പഠനലേഖനം 9
ചെറുപ്പക്കാരേ, നിങ്ങൾക്ക് എങ്ങനെ മറ്റുള്ളവരുടെ വിശ്വാസം നേടാം?
“മഞ്ഞുതുള്ളികൾപോലെ . . . യുവാക്കളുടെ ഒരു സേന അങ്ങയ്ക്കുണ്ട്!”—സങ്കീ. 110:3.
ഗീതം 39 ദൈവമുമ്പാകെ സത്പേര് നേടാം
പൂർവാവലോകനംa
1. നമുക്കിടയിലെ ചെറുപ്പക്കാരെക്കുറിച്ച് എന്തു പറയാൻ കഴിയും?
ചെറുപ്പക്കാരേ, സഭയ്ക്കുവേണ്ടി നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും. നിങ്ങൾ കരുത്തരും ഊർജസ്വലരും ആണ്. (സുഭാ. 20:29) നിങ്ങളുടെ സഭയ്ക്ക് നിങ്ങൾ ശരിക്കും ഒരു മുതൽക്കൂട്ടാണ്. സഭയിൽ ഒരു ശുശ്രൂഷാദാസനായി സേവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ? നിങ്ങൾ ചെറുപ്പമാണെന്നും പ്രധാനപ്പെട്ട ജോലികൾ ഏൽപ്പിക്കാൻമാത്രം ആയിട്ടില്ലെന്നും മറ്റുള്ളവർ കരുതുന്നതായി നിങ്ങൾ ചിന്തിച്ചേക്കാം. നിങ്ങൾ ചെറുപ്പമാണെങ്കിലും സഭയിലുള്ളവരുടെ വിശ്വാസവും ആദരവും നേടിയെടുക്കാൻ നിങ്ങൾക്ക് പലതും ചെയ്യാനാകും.
2. ഈ ലേഖനത്തിൽ നമ്മൾ എന്തെല്ലാമാണ് പഠിക്കാൻപോകുന്നത്?
2 ഈ ലേഖനത്തിൽ നമ്മൾ പ്രധാനമായും ദാവീദ് രാജാവിനെക്കുറിച്ചാണ് പഠിക്കാൻപോകുന്നത്. യഹൂദാരാജാക്കന്മാരായിരുന്ന ആസയെയും യഹോശാഫാത്തിനെയും കുറിച്ചും ചുരുക്കമായി ചിന്തിക്കും. ഈ മൂന്നു രാജാക്കന്മാർ നേരിട്ട ചില പ്രശ്നങ്ങളും അവർ അതിനോട് പ്രതികരിച്ച വിധവും അവരിൽനിന്ന് ഇന്നത്തെ ചെറുപ്പക്കാർക്ക് എന്ത് പഠിക്കാമെന്നും നമ്മൾ മനസ്സിലാക്കും.
ദാവീദ് രാജാവിൽനിന്ന് പഠിക്കുക
3. ചെറുപ്പക്കാർക്ക് സഭയിലെ പ്രായമായവരെ സഹായിക്കാൻ കഴിയുന്ന ഒരു വിധം ഏത്?
3 ചെറുപ്പംമുതൽത്തന്നെ യഹോവയുമായി ദാവീദിന് ഒരു അടുത്ത സൗഹൃദമുണ്ടായിരുന്നു. കൂടാതെ, മറ്റുള്ളവർക്കു പ്രയോജനം ചെയ്യുന്ന കഴിവുകളും ദാവീദ് വളർത്തിയെടുത്തു. സംഗീതത്തിൽ പ്രാവീണ്യം നേടാൻ ദാവീദ് നന്നായി അധ്വാനിച്ചു. ദൈവം നിയമിച്ച രാജാവായ ശൗലിനെ സഹായിക്കാൻ തന്റെ ആ കഴിവ് ഉപയോഗിക്കുകയും ചെയ്തു. (1 ശമു. 16:16, 23) സഭയിലെ സഹോദരങ്ങൾക്ക് പ്രയോജനം ചെയ്യുന്ന ഏതെങ്കിലുമൊക്കെ കഴിവുകൾ നിങ്ങൾക്കുമില്ലേ? തീർച്ചയായും ഉണ്ട്. ഉദാഹരണത്തിന്, വ്യക്തിപരമായ പഠനത്തിനും മീറ്റിങ്ങുകൾക്കും തങ്ങളുടെ ടാബുകളും ഇലക്ട്രോണിക് ഉപകരണങ്ങളും നന്നായി ഉപയോഗിക്കുന്നതിന് സഭയിലെ പ്രായമായ പലർക്കും സഹായം ആവശ്യമാണ്. ഇക്കാര്യത്തിൽ നിങ്ങൾ ചെയ്ത സഹായം അവർക്ക് പ്രയോജനം ചെയ്യുന്നതും അവർ വിലമതിക്കുന്നതും നിങ്ങൾ കണ്ടിട്ടില്ലേ? അതെ, സാങ്കേതികവിദ്യയിൽ നിങ്ങൾക്കുള്ള ഈ അറിവ് സഭയിലെ പ്രായമുള്ളവർക്ക് വളരെയധികം പ്രയോജനം ചെയ്യും.
