മലാവി
ആഫ്രിക്കയുടെ ഊഷ്മളമായ ഹൃദയഭാഗത്തേക്കു സ്വാഗതം! വശ്യമായ കാലാവസ്ഥയുള്ള, സ്നേഹശീലരായ ആളുകൾ അധിവസിക്കുന്ന മലാവി വാസ്തവത്തിൽ ആകർഷകമായ ഒട്ടേറെ സംഗതികളുള്ള ഹൃദ്യമായ ഒരു രാജ്യമാണ്. അവിടെ പലർക്കും വിശേഷാൽ ആകർഷകമായിരിക്കുന്നത് യഹോവയാം ദൈവത്തിന്റെ 40,000-ത്തിലധികം വരുന്ന സാക്ഷികൾ ഘോഷിക്കുന്ന ബൈബിൾ സത്യത്തിന്റെ ഊഷ്മള സന്ദേശമാണ്.
എന്നാൽ, ഈ എളിയ ദൈവദാസർക്കു കടുത്ത പീഡനം സഹിക്കേണ്ടിവന്നത് ഏറെക്കാലം മുമ്പൊന്നുമല്ല. ഊഷ്മള സൗഹൃദഭാവം കാണിക്കുന്നതിനു പകരം അയൽക്കാർ അവരോടു ചെയ്ത കൊടുംക്രൂരതകൾ, യഹൂദന്മാർക്ക് എതിരെ നടന്ന ആസൂത്രിത കൂട്ടക്കൊലയെയും മധ്യയുഗങ്ങളിലെ മതവിചാരണയെയും അനുസ്മരിപ്പിക്കുന്നതാണ്. അവർ അനുഭവിച്ച കഷ്ടതകളും അവ സഹിച്ചുനിന്ന വിധവും സംബന്ധിച്ച ചരിത്രം, പീഡനത്തിൻ മധ്യേയുള്ള ദൃഢവിശ്വസ്തതയുടെ വിശിഷ്ടോദാഹരണം ആണ്. ആ കഥയിലേക്കു കടക്കുന്നതിനു മുമ്പ്, മലാവിയെ കുറിച്ച് ഏതാനും കാര്യങ്ങൾ പരിചിന്തിക്കാം.
മലാവിയുടെ ഒരു വീക്ഷണം
മലാവി വളരെ ചെറിയ ഒരു രാജ്യമാണെങ്കിലും, അവിടെ മനോഹരവും വൈവിധ്യമാർന്നതുമായ പർവതങ്ങളും നദികളും തടാകങ്ങളും ഉണ്ട്. രാജ്യത്തിന്റെ തെക്കുള്ള മലാൻയി പർവതം പ്രത്യേകാൽ ഗംഭീരമാണ്. താഴ്വരകളിലെ ഹരിതാഭമായ തേയിലത്തോട്ടങ്ങൾക്കു നടുവിൽ പ്രൗഢിയോടെ തല ഉയർത്തിനിൽക്കുന്ന, സമുദ്രനിരപ്പിൽനിന്ന് 3,002 മീറ്റർ ഉയരമുള്ള, ഇത് ഈ ആഫ്രിക്കൻ മേഖലയിലെ ഏറ്റവും ഉയരമുള്ള പർവതമാണ്. എന്നാൽ, ഒരുപക്ഷേ ഏറ്റവും അറിയപ്പെടുന്ന ആകർഷക സ്ഥാനം 580 കിലോമീറ്റർ നീളമുള്ള മലാവി തടാകമാണ്. പ്രസിദ്ധ പര്യവേക്ഷകനായ ഡേവിഡ് ലിവിങ്സ്റ്റൺ അതിനെ “നക്ഷത്രത്തടാകം” എന്നു വിളിച്ചത്, സൂര്യകിരണങ്ങളേറ്റു മിന്നിത്തിളങ്ങുന്ന അതിന്റെ ഉപരിതലത്തിന്റെ പ്രത്യേകതകൊണ്ടായിരുന്നു. നൂറു കണക്കിനു വ്യത്യസ്ത ഇനം മത്സ്യങ്ങളെ ഈ തടാകത്തിൽ കാണാം. ലോകത്തിലെ മറ്റേതൊരു ശുദ്ധജല തടാകത്തിൽ ഉള്ളതിനെക്കാളും മത്സ്യയിനങ്ങൾ ഇതിലുണ്ടെന്നു പറയപ്പെടുന്നു.
മലാവിയിലെ 11 ദശലക്ഷം വരുന്ന നിവാസികളുടെ സൗഹൃദഭാവം ഹൃദ്യമാണ്. അവർ വിശാലമായി പുഞ്ചിരി തൂകുകയും സഹായിക്കാനുള്ള മനസ്സൊരുക്കം കാണിക്കുകയും ചെയ്യുന്നു. ദൈവവചനത്തോടുള്ള പ്രിയവും പ്രകടമാണ്. ബൈബിൾ, മലാവിയിലെ പ്രധാന ഭാഷകളായ ചിച്ചെവ, യാവു, തൂമ്പൂക്ക എന്നിവയിൽ നൂറുകണക്കിനു വർഷങ്ങളായി ലഭ്യമാണ്. മിക്കവാറും എല്ലാ വീടുകളിലും ബൈബിളിന്റെ ഒരു പ്രതി ഉണ്ട്. പലരും അതു പതിവായി വായിക്കുന്നുമുണ്ട്. മലാവിക്കാർ മിക്കവരും ഭൗതികമായി ദരിദ്രരാണ്. എങ്കിലും, യഹോവയുടെ സാക്ഷികൾ നൽകുന്ന സഹായം സ്വീകരിക്കുകവഴി അവരിൽ ചിലർ തങ്ങളുടെ ബൈബിളിന്റെ പേജുകളിലെ വലിയ ആത്മീയ സമ്പത്തു കണ്ടെത്തിയിരിക്കുന്നു.
മലാവിയിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിന്റെ തുടക്കം ഈ നൂറ്റാണ്ടിന്റെ ആദ്യ ഘട്ടത്തിലായിരുന്നു. വളരെ സവിശേഷമായ ഒരു വിധത്തിലാണ് സാക്ഷികളുടെ പ്രവർത്തനം മലാവിയിൽ തുടങ്ങിയത്.
‘പുല്ലിന് കാട്ടുതീ പിടിച്ചതു പോലെ’
മലാവിയിലെ നമ്മുടെ കഥ തുടങ്ങുന്നത് ജോസഫ് ബൂത്ത് എന്ന വ്യക്തിയിലാണ്. രസികനും വിവാദപുരുഷനും ആയിരുന്നു അദ്ദേഹം. വാച്ച് ടവർ സൊസൈറ്റിയുടെ ചില പ്രസിദ്ധീകരണങ്ങൾ വായിച്ചതു മൂലമുണ്ടായ അത്യുത്സാഹത്തോടെ അദ്ദേഹം 1906-ൽ സി. റ്റി. റസ്സലിനെ കണ്ടു. തെക്കൻ ആഫ്രിക്കയിൽ വാച്ച് ടവർ സൊസൈറ്റിയുടെ ഒരു പ്രതിനിധി ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യം അദ്ദേഹം റസ്സൽ സഹോദരനെ ബോധ്യപ്പെടുത്തി. അക്കാലത്ത് നിയാസലാൻഡ് എന്നു വിളിക്കപ്പെട്ടിരുന്ന മലാവിയിൽ ജോസഫ് ബൂത്ത് മുമ്പു പ്രവർത്തിച്ചിരുന്നതിനാൽ, മൂല്യവത്തായ സേവനം അദ്ദേഹം അവിടെ ചെയ്തേക്കുമെന്നു തോന്നി. എന്നാൽ അവിടെ അദ്ദേഹത്തിന് ഉണ്ടായിരുന്ന ദുഷ്പേരിനെക്കുറിച്ച് റസ്സൽ സഹോദരൻ അറിഞ്ഞതുമില്ല. പിൽക്കാലത്ത് ഒരു എഴുത്തുകാരൻ വിവരിച്ചതുപോലെ, “മത മുതലെടുപ്പുകാരൻ” എന്ന് അദ്ദേഹം അറിയപ്പെട്ടിരുന്നു. സ്വന്തം കാര്യസാധ്യത്തിനായി ക്രൈസ്തവലോകത്തിലെ ഓരോ മതവിഭാഗങ്ങളെയും അദ്ദേഹം മാറിമാറി ഉപയോഗിച്ചിരുന്നു. തത്ഫലമായി, പ്രാദേശിക അധികാരികളുടെ കടുത്ത അപ്രീതിക്കു പാത്രമായ ബൂത്തിന് മലാവിയിൽ മേലാൽ ചെല്ലാൻ കഴിയാത്ത അവസ്ഥ പോലും ഉണ്ടായി. അനുഭവ സമ്പന്നനായ ഈ “മുതലെടുപ്പുകാരൻ” ഒരിക്കൽ കൂടി മറ്റൊരു മതത്തിന്റെ തേരിലേറി!
തനിക്കു മലാവിയിൽ നേരിട്ടു പോകാനാവില്ലെന്നു മനസ്സിലാക്കിയ ബൂത്ത്, ആദ്യം ദക്ഷിണാഫ്രിക്കയിൽ ഒരു താവളം സ്ഥാപിച്ചു. മലാവിയിൽ നിന്നുള്ള ഒരു പഴയ പരിചയക്കാരനായ ഇലിയട്ട് കാംവാനയെ അദ്ദേഹം അവിടെവെച്ചു കണ്ടുമുട്ടി. താമസിയാതെ, സ്വന്ത രാജ്യത്തേക്കു മടങ്ങാൻ ബൂത്ത് ആ യുവാവിനോട് നിർദേശിച്ചു. അങ്ങനെ, 1908-ൽ മലാവിയിൽ എത്തിച്ചേർന്ന ഇലിയട്ട് കാംവാന ഒരു പരസ്യ മതപ്രസംഗ പരിപാടി ആരംഭിച്ചു. അവ്യവസ്ഥിതമായിട്ടാണ് എങ്കിലും അതിന് അടിസ്ഥാനമായി അദ്ദേഹം ഉപയോഗിച്ചത് വാച്ച് ടവർ സൊസൈറ്റിയുടെ ചില പ്രസിദ്ധീകരണങ്ങൾ ആയിരുന്നു. ഏതാനും വർഷങ്ങൾക്കു മുമ്പ് ഒരു വിശ്വസ്ത മൂപ്പനായി മരിച്ച മക്കോഫി ങ്ഗുലു ആദ്യം സത്യവുമായി സമ്പർക്കത്തിൽ വരുന്നത് അക്കാലത്താണ്. ‘പുല്ലിന് കാട്ടുതീ പിടിച്ചതു’ പോലെ എന്നാണ് അദ്ദേഹം കാംവാനയുടെ മതപ്രസംഗ പരിപാടിയെ കുറിച്ചു പറഞ്ഞത്. ശ്രദ്ധേയമായ പരസ്യ സ്നാപനങ്ങളോടെ കാംവാന നടത്തിയ മതപ്രസംഗ പരിപാടിയുടെ ഫലങ്ങൾ കാട്ടുതീ പോലെയാണു മലാവിയിലെങ്ങും വ്യാപിച്ചത്. ആയിരങ്ങൾ അതിനോടു പ്രതികരിച്ചു. അങ്ങനെ അനേകം “സഭകൾ” സ്ഥാപിതമായി.
എന്നാൽ, ബൂത്തോ കാംവാനയോ ഒരിക്കലും ‘മഹാ ബാബിലോനെ’ വിട്ടുപോന്നിരുന്നില്ല. (വെളി. 17:5, NW; 18:4) വാസ്തവത്തിൽ രാഷ്ട്രീയ പ്രേരിതമായിരുന്നു അവരുടെ ലക്ഷ്യങ്ങൾ. ഇലിയട്ട് കാംവാനയുടെ സംശയാസ്പദമായ മതപ്രസംഗ രീതികൾ മലാവി ഗവൺമെന്റ് അധികാരികളുടെ അപ്രീതികരമായ ശ്രദ്ധ ആകർഷിക്കാൻ അധികകാലം വേണ്ടിവന്നില്ല. താമസിയാതെ, അദ്ദേഹത്തെ സെയ്ഷെൽസിലേക്കു നാടുകടത്തി. ജോസഫ് ബൂത്താകട്ടെ, 1910 ആയപ്പോഴേക്കും വാച്ച് ടവർ സൊസൈറ്റി വിട്ടു മറ്റൊരു മതത്തിലേക്കു ചേക്കേറിക്കഴിഞ്ഞിരുന്നു. ദുഃഖകരമായ സംഗതി, ഇവർ ഇരുവരും ഗുണത്തേക്കാളേറെ ദോഷം വരുത്തിവെച്ചു എന്നതാണ്. എങ്കിലും, ആശ്വാസകരമായ ഒരു കാര്യം ബൈബിൾ സത്യം അടങ്ങിയ ധാരാളം പ്രസിദ്ധീകരണങ്ങൾ രാജ്യത്തെമ്പാടും വിതരണം ചെയ്യപ്പെട്ടു എന്നതാണ്. അടുത്ത ഏതാനും വർഷങ്ങളിൽ, മക്കോഫി ങ്ഗുലുവിനെ പോലുള്ള ആത്മാർഥ ഹൃദയർ തങ്ങൾ വായിച്ച കാര്യങ്ങളോട് അനുകൂലമായി പ്രതികരിച്ചു.
“വാച്ച് ടവർ പ്രസ്ഥാനങ്ങൾ” ആശയക്കുഴപ്പം സൃഷ്ടിക്കുന്നു
മലാവിയിലെ അതൃപ്തികരമായ ഈ തുടക്കത്തിനു ശേഷം, സ്ഥിതിഗതികളെക്കുറിച്ച് അന്വേഷിക്കാൻ സ്കോട്ട്ലൻഡിലെ ഗ്ലാസ്ക്കോയിൽനിന്ന് വില്യം ജോൺസ്റ്റൺ എന്ന യോഗ്യതയുള്ള ഒരു സഹോദരനെ സൊസൈറ്റി അവിടേക്ക് അയച്ചു. സഭകൾ എന്നു വിളിക്കപ്പെടുന്ന പല കൂട്ടങ്ങൾ സ്ഥാപിതമായിരുന്നു എങ്കിലും, അവയിൽ ഉള്ളവർക്കു ബൈബിൾ സത്യത്തെ കുറിച്ചുള്ള ഗ്രാഹ്യം തുച്ഛമാണെന്ന് അദ്ദേഹം കണ്ടെത്തി. എങ്കിലും, ആത്മാർഥതയുള്ള ചില സത്യാന്വേഷികൾ ഉണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയിലേക്കു പോകുന്നതിനു മുമ്പ്, ജോൺസ്റ്റൺ അവരിൽനിന്നു ചില തദ്ദേശീയരെ തിരഞ്ഞെടുത്തു നേതൃത്വം വഹിക്കുന്നതിനുള്ള പരിശീലനം നൽകി. പിന്നീട്, മലാവിയിലെ വേലയ്ക്കു കൂടുതലായ ശ്രദ്ധ കൊടുത്തതു വളരെക്കാലം കഴിഞ്ഞാണ്. അതിനിടെ ഭയങ്കരമായ ആശയക്കുഴപ്പം ഉടലെടുത്തു. ഇത്, അന്നു ബൈബിൾ വിദ്യാർഥികൾ എന്ന് അറിയപ്പെട്ടിരുന്ന യഹോവയുടെ സാക്ഷികൾക്കു കഷ്ടതകൾ വരുത്തിവെക്കുകയും അവരുടെ ദൃഢവിശ്വസ്തതയെ പരിശോധിക്കുകയും ചെയ്തു.
ഇലിയട്ട് കാംവാനയുടെ ആവേശ്വോജ്ജ്വല രീതി അനുകരിച്ച് ഉണ്ടായ പല പ്രസ്ഥാനങ്ങളും കുറെ ബൈബിൾ സത്യത്തെ വ്യാജ ഉപദേശങ്ങളുമായും തിരുവെഴുത്തു വിരുദ്ധ ആചാരങ്ങളുമായും കൂട്ടിക്കലർത്തുകയാണു ചെയ്തത്. അത്തരം പ്രസ്ഥാനങ്ങൾ ഒരു പരിധിവരെ വാച്ച് ടവർ പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ചിരുന്നതിനാൽ, അവയുടെ പേരിന്റെ ഭാഗമായി പലപ്പോഴും വാച്ച് ടവർ എന്നു ചേർത്തിരുന്നു. രാജ്യത്ത് ഉണ്ടായിരുന്ന ഏതാനും വരുന്ന യഥാർഥ സഹോദരങ്ങൾക്ക് അതു പ്രശ്നങ്ങൾ സൃഷ്ടിച്ചു. ശരിയായ മേൽവിചാരണയും ആവശ്യമായ ആത്മീയ ആഹാരവും ഇല്ലാതിരുന്നിട്ടും, ഈ യഥാർഥ സഹോദരങ്ങളുടെ പ്രവർത്തനം പാടേ നിലച്ചുപോയില്ല എന്നതു ശ്രദ്ധേയമാണ്. അപ്പോഴും, കൂടിവരുകയും മറ്റുള്ളവരോടു സാക്ഷീകരിക്കുകയും ചെയ്യുന്നതിൽ അവർ തുടർന്നു. യേശുക്രിസ്തുവിന്റെ കാലടികൾ പിന്തുടരാനും അവർ ശ്രമിച്ചു.—1 പത്രൊ. 2:21.
ഈ സ്ഥിതിവിശേഷം മുതലെടുത്തുകൊണ്ട് പ്രാദേശിക മത അധികാരികൾ, വാച്ച് ടവർ എന്ന പേര് വ്യാജമായി സ്വീകരിച്ചിരുന്ന പ്രസ്ഥാനങ്ങളുമായി ബൈബിൾ വിദ്യാർഥികളെ ബന്ധപ്പെടുത്തി അവരെക്കുറിച്ച് ദുഷി പറഞ്ഞു. എന്നാൽ, കാലക്രമത്തിൽ ഈ പ്രാദേശിക മതവിഭാഗങ്ങളും നമ്മുടെ സഹോദരങ്ങളും തമ്മിലുള്ള അന്തരം വ്യക്തമായിത്തീർന്നു. ക്രൈസ്തവലോക വൈദികരിൽനിന്ന് അസ്വസ്ഥജനകമായ റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്ന്, ചീഫ് പൊലീസ് കമ്മീഷണർ 1920-കളുടെ തുടക്കത്തിൽ ഒരു അന്വേഷണം നടത്തുകയുണ്ടായി. അദ്ദേഹം വേഷപ്രച്ഛന്നനായി ബൈബിൾ വിദ്യാർഥികളുടെ പല യോഗങ്ങളിലും സംബന്ധിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം എന്തായിരുന്നു? അവരെക്കുറിച്ചു പരത്തുന്ന ദുഷ്ടമായ നുണകളിൽ അദ്ദേഹത്തിന് അവജ്ഞ തോന്നി. എങ്കിലും, ഈ വ്യാജ “വാച്ച് ടവർ പ്രസ്ഥാനങ്ങൾ” വരുത്തിവെച്ച ആശയക്കുഴപ്പം വർഷങ്ങളോളം നിലനിന്നു.
വേല സംഘടിപ്പിക്കൽ
1925-ൽ സൊസൈറ്റി ഒരിക്കൽക്കൂടി മലാവിയിലേക്കു ശ്രദ്ധ തിരിച്ചു. ജോൺ ഹഡ്സൺ സഭകൾ സന്ദർശിച്ച് പ്രസംഗങ്ങൾ നടത്തിക്കൊണ്ട് 15 മാസം അവിടെ ചെലവഴിച്ചു. “വിശ്വസ്തനും വിവേകിയുമായ അടിമ” ഉപയോഗിക്കുന്ന വാച്ച് ടവർ സൊസൈറ്റിയുമായി ബന്ധം പുലർത്തുകയും അതിന്റെ മാർഗനിർദേശവും വഴിനടത്തിപ്പും സ്വീകരിക്കുകയും ചെയ്യുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ സഹോദരങ്ങളെ സഹായിക്കുന്നതിന് അദ്ദേഹം യത്നിച്ചു.—മത്താ. 24:45-47, NW.
ഹഡ്സൺ സഹോദരന്റെ സന്ദർശനത്തിൽനിന്നു പ്രയോജനം അനുഭവിച്ച ഒരാളാണ് ങ്ചെയൂവിൽ നിന്നുള്ള ഗ്രെഷം. ഹഡ്സൺ സഹോദരൻ മലാവിയിലേക്കു പോയ അതേ വർഷമാണ് ഗ്രെഷം സ്നാപനമേറ്റത്. താമസിയാതെ, ഗുരുതരമായ ഒരു പരിശോധന അദ്ദേഹത്തിനു നേരിടേണ്ടി വന്നു. അദ്ദേഹത്തിന്റെ മുൻ സഭയിലെ പുരോഹിതന്മാരുടെ പ്രേരണയാൽ, വിധ്വംസക ഉപദേശങ്ങൾ പ്രചരിപ്പിച്ചുവെന്ന് അദ്ദേഹത്തിനെതിരെ ആരോപണം ഉയർന്നു. തത്ഫലമായി, അദ്ദേഹത്തെ കസ്റ്റഡിയിൽ വെക്കുകയുണ്ടായി. അദ്ദേഹം എന്തു ചെയ്യുമായിരുന്നു? ഭയം മൂലം വിശ്വാസം ത്യജിക്കുമായിരുന്നോ? പ്രവിശ്യാ അധികാരികൾ നടത്തിയ അന്വേഷണത്തെ തുടർന്ന് ഒരു മാസത്തിനു ശേഷം ക്വാസിസിറ സഹോദരനെ ആരോപണ വിമുക്തനാക്കി വിട്ടയച്ചു. എന്നിരുന്നാലും, യഹോവയോടും അവന്റെ സംഘടനയോടും വിശ്വസ്തത പാലിക്കാൻ അദ്ദേഹം ദൃഢനിശ്ചയം ചെയ്തിരുന്നു എന്നതാണ് അതിനെക്കാളൊക്കെ പ്രധാനമായ സംഗതി. അത്തരം മനോഭാവം പ്രകടമാക്കിയ വ്യക്തികളെ യഹോവയ്ക്ക് ഉപയോഗിക്കാൻ കഴിയുമായിരുന്നു. മൊസാമ്പിക്കിൽ കുറെ കാലം പ്രവർത്തിച്ച ശേഷം, മലാവിയിൽ രാജ്യസന്ദേശം വ്യാപിപ്പിക്കുന്നതിനോടും അവിടുത്തെ സഭകളെ കെട്ടുപണി ചെയ്യുന്നതിനോടും ബന്ധപ്പെട്ട് ക്വാസിസിറ സഹോദരനു പല പദവികളും ലഭിച്ചു. (1972 നവംബർ 1 ലക്കം വീക്ഷാഗോപുരം [ഇംഗ്ലീഷ്] കാണുക.)
ഹഡ്സൺ സഹോദരന്റെ സന്ദർശനത്തിൽനിന്ന് മക്കോഫി ങ്ഗുലുവിനും ജൂനിയർ പിറിക്കും യഥാർഥ പ്രോത്സാഹനം ലഭിച്ചു. പിന്നീട് ദക്ഷിണാഫ്രിക്കയിലേക്കു താമസം മാറ്റിയ അവർ ഇരുവരും അനേക വർഷങ്ങൾ വിശ്വസ്തരായി സേവനം അനുഷ്ഠിച്ചു. ജോൺ ഹഡ്സൺ സഹോദരനുമായുള്ള സഹവാസത്തിൽനിന്നു റിച്ചാർഡ് കാളിൻഡെയും സമാനമായി പ്രയോജനം നേടി. രാജ്യം വിടുന്നതിനു മുമ്പ്, കൂടുതൽ സഹായം ലഭിക്കുന്നതുവരെ സുവാർത്താ പ്രസംഗവേലയ്ക്കു നേതൃത്വം കൊടുക്കാനുള്ള ചുമതല ഹഡ്സൺ സഹോദരൻ റിച്ചാർഡ് കാളിൻഡെയെ ഏൽപ്പിച്ചു.
എന്നാൽ, ഹഡ്സൺ സഹോദരന്റെ സന്ദർശനത്തിൽ എല്ലാവരുമൊന്നും സന്തോഷിച്ചില്ല. ങ്ഗുലു സഹോദരൻ അത്തരക്കാരുടെ പ്രതികരണങ്ങളെ കുറിച്ചു വിവരിക്കുകയുണ്ടായി. “കേപ് ടൗണിൽ നിന്നുള്ളവരുടെ ഉപദേശങ്ങൾ ഞങ്ങൾക്കു സ്വീകാര്യമല്ല,” അവർ പറഞ്ഞു. “ഞങ്ങൾക്കു ശരിയെന്നു തോന്നുന്നതു ഞങ്ങൾ ചെയ്യും.” സൊസൈറ്റിയുടെ മാർഗനിർദേശം സ്വീകരിക്കാൻ കൂട്ടാക്കാഞ്ഞ അവർ തങ്ങളുടെ സ്വന്തം “വാച്ച് ടവർ പ്രസ്ഥാനങ്ങൾ” രൂപീകരിച്ചു. നേരെമറിച്ച്, യഥാർഥ സത്യാന്വേഷികൾ വളരെ താഴ്മയുള്ള ഒരു മനോഭാവം പ്രകടമാക്കി. അവർ ദക്ഷിണാഫ്രിക്കയിലുള്ള സൊസൈറ്റിയുടെ ഓഫീസുമായി ബന്ധം പുലർത്തുകയും ആ സരണിയിലൂടെ ലഭിച്ച പ്രബോധനത്തോടും മാർഗനിർദേശത്തോടും വിലമതിപ്പു പ്രകടമാക്കുകയും ചെയ്തു. യഥാർഥ താത്പര്യക്കാരുടെ ഈ ചെറിയ കൂട്ടത്തിനു കൂടുതൽ സഹായം ആവശ്യമാണെന്ന് അവിടുത്തെ ബ്രാഞ്ചിനു ബോധ്യമായി.
രാജ്യത്ത് ഒരു സ്ഥിരം പ്രതിനിധി
മലാവിയിലെ യഹോവയുടെ സാക്ഷികളുടെ ചരിത്രത്തിൽ വളരെ ആവേശകരമായ ഒരു സംഗതി 1933-ൽ ഉണ്ടായി. ആ വർഷമാണ്, വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റിക്ക് രാജ്യത്ത് ഒരു സ്ഥിരം പ്രതിനിധി ഉണ്ടായിരിക്കാനുള്ള അപേക്ഷ സമർപ്പിച്ചത്. “അത്തരമൊരു നീക്കത്തെ സ്വാഗതം” ചെയ്യുന്നുവെന്നു പറഞ്ഞ ഗവർണർ പ്രസ്തുത അപേക്ഷ അംഗീകരിച്ചു. ഒടുവിൽ, കുറേക്കൂടി സ്ഥിരമായ അടിസ്ഥാനത്തിൽ മലാവിയിൽ സുവാർത്ത പ്രസംഗിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്താൻ കഴിഞ്ഞു. തദനുസരണം, ദക്ഷിണാഫ്രിക്കയിലെ ബ്രാഞ്ചിന്റെ നേതൃത്വത്തിൻ കീഴിൽ ഒരു ഓഫീസ് ഉൾപ്പെടെ ഒരു സാഹിത്യ ഡിപ്പോ 1934 മേയിൽ സ്ഥാപിക്കുകയുണ്ടായി. ബെർട്ട് മക്ലക്കി ആയിരുന്നു വേലയുടെ മേൽനോട്ടം വഹിച്ചത്.
1930-ൽ സ്നാപനമേറ്റ മക്ലക്കി സഹോദരൻ അപ്പോഴും സത്യത്തിൽ ശരിക്കും പുതിയ ആളായിരുന്നു. മഡഗാസ്കറിലെയും മൗറീഷ്യസിലെയും അദ്ദേഹത്തിന്റെ മുൻ നിയമനങ്ങളിൽ വളരെ ഫലപ്രദനായ ഒരു പയനിയറാണു താനെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. മലാവിയിൽ എത്തിയ അദ്ദേഹത്തിന്, രാജ്യത്തിനു തെക്ക്, തലസ്ഥാനമായ സോംബയിൽ രണ്ടു മുറികളുള്ള ഒരു കെട്ടിടം താമസത്തിനായി ലഭിച്ചു. ഒരു മുറി സാഹിത്യ ഡിപ്പോയും ഓഫീസുമായി അദ്ദേഹം ഉപയോഗിച്ചു, മറ്റേ മുറി ഉറങ്ങാനും. അന്ന് അവിവാഹിതനായിരുന്ന മക്ലക്കി സഹോദരൻ, “മുമ്പെന്നത്തെക്കാളും ഉത്തരവാദിത്വം കൈവരുത്തുന്ന” ഏകാന്തമായ ഒന്ന് എന്നു പുതിയ നിയമനത്തെ വിശേഷിപ്പിച്ചു.
അദ്ദേഹത്തിന്റെ അടുത്ത സഹകാരി ആയിത്തീർന്ന റിച്ചാർഡ് കാളിൻഡെ അദ്ദേഹത്തിനു വലിയൊരു സഹായമായിത്തീർന്നു. വ്യാജ “വാച്ച് ടവർ പ്രസ്ഥാനങ്ങൾ” നിമിത്തം സഹോദരങ്ങളുടെ ഇടയിൽ ഉണ്ടായ ആശയക്കുഴപ്പം ഇല്ലാതാക്കുക എന്നതായിരുന്നു പ്രഥമ ദൗത്യം. പ്രതീക്ഷിച്ചതുപോലെ, അത്ര പ്രയാസകരം ആയിരുന്നില്ല ഇത്. ഒരു സംഗതി, പ്രാദേശിക മതവിഭാഗങ്ങൾക്കു യഥാർഥ വാച്ച് ടവർ സൊസൈറ്റിയുമായി യാതൊരു ബന്ധവുമില്ലെന്ന് അധികാരികളിൽ മിക്കവരും തിരിച്ചറിഞ്ഞു. രാജ്യത്തെ സ്ഥിതിവിശേഷം എങ്ങനെ കൈകാര്യം ചെയ്യണമെന്നതു സംബന്ധിച്ച് ദക്ഷിണാഫ്രിക്കയിലെ ഓഫീസ് ബെർട്ട് മക്ലക്കിക്കു വ്യക്തമായ നിർദേശങ്ങൾ നൽകിയിരുന്നു. ആ നിർദേശങ്ങൾ പിൻപറ്റിക്കൊണ്ട് അദ്ദേഹം, മലാവിയിലെങ്ങുമുള്ള കൂട്ടങ്ങളെ ഒന്നൊന്നായി സന്ദർശിച്ചു. കാളിൻഡെ സഹോദരൻ അദ്ദേഹത്തിന്റെ പരിഭാഷകനായി വർത്തിക്കുകയും ചെയ്തു. വ്യാജ വാച്ച് ടവർ പ്രസ്ഥാനങ്ങളിൽ നിന്നും അവരുടെ നേതാക്കന്മാരിൽ നിന്നും വിട്ടുനിൽക്കാൻ സഭകളിൽ നടത്തിയ അത്തരം സന്ദർശനങ്ങൾ പലരെയും സഹായിച്ചു.
യഹോവയുടെ അനുഗ്രഹം വ്യക്തമായിരുന്നു. ഒടുവിൽ കെട്ടുറപ്പുള്ള ഒരു ദിവ്യാധിപത്യ സംഘടന സ്ഥാപിതമാകുകയായിരുന്നു. ആദ്യമായി വയൽസേവന റിപ്പോർട്ടുകൾ സമാഹരിക്കപ്പെട്ടു. ആ റിപ്പോർട്ടുകൾ അനുസരിച്ച്, 1934-ൽ ശരാശരി 28 പ്രസാധകർ ഉണ്ടായിരുന്നു.
സോംബ ഡിപ്പോയിലെ പുതിയ നിയമനം
ബെർട്ട് മക്ലക്കി ഒരു വർഷത്തോളം മലാവിയിൽ പ്രവർത്തിച്ചു കഴിഞ്ഞപ്പോൾ, അദ്ദേഹത്തെ ദക്ഷിണാഫ്രിക്കയിലേക്കു മടക്കി വിളിച്ചു. തുടർന്ന് 60 വർഷത്തിലധികം തെക്കൻ ആഫ്രിക്കയുടെ മറ്റു പ്രദേശങ്ങളിൽ യഹോവയുടെ സേവനത്തിൽ വിശ്വസ്തമായി പ്രവർത്തിച്ച അദ്ദേഹം 1995-ലാണ് നിര്യാതനായത്. മലാവിയിലെ അദ്ദേഹത്തിന്റെ പ്രവർത്തനം മക്ലക്കി കുടുംബത്തിലെ മറ്റൊരു അംഗം, അദ്ദേഹത്തിന്റെ സഹോദരനായ ബിൽ, ഏറ്റെടുത്തു.
സ്നാപനം ഏറ്റിട്ടില്ലായിരുന്നെങ്കിലും, ബിൽ മക്ലക്കി അതിനു മുമ്പ് ദക്ഷിണാഫ്രിക്കയിൽ പയനിയറിങ് നടത്തുക ആയിരുന്നു. ദക്ഷിണാഫ്രിക്കയിലെ ബ്രാഞ്ച് ദാസനായ ജോർജ് ഫിലിപ്സ്, മലാവിയിലെ നിയമനം ഏറ്റെടുക്കാൻ താത്പര്യമുണ്ടോ എന്നു ബില്ലിനോടു ചോദിച്ചു. അതു സ്വീകരിച്ചപ്പോൾ അദ്ദേഹത്തോട് ഇങ്ങനെയാണു പറഞ്ഞത്: “എന്നാൽ, താങ്കൾ ആദ്യം സ്നാപനം ഏൽക്കേണ്ടതുണ്ട്.” സ്നാപനമേറ്റ ബിൽ 1935 മാർച്ചിൽ സോംബ ഡിപ്പോയിൽ എത്തി. അന്ന് അദ്ദേഹത്തിന് 26 വയസ്സുണ്ടായിരുന്നു. 1972-ൽ രാജ്യത്തുനിന്നു പുറത്താക്കപ്പെടുന്നതു വരെ മലാവിയിലെ പ്രതികൂല അവസ്ഥകളിൽ ഈ വിശ്വസ്ത സഹോദരൻ തന്റെ ദൃഢവിശ്വസ്തത തെളിയിച്ചു.
ആ ആദിമ നാളുകൾ എങ്ങനെയുള്ളത് ആയിരുന്നു? സോംബയിലുള്ള ഡിപ്പോയിലെ തിങ്ങിഞെരുങ്ങിയ അവസ്ഥ ബിൽ മക്ലക്കിക്ക് ഇപ്പോഴും ഓർമയിലുണ്ട്. കുടുംബത്തോടൊപ്പം ദക്ഷിണാഫ്രിക്കയിൽ കഴിയുന്ന, 1998-ൽ 89 വയസ്സായ, അദ്ദേഹം ഇങ്ങനെ പറഞ്ഞു: “കിടപ്പുമുറിക്ക് നാല് അടി ആറ് ഇഞ്ച് വീതിയേ ഉണ്ടായിരുന്നുള്ളൂ. വീർപ്പു മുട്ടുന്ന അവസ്ഥ ആയതിനാൽ ഞാൻ ജനാലകൾ തുറന്നിടുമായിരുന്നു. ഒരിക്കൽ രാത്രിയിൽ ഒരു പൊലീസുകാരൻ തല അകത്തേക്ക് ഇട്ടുകൊണ്ടു പറഞ്ഞു: ‘ബ്വാന [സർ], ജാലകം അടയ്ക്കുന്നതാണു നല്ലത്. രാത്രിയിൽ ഈ നിരത്തുകളിലൂടെ പുള്ളിപ്പുലികൾ ഇറങ്ങി നടക്കാറുണ്ട്.’ അപ്പോൾ ഞാൻ ജാലകം അടച്ചു.”
ബുദ്ധിമുട്ടുള്ള അവസ്ഥ ആയിരുന്നെങ്കിലും, തലസ്ഥാന നഗരിയിൽ ഒരു ഡിപ്പോ ഉണ്ടായിരുന്നത് ഏറ്റവും ഗുണം ചെയ്തു. വ്യാജ “വാച്ച് ടവർ പ്രസ്ഥാനങ്ങ”ളുമായി യഹോവയുടെ സാക്ഷികളെ തുടർന്നും കൂട്ടിക്കുഴച്ചതിന്റെ ഫലമായി സൊസൈറ്റിക്ക് എതിരെ ആരോപണങ്ങൾ ഉയർന്നുവരുമ്പോൾ, ഗവൺമെന്റ് ഓഫീസുകളും പൊലീസ് ആസ്ഥാനവും അടുത്തുണ്ടായിരുന്നതിനാൽ, സത്വരം പ്രതികരിക്കാൻ മക്ലക്കി സഹോദരനു കഴിഞ്ഞിരുന്നു. മുമ്പ് തന്റെ സഹോദരൻ ചെയ്തിരുന്നതു പോലെ, തെറ്റിദ്ധാരണകൾ ഒഴിവാക്കിയെടുക്കാൻ ബിൽ മക്ലക്കി ക്ഷമാപൂർവം ഉദ്യോഗസ്ഥരെ ചെന്നു കാണുമായിരുന്നു. ക്രമേണ, യഹോവയുടെ സാക്ഷികൾക്കു സത്പേരു കൈവന്നു.
സംഘടനയെ ശുദ്ധീകരിക്കൽ
ബൈബിളിൽ നൽകിയിരിക്കുന്ന യഹോവയുടെ നിലവാരങ്ങളോടു വിലമതിപ്പു വളർത്തിയെടുക്കാൻ സഹോദരങ്ങളെ സഹായിക്കുന്നതിന് ബിൽ മക്ലക്കി കഠിനമായി യത്നിച്ചു. ലൈംഗിക അധാർമികത, ആത്മ സമ്പർക്ക ആചാരം, ലഹരിപാനീയത്തിന്റെ ദുരുപയോഗം തുടങ്ങിയ തിരുവെഴുത്തു വിരുദ്ധമായ സംഗതികൾക്ക് യഹോവയുടെ സാക്ഷികളുടെ ജീവിതത്തിൽ യാതൊരു സ്ഥാനവും പാടില്ലെന്നു മനസ്സിലാക്കാൻ സഹോദരങ്ങളെ സഹായിക്കുന്നത് ഇതിൽ ഉൾപ്പെട്ടിരുന്നു. (1 കൊരി. 6:9, 10; വെളി. 22:15) ഈ വേലയിൽ ഗ്രെഷം ക്വാസിസിറ അമൂല്യമായ സഹായം നൽകി. അദ്ദേഹം രാജ്യത്തിന്റെ പല ഭാഗങ്ങളിൽ, വിശേഷിച്ചും വടക്കു ഭാഗത്ത്, വളരെയധികം യാത്ര ചെയ്തു. “പക്വതയും സത്യസന്ധതയും ഉള്ള വ്യക്തി” എന്നാണ് മക്ലക്കി സഹോദരൻ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. നീതിനിഷ്ഠമായ ബൈബിൾ നിലവാരങ്ങൾ എപ്പോഴും വിശ്വസ്തമായി ഉയർത്തി പിടിക്കുന്നതിൽ പ്രശസ്തൻ ആയിത്തീർന്നു ക്വാസിസിറ സഹോദരൻ. യഹോവയെ സേവിക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും അധാർമിക നടത്തയിൽ ഏർപ്പെടുന്ന ഏതൊരു വ്യക്തിയുടെ കാര്യത്തിലും അദ്ദേഹം കർശനമായ നടപടി സ്വീകരിക്കുമായിരുന്നു. അവർ തങ്ങളുടെ ക്രിസ്തീയ വിരുദ്ധ നടത്ത സമ്മതിച്ചാൽ, അവർ യഥാർഥത്തിൽ യഹോവയുടെ സാക്ഷികളല്ല എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം അവരുടെ സാഹിത്യങ്ങൾ തിരികെ വാങ്ങുമായിരുന്നു. അത്തരത്തിലുള്ള ഏതൊരാളും വയൽസേവനത്തിൽ പങ്കെടുക്കുന്നതും അദ്ദേഹം വിലക്കുമായിരുന്നു. അത്തരം ഉറച്ച നടപടിയുടെ ഫലമായി പലരും തങ്ങളുടെ ജീവിതം ശുദ്ധീകരിച്ചു. ദുഃഖകരമായി, ക്രിസ്തീയ ജീവിതരീതിക്കു നിരക്കാത്ത സംഗതികൾ റിച്ചാർഡ് കാളിൻഡെ ചെയ്യുന്നതായി റിപ്പോർട്ടു ചെയ്തത് ക്വാസിസിറ സഹോദരൻ ആയിരുന്നു. അതിന്റെ ഫലമായി, മുമ്പ് ഒരു വിശ്വസ്ത സഹോദരൻ ആയിരുന്ന കാളിൻഡെയെ യഹോവയുടെ ശുദ്ധമായ സംഘടനയെ പ്രതിനിധീകരിക്കുന്നതിന് ഉപയോഗിക്കാൻ കഴിയാതായി.
