അധ്യായം അഞ്ച്
മറുവില—ദൈവത്തിന്റെ ഏറ്റവും വലിയ ദാനം
എന്താണ് മറുവില?
അതു പ്രദാനം ചെയ്യപ്പെട്ടത് എങ്ങനെ?
അതു നിങ്ങൾക്ക് എന്തെല്ലാം പ്രയോജനങ്ങൾ കൈവരുത്തുന്നു?
അതിനോടുള്ള വിലമതിപ്പ് നിങ്ങൾക്ക് എങ്ങനെ പ്രകടമാക്കാം?
1, 2. (എ) ഒരു സമ്മാനം നിങ്ങൾക്ക് ഏറെ മൂല്യവത്തായിത്തീരുന്നത് എപ്പോൾ? (ബി) നിങ്ങൾക്കു ലഭിക്കാവുന്നതിൽവെച്ച് ഏറ്റവും വിലയേറിയ ദാനമാണു മറുവിലയെന്നു പറയാനാകുന്നത് എന്തുകൊണ്ട്?
നിങ്ങൾക്കു ലഭിച്ചിട്ടുള്ള ഏറ്റവും നല്ല സമ്മാനം എന്താണ്? ഒരു സമ്മാനം വിശേഷപ്പെട്ടതായിരിക്കാൻ അതു വിലപിടിപ്പുള്ളത് ആയിരിക്കണമെന്നില്ല. ഒരു സമ്മാനത്തിന്റെ യഥാർഥ മൂല്യം നിർണയിക്കുന്നത് അവശ്യം അതിന്റെ വിലയല്ല. ഒരു സമ്മാനം നിങ്ങളെ സന്തോഷിപ്പിക്കുകയോ ജീവിതത്തിലെ ഒരു യഥാർഥ ആവശ്യം നിറവേറ്റുകയോ ചെയ്യുന്നതാണെങ്കിൽ നിങ്ങൾ അതിനു വളരെയേറെ മൂല്യം കൽപ്പിക്കും.
2 ലഭിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാവുന്ന ഏതൊരു സമ്മാനത്തെക്കാളും മുന്തിനിൽക്കുന്ന ഒന്നുണ്ട്. അതു മനുഷ്യവർഗത്തിനുള്ള ദൈവത്തിന്റെ സമ്മാനമാണ്. യഹോവ നമുക്കു പലതും നൽകിയിട്ടുണ്ടെങ്കിലും അവയിലെല്ലാംവെച്ച് ഏറ്റവും വലിയ സമ്മാനം അഥവാ ദാനം തന്റെ പുത്രനായ യേശുക്രിസ്തുവിന്റെ മറുവിലയാഗമാണ്. (മത്തായി 20:28) ഈ അധ്യായത്തിൽ നാം കാണാൻപോകുന്നതുപോലെ, നിങ്ങൾക്കു ലഭിക്കാവുന്നതിലേക്കും ഏറ്റവും വിലയേറിയ സമ്മാനമാണ് മറുവില. കാരണം, അതു നിങ്ങൾക്ക് അളവറ്റ സന്തോഷം കൈവരുത്തുകയും നിങ്ങളുടെ സുപ്രധാന ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യും. വാസ്തവത്തിൽ, യഹോവയ്ക്കു നിങ്ങളോടുള്ള സ്നേഹത്തിന്റെ ഏറ്റവും വലിയ പ്രകടനമാണു മറുവിലയെന്ന ക്രമീകരണം.
എന്താണ് മറുവില?
3. എന്താണ് മറുവില, വിലപ്പെട്ട ഈ സമ്മാനത്തിന്റെ മൂല്യം വിലമതിക്കാൻ നാം എന്തു മനസ്സിലാക്കേണ്ടതുണ്ട്?
3 ലളിതമായി പറഞ്ഞാൽ, പാപത്തിൽനിന്നും മരണത്തിൽനിന്നും മനുഷ്യവർഗത്തെ വിടുവിക്കാൻ അഥവാ രക്ഷിക്കാൻ ഉള്ള യഹോവയുടെ ക്രമീകരണമാണ് മറുവില. (എഫെസ്യർ 1:7) ഈ ബൈബിൾ പഠിപ്പിക്കലിന്റെ അർഥം മനസ്സിലാക്കുന്നതിന്, ഏദെൻതോട്ടത്തിൽ സംഭവിച്ചതിനെക്കുറിച്ചു നാം ചിന്തിക്കേണ്ടിയിരിക്കുന്നു. പാപം ചെയ്തപ്പോൾ ആദാം എന്താണു നഷ്ടപ്പെടുത്തിയതെന്നു മനസ്സിലാക്കിയാൽ മാത്രമേ, മറുവില ഇത്രത്തോളം വിലയേറിയ ഒരു ദാനമായിരിക്കുന്നതിന്റെ കാരണം നമുക്കു തിരിച്ചറിയാനാകൂ.
