എ3
ബൈബിൾ നമ്മുടെ കൈയിൽ എത്തിയത്
ബൈബിളിന്റെ ഗ്രന്ഥകർത്താവും കാരണഭൂതനും തന്നെയാണ് അതിന്റെ സംരക്ഷകനും. ഈ വാക്കുകൾ രേഖപ്പെടുത്താൻ പ്രചോദിപ്പിച്ചതും ആ വ്യക്തിതന്നെ:
“ദൈവത്തിന്റെ വചനമോ എന്നും നിലനിൽക്കുന്നു.”—യശയ്യ 40:8.
സംശയമില്ല, മേൽപ്പറഞ്ഞിരിക്കുന്നതു സത്യംതന്നെ. എന്നാൽ എബ്രായ-അരമായ തിരുവെഴുത്തുകളുടെയുംa ഗ്രീക്കുതിരുവെഴുത്തുകളുടെയും മൂലപ്രതികൾ ഇപ്പോൾ ലഭ്യമല്ല. ആ സ്ഥിതിക്ക് ഇന്നു നമ്മുടെ കൈയിലുള്ള ബൈബിളിൽ, ദൈവപ്രചോദിതമായി എഴുതിയ അതേ വിവരങ്ങൾതന്നെയാണ് ഉള്ളതെന്ന് എന്ത് ഉറപ്പുണ്ട്?
പകർപ്പെഴുത്തുകാർ ദൈവവചനം പരിരക്ഷിക്കുന്നു
എബ്രായതിരുവെഴുത്തുകൾ പരിരക്ഷിക്കപ്പെടാൻ വലിയൊരു സഹായമായത് എന്താണെന്നോ? പുരാതനനാളിൽ തിരുവെഴുത്തുകൾ പകർത്തിയെഴുതുന്ന ഒരു രീതിയുണ്ടായിരുന്നു.b ദൈവം ഏർപ്പെടുത്തിയ ഒരു ക്രമീകരണമായിരുന്നു അത്. ഉദാഹരണത്തിന് നിയമത്തിന്റെ പകർപ്പു സ്വന്തം കൈകൊണ്ട് എഴുതിയുണ്ടാക്കണമെന്ന് യഹോവ ഇസ്രായേലിലെ രാജാക്കന്മാരോട് ആവശ്യപ്പെട്ടു. (ആവർത്തനം 17:18) കൂടാതെ ലിഖിതനിയമം പരിരക്ഷിക്കാനും അതു ജനത്തെ പഠിപ്പിക്കാനും ഉള്ള ഉത്തരവാദിത്വം ദൈവം ലേവ്യരെ ഏൽപ്പിച്ചു. (ആവർത്തനം 31:26; നെഹമ്യ 8:7) ജൂതന്മാർ ബാബിലോണിൽനിന്ന് തിരിച്ചുവന്നശേഷം പകർപ്പെഴുത്തുകാരുടെ അഥവാ ശാസ്ത്രിമാരുടെ (സോഫറീമുകളുടെ) ഒരു കൂട്ടം രൂപംകൊണ്ടു. (എസ്ര 7:6, അടിക്കുറിപ്പ്) കുറച്ച് കാലംകൊണ്ട് ഈ ശാസ്ത്രിമാർ എബ്രായതിരുവെഴുത്തുകളിലെ 39 പുസ്തകങ്ങളുടെ അനേകം കോപ്പികൾ ഉണ്ടാക്കി.
