ചോദ്യപ്പെട്ടി
◼ നാം ഏതു സഭയുടെ നിയമിത പ്രദേശത്താണോ താമസിക്കുന്നത് ആ സഭയോടൊപ്പം കൂടിവരുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെയാണ്?
സഭാ ക്രമീകരണത്തിലൂടെ, “സ്നേഹത്തിനും സൽപ്രവൃത്തികൾക്കും വേണ്ടി പരസ്പരം പ്രേരിപ്പിക്കുവാൻ” നമുക്കു പ്രോത്സാഹനം ലഭിക്കുന്നു. (എബ്രാ. 10:24, 25, ന്യൂ ഇന്ത്യാ ബൈബിൾ ഭാഷാന്തരം) സഭ മുഖാന്തരം നാം സത്യം പഠിക്കുകയും ശിഷ്യരെ ഉളവാക്കാനുള്ള നമ്മുടെ നിയോഗം നിറവേറ്റാൻ സജ്ജരാക്കപ്പെടുകയും ചെയ്യുന്നു. (മത്താ. 28:19, 20) പരിശോധനകളിൻ മധ്യേ വിശ്വസ്തതയോടെ സഹിച്ചുനിൽക്കാൻ നാം ശക്തീകരിക്കപ്പെടുന്നു. വർധിച്ചുവരുന്ന സമ്മർദങ്ങളെയും ഉത്കണ്ഠകളെയും വിജയകരമായി തരണം ചെയ്യാൻ നമ്മെ സഹായിക്കുന്ന സ്നേഹസമ്പന്നരായ മേൽവിചാരകന്മാരെയും നമുക്കു ലഭിച്ചിരിക്കുന്നു. നമ്മുടെ ആത്മീയ അതിജീവനത്തിനു സഭ കൂടിയേ തീരൂ എന്നു വ്യക്തം. എന്നിരുന്നാലും, നാം താമസിക്കുന്ന പ്രദേശം ഏതു സഭയുടേതാണോ ആ സഭയിൽത്തന്നെ കൂടിവരുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെയാണ്?
ഓരോരുത്തരുടെയും സാഹചര്യങ്ങൾ വ്യത്യസ്തമാണ്. ലൗകിക തൊഴിൽ, അവിശ്വാസിയായ ഇണ, യാത്രാസൗകര്യം എന്നിവ ഇക്കാര്യത്തിൽ നിർണായക ഘടകങ്ങൾ ആയിരുന്നേക്കാം. എങ്കിലും, താൻ താമസിക്കുന്ന പ്രദേശം ഏതു സഭയുടേതാണോ ആ സഭയിൽത്തന്നെ കൂടിവരുന്നതുകൊണ്ട് നിശ്ചയമായും ഒരു വ്യക്തിക്ക് ആത്മീയ നേട്ടങ്ങൾക്കു പുറമേ മറ്റുവിധത്തിലുള്ള പ്രയോജനങ്ങളുമുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ പ്രസാധകരുമായി പെട്ടെന്നുതന്നെ സമ്പർക്കം പുലർത്താൻ മൂപ്പന്മാർക്കു സാധിച്ചേക്കാം. മുൻ ലക്കങ്ങളിലെ ചോദ്യപ്പെട്ടികളിൽ മറ്റനേകം പ്രയോജനങ്ങൾ ചൂണ്ടിക്കാണിച്ചിരിക്കുന്നു.—1991 ജൂൺ, 1976 ഏപ്രിൽ (ഇംഗ്ലീഷ്), 1967 മാർച്ച് (ഇംഗ്ലീഷ്).
സാധാരണഗതിയിൽ, സമീപത്തുള്ള യോഗങ്ങളിൽ സംബന്ധിക്കുന്നതാണു സൗകര്യപ്രദം. നേരത്തേ എത്തിച്ചേരാനും മറ്റുള്ളവരുമായി സംസാരിക്കാനും ആവശ്യമായ മറ്റു കാര്യങ്ങൾക്കു ശ്രദ്ധനൽകാനും പ്രാരംഭ ഗീതത്തിലും പ്രാർഥനയിലും പങ്കുചേരാനും ഇതുമൂലം സാധിക്കും. പുതിയ താത്പര്യക്കാർ നമ്മുടെ ചുറ്റുവട്ടത്തുതന്നെ ആയിരിക്കുമ്പോൾ, അവരെ സന്ദർശിക്കാനും ബൈബിൾ അധ്യയനങ്ങൾ നടത്താനും നമുക്കു താരതമ്യേന എളുപ്പമായിരിക്കും. തന്നെയുമല്ല, ഏറ്റവും അടുത്തുള്ള യോഗത്തിനുതന്നെ അവരെ കൂട്ടിക്കൊണ്ടു പോകുകയും ചെയ്യാം.
തങ്ങളുടെ കുടുംബത്തിന്റെ ആത്മീയവും ഭൗതികവുമായ ക്ഷേമത്തിന് ഉത്തമമായിരിക്കുന്നത് എന്തെന്നു നിർണയിക്കാൻ, ഉൾപ്പെട്ടിരിക്കുന്ന ഘടകങ്ങളെല്ലാം സശ്രദ്ധം തൂക്കിനോക്കിക്കൊണ്ട്, കുടുംബനാഥന്മാർ ഈ വിഷയം പ്രാർഥനാപൂർവം പരിചിന്തിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.—1 തിമൊ. 5:8.