ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
ജൂലൈ 2-8
ദൈവവചനത്തിലെ നിധികൾ | ലൂക്കോസ് 6-7
“ഉദാരമായി അളന്നുകൊടുക്കുക”
ലൂക്ക 6:37-ന്റെ പഠനക്കുറിപ്പ്, nwtsty
എപ്പോഴും ക്ഷമിക്കുക, അപ്പോൾ നിങ്ങളോടും ക്ഷമിക്കും: അഥവാ “മോചിപ്പിച്ചുകൊണ്ടിരിക്കുക, അപ്പോൾ നിങ്ങളെയും മോചിപ്പിക്കും.” “ക്ഷമിക്കുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “സ്വതന്ത്രനാക്കുക; പറഞ്ഞയയ്ക്കുക; മോചിപ്പിക്കുക” (ഉദാഹരണത്തിന്, ഒരു തടവുകാരനെ മോചിപ്പിക്കുന്നതുപോലെ.) എന്നെല്ലാമാണ്. ആ ഗ്രീക്കുപദം ഇവിടെ ഉപയോഗിച്ചിരിക്കുന്നതു വിധിക്കുക, കുറ്റപ്പെടുത്തുക എന്നീ പദങ്ങളുടെ വിപരീതാർഥത്തിലായതുകൊണ്ട് ഇവിടെ അത് അർഥമാക്കുന്നത്, ശിക്ഷ അർഹിക്കുന്ന ഒരാളെപ്പോലും കുറ്റവിമുക്തനാക്കുക, അയാളോടു ക്ഷമിക്കുക എന്നൊക്കെയാണ്.
ലൂക്ക 6:38-ന്റെ പഠനക്കുറിപ്പ്, nwtsty
കൊടുക്കുന്നത് ഒരു ശീലമാക്കുക: അഥവാ “കൊടുത്തുകൊണ്ടിരിക്കുക.” ഈ വാക്യത്തിൽ കാണുന്ന “കൊടുക്കുക” എന്ന പദത്തിന്റെ ഗ്രീക്കുക്രിയാരൂപം തുടർച്ചയായ പ്രവൃത്തിയെ സൂചിപ്പിക്കുന്നു.
ലൂക്ക 6:38-ന്റെ പഠനക്കുറിപ്പ്, nwtsty
നിങ്ങളുടെ മടിയിലേക്ക്: ഇവിടുത്തെ ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “നിങ്ങളുടെ മാർവിടത്തിലേക്ക് (നെഞ്ചിലേക്ക് )” എന്നാണെങ്കിലും സാധ്യതയനുസരിച്ച് ഇവിടെ അതു കുറിക്കുന്നത്, അയഞ്ഞ പുറങ്കുപ്പായത്തിന്റെ പുറമേ അരപ്പട്ട ധരിക്കുമ്പോൾ അരപ്പട്ടയ്ക്കു മുകളിലേക്കു തൂങ്ങിക്കിടക്കുന്ന കുപ്പായഭാഗത്തെയാണ്. ആളുകൾ സാധനം വാങ്ങുമ്പോൾ ചില കച്ചവടക്കാർ അത് അവരുടെ വസ്ത്രത്തിന്റെ ഈ മടക്കിലേക്ക് ഇട്ടുകൊടുത്തിരുന്നു. ഈ രീതിയെയായിരിക്കാം “മടിയിലേക്ക് ഇട്ടുതരും” എന്ന പദപ്രയോഗം കുറിക്കുന്നത്.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
ലൂക്ക 7:35-ന്റെ പഠനക്കുറിപ്പ്, nwtsty
അതിന്റെ മക്കളാൽ: അഥവാ “അതിന്റെ അന്തിമഫലത്താൽ.” ജ്ഞാനത്തിന് ആളത്വം കല്പിച്ചിരിക്കുന്ന ഈ ഭാഗത്ത് അതിനു മക്കളുള്ളതായി പറഞ്ഞിരിക്കുന്നു. മത്ത 11:19-ലെ സമാന്തരവിവരണത്തിൽ ജ്ഞാനത്തിനു ‘പ്രവൃത്തികൾ’ ഉള്ളതായും പറഞ്ഞിട്ടുണ്ട്. യേശുവിനും യോഹന്നാൻ സ്നാപകനും എതിരെയുള്ള ആരോപണങ്ങൾ തെറ്റാണെന്ന് അവർ സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചു. അവർ നിരത്തിയ അത്തരം തെളിവുകളെയാണു ജ്ഞാനത്തിന്റെ മക്കൾ അഥവാ പ്രവൃത്തികൾ എന്നു വിളിച്ചിരിക്കുന്നത്. ഒരർഥത്തിൽ യേശു ഇവിടെ ഇങ്ങനെ പറയുകയായിരുന്നു: ‘ഒരാളുടെ നീതിപ്രവൃത്തികളും നീതിയോടെയുള്ള പെരുമാറ്റവും ശ്രദ്ധിച്ചാൽ അയാൾക്ക് എതിരെയുള്ള ആരോപണം തെറ്റാണെന്നു നിങ്ങൾക്കു ബോധ്യമാകും.’
ജൂലൈ 9-15
ദൈവവചനത്തിലെ നിധികൾ | ലൂക്കോസ് 8-9
“എന്റെ അനുഗാമിയാകുക—അതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത് ?”
it-2-E 494
കൂടുകൾ
ശാസ്ത്രിമാരിൽ ഒരാൾ യേശുവിനോടു പറഞ്ഞു: “ഗുരുവേ, അങ്ങ് എവിടെ പോയാലും ഞാനും കൂടെ വരും.” അപ്പോൾ യേശു ഇങ്ങനെ മറുപടി പറഞ്ഞു: “കുറുക്കന്മാർക്കു മാളങ്ങളുണ്ട്. ആകാശത്തിലെ പക്ഷികൾക്കു കൂടുകളുമുണ്ട്. മനുഷ്യപുത്രനോ തല ചായിക്കാൻ ഇടമില്ല.” (മത്ത 8:19, 20; ലൂക്ക 9:57, 58) തന്റെ അനുഗാമിയാകുന്നതിന് ആ ശാസ്ത്രി, ആളുകൾ സാധാരണ ആസ്വദിക്കുന്ന സുഖസൗകര്യങ്ങൾ ഉപേക്ഷിക്കേണ്ടിവരുമെന്നും യഹോവയിൽ പൂർണമായി ആശ്രയിക്കണമെന്നും യേശു പറയുകയായിരുന്നു. ശിഷ്യന്മാരെ പഠിപ്പിച്ച, “ഇന്നത്തേക്കുള്ള ആഹാരം ഞങ്ങൾക്ക് ഇന്നു തരേണമേ” എന്ന മാതൃകാപ്രാർഥനയിൽ ഇതേ തത്ത്വമാണ് ഉൾപ്പെട്ടിരിക്കുന്നത്. കൂടാതെ, “എല്ലാ വസ്തുവകകളോടും വിട പറയാതെ നിങ്ങളിൽ ആർക്കും എന്റെ ശിഷ്യനായിരിക്കാൻ കഴിയില്ല” എന്ന യേശുവിന്റെ പ്രസ്താവനയിലും ഇതുതന്നെയാണു കാണാൻ കഴിയുന്നത്.—മത്ത 6:11; ലൂക്ക 14:33.