ബൈബിളിന്റെ ഉന്നത ധാർമിക നിലവാരങ്ങൾ സംബന്ധിച്ച ഈ ഉറച്ച നിലപാടു നിമിത്തം യഹോവയുടെ സാക്ഷികൾ ധാർമികനിഷ്ഠ ഉള്ളവരാണെന്ന് അറിയപ്പെടാൻ ഇടയായി. അതു മിക്കപ്പോഴും അവർക്ക് ഒരു സംരക്ഷണമായി ഉതകി.
യഹോവയുടെ സജീവ സ്തുതിപാഠകരുടെ എണ്ണം വർധിച്ചതിനാൽ ശുദ്ധിയുള്ള ആ സംഘടനയുടെ മേൽ യഹോവയുടെ അനുഗ്രഹം ഉണ്ടെന്നതു വ്യക്തമായിത്തീർന്നു. 1943-ൽ 144 സഭകളിലായി പ്രതിമാസം ശരാശരി 2,464 പ്രസാധകർ റിപ്പോർട്ടു ചെയ്തിരുന്നു—പത്തു വർഷം മുമ്പ് ഉണ്ടായിരുന്ന 28 പ്രസാധകരിൽ നിന്നുള്ള നല്ലൊരു വർധനവ്!
മലാവിയെ ഉണർത്തുന്നു
1944-ൽ, വാച്ച് ടവർ പ്രസിദ്ധീകരണങ്ങളിൽ കൂടെക്കൂടെ ഉപയോഗിച്ചിരുന്ന “പുതിയ ലോകം” എന്ന പദപ്രയോഗം മലാവിയിലെ ജനങ്ങൾക്കു വളരെ ഇഷ്ടമായി. ആ പ്രസിദ്ധീകരണങ്ങൾ വിശദീകരിച്ചതുപോലെ, അത് യഹോവയുടെ പുതിയ വ്യവസ്ഥിതിയെ—യേശുക്രിസ്തുവിന്റെ കരങ്ങളിലെ സ്വർഗീയ ദൈവരാജ്യത്തിന്റെ ഭരണത്തിൻ കീഴിലുള്ള മാനവ സമൂഹത്തെ—സൂചിപ്പിച്ചു. (ദാനീ. 7:13, 14; 2 പത്രൊ. 3:13) ആ പുതിയ ലോകത്തിൽ ഭൂമി ഒരു പറുദീസ ആയിത്തീരും; മനുഷ്യർ മൃഗങ്ങളുമായി സമാധാനത്തിൽ ജീവിക്കും; യുദ്ധം ഉണ്ടായിരിക്കയില്ല; ഭൂമിയിലെ സമൃദ്ധിയുടെ ഫലം സകലർക്കും ലഭിക്കും; രോഗവും മരണവും മേലാൽ ഉണ്ടായിരിക്കുകയില്ല; മരിച്ചവർ പോലും പുനരുത്ഥാനം ചെയ്യും, എന്നേക്കും ജീവിക്കുന്നതിനുള്ള അവസരം അവർക്കു ലഭിക്കും എന്നിങ്ങനെ അനേകം കാര്യങ്ങൾ ആ പ്രസിദ്ധീകരണങ്ങൾ ബൈബിളിൽനിന്നു വ്യക്തമാക്കി.—സങ്കീ. 67:5, 6; യെശ. 2:4; 11:6-9; ലൂക്കൊ. 23:43; യോഹ. 5:28, 29; വെളി. 21:3, 4.
ഈ വിഷയത്തെക്കുറിച്ചു പ്രസംഗിക്കവേ, ഒരു സഹോദരൻ പ്രാദേശികമായ ഒരു വിധത്തിൽ അത് ഇങ്ങനെ വിശദീകരിച്ചു: “ആദാം പാപം ചെയ്തപ്പോൾ ആ ഉദ്യാനത്തിൽ അവനു കുട്ടികളൊന്നും ജനിച്ചില്ല; മക്കളെല്ലാം ജനിച്ചത് ‘കാട്ടിൽ’ ആണ്. കൂട്ടരേ, നാം ഇപ്പോഴും ആ ‘കാട്ടിൽ’ ആണ്. നാം ഉദ്യാനത്തിൽ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. എന്നാൽ, ഈ മാറ്റെക്കെന്യ (ഒരിനം ഈച്ച) നിറഞ്ഞ ലോകത്തെ വിട്ട് നാം യഹോവയുടെ സുസ്ഥാപിതമായ പുതിയ ലോകത്തിൽ കടക്കാനുള്ള സമയം സമാഗതമായിരിക്കുന്നു.”
ദൈവത്തിന്റെ പുതിയ ലോകത്തെ കുറിച്ചുള്ള പ്രസംഗങ്ങൾക്കു വളരെ ഫലം ഉണ്ടായിരുന്നതിനാൽ രാജ്യത്ത് ഒരു സ്ഥലത്ത് ഒരു കൂട്ടം താത്പര്യക്കാർ, സഹോദരങ്ങൾ പോയിടെത്തെല്ലാം പറുദീസാ വാഗ്ദാനങ്ങൾ ആസ്വദിച്ചുകൊണ്ട് അവരുടെ പിന്നാലെ ചെല്ലുകയുണ്ടായി. മറ്റൊരു സ്ഥലത്തെ നിരവധി വൈദികർ പുതിയ ലോകത്തെ കുറിച്ചുള്ള ഒരു പ്രസംഗം കേട്ടു. കേട്ട കാര്യങ്ങൾ തങ്ങളുടെ ഹൃദയത്തെ സ്പർശിച്ചതിനാൽ അവർ കൂട്ടത്തോടെ ഒരു യൂറോപ്യൻ ക്രൈസ്തവ മിഷനറിയുടെ അടുക്കൽ ചെന്ന് ഇങ്ങനെ പറഞ്ഞു: “ഈ കാര്യങ്ങളൊക്കെ താങ്കൾ എന്തിനാണു ഞങ്ങളിൽനിന്നു മറച്ചുവെച്ചത്? ഇന്ന് കൊച്ചു കുട്ടികൾ ആളുകളെ സന്ദർശിച്ച് അവർ ഒരിക്കലും കേട്ടിട്ടില്ലാത്ത അത്യത്ഭുതകരമായ കാര്യങ്ങൾ പറയുന്നതാണു ഞങ്ങൾ കാണുന്നത്! എന്നാൽ, താങ്കൾ ഞങ്ങളോടു പ്രസംഗിക്കാൻ ആവശ്യപ്പെട്ടിരിക്കുന്ന ഉപദേശങ്ങളാകട്ടെ ഇപ്പോൾ വ്യാജമെന്നു തെളിഞ്ഞിരിക്കുന്നു!”
1946-ൽ മലാവിയിലെ രാജ്യപ്രസാധകരുടെ എണ്ണം 3,000 കവിഞ്ഞു. സഹോദരങ്ങൾ ഈ രാജ്യത്തെ യഥാർഥത്തിൽ വിളിച്ചുണർത്തുക ആയിരുന്നു.
എങ്കിലും, ദൈവത്തിന്റെ പുതിയ ലോകത്തെ കുറിച്ചുള്ള സന്ദേശത്തിൽ എല്ലാവരുമൊന്നും സന്തോഷിച്ചില്ല. പുതിയ ലോകത്തെ കുറിച്ചു പറയുന്ന വാച്ച് ടവർ പ്രസിദ്ധീകരണങ്ങൾ ഇറക്കുമതി ചെയ്യുന്നത് ഗവൺമെന്റ് നേരത്തേ നിരോധിച്ചിരുന്നു. എന്നാൽ, രാജ്യത്ത് അതിനോടകം തന്നെ നല്ലൊരു സാഹിത്യ ശേഖരം ഉണ്ടായിരുന്നതിനാൽ ആ വിലക്കുകൊണ്ട് വലിയ ഫലമൊന്നും ഉണ്ടായില്ല. അങ്ങനെയിരിക്കെ, യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിന്റെ സ്വാധീനത്തിനു തടയിടാനുള്ള ശ്രമത്തിൽ ചില വൈദികർ സാക്ഷികൾ ഉപയോഗിക്കുന്ന പദപ്രയോഗങ്ങളും രീതികളും അനുകരിക്കാൻ ശ്രമം നടത്തി. “ഞങ്ങളും പുതിയ ലോകത്തെ കുറിച്ചാണു പ്രസംഗിക്കുന്നത്,” അവർ അവകാശപ്പെട്ടു. തങ്ങളുടെ പള്ളിയംഗങ്ങൾക്കു മടക്കസന്ദർശനങ്ങൾ നടത്താൻ പോലും ചില വൈദികർ ശ്രമിച്ചു. എന്നാൽ ഏതാനും വാരംകൊണ്ട് അവർ മടുത്തു പിൻമാറി.
ഗ്രാമത്തലവന്മാരെ പ്രേരിപ്പിച്ച്, അവരുടെ പ്രദേശങ്ങളിൽ പ്രസംഗിക്കാൻ യഹോവയുടെ സാക്ഷികളെ അനുവദിക്കാതിരിക്കാനും മതനേതാക്കന്മാർ ശ്രമിച്ചു. ഗ്രാമത്തിൽ ഒരു പ്രസംഗം നടത്തുന്നതിനു മുമ്പായി അവിടുത്തെ ഗ്രാമത്തലവന്റെ അനുവാദം ചോദിക്കുക സാധാരണമായിരുന്നു. എന്നാൽ ഗ്രാമത്തലവൻ പ്രാദേശിക മതനേതാക്കന്മാരുടെ സ്വാധീനവലയത്തിൽ പെട്ടുപോയാൽ, ആ പ്രദേശത്തു യാതൊരു പരസ്യയോഗവും നടത്താൻ കഴിയുമായിരുന്നില്ല.
എന്നിരുന്നാലും, ഗ്രാമമുഖ്യന്മാരിൽ പലരും യഹോവയുടെ സാക്ഷികളെ സസന്തോഷം സ്വാഗതം ചെയ്യുകയാണു ചെയ്തത്. അവരുടെ സ്ഥലത്തു ചെന്നു പ്രസംഗങ്ങൾ നടത്താൻ പലപ്പോഴും സഹോദരങ്ങൾക്കു ക്ഷണം ലഭിക്കുകയുണ്ടായി. ഒരു ഗ്രാമമുഖ്യൻ ലിസുലു എന്ന ഒരു കൊച്ചു പട്ടണത്തിൽ വെച്ച് അത്തരമൊരു പ്രസംഗം കേൾക്കുകയുണ്ടായി. വാസ്തവത്തിൽ മരിച്ചവരുടെ അവസ്ഥ എന്താണെന്ന് അതിൽനിന്ന് അദ്ദേഹം മനസ്സിലാക്കി. (സഭാ. 9:5; യെഹെ. 18:4) പിന്നീട്, ചില മതനേതാക്കന്മാർ നടത്തിയ ശവസംസ്കാര ശുശ്രൂഷയിൽ അദ്ദേഹം സംബന്ധിച്ചു. മരിച്ച കുട്ടി “ഇപ്പോൾ സ്വർഗത്തിൽ ഒരു മാലാഖ ആണ്” എന്ന് മതനേതാക്കന്മാർ സദസ്യരോടു പറഞ്ഞു. വൃദ്ധനായ ആ മുഖ്യൻ മുരണ്ടുകൊണ്ട് ആയാസത്തോടെ എണീറ്റ് ഉപമുഖ്യന്റെ നേർക്കു തിരിഞ്ഞ് അൽപ്പം മൂക്കിൽപ്പൊടി ആവശ്യപ്പെട്ടു. അതു മൂക്കിലേക്കു ശക്തിയായി വലിച്ചിട്ട് അദ്ദേഹം അവിടെനിന്നു നടന്നകന്നു, ഇങ്ങനെ പറഞ്ഞുകൊണ്ട്: “ങ്ഹും, മരിച്ചവർ എവിടെയാണെന്നു ലിസുലുവിൽവെച്ചു ഞങ്ങൾ കേട്ടതാ. ഇതെല്ലാം ശുദ്ധ നുണയാണ്!”
ഒരു പ്രത്യേക സന്ദർശനം
ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള സൊസൈറ്റിയുടെ ആസ്ഥാനത്തുനിന്ന് എൻ. എച്ച്. നോറും എം. ജി. ഹെൻഷലും 1948 ജനുവരിയിൽ മലാവി സന്ദർശിച്ചപ്പോൾ ഒരു സവിശേഷ പരിപാടി നടന്നു. ലോകാസ്ഥാനത്തു നിന്നുള്ള സഹോദരന്മാരുടെ നടാടെയുള്ള സന്ദർശനമായിരുന്നു അത്. ബ്ലാന്റൈർ നഗരത്തിൽ പാർക്കുന്ന യൂറോപ്യന്മാർക്കും ഇന്ത്യക്കാർക്കും വേണ്ടി അവിടുത്തെ ടൗൺ ഹാളിൽ ഒരു യോഗം ക്രമീകരിച്ചിരുന്നു. അന്ന് ബ്ലാന്റൈർ നഗരത്തിൽ വെറും 250 യൂറോപ്യന്മാരേ ഉണ്ടായിരുന്നുള്ളൂ എന്നതു കണക്കിലെടുത്താൽ പരസ്യപ്രസംഗം കേൾക്കാൻ 40 പേർ വന്നു എന്നതു പ്രോത്സാഹജനകമായ സംഗതിയാണ്. പിറ്റേന്ന് സന്ദർശകരായ സഹോദരങ്ങൾ ആഫ്രിക്കൻ സഹോദരങ്ങൾക്കു വേണ്ടി തുറസ്സായ ഒരു സ്ഥലത്തുവെച്ചു സമ്മേളനം നടത്തി. ചിച്ചെവ ഭാഷ നന്നായി വശമാക്കിയിരുന്ന ബിൽ മക്ലക്കി പരിഭാഷകനായി വർത്തിച്ചു. ഉച്ചകഴിഞ്ഞുള്ള പരസ്യപ്രസംഗത്തിന് 6,000 പേർ ഹാജരായിരുന്നു. ഉച്ചഭാഷിണി ഇല്ലാതിരുന്നതിനാൽ, പരിപാടി നടത്തിയ സഹോദരങ്ങൾക്ക് എല്ലാവരും കേൾക്കെ ഉച്ചത്തിൽ സംസാരിക്കേണ്ടി വന്നു. ഒരു ഘട്ടത്തിൽ കനത്ത മഴ പ്രസംഗത്തിനു തടസ്സമായി. പൊതുജനങ്ങൾ വൃക്ഷച്ചുവട്ടിലും അടുത്തുള്ള വീടുകളിലും കയറിനിന്നു. എങ്കിലും, സാക്ഷികൾ അവിടെത്തന്നെ നിലകൊണ്ടു. കുട നിവർത്തി പിടിച്ചുകൊണ്ടാണ് നോർ സഹോദരൻ പ്രസംഗം പൂർത്തിയാക്കിയത്. ഈ മ്സുങ്കു (വെള്ളക്കാരൻ) ഒരു ആഫ്രിക്കൻ സദസ്സിനു വേണ്ടി മഴയത്തു നിന്നു പ്രസംഗം പൂർത്തിയാക്കി എന്ന വസ്തുത, അവരുടെ ക്ഷേമത്തിൽ യഹോവയുടെ സാക്ഷികൾ വാസ്തവത്തിൽ തത്പരരാണ് എന്നതിനു പൊതുജനങ്ങൾക്കു തെളിവു നൽകി. പ്രാദേശിക യൂറോപ്യന്മാർ ഒരിക്കലും അങ്ങനെ ചെയ്യുമായിരുന്നില്ല.
നോർ സഹോദരന്റെയും ഹെൻഷൽ സഹോദരന്റെയും സന്ദർശനം വേലയുടെ ആക്കം വർധിപ്പിച്ചു. ആ വർഷം, അതായത് 1948-ൽ, പ്രസാധകരുടെ എണ്ണം 5,600 കവിഞ്ഞു. പുതിയവർ ശീഘ്രഗതിയിൽ സാക്ഷികൾ ആയിത്തീർന്നുകൊണ്ടിരുന്നു. ചില പ്രദേശങ്ങളിൽ സാക്ഷീകരണത്തിനു വേണ്ടത്ര സ്ഥലം കണ്ടെത്താൻ പോലും ബുദ്ധിമുട്ടായിരുന്നു!
ബ്രാഞ്ച് പ്രവർത്തനങ്ങൾ ആരംഭിക്കുന്നു
കാലക്രമത്തിൽ, സൊസൈറ്റിയുടെ ഡിപ്പോ സോംബയിൽനിന്ന് രാജ്യത്തെ വാണിജ്യ കേന്ദ്രമായ ബ്ലാന്റൈറിലേക്കു മാറ്റി. കുറെക്കൂടി തെക്കു മാറിയാണ് ആ നഗരം സ്ഥിതി ചെയ്തിരുന്നത്. വർഷങ്ങളായി മലാവിയിലെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിനു മേൽനോട്ടം വഹിച്ചതു ദക്ഷിണാഫ്രിക്ക ബ്രാഞ്ച് ആയിരുന്നു. എന്നാൽ, 1948 സെപ്റ്റംബർ 1-ന് മലാവിയിൽ ഒരു ബ്രാഞ്ച് ഓഫീസ് സ്ഥാപിതമായി. ബിൽ മക്ലക്കി ആയിരുന്നു ആദ്യത്തെ ബ്രാഞ്ച് ദാസൻ. മലാവിയിൽ ബ്രാഞ്ച് സ്ഥാപിതമായതിനാൽ, ആ വയലിലെ ആവശ്യങ്ങൾക്കായുള്ള കരുതലുകളുടെമേൽ ലോക ആസ്ഥാനത്തുനിന്നു നേരിട്ടു മേൽനോട്ടം നടത്താൻ കഴിയുമായിരുന്നു.
ആ സമയത്ത്, സഭകൾ സന്ദർശിച്ച് സഹോദരങ്ങളെ ബലപ്പെടുത്താൻ സർക്കിട്ട് ദാസന്മാരായി സേവിക്കാൻ കഴിയുന്ന പക്വതയും അനുഭവജ്ഞാനവും ഉള്ള ധാരാളം സഹോദരന്മാർ അവിടെ ഉണ്ടായിരുന്നു. സർക്കിട്ട് സമ്മേളനങ്ങൾ വർഷത്തിൽ രണ്ടു പ്രാവശ്യം നടത്താൻ തുടങ്ങി. മുഴു രാജ്യത്തിനും വേണ്ടി ഗ്രെഷം ക്വാസിസിറ ഡിസ്ട്രിക്റ്റ് ദാസനായി സേവിച്ചു. ബിൽ മക്ലക്കി ഓഫീസിൽ തിരക്കിട്ട ജോലിയിൽ മുഴുകി—പ്രഭാതയാമം ആകുന്നതുവരെ പോലും അദ്ദേഹം ടൈപ്പിങ് ജോലികൾ ചെയ്യുമായിരുന്നു.
പിന്നെയും, ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു. തന്നെയുമല്ല, കൂടുതൽ സഹായവും ആവശ്യമായിരുന്നു. അതിനാൽ ഗിലെയാദ് മിഷനറി സ്കൂൾ ബിരുദം നേടിയ പീറ്റർ ബ്രൈഡിൽ, ഫ്രെഡ് സ്മെഡ്ലി എന്നിവർ 1949-ൽ അവിടെ എത്തിച്ചേർന്നപ്പോൾ ഹൃദ്യമായ വരവേൽപ്പാണു ലഭിച്ചത്. അവരും മറ്റു ഗിലെയാദ് ബിരുദധാരികളും ജോലിസമ്മർദം അനുഭവിച്ചുകൊണ്ടിരുന്ന ബ്രാഞ്ച് ദാസന് വളരെയധികം സഹായമായി. തന്മൂലം സഭകളുടെ പ്രവർത്തനത്തിനും സമ്മേളനങ്ങളുടെ നടത്തിപ്പിനും കൂടുതൽ ശ്രദ്ധ കൊടുക്കുക സാധ്യമായി.
“എനിക്ക് ഇതു സഹിച്ചുനിൽക്കാൻ ആവില്ല!”
അക്കാലത്ത്, യൂറോപ്പിലോ വടക്കേ അമേരിക്കയിലോ ഉള്ള ഒരാളെ സംബന്ധിച്ചു മലാവിയിലേക്കു വരുക എന്നതുതന്നെ അമ്പരപ്പിക്കുന്ന ഒരു മാറ്റമായിരുന്നു. അത്തരക്കാർ നേരത്തേ പരിചയിച്ചിട്ടുള്ള ആധുനിക സൗകര്യങ്ങൾ ഒന്നുംതന്നെ മലാവിയിൽ ഉണ്ടായിരുന്നില്ല. ആഫ്രിക്കൻ ഗ്രാമപ്രദേശങ്ങളിൽ വൈദ്യുത ഉപകരണങ്ങൾ ഇല്ലായിരുന്നു. ഒരു തദ്ദേശവാസി ജീവിതത്തിൽ സാധാരണമെന്നു കരുതിയിരുന്ന സംഗതികൾ ഒരു വിദേശിക്ക് അസ്വസ്ഥത ഉളവാക്കുന്നവ ആയിരുന്നേക്കാം. അത്തരം സാഹചര്യത്തോട് ഒരു പുതിയ മിഷനറി എങ്ങനെ പൊരുത്തപ്പെടും?
മൊസാമ്പിക്കിലെ ബെയ്റ തുറമുഖത്തുനിന്നുള്ള ക്ഷീണിപ്പിക്കുന്ന ഒരു തീവണ്ടി യാത്രയ്ക്കു ശേഷം മലാവിയിൽ എത്തിച്ചേർന്നപ്പോൾ ആദ്യമുണ്ടായ വികാരങ്ങളെ കുറിച്ച് ഓർത്തുകൊണ്ട് പീറ്റർ ബ്രൈഡിൽ ഇങ്ങനെ പറയുന്നു: “ഞങ്ങൾ ഷിരേ റിവറിൽ എത്തിയപ്പോഴേക്കും ഇരുട്ടു പരക്കാൻ തുടങ്ങിയിരുന്നു. വലിയ വണ്ടുകൾ ചുറ്റും മൂളിപ്പറന്നു. ദീപങ്ങൾക്കു ചുറ്റും കൂടിയ ആ വണ്ടുകൾ അവയെ പാടേ മറച്ചുകളഞ്ഞു. കഴുത്തിലും വസ്ത്രത്തിനുള്ളിലുമൊക്കെ അവ ഇഴഞ്ഞുനടന്നു. ‘എനിക്ക് ഇതു സഹിക്കാൻ കഴിയുന്നില്ല. താങ്ങാവുന്നതിലും അധികമാണ് ഇത്. ഇനിയും ഒരു മിനിറ്റുപോലും സഹിച്ചുനിൽക്കാൻ എന്നെക്കൊണ്ട് ആവില്ല!’ എന്നൊക്കെ ഞാൻ യഹോവയോടു പറഞ്ഞുപോയി. എങ്കിലും ഞങ്ങൾ നദി കുറുകെ കടന്ന് സ്റ്റേഷനിൽ ഉണ്ടായിരുന്ന ട്രെയിനിലേക്കു ചെന്നു. വളരെ നേർത്ത വെളിച്ചമായിരുന്നു അവിടെ ഉണ്ടായിരുന്നത്. അതിന്റെ കാരണം—പ്രാണികൾ അവിടേക്കു വരാതിരിക്കാൻ വേണ്ടിയാണ് എന്നത്—ഞാൻ പെട്ടെന്നു മനസ്സിലാക്കി. ഞങ്ങളുടെ മുമ്പിൽ ഭക്ഷണം എത്തി, ആദ്യം കിട്ടിയതു സൂപ്പ് ആയിരുന്നു. വെളിച്ചം വളരെ കുറവായിരുന്നതിനാൽ മേശയുടെ മറുവശത്ത് ഇരിക്കുന്ന ആളെപ്പോലും കാണാൻ ബുദ്ധിമുട്ടായിരുന്നു. പ്രാണികൾ അകത്തു ചെല്ലാതിരിക്കാൻ ഞങ്ങൾ പല്ലുകൾക്ക് ഇടയിലൂടെ അതു വലിച്ചു കുടിക്കുകയാണു ചെയ്തത്. അപ്പോൾ ഞാൻ യഹോവയോട് ഇങ്ങനെ പറഞ്ഞു: ‘എനിക്കിത് താങ്ങാൻ കഴിയുമെന്നു തോന്നുന്നില്ല. തികച്ചും അസഹ്യമാണിത്!”
അതേ സ്ഥലം പിന്നീടൊരിക്കൽ സന്ദർശിച്ചു പരസ്യപ്രസംഗം നടത്തിയപ്പോഴും ബ്രൈഡിൽ സഹോദരനു പ്രശ്നങ്ങൾ നേരിട്ടു. എന്തുകൊണ്ട്? അദ്ദേഹം വിശദീകരിക്കുന്നു: “അവിശ്വസനീയമായ അളവിൽ കൊതുകുകൾ ഉണ്ടായിരുന്നു. ഒരു വൈകുന്നേരം പ്രസംഗം നടത്തിയപ്പോൾ, ഞാൻ പാന്റ്സിന്റെ കാലുകൾ സോക്സിനുള്ളിലേക്കു തിരുകി വെച്ചു. തല മൂടെ കെട്ടിയിരുന്ന ടൗവ്വലിന്റെ തുമ്പ് ഷർട്ടിനുള്ളിലേക്ക് ഇറക്കി വെച്ചിരുന്നു. ഷർട്ടിന്റെ കൈകൾക്കു ചുറ്റും റബ്ബർ ബാൻഡുകൾ കെട്ടിയിരുന്നു. അപ്പോൾ, എന്റെ മുഖവും കൈകളും മാത്രമേ കാണാൻ കഴിയുമായിരുന്നുള്ളൂ. എന്റെ പ്രസംഗം തർജമ ചെയ്യാൻ ഒരു പരിഭാഷകൻ ഉണ്ടായിരുന്നു. ഞാൻ ഒരു വാചകം പറഞ്ഞിട്ട് മുഖത്തുനിന്നു കൊതുകുകളെ തുടച്ചുനീക്കും. അതു കഴിഞ്ഞ് ഇരു കൈകളും തുടയ്ക്കും. എന്നിട്ട് പിന്നെയും മുഖം തുടയ്ക്കും. പരിഭാഷകൻ പറഞ്ഞുകഴിഞ്ഞ ഉടനേ ഞാൻ മറ്റൊരു വാചകം പറയും, എന്നിട്ട് പിന്നെയും തുടയ്ക്കും.”
പീറ്റർ ബ്രൈഡിലും അദ്ദേഹത്തെ പോലുള്ള മറ്റുള്ളവരും യഹോവയുടെ സഹായത്തോടെ അത്തരം അവസ്ഥകളെ അതിജീവിച്ചു. മലാവിയിലേക്കു നിയമിക്കപ്പെട്ട മിഷനറിമാരിൽ മിക്കവരും അനേക വർഷങ്ങളോളം വിശ്വസ്തമായി സേവനം അനുഷ്ഠിച്ചു. മുഴുദേഹിയോടെയുള്ള അവരുടെ ശ്രമങ്ങൾ മലാവി വയലിന് അനവധി അനുഗ്രഹങ്ങൾ കൈവരുത്തി.
പക്വതയുള്ള കൂടുതൽ തദ്ദേശ സഹോദരങ്ങൾ
അതിനിടയിൽ, കൂടുതൽ തദ്ദേശ സഹോദരങ്ങൾ ക്രിസ്തീയ പക്വത പ്രാപിച്ചുകൊണ്ടിരുന്നു. മിഷനറിമാരുമായുള്ള സഹവാസത്തിൽനിന്ന് അവർ പ്രയോജനം നേടി. അങ്ങനെ പ്രയോജനം നേടിയ ഒരു സഹോദരൻ ആയിരുന്നു അലക്സാണ്ടർ മാഫാംബാന—അലക്സ് എന്നായിരുന്നു അദ്ദേഹത്തിന്റെ വിളിപ്പേര്. നല്ല കഴിവുള്ള ഒരു വ്യക്തിയായിരുന്നു അലക്സ്. മൊസാമ്പിക്കിൽ ജനിച്ച അദ്ദേഹം ഒരു ഗ്രാമമുഖ്യന്റെ മകനായിരുന്നു. പിതാവിനുശേഷം മുഖ്യൻസ്ഥാനം അദ്ദേഹത്തിനു ലഭിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ജോലി കണ്ടെത്താൻ ദക്ഷിണാഫ്രിക്കയിലേക്കു താമസം മാറ്റിയശേഷം, യഹോവയുടെ സാക്ഷികളുമായി സമ്പർക്കത്തിൽ വന്ന അലക്സ് ബൈബിൾ സത്യം സംബന്ധിച്ച സൂക്ഷ്മപരിജ്ഞാനം നേടി. ഒരു മുഖ്യൻ എന്ന നിലയിൽ പ്രവർത്തിക്കുന്നതിനു ക്രിസ്തീയ തത്ത്വങ്ങൾ ലംഘിക്കേണ്ടിവരുമെന്ന് അദ്ദേഹം മനസ്സിലാക്കി. പ്രശ്നങ്ങൾ ഒഴിവാക്കാൻ മലാവിയിൽത്തന്നെ സ്ഥിരതാമസമാക്കാൻ അദ്ദേഹം തീരുമാനിച്ചു. താമസിയാതെ, ഒരു പയനിയർ ആയിത്തീർന്ന മാഫാംബാന സഹോദരൻ 1952-ൽ ബ്ലാന്റൈറിലെ ബ്രാഞ്ച് ഓഫീസ് പ്രവർത്തനങ്ങളിൽ സഹായിക്കാൻ തുടങ്ങി. അദ്ദേഹത്തിന് അനേകം ഭാഷകൾ അറിയാമായിരുന്നതിനാൽ, വയലിൽ നിന്നുള്ള കത്തുകൾ വായിച്ചു മനസ്സിലാക്കുന്നതിൽ അദ്ദേഹം ഒരു വലിയ സഹായമായിരുന്നു. 1958-59-ൽ ഗിലെയാദ് മിഷനറി സ്കൂളിൽ സംബന്ധിക്കാനുള്ള അവസരം അദ്ദേഹത്തിനു ലഭിച്ചു. മലാവിയിലേക്കു നിയമിക്കപ്പെട്ട ദമ്പതികളായ ജാക്ക് യോഹാൻസണും ഭാര്യ ലിൻഡയും ഉൾപ്പെട്ട ക്ലാസ്സിൽ നിന്നായിരുന്നു അദ്ദേഹം ബിരുദം നേടിയത്.
ദക്ഷിണാഫ്രിക്കയിൽവെച്ച് സത്യം പഠിച്ച മറ്റൊരു സഹോദരനായിരുന്നു കെന്നത്ത് ചിമ്പാസ. 1942-ൽ അവിടെവെച്ചു സ്നാപനമേറ്റശേഷം അദ്ദേഹം മലാവിയിലേക്കു മടങ്ങി. ഏറെ താമസിയാതെ, പക്വതയുള്ള ഒരു ക്രിസ്ത്യാനിക്കു വേണ്ട ഗുണങ്ങൾ താൻ വളർത്തിയെടുക്കുകയാണ് എന്നു ചിമ്പാസ തെളിയിച്ചു. കുറെക്കാലം പയനിയറിങ് നടത്തിയശേഷം ഒരു സഞ്ചാര മേൽവിചാരകൻ എന്ന നിലയിൽ അദ്ദേഹം വ്യാപകമായ സേവനം അനുഷ്ഠിച്ചു. പിൽക്കാലത്ത് അവിടെ എത്തിയ മിഷനറിമാരിൽ ചിലർ അദ്ദേഹം, ഭാര്യ എലിസി, അവരുടെ മകൻ മെയിംബ എന്നിവരോടു കൂടെയുള്ള പ്രവർത്തനം ആസ്വദിച്ചു. ആ വിധത്തിൽ, അവർ മലാവിയിലെ ജീവിതരീതിയുമായി പരിചയത്തിലായി.
വാസ്തവത്തിൽ, പക്വതയുള്ള അത്തരം സഹോദരന്മാർ അമൂല്യമായ “മനുഷ്യരാം ദാനങ്ങൾ” ആണെന്നു തെളിഞ്ഞു.—എഫെ. 4:8, NW.
മിഷനറിമാർ വർധനവിന് ആക്കം കൂട്ടുന്നു
മലാവിയിൽ വിശ്വസ്തമായി സേവനം അനുഷ്ഠിച്ച മിഷനറിമാരെ സഹോദരങ്ങൾ ഇപ്പോഴും പ്രിയത്തോടെ സ്മരിക്കുന്നു. പ്രത്യേകിച്ചും അക്കാലത്ത് അവരോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചിട്ടുള്ള പഴയ സാക്ഷികൾ. തങ്ങളുടെ പുതിയ നിയമനങ്ങൾ ഹേതുവായി ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നു ചില മിഷനറിമാർ മനസ്സിലാക്കി. എന്നാൽ അവ വരുത്താൻ സ്നേഹം അവരെ പ്രേരിപ്പിച്ചു.
1957-ൽ മലാവിയിൽ എത്തിച്ചേർന്നപ്പോൾ മാൽക്കം വൈഗോ അവിവാഹിതനായിരുന്നു. ബ്രാഞ്ച് ഓഫീസിലെ ആദ്യ ദിവസം അത്താഴം കഴിഞ്ഞപ്പോൾ, തന്റെ നിയമനം എന്തായിരിക്കും എന്നറിയാൻ അദ്ദേഹം വലിയ ആകാംക്ഷ കാട്ടി. തലേവർഷം എത്തിച്ചേർന്ന ഗിലെയാദ് ബിരുദധാരിയും അന്ന് അവിടെ ബ്രാഞ്ച് ദാസനുമായിരുന്ന ലൊനി നെയ്ൽ അദ്ദേഹത്തിന്റെ നിയമനം സഞ്ചാരവേല ആയിരിക്കുമെന്ന് അറിയിച്ചു. ഒരു ഭാഷാ പഠന പരിപാടിയിൽ പങ്കെടുക്കുകയും പുത്തൻ ചുറ്റുപാടുകളുമായി പരിചയത്തിലാകുകയും ചെയ്ത ശേഷം ആയിരിക്കുമോ അദ്ദേഹം നിയമിക്കപ്പെടുക? അന്ന് അത്തരത്തിലുള്ള ക്രമീകരണങ്ങളൊന്നും ഇല്ലായിരുന്നു. പിറ്റേന്നു തന്നെ അദ്ദേഹം തന്റെ വേല ആരംഭിക്കണമായിരുന്നു!
സഭകളെ സേവിക്കുന്നതിനു പുറമേ, തങ്ങൾക്കു മെക്കാനിക്കുകളുടെ പണിയും ചെയ്യേണ്ടിവരുമെന്നു സഞ്ചാരവേലയ്ക്കു നിയമിതരായ മിഷനറിമാർ പെട്ടെന്നുതന്നെ മനസ്സിലാക്കി, എങ്കിലേ വാഹനം ഓടിക്കാൻ കഴിയുമായിരുന്നുള്ളൂ. കുറ്റിക്കാടുകളിലെ അവ്യക്തമായ ഊടുവഴികൾ പോലെ ആയിരുന്നു അവിടുത്തെ റോഡുകൾ. അവരുടെ ശ്രമങ്ങളെ വിലമതിച്ച തദ്ദേശ സഹോദരങ്ങൾ അവരുടെ ജീവിതം എളുപ്പമാക്കാൻ സഹായിക്കുന്നതിന് തങ്ങളാൽ ആവുന്നതെല്ലാം ചെയ്തു. മിഷനറിക്കും, വിവാഹിതനെങ്കിൽ, അദ്ദേഹത്തിന്റെ ഭാര്യയ്ക്കും കൂടി അവർ പുല്ലു മേഞ്ഞ ഒരു വീടും കക്കൂസും ഉണ്ടാക്കുമായിരുന്നു. എന്നാൽ ഭർത്താക്കന്മാരോടൊപ്പം യാത്ര ചെയ്തിരുന്ന സഹോദരിമാർക്കു രാത്രിയിലെ വിചിത്രമായ ശബ്ദങ്ങൾ പ്രത്യേകിച്ചും പേടിപ്പെടുത്തുന്നതായിരുന്നു! കഴുതപ്പുലികളുടെ പേടിപ്പെടുത്തുന്ന “ചിരി”യും അനേക തരത്തിലുള്ള വ്യത്യസ്ത പ്രാണികളുടെ “സംഘനാദ”വുമായി പരിചയിക്കാൻ കുറെ സമയം വേണ്ടിവരുമായിരുന്നു.
വനത്തിൽ ഒരു കൺവെൻഷൻ ക്രമീകരിച്ചതു ശരിക്കും ഒരു വെല്ലുവിളി ആയിരുന്നു എന്ന് ജാക്ക് യോഹാൻസൺ ഓർമിക്കുന്നു. ആദ്യം സ്ഥലം ശരിയാക്കി. പിന്നെ, കൂടുതലും കാട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് ആവശ്യമായതെല്ലാം ഉണ്ടാക്കി. എന്നാൽ ചെറുപ്പക്കാരും പ്രായമുള്ളവരുമായ സഹോദരങ്ങൾ ഇതിൽ സഹായിക്കാൻ സന്തോഷം ഉള്ളവരായിരുന്നു. മലാൻയിക്കടുത്തു നടന്ന ഒരു കൺവെൻഷനിൽ സുസ്മേരവദനനായ ഒരു വൃദ്ധ സഹോദരൻ യോഹാൻസൺ സഹോദരനെ സമീപിച്ച് “ഈ വേലയിൽ സഹായിക്കാൻ എനിക്കും ആഗ്രഹമുണ്ട്” എന്നു പറഞ്ഞു. അത് അസാധാരണമായി തോന്നിയില്ല. എങ്കിലും, ഏകദേശം ഒരു മാസംകൊണ്ട് 800 കിലോമീറ്റർ നടന്നാണ് ആ സഹോദരൻ സമ്മേളനസ്ഥലത്ത് എത്തിയതെന്നും കൺവെൻഷനു വേണ്ട സൗകര്യങ്ങൾ ക്രമീകരിക്കാൻ സഹായിക്കുകയാണ് അവിടെ എത്തിച്ചേർന്നപ്പോൾ അദ്ദേഹം ആദ്യം ചെയ്തതെന്നും യോഹാൻസൺ സഹോദരൻ പിന്നീടു മനസ്സിലാക്കി! അത്തരം മനസ്സൊരുക്കം കാട്ടിയ സഹോദരങ്ങൾ ആ കുറ്റിക്കാട് 6,000 പേർക്ക് ഇരിക്കാവുന്ന ഒരു “സ്റ്റേഡിയം” ആക്കി മാറ്റി!
മലാവിയിലെ സഭകളും സർക്കിട്ടുകളും കൂടുതൽ മെച്ചമായി സംഘടിപ്പിക്കാൻ മിഷനറിമാർ പ്രവർത്തിച്ചു. ഹാൽ ബെന്റ്ലി, എഡി ഡോബാർട്ട്, കീത്ത് ഇറ്റൺ, ഹാരൊൾഡ് ഗൈ, ജാക്ക് യോഹാൻസൺ, റോഡ് ഷാർപ്, മാൽക്കം വൈഗോ തുടങ്ങിയ സഹോദരന്മാർ ഡിസ്ട്രിക്റ്റ് മേൽവിചാരകന്മാർ എന്ന നിലയിൽ മികച്ച വേല നിർവഹിക്കുകയുണ്ടായി. തങ്ങൾക്കു ലഭിച്ച സ്നേഹമസൃണമായ ബുദ്ധിയുപദേശത്തോടും മാർഗനിർദേശത്തോടും പ്രാദേശിക സാക്ഷികൾ നല്ല രീതിയിൽ പ്രതികരിച്ചു. തത്ഫലമായി, സഭായോഗങ്ങളും രാജ്യസന്ദേശ പ്രസംഗ വേലയും നല്ല രീതിയിൽ സംഘടിപ്പിക്കപ്പെട്ടു. അതേസമയം, ഭാവിയിൽ അനുഭവിക്കാനിരിക്കുന്ന കഷ്ടതകൾക്കായുള്ള ഒരുക്കമെന്ന നിലയിൽ സഹോദരങ്ങൾ സത്യത്തിൽ സ്ഥിരത കൈവരിക്കുകയും ആയിരുന്നു.
