ഐസ്ലൻഡ്
ഐസ്ലൻഡ് എന്ന പേരു കേൾക്കുമ്പോൾത്തന്നെ ഐസും ഹിമവും ഇഗ്ലൂകളുമൊക്കെയുള്ള അതികഠിനമായ തണുപ്പുള്ള ഒരു പ്രദേശത്തിന്റെ ചിത്രം മനസ്സിലേക്ക് ഓടിയെത്തിയേക്കാം. ആ ചിത്രത്തെ പൂർണമാക്കുന്ന വിധത്തിലാണ് ഭൂപടത്തിൽ ഈ സ്ഥലത്തിന്റെ സ്ഥാനവും. ഉത്തരധ്രുവത്തോട് ഇത്ര അടുത്തു പാർക്കുന്നവർ ഭൂമിയിൽ അധികമാരുമില്ല. എന്തിന്, ഐസ്ലൻഡിന്റെ വടക്കേ അതിര് ആർട്ടിക് വൃത്തത്തിൽ തൊട്ടുതൊട്ടില്ലാ എന്ന കണക്കെയാണു കിടക്കുന്നത്!
എന്നാൽ, യഥാർഥത്തിൽ, പേരും സ്ഥാനവും സൂചിപ്പിക്കുന്നത്ര തണുപ്പുള്ള പ്രദേശമല്ല ഐസ്ലൻഡ്. ഭൂമധ്യരേഖയുടെ കുറച്ചു വടക്കുനിന്നു രൂപംകൊള്ളുന്ന ഒരു ഉഷ്ണജല സമുദ്രപ്രവാഹത്തിന്റെ പ്രഭാവം അതിന്റെ കാലാവസ്ഥയെ നാം പ്രതീക്ഷിച്ചേക്കാവുന്നതിലും ശൈത്യം കുറഞ്ഞതാക്കുന്നു. ഹിമകുടിലുകളായ ഇഗ്ലൂകൾ ഒന്നുംതന്നെ അവിടെ കാണാനില്ല. ഐസ്ലൻഡിലെ ജനങ്ങളുടെ സാമൂഹിക ജീവിതനിലവാരം വളരെ ഉയർന്നതാണ്. ഭൗമതാപോർജം ഉപയോഗിച്ച് ഉൾവശം ചൂടാക്കാവുന്ന സജ്ജീകരണങ്ങളോടു കൂടിയ, നല്ല രീതിയിൽ പണികഴിപ്പിച്ച അത്യാധുനിക വീടുകളിലാണ് അവർ താമസിക്കുന്നത്.
വൻ വൈവിധ്യങ്ങളുടെ ഒരു നാടാണ് ഐസ്ലൻഡ്. ശൈത്യകാലം മുറുകുന്നതോടെ സൂര്യൻ പകൽസമയത്ത് ചക്രവാളത്തിൽ ഏതാനും മണിക്കൂർ മാത്രം എത്തിനോക്കി മടങ്ങുന്നു. അവിടത്തെ ദൈർഘ്യമേറിയ ഇരുണ്ട ശൈത്യകാല രാത്രികളെ പലപ്പോഴും ഒറോറ ബൊറിയാലിസ് എന്നറിയപ്പെടുന്ന അഭൗമ മനോഹരമായ ഉത്തരധ്രുവദീപ്തി പ്രദർശനങ്ങൾ വർണോജ്ജ്വലമാക്കാറുണ്ടെങ്കിലും പകൽസമയത്ത് സൂര്യൻ അധികം പ്രത്യക്ഷപ്പെടാത്തതു കണ്ടാൽ പുറത്തിറങ്ങാൻ മടികാണിച്ച് ഒളിച്ചിരിക്കുകയാണോ അവൻ എന്നു തോന്നിപ്പോകും. എന്നിരുന്നാലും, അതിന് ഒരു പ്രായശ്ചിത്തം എന്നപോലെ വേനൽക്കാലത്ത് ഏതാനും മാസത്തേക്കു തുടർച്ചയായി സൂര്യപ്രകാശം ലഭിക്കുന്നു. ഈ സമയത്ത് രാജ്യത്തിന്റെ വടക്കേയറ്റത്തെ ചക്രവാളത്തിൽ ഏതാനും ആഴ്ചകളോളം സൂര്യൻ ഒരേനിൽപ്പുനിൽക്കുന്നു. അപ്പോൾ അർധരാത്രിയിലും സൂര്യനെ കാണാൻ കഴിയും.
ഐസ്ലൻഡ് മഞ്ഞിന്റെയും തീയുടെയും നാട് എന്നു വിളിക്കപ്പെട്ടിരിക്കുന്നു. ആ പേര് തികച്ചും അനുയോജ്യമാണ്. കാരണം, രാജ്യത്തിന്റെ ഏതാണ്ട് പത്തിലൊരുഭാഗം ഹിമനദികളാൽ മൂടപ്പെട്ടാണു കിടക്കുന്നത്. അഗ്നിപർവതങ്ങളുടെയും ഭൗമാന്തർഭാഗത്തെ താപപ്രവർത്തനങ്ങളുടെയും ഒരു സജീവകേന്ദ്രം എന്നനിലയിൽ തീയും അവിടെ കാണപ്പെടുന്നു. ധാരാളം അഗ്നിപർവത സ്ഫോടനങ്ങൾ അവിടെ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളായി, ശരാശരി അഞ്ചോ ആറോ വർഷം കൂടുമ്പോൾ അഗ്നിപർവത സ്ഫോടനങ്ങൾ ഉണ്ടാകുന്നു. വളരെയധികം ഉഷ്ണജലസ്രോതസ്സുകളും അവിടെ കാണപ്പെടുന്നു.
ജനവാസം കുറഞ്ഞ ഈ രാജ്യം പ്രകൃതി സൗന്ദര്യത്താലും, വൈവിധ്യമാർന്ന ജന്തുജാലങ്ങളാലും അനുഗൃഹീതമാണ്. ശുദ്ധവായു, മനോഹരമായ വെള്ളച്ചാട്ടങ്ങൾ, പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന നിമ്നോന്നതങ്ങളായ പർവതങ്ങൾ, വിശാലമായ മണൽപ്പരപ്പുകൾ എന്നിവ സന്ദർശകരെ ആകർഷിക്കുന്നു. ദേശാടനപക്ഷികളാകട്ടെ, വസന്താരംഭത്തിൽത്തന്നെ അവയുടെ വേനൽക്കാല ആവാസങ്ങളായ തീരദേശത്തെ കിഴുക്കാംതൂക്കായ പാറക്കെട്ടുകളിലേക്കും ചതുപ്പുനിലങ്ങളിലേക്കും മടങ്ങിയെത്തുന്നു. ഈ പക്ഷികളിൽ ഒന്നാണ് ആർട്ടിക് കടൽക്കാക്ക. ഇവ എല്ലാ വർഷവും ഭൂഗോളത്തിന്റെ മറുവശത്തുള്ള അന്റാർട്ടിക്ക സന്ദർശിച്ചു മടങ്ങുന്നു. പഫിൻ, കടൽത്താറാവുകൾ, കടൽക്കൊക്കുകൾ തുടങ്ങിയവയെ തീരപ്രദേശത്തും ചെങ്കുത്തായ പാറക്കൂട്ടങ്ങൾക്കിടയിലും കാണാൻ കഴിയും. മേഞ്ഞുനടക്കുന്ന ചെമ്മരിയാട്ടിൻകൂട്ടങ്ങൾ നാട്ടിൻപുറങ്ങളിലെ ഒരു സ്ഥിരം കാഴ്ചയാണ്. ഉയർന്ന പ്രദേശങ്ങളിലാണെങ്കിൽ അവിടത്തെ പ്രതികൂല സാഹചര്യങ്ങളുമായി ഇണങ്ങിപ്പോകാൻ നല്ല കഴിവുള്ള ഐസ്ലാൻഡിക് പോണികൾ (ഉയരം കുറഞ്ഞ കുതിരകൾ) സ്വൈര്യമായി വിഹരിക്കുന്നതും കാണാം. ഗ്രീഷ്മകാല ആരംഭത്തിൽത്തന്നെ, മുട്ടയിടാനായി തിരിച്ചെത്തുന്ന ആയിരക്കണക്കിനു സാൽമൺ മത്സ്യങ്ങൾ നദികളിലും വെള്ളച്ചാട്ടങ്ങളിലും കുതിച്ചുമറിയുന്ന കാഴ്ചയും അവിടെ കാണാം.
ഐസ്ലൻഡിലെ 2,90,570 നിവാസികൾ 1,100-ലധികം വർഷം മുമ്പ് അവിടെ കുടിയേറി താമസിച്ച വൈക്കിങ്ങുകളുടെ പിന്തുടർച്ചക്കാരാണ്. ഈ കുടിയേറ്റക്കാർ അധികവും വന്നതു നോർവേയിൽ നിന്നായിരുന്നു. പഴയ നോഴ്സ് ഭാഷയാണ് അവർ സംസാരിച്ചിരുന്നത്. ഐസ്ലാൻഡിക് ഭാഷ ഉരുത്തിരിഞ്ഞത് അതിൽനിന്നാണ്. ഭാഷയുടെ സമ്പന്നതയും ഒറ്റപ്പെട്ടു കിടക്കുന്ന രാജ്യത്തിന്റെ സ്ഥാനവും ആ ഭാഷയെ മറ്റു ഭാഷകളുടെ സ്വാധീനത്തിൽനിന്നു സംരക്ഷിച്ചിരിക്കുന്നു. തത്ഫലമായി, 13-ാം നൂറ്റാണ്ടിൽ എഴുതപ്പെട്ട തങ്ങളുടെ പഴയ ഇതിഹാസഗാഥകൾ (സാഗാസ്) വായിക്കാൻ ഇന്നും അവർക്കു കഴിയുന്നു. മാതൃഭാഷയെക്കുറിച്ച് അഭിമാനംകൊള്ളുന്ന ആ ജനത, വിദേശഭാഷകളിൽനിന്ന് വാക്കുകൾ കടംവാങ്ങുന്നതിനോട് ശക്തമായ എതിർപ്പുള്ളവരാണ്.
ഐസ്ലൻഡിലെ ആദ്യകാല കുടിയേറ്റക്കാരിൽ മിക്കവരും അക്രൈസ്തവരായിരുന്നു. 10-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മാത്രമാണ് അവിടത്തെ ജനങ്ങളെ ‘ക്രിസ്ത്യാനിത്വത്തിലേക്കു’ പരിവർത്തനം ചെയ്യാനുള്ള ശ്രമങ്ങൾ തുടങ്ങിയത്. ആ നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത് ഐസ്ലൻഡിലെ പ്രമുഖരായ നേതാക്കന്മാരിൽ ചിലർ ‘ക്രിസ്ത്യാനിത്വം’ സ്വീകരിച്ചു. 1000-ാമാണ്ടിൽ ഐസ്ലൻഡിലെ പാർലമെന്റായ ആൾത്തിങ് തങ്ങളുടെ അക്രൈസ്തവ മതനേതാക്കളിലെ ഒരു പ്രധാനിയോട് ഈ രണ്ടുമതങ്ങളും വിലയിരുത്തി ഏതാണു നല്ലത് എന്നു വിധിപറയാൻ ആവശ്യപ്പെട്ടു. അതിശയകരമെന്നു പറയട്ടെ, ആളുകൾ പിന്തുടരേണ്ട ഏക മതം എന്നനിലയിൽ അദ്ദേഹം തിരഞ്ഞെടുത്തത് ‘ക്രിസ്ത്യാനിത്വ’ത്തെയാണ്. വലിയ പ്രതിഷേധങ്ങളൊന്നും കൂടാതെ മറ്റുള്ളവരും ആ തീരുമാനം അംഗീകരിച്ചുവെന്നു തോന്നുന്നു. എന്നാൽ, രഹസ്യമായി പുറജാതി ദൈവങ്ങളെ ആരാധിക്കുന്നതിനും പുറജാതീയ ആചാരങ്ങൾ പിൻപറ്റാനും അനുവദിക്കുന്ന രീതിയിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ വിധി. മതപരം എന്നതിലുപരി ആ തീരുമാനം രാഷ്ട്രീയമായിരുന്നു. എങ്കിൽപ്പോലും ഐസ്ലൻഡിലെ ജനങ്ങളെ സ്വതന്ത്ര ചിന്താഗതിക്കാർ, മതത്തോടുള്ള ബന്ധത്തിൽ വിശാലമനസ്കർ ആക്കുന്നതിൽ ആ തീരുമാനം ഒരളവുവരെ പങ്കുവഹിച്ചിരിക്കാം.
ഇന്ന്, ഏതാണ്ട് 90 ശതമാനം ആളുകളും ദേശീയമതമായ ഇവാൻജലിക്കൽ ലൂഥറൻ സഭയിൽപ്പെട്ടവരാണ്. മിക്കവാറും എല്ലാ വീടുകളിലും ബൈബിൾ ഉണ്ടെങ്കിലും അതു ദൈവവചനമാണെന്നു വിശ്വസിക്കുന്നവർ വളരെ കുറവാണ്.
ഐസ്ലൻഡിൽ സുവാർത്ത എത്തുന്നു
20-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ഐസ്ലൻഡിലെ ജനങ്ങളിൽ അനേകരും കാനഡയിലേക്കു കുടിയേറിയിരുന്നു. ഒരു പരിധിവരെ അഗ്നിപർവത സ്ഫോടനങ്ങൾ, തണുപ്പ് എന്നിവയുടെ കെടുതികളിൽനിന്നു രക്ഷനേടാനാണ് അവർ അങ്ങനെ ചെയ്തത്. അവിടെവെച്ച് അവരിൽ ചിലർ ദൈവരാജ്യ സുവാർത്ത ആദ്യമായി കേൾക്കാനിടയായി. ഗേയോർഗ് ഫ്യോൽനിർ ലിൻഡാൽ ആയിരുന്നു അതിൽ ഒരാൾ. യഹോവയാം ദൈവത്തിനു തന്നെത്തന്നെ സമർപ്പിച്ചതിനുശേഷം താമസിയാതെ അദ്ദേഹം ഒരു പയനിയർ ആയിത്തീർന്നു. ലിൻഡാൽ സഹോദരന് ഐസ്ലാൻഡിക് ഭാഷ വശമുണ്ടായിരുന്നു. അതുകൊണ്ട്, 1929-ൽ തന്റെ 40-ാമത്തെ വയസ്സിൽ ഐസ്ലൻഡിലേക്കു മാറിത്താമസിക്കാൻ അദ്ദേഹം തീരുമാനിച്ചു. ആ വർഷം ജൂൺ 1-നു റേക്യവിക്കിൽ എത്തിച്ചേർന്ന അദ്ദേഹമാണ് ഐസ്ലൻഡിലെ ആദ്യത്തെ സുവാർത്താ ഘോഷകൻ.
അവിടെ എത്തിയശേഷം സാഹിത്യങ്ങളുടെ ആദ്യത്തെ ഷിപ്പ്മെന്റ് എത്തിച്ചേരുന്നതിന് മൂന്നുമാസത്തോളം അദ്ദേഹത്തിനു കാത്തിരിക്കേണ്ടിവന്നു. സാഹിത്യങ്ങൾ ലഭിച്ച ഉടനെ ഒരു നിമിഷം പോലും പാഴാക്കാതെ അദ്ദേഹം എല്ലാവരോടും സാക്ഷീകരിക്കാൻ തുടങ്ങി. 1929 ഒക്ടോബർ അവസാനം ആയപ്പോഴേക്കും ഐസ്ലാൻഡിക്കിലുള്ള ദൈവത്തിന്റെ കിന്നരം പുസ്തകത്തിന്റെ 800 പ്രതികൾ വിതരണം ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞു. ആ സമയത്ത് അദ്ദേഹം ഇങ്ങനെ എഴുതി: “ഇവിടെ വന്നതിനുശേഷം പല പട്ടണങ്ങളിൽ ഞാൻ പ്രചാരണം നടത്തി. ആ പട്ടണങ്ങളിൽ എല്ലാംകൂടി 11,000-ത്തോളം ആളുകൾ താമസിക്കുന്നുണ്ട്. ഐസ്ലൻഡിലെ മൊത്തം ജനസംഖ്യ 1,00,000-ത്തോളം വരും, ഒരുപക്ഷേ അതിൽ അൽപ്പം കൂടുതൽ. അതുകൊണ്ട് ഇനിയും ഏകദേശം 90,000 ആളുകളുടെ അടുത്തുകൂടി എത്തിച്ചേരേണ്ടതുണ്ട്. യാത്ര വളരെ ദുഷ്കരമായതുകൊണ്ട് ഒരു വ്യക്തി തനിച്ച് ഇവിടത്തെ പ്രദേശം മുഴുവനും പ്രവർത്തിച്ചുതീർക്കാൻ വളരെയധികം സമയം എടുക്കും. പർവതപ്രദേശങ്ങളും ഇടമുറിയുന്ന കടൽത്തീരങ്ങളും നിറഞ്ഞ രാജ്യമാണ് ഐസ്ലൻഡ്. ഇവിടെ റെയിൽപ്പാതകളില്ല, ഗതാഗത സൗകര്യമുള്ള വളരെക്കുറച്ചു റോഡുകൾ മാത്രമേ ഉള്ളൂ. അതുകൊണ്ട്, എന്റെ യാത്ര മിക്കപ്പോഴും ബോട്ടിലാണ്.”
സ്റ്റെൻസിലുകൊണ്ട് “ഐസ്ലൻഡ്” എന്ന് എഴുതിയ, മനിലപേപ്പർകൊണ്ടുള്ള ഒരു പഴയ ഫോൾഡറിൽ സഹോദരന്റെ സ്വന്തം കൈപ്പടയിലെഴുതിയ ഏതാനും കത്തുകൾ സൂക്ഷിച്ചിട്ടുണ്ട്. അവയിലൊന്നിലും പരാതിയുടെ ഒരു കണികപോലും കാണാനില്ല. 1929-ലെ ആ കത്തിൽത്തന്നെ അദ്ദേഹം എഴുതി: “അടുത്ത കാലത്ത്, എനിക്കുണ്ടായ പ്രോത്സാഹജനകമായ ഒരു അനുഭവം പങ്കുവെക്കുന്നതിന് വളരെ സന്തോഷമുണ്ട്. മുമ്പു പ്രവർത്തിച്ച ഒരു പ്രദേശത്ത് മടങ്ങിച്ചെല്ലാനുള്ള അവസരം എനിക്കു കിട്ടി. ആദ്യത്തെ പ്രാവശ്യം അവിടെ പ്രവർത്തിച്ചപ്പോൾ എന്റെ പക്കൽനിന്നു പുസ്തകങ്ങൾ വാങ്ങിയ പലരെയും ഞാൻ കണ്ടു. അതിൽ ഒരു വ്യക്തി പറഞ്ഞത് ഇങ്ങനെയാണ്: ‘കിന്നരം പുസ്തകം രണ്ടുപ്രാവശ്യം ഞാൻ വായിച്ചുതീർത്തു. ഇപ്പോൾ മൂന്നാമത്തെ തവണ വായിച്ചുകൊണ്ടിരിക്കുകയാണ്. അത് നല്ലൊരു പുസ്തകമാണ്. നിങ്ങളുടെ സന്ദർശനത്തിനു നന്ദി.’ മറ്റൊരു പ്രതികരണം ഇതായിരുന്നു: ‘ആഹാ, താങ്കൾ വീണ്ടുമെത്തിയല്ലോ. എനിക്കു തന്നിട്ടുപോയ ആ പുസ്തകം വളരെ നല്ലതാണു കേട്ടോ. ജഡ്ജ് റഥർഫോർഡിന്റെ എല്ലാ പുസ്തകങ്ങളും ഐസ്ലാൻഡിക്കിൽ പ്രസിദ്ധീകരിച്ചാലെന്താ?’ ഡാനിഷിൽ അവയിൽ പലതും ലഭ്യമാണെന്നു ഞാൻ അദ്ദേഹത്തോടു പറഞ്ഞു. അപ്പോൾ അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: ‘നിങ്ങളുടെ കയ്യിലുള്ള എല്ലാ പുസ്തകങ്ങളും എനിക്ക് അയച്ചുതരണം. പാസ്റ്റർ റസ്സലിന്റെ പുസ്തകങ്ങളും കൂടെ. അങ്ങനെയാണെങ്കിൽ, ഈ ശൈത്യകാലത്തു പഠിക്കാൻ എനിക്ക് ആവശ്യത്തിനു പുസ്തകങ്ങളുണ്ടാകും.’ മറ്റുള്ളവരും പുസ്തകത്തോടുള്ള അവരുടെ വിലമതിപ്പ് വാക്കുകളിലൂടെ പ്രകടിപ്പിച്ചു. സത്യത്തിന്റെ ദൂതിനു ചെവിചായ്ക്കുന്നവരുടെ അടുത്തേക്ക് എന്നെ അയച്ചതിനു ഞാൻ ദൈവത്തോടു വളരെ നന്ദിയുള്ളവനാണ്.”
ഒരു വ്യക്തി തനിച്ച്, ഇംഗ്ലണ്ടിന്റെ പകുതിയിൽ കൂടുതൽ വലുപ്പമുള്ള ഈ ദ്വീപിലെ എല്ലാവരുടെയും അടുത്ത് എത്തിച്ചേരുക എന്നത് ഒരു ബൃഹത്തായ വേലതന്നെയായിരുന്നു. ഐസ്ലൻഡ് തെക്കുവടക്കായി ഏകദേശം 300 കിലോമീറ്ററും കിഴക്കുപടിഞ്ഞാറായി ഏകദേശം 500 കിലോമീറ്ററും വ്യാപിച്ചുകിടക്കുന്ന ഒരു പ്രദേശമാണ്. സമുദ്രവങ്കകളും ഉൾക്കടലുകളും ഉൾപ്പെട്ട തീരദേശം 6,400-ഓളം കിലോമീറ്റർ ദൈർഘ്യമുള്ളതാണ്. എന്നിട്ടും പത്തു വർഷത്തിനുള്ളിൽ ലിൻഡാൽ സഹോദരൻ സുവാർത്ത പ്രസംഗിക്കുകയും സാഹിത്യങ്ങൾ സമർപ്പിക്കുകയും ചെയ്തുകൊണ്ട് ദ്വീപു മുഴുവൻ പ്രവർത്തിച്ചുതീർത്തു. തീരപ്രദേശങ്ങളിലേക്ക് അദ്ദേഹം ബോട്ടുകളിൽ സഞ്ചരിച്ചു, ഉൾപ്രദേശങ്ങളിലുളള കൃഷിയിടങ്ങൾ സന്ദർശിച്ചപ്പോൾ രണ്ടു പോണികളായിരുന്നു അദ്ദേഹത്തിന് ആശ്രയം. ഒന്നിന്റെ പുറത്ത് അദ്ദേഹം സവാരി ചെയ്യുകയും മറ്റേതിനെ സാഹിത്യങ്ങളും മറ്റു സാധനങ്ങളും ചുമക്കാൻ ഉപയോഗിക്കുകയും ചെയ്തു. സഹോദരൻ ഐസ്ലൻഡിൽനിന്നു പോകുന്നതിനു കുറച്ചു വർഷങ്ങൾക്കു മുമ്പ്, അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിക്കാൻ അവസരം ലഭിച്ച സഹോദരന്മാരുടെ അഭിപ്രായത്തിൽ ലിൻഡാൽ സഹോദരൻ അർപ്പണ മനോഭാവമുള്ള, മിതഭാഷിയും ഗൗരവമനസ്കനുമായ ഒരാളായിരുന്നു. ലജ്ജാലുവും ഒതുങ്ങിക്കൂടുന്ന പ്രകൃതക്കാരനും ആയിരുന്നു അദ്ദേഹം. ഒത്ത ഉയരമുണ്ടായിരുന്നു അദ്ദേഹത്തിന്. ശരിക്കും പറഞ്ഞാൽ, യാത്രയ്ക്കായി ഉപയോഗിച്ചിരുന്ന കൊച്ചുപോണികളെക്കാൾ അദ്ദേഹത്തിന് അനുയോജ്യം കുറച്ചുകൂടെ വലുപ്പമുള്ള ഏതെങ്കിലും മൃഗമായിരുന്നേനെ. പോണികൾ ഇല്ലാത്ത അവസരങ്ങളിൽ പുസ്തകങ്ങളും മറ്റു സാധനങ്ങളും തനിയെ ചുമന്നുകൊണ്ടുപോകാനും അദ്ദേഹത്തിനു ബുദ്ധിമുട്ടില്ലായിരുന്നു.
1929-ൽ ഐസ്ലൻഡിൽ തന്റെ പ്രവർത്തനം തുടങ്ങുമ്പോൾ, ആളുകളുടെ ‘തണുത്ത പ്രതികരണം’ മറികടന്ന് അവരോടു സുവാർത്ത പങ്കുവെക്കുന്നത് എത്ര ദുഷ്കരമായിരിക്കുമെന്നതിനെ കുറിച്ചോ അതിന് എത്രമാത്രം ക്ഷമയും സഹിഷ്ണുതയും വേണ്ടിവരും എന്നതിനെ കുറിച്ചോ ലിൻഡാൽ സഹോദരന് ഒരു ഊഹവുമില്ലായിരുന്നു. 18 വർഷത്തോളം, അദ്ദേഹമായിരുന്നു ഐസ്ലൻഡിലെ ഏക സാക്ഷി. അശ്രാന്തമായി പരിശ്രമിച്ച ആ വർഷങ്ങളിലുടനീളം ഒരാൾ പോലും ദൈവരാജ്യത്തിന് അനുകൂലമായ നിലപാടു സ്വീകരിച്ചില്ല. 1936-ൽ അദ്ദേഹം എഴുതി: “ഞാൻ ഇവിടെ ചെലവഴിച്ച വർഷങ്ങളിൽ, 26,000-നും 27,000-നും ഇടയ്ക്കു പുസ്തകങ്ങൾ ആളുകളുടെ പക്കൽ എത്തിച്ചിട്ടുണ്ട്. അനേകർ അവ വായിച്ചിട്ടുമുണ്ട്. അവരിൽ ചിലർ സത്യത്തിന് എതിരായി ഒരു നിലപാട് എടുത്തിരിക്കുന്നതുപോലെ തോന്നുന്നു. ബാക്കിയുള്ള ഭൂരിഭാഗത്തിനും ഒരുതരം നിസ്സംഗത ആണ്.”
എന്നിരുന്നാലും, ചിലർ അദ്ദേഹം എത്തിച്ചുകൊടുത്ത സന്ദേശം വിലമതിച്ചു. ഉദാഹരണത്തിന്, പ്രായമുള്ള ഒരു വ്യക്തി ദൈവത്തിന്റെ കിന്നരം പുസ്തകത്തിന്റെ ഒരു പ്രതി സ്വീകരിച്ചു. ഏതാനും മാസങ്ങൾക്കുശേഷം ലിൻഡാൽ സഹോദരൻ അവിടെ വീണ്ടും സന്ദർശിച്ചപ്പോൾ ആ വ്യക്തിയുടെ മകളെ കാണാനിടയായി. തന്റെ പിതാവിന് ആ പുസ്തകം വളരെ ഇഷ്ടമായിരുന്നുവെന്നും മരിക്കുന്നതിനുമുമ്പ് അദ്ദേഹം അതിലെ വിവരങ്ങൾ മുഴുവനും നന്നായി പഠിച്ചിരുന്നുവെന്നും അവർ സഹോദരനോടു പറഞ്ഞു. പുറജാതീയരുടെ ഒരു ആചാരത്തിനു ചേർച്ചയിൽ, അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച്, അടക്കിയപ്പോൾ പെട്ടിയിൽ ആ പുസ്തകം വെച്ചിരുന്നു.
