-
വേർപാടിന്റെ വേദനയുമായിഉണരുക!—2018 | നമ്പർ 3
-
-
ദുഃഖിതർക്ക് ആശ്വാസവും സഹായവും
വേർപാടിന്റെ വേദനയുമായി
“മുപ്പത്തിയൊമ്പതു വർഷത്തിലധികം നീണ്ടുനിന്ന ദാമ്പത്യത്തിനൊടുവിൽ സോഫിയയെa എനിക്കു നഷ്ടമായി. അവൾ കുറെ കാലം ഒരു രോഗവുമായി മല്ലിട്ടു, അവസാനം മരണത്തിനു കീഴടങ്ങി. കൂട്ടുകാർ എന്നെ ഒരുപാടു സഹായിച്ചു. ഞാൻ പല കാര്യങ്ങളിൽ മുഴുകി. എങ്കിലും ആദ്യത്തെ വർഷം ദുഃഖം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എനിക്ക് എന്റെ വികാരങ്ങൾ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ മൂന്നു വർഷം കഴിഞ്ഞിട്ടും ചിലപ്പോഴൊക്കെ വല്ലാത്ത ദുഃഖം തോന്നാറുണ്ട്, മിക്കപ്പോഴും ഒട്ടും പ്രതീക്ഷിക്കാത്ത സമയങ്ങളിൽ.”—കോസ്റ്റസ്.
പ്രിയപ്പെട്ട ആരെയെങ്കിലും നിങ്ങൾക്കു മരണത്തിൽ നഷ്ടമായിട്ടുണ്ടോ? എങ്കിൽ കോസ്റ്റസിനെപ്പോലെ നിങ്ങൾക്കും തോന്നിയിട്ടുണ്ടാകും. ഇണയുടെയോ ഒരു കുടുംബാംഗത്തിന്റെയോ അടുത്ത ഒരു സുഹൃത്തിന്റെയോ മരണത്തെക്കാൾ വേദനിപ്പിക്കുന്ന കാര്യങ്ങൾ ചുരുക്കമാണ്. കടുത്ത ദുഃഖംകൊണ്ടുണ്ടാകുന്ന മാനസികവും ശാരീരികവും ആയ വിഷമങ്ങളെക്കുറിച്ച് പഠിക്കുന്ന വിദഗ്ധരും ഇതിനോടു യോജിക്കുന്നു. “നികത്താനാകാത്ത ഏറ്റവും വലിയ നഷ്ടംതന്നെയാണു മരണം” എന്നു മനഃശാസ്ത്രത്തെക്കുറിച്ചുള്ള ഒരു മാസിക പറയുന്നു. സഹിക്കാനാകാത്ത ഇത്തരം വേദന അനുഭവിക്കുന്നവർ ഇങ്ങനെ ചിന്തിച്ചേക്കാം: “ഇത് എത്ര കാലം നീണ്ടുനിൽക്കും? എനിക്ക് ഇനി എന്നെങ്കിലും സന്തോഷിക്കാൻ കഴിയുമോ? എനിക്ക് എങ്ങനെ ആശ്വാസം കിട്ടും?”
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ ഈ ലക്കം ഉണരുക! സഹായിക്കും. നിങ്ങളുടെ പ്രിയപ്പെട്ട ആരെങ്കിലും ഈ അടുത്ത് മരിച്ചുപോയിട്ടുണ്ടോ? എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ പല മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. അവയെക്കുറിച്ച് അടുത്ത ലേഖനത്തിൽനിന്ന് മനസ്സിലാക്കാം. തുടർന്നുവരുന്ന ലേഖനങ്ങൾ ദുഃഖത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കുന്ന ചില വഴികൾ കാണിച്ചുതരും.
ഈ മാസികയിലെ വിവരങ്ങൾ ദുഃഖത്താൽ വിഷമിക്കുന്നവർക്ക് ഒരു ആശ്വാസവും സഹായവും ആകുമെന്നു ഞങ്ങൾ വിശ്വസിക്കുന്നു.
a ഈ ലേഖനപരമ്പരയിലെ ചില പേരുകൾ യഥാർഥമല്ല.
-
-
എന്തു പ്രതീക്ഷിക്കണം?ഉണരുക!—2018 | നമ്പർ 3
-
-
ദുഃഖിതർക്ക് ആശ്വാസവും സഹായവും
എന്തു പ്രതീക്ഷിക്കണം?
ദുഃഖത്തിനു പല ഘട്ടങ്ങളുണ്ടെന്നാണു ചില വിദഗ്ധർ പറയുന്നത്. പക്ഷേ, ഓരോരുത്തരും ദുഃഖം പ്രകടിപ്പിക്കുന്ന വിധം വ്യത്യസ്തമായിരിക്കാം. എന്നു കരുതി ചിലർക്കു പ്രിയപ്പെട്ടവരെ നഷ്ടമായതിലുള്ള ദുഃഖം കുറവാണെന്നോ അതു കടിച്ചമർത്തുകയാണെന്നോ ആണോ അതിന് അർഥം? അങ്ങനെയായിരിക്കണമെന്നില്ല. ദുഃഖം തോന്നുന്നതു സ്വാഭാവികമാണെന്നു മനസ്സിലാക്കുന്നതും അതുപോലെ അതു പ്രകടിപ്പിക്കുന്നതും ആശ്വാസം നൽകിയേക്കാമെങ്കിലും, ദുഃഖം “ഇന്ന വിധത്തിൽ” പ്രകടിപ്പിക്കുന്നതാണു ശരി എന്നു പറയാനാകില്ല. അത് ഒരു വലിയ അളവുവരെ ഓരോരുത്തരുടെയും സംസ്കാരത്തെയും വ്യക്തിത്വത്തെയും ജീവിതാനുഭവങ്ങളെയും പ്രിയപ്പെട്ടവരെ എങ്ങനെ നഷ്ടമായി എന്നതിനെയും ഒക്കെ ആശ്രയിച്ചിരിക്കും.
അവസ്ഥ എത്രത്തോളം മോശമായേക്കാം?