ലൂക്ക 9:59, 60-ന്റെ പഠനക്കുറിപ്പുകൾ, nwtsty
എന്റെ അപ്പനെ അടക്കിയിട്ട്: തെളിവനുസരിച്ച്, തന്റെ അപ്പൻ അൽപ്പം മുമ്പ് മരിച്ചെന്നും അതുകൊണ്ട് താൻ വേഗം പോയി അദ്ദേഹത്തിന്റെ ശവസംസ്കാരച്ചടങ്ങുകൾ നടത്തിയിട്ടു തിരിച്ചെത്താമെന്നും പറയുകയായിരുന്നില്ല അയാൾ. കാരണം അപ്പൻ മരിച്ചുപോയിരുന്നെങ്കിൽ അയാൾ ആ സമയത്ത് യേശുവിനോടു സംസാരിച്ചുകൊണ്ട് അവിടെ നിൽക്കാൻ സാധ്യതയില്ല. പണ്ട് മധ്യപൂർവദേശത്ത് ഒരു കുടുംബത്തിൽ ആരെങ്കിലും മരിച്ചാൽ ശവസംസ്കാരം വളരെ പെട്ടെന്ന്, സാധിക്കുന്നെങ്കിൽ അന്നുതന്നെ, നടത്തിയിരുന്നു. ഇതിൽനിന്ന് ആ മനുഷ്യന്റെ അപ്പൻ പ്രായമായോ അസുഖം ബാധിച്ചോ കിടപ്പിലായിരുന്നു, അല്ലാതെ മരിച്ചിരുന്നില്ല എന്നു നമുക്ക് ഊഹിക്കാം. ഇനി രോഗബാധിതനായി, പരസഹായം വേണ്ട നിലയിൽ കഴിയുന്ന അപ്പനെ ആരോരുമില്ലാതെ വിട്ടിട്ട് വരാൻ യേശു എന്തായാലും ഒരാളോട് ആവശ്യപ്പെടില്ലായിരുന്നു. അത്തരം അവശ്യകാര്യങ്ങൾ ചെയ്തുകൊടുക്കാൻ അയാളുടെ വീട്ടിൽ മറ്റു കുടുംബാംഗങ്ങൾ ഉണ്ടായിരുന്നു എന്ന് ഇതിൽനിന്ന് മനസ്സിലാക്കാം. (മർ 7:9-13) ഒരർഥത്തിൽ ആ മനുഷ്യൻ പറഞ്ഞത് ഇതാണ്: ‘ഞാൻ അങ്ങയെ അനുഗമിക്കാം, പക്ഷേ എന്റെ അപ്പന്റെ കാലമൊന്നു കഴിഞ്ഞോട്ടേ. അപ്പൻ മരിച്ച് ശവസംസ്കാരവുംകൂടെ നടത്തിയിട്ടു ഞാൻ വരാം.’ പക്ഷേ യേശുവിന്റെ നോട്ടത്തിൽ, ദൈവരാജ്യതാത്പര്യങ്ങൾ ജീവിതത്തിൽ ഒന്നാമതു വെക്കാനുള്ള അവസരമാണ് അയാൾ നഷ്ടപ്പെടുത്തിയത്.—ലൂക്ക 9:60, 62.
മരിച്ചവർ അവരുടെ മരിച്ചവരെ അടക്കട്ടെ: ലൂക്ക 9:59-ന്റെ പഠനക്കുറിപ്പിൽ കാണുന്നതുപോലെ, യേശുവിനോടു സംസാരിച്ച ആ മനുഷ്യന്റെ അപ്പൻ സാധ്യതയനുസരിച്ച് പ്രായമായോ അസുഖം ബാധിച്ചോ കിടപ്പിലായിരുന്നു, അല്ലാതെ മരിച്ചിരുന്നില്ല. അതുകൊണ്ട് ഒരർഥത്തിൽ യേശു പറഞ്ഞത് ഇതാണ്: ‘ആത്മീയമായി മരിച്ചവർ അവരുടെ മരിച്ചവരെ അടക്കട്ടെ.’ അതായത്, അപ്പൻ മരിക്കുന്നതുവരെ മറ്റു കുടുംബാംഗങ്ങൾ അദ്ദേഹത്തെ പരിചരിക്കട്ടെ. ആ വ്യക്തി യേശുവിനെ അനുഗമിച്ചാൽ ദൈവമുമ്പാകെ ആത്മീയമായി മരിച്ച മറ്റുള്ളവർക്കില്ലാത്ത ഒരു അവസരം അയാൾക്കു തുറന്നുകിട്ടുമായിരുന്നു—അയാൾക്കു നിത്യജീവനിലേക്കുള്ള പാതയിൽ പ്രവേശിക്കാമായിരുന്നു! ദൈവരാജ്യത്തിനു ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകുന്നതും അതിനെക്കുറിച്ച് എല്ലാവരെയും അറിയിക്കുന്നതും ആത്മീയമായി ഉണർന്നിരിക്കാൻ അത്യന്താപേക്ഷിതമാണ് എന്നു യേശു തന്റെ മറുപടിയിൽ സൂചിപ്പിച്ചു.
