നിങ്ങൾ ‘ആത്മാവിനെ അനുസരിച്ചു നടക്കുമോ?’
“ആത്മാവിനെ അനുസരിച്ചുനടപ്പിൻ; എന്നാൽ നിങ്ങൾ ജഡത്തിന്റെ മോഹം നിവർത്തിക്കയില്ല.”—ഗലാത്യർ 5:16.
1. പരിശുദ്ധാത്മാവിനെതിരെ പാപം ചെയ്തേക്കുമോ എന്ന ഉത്കണ്ഠ എങ്ങനെ അകറ്റാം?
യഹോവയുടെ പരിശുദ്ധാത്മാവിനെതിരെ പാപം ചെയ്തേക്കുമോ എന്ന ഉത്കണ്ഠ അകറ്റാൻ ഒരു മാർഗമുണ്ട്. അപ്പൊസ്തലനായ പൗലൊസ് പറഞ്ഞ പിൻവരുന്ന കാര്യം ചെയ്യുന്നതിലൂടെയാണ് അതു സാധ്യമാകുക: “ആത്മാവിനെ അനുസരിച്ചുനടപ്പിൻ; എന്നാൽ നിങ്ങൾ ജഡത്തിന്റെ മോഹം നിവർത്തിക്കയില്ല.” (ഗലാത്യർ 5:16) നമ്മെ നയിക്കാൻ ദൈവാത്മാവിനെ അനുവദിക്കുന്നപക്ഷം അനുചിതമായ ജഡികമോഹങ്ങൾ നമ്മെ കീഴ്പെടുത്തുകയില്ല.—റോമർ 8:2-10.
2, 3. ആത്മാവിനെ അനുസരിച്ചു നടക്കുന്നതിന്റെ ഫലമെന്ത്?
2 ‘ആത്മാവിനെ അനുസരിച്ചുനടക്കുമ്പോൾ’ യഹോവയെ അനുസരിക്കാൻ ദൈവാത്മാവ് നമ്മെ പ്രചോദിപ്പിക്കും. ശുശ്രൂഷയിലും സഭയിലും വീട്ടിലും മറ്റിടങ്ങളിലും നാം ദൈവിക ഗുണങ്ങൾ പ്രകടിപ്പിക്കും. ഇണയോടും കുട്ടികളോടും സഹവിശ്വാസികളോടും മറ്റുള്ളവരോടുമുള്ള നമ്മുടെ ഇടപെടലിൽ ആത്മാവിന്റെ ഫലം പ്രകടമായിരിക്കും.
3 “ആത്മാവുസംബന്ധമായി ദൈവത്തിന്നൊത്തവണ്ണം” ജീവിക്കുമ്പോൾ പാപത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ നമുക്കാകും. (1 പത്രൊസ് 4:1-6) ആത്മാവിന്റെ സ്വാധീനത്തിൻ കീഴിലാണെങ്കിൽ ക്ഷമ ലഭിക്കുകയില്ലാത്ത പാപം നാം ഒരിക്കലും ചെയ്യില്ല. എന്നാൽ ആത്മാവിനെ അനുസരിച്ചു നടക്കുന്നത് മറ്റേതെല്ലാം വിധങ്ങളിൽ നമ്മെ സ്വാധീനിക്കും?
ദൈവത്തോടും ക്രിസ്തുവിനോടും പറ്റിനിൽക്കുക
4, 5. ആത്മാവിനെ അനുസരിച്ചു നടക്കുന്നത്, യേശുവിനെക്കുറിച്ചുള്ള നമ്മുടെ വീക്ഷണത്തെ സ്വാധീനിക്കുന്നത് എങ്ങനെ?
4 പരിശുദ്ധാത്മാവിനെ അനുസരിച്ചു നടക്കുന്നതിനാൽ, ദൈവവും ക്രിസ്തുവുമായി ഒരു അടുത്ത ബന്ധം നിലനിറുത്താൻ നമുക്കാകുന്നു. ആത്മീയ വരങ്ങളെക്കുറിച്ച് എഴുതവേ പൗലൊസ് കൊരിന്തിലെ സഹവിശ്വാസികളോട് ഇങ്ങനെ പറഞ്ഞു: “ദൈവാത്മാവിൽ സംസാരിക്കുന്നവൻ ആരും യേശു ശപിക്കപ്പെട്ടവൻ എന്നു പറകയില്ല; പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ [മുൻകാല വിഗ്രഹാരാധകരെ] ഗ്രഹിപ്പിക്കുന്നു.” (1 കൊരിന്ത്യർ 12:1-3) യേശുവിനെ ശപിക്കാൻ ഒരുവനെ പ്രേരിപ്പിക്കുന്ന ഏതൊരു ആത്മാവും പിശാചായ സാത്താനിൽനിന്ന് ഉള്ളതാണ്. എന്നാൽ ആത്മാവിനെ അനുസരിച്ചു നടക്കുന്ന ക്രിസ്ത്യാനികളായ നാം യഹോവ യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചെന്നും മറ്റെല്ലാ സൃഷ്ടികളെക്കാളും ഉന്നതനാക്കിയെന്നും ഉറച്ച ബോധ്യമുള്ളവരാണ്. (ഫിലിപ്പിയർ 2:5-11) ക്രിസ്തുവിന്റെ മറുവിലയാഗത്തിൽ നമുക്കു വിശ്വാസമുണ്ട്, ദൈവം നമ്മുടെമേൽ നിയമിച്ചിരിക്കുന്ന കർത്താവായി യേശുവിനെ നാം അംഗീകരിക്കുകയും ചെയ്യുന്നു.
