അധ്യായം 5
‘ജ്ഞാനത്തിന്റെ നിക്ഷേപങ്ങൾ’
1-3. (എ) യേശു ഗിരിപ്രഭാഷണം നടത്തിയ പശ്ചാത്തലം വിവരിക്കുക. (ബി) അവന്റെ ഉപദേശങ്ങൾ ശ്രോതാക്കളെ വിസ്മയിപ്പിച്ചത് എന്തുകൊണ്ട്?
എ.ഡി. 31-ലെ വസന്തകാലം. ഗലീല തടാകത്തിന്റെ വടക്കുപടിഞ്ഞാറൻ തീരത്തായി സ്ഥിതിചെയ്യുന്ന കഫർന്നഹൂം എന്ന തിരക്കേറിയ നഗരത്തിനടുത്താണ് യേശുക്രിസ്തു ഇപ്പോൾ. കഴിഞ്ഞ രാത്രി മുഴുവൻ അവിടെയൊരു മലമുകളിൽ യേശു തനിച്ചിരുന്ന് പ്രാർഥിക്കുകയായിരുന്നു. രാവിലെ അവൻ ശിഷ്യന്മാരെ അടുക്കൽ വിളിച്ച് അവരിൽനിന്ന് 12 പേരെ തിരഞ്ഞെടുത്ത് അവർക്ക് അപ്പൊസ്തലന്മാർ എന്ന് പേരു നൽകുന്നു. ഈ സമയംകൊണ്ട് വലിയൊരു ജനക്കൂട്ടം മലഞ്ചെരുവിൽ തടിച്ചുകൂടുന്നു. അവരിൽ ചിലർ ദൂരെയുള്ള സ്ഥലങ്ങളിൽനിന്നു വന്നവരാണ്. അവൻ പറയുന്നതെല്ലാം കേൾക്കാനും രോഗങ്ങളിൽനിന്നു സുഖംപ്രാപിക്കാനും അവർ ആകാംക്ഷയോടെ കാത്തുനിൽക്കുകയാണ്. യേശു അവരെ നിരാശപ്പെടുത്തുന്നില്ല.—ലൂക്കോസ് 6:12-19.
2 യേശു ജനക്കൂട്ടത്തെ സമീപിച്ച് രോഗികളെയെല്ലാം സൗഖ്യമാക്കുന്നു. എല്ലാവരെയും സുഖപ്പെടുത്തിക്കഴിഞ്ഞപ്പോൾ യേശു അവരെ പഠിപ്പിക്കാനിരിക്കുന്നു.a പ്രശാന്തമായ ആ അന്തരീക്ഷത്തിൽ മുഴങ്ങിക്കേട്ട അവന്റെ വാക്കുകൾ കേൾവിക്കാരെ അതിശയിപ്പിച്ചിരിക്കണം. അതിനുമുമ്പ് അങ്ങനെയുള്ള ഉപദേശങ്ങൾ ആരിൽനിന്നും അവർ കേട്ടിട്ടില്ലായിരുന്നു. താൻ പറയുന്നതിനു പിൻബലമേകാൻ, വായ്മൊഴിയായി കൈമാറിവന്ന പാരമ്പര്യങ്ങളോ വിഖ്യാതരായ യഹൂദ റബ്ബിമാരുടെ വാക്കുകളോ ഉദ്ധരിച്ചുകൊണ്ടല്ല യേശു സംസാരിക്കുന്നത്. പകരം, എബ്രായ തിരുവെഴുത്തുകളാണ് അവൻ ഉദ്ധരിക്കുന്നത്. അവന്റെ സന്ദേശം വളച്ചുകെട്ടില്ലാത്തതാണ്; വാക്കുകളാകട്ടെ ലളിതവും സുഗ്രഹവും. അവൻ പറഞ്ഞുനിറുത്തുമ്പോൾ ആളുകൾ വിസ്മയിച്ചുപോകുന്നു. അത് സ്വാഭാവികം മാത്രം. ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ജ്ഞാനിയായ വ്യക്തിയാണല്ലോ അവരോടു സംസാരിച്ചത്!—മത്തായി 7:28, 29.
3 ഈ പ്രഭാഷണത്തിനുപുറമേ, യേശു പറഞ്ഞതും ചെയ്തതുമായ മറ്റനേകം കാര്യങ്ങളും ദൈവവചനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. യേശുവിനെക്കുറിച്ചുള്ള ഈ നിശ്വസ്ത വിവരണങ്ങൾ നാം ഗഹനമായി പഠിക്കേണ്ടതുണ്ട്. കാരണം, “ജ്ഞാനത്തിന്റെ . . . നിക്ഷേപങ്ങളൊക്കെയും ഗുപ്തമായിരിക്കുന്നത്” യേശുവിലാണ്. (കൊലോസ്യർ 2:3) ഈ ജ്ഞാനം, അതായത് അറിവും ഗ്രാഹ്യവും പ്രായോഗികതലത്തിൽ കൊണ്ടുവരാനുള്ള കഴിവ്, അവന് എവിടെനിന്നാണു ലഭിച്ചത്? അവൻ ജ്ഞാനം പ്രതിഫലിപ്പിച്ചത് എങ്ങനെയാണ്? അവന്റെ മാതൃക നമുക്ക് എങ്ങനെ അനുകരിക്കാനാകും?