ചിത്രം, nwtsty
നിലം ഉഴുന്നു
മിക്കപ്പോഴും ശരത്കാലത്താണു നിലം ഉഴുതിരുന്നത്. വേനൽക്കാലസൂര്യന്റെ ചൂടേറ്റ് വരണ്ടുണങ്ങി, ഉറച്ചുകിടക്കുന്ന മണ്ണ് അപ്പോഴേക്കും മഴയിൽ കുതിർന്നിട്ടുണ്ടാകും. (അനു. ബി15 കാണുക.) ചില കലപ്പകളിൽ, നിലം ഉഴാൻ കലപ്പത്തണ്ടിൽ പിടിപ്പിച്ച കൂർത്ത ഒരു തടി മാത്രമായിരിക്കും ഉണ്ടാകുക. ചിലപ്പോൾ അറ്റത്ത് ലോഹം പിടിപ്പിക്കുന്ന രീതിയുമുണ്ടായിരുന്നു. ഒന്നോ അതിലധികമോ മൃഗങ്ങൾ ആ കലപ്പ വലിക്കും. ഇത്തരത്തിൽ നിലം ഉഴുതിട്ടാണു വിത്തു വിതയ്ക്കുക. ആളുകൾക്കു സുപരിചിതമായിരുന്ന ഈ ജോലിയെക്കുറിച്ച് എബ്രായതിരുവെഴുത്തുകളിലെ പല ദൃഷ്ടാന്തങ്ങളിലും പരാമർശമുണ്ട്. (ന്യായ 14:18; യശ 2:4; യിര 4:3; മീഖ 4:3) പ്രധാനപ്പെട്ട കാര്യങ്ങൾ പഠിപ്പിക്കാൻ യേശുവും കൃഷിപ്പണിയുമായി ബന്ധപ്പെട്ട ദൃഷ്ടാന്തങ്ങൾ ധാരാളമായി ഉപയോഗിച്ചു. ഉദാഹരണത്തിന്, ഒരു ശിഷ്യൻ മുഴുഹൃദയത്തോടെ പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയാൻ യേശു നിലം ഉഴുന്ന ജോലിയെക്കുറിച്ച് പരാമർശിച്ചു. (ലൂക്ക 9:62) നിലം ഉഴുന്നതിനിടെ കൃഷിക്കാരന്റെ ശ്രദ്ധ പതറിയാൽ ഉഴവുചാൽ വളഞ്ഞുപുളഞ്ഞുപോകുമായിരുന്നു. സമാനമായി, തന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽനിന്ന് ശ്രദ്ധ വ്യതിചലിക്കുകയോ അവ വെച്ചൊഴിയുകയോ ചെയ്യുന്ന ഒരു ക്രിസ്തുശിഷ്യൻ ദൈവരാജ്യത്തിനു യോഗ്യനല്ലാതാകുമായിരുന്നു.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
ലൂക്ക 8:3-ന്റെ പഠനക്കുറിപ്പ്, nwtsty
അവരെ ശുശ്രൂഷിച്ചുപോന്നു: അഥവാ “അവർക്കു വേണ്ടതു നൽകിപ്പോന്നു.” ഡയകൊനെയോ എന്ന ഗ്രീക്കുപദത്തിന്, ഒരാൾക്കു വേണ്ട ആഹാരസാധനങ്ങൾ സംഘടിപ്പിച്ചുനൽകുന്നതോ അതു പാകം ചെയ്ത് കൊടുക്കുന്നതോ വിളമ്പിക്കൊടുക്കുന്നതോ പോലുള്ള ഭൗതികാവശ്യങ്ങൾ നിറവേറ്റുന്നതിനെ അർഥമാക്കാനാകും. ഇതേ പദം സമാനമായൊരു അർഥത്തിലാണ് ലൂക്ക 10:40 (“ഇതൊക്കെ ചെയ്യാൻ”), ലൂക്ക 12:37 (“വേണ്ടതെല്ലാം ചെയ്തുകൊടുക്കുക”), ലൂക്ക 17:8 (“വേണ്ടതു ചെയ്തുതരുക”), പ്രവൃ 6:2 (“ഭക്ഷണം വിളമ്പാൻ”) എന്നീ വാക്യങ്ങളിൽ ഉപയോഗിച്ചിരിക്കുന്നതെങ്കിലും, ഒരാൾക്കു വ്യക്തിപരമായി ചെയ്തു കൊടുക്കുന്ന ഇത്തരം മറ്റു സേവനങ്ങളെയും ഈ പദത്തിനു കുറിക്കാനാകും. 2-ഉം 3-ഉം വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന സ്ത്രീകൾ യേശുവിന്റെയും ശിഷ്യന്മാരുടെയും ദൈവദത്തനിയോഗം പൂർത്തിയാക്കാൻ അവരെ സഹായിച്ചത് ഏതു വിധത്തിലാണെന്ന് 3-ാം വാക്യം വിശദീകരിക്കുന്നു. ദൈവത്തെ മഹത്ത്വപ്പെടുത്തിയ അവരുടെ ഈ പ്രവൃത്തിയെ ദൈവം വിലമതിച്ചു. അതുകൊണ്ടാണ് അവരുടെ ഉദാരതയെയും ദയയെയും കുറിച്ച് വരുംതലമുറകളെല്ലാം വായിച്ചുമനസ്സിലാക്കാൻവേണ്ടി ദൈവം അതു ബൈബിളിൽ രേഖപ്പെടുത്തിയത്. (സുഭ 19:17; എബ്ര 6:10) മത്ത 27:55; മർ 15:41 എന്നീ വാക്യങ്ങളിലും സ്ത്രീകളെക്കുറിച്ച് പറയുന്നിടത്ത് ഇതേ ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്.
ജൂലൈ 16-22
ദൈവവചനത്തിലെ നിധികൾ | ലൂക്കോസ് 10-11
“നല്ല ശമര്യക്കാരന്റെ ദൃഷ്ടാന്തകഥ”
ചിത്രം, nwtsty
യരുശലേമിൽനിന്ന് യരീഹൊയിലേക്കുള്ള വഴി
ഇന്ന് യരുശലേമിൽനിന്ന് യരീഹൊയിലേക്കു പോകുന്ന വഴിയാണ് (1) ഈ ഹ്രസ്വവീഡിയോയിൽ കാണിച്ചിരിക്കുന്നത്. പുരാതനകാലത്തും യരുശലേമിൽനിന്ന് യരീഹൊയിലേക്കുള്ള വഴി ഏതാണ്ട് ഈ പ്രദേശത്തുകൂടെ തന്നെയായിരുന്നിരിക്കാം. ധാരാളം വളവും തിരിവും ഉള്ള, കുത്തനെ താഴേക്ക് ഇറങ്ങുന്ന (യരീഹൊയെക്കാൾ ഏതാണ്ട് 1 കി.മീ. ഉയരത്തിൽ സ്ഥിതിചെയ്തിരുന്ന സ്ഥലമായിരുന്നു യരുശലേം.) ആ വഴിയുടെ നീളം 20 കിലോമീറ്ററിലധികം വരുമായിരുന്നു. ഒറ്റപ്പെട്ട്, ആൾപ്പാർപ്പില്ലാതെ കിടന്നിരുന്ന ഈ പ്രദേശത്ത് കവർച്ച നിത്യസംഭവമായിരുന്നതുകൊണ്ട് യാത്രക്കാരെ സംരക്ഷിക്കാൻ അവിടെ ഒരു കാവൽസേനാകേന്ദ്രം സ്ഥാപിക്കേണ്ടിവന്നു. ആ വഴി യഹൂദ്യവിജനഭൂമിയിൽ ചെന്നുചേരുന്ന സ്ഥലത്താണു റോമൻ യരീഹൊ (2) സ്ഥിതി ചെയ്തിരുന്നത്. അവിടെനിന്ന് ഏതാണ്ട് 2 കി.മീ. മാറിയായിരുന്നു യരീഹൊ എന്ന പേരിൽത്തന്നെ അറിയപ്പെട്ട പഴയ നഗരത്തിന്റെ (3) സ്ഥാനം.
