ബൈബിളിന്റെ വീക്ഷണം
നിങ്ങൾ കന്യാമറിയത്തോടു പ്രാർഥിക്കണമോ?
ക്രി സ്ത്യാനിത്വത്തെപ്പറ്റി കുറച്ചെങ്കിലും അറിവുള്ളവരിൽ മിക്കവർക്കുംതന്നെ മറിയം എന്ന കഥാപാത്രം സുപരിചിതയാണ്. യേശുവിന്റെ അമ്മയാകാൻ തിരഞ്ഞെടുത്തുകൊണ്ട് സർവശക്തനായ ദൈവം ഈ യുവതിയെ പ്രത്യേകാൽ അനുഗ്രഹിച്ചതായി തിരുവെഴുത്തുകൾ പറയുന്നു. മറിയം ഒരു കന്യകയായിരിക്കെയാണ് യേശുവിനെ ഗർഭം ധരിച്ചത് എന്നതിനാൽ അവന്റെ ജനനം വിശേഷതയുള്ള ഒന്നായിരുന്നു. ക്രൈസ്തവമണ്ഡലത്തിലെ ചില സഭകൾ മറിയത്തിന് ദീർഘകാലമായി തങ്ങളുടെ ആരാധനയിൽ പ്രത്യേക സ്ഥാനം നൽകിപ്പോന്നിട്ടുണ്ട്. പൊതുയുഗം (പൊ.യു.) 431-ൽ എഫേസൂസിലെ സുന്നഹദോസ്, മറിയത്തെ “ദൈവമാതാവ്” ആയി പ്രഖ്യാപിച്ചു.a അവളോടു പ്രാർഥിക്കാൻ ഇന്ന് പല ആളുകളും പഠിപ്പിക്കപ്പെടുന്നു.
ശരിയായ വ്യക്തിയോടായിരിക്കണം പ്രാർഥിക്കേണ്ടത് എന്ന് ആത്മാർഥഹൃദയമുള്ള ആരാധകർക്ക് അറിയാം. ഇതു സംബന്ധിച്ച് ബൈബിൾ എന്താണു പഠിപ്പിക്കുന്നത്? ക്രിസ്ത്യാനികൾ കന്യാമറിയത്തോടു പ്രാർഥിക്കണമോ?
‘ഞങ്ങളെ പ്രാർത്ഥിപ്പാൻ പഠിപ്പിക്കേണമേ’
‘കർത്താവേ, ഞങ്ങളെ പ്രാർത്ഥിപ്പാൻ പഠിപ്പിക്കേണമേ’ എന്ന് യേശുവിന്റെ ശിഷ്യന്മാരിൽ ഒരാൾ അവനോട് അഭ്യർഥിച്ചതായി ലൂക്കൊസിന്റെ സുവിശേഷവിവരണം രേഖപ്പെടുത്തുന്നു. അതിനുള്ള പ്രതികരണമായി യേശു, “നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ ചൊല്ലേണ്ടിയതു: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ” എന്നാണെന്നു പറഞ്ഞു. അതുപോലെ തന്റെ ഗിരിപ്രഭാഷണത്തിനിടയിലും യേശു തന്റെ അനുഗാമികളെ “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ” എന്നു പ്രാർഥിക്കാൻ പഠിപ്പിക്കുകയുണ്ടായി.—ലൂക്കൊസ് 11:1, 2; മത്തായി 6:9.
ഇതിൽനിന്ന് ആദ്യംതന്നെ പഠിക്കാൻ കഴിയുന്ന സംഗതി, പ്രാർഥന അഥവാ ആരാധനയുടേതായ വാക്കുകൾ നാം അർപ്പിക്കേണ്ടത് യേശുവിന്റെ പിതാവായ യഹോവയ്ക്കായിരിക്കണം എന്നാണ്. മറ്റാരോടെങ്കിലും പ്രാർഥിക്കാൻ ബൈബിൾ ഒരിടത്തും നമുക്ക് അനുവാദം നൽകിയിട്ടില്ല. ഇത് ഉചിതവുമാണ്. കാരണം, മോശെക്ക് പത്തു കൽപ്പനകൾ ലഭിച്ച അവസരത്തിൽ അവനോടു പറയപ്പെട്ടതുപോലെ യഹോവ അനന്യഭക്തി നിഷ്കർഷിക്കുന്ന “തീക്ഷ്ണതയുള്ള ദൈവം” ആണ്.—പുറപ്പാടു 20:5.