‘ഇവന് ഈ ജ്ഞാനം എവിടെനിന്നു കിട്ടി?’
4. യേശുവിന്റെ ശ്രോതാക്കൾ എന്തു ചോദ്യം ചോദിച്ചു, എന്തുകൊണ്ട്?
4 ഒരു പ്രസംഗപര്യടനത്തിനിടെ യേശു താൻ വളർന്ന പട്ടണമായ നസറെത്തിൽ എത്തി. അവൻ അവിടത്തെ സിനഗോഗിൽ ചെന്ന് പഠിപ്പിക്കാൻതുടങ്ങി. അവന്റെ ശ്രോതാക്കളിൽ ചിലർ, ‘ഇവന് ഈ ജ്ഞാനം എവിടെനിന്നു കിട്ടി?’ എന്നു ആശ്ചര്യത്തോടെ ചോദിച്ചുപോയി. അവൻ ഒരു പാവപ്പെട്ട കുടുംബത്തിലെ അംഗമാണെന്നും അവന്റെ മാതാപിതാക്കളും സഹോദരങ്ങളും ആരാണെന്നും അവർക്ക് അറിയാമായിരുന്നു. (മത്തായി 13:54-56; മർക്കോസ് 6:1-3) തികഞ്ഞ വാഗ്വൈഭവത്തോടെ സംസാരിക്കുന്ന ഈ മരപ്പണിക്കാരൻ റബ്ബിമാരുടെ കീർത്തികേട്ട പാഠശാലകളിലൊന്നും പഠിച്ചിട്ടില്ലെന്നും അവർക്കുറപ്പുണ്ടായിരുന്നു. (യോഹന്നാൻ 7:15) അതുകൊണ്ടുതന്നെ അവർ അങ്ങനെ ചിന്തിച്ചുപോയതിൽ തെല്ലും അത്ഭുതപ്പെടാനില്ല.
5. തനിക്കു ജ്ഞാനം ലഭിച്ചത് എവിടെനിന്നാണെന്നാണ് യേശു പറഞ്ഞത്?
5 യേശുവിന്റെ ഉപദേശങ്ങളിൽ പ്രതിഫലിച്ചുകണ്ട ആ ജ്ഞാനത്തെക്കുറിച്ച് എന്തു പറയാനാകും? പൂർണ മനുഷ്യനെന്നനിലയിൽ അവന് വളരെ ജ്ഞാനമുണ്ടായിരുന്നു എന്നതിനു സംശയമില്ല. എന്നാൽ ഒരു പൂർണ മനുഷ്യന് സ്വന്തം കഴിവുകൊണ്ട് സമ്പാദിക്കാവുന്നതിനെക്കാൾ ജ്ഞാനം യേശുവിന് ഉണ്ടായിരുന്നു. ഒരവസരത്തിൽ ദൈവാലയത്തിൽവെച്ച് പരസ്യമായി പഠിപ്പിക്കവെ, ആ ജ്ഞാനത്തിന്റെ ഉറവിടം ഏതാണെന്ന് യേശു വെളിപ്പെടുത്തി. “എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ” എന്ന് അവൻ പറഞ്ഞു. (യോഹന്നാൻ 7:16) അതെ, യേശുവിന് ആ ജ്ഞാനം നൽകിയത് അവനെ അയച്ച പിതാവായിരുന്നു. (യോഹന്നാൻ 12:49) എന്നാൽ എങ്ങനെയാണ് യേശുവിന് യഹോവയിൽനിന്ന് ആ ജ്ഞാനം ലഭിച്ചത്?
6, 7. യേശുവിന് പിതാവിൽനിന്ന് ജ്ഞാനം ലഭിച്ചത് ഏതെല്ലാം വിധങ്ങളിൽ?
6 യേശുവിൽ യഹോവയുടെ പരിശുദ്ധാത്മാവ് വ്യാപരിക്കുന്നുണ്ടായിരുന്നു. വാഗ്ദത്ത മിശിഹായെക്കുറിച്ച് യെശയ്യാവ് ഇങ്ങനെ പ്രവചിച്ചു: “അവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവഭക്തിയുടെയും ആത്മാവു തന്നേ.” (യെശയ്യാവു 11:2) യഹോവയുടെ ആത്മാവ് യേശുവിൽ വസിക്കുകയും അവന്റെ ചിന്തകളെയും തീരുമാനങ്ങളെയും നയിക്കുകയും ചെയ്തിരുന്നു എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ, അവന്റെ വാക്കുകളിലും പ്രവൃത്തികളിലും കിടയറ്റ ജ്ഞാനം പ്രകടമായിരുന്നതിൽ അതിശയിക്കാനില്ല.