4. ദാവീദിനെപ്പോലെ ചെറുപ്പക്കാരായ സഹോദരങ്ങൾ ഏതു ഗുണങ്ങൾ വളർത്തിയെടുക്കണം? (പുറംതാളിലെ ചിത്രം കാണുക.)
4 താൻ ഉത്തരവാദിത്വബോധമുള്ളവനും ആശ്രയയോഗ്യനും ആണെന്ന് ദാവീദ് തന്റെ പ്രവർത്തനങ്ങളിലൂടെ തെളിയിച്ചു. ഉദാഹരണത്തിന്, ചെറുപ്പമായിരുന്നപ്പോൾ ദാവീദ് തന്റെ അപ്പന്റെ ആടുകളെ നോക്കുന്ന ജോലി വളരെ ശ്രദ്ധയോടെയും ഉത്തരവാദിത്വത്തോടെയും ചെയ്തു. അതൊരു അപകടംപിടിച്ച ജോലിയായിരുന്നു. പിന്നീട് ഒരിക്കൽ ദാവീദ് അതെക്കുറിച്ച് ശൗൽ രാജാവിനോട് ഇങ്ങനെ പറഞ്ഞു. “അങ്ങയുടെ ഈ ദാസൻ അപ്പന്റെ ആട്ടിൻപറ്റത്തെ മേയ്ക്കുമ്പോൾ ഒരിക്കൽ ഒരു സിംഹവും മറ്റൊരിക്കൽ ഒരു കരടിയും വന്ന് ആട്ടിൻപറ്റത്തിൽനിന്ന് ആടിനെ പിടിച്ചുകൊണ്ടുപോയി. ഞാൻ പുറകേ ചെന്ന് അതിനെ അടിച്ചുവീഴ്ത്തി അതിന്റെ വായിൽനിന്ന് ആടിനെ രക്ഷിച്ചു.” (1 ശമു. 17:34, 35) ആടുകളെ താൻ സംരക്ഷിക്കേണ്ടതുണ്ടെന്ന് ദാവീദിന് അറിയാമായിരുന്നു. അതുകൊണ്ട് അവൻ ധൈര്യത്തോടെ വന്യമൃഗങ്ങളോടുപോലും പോരാടി. അതുപോലെ, ചെറുപ്പക്കാരായ സഹോദരന്മാർക്ക് ദാവീദിനെ അനുകരിച്ചുകൊണ്ട് തങ്ങളെ ഏൽപ്പിക്കുന്ന നിയമനങ്ങൾ ഉത്സാഹത്തോടെയും ഉത്തരവാദിത്വത്തോടെയും ചെയ്യാൻ കഴിയും.
5. സങ്കീർത്തനം 25:14 അനുസരിച്ച് ചെറുപ്പക്കാർക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനകാര്യം എന്താണ്?
5 ചെറുപ്പത്തിലേതന്നെ ദാവീദ് യഹോവയുമായി വളരെ അടുത്ത ബന്ധം വളർത്തിയെടുത്തിരുന്നു. ആ ബന്ധമായിരുന്നു ദാവീദിന് തന്റെ ധൈര്യത്തെക്കാളും കിന്നരം വായിക്കാനുള്ള കഴിവിനെക്കാളും ഒക്കെ പ്രധാനം. ദാവീദിന് യഹോവ ദൈവം മാത്രമായിരുന്നില്ല, ഒരു സുഹൃത്തും കൂടിയായിരുന്നു, ഉറ്റസുഹൃത്ത്. (സങ്കീർത്തനം 25:14 വായിക്കുക.) അതുകൊണ്ട് ചെറുപ്പക്കാരേ, യഹോവയുമായി ഒരു അടുത്തബന്ധം വളർത്തിയെടുക്കുക. അതാണ് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. അപ്പോൾ കൂടുതലായ പല നിയമനങ്ങളും നിങ്ങളെ തേടിയെത്തിയേക്കാം.
6. ചിലർക്ക് ദാവീദിനെക്കുറിച്ച് എന്തൊക്കെ തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നു?
