മുഖ്യലേഖനം | നമുക്ക് ദൈവത്തെ ആവശ്യമുണ്ടോ?
നമുക്ക് ദൈവത്തെ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
യഥാർഥസന്തോഷം ലഭിക്കുന്നതിന് ആളുകൾ തങ്ങളുടെ ശാരീരികാവശ്യങ്ങൾ തൃപ്തിപ്പെടുത്തിയാൽ മാത്രം പോരാ, അവർക്ക് ആത്മീയമൂല്യങ്ങളും ഉണ്ടായിരിക്കേണ്ടതുണ്ടെന്ന് മാനസികാരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതുകൊണ്ടാണ് ചില ലക്ഷ്യങ്ങൾ കൈവരിക്കാനോ ഉദ്ദേശപൂർണമായ എന്തെങ്കിലും ചെയ്യാനോ പലരും ശ്രമിക്കുന്നത്. അതുപോലെതന്നെ, തങ്ങളെക്കാൾ പ്രാധാന്യം കല്പിക്കുന്ന ആർക്കെങ്കിലും വേണ്ടിയോ എന്തിനെങ്കിലും വേണ്ടിയോ പ്രവർത്തിക്കാനും അനേകർ ആഗ്രഹിക്കുന്നു. ചിലർ ഈ ആവശ്യം തൃപ്തിപ്പെടുത്തുന്നതിന് പ്രകൃതി, കല, സംഗീതം മുതലായ കാര്യങ്ങൾക്കുവേണ്ടി തങ്ങളുടെ ഒഴിവുസമയം ഉഴിഞ്ഞുവെക്കുന്നു. എന്നാൽ മിക്ക ആളുകൾക്കും ഇക്കാര്യങ്ങളിൽനിന്നൊന്നും നിലനിൽക്കുന്ന, യഥാർഥസംതൃപ്തി ലഭിക്കുന്നില്ല.
മനുഷ്യർ ഇന്നും എന്നേക്കും സന്തുഷ്ടരായിരിക്കാൻ ദൈവം ആഗ്രഹിക്കുന്നു
മനുഷ്യർക്ക് ആത്മീയകാര്യങ്ങളോട് ജന്മനാ ഒരു വാഞ്ഛയുണ്ട് എന്ന വസ്തുതബൈബിൾവായനക്കാരെ അതിശയിപ്പിക്കുന്നില്ല. ആദ്യമനുഷ്യദമ്പതികളെ സൃഷ്ടിച്ചശേഷം ദൈവം അവരുമായി ക്രമമായി സംസാരിച്ചിരുന്നെന്ന് ഉല്പത്തിയിലെ ആദ്യത്തെ അധ്യായങ്ങൾ സൂചിപ്പിക്കുന്നു. അങ്ങനെ താനുമായി ഒരു ബന്ധം വളർത്തിയെടുക്കുന്നതിന് ദൈവം അവർക്ക് അവസരം നല്കി. (ഉല്പത്തി 3:8-10) ദൈവത്തിൽനിന്ന് സ്വതന്ത്രമായി ജീവിക്കാൻ കഴിയുന്ന വിധത്തിലല്ല മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത്; തങ്ങളുടെ സ്രഷ്ടാവുമായി അവർ ആശയവിനിമയം നടത്തേണ്ടതുണ്ട്. ഈ ആവശ്യത്തെക്കുറിച്ചു ബൈബിൾ കൂടെക്കൂടെ പരാമർശിക്കുന്നു.
ഉദാഹരണത്തിന്, യേശു ഇങ്ങനെ പറഞ്ഞു: “തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ അനുഗൃഹീതർ.” (മത്തായി 5:3) യേശുവിന്റെ ഈ വാക്കുകൾ സൂചിപ്പിക്കുന്നത് നമ്മുടെ ആത്മീയാവശ്യങ്ങൾ, അതായത് ദൈവത്തെ അറിയാനുള്ള നമ്മുടെ സഹജമായ ആഗ്രഹം, തൃപ്തിപ്പെടുത്തുന്നതാണ് സന്തുഷ്ടവും സംതൃപ്തിദായകവും ആയ ജീവിതത്തിന്റെ ഒരു അവിഭാജ്യഘടകം എന്നാണ്. നമുക്ക് അത് എങ്ങനെ ചെയ്യാനാകും? ഇപ്രകാരം പറഞ്ഞുകൊണ്ട് യേശു അതിന് ഉത്തരം നല്കി: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, യഹോവയുടെ വായിൽനിന്നു വരുന്ന സകല വചനംകൊണ്ടും ജീവിക്കേണ്ടതാകുന്നു.” (മത്തായി 4:4) ദൈവത്തിന്റെ വചനത്തിൽ, അതായത്ബൈബിളിൽ, കാണുന്ന ദൈവത്തിന്റെ ചിന്തകളും മാർഗനിർദേശങ്ങളും സന്തുഷ്ടവും അർഥവത്തും ആയ ഒരു ജീവിതം നയിക്കാൻ നമ്മെ എങ്ങനെ സഹായിക്കും? മൂന്ന് അടിസ്ഥാനവിധങ്ങൾ നമുക്കു പരിചിന്തിക്കാം.