7 മറ്റൊരു വിധത്തിലും യേശു പിതാവിൽനിന്ന് ജ്ഞാനം സമ്പാദിച്ചു. 2-ാം അധ്യായത്തിൽ കണ്ടതുപോലെ, മനുഷ്യനായി ഭൂമിയിലേക്കു വരുന്നതിനുമുമ്പ് യേശു യുഗങ്ങളോളം പിതാവിനോടൊപ്പം സ്വർഗത്തിലുണ്ടായിരുന്നു. ആ കാലംകൊണ്ട് യഹോവയുടെ ചിന്തകളും വീക്ഷണങ്ങളും തന്റേതാക്കാൻ യേശുവിനു കഴിഞ്ഞു. പ്രപഞ്ചത്തിലെ ചരാചരങ്ങളെ സൃഷ്ടിക്കുന്നതിൽ ദൈവത്തിന്റെ “ശിൽപ്പി”യായി പ്രവർത്തിച്ച സമയത്ത് തന്റെ പിതാവിൽനിന്ന് അവൻ എത്രമാത്രം ജ്ഞാനം നേടിയിട്ടുണ്ടാകണം! അതുകൊണ്ടാണ് ദൈവപുത്രനെ അവൻ മനുഷ്യനായി ഭൂമിയിലേക്കു വരുന്നതിനുമുമ്പുള്ള അവസ്ഥയിൽ ജ്ഞാനത്തിന്റെ മൂർത്തിമദ്ഭാവമായി വിശേഷിപ്പിച്ചത്. (സദൃശവാക്യങ്ങൾ 8:22-31; കൊലോസ്യർ 1:15, 16) സ്വർഗത്തിൽ പിതാവിന്റെ അടുക്കലായിരുന്നപ്പോൾ സമ്പാദിച്ച ജ്ഞാനം ശുശ്രൂഷയിലുടനീളം യേശു ഉപയോഗിച്ചു.b (യോഹന്നാൻ 8:26, 28, 38) അതുകൊണ്ട് യേശുവിന്റെ വാക്കുകളിൽ പ്രതിഫലിച്ച അറിവിന്റെ വ്യാപ്തിയോ അവന്റെ പ്രവൃത്തികളിൽ വിളങ്ങിയ ന്യായബോധത്തിന്റെ ശ്രേഷ്ഠതയോ നമ്മെ അതിശയിപ്പിക്കേണ്ടതില്ല.
8. യേശുവിന്റെ അനുകാരികളായ നമുക്ക് എങ്ങനെ ജ്ഞാനം സമ്പാദിക്കാനാകും?
8 യേശുവിന്റെ അനുകാരികളായ നാമും ജ്ഞാനത്തിനായി യഹോവയെ ആശ്രയിക്കണം. (സദൃശവാക്യങ്ങൾ 2:6) ഇന്ന് യഹോവ അത്ഭുതകരമായി ആർക്കും ജ്ഞാനം നൽകുന്നില്ല. എന്നാൽ ജീവിതത്തിലെ വെല്ലുവിളികളെ വിജയകരമായി നേരിടാനുള്ള ജ്ഞാനത്തിനായി നാം യാചിക്കുമ്പോൾ, തീർച്ചയായും അവൻ അത് നൽകും. (യാക്കോബ് 1:5) ആ ജ്ഞാനം നേടാനായി പക്ഷേ നാം വളരെ ശ്രമം ചെയ്യണം. നാം അതിനെ ‘നിക്ഷേപങ്ങളെപ്പോലെ തിരയേണ്ട’തുണ്ട്. (സദൃശവാക്യങ്ങൾ 2:1-6) അതെ, ദൈവത്തിന്റെ ജ്ഞാനം പ്രതിഫലിക്കുന്ന ദൈവവചനമായ ബൈബിൾ നാം ഗഹനമായി പഠിക്കുകയും പഠിക്കുന്ന കാര്യങ്ങൾക്കു ചേർച്ചയിൽ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യേണ്ടതുണ്ട്. ജ്ഞാനം നേടുന്ന കാര്യത്തിൽ യഹോവയുടെ പുത്രന്റെ മാതൃക അനുകരിക്കുന്നത് വിശേഷാൽ പ്രയോജനംചെയ്യും. അതുകൊണ്ട് യേശു ജ്ഞാനം പ്രതിഫലിപ്പിച്ച വ്യത്യസ്ത മേഖലകളെക്കുറിച്ച് നമുക്ക് പരിശോധിക്കാം. അവനെ ഇക്കാര്യത്തിൽ എങ്ങനെ അനുകരിക്കാമെന്നും നമുക്കു നോക്കാം.
ജ്ഞാനമൊഴികൾ
9. യേശുവിന്റെ ഉപദേശങ്ങളിൽ ജ്ഞാനം നിറഞ്ഞുനിന്നത് എന്തുകൊണ്ട്?
9 പലപ്പോഴും യേശുവിന്റെ അടുക്കൽ ജനം തടിച്ചുകൂടുമായിരുന്നു. (മർക്കോസ് 6:31-34; ലൂക്കോസ് 5:1-3) യേശുവിന്റെ ജ്ഞാനമൊഴികൾ കേൾക്കാനായിരുന്നു അത്. തിരുവെഴുത്തുകൾ സംബന്ധിച്ച് യേശുവിനുണ്ടായിരുന്ന ആഴമായ അറിവ് അവന്റെ ഉപദേശങ്ങളിൽ പ്രകടമായിരുന്നു. അവന്റെ ഉൾക്കാഴ്ച അപാരമായിരുന്നു. അവന്റെ ഉപദേശം സകല ദേശക്കാരെയും ആകർഷിക്കാൻപോന്നതാണ്. അവ കാലാതീതമാണ്. “അത്ഭുതമന്ത്രി” എന്ന് പ്രാവചനികമായി വിശേഷിപ്പിക്കപ്പെട്ട യേശുവിന്റെ ജ്ഞാനമൊഴികളിൽ ചിലത് നമുക്കിപ്പോൾ നോക്കാം.—യെശയ്യാവു 9:6.