പ്രിയപ്പെട്ട ഒരാൾ മരിച്ചുപോകുമ്പോൾ എന്തൊക്കെ പ്രതീക്ഷിക്കണമെന്നു പലർക്കും അറിയില്ല. വൈകാരികമായും ശാരീരികമായും ചില പ്രശ്നങ്ങൾ പൊതുവേ ഉണ്ടാകാറുണ്ട്. മിക്കവാറും അവ മുൻകൂട്ടിക്കാണാവുന്നതുമാണ്. ചില പ്രശ്നങ്ങൾ നോക്കാം:
വൈകാരികമായ തളർച്ച. മരിച്ചയാളെ കാണണമെന്ന അതിയായ ആഗ്രഹം തോന്നിയേക്കാം, പെട്ടെന്നു ദേഷ്യവും നിരാശയും ഒക്കെ വന്നേക്കാം, പലപ്പോഴും പൊട്ടിക്കരഞ്ഞെന്നും വരാം. മരിച്ചയാളെക്കുറിച്ചുള്ള ഓർമകളും സ്വപ്നങ്ങളും ദുഃഖത്തിന്റെ തീവ്രത കൂട്ടാനും സാധ്യതയുണ്ട്. എങ്കിലും, ആദ്യം ഞെട്ടലും അങ്ങനെ സംഭവിച്ചെന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടും ആയിരിക്കാം തോന്നുന്നത്. ഭർത്താവായ ടിമോ അപ്രതീക്ഷിതമായി മരിച്ചപ്പോഴുള്ള തന്റെ അവസ്ഥയെക്കുറിച്ച് ടീന ഇങ്ങനെ പറയുന്നു: “ആദ്യം ഒരു മരവിച്ച അവസ്ഥയിലായിരുന്നു ഞാൻ. കരയാൻപോലും കഴിഞ്ഞില്ല. ചിലപ്പോൾ ശ്വാസം നിന്നുപോകുന്നതുപോലെ തോന്നി. സംഭവിച്ചത് എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല.”
പെട്ടെന്നുണ്ടാകുന്ന ഉത്കണ്ഠയും ദേഷ്യവും കുറ്റബോധവും സാധാരണമാണ്. ഐവാൻ ഇങ്ങനെ പറയുന്നു: “24-ാം വയസ്സിൽ ഞങ്ങളുടെ മകൻ എറിക്ക് മരിച്ചപ്പോൾ, കുറച്ച് കാലത്തേക്ക് എനിക്കും എന്റെ ഭാര്യ യൊലാൻഡയ്ക്കും ഭയങ്കര ദേഷ്യമായിരുന്നു. ഞങ്ങൾ ഇത്രയും ദേഷ്യമുള്ളവരാണെന്നു ഞങ്ങൾക്ക് ഇതിനു മുമ്പു തോന്നിയിട്ടേ ഇല്ല! മോനുവേണ്ടി എന്തെങ്കിലും കുറച്ചുകൂടി ചെയ്യാൻ പറ്റുമായിരുന്നു എന്ന് ഓർത്ത് ഞങ്ങൾക്കു കുറ്റബോധവും തോന്നി.” കുറെ കാലം രോഗവുമായി മല്ലിട്ടശേഷം തന്റെ ഭാര്യ മരിച്ചപ്പോൾ അലാൻഡ്രോയ്ക്കും കുറ്റബോധം തോന്നി. അദ്ദേഹം പറയുന്നു: “ഞാനൊരു ചീത്ത ആളായതുകൊണ്ടായിരിക്കും ദൈവം എന്നെ ഇത്രയധികം കഷ്ടപ്പെടാൻ അനുവദിക്കുന്നതെന്ന് ആദ്യം ഓർത്തു. പക്ഷേ ദൈവത്തെ കുറ്റപ്പെടുത്തിയല്ലോ എന്ന് ഓർത്ത് പിന്നെ എനിക്കു വിഷമം തോന്നി.” കഴിഞ്ഞ ലേഖനത്തിൽ പറഞ്ഞ കോസ്റ്റസ് ഇങ്ങനെ പറയുന്നു: “മരിച്ചുപോയതിന്, ചില സമയത്ത് സോഫിയയോടുപോലും എനിക്കു ദേഷ്യം തോന്നി. പക്ഷേ പിന്നെ എനിക്ക് അങ്ങനെ തോന്നിയല്ലോ എന്ന് ഓർത്ത് വിഷമമായി. എന്തായാലും മരിച്ചത് അവളുടെ കുഴപ്പമല്ലല്ലോ.”
നേരെചൊവ്വേ ചിന്തിക്കാനുള്ള ബുദ്ധിമുട്ട്. ചിലപ്പോഴൊക്കെ മനസ്സ് അലഞ്ഞുതിരിയുകയും ശരിയായി ചിന്തിക്കാൻ പറ്റാതെ വരുകയും ചെയ്തേക്കാം. ഉദാഹരണത്തിന് പ്രിയപ്പെട്ട ഒരാളെ നഷ്ടമായ ആൾക്ക്, ആ വ്യക്തിയെ കാണുന്നതായും അയാൾ പറയുന്നതു കേൾക്കുന്നതായും തന്നോടൊപ്പമായിരിക്കുന്നതായും തോന്നിയേക്കാം. അതുപോലെ ദുഃഖിച്ചിരിക്കുന്നവർക്കു ശ്രദ്ധ കേന്ദ്രീകരിക്കാനോ കാര്യങ്ങൾ ഓർക്കാനോ ബുദ്ധിമുട്ടു തോന്നിയേക്കാം. ടീന പറയുന്നു: “ചിലപ്പോൾ ഞാൻ ആരോടെങ്കിലും സംസാരിക്കുകയായിരിക്കും, പക്ഷേ എന്റെ മനസ്സ് അവിടെയായിരിക്കില്ല! അത് ടിമോയുടെ മരണത്തിലും അതെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളിലും ആയിരിക്കും. ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാത്തതുതന്നെ കഷ്ടമായിരുന്നു.”