ലൂക്ക 10:33, 34-ന്റെ പഠനക്കുറിപ്പുകൾ, nwtsty
ഒരു ശമര്യക്കാരൻ: ശമര്യക്കാരെ പൊതുവേ അവജ്ഞയോടെ കണ്ടിരുന്ന ജൂതന്മാർ അവരുമായുള്ള സമ്പർക്കം ഏതു വിധേനയും ഒഴിവാക്കിയിരുന്നു. (യോഹ 4:9) ചില ജൂതന്മാർ ‘ശമര്യക്കാരൻ’ എന്ന പദപ്രയോഗം പുച്ഛത്തിന്റെയും നിന്ദയുടെയും പര്യായമായിപ്പോലും ഉപയോഗിച്ചിരുന്നു. (യോഹ 8:48) “ശമര്യക്കാരുടെ അപ്പം തിന്നുന്നതു പന്നിയിറച്ചി തിന്നുന്നതുപോലെയാണ്” എന്ന് ഒരു റബ്ബി പറഞ്ഞതായി മിഷ്നായിൽ കാണുന്നുണ്ട്. (ശെബിത്ത് 8:10) ജൂതന്മാർ പൊതുവേ ശമര്യക്കാരുടെ സാക്ഷിമൊഴി വിശ്വസിക്കുകയോ അവരിൽനിന്ന് എന്തെങ്കിലും സഹായം സ്വീകരിക്കുകയോ ചെയ്യുമായിരുന്നില്ല. ജൂതന്മാരുടെ ഇത്തരം പുച്ഛമനോഭാവത്തെക്കുറിച്ച് അറിയാമായിരുന്ന യേശു ഈ ദൃഷ്ടാന്തകഥയിലൂടെ ശക്തമായ ഒരു പാഠം പഠിപ്പിക്കുകയായിരുന്നു. നല്ല ശമര്യക്കാരന്റെ ദൃഷ്ടാന്തകഥ, നല്ല അയൽക്കാരന്റെ ദൃഷ്ടാന്തകഥ എന്നൊക്കെയാണ് ഇതു പൊതുവേ അറിയപ്പെടുന്നത്.
എണ്ണയും വീഞ്ഞും ഒഴിച്ച് മുറിവുകൾ വെച്ചുകെട്ടി: യേശുവിന്റെ ദൃഷ്ടാന്തകഥയിലെ എല്ലാ വിശദാംശങ്ങളും ശ്രദ്ധാപൂർവം രേഖപ്പെടുത്തിയ വൈദ്യനായ ലൂക്കോസ്, മുറിവിനു നൽകുന്ന പരിചരണത്തെക്കുറിച്ചും വിവരിച്ചിട്ടുണ്ട്. അക്കാലത്ത് നിലവിലിരുന്ന ചികിത്സാരീതിയുമായി ഈ വിവരണം നന്നായി യോജിക്കുന്നുമുണ്ട്. കാരണം അന്നൊക്കെ മുറിവിനുള്ള വീട്ടുചികിത്സയായി എണ്ണയും വീഞ്ഞും ഉപയോഗിക്കുന്ന രീതിയുണ്ടായിരുന്നു. മുറിവിന്റെയും ചതവിന്റെയും വേദനയ്ക്കു ശമനം ലഭിക്കാനായിരിക്കാം ഒരുപക്ഷേ എണ്ണ ഉപയോഗിച്ചിരുന്നത്. (യശ 1:6 താരതമ്യം ചെയ്യുക.) വീഞ്ഞിന്, മുറിവ് പഴുക്കുന്നതു തടയാനും അണുബാധയ്ക്ക് ഒരു പരിധിവരെ തടയിടാനും കഴിയുമായിരുന്നു. മുറിവ് വ്രണമാകാതിരിക്കാനായി അതു വെച്ചുകെട്ടുന്നതിനെക്കുറിച്ചും ലൂക്കോസ് വിവരിച്ചിട്ടുണ്ട്.
ഒരു സത്രം: ഇവിടെ കാണുന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “എല്ലാവരെയും സ്വീകരിക്കുന്ന, അഥവാ കൈക്കൊള്ളുന്ന സ്ഥലം” എന്നാണ്. വഴിയാത്രക്കാർക്കും അവരുടെ മൃഗങ്ങൾക്കും തങ്ങാനുള്ള സൗകര്യവും യാത്രക്കാർക്കു വേണ്ട അവശ്യസാധനങ്ങളും സത്രങ്ങളിൽ ലഭിച്ചിരുന്നു. ഇനി, വഴിയാത്രക്കാർ അവിടെ ഏൽപ്പിച്ചിട്ടുപോകുന്നവർക്കു വേണ്ട പരിചരണവും സത്രക്കാരൻ നൽകുമായിരുന്നു, അതിനു പ്രത്യേകം പണം കൊടുക്കണമായിരുന്നെന്നു മാത്രം.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
ലൂക്ക 10:18-ന്റെ പഠനക്കുറിപ്പ്, nwtsty
സാത്താൻ മിന്നൽപോലെ ആകാശത്തുനിന്ന് വീണുകഴിഞ്ഞതായി ഞാൻ കാണുന്നു: സാധ്യതയനുസരിച്ച്, സാത്താനെ സ്വർഗത്തിൽനിന്ന് പുറത്താക്കുന്നത്, നടന്നുകഴിഞ്ഞ ഒരു സംഭവംപോലെ കണ്ടുകൊണ്ട് യേശു ഇവിടെ പ്രാവചനികമായി സംസാരിക്കുകയായിരുന്നു. സ്വർഗത്തിലെ യുദ്ധത്തെക്കുറിച്ച് വർണിക്കുന്ന വെളി 12:7-9-ൽ സാത്താൻ വീഴുന്നതു മിശിഹൈകരാജ്യം ജനിക്കുന്ന സമയത്താണെന്നു വ്യക്തമാക്കുന്നു. വെറും അപൂർണമനുഷ്യരായ തന്റെ 70 ശിഷ്യന്മാർക്ക് ഇപ്പോൾ ഭൂതങ്ങളെ പുറത്താക്കാനുള്ള കഴിവ് ദൈവം നൽകിയതുകൊണ്ട്, ഭാവിയിലെ ആ യുദ്ധത്തിൽ സാത്താനും ഭൂതങ്ങളും പരാജയപ്പെടുമെന്ന കാര്യം ഉറപ്പാണെന്നു സൂചിപ്പിക്കുകയായിരുന്നു യേശു.—ലൂക്ക 10:17.