5 ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെട്ട ഒന്നാം നൂറ്റാണ്ടിലെ ചിലർ, യേശു ജഡത്തിൽ വന്നുവെന്ന ആശയത്തെ നിരാകരിച്ചിരുന്നു. (2 യോഹന്നാൻ 7-11) അതു വിശ്വസിച്ച ചിലർ മിശിഹയായ യേശുവിനെക്കുറിച്ചുള്ള സത്യോപദേശങ്ങൾ തള്ളിക്കളയാൻ ഇടയായി. (മർക്കൊസ് 1:9-11; യോഹന്നാൻ 1:1, 14) ആത്മാവിനെ അനുസരിച്ചു നടക്കുന്നപക്ഷം, നാം അത്തരം വിശ്വാസത്യാഗത്തിലേക്കു വഴുതിവീഴില്ല. എങ്കിലും ആത്മീയമായി സദാ ഉണർന്നിരുന്നാൽ മാത്രമേ നമുക്ക് യഹോവയുടെ അനർഹദയ ആസ്വദിക്കാനും ‘സത്യത്തിൽ നടക്കാനും’ സാധിക്കുകയുള്ളൂ. (3 യോഹന്നാൻ 3, 4) അതുകൊണ്ട്, സകലവിധ വിശ്വാസത്യാഗവും തള്ളിക്കളഞ്ഞ് സ്വർഗീയ പിതാവുമായി ശക്തമായൊരു ബന്ധം നിലനിറുത്താൻ നമുക്ക് ദൃഢചിത്തരായിരിക്കാം.
6. ആത്മാവിനെ അനുസരിച്ചു നടക്കുന്നവരിൽ ദൈവാത്മാവ് എന്തെല്ലാം ഫലങ്ങളാണ് ഉളവാക്കുന്നത്?
6 വിഗ്രഹാരാധനയിലേക്കു തിരിയുന്നതിനെയും വിഭാഗീയതയെയും പൗലൊസ് പരസംഗവും അഴിഞ്ഞ നടത്തയും പോലുള്ള “ജഡത്തിന്റെ പ്രവൃത്തി”കളുടെ കൂടെയാണ് പട്ടികപ്പെടുത്തിയത്. എന്നാൽ പൗലൊസ് ഇങ്ങനെ വിശദീകരിച്ചു: “ക്രിസ്തുയേശുവിന്നുള്ളവർ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടുകൂടെ ക്രൂശിച്ചിരിക്കുന്നു. ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക.” (ഗലാത്യർ 5:19-21, 24, 25) ആത്മാവിനെ അനുസരിച്ചു നടക്കുകയും ജീവിക്കുകയും ചെയ്യുന്നവരിൽ ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തി എന്തു ഫലമാണ് ഉളവാക്കുന്നത്? “ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം [“നന്മ,” NW], വിശ്വസ്തത [“വിശ്വാസം,” NW], സൌമ്യത, ഇന്ദ്രിയജയം” എന്നിവയാണെന്ന് പൗലൊസ് എഴുതുകയുണ്ടായി. (ഗലാത്യർ 5:22, 23) ആത്മാവിന്റെ ഫലത്തിന്റെ ഈ വശങ്ങൾ നമുക്കിപ്പോൾ പരിചിന്തിക്കാം.
‘അന്യോന്യം സ്നേഹിക്കുക’
7. എന്താണ് സ്നേഹം, അതിന്റെ ചില സവിശേഷതകൾ ഏവ?