യൂറോപ്യന്മാർക്കു സാക്ഷ്യം ലഭിക്കുന്നു
കാലക്രമേണ, ബ്രാഞ്ച് ഓഫീസിലെ പ്രവർത്തനത്തിനു ചില മിഷനറിമാർ നിയമിക്കപ്പെട്ടു. അവിടെ അവർ വളരെ തിരക്കോടെ പ്രവർത്തിച്ചു. അവരുടെ ഭാര്യമാരിൽ ചിലർക്കു ബ്ലാന്റൈറിലും സോംബയിലും പാർക്കുന്ന യൂറോപ്യന്മാരോടു സാക്ഷീകരിക്കുന്നതിനുള്ള അവസരം ലഭിച്ചു. ഫില്ലിസ് ബ്രൈഡിൽ, ലിൻഡ യോഹാൻസൺ, ലിൻഡ ലൂയിസ് വൈഗോ, ആൻ ഈറ്റൺ എന്നിവരും മറ്റുള്ളവരും ഈ പ്രദേശത്തു നന്നായി പ്രവർത്തിച്ചു. തുടർന്നും, വ്യാജ “വാച്ച് ടവർ പ്രസ്ഥാനങ്ങ”ളുമായി നമ്മെ മിക്കപ്പോഴും കൂട്ടിക്കുഴച്ചിരുന്നതിനാൽ, ചിലപ്പോഴൊക്കെ യൂറോപ്യന്മാർ നമ്മുടെ വേലയെ മുൻവിധിയോടെയാണു വീക്ഷിച്ചത്. എന്നാൽ കാര്യങ്ങൾ നേരെയാക്കാനും ദൈവരാജ്യത്തെക്കുറിച്ച് സംസാരിക്കാനും ലഭിച്ച അവസരങ്ങൾ ആ സഹോദരിമാർ പ്രയോജനപ്പെടുത്തി.
മലാവിയിലെ മിക്ക യൂറോപ്യന്മാരും ഏഷ്യക്കാരും സ്വന്തമായി ബിസിനസ് നടത്തിയിരുന്നു. അതല്ലെങ്കിൽ അവർക്ക് ആദായകരമായ തൊഴിൽ കരാറുകൾ ഉണ്ടായിരുന്നു. പൊതുവെ, അവർ തങ്ങളുടെ ജീവിതത്തിൽ സന്തുഷ്ടർ ആയിരുന്നു. എന്നിരുന്നാലും, ചില യൂറോപ്യന്മാരും ഇംഗ്ലീഷ് സംസാരിക്കുന്ന തദ്ദേശവാസികളും സത്യത്തോട് അനുകൂലമായി പ്രതികരിക്കുകതന്നെ ചെയ്തു. ഏതാനും പേർ സ്നാപനമേറ്റു—അവരിൽ ഒരാൾ സ്നാപനമേറ്റതു ബെഥേലിലെ ഒരു ബാത്ത്ടബ്ബിലാണ്!
“പ്രോത്സാഹന കൈമാറ്റം”
മിഷനറിമാർ തദ്ദേശ സഹോദരങ്ങളോടൊപ്പം സമയം ചെലവഴിച്ചതിന്റെ ഫലമായി അവരുടെ ഇടയിൽ യഥാർഥ വർഗീയ ഐക്യം വളർന്നുവന്നു. അലക്സ് മാഫാംബാന തന്റെ ചില മിഷനറി സുഹൃത്തുക്കൾക്ക് എഴുതിയ ഒരു കുറിപ്പിൽ ഈ സംഗതി വ്യക്തമാക്കിയിരുന്നു: “ലോകത്തിൽ എന്തെങ്കിലും ഒരു ‘വിടവ്’ ഉണ്ടെങ്കിൽ, അതു പൗരസ്ത്യ ദേശവും പാശ്ചാത്യ ദേശവും തമ്മിലുള്ളതാണ്. എന്നാൽ നമുക്കാകട്ടെ, ഏറ്റവും ശ്രേഷ്ഠമായ ഏകീകരണ ബന്ധമാണ് ഉള്ളത്: അഗാപെ!” യഹോവയുടെ സംഘടനയ്ക്കു പുറത്തുള്ളവരുടെ മനോഭാവത്തിൽനിന്നും എത്ര വ്യത്യസ്തമായിരുന്നു ഇത്! ആഫ്രിക്കക്കാരെക്കാൾ തങ്ങൾ ശ്രേഷ്ഠരാണ് എന്നു പൊതുവെ കരുതിയിരുന്ന യൂറോപ്യന്മാർ അവരുമായി സമ്പർക്കം പുലർത്തിയിരുന്നില്ല. ഇങ്ങനെയൊക്കെ ആണെങ്കിലും, പ്രാദേശിക സഹോദരങ്ങൾക്കു വ്യക്തമാക്കി കൊടുക്കേണ്ടിയിരുന്ന ഒരു കാര്യമുണ്ടായിരുന്നു. അത് അവർ ബ്വാന എന്ന സ്ഥാനപ്പേർ ഉപയോഗിക്കുന്നതു സംബന്ധിച്ച് ആയിരുന്നു. സാധാരണ, ഇത് മിഷനറിമാർ ഉൾപ്പെടെ, യൂറോപ്യന്മാരെ അഭിവാദനം ചെയ്യുമ്പോൾ ഉപയോഗിച്ചിരുന്ന സ്ഥാനപ്പേരാണ്. ആഫ്രിക്കക്കാരുടെ പ്രഭുക്കൾ അഥവാ യജമാനന്മാർ യൂറോപ്യന്മാരാണ് എന്നതായിരുന്നു അതിന്റെ ധ്വനി. അതുകൊണ്ട് ഒരു പ്രാദേശിക സഹോദരൻ എപ്പോഴെങ്കിലും ബ്വാന എന്ന സ്ഥാനപ്പേരുകൊണ്ട് ഒരു മിഷനറിയെ അഭിസംബോധന ചെയ്താൽ, “യഹോവയുടെ സാക്ഷികൾ സഹോദരങ്ങളാണ്, ബ്വാനകൾ അല്ല!” എന്ന് ആ മിഷനറി അദ്ദേഹത്തെ ഓർപ്പിക്കുമായിരുന്നു.
പ്രയോജനങ്ങൾ ലഭിച്ചത് ഒരു കൂട്ടർക്കു മാത്രമായിരുന്നില്ല. തങ്ങളുടെ ആഫ്രിക്കൻ സഹോദരങ്ങളോടൊപ്പം പ്രവർത്തിച്ചതിനാൽ മിഷനറിമാരും ധാരാളം കാര്യങ്ങൾ പഠിച്ചു. നിരവധി ഉറ്റ സൗഹൃദങ്ങൾ രൂപപ്പെട്ടു. പൗലൊസ് അപ്പൊസ്തലൻ പറഞ്ഞതുപോലെ, അവർക്കിടയിൽ “ഒരു പ്രോത്സാഹന കൈമാറ്റം” ഉണ്ടായി.—റോമ. 1:12, NW.
യഹോവയെ പാടി സ്തുതിക്കൽ
ആഫ്രിക്കയിൽ ആയിരിക്കുന്ന ഒരാൾ പെട്ടെന്നുതന്നെ ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട്—അവിടുത്തുകാർക്കു പാടാൻ വലിയ ഇഷ്ടമാണ്. വാദ്യോപകരണങ്ങൾ ഇല്ലാതെ തങ്ങളുടെ ശബ്ദം മാത്രം ഉപയോഗിച്ചു മനോഹരമായ സ്വരൈക്യത്തോടെ അവർ പാടുന്നു. മലാവിയിലെ അവസ്ഥയും അതിൽനിന്നു ഭിന്നമല്ല. ചിച്ചെവ ഭാഷയിൽ പാട്ടുപുസ്തകം ഇല്ലാതിരുന്നിട്ടും, സഹോദരങ്ങൾ സ്വന്തമായി പാട്ടുകൾ ഉണ്ടാക്കി. ക്രൈസ്തവലോകത്തിലെ പ്രസിദ്ധമായ ഈണങ്ങളുള്ള ഗാനങ്ങളിലെ വാക്കുകൾക്കു മാറ്റം വരുത്തി രാജ്യം, ശുശ്രൂഷ, അർമഗെദോൻ തുടങ്ങിയ വിഷയങ്ങളെ കുറിച്ച് അവർ പാടുമായിരുന്നു. ഈ ഗാനങ്ങൾ ലിഖിത രൂപത്തിൽ ആക്കിയില്ലെങ്കിലും, സഹോദരങ്ങൾക്കെല്ലാം അവ അറിയാമായിരുന്നു എന്നു മാത്രമല്ല മനോഹരമായി ആലപിക്കുകയും ചെയ്തിരുന്നു. സമ്മേളനങ്ങൾ നടക്കുമ്പോൾ ഉത്സാഹത്തിമർപ്പിൽ, ഓരോ വരി കഴിയുമ്പോഴും അവർ കോറസ് പാടുമായിരുന്നു—ഒരു പ്രാവശ്യമല്ല, രണ്ടു പ്രാവശ്യം! 1953-ൽ നോർ സഹോദരൻ അവിടം സന്ദർശിച്ചപ്പോൾ, ഈ മനോഹരമായ സ്വരൈക്യം അദ്ദേഹത്തെ വിശേഷാൽ ആകർഷിച്ചു. തന്റെ റിപ്പോർട്ടിൽ അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു: “ഗാനാലാപനം അങ്ങേയറ്റം ആനന്ദപ്രദം ആയിരുന്നു എന്ന് പറയാതെ വയ്യ.”
1950-ൽ യഹോവയ്ക്കുള്ള സ്തുതിഗീതങ്ങൾ എന്ന പുതിയ ഇംഗ്ലീഷ് പാട്ടുപുസ്തകം ബ്രാഞ്ചിൽ എത്തിയപ്പോൾ, ചിച്ചെവ ഭാഷയിൽ ഒരു പാട്ടുപുസ്തകം ഉണ്ടാക്കണം എന്നു തീരുമാനമായി. എന്നാൽ സംഗീതം വായിക്കാൻ സഹോദരങ്ങളെ എങ്ങനെ പഠിപ്പിക്കും? അവർക്കെല്ലാം പാടാൻ കഴിയുമായിരുന്നെങ്കിലും, സംഗീത നോട്ടുകൾ വായിക്കാൻ അറിയില്ലായിരുന്നു. സംഗീത നോട്ടുകൾ സൂചിപ്പിക്കാൻ “ഡോ, റെ, മി” രീതിയിലുള്ള ‘ടോണിക് സോൾ-ഫാ’ ചിഹ്നങ്ങൾ ഉപയോഗിക്കാൻ ബ്രാഞ്ച് തീരുമാനിച്ചു. ചില സഹോദരങ്ങൾ അതു സ്കൂളിൽവെച്ചു പഠിച്ചിരുന്നു. ഈ പദ്ധതിയിൽ വളരെ ശ്രമം ചെലുത്തിയ പീറ്റർ ബ്രൈഡിൽ, അതിൽ ഉൾപ്പെട്ട അധ്വാനത്തെക്കുറിച്ച് ഓർക്കുന്നു. അദ്ദേഹം പറയുന്നു: “ഞങ്ങൾ പരിഭാഷകരോടൊപ്പം ഇരുന്നു ജോലി ചെയ്തു. പരിഭാഷിത വാക്കുകൾ സംഗീതവുമായി ശരിക്കും ചേരുന്നുവെന്ന് ഉറപ്പു വരുത്തേണ്ടിയിരുന്നു. അങ്ങനെ അൽപ്പാൽപ്പമായി ഞങ്ങൾ പാട്ടുപുസ്തകം ഉണ്ടാക്കി.”
ചിച്ചെവ ഭാഷയിലെ യഹോവയ്ക്കുള്ള സ്തുതിഗീതങ്ങൾ എന്നതിന്റെ പതിപ്പ് സഹോദരങ്ങൾക്കു വളരെ ഇഷ്ടമായി. ലഭ്യമായ പേപ്പർ ഉപയോഗിച്ച് ഒരു പഴയ മിമിയോഗ്രാഫ് യന്ത്രത്തിൽ ബ്രാഞ്ച് അത് അച്ചടിച്ചു. അതിനാൽ ആ പഴയ പാട്ടുപുസ്തകങ്ങൾ അത്ര ഈടു നിൽക്കുന്നത് ആയിരുന്നില്ല, മിക്കപ്പോഴും അവ മാറ്റി പുതിയത് ഉണ്ടാക്കേണ്ടിവന്നു. എന്നാൽ സഹോദരങ്ങൾ അതു പ്രശ്നമാക്കിയില്ല. ആലപിക്കാൻ പാട്ടുകൾ ലഭിച്ചതിൽ അവർ വളരെ സന്തോഷിച്ചു. സമ്മേളനം നടക്കുന്ന അവസരത്തിൽ അവർ അതിന്റെ രണ്ടായിരമോ മൂവായിരമോ പ്രതികൾ വാങ്ങുമായിരുന്നു! ഒടുവിൽ ഈ പാട്ടുപുസ്തകങ്ങളുടെ അച്ചടി ബ്രുക്ലിൻ ഏറ്റെടുത്തു. അപ്പോഴേക്കും സഹോദരങ്ങൾ പ്രാദേശികമായി 50,000 കോപ്പികൾ ഉണ്ടാക്കിക്കഴിഞ്ഞിരുന്നു!
ബ്രാഞ്ചിനു പുതിയ സൗകര്യങ്ങൾ
വർഷങ്ങളായി, വ്യത്യസ്ത സ്ഥലങ്ങളിലെ ഇടുങ്ങിയ, സ്ഥലസൗകര്യം കുറഞ്ഞ ക്വാർട്ടേഴ്സിൽ നിന്നാണു മലാവിയിലെ രാജ്യവേലയ്ക്കു നേതൃത്വം നൽകിയിരുന്നത്. എന്നാൽ, ബെഥേൽ പ്രവർത്തകർക്കു താമസിക്കാനുള്ള സൗകര്യത്തോടൊപ്പം ബ്രാഞ്ച് ഓഫീസിനു വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു കെട്ടിടം പണിയാൻ 1950 മധ്യത്തോടെ തീരുമാനിച്ചു. ആ ഉദ്ദേശ്യത്തിൽ, ബ്ലാന്റൈറിൽ 1956-ൽ കുറെ സ്ഥലം വാങ്ങി. 1958 മേയ് മാസത്തിൽ ആ കെട്ടിടം ഉപയോഗയോഗ്യമായി. സഹോദരങ്ങൾ എത്ര സന്തോഷിച്ചുവെന്നോ!
ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ, ബ്രാഞ്ച് ഓഫീസിന്റെ അടുത്തായി പ്രസിദ്ധമായ മറ്റൊരു കെട്ടിടം ഉയർന്നുവന്നു. മുഡി ഹൗസ് എന്നു പേരുള്ള ആ കെട്ടിടം മലാവിയിലെ പ്രധാനമന്ത്രിയായ ഡോ. ഹേസ്റ്റിങ്സ് കമൂസു ബാൻഡയുടെ ഔദ്യോഗിക വസതി ആയിത്തീർന്നു.
ദുഃഖകരമെന്നു പറയട്ടെ, വളരെ പാടുപെട്ടാണ് ബ്രാഞ്ച് ഓഫീസും ബെഥേൽ ഭവനവും നിർമിച്ചതെങ്കിലും, ഏറെക്കാലം കഴിയുന്നതിനു മുമ്പ് സൊസൈറ്റിക്ക് അതു നഷ്ടമായി.
പ്രോത്സാഹജനകമായ സന്ദർശനം
1963-ൽ സൊസൈറ്റിയുടെ ലോക ആസ്ഥാനത്തുനിന്ന് മിൽട്ടൺ ഹെൻഷൽ മലാവിയിൽ മറ്റൊരു സന്ദർശനം നടത്തി. ലൈബീരിയയിലെ ഒരു കൺവെൻഷനു ശേഷമാണ് അദ്ദേഹം അവിടെ എത്തിയത്. ആ സമ്മേളന സമയത്തു പട്ടാളക്കാർ ഹെൻഷൽ സഹോദരനെയും പ്രാദേശിക സഹോദരങ്ങളെയും ശാരീരികമായി ദ്രോഹിക്കുകയുണ്ടായി. ബ്ലാന്റൈറിൽനിന്ന് ഏതാനും കിലോമീറ്റർ അകലെയായി വിമാനത്താവളത്തിന് അടുത്ത് ഒരു വലിയ ദേശീയ സമ്മേളനം നടത്തി. മലാവിയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള സഹോദരങ്ങൾ, പ്രായമുള്ള ഒരാൾ പറഞ്ഞതുപോലെ “[തെക്കുള്ള] സാഞ്ചെ മുതൽ [വടക്കുള്ള] കരോംഗ വരെയുള്ള” സ്ഥലങ്ങളിൽ നിന്നുള്ള സഹോദരങ്ങൾ, അതിനായി എത്തിയിരുന്നു. ഹെൻഷൽ സഹോദരനും മറ്റുള്ളവരും നടത്തിയ നല്ല പ്രസംഗങ്ങൾ 10,000-ത്തോളം വരുന്ന സദസ്സ് ആസ്വദിച്ചു. യഹോവയുടെ സാക്ഷികളുടെ കൂടിവരവുകൾക്കു വാർത്താമാധ്യമങ്ങളിൽ അപൂർവമായി മാത്രമേ സ്ഥാനം ലഭിച്ചിരുന്നുള്ളൂ. എന്നാൽ, ഇക്കുറി സമ്മേളനത്തെ സംബന്ധിച്ച ഒരു ലേഖനം ഒരു ദേശീയ പത്രത്തിൽ പോലും വരുകയുണ്ടായി.
രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷം കൊടുമ്പിരികൊള്ളുകയായിരുന്നു. അതുകൊണ്ട് ആ സമ്മേളനത്തിൽ സംബന്ധിച്ചതു സഹോദരങ്ങൾക്കു വിശേഷാൽ പ്രോത്സാഹനമായി ഉതകി. ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികൾ ബൈബിൾ തത്ത്വങ്ങൾക്കു വേണ്ടി ഉറച്ച ഒരു നിലപാടു സ്വീകരിക്കുന്നത് എങ്ങനെയെന്ന് അവർ കേട്ടു. ആ സമ്മേളനത്തെ കുറിച്ച് അധ്യക്ഷനായിരുന്ന മാഫാംബാന സഹോദരൻ ഇങ്ങനെ പറഞ്ഞു: “ഈ സമ്മേളനത്തിൽ സംബന്ധിക്കാനായി 600 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണു ചിലർ എത്തിയത് എന്നത് ഓർക്കുക. സമ്മേളനത്തിൽ സംബന്ധിക്കുന്നതു തങ്ങളുടെ ക്രിസ്തീയ കടമയായി കരുതിയ അവർ ആ വ്യവസ്ഥയിൽ എത്തിച്ചേരാൻ കഷ്ടതകൾ അഭിമുഖീകരിക്കാൻ ഒരുക്കമായിരുന്നു. അനേകരുടെയും ഉറച്ച ക്രിസ്തീയ വിശ്വാസത്തിന്റെ തെളിവാണ് അത്.”
കുഴപ്പത്തിന്റെ കാലൊച്ചകൾ
1960-കളുടെ ആദ്യ ഘട്ടത്തിൽ മലാവിയിൽ ദേശീയവികാരം ആളിക്കത്തുക ആയിരുന്നു. ബ്രിട്ടനുമായി ഉണ്ടാക്കിയ ഒരു ഉടമ്പടി അനുസരിച്ച്, 1964-ന്റെ മധ്യത്തിൽ പൊതു തിരഞ്ഞെടുപ്പിനെ തുടർന്ന് മലാവിക്കു സ്വയംഭരണം ലഭിക്കുമായിരുന്നു. അതിനിടെ, ഡോ. ബാൻഡ ആ ബ്രിട്ടീഷ് കോളനിയുടെ ആഭ്യന്തര പ്രധാനമന്ത്രിയായി നിയമിതനായി. പൊതു തിരഞ്ഞെടുപ്പിനു മുമ്പ്, 1963 ഡിസംബർ 30-നും 1964 ജനുവരി 19-നും ഇടയ്ക്കുള്ള സമയത്ത് സമ്മതിദായകർ സ്വമേധയാ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള ക്രമീകരണം ഗവൺമെന്റ് ചെയ്തു.
ഈ സമയത്താണ്, സാൻ ഫ്രാൻസിസ്കോ എക്സാമിനർ (ഐക്യനാടുകളിലെ ഒരു പത്രം) “ഒരു മതയുദ്ധം . . . വിശ്വാസത്തിനെതിരെ നടത്തപ്പെടുന്ന ഒരു ഏകപക്ഷീയ യുദ്ധം” എന്നു വിളിച്ച ഒരു സ്ഥിതിവിശേഷത്തിൽ മലാവിയിലെ യഹോവയുടെ സാക്ഷികൾ അകപ്പെടുന്നത്. യുദ്ധം പ്രഖ്യാപിച്ചത് യഹോവയുടെ സാക്ഷികൾ അല്ലായിരുന്നു. ബൈബിൾ പഠിപ്പിക്കലുകൾക്കു ചേർച്ചയിൽ, അവർ ലൗകിക അധികാരികളോട് ആദരവു പ്രകടമാക്കുകയും മനസ്സാക്ഷിപൂർവം നികുതി കൊടുക്കുകയും ചെയ്തിരുന്നു. (ലൂക്കൊ. 20:19-25; റോമ. 13:1-7) എന്നിരുന്നാലും, തന്റെ അനുഗാമികൾ “ലോകത്തിന്റെ ഭാഗമല്ല” എന്ന് യേശുക്രിസ്തു പറഞ്ഞതിനാൽ യഹോവയുടെ സാക്ഷികൾ രാഷ്ട്രങ്ങളുടെ യുദ്ധങ്ങളും അവയുടെ രാഷ്ട്രീയ കാര്യങ്ങളും സംബന്ധിച്ചു കർശനമായ നിഷ്പക്ഷത പാലിക്കുകയും ചെയ്യുന്നു.—യോഹ. 17:16, NW; പ്രവൃ. 5:28, 29.
സമ്മതിദായകരുടെ രജിസ്ട്രേഷൻ ജ്വരം രാജ്യത്താകമാനം പടർന്നപ്പോൾ, രജിസ്റ്റർ ചെയ്യാതിരിക്കാനുള്ള തങ്ങളുടെ അവകാശം സാക്ഷികൾ പ്രയോഗിച്ചു. എന്നാൽ അവരുടെ നിഷ്പക്ഷ നിലപാടു പാർട്ടി അധികാരികൾ ശ്രദ്ധിച്ചപ്പോൾ, ഉഗ്രമായ പീഡനം പൊട്ടിപ്പുറപ്പെട്ടു. നിർബന്ധിച്ച് സാക്ഷികളുടെ മനസ്സു മാറ്റി അവരെക്കൊണ്ടു പാർട്ടി അംഗത്വ കാർഡുകൾ വാങ്ങിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നു. ആ സമയത്ത് ബ്രാഞ്ച് ഓഫീസിൽ ലഭിച്ച റിപ്പോർട്ടുകൾ അനുസരിച്ച്, 100-ലധികം രാജ്യഹാളുകളും സഹോദരങ്ങളുടെ 1,000-ത്തിലധികം ഭവനങ്ങളും കൊള്ളിവെപ്പിന് ഇരയായി. നൂറുകണക്കിനു വയലുകളും ഭക്ഷണ സംഭരണശാലകളും ചാമ്പലാക്കപ്പെട്ടു. ദുഃഖകരമെന്നു പറയട്ടെ, ഇതിന്റെയൊക്കെ ഫലമായി യഹോവയുടെ സാക്ഷികളുടെ പല കുടുംബങ്ങൾക്കും ആഹാരവും പാർപ്പിടവും ഇല്ലാതായി. ചിലർ അയൽരാജ്യമായ മൊസാമ്പിക്കിലേക്കു പ്രാണരക്ഷാർഥം പലായനം ചെയ്തു. പലർക്കും കനത്ത പ്രഹരമേറ്റു, അതിൽ കെന്നത്ത് ചിമ്പാസ എന്ന സർക്കിട്ട് മേൽവിചാരകനും പെടും. തുടർന്ന്, ഏറെക്കാലം കഴിയുന്നതിനു മുമ്പ് അദ്ദേഹം മരിച്ചു. തെളിവനുസരിച്ച്, മരണകാരണം അദ്ദേഹത്തിന്റെ ശരീരത്തിനേറ്റ പരിക്കായിരുന്നു.
പരിശോധനയിൻ കീഴിൽ ദൃഢവിശ്വസ്തത
പീഡനത്തിൻ കീഴിൽ ദൃഢവിശ്വസ്തത പാലിച്ചതിന്റെ ദൃഷ്ടാന്തങ്ങൾ അനവധിയാണ്. ഉദാഹരണത്തിന്, ബ്ലാന്റൈറിൽനിന്ന് അധികം അകലെയല്ലാതെ താമസിച്ചിരുന്ന രണ്ടു സഹോദരിമാരുടെ കാര്യമെടുക്കാം. അവർക്കു രണ്ടു പേർക്കുമായി 11 കുട്ടികളും ഉണ്ടായിരുന്നു. രാഷ്ട്രീയ സമ്മർദത്തിനു വഴങ്ങി അവരുടെ ഭർത്താക്കന്മാർ രാഷ്ട്രീയ അംഗത്വ കാർഡുകൾ വാങ്ങിയിരുന്നു. ഇപ്പോൾ ആ സഹോദരിമാർക്ക് ആ കാർഡുകൾ വാങ്ങാനുള്ള സമ്മർദം ഉണ്ടായി. അവർ അതിനു വഴങ്ങിയില്ല. സഹോദരിമാരുടെ തീരുമാനത്തിനു മാറ്റമുണ്ടോ എന്നറിയാൻ തങ്ങൾ പിറ്റേന്നു വരുമെന്ന് പാർട്ടി അധികാരികൾ പറഞ്ഞു. പറഞ്ഞതുപോലെ, പിറ്റേന്നു രാവിലെ അവരെ കൊണ്ടുപോകാൻ ഒരു വലിയ ജനാവലി എത്തി. ഒരു പൊതുസ്ഥലത്തേക്കു കൊണ്ടുപോയ അവരെ ബലാൽസംഗം ചെയ്യുമെന്നു ഭീഷണിപ്പെടുത്തുകയും പാർട്ടി കാർഡുകൾ വാങ്ങാത്തതിനു തല്ലുകയും ചെയ്തു. ആ സഹോദരിമാർ തങ്ങളുടെ തീരുമാനത്തിൽ ഉറച്ചുനിന്നു. പിന്നീട്, വീട്ടിൽ പോകാൻ അവരെ അനുവദിച്ചെങ്കിലും പിറ്റേന്നും അവരെ പൊതുസ്ഥലത്തേക്കു കൊണ്ടുവരുകയുണ്ടായി. അന്നും അവരെ തല്ലുകയും ജനക്കൂട്ടത്തിന്റെ നടുവിൽവെച്ച് അവരുടെ വസ്ത്രം ഉരിയുകയും ചെയ്തു. എന്നിട്ടും, ആ സഹോദരിമാർ അചഞ്ചലരായി നിലകൊണ്ടു.
അപ്പോൾ പീഡകർ തങ്ങളുടെ സമീപനത്തിനു മാറ്റം വരുത്തി. “ഞങ്ങൾ നിങ്ങളുടെ ഓഫീസിലേക്കു ഫോൺ ചെയ്ത് യോഹാൻസനോടും മാഫാംബാനയോടും മക്ലക്കിയോടും സംസാരിച്ചു. അവരും [മലാവിയിലെ] മറ്റെല്ലാ യഹോവയുടെ സാക്ഷികളും വാങ്ങിയതുപോലെ, നിങ്ങളും കാർഡുകൾ വാങ്ങണമെന്ന് അവർ പറഞ്ഞു. ഈ രാജ്യത്ത് കാർഡുകൾ വാങ്ങാത്തവരായി നിങ്ങൾ രണ്ടു സ്ത്രീകൾ മാത്രമേ ഉള്ളൂ. നിങ്ങൾ ഇപ്പോൾ കാർഡുകൾ വാങ്ങുന്നതാണ് നല്ലത്.” അപ്പോൾ സഹോദരിമാരുടെ മറുപടി ഇതായിരുന്നു: “ഞങ്ങൾ യഹോവയെ മാത്രമേ സേവിക്കുകയുള്ളൂ. അതിനാൽ ബ്രാഞ്ച് ഓഫീസിലെ സഹോദരങ്ങൾ കാർഡുകൾ വാങ്ങിയാലും ഞങ്ങൾക്ക് ഒന്നുമില്ല. നിങ്ങൾ ഞങ്ങളെ കൊന്നാൽ പോലും ഞങ്ങൾ അതു വാങ്ങുകയില്ല!” (റോമ. 14:12, താരതമ്യം ചെയ്യുക.) ഒടുവിൽ, ആ രണ്ടു സഹോദരിമാരെ സ്വതന്ത്രരായി പോകാൻ അനുവദിച്ചു.
വിശ്വസ്തരായ ആ എളിയ സഹോദരിമാർക്ക് എഴുത്തും വായനയും അറിയില്ലായിരുന്നു. എന്നിട്ടും, അവർക്ക് യഹോവയോടും അവന്റെ നിയമത്തോടും ആഴമായ സ്നേഹം ഉണ്ടായിരുന്നു. അവരുടെ ഉറച്ച നിലപാട് സങ്കീർത്തനം 56:11-ലെ വാക്കുകളെ പ്രതിധ്വനിപ്പിച്ചു: “ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. മനുഷ്യന്നു എന്നോടു എന്തു ചെയ്വാൻ കഴിയും?”
നമ്മുടെ നിലപാടു വ്യക്തമാക്കാനുള്ള ശ്രമങ്ങൾ
ഗുരുതരമായ സംഭവങ്ങൾ പിന്നെയും ഉണ്ടായതിനെ തുടർന്ന് അധികാരികളെ കണ്ട് പീഡനത്തിന് അറുതി വരുത്താൻ സൊസൈറ്റി കഠിനമായി യത്നിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. അങ്ങനെ 1964 ജനുവരി 30-ന് ഡോ. ബാൻഡയുമായി ഒരു അഭിമുഖത്തിന് അനുമതി കിട്ടി. ആ അവസരത്തിൽ, യഹോവയുടെ സാക്ഷികളുടെ നിഷ്പക്ഷ നിലപാട് റോമർ 13-ാം അധ്യായത്തെ അടിസ്ഥാനപ്പെടുത്തി വളരെ വ്യക്തമായി വിശദീകരിക്കാൻ ജാക്ക് യോഹാൻസനു കഴിഞ്ഞു. കേട്ട കാര്യത്തിൽ പ്രധാനമന്ത്രി വളരെ സന്തോഷമുള്ളവനായി കാണപ്പെട്ടു. യോഹാൻസൺ സഹോദരൻ അവിടെനിന്നു പോയപ്പോൾ ഡോ. ബാൻഡ അദ്ദേഹത്തോടു വളരെ നന്ദി പറഞ്ഞു.
എന്നാൽ, വെറും നാലു ദിവസം കഴിഞ്ഞപ്പോൾ മലാൻയി പ്രദേശത്തുവെച്ച് ഒരു കൂട്ടം സാക്ഷികൾ ആക്രമിക്കപ്പെട്ടു. എലാട്ടൺ മ്വാച്ചാൻഡെ മൃഗീയമായി വധിക്കപ്പെട്ടു. മോന മ്വിവാവ്ല എന്ന പ്രായമുള്ള സഹോദരിയുടെ കഴുത്തിൽക്കൂടി ഒരു അമ്പ് തൊടുത്തു വിട്ടിട്ട് ആ സഹോദരി മരിച്ചു എന്നു വിചാരിച്ച് ഉപേക്ഷിച്ചിട്ടു പോയി. എന്നാൽ, ആ സഹോദരി മരിക്കാതെ രക്ഷപ്പെട്ടു. പിന്നീട് ആ റൗഡികളെ വിചാരണ ചെയ്യാൻ അവരുടെ സാക്ഷ്യം ഉപയോഗപ്പെട്ടു. ഇതേക്കുറിച്ചുള്ള വാർത്ത ബ്രാഞ്ച് ഓഫീസിൽ എത്തിയപ്പോൾ, പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഒരു അടിയന്തിര ടെലഗ്രാം അയയ്ക്കുകയുണ്ടായി.
അതിന്റെ ഫലമായി, 1964 ഫെബ്രുവരി 11-ന് ഡോ. ബാൻഡയുമായും അദ്ദേഹത്തിന്റെ മറ്റു രണ്ടു മന്ത്രിമാരുമായും മറ്റൊരു കൂടിക്കാഴ്ച നടന്നു. ജാക്ക് യോഹാൻസന്റെ കൂടെ ഹാരൊൾഡ് ഗൈയും അലക്സാണ്ടർ മാഫാംബാനയും ഉണ്ടായിരുന്നു. ഇത്തവണത്തെ അന്തരീക്ഷം വളരെ വ്യത്യസ്തമായിരുന്നു. ടെലഗ്രാം വായുവിൽ വീശിക്കൊണ്ട് ഡോ. ബാൻഡ പറഞ്ഞു: “മിസ്റ്റർ യോഹാൻസൺ, ഏതർഥത്തിലാണ് താങ്കൾ ഇങ്ങനെ ഒരു ടെലഗ്രാം അയച്ചത്?” നമ്മുടെ നിഷ്പക്ഷ നിലപാടും ദേശത്തെ നിയമങ്ങളോടുള്ള അനുസരണവും സംബന്ധിച്ചു പ്രധാനമന്ത്രിക്കു ശാന്തമായി വിശദീകരിച്ചു കൊടുക്കാൻ സഹോദരന്മാർ ശ്രമിച്ചു. യഹോവയുടെ സാക്ഷികൾ ആക്രമണകാരികളെ മനഃപൂർവം പ്രകോപിപ്പിക്കുക ആണെന്നു പ്രധാനമന്ത്രിയും കൂട്ടരും വാദിച്ചു. ആ കൂടിക്കാഴ്ചകൊണ്ട് യാതൊരു നേട്ടവും ഉണ്ടായില്ല. രാജ്യത്തെ കുഴപ്പത്തിനു കാരണം യഹോവയുടെ സാക്ഷികളാണെന്ന ആരോപണവും ഉയർന്നു. പെട്ടെന്നുതന്നെ രാജ്യം വിട്ടുകൊള്ളണമെന്ന ഭീഷണി യോഹാൻസൺ സഹോദരനുണ്ടായി. എന്നിരുന്നാലും, യഹോവയുടെ സാക്ഷികൾ പ്രകോപനമുണ്ടാക്കി എന്നതിനു വ്യക്തമായ തെളിവു നിരത്താൻ കഴിയാഞ്ഞതിനു തന്റെ രണ്ടു മന്ത്രിമാരോടാണ് ഡോ. ബാൻഡ കൂടുതൽ കോപിച്ചത് എന്നു തോന്നുന്നു.
എന്നാൽ, ഗവൺമെന്റ് അവകാശപ്പെട്ടതുപോലെ യഹോവയുടെ സാക്ഷികൾ അക്രമികളുടെ നേരെ ഏതെങ്കിലും തരത്തിൽ പ്രകോപനം ഇളക്കിവിട്ടു എന്നതിന് മ്വാച്ചാൻഡെ സഹോദരന്റെ വധത്തെ തുടർന്നു നടന്ന വിചാരണയിൽ ആക്റ്റിങ് ജഡ്ജിയായ മിസ്റ്റർ എൽ. എം. ഇ. എമെജുലു യാതൊരു തെളിവും കണ്ടെത്തിയില്ല എന്നതാണു രസാവഹമായ സംഗതി. ജഡ്ജി ഇങ്ങനെ പ്രസ്താവിച്ചു: “പ്രകോപനത്തിനു ഞാൻ യാതൊരു തെളിവും കാണുന്നില്ല. യഹോവയുടെ സാക്ഷികൾ മനഃപൂർവം മതം പ്രചരിപ്പിക്കുകയും ആളുകളെ മതപരിവർത്തനം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട് എന്നതു സത്യമാണ്. എന്നാൽ അവർ തങ്ങളുടെ പൗരകടമകൾ പാലിക്കുകയും തങ്ങളോട് ആവശ്യപ്പെട്ടതെല്ലാം നിവർത്തിക്കുകയും ചെയ്തു . . . ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ ചേരാൻ മാത്രമാണ് അവർ വിസമ്മതിച്ചത്.”
സമ്മതിദായകരുടെ രജിസ്ട്രേഷൻ ജ്വരം അടങ്ങിയപ്പോൾ രാജ്യത്തു സമാധാനത്തിനും സ്വസ്ഥതയ്ക്കും വേണ്ടി പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. “യൂറോപ്യന്മാരോടോ പൊലീസുകാരോടോ ഇന്ത്യക്കാരോടോ യഹോവയുടെ സാക്ഷികളോടു പോലുമോ യാതൊരു ദ്രോഹവും പാടില്ല. അവരോടു ക്ഷമിക്കുക!” എന്ന് അദ്ദേഹം പറഞ്ഞു. 1964 ജൂലൈയിൽ, അത്യധികം ഉത്സാഹത്തിമിർപ്പിന്മധ്യേ നിയാസലാൻഡ് എന്ന ബ്രിട്ടീഷ് കോളനി ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി, അതിന്റെ പേര് മലാവി എന്നു മാറ്റുകയും ചെയ്തു. ഒടുവിൽ പീഡനം അവസാനിച്ചു. അപ്പോഴേക്കും, യഹോവയുടെ സാക്ഷികളായ എട്ടു പേർക്ക് അക്രമത്തിൽ തങ്ങളുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു.
ശാന്തതയുടെ ഒരു ഹ്രസ്വ കാലഘട്ടം
1964 അവസാനിക്കാറായപ്പോഴേക്കും, സഹോദരങ്ങൾക്ക് അതു താരതമ്യേന സമാധാനത്തിന്റെ ഒരു കാലഘട്ടമായിരുന്നു, എല്ലാത്തരം പീഡനങ്ങൾ ഏറ്റിട്ടും ഉറച്ചു നിൽക്കാൻ അവരെ പ്രാപ്തരാക്കിയ “രഹസ്യ”ത്തെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാൻ മുമ്പ് കൊടിയ ശത്രുക്കൾ ആയിരുന്ന ചിലർ ജിജ്ഞാസ കാട്ടി. തത്ഫലമായി, രാജ്യസന്ദേശ പ്രസംഗം വീണ്ടും ഒരിക്കൽ കൂടി മുന്നോട്ടു കുതിച്ചു.
1966-ന്റെ ആദ്യ ഘട്ടത്തിൽ, യഹോവയുടെ സാക്ഷികളുടെ നിഷ്പക്ഷ നിലപാട് ഡോ. ബാൻഡയോട് വിശദീകരിക്കുന്നതിനു മറ്റൊരു അവസരം ലഭിച്ചു. മിഷനറിമാർ രാജ്യത്തു പ്രവേശിക്കുന്നതിനു വാച്ച് ടവർ സൊസൈറ്റി അനുവാദം ചോദിച്ചിരുന്നു. മലാവിയിൽ യൂറോപ്യന്മാരുടെ പ്രവേശനത്തിനുള്ള അനുമതിയെ നിയന്ത്രിച്ചിരുന്ന ഡോ. ബാൻഡ, കൂടുതൽ മിഷനറിമാർ ആവശ്യമായിരിക്കുന്നതിന്റെ കാരണം ആരാഞ്ഞു. അതിന്റെ ഫലമായി, ഡോ. ബാൻഡയും ബ്രാഞ്ച് ദാസനായ മാൽക്കം വൈഗോയും തമ്മിൽ ഒരു കൂടിക്കാഴ്ച നടന്നു. അവരാരും രാഷ്ട്രീയത്തിൽ കൈകടത്താൻ താൻ ആഗ്രഹിക്കുന്നില്ല എന്ന് ഡോ. ബാൻഡ ഊന്നിപ്പറഞ്ഞു. ദേശത്തെ നിയമങ്ങളോടുള്ള തങ്ങളുടെ അനുസരണവും രാഷ്ട്രീയ കാര്യങ്ങളിലുള്ള നിഷ്പക്ഷ നിലപാടും വൈഗോ സഹോദരൻ ഒരിക്കൽ കൂടി വ്യക്തമാക്കി.—റോമ. 13:1-7.
