ജീവിതകഥ
‘നാളത്തെ നിങ്ങളുടെ ജീവിതം എങ്ങനെയുള്ളത് ആയിരിക്കും എന്നു നിങ്ങൾക്കറിഞ്ഞുകൂടാ’
ഹെർബർട്ട് ജനിങ്സ് പറഞ്ഞപ്രകാരം
“ഞാൻ തുറമുഖ നഗരമായ റ്റിമയിൽനിന്ന് വാച്ച് ടവർ സൊസൈറ്റിയുടെ ഘാനയിലുള്ള ബ്രാഞ്ച് ഓഫീസിലേക്കു മടങ്ങുകയായിരുന്നു. ഒരു ചെറുപ്പക്കാരൻ പട്ടണത്തിലേക്കു പോകാൻ ലിഫ്റ്റിനു വേണ്ടി കൈകാണിക്കുന്നതുകണ്ട് ഞാൻ വണ്ടി നിറുത്തി, അവനെയും കയറ്റി യാത്ര തുടർന്നു. കിട്ടിയ അവസരം പാഴാക്കാതെ ഞാൻ അവനോടു സാക്ഷീകരിക്കാൻ തുടങ്ങി. നല്ല സാക്ഷ്യം നൽകുകയാണെന്നാണു ഞാൻ കരുതിയത്! എന്നാൽ, ആ ചെറുപ്പക്കാരന് ഇറങ്ങേണ്ട സ്ഥലത്തു ഞാൻ വണ്ടി നിറുത്തിയപാടെ അവൻ ചാടിയിറങ്ങി ഓടി.”
അസാധാരണമായ എന്തോ എനിക്കു സംഭവിക്കുകയാണ് എന്നതിന്റെ ഒരു സൂചനയായിരുന്നു മേൽപ്പറഞ്ഞ സംഭവം. അതേക്കുറിച്ചു വിശദീകരിക്കുന്നതിനു മുമ്പ്, ഒരു കാനഡക്കാരനായ ഞാൻ ഘാനയിൽ എത്തിയത് എങ്ങനെയെന്നു വിവരിക്കാം.
കാനഡയിലെ ടൊറന്റോ നഗരത്തിനു വടക്കുമാറി അതിന്റെ പ്രാന്തപ്രദേശത്ത് 1949 ഡിസംബർ പകുതിയോടെ നടന്ന ഒരു സംഭവമാണ് അതിനു തുടക്കം കുറിച്ചത്. ആ പ്രദേശത്ത് പുതുതായി പണിത ഒരു വീട്ടിലേക്കു വെള്ളം എത്തിക്കുന്നതിനു പൈപ്പ് ഇടാനായി ഞങ്ങൾ ഒരു കൂട്ടം ജോലിക്കാർ മഞ്ഞുറഞ്ഞു കിടന്നിരുന്ന മണ്ണിലൂടെ ഏകദേശം ഒരു മീറ്റർ നീണ്ട ചാല് വെട്ടിയുണ്ടാക്കിയതേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളെല്ലാം വല്ലാതെ ക്ഷീണിച്ചിരുന്നു, അതിനു പുറമേ കൊടും തണുപ്പും. ഞങ്ങളെ കൊണ്ടുപോകാനുള്ള ട്രക്ക് വരാനായി കാത്തിരിക്കവെ ഞങ്ങൾ കുറച്ചു പാഴ്ത്തടിക്കഷണങ്ങൾ കൂട്ടിയിട്ടു തീ കാഞ്ഞുകൊണ്ടിരുന്നു. അപ്പോൾ, ജോലിക്കാരിൽ ഒരാളായ ആർനൾഡ് ലോർട്ടൻ യാതൊരു മുഖവുരയുമില്ലാതെ, “യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും” കുറിച്ചും “ലോകാവസാനത്തെ” കുറിച്ചുമൊക്കെ പറയാൻ തുടങ്ങി. എനിക്ക് ഒട്ടും പരിചയമില്ലാഞ്ഞ പ്രയോഗങ്ങളായിരുന്നു അവ. പെട്ടെന്ന് എല്ലാവരും സംസാരം നിറുത്തി ആശ്ചര്യപൂർവം അദ്ദേഹത്തെ നോക്കി. ചിലർക്ക് അതത്ര രസിച്ചുമില്ല. ‘ആർക്കും ഇയാൾ പറയുന്നതു കേൾക്കാൻ താത്പര്യമില്ല, എന്നിട്ടും ഇയാൾ നിറുത്തുന്നില്ലല്ലോ! ഇയാളുടെ ധൈര്യം അപാരംതന്നെ,’ ഞാൻ മനസ്സിൽ പറഞ്ഞു. പക്ഷേ അദ്ദേഹം പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങൾ എന്റെ ഉള്ളിൽ തട്ടി. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞിട്ട് രണ്ടു വർഷമേ ആയിരുന്നുള്ളൂ. ക്രിസ്റ്റാഡെൽഫിയൻ മതക്കാരനായിരുന്ന ഞാൻ—പല തലമുറകളായി ഞങ്ങളുടെ കുടുംബം ആ മതക്കാരായിരുന്നു—അത്തരം കാര്യങ്ങളെ കുറിച്ച് കേട്ടിട്ടേയില്ലായിരുന്നു. അദ്ദേഹത്തിന്റെ വിശദീകരണങ്ങൾ ഞാൻ ചെവികൂർപ്പിച്ചു കേട്ടു. എനിക്കതിൽ അതീവ താത്പര്യം തോന്നി.