നല്ല മാർഗനിർദേശം നമുക്ക് ആവശ്യമാണ്
വ്യക്തിബന്ധങ്ങൾ, സ്നേഹം, കുടുംബജീവിതം, പ്രശ്നപരിഹാരം, സന്തുഷ്ടി തുടങ്ങിയ വിഷയങ്ങളെക്കുറിച്ച്, എന്തിന് ജീവിതത്തിന്റെ ഉദ്ദേശത്തെക്കുറിച്ചുപോലും ഉപദേശം നൽകാൻ ഇന്ന് അസംഖ്യം വിദഗ്ധരും അനുഭവജ്ഞരും തയ്യാറാണ്. എന്നാൽ മനുഷ്യവർഗത്തിന്റെ സ്രഷ്ടാവായ യഹോവയാംദൈവമല്ലാതെ മറ്റാരാണ് ഈ മേഖലകളിലെല്ലാം നമുക്കാവശ്യമായ മാർഗനിർദേശം നൽകാൻ ഏറ്റവും മികച്ച സ്ഥാനത്തായിരിക്കുന്നത്?
ദൃഷ്ടാന്തത്തിന്, നിങ്ങൾ ഒരു ക്യാമറയോ കമ്പ്യൂട്ടറോ പോലെ എന്തെങ്കിലും ഒരു പുതിയ ഉപകരണം വാങ്ങിക്കുകയാണെന്നു കരുതുക. അത് ഏറ്റവും മെച്ചമായ വിധത്തിൽ എങ്ങനെ ഉപയോഗിക്കണം എന്ന വിശദാംശങ്ങൾ അടങ്ങിയ ഒരു മാന്വൽ അതോടൊപ്പം ഉണ്ടായിരിക്കും.ബൈബിളും ഇതുപോലെയാണ്. ദൈവം നമുക്കു നൽകിയ ജീവിതം എങ്ങനെ ഉപയോഗിക്കണമെന്ന് ഇതിൽ വ്യക്തമാക്കിയിരിക്കുന്നു. ജീവിതത്തിന്റെ ഉദ്ദേശം എന്ത് എന്നും ഏറ്റവും നല്ല രീതിയിൽ അത് എങ്ങനെ വിനിയോഗിക്കണം എന്നും ബൈബിൾ വിശദീകരിക്കുന്നു.
നല്ല ഒരു മാന്വൽപോലെ, നമ്മുടെ ജീവിതം സുരക്ഷിതമായി ഉപയോഗിക്കുന്നതിനു തടസ്സമായി നിന്നേക്കാവുന്ന ശീലങ്ങൾക്കെതിരെ ബൈബിൾ മുന്നറിയിപ്പു നൽകുന്നു. മറ്റുള്ളവർ വെച്ചുനീട്ടുന്ന ഉപദേശങ്ങളും കുറുക്കുവഴികളും ആകർഷകവും എളുപ്പവും ആയി തോന്നിയേക്കാം. എന്നാൽ സ്രഷ്ടാവിന്റെ മാർഗനിർദേശങ്ങൾ അനുസരിക്കുന്നതിലൂടെയാണ് ഏറ്റവും നല്ല ഫലങ്ങൾ ആസ്വദിക്കാനും പ്രശ്നങ്ങൾ ഒഴിവാക്കാനും ആകുന്നത് എന്നു ചിന്തിക്കുന്നത് ന്യായമല്ലേ?
“ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെദൈവമായ യഹോവ ഞാൻ തന്നേ. അയ്യോ, നീ എന്റെ കല്പനകളെ കേട്ടനുസരിച്ചങ്കിൽ കൊള്ളായിരുന്നു! എന്നാൽ നിന്റെ സമാധാനം നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു.” —യെശയ്യാവു 48:17, 18
യഹോവയാം ദൈവം മാർഗനിർദേശങ്ങളും ഉപദേശങ്ങളും നൽകുന്നുണ്ടെങ്കിലും അവ അനുസരിക്കാൻ അവൻ നമ്മെ നിർബന്ധിക്കുന്നില്ല. മറിച്ച്, നമ്മുടെ നന്മ ആഗ്രഹിക്കുന്ന സ്നേഹവാനായ ഒരു വ്യക്തിയെന്ന നിലയിൽ അവൻ നമ്മോട് ഇപ്രകാരം പറയുന്നു: “ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെദൈവമായ യഹോവ ഞാൻ തന്നേ. അയ്യോ, നീ എന്റെ കല്പനകളെ കേട്ടനുസരിച്ചങ്കിൽ കൊള്ളായിരുന്നു! എന്നാൽ നിന്റെ സമാധാനം നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു.” (യെശയ്യാവു 48:17, 18) ചുരുക്കത്തിൽ, നാം ദൈവത്തിന്റെ നിർദേശങ്ങൾ അനുസരിക്കുകയാണെങ്കിൽ നമുക്കു മെച്ചമായി ജീവിക്കാനാകും. മറ്റു വാക്കുകളിൽ പറഞ്ഞാൽ, മെച്ചമായി ജീവിക്കാനും സന്തുഷ്ടരായിരിക്കാനും നമുക്കു ദൈവത്തെ ആവശ്യമാണ്.
ജീവിതത്തിലെ പ്രശ്നങ്ങൾക്കുള്ള ഉത്തരം നമുക്ക് ആവശ്യമാണ്
സ്നേഹവാനായ ഒരുദൈവത്തിലുള്ള വിശ്വാസവുമായി യോജിക്കാത്ത അനേകം ചോദ്യങ്ങൾ ജീവിതത്തിൽ ഉയർന്നുവരുന്നതുകൊണ്ട് തങ്ങൾക്കു ദൈവത്തിന്റെ ആവശ്യമില്ലെന്ന് ചിലർക്കു തോന്നുന്നു. ഉദാഹരണത്തിന്, അവർ ഇങ്ങനെ ചോദിച്ചേക്കാം: ‘നല്ലവരായ ആളുകൾക്കു കഷ്ടപ്പാട് അനുഭവിക്കേണ്ടിവരുന്നത് എന്തുകൊണ്ട്?’ ‘നിഷ്കളങ്കരായ പിഞ്ചുകുഞ്ഞുങ്ങൾവൈകല്യമുള്ളവരായി ജനിക്കുന്നത് എന്തുകൊണ്ട്?’ ‘ജീവിതം ഇത്ര അനീതി നിറഞ്ഞതായിരിക്കുന്നത് എന്തുകൊണ്ട്?’ തീർച്ചയായും അവ ഗൗരവമേറിയ ചോദ്യങ്ങളാണ്. അവയ്ക്കു തൃപ്തികരമായ ഉത്തരം കണ്ടെത്തുന്നത് നമ്മുടെ ജീവിതത്തിൽ ആഴമായ പ്രഭാവം ചെലുത്തുകയും ചെയ്യും. എന്നാൽ ഇത്തരം പ്രശ്നങ്ങൾക്കു പെട്ടെന്നു ദൈവത്തെ പഴിചാരുന്നതിനു പകരം, ഈ വിഷയത്തിന്മേൽ ദൈവത്തിന്റെ വചനമായ ബൈബിൾ എങ്ങനെ വെളിച്ചം വീശുന്നെന്നു നമുക്കു നോക്കാം.
ഉല്പത്തി മൂന്നാം അധ്യായത്തിൽ, നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം തിന്നരുതെന്ന യഹോവയാം ദൈവത്തിന്റെ കല്പന നാം കാണുന്നു. അതിനെതിരായി പ്രവർത്തിക്കാൻ സാത്താൻ ഒരു പാമ്പിനെ ഉപയോഗിച്ച് ആദ്യമനുഷ്യജോഡിയെ പ്രലോഭിപ്പിക്കുന്ന വിവരണവും അതിലുണ്ട്. സാത്താൻ ഹവ്വായോട്, “നിങ്ങൾ മരിക്കയില്ല നിശ്ചയം; അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു” എന്നു പറഞ്ഞു.—ഉല്പത്തി 2:16, 17; 3:4, 5.