ഉൾവലിയാനുള്ള തോന്നൽ. ദുഃഖിച്ചിരിക്കുന്ന ഒരാൾക്കു മറ്റുള്ളവരോടൊപ്പമായിരിക്കുമ്പോൾ അസ്വസ്ഥത തോന്നിയേക്കാം. കോസ്റ്റസ് ഇങ്ങനെ പറയുന്നു: “കല്യാണം കഴിച്ചവരോടൊപ്പമായിരുന്നപ്പോൾ, ഞാൻ അധികപ്പറ്റാണെന്നു തോന്നി. ഏകാകികളോടൊപ്പമായിരുന്നപ്പോഴും എനിക്ക് ഇതുതന്നെയാണു തോന്നിയത്.” ഐവാന്റെ ഭാര്യ യൊലാൻഡ പറയുന്നു: “ചിലർ ചില പ്രശ്നങ്ങളെക്കുറിച്ച് പറയാറുണ്ട്. ഞങ്ങളുടേതുവെച്ച് നോക്കുമ്പോൾ അതൊന്നും ഒന്നുമല്ല. അവർ പറയുന്നത് കേട്ടിരിക്കാൻ വലിയ പ്രയാസം തോന്നി. മക്കളുടെ നേട്ടങ്ങളെക്കുറിച്ച് ഞങ്ങളോടു പറയുന്നവരുമുണ്ടായിരുന്നു. എനിക്ക് അതിൽ സന്തോഷമുണ്ടായിരുന്നെങ്കിലും അതു കേട്ടിരിക്കാൻ ബുദ്ധിമുട്ടായിരുന്നു. ജീവിതം ഇനി ഇങ്ങനെയൊക്കെയാണെന്നു ഞങ്ങൾക്ക് അറിയാമായിരുന്നു. പക്ഷേ, ഇതിനെയൊക്കെ നേരിടാനുള്ള ആഗ്രഹവും ക്ഷമയും ഞങ്ങൾക്ക് ഇല്ലായിരുന്നു.”
ആരോഗ്യപ്രശ്നങ്ങൾ. വിശപ്പിലും തൂക്കത്തിലും ഉറക്കത്തിലും ഉണ്ടാകുന്ന വ്യതിയാനങ്ങൾ സാധാരണമാണ്. അച്ഛൻ മരിച്ചശേഷം ഒരു വർഷത്തേക്കു വലിയ ബുദ്ധിമുട്ടായിരുന്നെന്ന് ആരോൺ പറയുന്നു. “എനിക്ക് ഉറക്കപ്രശ്നങ്ങളുണ്ടായിരുന്നു. അച്ഛനെക്കുറിച്ച് ഓർത്ത് ഞാൻ എല്ലാ രാത്രിയും ഒരേ സമയം ഉണരുമായിരുന്നു.”
അലാൻഡ്രോയ്ക്ക് എന്തൊക്കെയോ ആരോഗ്യപ്രശ്നങ്ങളുള്ളതുപോലെ തോന്നി. അദ്ദേഹം പറയുന്നു: “പല തവണ ഡോക്ടറെ കണ്ടപ്പോഴും എനിക്കു കുഴപ്പമൊന്നുമില്ലെന്നാണു ഡോക്ടർ പറഞ്ഞത്. വിഷമം ഉള്ളതുകൊണ്ടായിരിക്കും ഇങ്ങനെ ഓരോന്നു തോന്നുന്നതെന്ന് എനിക്കു മനസ്സിലായി.” ആ ആരോഗ്യപ്രശ്നങ്ങൾ പതിയെപ്പതിയെ ഇല്ലാതായി. എങ്കിലും അലാൻഡ്രോ ഡോക്ടറെ കണ്ടതു നന്നായി. കാരണം സാധാരണഗതിയിൽ ദുഃഖിച്ചിരുന്നാൽ പ്രതിരോധശേഷി കുറയും. അങ്ങനെ, ആരോഗ്യപ്രശ്നങ്ങളുണ്ടാകുകയോ ഉള്ള പ്രശ്നങ്ങൾ വഷളാകുകയോ ചെയ്തേക്കാം.
അത്യാവശ്യകാര്യങ്ങൾപോലും ചെയ്യാനുള്ള ബുദ്ധിമുട്ട്. ഐവാൻ പറയുന്നു: “എറിക്കിന്റെ മരണം ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം അറിയിച്ചാൽ പോരായിരുന്നു. അവന്റെ തൊഴിലുടമയെയും വാടകവീടിന്റെ ഉടമസ്ഥനെയും അങ്ങനെ പലരെയും അറിയിക്കണമായിരുന്നു. നിയമപരമായ പല രേഖകളും പൂരിപ്പിക്കാനുമുണ്ടായിരുന്നു. എറിക്കിന്റെ സാധനങ്ങളൊക്കെ എടുത്ത് എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്നു നോക്കണമായിരുന്നു. ഞങ്ങൾ മാനസികവും ശാരീരികവും വൈകാരികവും ആയി തളർന്നിരുന്ന അവസ്ഥയിലാണ് ഇതെല്ലാം ചെയ്യേണ്ടിയിരുന്നത്.”
എന്നാൽ ചിലർക്കു ശരിക്കും ബുദ്ധിമുട്ടു തോന്നുന്നതു പിന്നീടാണ്. പ്രിയപ്പെട്ട ആൾ മുമ്പു ചെയ്തിരുന്ന കാര്യങ്ങൾ ചെയ്യേണ്ടിവരുമ്പോഴായിരിക്കും ഇതു സംഭവിക്കുന്നത്. ഇതുപോലൊരു അവസ്ഥയിലായിത്തീർന്ന ടീന പറയുന്നു: “ബാങ്കുകാര്യങ്ങളും ബിസിനെസ്സുകാര്യങ്ങളും നോക്കിയിരുന്നത് ടിമോയായിരുന്നു. ടിമോ ഇല്ലാതായപ്പോൾ അതെല്ലാം ഞാൻ ചെയ്യേണ്ടിവന്നു. അതെന്റെ പിരിമുറുക്കം ഒന്നുകൂടി കൂട്ടി. എനിക്ക് അതെല്ലാം കൈകാര്യം ചെയ്യാൻ പറ്റുമോ എന്നു ഞാൻ ഓർത്തു.”
മുകളിൽ പറഞ്ഞ വൈകാരികവും മാനസികവും ശാരീരികവും ആയ പ്രശ്നങ്ങൾ കേൾക്കുമ്പോൾ ഈ ദുഃഖം മറികടക്കാൻ എളുപ്പമല്ലെന്നു തോന്നിയേക്കാം. ശരിയാണ്, പ്രിയപ്പെട്ട ഒരാളെ മരണത്തിൽ നഷ്ടമാകുമ്പോഴുള്ള വേദന തീവ്രമായിരിക്കാം. പക്ഷേ ഇതു നേരത്തെ മനസ്സിലാക്കുന്നെങ്കിൽ ആ വേദനയിൽനിന്ന് കരകയറാൻ കഴിഞ്ഞേക്കും. എന്നാൽ എല്ലാവർക്കും ഈ പറഞ്ഞ എല്ലാ പ്രശ്നങ്ങളും ഉണ്ടാകണമെന്നുമില്ല. ദുഃഖിതർക്കു തീവ്രവികാരങ്ങളുണ്ടാകുന്നതു സ്വാഭാവികമാണ് എന്ന് അറിയുന്നത് അൽപ്പം ആശ്വാസം നൽകിയേക്കാം.