വൈകാതെ കൂടുതൽ വിശദീകരണങ്ങൾ തേടി ഞാൻ ആർനൾഡിനെ സമീപിച്ചു. കാര്യമായ ജീവിതാനുഭവങ്ങൾ ഒന്നുമില്ലാതിരുന്ന 19 കാരനായ എന്നോട് അദ്ദേഹവും ഭാര്യ ജിന്നും എത്ര ക്ഷമയും ദയയുമാണു പ്രകടമാക്കിയത് എന്ന് പിന്തിരിഞ്ഞു നോക്കുമ്പോൾ എനിക്കു വ്യക്തമാകുന്നു. മുൻകൂട്ടി അറിയിക്കാതെ, ക്ഷണിക്കാൻ കാത്തിരിക്കാതെ ഞാൻ അവരുടെ വീട്ടിൽ ചെല്ലുക പതിവായിരുന്നു. എന്റെ ചിന്താഗതികളെ തിരുത്താനും പെരുമാറ്റരീതികളും ധാർമിക നിലവാരങ്ങളും സംബന്ധിച്ച് എന്റെ ഇളം മനസ്സിലെ ആശയക്കുഴപ്പങ്ങൾ ദൂരികരിക്കാനും അവർ എന്നെ സഹായിച്ചു. റോഡരികിൽ തീ കാഞ്ഞുകൊണ്ടിരുന്നുവെന്നു പറഞ്ഞ ആ ദിവസത്തിന് പത്തു മാസങ്ങൾക്കു ശേഷം, 1950 ഒക്ടോബർ 22-നു ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരാളായി സ്നാപനമേറ്റു. നോർത്ത് യോർക്കിലെ വിലോഡേൽ സഭയോടൊത്താണ് അന്നു ഞാൻ സഹവസിച്ചിരുന്നത്. അത് ഇപ്പോൾ ടൊറന്റോയുടെ ഭാഗമാണ്.
സഹാരാധകരോടൊത്ത് മുന്നേറുന്നു
പുതുതായി കണ്ടെത്തിയ വിശ്വാസം പിൻപറ്റാൻ ഞാൻ തീരുമാനിച്ചെന്ന് എന്റെ ഡാഡി മനസ്സിലാക്കിയതോടെ വീട്ടിലെ അന്തരീക്ഷം സമ്മർദപൂരിതമായി. ഡാഡി ആയിടെ ഒരു വാഹന അപകടത്തിൽനിന്നു കഷ്ടിച്ചു രക്ഷപ്പെട്ടതേ ഉണ്ടായിരുന്നുള്ളൂ. ഡാഡി സഞ്ചരിച്ചിരുന്ന വണ്ടി മറ്റൊരു വണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ആ വണ്ടിയുടെ ഡ്രൈവർ മദ്യപിച്ചു ലക്കുകെട്ടിരുന്നതു കൊണ്ടാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് ഡാഡിയുടെ സ്വഭാവം വളരെ പരുഷമായിത്തീർന്നിരുന്നു. മമ്മിയുടെയും എന്റെ രണ്ടു പെങ്ങന്മാരുടെയും ജീവിതം ദുഷ്കരമായി. ഞാൻ ബൈബിൾ പഠിക്കുന്നതിനോടുള്ള എതിർപ്പ് ഒന്നിനൊന്നു വർധിച്ചു. അതുകൊണ്ട്, മാതാപിതാക്കളുമായി സമാധാനപരമായ ബന്ധം നിലനിറുത്തുന്നതിനും ‘സത്യത്തിന്റെ മാർഗത്തിൽ’ ഉറച്ചു നിലകൊള്ളുന്നതിനും വീട്ടിൽനിന്നു പോകുന്നതായിരിക്കും ബുദ്ധി എന്ന് എനിക്കു തോന്നി.—2 പത്രൊസ് 2:2.
1951-ലെ വേനൽക്കാലത്തിന്റെ അവസാനത്തോടെ ഞാൻ ആൽബർട്ടയിലുള്ള കോൾമൻ എന്ന ഒരു കൊച്ചു സഭയോടൊത്തു സഹവസിക്കാൻ തുടങ്ങി. റോസ് ഹണ്ട്, കിത്ത് റോബിൻസ് എന്നീ രണ്ടു യുവാക്കൾ അവിടെയുണ്ടായിരുന്നു. സാധാരണ പയനിയർമാർ എന്ന നിലയിൽ അവർ മുഴുസമയ പ്രസംഗവേലയിൽ വ്യാപൃതരായിരുന്നു. ആ സ്വമേധയാ ശുശ്രൂഷ തിരഞ്ഞെടുക്കുന്നതിന് അവർ എന്നെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ 1952 മാർച്ച് 1-ന് ഞാനും സാധാരണ പയനിയർ ശുശ്രൂഷകരുടെ അണിയിൽ ചേർന്നു.
അവിടെവെച്ച് എനിക്കു വളരെയധികം പ്രോത്സാഹനം ലഭിച്ചു. ധാരാളം കാര്യങ്ങൾ എനിക്കു പഠിക്കാനുണ്ടായിരുന്നു. എന്റെ കഴിവുകൾ വികസിപ്പിച്ചെടുക്കാൻ പറ്റിയ ഒരു സന്ദർഭമായിരുന്നു അത്. പിന്നീട്, ആൽബർട്ടയിലുള്ള ലെത്ത്ബ്രിജ് സഭയിൽ ഒരു വർഷം പയനിയറായി സേവിച്ചു കഴിഞ്ഞപ്പോൾ തികച്ചും അപ്രതീക്ഷിതമായി എനിക്കൊരു ക്ഷണം ലഭിച്ചു—സഞ്ചാരമേൽവിചാരകനായി സേവിക്കുക. ന്യൂ ബ്രൺസ്വികിലെ മോങ്ടൻ മുതൽ ക്വിബെക്കിലെ ഗാസ്പേ വരെ കാനഡയുടെ പൂർവ തീരത്തുള്ള യഹോവയുടെ സാക്ഷികളുടെ സഭകളിൽ സേവിക്കാനായിരുന്നു നിയമനം.