6 മറ്റുള്ളവർക്ക് തന്നെക്കുറിച്ചുണ്ടായിരുന്ന തെറ്റായ ധാരണകൾ ദാവീദിന് മറികടക്കേണ്ടിവന്നു. ഉദാഹരണത്തിന്, ഗൊല്യാത്തിനെ നേരിടാൻ ദാവീദ് സ്വമനസ്സാലെ മുന്നോട്ടുവന്നപ്പോൾ “നീ ഒരു കൊച്ചുപയ്യനല്ലേ” എന്ന് പറഞ്ഞ് ശൗൽ രാജാവ് ദാവീദിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. (1 ശമു. 17:31-33) അതിനു തൊട്ടുമുമ്പാണ് സ്വന്തം ചേട്ടൻപോലും ദാവീദ് ഉത്തരവാദിത്വബോധം ഇല്ലാത്തവനാണെന്ന് ആരോപിച്ചത്. (1 ശമു. 17:26-30) പക്ഷേ, വെറും ഒരു കൊച്ചുപയ്യനായിട്ടോ ഉത്തരവാദിത്വബോധം ഇല്ലാത്തവനായിട്ടോ അല്ല യഹോവ ദാവീദിനെ കണ്ടത്. യഹോവയ്ക്ക് ആ ചെറുപ്പക്കാരനെ നന്നായി അറിയാമായിരുന്നു. ശക്തിക്കായി തന്റെ സുഹൃത്തായ യഹോവയിൽ ആശ്രയിച്ച ദാവീദ് ഗൊല്യാത്തിനെ കീഴടക്കുകയും ചെയ്തു.—1 ശമു. 17:45, 48-51.
7. ദാവീദിന്റെ അനുഭവത്തിൽനിന്ന് നിങ്ങൾ എന്തെല്ലാം പഠിച്ചു?
7 ദാവീദിന്റെ അനുഭവത്തിൽനിന്ന് നമുക്കുള്ള പാഠം എന്താണ്? നമ്മൾ ക്ഷമയോടെ കാത്തിരിക്കാൻ മനസ്സുള്ളവരായിരിക്കണം. വളരെ ചെറുപ്പംമുതലേ നിങ്ങളെ അറിയാവുന്ന ഒരാൾക്ക് നിങ്ങളെ ഒരു മുതിർന്ന ആളായി കാണാൻ സമയം എടുത്തേക്കാം. എന്നാൽ യഹോവ നിങ്ങളുടെ പുറമേയുള്ള കാര്യങ്ങൾ മാത്രമല്ല നോക്കുന്നത്, നിങ്ങൾ എങ്ങനെയുള്ള ആളാണെന്നും നിങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നും യഹോവയ്ക്ക് നന്നായി അറിയാം. (1 ശമു. 16:7) ദാവീദിന്റെ അനുഭവത്തിൽനിന്ന് പഠിക്കാനാകുന്ന മറ്റൊരു പാഠം യഹോവയുമായുള്ള നിങ്ങളുടെ ബന്ധം ശക്തമാക്കുക എന്നതാണ്. ദാവീദ് അതിനായി യഹോവയുടെ സൃഷ്ടികളെ അടുത്ത് നിരീക്ഷിച്ചു. അതെല്ലാം സ്രഷ്ടാവിനെക്കുറിച്ച് എന്തൊക്കെയാണ് പഠിപ്പിക്കുന്നതെന്ന് ദാവീദ് സമയമെടുത്ത് ചിന്തിച്ചു. (സങ്കീ. 8:3, 4; 139:14; റോമ. 1:20) ഇനി, നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന മറ്റൊരു കാര്യം ശക്തിക്കായി യഹോവയിൽ ആശ്രയിക്കുക എന്നതാണ്. ഉദാഹരണത്തിന്, നിങ്ങളൊരു യഹോവയുടെ സാക്ഷിയായതുകൊണ്ട് കൂട്ടുകാർ നിങ്ങളെ കളിയാക്കാറുണ്ടോ? ആ പ്രശ്നം നേരിടുന്നതിനായി യഹോവയോട് സഹായം ചോദിക്കുക. കൂടാതെ, ദൈവവചനത്തിൽനിന്നും ബൈബിൾ പ്രസിദ്ധീകരണങ്ങളിൽനിന്നും വീഡിയോകളിൽനിന്നും ഒക്കെ നിങ്ങൾ കണ്ടെത്തുന്ന നിർദേശങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുക. ഓരോ പ്രാവശ്യവും പ്രശ്നങ്ങൾ പരിഹരിക്കാൻ യഹോവ നിങ്ങളെ സഹായിക്കുന്നതു കാണുമ്പോൾ യഹോവയിലുള്ള നിങ്ങളുടെ വിശ്വാസം വർധിക്കും, നിങ്ങൾ യഹോവയെ കൂടുതൽ ആശ്രയിക്കും. നിങ്ങൾ യഹോവയിൽ ആശ്രയിക്കുന്നത് മറ്റുള്ളവർ കാണുമ്പോൾ അവർ നിങ്ങളെ കൂടുതൽ വിശ്വസിക്കും.
8-9. രാജാവാകുന്നതുവരെ ക്ഷമയോടെ കാത്തിരിക്കാൻ ദാവീദിനെ എന്തു സഹായിച്ചു? അതിൽനിന്ന് ഇന്നത്തെ ചെറുപ്പക്കാർക്ക് എന്തു പഠിക്കാം?