7 ആത്മാവിന്റെ ഫലങ്ങളിലൊന്നാണ് സ്നേഹം. മറ്റുള്ളവരോടുള്ള ആഴമായ പ്രിയവും നിസ്സ്വാർഥ താത്പര്യവും ഒപ്പം അവരുമായുള്ള ഉറ്റ ബന്ധവുമാണ് മിക്കപ്പോഴും അതിൽ ഉൾപ്പെട്ടിരിക്കുന്നത്. ദൈവം ആ ഗുണത്തിന്റെ ആൾരൂപമാകയാൽ “ദൈവം സ്നേഹ”മാകുന്നു എന്നു തിരുവെഴുത്തു പറയുന്നു. ദൈവത്തിനും പുത്രനും മനുഷ്യവർഗത്തോടുള്ള വലിയ സ്നേഹം യേശുക്രിസ്തുവിന്റെ മറുവിലയാഗത്തിൽ നിഴലിച്ചുകാണാം. (1 യോഹന്നാൻ 4:8; യോഹന്നാൻ 3:16; 15:13; റോമർ 5:8) യേശുവിന്റെ അനുഗാമികളായ നമ്മെ തിരിച്ചറിയിക്കുന്നത് അന്യോന്യമുള്ള സ്നേഹമാണ്. (യോഹന്നാൻ 13:34, 35) വാസ്തവത്തിൽ “അന്യോന്യം സ്നേഹി”ക്കാനാണ് നമ്മോടു കൽപ്പിച്ചിരിക്കുന്നത്. (1 യോഹന്നാൻ 3:23) സ്നേഹം ദീർഘമായി ക്ഷമിക്കുകയും ദയ കാണിക്കുകയും ചെയ്യുന്നുവെന്നു പൗലൊസ് പറയുന്നു. അത് സ്പർധിക്കുന്നില്ല, നിഗളിക്കുന്നില്ല, അയോഗ്യമായി നടക്കുന്നില്ല, സ്വാർഥം അന്വേഷിക്കുന്നില്ല, ദേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല, അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു. എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു. മാത്രമല്ല, സ്നേഹം ഒരുനാളും നിലച്ചുപോകുന്നതുമില്ല.—1 കൊരിന്ത്യർ 13:4-8.
8. സഹാരാധകരെ നാം സ്നേഹിക്കേണ്ടത് എന്തുകൊണ്ട്?
8 നമ്മിൽ സ്നേഹം ഉളവാക്കാൻ ദൈവാത്മാവിനെ അനുവദിക്കുന്നെങ്കിൽ, ദൈവവും അയൽക്കാരുമായുള്ള നമ്മുടെ ബന്ധത്തിൽ ആ ഗുണം ദൃശ്യമായിരിക്കും. (മത്തായി 22:37-39) “സ്നേഹിക്കാത്തവൻ മരണത്തിൽ വസിക്കുന്നു. സഹോദരനെ പകെക്കുന്നവൻ എല്ലാം കുലപാതകൻ ആകുന്നു. യാതൊരു കുലപാതകന്നും നിത്യജീവൻ ഉള്ളിൽ വസിച്ചിരിപ്പില്ല” എന്ന് അപ്പൊസ്തലനായ യോഹന്നാൻ എഴുതുകയുണ്ടായി. (1 യോഹന്നാൻ 3:14, 15) ഇസ്രായേലിൽ, കൊല്ലപ്പെട്ടയാളെ വെറുക്കാതിരുന്നാൽ മാത്രമേ ഒരു മനുഷ്യഘാതകന് സങ്കേതനഗരത്തിൽപ്പോയി സുരക്ഷിതത്വം തേടാൻ കഴിയുമായിരുന്നുള്ളൂ. (ആവർത്തനപുസ്തകം 19:4, 11-13) നമ്മെ നയിക്കുന്നത് പരിശുദ്ധാത്മാവാണെങ്കിൽ നാം ദൈവത്തോടും സഹാരാധകരോടും മറ്റുള്ളവരോടും സ്നേഹമുള്ളവരായിരിക്കും.
“യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം”
9, 10. സന്തുഷ്ടരായിരിക്കാനുള്ള ചില കാരണങ്ങൾ ഏവ?
9 യഹോവ ധന്യനായ, അഥവാ ‘സന്തുഷ്ടനായ ദൈവമാണ്.’ (1 തിമൊഥെയൊസ് 1:11; സങ്കീർത്തനം 104:31) പുത്രൻ പിതാവിന്റെ ഇഷ്ടം ചെയ്യാൻ പ്രിയപ്പെടുന്നു. (സങ്കീർത്തനം 40:8; എബ്രായർ 10:7-9) ‘യഹോവയിങ്കലെ സന്തോഷമാണ് [നമ്മുടെ] ബലം.’—നെഹെമ്യാവു 8:10.