1967 ആയപ്പോഴേക്കും, ശരാശരി പ്രസാധകരുടെ സംഖ്യ 17,000 കവിഞ്ഞിരുന്നു. ഈ സമാധാന കാലയളവിൽ രണ്ടു ഗിലെയാദ് മിഷനറിമാർ കൂടി, കീത്ത് ഇറ്റണും ഭാര്യ ആനും, രാജ്യത്ത് എത്തിച്ചേർന്നു. അവർ ബ്രാഞ്ച് ഓഫീസിൽ വെച്ച് യോഹാൻസൺ ദമ്പതികളെ കണ്ടപ്പോൾ ലിൻഡ ഉത്സാഹപൂർവം അവർക്ക് ഇങ്ങനെ ഉറപ്പു നൽകി: “ആഫ്രിക്കയിൽ ഏറ്റവും സമാധാനമുള്ള രാജ്യത്തേക്കാണു നിങ്ങൾ വന്നിരിക്കുന്നത്!” ഉറഞ്ഞുകൂടിക്കൊണ്ടിരുന്ന പ്രശ്നങ്ങളെക്കുറിച്ച് അവർ അറിഞ്ഞതേയില്ല.
അവസ്ഥ വീണ്ടും വഷളാകുന്നു
ഒരു ഹ്രസ്വകാല ഭാഷാ കോഴ്സിനു ശേഷം കീത്ത് ഇറ്റൺ, ഭാര്യ ആനിനോടൊപ്പം, ഡിസ്ട്രിക്റ്റ് വേലയ്ക്കു നിയമിക്കപ്പെട്ടു. തുടക്കത്തിൽ അവർക്കു കെന്നത്ത് ചിമ്പാസയുടെയും കുടുംബത്തിന്റെയും സ്നേഹപുരസ്സരമായ സഹായം ലഭിച്ചിരുന്നു. ഒന്നിച്ചു വയലിൽ പോകുമ്പോഴൊക്കെ കുട്ടിയായ മെയിംബയ്ക്ക് ഇറ്റൺ സഹോദരന്റെ ബാഗ് പിടിക്കാൻ വലിയ ഉത്സാഹമായിരുന്നു.
1967 ഏപ്രിലിൽ ഇറ്റൺ സഹോദരൻ പാലൊംബെ പ്രദേശത്തുള്ള താംബോ ഗ്രാമത്തിൽ ഒരു സർക്കിട്ട് സമ്മേളനത്തിൽ സേവിച്ചുകൊണ്ടിരിക്കെ, അസ്വസ്ഥകരമായ ഒരു റേഡിയോ വാർത്ത കേട്ടു. യഹോവയുടെ സാക്ഷികൾ പാർട്ടി ഉദ്യോഗസ്ഥർക്കു നേരെയും ‘മലാവി യങ് പയനിയേഴ്സ്,’ ‘ലീഗ് ഓഫ് മലാവി യൂത്ത്’ എന്നീ യുവജന സംഘടനകൾക്കു നേരെയും മനഃപൂർവം പ്രകോപനം ഇളക്കിവിടുന്നതായി ഡോ. ബാൻഡ ആരോപിച്ചു. സാക്ഷികൾ പാർട്ടി അംഗത്വ കാർഡുകൾ വാങ്ങാൻ വിസമ്മതിക്കുക മാത്രമല്ല, അങ്ങനെ ചെയ്യാതിരിക്കാൻ മറ്റുള്ളവരെ സ്വാധീനിക്കുകയും ചെയ്തതായി ആരോപിക്കപ്പെട്ടു.
1964-ലെപ്പോലെ, രാഷ്ട്രീയക്കാർ പാർട്ടി കാർഡുകളുടെ പ്രശ്നം വീണ്ടും കുത്തിപ്പൊക്കി. ആ കാർഡുകൾ വാങ്ങേണ്ടതു സ്വമേധയാ ആയിരിക്കേണ്ടിയിരുന്നെങ്കിലും, അതു വാങ്ങാതിരിക്കുന്നത് അനാദരവായി പാർട്ടി ഉദ്യോഗസ്ഥർ വീക്ഷിച്ചു. “മലാവി എന്ന രാജ്യത്തെ വികസിപ്പിച്ചതിന് [ഡോ. ബാൻഡയോടുള്ള] വിലമതിപ്പ് ഈ രാജ്യത്തെ ആളുകൾക്കു പ്രകടമാക്കാൻ കഴിയുന്ന ഒരു മാർഗമാണ്” പാർട്ടി കാർഡുകൾ വാങ്ങുന്നതെന്ന് അവർ പറഞ്ഞു. പ്രസ്തുത സംഗതിയിൽ യഹോവയുടെ സാക്ഷികളുടെ ഉറച്ച നിലപാടിൽ കോപം പൂണ്ട് പാർട്ടി ഉദ്യോഗസ്ഥർ അവരെക്കൊണ്ടു നിർബന്ധിച്ചു കാർഡുകൾ വാങ്ങിപ്പിക്കുന്നതിനുള്ള പുതിയ ശ്രമങ്ങൾ തുടങ്ങി. സഹോദരങ്ങൾക്ക് എതിരെയുള്ള ദ്രോഹത്തെയും പ്രഹരങ്ങളെയും കുറിച്ചുള്ള റിപ്പോർട്ടുകൾ വീണ്ടും ബ്രാഞ്ചിൽ എത്താൻ തുടങ്ങി.
ഒരിക്കൽ, പാർട്ടി കാർഡ് വാങ്ങാൻ വിസമ്മതിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട ജുംബെ സഭയിലെ ഒരു സഹോദരനെ സന്ദർശിക്കാൻ ചില പാർട്ടി ഉദ്യോഗസ്ഥർ മാൽക്കം വൈഗോയോട് ആവശ്യപ്പെട്ടു. മുറിയിൽ കടക്കുന്നതിനു മുമ്പ്, വൈഗോ സഹോദരൻ നിശ്ശബ്ദമായി പ്രാർഥിച്ചു. പാർട്ടി കാർഡുകൾ വാങ്ങുന്നതു തെറ്റാണെന്ന് വാച്ച് ടവർ സൊസൈറ്റി അതിന്റെ അംഗങ്ങളോടു വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് വൈഗോ സഹോദരൻ അവരോടു പറയും എന്ന് ആ ഉദ്യോഗസ്ഥർ പ്രതീക്ഷിച്ചിരുന്നതായി തുടക്കം മുതലേ വ്യക്തമായിരുന്നു. എന്നാൽ എന്തെങ്കിലും ചെയ്യണമെന്നു സൊസൈറ്റി ആരോടും ആവശ്യപ്പെടുന്നില്ല, മറിച്ച് ഓരോ വ്യക്തിയും സ്വന്തമായ തീരുമാനം കൈക്കൊള്ളേണ്ടതാണ് എന്നു സഹോദരൻ വ്യക്തമാക്കി. ഈ വിശദീകരണത്തിൽ പാർട്ടി ഉദ്യോഗസ്ഥർ സന്തുഷ്ടർ ആയിരുന്നില്ല. അപ്പോൾ എല്ലാ വശത്തുനിന്നും ചോദ്യശരങ്ങളായി. സഹോദരനെ കുഴയ്ക്കാനുള്ള ഉത്സാഹത്തിൽ, അദ്ദേഹം ഒരു ചോദ്യത്തിന് ഉത്തരം പറഞ്ഞു കഴിയുന്നതിനു മുമ്പേ അവർ മറ്റൊരു ചോദ്യം ഉന്നയിക്കുമായിരുന്നു. രണ്ടു മണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിനു ശേഷം, സഹോദരനെ ഒടുവിൽ വിട്ടയച്ചു. അദ്ദേഹം പാർട്ടി കാർഡ് വാങ്ങുകയുണ്ടായില്ല.
നിരോധിക്കപ്പെടുന്നു!
ഭരണകക്ഷിയായ മലാവി കോൺഗ്രസ് പാർട്ടിയുടെ വാർഷിക സമ്മേളനം 1967 സെപ്റ്റംബറിൽ നടന്ന സമയത്തു സ്ഥിതിഗതികൾ മൂർധന്യാവസ്ഥയിൽ എത്തി. അതിൽ പാസാക്കിയ പ്രമേയങ്ങളിൽ ഒന്ന് ഇങ്ങനെ പ്രസ്താവിച്ചു: “യഹോവയുടെ സാക്ഷികളുടെ മതവിഭാഗം ഈ രാജ്യത്തു നിയമവിരുദ്ധമാണെന്നു പ്രഖ്യാപിക്കണമെന്ന് [ഞങ്ങൾ] ശക്തിയായി ശുപാർശ ചെയ്യുന്നു.” കാരണം? ആ പ്രമേയം ഇങ്ങനെ പ്രസ്താവിച്ചു: “രാഷ്ട്രത്തിന്റെ സുഗമമായ പ്രവർത്തനത്തിന് അനുപേക്ഷണീയമായ സമാധാനത്തിന്റെയും ശാന്തിയുടെയും സുസ്ഥിരതയെ അത് അപകടപ്പെടുത്തുന്നു.” പിന്നീട്, കൺവെൻഷനിലെ സമാപന പ്രസംഗത്തിൽ പ്രസിഡന്റ് ഇങ്ങനെ പ്രഖ്യാപിച്ചു: “യഹോവയുടെ സാക്ഷികൾ എല്ലായിടത്തും കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണ്. അതിനാൽ യഹോവയുടെ സാക്ഷികളെ നിരോധിക്കണം എന്ന് ആവശ്യപ്പെടുന്ന ഒരു പ്രമേയം ഈ കൺവെൻഷൻ ഇന്നലെ പാസാക്കുകയുണ്ടായി. ഗവൺമെന്റ് ഇക്കാര്യം വളരെ പെട്ടെന്നു പരിഗണിക്കും എന്ന് എനിക്കു നിങ്ങളോടു പറയാൻ സാധിക്കും.”
വാസ്തവത്തിൽ യഹോവയുടെ സാക്ഷികൾ ‘മലാവിയുടെ സുസ്ഥിരതയ്ക്ക് അപകട’മായിരുന്നോ? ഒരിക്കലുമല്ല! പിൽക്കാലത്ത് ഒരു നിരീക്ഷകൻ മലാവിയിലെ സാക്ഷികളെ കുറിച്ചു പറഞ്ഞത്, അവർ “മാതൃകാ പൗരന്മാ”രും “മടികൂടാതെ നികുതി അടയ്ക്കുന്നവരും രോഗികളെ പരിപാലിക്കുന്നവരും നിരക്ഷരതയോടു പോരാടുന്നവരും” ആണ് എന്നായിരുന്നു. എന്നാൽ, ഗവൺമെന്റ് ‘കാര്യം വളരെ പെട്ടെന്നു പരിഗണിക്കുകതന്നെ ചെയ്തു.’ നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള ഓർഡർ താമസിയാതെ ഒപ്പുവെക്കപ്പെട്ടു. അത് 1967 ഒക്ടോബർ 20-ന് പ്രാബല്യത്തിൽ വന്നു. പത്രത്തിൽ രാഷ്ട്രത്തെ മുഴുവൻ അറിയിക്കുന്ന വിധത്തിൽ വലിയ തലക്കെട്ടു പ്രത്യക്ഷപ്പെട്ടു: “‘ആപത്കര’ മതവിഭാഗത്തെ മലാവി നിരോധിക്കുന്നു.” “മലാവിയിലെ നല്ല ഗവൺമെന്റിനു ഭീഷണി” ആയിരിക്കുന്നതു കൊണ്ടാണു നടപടി എടുക്കുന്നത് എന്നു പ്രസ്താവിച്ചിരുന്നെങ്കിലും, പാർട്ടി അംഗത്വ കാർഡുകൾ വാങ്ങാത്തതായിരുന്നു യഥാർഥ കാരണമെന്നു വ്യക്തമായിരുന്നു. തങ്ങളുടെ ഉറച്ച ബൈബിളധിഷ്ഠിത വിശ്വാസങ്ങൾക്കു ചേർച്ചയിൽ യഹോവയുടെ സാക്ഷികൾ ‘മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കാൻ’ തീരുമാനിക്കുകയാണു ചെയ്തത്.—പ്രവൃ. 5:28, 29.
മുൻകൂട്ടിയുള്ള ഒരുക്കത്തിന്റെ നേട്ടം
നിരോധനം ഉണ്ടാകുന്നതിനു മുമ്പുതന്നെ, യഹോവയുടെ സാക്ഷികൾക്കെതിരെ എന്തോ ഔദ്യോഗിക നടപടി സ്വീകരിക്കാൻ പോകുകയാണെന്നു ബ്രാഞ്ച് ഓഫീസിലെ സഹോദരങ്ങൾക്കു മനസ്സിലായി. സമ്പൂർണമായ നിരോധനം പ്രതീക്ഷിച്ചില്ലെങ്കിലും, അവർ മുൻകരുതലുകൾ സ്വീകരിക്കാൻ തുടങ്ങി. സർക്കിട്ട്, ഡിസ്ട്രിക്റ്റ് മേൽവിചാരകന്മാർക്കു മാർഗനിർദേശവും പ്രോത്സാഹനവും നൽകുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേക യോഗങ്ങൾ സംഘടിപ്പിക്കപ്പെട്ടു. സഭായോഗങ്ങൾ, വയൽശുശ്രൂഷ, സാഹിത്യ ശേഖരങ്ങൾ, കത്തയയ്ക്കൽ തുടങ്ങിയ സംഗതികൾ സംബന്ധിച്ചു പ്രായോഗിക നിർദേശങ്ങൾ നൽകപ്പെട്ടു. അവസ്ഥ പിന്നെയും വഷളായപ്പോൾ, ലഭിച്ച ആ വിവരങ്ങൾ അമൂല്യമെന്നു തെളിഞ്ഞു.
ക്രമേണ ഈ നിർദേശങ്ങൾ സഭകളിലെ സഹോദരങ്ങൾക്കു ലഭിച്ചപ്പോൾ അവർ ഉത്സാഹപൂർവം അവ അനുസരിച്ചു പ്രവർത്തിച്ചു. സൊസൈറ്റിയുടെ ഫാറങ്ങൾ ഉപയോഗിക്കുന്നതു നിർത്തി. പകരം, വെറും കടലാസിൽ സഭാ സേവന റിപ്പോർട്ടുകൾ എഴുതി സന്ദേശവാഹകർ വഴി ബ്രാഞ്ചിൽ എത്തിക്കാൻ തുടങ്ങി. ഓരോ സഭയുടെയും ആവശ്യാർഥം യോഗസമയങ്ങൾക്കു മാറ്റം വരുത്തി. ഗ്രാമത്തിലുള്ളവർ എഴുന്നേൽക്കുന്നതിനു മുമ്പ്, അതായത് ഞായറാഴ്ച രാവിലെ 5:30-ന്, യോഗങ്ങൾ നടത്താൻ ഒരു സഭ തീരുമാനിച്ചു. പ്രസംഗവേലയുടെ കാര്യത്തിൽ, രാജ്യസുവാർത്ത വ്യാപിപ്പിക്കുന്നതിൽനിന്നു യാതൊരു നിരോധനവും യഹോവയുടെ സാക്ഷികളെ തടയുമായിരുന്നില്ല. അപ്പൊസ്തലന്മാരുടെ കാലത്തേതിനു സമാനമായ നിലപാട് നമ്മുടെ വിശ്വസ്ത സഹോദരങ്ങൾ സ്വീകരിച്ചു: “ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നതു പ്രസ്താവിക്കാതിരിപ്പാൻ കഴിയുന്നതല്ല.”—പ്രവൃ. 4:20.
നിരോധനത്തിന് അൽപ്പം മുമ്പ്, ഗവൺമെന്റ് ഗസ്സറ്റിൽ യഹോവയുടെ സാക്ഷികളുടെ മേലുള്ള നിരോധന പ്രഖ്യാപനം വരുന്നുണ്ടെന്ന് വിശ്വസ്ത വൃത്തങ്ങളിൽ നിന്നും ബ്രാഞ്ച് ഓഫീസിനു വിവരം ലഭിച്ചു. അതനുസരിച്ച് സത്വരം പ്രവർത്തിച്ച സഹോദരങ്ങൾ എല്ലാ സുപ്രധാന ഫയലുകളും രേഖകളും, ചില ഉപകരണങ്ങൾ പോലും, വ്യത്യസ്ത സഹോദരങ്ങളുടെ വീടുകളിലേക്കു മാറ്റി. സാഹിത്യങ്ങളാണെങ്കിൽ, ബ്രാഞ്ചിൽനിന്നു വലിയ അളവിൽ രാജ്യത്തെങ്ങുമുള്ള സഭകളിലേക്ക് അയച്ചു. വിലപ്പെട്ട ആത്മീയ ഭക്ഷണം സംരക്ഷിക്കാൻ, ഒരു സഭ വലിയ രണ്ടു വീപ്പകളിൽ പുസ്തകങ്ങൾ നിറച്ച് പിന്നീടത്തെ ഉപയോഗത്തിനായി അവ കുഴിച്ചിട്ടു. സ്വത്തുവകകൾ കണ്ടുകെട്ടാൻ നവംബറിൽ പൊലീസ് എത്തി. വളരെ കുറച്ച് സാഹിത്യങ്ങളും ഫയലുകളും ഉപകരണങ്ങളും മാത്രം കാണാൻ കഴിഞ്ഞ അവർ അന്തം വിട്ടുപോയി.
മിഷനറിമാരെ രാജ്യത്തുനിന്ന് പുറത്താക്കുന്നു
പ്രതീക്ഷിച്ചതു പോലെ, വിദേശ മിഷനറിമാരോടു രാജ്യം വിട്ടുപോകാൻ ആവശ്യപ്പെട്ടു. എന്നാൽ, പോകുന്നതിനു മുമ്പ് തങ്ങളുടെ പ്രിയ സഹോദരങ്ങളെ ശക്തീകരിക്കുന്നതിന് ആവുന്നതെല്ലാം അവർ ചെയ്തു. മാൽക്കം വൈഗോ അക്രമികൾ നശിപ്പിച്ച ഭവനങ്ങൾ സന്ദർശിച്ചു സഹോദരങ്ങളെ ആശ്വസിപ്പിച്ചു. അവരിൽ ഒരാളായിരുന്നു സർക്കിട്ട് മേൽവിചാരകനായ ഫൈൻലി മ്വിൻയെരെ. വൈഗോ സഹോദരൻ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ എത്തിച്ചേർന്നപ്പോൾ മ്വിൻയെരെ സഹോദരൻ കത്തിച്ചാമ്പലായ വീടു നോക്കി നിൽപ്പുണ്ടായിരുന്നു. അദ്ദേഹം പ്രകടമാക്കിയ മനോഭാവമായിരുന്നു പ്രോത്സാഹജനകമായ ഒരു സംഗതി. തന്റെ സർക്കിട്ടിൽ കഷ്ടമനുഭവിച്ച എല്ലാവരെയും കണ്ട് അവരെ ശക്തീകരിക്കാൻ അദ്ദേഹത്തിന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. തനിക്കു നേരിട്ട വ്യക്തിഗത നഷ്ടത്തിൽ അദ്ദേഹം തളർന്നുപോയില്ല.”
തടവിൽ വെക്കപ്പെട്ടിരുന്ന ഏതാണ്ട് 3,000 സഹോദരങ്ങളെ സന്ദർശിക്കാൻ ജാക്ക് യോഹാൻസൺ വടക്കുള്ള ലിലൊങ്വേയിലേക്കു പോയി. അവരിൽ പലരോടും സംസാരിക്കാൻ കഴിഞ്ഞ അദ്ദേഹം അവർക്കു പ്രോത്സാഹനം നൽകി. അവർ അപ്പോഴും സന്തുഷ്ടരായിരുന്നു. വാസ്തവത്തിൽ, പ്രോത്സാഹിതനായാണ് അദ്ദേഹം മടങ്ങിവന്നത്. വിശ്വാസത്തെ ബലപ്പെടുത്തുന്ന ഒരു അനുഭവം എന്ന് അദ്ദേഹം അതിനെ വർണിക്കുകയും ചെയ്തു. സ്ഥിതിവിശേഷം ലജ്ജാവഹം ആണെന്നു ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ പിന്നീട് യോഹാൻസൺ സഹോദരനെ അറിയിച്ചു. നിരോധനത്തിന്റെ ദോഷഫലങ്ങളിൽ ഒന്നു സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്, ഇനി ലിലൊങ്വേയിലെ വൈദ്യുതി സപ്ലൈ തകരാറിലായാൽ സാധ്യതയനുസരിച്ച് അതു പിന്നീടൊരിക്കലും പുനഃസ്ഥാപിക്കപ്പെടുകയില്ല എന്നാണ്. ഏറ്റവും സമർഥരും ആശ്രയയോഗ്യരുമായ തൊഴിലാളികളെയാണു ജയിലിൽ പിടിച്ചിട്ടത്!
എട്ടു വിദേശ മിഷനറിമാരിൽ ആരും സ്വമേധയാ രാജ്യം വിട്ടുപോയില്ല. അവരെ സംബന്ധിച്ചിടത്തോളം, അവർ യാതൊരു തെറ്റും ചെയ്തിട്ടില്ലായിരുന്നു. ഷാർപ്പ് ദമ്പതിമാരെയും യോഹാൻസൺ ദമ്പതിമാരെയും പൊലീസ് അകമ്പടിയോടെ നേരെ വിമാനത്താവളത്തിൽ കൊണ്ടുപോയി രാജ്യം വിട്ടുപോകുന്ന ഒരു വിമാനത്തിൽ കയറ്റിവിട്ടു. മറ്റു രണ്ടു ദമ്പതിമാരെ ബ്ലാന്റൈറിലുള്ള ചിച്ചിറി ജയിലിലേക്കു കൊണ്ടുപോയി. അവർക്ക് അവിടെ ഏതാനും ദിവസം കിടക്കേണ്ടി വന്നു—മാൽക്കമിനെയും കീത്തിനെയും ഒരു ജയിലറയിലും ലിൻഡ ലൂയിസിനെയും ആനിനെയും മറ്റൊരു അറയിലും അടച്ചു. പിന്നീട്, പൊലീസ് അകമ്പടിയോടെ അവരെ വിമാനത്താവളത്തിൽ എത്തിച്ചിട്ട് അവിടെനിന്ന് മൗറീഷ്യസിലേക്കു നാടുകടത്തി. യോഹാൻസൺ ദമ്പതിമാർക്കും വൈഗോ ദമ്പതിമാർക്കും കെനിയയിലേക്കും ഇറ്റൺ ദമ്പതിമാർക്കു റൊഡേഷ്യയിലേക്കും പിന്നീട് പുനർനിയമനം ലഭിച്ചു.
ദുഃഖാർത്ത ഹൃദയങ്ങളോടെ മിഷനറിമാർ തങ്ങളുടെ പ്രിയ സഹോദരങ്ങളെ വിട്ടുപിരിഞ്ഞു. എന്നാൽ മലാവിയിലെ സഹോദരങ്ങൾ ഉപേക്ഷിക്കപ്പെട്ട അവസ്ഥയിൽ ആയിരുന്നില്ല. രാജ്യത്തെങ്ങുമുള്ള 405 സഭകളിൽ സ്നേഹമുള്ള ആത്മീയ ഇടയന്മാരായ മേൽവിചാരകന്മാർ ഉണ്ടായിരുന്നു. (യെശ. 32:2) അലക്സ് മാഫാംബാന പ്രാദേശിക വേലയ്ക്കു നേതൃത്വം നൽകി. മലാവി വയലിന്റെ മേൽനോട്ടം സിംബാബ്വേ (റൊഡേഷ്യ എന്നാണ് അന്നു വിളിച്ചിരുന്നത്) ബ്രാഞ്ചിനായി. പിറ്റേ വർഷം, മലാവിയിലെ സർക്കിട്ട് മേൽവിചാരകന്മാരും നേതൃത്വമെടുക്കുന്ന മറ്റുള്ളവരും സിംബാബ്വേയിൽ വന്ന് ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിലും റിഫ്രഷർ കോഴ്സുകളിലും സംബന്ധിക്കാൻ അവിടെ ഹരാരേയിലുള്ള ബ്രാഞ്ച് ക്രമീകരണം ചെയ്തു. ഈ വിശ്വസ്ത സഹോദരന്മാർ മുഖാന്തരം സർക്കിട്ട് സമ്മേളനത്തിലെയും ഡിസ്ട്രിക്റ്റ് കൺവെൻഷനിലെയും വിവരങ്ങൾ സഭകളിൽ എത്തിച്ചുകൊടുത്തു.
വീണ്ടും കൊടുംക്രൂരതകൾ
നിരോധനത്തെ കുറിച്ചുള്ള വാർത്ത പരന്നതോടെ, പാർട്ടി നേതാക്കന്മാരും ‘മലാവി യങ് പയനിയേഴ്സ്,’ ‘യൂത്ത് ലീഗ്’ എന്നീ സംഘടനകളിലെ അംഗങ്ങളും കടുത്ത പീഡനത്തിനു നേതൃത്വം വഹിച്ചു. പൊലീസിനും കോടതികൾക്കും ചിലപ്പോഴൊക്കെ സഹതാപം തോന്നിയെങ്കിലും, യഹോവയുടെ സാക്ഷികളെ രാജ്യത്ത് നിയമവിരുദ്ധ വിഭാഗമായി മുദ്ര കുത്തിയിരുന്നതിനാൽ അവരുടെ നേർക്കുള്ള അക്രമം തടയാൻ അവർക്കു സാധിച്ചില്ല.
പീഡനം ശക്തി പ്രാപിച്ചതോടെ, രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള യഹോവയുടെ സാക്ഷികളുടെ രാജ്യഹാളുകളും ഭവനങ്ങളും ഭക്ഷ്യസ്റ്റോറുകളും ബിസിനസ് സ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടു. ചില സ്ഥലങ്ങളിൽ അക്രമികൾ എത്തിയത് സാക്ഷികളുടെ സ്വത്തുവകകൾ കൊണ്ടുപോകാനുള്ള ലോറികളുമായാണ്. അത്തരം ഭൗതിക നഷ്ടങ്ങൾ പണപരമായ മൂല്യം വെച്ചുനോക്കുമ്പോൾ വളരെ ചെറുതായിരുന്നെങ്കിലും, മലാവിയിലെ നമ്മുടെ സഹോദരങ്ങളെ സംബന്ധിച്ചിടത്തോളം അവ ആയിരുന്നു അവർക്കു സ്വന്തമായുണ്ടായിരുന്ന സർവവും.
സഹോദരങ്ങൾക്ക് ഏൽക്കേണ്ടിവന്ന പ്രഹരങ്ങളെ കുറിച്ചുള്ള വാർത്തകൾ മലാവിയുടെ എല്ലാ ഭാഗത്തുനിന്നും ലഭിച്ചു. നമ്മുടെ ചില പ്രിയ സഹോദരിമാർക്കു വളരെ കടുത്ത പീഡനം സഹിക്കേണ്ടിവന്നു. പല ക്രിസ്തീയ വനിതകളും ബലാൽസംഗത്തിന് ഇരകളായി, അംഗച്ഛേദം ചെയ്യപ്പെട്ടു, പ്രഹരത്തിന് ഇരകളായി. കണ്ണിൽ ചോരയില്ലാത്ത അക്രമികൾ ആരെയും വെറുതെ വിട്ടില്ല. പ്രായമുള്ളവരെയും പ്രായം കുറഞ്ഞവരെയും ചില ഗർഭിണികളെ പോലും അത്തരം ക്രൂരതകൾക്ക് ഇരകളാക്കി. തത്ഫലമായി, ചിലരുടെ ഗർഭം അലസി. പിന്നെയും, ആയിരങ്ങൾ തങ്ങളുടെ ഗ്രാമം വിട്ടോടാൻ നിർബന്ധിതരായി. പലരും അഭയം കണ്ടെത്തിയത് വനത്തിലാണ്. മറ്റുള്ളവർ താത്കാലിക പ്രവാസികളായി അയൽരാജ്യമായ മൊസാമ്പിക്കിലേക്കു പോയി. 1967 നവംബർ അവസാനം ആയപ്പോഴേക്കും, യഹോവയുടെ സാക്ഷികളുടെ നേർക്കുള്ള മൃഗീയ പീഡനത്തിൽ ചുരുങ്ങിയത് അഞ്ചു പേർക്കെങ്കിലും ജീവൻ നഷ്ടമായി.
നിരോധനത്തോടുള്ള പ്രതികരണം
കടുത്ത പ്രഹരം ഏൽക്കേണ്ടി വന്നിട്ടും യഹോവയുടെ സാക്ഷികൾ പിന്തിരിഞ്ഞില്ല. അവിശ്വസ്തർ ആയിത്തീർന്നവർ വളരെ കുറവായിരുന്നു. വീടും വീട്ടുപകരണങ്ങളുമെല്ലാം നശിപ്പിക്കപ്പെട്ട ഒരാളായിരുന്നു സാംസൺ കുംബാൻയിവ. അദ്ദേഹത്തിന്റെ വസ്ത്രങ്ങളെല്ലാം പിച്ചിച്ചീന്തപ്പെട്ടു. എങ്കിലും, അദ്ദേഹത്തിന്റെ വിശ്വാസം തകർന്നില്ല. ബോധ്യത്തോടെ അദ്ദേഹം പറഞ്ഞു: “ഞാൻ ഒറ്റയ്ക്കല്ലെന്ന് എനിക്ക് അറിയാം, യഹോവ എന്നെ സംരക്ഷിച്ചിരിക്കുന്നു.” വിശ്വാസമുള്ള ഈ സ്ത്രീപുരുഷന്മാർ പ്രകടമാക്കിയ ദൃഢവിശ്വസ്തത യഹോവയ്ക്ക് ബഹുമതിയും “മനുഷ്യൻ തനിക്കുള്ളതൊക്കയും തന്റെ ജീവന്നു പകരം കൊടുത്തുകളയും” എന്ന സാത്താന്റെ വെല്ലുവിളിക്ക് ഉത്തരവുമാണ്.—ഇയ്യോ. 2:4.
പീഡനം മലാവിയിലെ ആത്മാർഥ ഹൃദയരായ ചിലരുടെ മനസ്സാക്ഷിയെ ഉണർത്തുക പോലും ചെയ്തു. യേശുക്രിസ്തുതന്നെ മുൻകൂട്ടി പറഞ്ഞതിനോടു ചേർച്ചയിൽ ആയിരുന്നു അത്. തന്റെ അനുഗാമികൾ പീഡിപ്പിക്കപ്പെടുമെന്ന്, ഭരണാധിപന്മാരുടെ മുമ്പിലേക്കു വലിച്ചിഴയ്ക്കപ്പെടുമെന്ന് അവർക്കു മുന്നറിയിപ്പു കൊടുത്ത ശേഷം പ്രോത്സാഹജനകമായ ഈ വാക്കുകളോടെ അവൻ ഉപസംഹരിച്ചു: “അതു നിങ്ങൾക്കു സാക്ഷ്യം പറവാൻ തരം ആകും.”—ലൂക്കൊ. 21:12, 13.
ഒരു ഭർത്താവ് തന്റെ സാക്ഷിയായ ഭാര്യയെ കുറെക്കാലം എതിർത്തിരുന്നു. എന്നാൽ പീഡനത്തിന്റെ ഫലമായി, കാര്യങ്ങൾ കുറേക്കൂടി വ്യക്തമായി കാണാൻ അയാൾക്കു സാധിച്ചു. നിരോധനം ഏർപ്പെടുത്തി കഷ്ടിച്ചു രണ്ടാഴ്ച കഴിഞ്ഞപ്പോൾ അക്രമാസക്തരായ ഒരു ജനക്കൂട്ടം അയാളുടെ വീട്ടിൽ എത്തി. വീട്ടുകാരൻ സാക്ഷിയല്ലെന്ന് അവർക്ക് അറിയാമായിരുന്നു, അയാളുടെ ഭാര്യയെ തേടിയാണു തങ്ങൾ വന്നിരിക്കുന്നതെന്ന് അവർ വിളിച്ചുപറഞ്ഞു. ആദ്യം വാതിൽ തുറക്കാൻ അയാൾ വിസമ്മതിച്ചു. വീടു കത്തിക്കുമെന്നും അതിലുള്ളവരെ ചുട്ടു ചാമ്പലാക്കുമെന്നും അവർ ഭീഷണി മുഴക്കിയപ്പോൾ മാത്രമാണ് അദ്ദേഹം മടിച്ചുമടിച്ച് അവരെ അകത്തു കടക്കാൻ അനുവദിച്ചത്. ഉടൻതന്നെ അദ്ദേഹം ചങ്ങലകളാൽ ബന്ധിതനായി. പാർട്ടിയുടെ കാർഡ് വാങ്ങാൻ അവർ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. തന്റെ ഭാര്യയുടേത് യഥാർഥ മതം ആയിരിക്കണമെന്ന് അപ്പോൾ അദ്ദേഹം തിരിച്ചറിഞ്ഞു. അന്ന് കാർഡ് വാങ്ങാൻ വിസമ്മതിച്ച അദ്ദേഹത്തിനും ഭാര്യയ്ക്കും പ്രഹരമേറ്റെങ്കിലും, ആ സംഭവം കഴിഞ്ഞ ഉടനെ അദ്ദേഹം ബൈബിൾ പഠിക്കാൻ തുടങ്ങി. പിറ്റേ വർഷം അദ്ദേഹം തന്റെ ജീവിതം യഹോവയ്ക്കു സമർപ്പിക്കുകയും യഹോവയുടെ ഒരു ദാസൻ എന്ന നിലയിൽ തന്റെ ഭാര്യയോടു ചേരുകയും ചെയ്തു.
നിർദോഷികളായ ക്രിസ്ത്യാനികൾക്കു നേരിടുന്ന കഷ്ടതയിൽ ഉത്കണ്ഠാകുലരായ ആളുകൾ മലാവിക്ക് അകത്തുനിന്നും പുറത്തുനിന്നും ശബ്ദമുയർത്താൻ തുടങ്ങി. ചിലർ ഇങ്ങനെ പറയുന്നതു കേൾക്കാമായിരുന്നു: “ദൈവജനം നമ്മുടെ രാജ്യത്തു നിരോധിക്കപ്പെട്ടിരിക്കുന്നതിനാൽ ലോകാന്ത്യ കാലത്തോടു നാം അടുത്തു വരികയാണെന്ന് ഇപ്പോൾ ഞങ്ങൾക്കറിയാം!” 1968 ഫെബ്രുവരിയിലെ വീക്ഷാഗോപുരം, ഉണരുക! ലക്കങ്ങളിൽ വന്ന ലേഖനങ്ങളുടെ ഫലമായി ലോകമെമ്പാടും ഉള്ളവർ മലാവിയിലെ സംഭവങ്ങളെ പ്രതി മുറവിളി കൂട്ടി. ആയിരക്കണക്കിനു കത്തുകൾ മലാവിയിലേക്കു പ്രവഹിച്ചു. അവയിൽ അമർഷവും അതിക്രമങ്ങൾ അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കുന്നതിന് ഗവൺമെന്റിനോടുള്ള ആഹ്വാനവും ഉൾപ്പെട്ടിരുന്നു. ചില പോസ്റ്റ് ഓഫീസുകളിൽ കത്തുകളുടെ പ്രളയത്തെ തുടർന്ന് കൂടുതലായ സഹായം ആവശ്യമായിവന്നു. ഈ സ്ഥിതിവിശേഷത്തോടുള്ള അന്താരാഷ്ട്ര പ്രതികരണം വളരെ തീവ്രവും സ്ഥായിയും ആയിരുന്നതിനാൽ, ഒടുവിൽ പീഡനം അവസാനിപ്പിക്കാൻ പ്രസിഡന്റിന് കൽപ്പന പുറപ്പെടുവിക്കേണ്ടി വന്നു. പാർട്ടിയുടെ അംഗത്വ കാർഡുകൾ വാങ്ങാൻ ആരുടെമേലും സമ്മർദം ചെലുത്തരുതെന്നു പോലും പിന്നീടൊരിക്കൽ ഡോ. ബാൻഡ പറയുകയുണ്ടായി. “നിർബന്ധത്താലല്ല, മറിച്ച് സ്വമനസ്സാലെ കാർഡുകൾ പുതുക്കാൻ ആളുകൾക്കു സ്വാതന്ത്ര്യം ഉണ്ടായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” അദ്ദേഹം പറഞ്ഞു. അതേത്തുടർന്ന്, ആ കൊടുംപീഡനം കുറയാൻ തുടങ്ങി. അതിന്റെ ഫലമായി, തങ്ങളുടെ ഭവനങ്ങളിലേക്കു മടങ്ങിവന്നു സർവപ്രധാനമായ രാജ്യപ്രസംഗ വേല തുടരാൻ നമ്മുടെ ചില സഹോദരങ്ങൾക്കു സാധിച്ചു—എങ്കിലും, നിരോധനം നീക്കം ചെയ്തിട്ടില്ലാഞ്ഞതിനാൽ അത്ര പ്രകടമല്ലാത്ത രീതികളാണ് അവർ തുടർന്ന് ഉപയോഗിച്ചത്.
രഹസ്യത്തിലുള്ള പ്രവർത്തനം
ഇക്കാലത്ത് മാഫാംബാന സഹോദരൻ പ്രാദേശിക വേലയുടെ ചുമതല വിശ്വസ്തമായി നിർവഹിച്ചു. റൊഡേഷ്യ ബ്രാഞ്ചുമായി സമ്പർക്കം പുലർത്തിയ അദ്ദേഹത്തിന് ആ ഓഫീസിലൂടെ സമയോചിതമായ മാർഗനിർദേശങ്ങൾ ലഭിച്ചു. എന്നാൽ പൊലീസ് അദ്ദേഹത്തെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു. അതിനാൽ അദ്ദേഹം വളരെ ജാഗ്രത പുലർത്തേണ്ടിയിരുന്നു. പലപ്പോഴും അദ്ദേഹം അറസ്റ്റിൽനിന്നു കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. ദുഃഖകരമെന്നു പറയട്ടെ, 1969-ൽ അദ്ദേഹം നിര്യാതനായി. മരണകാരണം കാൻസർ ആണെന്നു കരുതപ്പെടുന്നു. തുടർന്ന്, മലാവിയിലെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിന്റെ മേൽനോട്ടം വഹിച്ചിരുന്നത് കെന്നത്ത് ചിമ്പാസ ആയിരുന്നു, 1971-ൽ മസ്തിഷ്ക രക്തസ്രാവം ഉണ്ടായി മരിക്കുന്നതുവരെ അദ്ദേഹം ആ വേലയിൽ തുടർന്നു. തീർച്ചയായും, ദൃഢവിശ്വസ്തത പാലിച്ച ഈ രണ്ടു പേരുടെയും അനേകമായ സത്പ്രവൃത്തികൾ നടക്കാനിരിക്കുന്ന “നീതിമാന്മാരുടെ പുനരുത്ഥാനത്തിൽ” യഹോവ പ്രിയത്തോടെ ഓർക്കും.—ലൂക്കൊ. 14:14; എബ്രാ. 6:10.