1947 മാർച്ച് 25-ന്, വാച്ച്ടവർ ഗിലെയാദ് ബൈബിൾസ്കൂൾ ബിരുദധാരികൾ എത്തിയതോടെ, ഐസ്ലൻഡിലെ ലിൻഡാൽ സഹോദരന്റെ സുദീർഘമായ ഏകാന്തവാസം അവസാനിച്ചു. 1953-ൽ കാനഡയിലേക്കു മടങ്ങുന്നതുവരെ അദ്ദേഹം അവിടെ ശുശ്രൂഷയിൽ തുടർന്നു. ഐസ്ലൻഡിൽ പ്രത്യേക പയനിയറായി സേവിക്കുകയായിരുന്ന പോൾ ഹൈനെ പിദെർസൻ, 16 വർഷങ്ങൾക്കുശേഷം ലിൻഡാൽ സഹോദരനെ കാണാൻ കാനഡയിലെ വിന്നിപെഗിലേക്കു പോകാൻ തീരുമാനിച്ചു. ലിൻഡാൽ സഹോദരനോടൊത്ത് ഐസ്ലൻഡിൽ പ്രവർത്തിച്ചിരുന്ന മിഷനറിമാർ അപ്പോഴേക്കും അവിടെനിന്നു പോയിരുന്നതുകൊണ്ട്, അവിടത്തെ പ്രവർത്തനത്തെക്കുറിച്ച് അദ്ദേഹത്തോടുതന്നെ ചോദിച്ചറിയാനായിരുന്നു അത്. ഐക്യനാടുകളിൽ അവധിക്കാലം ചെലവഴിക്കുന്ന സമയത്ത് പിദെർസൻ സഹോദരൻ ബസ്സിൽ വിന്നിപെഗിലേക്കു യാത്രതിരിച്ചു. എന്നാൽ അന്നു രാവിലെ ലിൻഡാൽ സഹോദരന്റെ ഭൗമിക ജീവിതഗതി അവസാനിച്ചു എന്ന വാർത്തയാണ് അവിടെ എത്തിയ അദ്ദേഹത്തിനു കേൾക്കേണ്ടിവന്നത്. ലിൻഡാൽ സഹോദരൻ മരണംവരെ യഹോവയെ വിശ്വസ്തമായി സേവിച്ചു.
കൊയ്ത്തിനായി കൂടുതൽ വേലക്കാർ
1947-ൽ ഗിലെയാദ് സ്കൂളിൽനിന്നുള്ള ആദ്യത്തെ മിഷനറിമാരുടെ വരവോടെ സുവാർത്താ പ്രസംഗവേലയുടെ ഒരു പുതുയുഗത്തിന്റെ പുലർവെളിച്ചം ഐസ്ലൻഡിൽ കണ്ടുതുടങ്ങി. മിഷനറിമാർ രണ്ടുപേരും ഡെന്മാർക്കിൽ നിന്നുള്ളവരായിരുന്നു. അവരിലൊരാൾ ലിയോ ലാർസെൻ ആയിരുന്നു. 1948 ഡിസംബറിൽ രണ്ടു മിഷനറിമാർ കൂടി എത്തിച്ചേർന്നു. ഡെന്മാർക്കിൽനിന്നുള്ള ഇങ്ഗ്വാഡ് യെൻസൻ, ഇംഗ്ലണ്ടിൽനിന്നുള്ള ഒലിവർ മക്ഡൊനാൾഡ്. ഈ പുതിയ കൊയ്ത്തുകാർ, ലിൻഡാൽ സഹോദരൻ തുടങ്ങിവെച്ച വേല തുടർന്നുകൊണ്ടുപോയി. അതോടൊപ്പം ധാരാളം പ്രസിദ്ധീകരണങ്ങളും അവർ വിതരണം ചെയ്തു. ശൈത്യകാലത്ത് അവർ റേക്യവിക്കിലും അതിനുചുറ്റുമുള്ള പ്രദേശത്തും പ്രവർത്തിച്ചിരുന്നു. ദൈർഘ്യംകുറഞ്ഞ വേനൽക്കാലങ്ങളിൽ കടലോരത്തോടു ചേർന്നുകിടക്കുന്ന ഗ്രാമപ്രദേശങ്ങളിലേക്ക് ശ്രദ്ധതിരിച്ചു. ഇങ്ഗ്വാഡ് യെൻസൻ, ഇന്നും തന്റെ ഓർമയിൽ സൂക്ഷിക്കുന്ന ഒരു പ്രസംഗ പര്യടനമുണ്ട്. അതിനെക്കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതുന്നു: “ഞാൻ ഐസ്ലൻഡിൽ ചെന്നതിനുശേഷമുള്ള ആദ്യത്തെ വേനൽക്കാലത്ത്, ഒരിക്കൽ മിഷനറി സഹോദരന്മാരിൽ ഒരാളുടെ കൂടെ ഗ്രാമപ്രദേശങ്ങളിൽ പ്രവർത്തിക്കാനായി പോയി. ബസ്സിലോ ബോട്ടുമാർഗമോ നേരത്തേ തീരുമാനിച്ച പ്രദേശങ്ങളിലേക്കു പോകുകയും സൈക്കിളുകൾ, കൂടാരം കെട്ടാനുള്ള സാധനസാമഗ്രികൾ, ഉറങ്ങാനായി സ്ലീപ്പിങ് ബാഗുകൾ എന്നിവ കൂടെ കരുതുകയുമായിരുന്നു പതിവ്. കൂടാതെ ആവശ്യമായ സാഹിത്യങ്ങളും ഭക്ഷണവും എടുത്തിരുന്നു. അങ്ങനെ ഒരു സായന്തനത്തിൽ പശ്ചിമ തീരത്തെ സ്റ്റിഹ്കിഷോൽമർ പട്ടണം ലക്ഷ്യമാക്കി ഞങ്ങൾ യാത്രതിരിച്ചു. പിറ്റേദിവസം ഉച്ചതിരിഞ്ഞ് അവിടെ എത്തിച്ചേർന്നു. പട്ടണത്തിലെ വീടുകൾ പ്രവർത്തിച്ചു തീർത്തശേഷം ഏതാണ്ട് 100 കിലോമീറ്റർ ദൂരെയുള്ള ബോർഗാർനെസിലേക്കു സൈക്കിളിൽ പോകാനായിരുന്നു ഞങ്ങളുടെ പരിപാടി. അവിടെനിന്നു റേക്യവിക്കിലേക്കു ദിവസവും ബോട്ട് സർവീസുണ്ടായിരുന്നു. പര്യടനത്തിന്റെ തുടക്കം നന്നായിരുന്നു. ജൂൺ മധ്യത്തിൽ ആയിരുന്നതുകൊണ്ട് നല്ല വെയിലുള്ള സമയമായിരുന്നു. ആദ്യ ദിവസം പട്ടണത്തിന്റെ ഒരു ഭാഗം പ്രവർത്തിച്ചു തീർത്ത ഞങ്ങൾ, രാത്രി ആയതോടെ സ്ലീപ്പിങ് ബാഗിനുള്ളിലേക്കു ചുരുണ്ടുകൂടി. എന്നാൽ രാത്രിയിൽ സ്ലീപ്പിങ് ബാഗിനുള്ളിൽക്കിടന്ന് ഞങ്ങൾ കിടുകിടാ വിറയ്ക്കാൻ തുടങ്ങി. രാവിലെയല്ലേ കാര്യം പിടികിട്ടിയത്, അന്നു രാത്രി പത്തു സെന്റിമീറ്റർ കനത്തിലാണ് മഞ്ഞു വീണത്! പക്ഷേ യാത്ര ഇടയ്ക്കുവെച്ചു നിറുത്താൻ നിർവാഹമില്ലായിരുന്നു. കാരണം അവിടെനിന്ന് ഒരാഴ്ച കഴിഞ്ഞേ ബോട്ടുണ്ടായിരുന്നുള്ളൂ. അതുകൊണ്ട്, മുമ്പു തീരുമാനിച്ചിരുന്നതുപോലെ ആ പട്ടണം പ്രവർത്തിച്ചു തീർക്കുകയും വഴിയിലുള്ള കൃഷിയിടങ്ങളിൽ സുവാർത്ത പ്രസംഗിച്ചുകൊണ്ട്, മലമ്പാതയിലൂടെ സൈക്കിൾ മാർഗം അടുത്ത പട്ടണത്തിലേക്കു പോകുകയും ചെയ്യണമായിരുന്നു.”
ആലിപ്പഴവർഷം, മഴ, മണിക്കൂറിൽ 110 കിലോമീറ്റർവരെ വേഗത്തിൽ വീശുന്ന ശീതക്കാറ്റ് തുടങ്ങിയവയെല്ലാം മറികടന്നു സൈക്കിളോടിച്ച്, ഒടുവിൽ നാലു ദിവസത്തിനുശേഷം അവർ ബോർഗാർനെസിൽ എത്തിച്ചേർന്നു. മാർഗമധ്യേ, കാപ്പി കുടിക്കുന്നതിനും എന്തെങ്കിലും കഴിക്കുന്നതിനും അവിടത്തെ കർഷകർ അവരെ വീടുകളിലേക്കു ക്ഷണിക്കുമായിരുന്നു. അവരുടെ അസാധാരണമായ ആതിഥ്യത്തിന് ദുഷ്കരമായ ആ കാലാവസ്ഥയുടെ കാഠിന്യം ഒരു പരിധിവരെ അലിയിച്ചുകളയാൻ സാധിച്ചു. ഒരു ദിവസം എട്ടോ പത്തോ തവണയാണ് തങ്ങൾ ഭക്ഷണം കഴിച്ചിരുന്നതെന്ന് യെൻസൻ സഹോദരൻ ഓർക്കുന്നു! അദ്ദേഹം ഇങ്ങനെ പറഞ്ഞു: “അവർ സ്നേഹത്തോടെ തരുന്നത് സ്വീകരിക്കാതിരുന്നാൽ അവർക്കു വിഷമമാകുമെന്ന് എനിക്കു തോന്നിയിരുന്നു. അവരുടെ ആതിഥ്യം യഹോവയുടെ സ്ഥാപിത രാജ്യത്തെക്കുറിച്ച് നല്ലൊരു സാക്ഷ്യം കൊടുക്കാൻ ഞങ്ങൾക്ക് അവസരം നൽകി.”
ഐസ്ലൻഡിലെ ആദ്യത്തെ മൂന്നുവർഷ മിഷനറി പ്രവർത്തനത്തിനിടയ്ക്ക്, സഹോദരന്മാർ 16,000-ത്തിൽ കൂടുതൽ സാഹിത്യങ്ങൾ സമർപ്പിച്ചു. എന്നാൽ അതിനൊത്ത് മടക്കസന്ദർശനങ്ങളും അധ്യയനങ്ങളും വർധിച്ചില്ല, ആളുകൾ താത്പര്യത്തോടെ സാഹിത്യങ്ങൾ സ്വീകരിച്ചെങ്കിലും സന്ദേശത്തോടു പ്രതികരിച്ചില്ല. ഉദാഹരണത്തിന്, ലാർസെൻ സഹോദരനും 1950-ൽ അദ്ദേഹം വിവാഹം കഴിച്ച, ഡെന്മാർക്കിൽനിന്നുള്ള മിസ്സി സഹോദരിയും കിഴക്കൻ തീരത്തുള്ള പട്ടണങ്ങളായ ഹൊബൻ, എസ്കിഫ്യൊർദുർ, നെസ്കൊയിപ്സ്റ്റാദുർ, സേദിസ്ഫ്യോർദുർ എന്നിവിടങ്ങളിൽ പ്രവർത്തിക്കാനായി പോയി. വെല്ലുവിളി നിറഞ്ഞ ആ പര്യടനത്തിൽ 300 പുസ്തകങ്ങളും ഏകദേശം അത്രതന്നെ ചെറുപുസ്തകങ്ങളും അവർ സമർപ്പിച്ചു. പുസ്തകങ്ങളോടൊപ്പം, ഒരു ചെറിയ തിരുവെഴുത്തു സന്ദേശവും റേക്യവിക്കിലെ മിഷനറിമാരുടെ അഡ്രസ്സും അച്ചടിച്ച ബുക്ക്മാർക്കുകളും നൽകിയിരുന്നു. സാഹിത്യങ്ങൾ സ്വീകരിക്കുന്ന എല്ലാവരെയും സത്യത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾക്കായി എഴുതാൻ പ്രോത്സാഹിപ്പിച്ചു. എന്നാൽ ആരുംതന്നെ അങ്ങനെ ചെയ്തില്ല.
1952-ൽ ഉത്തരതീരത്തോടു ചേർന്നുള്ള പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന തീരുമാനത്തിലെത്തി. അങ്ങനെ, ആ വർഷം ജൂണിൽ ഒലിവർ മക്ഡൊനാൾഡും 1949-ൽ അദ്ദേഹം വിവാഹം ചെയ്ത ഇംഗ്ലണ്ടിൽനിന്നുള്ള സാലിയും ആക്കുറേറി പട്ടണത്തിൽ പ്രത്യേക പയനിയർമാരായി നിയമിക്കപ്പെട്ടു. അവിടെ അവർക്ക് പട്ടണത്തിലെ ബ്രിട്ടീഷ് സ്ഥാനപതിയുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം പ്ലിമെത്ത് ബ്രദറെൻകാരിൽനിന്നു ശക്തമായ എതിർപ്പു നേരിട്ടു. അദ്ദേഹത്തിന് കുറെ അനുയായികൾ ഉണ്ടായിരുന്നു. തന്റെ പ്രസംഗങ്ങളും, ലേഖനങ്ങളും ഉപയോഗിച്ച് സാക്ഷികൾക്കെതിരെ അദ്ദേഹം ആക്രമണം അഴിച്ചുവിട്ടപ്പോൾ, മറ്റുള്ളവരും അതു ശ്രദ്ധിക്കാനിടയായി. റേക്യവിക്കിൽ അത്തരം എതിർപ്പുകളൊന്നും തന്നെ നേരിടേണ്ടി വന്നിട്ടില്ലായിരുന്നെങ്കിലും ആ പയനിയർമാർ, ഈ ആക്രമണത്തെ ധൈര്യപൂർവം നേരിട്ടു. തങ്ങൾക്കെതിരെ ഉന്നയിക്കപ്പെട്ട വ്യാജാരോപണങ്ങൾക്കു മറുപടി കൊടുക്കാൻ കിട്ടുന്ന സകല അവസരങ്ങളും ഉപയോഗിച്ചുകൊണ്ട് അവർ സാക്ഷീകരണവേലയുമായി മുന്നോട്ടുപോയി. ചില പത്രങ്ങൾ അവരുടെ മറുപടികൾ പ്രസിദ്ധീകരിച്ചു.
പട്ടണത്തിൽ പ്രവർത്തിച്ചതുകൂടാതെ, പയനിയർമാർ അതിന്റെ പ്രാന്തപ്രദേശങ്ങളും സന്ദർശിക്കുമായിരുന്നു. അവിടെ സഹോദരങ്ങൾ സാഹിത്യങ്ങൾ സമർപ്പിക്കുകയും അവിടത്തുകാരുടെ മുഖമുദ്രയായ ആതിഥ്യം സ്വീകരിക്കുകയും ചെയ്തു. എന്നിരുന്നാലും, രാജ്യസന്ദേശത്തോടുള്ള ആത്മാർഥ താത്പര്യം അധികം കണ്ടെത്താനായില്ല. 1953 ജൂലൈയിൽ മക്ഡൊനാൾഡ് സഹോദരനും സഹോദരിയും റേക്യവിക്കിലേക്കു തിരിച്ചുപോയി. എന്നാൽ അവർ ആക്കുറേറി വിട്ടുപോകുന്നതിനുമുമ്പ്, പിന്നീടു വളരാൻ പാകത്തിനു സത്യത്തിന്റെ വിത്തുകൾ വിതച്ചുകഴിഞ്ഞിരുന്നു.
ഒരു അടിസ്ഥാനം ഇടുന്നു
27 വർഷത്തെ നടീലിനും നനയ്ക്കലിനും ശേഷം, ഒടുവിൽ ഐസ്ലൻഡിലെ സഹോദരങ്ങൾ തങ്ങളുടെ അധ്വാനത്തിന്റെ ഫലം കാണാൻ തുടങ്ങി. 1956-ന്റെ ആരംഭകാലത്ത്, ഏഴു പുതിയവർ രാജ്യത്തിന് അനുകൂലമായ നിലപാടു സ്വീകരിക്കുകയും തങ്ങളുടെ ജീവിതം യഹോവയ്ക്കു സമർപ്പിക്കുകയും ചെയ്തു. അതുവരെ, സത്യത്തോടു താത്പര്യം കാണിച്ചിരുന്നവർ അതിൽ ഉറച്ചുനിന്നിരുന്നില്ല. വ്യത്യസ്തയായിരുന്ന ഏക വ്യക്തി, പിന്നീട് അവിടെനിന്നു പോകേണ്ടിവന്ന ഐറിസ് ഓബെർഗ് എന്ന ഇംഗ്ലീഷുകാരിയായ സഹോദരിയായിരുന്നു. അതിനുശേഷം ഇപ്പോൾ ഏഴു പുതിയവർകൂടെ സ്നാപനമേറ്റു. അങ്ങനെ ശക്തമായ ഒരു അടിത്തറ സ്ഥാപിതമായി. എന്നാൽ 1957 ആയപ്പോഴേക്കും സത്യം ഐസ്ലൻഡിൽ വേരുപിടിക്കുന്നതു കാണാനായി കഠിനമായി അധ്വാനിച്ച മിഷനറിമാരും പയനിയർമാരും അവിടെനിന്നു പോയിരുന്നു, മിക്കവരുടെയും കാര്യത്തിൽ ആരോഗ്യപ്രശ്നങ്ങളായിരുന്നു കാരണം.
അതിന്റെ ഫലമായി 1957-ൽ, ആ ചെറിയ സഭയുടെ ചുമതല ഒരു വർഷം മുമ്പ് എത്തിച്ചേർന്ന ഡെന്മാർക്കുകാരിയായ പ്രത്യേക പയനിയർ എഡിഡ് മാർക്സ് സഹോദരിയുടെ ചുമലിലായി. പുതിയവരെ സത്യം പഠിക്കാനും അതിൽ ബലിഷ്ഠരാകാനും സഹായിച്ച സഹോദരങ്ങൾക്കെല്ലാം പെട്ടെന്നു പോകേണ്ടിവന്ന സാഹചര്യത്തിൽ ആ കൂട്ടത്തെ സഹായിക്കാൻ കൂടുതൽ കൊയ്ത്തുകാരുടെ ആവശ്യമുണ്ടായിരുന്നു. എന്നാൽ പെട്ടെന്നുതന്നെ, ഡെന്മാർക്ക്, സ്വീഡൻ, ജർമനി എന്നിവിടങ്ങളിൽനിന്നു പ്രത്യേക പയനിയർമാർ എത്തിച്ചേർന്നു. കൂടാതെ, അനേകം പ്രസാധകരും പയനിയർമാരും രാജ്യവേലയിൽ പങ്കെടുക്കാനായി ഐസ്ലൻഡിലേക്കു മാറിത്താമസിച്ചു. ആ സമയംമുതൽ സാവധാനത്തിലാണെങ്കിലും, ക്രമാനുഗതമായ വർധന ഉണ്ടാകാൻ തുടങ്ങി.
ആ വളർച്ചയോടൊപ്പം ആവേശജനകമായ മറ്റു സംഭവവികാസങ്ങളും ഉണ്ടായി. ക്രമമായ സർക്കിട്ട് സന്ദർശനങ്ങൾ, വാർഷിക ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ എന്നിവ സംഘടിപ്പിക്കപ്പെടാൻ തുടങ്ങി. ഐസ്ലാൻഡിക്കിൽ കൂടുതൽ സാഹിത്യങ്ങൾ ആവശ്യമായിത്തീർന്നു. ആദ്യമായി ഐസ്ലാൻഡിക്കിൽ പുറത്തിറങ്ങിയ വീക്ഷാഗോപുരം 1960 ജനുവരി 1 ലക്കമായിരുന്നു. അതു പ്രവർത്തനത്തിനു പുത്തൻ ഉണർവു പകർന്നു. ഐസ്ലൻഡിലെ ജനങ്ങൾക്ക് സ്വന്തം ഭാഷയിലുള്ള മാസിക നൽകാൻ കഴിഞ്ഞതിൽ സഹോദരങ്ങൾക്ക് എന്തു സന്തോഷമായിരുന്നെന്നോ! ഓരോ മാസവും ലഭിച്ചിരുന്ന ആ ആത്മീയ പോഷണം സഹോദരങ്ങളുടെ വിശ്വാസത്തെയും അങ്ങേയറ്റം ബലപ്പെടുത്തി! റേക്യവിക്കിൽ നടന്ന ഒരു സർക്കിട്ട് സമ്മേളനത്തിലായിരുന്നു ഐസ്ലാൻഡിക്കിലുള്ള വീക്ഷാഗോപുരം പുറത്തിറങ്ങുന്നതായി അറിയിപ്പുണ്ടായത്. ആ സമയത്ത് മാസികയുടെ വലുതാക്കിയ ഒരു പതിപ്പ് പ്രസംഗകന്റെ പുറകിലായി പ്രദർശിപ്പിച്ചു. ആഹ്ലാദഭരിതരായ സഹോദരങ്ങൾ എത്ര വലിയ കരഘോഷത്തോടെയാണെന്നോ യഹോവയിൽനിന്നുള്ള ആ പുതിയ സമ്മാനം വരവേറ്റത്!
1959 ഒക്ടോബറിൽ താൻ ഐസ്ലൻഡിൽ എത്തിച്ചേർന്നപ്പോൾ വയലിൽ ഉപയോഗിച്ചിരുന്ന, ഐസ്ലാൻഡിക്കിലുള്ള ഏക പ്രസിദ്ധീകരണം “രാജ്യത്തിന്റെ ഈ സുവാർത്ത” എന്ന ചെറുപുസ്തകം ആയിരുന്നു എന്ന് പിദെർസൻ സഹോദരൻ ഓർക്കുന്നു. അതാകട്ടെ അപ്പോൾത്തന്നെ അനേകരുടെ പക്കൽ ഉണ്ടായിരുന്നുതാനും. അതുകൊണ്ട്, പ്രസാധകർ ഡാനിഷ്, ഇംഗ്ലീഷ്, ജർമൻ, സ്വീഡിഷ് തുടങ്ങിയ ഭാഷകളിൽ ഏതെങ്കിലും വായിക്കാൻ അറിയാവുന്നവർക്ക് ആ ഭാഷയിലുള്ള വീക്ഷാഗോപുരം, ഉണരുക! മാസികകൾ കൊടുക്കുമായിരുന്നു. മിക്കവർക്കും ഇതിലേതെങ്കിലും ഒരു ഭാഷ മനസ്സിലാകുമായിരുന്നെങ്കിലും, സ്വന്തം ഭാഷയിൽ വീക്ഷാഗോപുരം വായിക്കാൻ കഴിഞ്ഞപ്പോൾ അവർക്ക് അതിലെ കാര്യങ്ങൾ കൂടുതൽ മെച്ചമായി ഗ്രഹിക്കാൻ കഴിഞ്ഞു. അതിനാൽ ഇപ്പോൾ ഐസ്ലാൻഡിക്കിലുള്ള ഈ മാസികയുടെ വരവ് പ്രസംഗവേലയിൽ ശക്തമായ പ്രഭാവം ചെലുത്തി. ആ സേവനവർഷം പ്രസാധകരും പയനിയർമാരും ഉൾപ്പെടെ 41 സഹോദരങ്ങൾ 809 വരിസംഖ്യകളും 26,479 മാസികകളും സമർപ്പിച്ചു. ബൈബിളധ്യയനങ്ങളുടെ എണ്ണത്തിലും വർധന ഉണ്ടായി.
1962 ജനുവരി 1-ന് ബ്രാഞ്ച് ഓഫീസ് പ്രവർത്തനം ആരംഭിച്ചത് മറ്റൊരു നാഴികക്കല്ലായിരുന്നു. ഐസ്ലൻഡിലെ പ്രവർത്തനത്തിനു മേൽനോട്ടം വഹിച്ചിരുന്നത് ആദ്യം ഡെന്മാർക്ക് ബ്രാഞ്ചും പിന്നീട് ഐക്യനാടുകളിലെ ബ്രാഞ്ചുമായിരുന്നു. അങ്ങനെയിരിക്കെ, 1969-ൽ സാക്ഷികൾക്ക് നിയമാംഗീകാരം ലഭിക്കുകയും നീതിന്യായ, സഭാകാര്യ മന്ത്രാലയത്തിന്റെ കീഴിൽ രജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്തു. അങ്ങനെ, ഐസ്ലൻഡിലെ സാക്ഷികൾക്ക് മറ്റു മതസമൂഹങ്ങളെപ്പോലെതന്നെ എല്ലാ അവകാശങ്ങളും ലഭിച്ചു. വിവാഹങ്ങളും ശവസംസ്കാര ശുശ്രൂഷകളുമൊക്കെ നടത്താനും അവർ അധികാരപ്പെടുത്തപ്പെട്ടു.
പുരോഹിതന്മാരിൽനിന്നുള്ള എതിർപ്പ്
ബ്രാഞ്ച് സ്ഥാപിതമായ മാസം പുരോഹിതന്മാരിൽനിന്നുള്ള എതിർപ്പ് സഹോദരങ്ങൾക്കു നേരിടേണ്ടിവന്നു. ഒരു ദിവസം രാവിലെ, ഒരു പ്രമുഖ പത്രം പുറത്തിറങ്ങിയത്, ദേശീയ സഭയുടെ ബിഷപ്പ്, യഹോവയുടെ സാക്ഷികൾക്കെതിരെ മുന്നറിയിപ്പു നൽകുന്ന ഒരു ചെറുപുസ്തകം പുറത്തിറക്കിയിരിക്കുന്നു എന്ന തലക്കെട്ടോടെയാണ്. യഹോവയുടെ സാക്ഷികൾ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കരുതെന്ന് പുസ്തകം നിർദേശിച്ചിരുന്നു. ‘യഹോവയുടെ സാക്ഷികൾ—ഒരു മുന്നറിയിപ്പ്’ എന്നർഥം വരുന്ന ശീർഷകമായിരുന്നു പുസ്തകത്തിന്റേത്. അതിന്റെ തുടർച്ചയായി മറ്റു ദിനപ്പത്രങ്ങളും യഹോവയുടെ സാക്ഷികളെക്കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ടുചെയ്തു. വിസിർ എന്ന പ്രമുഖ സായാഹ്നപത്രം, ബ്രാഞ്ച് ഓഫീസിൽ സേവനമനുഷ്ഠിക്കുന്ന ഒരു സഹോദരനുമായി നടത്തിയ അഭിമുഖം പ്രസിദ്ധീകരിച്ചു. ആ ലേഖനം നമ്മുടെ വീക്ഷണങ്ങൾ വിശദീകരിക്കുന്നതായിരുന്നു. താമസിയാതെ മറ്റു ദിനപ്പത്രങ്ങളും അതുപോലെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. അങ്ങനെ, വിപുലമായ ഒരു സാക്ഷ്യം നൽകപ്പെട്ടു. അതുവഴി അനേകർ നമ്മുടെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയാനിടയായി. ചില വായനക്കാർ യഹോവയുടെ സാക്ഷികളെ പിന്തുണച്ചുകൊണ്ട് കത്തുകൾ എഴുതി. അവ പത്രങ്ങളിൽ അച്ചടിച്ചുവന്നു. ബിഷപ്പാകട്ടെ, “മറുപടികൾ” പ്രസിദ്ധീകരിച്ചുകൊണ്ട് പ്രത്യാക്രമണം നടത്തിക്കൊണ്ടിരുന്നു. എന്നിരുന്നാലും, മോർഗെൻബ്ലാദിദ് എന്ന പ്രമുഖ പത്രത്തിൽ പ്രസിദ്ധീകരിച്ച, ഒരു പേജുമുഴുവൻ വരുന്ന ലേഖനത്തിൽ യഹോവയുടെ സാക്ഷികൾ തങ്ങളുടെ പ്രവർത്തനത്തെയും വിശ്വാസത്തെയും കുറിച്ചു വളരെ നന്നായി വിശദീകരിച്ചു.