10. ഏതു ഗുണങ്ങൾ വളർത്തിയെടുക്കാൻ യേശു നമ്മെ പ്രോത്സാഹിപ്പിക്കുന്നു, എന്തുകൊണ്ട്?
10 മത്തായി 5:3–7:27 വരെയുള്ള ഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ ഗിരിപ്രഭാഷണത്തെക്കുറിച്ചൊന്നു ചിന്തിക്കുക. യേശുവിന്റെ ഉപദേശങ്ങളുടെ ഒരു വൻസമാഹാരമാണ് ഇത്. ഇവിടെ യേശുവിന്റെ വാക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നതിനിടയ്ക്ക് എഴുത്തുകാരന്റെ സ്വന്തം വാക്കുകളോ മറ്റു വിവരണങ്ങളോ ഒന്നും ചേർത്തിട്ടില്ല. സംസാരവും പെരുമാറ്റവും എങ്ങനെയുള്ളതായിരിക്കണം എന്നതിനെക്കുറിച്ചുള്ള കുറേ ഉപദേശങ്ങൾ മാത്രമല്ല ഗിരിപ്രഭാഷണത്തിലുള്ളത്. അതിലും ഗഹനമായ ചില കാര്യങ്ങൾ അതിൽ അടങ്ങിയിട്ടുണ്ട്. ഉള്ളിന്റെയുള്ളിലെ ചിന്തകളും വികാരങ്ങളുമാണ് വാക്കുകളും പ്രവൃത്തികളുമായി പുറത്തുവരുന്നത്. അതുകൊണ്ട് നല്ല ആന്തരിക ഗുണങ്ങൾ വളർത്തിയെടുക്കാൻ യേശു ആ പ്രഭാഷണത്തിലൂടെ ശ്രോതാക്കളെ പ്രബോധിപ്പിച്ചു. സൗമ്യരും നീതിബോധമുള്ളവരും കരുണയുള്ളവരും സ്നേഹമുള്ളവരും സമാധാനപ്രിയരും ആയിരിക്കാൻ യേശു ആളുകളെ പ്രോത്സാഹിപ്പിച്ചു. (മത്തായി 5:5-9, 43-48) അത്തരം ഗുണങ്ങൾ വളർത്തിയെടുക്കുമ്പോൾ ഉചിതമായി സംസാരിക്കാനും പെരുമാറാനും നമുക്കു കഴിയും. യഹോവയെ പ്രസാദിപ്പിക്കുമെന്നതിനുപുറമേ മറ്റുള്ളവരുമായി നല്ല ബന്ധം സ്ഥാപിക്കാനും അതു നമ്മെ സഹായിക്കും.—മത്തായി 5:16.
11. പാപപ്രവൃത്തികൾക്കെതിരെ മുന്നറിയിപ്പു നൽകുമ്പോൾ യേശു അതിന്റെ അടിസ്ഥാന കാരണത്തിലേക്കു വിരൽചൂണ്ടുന്നത് എങ്ങനെ?
11 പാപപ്രവൃത്തിക്കെതിരെ മുന്നറിയിപ്പു നൽകുമ്പോൾ അതിനു പ്രേരിപ്പിക്കുന്ന അടിസ്ഥാന കാരണങ്ങളിലേക്കും യേശു വിരൽചൂണ്ടുന്നു. കൊല്ലും കൊലയും അരുത് എന്നുമാത്രമല്ല അവൻ പറയുന്നത്; പകരം ദേഷ്യം വെച്ചുകൊണ്ടിരിക്കുന്നതുപോലും അപകടമാണെന്ന് അവൻ ചൂണ്ടിക്കാട്ടുന്നു. (മത്തായി 5:21, 22; 1 യോഹന്നാൻ 3:15) വ്യഭിചാരം ചെയ്യരുത് എന്നുമാത്രമല്ല അവൻ പറയുന്നത്; പകരം ഹൃദയത്തിൽ അങ്കുരിക്കുന്ന തെറ്റായ മോഹങ്ങളാണ് അത്തരം പ്രവൃത്തികളിലേക്കു നയിക്കുന്നത് എന്നതിനാൽ അനുചിതമായ വികാരങ്ങളുണർത്തുന്ന കാര്യങ്ങളിൽ ദൃഷ്ടിപതിപ്പിക്കരുതെന്ന് അവൻ മുന്നറിയിപ്പു നൽകുന്നു. (മത്തായി 5:27-30) അതെ, യേശു ലക്ഷണങ്ങളിലേക്കല്ല, കാരണങ്ങളിലേക്കാണ് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. അങ്ങനെ, പാപപ്രവൃത്തികളിലേക്കു നയിക്കുന്ന മനോഭാവങ്ങളും മോഹങ്ങളും എന്താണെന്ന് അവൻ വ്യക്തമാക്കുന്നു.—സങ്കീർത്തനം 7:14.