എനിക്ക് ഇനി എന്നെങ്കിലും സന്തോഷിക്കാൻ കഴിയുമോ?
എന്തു പ്രതീക്ഷിക്കണം? ദുഃഖത്തിന്റെ തീവ്രത എല്ലാ കാലത്തും ഒരുപോലെ തുടരില്ല. അതു പതിയെപ്പതിയെ കുറഞ്ഞുവരും. ഒരാളുടെ ദുഃഖം പൂർണമായി മാറുമെന്നോ പ്രിയപ്പെട്ട ആളെ മറക്കുമെന്നോ ഇതിന് അർഥമില്ല. എങ്കിലും പതുക്കെ ദുഃഖത്തിന്റെ കാഠിന്യം കുറയും. പെട്ടെന്നു ചില ഓർമകൾ വരുമ്പോഴോ ചില പ്രത്യേകദിവസങ്ങളിലോ വീണ്ടും വിഷമം തോന്നിയേക്കാം. മിക്കവരും ക്രമേണ വൈകാരികസമനില വീണ്ടെടുക്കും, സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരുകയും ചെയ്യും. ദുഃഖത്തെ മറികടക്കാൻ ന്യായമായ കാര്യങ്ങൾ ഒരാൾ ചെയ്യുകയും, സുഹൃത്തുക്കളും വീട്ടുകാരും അയാളെ പിന്തുണയ്ക്കുകയും ചെയ്യുമ്പോൾ ഇത് എളുപ്പമായിരിക്കും.
എത്ര കാലമെടുക്കും? ചിലരുടെ കാര്യത്തിൽ ഏതാനും മാസങ്ങൾ മതിയാകും. എന്നാൽ പലർക്കും ഒന്നോ രണ്ടോ വർഷങ്ങൾ കഴിയുമ്പോഴായിരിക്കാം തങ്ങളുടെ അവസ്ഥ മെച്ചപ്പെട്ടതായി തോന്നുന്നത്. മറ്റു ചിലർക്ക് അതിലും കൂടുതൽ സമയം വേണ്ടിവരും.a അലാൻഡ്രോ പറയുന്നു: “മൂന്നു വർഷത്തോളം എന്റെ അവസ്ഥയ്ക്കു മാറ്റമൊന്നും വന്നില്ല.”
കാര്യങ്ങൾ നേരെയാകുന്നതിനു സമയം അനുവദിക്കുക. അന്നന്നത്തെ കാര്യത്തെക്കുറിച്ച് മാത്രം ചിന്തിക്കുക. നിങ്ങൾക്കു കഴിയുന്നതുപോലെ മാത്രം കാര്യങ്ങൾ ചെയ്യുക. ദുഃഖത്തിന്റെ കാഠിന്യം കാലക്രമേണ കുറയുകതന്നെ ചെയ്യും. എന്നാൽ ഇപ്പോഴത്തെ ദുഃഖം കുറയ്ക്കാനും അതു നീണ്ടുനിൽക്കാതിരിക്കാനും എന്തെങ്കിലും ചെയ്യാൻ കഴിയുമോ?
ദുഃഖിതർക്കു തീവ്രവികാരങ്ങളുണ്ടാകുന്നതു സ്വാഭാവികമാണ്
a ചിലരുടെ കാര്യത്തിൽ “സങ്കീർണം” എന്നോ “വിട്ടുമാറാത്തത്” എന്നോ വിശേഷിപ്പിക്കാവുന്ന വിധത്തിൽ ദുഃഖം അതികഠിനവും നീണ്ടുനിൽക്കുന്നതും ആയിരിക്കും. അങ്ങനെയുള്ളവർക്കു മാനസികാരോഗ്യ വിദഗ്ധരുടെ സഹായം പ്രയോജനം ചെയ്തേക്കും.
-
-
തളരാതെ മുന്നോട്ട്—നിങ്ങൾക്ക് ഇപ്പോൾ ചെയ്യാനാകുന്നത്ഉണരുക!—2018 | നമ്പർ 3
-
-
ദുഃഖിതർക്ക് ആശ്വാസവും സഹായവും
തളരാതെ മുന്നോട്ട്—നിങ്ങൾക്ക് ഇപ്പോൾ ചെയ്യാൻ ആകുന്നത്
ദുഃഖഭാരം കുറയ്ക്കാൻ എന്തു ചെയ്യാനാകും? ധാരാളം നിർദേശങ്ങൾ നിങ്ങൾക്കു കണ്ടെത്താനാകും. ചിലതു ശരിക്കും പ്രയോജനം ചെയ്യും. എന്നാൽ മറ്റു ചിലത് അത്ര പ്രയോജനം ചെയ്തെന്നു വരില്ല. കാരണം എല്ലാവരുടെയും ദുഃഖം ഒരുപോലെയല്ല. അതുകൊണ്ട് ഒരാൾക്കു ഗുണം ചെയ്യുന്നതു മറ്റൊരാൾക്കു ഗുണം ചെയ്യണമെന്നില്ല.
എങ്കിലും പലർക്കും ഗുണം ചെയ്ത ചില നിർദേശങ്ങളുണ്ട്. ദുഃഖിതർക്കു സഹായകമായ ഉപദേശങ്ങൾ നൽകുന്നവർ കൂടെക്കൂടെ അവ പറയാറുണ്ട്. അവ ജ്ഞാനമൊഴികൾ അടങ്ങിയ പുരാതനഗ്രന്ഥമായ ബൈബിളിലെ ആശ്രയയോഗ്യമെന്നു തെളിഞ്ഞ തത്ത്വങ്ങളിൽ അധിഷ്ഠിതമാണ്.
1: വീട്ടുകാരുടെയും കൂട്ടുകാരുടെയും സഹായം സ്വീകരിക്കുക
ദുഃഖിതർക്ക് ഏറ്റവും ആശ്വാസം നൽകുന്ന ഒന്നാണ് ഇതെന്നു ചില വിദഗ്ധർ കരുതുന്നു. എങ്കിലും ചിലപ്പോൾ നിങ്ങൾക്ക് ഒറ്റയ്ക്ക് ഇരിക്കാൻ തോന്നും. സഹായിക്കാൻ ശ്രമിക്കുന്നവരോടു ദേഷ്യംപോലും തോന്നിയേക്കാം. അതു സ്വാഭാവികമാണ്.