4. ആദാം ഒരു പൂർണമനുഷ്യനായിരുന്നുവെന്നത് എന്ത് അർഥമാക്കി?
4 ആദാമിനെ സൃഷ്ടിച്ചപ്പോൾ യഹോവ അവനു തികച്ചും വിലപ്പെട്ട ഒന്ന് അതായത് പൂർണതയുള്ള മനുഷ്യജീവൻ നൽകി. അത് അവനെ സംബന്ധിച്ചിടത്തോളം എന്ത് അർഥമാക്കിയെന്നു ചിന്തിക്കുക. ശാരീരികവും മാനസികവുമായി പൂർണതയുള്ള ഒരു വ്യക്തിയെന്ന നിലയിൽ സൃഷ്ടിക്കപ്പെട്ടതിനാൽ അവൻ ഒരിക്കലും രോഗിയായിത്തീരുകയോ വാർധക്യം പ്രാപിക്കുകയോ മരിക്കുകയോ ചെയ്യില്ലായിരുന്നു. ഒരു പൂർണ മനുഷ്യനായ അവന് യഹോവയുമായി ഒരു പ്രത്യേക ബന്ധമുണ്ടായിരുന്നു. ആദാമിനെ “ദൈവത്തിന്റെ മകൻ” എന്നു ബൈബിൾ വിളിക്കുന്നു. (ലൂക്കൊസ് 3:38) അക്കാരണത്താൽ, സ്നേഹവാനായ ഒരു പിതാവും പുത്രനും എന്നപോലെ, ആദാം യഹോവയാം ദൈവവുമായി ഒരു അടുത്ത ബന്ധം ആസ്വദിച്ചിരുന്നു. യഹോവ തന്റെ ഭൗമിക പുത്രനുമായി ആശയവിനിമയം നടത്തുകയും അവനു സംതൃപ്തികരമായ ജോലികൾ നിയമിച്ചു കൊടുക്കുകയും ചെയ്തു. കൂടാതെ, അവനിൽനിന്ന് എന്താണു പ്രതീക്ഷിക്കുന്നതെന്നും അവനെ അറിയിച്ചു.—ഉല്പത്തി 1:28-30; 2:16, 17.
5. ആദാം “ദൈവത്തിന്റെ സ്വരൂപ”ത്തിൽ സൃഷ്ടിക്കപ്പെട്ടുവെന്നു പറയുമ്പോൾ ബൈബിൾ എന്താണ് അർഥമാക്കുന്നത്?
5 ആദാം “ദൈവത്തിന്റെ സ്വരൂപ”ത്തിലാണു സൃഷ്ടിക്കപ്പെട്ടത്. (ഉല്പത്തി 1:27) കാഴ്ചയ്ക്ക് ആദാം ദൈവത്തെപ്പോലെ ആയിരുന്നുവെന്ന് ഇതിനർഥമില്ല. ഈ പുസ്തകത്തിന്റെ ഒന്നാം അധ്യായത്തിൽ നാം മനസ്സിലാക്കിയതുപോലെ, യഹോവ അദൃശ്യനായ ഒരു ആത്മവ്യക്തിയാണ്. (യോഹന്നാൻ 4:24) അതുകൊണ്ട് യഹോവയ്ക്ക് നമ്മെപ്പോലെ മാംസവും രക്തവും ഉള്ള ഒരു ശരീരമില്ല. ദൈവത്തിന്റെ സ്വരൂപത്തിൽ ഉണ്ടാക്കി എന്നതിനർഥം, സ്നേഹം, ജ്ഞാനം, നീതി, ശക്തി എന്നിവ ഉൾപ്പെടെയുള്ള ദൈവിക ഗുണങ്ങൾ സഹിതം ആദാം സൃഷ്ടിക്കപ്പെട്ടുവെന്നാണ്. സുപ്രധാനമായ മറ്റൊരു വിധത്തിലും ആദാം സ്വന്തം പിതാവിനെപ്പോലെ ആയിരുന്നു. അവന് സ്വതന്ത്ര ഇച്ഛാശക്തി ഉണ്ടായിരുന്നു. അതായത്, ഒരു പ്രത്യേക വിധത്തിൽ മാത്രം പ്രവർത്തിക്കാനായി രൂപകൽപ്പന ചെയ്തിരിക്കുന്ന അല്ലെങ്കിൽ പ്രോഗ്രാം ചെയ്തിരിക്കുന്ന ഒരു യന്ത്രംപോലെ ആയിരുന്നില്ല അവൻ. മറിച്ച്, സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ, ശരിയോ തെറ്റോ തിരഞ്ഞെടുക്കാൻ അവനു കഴിയുമായിരുന്നു. ദൈവത്തെ അനുസരിക്കാനായിരുന്നു തീരുമാനമെങ്കിൽ അവന് ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാമായിരുന്നു.