12. യേശുവിന്റെ അനുഗാമികൾ അവന്റെ ഉപദേശത്തെ എങ്ങനെ വീക്ഷിക്കുന്നു, എന്തുകൊണ്ട്?
12 യേശുവിന്റെ വാക്കുകളിലെ ജ്ഞാനം നിങ്ങൾ ശ്രദ്ധിച്ചോ? “ജനക്കൂട്ടം അവന്റെ പഠിപ്പിക്കലിൽ വിസ്മയിച്ച”തിൽ അതിശയിക്കാനില്ല! (മത്തായി 7:28) അവന്റെ അനുഗാമികളായ നാം അവന്റെ ജ്ഞാനപൂർവമായ ഉപദേശങ്ങളെ ഒരു മാർഗദീപമായി കാണുന്നു. ദൈവത്തെ പ്രസാദിപ്പിക്കുന്ന ഒരു ജീവിതം കെട്ടിപ്പെടുക്കാനായി കരുണ, സമാധാനം, സ്നേഹം തുടങ്ങിയ സദ്ഗുണങ്ങൾ വളർത്തിയെടുക്കാൻ നാം യത്നിക്കുന്നു. വിദ്വേഷം, തെറ്റായ ചിന്താഗതികൾ, അനുചിതമായ വികാരങ്ങൾ തുടങ്ങിയവ പാപപ്രവൃത്തികളിലേക്കു നയിക്കുമെന്ന് അറിയാവുന്നതിനാൽ അവ ഹൃദയത്തിൽനിന്ന് പിഴുതെറിയാൻ നാം ശ്രമിക്കുന്നു.—യാക്കോബ് 1:14, 15.
ജ്ഞാനപൂർവകമായ ഒരു ജീവിതഗതി
13, 14. സ്വന്തം ജീവിതഗതി തിരഞ്ഞെടുക്കുന്ന കാര്യത്തിൽ യേശു ഏതു ഗുണം പ്രകടിപ്പിച്ചു? വിശദീകരിക്കുക.
13 യേശുവിന്റെ വാക്കുകളിൽ മാത്രമല്ല, പ്രവൃത്തികളിലും ജ്ഞാനം പ്രതിഫലിച്ചിരുന്നു. അവന്റെ മുഴുജീവിതത്തിലും, അവന്റെ തീരുമാനങ്ങളിലും തന്നെക്കുറിച്ചുതന്നെയുള്ള വീക്ഷണത്തിലും മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലുമെല്ലാം, ജ്ഞാനത്തിന്റെ വിവിധ വശങ്ങൾ പ്രകടമായിരുന്നു. യേശു തന്റെ ജീവിതത്തിൽ “ജ്ഞാനവും വകതിരിവും” പ്രകടിപ്പിച്ച ചില വിധങ്ങൾ നമുക്കു പരിശോധിക്കാം.—സദൃശവാക്യങ്ങൾ 3:21.
14 ജ്ഞാനത്തിന്റെ ഒരു ലക്ഷണമാണ് വിവേചനാശേഷി. തന്റെ ജീവിതഗതി തിരഞ്ഞെടുക്കവെ യേശു ഈ ഗുണം പ്രകടിപ്പിച്ചു. യേശുവിനു വേണമെങ്കിൽ വലിയൊരു വീട് പണിയാമായിരുന്നു, ലാഭകരമായ ബിസിനസ്സുകൾ നടത്താമായിരുന്നു, സ്ഥാനമാനങ്ങൾ കരസ്ഥമാക്കാമായിരുന്നു. പക്ഷേ, അങ്ങനെയുള്ള കാര്യങ്ങൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെക്കുന്നത്, “മായയും വൃഥാപ്രയത്നവും” ആണെന്ന് യേശു മനസ്സിലാക്കിയിരുന്നു. (സഭാപ്രസംഗി 4:4; 5:10) അതെ, അത്തരമൊരു ജീവിതഗതി തിരഞ്ഞെടുക്കുന്നത് ഭോഷത്തമായിരുന്നേനെ. അതുകൊണ്ട് യേശു ലളിതമായ ഒരു ജീവിതഗതി തിരഞ്ഞെടുത്തു. പണവും വസ്തുവകകളും സ്വരുക്കൂട്ടുന്നതിൽ അവനു താത്പര്യമില്ലായിരുന്നു. (മത്തായി 8:20) താൻ പഠിപ്പിച്ചിരുന്നതുപോലെതന്നെ ദൈവഹിതം ചെയ്യുകയെന്ന ഏക ലക്ഷ്യത്തിൽ അവൻ തന്റെ ദൃഷ്ടി കേന്ദ്രീകരിച്ചുനിറുത്തി. (മത്തായി 6:22) ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കുന്നതിനും പഠിപ്പിക്കുന്നതിനും വേണ്ടി യേശു ജ്ഞാനപൂർവം തന്റെ സമയവും ഊർജവും ചെലവഴിച്ചു. ഭൗതിക സ്വത്തുക്കളുണ്ടാക്കുന്നതിനെക്കാൾ പ്രധാനവും പ്രതിഫലദായകവുമായിരുന്നു അത്. (മത്തായി 6:19-21) നമുക്കു പകർത്താനാകുന്ന എത്ര നല്ല മാതൃക!