ലൂക്ക 11:5-9-ന്റെ പഠനക്കുറിപ്പുകൾ, nwtsty
സ്നേഹിതാ, എനിക്കു മൂന്ന് അപ്പം കടം തരണം: അതിഥികളെ ഏറ്റവും നന്നായി സത്കരിക്കേണ്ടതു തങ്ങളുടെ കടമയാണെന്നു കരുതുന്നവരാണു മധ്യപൂർവദേശത്തെ ആളുകൾ. അവരുടെ സംസ്കാരത്തിന്റെ ഈ പ്രത്യേകത യേശു പറഞ്ഞ ദൃഷ്ടാന്തത്തിലും വ്യക്തമായി കാണാം. അതിഥിയുടെ ആ അപ്രതീക്ഷിതസന്ദർശനം അർധരാത്രിയിലായിരുന്നു. എങ്കിൽപ്പോലും അദ്ദേഹത്തിന് എന്തെങ്കിലും കഴിക്കാൻ കൊടുത്തേ മതിയാകൂ എന്ന് ആതിഥേയനു തോന്നി. അതുകൊണ്ടാണ് ആ പാതിരായ്ക്ക് അയൽക്കാരനെ വിളിച്ചുണർത്തിയിട്ടാണെങ്കിൽപ്പോലും അവിടെനിന്ന് ഭക്ഷണം കടം വാങ്ങാമെന്ന് അദ്ദേഹം കരുതിയത്. അതിഥി എത്തിയത് അർധരാത്രിയിലാണ് എന്ന വിശദാംശം, അക്കാലത്ത് യാത്രകൾ എത്രത്തോളം അനിശ്ചിതത്വം നിറഞ്ഞതായിരുന്നെന്നും സൂചിപ്പിക്കുന്നു.
വെറുതേ ശല്യപ്പെടുത്താതിരിക്ക്: ഈ ദൃഷ്ടാന്തത്തിലെ അയൽക്കാരൻ സഹായിക്കാൻ മടി കാണിച്ചത് അയാൾ നിർദയനായതുകൊണ്ടല്ല, മറിച്ച് അതിനോടകം ഉറങ്ങാൻ കിടന്നതുകൊണ്ടാണ്. സാധാരണയായി അന്നത്തെ വീടുകൾക്ക്, പ്രത്യേകിച്ച് പാവപ്പെട്ടവരുടെ ഭവനങ്ങൾക്ക്, താരതമ്യേന വലുപ്പമുള്ള ഒരൊറ്റ മുറിയേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ആ വീട്ടുകാരൻ എഴുന്നേറ്റാൽ അവിടെ ഉറങ്ങിക്കിടക്കുന്ന കൊച്ചുകുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ എല്ലാവരുടെയും ഉറക്കം തടസ്സപ്പെടാൻ സാധ്യതയുണ്ടായിരുന്നു.
മടുത്ത് പിന്മാറാതെ ചോദിച്ചുകൊണ്ടിരുന്നാൽ: ഇവിടെ കാണുന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “മര്യാദയില്ലാതെ,” “നാണംകെട്ട്” എന്നൊക്കെയാണ്. എങ്കിലും ഇവിടെ അതു കുറിക്കുന്നത്, മടുത്ത് പിന്മാറാതെ ഒരു കാര്യം ചെയ്യുന്നതിനെയാണ്. തനിക്ക് ആവശ്യമുള്ള കാര്യം വീണ്ടുംവീണ്ടും ചോദിക്കാൻ യേശുവിന്റെ ദൃഷ്ടാന്തകഥയിലെ മനുഷ്യനു നാണക്കേടോ മടിയോ തോന്നിയില്ല. അതുപോലെതന്നെ, തന്റെ ശിഷ്യന്മാരും പ്രാർഥിക്കുമ്പോൾ മടുത്ത് പിന്മാറാതെ വീണ്ടുവീണ്ടും ചോദിക്കണമെന്നു യേശു പറഞ്ഞു.—ലൂക്ക 11:9, 10.
ജൂലൈ 23-29
ദൈവവചനത്തിലെ നിധികൾ | ലൂക്കോസ് 12-13
“അനേകം കുരുവികളെക്കാൾ എത്രയോ വിലയുള്ളവരാണു നിങ്ങൾ!”
ലൂക്ക 12:6-ന്റെ പഠനക്കുറിപ്പ്, nwtsty
കുരുവികൾ: ഇവിടെ ഉപയോഗിച്ചിരിക്കുന്ന സ്റ്റ്രുതീയൊൻ എന്ന ഗ്രീക്കുപദം അൽപ്പതാവാചിരൂപത്തിലാണ് (diminutive form). അതു സൂചിപ്പിക്കുന്നത് ഈ പദത്തിന് ഏതൊരു ചെറിയ പക്ഷിയെയും കുറിക്കാനാകും എന്നാണ്. പക്ഷേ ഇതു മിക്കപ്പോഴും കുരുവികളെയാണ് അർഥമാക്കിയിരുന്നത്. ഭക്ഷ്യയോഗ്യമായ പക്ഷികളിൽ ഏറ്റവും വില കുറഞ്ഞവയായിരുന്നു ഇവ.
ലൂക്ക 12:7-ന്റെ പഠനക്കുറിപ്പ്, nwtsty
നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണിത്തിട്ടപ്പെടുത്തിയിരിക്കുന്നു: ഒരു മനുഷ്യന്റെ തലയിൽ ശരാശരി 1,00,000-ത്തിലേറെ മുടിയിഴകളുണ്ടെന്നാണു കണക്കാക്കുന്നത്. അത്ര സൂക്ഷ്മമായ വിശദാംശങ്ങൾപോലും യഹോവയ്ക്കു നന്നായി അറിയാം എന്നത് ഒരു കാര്യത്തിന് ഉറപ്പേകുന്നു: ക്രിസ്തുവിന്റെ ഓരോ അനുഗാമിയുടെയും കാര്യത്തിൽ യഹോവയ്ക്ക് ആഴമായ താത്പര്യമുണ്ട്.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
ലൂക്ക 13:24-ന്റെ പഠനക്കുറിപ്പ്, nwtsty
കഠിനശ്രമം ചെയ്യുക: അഥവാ, “പോരാടിക്കൊണ്ടിരിക്കുക.” ഇടുക്കുവാതിലിലൂടെ അകത്ത് കടക്കാൻ നമ്മൾ അത്യുത്സാഹത്തോടെ, മനസ്സ് അർപ്പിച്ച് പ്രവർത്തിക്കണം എന്ന് ഊന്നിപ്പറയുകയായിരുന്നു യേശു ഇവിടെ. മേൽപ്പറഞ്ഞ പദപ്രയോഗത്തെ, “കഴിവിന്റെ പരമാവധി ശ്രമിക്കുക; കഴിയുന്നതെല്ലാം ചെയ്യുക” എന്നൊക്കെ ഈ വാക്യത്തിൽ പരിഭാഷപ്പെടുത്താമെന്നു ചില ആധികാരികഗ്രന്ഥങ്ങൾ പറയുന്നു. ഇവിടെ കാണുന്ന അഗോനിസൊമായ് എന്ന ഗ്രീക്കുക്രിയയുമായി ബന്ധമുള്ള അഗോൻ എന്ന ഗ്രീക്ക് നാമപദം പലപ്പോഴും കായികമത്സരങ്ങളെ കുറിക്കാനാണ് ഉപയോഗിച്ചിരുന്നത്. എബ്ര 12:1-ൽ ഈ നാമപദം ജീവനുവേണ്ടിയുള്ള ക്രിസ്തീയ ‘ഓട്ടമത്സരത്തെ’ കുറിക്കാൻ ആലങ്കാരികാർഥത്തിൽ ഉപയോഗിച്ചിരിക്കുന്നതായി കാണാം. അതിനെ കുറെക്കൂടെ വിശാലമായ അർഥത്തിൽ, “പോരാട്ടം” എന്നും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. (ഫിലി 1:30; കൊലോ 2:1; 1തിമ 6:12; 2തിമ 4:7) ലൂക്ക 13:24-ൽ കാണുന്ന ഗ്രീക്കുക്രിയയുടെ വിവിധരൂപങ്ങളെ, ‘മത്സരത്തിൽ പങ്കെടുക്കുക’ (1കൊ 9:25), “കഠിനമായി അധ്വാനിക്കുക” (കൊലോ 1:29), “തീവ്രമായി (പ്രവർത്തിക്കുക)” (കൊലോ 4:12), “യത്നിക്കുക” (1തിമ 4:10), “പൊരുതുക” (1തിമ 6:12) എന്നെല്ലാം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇതു കായികമത്സരങ്ങളുമായി ബന്ധപ്പെട്ട ഒരു പദപ്രയോഗമായതുകൊണ്ട് യേശു ഇവിടെ നമ്മളെ പ്രോത്സാഹിപ്പിക്കുന്നത്, സമ്മാനം നേടാൻ കൈയും മെയ്യും മറന്ന്, സർവശക്തിയുമെടുത്ത് മുന്നേറുന്ന ഒരു കായികതാരത്തെപ്പോലെ പരിശ്രമിക്കാനാണെന്നു ചിലർ അഭിപ്രായപ്പെടുന്നു.