അവസ്ഥകൾക്ക് അൽപ്പം അയവു വന്നതോടെ, മലാവിയിലെ സഹോദരങ്ങൾ പുതിയ സാഹചര്യവുമായി ഇണങ്ങിച്ചേർന്നു. അനൗപചാരിക സാക്ഷീകരണത്തിനു പെട്ടെന്നുതന്നെ ഫലമുണ്ടാകാൻ തുടങ്ങി. നിരോധനം ഉണ്ടായിരുന്നിട്ടും, പയനിയർ പ്രവർത്തനം തഴച്ചു. ആയിരക്കണക്കിനു സഭാ പ്രസാധകരോടൊപ്പം സതീക്ഷ്ണം സുവാർത്ത പങ്കുവെക്കുന്ന 925 പയനിയർമാരാണ് 1971-ൽ അവിടെ ഉണ്ടായിരുന്നത്. ആ ലിസ്റ്റിൽ ഒരു പ്രത്യേക പയനിയറും ഉണ്ടായിരുന്നു—ഗ്രെഷം ക്വാസിസിറ. വളരെയധികം പ്രതികൂല സാഹചര്യങ്ങളും വ്യക്തിപരമായ അനേകം പീഡാനുഭവങ്ങളും നേരിടേണ്ടി വന്നിട്ടും, പ്രായാധിക്യത്തിൽ പോലും, അദ്ദേഹം വിശ്വസ്തമായി സേവനം അനുഷ്ഠിച്ചു. 1978-ൽ മരിക്കുന്നതുവരെ യഹോവയെ അചഞ്ചലമായി സേവിക്കുന്നതിൽ തുടരുകയും ചെയ്തു.
സഹോദരങ്ങൾ “പാമ്പിനെപ്പോലെ ബുദ്ധിയുള്ളവ”രാണെന്നു തെളിയിച്ചു. അതിനാൽ, സഭാ റിപ്പോർട്ടുകളും മറ്റു കത്തുകളുമൊക്കെ റൊഡേഷ്യ ബ്രാഞ്ച് ഓഫീസിൽ കിട്ടിക്കൊണ്ടിരുന്നു. (മത്താ. 10:16) രഹസ്യത്തിലുള്ള സജീവമായ പ്രസംഗ പ്രവർത്തനം വളരെ വിജയപ്രദമാണെന്ന് അവ പ്രകടമാക്കി. 1967-ൽ നിരോധനം പ്രാബല്യത്തിൽ വരുന്നതിനു തൊട്ടു മുമ്പ്, 18,519 എന്ന പ്രസാധക അത്യുച്ചം ഉണ്ടായിരുന്നു. 1972-ൽ, നിരോധനം നിലനിൽക്കുകയും പലരും മൊസാമ്പിക്കിലേക്ക് ഓടിപ്പോകുകയും ചെയ്തിട്ടും, റിപ്പോർട്ടു ചെയ്ത പ്രസാധകരുടെ എണ്ണം ഒരു അത്യുച്ചമായിരുന്നു—23,398 പേർ. അവർക്കു ശുശ്രൂഷയിൽ ഓരോ മാസവും ശരാശരി 16 മണിക്കൂറിലധികം ഉണ്ടായിരുന്നു.
“പുതിയ പ്രദേശങ്ങൾ”ക്കു സാക്ഷ്യം ലഭിക്കുന്നു
പ്രസംഗ പ്രവർത്തനത്തിൽ സാക്ഷികൾ വളരെ സൂക്ഷ്മത പുലർത്തിയെങ്കിലും, ചിലർ അറസ്റ്റ് ചെയ്യപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തു. അപ്പോൾ പോലും അവർ നിരുത്സാഹിതരായില്ല. ജയിൽ തങ്ങളുടെ പുതിയ പ്രദേശമായി ഉപയോഗിച്ചുകൊണ്ട് അവർ പ്രസംഗിച്ചുകൊണ്ടേയിരുന്നു.
ബാസ്റ്റൺ മോസസ് യിറെൻദ 1969-ൽ ഏഴു മാസക്കാലം തടവിൽ കഴിഞ്ഞു. ചില തടവുപുള്ളികൾ, അദ്ദേഹം അവരുടെ യുണൈറ്റഡ് ചർച്ചിൽ ചേരാത്തതിന്റെ കാരണം ചോദിച്ചു. സാക്ഷ്യം നൽകാൻ എത്ര നല്ല ഒരു അവസരം! അന്തേവാസികൾ എല്ലാവരും ഉപയോഗിച്ചിരുന്ന പഴകിപ്പറിഞ്ഞ, പേജുകൾ പലതും ഇല്ലാതിരുന്ന ഒരു ബൈബിൾ ഉപയോഗിച്ച് ബൈബിൾ സത്യങ്ങൾ അദ്ദേഹം അവർക്കു കാട്ടിക്കൊടുത്തു. അത് ഒരു ബൈബിൾ അധ്യയനത്തിലേക്കു നയിച്ചു. ആ സഭയുടെ തലവൻ പോലും ബൈബിൾ പഠിച്ചു. ജയിൽമോചിതൻ ആകുന്നതിനു മുമ്പ്, ദൈവവചനത്തിന്റെ അടിസ്ഥാന ഗ്രാഹ്യം നേടാൻ നാലു പേരെ സഹായിക്കാൻ കഴിഞ്ഞതിൽ യിറെൻദ സഹോദരൻ സന്തുഷ്ടനായിരുന്നു.
ഇംഗ്ലീഷ് സഭയിലെ പ്രവർത്തനം
നിരോധന ഫലമായി വിദേശ മിഷനറിമാരെയെല്ലാം രാജ്യത്തിനു പുറത്താക്കിയപ്പോഴും ബിൽ മക്ലക്കി സഹോദരൻ ബ്ലാന്റൈറിൽത്തന്നെ കഴിഞ്ഞു. അദ്ദേഹം ഡെനിസ് എന്ന ദക്ഷിണാഫ്രിക്കക്കാരിയെ ആണു വിവാഹം ചെയ്തിരുന്നത്. തന്റെ കുടുംബ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ അദ്ദേഹം അവിടെ ചെറിയൊരു ബിസിനസ് നടത്തിയിരുന്നു. ബ്ലാന്റൈർ ഇംഗ്ലീഷ് സഭയുടെ പുതിയ യോഗസ്ഥലമായി ഉപയോഗിച്ചത് മക്ലക്കി ദമ്പതിമാരുടെ വീടാണ്. ശ്രദ്ധ ആകർഷിക്കാതിരിക്കാൻ വളരെ അനൗപചാരികമായ വിധത്തിൽ വേണമായിരുന്നു ഈ യോഗങ്ങൾ നടത്താൻ. അതുകൊണ്ട് ഗാനാലാപനമോ കയ്യടിയോ ഒന്നും ഉണ്ടായിരുന്നില്ല.
റൊഡേഷ്യ ബ്രാഞ്ചിൽ സേവിച്ചിരുന്ന ഗിദോ ഓട്ടോ മലാവിയിലേക്കു രഹസ്യമായി സാഹിത്യങ്ങൾ എത്തിക്കാൻ തുടങ്ങിയത് ഇക്കാലത്തായിരുന്നു. മലാവി തടാകക്കരയിൽ ഗിദോയുടെ പിതാവ് ഒരു ചെറിയ ഹോട്ടൽ നടത്തിയിരുന്നു. അതിനാൽ, ഗിദോയുടെ സന്ദർശനങ്ങൾ ഉദ്യോഗസ്ഥർക്ക് അസാധാരണമായി തോന്നിയില്ല. ഓരോ സമയത്തും ഗിദോ എത്രമാത്രം ബൈബിൾ സാഹിത്യങ്ങൾ കൊണ്ടുവന്നിരുന്നു എന്ന് അവർ അറിഞ്ഞതേയില്ല! മക്ലക്കി ദമ്പതികളുടെ വീട്ടിലെ ഒരു രഹസ്യ നിലയറയിലാണു സാഹിത്യങ്ങൾ സൂക്ഷിച്ചത്. അതു കുഴിച്ചുകൊണ്ടിരുന്നപ്പോൾ അത് എന്തിനാണെന്ന് അതിലെ കടന്നുപോകുന്നവർ ചോദിക്കുമായിരുന്നു. “ഓ, ഒരു കക്കൂസ് ഉണ്ടാക്കാൻ” എന്നായിരിക്കും മറുപടി.
ഒരിക്കൽ രാത്രിയിൽ യോഗം നടന്നുകൊണ്ടിരിക്കെ, ഒരു വാഹനം വീടിന്റെ മുമ്പിൽ വന്നുനിന്നു. അത് ആരായിരിക്കും? പൊലീസ് ആയിരിക്കുമോ? അധ്യയന പുസ്തകങ്ങൾ എന്തു ചെയ്യണമെന്നു സഹോദരങ്ങൾക്ക് അറിയില്ലായിരുന്നു. കതകു തുറന്നു, ഗിദോ ഓട്ടോ സുസ്മേരവദനനായി ഉള്ളിൽ പ്രവേശിച്ചു. ഓ, എന്തൊരു ആശ്വാസം!
ഡെനിസ് വിശദീകരിക്കുന്നതു പോലെ, അതിനുശേഷം “ആരെങ്കിലും അകത്തു കടക്കാൻ ശ്രമിച്ചാൽ സാഹിത്യങ്ങളൊക്കെ അടുത്തുള്ള കുട്ടയിൽ നിക്ഷേപിക്കണം എന്ന് ബിൽ സഹോദരങ്ങളോടു പറഞ്ഞു. എന്നിട്ട് കിടക്കമുറിയിലെ ഒരു ദ്വാരത്തിലൂടെ ഞാൻ അതു താഴേക്ക് ഇറക്കണമായിരുന്നു. അങ്ങനെ അതു നിലയറയിൽ ചെല്ലുമായിരുന്നു. യോഗം നടക്കുന്ന ഓരോ സമയത്തും ഒരു ചെറിയ ചായമേശ കൂടി ക്രമീകരിച്ചു വെച്ചിരുന്നു. ആരെങ്കിലും അകത്തു വന്നാൽ, സന്ദർശകരായ ഞങ്ങൾ ചായ കുടിച്ചുകൊണ്ടിരിക്കുകയാണെന്ന് അവർക്കു തോന്നുമായിരുന്നു!”
എന്നാൽ, അവസ്ഥകൾ കൂടുതൽ വഷളായപ്പോൾ ഒരു സ്ഥലത്തുതന്നെ യോഗങ്ങൾ നടത്താൻ കഴിയാതായി. അതിനായി പല ഭവനങ്ങൾ ഉപയോഗിച്ചു. ചിലപ്പോൾ, പിക്നിക്കിനു പോകുന്നതുപോലെ വസ്ത്രം ധരിച്ച് സഹോദരങ്ങൾ വനത്തിൽ കൂടിവരുമായിരുന്നു.
അത്തരം ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായെങ്കിലും, ഇംഗ്ലീഷ് സംസാരിക്കുന്ന ആളുകളോട് അനൗപചാരികമായി സാക്ഷീകരണം നടത്തിക്കൊണ്ട് യഥാർഥ സത്യതത്പരരായ ആളുകളെ കണ്ടെത്താൻ സഹോദരങ്ങൾക്കു കഴിഞ്ഞിരുന്നു. ചുരുക്കം ചിലർ സത്യത്തിൽ വന്നു. അവരിൽ വിക്ടർ ലുൾകർ, ഡാനിയേൽ മാൺ, മൈക്ക് ശർമ തുടങ്ങിയവർ ഇപ്പോഴും ബ്ലാന്റൈർ സഭയിൽ സേവിക്കുന്നു.
ബ്ലാന്റൈറിലെ കോടതിക്കേസുകൾ
മക്ലക്കി ദമ്പതിമാരുടെ ഭവനം 1971-ൽ പൊലീസ് റെയ്ഡ് ചെയ്തപ്പോൾ അവർ സൊസൈറ്റിയുടെ ചില പ്രസിദ്ധീകരണങ്ങൾ കണ്ടെത്തി. കുറ്റം ചുമത്തപ്പെട്ട മക്ലക്കി സഹോദരനോട് ബ്ലാന്റൈറിലെ ലിംബെയിലുള്ള മജിസ്ട്രേറ്റിന്റെ മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ടു. അതേക്കുറിച്ച് അറിഞ്ഞ പ്രാദേശിക സാക്ഷികൾ, തങ്ങളുടെ സ്വാതന്ത്ര്യം അപകടത്തിലാക്കിക്കൊണ്ട്, മക്ലക്കി ദമ്പതികൾക്കു പിന്തുണ നൽകുന്നതിനു കൂട്ടമായി അവിടെ എത്തി. അദ്ദേഹം “കുറ്റക്കാരനല്ല” എന്ന് മജിസ്ട്രേറ്റ് വിധി പ്രഖ്യാപിച്ചപ്പോൾ സഹോദരങ്ങൾ സന്തോഷഭരിതരായി കരഘോഷം മുഴക്കി! വാദിഭാഗം ആ വിധിക്കെതിരെ അപ്പീൽ കൊടുത്തു. അങ്ങനെ പ്രസ്തുത കേസ് ഹൈക്കോടതിയിൽ എത്തി. അപ്പോൾ കുറ്റക്കാരനെന്നു വിധിക്കപ്പെട്ട ബിൽ മക്ലക്കിയെ ഏഴു വർഷത്തെ ജയിൽശിക്ഷയ്ക്കു വിധിച്ചു. എന്നാൽ, അദ്ദേഹത്തെ ജയിലിൽ അടയ്ക്കാൻ അവർ വാസ്തവത്തിൽ ആഗ്രഹിച്ചില്ല. അതിനാൽ രാജ്യം വിട്ടുപോകാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
അങ്ങനെ, ബിൽ മക്ലക്കിയുടെ മലാവിയിലെ വിശ്വസ്തമായ 37-വർഷ സേവനം 1972 ഒക്ടോബറിൽ അവസാനിച്ചു. രാജ്യം വിട്ടുപോകുന്നതിനു മുമ്പ്, തന്റെ രഹസ്യ അറയിലുള്ള സാഹിത്യങ്ങൾ മുഴുവനും ആരും അറിയാതെ എടുത്തുകൊണ്ടു പോകാൻ അദ്ദേഹം സഹോദരങ്ങളെ സംഘടിപ്പിച്ചു. സഹോദരങ്ങൾ കാറുകൾ നിറയെ പുസ്തകങ്ങൾ കൊണ്ടുപോയി! റോഡുബ്ലോക്കുകൾ ഉണ്ടായിരുന്നിടത്ത് ചില കാറുകൾ നിർത്തേണ്ടി വന്നെങ്കിലും, പൊലീസുകാർ ഒറ്റ കാർഡ്ബോർഡ് പെട്ടി പോലും ശ്രദ്ധിച്ചില്ല. മക്ലക്കി ദമ്പതികൾ രാജ്യം വിട്ടുപോകുന്നതിനു മുമ്പ്, അവർ നിലയറയിലേക്കുള്ള പ്രവേശനമാർഗം കോൺക്രീറ്റുകൊണ്ട് അടച്ചു. മലാവിയിലെ യഹോവയുടെ സാക്ഷികളുടെ ചരിത്രത്തിൽ ബിൽ മക്ലക്കിയുടെ വിശ്വസ്തവും ആത്മത്യാഗപരവുമായ സേവനം ദീർഘകാലം സ്മരിക്കപ്പെടും!
മൂന്നാമത്തെ അക്രമപരമ്പരയ്ക്കു വഴിമരുന്നിടുന്നു
പുതിയ രീതിയുമായി സഹോദരങ്ങൾ പരിചയത്തിലായി വന്നപ്പോഴേക്കും വീണ്ടും കുഴപ്പങ്ങൾ തലപൊക്കി. 1972-ൽ നടന്ന മലാവി കോൺഗ്രസ് പാർട്ടിയുടെ വാർഷിക സമ്മേളനത്തിൽ വളരെ അസ്വസ്ഥജനകമായ ചില പ്രമേയങ്ങൾ പാസാക്കപ്പെട്ടു. എല്ലാ യഹോവയുടെ സാക്ഷികളെയും ജോലിയിൽനിന്നു പിരിച്ചുവിടാൻ ആഹ്വാനം ചെയ്യുന്നതായിരുന്നു ആ പ്രമേയങ്ങളിൽ ഒന്ന്. ഒറ്റയാളെയും ഒഴിവാക്കാതെ അതു നിർദയം നടപ്പാക്കപ്പെട്ടു. സാക്ഷികൾ വിശ്വസ്തർ ആയിരുന്നതിനാൽ അവരെ ജോലിക്കു നിർത്താൻ ആഗ്രഹിച്ച സ്ഥാപനങ്ങൾ അതിന് അനുവദിക്കപ്പെട്ടില്ല. സാക്ഷികൾ നടത്തിയിരുന്ന ബിസിനസ് സ്ഥാപനങ്ങൾ പിടിച്ചെടുക്കുകയും അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തു. അതിലും മോശമായതു സംഭവിക്കാനിരിക്കുകയായിരുന്നു.
കൺവെൻഷനിൽ പാസാക്കിയ മറ്റൊരു പ്രമേയം, “ഗ്രാമങ്ങളിൽ പാർക്കുന്ന [യഹോവയുടെ സാക്ഷികളായ] സകലരെയും അവിടെനിന്ന് ഓടിക്കണം” എന്നു പ്രസ്താവിച്ചു. യഹോവയുടെ സാക്ഷികളെ മനുഷ്യ സമൂഹത്തിൽനിന്ന് ഒറ്റപ്പെടുത്താനുള്ള ഫലപ്രദമായ ഒരു ആഹ്വാനം ആയിരുന്നു അത്! അവരുടെ ആയിരക്കണക്കിനു ഭവനങ്ങൾ ചുട്ടെരിക്കുകയോ തകർക്കുകയോ ചെയ്തു. അവരുടെ വിളകൾ നശിപ്പിക്കുകയും മൃഗങ്ങളെ കൊന്നുകളയുകയും ചെയ്തു. ഗ്രാമത്തിലെ കിണറുകളിൽനിന്നു വെള്ളം കോരുന്നതിന് അവർക്കു വിലക്കു കൽപ്പിച്ചു. രാജ്യത്തെമ്പാടും ‘ആഘോഷമായി’ നടത്തിയ കൊള്ളയിൽ അവർക്ക് അക്ഷരാർഥത്തിൽ സകലവും നഷ്ടമായി.
യുവജന പ്രസ്ഥാനങ്ങളിലെ അംഗങ്ങളാണ് ഇന്നോളം നടന്നിട്ടുള്ളതിൽ ഏറ്റവും മൃഗീയവും അത്യുഗ്രവുമായ പീഡനത്തിനു നേതൃത്വം വഹിച്ചത്. ഒരു ഡസ്സനോളം പേർ മുതൽ നൂറോളം പേർ വരെയുള്ള സംഘങ്ങളായി തിരിഞ്ഞ് അവർ യഹോവയുടെ സാക്ഷികളെ തിരഞ്ഞ് ഗ്രാമങ്ങൾ തോറും പോയി.
രാജ്യത്തെമ്പാടും നമ്മുടെ സഹോദരങ്ങൾ വേട്ടയാടപ്പെട്ടു. ബ്ലാന്റൈറിൽ ഒരു കൂട്ടം സഹോദരന്മാരെ വളഞ്ഞു പിടിച്ച് പാർട്ടിയുടെ പ്രാദേശിക ആസ്ഥാനത്തേക്കു കൊണ്ടുപോയി. 1967-ൽ കണ്ടുകെട്ടുന്നതിനു മുമ്പ് അതു സൊസൈറ്റിയുടെ ബ്രാഞ്ച് ഓഫീസായിരുന്നു. അവരുടെ കൂട്ടത്തിൽ, നിരോധനത്തിനു മുമ്പ് ബ്രാഞ്ചിൽ പരിഭാഷകനായി സേവിച്ചിരുന്ന ഗ്രെയ്സൺ കാപ്പിനിംഗയും ഉണ്ടായിരുന്നു. പാർട്ടി അംഗത്വ കാർഡുകൾ വാങ്ങാൻ സഹോദരന്മാർ സുദൃഢം വിസമ്മതിച്ചപ്പോൾ പീഡകർ ഉപ്പും മുളകും ചാലിച്ച് അവരുടെ കണ്ണിൽ തേച്ചു. എന്നിട്ട് വലിയ മുള്ളാണികൾ തറച്ച പലകകൾകൊണ്ട് അവരെ അടിച്ചു. സഹോദരന്മാർ ആരെങ്കിലും വേദനകൊണ്ടു നിലവിളിച്ചാൽ ആ ഗുണ്ടകൾ അവരെ കൂടുതൽ ശക്തിയായി പ്രഹരിച്ചുകൊണ്ട് “നിന്റെ ദൈവം വന്നു നിന്നെ രക്ഷിക്കട്ടെ” എന്നു പറയുമായിരുന്നു.
ഉഗ്രമായ ആക്രമണങ്ങളിൽ പലർക്കും ജീവൻ നഷ്ടമായി. മലാവി തടാകത്തിന്റെ തെക്കേ തീരത്തുള്ള കേപ്പ് മക്ലിർ എന്ന പട്ടണത്തിൽവെച്ച് സെൽഫാറ്റ് ബെയ്ക്കോയുടെ ദേഹത്തു പുല്ലു വെച്ചുകെട്ടി പെട്രോൾ ഒഴിച്ചു തീവെച്ചു. അദ്ദേഹത്തെ അക്ഷരാർഥത്തിൽ ചുട്ടുകൊന്നു!
സഹോദരിമാർക്കും ഭയങ്കരമായ പീഡനം സഹിക്കേണ്ടി വന്നു. പാർട്ടി കാർഡുകൾ വാങ്ങാൻ വിസമ്മതിച്ച പല സഹോദരിമാരെയും പാർട്ടി പ്രവർത്തകർ ആവർത്തിച്ചു ബലാൽസംഗം ചെയ്തു. ലിലൊങ്വേയിൽ, മാഗൊള സഹോദരി മറ്റു പലരോടൊപ്പം കുഴപ്പത്തിൽനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഗർഭിണി ആയിരുന്നതിനാൽ അവർക്കു വേഗത്തിൽ ഓടാൻ കഴിഞ്ഞില്ല. കുറെ ആളുകൾ ഒരു പറ്റം ചെന്നായ്ക്കളെപോലെ പിന്നാലെ ഓടിയെത്തി ആ സഹോദരിയെ തല്ലിക്കൊന്നു.
ലിലൊങ്വേ നഗരത്തിനു പുറത്തായുള്ള ബുൺഡ കാർഷിക കോളെജ് കാമ്പസിൽ വെച്ച് ആറു സഹോദരന്മാരും ഒരു സഹോദരിയും വധിക്കപ്പെട്ടു. അവരുടെ ശരീരങ്ങൾ അതിഭയങ്കരമായി കീറിമുറിക്കുകയും ചെയ്തു. അവിടുത്തെ പ്രിൻസിപ്പലായ തിയഡോർ പിൻനി അക്രമങ്ങളിലുള്ള വ്യക്തിപരമായ പ്രതിഷേധം ഡോ. ബാൻഡയെ അറിയിച്ചു. ഫലമോ? അദ്ദേഹം നാടു കടത്തപ്പെട്ടു!
ആയിരങ്ങൾ പലായനം ചെയ്യുന്നു
കൂട്ടക്കൊല ഉണ്ടാകുമെന്നു വ്യക്തമായതോടെ, 1972 ഒക്ടോബറിൽ യഹോവയുടെ സാക്ഷികളുടെ കൂട്ട പ്രയാണം ആരംഭിച്ചു. ആയിരങ്ങൾ പടിഞ്ഞാറുള്ള സാംബിയയിലേക്കു പലായനം ചെയ്തു. “പല അഭയാർഥികളുടെയും ദേഹത്ത് ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു, വ്യക്തമായും [ആഫ്രിക്കയിൽ] സാധാരണമായി കാണപ്പെടുന്ന പാൻഗാസ് എന്ന വലിയ ഒരുതരം കത്തികൊണ്ടുള്ള മുറിവുകളായിരുന്നു അവ” എന്ന് അതിർത്തിയിൽ ഉണ്ടായിരുന്ന ഒരു ഐക്യരാഷ്ട്ര നിരീക്ഷകൻ പറഞ്ഞു.
സിൻഡ മിസാലെയിലെ അഭയാർഥി ക്യാമ്പുകളിൽ ആ സാക്ഷികളെ പാർപ്പിച്ചു. അതു സ്ഥിതി ചെയ്തിരുന്നത് മലാവി, മൊസാമ്പിക്ക്, സാംബിയ എന്നീ രാജ്യങ്ങളുടെ അതിർത്തികൾ സന്ധിക്കുന്ന ഒരു ത്രികോണ സ്ഥലത്തായിരുന്നു. എന്നാൽ, ശുചിത്വത്തിന്റെ കുറവു നിമിത്തം രോഗങ്ങൾ വേഗം പടർന്നു പിടിച്ചു. ചുരുങ്ങിയ കാലംകൊണ്ട് 350-ലധികം പേർ—അധികവും കുട്ടികൾ—മരണമടഞ്ഞു. ഈ അഭയാർഥികളുടെ ദുരവസ്ഥയെ കുറിച്ചുള്ള വാർത്ത മറ്റു സ്ഥലങ്ങളിലെ ക്രിസ്തീയ സഹോദരങ്ങൾ പെട്ടെന്ന് അറിഞ്ഞു. പിന്നെ, ദുരിതാശ്വാസ സാധനങ്ങളുടെ പ്രവാഹമായി! കൂടാരങ്ങളും വസ്ത്രങ്ങളും മറ്റ് അടിയന്തിര സാമഗ്രികളും ഉൾപ്പെടെ ടൺ കണക്കിനു സാധനങ്ങളാണ് ദക്ഷിണാഫ്രിക്കയിലെ യഹോവയുടെ സാക്ഷികൾ സംഭാവന ചെയ്തത്. കാരെൽ ദെ യാഹറിന്റെയും ഡെന്നിസ് മാക്ഡൊണാൾഡിന്റെയും നേതൃത്വത്തിൽ ഒരു ചെറിയ കൂട്ടം ട്രക്കുകൾ ദക്ഷിണാഫ്രിക്ക ബ്രാഞ്ചിൽനിന്ന് ആ ക്യാമ്പുകളിൽ എത്തി. ആത്മീയ ആവശ്യങ്ങൾ അവഗണിക്കപ്പെട്ടില്ല. ഒരു ട്രക്കിൽ കൊണ്ടുവന്ന 21 കാർഡ്ബോർഡ് പെട്ടികളിൽ ഉണ്ടായിരുന്നത് ബൈബിളുകളും ബൈബിൾ പഠന സഹായികളും ആയിരുന്നു. യേശുക്രിസ്തു പറഞ്ഞ യഥാർഥ ക്രിസ്തീയ സ്നേഹത്തിന്റെ ഈ തെളിവു കണ്ടതിൽ മലാവിയൻ സഹോദരങ്ങൾ എത്രമാത്രം സന്തോഷിച്ചുവെന്നോ!—യോഹ. 13:34, 35.
എന്നാൽ, തങ്ങൾ സാംബിയയിൽ ആർക്കും വേണ്ടാത്ത അതിഥികളാണെന്നു സാക്ഷികൾ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു. ഡിസംബർ ആയപ്പോഴേക്കും, സാംബിയൻ അധികാരികൾ ബലം പ്രയോഗിച്ച് അഭയാർഥികളെ മലാവിയിലേക്കുതന്നെ തിരിച്ചയച്ചു. എത്രയോ നിരാശാജനകമായ സംഗതി! ഓടിപ്പോകാൻ ഒരിടവുമില്ലെന്നു തോന്നിയ നമ്മുടെ സഹോദരങ്ങൾ ഒടുവിൽ മടുത്തു പിൻമാറുമോ? മൈക്കിൾ യാദാംഗ അത് ഇങ്ങനെ സംഗ്രഹിച്ചു പറഞ്ഞു: “കാർഡു വാങ്ങാൻ വിസമ്മതിച്ചതുകൊണ്ട് എനിക്കു പല്ലുകൾ നഷ്ടപ്പെട്ടു. കാർഡു വാങ്ങാൻ വിസമ്മതിച്ചതുകൊണ്ട് എനിക്കു ജോലി നഷ്ടപ്പെട്ടു. ഞാൻ പൊതിരെ തല്ലു കൊണ്ടു. എന്റെ സ്വത്തുക്കൾ നശിപ്പിക്കപ്പെട്ടു. സാംബിയയിലേക്കു പലായനം ചെയ്യാൻ ഞാൻ നിർബന്ധിതനായി—ഇതെല്ലാം ഞാൻ ഒരു കാർഡ് വാങ്ങാൻ വിസമ്മതിച്ചതുകൊണ്ടു മാത്രം. ഇനി, ഞാൻ അതു വാങ്ങാൻ പോകുന്നില്ല.” അവരുടെ ദൃഢവിശ്വസ്തത അപ്പോഴും ഊനമറ്റതായിരുന്നു. “നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാററിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു” എന്ന സങ്കീർത്തനക്കാരന്റെ വാക്കുകൾ വളരെ സത്യമാണ്.—സങ്കീ. 34:19.
ബൈബിളിൽ എബ്രായർ 11-ാം അധ്യായത്തിൽ വിവരിച്ചിരിക്കുന്ന ദൈവദാസന്മാരുടേതിനു സമാനമായ വിശ്വാസം തങ്ങൾക്കുണ്ടെന്ന് ആ വിശ്വസ്ത മലാവിയൻ സാക്ഷികൾ—സ്ത്രീകളും പുരുഷന്മാരും—തെളിയിച്ചുകൊണ്ടിരുന്നു. യഹോവയുടെ ആ പുരാതന ആരാധകരെപ്പോലെ, മലാവിയൻ സാക്ഷികൾ “ഉദ്ധാരണം കൈക്കൊള്ളാതെ” അതായത് യഹോവയാം ദൈവത്തിലുള്ള തങ്ങളുടെ വിശ്വാസം ത്യജിക്കാതെ “ഭേദ്യം ഏററു.” അവരെപ്പോലെ ഈ സാക്ഷികൾ “പരിഹാസം, ചമ്മട്ടി, ചങ്ങല, തടവു ഇവയാലുള്ള പരീക്ഷ അനുഭവിച്ചു.” അവരുടെ കാര്യത്തിൽ എന്നപോലെ, “ലോകം അവർക്കു യോഗ്യമായിരുന്നില്ല.”—എബ്രാ. 11:35, 36, 38.
മൊസാമ്പിക്കിൽ അഭയം
സാംബിയയിൽനിന്നു മടങ്ങിയ അവർക്കു മലാവിയിൽ വീണ്ടും ഉഗ്രമായ പീഡനം അനുഭവിക്കേണ്ടി വന്നു. മലാവിയിൽ കഴിയുക എന്നത് അസാധ്യമായിരുന്നു. തന്മൂലം അവർ വീണ്ടും പലായനം ചെയ്തു—ഇപ്രാവശ്യം മൊസാമ്പിക്കിലേക്ക്. അന്ന് മൊസാമ്പിക്ക് പോർച്ചുഗീസ് അധീനതയിൽ ആയിരുന്നു. അവിടുത്തെ അധികാരികൾ നമ്മുടെ സഹോദരങ്ങളോടു ദയാവായ്പോടെ ഇടപെട്ടു. രാജ്യത്തിന്റെ തെക്കുഭാഗത്തു താമസിച്ചിരുന്നവർ മലാൻയിക്കടുത്തു കൂടി അതിർത്തി കടന്നു കാരിക്കോയിലുള്ള അഭയാർഥി ക്യാമ്പിലേക്കു പലായനം ചെയ്തു. 1986 വരെ പലരും അവിടെയാണു കഴിഞ്ഞത്.
മലാവിയുടെ പശ്ചിമ അതിർത്തിയിൽ നിന്ന് ഡെഡ്സ, ങ്ചെയൂ എന്നീ നഗരങ്ങൾക്ക് ഇടയിലൂടെ മൊസാമ്പിക്കിൽ എത്തുക എളുപ്പമായിരുന്നു. അവിടെ അതിർത്തിയായി വർത്തിക്കുന്ന പ്രധാന വീഥി കടന്നാൽ സഹോദരങ്ങൾക്കു മറ്റേ രാജ്യത്ത് അഭയം തേടാൻ കഴിയുമായിരുന്നു. മൊസാമ്പിക്കിന്റെ ആ ഭാഗത്ത് മ്ലാംഗെനിക്ക് അടുത്തായിരുന്നു ക്യാമ്പുകളുടെ സ്ഥാനം. മിക്കവരും പലായനം ചെയ്തത് അവിടേക്ക് ആയിരുന്നു.
കാരിക്കോയിലും മ്ലാംഗെനിക്ക് അടുത്തും ഉണ്ടായിരുന്ന ഈ ക്യാമ്പുകൾ 34,000 സ്ത്രീപുരുഷന്മാർക്കും കുട്ടികൾക്കും അഭയമേകി. മൂപ്പന്മാരുടെ നേതൃത്വത്തിൽ ദൈവജനത്തിന്റെ മുഴു സഭകളും ഈ ക്യാമ്പുകളിലേക്കു കാൽനടയായി പുറപ്പെട്ടു. ആ യാത്രയിൽ ആരും അവരെ വാഹനത്തിൽ കയറ്റി സഹായിക്കരുതെന്നു മലാവിയിലെ അധികാരികൾ കൽപ്പിച്ചു.
ക്യാമ്പുകളിൽ താമസമാക്കിയ ആ ദൈവദാസർ ഒരു പുതിയ ജീവിതരീതിക്കു തുടക്കമിടുകയായിരുന്നു. ആദ്യമൊക്കെ, ഭൗതികമായി വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. സകലതും വീണ്ടും ആദ്യം തൊട്ട് തുടങ്ങേണ്ടിയിരുന്നു. അധികം കഴിയുന്നതിനു മുമ്പ്, വരിവരിയായി വീടുകൾ പണിതു. ക്യാമ്പുകൾ വൃത്തിയും വെടിപ്പുമുള്ളതായി സൂക്ഷിച്ചു. സൊസൈറ്റിയും ലൗകിക സഹായ ഏജൻസികളും നൽകിയിരുന്ന റേഷനുകൾക്കു പുറമേ, പല സഹോദരങ്ങളും സ്വന്തമായി കൃഷിയും തുടങ്ങി. മറ്റു ചിലർക്കു തങ്ങൾ ഉണ്ടാക്കിയ കരകൗശല വസ്തുക്കൾ ചുറ്റുമുള്ള ഗ്രാമങ്ങളിൽ വിൽക്കാനോ അംശകാല ജോലി കണ്ടെത്താനോ സാധിച്ചു. ഭൗതികമായി സമ്പന്നർ അല്ലായിരുന്നെങ്കിലും, അടിസ്ഥാന ജീവിത സൗകര്യങ്ങൾ ഉള്ളതിൽ നമ്മുടെ സഹോദരങ്ങൾ സംതൃപ്തരായിരുന്നു. (1 തിമൊ. 6:8) ആത്മീയമായിട്ടാണെങ്കിൽ അവർ സമ്പന്നരായിരുന്നു!
ക്യാമ്പുകളിലെ സംഘാടനം
കെന്നഡി അലിക്ക് ഡിക്ക്, മൊറിസ് മാബ്വുംബെ, വില്ലർഡ് മാറ്റെംഗോ തുടങ്ങിയ മൂപ്പന്മാരും—പിന്നീട് മറ്റുള്ളവരും അവരോടു ചേർന്നു—ഒരു കൺട്രി കമ്മിറ്റി ആയി സേവിച്ചു. സഹോദരങ്ങളുടെ ആത്മീയ ആവശ്യങ്ങൾ നിവർത്തിക്കുന്നതിലെ അവരുടെ അക്ഷീണ ശ്രമങ്ങൾ നിമിത്തം അവർ വളരെയധികം ആദരിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്തു. “നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിച്ചുകൊൾവിൻ” എന്ന ബൈബിൾ ഉദ്ബോധനം ഈ വിശ്വസ്ത മൂപ്പന്മാർ സഗൗരവം സ്വീകരിച്ചു. (1 പത്രൊ. 5:2) ക്യാമ്പുകളിൽ അവർ പല ആത്മീയ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. യഹോവയുടെ സാക്ഷികളുടെ മിക്ക ഭവനങ്ങളിലെയും പതിവു പോലെ, ദിനവാക്യത്തിന്റെ ആത്മീയ പരിചിന്തനത്തോടെ തങ്ങളുടെ ദിവസത്തിനു തുടക്കം കുറിക്കുന്നതിൽ ആ മൂപ്പന്മാർ ശ്രദ്ധിച്ചു. വീക്ഷാഗോപുരം മാസിക ഉപയോഗിച്ചുള്ള ബൈബിൾ അധ്യയനങ്ങളും പരസ്യ പ്രസംഗങ്ങളും സമ്മേളനങ്ങൾ പോലും പതിവായി നടത്തപ്പെട്ടു. അത്തരം ആത്മീയ കരുതലുകൾ വളരെ മൂല്യമുള്ളതാണെന്ന് ആ അഭയാർഥികൾ തിരിച്ചറിഞ്ഞു.
ആദ്യമൊക്കെ, യോഗങ്ങൾ നടത്തിയിരുന്നത് ഒരു കേന്ദ്ര സ്ഥാനത്തായിരുന്നു—മധ്യത്തിലുള്ള ഒരു പ്ലാറ്റ്ഫാറത്തിൽ. ബൈബിൾ പ്രബോധനത്തിനും ക്യാമ്പുകളിലെ വ്യത്യസ്ത ചുമതലകൾ സംബന്ധിച്ച നിർദേശങ്ങൾക്കുമായി ഓരോ ദിവസവും ആയിരങ്ങൾ അവിടെ സമ്മേളിക്കുമായിരുന്നു. പിന്നീട്, സഭകൾ സ്വന്തം രാജ്യഹാളുകൾ ഉണ്ടാക്കി അവയിൽ യോഗങ്ങൾ നടത്താനുള്ള പ്രോത്സാഹനം നൽകപ്പെട്ടു. ക്രമേണ, വ്യത്യസ്ത ക്യാമ്പുകളിലായി അഞ്ചു സർക്കിട്ടുകൾ സംഘടിപ്പിക്കപ്പെട്ടു.
നിരോധനത്തിനു മുമ്പ്, മിഷനറിമാരിൽനിന്നു ലഭിച്ച പരിശീലനം കൺട്രി കമ്മിറ്റിയിൽ സേവിക്കുന്ന സഹോദരന്മാരും മറ്റുള്ളവരും നന്നായി പ്രയോജനപ്പെടുത്തിയിരുന്നു. ക്യാമ്പുകൾ സംഘടിപ്പിക്കാൻ ഇത് അവരെ സഹായിച്ചു. മൊത്തത്തിൽ, ഒരു വലിയ ഡിസ്ട്രിക്റ്റ് കൺവെൻഷൻ നടക്കുന്ന വിധത്തിലായിരുന്ന അഭയാർഥി ക്യാമ്പുകളുടെ പ്രവർത്തനം. ശുചീകരണം, ഭക്ഷ്യ വിതരണം, സുരക്ഷ തുടങ്ങിയ സംഗതികൾ ഉൾപ്പെടെ നാനാവിധ ആവശ്യങ്ങൾക്കായി നിരവധി ഡിപ്പാർട്ടുമെന്റുകൾ സ്ഥാപിക്കപ്പെട്ടു.
മിക്കവാറും എല്ലാ യഹോവയുടെ സാക്ഷികൾക്കും മലാവിക്കു വെളിയിൽ പ്രവാസികളായി കഴിയേണ്ടി വന്നിട്ടും ചില പീഡകർക്കു തൃപ്തി ആയിരുന്നില്ല. ചിലപ്പോഴൊക്കെ ശത്രുക്കൾ അതിർത്തി കടന്നുചെന്ന് അടുത്തുള്ള ക്യാമ്പുകളിലെ സഹോദരങ്ങളെ ആക്രമിക്കുമായിരുന്നു. അതിനാൽ, യഹോവയുടെ ജനത്തിന്റെ സുരക്ഷാർഥം പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കേണ്ടിവന്നു.