15. (എ) ഏക ലക്ഷ്യത്തിൽ ദൃഷ്ടി കേന്ദ്രീകരിച്ചാണ് ജീവിക്കുന്നതെന്ന് യേശുവിന്റെ അനുഗാമികൾക്ക് തെളിയിക്കാനാകുന്നത് എങ്ങനെ? (ബി) ഇത് ജ്ഞാനപൂർവകമായിരിക്കുന്നത് എന്തുകൊണ്ട്?
15 ഏക ലക്ഷ്യത്തിൽ ദൃഷ്ടി കേന്ദ്രീകരിക്കുന്നതാണ് ജ്ഞാനമെന്ന് ഇന്ന് യേശുവിന്റെ അനുഗാമികളും തിരിച്ചറിയുന്നു. അതുകൊണ്ട് അനാവശ്യമായി ശ്രദ്ധയും ഊർജവും കവർന്നെടുക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ കടബാധ്യതകൾ വരുത്തിവെക്കുകയോ ചെയ്തുകൊണ്ട് അവർ തങ്ങളുടെമേൽ ഭാരങ്ങൾ ഏറ്റിവെക്കുന്നില്ല. (1 തിമൊഥെയൊസ് 6:9, 10) കൂടുതൽ സമയം ക്രിസ്തീയ ശുശ്രൂഷയിൽ ചെലവഴിക്കാൻ, ഒരുപക്ഷേ മുഴുവൻസമയ ശുശ്രൂഷകരായിപോലും പ്രവർത്തിക്കാൻ, ചിലർ തങ്ങളുടെ ജീവിതം ലളിതമാക്കിയിരിക്കുന്നു. രാജ്യതാത്പര്യങ്ങൾക്ക് അർഹിക്കുന്ന സ്ഥാനം നൽകുന്നത് വലിയ സന്തോഷവും സംതൃപ്തിയും നേടിത്തരും. (മത്തായി 6:33) ഇതിനെക്കാൾ ജ്ഞാനപൂർവകമായ ജീവിതഗതി വേറെ ഏതാണുള്ളത്?
16, 17. (എ) യേശു എളിമയുള്ളവനായിരുന്നു എന്നു പറയുന്നത് എന്തുകൊണ്ട്? (ബി) എളിമയുള്ളവരാണെന്ന് നമുക്ക് എങ്ങനെ തെളിയിക്കാം?
16 ജ്ഞാനത്തിന്റെ മറ്റൊരു ലക്ഷണമാണ് എളിമ. “എളിമ”യുള്ള ഒരു വ്യക്തി സ്വന്തം പരിമിതികളെക്കുറിച്ച് ബോധവാനായിരിക്കും. (സദൃശവാക്യങ്ങൾ 11:2, NW) യേശു എളിമയുള്ളവനായിരുന്നു. തന്നെക്കുറിച്ചുതന്നെ അതിരുകടന്ന പ്രതീക്ഷകൾ അവനുണ്ടായിരുന്നില്ല. തന്റെ സന്ദേശം കേൾക്കുന്ന എല്ലാവർക്കും മനപ്പരിവർത്തനം ഉണ്ടാകുമെന്ന് അവൻ പ്രതീക്ഷിച്ചില്ല. (മത്തായി 10:32-39) എല്ലാവരുടെയും പക്കൽ തനിക്ക് നേരിട്ട് സുവിശേഷം എത്തിക്കാൻ സാധിക്കില്ലെന്നും അവൻ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് ശിഷ്യരെ ഉളവാക്കുന്ന വേല അവൻ തന്റെ അനുഗാമികളെ ഏൽപ്പിച്ചു. (മത്തായി 28:18-20) യേശുവിന്റെ മരണശേഷം പിന്നീടുള്ള കാലങ്ങളിലും പ്രസംഗവേല മുന്നോട്ടുകൊണ്ടുപോകാനും കൂടുതൽ പ്രദേശങ്ങളിലേക്ക് സുവിശേഷം വ്യാപിപ്പിക്കാനും ഈ ശിഷ്യന്മാർക്കു കഴിയുമായിരുന്നു. അക്കാരണത്താലാണ് തന്റെ ശിഷ്യന്മാർ താൻ ചെയ്തതിലും ‘വലിയ (കാര്യങ്ങൾ) ചെയ്യു’മെന്ന് അവൻ എളിമയോടെ പറഞ്ഞത്. (യോഹന്നാൻ 14:12) തനിക്ക് മറ്റുള്ളവരിൽനിന്ന് സഹായം ആവശ്യമാണെന്ന കാര്യവും യേശു തിരിച്ചറിഞ്ഞു. മരുഭൂമിയിൽവെച്ച് തന്നെ ശുശ്രൂഷിക്കാനെത്തിയ ദൈവദൂതന്മാരുടെയും ഗെത്ത്ശെമനത്തോട്ടത്തിൽ തന്നെ ശക്തിപ്പെടുത്താനെത്തിയ ദൂതന്റെയും സഹായം അവൻ സ്വീകരിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിൽ ദൈവപുത്രൻ സഹായത്തിനായി ദൈവത്തോടു നിലവിളിച്ചു.—മത്തായി 4:11; ലൂക്കോസ് 22:43; എബ്രായർ 5:7.
