ഒരു അപകടം എന്റെ ജീവിതത്തെ മാറ്റിമറിച്ച വിധം
സ്റ്റാൻലി ഒമ്ബെവാ പറഞ്ഞ പ്രകാരം
അതിവേഗത്തിൽ ഓടിച്ചുപോയ ഒരു വാഹനം എന്നെ തട്ടിയിട്ടു. 1982-ൽ ആയിരുന്നു ആ സംഭവം. എനിക്കു ചികിത്സ ലഭിച്ചെങ്കിലും എന്റെ കഴുത്തിനും നെഞ്ചിനും ഇടയ്ക്കുള്ള ഒരു ഡിസ്ക് തെറ്റിയതിനാൽ ഇടയ്ക്കിടെ വേദന അനുഭവപ്പെടുമായിരുന്നു. താമസിയാതെ ഞാൻ എന്റെ ദിനചര്യയിലേക്കു മടങ്ങിവന്നു. എന്നിരുന്നാലും, 15 വർഷങ്ങൾക്കു ശേഷം എന്റെ വിശ്വാസത്തിന് ഏറ്റവും വെല്ലുവിളി ഉയർത്തിയ പരിശോധനയെ ഞാൻ നേരിട്ടു.
അപകടത്തിനു മുമ്പും അതിനു ശേഷം കുറെ നാളത്തേക്കും ഞാൻ തികച്ചും ഊർജസ്വലനായിരുന്നു. ഞാൻ ക്രമമായി വ്യായാമം ചെയ്തിരുന്നു. വാരാന്തങ്ങളിൽ 10 മുതൽ 13 വരെ കിലോമീറ്റർ ദൂരം ഞാൻ ജോഗിങ് നടത്തുമായിരുന്നു. കൂടാതെ, ഞാൻ കഠിനമായ കായികാധ്വാനം ചെയ്യുകയും സ്ക്വാഷ് (നാലുവശത്തും ചുമരുകൾ ഉള്ള കളിക്കളത്തിൽ റാക്കറ്റും പന്തും ഉപയോഗിച്ച് രണ്ടു പേർക്കു കളിക്കാവുന്ന ഒരു കായിക വിനോദം) കളിക്കുകയും ചെയ്യുമായിരുന്നു. അതുപോലെ ഞങ്ങൾ താമസിക്കുന്ന കെനിയയിലെ നയ്റോബിയിലുള്ള യഹോവയുടെ സാക്ഷികളുടെ രാജ്യഹാളുകളുടെ നിർമാണത്തിലും ഒരു വലിയ സമ്മേളനഹാളിന്റെ പണിയിലും ഞാൻ സഹായിച്ചു.
അങ്ങനെയിരിക്കെ, 1997-ൽ എനിക്ക് കൂടെക്കൂടെ കലശലായ നെഞ്ചുവേദന അനുഭവപ്പെടാൻ തുടങ്ങി. കശേരുക്കളുടെ ഇടയ്ക്കുള്ള ഒരു ഡിസ്കിന് സ്ഥാനഭ്രംശം സംഭവിച്ചിട്ട് അതു സുഷുമ്നാ നാഡിയെ അമർത്തുന്നുണ്ടെന്നു വൈദ്യപരിശോധനയിൽ വ്യക്തമായി. തുടക്കത്തിൽ പരാമർശിച്ച അപകടത്തിന്റെ പരിണതഫലമായിരുന്നു ഇത്.
എന്റെ ആരോഗ്യ സ്ഥിതി വഷളാകുന്നതിനു മുമ്പ്, എനിക്ക് സെയിൽസ്മാനായി ഒരു ജോലി കിട്ടിയിരുന്നു. ആ ജോലിക്ക് കുടുംബാരോഗ്യ ഇൻഷുറൻസ് ആനുകൂല്യം ഉണ്ടായിരുന്നു. ബിസിനസ്സ് രംഗത്ത് എനിക്കു ശോഭനമായൊരു ഭാവിയുള്ളതായി തോന്നി. എന്നാൽ 1998-ന്റെ പകുതിയായപ്പോഴേക്കും എനിക്ക് നെഞ്ചുമുതൽ പാദംവരെ കഠിനമായ മരവിപ്പ് അനുഭവപ്പെടാൻ തുടങ്ങി. ദിവസം ചെല്ലുന്തോറും എന്റെ ആരോഗ്യം ക്ഷയിച്ചുവന്നു.