6. ആദാം ദൈവത്തോട് അനുസരണക്കേടു കാണിച്ചപ്പോൾ അവൻ എന്താണു നഷ്ടപ്പെടുത്തിയത്, അത് അവന്റെ സന്താനങ്ങളെ ബാധിച്ചത് എങ്ങനെ?
6 അതിനാൽ, ദൈവത്തോട് അനുസരണക്കേടു കാണിച്ചു മരണത്തിനു വിധിക്കപ്പെട്ടപ്പോൾ ആദാം വളരെ വലിയൊരു വിലയാണ് ഒടുക്കിയത്. പൂർണതയുള്ള ജീവൻ, അതിന്റെ മുഴു അനുഗ്രഹങ്ങളും സഹിതം നഷ്ടമാകാൻ അവന്റെ പാപം ഇടയാക്കി. (ഉല്പത്തി 3:17-19) സങ്കടകരമെന്നു പറയട്ടെ, തന്റെ മാത്രമല്ല ഭാവി സന്താനങ്ങളുടെ വിലപ്പെട്ട ജീവൻകൂടെ ആദാം നഷ്ടപ്പെടുത്തി. ദൈവവചനം ഇപ്രകാരം പറയുന്നു: “ഏകമനുഷ്യനാൽ [ആദാമിനാൽ] പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.” (റോമർ 5:12) അതേ, ആദാമിൽനിന്നു നമുക്കെല്ലാം പാപം കൈമാറിക്കിട്ടി. അതിനാൽ, അവൻ തന്നെത്തന്നെയും തന്റെ സന്തതികളെയും പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിലേക്കു ‘വിറ്റു’വെന്നു ബൈബിൾ പറയുന്നു. (റോമർ 7:14) ആദാമും ഹവ്വായും ദൈവത്തോടു മനഃപൂർവം അനുസരണക്കേടു കാണിച്ചതിനാൽ അവർക്കു മേലാൽ യാതൊരു പ്രത്യാശയും ഇല്ലായിരുന്നു. എന്നാൽ നാം ഉൾപ്പെടെയുള്ള അവരുടെ സന്താനങ്ങളെ സംബന്ധിച്ചോ?
7, 8. മറുവിലയിൽ അടിസ്ഥാനപരമായി ഏതു രണ്ടു സംഗതികൾ ഉൾപ്പെട്ടിരിക്കുന്നു?
7 മറുവിലയിലൂടെ യഹോവ മനുഷ്യവർഗത്തിന്റെ രക്ഷയ്ക്കെത്തി. എന്താണ് മറുവില? മറുവില എന്ന ആശയത്തിൽ അടിസ്ഥാനപരമായി രണ്ടു കാര്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. ഒന്നാമതായി, വിടുതൽ സാധ്യമാക്കാനോ എന്തെങ്കിലും തിരികെ വാങ്ങാനോ ആയി കൊടുക്കുന്ന വിലയാണ് അത്, ഒരു യുദ്ധത്തടവുകാരനെ വിട്ടുകിട്ടാനായി കൊടുക്കുന്ന മോചനദ്രവ്യംപോലുള്ള ഒന്ന്. രണ്ടാമതായി, ഒരു വ്യക്തിക്കുണ്ടായ പരിക്കിനോ വസ്തുവകകൾക്കുണ്ടായ കേടുപാടിനോ നഷ്ടപരിഹാരമായി നൽകുന്ന തുകപോലെ, നഷ്ടപ്പെട്ട എന്തിന്റെയെങ്കിലും വിലയ്ക്കു പകരമായി നൽകുന്ന ഒരു തുകയെയും അത് കുറിക്കുന്നു. ഉദാഹരണത്തിന്, ഒരു അപകടത്തിനു കാരണക്കാരനായ വ്യക്തി കേടുപാടു പറ്റിയ വസ്തുക്കളുടെ വിലയ്ക്കു തത്തുല്യമായ ഒരു തുക നഷ്ടപരിഹാരമായി മറ്റേയാൾക്കു കൊടുക്കേണ്ടിവരുമല്ലോ.
8 ആദാം നമുക്കു വരുത്തിവെച്ച ഭാരിച്ച നഷ്ടത്തിനു പരിഹാരം ചെയ്യാനും നമ്മെ പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്നു വിടുവിക്കാനും എങ്ങനെ സാധിക്കുമായിരുന്നു? മറുവില നൽകാനുള്ള യഹോവയുടെ ക്രമീകരണത്തെയും അതു നിങ്ങൾക്കു കൈവരുത്തുന്ന പ്രയോജനങ്ങളെയും കുറിച്ച് നമുക്കിപ്പോൾ പരിചിന്തിക്കാം.