8 ദാവീദ് നേരിട്ട മറ്റൊരു സാഹചര്യം നോക്കാം. ഭാവിരാജാവായി അഭിഷേകം ചെയ്യപ്പെട്ടെങ്കിലും യഹൂദയുടെ രാജാവാകാൻ ദാവീദിനു വർഷങ്ങളോളം കാത്തിരിക്കേണ്ടിവന്നു. (1 ശമു. 16:13; 2 ശമു. 2:3, 4) ക്ഷമയോടെ കാത്തിരിക്കാൻ ദാവീദിനെ എന്താണ് സഹായിച്ചത്? നിരുത്സാഹപ്പെട്ട് തളർന്നുപോകുന്നതിനു പകരം തന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ ദാവീദ് ശ്രദ്ധ കേന്ദ്രീകരിച്ചു. ഫെലിസ്ത്യരുടെ ദേശത്ത് ഒരു അഭയാർഥിയായിരുന്നപ്പോൾ ഇസ്രായേല്യരുടെ ശത്രുക്കളോട് പോരാടാനായി ദാവീദ് ആ സമയം ഉപയോഗിച്ചു. അങ്ങനെ ദാവീദ് യഹൂദാദേശത്തിന്റെ അതിർത്തി സംരക്ഷിച്ചു.—1 ശമു. 27:1-12.
9 ദാവീദിന്റെ ഈ അനുഭവത്തിൽനിന്ന് നിങ്ങൾക്ക് എന്തു പഠിക്കാം? സഹോദരങ്ങളെ സേവിക്കാൻ നിങ്ങൾക്ക് ലഭിക്കുന്ന എല്ലാ അവസരങ്ങളും നന്നായി ഉപയോഗിക്കുക. റിക്കാർഡോ എന്ന സഹോദരന്റെ അനുഭവം നോക്കാം.b ഒരു സാധാരണ മുൻനിരസേവകനാകണമെന്നത് ചെറുപ്പംതൊട്ടേ റിക്കാർഡോയുടെ ആഗ്രഹമായിരുന്നു. പക്ഷേ റിക്കാർഡോ കുറച്ചുകൂടെ പുരോഗമിക്കാനുണ്ടെന്നു മൂപ്പന്മാർ പറഞ്ഞു. എന്നാൽ മൂപ്പന്മാർ അങ്ങനെ പറഞ്ഞതിന്റെ പേരിൽ റിക്കാർഡോ ദേഷ്യപ്പെടുകയോ തന്റെ ആഗ്രഹം വിട്ടുകളയുകയോ ചെയ്തില്ല. പകരം ശുശ്രൂഷയിൽ കൂടുതൽ സമയം ഏർപ്പെടാൻ തീരുമാനിച്ചു. റിക്കാർഡോ പറയുന്നു: “അങ്ങനെ ചെയ്തത് നന്നായെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു. കാരണം എനിക്ക് പല കാര്യങ്ങളിലും പുരോഗമിക്കേണ്ടതുണ്ടായിരുന്നു. താത്പര്യം കാണിക്കുന്ന എല്ലാവരുടെയും അടുത്ത് മടങ്ങിപ്പോകാൻ ഞാൻ ലക്ഷ്യംവെച്ചു. ഒപ്പം മടക്കസന്ദർശനങ്ങൾക്ക് നന്നായി തയ്യാറായി പോകാനും തുടങ്ങി. അങ്ങനെ ആദ്യമായിട്ട് ഒരു ബൈബിൾപഠനം തുടങ്ങാനും എനിക്ക് കഴിഞ്ഞു. എത്ര കൂടുതൽ ഞാൻ ശുശ്രൂഷയ്ക്ക് പോയോ അതിനനുസരിച്ച് എന്റെ പേടിയും മാറി.” റിക്കാർഡോ ഇപ്പോൾ ഒരു മുൻനിരസേവകനും ശുശ്രൂഷാദാസനും ആണ്.
10. ഒരു അവസരത്തിൽ പ്രധാനപ്പെട്ട തീരുമാനമെടുക്കുന്നതിനു മുമ്പ് ദാവീദ് എന്തു ചെയ്തു?