മുന്നറിയിപ്പോടുകൂടിയ ആ ചെറുപുസ്തകം രാജ്യത്തുടനീളം വിതരണം ചെയ്യപ്പെട്ടു. എന്നാൽ അതിന്റെ ഫലമായി, യഹോവയുടെ സാക്ഷികൾ കൂടുതൽ അറിയപ്പെടാൻ ഇടയായതേയുള്ളൂ. അത് നമ്മുടെ പ്രവർത്തനങ്ങളെയും നല്ല നിലയിൽ സ്വാധീനിച്ചു. അതിന്റെ പ്രഭാവം വർഷങ്ങളോളം ആ പ്രദേശത്തു പ്രതിഫലിച്ചിരുന്നു. അതുകാരണം, ഒരു പത്രം ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “ബിഷപ്പ് യഹോവയുടെ സാക്ഷികളുടെ അഡ്വർട്ടൈസിങ് മാനേജരായി മാറിയിരിക്കുന്നു.” അതുവരെ സാക്ഷികൾ പ്രസംഗിച്ചിട്ടില്ലാത്ത, രാജ്യത്തെ ഉൾപ്രദേശങ്ങളിൽപ്പോലും യഹോവയുടെ ജനം അറിയപ്പെട്ടുതുടങ്ങി. ചില ആളുകൾ ബിഷപ്പിന്റെ നിർദേശം പിൻപറ്റിയപ്പോൾ ഭൂരിപക്ഷം വരുന്ന സാധാരണക്കാർ കൂടുതൽ ജിജ്ഞാസുക്കൾ ആയിത്തീരുകയാണുണ്ടായത്. എന്നാൽ, വടക്ക് ആക്കുറേറിയിൽ, എതിർപ്പ് നേരിട്ടു. ആ സമയത്ത്, അവിടെ പയനിയർമാരായി സേവിച്ചിരുന്ന ഹൈൻറിഹ് കാർഹെയെയും ഭാര്യ കാറ്റാറിനെയെയും ചിലപ്പോഴൊക്കെ ചെറുപ്പക്കാർ കല്ലെറിയുമായിരുന്നു. വർഷങ്ങൾക്കുശേഷം, ആക്കുറേറിയിലെ മറ്റുചില മതവിരോധികൾ, ബിഷപ്പ് മുമ്പു പ്രസിദ്ധീകരിച്ച ആ ചെറുപുസ്തകം, പ്രാദേശികമായി അച്ചടിച്ച് വീണ്ടും വിതരണം ചെയ്യാൻ തുടങ്ങി. നമ്മുടെ പ്രസംഗത്തെ തടസ്സപ്പെടുത്താനോ നിറുത്താനോ കഴിയുമെന്നു കരുതിക്കൊണ്ട് റേക്യവിക്കിൽ പെന്തെക്കൊസ്തുകാരും അതുതന്നെ ചെയ്തു.
സമ്മേളനങ്ങൾ സംഘടിപ്പിക്കുകയെന്ന വെല്ലുവിളി
സമ്മേളനങ്ങളും കൺവെൻഷനുകളും ഐസ്ലൻഡിലെ യഹോവയുടെ ജനത്തിന് എല്ലായ്പോഴും അളവറ്റ സന്തോഷത്തിന്റെ വിശേഷാവസരങ്ങളായിരുന്നിട്ടുണ്ട്. പ്രസാധകരുടെ എണ്ണം വളരെ കുറവായിരുന്നപ്പോൾപ്പോലും സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതിൽ സഹോദരങ്ങൾ മടികാണിച്ചിരുന്നില്ല. 1951 ജൂലൈയിലാണ് ആദ്യത്തെ സമ്മേളനം നടന്നത്. കാനഡക്കാരനായ പേഴ്സി ചാപ്മാൻ, ബ്രുക്ലിനിൽനിന്നുള്ള ക്ലോസ് ജെൻസൻ എന്നീ സഹോദരന്മാർ ആ വേനൽക്കാലത്ത് യൂറോപ്പിലുടനീളം നടത്തപ്പെടാനിരുന്ന സമ്മേളനപരമ്പരയിൽ പങ്കെടുക്കാൻ പോകുന്ന വഴിക്ക് ഐസ്ലൻഡ് സന്ദർശിച്ചപ്പോഴായിരുന്നു അത്. വിരലിൽ എണ്ണാവുന്ന പ്രസാധകരേ അന്ന് ഐസ്ലൻഡിൽ ഉണ്ടായിരുന്നുള്ളൂ. എങ്കിലും ആ സമ്മേളനത്തിന്റെ അത്യുച്ച ഹാജർ 55 ആയിരുന്നു. ഏഴുവർഷങ്ങൾക്കുശേഷം, 1958 ജൂണിൽ മേഖലാ മേൽവിചാരകനായ ഫിലിപ്പ് ഹോഫ്മാന്റെ സന്ദർശന സമയത്താണ് അടുത്ത സമ്മേളനം നടന്നത്. പരസ്യപ്രസംഗത്തിന് 38 പേർ ഹാജരായിരുന്നു. അതിനുശേഷം എല്ലാവർഷവും തുടർച്ചയായി സമ്മേളനങ്ങളും കൺവെൻഷനുകളും നടത്തപ്പെടാൻ തുടങ്ങി.
ഫ്രിദ്രിക് ഗിയ്സ്ലാസൺ, 1950-കളിലെ കൺവെൻഷനുകളിൽ പരിപാടികൾ നിർവഹിച്ചിരുന്ന ചുരുക്കം ചില സഹോദരന്മാരിൽ ഒരാളായിരുന്നു. അദ്ദേഹം ഇങ്ങനെ പറയുന്നു: “ആദ്യത്തെ സമ്മേളനങ്ങളിൽ ഭക്ഷണശാലയുടെ ഉത്തരവാദിത്വം വഹിച്ചിരുന്നത് ഞാൻ ഓർക്കുന്നു. മിക്ക ജോലികളും ഞാൻതന്നെ ചെയ്യണമായിരുന്നു. കൂടാതെ, മിക്കവാറും ഓരോ ദിവസത്തെയും പരിപാടിയിൽ മൂന്നോ നാലോ ഭാഗങ്ങൾ കൈകാര്യം ചെയ്യേണ്ടിയും വരുമായിരുന്നു. അടുക്കളയിൽ എയ്പ്രൻ (വസ്ത്രങ്ങളിൽ അഴുക്കു പിടിക്കാതിരിക്കാൻ കെട്ടുന്ന മേൽവസ്ത്രം) ധരിച്ച് ജോലി ചെയ്യുന്നതിനിടെ പ്രസംഗത്തിനു സമയമാകുമ്പോൾ ഞാൻ കോട്ട് എടുത്തിട്ട് ധൃതിയിൽ ഹാളിലേക്ക് ഓടും. ചിലപ്പോഴൊക്കെ എയ്പ്രൻ അഴിച്ചുമാറ്റാൻ മറ്റു സഹോദരന്മാർ ഓർമിപ്പിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ, ഇന്ന് സമ്മേളനങ്ങളുടെ ഹാജർ 400-നും 500-നും ഇടയ്ക്കാണ്. സമ്മേളന പരിപാടികൾ നടത്തുന്നതിന് യോഗ്യരായ ധാരാളം മൂപ്പന്മാരും ഉണ്ട്.”
ബൈബിൾ നാടകങ്ങൾ ഡിസ്ട്രിക്റ്റ് കൺവെൻഷനുകളുടെ പുളകപ്രദവും പ്രബോധനാത്മകവുമായ ഒരു സവിശേഷതയാണ്. എന്നിരുന്നാലും, ഐസ്ലൻഡിൽ പ്രസാധകർ വളരെ കുറവായിരുന്നതുകൊണ്ട് ശബ്ദം മാത്രം റെക്കോർഡു ചെയ്തു കേൾപ്പിക്കുകയായിരുന്നു പതിവ്. ഡെന്മാർക്ക് ബ്രാഞ്ച്, ശബ്ദത്തിനൊപ്പം കാണിക്കാവുന്ന കളർ സ്ലൈഡുകൾ പ്രദാനം ചെയ്തു. അതു നാടകങ്ങൾ ജീവസ്സുറ്റതാക്കാൻ വളരെയധികം സഹായിച്ചു. എന്നിരുന്നാലും, നാടകങ്ങൾ നടത്താൻ ധാരാളം സമയമെടുത്തു തയ്യാറാകണമായിരുന്നു. ആദ്യം അവർ അത് ഐസ്ലാൻഡിക്കിലേക്കു പരിഭാഷപ്പെടുത്തണമായിരുന്നു. അതിനുശേഷം, പ്രാദേശികഭാഷ സംസാരിക്കുന്ന സഹോദരന്മാരുടെ ശബ്ദത്തിൽ അവ റെക്കോർഡു ചെയ്യേണ്ടിയിരുന്നു. കൂടാതെ, ആവശ്യമായ സംഗീതവും സൗണ്ട് ഇഫക്ടുകളും ഇംഗ്ലീഷ് ടേപ്പിൽനിന്നു കൂട്ടിച്ചേർക്കുമായിരുന്നു. ചിലർക്ക് ഒന്നിൽക്കൂടുതൽ കഥാപാത്രങ്ങൾക്കു ശബ്ദം നൽകേണ്ടിവന്നിരുന്നു. അതുകൊണ്ട് അവർ കഥാപാത്രത്തിന് അനുസരിച്ച് ശബ്ദത്തിൽ വ്യത്യാസം വരുത്തുമായിരുന്നു. കാലക്രമത്തിൽ ചില നാടകങ്ങൾ മുഴുവേഷവിധാനങ്ങളോടെയും അവതരിപ്പിക്കാൻ തുടങ്ങി.
അത്തരത്തിൽ അവതരിപ്പിച്ച ആദ്യത്തെ നാടകം എസ്ഥേർ രാജ്ഞിയെക്കുറിച്ചുള്ളത് ആയിരുന്നു. അത് അവതരിപ്പിച്ചത് 1970-ലെ ഡിസ്ട്രിക്റ്റ് കൺവെൻഷനിലായിരുന്നു. സഹോദരങ്ങൾ വലിയ ഉത്സാഹത്തോടെ അതിനുവേണ്ടി തയ്യാറെടുത്തു. ബൈബിൾ കാലങ്ങളിലേതുപോലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതും സഹോദരന്മാരുടെ മുഖത്ത് താടി വെച്ചുപിടിപ്പിക്കുന്നതും എല്ലാം പുതിയ അനുഭവം തന്നെയായിരുന്നു. കൺവെൻഷനു നാടകം സ്റ്റേജിൽ അവതരിപ്പിക്കുമെന്ന കാര്യം രഹസ്യമായി സൂക്ഷിച്ചിരുന്നു. അപ്രതീക്ഷിതമായി ലഭിച്ച ആ സമ്മാനം സദസ്സ്യർ ആഹ്ലാദത്തോടെ സ്വീകരിച്ചു. ചെറിയ കൺവെൻഷനുകളാകുമ്പോൾ സന്നിഹിതരായ എല്ലാവർക്കുംതന്നെ പരസ്പരം അറിയാം. അതുപോലെ, എല്ലാവരും സ്റ്റേജിന്റെ അടുത്തായിട്ടാണ് ഇരിക്കുന്നത്. അതുകൊണ്ട് ആരൊക്കെ ഏതൊക്കെ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നതെന്നു കണ്ടുപിടിക്കാൻ ചിലർ ശ്രമിക്കാറുണ്ട്. ഒരിക്കൽ നാടകം കഴിഞ്ഞപ്പോൾ ഒരു സഹോദരി ഇങ്ങനെ പറഞ്ഞു: “അതിശയംതന്നെ, നാടകത്തിൽ നെബൂഖദ്നേസറായിട്ട് അഭിനയിച്ച സഹോദരനെയല്ലാതെ വേറാരെയും എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല!” എന്നാൽ നെബൂഖദ്നേസറായിട്ട് അഭിനയിച്ചു എന്നു വിചാരിച്ച സഹോദരന്റെ പേര് സഹോദരി പറഞ്ഞപ്പോഴല്ലേ അറിയുന്നത് ആ ഊഹവും തെറ്റിപ്പോയിരുന്നെന്ന്. അത്തരം ചെറിയ കൺവെൻഷനുകളിലും സമ്മേളനങ്ങളിലും പരിപാടികൾ അവതരിപ്പിക്കാനായി അനേകർ ചെയ്യുന്ന കഠിനാധ്വാനത്തെ സഹോദരങ്ങൾ വളരെയധികം വിലമതിക്കുന്നു. സ്വന്തം ഭാഷയിൽ നാടകം അവതരിപ്പിക്കുന്നതുകൊണ്ട്, അതിലെ വിലയേറിയ പാഠങ്ങളിൽനിന്നു മുഴുവൻ പ്രയോജനവും നേടാൻ അവർക്കു കഴിയുന്നു.
അന്താരാഷ്ട്ര കൺവെൻഷനുകൾ സന്തോഷം കൈവരുത്തുന്നു
കഴിഞ്ഞ അനേകം വർഷങ്ങളായി, മറ്റു രാജ്യങ്ങളിൽ നടത്തപ്പെടുന്ന കൺവെൻഷനുകളിൽ സംബന്ധിക്കുന്നതിന്റെ സന്തോഷം ആസ്വദിക്കാനും ഐസ്ലൻഡിലെ സഹോദരങ്ങൾക്കു കഴിഞ്ഞിരിക്കുന്നു. ന്യൂയോർക്കിൽ നടന്ന 1958-ലെ ‘ദിവ്യേഷ്ടം’ അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാനുള്ള പദവി ഐസ്ലൻഡിൽനിന്നുള്ള അഞ്ചുപേർക്കു ലഭിച്ചു. ധാരാളം പേർ, യൂറോപ്പിൽ 1961-ൽ നടന്ന ‘ഏകീകൃത ആരാധകർ,’ 1963-ൽ നടന്ന “നിത്യസുവാർത്താ” എന്നീ സമ്മേളനങ്ങളിലും പങ്കെടുത്തു. മറ്റുചിലർക്ക്, 1973-ലെ “ദിവ്യ വിജയ” അന്താരാഷ്ട്ര കൺവെൻഷനുകളിൽ പങ്കെടുക്കാനെത്തിയ വിവിധ രാജ്യങ്ങളിൽനിന്നുള്ള സഹോദരങ്ങളുമായുള്ള സഹവാസം ആസ്വദിക്കാൻ കഴിഞ്ഞു. 1969 ആഗസ്റ്റ് 5 മുതൽ 10 വരെ ഡെന്മാർക്കിലെ കോപ്പൻഹേഗനിൽവെച്ചു നടത്തിയ “ഭൂമിയിൽ സമാധാനം” അന്താരാഷ്ട്ര സമ്മേളനത്തിൽ ഐസ്ലൻഡിൽനിന്നു നൂറിലധികം പ്രസാധകർ പങ്കെടുത്തു. അന്യനാട്ടിൽ നടത്തപ്പെട്ട അന്താരാഷ്ട്ര കൺവെൻഷനുകളിൽ പങ്കെടുക്കാൻ ഐസ്ലൻഡിൽനിന്നു പോയ ഏറ്റവും വലിയ കൂട്ടം അതായിരുന്നു. ആ വേനൽക്കാലത്ത്, ഐസ്ലൻഡിലെ പ്രസാധകരിൽ 80 ശതമാനവും കൺവെൻഷനുകളിൽ പങ്കെടുക്കാനായി വിദേശങ്ങളിലേക്കു പോയി.
ഐസ്ലൻഡിൽനിന്നുള്ള വളരെയേറെ പേർ 1969-ലെ കൺവെൻഷനിൽ പങ്കെടുക്കാൻ തീരുമാനിച്ചതുകൊണ്ട്, ഐസ്ലൻഡുകാരായ സഹോദരന്മാർക്ക് എല്ലാവർക്കും ഒരുമിച്ച് ഇരിക്കാനുള്ള ക്രമീകരണം ഡെന്മാർക്ക് ബ്രാഞ്ച് ചെയ്തു. രാവിലെ, സെഷനുകൾ തുടങ്ങുന്നതിനു മുമ്പ്, ഐസ്ലൻഡിൽനിന്നുള്ള സഹോദരന്മാർ എല്ലാവരും അവർക്കായി ഒരുക്കിയിരുന്ന ഭാഗത്ത് എത്തിച്ചേർന്നു. അവിടെ ഇരുന്നുകൊണ്ട് പരിപാടികളുടെ സംഗ്രഹം തങ്ങളുടെ സ്വന്തം ഭാഷയിൽ അവർ ആസ്വദിച്ചു.
ഈ കൺവെൻഷനിൽ പങ്കെടുത്തവരുടെ കൂട്ടത്തിൽ ബ്യാഡ്നി യോൺസൺ എന്നു പേരുള്ള ഒരു യുവാവും ഉണ്ടായിരുന്നു. റേക്യവിക്കിൽ മിഷനറി ഭവനത്തിനും ബ്രാഞ്ച് ഓഫീസിനുമായി സഹോദരങ്ങൾ ഒരു അഭിഭാഷകന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന കെട്ടിടം വാടകയ്ക്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ മകനായിരുന്നു ബ്യാഡ്നി. അവനു സത്യത്തെക്കുറിച്ച് അധികമൊന്നും അറിയില്ലായിരുന്നു. അവൻ സഹോദരങ്ങളുടെ കൂടെ കോപ്പൻഹേഗനിലേക്കു പോയത് കൺവെൻഷനിൽ പങ്കെടുക്കാൻ വേണ്ടിയുമായിരുന്നില്ല. പിന്നെ അവൻ കൺവെൻഷന് ഹാജരാകാൻ ഇടയായത് എങ്ങനെയായിരുന്നു?
അന്ന് ബ്രാഞ്ച് ദാസനായി സേവിച്ചിരുന്ന ചെൽ ഗിൽനാൾഡിന് ബ്യാഡ്നിയുടെ പിതാവുമായി ചില കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ടായിരുന്നു. ആ സമയത്ത്, കോപ്പൻഹേഗനിലെ അന്താരാഷ്ട്ര സമ്മേളനത്തെക്കുറിച്ചും സഹോദരങ്ങളിൽ കുറെപ്പേർ അതിൽ പങ്കെടുക്കാൻ ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ചും ചെൽ അദ്ദേഹത്തോടു പറഞ്ഞു. അതു കേട്ടപ്പോൾ, തന്റെ മൂത്ത മകനെയും ആ കൂട്ടത്തിന്റെ കൂടെ കൊണ്ടുപോകാൻ സാധിക്കുമോ എന്ന് ആ അഭിഭാഷകൻ ചോദിച്ചു. തന്റെ മകൻ സെക്കൻഡറി സ്കൂൾ പൂർത്തിയാക്കിയെന്നും അവന് ഒരു വിദേശയാത്രയ്ക്ക് അവസരം ചെയ്തുകൊടുക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം ഗിൽനാൾഡ് സഹോദരനോടു പറഞ്ഞു. അതിപ്പോൾ കോപ്പൻഹേഗനാണെങ്കിലും കുഴപ്പമില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതു നല്ലൊരു കാര്യമായി ചെൽ സഹോദരനും തോന്നി. ബ്യാഡ്നിക്ക് സമ്മേളന പരിപാടികൾ കാണാൻ ഇഷ്ടമാണെങ്കിൽ കോപ്പൻഹേഗനിൽ അവനു താമസസൗകര്യവും ശരിയാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുകേട്ടപ്പോൾ അഭിഭാഷകനു സന്തോഷമായി. സമ്മേളനത്തിനു പോകുന്ന യഹോവയുടെ സാക്ഷികളുടെ കൂടെ പോകുന്നോ എന്ന് അദ്ദേഹം മകനോടു ചോദിച്ചു. മകൻ പെട്ടെന്ന് അതിനു സമ്മതിക്കുകയും ചെയ്തു.
ബ്യാഡ്നിക്ക് കോപ്പൻഹേഗനിൽ താമസസൗകര്യം ശരിയാക്കുന്നതിനുവേണ്ടി സഹോദരന്മാർ അവിടത്തെ താമസസൗകര്യ ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ടു. താമസിക്കാനുള്ള സൗകര്യം സാക്ഷികളായ ഒരു കുടുംബത്തിന്റെ വീട്ടിൽ കണ്ടെത്തുകയും ചെയ്തു. ഐസ്ലൻഡിൽനിന്നുള്ള യാക്കോബ് എന്ന ഒരു സഹോദരനോടൊപ്പം ഒരേ മുറി റിസർവ് ചെയ്തിരുന്ന അമേരിക്കക്കാരനായ ഒരു പ്രതിനിധി ആ റിസർവേഷൻ വേണ്ടെന്നു വെച്ചതുകൊണ്ട് അതു ബ്യാഡ്നിക്കു കിട്ടി. എന്നിരുന്നാലും, ചില കാരണങ്ങളാൽ യാക്കോബിനും എത്തിച്ചേരാൻ കഴിഞ്ഞില്ല. അതുകൊണ്ട് അവിടെ താമസിക്കാൻ ബ്യാഡ്നി മാത്രമേ ഉണ്ടായിരുന്നുള്ളൂ. താമസസൗകര്യ ഡിപ്പാർട്ട്മെന്റ്, അമേരിക്കയിൽനിന്നുള്ള സഹോദരനു പകരം ബ്യാഡ്നി വരുന്ന കാര്യം ആതിഥേയരോടു സൂചിപ്പിച്ചതുമില്ല, അതുകൊണ്ട് അവർ തങ്ങളുടെ അതിഥി യാക്കോബ് ആണെന്നു തെറ്റിദ്ധരിച്ചു.
വിവിധ സ്ഥലങ്ങളിൽനിന്നുള്ള സഹോദരങ്ങൾ പരസ്പരം കണ്ടുമുട്ടുമ്പോൾ അവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്നതു സാധാരണമാണല്ലോ. എന്നാൽ “യാക്കോബിന്” ഒന്നുംതന്നെ പറയാനില്ലാത്തതു കണ്ട് ഡാനിഷ് സഹോദരന്മാർക്ക് അതിശയം തോന്നി. ബ്യാഡ്നിയാകട്ടെ, തന്റെ ആതിഥേയർ കൂടെക്കൂടെ തന്നെ യാക്കോബ് എന്നു വിളിക്കുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാകാതെ ഇരിക്കുകയായിരുന്നു. യാക്കോബ് ഒരു ബൈബിൾ പേരായതുകൊണ്ട്, പരസ്പരം ബൈബിൾ പേരു വിളിക്കുന്നത് യഹോവയുടെ സാക്ഷികളുടെ രീതി ആയിരിക്കുമെന്നു ബ്യാഡ്നി അനുമാനിച്ചു. പിന്നീട്, ബ്യാഡ്നി താമസിക്കുന്ന വീട്ടിലെ ഒരു സഹോദരൻ, ഐസ്ലൻഡിൽ പയനിയറായിരുന്ന ഒരു ഡാനിഷ് സഹോദരനെ കണ്ടുമുട്ടിയപ്പോഴാണ് ആ തെറ്റിദ്ധാരണയുടെ കുരുക്കഴിഞ്ഞത്. ഒരുപക്ഷേ “യാക്കോബ്” പുതിയ വ്യക്തിയായതു കൊണ്ടായിരിക്കുമോ ഐസ്ലൻഡിലെ പ്രവർത്തനങ്ങളെക്കുറിച്ച് അവന് ഒന്നുംതന്നെ അറിയാതിരുന്നത് എന്ന് അദ്ദേഹം ആ സഹോദരനോടു ചോദിച്ചു. അപ്പോഴാണ് ആ “യാക്കോബ്” യഥാർഥത്തിൽ ഐസ്ലൻഡിൽനിന്ന് സഹോദരങ്ങളുടെകൂടെ കോപ്പൻഹേഗനിലേക്കു വന്ന ഒരു സ്കൂൾ വിദ്യാർഥിയായ ബ്യാഡ്നി ആണെന്ന് സഹോദരൻ വിശദീകരിച്ചത്. അതറിഞ്ഞ ബ്യാഡ്നിയുടെ ആതിഥേയർ അവന് ഊഷ്മളമായ ആതിഥ്യം നൽകി. തങ്ങളോടൊപ്പം ഒരാഴ്ചകൂടെ താമസിച്ച് ഡെന്മാർക്കിലെ സ്ഥലങ്ങളൊക്കെ സന്ദർശിക്കാൻ അവർ അവനെ ക്ഷണിച്ചു. അവരുടെ ആ നല്ല മനസ്സ് ബ്യാഡ്നിയുടെ ഹൃദയത്തെ സ്പർശിച്ചു.
എന്തായിരുന്നാലും, ബ്യാഡ്നി സമ്മേളനത്തിനു ഹാജരായി. സമ്മേളനം പൂർണമായി ആസ്വദിക്കാൻ കഴിയുന്ന വിധത്തിൽ സത്യത്തെക്കുറിച്ചുള്ള അടിസ്ഥാന ഗ്രാഹ്യംപോലും ഇല്ലായിരുന്നെങ്കിലും, അവിടെ കണ്ടതും കേട്ടതുമായ കാര്യങ്ങൾ ബ്യാഡ്നിയിൽ വളരെയധികം മതിപ്പുളവാക്കി. ഐസ്ലൻഡിൽ മടങ്ങിയെത്തിയ ഉടനെ, ബ്യാഡ്നിയും കുടുംബവും ബൈബിൾ പഠനം ആരംഭിച്ചു. ബ്യാഡ്നി സത്യത്തിൽ നന്നായി പുരോഗമിച്ചു. 1971-ൽ സ്നാപനമേറ്റ അദ്ദേഹം 1979 മുതൽ ഐസ്ലൻഡിലെ ബ്രാഞ്ച് കമ്മിറ്റി അംഗമായി സേവനം അനുഷ്ഠിക്കുന്നു.
ഐസ്ലൻഡ് ബ്രാഞ്ചിൽ പരിഭാഷകനായി വളരെ വർഷങ്ങൾ സേവിച്ച വ്യക്തിയാണ് സ്വാൻബർഗ് യാക്കോബ്സൺ. ഇപ്പോൾ അദ്ദേഹം പരിഭാഷാ വിഭാഗത്തിന്റെ മേൽവിചാരകൻ ആണ്. ഒരു യുവ പ്രസാധകൻ ആയിരുന്നപ്പോൾ, 1973-ൽ ഇംഗ്ലണ്ടിലെ ലണ്ടനിൽവെച്ചു നടന്ന “ദിവ്യ വിജയ” അന്താരാഷ്ട്ര സമ്മേളനത്തിൽ അദ്ദേഹം പങ്കെടുത്തു. അദ്ദേഹം പറയുന്നു: “ആയിരക്കണക്കിനു സഹോദരീസഹോദരന്മാർ കൺവെൻഷൻ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുന്ന പുളകപ്രദമായ കാഴ്ച ഞാൻ ഇന്നും ഓർക്കുന്നു. ആഫ്രിക്കയിൽനിന്നുള്ള കുറെ സഹോദരീസഹോദരന്മാർ അവരുടെ പരമ്പരാഗതരീതിയിൽ നിറപ്പകിട്ടാർന്ന വസ്ത്രങ്ങൾ ധരിച്ചു വന്നത് എന്നെ വളരെയധികം ആകർഷിച്ചു. പതിനായിരക്കണക്കിനു സഹോദരങ്ങളോടൊപ്പം പരിപാടികൾ ശ്രദ്ധിച്ചതും പാട്ടു പാടിയതും പ്രാർഥിച്ചതും ഭക്ഷണം കഴിച്ചതും വെറുതെ അവരുടെ ഇടയിൽ ആയിരുന്നതുപോലും മറക്കാനാവാത്ത അനുഭവമായിരുന്നു.”