അധികം താമസിയാതെ, എനിക്കു ജോലിയും അതോടൊപ്പമുള്ള എല്ലാ ആനുകൂല്യങ്ങളും നഷ്ടപ്പെട്ടു. അപ്പോൾ ഞങ്ങളുടെ രണ്ടു പെൺമക്കളിൽ, സിൽവിയയ്ക്കു 13 വയസ്സും വിൽഹെൽമീനയ്ക്കു 10 വയസ്സുമായിരുന്നു പ്രായം. എന്റെ ജോലി ഇല്ലാതായതോടെ ഭാര്യ ജോയ്സിന്റെ ശമ്പളമായി ഏക ആശ്രയം. പുതിയ സാഹചര്യത്തെ നേരിടേണ്ടതായി വന്നപ്പോൾ അത്യാവശ്യമില്ലാത്ത കാര്യങ്ങൾ വെട്ടിച്ചുരുക്കിക്കൊണ്ട് ഞങ്ങൾ ജീവിതം ക്രമപ്പെടുത്തി. അങ്ങനെ അടിസ്ഥാന ആവശ്യങ്ങൾ തൃപ്തിപ്പെടുത്തി മുന്നോട്ടു പോകാൻ ഞങ്ങൾക്കു സാധിച്ചു.
നിഷേധാത്മക വികാരങ്ങൾ
എന്റെ അവസ്ഥ എത്ര ഗുരുതരമാണെന്നു ക്രമേണ മനസ്സിലാക്കിയപ്പോൾ നിഷേധാത്മക വികാരങ്ങൾ എന്നെ കീഴ്പെടുത്തിയെന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. ഞാൻ പെട്ടെന്ന് അസ്വസ്ഥനാകുകയും എന്നെ കുറിച്ചു മാത്രം ചിന്തിക്കാൻ തുടങ്ങുകയും ചെയ്തു. ചിലപ്പോഴൊക്കെ തൊട്ടതിനും പിടിച്ചതിനും എല്ലാം ഞാൻ ദേഷ്യപ്പെടുകയും വഴക്കുണ്ടാക്കുകയും ചെയ്യുമായിരുന്നു. അപ്പോഴേക്കും ഒരു വിഷാദരോഗിയെ പോലെ ആയിത്തീർന്നിരുന്നു ഞാൻ. കുടുംബത്തിലെ എല്ലാ അംഗങ്ങളും സമ്മർദത്തിൻ കീഴിലായി. എന്റെ ഭാര്യയും മക്കളും അവർ മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒരു അസാധാരണ സാഹചര്യത്തെ നേരിട്ടു.
എന്റെ വികാരങ്ങൾ തികച്ചും ന്യായമാണ് എന്നാണ് ആ സമയത്ത് ഞാൻ വിചാരിച്ചിരുന്നത്. അങ്ങനെയിരിക്കെ പെട്ടെന്ന് എന്റെ തൂക്കം വർധിച്ചു. മലശോധനയോടും മൂത്രം നിയന്ത്രിക്കുന്നതിനോടും ബന്ധപ്പെട്ട് എനിക്കു വലിയ പ്രശ്നം നേരിട്ടു. പലപ്പോഴും എനിക്കു വളരെ നാണക്കേട് തോന്നുമായിരുന്നു. മിക്കപ്പോഴും ഞാൻ കരഞ്ഞുകൊണ്ട് വീടിന്റെ ഒരു മൂലയിൽ ഒറ്റക്കിരിക്കും. ഒരു കോമാളിയെ പോലെ തോന്നുമാറ് ഞാൻ കോപംകൊണ്ട് പൊട്ടിത്തെറിച്ച സമയങ്ങളും ഉണ്ടായിട്ടുണ്ട്. ഞാൻ എന്റെ സാഹചര്യത്തെ കൈകാര്യം ചെയ്യുന്ന വിധം ശരിയല്ല എന്ന് എനിക്ക് അറിയാമായിരുന്നു.