എനിക്കന്ന് 24 വയസ്സേ ഉണ്ടായിരുന്നുള്ളൂ, സത്യത്തിൽ വന്നിട്ട് അധികകാലമായിരുന്നുമില്ല. അതുകൊണ്ട്, ആ സേവനപദവിക്കു ഞാൻ തീരെ അപര്യാപ്തനാണെന്ന് എനിക്കു തോന്നി, പ്രത്യേകിച്ചും ഞാൻ സേവിക്കേണ്ടിയിരുന്ന സഭകളിലെ പക്വമതികളായ സാക്ഷികളുമായുള്ള താരതമ്യത്തിൽ. തുടർന്നുള്ള ഏതാനും മാസം ഞാൻ കഠിനമായി അധ്വാനിച്ചു. അങ്ങനെയിരിക്കെ എനിക്ക് അപ്രതീക്ഷിതവും സന്തോഷകരവുമായ മറ്റൊരു ക്ഷണം ലഭിച്ചു.
ഗിലെയാദ് സ്കൂളും ഗോൾഡ്
കോസ്റ്റിലെ നിയമനവും
1955 സെപ്റ്റംബറിൽ, ന്യൂയോർക്കിലെ സൗത്ത് ലാൻസിങ്ങിലുള്ള വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിന്റെ 26-ാമത്തെ ക്ലാസ്സിൽ സംബന്ധിക്കാൻ എനിക്കു ക്ഷണം ലഭിച്ചു. ഏകദേശം നൂറു വിദ്യാർഥികൾ ആ ക്ലാസ്സിൽ പങ്കെടുക്കാനുണ്ടായിരുന്നു. ആ സ്കൂളിൽ നിന്നുള്ള അഞ്ചു മാസത്തെ സമഗ്ര പരിശീലനവും പഠനവുമാണ് എനിക്ക് ആവശ്യമായിരുന്നതും. തീക്ഷ്ണതയുള്ള ആ കൂട്ടത്തോടൊപ്പം ആയിരുന്നത് എന്റെ ഉത്സാഹത്തിന് ആക്കം കൂട്ടി. ആ കാലഘട്ടത്തിൽ, ഇന്നുവരെ എന്റെ ജീവിതത്തെ ധന്യമാക്കിയിരിക്കുന്ന ഹൃദ്യമായ മറ്റൊരു സംഭവവും നടന്നു.
മിഷനറി സേവനത്തിനായി തയ്യാറെടുത്തുകൊണ്ടിരുന്ന ആ വിദ്യാർഥികളുടെ കൂട്ടത്തിൽ ഐലിൻ സ്റ്റബ്സ് എന്ന ഒരു യുവതിയും ഉണ്ടായിരുന്നു. ഐലിന്റെ സ്വഭാവദാർഢ്യവും പ്രായോഗിക ചിന്താഗതിയും സൗമ്യതയും സന്തോഷം തുളുമ്പുന്ന പ്രകൃതവുമൊക്കെ എന്നെ അവളിലേക്ക് ആകർഷിച്ചു. യാതൊരു മുഖവുരയുമില്ലാതെ, വിവാഹം കഴിക്കാനുള്ള എന്റെ ആഗ്രഹം വെളിപ്പെടുത്തിയപ്പോൾ ആദ്യമൊന്ന് അന്ധാളിച്ചെങ്കിലും അവൾ സമ്മതം മൂളി. പിന്നീട് പരസ്പര സമ്മതത്തോടെ ഐലിൻ, കോസ്റ്ററിക്കയിലേക്കും ഞാൻ പശ്ചിമാഫ്രിക്കയിലെ ഗോൾഡ് കോസ്റ്റിലേക്കും (ഇപ്പോഴത്തെ ഘാന) മിഷനറി സേവനത്തിനായി പോകാൻ തീരുമാനിച്ചു.
1956 മേയ് മാസത്തിലെ ഒരു പ്രഭാതത്തിൽ, വാച്ച് ടവർ സൊസൈറ്റിയുടെ പ്രസിഡന്റ് ആയിരുന്ന നേഥൻ നോർ സഹോദരൻ ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള കെട്ടിടത്തിന്റെ പത്താം നിലയിലുള്ള തന്റെ ഓഫീസിലേക്ക് എന്നെ വിളിപ്പിച്ചു. ഗോൾഡ് കോസ്റ്റ്, ടോഗോലാൻഡ് (ഇപ്പോഴത്തെ ടോഗോ), ഐവറി കോസ്റ്റ്, അപ്പർ വോൾട്ട (ഇപ്പോഴത്തെ ബുർക്കിനാ ഫാസോ) ദ ഗാംബിയ എന്നിവിടങ്ങളിലെ പ്രസംഗവേലയ്ക്കു മേൽനോട്ടം വഹിക്കുന്നതിനു ബ്രാഞ്ച് ദാസനായി എനിക്കു നിയമനം നൽകാനായിരുന്നു അത്.
നോർ സഹോദരന്റെ വാക്കുകൾ ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നു. “ഉടനെ ആ നിയമനം ഏറ്റെടുക്കണമെന്നില്ല. സാവകാശം മതി; ആദ്യം അവിടെയുള്ള അനുഭവസമ്പന്നരായ സഹോദരങ്ങളോടൊപ്പം പ്രവർത്തിച്ച് കാര്യങ്ങൾ പഠിച്ചെടുക്കുക. പിന്നീട് ചുമതല ഏറ്റെടുക്കാൻ തയ്യാറാണെന്നു ബോധ്യം വരുമ്പോൾ ബ്രാഞ്ച് ദാസനായി സേവനം തുടങ്ങുക. . . . ഇതാ നിയമനക്കത്ത്. അവിടെയെത്തി ഏഴു ദിവസം കഴിയുമ്പോൾ ചുമതല ഏറ്റെടുക്കണം.”