എപ്പോഴും ആളുകൾ ചുറ്റുമുണ്ടായിരിക്കണം എന്നു ചിന്തിക്കരുത്, എന്നാൽ മറ്റുള്ളവരെ പൂർണമായി ഒഴിവാക്കാനും ശ്രമിക്കരുത്. കാരണം ഭാവിയിൽ നിങ്ങൾക്ക് അവരുടെ സഹായം വേണ്ടിവന്നേക്കാം. ഓരോ സമയത്തും നിങ്ങൾക്ക് എന്താണു വേണ്ടതെന്നും വേണ്ടാത്തതെന്നും അവരെ ദയയോടെ അറിയിക്കുക.
നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഒറ്റയ്ക്കായിരിക്കാനും മറ്റുള്ളവരോടൊപ്പമായിരിക്കാനും സമയം കണ്ടെത്തുക.
തത്ത്വം:“ഒരാളെക്കാൾ രണ്ടു പേർ ഏറെ നല്ലത്. . . . ഒരാൾ വീണാൽ മറ്റേയാൾക്ക് എഴുന്നേൽപ്പിക്കാനാകുമല്ലോ.”—സഭാപ്രസംഗകൻ 4:9, 10.
2: ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കുക, വ്യായാമത്തിനു സമയം കണ്ടെത്തുക
ദുഃഖംകൊണ്ടുണ്ടാകുന്ന പിരിമുറുക്കം കുറയ്ക്കാൻ സമീകൃതാഹാരം സഹായിക്കും. പല തരം പഴങ്ങളും പച്ചക്കറികളും കൊഴുപ്പു കുറഞ്ഞ, പ്രോട്ടീൻ അടങ്ങിയ ആഹാരങ്ങളും കഴിക്കുക.
ധാരാളം വെള്ളവും ആരോഗ്യത്തിനു ഗുണം ചെയ്യുന്ന മറ്റു പാനീയങ്ങളും കുടിക്കുക.
വിശപ്പു കുറവാണെങ്കിൽ പല തവണയായി അൽപ്പാൽപ്പം കഴിക്കുക. പോഷകക്കുറവു നികത്തുന്നതിനുള്ള വിറ്റാമിനുകളെക്കുറിച്ച് ഡോക്ടറോടു ചോദിക്കാനും കഴിയും.a
വ്യായാമം ചെയ്യുന്നതും വേഗത്തിൽ നടക്കുന്നതും നിഷേധചിന്തകൾ കുറയ്ക്കാൻ സഹായിക്കും. നഷ്ടമായ പ്രിയപ്പെട്ടവരെക്കുറിച്ച് ചിന്തിക്കാൻ ചിലർ ഈ സമയം ഉപയോഗിക്കുന്നു. മറ്റു ചിലരാകട്ടെ തങ്ങളുടെ നഷ്ടങ്ങൾ മറക്കുന്നതിനായി ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നു.
തത്ത്വം: “ആരും ഒരിക്കലും സ്വന്തം ശരീരത്തെ വെറുക്കുന്നില്ലല്ലോ. . . . അവൻ അതിനെ പരിപോഷിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.”—എഫെസ്യർ 5:29, പി.ഒ.സി.
3: നന്നായി ഉറങ്ങുക
ഉറക്കം എല്ലാവർക്കും പ്രധാനമാണ്, പ്രത്യേകിച്ച് ദുഃഖിച്ചിരിക്കുന്നവർക്ക്. കാരണം അവർക്കു കൂടുതൽ ക്ഷീണം കാണും.
കഫീനും മദ്യവും അധികമായാൽ ഉറക്കത്തെ ബാധിക്കും.
തത്ത്വം: “ഇരുകൈ നിറയെ അധ്വാനത്തെക്കാളും കാറ്റിനെ പിടിക്കാനുള്ള ഓട്ടത്തെക്കാളും ഏറെ നല്ലത് ഒരുപിടി വിശ്രമമാണ്.”—സഭാപ്രസംഗകൻ 4:6.
4: വഴക്കം കാണിക്കുക
പലരും പല വിധത്തിലാണു ദുഃഖം പ്രകടിപ്പിക്കുന്നത് എന്ന കാര്യം ഓർക്കുക. അതുകൊണ്ട് ഏതാണു നിങ്ങൾക്ക് ആശ്വാസം തരുന്നതെന്നു മനസ്സിലാക്കാൻ നോക്കുക.
മറ്റുള്ളവരോടു തങ്ങളുടെ ദുഃഖത്തെക്കുറിച്ച് പറയുന്നതു ഗുണം ചെയ്യുന്നതായി പലരും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ചിലർ അങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്നില്ല. ദുഃഖം തുറന്നുപറയുന്നത് അതു കുറയ്ക്കാൻ സഹായിക്കുമോ എന്ന കാര്യത്തിൽ വിദഗ്ധർക്കിടയിൽ പല അഭിപ്രായങ്ങളുണ്ട്. കാര്യങ്ങളെല്ലാം തുറന്നുപറയാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിലും മടി തോന്നുന്നെങ്കിൽ, പറയാൻ പറ്റുന്ന ചില കാര്യങ്ങൾ ഒരു അടുത്ത സുഹൃത്തിനോടു പറഞ്ഞുകൊണ്ട് തുടങ്ങാം.
കരയുമ്പോൾ ആശ്വാസം തോന്നുന്നതായി ചിലർക്കു തോന്നിയിട്ടുണ്ട്. എന്നാൽ മറ്റു ചിലർക്ക് അധികം കരയാതെതന്നെ ആശ്വാസം തോന്നാറുണ്ട്.
തത്ത്വം: “നിന്റെ ദുഃഖം നീ മാത്രം അറിയുന്നു.”—സുഭാഷിതങ്ങൾ 14:10, സത്യവേദപുസ്തകം (ആധുനിക വിവർത്തനം)
5: ഹാനികരമായ ശീലങ്ങൾ ഒഴിവാക്കുക
ചിലർ ദുഃഖം മറക്കാൻ മദ്യത്തെയും മയക്കുമരുന്നിനെയും ആശ്രയിക്കുന്നു. അത്തരം “രക്ഷപ്പെടൽ” നമ്മളെത്തന്നെ നശിപ്പിക്കും. കൂടാതെ മറ്റു വലിയ പ്രശ്നങ്ങളിലേക്കും നയിക്കും. മാത്രമല്ല അപ്പോൾ തോന്നിയേക്കാവുന്ന ആശ്വാസത്തിന് അൽപ്പായുസ്സേ ഉള്ളൂ. ഉത്കണ്ഠ കുറയ്ക്കാൻ ഹാനികരമല്ലാത്ത വഴികൾ നോക്കുക.