യഹോവയുടെ സാക്ഷികളുടെ ക്രിസ്തീയ സഭയിലെ ഒരു മൂപ്പനെന്ന നിലയിൽ, ഏതുതരത്തിലുള്ള കഷ്ടപ്പാടായാലും ശരി അതിന് യഹോവയെ പഴിചാരരുത് എന്നു ഞാൻ എന്റെ സഹ ക്രിസ്ത്യാനികളെ മിക്കപ്പോഴും ബുദ്ധിയുപദേശിക്കാറുണ്ടായിരുന്നു. പക്ഷേ എന്റെ കാര്യം വന്നപ്പോൾ ‘ഇങ്ങനെ സംഭവിക്കാൻ യഹോവ ഇടയാക്കിയത് എന്തിനാണ്’ എന്ന് ഒന്നല്ല, പലതവണ ഞാൻ എന്നോടുതന്നെ ചോദിച്ചു. മറ്റുള്ളവരെ ശക്തീകരിക്കാൻ 1 കൊരിന്ത്യർ 10:13 പോലെയുള്ള വാക്യങ്ങൾ ഞാൻ ഉപയോഗിച്ചിരുന്നെങ്കിലും എന്റെ പരിശോധന സഹിക്കാവുന്നതിലേറെ കഠിനമാണെന്ന് എനിക്കു തോന്നി!
വൈദ്യസഹായം സംബന്ധിച്ച വെല്ലുവിളി
മെച്ചപ്പെട്ട വൈദ്യസഹായം തേടുന്നതും ഒരു വെല്ലുവിളിയായിരുന്നു. ഫിസിയോ തെറാപ്പിസ്റ്റിനെയും കിറോപ്രാക്റ്റിക് (നട്ടെല്ലിന്റെ സ്ഥാനം മാറിയ ഭാഗം കൈകൊണ്ടു പിടിച്ചിടുന്ന ചികിത്സാസമ്പ്രദായം) ചികിത്സകനെയും അക്യുപംങ്ചർ ചികിത്സാ വിദഗ്ധനെയും ഞാൻ ഒരു ദിവസംതന്നെ സന്ദർശിക്കുമായിരുന്നു. ചിലപ്പോൾ അൽപ്പനേരത്തെ ആശ്വാസം കിട്ടും, അത്രമാത്രം. അസ്ഥിശസ്ത്രക്രിയാ വിദഗ്ധനും നാഡീശസ്ത്രക്രിയാ വിദഗ്ധനും ഉൾപ്പെടെ ഞാൻ ഒരുപാട് ഡോക്ടർമാരെ പോയി കണ്ടു. എല്ലാവരും ഒരേ കാര്യമാണു പറഞ്ഞത്: വേദന കുറയ്ക്കുന്നതിനും സ്ഥാനം തെറ്റിയ ഡിസ്കു നീക്കുന്നതിനും ശസ്ത്രക്രിയ കൂടിയേ തീരൂ. എന്റെ ബൈബിളധിഷ്ഠിത വിശ്വാസം നിമിത്തം യാതൊരു സാഹചര്യത്തിലും എനിക്കു രക്തം നൽകരുതെന്നു ഞാൻ ഈ ഡോക്ടർമാരോടെല്ലാം വ്യക്തമായി വിശദീകരിച്ചു.—പ്രവൃത്തികൾ 15:28, 29.
ആദ്യത്തെ സർജൻ എന്നോടു പറഞ്ഞത്, എന്റെ മുതുക് തുളച്ച് ശസ്ത്രക്രിയ നടത്താമെന്നാണ്. എന്നാൽ ഈ പ്രക്രിയ കുറച്ച് അപകടം പിടിച്ചതാണെന്നു പറഞ്ഞു. മാത്രമല്ല, രക്തം ഉപയോഗിക്കില്ല എന്നുള്ളതിന് അദ്ദേഹം എനിക്ക് ഉറപ്പു തന്നുമില്ല. പിന്നെ ഞാൻ അങ്ങോട്ടു പോയില്ല.
രണ്ടാമത്തെ സർജൻ പറഞ്ഞത്, കഴുത്തിൽ ഒരു ദ്വാരമുണ്ടാക്കി സുഷുമ്നാ നാഡിയിൽ ശസ്ത്രക്രിയ നടത്താം എന്നാണ്. അതു വളരെ ഭീകരമാണെന്ന് എനിക്കു തോന്നി. രക്തപ്പകർച്ചയോടു ബന്ധപ്പെട്ട എന്റെ തീരുമാനം സംബന്ധിച്ച് അദ്ദേഹത്തിന് എതിരഭിപ്രായം ഒന്നും ഇല്ലായിരുന്നെങ്കിലും ശസ്ത്രക്രിയ നടത്താൻ അദ്ദേഹം തിടുക്കംകൂട്ടി, അധികം വിശദാംശങ്ങൾ നൽകിയുമില്ല. അതുകൊണ്ട് ഞാൻ പിന്നെ അങ്ങോട്ടും പോയില്ല.