കൊന്ത എണ്ണി പ്രാർഥിക്കുന്നതു സംബന്ധിച്ച് എന്ത്?
ഒരുകൂട്ടം പ്രാർഥനകൾ നിശ്ചിത ക്രമത്തിൽ ആവർത്തിച്ച് ഉരുവിടുകവഴി അനുഗ്രഹങ്ങൾ കൈവരിക്കാമെന്നാണ് മറിയത്തോടു പ്രാർഥിക്കുന്ന പലരെയും പഠിപ്പിച്ചിരിക്കുന്നത്. നന്മ നിറഞ്ഞ മറിയമേ, സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ തുടങ്ങിയ ജപങ്ങൾ ഇതിൽ ഉൾപ്പെടുന്നു. കത്തോലിക്കരെ സംബന്ധിച്ചിടത്തോളം, “മറിയാരാധനയുടെ ഏറ്റവും വ്യാപകമായ പ്രതീകമാണ് കൊന്ത എന്നുള്ളതിൽ സംശയമില്ല,” കത്തോലിക്കാമതത്തിന്റെ പ്രതീകങ്ങൾ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. ജപങ്ങൾ എണ്ണാൻ ഉപയോഗിക്കുന്ന മുത്തുകൾകൊണ്ടുള്ള ഒരു മാലയാണ് കൊന്ത. ആ പുസ്തകം ഇങ്ങനെ വിശദീകരിക്കുന്നു: “ഓരോ വലിയ മുത്തുകൊണ്ട് വേർതിരിക്കപ്പെട്ടിരിക്കുന്ന, പത്തു മുത്തുകൾ വീതമുള്ള അഞ്ചു സെറ്റുകൾ, അമ്പത് ‘നന്മ നിറഞ്ഞ മറിയമേ’യും അഞ്ച് ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ’യും അഞ്ച് ‘പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി’യും ചൊല്ലാനുള്ളതാണ്.” കൊന്ത ഉപയോഗിച്ച് ഭക്തിപൂർവം ഉരുവിടുന്ന ഈ പ്രാർഥനകൾ ദൈവം പ്രീതിയോടെ ശ്രദ്ധിക്കുന്നുണ്ടോ?
ഇക്കാര്യത്തിലും, യേശു ശിഷ്യന്മാർക്കു നൽകിയ നിർദേശങ്ങൾ നമുക്ക് ആധികാരികമായ ഉത്തരം നൽകുന്നു. അവൻ ഇപ്രകാരം പറഞ്ഞു: “പ്രാർത്ഥിക്കയിൽ നിങ്ങൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുതു; അതിഭാഷണത്താൽ ഉത്തരം കിട്ടും എന്നല്ലോ അവർക്കു തോന്നുന്നത്.” (മത്തായി 6:7) അതുകൊണ്ട് ഒരേ പ്രാർഥനകൾ ആവർത്തിച്ച് ഉരുവിടുന്നത് ഒഴിവാക്കാൻ യേശു വളരെ വ്യക്തമായി തന്റെ അനുഗാമികളോടു പറഞ്ഞു.