10 ദാവീദിന്റെ ജീവിതത്തിലെ മറ്റൊരു അനുഭവം നോക്കാം. ദാവീദും കൂട്ടരും അഭയാർഥികളായി കഴിഞ്ഞ സമയത്ത് അവർ തങ്ങളുടെ കുടുംബത്തെ വിട്ട് യുദ്ധത്തിനായി പോയി. പുരുഷന്മാരൊക്കെ ദൂരെയായിരിക്കെ ശത്രുക്കൾ ഒരു മിന്നലാക്രമണം നടത്തുകയും വീട്ടിൽ ഉണ്ടായിരുന്നവരെയെല്ലാം പിടിച്ചുകൊണ്ട് പോകുകയും ചെയ്തു. ‘ഞാൻ നല്ല യുദ്ധപരിചയമുള്ള ഒരു യോദ്ധാവാണല്ലോ; അതുകൊണ്ട് എളുപ്പം ഒരു തന്ത്രം ഉപയോഗിച്ച് പിടിച്ചുകൊണ്ടുപോയവരെ എനിക്ക് രക്ഷിക്കാനാകും’ എന്ന് ദാവീദിനു വേണമെങ്കിൽ ചിന്തിക്കാമായിരുന്നു. എന്നാൽ ദാവീദ് അങ്ങനെ ചെയ്തില്ല. പകരം മാർഗനിർദേശത്തിനായി യഹോവയിലേക്ക് നോക്കി. അബ്യാഥാർ പുരോഹിതന്റെ സഹായത്തോടെ ദാവീദ് യഹോവയോട് ഇങ്ങനെ ചോദിച്ചു. “ഞാൻ ഈ കവർച്ചപ്പടയെ പിന്തുടർന്ന് ചെല്ലണോ?” അവരെ പിന്തുടർന്ന് ചെല്ലാൻ യഹോവ ദാവീദിനോട് ആവശ്യപ്പെട്ടു. അവർ കൊണ്ടുപോയത് എല്ലാം വീണ്ടെടുക്കാനാകും എന്ന് ഉറപ്പും കൊടുത്തു. (1 ശമു. 30:7-10) ഈ സംഭവത്തിൽനിന്ന് എന്തു പഠിക്കാനാകും?
11. തീരുമാനങ്ങളെടുക്കുന്നതിനു മുമ്പ് നിങ്ങൾ എന്തു ചെയ്യണം?
11 തീരുമാനമെടുക്കുന്നതിനു മുമ്പ് മറ്റുള്ളവരുടെ ഉപദേശം തേടുക. മാതാപിതാക്കൾക്ക് നിങ്ങളെ സഹായിക്കാനാകും. അനുഭവപരിചയമുള്ള മൂപ്പന്മാർക്കും നിങ്ങൾക്ക് നല്ല നിർദേശങ്ങൾ തരാനാകും. യഹോവയ്ക്ക് ഈ നിയമിതപുരുഷന്മാരെ വിശ്വാസമാണ്. നിങ്ങൾക്കും അവരെ വിശ്വസിക്കാം. യഹോവ അവരെ സഭയ്ക്കുള്ള “സമ്മാനങ്ങളായി” നൽകിയിരിക്കുന്നു. (എഫെ. 4:8) അവരുടെ വിശ്വാസം അനുകരിക്കുകയും അവർ നൽകുന്ന നിർദേശങ്ങൾ ശ്രദ്ധിക്കുകയും ചെയ്യുമ്പോൾ നിങ്ങൾക്ക് നല്ല തീരുമാനങ്ങളെടുക്കാൻ കഴിയും. ഇനി, നമുക്ക് ആസ രാജാവിൽനിന്ന് എന്തു പഠിക്കാം എന്നു നോക്കാം.
ആസ രാജാവിൽനിന്ന് പഠിക്കുക
12. ഭരണം ആരംഭിച്ചപ്പോൾ ആസ രാജാവിന് ഉണ്ടായിരുന്ന നല്ല ഗുണങ്ങൾ ഏതൊക്കെയാണ്?
12 ചെറുപ്പക്കാരനായിരുന്ന ആസ രാജാവ് താഴ്മയുള്ളവനും ധൈര്യശാലിയും ആയിരുന്നു. അപ്പനായ അബീയയുടെ മരണത്തിനു ശേഷം രാജാവായ ആസ വിഗ്രഹാരാധന നീക്കംചെയ്യാൻ ശക്തമായ നടപടികൾ സ്വീകരിച്ചു. കൂടാതെ, “ആസ യഹൂദയിലെ ആളുകളോട്, അവരുടെ പൂർവികരുടെ ദൈവമായ യഹോവയെ അന്വേഷിക്കാനും ദൈവത്തിന്റെ നിയമവും കല്പനയും ആചരിക്കാനും ആവശ്യപ്പെട്ടു.” (2 ദിന. 14:1-7) എത്യോപ്യക്കാരനായ സേരഹ് പത്തു ലക്ഷം പടയാളികളുമായി യഹൂദയെ ആക്രമിക്കാൻ വന്നപ്പോൾ ആസ ജ്ഞാനപൂർവം യഹോവയോട് ഇങ്ങനെ അപേക്ഷിച്ചു: “യഹോവേ, അങ്ങ് സഹായിക്കുന്നവർ ആൾബലമുള്ളവരാണോ ശക്തിയില്ലാത്തവരാണോ എന്നതൊന്നും അങ്ങയ്ക്കൊരു പ്രശ്നമല്ലല്ലോ. ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ സഹായിക്കേണമേ. ഞങ്ങൾ അങ്ങയിൽ ആശ്രയിക്കുന്നു.” തന്നെയും തന്റെ ജനത്തെയും രക്ഷിക്കാനുള്ള യഹോവയുടെ കഴിവിൽ ആസയ്ക്ക് എത്രമാത്രം വിശ്വാസമുണ്ടായിരുന്നു എന്ന് ഈ മനോഹരമായ വാക്കുകൾ തെളിയിക്കുന്നു. അതെ, ആസ തന്റെ സ്വർഗീയപിതാവിൽ ആശ്രയിച്ചു. യഹോവ എത്യോപ്യരെ തോൽപ്പിച്ച് ഓടിച്ചു.—2 ദിന. 14:8-12.
