ദൈവം
നിർവ്വചനം: യഹോവ എന്ന വ്യതിരിക്ത നാമമുളള അത്യുന്നതനായവൻ. എബ്രായ ഭാഷ “ദൈവം” എന്നുളളതിന് ശക്തിയുടെയും ഗാംഭീര്യത്തിന്റെയും മാഹാത്മ്യത്തിന്റെയും വൈശിഷ്ട്യത്തിന്റെയും ആശയം നൽകുന്ന വാക്കുകൾ ഉപയോഗിക്കുന്നു. സത്യദൈവത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായി വ്യാജദൈവങ്ങളുമുണ്ട്. ഇവയിൽ ചിലത് തങ്ങളെത്തന്നെ ദൈവങ്ങളാക്കിയിരിക്കുന്നു. മററുളളവ അവയെ സേവിക്കുന്നവരാൽ ആരാധനാ വിഷയങ്ങളാക്കപ്പെട്ടിരിക്കുന്നു.
ദൈവത്തിൽ വിശ്വസിക്കുന്നതിന് ഉറപ്പുളള ന്യായങ്ങളുണ്ടോ?
സങ്കീ. 19:1: “ആകാശങ്ങൾ ദൈവത്തിന്റെ മഹത്വത്തെ പ്രഖ്യാപിക്കുന്നു; ആകാശ വിരിവ് അവന്റെ കരവേലയെപ്പററി പ്രസ്താവിക്കുന്നു.”
സങ്കീ. 104:24: “യഹോവേ നിന്റെ പ്രവൃത്തികൾ എത്ര അധികം! ജ്ഞാനത്തോടെ നീ അവയെയെല്ലാം നിർമ്മിച്ചിരിക്കുന്നു. ഭൂമി നിന്റെ നിർമ്മിതികളാൽ നിറഞ്ഞിരിക്കുന്നു.”
റോമ. 1:20: “അവന്റെ അദൃശ്യ ഗുണങ്ങൾ ലോകസൃഷ്ടി മുതൽ വ്യക്തമായി കാണപ്പെടുന്നു, എന്തുകൊണ്ടെന്നാൽ അവ സൃഷ്ടിക്കപ്പെട്ട വസ്തുക്കൾ വഴി ഗ്രഹിക്കപ്പെടുന്നു.”
ന്യൂ സയൻറിസ്ററ് മാസിക ഇപ്രകാരം പറഞ്ഞു: “മതം തെററാണെന്ന് ശാസ്ത്രജ്ഞൻമാർ ‘തെളിയിച്ചിരിക്കുന്നു’ എന്ന സാധാരണക്കാരുടെ വീക്ഷണം ഇപ്പോഴും നിലനിൽക്കുന്നു. ശാസ്ത്രജ്ഞൻമാർ സാധാരണയായി അവിശ്വാസികളായിരിക്കുന്നതായി പ്രതീക്ഷിക്കുന്ന ഒരു വീക്ഷണമാണത്; ഡാർവിൻ ദൈവത്തിന്റെ ശവപ്പെട്ടിമേൽ അവസാനത്തെ ആണി അടിച്ചുവെന്നും അതിനു ശേഷമുളള ശാസ്ത്രീയവും സാങ്കേതികവുമായ കണ്ടുപിടുത്തങ്ങളുടെ പരമ്പര ഏതെങ്കിലും പുനരുത്ഥാനത്തിന്റെ സാദ്ധ്യതയെ തളളിക്കളഞ്ഞിരിക്കുന്നുവെന്നുമുളള വീക്ഷണം. അതു തികച്ചും തെററായ ഒരു വീക്ഷണമാണ്.”—മേയ് 26, 1977 പേ. 478.
ഫ്രഞ്ച് ശാസ്ത്ര അക്കാദമിയുടെ ഒരു അംഗം ഇപ്രകാരം പ്രസ്താവിച്ചു: “പ്രകൃതിയിൽ കാണപ്പെടുന്ന ക്രമം മനുഷ്യ മനസ്സിനാൽ കണ്ടുപിടിക്കപ്പെട്ടതോ ഏതെങ്കിലും ഗ്രഹണപ്രാപ്തികൊണ്ട് സ്ഥാപിച്ചെടുത്തതോ അല്ല . . . അത്തരം ഒരു ക്രമം ഉണ്ടായിരിക്കുന്നത് ആ ക്രമത്തിനിടയാക്കിയ ഒരു ബുദ്ധി ശക്തിയുടെ ആസ്തിക്യം നാം അംഗീകരിക്കേണ്ടത് ആവശ്യമാക്കിത്തീർക്കുന്നു. ആ ബുദ്ധിശക്തി ദൈവത്തിന്റേതല്ലാതെ മററാരുടേതുമല്ല.”—ഡൂ എക്സിസ്റേറ? ഊയി (പാരിസ്, 1979), ക്രിസ്ത്യൻ കബാനിസ്, പിയേർ-പോൾ ഗ്രാസ്സെയെ ഉദ്ധരിക്കുന്നു, പേ. 94.