17 നമ്മളും എളിമയോടെ നമ്മുടെ പരിമിതികൾ മനസ്സിലാക്കണം. നമ്മെക്കുറിച്ചുതന്നെ നാം അതിരുകടന്ന പ്രതീക്ഷകൾ പുലർത്തുകയുമരുത്. പ്രസംഗ, ശിഷ്യരാക്കൽ വേലയിൽ പൂർണഹൃദയത്തോടെ ഉൾപ്പെടാൻ നാം ആഗ്രഹിക്കുന്നു. (ലൂക്കോസ് 13:24; കൊലോസ്യർ 3:23) എന്നാൽ യഹോവ നമ്മെ മറ്റാരുമായും തട്ടിച്ചുനോക്കുന്നില്ലെന്ന് നാം മനസ്സിലാക്കണം; നമ്മളും അങ്ങനെ ചെയ്യരുത്. (ഗലാത്യർ 6:4) നമ്മുടെ പ്രാപ്തികൾക്കും സാഹചര്യങ്ങൾക്കും അനുസൃതമായ, ന്യായമായ ലക്ഷ്യങ്ങൾ വെക്കാൻ ജ്ഞാനം നമ്മെ സഹായിക്കും. ഉത്തരവാദിത്വസ്ഥാനങ്ങളിലുള്ളവരും തങ്ങൾക്കു പരിമിതികളുണ്ടെന്നു മനസ്സിലാക്കണം. അതുകൊണ്ടുതന്നെ തങ്ങൾക്ക് മറ്റുള്ളവരുടെ സഹായസഹകരണങ്ങൾ ആവശ്യമാണെന്ന കാര്യവും അവർ അംഗീകരിക്കണം. നമ്മെ ബലപ്പെടുത്താൻ യഹോവ സഹവിശ്വാസികളെ ഉപയോഗിച്ചേക്കാമെന്ന വസ്തുത തിരിച്ചറിഞ്ഞുകൊണ്ട് നന്ദിയോടെ അവരിൽനിന്ന് സഹായം സ്വീകരിക്കുമ്പോൾ നാം എളിമയുള്ളവരാണെന്ന് തെളിയുകയാണ്.—കൊലോസ്യർ 4:11.
18, 19. (എ) ന്യായബോധത്തോടെയാണ് യേശു ശിഷ്യന്മാരോട് ഇടപെട്ടത് എന്നു പറയുന്നത് എന്തുകൊണ്ട്? (ബി) മറ്റുള്ളവരോട് നാം ന്യായബോധത്തോടെ ഇടപെടേണ്ടത് എന്തുകൊണ്ട്? (സി) നമുക്ക് എങ്ങനെ ന്യായബോധമുള്ളവരായിരിക്കാം?
18 ‘ഉയരത്തിൽനിന്നുള്ള ജ്ഞാനം ന്യായബോധമുള്ളതാകുന്നു’ എന്ന് യാക്കോബ് 3:17 പറയുന്നു. ന്യായബോധത്തോടെയാണ് യേശു ശിഷ്യന്മാരോട് ഇടപെട്ടത്. അവരുടെ കുറവുകൾ അവന് നല്ലവണ്ണം അറിയാമായിരുന്നു. എന്നാൽ അവരുടെ നല്ല ഗുണങ്ങളിലാണ് അവൻ ശ്രദ്ധ പതിപ്പിച്ചത്. (യോഹന്നാൻ 1:47) തന്നെ അറസ്റ്റ് ചെയ്യുന്ന രാത്രിയിൽ അവരെല്ലാവരും തന്നെ ഉപേക്ഷിച്ചുപോകുമെന്ന് യേശുവിന് അറിയാമായിരുന്നു. എന്നാൽ അവരുടെ വിശ്വസ്തതയെ അവൻ തെല്ലും സംശയിച്ചില്ല. (മത്തായി 26:31-35; ലൂക്കോസ് 22:28-30) പത്രോസ് യേശുവിനെ മൂന്നുപ്രാവശ്യം തള്ളിപ്പറയുകപോലും ചെയ്തു. എന്നിട്ടും യേശു പത്രോസിനുവേണ്ടി പ്രാർഥിക്കുകയും അവനിൽ തനിക്കു വിശ്വാസമുണ്ടെന്ന് വാക്കുകളിലൂടെ വെളിപ്പെടുത്തുകയും ചെയ്തു. (ലൂക്കോസ് 22:31-34) തന്റെ അവസാനരാത്രിയിൽ പിതാവിനോടു പ്രാർഥിക്കവെ, ശിഷ്യന്മാരുടെ കുറവുകളെക്കുറിച്ച് യേശു ഒരു പരാമർശവും നടത്തിയില്ല; മറിച്ച്, “അവർ നിന്റെ വചനം പ്രമാണിച്ചിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് അവരുടെ വിശ്വസ്തത എടുത്തുപറയുകയാണ് അവൻ ചെയ്തത്. (യോഹന്നാൻ 17:6) അവർ അപൂർണരായിരുന്നിട്ടും ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കാനും പഠിപ്പിച്ച് ശിഷ്യരാക്കാനും ഉള്ള നിയമനം അവൻ അവരുടെ കൈകളിൽ ഏൽപ്പിച്ചുകൊടുത്തു. (മത്തായി 28:19, 20) അവൻ അവരിൽ അർപ്പിച്ച വിശ്വാസം, തങ്ങളിൽ നിക്ഷിപ്തമായിരിക്കുന്ന ദൗത്യം നിറവേറ്റാൻ അവരെ ശക്തിപ്പെടുത്തുകതന്നെ ചെയ്തു.