1958-ൽ സ്നാപനമേറ്റ സോൽബോർഗ് സ്വേൻസ്ഡോട്ടിർ, 1961-ൽ കോപ്പൻഹേഗനിൽവെച്ചു നടന്ന കൺവെൻഷനിൽ പങ്കെടുക്കാനായി തന്റെ നാലു മക്കളോടൊപ്പം ഡെന്മാർക്കിലേക്കു തിരിച്ചു. കപ്പൽ മാർഗം ആറുദിവസം നീണ്ടുനിന്ന ഒരു യാത്രയായിരുന്നു അത്. സോൽബോർഗ്, കെഫ്ലാവിക്കിലെ ഒറ്റപ്പെട്ട ഒരു ചെറിയ കൂട്ടത്തോടൊപ്പമാണു സഹവസിച്ചിരുന്നത്. വലിയ ഒരു അന്താരാഷ്ട്ര കൺവെൻഷനിൽ പങ്കെടുത്തത് അവരെ സംബന്ധിച്ചിടത്തോളം എങ്ങനെയുള്ള അനുഭവമായിരുന്നു? സഹോദരി പറയുന്നു: “30,000-ത്തിലധികം സഹോദരങ്ങൾ ഏകസ്വരത്തിൽ അഞ്ചു വ്യത്യസ്ത ഭാഷകളിൽ രാജ്യഗീതങ്ങൾ പാടുന്നതു കേട്ടപ്പോൾ ഞാനാകെ കോരിത്തരിച്ചുപോയി. അതെന്റെ ഹൃദയത്തെ തൊട്ടു. എല്ലാ കാര്യങ്ങളും സുസംഘടിതമായിരുന്നു.”
അന്താരാഷ്ട്ര കൺവെൻഷനുകൾക്കു പോകുന്നത് വളരെ ചെലവുള്ള കാര്യമായിരുന്നു. എന്നാൽ അങ്ങനെ ചെയ്യുന്നതിനാൽ ലാഭമല്ലാതെ നഷ്ടമൊന്നും ഉണ്ടാവില്ലെന്ന് സഹോദരങ്ങൾക്ക് ഉറപ്പായിരുന്നു. യഹോവ ഒരുക്കുന്ന അത്ഭുതകരമായ ആത്മീയ വിരുന്നുകളിൽ പങ്കുപറ്റുന്നതും ആയിരക്കണക്കിനു വരുന്ന സഹവിശ്വാസികളോടൊപ്പം ആയിരിക്കുന്നതും ഒരു അനുഗ്രഹമായി അവർ കണക്കാക്കി.
ഒരു ആത്മീയ “വെയ്റ്റർ” സന്ദർശനം നടത്തുന്നു
ആവശ്യം അധികമുള്ളിടത്തു സേവിക്കുന്നതിനായി അനേകർ ഐസ്ലൻഡിലേക്കു മാറിത്താമസിച്ചിട്ടുണ്ട്. അവർക്കെല്ലാവർക്കും സങ്കീർണമായ ഐസ്ലാൻഡിക് ഭാഷ പഠിച്ചെടുക്കുന്നതിന് വളരെക്കാലം കഠിനമായി യത്നിക്കേണ്ടിവന്നു. എന്നിരുന്നാലും, ഭാഷാപരമായ തെറ്റിദ്ധാരണകൾ അനുഗ്രഹമായി തീർന്നിട്ടുള്ള അവസരങ്ങളും ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന്, ഒരു ദിവസം ഹൈൻറിഹ് കാർഹെ വീടുതോറും പ്രവർത്തിക്കുകയായിരുന്നു. ഒരു ശുശ്രൂഷകൻ എന്നാണ് സഹോദരൻ സ്വയം പരിചയപ്പെടുത്തിയിരുന്നത്. ഒരു വീട്ടുവാതിൽക്കൽ കണ്ടുമുട്ടിയ സ്ത്രീ സഹോദരൻ തന്നെത്തന്നെ പരിചയപ്പെടുത്തിയ ഉടനെ അദ്ദേഹത്തെ അകത്തേക്കു ക്ഷണിച്ചു. സഹോദരൻ ഉപയോഗിച്ച ശുശ്രൂഷകൻ എന്ന ഐസ്ലാൻഡിക് വാക്കിന് “ശുശ്രൂഷകൻ” എന്നും “വെയ്റ്റർ” എന്നും അർഥം ഉണ്ടായിരുന്നു. അതുകൊണ്ട്, അവിടത്തെ ഒരു ഹോട്ടലിൽ വെയ്റ്ററായ ഭർത്താവിന്റെ സഹജോലിക്കാരനാണു വന്നിരിക്കുന്നത് എന്ന് അവർ തെറ്റിദ്ധരിച്ചു. തന്റെ ഭർത്താവ് ഉടനെ വരുമെന്ന് അറിയാമായിരുന്നതുകൊണ്ട് ഭർത്താവിനെ കാണാൻ വന്ന ആളെ അവർ അകത്തു കയറ്റി ഇരുത്തി. പിന്നീട് അബദ്ധം മനസ്സിലായപ്പോൾ അവർ രണ്ടുപേരും കുറെ ചിരിച്ചു.
ഭർത്താവു വന്നപ്പോൾ, നമ്മുടെ ആത്മീയ “വെയ്റ്റർ” ആ യുവ ദമ്പതികൾക്ക് വിഭവസമൃദ്ധമായ ആത്മീയ ഭക്ഷണം വിളമ്പിക്കൊടുത്തു. അവർ അത് നന്നായി ആസ്വദിക്കുകയും ചെയ്തു. ഹൈൻറിഹിനോടു ഭാര്യയെയും കൂട്ടി വീണ്ടും വരണമെന്ന് അവർ ആവശ്യപ്പെട്ടു. പെട്ടെന്നുതന്നെ, ക്രമമായ ബൈബിളധ്യയനം തുടങ്ങി. വളരെ താത്പര്യം കാണിച്ച ആ ദമ്പതികൾ മറ്റുള്ളവരോടു സാക്ഷീകരിക്കാൻ തുടങ്ങി. ഹോട്ടലിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾപ്പോലും ആ യുവ വെയ്റ്റർ കേൾക്കാൻ താത്പര്യം കാണിച്ച എല്ലാവരോടും സത്യത്തെക്കുറിച്ചു സംസാരിച്ചു. കാലക്രമത്തിൽ ആ ദമ്പതികൾ സ്നാപനമേറ്റു. ആ ആത്മീയ “വെയ്റ്റർ” തങ്ങളെ സന്ദർശിച്ചതിലും തന്റേതല്ലാത്ത ഒരു ഭാഷ ആയിരുന്നിട്ടും സാക്ഷ്യം നൽകാൻ മടികാണിക്കാതിരുന്നതിലും അവർ വളരെ സന്തോഷമുള്ളവരായിരുന്നു.
വർഷങ്ങളിലുടനീളം, വിദേശീയരായ സഹോദരന്മാർ ഭാഷ പഠിച്ചുകൊണ്ടിരുന്നപ്പോൾ പിശകുകൾ വരുത്തിയിരുന്നതുകൊണ്ട് രസകരമായ അനേകം അനുഭവങ്ങൾ അവർക്കുണ്ടായിട്ടുണ്ട്. ഉദാഹരണത്തിന്, ഐസ്ലൻഡിൽ എത്തി കുറച്ചുനാൾ കഴിഞ്ഞ്, സാലി മക്ഡൊനാൾഡ് ഇങ്ങനെ ഒരു അവതരണം തയ്യാറായി: “ബൈബിളിൽനിന്നുള്ള ചില താത്പര്യജനകമായ വിവരങ്ങൾ പങ്കുവെക്കാനായി ഞാൻ ഈ പ്രദേശത്തുള്ളവരെ സന്ദർശിക്കുകയാണ്.” പക്ഷേ, സഹോദരി സന്ദർശിക്കുക (ഹേമ്സ്ക്യാ) എന്ന വാക്ക്, പീഡിപ്പിക്കുക (ഒഫ്സ്ക്യാ) എന്ന വാക്കുമായി കൂട്ടിക്കുഴച്ചു. എന്നിട്ട് പുഞ്ചിരിയോടെ ഇങ്ങനെ പറഞ്ഞു: “ഞാൻ ഈ പ്രദേശത്തുള്ളവരെ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്.”
ഒരു ലൂഥറൻ പുരോഹിതനോടൊത്ത് വീടുതോറും
ഡെന്മാർക്കുകാരായ ഹോൾഗോർ ഫ്രെദെറിക്സണും ഭാര്യ റ്റോവെയും പ്രത്യേക പയനിയർമാർ എന്നനിലയിൽ, വളരെക്കാലം വിശ്വസ്തതയോടെ ഐസ്ലൻഡിൽ സേവിച്ചു. കുറച്ചു നാൾ അവർ സഞ്ചാരവേലയും ചെയ്തു. ഐസ്ലാൻഡിക് ഭാഷ പഠിക്കാനും കൈകാര്യം ചെയ്യാനും റ്റോവെയ്ക്ക് വളരെ പ്രയാസമായിരുന്നു. എന്നിട്ടും, സഹോദരി കാണിച്ച തീക്ഷ്ണതയും ഉത്സാഹവും അനേകരെ സത്യത്തിലേക്കു വരാൻ സഹായിച്ചു.
സഞ്ചാരവേലയിൽ ആയിരിക്കെ ഒരു അവസരത്തിൽ ഹോൾഗോർ ഒരു യുവ പ്രസാധകനുമൊത്ത് ഒരു ചെറിയ ഗ്രാമത്തിൽ വീടുതോറും പ്രവർത്തിക്കുകയായിരുന്നു. അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ആ പ്രദേശത്തെ ലൂഥറൻ പുരോഹിതൻ അവരോടൊപ്പം ചേർന്നു. എങ്ങനെയാണ് അതു സംഭവിച്ചത്?
കുറച്ചു മുമ്പ്, അവർ ആ പുരോഹിതന്റെ വീട് സന്ദർശിച്ചതേ ഉണ്ടായിരുന്നുള്ളൂ. പുറമേ സൗഹൃദം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം, അവരെ തന്റെ ഓഫീസിലേക്കു ക്ഷണിച്ചു. അവർ നൽകിയ പുസ്തകങ്ങളിലൂടെ ഒന്നു കണ്ണോടിച്ച ശേഷം അദ്ദേഹം പറഞ്ഞു: “ഈ പുസ്തകങ്ങൾ മുഴുവൻ തെറ്റായ പഠിപ്പിക്കലുകൾ ആണ്!” എന്നിട്ട് അദ്ദേഹം പെട്ടെന്നു ചാടിയെഴുന്നേറ്റ് കൈരണ്ടും ഉയർത്തിപ്പിടിച്ച് ദൈവത്തിൽനിന്നുള്ള ശിക്ഷാവിധി അവരുടെമേൽ ചൊരിഞ്ഞു. അദ്ദേഹം ഇങ്ങനെ ആക്രോശിച്ചു: “എന്റെ ഇടവകയിൽ പ്രസംഗിക്കുന്നതിൽനിന്ന് ഞാൻ നിങ്ങളെ വിലക്കുന്നു.” എന്നാൽ, അദ്ദേഹത്തിനു തങ്ങളെ തടയാൻ യാതൊരു അവകാശവും ഇല്ലെന്നും തങ്ങൾ തുടർന്നു പ്രസംഗിക്കാൻ പോകുകയാണെന്നും ഹോൾഗോർ പുരോഹിതനോടു പറഞ്ഞു. അപ്പോൾ ആ പുരോഹിതൻ പറഞ്ഞു: “എന്റെ ഇടവകയിൽ തുടർന്നു പ്രസംഗിക്കാനാണു നിങ്ങളുടെ ഉദ്ദേശ്യമെങ്കിൽ, ഞാനും കൂടെ വരും.” അതിൽ സന്തോഷമേയുള്ളു എന്ന് ഹോൾഗോർ അദ്ദേഹത്തോടു പറഞ്ഞു.
അദ്ദേഹത്തിന്റെ വീടിന്റെ തൊട്ടടുത്തുള്ള രണ്ടു വീടുകൾവരെ പുരോഹിതൻ അവരെ അനുഗമിച്ചു കഴിഞ്ഞപ്പോഴാണ് റ്റോവെയും കൂടെയുണ്ടായിരുന്ന സഹോദരിയും അവരെ കാണുന്നത്. സഹോദരന്മാരോടൊപ്പം വീടുതോറും പ്രവർത്തിക്കുന്ന ആളെ കണ്ടപ്പോൾ അവരുടെ കണ്ണുതള്ളിപ്പോയി. അപ്പോൾ പെട്ടെന്ന് പുരോഹിതൻ അവരെ എല്ലാവരെയും കാപ്പികുടിക്കാൻ വീട്ടിലേക്കു ക്ഷണിച്ചു. അവർ വളരെ സൗഹാർദപരമായി സംസാരിച്ചിരുന്നു. അവിടെയുള്ളവരോടു പ്രസംഗിക്കുന്നതിൽനിന്ന് തങ്ങളെ തടയുന്നതിനുള്ള ഒരു മാർഗമാണോ അപ്രതീക്ഷിതമായ ഈ ആതിഥ്യം എന്ന് ഹോൾഗോർ സംശയിച്ചു. അതുകൊണ്ട്, പിറ്റേദിവസംതന്നെ അവർ അവിടെ തിരിച്ചുചെന്ന് ആ ഗ്രാമം മുഴുവൻ പ്രവർത്തിച്ചുതീർത്തു. ധാരാളം സാഹിത്യങ്ങൾ സമർപ്പിക്കുകയും കേൾക്കാൻ മനസ്സൊരുക്കമുള്ള അനേകരെ കണ്ടുമുട്ടുകയും ചെയ്തു.
മഞ്ഞിടിഞ്ഞുവീണ് വഴി തടസ്സപ്പെടുന്നു
ഇരുണ്ട ശൈത്യകാല മാസങ്ങളിൽ ഐസും മഞ്ഞും മൂടിക്കിടക്കുന്ന പർവത ചുരങ്ങളിലൂടെ വാഹനം ഓടിച്ചു വേണം പ്രസംഗവേലയ്ക്കായി നാട്ടിൻപുറങ്ങളിൽ എത്താൻ. സഞ്ചാരവേലയിൽ ആയിരിക്കുന്ന സമയത്ത് 1974 ഡിസംബറിൽ ചെൽ ഗിൽനാർഡും ഭാര്യ ഇറിസും വടക്കെ തീരത്തുള്ള ആക്കുറേറി പട്ടണം സന്ദർശിക്കുകയുണ്ടായി. അവിടത്തെ സഭയോടൊപ്പം ചെലവഴിച്ച ആ ആഴ്ചയിൽ അവർ 80 കിലോമീറ്ററിലേറെ ദൂരെയുള്ള ഹൂസാവിക്കിലേക്ക് ഒരു യാത്ര ക്രമീകരിച്ചു. ആ യാത്രയിൽ ഹോൾഗോർ ഫ്രെദെറിക്സനും ഭാര്യ റ്റോവെയും അവരോടൊപ്പം പോയി. നാലുപേരും കുറച്ചുദിവസത്തേക്ക് ഹൊസാവിക്കിലും അതിനുചുറ്റുമുള്ള പ്രദേശത്തും പ്രവർത്തിച്ചു. ഒരു സ്കൂളിൽവെച്ച് സ്ലൈഡ് പ്രദർശനത്തോടു കൂടിയ ഒരു പരസ്യപ്രസംഗം നടത്തിക്കൊണ്ട് അവിടത്തെ സന്ദർശനം അവസാനിപ്പിക്കാനായിരുന്നു പരിപാടി. എന്നാൽ യോഗം തുടങ്ങിക്കഴിഞ്ഞപ്പോൾ പെട്ടെന്ന് കാലാവസ്ഥയാകെ മാറി. കൊടുങ്കാറ്റ് ആഞ്ഞടിച്ചു, മഞ്ഞും ആലിപ്പഴവർഷവും തുടങ്ങി, ഒപ്പം സഹിക്കാൻവയ്യാത്ത തണുപ്പും. യോഗം കഴിഞ്ഞ് സന്നിഹിതരായിരുന്ന ആളുകൾ പോകാനായി തയ്യാറെടുക്കവേ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ വൈദ്യുതിത്തകരാർ പട്ടണത്തെ മുഴുവൻ ഇരുളിലാഴ്ത്തി. സഹോദരങ്ങൾ അവിടെനിന്നു പോകുമ്പോഴും വൈദ്യുതി വന്നിരുന്നില്ല. എന്നിരുന്നാലും, വൈദ്യുതി നിലയ്ക്കുന്നതിനു മുമ്പ് സ്ലൈഡ് പ്രദർശനം നടത്താൻ കഴിഞ്ഞതിൽ അവർക്കു വളരെ സന്തോഷം തോന്നി.
ഗിൽനാർഡ് സഹോദരനും സഹോദരിക്കും ഹോൾഗോർ സഹോദരനും സഹോദരിക്കും ആക്കുറേറിയിലേക്കു തിരികെ പോകണമായിരുന്നു. അതുകൊണ്ട്, അവർ അവിടെയുള്ള ചില പോലീസുകാരോടും ബസ്, ട്രക്ക് ഡ്രൈവർമാരോടും റോഡിന്റെ അവസ്ഥയെക്കുറിച്ച് അന്വേഷിച്ചു. അൽപ്പം മുമ്പുവരെ വലിയ കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്ന് ഉറപ്പുകിട്ടിയതിനെ തുടർന്ന് എത്രയുംപെട്ടെന്ന് അവിടം വിടാൻ അവർ തീരുമാനിച്ചു. പക്ഷേ, മെഴുകുതിരി വെളിച്ചത്തിൽ സാധനങ്ങളെല്ലാം കെട്ടിപ്പെറുക്കി വന്നപ്പോഴേക്കും സമയം വൈകി. പെട്രോൾ വാങ്ങാനായി ചെന്നപ്പോഴാണെങ്കിൽ അവിടെയും വൈദ്യുതിയില്ലാത്തതിന്റെ പ്രശ്നങ്ങൾ. പമ്പ് ഒരുകണക്കിന് കൈകൊണ്ടു പ്രവർത്തിപ്പിച്ച് അവിടത്തെ ജോലിക്കാരൻ വണ്ടിയിൽ പെട്രോൾ നിറച്ചു. ഏതായാലും ഒടുവിൽ രാത്രി ഒമ്പതുമണിയോടെ, അവിടെനിന്നു പോരാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി.
ആ യാത്രയെക്കുറിച്ചു വിവരിക്കവേ, ചെൽ പറയുന്നു: “തുടക്കത്തിൽ കാര്യങ്ങൾ കുഴപ്പമില്ലാതെ മുന്നോട്ടുപോയി. പക്ഷേ മഞ്ഞുവീഴ്ച കൂടിക്കൊണ്ടിരുന്നു. ചില സമയങ്ങളിൽ റോഡ് എവിടെയാണെന്നുപോലും മനസ്സിലാക്കാൻ കഴിയാതെ വരുമായിരുന്നു. അപ്പോഴൊക്കെ ഹോൾഗോർ കാറിൽ നിന്നിറങ്ങി, ടോർച്ചടിച്ചു വഴി കാണിച്ചുതരുമായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ വണ്ടി മഞ്ഞിൽ പുതഞ്ഞുപോയതു കാരണം മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥ വന്നു. കുറച്ചുതവണ വണ്ടി തള്ളിയും മഞ്ഞുകോരിക്കളഞ്ഞും ഒരു വിധം മുന്നോട്ടുപോയി. എന്നാൽ ഒടുവിൽ ഒരു വലിയ മഞ്ഞുകൂമ്പാരം കാരണം ഞങ്ങളുടെ വഴിമുട്ടി. അവിടത്തെ ഒരു മലയുടെ മുകളിൽനിന്ന് അടർന്നുവീണ ഒരു വലിയ മഞ്ഞുകട്ടയുടെ ഭാഗമായിരുന്നു അതെന്ന് പിന്നീട് അറിയാൻ കഴിഞ്ഞു. സാധാരണ ദിവസങ്ങളിൽ, ഹൂസാവിക്കിൽനിന്ന് ആക്കുറേറിയിൽ എത്തുന്നതിന് രണ്ടു മണിക്കൂർ മതിയാകും. എന്നാൽ ആറു മണിക്കൂറായി ഞങ്ങൾ വഴിയിലായിരുന്നു. എന്നിട്ടും പകുതി വഴിയെ എത്തിയിരുന്നുള്ളൂ.
“വെളുപ്പിനു മൂന്നുമണി ആയിരുന്നു. തണുപ്പത്ത്, നനഞ്ഞ വസ്ത്രങ്ങളുമായി ക്ഷീണിച്ചവശരായി ഞങ്ങൾ ഇരുന്നു. അപ്പോഴാണ് അടുത്തുള്ള ഒരു കൃഷിയിടത്തിൽ വെളിച്ചം കണ്ടത്. ഞങ്ങൾക്കുണ്ടായ സന്തോഷം ഒന്ന് ആലോചിച്ചുനോക്കൂ. ഞങ്ങൾ അങ്ങോട്ടു പോയി. ഹോൾഗോർ പോയി മുൻവാതിലിൽ മുട്ടി. വളരെ മര്യാദയും പരിഗണനയും ഉള്ള വ്യക്തിയാണെങ്കിലും, അകത്തുനിന്ന് ഒരനക്കവും കേൾക്കാതെ വന്നപ്പോൾ, ഹോൾഗോർ വാതിൽ തുറന്ന് അകത്തുകടന്നു. മുകളിലത്തെ നിലയിലെ കിടപ്പുമുറിയുടെ വാതിലിൽ അദ്ദേഹം പതുക്കെ മുട്ടി. അമ്പരന്നുപോയെങ്കിലും, അസമയത്തുള്ള ഞങ്ങളുടെ ആ കടന്നുകയറ്റത്തിൽ വീട്ടുകാരനും ഭാര്യയും ഒട്ടും ദേഷ്യം പ്രകടിപ്പിച്ചില്ല. വൈദ്യുതി പോയ സമയത്ത് ഉറങ്ങാൻ കിടന്നതിനാൽ ലൈറ്റ് ഓഫാക്കാൻ അവർ മറന്നുപോയതായിരുന്നത്രേ!
“തുടർന്ന് ഐസ്ലാൻഡിക് ജനതയുടെ ആതിഥ്യത്തിന്റെ ഊഷ്മളത ഞങ്ങൾ അനുഭവിച്ചറിഞ്ഞു. ഉറങ്ങിക്കിടന്നിരുന്ന കുട്ടികളെ അവർ മറ്റൊരു മുറിയിലേക്കുമാറ്റി. അങ്ങനെ, ഞങ്ങൾക്കു നാലുപേർക്കുംവേണ്ടി അവർ രണ്ടുമുറികൾ ഒരുക്കി. അൽപ്പനേരത്തിനകം ചൂടു കാപ്പിയും സ്വാദിഷ്ടമായ ബ്രഡും മേശപ്പുറത്തെത്തി. അടുത്ത ദിവസം പ്രാതലിനുശേഷം, ഉച്ചഭക്ഷണം കൂടി കഴിഞ്ഞിട്ടു പോയാൽ മതിയെന്നു വീട്ടുകാരൻ നിർബന്ധിച്ചു. ആ കുടുംബത്തോടൊപ്പം ഉച്ചഭക്ഷണം കഴിച്ചശേഷം, ഞങ്ങൾ ആക്കുറേറിയിലേക്കുള്ള യാത്ര തുടർന്നു. അപ്പോഴേക്കും മഞ്ഞു നീക്കംചെയ്യുന്ന രണ്ടു വലിയ വാഹനങ്ങളെത്തി വഴി തെളിച്ചിരുന്നു. ആ വീട്ടുകാരന്റെയും ഭാര്യയുടെയും അതിഥിപ്രിയം അവരുമായി ബൈബിൾ സത്യം പങ്കുവെക്കാനുള്ള അവസരം ഞങ്ങൾക്കു നൽകി.”
മത്സ്യബന്ധന ബോട്ടിലെ പ്രസംഗപ്രവർത്തനം
കുറച്ചു വർഷങ്ങൾക്കുമുമ്പ്, വയൽശുശ്രൂഷയിൽ ആയിരിക്കെ ചെൽ ഗിൽനാർഡ്, ഫ്രിദ്രിക് എന്ന ഒരു യുവാവിനെ കാണാനിടയായി. കുടുംബത്തിലെ മൂത്ത പുത്രനായിരുന്നു അദ്ദേഹം. ആത്മീയ മനസ്കനായിരുന്ന അദ്ദേഹത്തിന് ബൈബിൾ കാര്യങ്ങൾ ചർച്ച ചെയ്യാൻ വലിയ ഇഷ്ടമായിരുന്നു. ധാരാളം ചോദ്യങ്ങൾ ഉണ്ടായിരുന്ന അദ്ദേഹം കൂടുതൽ ബൈബിൾ പരിജ്ഞാനം സമ്പാദിക്കാൻ ആത്മാർഥമായ ആഗ്രഹം പ്രകടിപ്പിച്ചു. എന്നിരുന്നാലും, ഒരു മത്സ്യബന്ധന ബോട്ടിൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്നതുകൊണ്ട്, അദ്ദേഹത്തെ വീണ്ടും കണ്ടുമുട്ടുന്നത് എളുപ്പമല്ലായിരുന്നു. യാത്രയ്ക്കിടയിൽ വീണുകിട്ടുന്ന ഏതാനും ദിവസങ്ങൾ ഒഴികെ മിക്ക സമയങ്ങളിലും അദ്ദേഹം കടലിൽ ആയിരിക്കും. എങ്കിലും, ബോട്ടിന്റെ യാത്രാസമയ പട്ടിക നോക്കുകയും ഫ്രിദ്രിക്കിന്റെ അമ്മയോട് അദ്ദേഹം വീട്ടിൽ കാണുന്ന സമയം ചോദിച്ചു മനസ്സിലാക്കുകയും ചെയ്തുകൊണ്ട് ചില സമയങ്ങളിൽ തുറമുഖത്തുവെച്ചും ചിലപ്പോൾ വീട്ടിൽവെച്ചും അദ്ദേഹത്തെ കാണാനുള്ള വഴി ചെൽതന്നെ കണ്ടെത്തി. ഈ വിധത്തിൽ ആത്മീയമായി പുരോഗമിക്കാൻ സഹോദരങ്ങൾ അദ്ദേഹത്തെ സഹായിച്ചു.
1982 അവസാനത്തോടടുത്ത് ഫ്രിദ്രിക്കിനെ റേക്യവിക്കിൽ നടക്കുന്ന ഒരു സമ്മേളനത്തിനു ക്ഷണിച്ചു. അപ്പോഴേക്കും യഹോവയിൽ അദ്ദേഹം വിശ്വാസം വളർത്തിയെടുക്കാൻ തുടങ്ങിയിരുന്നു. സമ്മേളനത്തിൽ പങ്കെടുക്കാൻ ഒരു വഴി കാണിച്ചുതരണമെന്ന് അദ്ദേഹം യഹോവയോടു പ്രാർഥിച്ചു. ഒരു വഴി തുറന്നുകിട്ടുകതന്നെ ചെയ്തു. ബോട്ടു ജീവനക്കാരിൽ ഒരാൾ, തനിക്ക് അനുവദിച്ചുകിട്ടിയിരുന്ന അവധി പെട്ടെന്നു വേണ്ടെന്നു വെച്ചതുകൊണ്ട് ഫ്രിദ്രിക്കിന് പകരം അവധിയെടുക്കാനായി. അങ്ങനെ സമ്മേളനം കൂടുക എന്ന ആഗ്രഹം സാധിച്ചു. സമ്മേളനപരിപാടി ഫ്രിദ്രിക്കിൽ വളരെ മതിപ്പുളവാക്കി. അവിടെവെച്ചുതന്നെ അദ്ദേഹം യഹോവയെ സേവിക്കാനുള്ള തീരുമാനമെടുത്തു.