യഹോവ മറുവില പ്രദാനംചെയ്ത വിധം
9. എങ്ങനെയുള്ള ഒരു മറുവിലയാണു വേണ്ടിയിരുന്നത്?
9 നഷ്ടപ്പെട്ടത് ഒരു പൂർണ മനുഷ്യജീവൻ ആയതിനാൽ, അപൂർണ മനുഷ്യജീവൻ കൊടുത്ത് അതൊരിക്കലും വീണ്ടെടുക്കാൻ കഴിയുമായിരുന്നില്ല. (സങ്കീർത്തനം 49:7, 8) നഷ്ടപ്പെട്ടതെന്തോ അതിനു തുല്യമായ ഒരു മറുവിലയായിരുന്നു ആവശ്യം. അതു ദൈവവചനത്തിൽ കാണുന്ന സമ്പൂർണ നീതിയുടെ തത്ത്വത്തിനു ചേർച്ചയിലാണ്. “ജീവന്നു പകരം ജീവൻ” എന്നതാണ് അത്. (ആവർത്തനപുസ്തകം 19:21) അതുകൊണ്ട്, ആദാം നഷ്ടപ്പെടുത്തിയ പൂർണ മനുഷ്യജീവനു തുല്യമായ ഒരു വിലയായി വർത്തിക്കാൻ എന്തിനു കഴിയുമായിരുന്നു? മറ്റൊരു പൂർണ മനുഷ്യജീവനു മാത്രം.—1 തിമൊഥെയൊസ് 2:6.
10. യഹോവ മറുവില പ്രദാനം ചെയ്തത് എങ്ങനെ?
10 യഹോവ എങ്ങനെയാണു മറുവില പ്രദാനം ചെയ്തത്? പൂർണരായ ആത്മപുത്രന്മാരിൽ ഒരാളെ ദൈവം ഭൂമിയിലേക്ക് അയച്ചു. എന്നാൽ, യഹോവ കേവലം ഏതെങ്കിലും ഒരു ആത്മജീവിയെ അയയ്ക്കുകയായിരുന്നില്ല. തനിക്ക് ഏറ്റവും പ്രിയനായ, ഏകജാതപുത്രനെത്തന്നെയാണ് അവൻ അയച്ചത്. (1 യോഹന്നാൻ 4:9, 10) തന്റെ സ്വർഗീയ ഭവനം ഉപേക്ഷിക്കാൻ മനസ്സോടെ ഈ പുത്രൻ തയ്യാറായി. (ഫിലിപ്പിയർ 2:7, 8) മുൻ അധ്യായത്തിൽ നാം പഠിച്ചതുപോലെ, അത്ഭുതകരമായ ഒരു വിധത്തിലാണ് മറിയയുടെ ഗർഭാശയത്തിലേക്ക് യഹോവ തന്റെ പുത്രന്റെ ജീവനെ മാറ്റിയത്. പരിശുദ്ധാത്മാവിന്റെ സഹായത്താൽ യേശു ഒരു പൂർണ മനുഷ്യനായി ജനിച്ചു. അവൻ പാപത്തിന്റെ ശിക്ഷയിൻകീഴിൽ ആയിരുന്നില്ല.—ലൂക്കൊസ് 1:35.
11. എല്ലാവർക്കുംവേണ്ടി മറുവിലയായിത്തീരാൻ ഒരു മനുഷ്യനു സാധിക്കുന്നത് എങ്ങനെ?