19 യേശുവിന്റെ അനുഗാമികൾ അവന്റെ ഈ മാതൃക പകർത്തേണ്ടതാണ്. പൂർണതയുള്ള ദൈവപുത്രൻ അപൂർണരായ തന്റെ ശിഷ്യന്മാരോട് ക്ഷമയോടെ ഇടപെട്ടെങ്കിൽ പാപികളായ നാം സഹമനുഷ്യരോട് ഇടപെടുമ്പോൾ എത്ര ന്യായബോധം കാണിക്കണം! (ഫിലിപ്പിയർ 4:5) സഹവിശ്വാസികളുടെ തെറ്റുകുറ്റങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം നമുക്ക് അവരിലെ നന്മ കാണാൻ ശ്രമിക്കാം. യഹോവയാണ് അവരെ ആകർഷിച്ചിരിക്കുന്നത് എന്ന് ഓർക്കുക! (യോഹന്നാൻ 6:44) തീർച്ചയായും അവൻ അവരിൽ എന്തെങ്കിലും നന്മ കണ്ടിട്ടുണ്ടാവണം. ആ നന്മ കാണാൻ നമുക്കും ശ്രമിക്കരുതോ? അത്തരമൊരു മനോഭാവം നമുക്കുണ്ടെങ്കിൽ മറ്റുള്ളവരുടെ ‘ലംഘനം അവഗണിക്കാൻ’ മാത്രമല്ല, അവരെ അഭിനന്ദിക്കാനുള്ള അവസരങ്ങൾ തേടാനും നാം ശ്രമിക്കും. (സദൃശവാക്യങ്ങൾ 19:11, ന്യൂ ഇൻഡ്യാ ബൈബിൾ വേർഷൻ) ക്രിസ്തീയ സഹോദരീസഹോദരന്മാരിൽ നാം വിശ്വാസം പ്രകടിപ്പിക്കുമ്പോൾ, യഹോവയെ ഏറ്റവും നന്നായി സേവിക്കാനും ആ സേവനത്തിൽ സന്തോഷം കണ്ടെത്താനും നാം അവരെ സഹായിക്കുകയായിരിക്കും.—1 തെസ്സലോനിക്യർ 5:11.
20. ജ്ഞാനത്തിന്റെ കലവറയായ സുവിശേഷവിവരണങ്ങൾ നാം എങ്ങനെ പ്രയോജനപ്പെടുത്തണം, എന്തുകൊണ്ട്?
20 യേശുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും കുറിച്ചുള്ള സുവിശേഷവിവരണങ്ങൾ ജ്ഞാനത്തിന്റെ ഒരു കലവറതന്നെയാണ്. നമുക്ക് അത് എങ്ങനെ പ്രയോജനപ്പെടുത്താം? ഗിരിപ്രഭാഷണം ഉപസംഹരിക്കവെ, തന്റെ വചനം കേട്ട് പ്രമാണിക്കുന്നവരായിരിക്കാൻ യേശു ശ്രോതാക്കളെ പ്രോത്സാഹിപ്പിച്ചു. (മത്തായി 7:24-27) നമ്മുടെ ചിന്താഗതികളും ആന്തരങ്ങളും പ്രവൃത്തികളും യേശുവിന്റെ വാക്കുകൾക്കും പ്രവൃത്തികൾക്കും ചേർച്ചയിൽ കൊണ്ടുവരുന്നത് വിജയകരമായ ഒരു ജീവിതം നയിക്കുന്നതിനും നിത്യജീവന്റെ പാതയിലായിരിക്കുന്നതിനും നമ്മെ സഹായിക്കും. (മത്തായി 7:13, 14) അതിനെക്കാൾ ജ്ഞാനപൂർവകമായ ഗതി വേറെയില്ല!
a അന്ന് യേശു നടത്തിയ പ്രസംഗം, പിന്നീട് ഗിരിപ്രഭാഷണം എന്ന് അറിയപ്പെടാൻ ഇടയായി. ഏതാണ്ട് 20 മിനിട്ട് മാത്രം എടുത്തിരിക്കാവുന്ന ആ പ്രസംഗം മത്തായി 5:3–7:27-ൽ കാണാവുന്നതാണ്. അവിടെ, 107 വാക്യങ്ങളിലായിട്ടാണ് അത് രേഖപ്പെടുത്തിയിരിക്കുന്നത്.
b യേശു സ്നാനമേൽക്കവെ “ആകാശങ്ങൾ തുറന്നു” എന്നു ബൈബിൾ പറയുന്നു. ആ അവസരത്തിൽ തന്റെ മനുഷ്യപൂർവ അസ്തിത്വത്തെക്കുറിച്ചുള്ള ഓർമകൾ യേശുവിന് ലഭിച്ചിട്ടുണ്ടായിരിക്കണം.—മത്തായി 3:13-17.