നൂറ്റാണ്ടുകൾകൊണ്ട് ശാസ്ത്രിമാർ ഈ പുസ്തകങ്ങൾ അതീവശ്രദ്ധയോടെ പകർത്തിയെഴുതി. മധ്യയുഗത്തിൽ മാസൊരിറ്റുകാർ എന്നറിയപ്പെടുന്ന ഒരു കൂട്ടം ജൂതശാസ്ത്രിമാർ ഈ രീതി തുടർന്നു. മാസൊരിറ്റുകാർ പകർത്തിയെഴുതിയ ഏറ്റവും പഴയ, പൂർണമായ കൈയെഴുത്തുപ്രതി എ.ഡി. 1008/1009-ലെ ലെനിൻഗ്രാഡ് കോഡക്സാണ്. 20-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ചാവുകടൽ ചുരുളുകളിൽനിന്ന് 220 ബൈബിൾ കൈയെഴുത്തുപ്രതികളും ശകലങ്ങളും കണ്ടെത്തി. ആ കൈയെഴുത്തുപ്രതികൾക്കു ലെനിൻഗ്രാഡ് കോഡക്സിനെക്കാൾ ആയിരത്തിലധികം വർഷം പഴക്കമുണ്ടായിരുന്നു. ഇവ തമ്മിൽ താരതമ്യം ചെയ്തപ്പോൾ വളരെ പ്രധാനപ്പെട്ട ഒരു കാര്യം വ്യക്തമായി: ചാവുകടൽ ചുരുളുകളിലെയും ലെനിൻഗ്രാഡ് കോഡക്സിലെയും പദങ്ങൾക്ക് അൽപ്പസ്വൽപ്പം വ്യത്യാസമുണ്ടായിരുന്നെങ്കിലും ആശയത്തിനു യാതൊരു മാറ്റവുമുണ്ടായിരുന്നില്ല.
ഗ്രീക്കുതിരുവെഴുത്തുകളിലെ 27 പുസ്തകങ്ങളുടെ കാര്യമോ? യേശുക്രിസ്തുവിന്റെ ചില അപ്പോസ്തലന്മാരും ചില ആദിമകാല ശിഷ്യന്മാരും ചേർന്നാണ് ഈ പുസ്തകങ്ങൾ രചിച്ചത്. ജൂതശാസ്ത്രിമാരുടെ രീതി അനുകരിച്ചുകൊണ്ട് ആദിമകാല ക്രിസ്ത്യാനികൾ ആ പുസ്തകങ്ങളുടെ കോപ്പികൾ ഉണ്ടാക്കി. (കൊലോസ്യർ 4:16) റോമൻ ചക്രവർത്തിയായ ഡയക്ലീഷ്യനും മറ്റനേകരും ആദിമകാല ക്രിസ്തീയലിഖിതങ്ങളെല്ലാം നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആയിരക്കണക്കിനു പുരാതന കൈയെഴുത്തുപ്രതികളും ശകലങ്ങളും ഇന്നുവരെ പരിരക്ഷിക്കപ്പെട്ടിരിക്കുന്നു.
കൂടാതെ ക്രിസ്തീയലിഖിതങ്ങൾ മറ്റു ഭാഷകളിലേക്കു മൊഴിമാറ്റം നടത്തുകയും ചെയ്തു. അർമേനിയൻ, കോപ്ടിക്, എത്യോപിക്, ജോർജിയൻ, ലത്തീൻ, സുറിയാനി എന്നിങ്ങനെയുള്ള പുരാതനഭാഷകളിലേക്കാണു ബൈബിൾ ആദ്യകാലങ്ങളിൽ വിവർത്തനം ചെയ്തത്.
പരിഭാഷപ്പെടുത്തേണ്ട ശരിയായ എബ്രായ, ഗ്രീക്കു പാഠങ്ങൾ
എല്ലാ പുരാതന ബൈബിൾകൈയെഴുത്തുപ്രതികളിലും ഒരേ പദപ്രയോഗങ്ങളല്ല ഉപയോഗിച്ചിരിക്കുന്നത്. അപ്പോൾ മൂലപാഠത്തിൽ എന്താണുണ്ടായിരുന്നതെന്ന് എങ്ങനെ അറിയും?
ഒരു അധ്യാപകൻ 100 വിദ്യാർഥികളോട് ഒരു പുസ്തകത്തിലെ ഒരു പാഠത്തിന്റെ പകർപ്പുണ്ടാക്കാൻ ആവശ്യപ്പെടുന്നെന്നു കരുതുക. ആ പാഠം നഷ്ടപ്പെട്ടുപോയാലും ആ 100 കോപ്പികൾ താരതമ്യം ചെയ്തുനോക്കിയാൽ അറിയാം ആ പാഠത്തിൽ ശരിക്കും എന്തായിരുന്നെന്ന്. ഓരോ വിദ്യാർഥിയും എന്തെങ്കിലുമൊക്കെ തെറ്റുകൾ വരുത്തിയേക്കാം. പക്ഷേ എല്ലാവരും ഒരേ തെറ്റു വരുത്താനുള്ള സാധ്യത വളരെ കുറവാണ്. അതുപോലെ ബൈബിൾപുസ്തകങ്ങളുടെ ആയിരക്കണക്കിനു ശകലങ്ങളും കോപ്പികളും പണ്ഡിതന്മാർ താരതമ്യം ചെയ്തുനോക്കുമ്പോൾ, അവ പകർത്തിയെഴുതിയപ്പോൾ സംഭവിച്ച തെറ്റുകൾ കണ്ടുപിടിക്കാനും മൂലപാഠത്തിലുണ്ടായിരുന്നതു മനസ്സിലാക്കാനും സാധിക്കും.