10 ബുദ്ധിമുട്ട്, സങ്കടം, പീഡനം എന്നിവയ്ക്കു മധ്യേപോലും ദൈവഹിതം ചെയ്യുമ്പോൾ ആഴമായ സംതൃപ്തി കണ്ടെത്താൻ ദൈവദത്ത സന്തോഷം നമ്മെ സഹായിക്കുന്നു. “ദൈവപരിജ്ഞാനം” എത്ര വലിയ സന്തോഷമാണ് നമുക്കു നൽകുന്നത്! (സദൃശവാക്യങ്ങൾ 2:1-5) ദൈവവുമായുള്ള നമ്മുടെ സന്തോഷനിർഭരമായ ബന്ധം അവനിലും യേശുവിന്റെ മറുവിലയാഗത്തിലുള്ള വിശ്വാസത്തിലും സൂക്ഷ്മ പരിജ്ഞാനത്തിലും അധിഷ്ഠിതമാണ്. (1 യോഹന്നാൻ 2:1, 2) ഒരേയൊരു അന്തർദേശീയ സഹോദരവർഗത്തിന്റെ ഭാഗമായിരിക്കുന്നതാണ് സന്തോഷമേകുന്ന മറ്റൊരു സംഗതി. (സെഫന്യാവു 3:9; ഹഗ്ഗായി 2:7) രാജ്യപ്രത്യാശയും സുവാർത്ത ഘോഷിക്കാനുള്ള മഹത്തായ പദവിയും നമ്മെ സന്തുഷ്ടരാക്കുന്നു. (മത്തായി 6:9, 10; 24:14) നിത്യജീവന്റെ പ്രത്യാശയാണ് നമ്മെ സന്തുഷ്ടരാക്കുന്ന മറ്റൊരു കാര്യം. (യോഹന്നാൻ 17:3) അത്തരം മഹത്തായ പ്രത്യാശയുള്ള നാം “വേണ്ടുംവണ്ണം സന്തോഷിക്കേണം.”—ആവർത്തനപുസ്തകം 16:15.
സമാധാനപ്രിയരും ദീർഘക്ഷമയുള്ളവരും ആയിരിക്കുക
11, 12. (എ) എന്താണ് സമാധാനം? (ബി) ദൈവിക സമാധാനം നമ്മിൽ എന്തു ഫലം ഉളവാക്കുന്നു?
11 ആത്മാവിന്റെ ഫലത്തിന്റെ മറ്റൊരു സവിശേഷതയാണ് സമാധാനം. ഉത്കണ്ഠകളേതുമില്ലാത്ത, പ്രശാന്തമായ ഒരു അവസ്ഥയാണത്. നമ്മുടെ സ്വർഗീയ പിതാവ് സമാധാനത്തിന്റെ ദൈവമാണ്. അതുകൊണ്ട്, “യഹോവ തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും” എന്ന ഉറപ്പ് നമുക്കു ലഭിച്ചിരിക്കുന്നു. (സങ്കീർത്തനം 29:11; 1 കൊരിന്ത്യർ 14:33) യേശു ശിഷ്യന്മാരോടായി ഇങ്ങനെ പറഞ്ഞു: “സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു.” (യോഹന്നാൻ 14:27) അത് യേശുവിന്റെ അനുഗാമികളെ എങ്ങനെ സഹായിക്കുമായിരുന്നു?
12 യേശു നൽകിയ സമാധാനം ശിഷ്യന്മാരുടെ ഹൃദയത്തെയും മനസ്സിനെയും ശാന്തമാക്കുകയും അവരുടെ ഭയം ലഘൂകരിക്കുകയും ചെയ്തു. വാഗ്ദാനം ചെയ്യപ്പെട്ട പരിശുദ്ധാത്മാവ് ലഭിച്ചപ്പോൾ അവർക്ക് വിശേഷാൽ സമാധാനം ലഭിച്ചു. (യോഹന്നാൻ 14:26) ഇന്ന്, ഹൃദയത്തിനും മനസ്സിനും ശാന്തിപകരുന്ന അതുല്യമായ “ദൈവസമാധാനം,” ആത്മാവിന്റെ സ്വാധീനഫലമായും പ്രാർഥനയ്ക്കുള്ള ഉത്തരമായും നാം അനുഭവിച്ചറിയുന്നു. (ഫിലിപ്പിയർ 4:6, 7) കൂടാതെ, സഹവിശ്വാസികളോടും മറ്റുള്ളവരോടും ഉള്ള ബന്ധത്തിൽ ശാന്തതയും സമാധാനവും ഉള്ളവരായിരിക്കാനും യഹോവയുടെ ആത്മാവ് നമ്മെ സഹായിക്കുന്നു.—റോമർ 12:18; 1 തെസ്സലൊനീക്യർ 5:13.
13, 14. എന്താണ് ദീർഘക്ഷമ, നാം അതു പ്രകടമാക്കേണ്ടത് എന്തുകൊണ്ട്?
13 ദീർഘക്ഷമ സമാധാനപ്രിയവുമായി ബന്ധപ്പെട്ടിരിക്കുന്നു. കാരണം, സാഹചര്യം മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ പ്രകോപനമോ അന്യായമോ ക്ഷമയോടെ സഹിക്കുന്നതാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. ദൈവം ദീർഘക്ഷമയുള്ളവനാണ്. (റോമർ 9:22-24) യേശുവും ഈ ഗുണം പ്രദർശിപ്പിക്കുന്നു. യേശുവിന്റെ ആ ഗുണത്തിൽനിന്നു നമുക്കും പ്രയോജനം നേടാം. എന്തെന്നാൽ പൗലൊസ് ഇങ്ങനെ എഴുതി: “യേശുക്രിസ്തു നിത്യജീവന്നായിക്കൊണ്ടു തന്നിൽ വിശ്വസിപ്പാനുള്ളവർക്കു ദൃഷ്ടാന്തത്തിന്നായി സകല ദീർഘക്ഷമയും ഒന്നാമനായ എന്നിൽ കാണിക്കേണ്ടതിന്നു എനിക്കു കരുണ ലഭിച്ചു.”—1 തിമൊഥെയൊസ് 1:16.