‘ഏഴു ദിവസമോ’ ഞാൻ വിചാരിച്ചു. ‘അപ്പോൾപ്പിന്നെ, “സാവകാശം മതി” എന്നു പറഞ്ഞതോ?’ നോർ സഹോദരന്റെ ഓഫീസിൽനിന്നു പോരുമ്പോൾ സപ്തനാഡികളും തളരുന്നതുപോലെ എനിക്കു തോന്നി.
അടുത്ത ഏതാനും ദിവസങ്ങൾ കടന്നുപോയത് വളരെ പെട്ടെന്നായിരുന്നു. ഞാൻ പുതിയ നിയമനം ഏറ്റെടുക്കാൻ യാത്ര തിരിച്ചു. കപ്പലിലായിരുന്നു യാത്ര. കപ്പലിന്റെ കൈവരിയിൽ പിടിച്ചു നിൽക്കവെ, ഈസ്റ്റ് റിവറിലൂടെ സൊസൈറ്റിയുടെ ബ്രുക്ലിൻ ഓഫീസും കടന്ന് ഞങ്ങളുടെ കപ്പൽ മുന്നോട്ടു നീങ്ങി. ഗോൾഡ് കോസ്റ്റിലേക്കുള്ള ആ യാത്രയ്ക്ക് 21 ദിവസമെടുത്തു.
ഐലിനും ഞാനും നിരന്തരം കത്തുകൾ അയച്ചുകൊണ്ടിരുന്നു. 1958-ലാണു പിന്നീടു ഞങ്ങൾ തമ്മിൽ കാണുന്നത്. ആ വർഷം ആഗസ്റ്റ് 23-നു ഞങ്ങൾ വിവാഹിതരായി. ഇത്രയും വിശ്വസ്തയായ ഒരു പങ്കാളിയെ എനിക്കു നൽകിയതിനു ഞാൻ യഹോവയ്ക്ക് എന്നും നന്ദി പറയാറുണ്ട്.
19 വർഷക്കാലം സൊസൈറ്റിയുടെ ബ്രാഞ്ച് ഓഫീസിൽ സഹ മിഷനറിമാരോടും ആഫ്രിക്കയിലെ എന്റെ ആത്മീയ സഹോദരങ്ങളോടുമൊത്തു സേവിക്കാനുള്ള പദവി നൽകി യഹോവ എന്നെ അനുഗ്രഹിച്ചു. ആ സമയത്ത് അവിടെ ബെഥേലംഗങ്ങളുടെ എണ്ണം 25 ആയി വർധിച്ചു. വെല്ലുവിളി നിറഞ്ഞതും സംഭവബഹുലവും അതേസമയംതന്നെ ഫലപ്രദവുമായ നാളുകളായിരുന്നു അവ. എങ്കിലും ഒരു കാര്യം ഞാൻ തുറന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. ചൂടും ഈർപ്പവുമുള്ള അവിടുത്തെ അന്തരീക്ഷസ്ഥിതിയുമായി ഇണങ്ങിപ്പോകുക എന്നെ സംബന്ധിച്ചിടത്തോളം വളരെ ദുഷ്കരമായിരുന്നു. എപ്പോഴും വിയർത്തു കുളിച്ചിരിക്കുന്നത് ചിലപ്പോഴൊക്കെ എന്നെ വല്ലാതെ അസഹ്യപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, അവിടുത്തെ സേവനം ഞങ്ങളെ അതിയായി സന്തോഷിപ്പിച്ചു. 1956-ൽ 6,000 ആയിരുന്ന ഘാനയിലെ രാജ്യ പ്രസാധകരുടെ എണ്ണം 1975 ആയപ്പോഴേക്കും 21,000 ആയി വർധിച്ചിരുന്നു. ഇപ്പോൾ സേവനത്തിൽ തിരക്കോടെ ഏർപ്പെടുന്ന 60,000 സാക്ഷികൾ അവിടെ ഉള്ളത് എത്രയോ സന്തോഷകരമാണ്!
ഞങ്ങൾ പ്രതീക്ഷിക്കാത്ത ഒരു ‘നാളെ’
1970 ആയപ്പോഴേക്കും എനിക്കു സാരമായ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങി. എന്റെ രോഗമെന്താണെന്നു കണ്ടുപിടിക്കാനായില്ല. സമഗ്ര പരിശോധനകൾ നടത്തിയശേഷം എന്റെ “ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ല” എന്നാണ് ഡോക്ടർമാർ പറഞ്ഞത്. അങ്ങനെയെങ്കിൽ, എന്റെ സുഖക്കേടും ക്ഷീണവും അസ്വസ്ഥതയുമൊക്കെ വിട്ടുമാറാത്തത് എന്തുകൊണ്ടാണ്? രണ്ടു കാര്യങ്ങൾ അതു സംബന്ധിച്ച് സൂചനകൾ നൽകി. അതെന്നെ ഞെട്ടിച്ചുകളഞ്ഞു. “നാളത്തെ നിങ്ങളുടെ ജീവിതം എങ്ങനെയുള്ളതായിരിക്കും എന്നു നിങ്ങൾക്കറിഞ്ഞുകൂടാ” എന്നു യാക്കോബ് എഴുതിയത് എന്റെ കാര്യത്തിൽ തികച്ചും വാസ്തവമായിരുന്നു.—യാക്കോബ് 4:14, പി.ഒ.സി. ബൈബിൾ.