കൺട്രി കമ്മിറ്റി ഒരു കൂട്ടം സഹോദരന്മാരെ സേവകരായും കാവൽക്കാരായും നിയമിച്ചു. അവർ ക്യാമ്പുകളുടെ എല്ലാ കവാടങ്ങളിലും കാവൽ നിന്നു. മ്ലാംഗെനി ക്യാമ്പിലെ ഈ സേവകരുടെ മേൽവിചാരണ ബാസ്റ്റൺ ലൊങ്വേക്കാണ് നൽകപ്പെട്ടത്. ക്യാമ്പിൽ എല്ലായിടത്തും പോയി നിയമിക്കപ്പെട്ട സഹോദരങ്ങൾ അവരുടെ വ്യത്യസ്ത സ്ഥാനങ്ങളിൽ ഉണ്ടോ എന്നു പരിശോധിക്കുന്നത് അദ്ദേഹത്തിന്റെ നിയമനത്തിൽ ഉൾപ്പെട്ടിരുന്നു. താമസിയാതെ അദ്ദേഹത്തിന് “സെവെൻ-റ്റൂ-സെവെൻ” എന്ന കളിപ്പേരു ലഭിച്ചു. വാസ്തവത്തിൽ, എല്ലാ ദിവസവും രാവിലെ മുതൽ രാത്രി വരെ (ഏഴു മുതൽ ഏഴു വരെ) ക്രിസ്തീയ സഹോദരങ്ങളെ സംരക്ഷിക്കുന്നതിനുള്ള തന്റെ ഉത്തരവാദിത്വം നന്നായി നിറവേറ്റുന്ന വിശ്വസ്ത സഹോദരനായ ലൊങ്വേയെ ക്യാമ്പിന്റെ എല്ലാ ഭാഗങ്ങളിലും കാണാമായിരുന്നു. സഹോദരങ്ങളിൽ മിക്കവരും അദ്ദേഹത്തെ “സെവെൻ-റ്റൂ-സെവെൻ” എന്നാണ് ഇപ്പോഴും വിളിക്കുന്നത്. ചിലർ അദ്ദേഹത്തിന്റെ യഥാർഥ പേര് മറന്നുപോയിരിക്കാം. എങ്കിലും, മ്ലാംഗെനി ക്യാമ്പിൽ കഴിഞ്ഞിട്ടുള്ള ഏതൊരാളും തങ്ങളെപ്രതി അദ്ദേഹം ചെയ്ത വിശ്വസ്ത സേവനത്തെ ഊഷ്മളമായി ഓർമിക്കുന്നുണ്ടാകും.
മൊസാമ്പിക്കിലെ താത്കാലിക വാസം പീഡനത്തിൽ നിന്നുള്ള വിടുതൽ പ്രദാനം ചെയ്തു. മാത്രമല്ല, വരാനിരിക്കുന്ന പീഡാനുഭവങ്ങളെയും വെല്ലുവിളികളെയും അഭിമുഖീകരിക്കാൻ സജ്ജരാകുന്നതിന് അത് അവരെ സഹായിക്കുകയും ചെയ്തു. അവർ തങ്ങളുടെ സഹോദരങ്ങളോടു കൂടുതൽ അടുത്തു. യഹോവയിൽ കൂടുതൽ ആശ്രയിക്കാൻ അവർ പഠിച്ചു. പിൽക്കാലത്ത് ഒരു സഞ്ചാര മേൽവിചാരകനായി സേവിച്ച ലെമൺ കാബ്വാസി ഇങ്ങനെ പറയുന്നു: “നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടായിരുന്നു. ഭൗതികമായി ഞങ്ങൾ ദരിദ്രർ ആയിരുന്നു. എന്നാൽ ഞങ്ങളുടെ എല്ലാ ആത്മീയ ആവശ്യങ്ങളും നിറവേറ്റപ്പെട്ടു. ഞങ്ങൾ അന്യോന്യം വളരെ അടുത്തു കഴിഞ്ഞതിനാൽ, സഹോദരങ്ങളെ അടുത്തറിയാനും അവരെ സ്നേഹിക്കാനും ഞങ്ങൾക്കു കഴിഞ്ഞു. മലാവിയിലേക്കു മടങ്ങിവന്നപ്പോൾ അതു ഞങ്ങൾക്കു വളരെ സഹായമായി.”
വീണ്ടും വേട്ടയാടപ്പെടുന്നു!
ദുഃഖകരമെന്നു പറയട്ടെ, പീഡകർ തങ്ങളുടെ അക്രമം നിർത്തിയതു കേവലം താത്കാലികമായിട്ടായിരുന്നു. 1975 ജൂണിൽ മൊസാമ്പിക്കിനു സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ആ മുഴു രാജ്യവും ദേശീയത്വ വികാരത്തിന്റെ പിടിയിലമർന്നു. യഹോവയുടെ സാക്ഷികളുടെ നിഷ്പക്ഷ നിലപാട് ആ രാജ്യത്തെ പുതിയ നേതാക്കന്മാർക്കു മനസ്സിലായില്ല. വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിച്ച നമ്മുടെ സഹോദരങ്ങൾ മ്ലാംഗെനി പ്രദേശത്തുനിന്ന് അതിർത്തിക്ക് ഇപ്പുറത്തേക്കു പോരാൻ നിർബന്ധിതരായി—വീണ്ടും പീഡകരുടെ കൈകളിലേക്ക്.
മടങ്ങിപ്പോയ അഭയാർഥികളെ അതിർത്തിയിൽവെച്ച് മധ്യമേഖലാ മന്ത്രിയായ ശ്രീ. ജെ. റ്റി. കുംബ്വെസ ബാൻഡ കണ്ടു. അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങൾ സ്വന്ത ഇഷ്ടപ്രകാരം മലാവി വിട്ടുപോയി, ഇപ്പോൾ സ്വന്ത ഇഷ്ടപ്രകാരം മടങ്ങിവന്നിരിക്കുന്നു. ഗ്രാമങ്ങളിൽ ചെന്ന് പാർട്ടി അധ്യക്ഷന്മാരുമായി സഹകരിക്കുക.” മലാവി യങ് പയനിയേഴ്സിനെയും യുവജന ലീഗ് അംഗങ്ങളെയും പരാമർശിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു: “പാർട്ടിയുമായി നിങ്ങൾ സഹകരിക്കുന്നു എന്ന് ഉറപ്പു വരുത്താൻ എന്റെ കുട്ടികൾ ഇവിടെയുണ്ടായിരിക്കും.” തന്മൂലം, അവസ്ഥ മെച്ചപ്പെടുമെന്ന് യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു.
അന്ന് മലാവിയിലേക്കു മടങ്ങാൻ നിർബന്ധിതരായ ചിലർക്കു രാജ്യത്തിനു കുറുകെ യാത്ര ചെയ്ത്, ദക്ഷിണപൂർവ അതിർത്തി കടന്നു മൊസാമ്പിക്കിലെ മിലാംഗെ ക്യാമ്പുകളിലെ സഹോദരങ്ങളോടു ചേരാൻ കഴിഞ്ഞു. എന്നാൽ അത് അവരുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായില്ല. ഉദാഹരണത്തിന്, 1980-കളുടെ ഒടുവിൽ മിലാംഗെ ക്യാമ്പുകൾ പിരിച്ചുവിടുന്നതു വരെ ഒരു സർക്കിട്ട് മേൽവിചാരകനായി സേവിച്ച ഫിഡെസി ദാലാമയ്ക്ക്, ഗറില്ലാ പോരാളികളുടെ ആക്രമണത്തിൽ തന്റെ ഭാര്യയെ നഷ്ടപ്പെട്ടു. എന്നാൽ സൗമ്യപ്രകൃതമുള്ള ഈ സഹോദരൻ യഹോവയെ തുടർന്നും തീക്ഷ്ണമായി സേവിക്കുന്നു.
1975-ൽ മലാവിയിലേക്കു തിരിച്ചുവരാൻ നിർബന്ധിതരായവർക്ക് അവിടെത്തന്നെ കഴിയേണ്ടിവന്നു. ക്ഷീണിച്ചു വലഞ്ഞ് തങ്ങളുടെ ഗ്രാമങ്ങളിലേക്കു മടക്കയാത്ര ചെയ്ത ഈ ആയിരങ്ങളെക്കൊണ്ടു വഴികൾ നിറഞ്ഞു. അവരിൽ പലരെയും സംബന്ധിച്ചിടത്തോളം, അതു കടുത്ത പീഡനം അനുഭവിക്കുന്നതുപോലെ ആയിരുന്നു.
ആദ്യമൊക്കെ തങ്ങളുടെ ഗ്രാമങ്ങളിൽ പിന്നെയും വാസമുറപ്പിക്കാൻ മിക്കവരും അനുവദിക്കപ്പെട്ടു. എന്നാൽ, ദീർഘകാലം കഴിയുന്നതിനു മുമ്പ് യഹോവയുടെ സാക്ഷികളെ നിർബന്ധിപ്പിച്ചു “പാർട്ടിയുമായി സഹകരി”പ്പിക്കാൻ “കുട്ടികൾ” എത്തുമായിരുന്നു. ‘യുവജന ലീഗ്’ അംഗങ്ങൾ നമ്മുടെ സഹോദരങ്ങളുടെ വീടുകൾ വളഞ്ഞ് തങ്ങളുടെ പാർട്ടിയുടെ അംഗത്വ കാർഡുകൾ വാങ്ങണമെന്ന് ആവശ്യപ്പെട്ടു. എല്ലാ വീടുകളിലെയും ഉത്തരം ഒന്നുതന്നെ ആയിരുന്നു—വാങ്ങില്ല! എന്നാൽ നിരസനം ഹേതുവായി സഹോദരങ്ങൾക്ക് എല്ലാത്തരം ഹീനമായ പെരുമാറ്റങ്ങൾക്കും വിധേയരാകേണ്ടി വന്നു. സ്ത്രീകളും കുട്ടികളും പോലും ഈ നിഷ്കളങ്കരായ ക്രിസ്ത്യാനികളെ തല്ലാൻ കൂടി. പുരുഷന്മാർക്കും സ്ത്രീകൾക്കും എതിരെയുള്ള ഹീനമായ ലൈംഗിക ദ്രോഹം റിപ്പോർട്ടു ചെയ്യപ്പെട്ടു. നിർബന്ധിച്ച് അധാർമികതയിൽ ഏർപ്പെടുത്താൻ ക്രിസ്തീയ സ്ത്രീപുരുഷന്മാരെ ഒരുമിച്ചു കൂട്ടിക്കെട്ടിയിട്ട തരം ഞെട്ടിക്കുന്ന സംഭവങ്ങൾ പോലും റിപ്പോർട്ടു ചെയ്യപ്പെട്ടു.
സാധാരണ ജീവിതം നയിക്കുന്ന കാര്യത്തിൽ പോലും, യഹോവയുടെ സാക്ഷികൾക്കു തങ്ങളുടെ ദൃഢവിശ്വസ്തയ്ക്ക് എതിരെ നിരന്തര വെല്ലുവിളി ഉണ്ടായി. ആശുപത്രികൾ, കമ്പോളങ്ങൾ, സ്കൂളുകൾ, പൊതു വാഹനങ്ങൾ എന്നിവയിലൊക്കെ യൂത്ത് ലീഗ് അംഗങ്ങൾ പാർട്ടി കാർഡ് ഇല്ലാത്തവരെ തിരയുന്നുണ്ടായിരുന്നു. വെളിപ്പാടു 13:16, 17-ലെ വാക്കുകൾക്കു ചേർച്ചയിൽ, ‘മൃഗത്തിന്റെ മുദ്രയില്ലാതെ’—ലോക രാഷ്ട്രീയ വ്യവസ്ഥയെ പിന്തുണയ്ക്കുന്നു എന്നതിന്റെ തെളിവ് ഇല്ലാതെ—‘വാങ്ങാനോ വിൽക്കാനോ,’ അതായത് സാധാരണ ജീവിതം നയിക്കാൻ, ആർക്കും കഴിഞ്ഞില്ല.
ഈ പ്രതികൂല സാഹചര്യങ്ങളിലെല്ലാം യഹോവയുടെ സാക്ഷികൾ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാതെ ഉറച്ചുതന്നെ നിലകൊണ്ടു. എന്നാൽ പീഡകരും മടുത്തു പിൻമാറിയില്ല. പലതും സംഭവിക്കാനിരുന്നതേ ഉണ്ടായിരുന്നുള്ളൂ.
കൂട്ടത്തോടെ ജയിലിലേക്കു കൊണ്ടുപോകുന്നു
യഹോവയുടെ സാക്ഷികളുടെ എല്ലാ സഭകളിലും ഉള്ളവരെ തിരഞ്ഞു പിടിച്ച് ജയിലുകളിലാക്കി. നാസി തടങ്കൽ പാളയങ്ങളെ ഓർപ്പിക്കുന്ന വിധത്തിലായിരുന്നു അവയിൽ പലതും പ്രവർത്തിച്ചിരുന്നത്. ദുഃഖകരമെന്നു പറയട്ടെ, ചില കേസുകളിൽ കൊച്ചു കുട്ടികളെയും ശിശുക്കളെയും അവരുടെ പരിഭ്രാന്തരായ മാതാപിതാക്കളുടെ അടുക്കൽനിന്നും ബലമായി മാറ്റുക പോലും ചെയ്തു. ഈ കുട്ടികളിൽ ചിലർക്കു പരിചരണമേകിയത് അവരുടെ സാക്ഷികളല്ലാത്ത ബന്ധുക്കളായിരുന്നു. മറ്റു പല കുട്ടികളുടെയും പരിപാലനത്തിനാണെങ്കിൽ ആരുമില്ലായിരുന്നു. 1976 ജനുവരി ആയപ്പോഴേക്കും രാജ്യത്തെങ്ങുമായി സാക്ഷികളായ 5,000-ത്തിലധികം സ്ത്രീപുരുഷന്മാർ ജയിലിലടയ്ക്കപ്പെട്ടു.
ആദ്യമൊക്കെ അവിടുത്തെ അവസ്ഥകൾ ഭയങ്കരമായിരുന്നു. ആളുകൾ തിങ്ങിപ്പാർത്തതിനാൽ രോഗങ്ങൾ പടർന്നുപിടിച്ചു. ക്രൂരന്മാരായ ഗാർഡുകൾ അവരുടെ ദുരിതം വർധിപ്പിച്ചതേ ഉള്ളൂ. അവരിൽ ഒരാൾ സഹോദരന്മാരോട് ഇങ്ങനെ വെല്ലുവിളിച്ചു: “സർക്കാർ ക്രമീകരിച്ചിരിക്കുന്നതു പോലെ, ഞങ്ങൾ നിങ്ങളെ ഞങ്ങളുടെ ട്രാക്ടറുകൾ ആക്കും.” വിശ്രമമോ ഭക്ഷണമോ കൂടാതെ സൂര്യോദയത്തിനു മുമ്പു മുതൽ അസ്തമയത്തിനു ശേഷംവരെ പണിയെടുക്കാൻ താൻ പലപ്പോഴും നിർബന്ധിതനായിരുന്നു എന്ന് ബാസ്റ്റൺ മോസസ് യിറെൻദ ഓർമിക്കുന്നു!
പിൻവരുന്നപ്രകാരം എഴുതിയ ഒരു കഷണം ടോയ്ലറ്റ് പേപ്പർ കുപ്രസിദ്ധമായ സാലെക്ക ജയിലിൽനിന്നു കടത്തിക്കൊണ്ടുവരാൻ ഒരു സഹോദരനു കഴിഞ്ഞു: “ഒരാൾ വല്ലാത്ത രോഗാവസ്ഥയിൽ ആണെങ്കിൽ പോലും, അയാളെ നിർബന്ധിച്ചു ജോലി ചെയ്യിക്കുന്നു. രോഗികളായ കുട്ടികളെ ദോവ ആശുപത്രിയിലേക്കാണ് അയയ്ക്കുന്നത് . . . യഹോവയുടെ സാക്ഷികളിൽ പെട്ട രോഗികളെ അവർ ശുശ്രൂഷിക്കാറില്ല. യഹോവയുടെ ജനത്തിന്റെ കശാപ്പുശാല എന്നാണു ഞങ്ങൾ ദോവ ആശുപത്രിയെ വിളിക്കുന്നത്.”
നമ്മുടെ സഹോദരങ്ങളെ നിരുത്സാഹപ്പെടുത്താനും അവരുടെ ദൃഢവിശ്വസ്തത തകർക്കാനും ആവുന്നതെല്ലാം ചെയ്യാൻ ജയിൽ ഗാർഡുകൾ ശ്രമിക്കുന്നതു പോലെ കാണപ്പെട്ടു. പക്ഷേ അവർ വിജയിച്ചില്ല! പ്രതികൂല സാഹചര്യങ്ങളെ എങ്ങനെ നേരിടാമെന്ന് യഹോവയുടെ ജനത പഠിച്ചുകഴിഞ്ഞിരുന്നു. ഒരു സിമന്റ് കൂടിന്റെ കഷണത്തിൽ എഴുതിയിരുന്ന കുറിപ്പിൽ വിശ്വാസത്തെ ബലപ്പെടുത്തുന്ന ഈ വാക്കുകൾ അടങ്ങിയിരുന്നു: “സന്തോഷ വാർത്ത. പീഡിപ്പിക്കപ്പെടുകയും കല്ലു ചുമക്കേണ്ടി വരുകയും ചെയ്യുന്നെങ്കിലും, സഹോദരങ്ങൾ സന്തുഷ്ടരാണ്.”
പ്രസിഡന്റായ ഡോ. ബാൻഡയുടെ ഓഫീസിലേക്കു മറ്റു ദേശങ്ങളിൽനിന്ന്—യഹോവയുടെ സാക്ഷികളും അല്ലാത്തവരുമായ പലരും അയച്ച—നിരവധി പ്രതിഷേധ കത്തുകൾ ലഭിച്ചു. എന്നാൽ, ആ അഭ്യർഥനകൾ ബധിര കർണങ്ങളിലാണു പതിച്ചത്. നമ്മുടെ സഹോദരങ്ങൾക്കു ജയിലിൽത്തന്നെ കഴിയേണ്ടിവന്നു.
‘ദൈവവചനത്തിന് ബന്ധനം ഇല്ല’
അത്തരം അവസ്ഥകളിലും ഈ ജയിലുകളിൽ ക്രിസ്തീയ യോഗങ്ങൾ ക്രമീകരിക്കാൻ സഹോദരങ്ങൾക്കു കഴിഞ്ഞു. സാഹിത്യങ്ങൾ ഒളിച്ചു കടത്തി സഹോദരങ്ങളുടെ ഇടയിൽ വിതരണം ചെയ്തു. അത് എങ്ങനെയാണു സാധിച്ചത്? സാലെക്ക ജയിലിൽ അവർക്ക് എങ്ങനെ ഒരു വാർഷികപുസ്തകം ലഭിച്ചുവെന്ന് ബാസ്റ്റൺ മോസസ് യിറെൻദ പറയുന്നു:
“തടവുപുള്ളി അല്ലായിരുന്നെങ്കിലും ജയിലിലെ പൂന്തോട്ടങ്ങളിൽ ജോലി ചെയ്തിരുന്ന ഒരു സഹോദരൻ ഉണ്ടായിരുന്നു. അദ്ദേഹം ജയിലിൽ പതിവായി വരുകയും പോകുകയും ചെയ്തിരുന്നതിനാൽ ഗാർഡുകൾ അദ്ദേഹത്തെ ഒരിക്കലും പരിശോധിക്കാറില്ലായിരുന്നു. ഗാർഡുകൾക്കു പച്ചക്കറി കൊണ്ടുവന്ന സമയത്ത് അദ്ദേഹം ആ പുസ്തകം ഷർട്ടിന്റെ ഉള്ളിൽ ഒളിച്ചു വെച്ചിരുന്നു. തിരികെ പോകുന്നതിനു മുമ്പ്, അത് ഒരു സഹോദരനെ ഏൽപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. വാർഷികപുസ്തകം ലഭിച്ചതിൽ ഞങ്ങൾ അത്യധികം സന്തോഷിച്ചു. കാരണം, അക്കാലത്ത് അതിൽ എല്ലാ ദിനവാക്യങ്ങളും അഭിപ്രായങ്ങളും കൊടുത്തിരുന്നു. ഉടൻതന്നെ അതിലെ എല്ലാ വാക്യങ്ങളും അഭിപ്രായങ്ങളും ടോയ്ലെറ്റ് പേപ്പറിന്റെ കഷണങ്ങളിൽ എഴുതുന്ന ജോലി ഞങ്ങൾ പെട്ടെന്നുതന്നെ ആരംഭിച്ചു. അതിനു കുറെയധികം റോളുകൾതന്നെ വേണ്ടിവന്നു! രണ്ടാഴ്ച കഴിഞ്ഞ് ഒരു കാവൽക്കാരൻ ആ പുസ്തകം കണ്ടുപിടിച്ചു. എന്നാൽ അപ്പോഴേക്കും അതിന്റെ കോപ്പികൾ ഞങ്ങൾ ക്യാമ്പിലെങ്ങും വിതരണം ചെയ്തുകഴിഞ്ഞിരുന്നു. സഹോദരിമാരെ ഇട്ടിരുന്ന സ്ഥലത്തും അതിന്റെ കോപ്പികൾ എത്തിക്കാൻ ഞങ്ങൾക്കു സാധിച്ചു.”
സാലെക്ക ജയിലിൽ ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകം ചെറിയ കൂട്ടങ്ങളായാണു ഞങ്ങൾ ആഘോഷിച്ചത്. “ഏപ്രിൽ 14-ാം തീയതിയിലെ സുന്ദര ദിനത്തിൽ കൂടിവന്നവർ 1,601 ആയിരുന്നു” എന്നു പ്രസ്താവിക്കുന്ന ഒരു കത്ത് സൊസൈറ്റിക്കു ലഭിക്കുകയുണ്ടായി. സാലെക്ക ജയിലിൽവെച്ചു ചിഹ്നങ്ങളിൽ പങ്കുപറ്റിയത് 13 പേരാണ്. സ്മാരകത്തെ കുറിച്ചുള്ള റിപ്പോർട്ട് ഇങ്ങനെയും പ്രസ്താവിച്ചു: “പ്രസംഗത്തിനു മുമ്പും, യോഗത്തിനു ശേഷവും ഓരോ സെല്ലിലെയും സഹോദരങ്ങൾ ഗീതങ്ങൾ ആലപിച്ചു.”
ക്രമേണ, ജയിലിലെ അവസ്ഥകൾക്കു മയം വരാൻ തുടങ്ങി. ചില ഗാർഡുകൾ സഹോദരങ്ങളോടു വളരെ സൗഹൃദത്തിൽ പോലുമായി. ജയിൽ സേവനത്തിൽനിന്നു വിരമിച്ചപ്പോൾ ഒരു ഗാർഡ് സത്യം സ്വീകരിക്കുക പോലും ചെയ്തു. ഇപ്പോൾ അദ്ദേഹം മാക്കുമ്പ സഹോദരനാണ്. അദ്ദേഹത്തിന്റെ പുത്രനും തന്റെ ജീവിതം യഹോവയ്ക്കു സമർപ്പിച്ചിരിക്കുന്നു. “ദൈവവചനത്തിന്നോ ബന്ധനം ഇല്ല” എന്നു പൗലൊസ് അപ്പൊസ്തലൻ പ്രഖ്യാപിച്ചതു പോലെയാണ് അത്.—2 തിമൊ. 2:9.
നിരോധന സമയത്ത് യഹോവയെ സേവിക്കുന്നു
പീഡനത്തിന്റെ തീവ്രത ഒരിക്കൽക്കൂടി കുറഞ്ഞു. 1979 ആയപ്പോഴേക്കും യഹോവയുടെ സാക്ഷികളിൽ മിക്കവരും ജയിൽമോചിതരായി കഴിഞ്ഞിരുന്നു. അയൽക്കാർക്ക് അവരെക്കുറിച്ചു ജിജ്ഞാസയായി. “നിങ്ങളെ എന്തിനാണു ജയിലിലേക്ക് അയച്ചത്?” “എല്ലാവരും എന്തിനാണു യഹോവയുടെ സാക്ഷികളെ പീഡിപ്പിക്കുന്നത്?” എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ബൈബിൾ ചർച്ചകൾക്കു വഴി തുറന്നു. അങ്ങനെ പലരും യഹോവയുടെ ദാസർ ആയിത്തീർന്നു. യഹോവയുടെ സാക്ഷികൾ ആയിത്തീർന്നാൽ, യേശുക്രിസ്തു മുൻകൂട്ടി പറഞ്ഞതുപോലെ തങ്ങളും വിദ്വേഷ പാത്രമാകുമെന്ന് അവർക്കു വ്യക്തമായി അറിയാമായിരുന്നു; എന്നിട്ടും, യഹോവയുടെ സാക്ഷികൾ വാസ്തവത്തിൽ സത്യമതം ആചരിക്കുന്നവർ ആണെന്ന് അവർ തിരിച്ചറിഞ്ഞു. (ലൂക്കൊ. 21:17; യാക്കോ. 1:27) യഹോവയുടെ സാക്ഷികളായിരുന്നവരുടെ, സത്യം പഠിച്ചുവന്ന മക്കളെക്കാൾ അധികം പേരാണ് സാക്ഷീകരണത്തിന്റെ ഫലമായി പുതുതായി സ്നാപനമേറ്റു സാക്ഷികൾ ആയിത്തീർന്നത് എന്ന കാര്യം രസാവഹമാണ്.
അക്കാലത്ത്, യോഗങ്ങളിലും വയൽ ശുശ്രൂഷയിലും ഉപയോഗിക്കുന്നതിനായി ബൈബിൾ സാഹിത്യങ്ങൾ എങ്ങനെയാണു രാജ്യത്ത് എത്തിച്ചിരുന്നത്? 1970-കളുടെ ഒടുവിൽ മലാവി വയലിന്റെ മേൽനോട്ടം സാംബിയ ബ്രാഞ്ചിനു കൈമാറപ്പെട്ടു. കാരണം, സാംബിയയ്ക്കും മലാവിക്കും ഇടയ്ക്ക് ഒരു പൊതു അതിർത്തി ഉണ്ടായിരുന്നു. എന്നാൽ മലാവിക്കും സിംബാബ്വേയ്ക്കും ഇടയിൽ അത്തരം ഒരു പൊതു അതിർത്തി ഇല്ലായിരുന്നു. സാംബിയയിലെ സാഹിത്യ ഡിപ്പോകളിൽ പലതും മലാവിയുടെ അതിർത്തിയോടു ചേർന്നുള്ള തന്ത്രപ്രധാനമായ സ്ഥാനങ്ങളിൽ സ്ഥാപിച്ചിരുന്നു. വാഹനങ്ങൾ സ്വന്തമായുണ്ടായിരുന്ന ചുരുക്കം ചില സഹോദരങ്ങൾ സാംബിയയിൽനിന്നു തങ്ങളുടെ വാഹനങ്ങളിൽ സാഹിത്യങ്ങൾ മലാവിയിലേക്ക് ഒളിച്ചു കടത്തുമായിരുന്നു. നിരോധനത്തിന്റെ ആ ആദ്യകാല വർഷങ്ങളിൽ ചെക്ക്പോസ്റ്റുകൾ കുറവായിരുന്നതിനാൽ ഈ രീതി വളരെ ഫലപ്രദമെന്നു തെളിഞ്ഞു.
സഹോദരങ്ങൾക്ക് ആവശ്യമായ പുസ്തകങ്ങളും മാസികകളും ലഭിച്ചപ്പോൾ യോഗങ്ങൾ ക്രമീകരിക്കുക സാധ്യമായി. തീർച്ചയായും, ഒരു രാജ്യഹാളിൽ പരസ്യമായി കൂടിവരാൻ കഴിയുമായിരുന്നില്ല. അതിനു പകരം, അയൽക്കാർക്കും മറ്റു ഗ്രാമീണർക്കും ശബ്ദം കേൾക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ സഹോദരങ്ങൾ രഹസ്യമായി കൂടിവന്നു—മിക്കപ്പോഴും രാത്രിയിൽ. ചില സഹോദരങ്ങൾക്കു സാധാരണമായി ഗ്രാമത്തിനു പുറത്ത് പിതൃസ്വത്തായി കിട്ടിയ സ്ഥലം ഉണ്ടായിരുന്നു. കൂടിവരാൻ അനുയോജ്യമായ സ്ഥലങ്ങളായിരുന്നു അവ. വലിയൊരു കൂട്ടം ഒരേസമയത്ത് യോഗസ്ഥലത്തേക്കു പോകുന്നത് അനാവശ്യമായ ശ്രദ്ധ ക്ഷണിച്ചുവരുത്തും എന്നതിനാൽ ചെറിയ കൂട്ടങ്ങളായാണു സഹോദരങ്ങൾ യാത്ര ചെയ്തത്. എല്ലാവരും അവിടെ എത്തിക്കഴിഞ്ഞാൽ യോഗം തുടങ്ങുകയായി. രാജ്യഗീതങ്ങൾ ഹൃദയംഗമമായി പാടാൻ കഴിഞ്ഞില്ല—വളരെ ശബ്ദം താഴ്ത്തിയാണു പാടിയിരുന്നത്. നല്ലൊരു പ്രസംഗത്തിനു ശേഷം, ഉത്സാഹപൂർവം കയ്യടിക്കാനും കഴിഞ്ഞിരുന്നില്ല—കൈത്തലങ്ങൾ ചേർത്തു മൃദുവായി തിരുമ്മുക മാത്രം ചെയ്യാനേ കഴിയുമായിരുന്നുള്ളൂ.
എങ്കിലും, യോഗങ്ങളിൽ എല്ലാവരും സമയോചിതമായ ആത്മീയ ഭക്ഷണം വിലമതിച്ചു. അതേ പ്രബോധന പരിപാടി ആസ്വദിക്കുന്ന ലോകമെമ്പാടുമുള്ള സഹോദരങ്ങളുമായി തങ്ങൾ ഐക്യപ്പെട്ടിരിക്കുന്നു എന്ന ചിന്ത അത് അവരിൽ ഉളവാക്കി. സർവപ്രധാനമായ പ്രസംഗ വേലയ്ക്കായി സജ്ജരാകാൻ അത്തരം യോഗങ്ങൾ സഹോദരങ്ങളെ സഹായിച്ചു. വളരെ വിവേകപൂർവം പ്രസംഗ പ്രവർത്തനം നടത്തേണ്ടിയിരുന്നു.
ധീര സഞ്ചാരസേവകർ
മലാവിയിലേക്കു സാഹിത്യങ്ങൾ കൊണ്ടുവരാൻ കുറെ കാലം വലിയ ബുദ്ധിമുട്ടൊന്നും ഇല്ലായിരുന്നു. എങ്കിലും, 1980-കളിൽ ആ അവസ്ഥയ്ക്കു മാറ്റം വന്നു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ചെക്ക്പോസ്റ്റുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. വാഹനങ്ങൾ പരിശോധിക്കുന്നതിൽ പൊലീസ് കൂടുതൽ ജാഗ്രത കാട്ടി. സാംബിയയിലെ ഡിപ്പോകളിൽനിന്നു സാഹിത്യങ്ങൾ കൊണ്ടുവരാൻ മേലാൽ വാഹനങ്ങൾ ഉപയോഗിക്കാൻ കഴിയാതായി. അപ്പോൾ എന്തു ചെയ്യുമായിരുന്നു?
സൈക്കിളുകൾ കൂടുതൽ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങി. വനത്തിലൂടെ സൈക്കിൾ ചവിട്ടി പോകുന്നതിനാൽ സഹോദരങ്ങൾക്കു റോഡുബ്ലോക്കുകളും അതിർത്തിയിലെ ക്രോസിങ്ങുകളും ഒഴിവാക്കാൻ കഴിഞ്ഞിരുന്നു. അത്തരം ഒരു സഞ്ചാരസേവകനായി (courier) പ്രവർത്തിക്കാൻ നല്ല ധൈര്യവും ശക്തമായ വിശ്വാസവും ആവശ്യമായിരുന്നു. എന്നാൽ, അവരുടെ വിശ്വസ്ത സേവനത്തെ യഹോവയാം ദൈവം വ്യക്തമായും അനുഗ്രഹിച്ചു. ഈ അനുഭവങ്ങൾ ശ്രദ്ധിക്കുക:
സൈക്കിളിന്റെ പിന്നിൽ ഒരു ചാക്കിൽ മാസികകളും വെച്ച് ലിലൊങ്വേയിലൂടെ ലെറ്റ്സൺ മ്ലൊങ്കൊട്ടി, സൈക്കിൾ ചവിട്ടി വരുകയായിരുന്നു. പ്രസിഡന്റ് വരുന്നതും കാത്ത്, പൊലീസുകാരും ‘മലാവി യങ് പയനിയേഴ്സും’ ഉൾപ്പെടെ ആളുകൾ കൂട്ടമായി റോഡിന്റെ ഇരുവശവും നിൽക്കുന്നതു കണ്ട അദ്ദേഹത്തിനു വളരെ ഭയം തോന്നി. ഒരു വളവു തിരിഞ്ഞുപോകവേ ചാക്കു നിലത്തു വീണു തുറക്കുക കൂടി ചെയ്തപ്പോൾ അദ്ദേഹത്തിന്റെ ഭീതി ഇരട്ടിച്ചു. മാസികകൾ എല്ലാവരും കാൺകെ റോഡിൽ ചിതറിവീണു! ആളുകൾ അദ്ദേഹത്തിനു ചുറ്റും കൂടി. ഏറ്റവും മോശമായതു സംഭവിക്കുമെന്നാണു നമ്മുടെ സഹോദരൻ പ്രതീക്ഷിച്ചത്. എന്നാൽ അവർ ആ മാസികകൾ ചാക്കിലാക്കാൻ തന്നെ സഹായിക്കുകയാണെന്ന് അദ്ദേഹം പെട്ടെന്നു തിരിച്ചറിഞ്ഞു. തെല്ലൊന്നു ചകിതനായെങ്കിലും, പൊലീസുകാരുടെയും മലാവി യങ് പയനിയേഴ്സിന്റെയും കണ്ണുകൾ അന്ധമാക്കിയതിൽ യഹോവയ്ക്കു നന്ദി പറഞ്ഞുകൊണ്ട് ആശ്വാസത്തോടെ അദ്ദേഹം വീണ്ടും സൈക്കിളിൽ യാത്രയായി.
ഫ്രെഡ് ലേമെക്ക്, ഗ്വിരിസ സഭയിലേക്കുള്ള ചില പ്രധാനപ്പെട്ട തപാൽ ഉരുപ്പടികൾ കൊണ്ടുപോകുകയായിരുന്നു. കാസുംഗുവിന് അടുത്തുള്ള ഒരു ഇറക്കത്തിൽ അദ്ദേഹം വളരെ വേഗത്തിൽ താഴേക്കു പോകുമ്പോഴാണ് യുവജന ലീഗ് അംഗങ്ങൾ നിൽക്കുന്ന ഒരു ചെക്ക്പോസ്റ്റ് മുന്നിലായി അദ്ദേഹം കണ്ടത്. അവിടെ എത്തുന്നതിനു മുമ്പ്, അദ്ദേഹം സൈക്കിൾ നിർത്തി നേരെ തിരിഞ്ഞ് വേഗത്തിൽ വിപരീത ദിശയിൽ സൈക്കിൾ വിട്ടു. യുവജന ലീഗിലെ അംഗങ്ങൾ അദ്ദേഹത്തോടു നിൽക്കാൻ ആവശ്യപ്പെട്ടു. “നിങ്ങൾ എവിടെ പോകുന്നു?” അവർ ഉച്ചത്തിൽ വിളിച്ചു ചോദിച്ചു. അപ്പോൾ ആ സഞ്ചാരസേവകൻ ഇങ്ങനെ പറഞ്ഞു, “വേഗത്തിൽ പോന്നതിനാൽ എനിക്കു തിരിയേണ്ട വളവ് ഞാൻ വിട്ടുപോയി!” ആ വിശദീകരണം അവർക്കു ബോധിച്ചതിൽ അദ്ദേഹത്തിന് അത്ഭുതമായി. തന്നെ സംരക്ഷിച്ചതിന് അദ്ദേഹം യഹോവയ്ക്കു നന്ദി പറഞ്ഞു.
എന്നാൽ ഈ ധീര സഹോദരന്മാരിൽ പലരും പിടിക്കപ്പെട്ടു, ജയിലിൽ കിടക്കേണ്ടിയും വന്നു. അവരിൽ മിക്കവരും കുടുംബസ്ഥരായിരുന്നു.
ഒരു പതിവു “വിനോദ സഞ്ചാരി”
സാംബിയ ബ്രാഞ്ച് കമ്മിറ്റിയിലെ ഒരു അംഗമായ എഡ്വേർഡ് ഫിഞ്ച് 1987 മുതൽ മലാവിയിൽ പതിവായി സന്ദർശനം നടത്താൻ തുടങ്ങി. പ്രസിദ്ധമായ വിനോദ സഞ്ചാര സ്ഥലമായിരുന്നു മലാവി. തന്നെയുമല്ല, ഫിഞ്ച് സഹോദരനു ബ്ലാന്റൈറിൽ ഒരു ബന്ധുവും ഉണ്ടായിരുന്നു. അതിനാൽ “അവധി”ക്കായി മലാവിയിൽ വരുക അദ്ദേഹത്തിന് എളുപ്പമായിരുന്നു. സ്വരാജ്യമായ റൊഡേഷ്യയിൽ പയനിയറിങ് നടത്തിക്കൊണ്ടിരിക്കെ, വെറും 19 വയസ്സുള്ളപ്പോൾ, എഡ് ഫിഞ്ച്, ഗിദോ ഓട്ടോയോടൊപ്പം മക്ലക്കി ദമ്പതികളുടെ നിലയറയിൽ സാഹിത്യങ്ങൾ നിറയ്ക്കാൻ വരുമായിരുന്നു. ഇപ്പോൾ, ഗിലെയാദ് സ്കൂളിൽനിന്നു ബിരുദം നേടിയ ഫിഞ്ച് സഹോദരൻ മലാവിയോടുള്ള ബന്ധത്തിൽ കൂടുതൽ കാര്യങ്ങൾക്കു നിയോഗിക്കപ്പെട്ടു.
വേണ്ടത്ര ബൈബിൾ സാഹിത്യങ്ങൾ മലാവിയിൽ എത്തുന്നില്ല എന്നതിൽ സാംബിയ ബ്രാഞ്ചിന് ഉത്കണ്ഠ തോന്നിയതിനാലാണ് അദ്ദേഹം ഈ സന്ദർശനങ്ങൾ നടത്തിയത്. ഫിഞ്ച് സഹോദരൻ കൺട്രി കമ്മിറ്റിയെ കണ്ടു. തങ്ങളെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ മാർഗനിർദേശം നൽകാനും ഒരു വിദേശ അതിഥി ഉള്ളതിൽ അവർ അത്യധികം സന്തോഷിച്ചു. കൺട്രി കമ്മിറ്റിയുമായും സർക്കിട്ട്-ഡിസ്ട്രിക്റ്റ് മേൽവിചാരകന്മാരുമായും സഞ്ചാരസേവകരുമായും അനേക രഹസ്യ യോഗങ്ങൾ നടത്തി. സഭകളുടെ ആവശ്യങ്ങൾ സാധിക്കുന്നതിന് തങ്ങളുടെ പങ്കു നിവർത്തിക്കാൻ എല്ലാവരും വളരെ ഉത്സാഹം പ്രകടമാക്കി. മലാവിയുടെ അതിർത്തിക്ക് അടുത്തുള്ള സാംബിയൻ ഡിപ്പോകളിൽ കുന്നുകൂടിയ സാഹിത്യങ്ങൾ പതിവായി മലാവിയിലേക്കു പ്രവഹിക്കാൻ തുടങ്ങി.
ഫിഞ്ച് സഹോദരൻ മിക്കപ്പോഴും ഭാര്യ ലിൻഡയോടൊപ്പം മലാവിയിലേക്കു പ്രോത്സാഹജനകമായ അനേകം “വിനോദ” സഞ്ചാരങ്ങൾ നടത്തുകയുണ്ടായി. അദ്ദേഹം രാജ്യത്ത് അങ്ങോളമിങ്ങോളം സഞ്ചരിച്ചു. കാഴ്ച കാണാനല്ല, മറിച്ച് സാധ്യമാകുന്നത്ര സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കാനും പരിശീലിപ്പിക്കാനും. നിരോധനകാലത്തു നേതൃത്വം വഹിച്ചിരുന്ന സഹോദരന്മാർ അദ്ദേഹത്തിന്റെ സന്ദർശനങ്ങളെ അത്യധികം വിലമതിച്ചു. അവരോടു കൂടെ പ്രവർത്തിച്ചപ്പോൾ അദ്ദേഹം പ്രകടമാക്കിയ സ്നേഹത്തിനും ക്ഷമയ്ക്കും അവർ കൃതജ്ഞത ഉള്ളവരായിരുന്നു.