“മറ്റൊരു പുരാതനകൃതിയും ഇത്ര കൃത്യതയോടെ കൈമാറപ്പെട്ടിട്ടില്ല എന്നു ധൈര്യമായി പറയാം”
ബൈബിളിലെ മൂലപാഠത്തിലുണ്ടായിരുന്ന അതേ ആശയങ്ങൾതന്നെയാണു നമുക്കു കൈമാറിക്കിട്ടിയിരിക്കുന്നത് എന്നതിന് എന്താണ് ഉറപ്പ്? എബ്രായതിരുവെഴുത്തുകളെക്കുറിച്ച് പണ്ഡിതനായ വില്യം എച്ച്. ഗ്രീൻ ഇങ്ങനെ പറഞ്ഞു: “മറ്റൊരു പുരാതനകൃതിയും ഇത്ര കൃത്യതയോടെ കൈമാറപ്പെട്ടിട്ടില്ല എന്നു ധൈര്യമായി പറയാം.” പുതിയ നിയമം എന്ന് അറിയപ്പെടുന്ന ഗ്രീക്കുതിരുവെഴുത്തുകളെക്കുറിച്ച് ബൈബിൾപണ്ഡിതനായ എഫ്. എഫ്. ബ്രൂസ് ഇങ്ങനെ എഴുതി: “വിശ്വപ്രസിദ്ധരായ ഗ്രന്ഥകാരന്മാരുടെ എഴുത്തുകൾ ആധികാരികമാണ് എന്നതിനുള്ള തെളിവുകളെക്കാൾ അധികമാണു പുതിയ നിയമം ആധികാരികമാണ് എന്നതിനുള്ള തെളിവുകൾ. അതു ചോദ്യം ചെയ്യുന്നതിനെക്കുറിച്ച് ആരും സ്വപ്നത്തിൽപ്പോലും ചിന്തിക്കുന്നില്ല.” അദ്ദേഹം തുടർന്നു: “പുതിയ നിയമം ലൗകികകൃതികളുടെ ഒരു ശേഖരമായിരുന്നെങ്കിൽ അത് ആധികാരികമാണെന്ന് ഒരു മടിയുംകൂടാതെ ആരും അംഗീകരിച്ചേനേ.”
എബ്രായപാഠം: ഇംഗ്ലീഷിലുള്ള പുതിയ ലോക ഭാഷാന്തരം—എബ്രായതിരുവെഴുത്തുകൾ (1953-1960) റുഡോൾഫ് കിറ്റലിന്റെ ബിബ്ലിയാ ഹെബ്രായിക്കയെ ആധാരമാക്കിയുള്ളതായിരുന്നു. അതിനു ശേഷം ചാവുകടൽ ചുരുളുകളും മറ്റു പുരാതന കൈയെഴുത്തുപ്രതികളും ഗവേഷണം ചെയ്തപ്പോൾ പുതിയ വിവരങ്ങൾ ലഭിച്ചു. അവ ഉൾക്കൊള്ളിച്ചുകൊണ്ട് എബ്രായപാഠം പുതുക്കി ബിബ്ലിയാ ഹെബ്രായിക്ക സ്റ്റുട്ഗാർട്ടെൻസ്യായും പിന്നീട് ബിബ്ലിയാ ഹെബ്രായിക്ക ക്വിന്റായും തയ്യാറാക്കി. പണ്ഡിതോചിതമായ ഈ കൃതികളുടെ പ്രധാനപാഠത്തിൽ ലെനിൻഗ്രാഡ് കോഡക്സ് കൊടുത്തിരിക്കുന്നു. അടിക്കുറിപ്പിൽ ശമര്യ പഞ്ചഗ്രന്ഥി, ചാവുകടൽ ചുരുളുകൾ, ഗ്രീക്കിലുള്ള സെപ്റ്റുവജിന്റ്, അരമായയിലുള്ള തർഗുമുകൾ, ലത്തീനിലുള്ള വൾഗേറ്റ്, സുറിയാനിയിലുള്ള പ്ശീത്താ എന്നിങ്ങനെയുള്ള ഉറവിടങ്ങളിലെ പദപ്രയോഗങ്ങൾ താരതമ്യത്തിനായി കൊടുത്തിരിക്കുന്നു. പുതിയ ലോക ഭാഷാന്തരം പരിഷ്കരിച്ചപ്പോൾ ബിബ്ലിയാ ഹെബ്രായിക്ക സ്റ്റുട്ഗാർട്ടെൻസ്യായും ബിബ്ലിയാ ഹെബ്രായിക്ക ക്വിന്റായും പരിശോധിച്ചിരുന്നു.