തത്ത്വം: ‘മലിനമാക്കുന്ന എല്ലാത്തിൽനിന്നും നമ്മളെത്തന്നെ ശുദ്ധീകരിക്കാം.’—2 കൊരിന്ത്യർ 7:1.
6: സമയം നല്ല രീതിയിൽ ഉപയോഗിക്കുക
എപ്പോഴും ദുഃഖിച്ചിരിക്കാതെ ഇടയ്ക്കിടക്ക് മറ്റു കാര്യങ്ങളിൽ മുഴുകുന്നതു നല്ലതാണെന്നു ചിലർ കണ്ടെത്തിയിട്ടുണ്ട്.
സുഹൃദ്ബന്ധങ്ങൾ സ്ഥാപിക്കാം, ശക്തമാക്കാം, പുതിയ വൈദഗ്ധ്യങ്ങൾ നേടിയെടുക്കാം, വിനോദങ്ങൾ ആസ്വദിക്കാം. ഇത് കുറച്ചൊക്കെ ആശ്വാസം നൽകിയേക്കാം.
ദിവസങ്ങൾ കഴിയുന്തോറും, ദുഃഖിച്ചിരിക്കുന്ന സമയം കുറയുന്നതായി നിങ്ങൾ കണ്ടേക്കാം. ദുഃഖത്തിൽനിന്ന് കരകയറുന്നതിന്റെ ഭാഗമാണ് ഇത്.
തത്ത്വം: “എല്ലാത്തിനും ഒരു നിയമിതസമയമുണ്ട്. . . . കരയാൻ ഒരു സമയം, ചിരിക്കാൻ ഒരു സമയം. വിലപിക്കാൻ ഒരു സമയം, തുള്ളിച്ചാടാൻ ഒരു സമയം.”—സഭാപ്രസംഗകൻ 3:1, 4.
7: ഒരു ദിനചര്യ നിലനിറുത്തുക
കഴിയുന്നത്ര വേഗത്തിൽ പഴയ ദിനചര്യയിലേക്കു വരുക.
ഉറക്കത്തിനും ജോലിക്കും മറ്റു പ്രവർത്തനങ്ങൾക്കും ഉള്ള ദിനചര്യ പിൻപറ്റുന്നെങ്കിൽ നിങ്ങൾക്കു സാധാരണജീവിതത്തിലേക്കു മടങ്ങിവരാനായേക്കും.
നല്ല കാര്യങ്ങളിൽ മുഴുകുന്നതു ദുഃഖം കുറയ്ക്കാൻ സഹായിച്ചേക്കും.
തത്ത്വം: “സത്യദൈവം അയാളുടെ ഹൃദയം ആനന്ദഭരിതമാക്കുന്നതുകൊണ്ട് ജീവിതത്തിൽ ദിവസങ്ങൾ കടന്നുപോകുന്നത് അയാൾ അത്ര ശ്രദ്ധിക്കില്ല.”—സഭാപ്രസംഗകൻ 5:20.
8: എടുത്തുചാടി വലിയ തീരുമാനങ്ങളെടുക്കരുത്
പ്രിയപ്പെട്ട ഒരാളെ നഷ്ടമായ ഉടനെ വലിയ തീരുമാനങ്ങളെടുത്ത പലരും പിന്നീട് അതിൽ ഖേദിച്ചിട്ടുണ്ട്.
കഴിയുമെങ്കിൽ, പെട്ടെന്നു ജോലി മാറുകയോ സ്ഥലം മാറുകയോ മരിച്ചയാളുടെ സാധനങ്ങൾ കളയുകയോ ചെയ്യരുത്.
തത്ത്വം: “പരിശ്രമശാലിയുടെ പദ്ധതികൾ വിജയിക്കും; എന്നാൽ എടുത്തുചാട്ടക്കാരെല്ലാം ദാരിദ്ര്യത്തിലേക്കു നീങ്ങുന്നു.”—സുഭാഷിതങ്ങൾ 21:5.
9: അവരെ ഓർക്കുക
മരിച്ചയാളെക്കുറിച്ചുള്ള ഓർമകൾ നിലനിറുത്താൻ സഹായിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതു നല്ലതാണെന്നു പലർക്കും തോന്നിയിട്ടുണ്ട്.
മരിച്ചയാളുടെ ഫോട്ടോകളും അദ്ദേഹത്തെ ഓർമിക്കാൻ സഹായിക്കുന്ന സാധനങ്ങളും എടുത്തുവെക്കാം. അല്ലെങ്കിൽ അദ്ദേഹത്തെക്കുറിച്ച് നിങ്ങൾ ഓർത്തിരിക്കാൻ ആഗ്രഹിക്കുന്ന സംഭവങ്ങൾ ഒരു ഡയറിയിൽ എഴുതാം. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ നിങ്ങൾക്ക് ആശ്വാസം തോന്നിയേക്കാം.
ആ വ്യക്തിയെക്കുറിച്ച് നല്ല ഓർമകൾ മനസ്സിലേക്കു കൊണ്ടുവരുന്ന സാധനങ്ങൾ സൂക്ഷിച്ചുവെക്കുക. പിന്നീട് അവ നിങ്ങൾക്ക് എടുത്തുനോക്കാനാകും.
തത്ത്വം: “കഴിഞ്ഞുപോയ കാലങ്ങൾ ഓർക്കുക.”—ആവർത്തനം 32:7.
10: വ്യത്യസ്തമായ എന്തെങ്കിലും ചെയ്യുക
ഒരു യാത്ര പോകുന്നതിനെക്കുറിച്ച് ചിന്തിക്കാവുന്നതാണ്.
അങ്ങനെ കുറെ ദിവസത്തേക്കു മാറിനിൽക്കാൻ പറ്റില്ലെങ്കിൽ ഒന്നു രണ്ടു ദിവസത്തേക്കു മറ്റ് എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്നു നോക്കുക. ഏതെങ്കിലും ഒരു സ്ഥലം സന്ദർശിക്കാം, വണ്ടിയിൽ ഒന്നു ചുറ്റിക്കറങ്ങാം, പാർക്കിൽ പോകാം അങ്ങനെ എന്തെങ്കിലും.