സഞ്ചാരസേവകരെ സഹായിക്കൽ
തീർച്ചയായും, സഞ്ചാരസേവകർക്ക് മലാവിയിലെ എല്ലാ സഭകളിലും സൈക്കിളിൽ എത്തുക അസാധ്യമായിരുന്നു. അതിനാൽ 1988-ൽ ഒരു ചെറിയ ചരക്കു ലോറി വാങ്ങി. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ സാഹിത്യങ്ങൾ എത്തിക്കുന്നതിനായി അതു വ്യാപകമായി ഉപയോഗിക്കുകയും ചെയ്തു. റോഡുബ്ലോക്കുകൾ ഉള്ള സ്ഥലങ്ങൾ ഡ്രൈവർമാർക്കു നല്ല പരിചയമായിരുന്നതിനാൽ അവർ അവ വിവേകപൂർവം ഒഴിവാക്കി. ധീരരായ മറ്റു സഹോദരന്മാരും തങ്ങളുടെ സേവനം വാഗ്ദാനം ചെയ്തു. അവരിൽ ഒരാളായിരുന്നു ബ്ലാന്റൈർ ഇംഗ്ലീഷ് സഭയിൽ സേവിച്ചിരുന്ന വിക്ടർ ലുൾകർ. പിടിക്കപ്പെടാൻ വളരെയേറെ സാധ്യത ഉണ്ടായിരുന്നെങ്കിലും, തന്റെ കാർ ഉപയോഗിച്ചുകൊണ്ട് രാജ്യത്തെമ്പാടുമുള്ള രഹസ്യ ഡിപ്പോകളിലേക്ക് അദ്ദേഹം മിക്കപ്പോഴും രാത്രിയിൽ സാഹിത്യങ്ങൾ എത്തിച്ചു. ഇപ്പോൾ ദക്ഷിണാഫ്രിക്കയിൽ ഉള്ള സിറിൽ ലോങ് 1972-നു മുമ്പ് സമാനമായ സഹായം നൽകുകയുണ്ടായി. നമ്മുടെ സഹോദരങ്ങൾക്കു വളരെ അത്യാവശ്യമായിരുന്ന വൈദ്യസാമഗ്രികൾ എത്തിക്കാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു, നല്ലവനായ ഒരു ഫാർമസിക്കാരന്റെ പക്കൽനിന്ന് കുറഞ്ഞ നിരക്കിൽ അദ്ദേഹത്തിനു മരുന്നുകൾ ലഭിച്ചിരുന്നു.
ബ്രുക്ലിനിലെ ഹെഡ്ക്വാർട്ടേഴ്സ് നൽകിയ ഒരു പ്രത്യേക അനുമതി ആത്മീയ ഭക്ഷണം നൽകുന്നതിൽ സുപ്രധാനമായ ഒരു പങ്കു വഹിച്ചു. അതനുസരിച്ച്, മാസികകൾ ബൈബിൾ പേപ്പറിലും പുസ്തകങ്ങൾ കട്ടി കുറഞ്ഞ കവറുകളോടു കൂടിയും അച്ചടിച്ചു. വീക്ഷാഗോപുര അധ്യയന ലേഖനങ്ങളാകട്ടെ, ഒരു പ്രത്യേക കെട്ടിലും മട്ടിലുമാണ് അച്ചടിച്ചത്. അവ മിനി-മാഗസിനുകൾ എന്നാണ് അറിയപ്പെട്ടത്. 1989 ഏപ്രിലിൽ എഡ് ഫിഞ്ച് സഞ്ചാരസേവകരുമായി നടത്തിയ ഒരു രഹസ്യ യോഗത്തിൽ നമ്മുടെ സാഹിത്യങ്ങളുടെ ഈ പ്രത്യേക പതിപ്പുകളെക്കുറിച്ച് അദ്ദേഹം പറഞ്ഞു, സഞ്ചാരസേവകർ സന്തോഷാശ്രുക്കൾ പൊഴിച്ചു. യഹോവയുടെ സ്നേഹപൂർവകമായ കരുതലുകളെ അവർ എത്രമാത്രം വിലമതിച്ചുവെന്നോ! ഇപ്പോൾ അവർക്കു സാധാരണ കൊണ്ടുപോകുന്നതിന്റെ ഇരട്ടി സാഹിത്യങ്ങൾ കൊണ്ടുപോകാൻ കഴിയുമായിരുന്നു.
ഈ സാഹിത്യങ്ങൾ മടക്കി ഒളിച്ചുവെക്കാനും എളുപ്പമായിരുന്നു. പൊതുവാഹനങ്ങളിൽ പരസ്യമായി പോലും ഈ മിനി-മാഗസിനുകൾ വായിക്കാൻ കഴിയുമായിരുന്നു. അവ എന്താണെന്ന് ആരും അറിയില്ലായിരുന്നു! “തക്കസമയത്ത്” ആത്മീയ “ആഹാരം” കൊടുക്കാനുള്ള തങ്ങളുടെ നിയോഗത്തിനു ചേർച്ചയിൽ “വിശ്വസ്തനും വിവേകിയുമായ അടിമ” യഥാർഥത്തിൽ പ്രവർത്തിച്ചു. (മത്താ. 24:45-47, NW) പ്രതികൂല അവസ്ഥയിൻ കീഴിൽ ദൃഢവിശ്വസ്തത പാലിക്കാൻ അമൂല്യമായ ഈ “ഭക്ഷണ” വിഹിതങ്ങൾ യഹോവയുടെ ദാസരെ സഹായിച്ചു.
ഒരു അപൂർവ സഭ
ദുഃഖകരമെന്നു പറയട്ടെ, സൊസൈറ്റി ഉപയോഗിച്ചിരുന്ന ചെറിയ ലോറി 1990-ൽ ഒരു പൊലീസ് വാഹനവുമായി കൂട്ടിയിടിച്ചു. വാഹനത്തിൽ എന്താണെന്നു മനസ്സിലാക്കിയ പൊലീസുകാർ ആ രണ്ടു സഹോദരന്മാരെ ഉടനെ അറസ്റ്റു ചെയ്തു ജയിലിലടച്ചു. അവരിൽ ഒരാൾ ലെമൺ കാബ്വാസി ആയിരുന്നു.
ചിച്ചിറി ജയിലിൽ എത്തിയ കാബ്വാസി സഹോദരൻ, അവിടെ തടവിൽ വെച്ചിരുന്ന പത്തു സഹോദരന്മാരുടെ ദയനീയ അവസ്ഥ മനസ്സിലാക്കി. “മുതിർന്ന” തടവുകാർ അവരുടെ പുതപ്പുകൾ കവർന്നെടുക്കുകയും യോഗങ്ങൾ നടത്താൻ നമ്മുടെ സഹോദരന്മാരെ അനുവദിക്കാതിരിക്കുകയും ചെയ്തു. എന്തെങ്കിലും ചെയ്തേ മതിയാകൂ എന്ന് കാബ്വാസി സഹോദരൻ നിശ്ചയിച്ചു. ഭാര്യ ക്രിസ്സി ജയിലിൽ അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ തന്റെ കുറെ വസ്ത്രങ്ങൾ ജയിലിലേക്കു കൊണ്ടുവരാൻ ആവശ്യപ്പെട്ടു. സഹോദരന്മാർക്കു മാന്യമായി വസ്ത്രം ധരിക്കാൻ കഴിയേണ്ടതിന് അവ അദ്ദേഹം അവർക്കു വിതരണം ചെയ്തു. മറ്റു തടവുകാർക്ക് അതിൽ മതിപ്പു തോന്നി. പുതപ്പുകൾ അധീനതയിൽ വെച്ചിരുന്ന “മുതിർന്ന” തടവുകാരുമായി സൗഹൃദം സ്ഥാപിക്കാൻ കാബ്വാസി സഹോദരൻ ശ്രമിച്ചു. അദ്ദേഹം അത് എങ്ങനെയാണു ചെയ്തത്? “എനിക്കു വേണ്ടി പത്തു കിലോ പഞ്ചസാര വാങ്ങാൻ ഞാൻ ഒരു സഹോദരനെ ഏർപ്പെടുത്തി. ഒരു കിലോ പഞ്ചസാര കൊടുത്ത് ഒരു പുതപ്പു വാങ്ങി,” കാബ്വാസി സഹോദരൻ പറയുന്നു. അത് ആ “മുതിർന്ന” തടവുകാരുടെ സൗഹൃദവും “വാങ്ങി.” യാതൊരു തടസ്സവും കൂടാതെ യോഗങ്ങൾ നടത്താൻ അവർ സഹോദരന്മാരെ അനുവദിച്ചു.
ജയിൽ മുറ്റത്ത് പതിവായി യോഗങ്ങൾ നടത്തിയതിന്റെ ഫലമായി ഒരു സഭ രൂപീകൃതമായി. എന്തായിരുന്നു അതിന്റെ പേര്? മൂല സഭ. കാരണം, ജയിൽ മുറ്റത്ത് ഒരു മൂലയിലായിരുന്നു യോഗങ്ങൾ നടത്തിയിരുന്നത്. കാലക്രമത്തിൽ, മൂല സഭയിലെ സാധാരണ ഹാജർ 60-നു മേലായി. മൂന്നു മൂപ്പന്മാരും ഒരു ശുശ്രൂഷാ ദാസനും ഉണ്ടായിരുന്ന ആ സഭയുടെ കാര്യങ്ങൾ ഭംഗിയായി നിർവഹിക്കപ്പെട്ടു. അതിന്റെ പ്രദേശവും നല്ല ഫലം ഉത്പാദിപ്പിക്കുന്നതായിരുന്നു. സുവാർത്ത കേൾക്കാൻ എപ്പോഴും ആരെങ്കിലും “വീട്ടിൽ” ഉണ്ടാകും! കാബ്വാസി സഹോദരൻ ബൈബിൾ അധ്യയനം നടത്തിയിരുന്ന അഞ്ചു പേരിൽ രണ്ടു പേർ പിന്നീടു സ്നാപനമേൽക്കുകയുണ്ടായി!
“ആരോഗ്യപ്രദമായ” ആഹാരം
എന്നാൽ, മൂല സഭയ്ക്ക് ഉണ്ടായിരുന്ന ഒരു പ്രശ്നം യോഗങ്ങളിലെ ഉപയോഗത്തിനായി സാഹിത്യങ്ങൾ എങ്ങനെ ജയിലിൽ എത്തിക്കും എന്നതായിരുന്നു. അക്കാര്യത്തിലും കാബ്വാസി സഹോദരന് ഒരു ആശയം തോന്നി. അടുത്തയിടെ ജയിൽവിമോചിതനായ ഒരു സഹോദരൻ ഭക്ഷണപ്പൊതിയുമായി അവിടെ വരാൻ അദ്ദേഹം ക്രമീകരണം ചെയ്തു. ജയിലിലെ ഗാർഡുകൾ ആ പൊതി പരിശോധിച്ചപ്പോൾ അവർക്ക് ആകെ കാണാൻ കഴിഞ്ഞത്, മലാവിയിലെ ഒരു സാധാരണ ഭക്ഷണമായിരുന്ന മരച്ചീനി കിഴങ്ങുകൾ മാത്രമാണ്. എന്നാൽ ആ മരച്ചീനി എത്ര “പോഷകപ്രദ”വും “ആരോഗ്യപ്രദ”വും ആണെന്ന് അവർ മനസ്സിലാക്കിയില്ല! കട്ടി കുറഞ്ഞ കഷണങ്ങൾ ഓരോ മരച്ചീനി കിഴങ്ങിന്റെയും നടുവിൽനിന്നു മുറിച്ചെടുത്തിരുന്നു. അതിൽ മിനി-മാസികകളും ന്യായവാദം പുസ്തകത്തിന്റെ ചെറിയ ഭാഗങ്ങളും തിരുവെഴുത്തുകൾ പരിശോധിക്കലും ചുരുട്ടി വെച്ചിരുന്നു. “ആരോഗ്യപ്രദ”മായ ഇത്തരം ഭക്ഷണം രണ്ടു പ്രാവശ്യം എത്തിക്കഴിഞ്ഞപ്പോൾ തങ്ങളുടെ യോഗങ്ങളിലും ബൈബിൾ അധ്യയനങ്ങളിലും ഉപയോഗിക്കാൻ ആവശ്യമായ ആ വിവരങ്ങൾ അവർക്കു ലഭ്യമായി. മിനി-മാസികകൾ വളരെയധികം ഉണ്ടായിരുന്നു, അതിനാൽ കാബ്വാസി ജയിലിൽ ചെലവഴിച്ച എട്ടു മാസക്കാലത്ത് ഒരിക്കൽ പോലും അദ്ദേഹത്തിന് ഏതെങ്കിലും ഒരു വീക്ഷാഗോപുര ലേഖനം അധ്യയനത്തിനായി ആവർത്തിക്കേണ്ടി വന്നിട്ടില്ല എന്ന് അദ്ദേഹം പറയുന്നു.
സന്തോഷകരമെന്നു പറയട്ടെ, മൂല സഭ ഇന്നു നിലവിലില്ല. ഇരുമ്പഴികൾക്കുള്ളിൽ യോഗങ്ങൾ നടത്തേണ്ട അവസ്ഥ ഇന്ന് അവിടുത്തെ യഹോവയുടെ ജനത്തിനില്ല!
നമ്മുടെ സഹോദരങ്ങൾ ആദരവു നേടുന്നു
ക്രമേണ, യഹോവയുടെ സാക്ഷികൾക്കു നേരെയുള്ള ആക്രമണങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങൾ ആയിത്തീർന്നു. എങ്കിലും, അത്തരം സംഭവങ്ങൾ ഇടയ്ക്കിടെ പിന്നെയും റിപ്പോർട്ടു ചെയ്യപ്പെട്ടു. എന്നിരുന്നാലും, നമ്മുടെ സഹോദരങ്ങൾ മുമ്പെന്നത്തെയും പോലെ ഉറച്ചുതന്നെ നിലകൊണ്ടു. തത്ഫലമായി, യഹോവയുടെ ജനത്തെ പലരും ആദരിക്കാൻ തുടങ്ങി.
ചിഞ്ചി പ്രദേശത്തെ മുഖ്യനായ സാമ “എന്റെ ഭരണപ്രദേശത്തു ജീവിക്കുന്ന ദൈവത്തിന്റെ പ്രിയ ജനങ്ങൾക്ക്” എന്ന സംബോധനയോടെ ഒരു കത്ത് എഴുതി. അതിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “13 ഗ്രാമങ്ങളുള്ള എന്റെ ജില്ലയിൽ പാർക്കുന്ന എല്ലാ സാക്ഷികളും വളരെ നല്ലവരാണ്.” ആശ്രയ യോഗ്യരായ നികുതിദായകരും ധാർമിക നിലവാരങ്ങളോടു പറ്റിനിൽക്കുന്നവരും ശുദ്ധിയുള്ളവരും ആദരണീയരും കഠിനാധ്വാനികളും എന്ന് സാക്ഷികളെക്കുറിച്ച് അഭിപ്രായപ്പെട്ടശേഷം, അദ്ദേഹം ഇങ്ങനെ ഉപസംഹരിച്ചു: “നിങ്ങളുടെ നിയമങ്ങളോടു തുടർന്നും വിശ്വസ്തത പാലിക്കാൻ ഞാൻ യഹോവയുടെ സാക്ഷികളായ നിങ്ങളെ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയാണ്.”
1990-ന്റെ ആരംഭത്തിൽ, ബ്ലാന്റൈറിന് അടുത്തുള്ള നാട്ടെഞ്ചിയിൽ ഒരു സർക്കിട്ട് സമ്മേളനം നടക്കവേ യുവജന ലീഗിലെ അംഗങ്ങൾ അറസ്റ്റ് ചെയ്ത 22 പേരിൽ ഒരുവനായിരുന്നു ഒസ്റ്റിൻ ചിഗൊഡി. ജയിലിൽ ഒന്നര വർഷം കിടന്നശേഷം ചിഗൊഡി സഹോദരൻ മോചിതനായി. അപ്പോൾ അദ്ദേഹത്തിന് 80-നോട് അടുത്തു പ്രായമുണ്ടായിരുന്നു. അപ്പോഴും അദ്ദേഹം കർമനിരതനും തന്റെ ദൈവത്തോടു വിശ്വസ്തനും ആണെന്നു കണ്ട യുവജന ലീഗിലെ ചില അംഗങ്ങൾക്ക് അദ്ദേഹത്തോടു വലിയ മതിപ്പു തോന്നി. തങ്ങളെയും ബൈബിൾ പഠിപ്പിക്കണമെന്നു പോലും അവർ ആവശ്യപ്പെട്ടു. എന്നാൽ, ചിഗൊഡി സഹോദരൻ വളരെ ബുദ്ധിമാനായിരുന്നു. തന്റെ സഹോദരങ്ങളെ അപകടപ്പെടുത്താൻ അദ്ദേഹം ആഗ്രഹിച്ചില്ല. എന്നാൽ, ആ യുവാക്കൾ നിർബന്ധം പിടിച്ചു. ഒടുവിൽ, അധ്യയനങ്ങൾ ആരംഭിച്ചു. സന്തോഷകരമെന്നു പറയട്ടെ, അവരിൽ ചിലർ പുരോഗതി പ്രാപിച്ചു സ്നാപനമേറ്റു. അവരിൽ ഏതാനും പേർ ഇന്നു മൂപ്പന്മാരും ശുശ്രൂഷാ ദാസന്മാരുമായി സേവിക്കുന്നു.
മറ്റൊരു വിശ്വസ്ത സഹോദരനായ സാമുവൽ സാവനോംഗയ്ക്ക് ക്രിസ്തീയ നിഷ്പക്ഷത നിമിത്തം സാലെക്ക ജയിലിൽ നാലു പ്രാവശ്യം കിടക്കേണ്ടി വന്നു. പാർട്ടി കാർഡ് വാങ്ങാൻ ശക്തമായി വിസമ്മതിച്ചതിനെ തുടർന്ന് 1989-ൽ അദ്ദേഹം അഞ്ചാം തവണയും അറസ്റ്റ് ചെയ്യപ്പെട്ടു. യൂത്ത് ലീഗ് അംഗങ്ങൾ അദ്ദേഹത്തെ സാലിമയിലുള്ള പൊലീസ് ക്യാമ്പിലേക്കു കൊണ്ടുപോയി. ചുമതലയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ പിൻവരുന്ന പ്രകാരം പറഞ്ഞപ്പോൾ അവർ എത്രമാത്രം അമ്പരന്നെന്നോ: “ഇദ്ദേഹത്തെ നിങ്ങൾ വീണ്ടും ജയിലിൽ ഇടാൻ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങളും അദ്ദേഹത്തോടു ചേരാൻ ഒരുങ്ങിക്കൊള്ളൂ. ഒരിക്കലും തന്റെ വിശ്വാസത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത ഈ മനുഷ്യൻ സഹിച്ചുനിന്ന കാര്യങ്ങൾ നിങ്ങളും ഒന്ന് അനുഭവിച്ച് അറിയുന്നതു നല്ലതാണ്. അതിനു നിങ്ങൾ തയ്യാറാണോ?” “ഇല്ല,” അവർ മറുപടി പറഞ്ഞു. അപ്പോൾ ആ ഓഫീസർ കൂട്ടിച്ചേർത്തു: “എങ്കിൽ ഇദ്ദേഹത്തെ നിങ്ങൾ സ്വന്തം ഗ്രാമത്തിൽ കൊണ്ടുപോയി വിടുന്നതാണു നല്ലത്, ഇനിയെങ്കിലും അദ്ദേഹത്തെ ദ്രോഹിക്കാതിരിക്കൂ. അദ്ദേഹം തന്റെ വിശ്വാസം ഒരിക്കലും ത്യജിക്കുകയില്ല.” സാവനോംഗ സഹോദരനെ അദ്ദേഹത്തിന്റെ ഗ്രാമത്തിലേക്കു വാഹനത്തിൽ തിരികെ കൊണ്ടുചെന്നാക്കി. അവിടെ എത്തിച്ചേർന്നപ്പോൾ, ഗ്രാമത്തലവനെ വിളിച്ച് നമ്മുടെ സഹോദരനു മേലാൽ ഉപദ്രവം ഉണ്ടാകാൻ അനുവദിക്കരുത് എന്നു മുന്നറിയിപ്പും കൊടുത്തു. അതിനു ശേഷം, സാവനോംഗ സഹോദരൻ ശല്യം കൂടാതെ പരസ്യമായി വീക്ഷാഗോപുരവും ഉണരുക!യും വായിക്കുന്നതും അയൽക്കാരോടു സാക്ഷീകരിക്കുന്നതും കാണാമായിരുന്നു.
അനൗപചാരിക സാക്ഷീകരണം
നിരോധനകാലത്ത് ഉടനീളം അനൗപചാരിക സാക്ഷീകരണമാണു നടത്തിയിരുന്നത്. എന്നാൽ എതിർപ്പിന്റെ തീവ്രത കുറഞ്ഞപ്പോൾ കുറെക്കൂടി ധീരമായി സാക്ഷീകരണം നടത്താൻ തുടങ്ങി. 1990-ന്റെ തുടക്കത്തിൽ ങ്ചെയൂ പട്ടണത്തിൽ ബൈബിൾ സത്യത്തോടു താത്പര്യം കാട്ടിയ ഒരു യുവതിക്ക് മഹദ്ഗുരുവിനെ ശ്രദ്ധിക്കൽ എന്ന പുസ്തകം സമർപ്പിച്ചു. ആ സ്ത്രീക്കു നന്നായി വായിക്കാൻ അറിയില്ലായിരുന്നതിനാൽ, അവർക്കു വേണ്ടി മറ്റാരെങ്കിലും അതു വായിച്ചുകൊടുക്കാൻ ക്രമീകരണം ചെയ്യുന്നതിനു സഹോദരങ്ങൾ അവളെ പ്രോത്സാഹിപ്പിച്ചു. “ആശ്രയിക്കാവുന്ന ഒരാളെ വേണം അതിനു കണ്ടെത്താൻ” എന്ന മുന്നറിയിപ്പും സഹോദരങ്ങൾ നൽകി. അക്കാലത്ത്, അവളോടൊപ്പം ആങ്ങളയായ സൈമണും താമസിക്കുന്നുണ്ടായിരുന്നു. സൈമൺ ആശ്രയിക്കാൻ കൊള്ളാവുന്നവനാണെന്ന് അവൾ കണ്ടെത്തി. പെങ്ങൾക്കു വേണ്ടി ആ പുസ്തകം വായിച്ചുകൊടുത്ത സൈമൺ അതിൽ സത്യമുണ്ടെന്നു മനസ്സിലാക്കി. പിന്നീട് സൈമണ് ക്രമമായ ഒരു ബൈബിൾ അധ്യയനം ആരംഭിച്ചു. “സത്യ ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുമെന്നു ബൈബിളിൽനിന്ന് എനിക്കു കാണാൻ കഴിഞ്ഞു. അങ്ങനെ, യഹോവയുടെ സാക്ഷികളുടേതാണ് സത്യമതം എന്ന് എനിക്കു മനസ്സിലായി,” സൈമൺ പറഞ്ഞു. (2 തിമൊ. 3:12) ത്വരിതഗതിയിൽ പുരോഗതി പ്രാപിച്ച സൈമൺ മാംഗാനി അതേ വർഷം സ്നാപനമേറ്റു. ഇന്ന് അദ്ദേഹം ലിലൊങ്വേ ബെഥേലിൽ സേവിക്കുന്നു.
ബ്ലാന്റൈറിൽ പെട്ടെന്ന് ഉണ്ടായ ശക്തമായ ഒരു പേമാരി നിരന്തര പയനിയറായ ബെസ്റ്റൺ മാദേയയ്ക്ക് അപ്രതീക്ഷിതമായ ഫലങ്ങൾ കൈവരുത്തി. അദ്ദേഹം ഒരു ചെറിയ പള്ളിയുടെ വരാന്തയിൽ കയറി നിന്നു. മഴ നിലയ്ക്കാൻ കാത്തുനിൽക്കവേ, ചില ആളുകളുടെ സംസാരം അദ്ദേഹം യാദൃച്ഛികമായി കേട്ടു. അവർ പാസ്റ്ററോടു ചോദിക്കുകയായിരുന്നു, “നല്ലവരെല്ലാം സ്വർഗത്തിൽ പോകുമോ?” പാസ്റ്റർക്ക് ഉത്തരം നൽകാൻ കഴിഞ്ഞില്ല. സഹായിക്കാൻ താത്പര്യം തോന്നിയ മാദേയ സഹോദരൻ പള്ളിക്കകത്തു ചെന്ന് ആ ചോദ്യത്തിനു മറുപടി പറയാമെന്നു പറഞ്ഞു. അവർ അതു സമ്മതിച്ചപ്പോൾ അദ്ദേഹത്തിന് ആശ്ചര്യം തോന്നി. അവർക്കു പിന്നെയും ചോദ്യങ്ങൾ ഉണ്ടായിരുന്നു. അങ്ങനെ താമസിയാതെ ഏഴു ബൈബിൾ അധ്യയനങ്ങൾ ആരംഭിച്ചു.
സാക്ഷ്യം നൽകാനുള്ള അവസരങ്ങൾ സ്കൂൾ കുട്ടികളും പ്രയോജനപ്പെടുത്തി. ഒരു ഉപന്യാസം എഴുതാൻ ആവശ്യപ്പെട്ടപ്പോൾ, ക്രിസ്തുമസ്സിന്റെ ഉത്ഭവത്തെ കുറിച്ച് എഴുതാനാണ് ഡോറത്തി നാകുല തീരുമാനിച്ചത്. ഉപന്യാസത്തിൽ വളരെ മതിപ്പു തോന്നിയ അവളുടെ അധ്യാപകൻ അതു മറ്റ് അധ്യാപകരെയും കാണിച്ചു. “ഈ വിവരങ്ങൾ നിനക്ക് എവിടെനിന്നു കിട്ടി?” അവർ ചോദിച്ചു. തത്ഫലമായി, ഡോറത്തി തന്റെ അധ്യാപകർക്ക് 17 മാസികകൾ സമർപ്പിച്ചു.
“പ്രിയ അങ്കിൾ”
യഹോവയുടെ ദാസന്മാർക്കു വളരെയധികം പീഡനം സഹിക്കേണ്ടി വന്നെങ്കിലും, തങ്ങൾ ഒറ്റയ്ക്കാണെന്ന് അവർക്ക് ഒരിക്കലും തോന്നിയില്ല. യഹോവ തങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് അവർക്ക് അറിയാമായിരുന്നു. ലോകത്തിലെങ്ങുമുള്ള സഹോദരങ്ങളുടെ സ്നേഹവും പിന്തുണയും സംബന്ധിച്ച് അവർ ഉറപ്പുള്ളവർ ആയിരുന്നു.
റൊഡേഷ്യ (ഇപ്പോൾ സിംബാബ്വേ), സാംബിയ എന്നീ ബ്രാഞ്ചുകൾ ചെയ്തതിനു പുറമേ, മലാവിയിലെ സഹോദരങ്ങൾക്കു സ്നേഹമസൃണമായ പരിചരണവും ആത്മീയ ആഹാരവും ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ പക്വതയുള്ള പ്രാദേശിക സഹോദരന്മാരും കഠിനയത്നം ചെയ്തു. സ്റ്റാഫ് ഓഫീസ് എന്നു വിളിക്കപ്പെട്ടിരുന്ന കൺട്രി കമ്മിറ്റി ഇതിൽ മുഖ്യമായ ഒരു പങ്കു വഹിക്കുകയുണ്ടായി. അവരുടെ വേലയിൽ എന്താണ് ഉൾപ്പെട്ടിരുന്നത്? വർഷങ്ങളോളം കൺട്രി കമ്മിറ്റിയിൽ സേവിച്ച ലെമൺ കാബ്വാസി ഇങ്ങനെ വിശദീകരിക്കുന്നു: “പ്രാഥമികമായി ഞങ്ങളുടെ ഉത്തരവാദിത്വം സഹോദരങ്ങൾക്കു സാഹിത്യങ്ങൾ ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുകയായിരുന്നു. അതിനാൽ സഞ്ചാരസേവകരെയും സഞ്ചാര മേൽവിചാരകന്മാരെയും സംഘടിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് ഞങ്ങൾ വളരെയധികം സമയം ചെലവഴിച്ചു. പീഡനത്തിന് ഇരകളായ സഹോദരങ്ങളെയും ഞങ്ങൾ സന്ദർശിച്ചു. അവരെ സഹായിക്കാനും ബലപ്പെടുത്താനും എന്തു ചെയ്യാൻ കഴിയുമെന്നു നിർണയിക്കുന്നതിനായിരുന്നു അത്.”
പ്രോത്സാഹജനകമായ കത്തുകളും മറ്റു സംഗതികളും പല സഭകളിലേക്കും അയച്ചു. തപാൽ സേവനം ഉപയോഗിക്കുന്നത് അപകടകരം ആയിരുന്നതിനാൽ സഹോദരങ്ങളെ വെളിപ്പെടുത്താതിരിക്കേണ്ടതിന് അവർ പ്രത്യേക കോഡുകളും മറുപേരുകളും ഉപയോഗിച്ചു. കൺട്രി കമ്മിറ്റിയിൽ നിന്നുള്ള കത്തുകളിൽ “എസ്.ഒ.” എന്നാണ് ഒപ്പിട്ടിരുന്നത്. അതിനാൽ, ഒരു കത്തു പൊട്ടിച്ചു നോക്കിയാൽ പോലും അധികാരികൾക്ക് അത് എന്താണെന്നു മനസ്സിലാകുമായിരുന്നില്ല. സർക്കിട്ട് മേൽവിചാരകന്മാർ അറിയപ്പെട്ടിരുന്നത് അവർ സേവിച്ചിരുന്ന സർക്കിട്ടിന്റെ നമ്പരിലാണ്. സർക്കിട്ട് സന്ദർശനങ്ങളെ “പ്രത്യേക വാരങ്ങൾ” എന്നും വിളിച്ചിരുന്നു. “നമ്മുടെ പ്രത്യേക വാരത്തിന് എം-11 ആണു സന്ദർശിക്കുന്നത്” എന്ന് ഇന്നുപോലും ചിലർ പറയുന്നതു കേൾക്കാം. കൺട്രി കമ്മിറ്റിയുടെ കാര്യമോ? രാജ്യത്തെങ്ങുനിന്നും കമ്മിറ്റിക്കുള്ള കത്തുകളിൽ “പ്രിയ അങ്കിൾ” എന്നാണ് അഭിസംബോധന ചെയ്തിരുന്നത്. മറുപടികളാകട്ടെ, “സഹോദരപുത്രൻ,” “സഹോദരിപുത്രി” എന്നിങ്ങനെ അഭിസംബോധന ചെയ്തുകൊണ്ട് ആയിരുന്നു. സൂക്ഷ്മതയോടെയുള്ള അത്തരം സമീപനം വർഷങ്ങൾ നീണ്ടുനിന്ന നിരോധനകാലത്ത് ആശയവിനിയമം നടത്തുക സാധ്യമാക്കിത്തീർത്തു.
ഒന്നാമതു രാജ്യം അന്വേഷിക്കുക എന്നതിന്റെ അർഥം എന്താണെന്ന് കൺട്രി കമ്മിറ്റിയിൽ സേവിച്ചിരുന്ന മൂപ്പന്മാർ ശരിക്കും പ്രകടമാക്കുകയുണ്ടായി. (മത്താ. 6:33) എലിസൺ ജുംഗ, ഹാവെരി ക്വിയ, ആഡ്സൺ ബെൺഡെര, ലെമൺ കാബ്വാസി എന്നിങ്ങനെ അവരിൽ ചിലർ മുഴുസമയ ശുശ്രൂഷകർ എന്ന നിലയിൽ ഇപ്പോഴും യഹോവയെ സേവിക്കുന്നു. അവരുടെ വിശ്വസ്ത മാതൃക, പ്രതികൂല സാഹചര്യത്തിൽ പോലും ഒന്നാമതു രാജ്യം അന്വേഷിക്കാനും ദൃഢവിശ്വസ്തത പാലിക്കാനും അനേകരെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു.
രാഷ്ട്രീയ മാറ്റങ്ങൾ
“ജനാധിപത്യ” ജ്വരത്തിന്റെ ഒരു പുത്തൻ കാറ്റ് തെക്കൻ ആഫ്രിക്കയിലെങ്ങും വീശിയടിച്ചപ്പോൾ, അതു മലാവിയെയും ബാധിക്കാതിരുന്നില്ല. 1992-ൽ, മനുഷ്യാവകാശങ്ങൾ മെച്ചപ്പെടുത്താൻ അവിടുത്തെ ഗവൺമെന്റിനു മേലുള്ള അന്താരാഷ്ട്ര സമ്മർദം കൂടിവന്നു. ഇതിനോടു പ്രതികരിച്ചുകൊണ്ട് പ്രസിഡന്റ് ഡോ. ബാൻഡ ഇങ്ങനെ പ്രഖ്യാപിച്ചു: “പാർട്ടി കാർഡുകൾ വാങ്ങാൻ ആളുകളെ നിർബന്ധിക്കുന്ന ഏതൊരാളും . . . മലാവി കോൺഗ്രസ് പാർട്ടിയുടെ നിയമങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുകയാണ്.” അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “ഇതു വളരെ, വളരെ മോശമാണ് . . . അങ്ങനെ ചെയ്യാൻ ഞാൻ ആരോടും കൽപ്പിച്ചിട്ടില്ല.” മലാവിയിലെ നമ്മുടെ വിശ്വസ്ത സഹോദരങ്ങൾക്ക് 25 വർഷക്കാലം പ്രശ്നങ്ങൾ സൃഷ്ടിച്ച ഒരു സംഗതി ഡോ. ബാൻഡ അങ്ങനെ നിർത്തൽ ചെയ്തു.
ഇതേത്തുടർന്ന്, മിക്ക യോഗങ്ങളും സമ്മേളനങ്ങളും പരസ്യമായും സ്വതന്ത്രമായും നടത്താൻ കഴിയുമെന്ന് യഹോവയുടെ സാക്ഷികൾ മനസ്സിലാക്കി. മേലാൽ ദ്രോഹമോ പീഡനമോ റിപ്പോർട്ടു ചെയ്യപ്പെട്ടില്ല. ഒടുവിൽ കുറെയൊക്കെ സ്വാതന്ത്ര്യം ലഭിച്ചു. സഹോദരങ്ങൾ അതു പൂർണമായി പ്രയോജനപ്പെടുത്തുകയും ചെയ്തു. എന്നാൽ തുടർന്ന് സംഭവിച്ചതു കൈകാര്യം ചെയ്യാൻ അവർ സജ്ജരല്ലായിരുന്നു.
“യഹോവ അത്ഭുതവാനായ ഒരു ദൈവമാണ്!”
1993 ആഗസ്റ്റ് 12. മലാവിയിലെ യഹോവയുടെ സാക്ഷികളെ സംബന്ധിച്ചിടത്തോളം എത്ര അവിസ്മരണീയമായ ഒരു ദിനമായിരുന്നു അത്! 26 വർഷത്തോളം നീണ്ടുനിന്ന നിരോധനം ഒടുവിൽ നീക്കം ചെയ്യപ്പെട്ടു. ആദ്യം സഹോദരങ്ങൾ അത് അറിഞ്ഞു പോലുമില്ല. 1967-ൽ നിരോധനം ഏർപ്പെടുത്തിയപ്പോൾ രാജ്യത്തെങ്ങുമുള്ള പത്രങ്ങൾ വെണ്ടയ്ക്കാ വലിപ്പത്തിൽ “‘ആപത്കരമായ’ മതവിഭാഗ”ത്തെ കുറിച്ച്—യഹോവയുടെ സാക്ഷികളെ കുറിച്ച്—റിപ്പോർട്ടു ചെയ്യുകയുണ്ടായി. ഇപ്പോൾ, നിരോധനം നീക്കം ചെയ്യപ്പെട്ടപ്പോൾ അതേക്കുറിച്ച് ഒരു മന്ത്രണം പോലും ഉണ്ടായിരുന്നില്ല. ഗവൺമെന്റ് ഗസറ്റിൽ വന്ന ചെറിയൊരു അറിയിപ്പ് ഒരു സഹോദരൻ കണ്ടതു യാദൃച്ഛികമായാണ്. ക്രമേണ ആ വാർത്ത സഹോദരങ്ങൾ അറിഞ്ഞപ്പോൾ അവർ അത്യധികം സന്തോഷപുളകിതരായി. അവർക്ക് അതു വിശ്വസിക്കാൻ പ്രയാസം അനുഭവപ്പെട്ടു. എന്തുകൊണ്ട്? കാബ്വാസി സഹോദരൻ ഇങ്ങനെ പറഞ്ഞു: “നിരോധനം നീങ്ങിക്കിട്ടണേ എന്ന് ഞങ്ങൾ പ്രാർഥിക്കുന്നുണ്ടായിരുന്നു. എന്നാൽ ഡോ. ബാൻഡ ജീവിച്ചിരിക്കുമ്പോൾ അതു നടക്കുമെന്നു ഞങ്ങൾ ഒട്ടും പ്രതീക്ഷിച്ചില്ല.” അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “യഹോവ അത്ഭുതവാനായ ഒരു ദൈവമാണ്!”
നിരോധനത്തിനു മുമ്പ്, അതായത് 1967-ൽ, ഏകദേശം 18,000 പ്രസാധകരാണ് സഭകളിൽ സജീവമായി സഹവസിച്ചുകൊണ്ടിരുന്നത്. 26 വർഷത്തെ മൃഗീയമായ എതിർപ്പുകൾക്കു ശേഷം അവർ എത്ര പേരുണ്ടായിരുന്നു? 30,408 എന്ന പുതിയൊരു അത്യുച്ചം! നമ്മുടെ സഹോദരങ്ങളുടെ ദൃഢവിശ്വസ്തത എല്ലാ പ്രതികൂല അവസ്ഥകളെയും അതിജീവിച്ചിരുന്നു—യഹോവയുടെ മഹത്ത്വമാർന്ന നാമത്തിനു സ്തുതി കരേറ്റിക്കൊണ്ട്!
പുതുതായി കിട്ടിയ തങ്ങളുടെ സ്വാതന്ത്ര്യത്തിൽ യഹോവയുടെ സാക്ഷികൾ അത്യധികം സന്തോഷിച്ചു. എന്നാൽ, എന്നത്തേതിലും കൂടുതൽ വേല തങ്ങൾക്കു ചെയ്യാനുണ്ടെന്ന് അവർ തിരിച്ചറിയുകയും ചെയ്തു.
ഒരു പ്രത്യേക പ്രചാരണ പരിപാടി
ഈ വാർത്ത സാംബിയയിലെ ബ്രാഞ്ച് ഓഫീസിൽ എത്തിയ ഉടനെ എഡ് ഫിഞ്ചിനെ മലാവിയിലേക്ക് അയച്ചു. ഇപ്പോൾ അദ്ദേഹം വന്നത് ഒരു വിനോദ സഞ്ചാരി ആയിട്ടല്ല, മറിച്ച് നിയമത്തിന്റെ പിൻബലത്തോടെ യഹോവയുടെ സാക്ഷികളുടെ വേല വീണ്ടും അവിടെ സ്ഥാപിക്കാൻ സഹായിക്കുന്നതിന് ആയിരുന്നു. ആ സന്ദർശന സമയത്ത് അദ്ദേഹത്തിനും ലിൻഡയ്ക്കും ബ്ലാന്റൈറിലെ ഇംഗ്ലീഷ് സഭയോടൊത്തു പ്രവർത്തിക്കുന്നതിനുള്ള അവസരം ലഭിച്ചു. അവിടെയുള്ള പ്രസാധകരിൽ മിക്കവരും വീടുതോറുമുള്ള സാക്ഷീകരണം മുമ്പൊരിക്കലും നടത്തിയിരുന്നില്ല. അവർക്ക് അതിനു തെല്ലൊരു ഭയം തോന്നിയിരുന്നു എന്നതു മനസ്സിലാക്കാവുന്നതേ ഉള്ളൂ. ഫിഞ്ച് ദമ്പതിമാരുടെ പ്രോത്സാഹനം ലഭിച്ചപ്പോൾ പ്രസാധകരെല്ലാം ശുശ്രൂഷയ്ക്കു പുറപ്പെട്ടു. ഏതാനും മണിക്കൂറുകൾക്കു ശേഷം തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കാൻ അവർ എത്ര ഉത്സാഹത്തോടെയാണു മടങ്ങിയെത്തിയതെന്നോ! മിക്ക വീട്ടുകാരും സശ്രദ്ധം കേട്ടു. യഹോവയുടെ സാക്ഷികൾക്കുള്ള സ്വാതന്ത്ര്യത്തിൽ മറ്റു ചിലർ അനുമോദനം അറിയിച്ചു. അതിനുശേഷം, ശുശ്രൂഷയിൽ പങ്കെടുക്കുന്നത് സഹോദരങ്ങൾക്ക് വളരെ എളുപ്പമായിത്തീർന്നു.