ആ വാക്കുകളിലൂടെ, ദൈവം ഒരു നുണയനാണെന്ന് സാത്താൻ തറപ്പിച്ചു പറയുക മാത്രമല്ല ദൈവം ഭരിക്കുന്ന വിധം ശരിയല്ലെന്നും അവൻ സൂചിപ്പിച്ചു. മനുഷ്യവർഗം തനിക്കു ശ്രദ്ധ നൽകുകയാണെങ്കിൽ കാര്യങ്ങൾ അവർക്കു മെച്ചമായി പരിണമിക്കുമെന്നു പിശാച് വാദിച്ചു. ആ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാനാകുമായിരുന്നു? തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണോ തെറ്റാണോ എന്ന് എല്ലാവർക്കും മനസ്സിലാകുന്നതിനു വേണ്ടത്ര സമയം യഹോവ അനുവദിച്ചു. ഒരർഥത്തിൽ ദൈവത്തെക്കൂടാതെ മനുഷ്യർക്കു മെച്ചമായി ജീവിക്കാനാകുമോ എന്നു തെളിയിക്കാനുള്ള അവസരം സാത്താനും അവന്റെ പക്ഷം ചേർന്നവർക്കും ദൈവം നൽകുകയായിരുന്നു.
സാത്താന്റെ വാദങ്ങൾക്കുള്ള മറുപടി എന്തായിരിക്കുമെന്നാണു നിങ്ങൾക്കു തോന്നുന്നത്? ദൈവത്തെക്കൂടാതെ മനുഷ്യർക്കു മെച്ചമായി ജീവിക്കാനും വിജയകരമായി തങ്ങളെത്തന്നെ ഭരിക്കാനും സാധിക്കുമോ? ദുരിതങ്ങൾ, അന്യായം, രോഗം, മരണം, കുറ്റകൃത്യം, ധാർമികാധഃപതനം, യുദ്ധങ്ങൾ, വംശീയ കൂട്ടക്കൊലകൾ, മറ്റു ക്രൂരതകൾ എന്നിവയെല്ലാം മനുഷ്യവർഗത്തെ നൂറ്റാണ്ടുകളായി വലച്ചുകൊണ്ടിരിക്കുന്നു. ദൈവത്തെക്കൂടാതെ തങ്ങളെത്തന്നെ ഭരിക്കാനുള്ള മാനുഷികശ്രമങ്ങളുടെ അതിദാരുണമായ പരാജയത്തിന്റെ അനിഷേധ്യമായ തെളിവുകളാണ് അവ. മനുഷ്യരുടെ കഷ്ടപ്പാടുകൾക്ക് ദൈവത്തെ കുറ്റപ്പെടുത്തുന്നതിനു പകരം കഷ്ടപ്പാടുകൾക്കുള്ള ഒരു പ്രമുഖകാരണത്തിലേക്കു ബൈബിൾ വിരൽ ചൂണ്ടുന്നു: ‘മനുഷ്യൻ മനുഷ്യന്റെമേൽ അവന്റെ ദോഷത്തിന്നായി അധികാരം’ പ്രയോഗിക്കുന്നു.—സഭാപ്രസംഗി 8:9.
മനുഷ്യർ നേരിടുന്ന വിഷമിപ്പിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരത്തിനായി മാത്രമല്ല, അതിന്റെ പരിഹാരത്തിനായും ദൈവത്തിലേക്കു തിരിയേണ്ടതിന്റെ ആവശ്യം ഇത് വ്യക്തമാക്കുന്നില്ലേ? ദൈവം എന്തായിരിക്കും ചെയ്യുക?
ദൈവത്തിന്റെ സഹായം നമുക്ക് ആവശ്യമാണ്
രോഗം, വാർധക്യം, മരണം എന്നിവയിൽനിന്നു സ്വതന്ത്രരാകുന്നതിന് മനുഷ്യർ നാളുകളായി വാഞ്ഛിക്കുന്നു. തങ്ങളുടെ ഈ ആഗ്രഹം സഫലമാക്കുന്നതിനായി അവർ ധാരാളം സമയവും വിഭവങ്ങളും ചെലവഴിച്ചിരിക്കുന്നു. എന്നാൽ അവരുടെ ശ്രമങ്ങൾക്കു കാര്യമായ അല്ലെങ്കിൽ യാതൊരു പ്രയോജനവും ലഭിച്ചിട്ടില്ല. ഐതിഹാസികമായ ജീവാമൃതോ യുവത്വം നൽകുന്ന നീരുറവോ കണ്ടെത്തുന്നതിലൂടെ ഈ സ്വാതന്ത്ര്യം നേടാനാകുമെന്നു ചിലർ പ്രതീക്ഷിക്കുന്നു. പക്ഷേ ഈ സ്വപ്നസങ്കല്പങ്ങളെല്ലാം നിഷ്ഫലം എന്നു തെളിഞ്ഞിരിക്കുന്നു.