എന്നിരുന്നാലും, പ്രാദേശിക ആശുപത്രി ഏകോപന സമിതിയിൽ സേവിക്കുന്ന യഹോവയുടെ സാക്ഷികളുടെ സഹായത്തോടെ, സഹകരണ മനോഭാവമുള്ള ഒരു ഡോക്ടറെ കണ്ടെത്താൻ എനിക്കു കഴിഞ്ഞു. ശസ്ത്രക്രിയ സംബന്ധിച്ച ഈ സർജന്റെ അഭിപ്രായം രണ്ടാമത്തെ സർജൻ നിർദേശിച്ചതിനോടു സമാനമായിരുന്നു. എന്റെ കഴുത്തിൽ ഒരു മുറിവ് ഉണ്ടാക്കി വേണമായിരുന്നു ശസ്ത്രക്രിയ നടത്താൻ. അപകട സാധ്യത വളരെ കുറവാണെന്ന് അദ്ദേഹം വിശദീകരിച്ചു.
ശസ്ത്രക്രിയ നടത്തുന്ന വിധത്തെ കുറിച്ചുള്ള വിവരണം കേട്ടപ്പോൾ എനിക്കു ഭീതി തോന്നി. വളരെ ലോലമായ അവയവങ്ങളായ ഹൃദയം, ശ്വാസകോശം എന്നിവയുടെ സമീപത്താണ് ഇത്തരമൊരു കീറിമുറിക്കൽ നടത്താൻ പോകുന്നത് എന്നു ചിന്തിച്ചപ്പോൾ എനിക്കാകെ ഭയമായി. ഞാൻ ജീവനോടെ തിരിച്ചെത്തുമോ എന്നൊക്കെ ഞാൻ ഓർത്തു. അത്തരം നിഷേധാത്മക ചിന്തകൾ എന്റെ പേടി കൂട്ടിയതേ ഉള്ളൂ.
അങ്ങനെ 1998, നവംബർ 25-ന് നയ്റോബി ആശുപത്രിയിൽ വെച്ച് നാലു മണിക്കൂർ നീണ്ടുനിന്ന വിജയകരമായ ഒരു ശസ്ത്രക്രിയയ്ക്കു ഞാൻ വിധേയനായി. ശസ്ത്രക്രിയയിൽ എന്റെ ശ്രോണീയ അസ്ഥിയിൽനിന്ന് (pelvic bone) ഒരു കഷണം എടുത്തുമാറ്റി. ആ കഷണം ആകൃതിവരുത്തി ലോഹത്തകിടും സ്ക്രൂവും ചേർത്ത് ഡിസ്കിന്റെ സ്ഥാനത്ത് ഉറപ്പിച്ചു വെച്ചു. ഇതു വലിയ സഹായമായെങ്കിലും എന്റെ എല്ലാ പ്രശ്നങ്ങളും ഇതോടെ അവസാനിച്ചില്ല. നടക്കാൻ എനിക്ക് ഒരുപാട് ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഇപ്പോഴും, വിട്ടുമാറാത്ത മരവിപ്പുണ്ട്.
ക്രിയാത്മക മനോഭാവം
ഞാൻ മുമ്പു പറഞ്ഞതുപോലെ, എന്റെ ശോചനീയ അവസ്ഥയിൽ പരിതപിച്ചും ആധിപൂണ്ടും ഞാൻ വളരെ സമയം ചെലവഴിച്ചിരുന്നു. എന്നാൽ വൈരുദ്ധ്യമെന്നു പറയട്ടെ, എന്റെ ശാന്തതയെയും ശുഭാപ്തി വിശ്വാസത്തെയും പ്രതി നിരവധി ഡോക്ടർമാരും നേഴ്സുമാരും എന്നെ അനുമോദിക്കുമായിരുന്നു. അവർക്ക് എന്താണ് അങ്ങനെ തോന്നിയത്? കാരണം കഠിനമായ വേദന ഉണ്ടായിരുന്നപ്പോൾ പോലും, ദൈവത്തിലുള്ള എന്റെ വിശ്വാസത്തെ കുറിച്ച് ഞാൻ അവരോടു സംസാരിച്ചിരുന്നു.