തുടക്കത്തിൽ, മലാവിയിലെ യഹോവയുടെ സാക്ഷികളുടെ വേല വീണ്ടും രജിസ്റ്റർ ചെയ്തെടുക്കുക വളരെ ദുഷ്കരമായിരുന്നു. ഗവൺമെന്റ് ഓഫീസുകളിൽ ഒന്നിലും, സൊസൈറ്റി മലാവിയിൽ മുമ്പു രജിസ്റ്റർ ചെയ്തിരുന്നു എന്നതിന്റെ തെളിവു കണ്ടെത്താൻ സാധിച്ചില്ല. അങ്ങനെയിരിക്കെ, ഒരു ദിവസം ബ്ലാന്റൈറിലെ രജിസ്റ്റർ ഓഫീസിൽ ഒരു കൂട്ടം പഴയ രജിസ്റ്റർ വാല്യങ്ങൾ എഡ് ഫിഞ്ച് കാണുവാനിടയായി. “W” എന്ന് അടയാളപ്പെടുത്തിയിരുന്ന വാല്യം അദ്ദേഹം എടുത്തു. ആദ്യത്തെ രജിസ്ട്രേഷൻ രേഖപ്പെടുത്തിയിരുന്നത് അതിൽ ആയിരുന്നു! തുടർന്ന് നിയമ കാര്യങ്ങൾ ത്വരിതഗതിയിൽ മുന്നേറി. 1993 നവംബർ 15-ാം തീയതിയോടെ, യഹോവയുടെ സാക്ഷികൾ ഉപയോഗിക്കുന്ന നിയമ ഏജൻസിയായ വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് പെൻസിൽവേനിയ രജിസ്റ്റർ ചെയ്യപ്പെട്ടു. അങ്ങനെ മലാവിയിൽ യഹോവയുടെ സാക്ഷികൾ വീണ്ടും നിയമാംഗീകാരമുള്ള മതം ആയിത്തീർന്നു.
ആ വർഷം അവസാനം രാജ്യത്തെങ്ങും ഒരു പ്രത്യേക ലഘുലേഖാ വിതരണ പരിപാടി നടത്തപ്പെട്ടു. മൂന്ന് മുഖ്യ ഭാഷകളിലായി വിതരണത്തിന് ഉപയോഗിച്ച ലഘുലേഖ യഹോവയുടെ സാക്ഷികൾ എന്തു വിശ്വസിക്കുന്നു? എന്നതായിരുന്നു. അതു മൂലം രണ്ട് ഉദ്ദേശ്യങ്ങൾ സാധിച്ചു. ഒന്നാമതായി, പരസ്യ ശുശ്രൂഷയിൽ തിരക്കോടെ ഏർപ്പെടാൻ അതു സഹോദരങ്ങളെ സഹായിച്ചു. രണ്ടാമതായി, യഹോവയുടെ സാക്ഷികളെ കുറിച്ചുള്ള വസ്തുതകൾ മനസ്സിലാക്കാൻ അതു പൊതുജനങ്ങളെ സഹായിച്ചു. അതിന്റെ പത്തു ലക്ഷത്തിലധികം കോപ്പികൾ വിതരണം ചെയ്യപ്പെട്ടു. താത്പര്യക്കാരുടെ അനവധി കത്തുകൾ സാംബിയ ബ്രാഞ്ച് ഓഫീസിലേക്കു പ്രവഹിച്ചു. വീണ്ടും ഒരിക്കൽക്കൂടി യഹോവയ്ക്കുള്ള സ്തുതിഘോഷം മലാവിയിലെ വീടുകൾതോറും തെരുവുകൾതോറും കേൾക്കായി!
വേല പുനഃസംഘടിപ്പിക്കൽ
തെക്കൻ ആഫ്രിക്കയിലെ ആദ്യത്തെ ശുശ്രൂഷാ പരിശീലന സ്കൂൾ സാംബിയയിൽ നടക്കുന്ന സമയത്താണു മലാവിയിലെ നിരോധനം നീക്കം ചെയ്തതിനെ കുറിച്ചുള്ള വാർത്ത അവിടെ എത്തുന്നത്. ഇത് ബെഥേൽ അംഗങ്ങൾക്കും സ്കൂളിലെ വിദ്യാർഥികൾക്കുമിടയിൽ വലിയ ആവേശത്തിനു കാരണമായി. അവരിൽ രണ്ടു വിദ്യാർഥികൾക്കു മലാവിയിലേക്കു നിയമനം ലഭിച്ചപ്പോൾ അവർ എത്രമാത്രം സന്തോഷിച്ചുവെന്നോ! 1967-നു ശേഷം ആ രാജ്യത്തേക്കു നിയമിക്കപ്പെടുന്ന ആദ്യത്തെ വിദേശ മുഴുസമയ സേവകരായിരുന്നു അവർ. ആ രണ്ടു സഹോദരന്മാരും, അതായത് ആൻഡ്രൂ ബേർഡും കാൾ ഒഫർമാനും, ഇപ്പോൾ ലിലൊങ്വേയിലെ ബെഥേലിൽ സേവിക്കുന്നു. അത്തരം പരിശീലനം ലഭിച്ച ആദ്യത്തെ മലാവിക്കാരനാണ് ബെർണാഡ് മാസുൺഡ. അതേ ക്ലാസ്സിൽ ഉണ്ടായിരുന്ന അദ്ദേഹം ഇപ്പോൾ സ്കൂളിന്റെ പിൽക്കാല ക്ലാസ്സുകളിൽനിന്നുള്ള ബിരുദധാരികളോടൊപ്പം സർക്കിട്ട് മേൽവിചാരകനായി സേവിക്കുകയാണ്.
അതിനിടെ, മലാവിയിലെ വേല പുനഃസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സാംബിയ ബ്രാഞ്ചിലെ സഹോദരന്മാർ കൈകാര്യം ചെയ്തു. യഹോവയുടെ സാക്ഷികൾക്ക് ഇപ്പോൾ നിരോധനമില്ലെങ്കിലും, അവരുടെ സാഹിത്യങ്ങൾക്കു നിരോധനമുള്ളതായി അവർ പെട്ടെന്നുതന്നെ മനസ്സിലാക്കി. ആ കാര്യം നേരെയാക്കുന്നതിന് നീതിന്യായ വകുപ്പ് മന്ത്രിയുമായി ഒരു കൂടിക്കാഴ്ച നടത്തി. അത് അങ്ങേയറ്റം ഗുണം ചെയ്തു. സൊസൈറ്റിയുടെ സാഹിത്യങ്ങൾക്കുള്ള നിരോധനം നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ അദ്ദേഹം സത്വരം സ്വീകരിച്ചു. മാത്രമല്ല, പുതിയ ബ്രാഞ്ച് ഓഫീസിനു വേണ്ടി അനുയോജ്യമായ സ്ഥലം കണ്ടെത്താൻ സഹായിക്കാമെന്നും അദ്ദേഹം പറഞ്ഞു. തത്ഫലമായി, ലിലൊങ്വേയിൽ 30 ഏക്കറുള്ള നല്ല ഒരു സ്ഥലം വാങ്ങാൻ സാധിച്ചു. രാജ്യത്തിന്റെ മധ്യഭാഗത്തായുള്ള ഈ സ്ഥലത്ത് പുതിയ ബ്രാഞ്ചിന്റെ നിർമാണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു.
സഭകൾ വീണ്ടും പരസ്യമായി കൂടിവരാൻ തുടങ്ങിയതോടെ, നിരോധനം ഏർപ്പെടുത്തിയതിനു ശേഷം കാണാൻ സാധിക്കാഞ്ഞ സ്നേഹിതരെ വീണ്ടും കാണാൻ കഴിഞ്ഞതിൽ സഹോദരങ്ങൾ എത്രയധികം സന്തോഷിച്ചുവെന്നോ! യോഗങ്ങൾ നിശ്ചിത സമയത്തിലും കൂടുതൽ നീണ്ടു, എന്നാൽ അതിൽ ആർക്കും ബുദ്ധിമുട്ടു തോന്നിയില്ല. സഹോദരന്മാരുടെ പ്രസംഗങ്ങളോടുള്ള വിലമതിപ്പ് സഹോദരങ്ങൾ മേലാൽ കൈകൾ തിരുമ്മുന്നതിൽ ഒതുക്കി നിർത്തിയില്ല. മറിച്ച്, പ്ലാറ്റ്ഫാറത്തിൽ വന്ന എല്ലാവർക്കും ഉത്സാഹപൂർവകമായ കയ്യടി കിട്ടി. രാജ്യഗീതങ്ങൾ പാടിയതു വളരെ താഴ്ന്ന ശബ്ദത്തിൽ ആയിരുന്നില്ല. ഉച്ചത്തിൽ, സ്പഷ്ടമായി അവർക്കു ഗീതങ്ങൾ ആലപിക്കാൻ സാധിച്ചു. താമസിയാതെ, എല്ലാവർക്കും വളരെ പ്രിയങ്കരമായിത്തീർന്ന ഗീതം “യഹോവെ, നിനക്കു ഞങ്ങൾ നന്ദിപറയുന്നു” എന്നതായിരുന്നു.
എന്നാൽ, സംഘടനാപരമായ കാര്യങ്ങളിൽ കാലാനുസൃതമായ പുരോഗതി നേടാൻ സഹായം ആവശ്യമാണെന്നു സഹോദരങ്ങൾ മനസ്സിലാക്കി. സൊസൈറ്റിയുടെ ഓഫീസിൽനിന്നും പ്രത്യേകമായി പരിശീലിപ്പിക്കപ്പെട്ട മറ്റു സഹോദരന്മാരിൽനിന്നും മൂപ്പന്മാർ താഴ്മയോടെ മാർഗനിർദേശങ്ങൾ സ്വീകരിച്ചു. സഭകളിലെ സംഘടനാപരമായ കാര്യങ്ങളിൽ പെട്ടെന്നുതന്നെ പുരോഗതി ദൃശ്യമായി. പ്രസാധകരുടെ എണ്ണവും വർധിച്ചുവന്നു. നിരോധനം നീക്കം ചെയ്തതിന്റെ പിറ്റേ വർഷം 4,247 പേരാണ് സ്നാപനമേറ്റത്. 88,903 പേർ ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകത്തിൽ സംബന്ധിക്കുകയും ചെയ്തു.
കൂടുതലായ സഹായം എത്തുന്നു
നിരോധനത്തിനു മുമ്പ് മലാവിയിൽ സേവിച്ചിരുന്ന രണ്ടു മിഷനറി ദമ്പതികൾ മടങ്ങിവരുന്നു എന്ന വാർത്ത പരന്നപ്പോൾ രാജ്യത്തെമ്പാടുമുള്ള സഹോദരങ്ങൾക്കു വലിയ ഉത്സാഹമായി. ഇതിനിടെ സിംബാബ്വേയിൽ സേവിച്ചുകൊണ്ടിരുന്ന കീത്ത് ഇറ്റണും ഭാര്യ ആനും ലിലൊങ്വേയിലെ ഓഫീസ് ജോലിയിൽ സഹായിക്കാനായി 1995 ഫെബ്രുവരി 1-ന് എത്തിച്ചേർന്നു. പിന്നീട്, സയറിൽ (ഇപ്പോഴത്തെ കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിൽ) ആയിരുന്ന ജാക്ക് യോഹാൻസണും ഭാര്യ ലിൻഡയും ബ്ലാന്റൈറിലെ മിഷനറി ഭവനത്തിൽ പ്രവർത്തിക്കുന്നതിനു നിയമിക്കപ്പെട്ടു. ഈ രണ്ടു ദമ്പതിമാർക്കും രാജ്യത്തു സ്ഥിരം താമസക്കാർ ആയിരിക്കുന്നതിനുള്ള അനുവാദം വീണ്ടും ലഭിച്ചിരിക്കുന്നു. ഈ ദീർഘകാല മിഷനറിമാർക്കും അതുപോലെതന്നെ നിരോധനത്തിനു മുമ്പ് അവരുടെ കൂടെ പ്രവർത്തിച്ചിരുന്ന മലാവിയിലെ സഹോദരങ്ങൾക്കും എത്ര സന്തോഷകരമായ പുനഃസംഗമം ആയിരുന്നു അത്!
നൈജീരിയ ബ്രാഞ്ചിൽ ഇപ്പോൾ സേവിക്കുന്ന മാൽക്കം വൈഗോ, മലാവിയിൽ നിരോധനം ഏർപ്പെടുത്തിയ സമയത്ത് അവിടുത്തെ ബ്രാഞ്ച് ദാസൻ ആയിരുന്നു. 1995 ഫെബ്രുവരിയിൽ അനവധി വർഷങ്ങൾക്കു ശേഷം മേഖലാ മേൽവിചാരകൻ എന്ന നിലയിൽ മലാവി സന്ദർശിക്കുന്നതിനുള്ള പദവി അദ്ദേഹത്തിനു ലഭിച്ചു. ഭാര്യ ലിൻഡ ലൂയിസ് കൂടെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രതികരണം? “അത്യധികം സന്തോഷകരമായ ഒരു അനുഭവവും പദവിയും ആയിരുന്നു അത്! സ്വന്തഭവനത്തിലേക്കു ചെല്ലുന്നതു പോലെയാണ് എനിക്കു തോന്നിയത്.”
അതിനിടെ, മറ്റു മിഷനറിമാരും യോഗ്യതയുള്ള സഹോദരന്മാരും സമീപ ബ്രാഞ്ചുകളിൽനിന്നു മലാവിയിലേക്കു നിയമിക്കപ്പെട്ടു. വയലിൽനിന്നു കത്തുകളുടെ പ്രവാഹമായി. തീർച്ചയായും, “കർത്താവിന്റെ വേലയിൽ ധാരാളം ചെയ്യാൻ” ഉണ്ടായിരുന്നു.—1 കൊരി. 15:58.
“സന്തുഷ്ട സ്തുതിപാഠകർ”
28 വർഷത്തിനു ശേഷം ആദ്യമായി, 1995 ജൂലൈയിലും ആഗസ്റ്റിലും, ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ നടത്താൻ കഴിഞ്ഞതിൽ മലാവിയിലെ സാക്ഷികൾക്ക് ഉണ്ടായ ചേതോവികാരം ഒന്നു വിഭാവന ചെയ്യുക. ആഫ്രിക്കയിലെ മിക്ക കൺവെൻഷനുകളുടെയും കാര്യത്തിലെന്ന പോലെ, കുടുംബങ്ങൾ പുതപ്പും കലവും പാത്രങ്ങളുമൊക്കെ ഉൾപ്പെടുന്ന അവരുടെ കാട്ടുൻദു (ലഗ്ഗേജ്) കൊണ്ടുവന്നു. പാചകത്തിനുള്ള വിറകുപോലും അവർ കൊണ്ടുവന്നിരുന്നു.
സദസ്സിലെ മിക്കവർക്കും നിരോധനത്തിനു തൊട്ടുമുമ്പു നടന്ന അവസാനത്തെ കൺവെൻഷൻ പരമ്പരകൾ ഓർക്കാൻ കഴിയുമായിരുന്നില്ല. കാരണം, ഒന്നുകിൽ അവർ വളരെ ചെറുപ്പമായിരുന്നു, അല്ലെങ്കിൽ അതു കഴിഞ്ഞാണ് അവർ ജനിച്ചത്. അതുമല്ലെങ്കിൽ, അവർ അന്നു സത്യം പഠിച്ചിരുന്നില്ല. അതിനാൽ, മിക്കവരെ സംബന്ധിച്ചും അത് അവരുടെ ആദ്യത്തെ ഡിസ്ട്രിക്റ്റ് കൺവെൻഷൻ ആയിരുന്നു. “സന്തുഷ്ട സ്തുതിപാഠകർ” എന്ന വിഷയം വളരെ അനുയോജ്യമായിരുന്നു. കൺവെൻഷൻ സ്ഥലത്ത് എത്തിയ ചിലർ വിശ്വസിക്കാനാവാതെ കണ്ണുകൾ തിരുമ്മിക്കൊണ്ടു ചോദിച്ചു: “ഞാൻ കാണുന്നതു സ്വപ്നമാണോ?” ഈ കൺവെൻഷൻ പരിപാടിയിൽ ലോകമെമ്പാടുമുള്ള തങ്ങളുടെ സഹ ആരാധകരോടൊപ്പം ഏകീകൃതർ ആയിരിക്കുന്നതിൽ അവർ പുളകിതരായിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി നടത്തിയ ഒമ്പതു കൺവെൻഷനുകളിൽ മൊത്തം 77,000-ത്തിലധികം പേർ സംബന്ധിച്ചു! വയൽശുശ്രൂഷയിൽ ഉപയോഗിക്കാനുള്ള പുതിയ ഉപകരണമായ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകം അത്യധികം ആവേശത്തോടെയാണു സഹോദരങ്ങൾ സ്വീകരിച്ചത്. അത് ഇംഗ്ലീഷ് ഭാഷയിൽ മാത്രമേ പ്രകാശനം ചെയ്തുള്ളുവെങ്കിലും, ചിച്ചെവ ഭാഷയിലേക്ക് അതിന്റെ വിവർത്തനം നടന്നുകൊണ്ടിരിക്കുന്നു എന്നു കേട്ടതിൽ സഹോദരങ്ങൾ സന്തോഷിച്ചു.
ഇംഗ്ലീഷിലും ഒരു കൺവെൻഷൻ നടന്നു. ചെറുതായിരുന്നെങ്കിലും, അതിന് ഒരു അന്താരാഷ്ട്ര പ്രതീതി ഉണ്ടായിരുന്നു. ദക്ഷിണാഫ്രിക്ക, മൊസാമ്പിക്ക്, സയർ, സാംബിയ, സിംബാബ്വേ എന്നിവിടങ്ങളിൽ നിന്നുള്ളവർ അതിൽ സംബന്ധിച്ചു. രസാവഹമായ സംഗതി, ബ്ലാന്റൈറിലെ ക്വാച്ച കോൺഫറൻസ് സെന്ററിലാണ് ഈ കൺവെൻഷൻ നടത്തപ്പെട്ടത്. തന്റെ രാഷ്ട്രീയ പാർട്ടിയുടെ ചില യോഗങ്ങൾക്കായി ഡോ. ബാൻഡ പ്രത്യേകമായി നിർമിച്ചതായിരുന്നു ആ ഹാൾ. നിരോധനകാലത്തെ അനുഭവങ്ങളെ കുറിച്ച് വിഡസ് മഡോണ, ലാക്സൺ കുഞ്ചെ എന്നീ രണ്ടു പ്രാദേശിക സഹോദരന്മാരുമായി അഭിമുഖം നടത്തിയപ്പോൾ സദസ്യർ സശ്രദ്ധം കേട്ടിരുന്നു. എഡ് ഫിഞ്ചും അവിടെ സന്നിഹിതനായിരുന്നു. സന്തോഷകരമായ ആ അവസരത്തെക്കുറിച്ച് അദ്ദേഹം പറയുന്നു: “ഈ ദിനത്തിനായി ഞങ്ങളെല്ലാം എത്ര കാലം പ്രാർഥിച്ചുവെന്നോ! കൂടിവന്നവരിൽ പലരും സന്തോഷാശ്രുക്കൾ പൊഴിച്ചു. വിക്ടർ ലുൾകർ തന്റെ പുത്രി ആഞ്ചെലിനെ, രഹസ്യമായിട്ടല്ല മറിച്ച് പരസ്യമായി, സ്നാപ്പെടുത്തുന്നതു കണ്ടപ്പോൾ ഞങ്ങളുടെ കണ്ണുകളിൽ നനവൂറി, തൊണ്ടയിൽ വാക്കുകൾ തടഞ്ഞു. “യഹോവേ, നിനക്കു ഞങ്ങൾ നന്ദി പറയുന്നു” എന്ന പുളകപ്രദമായ ഗാനത്തോടെ കൺവെൻഷൻ സമാപിച്ചപ്പോൾ ഹൃദയങ്ങൾ കൃതജ്ഞതകൊണ്ടു നിറഞ്ഞു, കണ്ണുകൾ നിറഞ്ഞൊഴുകി. ആ ഒമ്പതു കൺവെൻഷനുകളിൽ സംബന്ധിച്ച സന്തുഷ്ട സ്തുതിപാഠകർ അവയെക്കുറിച്ചു ദീർഘകാലം ഓർക്കും.
ബ്രാഞ്ച് പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങുന്നു
1995 സെപ്റ്റംബർ 1-ന് മലാവിയിലെ ബ്രാഞ്ച് വീണ്ടും ഒരിക്കൽ കൂടി ഭരണസംഘത്തിന്റെ നിർദേശത്തിൻ കീഴിൽ പ്രവർത്തിക്കാൻ തുടങ്ങി. ഇപ്പോഴത്തെ ഓഫീസ് ലിലൊങ്വേയിൽ ആയിരുന്നു. 542 സഭകളും 30,000-ത്തിലധികം പ്രസാധകരും അവിടെ ഉണ്ടായിരുന്നതിനാൽ ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു.
തുടർന്ന് കാര്യങ്ങൾ ശീഘ്രഗതിയിൽ പുരോഗമിച്ചു! ആകെ ഉണ്ടായിരുന്ന പത്ത് ബെഥേൽ അംഗങ്ങൾക്കു ഭാരിച്ച വേല ചെയ്യാനുണ്ടായിരുന്നു. അതിൽപ്പിന്നെ, സഹായത്തിനായി വേല ചെയ്യാൻ സന്നദ്ധരായ കൂടുതൽ ബെഥേൽ അംഗങ്ങളെയും മറ്റു സഹോദരങ്ങളെയും വിളിച്ചിരിക്കുന്നു. ചിച്ചെവ, തൂമ്പൂക്ക ഭാഷകളിലെ പരിഭാഷാ ടീമുകളെ സാംബിയയിൽനിന്ന് ആ ഭാഷകളുടെ “പിതൃദേശ”ത്തേക്കു മാറ്റുകയുമുണ്ടായി.
തങ്ങളുടെ വിശ്വസ്തതയെ പരീക്ഷിക്കുന്ന പുതിയ സാഹചര്യങ്ങളെ തരണം ചെയ്യാൻ സഹോദരങ്ങളെ സഹായിക്കുന്നതിൽ ബ്രാഞ്ച് തിരക്കോടെ ഏർപ്പെട്ടിരിക്കുന്നു. അവയിൽ പതാകവന്ദനം, അധാർമികത, മയക്കുമരുന്ന് ദുരുപയോഗം, മോശമായ സഹവാസം എന്നിവ ഉൾപ്പെടുന്നു. രക്തപ്പകർച്ചയോടു ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്നവരെ സഹായിക്കാൻ ‘ഹോസ്പിറ്റൽ ഇൻഫർമേഷൻ സർവീസസ്’ വിഭാഗം സ്ഥാപിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയിൽ സഞ്ചാരവേലയിൽ ആയിരുന്ന രണ്ടു സഹോദരന്മാരെ, അവരുടെ ഭാര്യമാരോടൊപ്പം, മലാവിയിലേക്കു പുനർനിയമിച്ചതു വലിയ സഹായമായി. ഡിസ്ട്രിക്റ്റ് മേൽവിചാരകന്മാർ എന്ന നിലയിൽ അവർ ഒരു നല്ല വേല ചെയ്തുവരുന്നു.
കുറെക്കൂടി അടുത്ത കാലത്ത്, അതായത് 1997 മാർച്ച് 20-ന്, സന്തോഷകരമായ മറ്റൊരു സംഗതി ഉണ്ടായി. ഉച്ചയ്ക്കുള്ള റേഡിയോ വാർത്തയിൽ, ഗവൺമെന്റ് മുമ്പത്തെ ബ്രാഞ്ച് സ്വത്ത് സൊസൈറ്റിക്കു തിരികെ കൊടുക്കുകയാണെന്ന അറിയിപ്പു കേട്ടപ്പോൾ മലാവിയിലെങ്ങുമുള്ള സാക്ഷികൾ സന്തോഷിച്ചു. മുൻ ഗവൺമെന്റ് 1967-ൽ കണ്ടുകെട്ടിയ ആ കെട്ടിടം മലാവി കോൺഗ്രസ് പാർട്ടിയുടെ ദക്ഷിണ മേഖലാ ആസ്ഥാനമായി ഉപയോഗിക്കുക ആയിരുന്നു. എന്നാൽ ഇപ്പോൾ അത് അതിന്റെ യഥാർഥ ഉടമകൾക്കു തിരികെ കിട്ടി—ഏകദേശം 30 വർഷത്തിനു ശേഷം. ആ ദിവസത്തെ എല്ലാ മുഖ്യ ഭാഷകളിലെയും വാർത്തകളിൽ അത് ആവർത്തിച്ചു കേട്ടപ്പോൾ മുഴു രാജ്യത്തിനും എത്ര വലിയ ഒരു സാക്ഷ്യമാണു ലഭിച്ചത്! ഇപ്പോൾ ഈ കെട്ടിടം യഹോവയുടെ സാക്ഷികളുടെ പതിവു ക്രിസ്തീയ യോഗങ്ങൾക്കായി ഉപയോഗിക്കുന്നു.
യഹോവ വളരുമാറാക്കുന്നു
നിരോധനം നീക്കം ചെയ്തതിനു ശേഷം, യഹോവ മലാവിയിലെ തന്റെ ദാസന്മാരുടെ വേലയെ നിശ്ചയമായും അനുഗ്രഹിച്ചിരിക്കുന്നു. പല വീട്ടുകാരും യഹോവയുടെ സാക്ഷികളെ വലിയ താത്പര്യത്തോടെ തങ്ങളുടെ വീടുകളിലേക്കു ക്ഷണിക്കുകയും അവരുടെ സാഹിത്യം സ്വീകരിക്കുകയും ബൈബിൾ അധ്യയനത്തിനുള്ള ക്ഷണം സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. അടുത്ത കാലത്തു നടന്ന “ദൈവവചന വിശ്വാസ” ഡിസ്ട്രിക്റ്റ് കൺവെൻഷനുകളുടെ സമയത്ത് നാമിറ്റെറ്റെ എന്ന ഒരു പട്ടണത്തിന് അടുത്തായി യഹോവയുടെ സാക്ഷികളുടെ ഒരു വലിയ കൂട്ടം സമ്മേളിക്കുന്നതു കണ്ട ഒരു സ്ത്രീ അമ്പരന്നുപോയി. “ഈ ആയിരക്കണക്കിന് ആളുകൾ എവിടെനിന്നാണ് വരുന്നത്?” അവർ ചോദിച്ചു. “ഇതു വിസ്മയകരമാണ്! നിങ്ങൾ ദീർഘകാലം നിരോധനത്തിലായിരുന്നില്ലേ.” താൻ കണ്ട കാര്യങ്ങളിൽ പ്രചോദിതയായ ആ വനിത യഹോവയുടെ സന്തുഷ്ട ആരാധക കൂട്ടത്തോടൊപ്പം ചേരുകയും പരിപാടി ശ്രവിക്കുകയും ചെയ്തു. അതിനുശേഷം, അവരും ബൈബിൾ പഠിക്കാൻ സമ്മതിച്ചു.
മുമ്പ് സത്യത്തെ എതിർത്തിരുന്ന ചിലർ പോലും അനുകൂലമായി പ്രതികരിച്ചിരിക്കുന്നു. നിരോധനകാലത്തെ തങ്ങളുടെ ദുഷ്ചെയ്തികൾക്കു ചിലർ മാപ്പു പറയാൻ പ്രേരിതരായി. “ഞങ്ങൾ ആയിരുന്നില്ല ഉത്തരവാദികൾ. ഈ ദുഷ്ചെയ്തികൾ ഗവൺമെന്റ് ഞങ്ങളെക്കൊണ്ടു ചെയ്യിക്കുക ആയിരുന്നു” എന്ന് അവർ പറയുന്നു. അത്തരം വ്യക്തികളെ യോഗങ്ങൾക്കു ക്ഷണിക്കാൻ സഹോദരങ്ങൾക്കു സന്തോഷമേ ഉള്ളൂ. 1975-ൽ നമ്മുടെ സഹോദരങ്ങൾക്ക് മൊസാമ്പിക്കിൽനിന്നു നിർബന്ധിതമായി തിരികെ പോരേണ്ടിവന്നപ്പോൾ, അവരെ “സ്വാഗതം ചെയ്ത്,” തങ്ങളുടെ ഗ്രാമങ്ങളിലേക്കു മടങ്ങിപ്പോയി ഭരിക്കുന്ന പാർട്ടിയുമായി സഹകരിക്കാൻ ആവശ്യപ്പെട്ട മുൻ സർക്കാർ മന്ത്രി പോലും ലിലൊങ്വേയിലെ ഒരു പയനിയറുടെ അടുക്കൽ ബൈബിൾ പഠിച്ചുകൊണ്ടിരിക്കുകയാണ്.
സാക്ഷികളിൽ ആരും വിദ്വേഷ മനോഭാവം കാണിക്കുന്നില്ല. ആരും പ്രതികാരം ചെയ്യാനും ശ്രമിക്കുന്നില്ല. (റോമ. 12:17-19) ഇപ്പോൾ സ്വാതന്ത്ര്യം ഉള്ളതിനാൽ അവരുടെ ഒരേ ഒരു ആഗ്രഹം യഹോവയെ സ്തുതിക്കുക എന്നതാണ്. ശുശ്രൂഷയിൽ ഫലപ്രദരായ അധ്യാപകർ ആയിരിക്കാൻ തങ്ങളെ സഹായിക്കുന്ന ഏത് ഉപകരണവും ഉപയോഗിക്കാൻ പഠിക്കുന്നതിൽ അവർ ഉത്സുകരാണ്. തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ, നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം തുടങ്ങിയ ഉപകരണങ്ങളും അതുപോലെതന്നെ സൊസൈറ്റിയുടെ വീഡിയോകളും ഉപയോഗിച്ചുകൊണ്ട് അവർ ബൈബിൾ പഠനം തുടങ്ങാൻ ആയിരക്കണക്കിനു താത്പര്യക്കാരെ സഹായിച്ചുവരുന്നു.
“നിത്യജീവനുവേണ്ടി ശരിയായ മനോനിലയുള്ള”വരെ അന്വേഷിക്കുന്നതിൽ തുടരാൻ യഹോവ എത്ര കാലം അനുവദിക്കും എന്നു നമുക്ക് അറിയില്ല. (പ്രവൃ. 13:48, NW) എന്നാൽ, ഒരു സംഗതി വ്യക്തമാണ്: ഈ രാജ്യത്തെ ആത്മീയ കൂട്ടിച്ചേർപ്പിന് ഇനിയും അത്ഭുതകരമായ സാധ്യതയാണ് ഉള്ളത്. 1998 ജൂണിൽ റിപ്പോർട്ടു ചെയ്ത പ്രസാധകരുടെ പുതിയ അത്യുച്ചം അമ്പരപ്പിക്കുന്നതായിരുന്നു—42,770 പേർ! 1998-ൽ നടത്തിയ “ദൈവമാർഗത്തിലുള്ള ജീവിതം” ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ സംബന്ധിച്ചവരുടെ സംഖ്യ 1,52,746 ആയിരുന്നു. ആ വർഷം ആദ്യം നടത്തിയ ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരക ആഘോഷത്തിൽ സംബന്ധിച്ചവർ 1,20,412 ആയിരുന്നു!
അതേ, മലാവിയിലെ യഹോവയുടെ സാക്ഷികൾക്കു മുന്നിലുള്ളതു വളരെ ശോഭനമായ ഭാവിയാണ്. യഹോവയുടെ ദിവസം വരുന്നതിനു മുമ്പ് ദൈവവചനത്തെ കുറിച്ചുള്ള സൂക്ഷ്മ പരിജ്ഞാനം നേടാൻ ഇനിയും ആയിരങ്ങളെ സഹായിക്കാൻ തങ്ങൾക്കു കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ. മരിച്ചുപോയ തങ്ങളുടെ കുടുംബാംഗങ്ങളെയും സ്നേഹിതരെയും—തങ്ങളുടെ അമൂല്യ വിശ്വാസം ത്യജിക്കുന്നതിനു പകരം മരിക്കാൻ സന്നദ്ധരായ ക്രിസ്തീയ സഹോദരങ്ങളെയും—തിരികെ ജീവനിലേക്കു സ്വാഗതം ചെയ്യാൻ കഴിയുന്ന ദിവസത്തിനായും അവർ പ്രതീക്ഷാപൂർവം കാത്തിരിക്കുന്നു. സർവരും സുരക്ഷിതമായി വസിക്കുന്ന, യഹോവയെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്ന സകലരും നിത്യമായി പൂർണാരോഗ്യം ആസ്വദിക്കുന്ന, ഒരു ആഗോള പറുദീസയുടെ ഭാഗമായി മലാവി മാറുന്ന ദിവസത്തിനായി അവർ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
മലാവിയിലുള്ള യഹോവയുടെ സാക്ഷികൾ തങ്ങളുടെ വിശ്വാസത്തിന് എതിരായ ഗുരുതരമായ വെല്ലുവിളികളെ സഹിച്ചുനിന്നിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളിലെ അവരുടെ ദൃഢവിശ്വസ്തത അവർ ഭാഗമായിരിക്കുന്ന ലോകവ്യാപക സഹോദരവർഗത്തിനു മുഴുവനും പ്രോത്സാഹനത്തിന്റെ ഒരു ഉറവാണ്. ‘അനുകൂല കാലത്തും പ്രതികൂല കാലത്തും’ സുവാർത്ത പ്രസംഗിക്കാനുള്ള അവരുടെ വലിയ താത്പര്യം അനുകരണാർഹമാണ്. (2 തിമൊ. 4:2, NW) അവരെ അടുത്തറിയുന്നവർക്ക്, ‘ആഫ്രിക്കയുടെ ഊഷ്മള ഹൃദയം’ അവരിൽ കണ്ടിരിക്കുന്നു എന്നു തോന്നും, തീർച്ച.
[191-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
സാംബിയ
സിൻഡ മിസാലെ ക്യാമ്പുകൾ
മലാവി
മലാവി തടാകം
ലിലൊങ്വേ
സോംബ
ബ്ലാന്റൈർ
മലാൻയി പർവതം
മൊസാമ്പിക്ക്
മ്ലാംഗെനി ക്യാമ്പുകൾ
മിലാംഗെ ക്യാമ്പുകൾ
മൊസാമ്പിക്ക്
[148-ാം പേജ് നിറയെയുള്ള ചിത്രം]
[153-ാം പേജിലെ ചിത്രം]
1925-ൽ സ്നാപനമേറ്റ ഗ്രെഷം ക്വാസിസിറ
[157-ാം പേജിലെ ചിത്രം]
ബിൽ മക്ലക്കി സൊസൈറ്റിയുടെ സോംബ ഓഫീസിൽ
[162-ാം പേജിലെ ചിത്രം]
മലാവിയിലെ ഒരു സാധാരണ ഗ്രാമം
[165-ാം പേജിലെ ചിത്രം]
അലക്സ് മാഫാംബാന
[170-ാം പേജിലെ ചിത്രങ്ങൾ]
1966-ൽ മലാൻയി പർവതത്തിന് അടുത്തായി നടന്ന ഒരു കൺവെൻഷനിൽ സാക്ഷികൾ എത്തിച്ചേരുന്നു
[177-ാം പേജിലെ ചിത്രങ്ങൾ]
സാക്ഷികൾ നിരോധിക്കപ്പെട്ടപ്പോൾ; ബ്രാഞ്ച് സ്ഥലത്തിന്റെ ഗേറ്റ് പൂട്ടിയിരിക്കുന്നു
[178-ാം പേജിലെ ചിത്രം]
തന്റെ വീട് നശിപ്പിക്കപ്പെട്ടെങ്കിലും, സഹോദരങ്ങളെ ബലപ്പെടുത്താൻ ഫൈൻലി മ്വിൻയെരെ താത്പര്യം കാട്ടി
[186-ാം പേജിലെ ചിത്രം]
ബിൽ മക്ലക്കിയും ഭാര്യ ഡെനിസും
[192-ാം പേജിലെ ചിത്രം]
മധ്യ പ്ലാറ്റ്ഫോം, ഇവിടെനിന്നാണ് ബൈബിൾ പ്രബോധനം നൽകുകയും ക്യാമ്പിലെ ചുമതലകൾ വിവരിക്കുകയും ചെയ്തത്
[193-ാം പേജിലെ ചിത്രം]
“സെവെൻ-റ്റൂ-സെവെൻ” എന്ന് അറിയപ്പെട്ടിരുന്ന ബാസ്റ്റൺ ലൊങ്വേ
[194-ാം പേജിലെ ചിത്രം]
മ്ലാംഗെനിക്ക് അടുത്തുള്ള നാസിപ്പൊളി അഭയാർഥി ക്യാമ്പ്, തങ്ങളുടെ കുടുംബങ്ങൾക്കായി സാക്ഷികൾ നിർമിച്ച വീടുകളും കാണാം
[200, 201 പേജുകളിലെ ചിത്രങ്ങൾ]
തങ്ങളുടെ വിശ്വാസത്തെ പ്രതി സാക്ഷികൾ നേരത്തേ പീഡിപ്പിക്കപ്പെട്ടിരുന്നെങ്കിലും അവർ സസന്തോഷം സേവനത്തിൽ തുടർന്നു
[202-ാം പേജിലെ ചിത്രം]
സഹോദരങ്ങൾക്ക് ആത്മീയ ആഹാരം എത്തിക്കാൻ തങ്ങളുടെ സ്വാതന്ത്ര്യം അപകടപ്പെടുത്തിയ സഞ്ചാരസേവകർ
[204-ാം പേജിലെ ചിത്രം]
നിരോധന കാലത്ത് എഡ് ഫിഞ്ചും ഭാര്യ ലിൻഡയും മലാവിയിലെ പതിവു സന്ദർശകരായിരുന്നു
[210-ാം പേജിലെ ചിത്രം]
തുറന്ന ക്ലാസ്സ് മുറിയിൽ ഒരു കോഴ്സിനായി കൂടിവന്നിരിക്കുന്ന മൂപ്പന്മാർ
[215-ാം പേജിലെ ചിത്രം]
കീത്ത് ഇറ്റണും ഭാര്യ ആനും, ജാക്ക് യോഹാൻസണും ഭാര്യ ലിൻഡയും—മലാവിയിൽ തിരിച്ചെത്തിയതിൽ സന്തുഷ്ടർ
[216-ാം പേജിലെ ചിത്രങ്ങൾ]
ബ്രാഞ്ച് കമ്മിറ്റി (മുകളിൽനിന്ന് താഴേക്ക്): ലെമൺ കാബ്വാസി, കീത്ത് ഇറ്റൺ, കോളിൻ കാഴ്സൺ
[217-ാം പേജിലെ ചിത്രങ്ങൾ]
മുകളിൽ: മുൻ ബ്രാഞ്ച് സ്വത്ത് തിരികെ കിട്ടിയപ്പോൾ അതു വൃത്തിയാക്കാൻ സാക്ഷികൾ ഉത്സാഹപൂർവം സ്വമേധയാ പ്രവർത്തിച്ചു
വലത്ത്: സഹോദരന്മാർക്കു ബ്രാഞ്ചിൽനിന്നുള്ള സഭാസാഹിത്യം ലഭിക്കുന്നു
[218-ാം പേജിലെ ചിത്രം]
നിരോധനത്തിനു മുമ്പ് ബ്രാഞ്ചിൽ ഒന്നിച്ചു പ്രവർത്തിച്ചിരുന്ന മാൽക്കം വൈഗോയും വിഡസ് മഡോണയും വീണ്ടും സംഗമിച്ചപ്പോൾ
[220-ാം പേജിലെ ചിത്രം]
ഓല മേഞ്ഞ ഒരു രാജ്യഹാൾ. ഇനിയും 600 സഭകൾക്കു കൂടി രാജ്യഹാളുകൾ ആവശ്യമാണ്!
[223-ാം പേജിലെ ചിത്രങ്ങൾ]
സന്തുഷ്ടരായ സാക്ഷികൾ മലാവിയിൽ രാജ്യസുവാർത്ത ഘോഷിക്കുന്നതിൽ തുടരുന്നു