11 എല്ലാവർക്കുംവേണ്ടി മറുവിലയായിരിക്കാൻ എങ്ങനെയാണ് ഒരു മനുഷ്യനു കഴിയുന്നത്? ശരി, ആദ്യംതന്നെ ഇതേക്കുറിച്ചു ചിന്തിക്കുക: മനുഷ്യരെല്ലാം എങ്ങനെയാണ് പാപികളായിത്തീർന്നത്? പാപം ചെയ്തതിലൂടെ ആദാം തന്റെ പൂർണ മനുഷ്യജീവനാകുന്ന വിലപ്പെട്ട സ്വത്ത് നഷ്ടപ്പെടുത്തിയെന്ന വസ്തുത മനസ്സിൽപ്പിടിക്കുക. അതിനാൽ, അതു തന്റെ സന്തതികൾക്കു കൈമാറാൻ അവനു കഴിഞ്ഞില്ല. പാപവും മരണവും മാത്രമേ അവനു കൈമാറാനായുള്ളൂ. എന്നാൽ “ഒടുക്കത്തെ ആദാം” എന്നു ബൈബിൾ വിളിക്കുന്ന യേശുവിന് ഉണ്ടായിരുന്നത് പൂർണ മനുഷ്യജീവനായിരുന്നു, അവൻ ഒരിക്കലും പാപം ചെയ്തിട്ടില്ല. (1 കൊരിന്ത്യർ 15:45) ഒരർഥത്തിൽ, നമ്മെ രക്ഷിക്കാനായി യേശു ആദാമിന്റെ സ്ഥാനത്തേക്കു വരുകയായിരുന്നു. ദൈവത്തോടുള്ള തികഞ്ഞ അനുസരണം പ്രകടമാക്കിക്കൊണ്ട് പൂർണതയുള്ള സ്വന്തം ജീവൻ വെടിയുകവഴി അല്ലെങ്കിൽ ബലികഴിക്കുകവഴി യേശു ആദാമിന്റെ പാപത്തിനുള്ള വില കൊടുത്തു. ഈ വിധത്തിൽ യേശു ആദാമിന്റെ സന്തതികൾക്കു പ്രത്യാശ പകർന്നു.—റോമർ 5:19; 1 കൊരിന്ത്യർ 15:21, 22.
12. യേശു അനുഭവിച്ച കഷ്ടപ്പാടുകളിലൂടെ വ്യക്തമായിത്തീർന്നത് എന്ത്?
12 മരിക്കുന്നതിനുമുമ്പ് യേശു അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ചു ബൈബിൾ വിശദമായി പറയുന്നുണ്ട്. ക്രൂരമായ ചാട്ടവാറടിയും നിർദയമായി ദണ്ഡനസ്തംഭത്തിൽ തറയ്ക്കപ്പെട്ടതിനെ തുടർന്നുള്ള വേദനാകരമായ മരണവും അവൻ അനുഭവിച്ചു. (യോഹന്നാൻ 19:1, 16-18, 30; 204-6 പേജുകളിലെ അനുബന്ധം) യേശുവിന് അത്രയധികം കഷ്ടപ്പാടു സഹിക്കേണ്ടിവന്നത് എന്തുകൊണ്ട്? ഈ പുസ്തകത്തിന്റെ വേറൊരു അധ്യായത്തിൽ, പരിശോധിക്കപ്പെട്ടാൽ യഹോവയോടു വിശ്വസ്തനായി നിൽക്കുന്ന ഒരു മനുഷ്യദാസൻപോലും ഉണ്ടായിരിക്കുകയില്ലെന്ന വെല്ലുവിളി സാത്താൻ ഉന്നയിച്ചിട്ടുള്ളതായി നാം പഠിക്കുന്നതായിരിക്കും. അതികഠിനമായ കഷ്ടപ്പാടിൻ മധ്യേയും വിശ്വസ്തത പാലിച്ചുകൊണ്ട് യേശു സാത്താന്റെ വെല്ലുവിളിക്കു തക്ക മറുപടി നൽകി. പിശാച് എന്തുതന്നെ ചെയ്താലും, സ്വതന്ത്ര ഇച്ഛാശക്തിയുള്ള ഒരു പൂർണ മനുഷ്യന് ദൈവത്തോടു പൂർണ നിർമലത പാലിക്കാൻ കഴിയുമെന്ന് യേശു തെളിയിച്ചു. തന്റെ പ്രിയപുത്രന്റെ വിശ്വസ്തത യഹോവയെ എത്ര സന്തോഷിപ്പിച്ചിട്ടുണ്ടാവണം!—സദൃശവാക്യങ്ങൾ 27:11.
13. മറുവില നൽകപ്പെട്ടത് എങ്ങനെ?
13 എങ്ങനെയാണു മറുവില നൽകപ്പെട്ടത്? പൂർണനും പാപരഹിതനും ആയ സ്വന്തപുത്രൻ, പൊ.യു. 33-ൽ യഹൂദ മാസമായ നീസാൻ 14-നു വധിക്കപ്പെടാൻ യഹോവ അനുവദിച്ചു. അങ്ങനെ യേശു തന്റെ പൂർണ മനുഷ്യജീവനെ “ഒരിക്കലായി” അർപ്പിച്ചു. (എബ്രായർ 10:10) യേശു മരിച്ച് മൂന്നാം ദിവസം യഹോവ അവനെ ആത്മജീവനിലേക്ക് ഉയിർപ്പിക്കുകയുണ്ടായി. ആദാമിന്റെ സന്തതികൾക്കുവേണ്ടി ഒരു മറുവിലയായി അർപ്പിച്ച തന്റെ പൂർണതയുള്ള മനുഷ്യജീവന്റെ മൂല്യം യേശു സ്വർഗത്തിൽ ദൈവമുമ്പാകെ സമർപ്പിച്ചു. (എബ്രായർ 9:24) പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്നു മനുഷ്യവർഗത്തെ വീണ്ടെടുക്കാൻ ആവശ്യമായ മറുവിലയെന്ന നിലയിൽ യേശുവിന്റെ ബലിയുടെ മൂല്യം യഹോവ സ്വീകരിച്ചു.—റോമർ 3:23, 24.