ശാസ്ത്രജ്ഞൻമാർ 100-ൽപരം രാസമൂലകങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട്. അവയുടെ ആണവ ഘടന ഈ മൂലകങ്ങൾ തമ്മിലുളള സങ്കീർണ്ണമായ ഗണിത ശാസ്ത്രബന്ധത്തെ പ്രകടമാക്കുന്നു. പീരിയോഡിക് ടേബിൾ വ്യക്തമായ രൂപസംവിധാനത്തെ പ്രകടമാക്കുന്നു. അത്തരം അത്ഭുതകരമായ രൂപസംവിധാനം യാദൃച്ഛികമായി സംഭവിച്ചതായിരിക്കാവുന്നതല്ല.
ദൃഷ്ടാന്തം: നാം ഒരു ക്യാമറയോ റേഡിയോയോ അല്ലെങ്കിൽ ഒരു കമ്പ്യൂട്ടറോ കാണുമ്പോൾ ബുദ്ധിശക്തിയുളള ഒരു രൂപസംവിധായകനാലാണ് അത് നിർമ്മിക്കപ്പെട്ടത് എന്ന് നാം നിശ്ചയമായും സമ്മതിക്കും. എന്നാൽ അതിലും സങ്കീർണ്ണമായ വസ്തുക്കൾ—കണ്ണ്, ചെവി, മാനുഷ മസ്തിഷ്ക്കം—ഒരു ബുദ്ധിമാനായ രൂപസംവിധായകനാലല്ല നിർമ്മിക്കപ്പെട്ടത് എന്നു പറഞ്ഞാൽ അതു ന്യായയുക്തമായിരിക്കുമോ?
“സൃഷ്ടി” എന്ന ശീർഷകത്തിൻകീഴിലെ പേ. 84-86 കൂടെ കാണുക.
ദുഷ്ടതയും കഷ്ടപ്പാടും ഉണ്ടെന്നുളള വസ്തുത ദൈവം ഇല്ല എന്ന് തെളിയിക്കുന്നുവോ?
ചില ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുക: കൊല ചെയ്യാൻ വേണ്ടി കത്തികൾ ഉപയോഗിക്കപ്പെടുന്നുവെന്ന വസ്തുത അത് ആരും രൂപസംവിധാനം ചെയ്തില്ല എന്ന് തെളിയിക്കുന്നുവോ? യുദ്ധത്തിൽ ബോംബുകൾ വർഷിക്കാനുളള ജെററ് വിമാനങ്ങളുടെ ഉപയോഗം അവ ആരും രൂപസംവിധാനം ചെയ്തതല്ല എന്ന് തെളിയിക്കുന്നുവോ? മറിച്ച് ഇവ ഉപയോഗിക്കുന്ന വിധമല്ലേ മനുഷ്യവർഗ്ഗത്തിന്റെ കഷ്ടപ്പാടിന് ഇടയാക്കുന്നത്?
പല രോഗങ്ങളും മനുഷ്യന്റെ മോശമായ ജീവിതരീതികളുടെയും മനുഷ്യൻ തനിക്കും മററുളളവർക്കും വേണ്ടി തന്റെ ചുററുപാടുകളെ നശിപ്പിക്കുന്നതിന്റെയും ഫലമാണെന്നുളളത് വാസ്തവമല്ലേ? മനുഷ്യർ നടത്തിയിട്ടുളള യുദ്ധങ്ങൾ മനുഷ്യരുടെ കഷ്ടപ്പാടിന്റെ ഒരു മുഖ്യകാരണമല്ലേ? ദശലക്ഷങ്ങൾ ഭക്ഷണമില്ലാതെ കഷ്ടപ്പെടുമ്പോൾ മററു രാജ്യങ്ങളിൽ വേണ്ടതിലധികം ഭക്ഷണമുണ്ടെന്നുളളതും തന്നിമിത്തം അടിസ്ഥാന പ്രശ്നങ്ങളിലൊന്ന് മനുഷ്യന്റെ സ്വാർത്ഥതയാണ് എന്നതും വാസ്തവമല്ലേ? ഇവയെല്ലാം ദൈവം ഇല്ല എന്നതിനല്ല മറിച്ച് മനുഷ്യർ ദൈവദത്തമായ പ്രാപ്തികളെയും ഭൂമിയെ തന്നെയും സങ്കടകരമായി ദുരുപയോഗിക്കുന്നു എന്നതിനാണ് തെളിവ് നൽകുന്നത്.
മനുഷ്യരായ നമുക്ക് എന്തു സംഭവിക്കുന്നു എന്നുളളതിൽ ദൈവം യഥാർത്ഥത്തിൽ കരുതലുളളവനാണോ?