13. ആസ എന്തു ചെയ്യുന്നതിൽ പരാജയപ്പെട്ടു? എന്തായിരുന്നു അതിന്റെ പരിണതഫലം?
13 പത്തു ലക്ഷം പടയാളികളുള്ള ഒരു സേനയെ നേരിടുക എന്നത് ആർക്കും പേടി തോന്നുന്ന ഒരു കാര്യംതന്നെയായിരുന്നു. പക്ഷേ യഹോവയിൽ ആശ്രയിച്ചതുകൊണ്ട് ആസ അതിൽ വിജയിച്ചു. എന്നാൽ ഇസ്രായേലിലെ ദുഷ്ടരാജാവായ ബയെശ ഭീഷണിപ്പെടുത്തിയപ്പോൾ ആസ യഹോവയിൽ ആശ്രയിച്ചില്ല. പകരം, സിറിയയിലെ രാജാവിനോടാണു സഹായം ചോദിച്ചത്. ആ തീരുമാനം ഒരു ദുരന്തത്തിൽ കലാശിക്കുകയും ചെയ്തു. പ്രവാചകനായ ഹനാനിയിലൂടെ യഹോവ ആസയോട് പറഞ്ഞു: “നീ നിന്റെ ദൈവമായ യഹോവയിൽ ആശ്രയിക്കാതെ സിറിയയിലെ രാജാവിൽ ആശ്രയിച്ചതുകൊണ്ട് സിറിയയിലെ രാജാവിന്റെ സൈന്യം നിന്റെ കൈയിൽനിന്ന് രക്ഷപ്പെട്ടിരിക്കുന്നു.” അന്നുമുതൽ ആസയ്ക്ക് പല യുദ്ധങ്ങളും നേരിടേണ്ടിവന്നു. (2 ദിന. 16:7, 9; 1 രാജാ. 15:32) എന്താണ് നിങ്ങൾക്കുള്ള പാഠം?
14. നിങ്ങൾക്ക് എങ്ങനെ യഹോവയിൽ ആശ്രയിക്കാൻ കഴിയും? 1 തിമൊഥെയൊസ് 4:12 അനുസരിച്ച് അങ്ങനെ ചെയ്യുന്നതുകൊണ്ടുള്ള പ്രയോജനമെന്ത്?
14 എപ്പോഴും താഴ്മയുള്ളവരായിരിക്കുക, എപ്പോഴും യഹോവയിൽ ആശ്രയിക്കുക. സ്നാനപ്പെട്ട സമയത്ത് നിങ്ങൾ യഹോവയിൽ വലിയ വിശ്വാസം കാണിച്ചു, യഹോവയിൽ ആശ്രയിക്കുകയും ചെയ്തു. യഹോവ സന്തോഷത്തോടെ തന്റെ കുടുംബത്തിന്റെ ഭാഗമാകാനുള്ള പദവിയും നിങ്ങൾക്ക് നൽകി. യഹോവയിൽ ആശ്രയിക്കുന്നതിൽ തുടരുക, അതാണ് ഇനി നിങ്ങൾ ചെയ്യേണ്ടത്. ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുമ്പോൾ യഹോവയിൽ ആശ്രയിക്കാൻ എളുപ്പമായിരിക്കാം. എന്നാൽ മറ്റ് അവസരങ്ങളിലോ? ജീവിതത്തിലെ ചെറുതോ വലുതോ ആയ ഏത് തീരുമാനമെടുക്കുമ്പോഴും, അത് വിനോദമായാലും ജോലിയായാലും ജീവിതത്തിലെ ലക്ഷ്യങ്ങളായാലും എല്ലായ്പോഴും യഹോവയിൽ ആശ്രയിക്കേണ്ടത് പ്രധാനമല്ലേ? നിങ്ങൾ ഒരിക്കലും സ്വന്തം ജ്ഞാനത്തിൽ ആശ്രയിക്കരുത്. പകരം ഓരോ സാഹചര്യത്തിലും അതിനോട് ബന്ധപ്പെട്ട ബൈബിൾതത്ത്വങ്ങൾ കണ്ടെത്തുക, അതിനനുസരിച്ച് പ്രവർത്തിക്കുക. (സുഭാ. 3:5, 6) അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ യഹോവയെ സന്തോഷിപ്പിക്കും, സഭയിലെ മറ്റുള്ളവരുടെ ആദരവ് നേടിയെടുക്കാനും നിങ്ങൾക്ക് കഴിയും.—1 തിമൊഥെയൊസ് 4:12 വായിക്കുക.