‘എന്നാൽ കൊന്ത ഉപയോഗിച്ചു ചൊല്ലുന്ന ജപങ്ങളുടെ ഭാഗമായ സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർഥന ഏറ്റുചൊല്ലാൻ യേശു ശിഷ്യന്മാരെ പഠിപ്പിച്ചില്ലേ’ എന്നു ചിലർ ചോദിച്ചേക്കാം. യേശു ഒരു മാതൃകാപ്രാർഥന പഠിപ്പിച്ചു എന്നതു ശരിതന്നെ, അത് സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ അല്ലെങ്കിൽ കർത്തൃപ്രാർഥന എന്ന പേരിൽ അറിയപ്പെടുകയും ചെയ്തിരിക്കുന്നു. എന്നിരുന്നാലും, പ്രാർഥിക്കുമ്പോൾ “ജല്പനം” ചെയ്യുന്നതിനെതിരെ അഥവാ യാന്ത്രികമായി ഒരേ കാര്യങ്ങൾതന്നെ ആവർത്തിച്ച് ഉരുവിടുന്നതിനെതിരെ മുന്നറിയിപ്പു നൽകിയ ഉടനെയാണ് യേശു മാതൃകാപ്രാർഥന പഠിപ്പിച്ചത് എന്നതു ശ്രദ്ധിക്കുക. ശിഷ്യന്മാരെ പ്രാർഥിക്കാൻ പഠിപ്പിച്ചതായി രേഖപ്പെടുത്തിയിരിക്കുന്ന രണ്ടു സന്ദർഭങ്ങളിലും യേശു വ്യത്യസ്ത വാക്കുകളാണ് ഉപയോഗിച്ചത് എന്നതും മാതൃകാപ്രാർഥന മനഃപാഠമാക്കി അതേപടി ആവർത്തിക്കാൻ അവൻ ഉദ്ദേശിച്ചില്ലെന്നു വ്യക്തമാക്കുന്നു. (മത്തായി 6:9-15; ലൂക്കൊസ് 11:2-4) അതേ, ഈ സന്ദർഭങ്ങളിൽ യേശു പ്രാർഥനയിൽ അവതരിപ്പിച്ച ആശയങ്ങൾ സമാനമായിരുന്നെങ്കിലും വാക്കുകൾ വ്യത്യസ്തമായിരുന്നു. തന്റെ അനുഗാമികൾ എങ്ങനെ പ്രാർഥിക്കണം, എന്തിനെല്ലാംവേണ്ടി പ്രാർഥിക്കണം എന്നതിനെ സംബന്ധിച്ച് അവൻ മാതൃകകൾ നൽകുക മാത്രമായിരുന്നു എന്ന നിഗമനത്തിലേക്കാണ് ഇതു നമ്മെ നയിക്കുന്നത്. ഏറ്റവും പ്രധാനമായി, നാം ആരോടു പ്രാർഥിക്കണമെന്നും അവന്റെ വാക്കുകൾ വ്യക്തമാക്കുന്നു.
മറിയത്തോടുള്ള ആദരവ്
മറിയത്തോടു പ്രാർഥിക്കാൻ തിരുവെഴുത്തുകൾ ക്രിസ്ത്യാനികളെ പഠിപ്പിക്കുന്നില്ലെന്ന വസ്തുത ദൈവത്തിന്റെ ഉദ്ദേശ്യങ്ങളുടെ പൂർത്തീകരണത്തിൽ അവൾ വഹിച്ച പങ്കിനെ യാതൊരു പ്രകാരത്തിലും നിസ്സാരീകരിക്കുന്നില്ല. അവളുടെ പുത്രൻ മുഖാന്തരം കൈവരുന്ന അനുഗ്രഹങ്ങൾ അനുസരണമുള്ള മുഴു മനുഷ്യവർഗത്തിന്റെയും നിത്യപ്രയോജനത്തിന് ഉതകും. “എല്ലാതലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും” എന്ന് മറിയം തന്നെക്കുറിച്ചുതന്നെ പറയുകയുണ്ടായി. മറിയം “സ്ത്രീകളിൽ . . . അനുഗ്രഹിക്കപ്പെട്ടവൾ” ആണെന്ന് അവളുടെ ബന്ധുവായ എലീശബെത്ത് സാക്ഷ്യപ്പെടുത്തി. തീർച്ചയായും അത് ശരിയായിരുന്നു. മിശിഹായെ ഉദരത്തിൽ വഹിക്കാൻ തിരഞ്ഞെടുക്കപ്പെടുകയെന്നത് അതിവിശിഷ്ടമായ ഒരു പദവിതന്നെയായിരുന്നു.—ലൂക്കൊസ് 1:42, 48, 49.