ലൂക്ക 13:33-ന്റെ പഠനക്കുറിപ്പ്, nwtsty
യരുശലേമിനു പുറത്തുവെച്ച് . . . കൊല്ലപ്പെടരുതല്ലോ: അഥവാ “യരുശലേമിനു പുറത്തുവെച്ച് . . . കൊല്ലപ്പെടുന്ന കാര്യം അചിന്തനീയമാണ്.” മിശിഹ യരുശലേമിൽവെച്ചായിരിക്കും മരിക്കുക എന്നു തെളിച്ചുപറയുന്ന ബൈബിൾ പ്രവചനങ്ങളൊന്നും ഇല്ലെങ്കിലും സാധ്യതയനുസരിച്ച് ദാനി 9:24-26 അങ്ങനെയൊരു ആശയത്തിലേക്കാണു വിരൽ ചൂണ്ടുന്നത്. കൂടാതെ ജൂതന്മാർ ഒരു പ്രവാചകനെ, പ്രത്യേകിച്ച് മിശിഹയെ, വധിക്കുന്നെങ്കിൽ സ്വാഭാവികമായും അത് ആ നഗരത്തിൽവെച്ച് ആയിരിക്കും. 71 അംഗങ്ങളുള്ള പരമോന്നതനീതിപീഠം, അഥവാ സൻഹെദ്രിൻ കൂടിയിരുന്നത് യരുശലേമിലായിരുന്നതുകൊണ്ട് കള്ളപ്രവാചകനെന്ന ആരോപണം നേരിടുന്ന ഒരാളെ അവിടെവെച്ചായിരിക്കും വിചാരണ ചെയ്യുക. ഇനി, ദൈവത്തിനു പതിവായി ബലികൾ അർപ്പിച്ചിരുന്നതും പെസഹാക്കുഞ്ഞാടിനെ അറുത്തിരുന്നതും യരുശലേമിൽവെച്ചായിരുന്നു എന്ന വസ്തുതയും യേശുവിന്റെ മനസ്സിലുണ്ടായിരുന്നിരിക്കാം. ഒടുവിൽ എല്ലാം യേശു പറഞ്ഞതുപോലെതന്നെ സംഭവിച്ചു. യേശുവിനെ യരുശലേമിലെ സൻഹെദ്രിനു മുന്നിൽ ഹാജരാക്കി മരണശിക്ഷയ്ക്കു വിധിച്ചു. യേശു ‘പെസഹാക്കുഞ്ഞാടായി’ മരിച്ചതും യരുശലേമിൽവെച്ച്, അതിന്റെ നഗരമതിലുകളിൽനിന്ന് അധികം അകലെയല്ലാത്ത ഒരു സ്ഥലത്തുവെച്ച്, ആയിരുന്നു.—1കൊ 5:7.
ജൂലൈ 30–ആഗസ്റ്റ് 5
ദൈവവചനത്തിലെ നിധികൾ | ലൂക്കോസ് 14-16
“മുടിയനായ പുത്രന്റെ ദൃഷ്ടാന്തകഥ”
ലൂക്ക 15:11-16-ന്റെ പഠനക്കുറിപ്പുകൾ, nwtsty
ഒരു മനുഷ്യനു രണ്ട് ആൺമക്കളുണ്ടായിരുന്നു: ധൂർത്തപുത്രന്റെ ദൃഷ്ടാന്തകഥയ്ക്ക്, (“മുടിയനായ പുത്രന്റെ കഥ” എന്നും അറിയപ്പെടുന്നു.) അതിനെ വ്യത്യസ്തമാക്കിനിറുത്തുന്ന ചില പ്രത്യേകതകളുണ്ട്. യേശു പറഞ്ഞ ദൈർഘ്യമേറിയ ദൃഷ്ടാന്തങ്ങളിൽ ഒന്നാണ് ഇത്. കുടുംബബന്ധങ്ങളെക്കുറിച്ചുള്ള യേശുവിന്റെ വർണനയാണ് എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. മറ്റു ദൃഷ്ടാന്തങ്ങളിൽ, യേശു പലപ്പോഴും വ്യത്യസ്തതരം വിത്ത്, മണ്ണ് എന്നിങ്ങനെയുള്ള ജീവനില്ലാത്ത വസ്തുക്കളെക്കുറിച്ചോ യജമാനനും അടിമകളും തമ്മിലുള്ള ഔപചാരികമായ ബന്ധത്തെക്കുറിച്ചോ ഒക്കെയാണു പറഞ്ഞിട്ടുള്ളത്. (മത്ത 13:18-30; 25:14-30; ലൂക്ക 19:12-27) എന്നാൽ ഒരു അപ്പനും മക്കളും തമ്മിലുള്ള ഗാഢമായ ബന്ധമാണ് ഈ ദൃഷ്ടാന്തത്തിന്റെ കേന്ദ്രബിന്ദു. ഈ കഥ കേട്ട പലർക്കും ഇത്രയും സ്നേഹവും ദയയും ഉള്ള ഒരു പിതാവ് ഉണ്ടായിരുന്നിരിക്കില്ല. നമ്മുടെ സ്വർഗീയപിതാവിനു ഭൂമിയിലെ തന്റെ മക്കളോടുള്ള ആഴമായ സ്നേഹവും അനുകമ്പയും ആണ് ഈ ദൃഷ്ടാന്തം വരച്ചുകാട്ടുന്നത്. എന്നും തന്നോടൊപ്പം നിന്നിട്ടുള്ള മക്കളോടു മാത്രമല്ല, ഒരിക്കൽ തന്നെ ഉപേക്ഷിച്ചുപോയിട്ട് തിരിച്ചുവന്നവരോടും നമ്മുടെ പിതാവിന് അതേ സ്നേഹവും മനസ്സലിവും ഉണ്ട്.