യഹോശാഫാത്ത് രാജാവിൽനിന്ന് പഠിക്കുക
15. 2 ദിനവൃത്താന്തം 18:1-3; 19:2 വാക്യങ്ങളനുസരിച്ച് യഹോശാഫാത്ത് രാജാവിന് എന്തൊക്കെ തെറ്റുകളാണ് പറ്റിയത്?
15 നമ്മൾ എല്ലാവരും അപൂർണരാണ്. നമുക്കെല്ലാം തെറ്റുകൾ പറ്റാറുണ്ട്. പക്ഷേ അത് യഹോവയെ സേവിക്കുന്നതിനു നിങ്ങൾക്ക് ഒരു തടസ്സമാകരുത്. യഹോശാഫാത്ത് രാജാവിന്റെ അനുഭവം നോക്കുക. അദ്ദേഹത്തിന് ധാരാളം നല്ല ഗുണങ്ങൾ ഉണ്ടായിരുന്നു. തന്റെ ഭരണത്തിന്റെ തുടക്കംമുതൽത്തന്നെ അദ്ദേഹം “അപ്പന്റെ ദൈവത്തെ അന്വേഷിച്ച് ദൈവത്തിന്റെ കല്പന അനുസരിച്ച് നടന്നു.” കൂടാതെ, അദ്ദേഹം പ്രഭുക്കന്മാരെ അയച്ച് യഹൂദാനഗരങ്ങളിൽ ഉള്ളവരെ യഹോവയെക്കുറിച്ച് പഠിപ്പിച്ചു. (2 ദിന. 17:4, 7) ഇത്രയൊക്കെ ആത്മാർത്ഥതയുള്ള ആളായിരുന്നിട്ടും യഹോശാഫാത്ത് ചില സമയങ്ങളിൽ തെറ്റായ തീരുമാനങ്ങളെടുത്തു. അങ്ങനെ ഒരു തെറ്റായ തീരുമാനമെടുത്തപ്പോൾ യഹോശാഫാത്തിന് യഹോവയുടെ ഒരു പ്രതിനിധിയിൽനിന്ന് താക്കീത് കിട്ടുകപോലും ചെയ്തു. (2 ദിനവൃത്താന്തം 18:1-3; 19:2 വായിക്കുക.) ഇതിൽനിന്ന് എന്തു പഠിക്കാം?
16. രാജീവിന്റെ അനുഭവത്തിൽനിന്നും നിങ്ങൾക്ക് എന്തു പഠിക്കാനാകും?
16 ബുദ്ധിയുപദേശം ലഭിക്കുമ്പോൾ അത് സ്വീകരിക്കുക, അതനുസരിച്ച് പ്രവർത്തിക്കുക. മിക്ക ചെറുപ്പക്കാരെയുംപോലെ ദൈവസേവനം ഒന്നാമതു വെക്കാൻ നിങ്ങളും ബുദ്ധിമുട്ടുന്നുണ്ടാകും. അതിൽ നിരാശപ്പെടേണ്ട. ചെറുപ്പക്കാരനായ രാജീവിന്റെ അനുഭവം നോക്കുക. തന്റെ കൗമാരകാലത്തെക്കുറിച്ച് അദ്ദേഹം പറയുന്നു: “ആ വർഷങ്ങളിൽ പലപ്പോഴും ഒരു തീരുമാനമെടുക്കാൻ പറ്റാത്തതുപോലെ തോന്നുമായിരുന്നു. മിക്ക ചെറുപ്പക്കാരെയുംപോലെ മീറ്റിങ്ങിനും ശുശ്രൂഷയ്ക്കും പോകുന്നതിനെക്കാൾ എനിക്ക് ഇഷ്ടം സ്പോർട്സും കൂട്ടുകാരുടെ കൂടെയായിരിക്കുന്നതും ഒക്കെയായിരുന്നു.” രാജീവിന് എന്ത് സഹായം ലഭിച്ചു? രാജീവിന് സഹായം ആവശ്യമാണെന്ന് മനസ്സിലാക്കിയ ഒരു മൂപ്പൻ വേണ്ട ഉപദേശം നൽകി. രാജീവ് പറയുന്നു: “1 തിമൊഥെയൊസ് 4:8-ൽ കാണുന്ന ബൈബിൾതത്ത്വത്തെക്കുറിച്ച് ചിന്തിക്കാൻ അദ്ദേഹം എന്നെ സഹായിച്ചു.” രാജീവ് താഴ്മയോടെ ആ ഉപദേശം സ്വീകരിച്ചു. തന്റെ ജീവിതത്തിൽ ഏതു കാര്യത്തിന് മുൻതൂക്കം കൊടുക്കണമെന്ന് ചിന്തിക്കുകയും ചെയ്തു. അത് രാജീവിന് എങ്ങനെ ഗുണം ചെയ്തു? അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്: “ആത്മീയകാര്യങ്ങൾക്ക് ഒന്നാം സ്ഥാനം നൽകാൻ ഞാൻ തീരുമാനിച്ചു. കുറച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ ഒരു ശുശ്രൂഷാദാസനാകാനും എനിക്ക് കഴിഞ്ഞു.”