ഞാൻ കടന്നുപോയ വിഷമ സാഹചര്യങ്ങൾ നിമിത്തം ചിലപ്പോഴൊക്കെ ദേഷ്യപ്പെടുകയും കയർക്കുകയും ചെയ്തിരുന്നെങ്കിലും ഞാൻ യഹോവയിലുള്ള ആശ്രയം കൈവിട്ടിരുന്നില്ല. എന്റെ യാതനകളിലെല്ലാം യഹോവ എന്നെ താങ്ങി. ചിലപ്പോൾ എന്റെ പ്രതികരണത്തിൽ എനിക്കുതന്നെ ലജ്ജ തോന്നുംവിധം അത്രയധികമായിരുന്നു യഹോവയുടെ കരുതൽ. ഈ ദുർഘട സാഹചര്യത്തിൽ എനിക്ക് ആശ്വാസം പകരുമെന്ന് അറിയാമായിരുന്ന തിരുവെഴുത്തുകൾ വായിക്കാനും ധ്യാനിക്കാനും ഞാൻ തീരുമാനിച്ചു. അവയിൽ ചിലതു പിൻവരുന്നവയാണ്:
വെളിപ്പാടു 21:4, 5: “അവൻ [ദൈവം] അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല.” കണ്ണുനീരും വേദനയും എന്നേക്കുമായി ഇല്ലാതാകുന്ന പുതിയ ലോകത്തെ കുറിച്ചുള്ള ബൈബിൾ വാഗ്ദാനത്തെ സംബന്ധിച്ചു ചിന്തിക്കുന്നത് വളരെ ആശ്വാസമെന്നു തെളിഞ്ഞു.
എബ്രായർ 6:10: “ദൈവം നിങ്ങളുടെ പ്രവൃത്തിയും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.” ശാരീരികമായി എനിക്കിപ്പോൾ അനേകം പരിമിതികൾ ഉണ്ടെങ്കിലും യഹോവയുടെ സേവനത്തിലുള്ള എന്റെ ശ്രമങ്ങളെ അവൻ വിലമതിക്കും.
യാക്കോബ് 1:13: “പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല.” ഈ വാക്കുകൾ എത്ര സത്യമാണ്! എന്റെ കഷ്ടങ്ങൾ യഹോവ അനുവദിച്ചുവെങ്കിലും ഒരു കാരണവശാലും അതിന് ഉത്തരവാദി അവനല്ല.
ഫിലിപ്പിയർ 4:6, 7: “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാററിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.” എനിക്ക് അത്യാവശ്യമായിരുന്ന മനസ്സമാധാനം നേടാൻ പ്രാർഥന എന്നെ സഹായിച്ചു. ഇത് കൂടുതൽ ന്യായബോധത്തോടെ എന്റെ സാഹചര്യത്തെ നേരിടാൻ എന്നെ പ്രാപ്തനാക്കിയിരിക്കുന്നു.
ഈ തിരുവെഴുത്തുകൾ ഉപയോഗിച്ച് കഷ്ടപ്പാട് അനുഭവിച്ചുകൊണ്ടിരുന്ന മറ്റാളുകളെ ഞാൻ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അവർക്ക് അവ യഥാർഥ സഹായം ആയിരുന്നു! അവയുടെ മൂല്യം അന്നു ഞാൻ മുഴുവനായി മനസ്സിലാക്കിയിരുന്നില്ല എന്ന് ഇപ്പോൾ തിരിച്ചറിയുന്നു. എളിമ എന്താണെന്നു ഗ്രഹിക്കുന്നതിനും യഹോവയെ പൂർണമായി ആശ്രയിക്കാൻ പഠിക്കുന്നതിനും എനിക്ക് ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകേണ്ടത് ആവശ്യമായിരുന്നു.