സ്വന്തം പട്ടണത്തിൽ തിരിച്ചെത്തിയ ഉടനെ, തുടർന്നുള്ള ജീവിതത്തിൽ യഹോവയെ സേവിക്കാനുള്ള തീരുമാനത്തെക്കുറിച്ചും അത് തന്റെ ജീവിതത്തെ ഏതുവിധത്തിലായിരിക്കും ബാധിക്കുക എന്നതിനെക്കുറിച്ചും ഫ്രിദ്രിക് തന്റെ പ്രതിശ്രുതവധുവിനോടു സംസാരിച്ചു. താൻ അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിലും യഹോവയുടെ സാക്ഷികളിൽ ഒരാളെ ഭർത്താവാക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, താൻ ഒരിക്കലും വിവാഹത്തിനു നിർബന്ധിക്കുകയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത ദിവസം രാവിലെ, മിഷനറി ഭവനത്തിന്റെ വാതിലിൽ ഒരു മുട്ടുകേട്ടു. ഫ്രിദ്രിക്കും അദ്ദേഹത്തിന്റെ പ്രതിശ്രുതവധുവും ആയിരുന്നു പുറത്ത്. ഫ്രിദ്രിക്കിന്റെ ആവശ്യം വളരെ ചെറുതെങ്കിലും വ്യക്തമായിരുന്നു: “ഹെൽഗെയ്ക്ക് ഒരു ബൈബിളധ്യയനം വേണം!” അതുകൊണ്ട് ഹെൽഗെയോടൊത്തു ബൈബിൾ പഠിക്കുന്നതിന് മിഷനറിമാർ ക്രമീകരണം ചെയ്തു. പിന്നീട് അന്നുതന്നെ, ഫ്രിദ്രിക്കിന്റെ ഇളയ സഹോദരന്മാരിൽ ഒരാളും ബൈബിളധ്യയനം ആവശ്യപ്പെട്ടു. അതേ ആഴ്ചയിൽ ഫ്രിദ്രിക് തന്റെ ഏറ്റവും ഇളയ സഹോദരിയെ യോഗത്തിനു കൂട്ടിക്കൊണ്ടു വന്നു. തുടർന്ന് അദ്ദേഹത്തിന്റെ ആവശ്യം ഇതായിരുന്നു: “അനറിന് ഒരു ബൈബിളധ്യയനം വേണം!”
യഹോവയ്ക്കുള്ള തന്റെ സമർപ്പണം ജലസ്നാപനത്താൽ പ്രതീകപ്പെടുത്താൻ ഫ്രിദ്രിക് ആഗ്രഹിച്ചു. എന്നിരുന്നാലും അതിനുമുമ്പ് അദ്ദേഹം കൂടുതൽ പരിജ്ഞാനം നേടേണ്ടതുണ്ടായിരുന്നു. അതുപോലെ സ്നാപന ചോദ്യങ്ങൾ പരിചിന്തിക്കുകയും ചെയ്യണമായിരുന്നു. എന്നാൽ പ്രശ്നം ഇതായിരുന്നു, അദ്ദേഹം അധിക സമയവും കടലിൽ ആയിരിക്കും. അതുകൊണ്ട് ജോലിസ്ഥലത്തായിരിക്കെ ഫ്രിദ്രിക്കിനെ സന്ദർശിക്കുന്നതിനുള്ള ഒരു മാർഗം അവർ കണ്ടുപിടിച്ചു. ഫ്രിദ്രിക്, ചെല്ലിനെ മത്സ്യബന്ധനബോട്ടിൽ ജോലിക്കു കൊണ്ടുപോയി. എഞ്ചിൻ റൂമിൽ ഫ്രിദ്രിക്കിനോടൊപ്പമായിരുന്നു ചെല്ലിന്റെ ജോലി. അങ്ങനെ 1983-ന്റെ തുടക്കത്തിൽ, ബൈബിളും മറ്റു പഠനോപാധികളുമായി, ചെൽ സ്വാൽബാക്കർ എന്ന ബോട്ടിൽ ജോലിക്കു കയറി.
ചെൽ ഇപ്രകാരം സ്മരിക്കുന്നു: “സ്വാൽബാക്കർ ബോട്ടിലെ ജോലിയും പ്രസംഗപ്രവർത്തനവും മറക്കാനാകാത്ത അനുഭവങ്ങളായിരുന്നു. പ്രവൃത്തിദിവസം രാവിലെ 6:30 ന് ആരംഭിക്കുകയും വൈകുന്നേരം 6:30 ന് അവസാനിക്കുകയും ചെയ്തു. ഉച്ചഭക്ഷണത്തിനുള്ള ഇടവേള കൂടാതെ, രാവിലെയും ഉച്ചകഴിഞ്ഞും കാപ്പികുടിക്കാനുള്ള ഓരോ ഇടവേളയും ഉണ്ടായിരുന്നു. ജോലികഴിഞ്ഞുള്ള സമയങ്ങളിൽ ഫ്രിദ്രിക്കുമൊത്തു ബൈബിൾ പഠിക്കുമായിരുന്നു. കൂടാതെ ബോട്ടിലെ മറ്റു ജോലിക്കാരോടു സാക്ഷീകരിക്കാനും ധാരാളം അവസരങ്ങൾ ലഭിച്ചിരുന്നു. വൈകുന്നേരങ്ങൾ ആത്മീയ കാര്യങ്ങൾ പഠിക്കാനും ചർച്ചചെയ്യാനുമായി ഉപയോഗിച്ചു. ചില അവസരങ്ങളിൽ പാതിരാത്രി കഴിഞ്ഞും ചർച്ചകൾ നീണ്ടുപോകുമായിരുന്നു. ഉച്ചഭക്ഷണ സമയത്ത്, പരമാവധി കുറച്ചു സമയം ഭക്ഷണമുറിയിൽ ചെലവഴിക്കാൻ ശ്രമിച്ചു. അതിനുശേഷം, ഫ്രിദ്രിക്കിന്റെ കാബിനിൽ ചെന്നിരുന്ന് ഞങ്ങൾ ഒരുമിച്ച് ദിനവാക്യം പരിചിന്തിക്കുമായിരുന്നു.”
ഒരു മിഷനറി, ബോട്ടിലെ ജോലിക്കാരനായി വന്നതു സ്വാഭാവികമായും മറ്റു ജോലിക്കാരുടെ ശ്രദ്ധ ആകർഷിച്ചു. ചെൽ ഏതുതരക്കാരനാണെന്ന് അറിയില്ലായിരുന്നതിനാൽ ആദ്യത്തെ കുറച്ചു ദിവസങ്ങൾ അവർ അദ്ദേഹത്തോട് അൽപ്പം സൂക്ഷിച്ചാണ് ഇടപെട്ടിരുന്നത്. എന്നിരുന്നാലും, ചില ജോലിക്കാർ ചെൽ പറഞ്ഞ കാര്യങ്ങൾ സന്തോഷത്തോടെ ശ്രദ്ധിച്ചു. അക്കൂട്ടത്തിൽ ഒരു വ്യക്തി വലിയ താത്പര്യം കാണിച്ചു. ഉച്ചഭക്ഷണ ഇടവേളയിലുള്ള ദിനവാക്യ ചർച്ചയെക്കുറിച്ച് അറിയാനിടയായ അയാൾ അതിൽ പങ്കെടുക്കാൻ ആഗ്രഹിച്ചു. ഒരു ദിവസം ഭക്ഷണമുറിയിലെ സംസാരം അൽപ്പം നീണ്ടുപോയി. ഈ സമയം അക്ഷമനായ അയാൾ ചെല്ലിനോടും ഫ്രിദ്രിക്കിനോടും മറ്റുള്ളവർ കേൾക്കെ ഇങ്ങനെ ചോദിച്ചു: “നമുക്ക് ദിനവാക്യം ചർച്ച ചെയ്യേണ്ട സമയമായില്ലേ?”
ഒരു സായാഹ്നത്തിൽ, മദ്യാസക്തിയെക്കുറിച്ചു പ്രതിപാദിച്ച ഉണരുക! മാസികയിൽനിന്ന് ഒരു വിഷയം ചർച്ച ചെയ്യാൻ, ചെല്ലും ഫ്രിദ്രിക്കും ബോട്ടിലെ മറ്റു ജോലിക്കാരെ ഫ്രിദ്രിക്കിന്റെ കാബിനിലേക്കു ക്ഷണിച്ചു. ജോലിക്കാരിൽ ഏഴുപേർ ആ ചർച്ചയിൽ സംബന്ധിച്ചു. വളരെ നാളുകൾക്കു ശേഷവും ആളുകൾ ഓർത്തിരുന്ന ഈ ചർച്ചയെക്കുറിച്ചുള്ള വാർത്ത മറ്റു ബോട്ടുകളിലെ ജോലിക്കാരുടെ ചെവിയിൽപ്പോലും എത്തി.
ചെൽ പറയുന്നു: “സ്വാൽബാക്കർ ബോട്ടിലെ ഏകദേശം രണ്ടാഴ്ച നീണ്ട ശുശ്രൂഷയ്ക്കും ജോലിക്കും ശേഷം ഞങ്ങൾ വീണ്ടും തീരത്തണഞ്ഞു. അപ്പോഴേക്കും സ്നാപനത്തിനുള്ള ചോദ്യങ്ങൾ ഞാൻ ഫ്രിദ്രിക്കുമൊത്തു ചർച്ചചെയ്തു കഴിഞ്ഞിരുന്നു. ഇതുകൂടാതെ അദ്ദേഹത്തോടൊത്തു മറ്റു ബൈബിൾ വിഷയങ്ങൾ പരിശോധിക്കാനും, മറ്റു ജോലിക്കാരോടു സാക്ഷീകരിക്കാനും അവർക്കു മാസികകളും സാഹിത്യങ്ങളും സമർപ്പിക്കാനുമൊക്കെ എനിക്കു കഴിഞ്ഞു.” 1983-ലെ വസന്തത്തിൽ ഫ്രിദ്രിക് സ്നാപനമേറ്റു. ഹെൽഗെ, ഫ്രിദ്രിക്കിന്റെ അമ്മ, സഹോദരി തുടങ്ങിയവരെല്ലാം സത്യത്തിന് അനുകൂലമായ നിലപാടു സ്വീകരിച്ചു.
ടെലിഫോണിലൂടെയുള്ള അധ്യയനങ്ങൾ
ഈ വലിയ ദ്വീപിന്റെ ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശങ്ങളിലെ ആളുകളുടെ പക്കൽ സുവാർത്ത എത്തിക്കുക എന്നത് എല്ലായ്പോഴും ഒരു വെല്ലുവിളി ആയിരുന്നിട്ടുണ്ട്. ടെലിഫോൺ, താത്പര്യക്കാരുടെ അടുക്കൽ എത്താനും അവരുമായി സമ്പർക്കം നിലനിറുത്താനുമുള്ള ഫലപ്രദമായ ഒരു മാർഗമാണെന്നു തെളിഞ്ഞിരിക്കുന്നു.
ഈ വിധത്തിൽ സുവാർത്ത പങ്കുവെച്ചതിൽനിന്ന് അനേകർക്ക് പ്രയോജനം നേടാൻ കഴിഞ്ഞിട്ടുണ്ട്. കുറച്ചു വർഷങ്ങൾക്കുമുമ്പ്, ഓഡ്നി ഹെൽഗാഡോട്ടിർ എന്നു പേരുള്ള ഒരു സ്ത്രീ, തന്റെ മകനെയും മരുമകളെയും സന്ദർശിച്ചു. അവർ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കുന്നുണ്ടായിരുന്നു. തങ്ങൾ പഠിക്കുന്ന കാര്യങ്ങളെക്കുറിച്ച് അവർ അമ്മയോടു പറഞ്ഞു. അതുകേട്ടയുടൻ അവരും ബൈബിൾ പഠിക്കാൻ താത്പര്യം കാണിച്ചു. പക്ഷേ, ഐസ്ലൻഡിന്റെ വടക്കുപടിഞ്ഞാറൻ തീരത്തുള്ള ഒറ്റപ്പെട്ട ഒരു പ്രദേശത്താണ് ഓഡ്നി താമസിച്ചിരുന്നത്. ഏറ്റവും അടുത്തുള്ള രാജ്യഹാൾ 300-ലധികം കിലോമീറ്റർ അകലെയായിരുന്നു. ഗ്വെദ്റുൺ ഒലാഫ്സ്ഡോട്ടിർ എന്ന സഹോദരി അവർക്ക് ടെലിഫോണിലൂടെ അധ്യയനം നടത്താമെന്നു പറഞ്ഞപ്പോൾ അവർ അതു സന്തോഷപൂർവം സ്വീകരിച്ചു. പ്രാർഥനയോടെയാണ് അധ്യയനം തുടങ്ങിയിരുന്നത്. അതുകഴിഞ്ഞ്, ഓഡ്നി പുസ്തകത്തിലെ ചോദ്യങ്ങൾക്ക് പെട്ടെന്നുപെട്ടെന്ന് ഉത്തരം നൽകുമായിരുന്നു. അധ്യയനത്തിനായി തയ്യാറാകുമ്പോൾത്തന്നെ ഓഡ്നി പഠിക്കുന്ന ഭാഗത്ത് പരാമർശിച്ചിട്ടുള്ള തിരുവെഴുത്തുകളെല്ലാം എടുത്തുനോക്കി എഴുതിവെച്ചിരിക്കും. ഏതെങ്കിലും തിരുവെഴുത്തു പരാമർശിച്ചാൽ ഉടൻതന്നെ എഴുതിയതുനോക്കി വായിക്കാനാണ് അങ്ങനെ ചെയ്തിരുന്നത്. അതുകൊണ്ട് അധ്യയന സമയത്ത് തിരുവെഴുത്തുകൾ തിരഞ്ഞുപിടിക്കാൻ അൽപ്പസമയം പോലും അവർക്കു വേണ്ടിവന്നില്ല. ഒരു അവസരത്തിൽ, ഓഡ്നി, ഗ്വെദ്റുണിന്റെ വീടിന്റെ അടുത്തെവിടെയോ സന്ദർശിച്ചു. ആ സമയം ഗ്വെദ്റുണിന്റെ വീട്ടിൽവെച്ച് അവർ അധ്യയനം നടത്തി. അങ്ങനെ ആദ്യമായി, മുഖത്തോടുമുഖം നോക്കിയിരുന്ന് അധ്യയനം നടത്തിയപ്പോൾ, എന്തോ രണ്ടുപേർക്കും ഒരു അസ്വസ്ഥത അനുഭവപ്പെട്ടു. അപ്പോൾ, താൻ ടെലിഫോൺ ഉള്ള മറ്റൊരു മുറിയിൽ പോയിരുന്നാലോ എന്ന് ഗ്വെദ്റുൺ തമാശയായി പറഞ്ഞു!
ഓഡ്നി സത്യം മനസ്സിലാക്കാൻ തുടങ്ങിയപ്പോൾ, തന്റെ ഭർത്താവ് യോണിനോടു സാക്ഷീകരിക്കാൻ ആരംഭിച്ചു. അദ്ദേഹം അതിൽ താത്പര്യം കാണിച്ചു. എന്നാൽ അദ്ദേഹത്തിന് താൻ അധ്യയനം എടുക്കുന്നതു ശരിയാണോ എന്ന് ഓഡ്നിക്ക് അറിയില്ലായിരുന്നു. പിന്നീട്, ശിരസ്സു മൂടിക്കൊണ്ട് അധ്യയനം എടുക്കാമെന്ന് ഓഡ്നി മനസ്സിലാക്കി. ഭർത്താവിനോടൊത്തു ബൈബിൾ പഠിച്ചതു കൂടാതെ, അവർ അയൽക്കാരോടും സാക്ഷീകരിക്കാൻ തുടങ്ങി. തുടർന്ന്, ഓഡ്നി സ്നാപനമേൽക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അവർ യോഗ്യത പ്രാപിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിന്, നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതർ എന്ന പുസ്തകത്തിൽനിന്നുള്ള ചോദ്യങ്ങൾ ടെലിഫോൺ മുഖാന്തരം പരിചിന്തിക്കാൻ ഗ്വെദ്റുൺ സഹോദരി ഒരു മൂപ്പനുമായി ക്രമീകരിച്ചു. പള്ളിയിൽനിന്ന് ഔദ്യോഗികമായി രാജിവെച്ചിട്ടില്ല എന്ന ഒരു കാര്യത്തിൽ ഒഴികെ, മറ്റെല്ലാത്തിലും അവർ യോഗ്യത പ്രാപിച്ചിട്ടുണ്ടെന്നു വ്യക്തമായിരുന്നു.
ഒരാഴ്ച കഴിഞ്ഞപ്പോൾ, താൻ പള്ളിയിൽനിന്നു രാജിവെച്ചു എന്ന് അവർ ഗ്വെദ്റുൺ സഹോദരിയെ ഫോൺ ചെയ്ത് അറിയിച്ചു. അവരുടെ ഭർത്താവും അങ്ങനെതന്നെ ചെയ്തിരുന്നു. പ്രാദേശിക ഇടവക കൗൺസിലിന്റെ ചെയർമാൻ ആയിരുന്നതിനാൽ അദ്ദേഹത്തെ സംബന്ധിച്ച് അത് ഒരു വലിയ തീരുമാനം ആയിരുന്നു. പിന്നീട്, ഓഡ്നി ഒരു സർക്കിട്ട് സമ്മേളനത്തിൽ സ്നാപനമേറ്റു. ആ സമ്മേളനം ഓഡ്നിക്ക് ഹൃദ്യമായ ഒരു അനുഭവമായിരുന്നു. കാരണം അതിനു മുമ്പ്, സാക്ഷികളുടെ ഒരു ചെറിയ കൂട്ടത്തെ, അതും ഒരിക്കൽ മാത്രമേ ഓഡ്നി കണ്ടിട്ടുണ്ടായിരുന്നുള്ളൂ. സമ്മേളനത്തിലെ ഒരു അഭിമുഖത്തിൽ, തികച്ചും ഒറ്റപ്പെട്ട അവസ്ഥ പ്രയാസകരമാണോ എന്ന് അവരോടു ചോദിക്കുകയുണ്ടായി. ഐസ്ലൻഡിന്റെ വടക്കുപടിഞ്ഞാറൻ തീരത്തും യഹോവ ഉണ്ടെന്ന് അറിയാവുന്നതിനാൽ ഒരിക്കലും ഒറ്റപ്പെട്ടതായി തനിക്കു തോന്നിയിട്ടില്ലെന്ന് അവർ പറഞ്ഞു. തന്റെ ഭർത്താവിനു വരാൻ കഴിയാത്തതിൽ വിഷമം ഉണ്ടെങ്കിലും സ്നാപനത്തിനു യോഗ്യത പ്രാപിച്ചാൽ അദ്ദേഹം വരുമെന്ന് ഉറപ്പു നൽകിയിട്ടുള്ളതായും അവർ കൂട്ടിച്ചേർത്തു. അദ്ദേഹം ആ വാഗ്ദാനം പാലിക്കുകതന്നെ ചെയ്തു! ക്രമമായി യോഗങ്ങൾക്കു പോകാൻവേണ്ടി, പെട്ടെന്നുതന്നെ അവർ കൂടുതൽ ആൾപ്പാർപ്പുള്ള ഒരു പ്രദേശത്തേക്കു താമസം മാറി.
മിഷനറി ഭവനങ്ങളുടെയും രാജ്യഹാളുകളുടെയും ആവശ്യം
1968-ൽ യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്തുനിന്നുള്ള നേഥൻ എച്ച്. നോർ ഐസ്ലൻഡ് സന്ദർശിച്ചു. ആ സമയത്ത്, ബ്രാഞ്ച് ഓഫീസിനും മിഷനറി ഭവനത്തിനുമായി കൂടുതൽ അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്തേണ്ട ആവശ്യമുണ്ടെന്ന് അദ്ദേഹത്തിനു തോന്നി. അതുവരെ പല വാടകക്കെട്ടിടങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. ഒരു രാജ്യഹാൾ, ഒരു മിഷനറി ഭവനം, ബ്രാഞ്ച് ഓഫീസ് തുടങ്ങിയവ എല്ലാം ഉൾക്കൊള്ളുന്ന ഒരു കെട്ടിടം പണിയുന്നതിനുവേണ്ടി സഹോദരങ്ങൾ ഇപ്പോൾ സ്ഥലം അന്വേഷിക്കാൻ തുടങ്ങി. അതിനിടയിൽ, റേക്യവിക്കിലുള്ള ഹ്രെബ്നഗട്ടാ 5-ാം തെരുവിലുള്ള യോജിച്ച ഒരു കെട്ടിടം വാടകയ്ക്കെടുത്തു. 1968 ഒക്ടോബർ 1-ന് ആറു മിഷനറിമാരും അങ്ങോട്ടു താമസം മാറി. തുടർന്നുള്ള അഞ്ചു വർഷം, ഐസ്ലൻഡിലെ പ്രവർത്തനങ്ങളുടെ കേന്ദ്രം അതായിരുന്നു. പിന്നീട്, റേക്യവിക്കിലുള്ള സോഗവെഗർ 71-ാം തെരുവിൽ അനുയോജ്യമായ സ്ഥാനത്തുള്ള ഒരു സ്ഥലം സഹോദരന്മാർ വാങ്ങി. 1972-ലെ വസന്തത്തിൽ, പുതിയ ബ്രാഞ്ചിന്റെ നിർമാണപ്രവർത്തനങ്ങൾ തുടങ്ങി. എഞ്ചിനീയറിങ്ങിലും കെട്ടിട നിർമാണത്തിലും വലിയ പരിചയം ഇല്ലാത്ത, എണ്ണത്തിൽ കുറവായ അവിടത്തെ സഹോദരങ്ങളെ സംബന്ധിച്ച് അതൊരു വലിയ വെല്ലുവിളി ആയിരുന്നു. അവരുടെ ഇടയിൽ കോൺട്രാക്ടർമാരോ കല്ലാശാരിമാരോ ഉണ്ടായിരുന്നില്ല. അതുകൊണ്ട്, യഹോവയുടെ സാക്ഷികൾ അല്ലാത്ത കോൺട്രാക്ടർമാരെ പണി ഏൽപ്പിക്കേണ്ടിവന്നു. ഈ ആളുകൾ വളരെ സഹകരണമനോഭാവം ഉള്ളവരായിരുന്നു. പണിയിൽ സഹായിക്കാൻ അവർ സഹോദരങ്ങളെയും അനുവദിച്ചു. നിർമാണസ്ഥലത്തിന് അടുത്തുള്ള ഒരു പഴയ വീടിന്റെ ഒരു ഭാഗം ഭക്ഷണം കഴിക്കാനും മറ്റുമായി സഹോദരങ്ങൾ വാടകയ്ക്കെടുത്തു. സഹോദരിമാർ ഊഴമനുസരിച്ച് അവരുടെ വീടുകളിൽവെച്ച് ഭക്ഷണം പാകംചെയ്ത് ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്കു കൊടുക്കുന്നതിനായി നിർമാണസ്ഥലത്തേക്കു കൊണ്ടുവരുമായിരുന്നു.
ആ നിർമാണ പ്രവർത്തനം ആ പ്രദേശത്തുള്ളവർക്ക് ഒരു വലിയ സാക്ഷ്യം ആയിരുന്നു. കോൺട്രാക്ടർമാർക്കും നഗരസഭ അധികൃതർക്കും യഹോവയുടെ സാക്ഷികളെ അടുത്തറിയാനും അത് അവസരം ഒരുക്കി. ചില ആളുകൾ നിർമാണസ്ഥലത്തിന്റെ മുമ്പിൽ കെട്ടിടം പണി പുരോഗമിക്കുന്നത് നോക്കിനിൽക്കുമായിരുന്നു. കെട്ടിടത്തിന്റെ ഉൾവശം പ്ലാസ്റ്റർ ചെയ്യേണ്ട സമയം വന്നപ്പോൾ, ആ ജോലിയിൽ പരിചയസമ്പന്നനായ, ഡെന്മാർക്കിൽനിന്നുള്ള ഒരു സഹോദരൻ സഹായിക്കാനെത്തി. ജോലിയിൽ വളരെയധികം സഹായിച്ചത് സഹോദരിമാരായിരുന്നു. നഗരത്തിലെ ചില സൂപ്പർവൈസർമാർ നിർമാണസ്ഥലം പരിശോധിക്കുന്നതിനായി വന്നപ്പോൾ, സഹോദരിമാർ സിമന്റു കുഴയ്ക്കുന്ന യന്ത്രം പ്രവർത്തിപ്പിക്കുന്നതു നിരീക്ഷിച്ചു. സൂപ്പർവൈസർമാരിൽ ഒരാൾ ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ സഭയിലുള്ള സ്ത്രീകൾ ഇതുകണ്ട് പഠിക്കേണ്ടതാണ്. പണം ചോദിച്ച് സംഭാവനപ്പെട്ടിയുമായി കറങ്ങിനടക്കുന്ന സമയത്ത് ദേഹമനങ്ങി പണിയെടുക്കുകയാണെങ്കിൽ പള്ളികൾ പണിയുന്നതിൽ തീർച്ചയായും കൂടുതൽ വിജയം ഉണ്ടാകും.” 1975 മേയ് മാസം ആ കെട്ടിടത്തിന്റെ സമർപ്പണം നടന്നു. അന്ന് മിൽട്ടൺ ജി. ഹെൻഷൽ ഐസ്ലൻഡ് സന്ദർശിക്കുകയും സമർപ്പണ പ്രസംഗം നടത്തുകയും ചെയ്തു. അനേക വർഷം ആ കെട്ടിടം രാജ്യത്തെ പ്രധാന മിഷനറി ഭവനവും, റേക്യവിക്കിലെ സഭകളുടെ രാജ്യഹാളും ആയി പ്രവർത്തിച്ചു. ഇപ്പോൾ അത് ബ്രാഞ്ച് ഓഫീസായി പ്രവർത്തിക്കുന്നു.
1987 ആയപ്പോഴേക്കും ആക്കുറേറി പട്ടണത്തിൽ പുതിയ ഒരു രാജ്യഹാളും മിഷനറി ഭവനവും നിർമിച്ചു കഴിഞ്ഞിരുന്നു. ഐസ്ലൻഡിലെ നിർമാണ പദ്ധതിയിൽ സഹായിക്കാൻ ഫിൻലൻഡ്, സ്വീഡൻ എന്നിവിടങ്ങളിൽനിന്ന് 60-ൽ കൂടുതൽ സഹോദരീസഹോദരന്മാർ എത്തിയിരുന്നു. യഹോവയുടെ ജനത്തിനിടയിലെ സാർവദേശീയ സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും വ്യക്തമായ തെളിവായിരുന്നു അത്.