14 മറ്റുള്ളവർ ദയാരഹിതമോ ചിന്താശൂന്യമോ ആയ വിധത്തിൽ എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുമ്പോൾ സഹിച്ചുനിൽക്കാൻ ദീർഘക്ഷമയെന്ന ഗുണം നമ്മെ സഹായിക്കുന്നു. പൗലൊസ് സഹക്രിസ്ത്യാനികളെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “എല്ലാവരോടും ദീർഘക്ഷമ കാണിപ്പിൻ.” (1 തെസ്സലൊനീക്യർ 5:14) നാമെല്ലാം അപൂർണരും തെറ്റുചെയ്യുന്നവരും ആയതിനാൽ, മറ്റുള്ളവരോടുള്ള ഇടപെടലിൽ നമുക്കു തെറ്റുപറ്റുമ്പോൾ അവർ നമ്മോടു ക്ഷമയും ദീർഘക്ഷമയും കാണിക്കാനല്ലേ നാം പ്രതീക്ഷിക്കുക? അതുകൊണ്ട്, സന്തോഷത്തോടെ ‘ദീർഘക്ഷമ’ കാണിക്കാൻ നമുക്കു ശ്രമിക്കാം.—കൊലൊസ്സ്യർ 1:9-12.
ദയയുള്ളവരും നന്മ ചെയ്യുന്നവരും ആയിരിക്കുക
15. എന്താണ് ദയ, ഉദാഹരണങ്ങൾ നൽകുക.
15 സൗഹൃദവും സഹായമനസ്കതയും തുളുമ്പുന്ന വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും മറ്റുള്ളവരിൽ താത്പര്യം കാണിച്ചുകൊണ്ടാണ് നാം ദയ പ്രകടമാക്കുന്നത്. യഹോവയും പുത്രനായ യേശുവും ദയയുള്ളവരാണ്. (റോമർ 2:4; 2 കൊരിന്ത്യർ 10:1, NW) ദൈവത്തിന്റെയും ക്രിസ്തുവിന്റെയും ദാസന്മാരും ദയയുള്ളവരായിരിക്കാൻ പ്രതീക്ഷിക്കപ്പെടുന്നു. (മീഖാ 6:8; കൊലൊസ്സ്യർ 3:12) ദൈവവുമായി വ്യക്തിപരമായ ബന്ധമില്ലാത്ത ചിലർപോലും “അസാധാരണദയ” കാണിച്ചിട്ടുണ്ട്. (പ്രവൃത്തികൾ 27:3; 28:2) അതുകൊണ്ട് നിശ്ചയമായും, ‘ആത്മാവിനെ അനുസരിച്ചു നടക്കുന്നെങ്കിൽ’ നമുക്ക് ദയ പ്രകടമാക്കാനാകും.
16. ദയ കാണിക്കാൻ നാം പ്രേരിതരാകേണ്ട ചില സാഹചര്യങ്ങൾ ഏവ?
16 ഒരാളുടെ മുറിപ്പെടുത്തുന്ന വാക്കുകളോ ദയാരഹിതമായ പ്രവൃത്തികളോ നിമിത്തം കോപിക്കാൻ ന്യായമായ കാരണങ്ങൾ ഉള്ളപ്പോൾപ്പോലും നമുക്കു ദയ കാണിക്കാവുന്നതാണ്. പൗലൊസ് ഇങ്ങനെ പറഞ്ഞു: “കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുതു. പിശാചിന്നു ഇടം കൊടുക്കരുതു. നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ.” (എഫെസ്യർ 4:26, 27, 32) പരിശോധനകൾ നേരിടുന്നവരോട് ദയ കാണിക്കുന്നത് വിശേഷാൽ ഉചിതമാണ്. ‘സൽഗുണവും നീതിയും സത്യവും’ ഉപേക്ഷിക്കുന്നതിന്റെ അപകടത്തിലായിരിക്കുന്ന ഒരാളുടെ വികാരങ്ങൾ മുറിപ്പെടുമെന്നു വിചാരിച്ച് അയാൾക്ക് തിരുവെഴുത്തു ബുദ്ധിയുപദേശം നൽകാതിരിക്കുന്ന ഒരു ക്രിസ്തീയ മൂപ്പൻ തീർച്ചയായും ദയ കാണിക്കുകയായിരിക്കില്ല.—എഫെസ്യർ 5:10.
17, 18. നന്മയെ എങ്ങനെ നിർവചിക്കാം, നമ്മുടെ ജീവിതത്തിൽ ഈ ഗുണം എന്തു പങ്കുവഹിക്കണം?