ആശ്വാസത്തിന്റെ മറ്റ് ഉറവുകൾ
അരിഷ്ട സമയങ്ങളിൽ ക്രിസ്തീയ സഹോദരവർഗം താങ്ങും തണലും ആണെന്നു പലരും പറയാറുണ്ട്. എന്നാൽ നമ്മുടെ സഹോദരീസഹോദരന്മാരുടെ മൂല്യം കുറച്ചു കാണാൻ എന്തെളുപ്പമാണ്! അവർക്കു ചെയ്യാവുന്ന കാര്യങ്ങൾക്കു പരിധിയുണ്ട് എന്നതു ശരിയാണ്, പക്ഷേ സഹായഹസ്തവുമായി അവർ എല്ലായ്പോഴും നമ്മോടൊപ്പം ഉണ്ടാകും. എന്റെ കാര്യത്തിൽ ഇതെത്ര സത്യമായിരുന്നെന്നോ! ആശുപത്രിയിൽ എന്റെ കിടക്കയ്ക്കരികിൽ അവരുണ്ടാകും, ചിലപ്പോൾ അതിരാവിലെ തന്നെ. എന്റെ ആശുപത്രി ബിൽ അടയ്ക്കുന്നതിൽ സഹായിക്കാൻ സന്നദ്ധരായി അവർ മുന്നോട്ടു വരികപോലും ചെയ്തു. എന്റെ ദുരവസ്ഥയിൽ സാന്ത്വനവും സഹായവുമായെത്തിയ എല്ലാവരോടും എനിക്ക് അതിരറ്റ നന്ദിയുണ്ട്.
എനിക്കിപ്പോൾ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്കു പരിമിതിയുണ്ടെന്ന് ഞങ്ങളുടെ പ്രാദേശിക സഭയിലെ സാക്ഷികൾക്ക് അറിയാം. ഞാൻ ഇപ്പോൾ സഭയിലെ അധ്യക്ഷ മേൽവിചാരകനായി സേവിക്കുന്നു. ഞങ്ങളുടെ സഭയിലെ ക്രിസ്തീയ മൂപ്പന്മാരുടെ സംഘത്തിന്റെ പൂർണ പിന്തുണ എനിക്കുണ്ട്. പ്രസംഗവേലയിൽ ഞാൻ ഇതുവരെ ക്രമമില്ലാത്തവനായിരുന്നിട്ടില്ല. എന്റെ യാതനകൾ മൂർധന്യാവസ്ഥയിലായിരുന്ന സമയത്ത് രണ്ടു വ്യക്തികളെ യഹോവയ്ക്കുള്ള സമർപ്പണത്തിലേക്കു പുരോഗമിക്കുന്നതിനു സഹായിക്കാൻ എനിക്കു കഴിഞ്ഞു. അവരിൽ ഒരാൾ യഹോവയുടെ സാക്ഷികളുടെ നയ്റോബിയിലുള്ള ഒരു സഭയിൽ ശുശ്രൂഷാദാസനായി സേവിക്കുന്നു.
അഗ്നിപരീക്ഷയുടെ നാളുകളിലെല്ലാം എന്നെ പിന്തുണച്ച എന്റെ ഭാര്യയോട് നന്ദി പറയാൻ എനിക്കു വാക്കുകളില്ല. എന്റെ ദേഷ്യവും വികാരവിക്ഷോഭങ്ങളും ന്യായയുക്തതയില്ലായ്മയും എല്ലാം അവൾ സഹിച്ചു. വേദനയോടെ ഞാൻ കരഞ്ഞുകൊണ്ടിരുന്നപ്പോഴൊക്കെ അവൾ എന്നെ ബലപ്പെടുത്തുകയും ആശ്വാസവചനങ്ങൾ പറയുകയും ചെയ്യുമായിരുന്നു. അരിഷ്ടതയുടെ നാളുകളിൽ ധൈര്യം കൈവിടാതെ അവൾ അവസരത്തിനൊത്തുയർന്നത് എന്നെ ഇപ്പോഴും അതിശയിപ്പിക്കാറുണ്ട്. “ഒരു യഥാർഥ സ്നേഹിതൻ എല്ലാ സമയത്തും സ്നേഹിക്കുന്നു” എന്ന വാക്കുകൾ അവളുടെ കാര്യത്തിൽ സത്യമെന്നു തെളിഞ്ഞു.—സദൃശവാക്യങ്ങൾ 17:17, NW.