തീർച്ചയായും അതെ! തെളിവുകൾ പരിശോധിക്കുക: ദൈവം മനുഷ്യന് പൂർണ്ണതയുളള ഒരു തുടക്കം ഇട്ടുകൊടുത്തു എന്ന് ബൈബിൾ പറയുന്നു. (ഉൽപ. 1:27, 31; ആവ. 32:4) എന്നിരുന്നാലും മനുഷ്യൻ തുടർന്ന് ദൈവപ്രീതി ആസ്വദിക്കുന്നത് അവന്റെ സ്രഷ്ടാവിനോടുളള അനുസരണത്തെ ആശ്രയിച്ചിരുന്നു. (ഉൽപ. 2:16, 17) മനുഷ്യൻ അനുസരണമുളളവനായിരുന്നെങ്കിൽ അവൻ പൂർണ്ണതയുളള മാനുഷജീവൻ ആസ്വദിക്കുന്നതിൽ തുടരുമായിരുന്നു—രോഗവും കഷ്ടതയും മരണവും ഇല്ല. സ്രഷ്ടാവ് മനുഷ്യന് ആവശ്യമായ മാർഗ്ഗനിർദ്ദേശം നൽകുകയും ആപത്തുകളിൽ നിന്ന് മനുഷ്യനെ സംരക്ഷിക്കാൻ തന്റെ ശക്തി ഉപയോഗിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ മനുഷ്യൻ ദൈവത്തിന്റെ മാർഗ്ഗനിർദ്ദേശത്തെ തളളിക്കളയുകയും സ്വയംഭരണത്തിന്റെ ഗതി തെരഞ്ഞെടുക്കുകയും ചെയ്തു. അവനുവേണ്ടി ഉദ്ദേശിച്ചിട്ടില്ലാഞ്ഞ ഒരു സംഗതി ചെയ്യാൻ ശ്രമിച്ചുകൊണ്ട് അവൻ തന്റെമേൽത്തന്നെ വിപത്ത് വരുത്തിവച്ചിരിക്കുന്നു. (യിരെ. 10:23; സഭാ. 8:9; റോമ. 5:12) എന്നിരുന്നാലും കഴിഞ്ഞ നൂററാണ്ടുകളിലെല്ലാം തന്നോടും തന്റെ വഴികളോടുമുളള സ്നേഹം നിമിത്തം തന്നെ സേവിക്കാൻ മനസ്സൊരുക്കമുളളവരെ ദൈവം ക്ഷമാപൂർവ്വം അന്വേഷിച്ചുകൊണ്ടാണിരുന്നിട്ടുളളത്. മനുഷ്യന്റെ അപൂർണ്ണതകളും ദുർഭരണവും നിമിത്തം അവർക്ക് നഷ്ടമായ എല്ലാ അനുഗ്രഹങ്ങളും ആസ്വദിക്കാനുളള അവസരം അവൻ അവരുടെ മുമ്പാകെ വെക്കുന്നു. (വെളി. 21:3-5) തന്റെ പുത്രൻ മുഖാന്തരം മനുഷ്യരെ പാപത്തിൽ നിന്നും മരണത്തിൽനിന്നും വീണ്ടെടുക്കാൻ ദൈവം ചെയ്ത കരുതൽ അവന് മനുഷ്യവർഗ്ഗത്തോടുളള വലിയ സ്നേഹത്തിന്റെ അത്ഭുതകരമായ തെളിവാണ്. (യോഹ. 3:16) ഭൂമിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നവരെ നശിപ്പിക്കുന്നതിനും നീതിസ്നേഹികളായ ആളുകൾ തന്റെ ആദിമ ഉദ്ദേശ്യത്തോടുളള ചേർച്ചയിൽ ജീവിതം ആസ്വദിക്കാനിടയാക്കുന്നതിനും ദൈവം ഒരു നിയമിത സമയം വച്ചിട്ടുണ്ട്.—വെളി. 11:18; സങ്കീ. 37:10, 11; “ദുരിതം”, “ദുഷ്ടത” എന്നീ പ്രധാന ശീർഷകങ്ങൾകൂടെ കാണുക.
ദൈവം ഒരു യഥാർത്ഥ ആളാണോ?
എബ്രാ. 9:24: “ക്രിസ്തു . . . നമുക്കുവേണ്ടി ദൈവമെന്ന വ്യക്തിയുടെ മുമ്പാകെ പ്രത്യക്ഷനാകുവാൻ സ്വർഗ്ഗത്തിലേക്കത്രേ പ്രവേശിച്ചത്.”
യോഹ. 4:24: “ദൈവം ഒരു ആത്മാവാകുന്നു.”
യോഹ. 7:28: “എന്നെ അയച്ചവൻ യഥാർത്ഥമാണ്,” യേശു പറഞ്ഞു.