17 നന്മ എന്നാൽ സദ്ഗുണം, ധാർമികവൈശിഷ്ട്യം, നല്ലതായിരിക്കുന്ന അവസ്ഥ അല്ലെങ്കിൽ ഗുണം ആണ്. യഹോവയാണ് സമ്പൂർണമായ അർഥത്തിൽ നല്ലവൻ. (സങ്കീർത്തനം 25:8; സെഖര്യാവു 9:17, NW) യേശു സദ്ഗുണവും ധാർമിക വൈശിഷ്ട്യവും ഉള്ളവനാണ്. എങ്കിലും “നല്ല ഗുരോ” എന്നു വിളിച്ചപ്പോൾ യേശു “നല്ല” എന്നത് ഒരു സ്ഥാനപ്പേരായി സ്വീകരിച്ചില്ല. (മർക്കൊസ് 10:17, 18) വ്യക്തമായും യേശു നന്മയുടെ അത്യുത്തമ മാതൃകയായി ദൈവത്തെ വീക്ഷിച്ചതുകൊണ്ടായിരുന്നു അത്.
18 കൈമാറിക്കിട്ടിയ പാപം നന്മ ചെയ്യുന്നതിൽനിന്നു നമ്മെ തടയുന്നു. (റോമർ 5:12) എങ്കിലും ‘നന്മ ഉപദേശിച്ചുതരാൻ’ (NW) ദൈവത്തോടു പ്രാർഥിക്കുന്നെങ്കിൽ നമുക്ക് ഈ ഗുണം പ്രദർശിപ്പിക്കാനാകും. (സങ്കീർത്തനം 119:66) റോമിലെ സഹവിശ്വാസികളോട് പൗലൊസ് ഇങ്ങനെ പറഞ്ഞു: “സഹോദരന്മാരേ, നിങ്ങൾ തന്നേ ദയാപൂർണ്ണരും [“നന്മനിറഞ്ഞവരും,” ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം] സകല ജ്ഞാനവും നിറഞ്ഞവരും അന്യോന്യം പ്രബോധിപ്പിപ്പാൻ പ്രാപ്തരും ആകുന്നു എന്നു ഞാൻ നിങ്ങളെക്കുറിച്ചു ഉറെച്ചിരിക്കുന്നു.” (റോമർ 15:14) ഒരു ക്രിസ്തീയ മേൽവിചാരകൻ ‘സൽഗുണപ്രിയൻ’ അഥവാ നന്മപ്രിയൻ ആയിരിക്കണം. (തീത്തൊസ് 1:7, 8) നമ്മെ വഴിനയിക്കുന്നത് ദൈവാത്മാവാണെങ്കിൽ നന്മയെപ്രതി നാം അറിയപ്പെടുമെന്നു മാത്രമല്ല യഹോവ ‘നാം ചെയ്തതൊക്കെയും നമ്മുടെ നന്മയ്ക്കായിട്ട് ഓർക്കുകയും’ ചെയ്യും.—നെഹെമ്യാവു 5:19; 13:31.
“നിർവ്യാജവിശ്വാസം”
19. എബ്രായർ 11:1-ന് ചേർച്ചയിൽ വിശ്വാസത്തെ നിർവചിക്കുക.
19 ആത്മാവിന്റെ മറ്റൊരു ഫലമായ വിശ്വാസം “ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും” ആണ്. (എബ്രായർ 11:1) വിശ്വാസമുണ്ടെങ്കിൽ യഹോവയുടെ വാഗ്ദാനങ്ങളെല്ലാം നിവൃത്തിയേറിയതിനു തുല്യമായി കാണാൻ നമുക്കാകും. കണ്ടിട്ടില്ലാത്ത കാര്യങ്ങളുടെ ബോധ്യവരുത്തുന്ന തെളിവ് എന്നു വിശ്വാസത്തെ നിർവചിക്കാനാകും വിധം അത്ര ശക്തമാണ് ആ തെളിവ്. ഉദാഹരണത്തിന്, സൃഷ്ടിയുടെ അസ്തിത്വം ഒരു സ്രഷ്ടാവുണ്ടെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. ആത്മാവിനെ അനുസരിച്ചു നടക്കുന്നെങ്കിൽ അത്തരത്തിലുള്ള വിശ്വാസമായിരിക്കും നാം പ്രകടമാക്കുക.
20. ‘മുറുകെ പറ്റുന്ന പാപം’ എന്താണ്? ഇതും ജഡത്തിന്റെ പ്രവൃത്തികളും നമുക്ക് എങ്ങനെ ഒഴിവാക്കാം?