ഇളയവൻ: മോശയുടെ നിയമമനുസരിച്ച് ആദ്യജാതന് ഇരട്ടി ഓഹരി ലഭിക്കുമായിരുന്നു. (ആവ 21:17) അതുകൊണ്ട് ഈ ദൃഷ്ടാന്തകഥയിലെ മൂത്ത മകൻ വീട്ടിലെ ആദ്യജാതൻ ആയിരുന്നെങ്കിൽ അവനു കിട്ടുന്ന പിതൃസ്വത്തിന്റെ നേർപകുതിയേ ഇളയവനു ലഭിക്കുമായിരുന്നുള്ളൂ.
ധൂർത്തടിച്ചു: ഇവിടെ കാണുന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം, “(പല ദിശയിൽ) ചിതറിക്കുക” എന്നാണ്. (ലൂക്ക 1:51; പ്രവൃ 5:37) പാഴാക്കിക്കളയുക, മുന്നും പിന്നും നോക്കാതെ ചെലവാക്കുക എന്നൊക്കെയുള്ള അർഥത്തിലാണ് ഈ വാക്യത്തിൽ അത് ഉപയോഗിച്ചിരിക്കുന്നത്.
കുത്തഴിഞ്ഞ ജീവിതം: അഥവാ “ധാരാളിയായുള്ള (വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാതെയുള്ള; താന്തോന്നിയായുള്ള) ജീവിതം.” ഇതേ ഗ്രീക്കുപദത്തോടു ബന്ധമുള്ള ഒരു ഗ്രീക്കുപദം എഫ 5:18; തീത്ത 1:6; 1പത്ര 4:4 എന്നീ വാക്യങ്ങളിലും സമാനമായ അർഥത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ഈ വാക്യത്തിൽ കാണുന്ന ഗ്രീക്കുപദത്തിനു പണം ദുർവ്യയം ചെയ്ത്, ധാരാളിയായി ജീവിക്കുന്നതിനെയും കുറിക്കാനാകുന്നതുകൊണ്ട് ചില ബൈബിൾഭാഷാന്തരങ്ങൾ ഈ പദപ്രയോഗത്തെ “ധൂർത്തജീവിതം” എന്നും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
പന്നികളെ മേയ്ക്കാൻ: മോശയുടെ നിയമമനുസരിച്ച്, പന്നി ഒരു അശുദ്ധജീവിയായിരുന്നതുകൊണ്ട് ഒരു ജൂതനെ സംബന്ധിച്ചിടത്തോളം ഇതൊരു തരംതാണ, നിന്ദ്യമായ ജോലിയായിരുന്നു.—ലേവ 11:7, 8.
പയർ: ഇവിടെ പറഞ്ഞിരിക്കുന്ന ക്യാരോബ് പയറിന്റെ, അഥവാ വെട്ടുക്കിളിപ്പയറിന്റെ കായ്കൾക്കു നല്ല മിനുസമുള്ള, തുകൽപോലിരിക്കുന്ന തോടുകളാണുള്ളത്. പർപ്പിൾ കലർന്ന തവിട്ടുനിറമുള്ള ഈ കായ്കൾക്ക് വളഞ്ഞ കൊമ്പിന്റെ ആകൃതിയാണ്. അതുകൊണ്ടുതന്നെ “ചെറിയ കൊമ്പ് ” എന്ന് അർഥം വരുന്ന ഗ്രീക്ക് പേര് (കേറാറ്റിഒൻ) ഇവയ്ക്ക് എന്തുകൊണ്ടും ചേരും. കുതിര, കന്നുകാലി, പന്നി എന്നിവയ്ക്കുള്ള തീറ്റയായി ഇന്നും ഇതു വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പന്നിക്കുള്ള ഭക്ഷണംപോലും കഴിക്കാൻ ആ ചെറുപ്പക്കാരൻ തയ്യാറായി എന്ന വസ്തുത സൂചിപ്പിക്കുന്നത്, അയാളുടെ അവസ്ഥ എത്രത്തോളം പരിതാപകരമായിരുന്നു എന്നാണ്.—ലൂക്ക 15:15-ന്റെ പഠനക്കുറിപ്പു കാണുക.
ലൂക്ക 15:17-24-ന്റെ പഠനക്കുറിപ്പുകൾ, nwtsty
അപ്പനോട്: അഥവാ “അപ്പന്റെ മുമ്പാകെ.” ഇവിടെ കാണുന്ന ഇനോപിയോൻ എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം, “മുമ്പാകെ; ദൃഷ്ടിയിൽ” എന്നൊക്കെയാണ്. സെപ്റ്റുവജിന്റിൽ 1ശമു 20:1-ലും ഈ പദം ഈയൊരു അർഥത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ആ വാക്യത്തിൽ, “അദ്ദേഹത്തോടു (യോനാഥാന്റെ അപ്പനോടു) ഞാൻ എന്തു പാപം ചെയ്തു” എന്നു ദാവീദ് ചോദിക്കുന്നതായി കാണാം.
കൂലിക്കാരൻ: വീട്ടിലേക്കു തിരിച്ചെത്തുമ്പോൾ, തന്നെ ഒരു മകനായല്ല, മറിച്ച് ഒരു കൂലിക്കാരനായി സ്വീകരിക്കണേ എന്ന് അപ്പനോട് അപേക്ഷിക്കുന്നതിനെക്കുറിച്ചാണ് ഇളയ മകൻ ആലോചിച്ചത്. ഒരു വീട്ടിലെ അടിമകളെപ്പോലും ആ കുടുംബത്തിന്റെ ഭാഗമായി കണക്കാക്കിയിരുന്നെങ്കിലും ഒരു കൂലിക്കാരനെ അങ്ങനെ കണ്ടിരുന്നില്ല. പലപ്പോഴും കൂലിക്കാരെ വെറും ഒരു ദിവസത്തേക്കും മറ്റും കൂലിക്കു വിളിക്കുന്നതായിരുന്നു രീതി.—മത്ത 20:1, 2, 8.