1 കൊരി. 15:44: “ഭൗതിക ശരീരമുണ്ടെങ്കിൽ ആത്മീയ ശരീരവുമുണ്ട്.”
ദൈവത്തിന് ജീവനുളള ആളുകളോട് നാം ബന്ധപ്പെടുത്തുന്നതരം വികാരങ്ങളുണ്ടോ?
യോഹ. 16:27: “നിങ്ങൾക്ക് എന്നോട് പ്രിയം ഉളളതുകൊണ്ടും പിതാവിന്റെ പ്രതിനിധി എന്ന നിലയിൽ ഞാൻ വന്നിരിക്കുന്നു എന്ന് നിങ്ങൾ വിശ്വസിക്കുന്നതുകൊണ്ടും പിതാവിനുതന്നെ നിങ്ങളോട് പ്രിയമുണ്ട്.”
യെശ. 63:9: “അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടം അനുഭവിച്ചു. . . . അവന്റെ സ്നേഹത്തിലും സഹാനുഭൂതിയിലും അവൻ തന്നെ അവരെ വീണ്ടെടുത്തു.”
1 തിമൊ. 1:11: “സന്തുഷ്ടനായ ദൈവം.”
ദൈവത്തിന് ഒരു ആരംഭമുണ്ടായിരുന്നോ?
സങ്കീ. 90:2: “പർവ്വതങ്ങൾ തന്നെ ജനിക്കുന്നതിനു മുമ്പ്, അല്ലെങ്കിൽ പ്രസവവേദനയോടെയെന്നപോലെ നീ ഭൂമിയെയും അതിലെ ഫലഭൂയിഷ്ഠമായ ദേശങ്ങളെയും ഉൽപ്പാദിപ്പിക്കുന്നതിനു മുമ്പ്, അനിശ്ചിതകാലം തൊട്ട് അനിശ്ചിതകാലം വരെ പോലും നീ ദൈവമാകുന്നു.”
അത് ന്യായയുക്തമാണോ? നമ്മുടെ മനസ്സുകൾക്കു അത് പൂർണ്ണമായി ഗ്രഹിക്കാൻ കഴിയുകയില്ല. എന്നാൽ ഈ സംഗതി നിരാകരിക്കാൻ അതു മതിയായ കാരണമായിരിക്കുന്നില്ല. ഉദാഹരണങ്ങൾ പരിചിന്തിക്കുക: (1) സമയം. ഏതെങ്കിലും ഒരു നിമിഷം സമയത്തിന്റെ ആരംഭമെന്ന് പറഞ്ഞ് ആർക്കും ചൂണ്ടിക്കാണിക്കാനാവില്ല. നമ്മുടെ ജീവിതം അവസാനിച്ചേക്കാമെങ്കിലും സമയം അവസാനിക്കുന്നില്ല എന്നുളളത് ഒരു വസ്തുതയാണ്. സമയത്തിന്റെ ചില വശങ്ങൾ നമുക്ക് മനസ്സിലാകുന്നില്ല എന്നുളളതുകൊണ്ട് സമയമെന്ന ആശയം നാം തളളിക്കളയുന്നില്ല. മറിച്ച് അതനുസരിച്ച് നാം നമ്മുടെ ജീവിതം ക്രമപ്പെടുത്തുന്നു. (2) ശൂന്യാകാശം. വാനനിരീക്ഷകർ ശൂന്യാകാശത്തിന് ആരംഭവും അവസാനവും കാണുന്നില്ല. ശൂന്യാകാശത്തിലേക്ക് അവർ എത്രത്തോളം കടന്നുചെല്ലുന്നുവോ അത്രകണ്ട് ശൂന്യാകാശം മുമ്പോട്ട് നീണ്ടുകിടക്കുന്നതായി അവർ കാണുന്നു. വ്യക്തമായി തെളിവുളള കാര്യം അവർ തളളിക്കളയുന്നില്ല; ശൂന്യാകാശം അനന്തമാണ് എന്ന് പലരും പറയുന്നു. ദൈവത്തിന്റെ ആസ്തിക്യം സംബന്ധിച്ചും അതേ തത്വം ബാധകമാകുന്നു.