ഗ്രീക്കുപാഠം: 19-ാം നൂറ്റാണ്ടിന്റെ അവസാനം പണ്ഡിതന്മാരായ ബി. എഫ്. വെസ്റ്റ്കോട്ടും എഫ്. ജെ. എ. ഹോർട്ടും ഒരു ഗ്രീക്കുപ്രമാണപാഠം തയ്യാറാക്കി. അക്കാലത്ത് മൂലപാഠവുമായി ഏറ്റവും യോജിപ്പിലാണെന്ന് അവർക്കു തോന്നിയ ബൈബിൾ കൈയെഴുത്തുപ്രതികളും ശകലങ്ങളും താരതമ്യം ചെയ്താണ് അവർ അതു തയ്യാറാക്കിയത്. ആ പ്രമാണപാഠം ഉപയോഗിച്ച് 20-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ പുതിയ ലോക ബൈബിൾ ഭാഷാന്തരക്കമ്മിറ്റി ഒരു പരിഭാഷ തയ്യാറാക്കി. എ.ഡി. രണ്ടും മൂന്നും നൂറ്റാണ്ടുകളിലേതെന്നു കരുതപ്പെടുന്ന പുരാതനപപ്പൈറസുകളും അവർ ഉപയോഗിച്ചു. എന്നാൽ അതിനു ശേഷം കൂടുതൽ പപ്പൈറസുകൾ ലഭ്യമായി. കൂടാതെ നെസ്ലെ, അലൻഡ് എന്നിവർ തയ്യാറാക്കിയതും യുണൈറ്റഡ് ബൈബിൾ സൊസൈറ്റികൾ തയ്യാറാക്കിയതും പോലുള്ള പ്രമാണപാഠങ്ങളിൽ ഏറ്റവും പുതിയ പഠനങ്ങളിൽനിന്നുള്ള വിവരങ്ങൾ ലഭ്യമായിരുന്നു. ഈ ഗവേഷണഫലങ്ങളിൽ ചിലതു പുതിയ ലോക ഭാഷാന്തരത്തിന്റെ ഈ പരിഭാഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഈ പ്രമാണപാഠങ്ങൾ പരിശോധിച്ചാൽ സത്യവേദപുസ്തകംപോലുള്ള ചില പഴയ ഭാഷാന്തരങ്ങളിലുള്ള ഗ്രീക്കുതിരുവെഴുത്തുകളിലെ ചില വാക്യങ്ങൾ ദൈവപ്രചോദിതമായ തിരുവെഴുത്തുകളുടെ ഭാഗമല്ലെന്നും പിന്നീടു പകർപ്പെഴുത്തുകാർ കൂട്ടിച്ചേർത്തതാണെന്നും വ്യക്തമാകും. എന്നാൽ കൂട്ടിച്ചേർത്ത ഈ വാക്യങ്ങൾ നീക്കുന്നതു മിക്ക ബൈബിളുകളുടെയും വാക്യങ്ങളുടെ ക്രമത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. കാരണം പൊതുവേ അംഗീകരിക്കപ്പെടുന്ന രീതിയിൽ ബൈബിളിലെ വാക്യങ്ങൾ 16-ാം നൂറ്റാണ്ടിൽത്തന്നെ തിരിച്ചതാണ്. മത്തായി 17:21; 18:11; 23:14; മർക്കോസ് 7:16; 9:44, 46; 11:26; 15:28; ലൂക്കോസ് 17:36; 23:17; യോഹന്നാൻ 5:4; പ്രവൃത്തികൾ 8:37; 15:34; 24:7; 28:29; റോമർ 16:24 എന്നിവയാണു കൂട്ടിച്ചേർത്ത വാക്യങ്ങൾ. ഈ പരിഭാഷയിൽ ആ വാക്യങ്ങൾ നീക്കം ചെയ്തിട്ട് വാക്യനമ്പർ മാത്രം ഇട്ടിരിക്കുന്നു; എന്നിട്ടൊരു അടിക്കുറിപ്പും കൊടുത്തു.