സ്നേഹത്തോടെ ചുംബിച്ചു: അഥവാ “ആർദ്രമായി ചുംബിച്ചു.” “സ്നേഹത്തോടെ ചുംബിച്ചു” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദം ഫിലീയോ എന്ന ഗ്രീക്കുക്രിയയുടെ തീവ്രമായ ഒരു രൂപമാണെന്നു കരുതപ്പെടുന്നു. “ചുംബിക്കുക” എന്നു ചില സ്ഥലങ്ങളിൽ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഫിലീയോ എന്ന ആ പദം (മത്ത 26:48; മർ 14:44; ലൂക്ക 22:47) മിക്ക സ്ഥലങ്ങളിലും “ഇഷ്ടം തോന്നുക,” “പ്രിയം തോന്നുക” എന്നീ അർഥങ്ങളിലാണ് ഉപയോഗിച്ചിരിക്കുന്നത്. (യോഹ 5:20; 11:3; 16:27) ദൃഷ്ടാന്തത്തിലെ അപ്പൻ ഇത്ര സ്നേഹത്തോടെയും സൗഹൃദഭാവത്തോടെയും മകനെ സ്വാഗതം ചെയ്തു എന്നതു സൂചിപ്പിക്കുന്നത്, മാനസാന്തരപ്പെട്ട മകനെ തിരികെ സ്വീകരിക്കാൻ അദ്ദേഹത്തിന് എത്രത്തോളം മനസ്സായിരുന്നു എന്നാണ്.
എനിക്ക് ഇനി ഒരു യോഗ്യതയുമില്ല: ചില കൈയെഴുത്തുപ്രതികളിൽ ഈ വാക്കുകൾക്കു ശേഷം “എന്നെ അപ്പന്റെ കൂലിക്കാരനായെങ്കിലും ഇവിടെ നിറുത്തണേ” എന്നു കൂട്ടിച്ചേർത്തിട്ടുണ്ട്. എന്നാൽ ആധികാരികമായ പല ആദ്യകാല കൈയെഴുത്തുപ്രതികളും ഇതിനെ പിന്തുണയ്ക്കുന്നില്ല. ചില കൈയെഴുത്തുപ്രതികളിൽ ഈ ഭാഗം കൂട്ടിച്ചേർത്തതു ലൂക്ക 15:19-മായി ചേർന്നുപോകാൻവേണ്ടിയാണെന്നു ചില പണ്ഡിതന്മാർ കരുതുന്നു.
കുപ്പായം . . . മോതിരം . . . ചെരിപ്പ്: ഏതെങ്കിലും ഒരു കുപ്പായം കൊണ്ടുവരാനല്ല, മറിച്ച് ഏറ്റവും നല്ലതു കൊണ്ടുവരാനാണ് അപ്പൻ പറഞ്ഞത്. ഒരുപക്ഷേ ആദരണീയരായ അതിഥികൾക്കു നൽകിയിരുന്ന, നിറയെ ചിത്രത്തയ്യലുള്ള ഒരു കുപ്പായമായിരുന്നിരിക്കാം ഇത്. കൈയിൽ മോതിരം ഇട്ടുകൊടുത്തത്, അപ്പന്റെ സ്നേഹത്തിന്റെയും പ്രീതിയുടെയും തെളിവായിരുന്നു. തിരികെ വന്ന മകനു നൽകിയ ബഹുമാനത്തിന്റെയും ആദരവിന്റെയും സ്ഥാനത്തിന്റെയും പ്രതീകവും ആയിരുന്നു അത്. സാധാരണയായി അടിമകൾ മോതിരവും ചെരിപ്പും അണിയാറില്ലായിരുന്നു. ഇതിലൂടെ അപ്പൻ ഒരു കാര്യം വ്യക്തമാക്കുകയായിരുന്നു: മകനെ താൻ ഒരു കുടുംബാംഗമായിത്തന്നെയാണു തിരികെ സ്വീകരിക്കുന്നത്.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
ലൂക്ക 14:26-ന്റെ പഠനക്കുറിപ്പ്, nwtsty
വെറുക്കാതെ: ബൈബിളിൽ “വെറുക്കുക” എന്ന പദം പല അർഥത്തിൽ ഉപയോഗിച്ചിട്ടുണ്ട്. അതിനു വൈരാഗ്യത്തിൽനിന്ന് ഉണ്ടാകുന്ന ശത്രുതയെ കുറിക്കാനാകും. അതാകട്ടെ, മറ്റുള്ളവരെ ദ്രോഹിക്കാൻ ഒരാളെ പ്രേരിപ്പിക്കും. ഇനി, ഏതെങ്കിലും വ്യക്തിയോടോ വസ്തുവിനോടോ ഒരാൾക്കു തോന്നുന്ന കടുത്ത അനിഷ്ടത്തെ കുറിക്കാനും “വെറുക്കുക” എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഒരാൾ ആ വ്യക്തിയെയോ വസ്തുവിനെയോ ഏതു വിധേനയും ഒഴിവാക്കാൻ ശ്രമിക്കും. ഇനി, ഒരാളെ സ്നേഹിക്കുന്നതിനെക്കാൾ കുറഞ്ഞ അളവിൽ മറ്റൊരാളെ സ്നേഹിക്കുന്നതിനെ കുറിക്കാനും ഇതേ പദത്തിനാകും. ഉദാഹരണത്തിന്, യാക്കോബ് ലേയയെ ‘വെറുത്തെന്നും’ റാഹേലിനെ സ്നേഹിച്ചെന്നും പറഞ്ഞിരിക്കുന്നതിന്റെ അർഥം, യാക്കോബിനു ലേയയോടുള്ള സ്നേഹം റാഹേലിനോടുള്ളതിനെക്കാൾ കുറവായിരുന്നു എന്നാണ്. (ഉൽ 29:31, അടിക്കുറിപ്പ്; ആവ 21:15, അടിക്കുറിപ്പ്.) ഈ പദം ഇതേ അർഥത്തിൽ മറ്റു പുരാതന ജൂതകൃതികളിലും ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ട്, യേശു ഇവിടെ ഉദ്ദേശിച്ചതു തന്റെ അനുഗാമികൾക്കു തങ്ങളുടെ കുടുംബാംഗങ്ങളോടോ തങ്ങളോടുതന്നെയോ ശത്രുതയോ അനിഷ്ടമോ തോന്നണമെന്നല്ല; കാരണം ആ ആശയം മറ്റു തിരുവെഴുത്തുഭാഗങ്ങളുമായി യോജിക്കുകയില്ല. (മർ 12:29-31; എഫ 5:28, 29, 33 എന്നിവ താരതമ്യം ചെയ്യുക.) അതുകൊണ്ടുതന്നെ ഈ വാക്യത്തിൽ, ‘വെറുക്കുക’ എന്ന പദത്തിന്റെ സ്ഥാനത്ത് “എന്നോടുള്ളതിനെക്കാൾ കുറഞ്ഞ അളവിൽ സ്നേഹിക്കുക” എന്ന പരിഭാഷയും ചേരും.