വിശേഷപ്പെട്ട ‘ഒരു വിറകുകഷണം’
വർഷങ്ങളിലുടനീളം, യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിൽനിന്നുള്ള പ്രതിനിധികൾ ഐസ്ലൻഡ് സന്ദർശിച്ചിരുന്നു. ആ സന്ദർശനങ്ങൾ എല്ലായ്പോഴും ഐസ്ലൻഡിലെ സഹോദരങ്ങൾക്ക് പ്രോത്സാഹനത്തിന്റെ ഒരു ഉറവായിരുന്നു. 1968-ലെ ഒരു സവിശേഷ സംഭവം, മുമ്പു പരാമർശിച്ച നോർ സഹോദരന്റെ സന്ദർശനമായിരുന്നു. അദ്ദേഹം പ്രചോദനാത്മകമായ ഒരു പ്രസംഗം നടത്തി. ഐസ്ലൻഡിലെ രാജ്യപ്രസംഗവേലയുടെ പുരോഗതി ചർച്ച ചെയ്യുകയും അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു.
ഹെൻഷൽ സഹോദരൻ ആദ്യമായി ഐസ്ലൻഡ് സന്ദർശിച്ചത് 1970 മേയ് മാസത്തിൽ ആയിരുന്നു. ഉറക്കച്ചടവോടുകൂടി മിഷനറിമാർ അദ്ദേഹത്തെ സ്വാഗതം ചെയ്തു. ഹെൻഷൽ സഹോദരൻ എത്തിച്ചേർന്നതു വെളുപ്പിന് ആയിരുന്നു എന്നതു മാത്രമായിരുന്നില്ല അതിനു കാരണം. പ്രശസ്തമായ ഒരു അഗ്നിപർവതമായ ഹെക്ലാ തലേദിവസം പൊട്ടിത്തെറിക്കാൻ തുടങ്ങിയിരുന്നു. മിഷനറിമാർ രാത്രി മുഴുവനും അതു കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു!
ഹെൻഷൽ സഹോദരൻ മിഷനറിമാർക്കും പ്രത്യേക പയനിയർമാർക്കും വിശേഷ ശ്രദ്ധ നൽകി. അദ്ദേഹം അവരെ എല്ലാവരെയും ഒരു പ്രത്യേക യോഗത്തിനു ക്ഷണിച്ചു. ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ നാളുകളിൽ, അദ്ദേഹം പയനിയറിങ് ചെയ്തപ്പോഴത്തെ അനുഭവങ്ങൾ ആ യോഗത്തിൽ അവരുമായി പങ്കുവെച്ചു. ആ സമയത്ത് സാഹിത്യങ്ങൾ കൊടുക്കുമ്പോൾ കോഴിക്കുഞ്ഞുങ്ങൾ, മുട്ട, വെണ്ണ, പച്ചക്കറികൾ, കണ്ണട, എന്തിന് പട്ടിക്കുഞ്ഞിനെ പോലും പകരമായി സ്വീകരിച്ചിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ആ വിധത്തിൽ, പ്രയാസകരമായിരുന്ന ആ സാഹചര്യത്തിലും പ്രവർത്തനം മുന്നോട്ടുപോയി. പയനിയർമാർക്കാകട്ടെ അവശ്യസാധനങ്ങൾക്ക് മുട്ടുണ്ടായതുമില്ല.
ഐസ്ലൻഡിലെ ഭക്ഷണം തങ്ങൾ കഴിച്ചു ശീലിച്ചിട്ടുള്ള ഭക്ഷണത്തിൽനിന്നു വ്യത്യസ്തമാണെന്ന് അവിടെ എത്തുന്ന സന്ദർശകർ പെട്ടെന്നുതന്നെ മനസ്സിലാക്കും. ഐസ്ലൻഡിലെ വിശിഷ്ട വിഭവങ്ങളിൽ ഒന്നാണ് സ്വിദ്. ചെമ്മരിയാടിന്റെ തല നേർപകുതിയാക്കി മുറിച്ചശേഷം പുഴുങ്ങിയെടുക്കുന്നതാണ് അത്. മുമ്പിലിരിക്കുന്ന പാത്രത്തിലേക്കു നോക്കുമ്പോൾ, ഒരു കണ്ണും കുറച്ചു പല്ലുകളുമായി ആടിന്റെ പകുതി തല കാണുന്നതിനെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കൂ! വിദേശത്തുനിന്നെത്തുന്ന പലർക്കും ഒട്ടും ഉൾക്കൊള്ളാനാവാത്ത ഒരു കാഴ്ചയാണ് അത്. പിന്നെ, ഐസ്ലൻഡിൽ ധാരാളം പച്ചമീനും കിട്ടും. ഐസ്ലൻഡിലെ മറ്റൊരു പ്രത്യേക വിഭവമാണ് ഹാർദ്ഫിസ്കർ. മീൻ, മുള്ള് മാറ്റി കഷണമാക്കിയശേഷം ഉണക്കിയെടുക്കുന്നു. പാകം ചെയ്യാതെയാണ് ഇത് കഴിക്കേണ്ടത്, കുറച്ച് വെണ്ണകൂടി കിട്ടിയാൽ അവിടത്തുകാർക്കു സന്തോഷമായി. സാധാരണമായി, ഈ മീൻ വളരെ കട്ടിയുള്ളതായിരിക്കും, അതുകൊണ്ട് ഇത് അടിച്ചു മയം വരുത്തിവേണം തിന്നാൻ. ഈ മത്സ്യവിഭവം ഹെൻഷൽ സഹോദരന്റെ മുന്നിൽ വിളമ്പിയിട്ട് അദ്ദേഹത്തിന്റെ പ്രതികരണം കാണാൻ മിഷനറിമാർ ആകാംക്ഷയോടെ നിന്നു. സഹോദരൻ അതു രുചിച്ചശേഷം, അതിഷ്ടപ്പെട്ടോ എന്ന് മിഷനറിമാർ അദ്ദേഹത്തോടു ചോദിച്ചു. ഒരു നിമിഷം ആലോചിച്ചശേഷം അസാധാരണമായി യാതൊന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ അദ്ദേഹം പറഞ്ഞു: “ഇത്രയും നല്ലൊരു വിറകുകഷണം ഞാൻ കഴിക്കുന്നത് ആദ്യമായിട്ടാണ്.”
ഭരണസംഘത്തിലെ പ്രതിനിധികൾ നടത്തിയ മറ്റ് അനേക സന്ദർശനങ്ങളും അവിസ്മരണീയവും പ്രോത്സാഹദായകവും ആയിരുന്നിട്ടുണ്ട്. എണ്ണത്തിൽ വളരെ കുറവും, ഒറ്റപ്പെട്ട ഒരു പ്രദേശത്തു താമസിക്കുന്നവരും ആണെങ്കിലും തങ്ങൾ സാർവദേശീയ സഹോദരവർഗത്തിന്റെ ഭാഗമാണെന്നും ക്രിസ്തീയ സ്നേഹത്തിന്റെ ഇഴകളാൽ പരസ്പരം ബന്ധിക്കപ്പെട്ടവരാണെന്നുമുള്ള കാര്യം ഈ സന്ദർശനങ്ങൾ ഐസ്ലൻഡിലെ സഹോദരങ്ങളെ ബോധ്യപ്പെടുത്തിയിരിക്കുന്നു.
ഡോക്ടർമാരും മാധ്യമങ്ങളുമായി നല്ല ബന്ധത്തിൽ
1992-ൽ ഐസ്ലൻഡിൽ സേവിക്കുന്നതിനുവേണ്ടി, നാലു സഹോദരന്മാർ ഉൾപ്പെടുന്ന ഒരു ആശുപത്രി ഏകോപന സമിതി രൂപംകൊണ്ടു. പരിശീലനത്തിനായി രണ്ടു സഹോദരന്മാർ ഇംഗ്ലണ്ടിൽ നടന്ന ആശുപത്രി ഏകോപന സമിതിയുടെ സെമിനാറിലും രണ്ടുപേർ ഡെന്മാർക്കിലും സംബന്ധിച്ചു. പുതിയതായി ആശുപത്രി ഏകോപന സമിതി സംഘടിപ്പിക്കപ്പെട്ടപ്പോൾ ഒരു വലിയ യൂണിവേഴ്സിറ്റി ആശുപത്രിയിലെ ജീവനക്കാരുമായി ഒരു യോഗം നടത്തുകയുണ്ടായി. ഡോക്ടർമാരും നഴ്സുമാരും അഭിഭാഷകരും ആശുപത്രി അധികൃതരും ഉൾപ്പെടെ 130 പേർ ആ യോഗത്തിൽ പങ്കെടുത്തു. വൈദ്യശാസ്ത്ര രംഗത്തുള്ളവരുമായി ആശുപത്രി ഏകോപന സമിതി നടത്തുന്ന ആദ്യത്തെ യോഗമായിരുന്നു അത്. അതുകൊണ്ടുതന്നെ, സഹോദരങ്ങൾക്ക് ഒരൽപ്പം ഉത്കണ്ഠ ഉണ്ടായിരുന്നു. എന്നിരുന്നാലും, ആ യോഗം വളരെ വിജയകരമായിരുന്നു. അതിനുശേഷം മറ്റ് ആശുപത്രികളിലെ ഡോക്ടർമാരും ജീവനക്കാരും ഉൾപ്പെട്ട ചെറിയ കൂട്ടങ്ങളുമായി കൂടുതൽ യോഗങ്ങൾ നടത്താനുള്ള ക്രമീകരണങ്ങളും അവർ ചെയ്തു. ചില പ്രമുഖ ശസ്ത്രക്രിയാ വിദഗ്ധർ, അനസ്തേഷ്യാ വിദഗ്ധർ തുടങ്ങിയവരുമായി നല്ല സൗഹൃദം സ്ഥാപിക്കാനും സഹോദരന്മാർക്കു കഴിഞ്ഞു. ഈ ബന്ധങ്ങൾ രക്തരഹിത ചികിത്സയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തടയുന്നതിനും പരിഹരിക്കുന്നതിനും സഹായകമായിത്തീർന്നിരിക്കുന്നു.
1997-ൽ രോഗികളുടെ അവകാശത്തോടു ബന്ധപ്പെട്ട പുതിയ ഒരു നിയമം നിലവിൽ വന്നു. രോഗിയുടെ അനുമതി കൂടാതെ യാതൊരു ചികിത്സയും നൽകാൻ പാടില്ലെന്നും രോഗി അബോധാവസ്ഥയിൽ ആണെങ്കിൽപ്പോലും ചികിത്സ സംബന്ധിച്ച് ആ വ്യക്തിയുടെ തീരുമാനം അറിഞ്ഞിട്ടുണ്ടെങ്കിൽ അതു മാനിക്കപ്പെടണമെന്നും ആ നിയമം നിഷ്കർഷിച്ചു. 12-ഓ അതിൽ കൂടുതലോ പ്രായമുള്ള കുട്ടികളുടെ കാര്യത്തിൽ, ചികിത്സ സംബന്ധിച്ച അവരുടെ അഭിപ്രായം എല്ലായ്പോഴും ആരായേണ്ടതാണെന്നും അത് അനുശാസിച്ചു. ആശുപത്രി ഏകോപന സമിതിയുടെ ചെയർമാനായ ഗ്വദ്മുൺഡുർ എച്ച്. ഗ്വദ്മുൺഡ്സ്സൺ ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “പൊതുവേ ഡോക്ടർമാർ വളരെ സഹകരണമനോഭാവം പുലർത്തുന്നു. അതുകൊണ്ട് പ്രശ്നങ്ങളും കുറവാണ്. സങ്കീർണമായ ശസ്ത്രക്രിയകൾപോലും രക്തം കൂടാതെ നിർവഹിക്കപ്പെടുന്നുണ്ട്.”
2000 ജനുവരി 8 ഉണരുക! മാസിക രക്തരഹിത ചികിത്സയും ശസ്ത്രക്രിയയും എന്ന വിഷയത്തോടെ പുറത്തിറങ്ങിയപ്പോൾ, മാസികയുടെ ആ ലക്കം കഴിയുന്നത്ര ആളുകളുടെ അടുത്തെത്തിക്കുന്നതിന് ഒരു പ്രത്യേക ശ്രമം ചെയ്യാൻ ബ്രാഞ്ച് ഓഫീസ് സഹോദരന്മാരെ പ്രോത്സാഹിപ്പിച്ചു. മാസിക എങ്ങനെ നൽകണം, രക്തം സംബന്ധിച്ച നിലപാടുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് എങ്ങനെ മറുപടി പറയണം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് ബ്രാഞ്ച് നിർദേശങ്ങൾ നൽകി. ചിലർക്ക് ആദ്യം ഈ മാസിക സമർപ്പിക്കാൻ ചെറിയൊരു മടിയുണ്ടായിരുന്നു. എന്നാൽ പെട്ടെന്നുതന്നെ, ആളുകൾ ആ വിഷയത്തെക്കുറിച്ച് അറിയാൻ ആഗ്രഹം ഉള്ളവരാണെന്ന് അവർക്കു വ്യക്തമായി. 12,000-ത്തിലധികം പ്രതികൾ ആളുകളുടെ കൈയിൽ എത്തിക്കാൻ സഹോദരങ്ങൾക്കു സാധിച്ചു. അതായത്, രാജ്യത്തെ ഓരോ 22 പേർക്കും ഒരു മാസിക വീതം. ഒരു സഹോദരൻ ഇങ്ങനെ പറഞ്ഞു, “ധാരാളം നല്ല ചർച്ചകൾ നടത്താനുള്ള അവസരം കിട്ടിയതുകൊണ്ട്, എന്റെ പ്രദേശം പ്രവർത്തിച്ചുതീർക്കാൻ കഴിയാതെ ഞാൻ ബുദ്ധിമുട്ടി.” ഒരു സഹോദരി പറഞ്ഞത് ഇങ്ങനെയാണ്: “ആകെ രണ്ടുപേരാണ് എന്റെ പക്കൽനിന്ന് മാസിക സ്വീകരിക്കാൻ വിസമ്മതിച്ചത്.”
ദേശവ്യാപകമായി പ്രക്ഷേപണം ചെയ്യപ്പെടുന്ന ഒരു പ്രതിവാര റേഡിയോ പരിപാടിയുടെ അവതാരകയ്ക്ക് രക്തരഹിത ചികിത്സയെക്കുറിച്ചുള്ള ഈ മാസിക ലഭിച്ചു. എങ്ങനെയാണ് തനിക്ക് ആ മാസിക കിട്ടിയതെന്ന് തന്റെ പരിപാടിയിൽ അവർ പറഞ്ഞു. കൂടാതെ, മാസികയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രക്തപ്പകർച്ചയുടെ ചരിത്രം വിശദീകരിക്കുകയും ചെയ്തു. രക്തരഹിത ചികിത്സയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർക്ക് യഹോവയുടെ സാക്ഷികളുടെ അടുത്തുനിന്ന് ഈ വിഷയത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു പ്രസിദ്ധീകരണം ആവശ്യപ്പെടാൻ കഴിയും എന്നു പറഞ്ഞുകൊണ്ടാണ് അവർ ആ ചർച്ച അവസാനിപ്പിച്ചത്.
ഉണരുക! മാസികയുടെ ഈ ലക്കം സമർപ്പിക്കാൻ നടത്തിയ സംഘടിതശ്രമം രക്തം സംബന്ധിച്ച നമ്മുടെ നിലപാട് ന്യായയുക്തമായ ഒന്നാണെന്നു മനസ്സിലാക്കാൻ അനേകരെ സഹായിച്ചു. മാത്രമല്ല, യഹോവയുടെ സാക്ഷികൾ മരിക്കാൻ ആഗ്രഹിക്കുന്നവരല്ല, മറിച്ച് ഏറ്റവും മെച്ചപ്പെട്ട വൈദ്യചികിത്സ തേടുന്നവരാണ് എന്നും ആളുകൾക്കു ബോധ്യമായി. അതിന്റെ ഫലമായി, മുമ്പ് രക്തത്തോടുള്ള നമ്മുടെ നിലപാടിനെ തെറ്റിദ്ധരിച്ചിരുന്നവർ രാജ്യസന്ദേശം ശ്രദ്ധിക്കാൻ മനസ്സൊരുക്കം കാണിച്ചുതുടങ്ങി.
രണ്ടു രാജ്യഹാളുകൾ നാലുദിവസത്തിനുള്ളിൽ
ഐസ്ലൻഡിലെ സഹോദരങ്ങളെ സംബന്ധിച്ചിടത്തോളം 1995 സേവനവർഷത്തെ ഒരു സവിശേഷ സംഭവം ജൂൺ മാസത്തിൽ കെഫ്ലാവിക്കിലും സെൽഫൊസിലും നടന്ന രാജ്യഹാളുകളുടെ നിർമാണമായിരുന്നു. ശീഘ്ര-നിർമാണ പദ്ധതിയിലൂടെ നിർമിച്ച ഐസ്ലൻഡിലെ ആദ്യത്തെ രാജ്യഹാളുകൾ ആയിരുന്നു അവ. ആ രണ്ടു ഹാളുകൾ പണിയുന്നതിന് നാലു ദിവസം മാത്രമാണ് എടുത്തത്. നോർവേയിലെ സഹോദരങ്ങൾ സ്നേഹത്തോടെ വെച്ചുനീട്ടിയ സഹായംകൊണ്ട് ആ പദ്ധതി അങ്ങനെ നല്ല രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞു. നിർമാണ സാമഗ്രികൾ മിക്കവയും നോർവേ ബ്രാഞ്ചാണ് നൽകിയത്. കൂടാതെ, 120-ലധികം സഹോദരീസഹോദരന്മാർ അവിടെനിന്നു വരികയും നിർമാണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. “ഇത് ശരിക്കും അതിശയം തന്നെ” എന്ന വാചകം രണ്ട് നിർമാണസ്ഥലങ്ങളിലും കേൾക്കാറുള്ള ഒരു സ്ഥിരം പല്ലവി ആയിരുന്നു. വളരെ കുറച്ചു സമയംകൊണ്ട് രാജ്യഹാളുകൾ നിർമിക്കുന്നതിനെക്കുറിച്ച് ഐസ്ലൻഡിലെ സഹോദരങ്ങൾക്ക് മുമ്പ് വായിച്ചും കേട്ടുമുള്ള അറിവേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ അവർക്ക് തങ്ങളുടെ സ്വന്തം കണ്ണുകൊണ്ട് അത് കാണാനുള്ള അവസരം ലഭിച്ചു. തികച്ചും അത്ഭുതകരമായി, ചുരുങ്ങിയ ദിവസംകൊണ്ട് ഐസ്ലൻഡിലെ രാജ്യഹാളുകളുടെ എണ്ണം ഇരട്ടിയായി.
അങ്ങനെ രണ്ടു പുതിയ രാജ്യഹാളുകൾ ഐസ്ലൻഡിലെ സഹോദരങ്ങൾക്കു സ്വന്തമായി ലഭിച്ചു. കൂടാതെ, സ്വന്തം ചെലവിൽ അവിടെയെത്തുകയും തങ്ങളുടെ അവധിക്കാലം ഹാളുകളുടെ നിർമാണത്തിൽ സഹായിക്കുന്നതിനായി ഉഴിഞ്ഞുവെക്കുകയും ചെയ്ത നോർവേയിലെ സഹോദരങ്ങളുമായുള്ള നല്ല സഹവാസം അവർക്കു വളരെയധികം പ്രോത്സാഹനം നൽകി. നമ്മുടെ സാർവദേശീയ സാഹോദര്യത്തിന്റെ എത്ര വലിയൊരു തെളിവായിരുന്നു അത്! ഐസ്ലൻഡിലെ സഹോദരങ്ങളും നിർമാണവേലയിൽ സഹായിച്ചു. 150-ൽ കൂടുതൽ പ്രാദേശിക സഹോദരങ്ങൾ അതായത് ആ രാജ്യത്തെ പ്രസാധകരുടെ എണ്ണത്തിന്റെ പകുതിയോളം പേർ ആ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
ഈ രാജ്യഹാൾ നിർമാണ പദ്ധതികൾ പൊതുജനങ്ങൾക്കു നല്ലൊരു സാക്ഷ്യവുമായിരുന്നു. ദേശവ്യാപകമായി പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്ന രണ്ടു ടെലിവിഷൻ കേന്ദ്രങ്ങൾ അവരുടെ വാർത്തയിൽ രണ്ടു നിർമാണസ്ഥലത്തെയും ചിത്രങ്ങൾ സഹിതം, ഈ പ്രവർത്തനത്തെക്കുറിച്ചുള്ള റിപ്പോർട്ട് ഉൾപ്പെടുത്തി. കൂടാതെ, അനേകം റേഡിയോനിലയങ്ങളും പത്രങ്ങളും അതേക്കുറിച്ചു റിപ്പോർട്ടു ചെയ്യുകയുണ്ടായി. യഹോവയുടെ സാക്ഷികൾ ശ്രദ്ധിക്കപ്പെടുന്നത് സെൽഫൊസിലെ പ്രാദേശിക സഭയിലെ ഒരു പുരോഹിതന് അത്ര രസിച്ചില്ല. അപകടകരവും വ്യാജവും ആണെന്ന് താൻ കരുതിയ യഹോവയുടെ സാക്ഷികളുടെ പഠിപ്പിക്കലുകൾക്കെതിരെ മുന്നറിയിപ്പു നൽകുന്ന ഒരു ലേഖനം അദ്ദേഹം പ്രാദേശിക പത്രത്തിൽ കൊടുത്തു. മനോബലമില്ലാത്തവരും ലോലഹൃദയരുമായ ആളുകൾ പ്രത്യേകം ശ്രദ്ധിക്കണം എന്ന് അദ്ദേഹം എടുത്തുപറഞ്ഞു. റേഡിയോയിൽ നടത്തപ്പെട്ട ഒരു അഭിമുഖത്തിലും അദ്ദേഹം അതേ മുന്നറിയിപ്പുകൾ ആവർത്തിച്ചു. എന്നാൽ ആ പുരോഹിതൻ പ്രതീക്ഷിച്ച ഫലം അദ്ദേഹത്തിന്റെ വാക്കുകൾക്ക് ഉണ്ടായില്ല. മറിച്ച്, രാജ്യഹാളുകളുടെ നിർമാണം അനേകരിലും നല്ല മതിപ്പുളവാക്കി. പ്രസംഗവേലയിൽ കണ്ടുമുട്ടിയ അനേകർ ആ പുരോഹിതന്റെ പ്രവൃത്തി തങ്ങളെ വല്ലാതെ അതിശയപ്പെടുത്തിയെന്ന് സഹോദരന്മാരോടു പറയുകപോലും ഉണ്ടായി.
പുരോഹിതന്റെ മുന്നറിയിപ്പിനുശേഷം ഏകദേശം ഒരാഴ്ച കഴിഞ്ഞ്, ആ ദിനപ്പത്രം ഒരു കാർട്ടൂൺ പ്രസിദ്ധീകരിച്ചു. അതിൽ മുമ്പിലായി ഒരു പള്ളിയും പുറകിലായി ഒരു രാജ്യഹാളും കാണാമായിരുന്നു. അതിന്റെ രണ്ടിന്റെയും ഇടയിലൂടെ ഒരു നദി ഒഴുകുന്നു. നന്നായി വസ്ത്രം ധരിച്ച ചില സഹോദരന്മാർ പുഞ്ചിരിതൂകിക്കൊണ്ട് നദിക്കുകുറുകെയുള്ള പാലത്തിലൂടെ നടന്നുവരുന്നു. കൈയിൽ വയൽസേവന ബാഗുകളുമായി അവർ രാജ്യഹാളിൽനിന്ന് പള്ളിയുടെ നേരെയാണ് നടന്നടുക്കുന്നത്. ഇതുകണ്ട്, പള്ളിക്കു പുറത്ത് വീൽച്ചെയറിൽ ഇരിക്കുകയായിരുന്ന ഒരു സ്ത്രീ പരിഭ്രമത്തോടെ ചാടിയെഴുന്നേൽക്കുന്നു. “യഹോവയുടെ സാക്ഷികൾ വരുന്നുണ്ടേ, ഓടിക്കോ” എന്നു നിലവിളിച്ചുകൊണ്ട് കാലൊടിഞ്ഞ് പ്ലാസ്റ്ററിട്ടിരിക്കുന്ന ഒരാളും അന്ധനായ മറ്റൊരാളും നിലംതൊടാതെ ഓടുന്നു. പള്ളിയുടെ പടിയിൽ അത്ഭുതഭാവത്തോടെ നിൽക്കുന്ന പുരോഹിതൻ. ഇതായിരുന്നു കാർട്ടൂൺ. അത് അനേകരെ രസിപ്പിച്ചു. ദിനപ്പത്രത്തിന്റെ എഡിറ്റോറിയൽ സ്റ്റാഫ് ആ കാർട്ടൂണിനെ ആ വർഷത്തെ മികച്ച കാർട്ടൂണായി തിരഞ്ഞെടുത്തു. അവരുടെ ഓഫീസ് ചുവരിൽ അത് വലുതാക്കി പതിക്കുകയും ചെയ്തു. കുറെ വർഷത്തേക്ക് അത് അവിടെത്തന്നെ ഉണ്ടായിരുന്നു.
പ്രദർശനം നല്ല സാക്ഷ്യം നൽകുന്നു
രണ്ടാം ലോകമഹായുദ്ധ കാലത്തും അതിനുമുമ്പും നാസികളുടെ പീഡനത്തിനുമുമ്പിൽ യഹോവയുടെ സാക്ഷികൾ കൈക്കൊണ്ട ധീരമായ നിഷ്പക്ഷ നിലപാടിനെ കേന്ദ്രീകരിച്ച്, 2001 സേവനവർഷത്തിൽ ഒരു പ്രദർശനം സംഘടിപ്പിച്ചു. മൂന്നു സ്ഥലങ്ങളിലായി നടന്ന ആ പ്രദർശനം കാണാൻ മൊത്തം 3,896 ആളുകൾ എത്തി. അവസാനത്തെ വാരാന്തത്തിൽ, റേക്യവിക്കിലെ പ്രദർശനഹാൾ 700-ലധികം സന്ദർശകരെക്കൊണ്ടു നിറഞ്ഞിരുന്നു. പ്രദർശനം നടന്ന മൂന്നു സ്ഥലങ്ങളിലും, ഐസ്ലാൻഡിക് ഭാഷയിലുള്ള യഹോവയുടെ സാക്ഷികൾ നാസി ആക്രമണത്തിനെതിരെ ഉറച്ചുനിൽക്കുന്നു എന്ന വീഡിയോ മുഴുവൻ സമയവും പ്രദർശിപ്പിച്ചിരുന്നു. അവിടെ വന്ന സന്ദർശകരിൽ അനേകരും ആ മുഴുവൻ വീഡിയോയും കാണാൻ ലഭിച്ച അവസരം പ്രയോജനപ്പെടുത്തി.
നമ്മുടെ ചരിത്രത്തിലെ ഈ അധ്യായത്തെക്കുറിച്ച് അറിയില്ലാഞ്ഞ സന്ദർശകരിൽ തടങ്കൽപ്പാളയങ്ങളിൽ സാക്ഷികൾ സ്വീകരിച്ച ഉറച്ച നിലപാട് മതിപ്പുളവാക്കി. പ്രദർശനം തന്നിൽ വലിയ പ്രഭാവം ചെലുത്തിയെന്നും യഹോവയുടെ സാക്ഷികളോടുള്ള തന്റെ മനോഭാവത്തിനു മാറ്റം വരുത്തിയെന്നും പ്രദർശനസ്ഥലം അനേകം തവണ സന്ദർശിച്ച ഒരു പ്രൊഫസർ പറയുകയുണ്ടായി. തടങ്കൽപ്പാളയങ്ങളിൽ യഹോവയുടെ സാക്ഷികൾ പ്രകടമാക്കിയ ശക്തമായ വിശ്വാസമാണ് പ്രത്യേകിച്ചും അവരുടെ ഹൃദയത്തെ സ്പർശിച്ചത്. മറ്റു തടവുകാരിൽനിന്നു വ്യത്യസ്തമായി, തങ്ങളുടെ വിശ്വാസത്തെ തള്ളിപ്പറഞ്ഞുകൊണ്ട് അവർക്കു വേണമെങ്കിൽ സ്വതന്ത്രരാകാൻ കഴിയുമായിരുന്നു.