മററു ദൃഷ്ടാന്തങ്ങൾ: (1) സൂര്യന്റെ മദ്ധ്യത്തിലെ ഊഷ്മാവ് 2,70,00,000 ഡിഗ്രി ഫാരൻഹീററ് (1,50,00,000 ഡിഗ്രി സെൻറിഗ്രേഡ്) ആണെന്ന് വാനനിരീക്ഷകർ നമ്മോട് പറയുന്നു. അത്രയും ഉഗ്രമായ ചൂട് നമുക്ക് മനസ്സിലാക്കാൻ കഴിയാത്തതുകൊണ്ട് നാം ആ ആശയം തളളിക്കളയുന്നുണ്ടോ? (2) ഒരു സെക്കൻഡിൽ 1,86,000 മൈൽ (3,00,000 കി. മീററർ) വേഗത്തിൽ സഞ്ചരിക്കുന്ന ഒരു പ്രകാശരശ്മി കുറുകെ സഞ്ചരിക്കുന്നതിന് 1,00,000 വർഷങ്ങൾ വേണ്ടി വരത്തക്കവണ്ണം നമ്മുടെ ആകാശഗംഗ എന്ന നക്ഷത്രവ്യൂഹം അത്ര വലുതാണ് എന്ന് അവർ നമ്മോട് പറയുന്നു. അത്തരം ദൂരങ്ങൾ വാസ്തവത്തിൽ നമ്മുടെ മനസ്സുകൾ ഗ്രഹിക്കുന്നുണ്ടോ? എന്നാൽ ശാസ്ത്രീയ തെളിവുകൾ അതിനെ പിന്താങ്ങുന്നതുകൊണ്ട് നാം അത് അംഗീകരിക്കുന്നു.
ഏതാണ് കൂടുതൽ ന്യായയുക്തം—ഈ പ്രപഞ്ചം ജീവനും ബുദ്ധിയുമുളള ഒരു സ്രഷ്ടാവിന്റെ നിർമ്മിതിയാണ് എന്ന് വിശ്വസിക്കുന്നതോ? അല്ലെങ്കിൽ ബുദ്ധിപൂർവ്വകമായ മാർഗ്ഗനിർദ്ദേശമൊന്നും കൂടാതെ നിർജ്ജീവ വസ്തുക്കളിൽ നിന്ന് യാദൃച്ഛികമായി ഉണ്ടായെന്ന് വിശ്വസിക്കുന്നതോ? ചിലയാളുകൾ രണ്ടാമത് പറഞ്ഞ വീക്ഷണം സ്വീകരിക്കുന്നു. കാരണം മറിച്ച് വിശ്വസിച്ചാൽ അതിന്റെ അർത്ഥം തങ്ങൾക്ക് പൂർണ്ണമായി മനസ്സിലാക്കാൻ കഴിയാത്ത ഗുണങ്ങളോടുകൂടിയ ഒരു സ്രഷ്ടാവിന്റെ ആസ്തിക്യം അവർ അംഗീകരിക്കേണ്ടി വരിക എന്നായിരിക്കും. എന്നാൽ ജീവ കോശങ്ങളിൽ ഉളളതും അവയുടെ വളർച്ചയെ നിയന്ത്രിക്കുന്നതുമായ ജീനുകളുടെ പ്രവർത്തനം ശാസ്ത്രജ്ഞൻമാർ പൂർണ്ണമായി മനസ്സിലാക്കുന്നില്ല എന്നുളളത് പരക്കെ അറിവുളള വസ്തുതയാണ്. മാനുഷ മസ്തിഷ്ക്കത്തിന്റെ പ്രവർത്തനവും അവർ പൂർണ്ണമായി മനസ്സിലാക്കുന്നില്ല. എന്നാൽ ഇവ സ്ഥിതി ചെയ്യുന്നുണ്ട് എന്നുളളത് ആരാണ് നിഷേധിക്കുക? സങ്കീർണ്ണമായ രൂപസംവിധാനവും അതിബൃഹത്തായ വലിപ്പവും സഹിതം ഈ പ്രപഞ്ചം ആസ്തിക്യത്തിലേക്കു കൊണ്ടു വരാൻ കഴിയത്തക്കവണ്ണം മഹാനായിരിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ച എല്ലാ കാര്യങ്ങളും മനസ്സിലാക്കാൻ നാം പ്രതീക്ഷിക്കേണ്ടതുണ്ടോ?
ദൈവത്തിന്റെ നാമം ഉപയോഗിക്കുന്നത് പ്രധാനമാണോ?
റോമ. 10:13: “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും.”
യെഹെ. 39:6: “ഞാൻ യഹോവ എന്ന് ജനം അറിയേണ്ടി വരും.”
യേശു തന്റെ പിതാവിനോട് പറഞ്ഞു: “ഞാൻ അവർക്ക് (തന്റെ യഥാർത്ഥ അനുഗാമികൾക്ക്) നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തുകയും ചെയ്യും.”—യോഹ. 17:26.
“യഹോവ” എന്നതിൻകീഴിൽ 196, 197 പേജുകൾ കൂടെ കാണുക.
നമുക്ക് ഏതെങ്കിലും ഒരു മതം ഉണ്ടായിരിക്കുന്നുവെങ്കിൽ നാം ഏതു ദൈവത്തെ സേവിക്കുന്നു എന്നത് പ്രധാനമാണോ?
1 കൊരി. 10:20: “ജനതകൾ ബലി അർപ്പിക്കുന്നത് ദൈവത്തിനല്ല, ഭൂതങ്ങൾക്കത്രേ അവർ ബലി അർപ്പിക്കുന്നത്.”