20 വിശ്വാസമില്ലായ്മ “മുറുകെ പറ്റുന്ന പാപ”മാണ്. (എബ്രായർ 12:1) ജഡത്തിന്റെ പ്രവൃത്തി, ഭൗതികാസക്തി, വിശ്വാസത്തെ ഹനിക്കുന്ന വ്യാജോപദേശങ്ങൾ എന്നിവ ഒഴിവാക്കാനായി നാം ദൈവാത്മാവിൽ ആശ്രയിക്കേണ്ടതുണ്ട്. (കൊലൊസ്സ്യർ 2:8; 1 തിമൊഥെയൊസ് 6:9, 10; 2 തിമൊഥെയൊസ് 4:3-5) ക്രിസ്തീയ പൂർവകാലത്തെ സാക്ഷികൾക്കും ബൈബിൾ രേഖയിലെ മറ്റുള്ളവർക്കും ഉണ്ടായിരുന്നതു പോലുള്ള വിശ്വാസം ദൈവാത്മാവ് ഇക്കാലത്തെ യഹോവയുടെ ദാസന്മാരിൽ ഉളവാക്കുന്നു. (എബ്രായർ 11:2-40) നമ്മുടെതന്നെ “നിർവ്യാജവിശ്വാസം” മറ്റുള്ളവരുടെ വിശ്വാസത്തെ ബലപ്പെടുത്തിയേക്കാം.—1 തിമൊഥെയൊസ് 1:5; എബ്രായർ 13:7.
സൗമ്യതയും ആത്മനിയന്ത്രണവും ഉള്ളവരായിരിക്കുക
21, 22. എന്താണ് സൗമ്യത, നാം അതു പ്രകടിപ്പിക്കേണ്ടത് എന്തുകൊണ്ട്?
21 മൃദുവായ പെരുമാറ്റവും പ്രകൃതവുമാണ് സൗമ്യത എന്നതുകൊണ്ട് അർഥമാക്കുന്നത്. ദൈവത്തിന്റെ ഗുണങ്ങളിലൊന്നാണ് സൗമ്യത. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? എന്തെന്നാൽ സൗമ്യനായിരുന്ന യേശു യഹോവയുടെ വ്യക്തിത്വത്തിന്റെ പൂർണതയുള്ള പ്രതിഫലനമായിരുന്നു. (മത്തായി 11:28-30; യോഹന്നാൻ 1:18; 5:19) ആ സ്ഥിതിക്ക്, ദൈവത്തിന്റെ ദാസന്മാരായ നമ്മുടെ ഭാഗത്ത് എന്താണ് ആവശ്യമായിരിക്കുന്നത്?
22 ക്രിസ്ത്യാനികളായ നാം ‘സകലമനുഷ്യരോടും സൗമ്യത കാണിക്കാനാണ്’ പ്രതീക്ഷിക്കപ്പെടുന്നത്. (തീത്തൊസ് 3:2) ശുശ്രൂഷയിലായിരിക്കെ നാം സൗമ്യത കാണിക്കുന്നു. തെറ്റുകാരനായ ഒരു ക്രിസ്ത്യാനിയെ “സൌമ്യതയുടെ ആത്മാവിൽ” യഥാസ്ഥാനപ്പെടുത്താൻ തിരുവെഴുത്തുകൾ ആത്മീയ യോഗ്യതയുള്ളവരോട് ആവശ്യപ്പെടുന്നു. (ഗലാത്യർ 6:1) ‘വിനയവും സൗമ്യതയും’ പ്രകടിപ്പിച്ചുകൊണ്ട് നമുക്കെല്ലാം ക്രിസ്തീയ ഐക്യവും സമാധാനവും ഉന്നമിപ്പിക്കാം. (എഫെസ്യർ 4:1-3) എല്ലായ്പോഴും ആത്മാവിനെ അനുസരിച്ചു നടക്കുകയും ആത്മനിയന്ത്രണം പാലിക്കുകയും ചെയ്യുന്നപക്ഷം നമുക്ക് സൗമ്യത പ്രകടിപ്പിക്കാനാകും.
23, 24. എന്താണ് ആത്മനിയന്ത്രണം, അതു നമ്മെ സഹായിക്കുന്നത് എങ്ങനെ?
23 ചിന്ത, സംസാരം, പ്രവൃത്തി എന്നിവ അതിർവിട്ടുപോകാതിരിക്കാൻ ആത്മനിയന്ത്രണം നമ്മെ സഹായിക്കുന്നു. യെരൂശലേം ശൂന്യമാക്കിയ ബാബിലോണ്യരുമായി ഇടപെട്ടപ്പോൾ യഹോവ “ആത്മനിയന്ത്രണം പാലിച്ചു.” (യെശയ്യാവു 42:14, ഓശാന ബൈബിൾ) യാതനകൾ നേരിട്ട സമയത്ത് ആത്മനിയന്ത്രണം പാലിച്ചുകൊണ്ട് അവന്റെ പുത്രനായ യേശു നമുക്കുവേണ്ടി ‘ഒരു മാതൃകവെച്ചു.’ ‘പരിജ്ഞാനത്തോട് ഇന്ദ്രിയജയം’ അഥവാ ആത്മനിയന്ത്രണം കൂട്ടാൻ അപ്പൊസ്തലനായ പത്രൊസ് സഹക്രിസ്ത്യാനികൾക്കു നിർദേശം നൽകുകയുണ്ടായി.—1 പത്രൊസ് 2:21-23; 2 പത്രൊസ് 1:5-8.