മനുഷ്യർ മെച്ചമായി ജീവിക്കാനും സന്തുഷ്ടരായിരിക്കാനും ദൈവം ആഗ്രഹിക്കുന്നു. മനുഷ്യരെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന്റെ ആദിമോദ്ദേശം അതായിരുന്നു. അത് അവൻ ഒരിക്കലും മറന്നിട്ടില്ല. (ഉല്പത്തി 1:27, 28; യെശയ്യാവു 45:18) താൻ ഉദ്ദേശിച്ചതെല്ലാം അണുവിട തെറ്റാതെ നിവർത്തിക്കുമെന്ന് യഹോവയാം ദൈവം നമുക്ക് ഉറപ്പു നൽകിയിരിക്കുന്നു. (യെശയ്യാവു 55:10, 11) ആദ്യ മാതാപിതാക്കൾ നഷ്ടപ്പെടുത്തിയ പറുദീസയിലെ അവസ്ഥകൾ പുനഃസ്ഥാപിക്കും എന്ന ദൈവത്തിന്റെ വാഗ്ദാനത്തെക്കുറിച്ചു ബൈബിൾ നമ്മോടു പറയുന്നു.ബൈബിളിലെ അവസാന പുസ്തകത്തിൽ നാം ഇങ്ങനെ വായിക്കുന്നു: “അവൻ (യഹോവയാം ദൈവം) അവരുടെ കണ്ണിൽനിന്നു കണ്ണുനീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കുകയില്ല. വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കുകയില്ല. ഒന്നാമത്തേതു കഴിഞ്ഞുപോയി.” (വെളിപാട് 21:4) മനോഹരമായ ഈ അവസ്ഥകൾ എങ്ങനെയായിരിക്കും ദൈവം കൊണ്ടുവരിക? ഈ വാഗ്ദാനത്തിൽനിന്നു നമുക്ക് എങ്ങനെ പ്രയോജനം നേടാനാകും?
ദൈവേഷ്ടം നിറവേറുന്നതിനുവേണ്ടി പ്രാർഥിക്കാൻ ദൈവപുത്രനായ യേശുക്രിസ്തു തന്റെ അനുഗാമികളെ പഠിപ്പിച്ചു. കർത്താവിന്റെ പ്രാർഥന എന്നു ചിലർ വിളിക്കുന്ന ആ മാതൃകാപ്രാർഥന മിക്കവർക്കും സുപരിചിതമാണ്, പലരും അത് കൂടെക്കൂടെ ഉരുവിടുന്നു. ആ പ്രാർഥന ഇങ്ങനെയാണ്: “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ. നിന്റെ രാജ്യം വരേണമേ. നിന്റെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.” (മത്തായി 6:9, 10) അതെ, മാനുഷ്യഭരണത്തിന്റെ പരിണതഫലമായുണ്ടായ വേദനാകരമായ അരിഷ്ടതകൾ തുടച്ചുനീക്കിക്കൊണ്ട് താൻ വാഗ്ദാനം ചെയ്ത നീതിനിഷ്ഠമായ പുതിയ ലോകം യഹോവയാം ദൈവം കൊണ്ടുവരുന്നത്ദൈവരാജ്യത്തിലൂടെയായിരിക്കും.a (ദാനീയേൽ 2:44; 2 പത്രോസ് 3:13) ദൈവത്തിന്റെ വാഗ്ദാനത്തിൽനിന്നും പ്രയോജനം നേടാൻ നാം എന്തു ചെയ്യണം?