ദേശവ്യാപകമായി പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്ന ഒരു ടെലിവിഷൻ കേന്ദ്രവും പ്രാദേശികമായുള്ള മറ്റു ടെലിവിഷൻ കേന്ദ്രങ്ങളും, റേഡിയോ നിലയങ്ങളും പ്രദർശനത്തെക്കുറിച്ച് വളരെ നന്നായി റിപ്പോർട്ടുചെയ്തു. പ്രദർശനം തുടങ്ങിയ സമയത്ത്, ഒരു ലൂഥറൻ പുരോഹിതൻ ഭാര്യയും മകളുമൊത്ത് അവിടെയെത്തി. പിന്നീടൊരു അവസരത്തിൽ ബെഥേൽ സന്ദർശിക്കാനായി ഒരു സഹോദരൻ അദ്ദേഹത്തെ ക്ഷണിച്ചു. അദ്ദേഹം ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു. കുറച്ചുദിവസത്തിനുശേഷം, ഒരു സ്ത്രീ അദ്ദേഹത്തെ സമീപിച്ച് ഒരു ബൈബിൾ വാക്യത്തെക്കുറിച്ച് സംശയം ചോദിച്ചു. യഹോവയുടെ സാക്ഷികൾക്ക് അതിനുള്ള ഉത്തരം നൽകാൻ കഴിയുമെന്ന് ഉറപ്പുള്ളതിനാൽ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസുമായി ബന്ധപ്പെടാൻ പുരോഹിതൻ ആ സ്ത്രീയെ പ്രോത്സാഹിപ്പിച്ചു. പിന്നീട് ആ പുരോഹിതനുമായി ഒരു സഹോദരൻ ബൈബിളധ്യയനം നടത്താൻ തുടങ്ങി.
പരിഭാഷയിലുണ്ടായ മുന്നേറ്റം
“വിശ്വസ്തനും വിവേകിയുമായ അടിമ” പ്രദാനം ചെയ്യുന്ന ആത്മീയ ആഹാരം മുഴുവനും, ഐസ്ലാൻഡിക്കിലേക്കു പരിഭാഷപ്പെടുത്തുക എന്നത് എണ്ണത്തിൽ കുറവായ ഐസ്ലൻഡിലെ പ്രസാധകരെ സംബന്ധിച്ചിടത്തോളം പലപ്പോഴും ഒരു വെല്ലുവിളി ആയിരുന്നിട്ടുണ്ട്. (മത്താ. 24:45, NW) ആദ്യവർഷങ്ങളിൽ, പരിഭാഷയുടെ ഭൂരിഭാഗവും നിർവഹിച്ചിരുന്നത് കാനഡയിൽ ഉണ്ടായിരുന്ന ഐസ്ലൻഡുകാരായ സാക്ഷികൾ ആയിരുന്നു. പിന്നീട് ആ ജോലി ഐസ്ലൻഡിൽത്തന്നെ ചെയ്യാൻതുടങ്ങി. 1947-ൽ എത്തിച്ചേർന്ന ആദ്യത്തെ മിഷനറിമാർ തങ്ങളോടൊപ്പം ഒരേ വീട്ടിൽ താമസിച്ചിരുന്ന പ്രായമുള്ള ഒരു കവിയെ പരിചയപ്പെടാനിടയായി. അദ്ദേഹത്തിന് ഇംഗ്ലീഷ് അറിയാമായിരുന്നു. അതുകൊണ്ട് ഐസ്ലാൻഡിക് പഠിക്കാൻ അദ്ദേഹം അവരെ സഹായിച്ചു. അവർക്കുവേണ്ടി പരിഭാഷ ചെയ്തുകൊടുക്കാനും അദ്ദേഹം തയ്യാറായി. അതുകൊണ്ട് “ദൈവം സത്യവാൻ” പുസ്തകവും സകല ജനങ്ങളുടെയും സന്തോഷം ചെറുപുസ്തകവും പരിഭാഷപ്പെടുത്താൻ സഹോദരങ്ങൾ അദ്ദേഹത്തെ ഏൽപ്പിച്ചു. എന്നാൽ അവർ ആഗ്രഹിച്ചതുപോലുള്ള ഒരു പരിഭാഷയല്ലായിരുന്നു അദ്ദേഹത്തിന്റേത്. ധാരാളം പഴയ പദങ്ങളും പ്രയോഗങ്ങളും ഉൾപ്പെടുന്ന പുരാതനമായ കാവ്യശൈലി പരിഭാഷയിൽ അദ്ദേഹം ഉപയോഗിച്ചു. പുതിയ മിഷനറിമാരിൽ ഒരാളും ലിൻഡാൽ സഹോദരനും പരിഭാഷ പരിശോധിച്ച്, മാറ്റങ്ങൾ വരുത്തിയെങ്കിലും അത് പ്രതീക്ഷിച്ചിരുന്നതുപോലെ ഒരു നല്ല പഠനോപകരണം എന്ന നിലയിൽ ഉപയോഗിക്കാൻ കഴിയാതെവന്നു. എന്നിരുന്നാലും, അതിന്റെ 14,568-ഓളം പ്രതികൾ അച്ചടിച്ചു. ആദ്യ മുദ്രണം കഴിഞ്ഞപ്പോൾത്തന്നെ ആ പുസ്തകം വ്യാപകമായി വിതരണംചെയ്യപ്പെട്ടു. 1949-ൽ 20,000-ത്തിലധികം ചെറുപുസ്തകങ്ങളും അച്ചടിച്ചു. പിന്നീട്, മതം മനുഷ്യവർഗത്തിനുവേണ്ടി എന്തു ചെയ്തിരിക്കുന്നു? എന്ന പുസ്തകം പരിഭാഷപ്പെടുത്തുന്നതിന് മറ്റൊരു വ്യക്തിയുടെ സഹായംതേടി.
ആ വർഷങ്ങളിൽ, ഒരു ചെറിയ കൂട്ടം സഹോദരന്മാർ ധാരാളം ചെറുപുസ്തകങ്ങളുടെ പരിഭാഷ നിർവഹിച്ചു. “രാജ്യത്തിന്റെ ഈ സുവാർത്ത” ആയിരുന്നു അതിൽ ഒന്ന്. 1959-ലാണ് അതു പ്രസിദ്ധീകരിച്ചത്. ഈ ചെറുപുസ്തകം ഉപയോഗിച്ച് അനേകം പുതിയ ബൈബിളധ്യയനങ്ങൾ തുടങ്ങാൻ സഹോദരങ്ങൾക്കു കഴിഞ്ഞു. ഈ സമയത്താണ് ഐസ്ലാൻഡിക്കിൽ വീക്ഷാഗോപുരം പ്രസിദ്ധീകരിക്കാനുള്ള അനുമതി ലഭിക്കുന്നത്.
തുടർന്നുവന്ന വർഷങ്ങളിൽ നല്ല ധാരാളം പുസ്തകങ്ങൾ പരിഭാഷപ്പെടുത്തുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. 1962-ൽ “ഇതാകുന്നു നിത്യജീവൻ,” 1966-ൽ നഷ്ടപ്പെട്ട പറുദീസയിൽനിന്നു തിരിച്ചുകിട്ടിയ പറുദീസയിലേക്ക്, 1970-ൽ നിത്യജീവനിലേക്കു നയിക്കുന്ന സത്യം, 1984-ൽ നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും, 1996-ൽ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം തുടങ്ങിയ പുസ്തകങ്ങൾ പുറത്തിറങ്ങി. 1982 മുതൽ ഉണരുക! ത്രൈമാസപ്പതിപ്പായി ഐസ്ലാൻഡിക്കിൽ പ്രസിദ്ധീകരിക്കാൻ തുടങ്ങി.
കുറെ വർഷങ്ങളോളം, ഐസ്ലാൻഡിക്കിൽ പാട്ടുപുസ്തകം ഉണ്ടായിരുന്നില്ല. 1960-ൽ ഒരു സമ്മേളനത്തിനുവേണ്ടി നാലു പാട്ടുകൾ പരിഭാഷപ്പെടുത്തുകയും മിമിയോഗ്രാഫ് ഉപയോഗിച്ചു പകർത്തുകയും ചെയ്തു. 1963 നവംബറിലെ ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ, തിരഞ്ഞെടുത്ത 30 പാട്ടുകൾ അടങ്ങിയ ഒരു ചെറിയ പാട്ടുപുസ്തകം പ്രകാശനം ചെയ്തു. സഹോദരങ്ങൾക്ക് വളരെ സന്തോഷത്തിന്റെ ഒരു സന്ദർഭമായിരുന്നു അത്.
അതുവരെ, സഭയിലെ ഗീതാലാപനം വിവിധ ഭാഷകളുടെ ഒരു മിശ്രണം തന്നെയായിരുന്നു. 1958-ലാണ് ജർമൻകാരായ ഗുണ്ടർ ഹൗബിറ്റ്സും ഭാര്യ രൂറ്റും പ്രത്യേക പയനിയർമാരായി ഐസ്ലൻഡിൽ എത്തിയത്. വിദേശീയരായ സഹോദരങ്ങൾ അവരവരുടെ ഭാഷയിൽ, ഇംഗ്ലീഷ്, ജർമൻ, ഡാനീഷ്, നോർവീജിയൻ, ഫിന്നിഷ്, സ്വീഡിഷ് തുടങ്ങിയവയിൽ ഏതെങ്കിലുമൊരു ഭാഷയിലുള്ള പാട്ടുപുസ്തകം ഉപയോഗിച്ചു പാടിയിരുന്നത് രൂറ്റ് ഇപ്പോഴും ഓർമിക്കുന്നു. അവയിൽ ഏറ്റവും നന്നായി അറിയാവുന്ന ഒരു ഭാഷാക്കൂട്ടത്തിന്റെ കൂടെ ചേർന്ന് ഐസ്ലൻഡിലെ സഹോദരങ്ങൾ പാടുമായിരുന്നു. സഹോദരി പറയുന്നു, “അത് ശരിക്കുമൊരു മിശ്ര ഗായകസംഘമായിരുന്നു എന്നു പറയാം!” ക്രമേണ, തുടർന്നുള്ള വർഷങ്ങളിൽ കൂടുതൽ രാജ്യഗീതങ്ങൾ പരിഭാഷപ്പെടുത്തിക്കൊണ്ടിരുന്നു. ഒടുവിൽ 1999-ൽ 225 ഗീതങ്ങളും അടങ്ങിയ പാട്ടുപുസ്തകം ഐസ്ലാൻഡിക്കിൽ ലഭ്യമായി. യഹോവയെ സ്തുതിക്കുന്നതിനുള്ള ഈ സഹായത്തെ സഹോദരങ്ങൾ എത്ര വിലമതിച്ചുവെന്നോ!
ഐസ്ലൻഡിൽ 1999 ആഗസ്റ്റിൽ നടന്ന ഡിസ്ട്രിക്റ്റ് കൺവെൻഷന് ഒരു സവിശേഷത ഉണ്ടായിരുന്നു. ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ! എന്ന പുസ്തകം ഇംഗ്ലീഷ് പതിപ്പിനൊപ്പംതന്നെ ഐസ്ലാൻഡിക്കിൽ പ്രസിദ്ധീകരിച്ചു. കൺവെൻഷനിൽ, പ്രസംഗകൻ ഇംഗ്ലീഷിലുള്ള പുസ്തകത്തിന്റെ പ്രകാശനം അറിയിച്ചപ്പോൾ എല്ലാവരും കൈയടിച്ചു. ഐസ്ലാൻഡിക്കിലുള്ള ഈ പുസ്തകത്തിന്റെ പതിപ്പ് പിന്നീട് പുറത്തിറങ്ങുമെന്നു സഹോദരൻ അടുത്തതായി പറയുമെന്നാണ് അവർ കരുതിയത്. എന്നാൽ ആ പ്രതീക്ഷയ്ക്കു വിപരീതമായി ഐസ്ലാൻഡിക്കിലുള്ള പുസ്തകം കാണിച്ചുകൊണ്ട്, ആ പുസ്തകം ഐസ്ലാൻഡിക്കിലേക്കു പരിഭാഷപ്പെടുത്തിക്കഴിഞ്ഞു എന്ന് അദ്ദേഹം അറിയിച്ചപ്പോൾ അവർക്കുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു! അതിനുശേഷം, യെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം 1-ഉം 2-ഉം വാല്യങ്ങളും ഇംഗ്ലീഷ് പതിപ്പിനൊപ്പംതന്നെ പ്രകാശനംചെയ്തു.
ബെഥേൽ വിപുലീകരണവും കൂടുതലായ വർധനയും
1998-ൽ ബ്രാഞ്ച് സൗകര്യങ്ങൾ കൂടുതലായ നവീകരണ പ്രവർത്തനങ്ങൾക്കു വിധേയമായി. ബെഥേൽ അംഗങ്ങൾക്കു താമസിക്കാൻ റോഡിന്റെ എതിർവശത്തുള്ള രണ്ടു ഫ്ളാറ്റുകൾ വിലയ്ക്കുവാങ്ങി. അത് പരിഭാഷാ വിഭാഗത്തിനു കൂടുതൽ സ്ഥലസൗകര്യം ലഭിക്കാൻ ഇടയാക്കി. ഈ കഴിഞ്ഞ വർഷങ്ങളിൽ, ന്യൂയോർക്കിലെ ലോക ആസ്ഥാനത്തുനിന്നുള്ള സഹോദരങ്ങളുടെ സന്ദർശനങ്ങളിൽനിന്നും പരിഭാഷാവിഭാഗത്തിലെ സഹോദരങ്ങൾ പ്രയോജനം നേടിയിരിക്കുന്നു. പരിഭാഷാ ജോലികൾക്കുവേണ്ടി യഹോവയുടെ സാക്ഷികൾതന്നെ പ്രത്യേകം വികസിപ്പിച്ചെടുത്ത കമ്പ്യൂട്ടർ പ്രോഗ്രാമുകൾ ആ സഹോദരന്മാർ അവരെ പഠിപ്പിച്ചു.
അടുത്തയിടെ, ലോക ആസ്ഥാനത്തുനിന്നുള്ള പ്രതിനിധികൾ ഇംപ്രൂവ്ഡ് ഇംഗ്ലീഷ് കോമ്പ്രഹെൻഷൻ കോഴ്സ് നടത്തി. പരിഭാഷകർക്ക്, അവരുടെ പരിഭാഷ തുടങ്ങുന്നതിനു മുമ്പുതന്നെ ഇംഗ്ലീഷ് മെച്ചമായി മനസ്സിലാക്കാനുള്ള സഹായം അത് നൽകി.
ബ്രാഞ്ച് ഓഫീസ് ഇങ്ങനെ എഴുതുന്നു: “പിന്നിട്ട വർഷങ്ങളിലേക്കു തിരിഞ്ഞുനോക്കുമ്പോൾ സൗകര്യങ്ങൾ കുറവായിരുന്നിട്ടും, ഭാഷയിലുള്ള അറിവു പരിമിതമായിരുന്നിട്ടും പരിഭാഷ നിർവഹിക്കാൻ ചിലർ ധൈര്യം കാണിച്ചതിൽ ഞങ്ങൾക്കു വളരെ സന്തോഷമുണ്ട്. പരിഭാഷ ഇന്നത്തെയത്ര നിലവാരം പുലർത്തിയിരുന്നില്ലെങ്കിലും, ‘അല്പകാര്യങ്ങളുടെ ദിവസത്തെ ഞങ്ങൾ തുച്ഛീകരിക്കുന്നില്ല.’ (സെഖ. 4:10) യഹോവയുടെ നാമവും രാജ്യവും ഐസ്ലൻഡിൽ അറിയപ്പെടാൻ ഇടയായിരിക്കുന്നതിലും അനേകം ആളുകൾ സത്യം പഠിച്ചിരിക്കുന്നതിലും ഞങ്ങൾ അതിയായി സന്തോഷിക്കുന്നു.”
ഇന്ന്, ബ്രാഞ്ച് ഓഫീസിൽ എട്ട് മുഴുസമയ ശുശ്രൂഷകരുണ്ട്. മറ്റു ചിലർ മുഴുസമയവും ബെഥേലിൽ പ്രവർത്തിക്കുന്നില്ലെങ്കിലും ദിവസവും കുറച്ചു സമയത്തേക്കു വന്ന് ജോലികളിൽ സഹായിക്കുന്നു. ബ്രാഞ്ചിലുള്ള രാജ്യഹാളിനു പകരമായി റേക്യവിക്കിലെ സഭകൾക്കു കൂടിവരാനായി അവിടെത്തന്നെ ഒരു പുതിയ ഹാൾ പണിതു. അതേത്തുടർന്നിപ്പോൾ കൂടുതൽ ബെഥേൽ സേവകരെ താമസിപ്പിക്കാനുള്ള സൗകര്യത്തിനായി ബ്രാഞ്ച് പുതുക്കിപ്പണിയുന്നതിനുവേണ്ട ആസൂത്രണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
ഐസ്ലൻഡിൽ സുവാർത്ത പ്രസംഗിക്കുന്നവരുടെ പക്ഷത്ത് സ്ഥിരോത്സാഹം, ആത്മത്യാഗ മനോഭാവം, സ്നേഹം എന്നിവ ആവശ്യമായിരുന്നിട്ടുണ്ട്. എന്നാൽ കഴിഞ്ഞ 76 വർഷങ്ങളിലായി തീക്ഷ്ണരായ രാജ്യഘോഷകർ ഐസ്ലൻഡിൽ ചെയ്തിട്ടുള്ള കഠിനാധ്വാനം വ്യർഥമായിട്ടില്ല എന്ന് ഉറപ്പിച്ചു പറയാൻ കഴിയും. വിശ്വസ്തരായ ധാരാളം സഹോദരീസഹോദരന്മാർക്ക് ആ കൊയ്ത്തുവേലയിൽ പങ്കുണ്ടായിരുന്നു. ഏതാനും വർഷത്തേക്ക് ഐസ്ലൻഡിൽ സേവിക്കുന്നതിനായി, വലിയൊരു കൂട്ടംതന്നെ മറ്റുരാജ്യങ്ങളിൽനിന്ന് അവിടേക്കു മാറിത്താമസിച്ചു. അവരുടെ സേവനം എന്നും സ്മരിക്കപ്പെടും. ചിലരാകട്ടെ, പിന്നീട് അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. ഐസ്ലൻഡുകാരായ ധാരാളം പ്രസാധകർ പ്രകടിപ്പിച്ച സ്ഥിരോത്സാഹവും എടുത്തുപറയേണ്ടതാണ്.
ഐസ്ലൻഡിലെ രാജ്യപ്രസാധകരുടെ ശരാശരി എണ്ണം വളരെ കുറവാണെങ്കിലും, അവിടെ യഹോവയുടെ സാക്ഷികളെ അറിയാത്തവർ ചുരുക്കമാണ്. ഇന്ന്, അവിടത്തെ ഉൾപ്രദേശങ്ങളിലും ചെറിയ സഭകളിലും ആയി ഏഴു മിഷനറിമാർ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ സേവനവർഷം, യേശുവിന്റെ മരണത്തിന്റെ സ്മാരകത്തിന് 543 പേർ ഹാജരായി. 180-നടുത്ത് ബൈബിളധ്യയനങ്ങളും നടത്തപ്പെടുന്നുണ്ട്.
“കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയും ആയിത്തീരും; യഹോവയായ ഞാൻ തക്ക സമയത്തു അതിനെ ശീഘ്രമായി നിവർത്തിക്കും” എന്ന യെശയ്യാവു 60:22-ലെ വാക്കുകളുടെ നിവൃത്തി എന്നെങ്കിലുമൊരിക്കൽ ഒരുപക്ഷേ ഐസ്ലൻഡിലെ സഹോദരങ്ങൾക്ക് ആസ്വദിക്കാൻ കഴിഞ്ഞേക്കാം. എന്തായിരുന്നാലും, രാജാവായ യേശുക്രിസ്തു ഭരമേൽപ്പിച്ചിരിക്കുന്ന സുവാർത്താ പ്രസംഗവേല പൂർണമായി നിർവഹിക്കാൻ ഐസ്ലൻഡിലെ സഹോദരങ്ങൾ ദൃഢചിത്തരാണ്. സ്വീകാര്യക്ഷമതയും വിലമതിപ്പും ഉള്ള ആളുകളുടെ ഹൃദയങ്ങളിൽ സത്യത്തിന്റെ വിത്തു വളരാൻ യഹോവ ഇടയാക്കുമെന്ന ഉറച്ച വിശ്വാസം അവർക്കുണ്ട്!—മത്താ. 24:14; 1 കൊരി. 3:6, 7; 2 തിമൊ. 4:5.
[205-ാം പേജിലെ ചതുരം]
കുടുംബപ്പേരുകൾ ഇല്ലാത്തിടം
സ്വന്തം പേരിനൊടുവിൽ കുടുംബപ്പേരു ചേർക്കുന്ന ഒരു രീതി ഐസ്ലൻഡുകാർക്കിടയിൽ ഇല്ല. ആളുകൾ പരസ്പരം അവരുടെ ആദ്യ പേര് ഉപയോഗിച്ചു സംബോധനചെയ്യുന്നു. മകനാണെങ്കിൽ പിതാവിന്റെ പേരിനോട് സൺ എന്നും മകളാണെങ്കിൽ ഡോട്ടിർ എന്നും ചേർത്താണ് ഒരു കുട്ടിയുടെ രണ്ടാമത്തെ പേര് തീരുമാനിക്കുന്നത്. ഉദാഹരണത്തിന്, ഹരാൾഡർ എന്നു പേരുള്ള ഒരാളുടെ മകന്റെ രണ്ടാമത്തെ പേര് ഹരാൾഡ്സ്സൺ എന്നും മകളുടേത് ഹരാൾഡ്സ്ഡോട്ടിർ എന്നും ആയിരിക്കും. വിവാഹശേഷവും സ്ത്രീകളുടെ പേരിനു മാറ്റം വരുന്നില്ല. ഒരേ പേരിൽ ധാരാളം ആളുകൾ ഉള്ളതുകൊണ്ട്, ടെലിഫോൺ ഡയറക്ടറികളിൽ പേരും അഡ്രസ്സും, ഫോൺനമ്പറും കൂടാതെ ഓരോരുത്തരുടെയും ജോലി കൂടി രേഖപ്പെടുത്തുന്നു. വംശാവലി സംബന്ധിച്ച രേഖകൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നതുകൊണ്ട്, ആയിരത്തിലധികം വർഷം മുമ്പുള്ള പൂർവികരെക്കുറിച്ചുപോലും അറിയാൻ ഐസ്ലൻഡുകാർക്കു കഴിയും.
[208-ാം പേജിലെ ചതുരം]
ഐസ്ലൻഡ്—ഒരു ആകമാന വീക്ഷണം
ഭൂപ്രകൃതി: ഉത്തര അറ്റ്ലാന്റിക് സമുദ്രം, ഗ്രീൻലാൻഡ് കടൽ, നോർവീജിയൻ കടൽ എന്നിവയാൽ ചുറ്റപ്പെട്ട നിലയിൽ ആർട്ടിക് വൃത്തത്തിനു തൊട്ടുതാഴെയായി സ്ഥിതിചെയ്യുന്ന ഒരു ദ്വീപരാഷ്ട്രമാണ് ഐസ്ലൻഡ്. ധാരാളം അഗ്നിപർവതങ്ങളും ഉഷ്ണജലസ്രോതസ്സുകളും (hot springs) ജലവും നീരാവിയും ഇടവിട്ട് പുറത്തേക്ക് വമിപ്പിക്കുന്ന ചൂടുനീരുറവകളും (geysers) ഇവിടെയുണ്ട്. ദ്വീപിന്റെ പത്തിലൊന്ന് ഹിമനദികളാൽ മൂടപ്പെട്ടാണു കിടക്കുന്നത്.
ജനങ്ങൾ: അവിടെയുള്ളവർ പ്രധാനമായും നോർവേയിൽനിന്നു കുടിയേറിപ്പാർത്ത വൈക്കിങ്ങുകളുടെ പിൻഗാമികളാണ്. പൊതുവെ കഠിനാധ്വാനികളും, രൂപകൽപ്പനാപാടവം ഉള്ളവരും വിശാലമനസ്കരുമാണവർ. മിക്കവരും തീരപ്രദേശത്താണു ജീവിക്കുന്നത്.
ഭാഷ: ഔദ്യോഗിക ഭാഷ ഐസ്ലാൻഡിക് ആണെങ്കിലും അനേകരും ഇംഗ്ലീഷ്, ജർമൻ, അല്ലെങ്കിൽ സ്കാൻഡിനേവിയൻ ഭാഷകളിൽ ഏതെങ്കിലുമോ പോലുള്ള ഒന്നിൽ കൂടുതൽ വിദേശഭാഷകൾ സംസാരിക്കുന്നവരാണ്.
ഉപജീവന മാർഗം: മത്സ്യവ്യവസായം ഐസ്ലൻഡിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ് എന്നു പറയാം. മത്സ്യബന്ധന ബോട്ടുകൾ ഉപയോഗിച്ചു പിടിക്കുന്ന കാപെലിൻ, കോഡ്, ഹാഡോക്, ഹെറിങ്ങ് തുടങ്ങിയ മത്സ്യങ്ങളുടെ വലിയൊരു ഭാഗം സംസ്കരിച്ച് കയറ്റി അയയ്ക്കുന്നു.
ആഹാരം: പൊതുവെ ഭക്ഷണത്തിൽ മത്സ്യവും ആടും പെടുന്നു. ചെമ്മരിയാടിന്റെ തല പുഴുങ്ങിയെടുക്കുന്നത് ഐസ്ലൻഡിലെ ഒരു പ്രത്യേക വിഭവമാണ്.
കാലാവസ്ഥ: അറ്റ്ലാന്റിക്കിലെ ഒരു ഉഷ്ണജല സമുദ്രപ്രവാഹത്തിന്റെ സ്വാധീനഫലമായി ഇവിടെ മിതോഷ്ണ കാലാവസ്ഥയാണ് ഉള്ളത്. ശീതകാലം അത്രയേറെ കഠിനമല്ലെങ്കിലും ആ സമയത്ത് കാറ്റ് ശക്തിയായി വീശുന്നു. ഉഷ്ണകാലം മിതമായ തണുപ്പുള്ളതാണ് എന്നതാണ് കാലാവസ്ഥയുടെ മറ്റൊരു പ്രത്യേകത.
[210-ാം പേജിലെ ചതുരം/ചിത്രം]
സെപ്റ്റംബർ 6, 1942: “ഇപ്പോഴും ഇവിടെ ഒരേയൊരു പയനിയർ മാത്രമാണ് ഉള്ളത്. അതുകൊണ്ട് റിപ്പോർട്ട് ചെയ്യാൻ അധികം ഒന്നുമില്ല. ഐസ്ലൻഡിലെ ജനസംഖ്യ ഏതാണ്ട്, 1,20,000 ആണ്. കൃഷിയിടങ്ങളോടു ചേർന്ന് 6,000-ത്തോളം വീടുകളും ഉണ്ട്. ഈ കൃഷിയിടങ്ങളിൽ എത്തിച്ചേരുന്നതിനുള്ള ഏക ആശ്രയം പോണികളാണ്, സവാരിക്കും സാധനങ്ങൾ ചുമക്കുന്നതിനുമെല്ലാം അവതന്നെ ശരണം. ഈ വീടുകളെല്ലാം സന്ദർശിച്ചുതീർക്കണമെങ്കിൽ, ഏകദേശം 16,000 കിലോമീറ്റർ സഞ്ചരിക്കണം. അവിടെ എത്തിച്ചേരണമെങ്കിൽ ഒരുപാടു മലകളും അവയിൽനിന്ന് ഉത്ഭവിക്കുന്ന നദികളും കടക്കണം. ഇതുവരെ, സന്ദേശത്തിൽ ആരുംതന്നെ വലിയ താത്പര്യം കാണിച്ചിട്ടില്ല.”