24 ക്രിസ്തീയ മൂപ്പന്മാർ ആത്മനിയന്ത്രണം ഉള്ളവരായിരിക്കാൻ പ്രതീക്ഷിക്കപ്പെടുന്നു. (തീത്തൊസ് 1:7, 8) ചുരുക്കിപ്പറഞ്ഞാൽ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന എല്ലാവർക്കും ആത്മനിയന്ത്രണം പാലിക്കാനും അങ്ങനെ അധാർമികത, അശ്ലീല സംസാരം എന്നിവപോലെ യഹോവയെ അപ്രീതിപ്പെടുത്തുന്ന എന്തും ഒഴിവാക്കാനും സാധിക്കും. ആത്മനിയന്ത്രണം ഉളവാക്കാൻ നാം ദൈവാത്മാവിനെ അനുവദിക്കുന്നപക്ഷം നമ്മുടെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും അതു മറ്റുള്ളവർക്ക് കാണാനാകും.
ആത്മാവിനെ അനുസരിച്ചു നടക്കുന്നതിൽ തുടരുക
25, 26. ആത്മാവിനെ അനുസരിച്ചു നടക്കുന്നത് ഇപ്പോഴത്തെ ജീവിതത്തെയും ഭാവിപ്രതീക്ഷകളെയും എങ്ങനെ സ്വാധീനിക്കുന്നു?
25 ആത്മാവിനെ അനുസരിച്ചാണ് നടക്കുന്നതെങ്കിൽ നാം രാജ്യഘോഷണ വേലയിൽ തീക്ഷ്ണതയുള്ളവരായിരിക്കും. (പ്രവൃത്തികൾ 18:24-26) നാം നല്ല സുഹൃത്തുക്കളായിരിക്കും, ദൈവഭക്തിയുള്ളവർ പ്രത്യേകാൽ നമ്മുടെ സഖിത്വം ആഗ്രഹിക്കും. പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നവർ എന്ന നിലയിൽ, നാം നമ്മുടെ സഹാരാധകർക്ക് ആത്മീയ പ്രോത്സാഹനത്തിന്റെ ഒരു ഉറവും ആയിരിക്കും. (ഫിലിപ്പിയർ 2:1-4) അങ്ങനെ ആയിരിക്കാനല്ലേ ക്രിസ്ത്യാനികളെല്ലാം ആഗ്രഹിക്കുന്നത്?
26 സാത്താന്റെ നിയന്ത്രണത്തിലുള്ള ഈ ലോകത്ത് ആത്മാവിനെ അനുസരിച്ചു നടക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. (1 യോഹന്നാൻ 5:19) എന്നിരുന്നാലും ദശലക്ഷങ്ങൾ ഇപ്പോൾ ആ വഴിയിലൂടെ നടക്കുന്നുണ്ട്. യഹോവയെ മുഴുഹൃദയാ ആശ്രയിച്ചാൽ നമുക്ക് ഇപ്പോൾ ജീവിതം ആസ്വദിക്കാനാകും, പരിശുദ്ധാത്മാവിനെ നൽകുന്ന സ്നേഹനിധിയായ ആ ദാതാവിന്റെ നീതിപാതകളിൽ എന്നേക്കും നടക്കാനും കഴിയും.—സങ്കീർത്തനം 128:1; സദൃശവാക്യങ്ങൾ 3:5, 6.
എന്താണ് നിങ്ങളുടെ ഉത്തരം?
• ‘ആത്മാവിനെ അനുസരിച്ചു നടക്കുന്നത്’ ദൈവവുമായും ക്രിസ്തുവുമായും ഉള്ള നമ്മുടെ ബന്ധത്തെ സ്വാധീനിക്കുന്നത് എങ്ങനെ?
• പരിശുദ്ധാത്മാവിന്റെ ഫലത്തിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ ഏവ?
• ദൈവാത്മാവിന്റെ ഫലം പ്രകടിപ്പിക്കാനുള്ള ചില മാർഗങ്ങൾ ഏവ?
• ആത്മാവിനെ അനുസരിച്ചു നടക്കുന്നത് ഇപ്പോഴത്തെ ജീവിതത്തെയും ഭാവിപ്രതീക്ഷകളെയും എങ്ങനെ സ്വാധീനിക്കുന്നു?
[23-ാം പേജിലെ ചിത്രം]
യഹോവയുടെ പരിശുദ്ധാത്മാവ് സഹവിശ്വാസികളോടുള്ള സ്നേഹം ഊട്ടിവളർത്തുന്നു
[24-ാം പേജിലെ ചിത്രം]
പ്രയോജനപ്രദമായ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ദയ കാണിക്കുക