ഒരു ചെറുപ്പക്കാരന് ലിഫ്റ്റ് നൽകിയതായി തുടക്കത്തിൽ പരാമർശിച്ചിരുന്നല്ലോ. അപ്പോഴുണ്ടായ അനുഭവമാണ് ആദ്യത്തെ സൂചന നൽകിയത്. അവനു സാക്ഷ്യം നൽകിയപ്പോൾ ഞാൻ അത്യുത്സാഹത്തോടെ, നിറുത്താതെ സംസാരിക്കുകയായിരുന്നു എന്ന കാര്യം ഞാൻ തിരിച്ചറിഞ്ഞില്ല. ആ ചെറുപ്പക്കാരന് ഇറങ്ങേണ്ട സ്ഥലത്ത് ഞാൻ വണ്ടി നിറുത്തിയപാടെ അവൻ ചാടിയിറങ്ങി ഓടിയത് എന്നെ അതിശയിപ്പിച്ചു. ഘാനക്കാർ പൊതുവെ അക്ഷോഭ്യരും ശാന്തരുമാണ്. അവർ പെട്ടെന്ന് അസ്വസ്ഥരാകുന്ന പ്രകൃതക്കാരുമല്ല. എന്നാൽ ആ ചെറുപ്പക്കാരന്റെ പ്രതികരണം തികച്ചും വ്യത്യസ്തമായിരുന്നു. ഞാൻ അതേക്കുറിച്ചു തലപുകഞ്ഞ് ആലോചിക്കാൻ തുടങ്ങി. എനിക്ക് എന്തോ കുഴപ്പമുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. പക്ഷേ എന്താണെന്ന് ഒരു പിടിയും കിട്ടിയില്ല. അതേ, തീർച്ചയായും എനിക്ക് എന്തോ പ്രശ്നമുണ്ടായിരുന്നു.
ഐലിനുമായുള്ള ഉള്ളുതുറന്ന ഒരു ചർച്ചയെ തുടർന്നാണു രണ്ടാമത്തെ സൂചന ലഭിച്ചത്. അവൾ പറഞ്ഞു: “ഇത് ഒരു ശാരീരിക പ്രശ്നമല്ലെങ്കിൽ മാനസികമായ എന്തെങ്കിലും ആയിരിക്കണം.” ഞാൻ രോഗലക്ഷണങ്ങളെല്ലാം ശ്രദ്ധാപൂർവം ഒരു കടലാസ്സിൽ എഴുതി. എന്നിട്ട് അതുമായി ഒരു മനഃശാസ്ത്രജ്ഞനെ ചെന്നു കണ്ടു. അതെല്ലാം വായിച്ചു കേൾപ്പിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “നിങ്ങൾക്ക് കടുത്ത വിഷാദോന്മാദ രോഗമാണ്.”
അതുകേട്ട് ഞാൻ ആകെ സ്തബ്ധനായി! തുടർന്ന് എന്റെ അവസ്ഥ ഒന്നിനൊന്നു വഷളാകുകയായിരുന്നു. അതുമായി പൊരുത്തപ്പെട്ടുപോകാൻ ഞാൻ നന്നേ പാടുപെട്ടു. എങ്കിലും ഞാൻ പരിഹാരമാർഗങ്ങൾ തേടിക്കൊണ്ടേയിരുന്നു. എന്നാൽ, എന്തു ചെയ്യണമെന്ന് ആർക്കും അറിഞ്ഞുകൂടായിരുന്നു. എത്ര നിരാശാജനകമായ ഒരു പോരാട്ടമായിരുന്നു അത്!
ദൈവസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെക്കുക എന്നതായിരുന്നു എന്റെയും ഐലിന്റെയും ലക്ഷ്യം. മാത്രമല്ല, വളരെയധികം കാര്യങ്ങൾ ചെയ്തുതീർക്കാനും ഉണ്ടായിരുന്നു. ഞാൻ നിരന്തരം ഉള്ളുരുകി യഹോവയോടു പ്രാർഥിക്കുമായിരുന്നു: “യഹോവേ, നിനക്ക് ഇഷ്ടമുണ്ടെങ്കിൽ ഞാൻ ‘ജീവിച്ചിരുന്ന് ഇതു ചെയ്യും.’” (യാക്കോബ് 4:15) പക്ഷേ അതു നടക്കുമായിരുന്നില്ല. അങ്ങനെ, യാഥാർഥ്യത്തെ അഭിമുഖീകരിച്ചുകൊണ്ട് ഘാനയിലെ ഞങ്ങളുടെ പ്രിയ സുഹൃത്തുക്കളെ വിട്ട് 1975-ൽ കാനഡയിലേക്കു മടങ്ങാൻ ഞങ്ങൾ ക്രമീകരണങ്ങൾ ചെയ്തു.
യഹോവ തന്റെ ജനത്തിലൂടെ സഹായമേകുന്നു
എന്റെ സേവനം ഒഴിച്ചുകൂടാനാവാത്തത് അല്ലെന്നും ഈ പ്രശ്നം എനിക്കു മാത്രം ഉള്ളതല്ലെന്നും താമസിയാതെ ഞാൻ തിരിച്ചറിഞ്ഞു. 1 പത്രൊസ് 5:9-ലെ വാക്കുകൾ എന്റെ കാര്യത്തിൽ വളരെ അർഥവത്തായിരുന്നു: “ലോകത്തിൽ നിങ്ങൾക്കുള്ള സഹോദരവർഗ്ഗത്തിന്നു ആവക കഷ്ടപ്പാടുകൾ തന്നേ പൂർത്തിയായി വരുന്നു എന്നറി[യുവിൻ].” അത് ഉൾക്കൊണ്ട ഞാൻ, ആഗ്രഹിക്കാത്ത ഈ മാറ്റത്തിൻ മധ്യേയും യഹോവ ഞങ്ങളെ ഇരുവരെയും പിന്തുണച്ചത് എങ്ങനെയെന്നു വിവേചിച്ചറിയാൻ തുടങ്ങി. ഏതെല്ലാം വിധങ്ങളിലാണു ‘സഹോദരവർഗം’ ഞങ്ങളുടെ സഹായത്തിന് എത്തിയതെന്നോ!