2 കൊരി. 4:4: “ദൈവപ്രതിമയായ ക്രിസ്തുവിന്റെ മഹത്തായ സുവാർത്തയുടെ പ്രകാശനം ശോഭിക്കാതിരിക്കാൻ ഈ വ്യവസ്ഥിതിയുടെ ദൈവം അവിശ്വാസികളുടെ മനസ്സ് കുരുടാക്കിയിരിക്കുന്നു.” (ഇവിടെ പിശാചിനെ ഒരു “ദൈവ”മെന്ന് പരാമർശിച്ചിരിക്കുന്നു. 1 യോഹന്നാൻ 5:19; വെളിപ്പാട് 12:9 കാണുക.)
മത്താ. 7:22, 23: “‘കർത്താവെ, കർത്താവെ, ഞങ്ങൾ നിന്റെ നാമത്തിൽ പ്രവചിക്കുകയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ അനേകം വീര്യപ്രവൃത്തികൾ പ്രവർത്തിക്കുകയും ചെയ്തില്ലയോ?’ എന്ന് പലരും ആ നാളിൽ എന്നോട് [യേശു ക്രിസ്തുവിനോട്] പറയും. എന്നാൽ ‘ഞാൻ നിങ്ങളെ ഒരുനാളും അറിഞ്ഞിട്ടില്ല! അധർമ്മം പ്രവർത്തിക്കുന്നവരെ എന്നെ വിട്ടുപോകുവിൻ’ എന്ന് ഞാൻ അവരോട് പറയും.” (ക്രിസ്ത്യാനിയാണെന്ന് അവകാശപ്പെടുന്നതുപോലും നാം സത്യദൈവത്തെ സ്വീകാര്യമായ വിധത്തിൽ സേവിക്കുന്നു എന്നതിന് ഉറപ്പല്ല.)
“മതം” എന്ന ശീർഷകത്തിൻ കീഴിലെ 322, 323 പേജുകൾ കൂടെ കാണുക.
“ഏക സത്യദൈവം യഹോവയാണെങ്കിൽ” യേശു ഏതുതരം “ദൈവ”മാണ്?
യേശു തന്നെ തന്റെ പിതാവിനെപ്പററി “ഏകസത്യദൈവ”മെന്ന് പറഞ്ഞു. (യോഹ. 17:3) യഹോവ തന്നെ പറഞ്ഞു: “ഞാനല്ലാതെ വേറൊരു ദൈവമില്ല.” (യെശ. 44:6) യഥാർത്ഥ ക്രിസ്ത്യാനികൾക്ക് . . . “പിതാവായ ഏകദൈവമെയുളളു” എന്ന് അപ്പോസ്തലനായ പൗലോസ് എഴുതി. (1 കൊരി. 8:5, 6) അതുകൊണ്ട് യഹോവ അതുല്യനാണ്; അവന്റെ സ്ഥാനം ആരും പങ്കുവയ്ക്കുന്നില്ല. ആരാധനാ വിഷയമായിരിക്കുന്ന മറെറല്ലാററിലും നിന്ന്, വിഗ്രഹങ്ങൾ, ദൈവങ്ങളാക്കപ്പെട്ടിരിക്കുന്ന മനുഷ്യർ, പിശാച് എന്നവരിൽ നിന്നെല്ലാം വ്യത്യസ്തനായി യഹോവ വേറിട്ട് നിൽക്കുന്നു. അവയെല്ലാം വ്യാജദൈവങ്ങളാണ്.
തിരുവെഴുത്തുകളിൽ യേശുവിനെപ്പററി “ദൈവം” എന്നും “ശക്തനാം ദൈവം” എന്നു പോലും പറഞ്ഞിരിക്കുന്നു. (യോഹ. 1:1; യെശ. 9:6) എന്നാൽ അവൻ യഹോവയെപ്പോലെ സർവ്വശക്തനായിരിക്കുന്നതായി ഒരിടത്തും പറഞ്ഞിട്ടില്ല. (ഉൽപ. 17:1) യേശു “[ദൈവ]മഹത്വത്തിന്റെ പ്രതിച്ഛായ”യായിരിക്കുന്നതായി പറയപ്പെട്ടിരിക്കുന്നു, എന്നാൽ ആ മഹത്വത്തിന്റെ ഉറവ് പിതാവാണ്. (എബ്രാ. 1:3) യേശു ഒരിക്കലും തന്റെ പിതാവിന്റെ സ്ഥാനം ഏറെറടുക്കാൻ ശ്രമിക്കുന്നില്ല. അവൻ പറഞ്ഞു: “നിങ്ങളുടെ ദൈവമായ യഹോവയെ മാത്രമാണ് നിങ്ങൾ ആരാധിക്കേണ്ടത്, അവന് മാത്രമാണ് നിങ്ങൾ വിശുദ്ധസേവനം അർപ്പിക്കേണ്ടത്.” (ലൂക്കോ. 4:8) അവൻ “ദൈവ സാദൃശ്യത്തി”ലിരിക്കുന്നു, “യേശുവിന്റെ നാമത്തിൽ എല്ലാ മുഴങ്കാലും മടങ്ങണമെന്ന്” പിതാവ് കൽപിച്ചിട്ടുമുണ്ട്. എന്നാൽ ഇതെല്ലാം “പിതാവായ ദൈവത്തിന്റെ മഹത്വത്തിനായിട്ടാണ്” ചെയ്യപ്പെടുന്നത്.—ഫിലി. 2:5-11; 212-216 വരെ പേജുകൾകൂടെ കാണുക.