മർക്കോസ് 16-ന്റെ ദീർഘമായ ഉപസംഹാരം (9 മുതൽ 20 വരെയുള്ള വാക്യങ്ങൾ), മർക്കോസ് 16-ന്റെ ഹ്രസ്വമായ ഉപസംഹാരം, യോഹന്നാൻ 7:53–8:11-ലെ വാക്യങ്ങൾ എന്നിവ മൂലപാഠത്തിലില്ലായിരുന്നു എന്നതു വ്യക്തമാണ്. അതുകൊണ്ട് ഈ വാക്യങ്ങൾ ഈ പരിഭാഷയിൽ ഉൾപ്പെടുത്തിയിട്ടില്ല.c
മൂലപാഠത്തിന്റെ ഏറ്റവും കൃത്യമായ അർഥത്തെക്കുറിച്ച് പണ്ഡിതന്മാർ പൊതുവേ അംഗീകരിക്കുന്ന കാര്യങ്ങൾ ഉൾപ്പെടുത്താനായി ചില പദപ്രയോഗങ്ങളും പൊരുത്തപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ചില കൈയെഴുത്തുപ്രതികളനുസരിച്ച് മത്തായി 7:13 ഇങ്ങനെയാണ്: “ഇടുങ്ങിയ വാതിലിലൂടെ അകത്ത് കടക്കുക. കാരണം നാശത്തിലേക്കുള്ള വാതിൽ വീതിയുള്ളതും വഴി വിശാലവും ആണ്.” പുതിയ ലോക ഭാഷാന്തരത്തിന്റെ പഴയ പതിപ്പുകളിൽ “വാതിൽ” എന്ന പദം ഉപയോഗിച്ചിട്ടില്ലായിരുന്നു. എന്നാൽ ഈ പദം മൂലപാഠത്തിലുണ്ടായിരുന്നെന്നു കൈയെഴുത്തുപ്രതികൾ കൂടുതലായി പഠിച്ചപ്പോൾ വ്യക്തമായി. അതുകൊണ്ട് “വാതിൽ” എന്ന പദം ഈ പരിഭാഷയിൽ ഉൾപ്പെടുത്തി. ഇതുപോലുള്ള മറ്റു പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. എന്നാൽ ഇതെല്ലാം നിസ്സാരമായ മാറ്റങ്ങളാണ്. ദൈവവചനത്തിന്റെ അടിസ്ഥാനസന്ദേശത്തെ അതൊന്നും ബാധിച്ചിട്ടില്ല.
a ഇനിയുള്ള ഭാഗത്ത് എബ്രായതിരുവെഴുത്തുകൾ എന്നു മാത്രം പരാമർശിച്ചിരിക്കുന്നു.
b തിരുവെഴുത്തുകൾ ആദ്യം എഴുതിയതു നശിച്ചുപോകുന്ന വസ്തുക്കളിലായിരുന്നു. പകർത്തിയെഴുതേണ്ടിവന്നതിന്റെ ഒരു കാരണം ഇതാണ്.
c ഇവ മൂലപാഠത്തിലില്ലായിരുന്നെന്നു കരുതാനുള്ള കാരണങ്ങൾ 1984-ൽ പുറത്തിറക്കിയ പുതിയ ലോക ഭാഷാന്തരം—റഫറൻസുകളോടുകൂടിയത് (ഇംഗ്ലീഷ്) എന്ന പതിപ്പിന്റെ അടിക്കുറിപ്പിൽ കാണാം.