സ്ഥിരം ചെയ്യുന്ന കാര്യത്തിൽനിന്ന് വ്യത്യസ്തമായ എന്തെങ്കിലും ചെയ്യുന്നതുപോലും ദുഃഖം കുറയ്ക്കാൻ സഹായിച്ചേക്കും.
തത്ത്വം: “വരൂ, നമുക്കു മാത്രമായി ഒറ്റപ്പെട്ട ഒരു സ്ഥലത്ത് പോയി അൽപ്പം വിശ്രമിക്കാം.”—മർക്കോസ് 6:31.
11: മറ്റുള്ളവരെ സഹായിക്കുക
മറ്റുള്ളവരെ സഹായിക്കുമ്പോൾ അതു നിങ്ങൾക്കും പ്രയോജനം ചെയ്യുമെന്ന് ഓർക്കുക.
ഈ മരണത്തിൽ ദുഃഖിക്കുന്ന ബന്ധുമിത്രാധികളെ സഹായിക്കാൻ ആദ്യം ശ്രമിക്കാം. അങ്ങനെ അവരുടെ ദുഃഖഭാരവും കുറയ്ക്കാം.
മറ്റുള്ളവരെ സഹായിക്കുന്നതും ആശ്വസിപ്പിക്കുന്നതും നിങ്ങൾക്ക് ഒരു പുത്തൻ ഉണർവും ജീവിതത്തിന് ഒരു പ്രതീക്ഷയും നൽകും.
തത്ത്വം: “വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്.”—പ്രവൃത്തികൾ 20:35.
12: മുൻഗണനകൾ വിലയിരുത്തുക
ദുഃഖാവസ്ഥയിലായിരിക്കുമ്പോൾ ശരിക്കും പ്രാധാന്യമുള്ള കാര്യങ്ങൾ എന്താണെന്നു മനസ്സിലാക്കാൻ നമുക്കു കഴിഞ്ഞേക്കും.
നിങ്ങൾ നിങ്ങളുടെ ജീവിതം എങ്ങനെ വിനിയോഗിക്കുന്നെന്നു പരിശോധിക്കാൻ ഈ അവസരം ഉപയോഗിക്കുക.
ആവശ്യമെങ്കിൽ മുൻഗണനകൾക്കു ഭേദഗതി വരുത്തുക.
തത്ത്വം: “വിരുന്നുവീട്ടിൽ പോകുന്നതിനെക്കാൾ വിലാപഭവനത്തിൽ പോകുന്നതു നല്ലത്. അതാണല്ലോ എല്ലാ മനുഷ്യന്റെയും അവസാനം. ജീവിച്ചിരിക്കുന്നവർ ഇതു മനസ്സിൽപ്പിടിക്കണം.”—സഭാപ്രസംഗകൻ 7:2.
നിങ്ങളുടെ വേദന പൂർണമായി ഇല്ലാതാക്കാൻ യാതൊന്നിനും കഴിയില്ല എന്നതാണ് യാഥാർഥ്യം. എങ്കിലും ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്നതുപോലുള്ള ചില കാര്യങ്ങൾ ചെയ്തപ്പോൾ ആശ്വാസം കിട്ടിയതായി പലരും പറയുന്നു. ദുഃഖം കുറയ്ക്കാൻ സഹായിക്കുന്ന എല്ലാ കാര്യങ്ങളും ഈ ലേഖനത്തിൽ വിവരിച്ചിട്ടില്ല. എന്നാൽ ഇവിടെ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങളെങ്കിലും ചെയ്താൽ നിങ്ങൾക്ക് നല്ലൊരളവുവരെ ആശ്വാസം ലഭിക്കും.
a ഉണരുക! ഏതെങ്കിലും ഒരു പ്രത്യേകചികിത്സാരീതി ശുപാർശ ചെയ്യുന്നില്ല.
-
-
ഏറ്റവും വലിയ സഹായംഉണരുക!—2018 | നമ്പർ 3
-
-
ദുഃഖിതർക്ക് ആശ്വാസവും സഹായവും
ഏറ്റവും വലിയ സഹായം
മരണത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോൾ അനുഭവപ്പെടുന്ന വേദനയെക്കുറിച്ച് ഈ അടുത്ത കാലത്ത് അനേകം പഠനങ്ങൾ നടന്നിട്ടുണ്ട്. എങ്കിലും മുമ്പു കണ്ടതുപോലെ, വിദഗ്ധർ നൽകുന്ന ഏറ്റവും മികച്ച മാർഗനിർദേശങ്ങൾ മിക്കപ്പോഴും കാലങ്ങൾക്കു മുമ്പ് എഴുതപ്പെട്ട ബൈബിളിലെ ജ്ഞാനമൊഴികളുമായി യോജിപ്പിലാണ്. ബൈബിളിന്റെ മാർഗനിർദേശങ്ങൾ എല്ലാ കാലത്തും പ്രയോജനം ചെയ്യുന്നതാണെന്ന് ഇതു കാണിക്കുന്നു. എന്നാൽ ബൈബിളിൽ ആശ്രയയോഗ്യമായ ഉപദേശങ്ങൾ മാത്രമല്ല ഉള്ളത്. മറ്റ് എങ്ങും കണ്ടെത്താൻ കഴിയാത്തതും ദുഃഖിതർക്ക് അങ്ങേയറ്റം ആശ്വാസം നൽകുന്നതും ആയ പല വിവരങ്ങളും അതിലുണ്ട്.
നമ്മുടെ മരിച്ചുപോയ പ്രിയപ്പെട്ടവർ കഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പുതരുന്നു
“മരിച്ചവർ ഒന്നും അറിയുന്നില്ല” എന്ന് സഭാപ്രസംഗകൻ 9:5-ൽ ബൈബിൾ പറയുന്നു. “അവരുടെ ചിന്തകൾ നശിക്കുന്നു.” (സങ്കീർത്തനം 146:4) അതുകൊണ്ടുതന്നെ മരണത്തെ ബൈബിൾ ഒരു സുഖനിദ്രയോട് ഉപമിക്കുന്നു.—യോഹന്നാൻ 11:11.