ഭൗതികമായി ഞങ്ങൾക്കു കാര്യമായൊന്നും ഉണ്ടായിരുന്നില്ലെങ്കിലും യഹോവ ഞങ്ങളെ കൈവെടിഞ്ഞില്ല. സാമ്പത്തികമായും മറ്റു വിധങ്ങളിലും ഞങ്ങളെ സഹായിക്കാൻ ഘാനയിലെ ഞങ്ങളുടെ സുഹൃത്തുക്കളെ അവൻ പ്രേരിപ്പിച്ചു. തീവ്രമായ സമ്മിശ്ര വികാരങ്ങളോടെ പ്രിയ സുഹൃത്തുക്കളോടു ഞങ്ങൾ യാത്ര പറഞ്ഞു. അങ്ങനെ, തെല്ലും പ്രതീക്ഷിക്കാതിരുന്ന ആ ‘നാളെ’യെ നേരിടാൻ ഞങ്ങൾ ഇറങ്ങിത്തിരിച്ചു.
ഐലിന്റെ ചേച്ചി ലിനോറയും ഭർത്താവ് അൽവിൻ ഫ്രിസനും ഞങ്ങളെ അവരോടൊപ്പം താമസിപ്പിച്ചു. ഉദാരമതികളായ അവർ മാസങ്ങളോളം ഞങ്ങളുടെ കാര്യങ്ങളെല്ലാം നോക്കിനടത്തി. അവിടത്തെ ഒരു പ്രശസ്ത മനഃശാസ്ത്രജ്ഞൻ എന്നോട് ഇങ്ങനെ പറഞ്ഞു: “ആറു മാസത്തിനുള്ളിൽ നിങ്ങൾ പൂർണമായി സുഖം പ്രാപിക്കും.” ആറു മാസം പോയിട്ട് ആറു വർഷം കഴിഞ്ഞിട്ടും എന്റെ അവസ്ഥയ്ക്കു യാതൊരു മാറ്റവും വന്നില്ല. ഒരുപക്ഷേ, എന്നിൽ ആത്മവിശ്വാസം വളർത്താനായിരിക്കാം അദ്ദേഹം അങ്ങനെ പറഞ്ഞത്. ഇന്നും ഞാൻ ആ രോഗത്തിന്—മൃദുവായ ഭാഷയിൽ പറഞ്ഞാൽ വികാരവ്യതിയാന ക്രമക്കേടിന്—അടിമയാണ്. പേരു കേൾക്കാൻ മൃദുവാണെങ്കിലും അത് അനുഭവിക്കുന്നവർക്ക് അറിയാം അതിന്റെ കഷ്ടപ്പാട്. പേര് എന്തുതന്നെ ആയിരുന്നാലും ആ രോഗത്തിന്റെ കാഠിന്യം അതുകൊണ്ടൊന്നും കുറയുന്നില്ല എന്നതാണു വസ്തുത.
ആ സമയമായപ്പോഴേക്കും നോർ സഹോദരനെ ഒരു മാരകമായ രോഗം ബാധിച്ചിരുന്നു. ഒടുവിൽ, 1977 ജൂണിൽ അദ്ദേഹം മരിച്ചു. തന്റെ രോഗാവസ്ഥയിലും എനിക്കു സാന്ത്വനവും ബുദ്ധിയുപദേശവും നൽകിക്കൊണ്ട് അദ്ദേഹം പ്രോത്സാഹജനകമായ നീണ്ട കത്തുകൾ എഴുതാൻ സമയവും ഊർജവും ചെലവഴിച്ചിരുന്നു. ആ കത്തുകൾ ഞാൻ ഇപ്പോഴും നിധിപോലെ സൂക്ഷിക്കുന്നു. മിക്കപ്പോഴും എനിക്കുണ്ടാകുന്ന നിഷേധാത്മക ചിന്തകളെ തരണം ചെയ്യാൻ അദ്ദേഹത്തിന്റെ വാക്കുകൾ എന്നെ വളരെയധികം സഹായിച്ചിരിക്കുന്നു.
1975-ൽ വിലയേറിയ മുഴുസമയ സേവനം നിറുത്താനും തുടർന്ന്, ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഞങ്ങൾ നിർബന്ധിതരായി. പകൽവെളിച്ചം പോലും എന്റെ കണ്ണുകൾക്കു ബുദ്ധിമുട്ടുളവാക്കി. പെട്ടെന്നുള്ള, തുളച്ചുകയറുന്നതരം ശബ്ദങ്ങൾ വെടിയൊച്ച പോലെ കാതിൽ മുഴങ്ങി. ആളുകൾ വട്ടംകൂടിനിന്നു സംസാരിക്കുന്നത് എന്നിൽ പരിഭ്രാന്തി ഉളവാക്കി. ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകുന്നതു പോലും വലിയ വെല്ലുവിളി ആയിത്തീർന്നു. എന്നിരുന്നാലും, ആത്മീയ സഹവാസത്തിന്റെ മൂല്യത്തെ കുറിച്ച് എനിക്കു നല്ല ബോധ്യം ഉണ്ടായിരുന്നു. പ്രശ്നങ്ങളെ തരണം ചെയ്യാൻ രാജ്യഹാളിൽ എല്ലാവരും ഇരുന്ന ശേഷമാണ് മിക്കപ്പോഴും ഞാൻ ഹാളിൽ പ്രവേശിച്ചിരുന്നത്. യോഗം അവസാനിച്ച ശേഷം സഹോദരങ്ങൾ കൂട്ടംകൂടി സംസാരിക്കുന്നതിനു മുമ്പ് ഹാളിൽനിന്നു പോരുകയും ചെയ്യുമായിരുന്നു.