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ—
‘ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘നിങ്ങൾ എന്നും ഇങ്ങനെതന്നെയായിരുന്നോ? . . . ആ നിഗമനത്തിലെത്തുന്നതിനുമുമ്പ് നിങ്ങളെ ആ തീരുമാനത്തിലേക്ക് നയിച്ച എന്തെങ്കിലും തെളിവുകൾ നിങ്ങൾ പരിശോധിച്ചോ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: ‘ഇത് എനിക്ക് വളരെ താൽപ്പര്യമുളള ഒരു വിഷയമാണ്, ഞാൻ അതേപ്പററി കുറേ അധികം ചിന്തിച്ചിട്ടുമുണ്ട്. വളരെ സഹായകമെന്ന് ഞാൻ കണ്ടെത്തിയ ചില ആശയങ്ങൾ ഇവയാണ്: . . . (“ദൈവത്തിൽ വിശ്വസിക്കുന്നതിന് ഉറപ്പുളള ന്യായങ്ങളുണ്ടോ?” എന്ന 145-ാം പേജിലെ ഉപശീർഷകം കാണുക. കൂടാതെ “സൃഷ്ടി” എന്നതിൻ കീഴിലെ 84-86 പേജുകളും.)
അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും: ‘ഒരു സ്രഷ്ടാവ് ഉണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നില്ല എന്നാണോ നിങ്ങൾ അർത്ഥമാക്കുന്നത്, അതോ സഭകളിൽ നിങ്ങൾ വളരെയധികം കപടഭക്തി കണ്ടിരിക്കുന്നതിനാൽ അവ പഠിപ്പിക്കുന്നത് നിങ്ങൾ വിശ്വസിക്കുന്നില്ലെന്നോ?’ അതാണ് സംഗതിയെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ കൂട്ടിച്ചേർക്കാം: ‘ക്രൈസ്തവലോകത്തിലെ സഭകളും സത്യക്രിസ്ത്യാനിത്വവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ക്രൈസ്തവലോകം മനുഷ്യരെ ഞെരുക്കിയിട്ടുണ്ടെന്നുളളത് വാസ്തവമാണ്. എന്നാൽ ക്രിസ്ത്യാനിത്വം അതു ചെയ്തിട്ടില്ല. ക്രൈസ്തവലോകം യുദ്ധങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ ക്രിസ്ത്യാനിത്വം അങ്ങനെ ചെയ്തിട്ടില്ല. ഉചിതമായ ധാർമ്മിക മാർഗ്ഗനിർദ്ദേശം നൽകുന്നതിൽ ക്രൈസ്തവലോകം പരാജയപ്പെട്ടിരിക്കുന്നു. എന്നാൽ ക്രിസ്ത്യാനിത്വം അതിൽ പരാജയപ്പെട്ടിട്ടില്ല. ദൈവത്തിന്റെ വചനമായ ബൈബിൾ ക്രൈസ്തവലോകത്തെ പിന്താങ്ങുന്നില്ല. മറിച്ച് അത് ക്രൈസ്തവലോകത്തെ കുററം വിധിക്കുന്നു.’
മറെറാരു സാദ്ധ്യത: ‘നിങ്ങൾ വിചാരിക്കുന്നതുപോലെ വിചാരിച്ച ആളുകളുമായി ഞാൻ രസകരമായ സംഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. ലോകത്തിലെ കഷ്ടപ്പാടിനെയും ദുഷ്ടതയെയുമെല്ലാം ദൈവത്തിലുളള വിശ്വാസത്തോട് പൊരുത്തപ്പെടുത്താൻ കഴിയില്ല എന്ന് അവരിൽ ചിലർ പറഞ്ഞിട്ടുണ്ട്. നിങ്ങളും അങ്ങനെയാണോ വിചാരിക്കുന്നത്? (അങ്ങനെയെങ്കിൽ “ദുഷ്ടതയും കഷ്ടപ്പാടും ഉണ്ടെന്നുളള വസ്തുത ദൈവമില്ലെന്ന് തെളിയിക്കുന്നുവോ?” എന്ന 146, 147 പേജുകളിലെ ഉപശീർഷകത്തിൻകീഴിലെ ചില വിവരങ്ങൾ ഉപയോഗിക്കുക.)’