എന്നിരുന്നാലും, മറിയത്തെ മാത്രമല്ല തിരുവെഴുത്തുകൾ അനുഗൃഹീത എന്നു വിശേഷിപ്പിച്ചിട്ടുള്ളത്. പുരാതന ഇസ്രായേൽ ജനതയുടെ പ്രയോജനത്തിനായി സ്വീകരിച്ച നടപടികൾ നിമിത്തം യായേലിനെ “നാരീജനത്തിൽ അനുഗ്രഹം ലഭിച്ചവൾ” എന്നു വിശേഷിപ്പിച്ചിരിക്കുന്നു. (ന്യായാധിപന്മാർ 5:24) യായേൽ, മറിയം തുടങ്ങി ബൈബിളിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന ദൈവഭക്തരായ നിരവധി സ്ത്രീകൾ തീർച്ചയായും നമ്മുടെ അനുകരണത്തിന് അർഹരാണ്, എന്നാൽ ആരാധനയ്ക്കല്ല.
മറിയം യേശുവിന്റെ ഒരു വിശ്വസ്ത അനുഗാമി ആയിരുന്നു. അവന്റെ ഭൗമികശുശ്രൂഷക്കാലത്ത് വിവിധ സന്ദർഭങ്ങളിലും അതുപോലെ മരണസമയത്തും മറിയം ഒപ്പം ഉണ്ടായിരുന്നു. യേശുവിന്റെ പുനരുത്ഥാനശേഷം അവൾ അവന്റെ സഹോദരന്മാരുമൊത്ത് “ഒരുമനപ്പെട്ടു പ്രാർത്ഥന കഴിച്ചുപോന്നു.” ഇത്, പൊ.യു. 33 പെന്തെക്കൊസ്തിൽ അവരോടൊപ്പം അവളും പരിശുദ്ധാത്മാവിനാൽ അഭിഷിക്തയായെന്നും തന്മൂലം ക്രിസ്തുവിനോടൊപ്പം സ്വർഗത്തിൽ വാഴ്ച നടത്താനിരിക്കുന്ന മണവാട്ടി വർഗത്തിന്റെ ഭാഗമായിരിക്കാനുള്ള പ്രത്യാശ അവൾക്ക് ഉണ്ടായിരുന്നെന്നും വിശ്വസിക്കാൻ നമുക്കു കാരണം നൽകുന്നു.—മത്തായി 19:28; പ്രവൃത്തികൾ 1:14; 2:1-4; വെളിപ്പാടു 21:2, 9.
എന്നാൽ ഇതൊന്നും മറിയത്തോടു പ്രാർഥിക്കാൻ നമുക്ക് അനുമതി നൽകുന്നില്ല. ഹൃദയംഗമമായ പ്രാർഥന ആരാധനയുടെ അവിഭാജ്യ ഘടകമാണ്, ‘പ്രാർഥനയിൽ ഉറ്റിരിക്കാൻ’ ക്രിസ്ത്യാനികൾ പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നു. (റോമർ 12:13) എന്നാൽ, ആരാധനയുടേതായ ഈ പ്രകടനങ്ങളെല്ലാം യേശുക്രിസ്തു മുഖാന്തരം യഹോവയ്ക്കു മാത്രമാണ് അർപ്പിക്കേണ്ടത്.—മത്തായി 4:10; 1 തിമൊഥെയൊസ് 2:5, 6.
[അടിക്കുറിപ്പ്]
a മറിയം ദൈവമാതാവ് ആണെന്ന ആശയം, യേശു ദൈവമാണെന്നു പഠിപ്പിക്കുന്ന തിരുവെഴുത്തുവിരുദ്ധ ത്രിത്വോപദേശത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.