എന്റെ പ്രത്യേക സാഹചര്യത്തോടു പൊരുത്തപ്പെടാൻ ഞങ്ങളുടെ മക്കളും പഠിച്ചു. എന്നെ സഹായിക്കാൻ അവരാൽ കഴിയുന്നതെല്ലാം അവർ ചെയ്യുന്നു. ഭാര്യ അടുത്തില്ലാത്തപ്പോൾ എന്റെ ക്ഷേമം ഉറപ്പാക്കുന്ന കാര്യത്തിൽ അവർ വലിയ ശ്രദ്ധ പുലർത്തുന്നു. എന്റെ ആവശ്യങ്ങൾ മനസ്സിലാക്കി അവർ വേഗം പ്രതികരിക്കും. സിൽവിയ ആണ് എന്റെ “ഊന്നുവടി.” എനിക്കു ക്ഷീണം തോന്നുമ്പോഴൊക്കെ, വീടിനുള്ളിൽ നടക്കാൻ അവളാണു സഹായിക്കുന്നത്.
ഇളയ മകളായ മീനയോ? കൊള്ളാം, ഒരിക്കൽ ഞാൻ വീടിനുള്ളിൽ ഒന്നു വീണു. എനിക്കു തനിയെ എഴുന്നേൽക്കാൻ പറ്റിയില്ല. വീട്ടിൽ ആ സമയത്തു മീനയും ഞാനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൾ സർവശക്തിയും ഉപയോഗിച്ച് എന്നെ എഴുന്നേൽപ്പിച്ച് മെല്ലെ എന്റെ മുറിയിലേക്കു കൊണ്ടുപോയി. അതെങ്ങനെ ചെയ്തു എന്ന് ഇപ്പോഴും അവൾക്കറിയില്ല. ധൈര്യം സംഭരിച്ച് അവൾ ചെയ്ത ആ പ്രവൃത്തി എനിക്ക് ഒരിക്കലും മറക്കാനാവില്ല.
ജീവിതത്തിൽ എനിക്ക് അനുഭവിക്കേണ്ടിവന്നിട്ടുള്ള ഏറ്റവും ദുഷ്കരമായ സംഗതി പരിക്കിന്റെ ഫലമായി ഉണ്ടായ ഈ ആരോഗ്യപ്രശ്നവുമായി പൊരുത്തപ്പെടുക എന്നതായിരുന്നു. ഈ പോരാട്ടം ഇപ്പോഴും തുടരുകയാണ്. മറ്റൊന്നും എന്റെ ജീവിതത്തിനും വിശ്വാസത്തിനും ഇത്രത്തോളം വെല്ലുവിളി ഉയർത്തിയിട്ടില്ല. താഴ്മ, ന്യായയുക്തത, സമാനുഭാവം എന്നിവയെ കുറിച്ചെല്ലാം ഞാൻ അനേകം കാര്യങ്ങൾ പഠിച്ചു. എന്റെ പ്രശ്നത്തെ വിജയകരമായി നേരിടാൻ യഹോവയിലുള്ള പൂർണ ആശ്രയവും വിശ്വാസവും എന്നെ സഹായിച്ചു.
അപ്പൊസ്തലനായ പൗലൊസിന്റെ വാക്കുകളുടെ സത്യത ഞാൻ അനുഭവിച്ചറിഞ്ഞിരിക്കുന്നു: “എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമത്രേ എന്നു വരേണ്ടതിന്നു ഈ നിക്ഷേപം ഞങ്ങൾക്കു മൺപാത്രങ്ങളിൽ ആകുന്നു ഉള്ളതു.” (2 കൊരിന്ത്യർ 4:7) വരാനിരിക്കുന്ന ‘പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും’ കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനത്തിൽ ഞാൻ അളവറ്റ ആശ്വാസം കണ്ടെത്തുന്നു. (2 പത്രൊസ് 3:13) ഞാൻ ഇപ്പോഴും ബലഹീനനാണ്, സ്വന്തമായി എനിക്ക് ഒന്നുംതന്നെ ചെയ്യാനാകില്ല. അതുകൊണ്ട് പുതിയ ലോകത്തിനായി കാത്തിരിക്കവേ എന്നെ തുടർന്നും പരിപാലിക്കേണമേ എന്ന് ഞാൻ യഹോവയോടു പ്രാർഥിക്കുന്നു. (g03 4/22)
[20-ാം പേജിലെ ചിത്രങ്ങൾ]
കുടുംബം ഒത്തൊരുമിച്ചുള്ള ക്രിസ്തീയ പ്രവർത്തനങ്ങൾ, സഹിച്ചുനിൽക്കുന്നതിന് എന്നെ പ്രാപ്തനാക്കിയിരിക്കുന്നു