സ്നേഹവാനായ ദൈവത്തിലുള്ള ശക്തമായ വിശ്വാസം ആശ്വാസം നൽകുന്നു
സങ്കീർത്തനം 34:15-ൽ ബൈബിൾ പറയുന്നു: “യഹോവയുടെa കണ്ണു നീതിമാന്മാരുടെ മേലുണ്ട്; ദൈവത്തിന്റെ ചെവി സഹായത്തിനായുള്ള അവരുടെ നിലവിളി ശ്രദ്ധിക്കുന്നു.” അതുകൊണ്ട് നമ്മുടെ വികാരങ്ങൾ പ്രാർഥനയിലൂടെ ദൈവത്തെ അറിയിക്കാനാകും. എന്നാൽ ചിന്താഭാരം ഇറക്കിവെക്കുന്നതിനോ ചിന്തകൾ നിയന്ത്രിക്കുന്നതിനോ ഉള്ള ഒരു ഉപാധി മാത്രമല്ല പ്രാർഥന. വാസ്തവത്തിൽ സ്രഷ്ടാവുമായി വ്യക്തിപരമായ ഒരു ബന്ധം സ്ഥാപിക്കാൻ അതു സഹായിക്കുന്നു. തന്റെ ശക്തി ഉപയോഗിച്ച് നമ്മളെ ആശ്വസിപ്പിക്കാൻ ദൈവത്തിനു കഴിയും.
കാത്തിരിക്കാൻ ഒരു നല്ല ഭാവി
മരിച്ചുപോയവർ വീണ്ടും ഈ ഭൂമിയിൽ ജീവനിലേക്കു വരുന്ന ഒരു കാലത്തെക്കുറിച്ച് ചിന്തിച്ചുനോക്കൂ! അങ്ങനെയൊരു കാലത്തെക്കുറിച്ച് ബൈബിൾ ആവർത്തിച്ച് പറയുന്നു. അന്നത്തെ ഭൂമിയിലെ അവസ്ഥയെ വർണിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു: “ദൈവം (നമ്മുടെ) കണ്ണുകളിൽനിന്ന് കണ്ണീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കില്ല; ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല.”—വെളിപാട് 21:3, 4.
ബൈബിളിന്റെ ഗ്രന്ഥകർത്താവായ യഹോവയിൽ വിശ്വസിക്കുന്ന അനേകർക്കും മരിച്ചുപോയ തങ്ങളുടെ പ്രിയപ്പെട്ടവരെ വീണ്ടും കാണാം എന്ന പ്രത്യാശയിൽനിന്ന് വലിയ ആശ്വാസം ലഭിച്ചിരിക്കുന്നു. ആനിന്റെ അനുഭവംനോക്കാം. ആനിന്റെ ഭർത്താവ് 65-ാം വയസ്സിൽ മരിച്ചു. ആൻ പറയുന്നു: “മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവർ കഷ്ടപ്പെടുന്നില്ലെന്നും ദൈവം തന്റെ ഓർമയിലുള്ളവരെ വീണ്ടും ജീവിപ്പിക്കുമെന്നും ബൈബിളിൽനിന്ന് എനിക്ക് ഉറപ്പു കിട്ടി. എനിക്കുണ്ടായ നഷ്ടത്തെക്കുറിച്ച് ഓർക്കുമ്പോഴൊക്കെ ഇക്കാര്യം എന്റെ മനസ്സിലേക്കു വരും. അങ്ങനെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ നഷ്ടത്തെ നേരിടാൻ എനിക്കു കഴിയുന്നു.”
മുമ്പു പറഞ്ഞ ടീന പറയുന്നു: “ടിമോ മരിച്ച ദിവസംമുതൽ ഇങ്ങോട്ട് ദൈവത്തിന്റെ പിന്തുണ ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. വിഷമകരമായ സാഹചര്യങ്ങളിൽ യഹോവ എന്നെ സഹായിക്കുന്നത് എനിക്കു ശരിക്കും അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. ബൈബിളിൽ പറഞ്ഞിരിക്കുന്ന പുനരുത്ഥാനം, അതു സംഭവിക്കുമെന്ന് എനിക്ക് ഉറപ്പാണ്. ഈ ഉറപ്പ് ടിമോയെ വീണ്ടും കാണുന്ന ദിവസംവരെ കരുത്തോടെ മുന്നേറാനുള്ള ഊർജം തരുന്നു.”
ബൈബിളിന്റെ വിശ്വാസ്യതയിൽ ഉറപ്പുള്ള ലക്ഷക്കണക്കിന് ആളുകളുടെ വികാരമാണ് ഈ വാക്കുകളിലെല്ലാം തെളിഞ്ഞുകാണുന്നത്. സംഭവിക്കുമെന്നു ബൈബിൾ പറയുന്ന കാര്യങ്ങൾ നടക്കില്ലെന്നോ അതു വെറുമൊരു സ്വപ്നമാണെന്നോ നിങ്ങൾക്കു തോന്നുന്നുണ്ടോ? അങ്ങനെയാണെങ്കിൽ ബൈബിൾ നൽകുന്ന ഉപദേശങ്ങളും വാഗ്ദാനങ്ങളും ആശ്രയയോഗ്യമാണെന്നതിനുള്ള തെളിവുകൾ നോക്കുന്നത് എന്തുകൊണ്ടും നന്നായിരിക്കും. അപ്പോൾ ദുഃഖിതർക്കുള്ള ഏറ്റവും വലിയ സഹായം ബൈബിളാണെന്നു നിങ്ങൾ മനസ്സിലാക്കിയേക്കാം.
മരിച്ചവർക്കുള്ള പ്രത്യാശയെക്കുറിച്ച് കൂടുതൽ അറിയാൻ. . .
അതുമായി ബന്ധപ്പെട്ട വീഡിയോകൾ ഞങ്ങളുടെ വെബ്സൈറ്റായ jw.org-ൽ കാണാം
മരിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്? ബൈബിളിന്റെ ഉത്തരം നമ്മളെ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്യും.
ലൈബ്രറി > വീഡിയോകൾ എന്ന ഭാഗത്തു നോക്കുക (വീഡിയോ ഇനം: ബൈബിൾ > ബൈബിൾ പഠിപ്പിക്കലുകൾ)
സന്തോഷവാർത്ത കേൾക്കാൻ ഇഷ്ടമല്ലേ?
ദുഃഖവാർത്തകൾ ധാരാളമുള്ള ഈ സമയത്ത് നിങ്ങൾക്ക് സന്തോഷവാർത്ത എവിടെ കണ്ടെത്താനാകും?
ബൈബിൾപഠിപ്പിക്കലുകൾ > സമാധാനവും സന്തോഷവും എന്ന ഭാഗത്ത് നോക്കുക
a ദൈവത്തിന്റെ പേര് യഹോവ എന്നാണെന്നു ബൈബിൾ പറയുന്നു.
-