മറുവിലയുടെ പ്രയോജനങ്ങൾ
14, 15. ‘പാപമോചനം’ നേടുന്നതിനു നാം എന്തു ചെയ്യണം?
14 പാപികളാണെങ്കിലും, നമുക്കു മറുവില നിമിത്തം വിലയേറിയ അനുഗ്രഹങ്ങൾ ആസ്വദിക്കാൻ കഴിയും. ദൈവത്തിൽനിന്നുള്ള അതിമഹത്തായ ഈ സമ്മാനത്തിന്റെ ഇപ്പോഴത്തെയും ഭാവിയിലെയും ഏതാനും പ്രയോജനങ്ങളെക്കുറിച്ചു നമുക്കിപ്പോൾ പരിചിന്തിക്കാം.
15 പാപങ്ങളുടെ ക്ഷമ. അപൂർണത കൈമാറിക്കിട്ടിയിരിക്കുന്നതിനാൽ ശരിയായതു ചെയ്യാൻ നമുക്കൊരു പോരാട്ടംതന്നെ വേണ്ടിവരുന്നു. വാക്കാലോ പ്രവൃത്തിയാലോ നാമെല്ലാം പാപം ചെയ്യുന്നു. എങ്കിലും, യേശുക്രിസ്തുവിന്റെ മറുവിലയാഗം മുഖാന്തരം നമുക്കു ‘പാപമോചനം’ അഥവാ പാപങ്ങളുടെ ക്ഷമ നേടാൻ കഴിയും. (കൊലൊസ്സ്യർ 1:13, 14) എന്നാൽ ആ ക്ഷമ നേടുന്നതിന് നമുക്ക് യഥാർഥ അനുതാപം ഉണ്ടായിരിക്കണം. മാത്രമല്ല, യഹോവയോട് അവന്റെ പുത്രന്റെ മറുവിലയാഗത്തിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ക്ഷമായാചനം നടത്തിക്കൊണ്ട് താഴ്മയോടെ അപേക്ഷിക്കുകയും വേണം.—1 യോഹന്നാൻ 1:8, 9.
16. ശുദ്ധമായ ഒരു മനഃസാക്ഷിയോടെ ദൈവത്തെ ആരാധിക്കാൻ നമ്മെ പ്രാപ്തരാക്കുന്നത് എന്ത്, അത്തരമൊരു മനഃസാക്ഷിയുടെ മൂല്യമെന്ത്?
16 ദൈവമുമ്പാകെ ശുദ്ധമായ ഒരു മനഃസാക്ഷി. കുറ്റബോധമുള്ള ഒരു മനഃസാക്ഷിക്ക് നമ്മിൽ നിരാശയും വിലകെട്ടവരാണെന്ന തോന്നലും എളുപ്പം ഉളവാക്കാനാകും. എന്നാൽ, മറുവിലയിലൂടെ സാധ്യമാക്കിയിരിക്കുന്ന ക്ഷമ മുഖാന്തരം, അപൂർണരെങ്കിലും ശുദ്ധമായ ഒരു മനഃസാക്ഷിയോടെ തന്നെ ആരാധിക്കാൻ യഹോവ ദയാപുരസ്സരം നമ്മെ പ്രാപ്തരാക്കുന്നു. (എബ്രായർ 9:13, 14) യഹോവയുടെ മുമ്പാകെ സംസാരസ്വാതന്ത്ര്യം ഉണ്ടായിരിക്കാനുള്ള വഴി ഇതു നമുക്കു തുറന്നുതരുന്നു. അതിനാൽ, നമുക്കു പ്രാർഥനയിൽ സ്വതന്ത്രമായി അവനെ സമീപിക്കാൻ കഴിയും. (എബ്രായർ 4:14-16) ശുദ്ധമായ ഒരു മനഃസാക്ഷി മനസ്സമാധാനം നൽകുകയും ആത്മാഭിമാനവും സന്തോഷവും വർധിപ്പിക്കുകയും ചെയ്യുന്നു.
17. യേശു നമുക്കായി മരിച്ചതിലൂടെ ഏതെല്ലാം അനുഗ്രഹങ്ങളാണു സാധ്യമായിരിക്കുന്നത്?