പരസ്യ ശുശ്രൂഷയിൽ ഏർപ്പെടുന്നതായിരുന്നു മറ്റൊരു വലിയ വെല്ലുവിളി. ചിലപ്പോഴൊക്കെ ഒരു വീട്ടുവാതിൽക്കൽ ഡോർബെൽ അമർത്താൻപോലും എനിക്കു ധൈര്യമുണ്ടായിരുന്നില്ല. എങ്കിലും ഞാൻ പിന്മാറിയില്ല. കാരണം, ശുശ്രൂഷ നമുക്കും നമ്മുടെ സന്ദേശത്തോട് അനുകൂലമായി പ്രതികരിക്കുന്നവർക്കും രക്ഷ കൈവരുത്തുമെന്ന് എനിക്ക് അറിയാമായിരുന്നു. (1 തിമൊഥെയൊസ് 4:16) കുറച്ചു സമയത്തിനുശേഷം, വികാരങ്ങളെ നിയന്ത്രിക്കാനും അടുത്ത വീട്ടിൽ ചെന്ന് സുവാർത്ത പറയാനും ഞാൻ ശ്രമിക്കുമായിരുന്നു. അങ്ങനെ ശുശ്രൂഷയിൽ തുടർന്നു പങ്കുപറ്റിയതിന്റെ ഫലമായി നല്ല ആത്മീയ ആരോഗ്യം നിലനിറുത്താനും അങ്ങനെ പ്രശ്നങ്ങളെ തരണം ചെയ്യാനുള്ള ബലം നേടാനും എനിക്കു സാധിച്ചു.
വിഷാദോന്മാദ രോഗം വിട്ടുമാറാത്ത രോഗമാണ്. അതുകൊണ്ട്, അത് ഈ വ്യവസ്ഥിതിയിൽ എന്റെ സന്തതസഹചാരിയായിരിക്കും എന്നു ഞാൻ മനസ്സിലാക്കിയിരിക്കുന്നു. 1981-ൽ ഉണരുക!യിൽa ഇതേക്കുറിച്ച് വിജ്ഞാനപ്രദമായ ലേഖനപരമ്പര പ്രസിദ്ധീകരിക്കപ്പെട്ടു. ആ ലേഖനങ്ങളുടെ സഹായത്താൽ എന്റെ രോഗത്തെ മെച്ചമായി മനസ്സിലാക്കാനും കൂടുതൽ ഫലപ്രദമായ രീതിയിൽ അതിനെ നേരിടാനും എനിക്കു സാധിച്ചിരിക്കുന്നു.
തരണം ചെയ്യാൻ പഠിക്കുന്നു
ഇതിലെല്ലാം എന്റെ ഭാര്യയുടെ പക്ഷത്തു നിന്നുള്ള ത്യാഗങ്ങളും പൊരുത്തപ്പെടലുകളും ഉൾപ്പെട്ടിരുന്നു. സമാനമായ രോഗമുള്ള ആർക്കെങ്കിലും പരിചരണം നൽകുന്ന ഒരു വ്യക്തിയാണു നിങ്ങൾ എങ്കിൽ അവളുടെ ഈ അഭിപ്രായങ്ങൾ മൂല്യവത്താണെന്നു കണ്ടെത്തും:
“വികാര വ്യതിയാനം സംഭവിക്കുമ്പോൾ ആളുടെ സ്വഭാവത്തിൽ പെട്ടെന്നു മാറ്റങ്ങൾ ഉണ്ടാകുന്നു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ പുത്തൻ ആശയങ്ങളുള്ള, പ്രോത്സാഹനമേകുന്ന വ്യക്തിയിൽനിന്ന് അയാൾ ക്ഷീണിച്ചു തളർന്ന, നിരാശയ്ക്ക് അടിമയായ, കോപാകുലനായ വ്യക്തിയായി മാറിയേക്കാം. അതൊരു രോഗമാണ് എന്നു തിരിച്ചറിയാത്തപക്ഷം പരിചരണമേകുന്ന വ്യക്തിയിൽ അത് കോപവും വിഭ്രാന്തിയും ഉളവാക്കും. അതനുസരിച്ചു കാര്യങ്ങൾക്കു പെട്ടെന്നുതന്നെ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. നിരാശയ്ക്ക് അല്ലെങ്കിൽ നിരസനത്തിന് എതിരെ പോരാട്ടം നടത്തേണ്ടതായും വരുന്നു.”
നല്ല സുഖം തോന്നുമ്പോഴൊക്കെ ഭയപ്പാടാണ് എനിക്ക്. കാരണം, തുടർന്ന് എന്താണു സംഭവിക്കാൻ പോകുന്നത് എന്ന് എനിക്കറിയാം. “ഉത്സാഹം” തോന്നി അധികം താമസിയാതെ “വിഷാദം” എന്നെ പിടികൂടും. “ഉത്സാഹ”ത്തെക്കാൾ “വിഷാദ”മാണ് ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത്. കാരണം, വിഷാദം പിടികൂടിക്കഴിഞ്ഞാൽ കുറേ ദിവസത്തേക്ക് എനിക്ക് ഒന്നും ചെയ്യാൻ സാധിക്കാത്തതിനാൽ അനുചിതമായ ഒന്നും പ്രവർത്തിക്കുകയില്ലല്ലോ. കൂടുതൽ ഉത്സാഹഭരിതനാകുമ്പോൾ ഐലിൻ എനിക്കു മുന്നറിയിപ്പു നൽകും. അതുപോലെ, വിഷാദം എന്നെ ആകുലപ്പെടുത്തുമ്പോൾ അവൾ എനിക്ക് ആശ്വാസവും പകരുന്നു.