സ്വർഗീയപിതാവ് നിങ്ങളെക്കുറിച്ച് ഓർത്ത് അഭിമാനിക്കട്ടെ!
17. ചെറുപ്പക്കാർ യഹോവയെ സേവിക്കുന്നതു കാണുമ്പോൾ പ്രായമായവർക്ക് എന്തു തോന്നുന്നു?
17 തങ്ങളോടൊപ്പം “തോളോടുതോൾ ചേർന്ന്” യഹോവയെ സേവിക്കുന്ന ചെറുപ്പക്കാരായ നിങ്ങളെ പ്രായമുള്ളവർ വളരെയധികം വിലമതിക്കുന്നു. (സെഫ. 3:9) നിങ്ങളെ ഏൽപ്പിച്ചിരിക്കുന്ന നിയമനങ്ങൾ ചെയ്യാൻ നിങ്ങൾ കാണിക്കുന്ന ചുറുചുറുക്കും ഉത്സാഹവും അവർ വളരെയധികം ഇഷ്ടപ്പെടുന്നു. അതെ, നിങ്ങൾ അവർക്ക് പ്രിയപ്പെട്ടവരാണ്.—1 യോഹ. 2:14.
18. സുഭാഷിതങ്ങൾ 27:11 അനുസരിച്ച് ചെറുപ്പക്കാർ തന്നെ സേവിക്കുന്നതു കാണുമ്പോൾ യഹോവയ്ക്ക് എന്തു തോന്നുന്നു?
18 ചെറുപ്പക്കാരേ, യഹോവയ്ക്ക് നിങ്ങളെ വളരെ ഇഷ്ടമാണ്. യഹോവ നിങ്ങളെ വിശ്വസിക്കുകയും ചെയ്യുന്നു. അത് നിങ്ങൾ ഒരിക്കലും മറക്കരുത്. അവസാനകാലത്ത് തങ്ങളെത്തന്നെ സ്വമനസ്സാലെ വിട്ടുകൊടുക്കുന്ന യുവാക്കളുടെ ഒരു സേന തനിക്കുണ്ടായിരിക്കുമെന്ന് യഹോവ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്. (സങ്കീ. 110:1-3) നിങ്ങൾ യഹോവയെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്നും നിങ്ങളുടെ പരമാവധി ദൈവത്തെ സേവിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും യഹോവയ്ക്ക് അറിയാം. അതുകൊണ്ട് ക്ഷമയോടെ കാത്തിരിക്കുന്നവർ ആയിരിക്കുക. തെറ്റുകൾ പറ്റുമ്പോൾ ലഭിക്കുന്ന ശിക്ഷണം യഹോവയിൽനിന്നുള്ളതാണെന്ന് മനസ്സിലാക്കി അത് സ്വീകരിക്കുക, ആ ഉപദേശങ്ങൾക്ക് ചേർച്ചയിൽ പ്രവർത്തിക്കുക. (എബ്രാ. 12:6) നിങ്ങൾക്ക് ലഭിക്കുന്ന നിയമനങ്ങൾ ഉത്സാഹത്തോടെയും ഉത്തരവാദിത്വത്തോടെയും ചെയ്യുക. ഏറ്റവും പ്രധാനമായി, നിങ്ങളുടെ സ്വർഗീയപിതാവിന് അഭിമാനം തോന്നുന്ന രീതിയിൽ ആയിരിക്കട്ടെ നിങ്ങളുടെ പ്രവർത്തനങ്ങൾ.—സുഭാഷിതങ്ങൾ 27:11 വായിക്കുക.
ഗീതം 135 യഹോവയുടെ സ്നേഹത്തോടെയുള്ള അപേക്ഷ: ‘മകനേ, നീ ജ്ഞാനിയായിരിക്ക’
a ചെറുപ്പക്കാർ യഹോവയോട് ഒരു അടുത്ത ബന്ധം വളർത്തിയെടുക്കുമ്പോൾ യഹോവയ്ക്കുവേണ്ടി കൂടുതൽ ചെയ്യാൻ അവർക്ക് ആഗ്രഹം തോന്നും. ശുശ്രൂഷാദാസന്മാരായി യോഗ്യത നേടുന്നതിന് അവർ സഭയുടെ ആദരവ് നേടുകയും നിലനിറുത്തുകയും വേണം. അതിന് അവർക്ക് എന്തൊക്കെ ചെയ്യാൻ കഴിയും?
b ഈ ലേഖനത്തിലെ ചില പേരുകൾ യഥാർഥമല്ല.