17 ഒരു പറുദീസഭൂമിയിലെ നിത്യജീവന്റെ പ്രത്യാശ. “പാപത്തിന്റെ ശമ്പളം മരണമത്രേ” എന്നു റോമർ 6:23 പറയുന്നു. ഇതേ വാക്യം തുടർന്ന് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻതന്നേ.” വരാൻപോകുന്ന ഭൗമിക പറുദീസയിലെ അനുഗ്രഹങ്ങളെക്കുറിച്ച് 3-ാം അധ്യായത്തിൽ നാം ചർച്ചചെയ്യുകയുണ്ടായി. (വെളിപ്പാടു 21:3-5) പൂർണ ആരോഗ്യത്തോടെ നിത്യമായി ജീവിക്കുന്നത് ഉൾപ്പെടെയുള്ള സകല ഭാവി അനുഗ്രഹങ്ങളും സാധ്യമായിത്തീരുന്നത് യേശു നമുക്കുവേണ്ടി മരിച്ചതിനാലാണ്. ആ അനുഗ്രഹങ്ങൾ പ്രാപിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, മറുവിലയെന്ന ദാനത്തോടുള്ള വിലമതിപ്പു നാം പ്രകടമാക്കേണ്ടതുണ്ട്.
നിങ്ങൾക്ക് എങ്ങനെ വിലമതിപ്പു പ്രകടമാക്കാം?
18. മറുവിലക്രമീകരണത്തിന് നാം യഹോവയോടു നന്ദിയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്?
18 മറുവില പ്രദാനം ചെയ്തതിൽ നാം യഹോവയോട് അങ്ങേയറ്റം നന്ദിയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്? വളരെയേറെ സമയമോ പ്രയത്നമോ പണമോ ചെലവിട്ടാണ് ഒരാൾ ഒരു സമ്മാനം നൽകുന്നതെങ്കിൽ അതിനു പ്രത്യേക മൂല്യം കൈവരുന്നു. ഒരു സമ്മാനം നമ്മോടുള്ള ആഴമായ സ്നേഹത്തിന്റെ പ്രകടനമാണെന്ന തിരിച്ചറിവ് നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്നു. സകല സമ്മാനങ്ങളിലുംവെച്ച് വിലയേറിയതാണു മറുവില. കാരണം, അതു നൽകാനായി ഏറ്റവും വലിയ ത്യാഗമാണു ദൈവം ചെയ്തത്. ദൈവം തന്റെ ‘ഏകജാതനായ പുത്രനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു’വെന്നു യോഹന്നാൻ 3:16 പറയുന്നു. നമ്മോടുള്ള യഹോവയുടെ സ്നേഹത്തിന്റെ ഏറ്റവും മുന്തിയ തെളിവാണു മറുവില. അതു യേശുവിന്റെ സ്നേഹത്തിന്റെയും തെളിവാണ്. കാരണം, അവൻ മനസ്സോടെ നമുക്കായി സ്വന്തം ജീവൻ നൽകി. (യോഹന്നാൻ 15:13) അതിനാൽ, യഹോവയും അവന്റെ പുത്രനും നമ്മെ ഓരോരുത്തരെയും സ്നേഹിക്കുന്നുവെന്ന് മറുവിലയെന്ന ദാനം നമ്മെ ബോധ്യപ്പെടുത്തണം.—ഗലാത്യർ 2:20.
19, 20. മറുവിലയെന്ന ദൈവദാനത്തെ വിലമതിക്കുന്നുവെന്നു നിങ്ങൾക്ക് ഏതെല്ലാം വിധങ്ങളിൽ പ്രകടമാക്കാം?
19 അപ്പോൾ, മറുവിലയെന്ന ദൈവദാനത്തോട് നിങ്ങൾക്ക് എങ്ങനെ വിലമതിപ്പു പ്രകടിപ്പിക്കാം? ആദ്യമായി, മറുവില പ്രദാനം ചെയ്ത യഹോവയെക്കുറിച്ചു കൂടുതലായി പഠിക്കാൻ ശ്രമിക്കുക. (യോഹന്നാൻ 17:3) ഈ പ്രസിദ്ധീകരണം ഉപയോഗിച്ചുള്ള ബൈബിൾ പഠനം അതിനു നിങ്ങളെ സഹായിക്കും. യഹോവയെക്കുറിച്ചുള്ള നിങ്ങളുടെ പരിജ്ഞാനം വർധിക്കുമ്പോൾ, അവനോടുള്ള നിങ്ങളുടെ സ്നേഹവും ആഴമുള്ളതായിത്തീരും. ആ സ്നേഹം, അവനു പ്രസാദകരമായ വിധത്തിൽ പ്രവർത്തിക്കാൻ നിങ്ങളെ പ്രേരിപ്പിക്കും.—1 യോഹന്നാൻ 5:3.