നാം സ്വീകരിക്കേണ്ട ലളിതമായ ഒരു പടി യേശുക്രിസ്തു ചൂണ്ടിക്കാണിച്ചു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ച യേശുക്രിസ്തുവിനെയും അവർ അറിയുന്നതല്ലോ നിത്യജീവൻ.” (യോഹന്നാൻ 17:3) അതെ, വാഗ്ദാനം ചെയ്തിരിക്കുന്ന പുതിയ ഭൂമിയിലെ അനന്തമായ ജീവൻ ദൈവത്തിന്റെ സഹായത്താൽ സാധ്യമാണ്. ‘നമുക്ക് ദൈവത്തിന്റെ ആവശ്യമുണ്ടോ’ എന്ന ചോദ്യത്തിന്, ‘ആവശ്യമുണ്ട്’ എന്ന് ഉത്തരം നൽകുന്നതിനുള്ള സുവ്യക്തമായ മറ്റൊരു കാരണമല്ലേ ഈ പ്രത്യാശ?
ദൈവത്തിലേക്കു തിരിയാനുള്ള സമയം
രണ്ടായിരം വർഷങ്ങൾക്കുമുമ്പ്, ആതൻസിലെ അരയോപഗസിൽ, അഥവാ മാഴ്സ്കുന്നിൽ, വെച്ച് സ്വതന്ത്രചിന്താഗതിക്കാരായ അഥേനക്കാരോട് അപ്പൊസ്തലനായ പൗലോസ് ദൈവത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: ‘അവൻ എല്ലാവർക്കും ജീവനും ശ്വാസവും മറ്റു സകലവും നൽകുന്നു.’ “അവൻ മുഖാന്തരമല്ലോ നാം ജീവിക്കുകയും ചരിക്കുകയും നിലനിൽക്കുകയും ചെയ്യുന്നത്. നിങ്ങളുടെ കവിവര്യന്മാരിൽ ചിലരും, ‘നാം അവന്റെ സന്താനങ്ങളത്രേ’ എന്നു പറഞ്ഞിരിക്കുന്നുവല്ലോ.”—പ്രവൃത്തികൾ 17:25, 28.
പൗലോസ് അഥേനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയ കാര്യം ഇന്നും സത്യമാണ്. നമ്മുടെ സ്രഷ്ടാവ് നമുക്കു ഭക്ഷിക്കാൻ ആഹാരവും കുടിക്കാൻ വെള്ളവും ശ്വസിക്കാൻ വായുവും നൽകുന്നു. നമുക്കായി യഹോവ പ്രദാനം ചെയ്തിരിക്കുന്ന കരുതലുകൾ കൂടാതെ നമുക്കു ജീവൻ നിലനിറുത്താൻ കഴിയില്ല. എന്നാൽ തന്നെപ്പറ്റി ചിന്തിക്കുന്നവർക്കും അല്ലാത്തവർക്കും ദൈവം ഇത്തരം കരുതലുകൾ നൽകിക്കൊണ്ടിരിക്കുന്നത് എന്തിനാണ്? പൗലോസ് ഇങ്ങനെ പറയുന്നു: “അവർ അവനെ അന്വേഷിക്കേണ്ടതിനും തപ്പിത്തിരഞ്ഞ് അവനെ കണ്ടെത്തേണ്ടതിനുംതന്നെ; അവനോ നമ്മിൽ ആരിൽനിന്നും അകന്നിരിക്കുന്നില്ല.”—പ്രവൃത്തികൾ 17:27.
ദൈവത്തെ ഏറെ നന്നായി അറിയാൻ, അതായത് അവന്റെ ഉദ്ദേശങ്ങളെക്കുറിച്ചും ഇപ്പോഴും എന്നേക്കും മെച്ചമായി ജീവിക്കാനാവശ്യമായ അവന്റെ ഉപദേശങ്ങളെക്കുറിച്ചും പഠിക്കാൻ, നിങ്ങൾ ആഗ്രഹിക്കുന്നുവോ? എങ്കിൽ, ഈ മാസിക നിങ്ങൾക്കു നൽകിയ വ്യക്തിയെയോ ഇതിന്റെ പ്രസാധകരെയോ സമീപിക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങളെ സഹായിക്കാൻ അവർ സന്തോഷമുള്ളവരായിരിക്കും. ▪ (w13-E 12/01)
a ദൈവരാജ്യത്തിലൂടെ ഭൂമിയിൽദൈവേഷ്ടം എങ്ങനെ നിറവേറും എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിലെ 8-ാം അധ്യായം കാണുക. ഈ പുസ്തകം www.jw.org എന്ന വെബ്സൈറ്റിൽനിന്ന് വായിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും.