻ.— റോമർ 6:17.
മനസ്സോടെ ദൈവത്തെ അനുസരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത് എന്തായിരിക്കും? ഒരു ഘടകത്തെക്കുറിച്ച് മോശ പറയുകയുണ്ടായി: ‘നിന്റെ ദൈവമായ യഹോവയെ ഭയപ്പെടുക.’b (12-ാം വാക്യം) പ്രത്യാഘാതങ്ങൾ ഓർത്തുള്ള ഭീതിയല്ല അത്; മറിച്ച് ദൈവത്തോടും അവന്റെ വഴികളോടുമുള്ള ഉചിതമായ ഭക്ത്യാദരവാണ്. ദൈവത്തോടുള്ള ഭയഭക്തി അവന് അനിഷ്ടകരമായ കാര്യങ്ങൾ ചെയ്യാതിരിക്കാൻ നമ്മെ പ്രേരിപ്പിക്കും.
ദൈവത്തെ അനുസരിക്കാൻ നമ്മെ പ്രേരിപ്പിക്കേണ്ട പ്രധാന ഘടകം എന്താണ്? ‘നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കയും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ സേവിക്കയും ചെയ്യുക’ എന്ന് മോശ പറയുന്നു. (12-ാം വാക്യം) ദൈവത്തോടുള്ള സ്നേഹം വൈകാരികമായ ഒരു അനുഭവത്തിൽ കവിഞ്ഞ ഒന്നാണ്. “വികാരങ്ങളെ കുറിക്കുന്നതിനുള്ള എബ്രായ ക്രിയാപദങ്ങൾ ചിലപ്പോഴെല്ലാം ആ വികാരത്തിന്റെ പുറത്ത് ചെയ്യുന്ന കാര്യങ്ങളെ കുറിക്കാനും ഉപയോഗിക്കാറുണ്ട്” എന്ന് ഒരു റഫറൻസ് ഗ്രന്ഥം വിവരിക്കുന്നു. ദൈവത്തെ സ്നേഹിക്കുക എന്നതിന്റെ അർഥം അവനുവേണ്ടി “സ്നേഹപൂർവം പ്രവർത്തിക്കുക” എന്നാണെന്നും ഇതേ കൃതി പറയുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, നാം ദൈവത്തെ യഥാർഥത്തിൽ സ്നേഹിക്കുന്നുണ്ടെങ്കിൽ ദൈവത്തിനു പ്രസാദകരമായ വിധത്തിലായിരിക്കും നാം എപ്പോഴും പ്രവർത്തിക്കുന്നത്.—സദൃശവാക്യങ്ങൾ 27:11.
നാം എത്രത്തോളം ദൈവത്തെ അനുസരിക്കണം? “(ദൈവത്തിന്റെ) എല്ലാവഴികളിലും നടക്ക” എന്ന് മോശ പറയുന്നു. (12-ാം വാക്യം) അതെ, താൻ ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളും നാം ചെയ്യണമെന്ന് യഹോവ ആഗ്രഹിക്കുന്നു. ദൈവത്തോടുള്ള സമ്പൂർണ അനുസരണം നമുക്കു ദോഷം ചെയ്യുമോ? ഒരിക്കലുമില്ല!
ദൈവത്തെ സ്വമനസ്സാലെ അനുസരിക്കുന്നത് നമുക്ക് അനുഗ്രഹങ്ങൾ വരുത്തും. ‘ഞാൻ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന കൽപ്പനകൾ നിന്റെ നന്മെക്കായി പ്രമാണിക്ക’ എന്ന് മോശ എഴുതി. (13-ാം വാക്യം) അതെ, യഹോവയുടെ ഓരോ കൽപ്പനയും—അവൻ നമ്മോട് ആവശ്യപ്പെടുന്നതെന്തും—നമ്മുടെ നന്മയ്ക്കായുള്ളതാണ്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? “ദൈവം സ്നേഹമാകുന്നു” എന്ന് ബൈബിൾ പറയുന്നു. (1 യോഹന്നാൻ 4:8) അതുകൊണ്ട്, ദൈവം നൽകുന്ന ഏതൊരു കൽപ്പനയും നമ്മുടെ നിത്യക്ഷേമത്തെ മുൻനിറുത്തിയുള്ളതായിരിക്കും. (യെശയ്യാവു 48:17) യഹോവ ആവശ്യപ്പെടുന്നതൊക്കെയും ചെയ്യുന്നെങ്കിൽ പല ഇച്ഛാഭംഗങ്ങളും ഒഴിവാക്കാൻ നമുക്കു കഴിയും. മാത്രമല്ല, ഭാവിയിൽ അവന്റെ രാജ്യഭരണത്തിൻകീഴിൽ എണ്ണമറ്റ അനുഗ്രഹങ്ങളും നമുക്കു ലഭിക്കും.c
യഹോവയെ അനുസരിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ, ജ്ഞാനപൂർവകമായ ഗതി ഒന്നു മാത്രമേയുള്ളൂ. മനസ്സോടെയുള്ള സമ്പൂർണ അനുസരണമാണ് എല്ലായ്പോഴും ഉചിതം. അത് നമ്മെ യഹോവയിലേക്ക്, എപ്പോഴും നമ്മുടെ ക്ഷേമത്തിൽ തത്പരനായ സ്നേഹവാനായ ദൈവത്തിലേക്ക്, കൂടുതൽക്കൂടുതൽ അടുപ്പിക്കും.
[അടിക്കുറിപ്പുകൾ]
a മോശ അന്നത്തെ ഇസ്രായേല്യരോടാണ് അതു പറഞ്ഞതെങ്കിലും ഇന്ന് ദൈവത്തെ പ്രസാദിപ്പിക്കാനാഗ്രഹിക്കുന്ന എല്ലാവർക്കും അതിലെ തത്ത്വം ബാധകമാണ്.—റോമർ 15:4.
b ഈ ദൈവഭയം ദൈവദാസന്മാരുടെ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളെയും ഭരിക്കേണ്ട ഒന്നാണെന്ന് ആവർത്തനപുസ്തകത്തിലുടനീളം മോശ എടുത്തുപറയുന്നു.—ആവർത്തനപുസ്തകം 4:10; 6:13, 24; 8:6; 13:4; 31:12, 13.
c കൂടുതൽ വിവരങ്ങൾക്കായി, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ “ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യം എന്ത്?” എന്ന മൂന്നാം അധ്യായം കാണുക.