20 യേശുവിന്റെ മറുവിലയാഗത്തിൽ വിശ്വാസം പ്രകടമാക്കുക. ബൈബിൾ ഇപ്രകാരം പറയുന്നു: “പുത്രനിൽ [യേശുവിൽ] വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ട്.” (യോഹന്നാൻ 3:36) യേശുവിൽ വിശ്വാസമുണ്ടെന്ന് നമുക്ക് എങ്ങനെയാണു പ്രകടമാക്കാനാകുക? വിശ്വാസം വാക്കുകളിലൂടെ മാത്രമല്ല പ്രകടമാക്കപ്പെടുന്നത്. ‘പ്രവൃത്തിയില്ലാത്ത വിശ്വാസം നിർജ്ജീവമാകുന്നു’വെന്നു യാക്കോബ് 2:26 പറയുന്നു. അതേ, യഥാർഥ വിശ്വാസത്തിനു തെളിവു നൽകുന്നത് ‘പ്രവൃത്തികൾ’ അഥവാ നാം ചെയ്യുന്ന കാര്യങ്ങളാണ്. അതുകൊണ്ട്, യേശുവിൽ വിശ്വസിക്കുന്നുവെന്നു പ്രകടമാക്കാനുള്ള ഒരു വിധം, വാക്കിൽ മാത്രമല്ല പ്രവൃത്തിയിലും അവനെ അനുകരിക്കാൻ നമ്മുടെ പരമാവധി ശ്രമിക്കുക എന്നതാണ്.—യോഹന്നാൻ 13:15.
21, 22. (എ) കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന്റെ വാർഷികാചരണത്തിനു നാം സന്നിഹിതരാകേണ്ടത് എന്തുകൊണ്ട്? (ബി) അടുത്ത രണ്ട് അധ്യായങ്ങളിൽ എന്തു വിശദീകരിക്കപ്പെടും?
21 കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന്റെ വാർഷികാചരണത്തിനു ഹാജരാകുക. പൊ.യു. 33 നീസാൻ 14-ാം തീയതി സന്ധ്യാസമയത്ത്, ‘കർത്താവിന്റെ അത്താഴം’ എന്നു ബൈബിൾ വിളിക്കുന്ന ഒരു പ്രത്യേക ആചരണം യേശു ഏർപ്പെടുത്തി. (1 കൊരിന്ത്യർ 11:20; മത്തായി 26:26-28) കർത്താവിന്റെ സന്ധ്യാഭക്ഷണമെന്നും യേശുവിന്റെ മരണത്തിന്റെ സ്മാരകമെന്നും ഈ ആചരണം അറിയപ്പെടുന്നു. ഒരു പൂർണ മനുഷ്യനായ തന്റെ മരണത്തിലൂടെ, സ്വജീവൻ മറുവിലയായി നൽകിയെന്ന വസ്തുത മനസ്സിൽപ്പിടിക്കാൻ അപ്പൊസ്തലന്മാരെയും അവർക്കുശേഷമുള്ള സകല സത്യക്രിസ്ത്യാനികളെയും സഹായിക്കാനാണ് യേശു ഇത് ഏർപ്പെടുത്തിയത്. ഈ ആചരണത്തോടനുബന്ധിച്ച് യേശു പിൻവരുന്ന കൽപ്പന നൽകി: “എന്റെ ഓർമ്മെക്കായി ഇതു ചെയ്വിൻ.” (ലൂക്കൊസ് 22:19) സ്മാരകാചരണം, മറുവിലയോടുള്ള ബന്ധത്തിൽ യഹോവയും യേശുക്രിസ്തുവും കാണിച്ച വലിയ സ്നേഹത്തെക്കുറിച്ചു നമ്മെ ഓർമിപ്പിക്കുന്നു. ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകാചരണത്തിന് ഓരോ വർഷവും സന്നിഹിതരായിക്കൊണ്ട് മറുവിലയോടുള്ള വിലമതിപ്പു നമുക്കു പ്രകടമാക്കാം.a
22 മറുവിലക്രമീകരണം യഹോവ നമുക്കു നൽകിയിരിക്കുന്ന വിലപ്പെട്ട ഒരു ദാനം തന്നെയാണ്. (2 കൊരിന്ത്യർ 9:14, 15) അമൂല്യമായ ഈ ദാനം മരിച്ചവർക്കുപോലും പ്രയോജനപ്പെടും. അത് എങ്ങനെയെന്ന് 6, 7 അധ്യായങ്ങൾ വിശദീകരിക്കും.
a കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന്റെ അർഥം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 206-8 പേജുകളിലെ അനുബന്ധം കാണുക.