ഈ രോഗം മൂർച്ഛിക്കുമ്പോൾ തന്നെക്കുറിച്ചു മാത്രം ചിന്തിക്കാനുള്ള ശക്തമായ പ്രവണത ഒരുവനെ വരിഞ്ഞുമുറുക്കുന്നു എന്ന അപകടവും ഇതിൽ ഒളിഞ്ഞിരിപ്പുണ്ട്. ഇത്തരം സമയങ്ങളിൽ രോഗി ഒറ്റയ്ക്കായിരിക്കാൻ ഇഷ്ടപ്പെടുന്നു. അല്ലെങ്കിൽ മറ്റുള്ളവരുടെ വികാരങ്ങൾക്കു തെല്ലും വിലകൽപ്പിക്കാതിരിക്കുന്നു. മുമ്പൊക്കെ, മാനസികവും വൈകാരികവുമായ പ്രശ്നങ്ങൾ ഉണ്ടെന്നു അംഗീകരിക്കുക എനിക്കു ബുദ്ധിമുട്ടായിരുന്നു. പ്രശ്നത്തിനു കാരണം പരാജയപ്പെട്ട ഉദ്യമമോ എതെങ്കിലും ഒരു വ്യക്തിയോ പോലെ ബാഹ്യമായ എന്തെങ്കിലും കാരണങ്ങളാണെന്ന ചിന്ത കൂടെക്കൂടെ എന്നിൽ കടന്നുകൂടിയിരുന്നു. അതിനെതിരെ പോരാടുന്നതിന്, ‘പ്രശ്നം മാനസികമാണെന്നും എന്റെ പ്രശ്നത്തിനു കാരണക്കാരൻ മറ്റാരുമല്ല, ഞാൻ തന്നെയാണ്’ എന്നുമൊക്കെ ഞാൻ സ്വയം ഓർമിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെ ക്രമേണ, എന്റെ ചിന്തകളിൽ ആവശ്യമായ പൊരുത്തപ്പെടുത്തലുകൾ വരുത്താൻ എനിക്കു സാധിച്ചിരിക്കുന്നു.
വർഷങ്ങളിലുടനീളം, തുറന്ന മനസ്സോടെ കാര്യങ്ങൾ ചർച്ച ചെയ്യാനും എന്റെ സ്ഥിതിവിശേഷത്തെ കുറിച്ചു മറച്ചുപിടിക്കാതെ മറ്റുള്ളവരോടു സംസാരിക്കാനും ഞാനും ഐലിനും പഠിച്ചിരിക്കുന്നു. ശുഭാപ്തിവിശ്വാസം ഉള്ളവരായിരിക്കാനും ഞങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കാൻ എന്റെ രോഗത്തെ അനുവദിക്കാതിരിക്കാനും ഞങ്ങൾ ശ്രമിക്കുന്നു.
ഒരു നല്ല ‘നാളെ’
ഉള്ളുരുകിയുള്ള പ്രാർഥനകളുടെയും കടുത്ത പോരാട്ടങ്ങളുടെയും ഫലമായി ഞങ്ങൾ യഹോവയുടെ അനുഗ്രഹവും പിന്തുണയും അനുഭവിച്ചറിഞ്ഞിരിക്കുന്നു. ഞങ്ങളിരുവരും ഇപ്പോൾ വാർധക്യത്തിന്റെ പടിയിലാണ്. ഞാൻ പതിവായി മരുന്നു കഴിച്ചുകൊണ്ടാണിരിക്കുന്നത്. ഇപ്പോൾ എന്റെ ആരോഗ്യാവസ്ഥ വലിയ കുഴപ്പമൊന്നുമില്ലാതെ തുടരുന്നു. സാധിക്കുന്ന ഏതൊരു സേവന പദവിയും ഏറ്റെടുക്കാൻ ഞങ്ങൾക്കു സന്തോഷമേയുള്ളൂ. ഞാൻ ഒരു മൂപ്പനായി സഭയിൽ സേവിക്കുന്നു. സഹവിശ്വാസികളെ പിന്തുണയ്ക്കാൻ ഞങ്ങൾ എല്ലായ്പോഴും ശ്രമിക്കാറുണ്ട്.
“നാളത്തെ നിങ്ങളുടെ ജീവിതം എങ്ങനെയുള്ളതായിരിക്കും എന്നു നിങ്ങൾക്കറിഞ്ഞുകൂടാ” എന്ന് യാക്കോബ് 4:14-ൽ (പി.ഒ.സി. ബൈ.) പറഞ്ഞിരിക്കുന്നത് എത്ര വാസ്തവമാണ്! ഈ വ്യവസ്ഥിതി നിലനിൽക്കുന്നിടത്തോളം കാലം അക്കാര്യത്തിനു യാതൊരു മാറ്റവുമുണ്ടായിരിക്കില്ല. എന്നിരുന്നാലും, യാക്കോബ് 1:12-ലെ വാക്കുകളും വാസ്തവംതന്നെ. അവിടെ നാം ഇങ്ങനെ വായിക്കുന്നു: “പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം കർത്താവു തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും.” നമുക്ക് ഓരോരുത്തർക്കും ഇന്ന് വിശ്വാസത്തിൽ ഉറച്ചു നിൽക്കുകയും നാളേക്കായി യഹോവ കരുതിയിരിക്കുന്ന അനുഗ്രഹങ്ങളിൽ നമ്മുടെ ദൃഷ്ടികൾ പതിപ്പിക്കുകയും ചെയ്യാം.
[അടിക്കുറിപ്പ്]
a ഉണരുക!യുടെ (ഇംഗ്ലീഷ്) 1981 ആഗസ്റ്റ് 8 ലക്കത്തിലെ “നിങ്ങൾക്ക് ജീവിതത്തെ നേരിടാനാകും,” സെപ്റ്റംബർ 8 ലക്കത്തിലെ “നിങ്ങൾക്കു വിഷാദത്തോടു പോരാടാനാകുന്ന വിധം,” ഒക്ടോബർ 22 ലക്കത്തിലെ “കടുത്ത വിഷാദത്തെ തരണം ചെയ്യൽ” എന്നീ ലേഖനങ്ങൾ കാണുക.
[26-ാം പേജിലെ ചിത്രം]
ഏകാന്തത തേടി എന്റെ ആർട്ട് സ്റ്റുഡിയോയിൽ
[26-ാം പേജിലെ ചിത്രം]
ഐലിനോടൊത്ത്
[28-ാം പേജിലെ ചിത്രം]
ഘാനയിലെ റ്റിമയിൽ 1963-ൽ നടന്ന “നിത്യ സുവാർത്ത” സമ്മേളനത്തിൽ