ഐസ്ലൻഡിൽ 13 വർഷം പയനിയറായി സേവിച്ചശേഷം ഗേയോർഗ് എഫ്. ലിൻഡാൽ സഹോദരൻ എഴുതിയതാണ് ഈ വരികൾ. അതിനുശേഷം അഞ്ചു വർഷം കൂടെ അവിടത്തെ ഏക പ്രസാധകനായി അദ്ദേഹം തുടർന്നു.
[213, 214 പേജുകളിലെ ചതുരം/ചിത്രം]
വിശ്വസ്തസേവനത്തിന്റെ ഒരു രേഖ
ഐസ്ലൻഡിൽ പ്രവർത്തിക്കാനായി നിയമനം ലഭിച്ച ആദ്യകാല മിഷനറിമാരിൽ ഒരാളായിരുന്നു, ഗിലെയാദിന്റെ 11-ാം ക്ലാസ്സിൽനിന്നു ബിരുദം നേടിയ ഒലിവർ മക്ഡൊനാൾഡ്. 1948 ഡിസംബറിൽ ഇങ്ഗ്വാഡ് യെൻസന്റെ കൂടെ അദ്ദേഹം അവിടെയെത്തി. ന്യൂയോർക്കിൽനിന്ന് ഐസ്ലൻഡിലേക്കുള്ള അവരുടെ യാത്ര ചരക്കുകപ്പലിൽ ആയിരുന്നു. പ്രക്ഷുബ്ധമായിരുന്ന ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിലൂടെ 14 ദിവസം നീണ്ട ആ യാത്രയിൽ ഒട്ടുമുക്കാൽ സമയവും രണ്ടുപേരും കടൽച്ചൊരുക്കു നിമിത്തം വല്ലാതെ ബുദ്ധിമുട്ടി.
1950 മാർച്ചിൽ, ബ്രിട്ടൻ ബെഥേലിൽ സേവിച്ചിരുന്ന ഇംഗ്ലണ്ടിൽനിന്നുള്ള സാലി വൈൽഡിനെ മക്ഡൊനാൾഡ് വിവാഹം കഴിച്ചു. ആ പ്രാരംഭ വർഷങ്ങളിൽ മാക്കും (അദ്ദേഹത്തിന്റെ ഓമനപ്പേര്) സാലിയും തീക്ഷ്ണതയോടെ പ്രവർത്തിച്ചു. അന്ന് അവരോടൊത്തു പഠിച്ച പലരും ഇപ്പോഴും വിശ്വസ്തതയോടെ യഹോവയെ സേവിക്കുന്നു.
1957-ൽ മാക്കും സാലിയും ഇംഗ്ലണ്ടിലേക്കു മടങ്ങി. ഐസ്ലൻഡിൽ ആയിരിക്കെത്തന്നെ സാലിക്ക് അർബുദം പിടിപെട്ടിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. സാലി പിന്നീട് ഇംഗ്ലണ്ടിൽവെച്ചു മരണമടഞ്ഞു. സാലിയുടെ മരണത്തിനുശേഷം മാക് വീണ്ടും മുഴുസമയ ശുശ്രൂഷയിൽ പ്രവേശിക്കുകയും സാധാരണ പയനിയറായി സേവിക്കുകയും ചെയ്തു. പിന്നീട് 13 വർഷം സഞ്ചാര മേൽവിചാരകൻ എന്ന നിലയിലും അദ്ദേഹം പ്രവർത്തിച്ചു. ഒരു പ്രത്യേക പയനിയർ ആയിരുന്ന വലെറി ഹാർഗ്രിവ്സിനെ 1960-ൽ അദ്ദേഹം വിവാഹം കഴിച്ചു. വടക്കൻ സ്കോട്ട്ലൻഡു മുതൽ ഇംഗ്ലണ്ടിന്റെ തെക്കൻ തീരത്തുനിന്ന് വിട്ടുകിടക്കുന്ന ചാനൽ ദ്വീപുകൾ വരെയുള്ള ബ്രിട്ടനിലെ വിവിധ സർക്കിട്ടുകളിൽ അവർ സേവിച്ചു. ഇംഗ്ലണ്ടിന്റെ വടക്കോട്ടുള്ള പ്രദേശങ്ങൾ സന്ദർശിച്ച് ഒടുവിൽ സ്കോട്ട്ലൻഡിന്റെ വടക്കൻ തീരത്തുനിന്ന് വിട്ടുകിടക്കുന്ന ഷെറ്റ്ലൻഡ് ദ്വീപുകളിൽ എത്തുമ്പോൾ, “അടുത്ത സ്റ്റോപ്പ് ഐസ്ലൻഡാണ്” എന്നു മാക് പറയുമായിരുന്നു. എങ്കിലും, അപ്പോഴൊന്നും തങ്ങൾ എന്നെങ്കിലും അവിടെ പോകുമെന്ന് അദ്ദേഹം കരുതിയതേയില്ല.
എന്നാൽ, 1972-ൽ മാക്കും വലെറിയും മിഷനറിമാരായി നിയമിക്കപ്പെട്ടപ്പോൾ അവർക്ക് ഐസ്ലൻഡിലേക്കു പുനർനിയമനം ലഭിച്ചു. അവിടെ മാക് ബ്രാഞ്ച് ദാസനായും പിന്നീട് ബ്രാഞ്ച് കമ്മിറ്റി കോ-ഓർഡിനേറ്ററായും സേവിച്ചു. അദ്ദേഹവും വലെറിയും ഏഴു വർഷത്തോളം അവിടെ താമസിച്ചു. അതിനുശേഷം അവർക്ക് അയർലൻഡിലേക്കു മിഷനറി നിയമനം ലഭിച്ചു. അവിടെ ആദ്യം ഡബ്ലിനിലും പിന്നീട് അയർലൻഡിന്റെ വടക്കുഭാഗങ്ങളിലുമായി അവർ പ്രവർത്തിച്ചു. അയർലൻഡിലെ 20 വർഷത്തെ സേവനത്തിനുശേഷം 1999 ഡിസംബറിൽ അർബുദം ബാധിച്ച് മാക് മരണമടഞ്ഞു. അപ്പോഴേക്കും അദ്ദേഹം മുഴുസമയ ശുശ്രൂഷയിൽ 60 വർഷം ചെലവഴിച്ചിരുന്നു. വലെറി ഇപ്പോഴും അയർലൻഡിന്റെ വടക്കുഭാഗത്തുള്ള ബെൽഫാസ്റ്റിൽ ഒരു സാധാരണ പയനിയറായി സേവിക്കുന്നു.
[ചിത്രം]
വലെറിയും ഒലിവർ മക്ഡൊനാൾഡും റേക്യവിക്കിൽ, 1970-കളിൽ എടുത്ത ചിത്രം
[218-ാം പേജിലെ ചതുരം/ചിത്രം]
റേക്യവിക്
“പുകയുന്ന ഉൾക്കടൽ” എന്ന അർഥം വരുന്ന റേക്യവിക് ആണ് ഐസ്ലൻഡിന്റെ തലസ്ഥാനം. ആദ്യമായി അവിടെ കുടിയേറി സ്ഥിരതാമസമാക്കിയ ഇയ്ങ്ഗോൾഫർ അർഡ്നാർസൺ ആണ് ഉഷ്ണജലസ്രോതസ്സുകളിൽനിന്ന് ഉയരുന്ന നീരാവി സ്തംഭങ്ങൾ കണ്ട്, അതിന് ആ പേരു നൽകിയത്. ഇന്ന് റേക്യവിക് ഏതാണ്ട് 1,80,000-ത്തോളം ജനസംഖ്യയുള്ള തിരക്കുപിടിച്ച ഒരു ആധുനിക നഗരമാണ്.
[223, 224 പേജുകളിലെ ചതുരം/ചിത്രം]
അവർ ഐസ്ലൻഡിനെ സ്വന്തം ഭവനമാക്കിത്തീർത്തു
ഡെന്മാർക്കിൽനിന്നുള്ള പോൾ ഹൈനെ പിദെർസനെ 1959-ൽ, ഐസ്ലൻഡിലേക്ക് ഒരു പ്രത്യേക പയനിയറായി നിയമിച്ചു. 1961-ൽ യൂറോപ്പിൽ നടന്ന “ഏകീകൃത ആരാധകർ” അന്താരാഷ്ട്ര കൺവെൻഷൻ പരമ്പരയിൽ രണ്ടെണ്ണത്തിൽ അദ്ദേഹം പങ്കെടുത്തു. ഈ കൺവെൻഷനുകളിൽ ചിലതിൽ പങ്കെടുക്കാൻ യു.എസ്.എ.-യിലെ കാലിഫോർണിയയിൽനിന്നു വന്ന വൈലെറ്റിനെ അദ്ദേഹം അവിടെവെച്ചു പരിചയപ്പെട്ടു.
കൺവെൻഷനുകൾക്കുശേഷം, പോൾ ഐസ്ലൻഡിലേക്കു തിരിച്ചുപോയി. വൈലെറ്റ് കാലിഫോർണിയയിലെ വീട്ടിലേക്കും മടങ്ങി. അഞ്ചുമാസത്തോളം അവർ പരസ്പരം കത്തുകളെഴുതി. 1962 ജനുവരിയിൽ പോളിനെ വിവാഹം കഴിക്കാനായി വൈലെറ്റ് ഐസ്ലൻഡിലെത്തി. ജനവാസം വളരെക്കുറഞ്ഞ വടക്കുപടിഞ്ഞാറൻ ഐസ്ലൻഡിലെ ഏക സാക്ഷിയായിരുന്നു പോൾ. അദ്ദേഹം അപ്പോഴും പയനിയറായി സേവിക്കുകയായിരുന്നു. ശീതകാലമധ്യത്തിൽ രണ്ടു മാസത്തേക്ക് സൂര്യൻ എത്തിനോക്കുകപോലും ചെയ്യാത്ത ഒരു കൊച്ചു പട്ടണത്തിൽ അവർ താമസമാക്കി. ആ പ്രദേശത്തെ ചില ആളുകളുടെ അടുത്ത് എത്തിച്ചേരുന്നതിന്, മിക്കപ്പോഴും ഐസു മൂടിക്കിടക്കുന്ന ചെങ്കുത്തായ മലമ്പാതകളിലൂടെ അവർക്കു യാത്ര ചെയ്യേണ്ടിയിരുന്നു. യാത്രയ്ക്ക് അവർക്കുണ്ടായിരുന്ന ഏക ആശ്രയം പോൾ ഡെന്മാർക്കിൽനിന്നു കൂടെ കൊണ്ടുവന്ന ഒരു മോട്ടോർസൈക്കിൾ ആയിരുന്നു. കാലിഫോർണിയയിലെ ഊഷ്മള കാലാവസ്ഥയിൽ ജനിച്ചുവളർന്ന വൈലെറ്റിന്, ഐസ്ലൻഡിൽ അധികനാൾ പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് അനേകം സഹോദരന്മാരും കരുതി. എന്നാൽ, സഹോദരിക്ക് അതിനു കഴിഞ്ഞു. സഹോദരി ആ രാജ്യത്തെയും അവിടത്തെ ആളുകളെയും സ്നേഹിച്ചു തുടങ്ങുകയും ചെയ്തു.
1965-ൽ മകൾ എലിസാബെറ്റ് ജനിക്കുന്നതുവരെ പോളും വൈലെറ്റും ഒരുമിച്ചു പയനിയറിങ് ചെയ്തു. പോൾ 1975 വരെ പയനിയറിങ് തുടർന്നു. ആ വർഷങ്ങളിൽ, അവസരം ലഭിക്കുമ്പോഴെല്ലാം വൈലെറ്റും പയനിയറിങ് ചെയ്യുമായിരുന്നു. 1977-ൽ പോളിന്റെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് കാലിഫോർണിയയിലേക്കു മടങ്ങാൻ അവർ തീരുമാനിച്ചു. എന്നാൽ കുറച്ചു നാളുകൾക്കുശേഷം, രാജ്യപ്രസാധകരുടെ ആവശ്യം അധികമുള്ള സ്ഥലത്തു സേവിക്കാനുള്ള അവരുടെ ഉത്കടമായ ആഗ്രഹം നിമിത്തം വീണ്ടും പയനിയറിങ് തുടങ്ങി. മകളുടെ സ്കൂൾ പഠനം കഴിയുകയും അവൾക്ക് പ്രായപൂർത്തിയാകുകയും ചെയ്തതോടെ, അവർ മിഷനറിമാരായി നിയമനം ലഭിച്ച് ഐസ്ലൻഡിൽ മടങ്ങിയെത്തി. അൽപ്പകാലം മിഷനറിമാരായി സേവിച്ചശേഷം അവർ കുറച്ചു കാലം സഞ്ചാരവേലയിലും ചെലവഴിച്ചു. 1989-ൽ ബ്രാഞ്ചു കമ്മിറ്റി അംഗമായി സേവനമനുഷ്ഠിക്കാൻ പോളിനോട് ആവശ്യപ്പെട്ടു. അതിനുശേഷം, 1991-ൽ അവിടെ ഒരു ബെഥേൽ ഭവനം ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. ആദ്യത്തെ ബെഥേൽ കുടുംബാംഗങ്ങൾ പോളും വൈലെറ്റും ആയിരുന്നു. അവർ ഇപ്പോഴും അവിടെ സേവിക്കുന്നു.
[228, 229 പേജുകളിലെ ചതുരം/ചിത്രം]
അതിഥിസത്കാരത്തിനു പേരുകേട്ടവർ
1956-ൽ സ്നാപനമേറ്റ ഏഴുപേരിൽ ഉൾപ്പെട്ടവർ ആയിരുന്നു ഫ്രിദ്രിക് ഗിയ്സ്ലാസണും ഭാര്യ എയ്ഡായും. ഒലിവർ മക്ഡൊനാൾഡും സാലിയുമാണ് അവരെ സത്യം പഠിപ്പിച്ചത്. ആദ്യം ഫ്രിദ്രിക് മാത്രമേ ബൈബിളധ്യയനത്തിന് ഇരിക്കുമായിരുന്നുള്ളൂ. ആ ശൈത്യകാലം മുഴുവനും എയ്ഡാ തന്റെ തയ്യൽ ക്ലബ്ബിലെ പ്രവർത്തനങ്ങളുമായി തിരക്കിലായിരുന്നു. വസന്തകാലത്തോടെ തയ്യൽ ക്ലബ്ബിന്റെ പ്രവർത്തനം അവസാനിച്ചപ്പോൾ, അധ്യയനസമയത്ത് അവർ അടുക്കളയിൽ ചെന്നിരിക്കുമായിരുന്നു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ അവിടെ നടന്നിരുന്ന ബൈബിൾ ചർച്ചകളിൽ താത്പര്യം തോന്നിയ എയ്ഡാ ചർച്ചയിൽ പങ്കെടുക്കാതെ വെറുതെ അധ്യയനത്തിന് ഇരിക്കാൻ അനുവാദം ചോദിച്ചു. എന്നാൽ, പെട്ടെന്നുതന്നെ അവർ ചർച്ചകളിൽ നന്നായി പങ്കെടുത്തു തുടങ്ങി.
പിന്നീട്, ഇംഗ്ലീഷിലുള്ള ഒരു വീക്ഷാഗോപുര അധ്യയനം അവരുടെ വീട്ടിൽവെച്ച് ക്രമമായി നടത്തപ്പെട്ടു. മിഷനറി ഭവനത്തിൽവെച്ചു നടത്തിയിരുന്ന യോഗങ്ങൾക്കും അവർ പോകാൻ തുടങ്ങി. ഫ്രെദ്രിക് പറയുന്നു: “മിഷനറിമാർ താമസിച്ചിരുന്ന വീടിന്റെ മുകളിലത്തെ ഒരു കൊച്ചു മുറിയിലാണ് ഞങ്ങൾ യോഗങ്ങൾ നടത്തിയിരുന്നത്. അവിടെ 12 കസേരകൾ ഇടാനുള്ള സ്ഥലം ഉണ്ടായിരുന്നു. എന്നാൽ പതിവിലധികം ആളുകൾ വരുന്ന അവസരങ്ങളിൽ, അടുത്തുള്ള ചെറിയ മുറിയിൽ കൂടി ഇരിക്കത്തക്കവിധം, ആ മുറിയിലേക്കുള്ള വാതിൽ തുറന്നിടുമായിരുന്നു. ഇന്നാകട്ടെ, റേക്യവിക്കിലുള്ള രാജ്യഹാൾ മൂന്നു സഭകൾ ഉപയോഗിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു! അതുപോലെ മൂന്നു സഭകളുടെ യോഗങ്ങൾക്കും രാജ്യഹാൾ നിറയെ ആളുകളുണ്ട്.”
ഫ്രിദ്രിക്കും എയ്ഡായും അതിഥിസത്കാരത്തിനു പേരുകേട്ടവരായിത്തീർന്നു. ആറു മക്കളെ വളർത്തേണ്ടിയിരുന്നിട്ടും, സഹോദരങ്ങൾക്കായി ആ വീടിന്റെ വാതിലുകൾ എപ്പോഴും തുറന്നുകിടന്നിരുന്നു. സഭ രൂപംകൊണ്ട ആദ്യവർഷങ്ങളിൽ, മറ്റു പല രാജ്യങ്ങളിൽനിന്നും പലപ്പോഴും സഹോദരങ്ങൾ ഐസ്ലൻഡിലേക്കു വരുമായിരുന്നു. സ്വന്തമായി താമസസൗകര്യം കണ്ടെത്തുന്നതുവരെ ഫ്രിദ്രിക്കിനോടും എയ്ഡായോടും കൂടെ താമസിക്കുന്നത് അവർ വളരെ ആസ്വദിച്ചിരുന്നു.
[232-ാം പേജിലെ ചതുരം/ചിത്രം]
ബൈബിൾ ഐസ്ലാൻഡിക് ഭാഷയിൽ
ഐസ്ലാൻഡിക്കിലെ ഏറ്റവും പഴക്കമുള്ള ബൈബിൾ പരിഭാഷ, 14-ാം നൂറ്റാണ്ടിൽ എഴുതപ്പെട്ട സ്റ്റ്യോർഡൻ എന്ന പുസ്തകത്തിൽ കാണുന്നതാണ്. എബ്രായ തിരുവെഴുത്തുകളിലെ ചില ഭാഗങ്ങളുടെ പരിഭാഷയും പരാവർത്തനവും അടങ്ങിയതായിരുന്നു അത്. ആദ്യത്തെ സമ്പൂർണ “പുതിയനിയമം” 1540-ൽ അച്ചടിക്കപ്പെട്ടു. ഹൊലറിലെ ബിഷപ്പിന്റെ മകനായ ഓഡർ ഗോട്ട്സ്കൗൾക്ക്സൺ ആണ് അതിന്റെ പരിഭാഷ നിർവഹിച്ചത്. അദ്ദേഹം നോർവേയിൽവെച്ച് ലൂഥറൻ വിശ്വാസം സ്വീകരിച്ചിരുന്നു. ജർമനിയിലായിരിക്കെയാണ് അദ്ദേഹം മാർട്ടിൻ ലൂഥറുമായി സമ്പർക്കത്തിൽ വന്നത്. ചരിത്രം പറയുന്നത്, ഐസ്ലൻഡിൽ തിരിച്ചെത്തിയശേഷം അദ്ദേഹം പരിഭാഷ നിർവഹിക്കാൻ തുടങ്ങി എന്നാണ്. തന്റെ മേലധികാരിയായ സ്കൗൾഹോൾട്ടിലെ കത്തോലിക്കാ ബിഷപ്പിന്റെ വെറുപ്പു സമ്പാദിക്കാതിരിക്കാൻ, അദ്ദേഹം അറിയാതെ കാലിത്തൊഴുത്തിൽ പോയിരുന്ന് വളരെ ബുദ്ധിമുട്ടിയാണ് ഓഡർ തന്റെ പരിഭാഷ നിർവഹിച്ചതത്രേ. ലാറ്റിൻ വൾഗേറ്റിൽനിന്നുള്ളത് ആയിരുന്നു ആ പരിഭാഷ. അദ്ദേഹംതന്നെ തന്റെ കൈയെഴുത്തുപ്രതിയുമായി ഡെന്മാർക്കിൽ പോയി അത് അച്ചടിപ്പിക്കുകയായിരുന്നു. 1584-ൽ ബിഷപ്പായിരുന്ന ഗ്വെദ്ബ്രാൻഡെർ തോർലൗക്സൺ, ഐസ്ലാൻഡിക്കിലുള്ള ആദ്യത്തെ സമ്പൂർണ ബൈബിൾ അച്ചടിക്കാനുള്ള അനുമതി നൽകി. മൂല എബ്രായ, ഗ്രീക്കു തിരുവെഴുത്തുകളിൽനിന്നു പരിഭാഷപ്പെടുത്തിയ ആദ്യത്തെ സമ്പൂർണ ബൈബിൾ അച്ചടിക്കപ്പെട്ടത് 1908-ലാണ്. 1912-ൽ അതിന്റെ പരിഷ്കരിച്ച പതിപ്പുകൂടി പുറത്തിറങ്ങി.
[ചിത്രം]
“ഗ്വെദ്ബ്രാൻഡ്സ്ബിബ്ലിയ,” ഐസ്ലാൻഡിക്കിലെ ആദ്യത്തെ സമ്പൂർണ ബൈബിൾ
[216, 217 പേജുകളിലെ ചാർട്ട്/ചിത്രങ്ങൾ]
ഐസ്ലൻഡ്—സുപ്രധാന സംഭവങ്ങൾ
1929:രാജ്യത്തെ ആദ്യത്തെ പ്രസാധകനായ ഗേയോർഗ് എഫ്. ലിൻഡാൽ എത്തുന്നു.
1940
1947:ആദ്യത്തെ ഗിലെയാദ് മിഷനറിമാർ എത്തുന്നു.
1950:ഒരു ചെറിയ സഭ രൂപംകൊള്ളുന്നു.
1960
1960:വീക്ഷാഗോപുരം ആദ്യമായി ഐസ്ലാൻഡിക്കിൽ പ്രസിദ്ധീകരിക്കുന്നു.
1962:റേക്യവിക്കിൽ ബ്രാഞ്ച് ഓഫീസ് സ്ഥാപിക്കുന്നു.
1975:വലുപ്പം കൂടിയ പുതിയ ബ്രാഞ്ച് ഓഫീസിന്റെ പണി പൂർത്തീകരിക്കുകയും അത് സമർപ്പിക്കുകയും ചെയ്യുന്നു.
1980
1992:ആശുപത്രി ഏകോപന സമിതി രൂപംകൊള്ളുന്നു.
1995:ജൂണിൽ, നാലു ദിവസംകൊണ്ട് രണ്ടു രാജ്യഹാളുകൾ പണിയുന്നു.
2000
2004:ഐസ്ലൻഡിലെ സജീവ പ്രസാധകരുടെ എണ്ണം 284 ആയിത്തീരുന്നു.
[ഗ്രാഫ്]
(പ്രസിദ്ധീകരണം കാണുക)
മൊത്തം പ്രസാധകർ
മൊത്തം പയനിയർമാർ
300
200
100
1940 1960 1980 2000
[209-ാം പേജിലെ മാപ്പുകൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ഐസ്ലൻഡ്
ഹൊസാവിക്
ഹൊലർ
ആക്കുറേറി
സേദിസ്ഫ്യോർദുർ
നെസ്കൊയിപ്സ്റ്റാദുർ
എസ്കിഫ്യൊർദുർ
സ്റ്റിഹ്കിഷോൽമർ
ബോർഗാർനെസ്
ഹൊബൻ
റേക്യവിക്
സ്കാൽഹോട്ട്
കെഫ്ലാവിക്
സെൽഫൊസ്
[202-ാം പേജിലെ ചിത്രം]
[207-ാം പേജിലെ ചിത്രം]
വലത്ത്: 1947-ൽ ഗേയോർഗ് എഫ്. ലിൻഡാൽ
[207-ാം പേജിലെ ചിത്രം]
താഴെ: 1930-കളുടെ ആരംഭത്തിൽ, ഒരു ഐസ്ലാൻഡിക് പോണിയുമായി ലിൻഡാൽ സഹോദരൻ
[212-ാം പേജിലെ ചിത്രം]
ഐസ്ലൻഡിലെ ആദ്യകാല മിഷനറിമാരിൽ ചിലർ, ഇടത്തുനിന്ന്: ഇങ്ഗ്വാഡ് യെൻസൻ, ഒലിവർ മക്ഡൊനാൾഡ്, ലിയോ ലാർസൻ
[220-ാം പേജിലെ ചിത്രം]
1962 മുതൽ 1968 വരെ ബ്രാഞ്ച് ഓഫീസ് പ്രവർത്തിച്ചിരുന്നത് ഈ കെട്ടിടത്തിലായിരുന്നു
[227-ാം പേജിലെ ചിത്രം]
1969-ൽ ഡെന്മാർക്കിലെ കോപ്പൻഹേഗനിൽ നടന്ന “ഭൂമിയിൽ സമാധാനം” അന്താരാഷ്ട്ര സമ്മേളനത്തിൽ, ഐസ്ലൻഡിൽനിന്ന് നൂറിലധികം പ്രസാധകർ പങ്കെടുത്തു
[235-ാം പേജിലെ ചിത്രം]
1993 ജനുവരിയിൽ ഇറിസും ചെൽ ഗിൽനാർഡും ആക്കുറേറിയിൽ
[238-ാം പേജിലെ ചിത്രം]
വലത്ത്: “സ്വാൽബാക്കർ” എന്ന മത്സ്യബന്ധന ബോട്ട്
[238-ാം പേജിലെ ചിത്രം]
താഴെ: ഫ്രിദ്രിക്കും ചെല്ലും
[241-ാം പേജിലെ ചിത്രം]
വലത്ത്: ഓഡ്നി ഹെൽഗാഡോട്ടിർ
[241-ാം പേജിലെ ചിത്രം]
താഴെ: ഗ്വെദ്റുൺ ഒലാഫ്സ്ഡോട്ടിർ
[243-ാം പേജിലെ ചിത്രം]
വലത്ത്: ആക്കുറേറിയിലെ രാജ്യഹാളും മിഷനറി ഭവനവും
[243-ാം പേജിലെ ചിത്രം]
താഴെ: ബ്യാഡ്നി യോൺസൺ, ബ്രാഞ്ച് കെട്ടിടത്തിനു മുമ്പിൽ
[249-ാം പേജിലെ ചിത്രം]
മുകളിൽ: 1995-ൽ നടന്ന സെൽഫൊസിലെ രാജ്യഹാൾ നിർമാണപ്രവർത്തനം
[249-ാം പേജിലെ ചിത്രം]
വലത്ത്: പണിപൂർത്തിയായ കെട്ടിടം
[253-ാം പേജിലെ ചിത്രം]
ഐസ്ലൻഡിലെ ബെഥേൽ കുടുംബം
[254-ാം പേജിലെ ചിത്രം]
ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ, ഇടത്തുനിന്ന്: ബ്യാഡ്നി യോൺസൺ, ഗ്വദ്മുൺഡുർ എച്ച്. ഗ്വദ്മുൺഡ്സ്സൺ, പോൾ എച്ച്. പിദെർസൻ, ബെർഗ്ദോർ എൻ. ബെർഗ്ത്തോർസൺ