‘എനിക്ക് കാണാൻ കഴിയുന്ന കാര്യങ്ങളെ ഞാൻ വിശ്വസിക്കുന്നുളളു, ഞാൻ ദൈവത്തെ ഒരിക്കലും കണ്ടിട്ടില്ല’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘ആ വീക്ഷണം ഇന്ന് സർവ്വസാധാരണമാണ്. അതിന് ഒരു കാരണവുമുണ്ട്. ഭൗതിക സ്വത്തുക്കൾക്ക് ഊന്നൽ കൊടുക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. എന്നാൽ യാഥാർത്ഥ്യ ബോധമുണ്ടായിരിക്കാനാഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് നിങ്ങൾ, അല്ലേ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘നമ്മുടെ കണ്ണുകൾകൊണ്ട് കാണാൻ പാടില്ലാത്തതും എന്നാൽ തക്ക കാരണങ്ങൾ ഉളളതിനാൽ സ്ഥിതിചെയ്യുന്നുണ്ടെന്ന് നാം വിശ്വസിക്കുന്നതുമായ ചില സംഗതികളില്ലേ? നാം ശ്വസിക്കുന്ന വായുവിനെ സംബന്ധിച്ചെന്ത്? ഒരു ചെറിയ കാററുളളപ്പോൾ നമുക്ക് അത് അനുഭവേദ്യമാണ്. കാണാൻ കഴിയില്ലെങ്കിലും നമ്മുടെ ശ്വാസകോശം അതുകൊണ്ട് നിറയുന്നത് നമുക്ക് അനുഭവിച്ചറിയാം. ഫലങ്ങൾ കാണുന്നതിനാൽ നമുക്ക് അതിൽ വിശ്വസിക്കാൻ നല്ല കാണങ്ങളുണ്ട്, ഇല്ലേ?’ (2) ‘ഭൂഗുരുത്വം നമുക്ക് കാണാൻ കഴിയില്ല. എന്നാൽ നാമെന്തെങ്കിലും താഴേക്ക് ഇടുമ്പോൾ ഭൂഗുരുത്വം പ്രവർത്തിക്കുന്നതിന്റെ തെളിവ് നാം കാണുന്നു. ഗന്ധങ്ങളും നമുക്ക് കാണാൻ കഴിയുന്നില്ല, എന്നാൽ നമ്മുടെ മൂക്കുകൾ അവ തിരിച്ചറിയുന്നു. ശബ്ദതരംഗങ്ങൾ നമുക്ക് കാണാൻ കഴിയുന്നില്ല, എന്നാൽ നമ്മുടെ കാതുകൾ അവ തിരിച്ചറിയുന്നു. അതുകൊണ്ട് തക്ക ന്യായങ്ങളുണ്ടെങ്കിൽ കാണാൻ കഴിയാത്ത കാര്യങ്ങളിൽ നാം വിശ്വസിക്കുന്നു, ശരിയല്ലേ?’ (3) ‘കൊളളാം, അദൃശ്യനായ ഒരു ദൈവം യഥാർത്ഥത്തിൽ സ്ഥിതിചെയ്യുന്നുണ്ട് എന്നുളളതിന് തെളിവുണ്ടോ? (“ദൈവത്തിൽ വിശ്വസിക്കുന്നതിന് ഉറപ്പുളള ന്യായങ്ങളുണ്ടോ” എന്ന ഉപശീർഷകത്തിൻ കീഴിൽ 145, 146 പേജുകളിലെ വിവരങ്ങൾ ഉപയോഗിക്കുക.)’
‘ദൈവത്തെ സംബന്ധിച്ച് എനിക്ക് എന്റേതായ ധാരണയുണ്ട്’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘നിങ്ങൾ ഈ വിഷയം സംബന്ധിച്ച് ചിന്തിച്ചിട്ടുളള ഒരാളാണെന്നും നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു എന്നും കേൾക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. ദൈവത്തെ സംബന്ധിച്ചുളള നിങ്ങളുടെ ധാരണ എന്താണെന്ന് ഞാനൊന്നു ചോദിച്ചോട്ടെ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: ‘നാം വിശ്വസിക്കുന്ന എന്തും ദൈവം തന്നെ പറയുന്നതിനോട് ചേർച്ചയിലാണെന്ന് ഉറപ്പുവരുത്തുന്നത് പ്രധാനമാണെന്ന് നിങ്ങൾ വിലമതിക്കുമെന്ന് എനിക്ക് തീർച്ചയുണ്ട്. ഈ സംഗതി സംബന്ധിച്ച് ബൈബിളിൽ നിന്ന് ഒരാശയം ഞാൻ നിങ്ങളുമായി പങ്കുവയ്ക്കട്ടെയോ? (സങ്കീ. 83:18)’